ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം..നന്ദി..

>> Monday, November 30, 2009



'മാത്​സ് ബ്ലോഗ്' എന്ന് അധ്യാപകരും 'അധ്യാപകരുടെ ബ്ലോഗ്' എന്ന് ബ്ലോഗര്‍മാരും വിളിക്കുന്ന ഈ ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞു. മേല്‍പ്പറഞ്ഞ രണ്ട് പേരുകളില്‍ ഏതാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ 'അധ്യാപകരുടെ ബ്ലോഗ്' എന്നറിയപ്പെടാന്‍ തന്നെയാണെന്ന് ആലോചിക്കാതെ തന്നെ മറുപടി പറയാം. രണ്ട് അധ്യാപകരൊരുമിച്ച് തുടങ്ങിയ യാത്രയില്‍ ഇടയ്ക്കൊപ്പം നില്‍ക്കാന്‍ പത്തോളം പേര്‍ തയ്യാറായി വന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഉദ്യോഗസ്ഥവിഭാഗമായ അധ്യാപകസമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നുവെങ്കിലും ഇന്നത്തെ രൂപത്തില്‍ ഇതിനൊരു വളര്‍ച്ചയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഈ വേളയില്‍ തുറന്നു സമ്മതിക്കട്ടെ. ബ്ലോഗ് ഹിറ്റുകള്‍ കൂടുമ്പോള്‍ ഉത്തരവാദിത്വമേറുന്നതിന്റെ നെഞ്ചിടിപ്പ് ഞങ്ങളില്‍ വര്‍ദ്ധിച്ചു വന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അപ്ഡേഷന് തയ്യാറായിരുന്നു ഞങ്ങളെപ്പോഴും. ഗണിതശാസ്ത്രത്തിന് വേണ്ടിയുള്ള ബ്ലോഗ് എന്നു പറയുമ്പോഴും ഗണിതേതരവിഷയങ്ങളിലേതടക്കമുള്ള എല്ലാ അധ്യാപകരും അറിയേണ്ട വിവരങ്ങള്‍ ചൂടോടെ ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏത് വിഷമസന്ധികളിലും താങ്ങായി ഒപ്പം നില്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഓരോ പുതിയ വിവരങ്ങളറിയുമ്പോഴും അത് ഞങ്ങളെ ഫോണില്‍ വിളിച്ച് അറിയിക്കുന്ന അധ്യാപകര്‍ ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതിനു പിന്നില്‍ എടുത്തു പറയേണ്ട ചില വ്യക്തികളും മാധ്യമങ്ങളുമൊക്കെയുണ്ട്. ഈ സന്ദര്‍ഭം അതിനായി വിനിയോഗിക്കുന്നു.

ഇത്തരമൊരു ബ്ലോഗ് ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഐ.ടി@സ്ക്കൂള്‍ എറണാകുളം ജില്ലാ കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിനോടും അന്നു മുതല്‍ ഇന്നോളം ഞങ്ങള്‍ക്കൊപ്പം നിന്ന മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാറിനോടും ഞങ്ങള്‍ക്കുള്ള കടപ്പാട് പറഞ്ഞറിയിച്ചാല്‍ തീരുന്നതല്ല. മൈക്രോസോഫ്റ്റ് അംഗീകരിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വ്വം വ്യക്തികളിലൊരാളും മാതൃഭൂമി കൊച്ചി ഓഫീസിലെ സീനിയര്‍ എഡിറ്ററുമായ സുനില്‍പ്രഭാകര്‍ സാര്‍ മാതൃഭൂമി 'നഗര'ത്തിലൂടെ ഈ ബ്ലോഗിനെപ്പറ്റി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെയാണ് ആദ്യമായി മാധ്യമശ്രദ്ധ ഞങ്ങളിലേക്ക് പതിയുന്നത്. പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും സസൂക്ഷ്മം വിലയിരുത്തി ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ ഇന്നും അദ്ദേഹം ജാഗ്രതപുലര്‍ത്തിപ്പോരുന്നു. കൂടാതെ ഞങ്ങളുടെ ഈ സംരംഭത്തെപ്പറ്റി മലയാള മനോരമയുടെ 'പഠിപ്പുര', മാധ്യമം 'വെളിച്ചം', ഇന്‍ഫോകൈരളി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയ ലേഖകരും ഈ വളര്‍ച്ചയില്‍ ഞങ്ങളെ ഏറെ സഹായിച്ചു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് സ്മാര്‍ട്ട് ഫാമിലി എന്ന മാഗസിനില്‍ വന്ന ഇന്റര്‍വ്യൂവിനെക്കുറിച്ചാണ്. അതുവഴി മാത്രം വിദേശരാജ്യങ്ങളിലെ നിരവധി മലയാളികളെ ഞങ്ങള്‍ക്ക് വായനക്കാരായി കിട്ടി.

കേരളത്തിലെ സ്ക്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ ഭാഗമായി ശ്രദ്ധേയങ്ങളായ ചുവടുവെയ്പുകള്‍ നടത്തിയ ഐ.ടി@സ്ക്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാര്‍ പല നിര്‍ണായകഘട്ടങ്ങളിലും ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൃശൂര്‍ കിലയില്‍ വെച്ച് നടന്ന മാസ്റ്റര്‍ ട്രെയിനര്‍മാരുടെ മീറ്റിങ്ങില്‍ അദ്ദേഹം നേരിട്ട് ഈ ബ്ലോഗ് പരിചയപ്പെടുത്തിയതും ഞങ്ങള്‍ക്ക് ഗുണകരമായി. കേരളത്തിലെ ഏഴ് ജില്ലകളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അവരുടെ കീഴിലുള്ള സ്ക്കൂളുകളിലേക്ക് ബ്ലോഗ് ലിങ്ക് അയച്ചുകൊടുത്തതും സ്വന്തം സൈറ്റുകളില്‍ മാത്​സ് ബ്ലോഗിന് ഒരു ലിങ്ക് തന്നതും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു. പല വിദ്യാഭ്യാസ ഓഫീസുകളുടെയും ഒഫീഷ്യല്‍ സൈറ്റില്‍ നമുക്ക് ലിങ്ക് നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഞങ്ങള്‍ക്കേറെ പ്രോത്സാഹനം തന്ന പാലക്കാട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഹരിശ്രീ പാലക്കാട് വെബ്സൈറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പാലക്കാട് ഐ.ടി@സ്ക്കൂള്‍ ജില്ലാ കോഡിനേറ്റര്‍ ജയരാജന്‍ സാറിനും അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ. ഒപ്പം ലിനക്സ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് എപ്പോഴും ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ മാസ്റ്റര്‍ട്രെയിനര്‍മാരോടും നന്ദി പറയാന്‍ ഈ പോസ്റ്റ് വിനിയോഗിക്കുന്നു.

അധ്യാപകരുടെ ബ്ലോഗിനെ ബൂലോകത്തിന് പരിചയപ്പെടുത്തിയ ക്യാപ്റ്റന്‍ ഹാഡ്​ഡോക്, ജമാല്‍, ചിത്രകാരന്‍ എന്നീ ബ്ലോഗര്‍മാരും ഞങ്ങള്‍ക്ക് ഒരു വിലാസമുണ്ടാക്കിത്തരാന്‍ സഹായിച്ചു. ശക്തമായ കമന്റുകളുമായി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാന്‍ മടിക്കാതെ കാല്‍വിനും തറവാടിയും ഹാഫ്​കള്ളനും സത്യാന്വേഷിയും വിജയന്‍ കടവത്തുമൊക്കെ ഞങ്ങള്‍ക്കുണ്ടാക്കിത്തന്നത് നിരവധി വായനക്കാരെയാണ്. ഇവരുടെ കമന്റുകള്‍ക്ക് ശക്തമായ മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് പലരും ഞങ്ങളെ ഫോണില്‍ വിളിക്കുമായിരുന്നു. പക്ഷെ എല്ലാ മലയാളികള്‍ക്കുമായി നാം തുറന്നിട്ട ഈ ബ്ലോഗില്‍ സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് എഴുതുന്ന അവരെ എന്തിന് എതിര്‍ക്കണം? മാത്രമല്ല കാടടച്ച് വെടിവെക്കുകയല്ല അവര്‍ ചെയ്യുന്നത്. എതിര്‍ അഭിപ്രായമുള്ളവര്‍ക്ക് അതും രേഖപ്പെടുത്താന്‍ അവസരമുണ്ടല്ലോ. ഇങ്ങനെയെല്ലാമാണ് പൊതുസമൂഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ നമുക്കറിയാനാവുക. ഒരു തിരിച്ചറിവിനോ ശുദ്ധീകരണത്തിനോ അത് സഹായിക്കും എന്ന പൊതു അഭിപ്രായമാണ് ബ്ലോഗ് ടീമിനുള്ളത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഉമേഷ് എന്ന ഒരു മിടുമിടുക്കനായ സോഫ്റ്റ്​വെയര്‍ എഞ്ചിനീയറായ ബ്ലോഗറെ നമ്മുടെ സഹയാത്രികനായി കിട്ടിയത് ഒരു ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. അദ്ദേഹം ഓരോ പ്രശ്നങ്ങളേയും അപഗ്രഥിച്ച് ഉത്തരത്തിലേക്കെത്തുന്ന രീതി തികച്ചും അസൂയാവഹം തന്നെ. റഫറന്‍സും ഗ്രാസ് റൂട്ടും അടക്കം സകലതും വിശദീകരിച്ച് അദ്ദേഹം ഉത്തരം നല്‍കുന്നത് ഒരുഗ്രന്‍ പ്രൊജക്ടിന്റെ രൂപത്തിലാണെന്നത് നിങ്ങളേവരും ശ്രദ്ധിച്ചിട്ടുണ്ടാകും. വിജ്ഞാനസമ്പന്നമായ സ്വന്തം ബ്ലോഗുകളുടെ ലിങ്കും അദ്ദേഹം കമന്റില്‍ നല്‍കിയത് ഏവരും കണ്ടിരിക്കുമല്ലോ.

ക്ലസ്റ്ററുകളില്‍ ബ്ലോഗ് പരിചയപ്പെടുത്തിയ ഡി.ആര്‍.ജി, ആര്‍.പി മാര്‍ക്കും മറ്റ് അധ്യാപകരും ഈ നേട്ടത്തിന് പിന്നില്‍ പ്രേരണാഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗിന്റെ നിത്യ സന്ദര്‍ശകരായ എല്ലാ വായനക്കാര്‍ക്കും മനസ്സു തുറന്ന് നന്ദി പറയുന്നു. നിങ്ങളാണിതിന്റെ ശക്തി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകക്കൂട്ടായ്മയ്ക്കു വേണ്ടിയാണ്. ഏതെങ്കിലും ഒരു കൊടിക്കു കീഴില്‍ അധ്യാപകരെ അണി നിരത്താന്‍ ഒരിക്കലും മുതിരില്ല ഞങ്ങള്‍. നമ്മുടെ പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനുള്ള സുന്ദരമായ ഒരു വേദി. കാസര്‍കോടുള്ള ഒരു അധ്യാപകന്റെ സംശയത്തിന് മറുപടി കൊച്ചിയില്‍ നിന്നോ കോഴിക്കോട് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു പക്ഷേ വിദേശത്ത് നിന്നോ ആയിരിക്കും.ഇതാണ് നമ്മുടെ ലക്ഷ്യം. നിങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തിന് ഗ്യാരണ്ടിയായി ഒരു ഉറപ്പും. നമ്മള്‍ അധ്യാപകരറിയേണ്ട സര്‍ക്കാര്‍ ഉത്തരവുകളടക്കമുള്ള ഏത് വിവരങ്ങളും ചൂടാറാതെ സമയാസമയങ്ങളില്‍ ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ച എല്ലാവരെയും ഞങ്ങള്‍ക്കറിയാം. ഒപ്പം, മനഃപൂര്‍വ്വം നിശബ്ദതപാലിച്ചവരെയും... ചില സത്യങ്ങള്‍ എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും പുറത്തുവരും എന്ന പഴമൊഴിയില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഈ ഒരു ലക്ഷം സന്ദര്‍ശനങ്ങള്‍ തന്നെ അതിന് സാക്ഷി.


Read More | തുടര്‍ന്നു വായിക്കുക

നഗ്നസത്യങ്ങളുടെ പെരുമഴ

>> Sunday, November 29, 2009



കഴിഞ്ഞ ഞായറാഴ്ചയിലെ സംവാദത്തിന് പ്രസിദ്ധ ബ്ലോഗര്‍മാരില്‍ നിന്നടക്കമുണ്ടായ രൂക്ഷമായ പ്രതികരണങ്ങള്‍ , ആ വിഷയത്തില്‍ പുതുതലമുറയുടെ എതിര്‍വാദങ്ങള്‍ മനസ്സിലാക്കുന്നതിന് ഏറെ സഹായിച്ചതായി കുറെയേറെ വായനക്കാര്‍ അറിയിച്ചു. ആരോഗ്യകരമായ ഇത്തരം ചര്‍ച്ചകള്‍ ഒരുപാടുപേര്‍ ഉറ്റുനോക്കുന്നുവെന്നത് ഏറെ ചാരിതാര്‍ഥ്യജനകമാണ്. ഈ പംക്തിയില്‍ വരുന്ന ലേഖനങ്ങളുടെ ഉള്ളടക്കങ്ങളെല്ലാം ഈ ബ്ലോഗിന്റെ നിര്‍മ്മാതാക്കളുടെയോ, ബ്ലോഗ് ടീമിന്റേയോ അഭിപ്രായങ്ങളായി കാണേണ്ടതില്ല. സംവാദത്തിന്നായി വിഷയങ്ങള്‍ അണിനിരത്തുന്നുവെന്നു മാത്രം. പ്രസിദ്ധ ബ്ലോഗര്‍ 'ചിത്രകാരന്‍ 'പറഞ്ഞപോലെ, 'നഗ്നസത്യങ്ങളുടെ പെരുമഴ' കമന്റുകളിലൂടെ ആര്‍ത്തിരമ്പി പെയ്യട്ടെ. അധ്യാപകരെ സംബന്ധിച്ചിടത്തോളം, സ്വയം വിമര്‍ശനത്തിനു പ്രേരിപ്പിക്കേണ്ടതെന്നു കരുതുന്ന ഒരു വിഷയമാകട്ടെ ഈ ആഴ്ച. കണ്ണൂര്‍ ഡയറ്റിലെ ലക്ചററും പ്രസിദ്ധ വിദ്യാഭ്യാസ വിദഗ്ധനുമായ ശ്രീ. ടി.വി. കൃഷ്ണന്‍ സാറെഴുതിയ ചിന്തോദ്വീപകമായ ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ചിന്ത് വായിച്ചോളൂ......

ഒരിക്കല്‍ അയല്‍ക്കാരനായ ഒരു കുടുംബനാഥന്‍ ഈ ലേഖകനോട് ഒരു സ്വകാര്യ ദു:ഖം പങ്കിട്ടു. അദ്ദേഹത്തിന്റെ ര​ണ്ടു കുട്ടികളില്‍ മൂത്തയാള്‍ ഒമ്പതില്‍ പഠിക്കുന്ന അച്ചുവെന്ന അശ്വിന്‍. അധ്യാപകര്‍ക്ക് അവനെക്കുറിച്ച് പരാതികള്‍ മാത്രമേയുള്ളൂ. ക്ലാസ്സില്‍ ശ്രദ്ധ പോരാ, പരീക്ഷകളില്‍ മാര്‍ക്ക് വളരെ കുറവാണ് എന്നൊക്കെ. പരാതികള്‍ കേട്ടുമടുത്ത് അച്ചുവിന്റെ അമ്മ ഇപ്പോള്‍ സ്കൂളില്‍ പി.ടി.എ യോഗങ്ങള്‍ക്കൊന്നും ചെല്ലാറില്ല.ഒരു വൈകുന്നേരം വീടിന്റെ വരാന്തയില്‍ വെറുതെയിരിക്കുമ്പോള്‍ മുന്‍വശത്തെ റോഡില്‍ കുറേ കുട്ടികളെ കണ്ടു. എല്ലാവരുടേയും കയ്യില്‍ പല വലുപ്പത്തിലും ആകൃതിയിലുമുള്ള വാഹനങ്ങളുടെ 'മിനിയേച്ചറുകള്‍'. വലിച്ചെറിഞ്ഞ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍, പഴയ ചെരുപ്പിന്റെ സോള്‍, കുടക്കമ്പി തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിച്ചവയായിരുന്നു അവയെല്ലാം. ചരടില്‍ കെട്ടി ആഹ്ലാദപൂര്‍വ്വം റോഡിലൂടെ വലിച്ചുകൊണ്ടു പോവുകയാണ് അവര്‍ കാറും ബസ്സും ലോറിയും വിമാനവുമൊക്കെ.എല്ലാം തികവൊത്ത രൂപങ്ങള്‍. ഇവയുടെയൊക്കെ ശില്പി അവരുടെ"അച്ചുവേട്ടന്‍" ആണെന്നറിഞ്ഞപ്പോള്‍ തലയില്‍ സ്വയം കൈവെച്ചുപോയി. ഇത്രയും വൈഭവമുള്ള കുട്ടിയെക്കുറിച്ചാണോ അധ്യാപകര്‍ രക്ഷിതാക്കളോട് മോശമായി പറഞ്ഞത്!ആ രൂപങ്ങളില്‍ തെളിഞ്ഞുവന്നത് ഭാവിയിലെ ഒരു മികച്ച ഡിസൈനര്‍, എഞ്ചിനീയര്‍ അല്ലെങ്കില്‍ ഒരു കലാകാരന്റെ മുഖമായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കാര്‍ക്കശ്യങ്ങളില്‍ അച്ചുവിന്റെ കഴിവുകള്‍ അധ്യാപകര്‍ ശ്രദ്ധിക്കാതെ പോയി. കുട്ടിയുടെ പിഴവുകള്‍ കണ്ടുപിടിക്കാന്‍ മാത്രമാണ് അവര്‍ ശ്രമിച്ചത്. പ്രിയപ്പെട്ട അധ്യാപകരേ, നിങ്ങളുടെ ക്ലാസ്സിലെ 'അച്ചു'മാരോട് നിങ്ങള്‍ എങ്ങിനെയാണ് പെരുമാറുന്നത്? കമന്റ് ചെയ്യുക. പ്രിയപ്പെട്ട മറ്റു വായനക്കാരേ, നിങ്ങളുടെ അധ്യാപകരില്‍ നിന്നും ഇതുപോലുള്ളതോ, വ്യത്യസ്തമായതോ ആയ അനുഭവങ്ങള്‍ ഓര്‍മ്മ വരുന്നില്ലേ? കമന്റിലൂടെ ഇവിടെ പകര്‍ത്തുക. ഞങ്ങള്‍ അധ്യാപകര്‍ക്ക്, ഇതുപോലുള്ള പ്രശ്നങ്ങള്‍ ഗുണപരമായി കൈകാര്യം ചെയ്യാന്‍ അത് വളരെ പ്രയോജനം ചെയ്യും.


Read More | തുടര്‍ന്നു വായിക്കുക

പൂര്‍ണ്ണവര്‍ഗ്ഗങ്ങള്‍

>> Friday, November 27, 2009


ഒരു കമന്റില്‍, എളുപ്പത്തില്‍ വര്‍ഗ്ഗം കാണാനുള്ള ശ്രീ. വി.കെ. ബാലയുടെ പോസ്റ്റ് ലിങ്കായി കണ്ടപ്പോഴാണ്, മുമ്പെന്നോ ശ്രീ. എന്‍.എം. വിജയന്‍ സാര്‍ ഇ-മെയിലായി അയച്ചുതന്ന ഈ പോസ്റ്റിനെക്കുറിച്ചോര്‍മ്മവന്നത്. വൈകിയതിന്നൊരു ക്ഷമാപണത്തോടെ ഇത് പ്രസിദ്ധീകരിക്കുകയാണ്. എണ്ണല്‍സംഖ്യകളില്‍ 625 വരെയുള്ള വര്‍ഗ്ഗങ്ങള്‍ ഓര്‍ക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് (മുതിര്‍ന്നവര്‍ക്കും) 10000 വരെയുള്ള വര്‍ഗ്ഗങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു മാര്‍ഗ്ഗമാണ് ഈ പോസ്റ്റിലൂടെ വെളിപ്പെടുന്നത്.



100 വരെയുള്ള സംഖ്യകള്‍ 4 ഗ്രൂപ്പുകളായി തിരിക്കുക. 1 മുതല്‍ 25 വരെ, 26 മുതല്‍ 50 വരെ, 51 മുതല്‍ 75 വരെ, 76 മുതല്‍ 100 വരെ. അവയുടെ വര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കുക. ഓരോ വരിയിലും വര്‍ഗ്ഗങ്ങള്‍ അവസാനിക്കുന്ന രണ്ടക്കം തുല്യമാണെന്നു കാണാം. അതായത്, 10000 ല്‍ കുറവുള്ള 24 ല്‍ അവസാനിക്കുന്ന 4 പൂര്‍ണ്ണവര്‍ഗ്ഗങ്ങളേയുള്ളൂ.. 18,32,68,82 എന്നിവയുടെ വര്‍ഗ്ഗങ്ങളായ 324,1024,4624,6724. 44ല്‍ അവസാനിക്കുന്നതോ? 12,38,62,88 എന്നിവയുടെ വര്‍ഗ്ഗങ്ങളായ 144,1444,3844,7744. ഇതുപോലെ 4 വീതം വരുന്ന ഗ്രൂപ്പുകള്‍ ഓരോന്നും പരിശോധിച്ചാല്‍ ഒരു ബന്ധം കിട്ടും. X, 50-X, 50+X, 100-X ഇവയുടെ വര്‍ഗ്ഗങ്ങളിലെ അവസാനത്തെ രണ്ടക്കം ,Xന്റെ വര്‍ഗ്ഗത്തിലെ അവസാന രണ്ടക്കം തന്നെയാണെന്നു മനസ്സിലാകും.
ഇതില്‍ നിന്ന് എന്തു മനസ്സിലായി? 96 ല്‍ അവസാനിക്കുന്ന വര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്നു ചോദിച്ചാല്‍ ഉടന്‍ ഉത്തരം കിട്ടും....14,36,64,86. ആവര്‍ത്തിച്ചുനോക്കൂ. 29 ല്‍ അവസാനിക്കുന്ന 4 പൂര്‍ണ്ണവര്‍ഗ്ഗങ്ങള്‍ (10000ല്‍ കുറവ്) 23,27,73,77 എന്നിവയുടെ വര്‍ഗ്ഗങ്ങളായ 529,729,5329,5929 മാത്രമേയുള്ളൂവെന്നു കിട്ടും.
വര്‍ഗ്ഗം കാണാന്‍ എളുപ്പവഴി
625 വരെ മനപ്പാഠമാക്കുക.
25 മുതല്‍ 75 വരെ വര്‍ഗ്ഗം
ഉദാ:
362=(36-25)+142=11+196=1296
482=(48-25)+22=23+04=2304
632=(63-25)+132=38+169=3969
742=(74-25)+242=49+576=5476
75 മുതല്‍ 100 വരെ വര്‍ഗ്ഗം
ഉദാ:
872=(87 -13)+13 2= 74+169=7569
942=(94 -6)+6 2= 88+36=8836
87 കിട്ടിയാല്‍ 13 കാണുന്നതും 94 കിട്ടിയാല്‍ 6 കാണുന്നതും വിശദീകരിക്കേണ്ടതില്ലല്ലോ?
ഇതു വലുതാക്കിയാല്‍ എന്തുകൊണ്ട് 10000000 വരെ മനസ്സില്‍ വച്ചുകൂടാ? ശ്രമിക്കുമല്ലോ?


Read More | തുടര്‍ന്നു വായിക്കുക

ലിനക്സും വിന്റോസും തമ്മില്‍ നെറ്റ്​വര്‍ക്ക് ചെയ്യാന്‍...

>> Wednesday, November 25, 2009


ഒരു നൂറ് പ്രാവശ്യം ആലോചിച്ചതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതാന്‍ തീരുമാനിച്ചത്. കാരണം മറ്റൊന്നുമല്ല , ഫ്രീ സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോമിലേക്ക് മാറിയതിന് ശേഷം കഴിയുന്നതും പ്രൊപ്പറൈറ്ററി സോഫ്റ്റ് വെയര്‍ ഉപയോഗിക്കില്ല എന്ന മനസാ തീരുമാനമെടുത്തതാണ്. അത് കൊണ്ട് തന്നെ വിന്‍ഡോസ് അപ്ലിക്കേഷനു ബദല്‍ കണ്ടെത്തി പ്രചരിപ്പിക്കുക എന്ന ചുമതല പലപ്പോഴും വലിയ വെല്ലുവിളിയായിട്ടുണ്ട്. അതിന്റെ പരിണിതഫലമാണ് ഹക്കീം മാസ്റ്ററുടെ ( മലപ്പുറം) നേതൃത്വത്തില്‍ രൂപപ്പെട്ട Edusoft CD കള്‍. എന്നാല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം 'സ്കൂള്‍ കലോത്സവം ' അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രിന്ററിന് ഡ്രൈവറിന് വേണ്ടിയുള്ള SITC മാരുടെ നെട്ടോട്ടം കണ്ടാണ് അവസാനം ഇത് എഴുതാമെന്ന് വിചാരിച്ചത്. ഫലത്തില്‍ വിന്‍ഡോസ് അപ്ലിക്കേഷന് support ആവുമോ എന്ന് കണ്ടാണ് ആദ്യം മടിച്ചത്. പിന്നെ അറിവിന് പ്ലാറ്റ് ഫോം ഇല്ലല്ലോ എന്ന് കരുതി എഴുതാമെന്ന് കരുതി.

സ്കൂള്‍ കലോത്സവം lampp സോഫ്റ്റ് വെയറിലാണല്ലോ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ നെറ്റ് വര്‍ക്കിംഗ് സമയത്ത് ലിനക്ലില്‍ പ്രവര്‍ത്തിക്കുന്ന ലേസര്‍ പ്രിന്ററുകള്‍ കണ്ടെത്തേണ്ട സ്ഥിതിയിലായി സംഘാടകര്‍ . ഐ.ടി.@സ്കൂള്‍ വിതരണം ചെയ്ത samsung പ്രിന്ററുകള്‍ മിക്ക ഹൈസ്കൂളുകളിലുമുണ്ടാവും. അത് ഒന്ന് മാത്രം. പിന്നെയുള്ളത് HP പ്രിന്ററുകള്‍..ഇവയൊക്കെ എല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുന്നുമുണ്ട്. എന്നാല്‍ പല സ്കൂളുകളിലും പലതരത്തിലുള്ള ലേസര്‍ പ്രിന്ററുകളാണ് ഉപയോഗിക്കുന്നതെന്ന് 'ഈ പ്രിന്റര്‍ ലിനക്ലില്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യും' എന്ന ചോദ്യമാണ് sitc മാര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.

മിക്കവാറും പ്രിന്ററുകളുടെ ഡ്രൈവറുകള്‍ ലിനക്ലില്‍ ലഭ്യമാണ്. അവക്ക് 'നെറ്റി'ല്‍ തിരയണമെന്ന് മാത്രം.. debian പാക്കേജുകളായി ചിലപ്പോള്‍ കിട്ടിയില്ല എന്ന് വരാം. അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ support ആവശ്യമാണ്.. (Edusoft CDയുടെ ലെന്നി വേര്‍ഷനില്‍ പ്രിന്ററുകള്‍ ഓട്ടോ ഡിറ്റക്ട് ആകാനുള്ള പാക്കേജ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.) ശ്രമിച്ചാല്‍ അസാധ്യമായി ലിനക്ലില്‍ ഒന്നുമില്ല എന്നാണ് ഇതുവരെയുള്ള അറിവ്. അതിന് സമയമില്ലാത്തതാണ് പ്രശ്നം. lampp സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ ലേസര്‍ പ്രിന്റര്‍ വിന്‍ഡോസില്‍ ഉപയോഗിച്ച് തല്കാലം ഈ പ്രശ്നം നമുക്ക് പരിഹരിക്കാം. നെറ്റ് വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു സെര്‍വര്‍ കമ്പ്യൂട്ടറും ഒന്നിലധികം നോഡും ഉപയോഗിക്കുമല്ലോ ? അതില്‍ സെര്‍വര്‍ ആയി ലിനക്സ് തന്നെ ഉപയോഗിക്കുക. Lampp ഇന്‍സ്റ്റാള്‍ ചെയ്യണ്ടത് ഈ കമ്പ്യൂട്ടറിലാണ്. ഇതിന്റെ IP അഡ്രസ്സ് മറ്റൊരു കമ്പ്യൂട്ടറിനും നല്കരുത്. നോഡായി വിന്‍ഡോസ് ഉപയോഗിക്കുക. ഇവിടെ ബ്രൌസര്‍ മോസില്ലയാണ് ഉപയോഗിക്കേണ്ടത്. താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്ന് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന മോസില്ല ഡൌണ്‍ലോഡ് ചെയ്യാം..

Download Mozilla

സെര്‍വര്‍ ഓപ്പണ്‍ ചെയ്ത് lampp റണ്‍ ചെയ്യിക്കുക. അതിന് ശേഷം നോഡ് കമ്പ്യൂട്ടറിലെ മോസില്ല വെബ് ബ്രൌസര്‍ തുറന്ന് സെര്‍വറിന്റെ IPAddress/kalolsvam (Eg: 192.168.1.11/kalolsavam) ടൈപ്പ് ചെയ്ത് lampp സോഫ്റ്റ് വെയറിലേക്ക് നമുക്ക് access ചെയ്യാവുന്നതാണ്. പ്രിന്റിംഗ് വിന്‍ഡോസില്‍ തന്നെ ചെയ്യാം.വിന്‍ഡോസില്‍ നെറ്റ് വര്‍ക്കിംഗ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.

Type 2 മോഡം ഉണ്ടെങ്കില്‍ വയര്‍ലെസ് വഴിയും നെറ്റ് വര്‍ക്കിംഗ് നടത്താം. ഇതിന് മോഡത്തില്‍ വയര്‍ലെസ് enable ചെയ്തതിന് ശേഷം telephone cable വേര്‍പെടുത്തിയിടുക. സെര്‍വറിന് ഒരു IP നല്കിയതിന് ശേഷം സെര്‍വറില്‍ നിന്നും cable നേരിട്ട് മോഡത്തിലേക്ക് നല്തുക. അതിന് ശേഷം നോഡായി ഉപയോഗിക്കിക്കുന്ന ലാപ് ടോപ്പില്‍ വയര്‍ലെസ് enable ചെയ്ത് സെര്‍വറിന്റെ IP അഡ്രസ് ടൈപ്പ് ചെയ്ത് കണക്ട് ചെയ്യാവുന്നതാണ്.

മലപ്പുറം ഐ.ടി@സ്ക്കൂള്‍ പ്രൊജക്ടിലെ മാസ്റ്റര്‍ ട്രെയിനറാണ് ലേഖകന്‍


Read More | തുടര്‍ന്നു വായിക്കുക

ഏറ്റവും വലിയ അര്‍ദ്ധവൃത്തത്തിന്റെ വിസ്തീര്‍ണം

>> Tuesday, November 24, 2009


വളരെ നാളുകള്‍ക്ക് മുന്‍പ് ഖത്തറില്‍ നിന്നുള്ള അസീസ് മാഷ് കമന്‍റ് രൂപത്തില്‍ ചോദിച്ച ഒരു ചോദ്യമാണിത്. ചോദ്യത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഇതൊരു പോസ്റ്റായി പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ കമന്‍റ് ബോക്സില്‍ വിജയന്‍ മാഷും ജോണ്‍ മാഷും തോമാസ് മാഷും മുരളീധരന്‍ മാഷുമൊക്കെക്കൂടി ദിവസേന നടത്തുന്ന ഗണിതപ്രശ്നോത്തരിയില്‍ ഇത്തരത്തിലുള്ള മികച്ച ഒട്ടേറെ ചോദ്യങ്ങള്‍ വന്നു പോകാറുണ്ട്. അവ ബ്ലോഗിലൂടെ പ്രശ്നരൂപത്തില്‍ അവതരിപ്പിക്കപ്പെടുകയാണെങ്കില്‍ എങ്ങനെയായിരിക്കും? ഒരു പരീക്ഷണാടിസ്ഥാനത്തില്‍ അത്തരമൊരു ചെറിയ ചോദ്യം വായനക്കാര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കട്ടെ. ആരെല്ലാമാണ് ഉത്തരം കണ്ടെത്തിക്കൊണ്ട് കമന്‍റ് ബോക്സിലേക്ക് പുതുതായി രംഗപ്രവേശം ചെയ്യുന്നതെന്ന് നോക്കാം. ഇനി ചോദ്യത്തിലേക്ക്.

യൂണിറ്റ് വശമുള്ള ഒരു സമചതുരത്തിനുള്ളില്‍ വരക്കാവുന്ന ഏറ്റവും വലിയ അര്‍ദ്ധവൃത്തത്തിന്‍റെ വിസ്തീര്‍ണം എത്രയായിരിക്കും ? ഉത്തരം രേഖപ്പെടുത്തുന്നവര്‍ ചെറിയൊരു വിശദീകരണവും രേഖപ്പെടുത്തുമല്ലോ. ഉത്തരങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം.


Read More | തുടര്‍ന്നു വായിക്കുക

കടമകള്‍ മറക്കുന്ന മനുഷ്യന്‍

>> Sunday, November 22, 2009


നമ്മുടെ അതിഥികളായെത്തുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും വേണ്ടി ഞായറാഴ്ചകളില്‍ പൊതുവിഷയങ്ങള്‍ കൂടി ചര്‍ച്ചാവിഷയങ്ങളാക്കണം എന്ന് പലരും മുന്‍പു മുതലേ അഭിപ്രായപ്പെട്ടിരുന്നു. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും വേണ്ടി, നമുക്കറിയാവുന്ന നമ്മുടെ നാടിന്റെ ശാപമായി മാറുന്ന ചില കാര്യങ്ങളെപ്പറ്റി ചില യാഥാര്‍ത്ഥ്യങ്ങള്‍. എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം? ആധുനിക മനുഷ്യന്റെ ചിന്തകള്‍ പറവകളേപ്പോലെ നിലം തൊടാതെ പറക്കുകയാണ്‌ ഇന്നും.... എത്തിപ്പിടിക്കലുകളാണ്‌ അവയുടെ ലക്ഷ്യം... ഇല്ലായ്മകളെ മനുഷ്യന്‍ എപ്പോഴും വെറുത്തിട്ടേയുള്ളു.... അതുകൊണ്ട്‌ തന്നെ നിലം തൊട്ടുള്ള ഒരു യാത്ര അവന്‍ സ്വപ്നം കണ്ടിട്ടു കൂടി ഉണ്ടാവില്ല... കര കടന്ന്‌... കടല്‍ കടന്ന്‌..... ദൂരെയുള്ള ആ മാന്ത്രികക്കൊട്ടാരത്തിലെത്തി..... വാരിയെടുക്കാവുന്നത്ര നിധിയും കൊണ്ട്‌ നാട്ടിലെത്തുന്ന ഒരു ദിവസമാകും ദിവാസ്വപ്നങ്ങളില്‍ക്കൂടി അവന്‍ കണ്ടിട്ടുണ്ടാവുക... മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ എല്ലാം ഒരുപടി മുകളില്‍ വേണം എന്നാഗ്രഹിക്കുന്ന നമ്മുടെ ലോകത്തിന്‌ നഷ്ടമായിരിക്കുന്നത്‌ എന്താണ്‌? ക്ഷമ... വിനയം.... സ്നേഹം...

അമ്മമാര്‍ക്ക്‌ കുട്ടികളെ ശ്രദ്ധിക്കാന്‍ നേരമില്ല...ഭാര്യമാര്‍ക്ക്‌ ഭര്‍ത്താവിനെ പരിചരിക്കാന്‍ നേരമില്ല.... വിരുന്നിനെത്തുന്നവര്‍ക്ക്‌ മുന്നില്‍ ഇഷ്ട സീരിയല്‍ തുറന്ന്‌ വെച്ച്‌ പരസ്യ സമയത്ത്‌ മാത്രം സംസാരിക്കുന്ന വീട്ടുകാര്‍ക്ക്‌ മുന്നില്‍, അമേരിക്കന്‍ പാവയേപ്പോലെ ഇരുന്ന്‌ കൊടുക്കാന്‍ ആരാണിഷ്ടപ്പെടുക? ടി.വി. സീരിയല്‍ എന്ന യക്ഷിക്ക്‌ മുന്‍പില്‍ സ്വന്തം ജീവിതം ആണ്ടുകളായി ഹോമിച്ചു കൊണ്ടിരിക്കുന്ന സ്ത്രീപ്രേക്ഷകരുടെ (ചില പുരുഷ പ്രേക്ഷകരുടേയും) മനസ്സ്‌ വേദനിക്കുന്നത്‌ സ്വന്തം കുടുംബത്തേക്കുറിച്ചോര്‍ത്തിട്ടല്ല... മണിക്കൂറുകള്‍ക്ക്‌ വിലപറഞ്ഞ്‌ ഒരു സെറ്റില്‍ നിന്നും മറ്റൊരു സെറ്റിലേക്ക്‌ അഭിനയിക്കാന്‍ പാഞ്ഞു നടക്കുന്ന നായികമാരുടെ ഗ്ളിസറിന്‍ കണ്ണീരിന്റെ അനസ്യൂത പ്രവാഹം കണ്ടിട്ട്‌ മാത്രമാണ്‌......റിയാലിറ്റി ഷോകളിലെ അവതാരികമാരുടെ മംഗ്ലീഷ് ഗോഷ്ടികളും വേഷപ്പകര്‍ച്ചകളും കണ്ട് കുലുങ്ങിച്ചിരിക്കാനായില്ലെങ്കില്‍ ഒരു ശരാശരി മലയാളിയായില്ലെന്ന ചിന്തയാണ് നാട്ടിന്‍പുറത്തെ കാറ്റിനു പോലുമുള്ളത്. വിധികര്‍ത്താക്കളുടെ കണ്ണീരു കണ്ട് താടിക്ക് കൈകൊടുത്ത് ദീര്‍ഘനിശ്വാസം വിടാനായില്ലെങ്കില്‍ 'പാവയ്ക്കാ ജൂസ് കുടിച്ച' പ്രതീതിയാണ് കേരളത്തിലെ ടിവി പ്രേക്ഷകര്‍ക്കുള്ളത്. ഇതല്ലേ ഇന്‍ഡ്യയിലെ ഏറ്റവും പ്രബുദ്ധരായ ജനതയുടെ സായാഹ്നശീലം?

കൂട്ടുകളെല്ലാം വിട്ട്‌ മൊബൈല്‍ സുഹൃത്തിനോട്‌ സല്ലപിക്കുന്ന ആധുനിക തലമുറ ഇതിനെല്ലാം ഒരു പടി മുകളിലാണ്‌..... എല്ലാം മറന്ന്‌ കട്ടിലില്‍ മലര്‍ന്നു കിടന്ന്‌ സെല്‍ഫോണ്‍ കാതോടും ചുണ്ടോടും ചേര്‍ത്ത്‌, ചുറ്റുപാടുകളില്‍ നിന്നും അകന്ന്‌, കൂട്ടുകാരിയോട്‌ (കൂട്ടുകാരനോട്‌) തമാശ പറഞ്ഞ്‌.. തമാശ ആസ്വദിച്ച്‌ ....ചിരിച്ചുല്ലസിക്കുന്ന ഭാവി വാഗ്ദാനങ്ങള്‍ക്ക്‌ സമൂഹത്തോട്‌ എന്ത്‌ കടപ്പാടാണ്‌ ഉള്ളത്‌...( വീട്ടുകാരോടൊ...?) സര്‍വ്വതിനേയും മൊബൈല്‍ഫോണിലെ കൊച്ചു സ്ക്രീനിലേക്ക് ആവാഹിച്ച് ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന പുതുതലമുറ നമ്മുടെ സമൂഹത്തില്‍ വളര്‍ന്ന് വരുമ്പോള്‍ പാകിസ്ഥാന്‍കാരെക്കാള്‍ ഭയക്കേണ്ടത് ആരെയൊക്കെയാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അച്ഛനമ്മമാരെ വീട്ടിലിട്ട്‌ (വൃദ്ധസദനമാണ്‌ ഉത്തരാധുനിക ഫാഷന്‍) നഗരത്തില്‍ കറങ്ങി ഹോട്ടല്‍ ഭക്ഷണവും കഴിച്ച്‌ ഭാര്യയും മക്കളുമായി വരുന്നതിന്റെ സുഖം നുകരുന്ന ആധുനിക മനുഷ്യന്‍.....ഇവിടെ വേദനിക്കുന്ന ചില ഹൃദയങ്ങളുണ്ടെന്നോര്‍ക്കുക. സന്തോഷം നല്ലത്. പക്ഷെ ഒരു കൂരയ്ക്ക കീഴില്‍ കഴിയുന്ന എല്ലാവര്‍ക്കും ആ സന്തോഷം പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയണം.

കാലം മാറ്റത്തിന്റെ പാതയിലാണ്‌..... ഇപ്പൊളെന്റെ ഉള്ളില്‍ പണ്ടെങ്ങോ കേട്ട ഒരു വചനം ഓര്‍മ്മ വരുന്നുണ്ട്‌... "ഹേ, മനുഷ്യാ..! ജീവിതപാത നീണ്ട്‌ പരന്ന്‌ കിടക്കുകയാണെങ്കിലും അതൊരിക്കലും കൂട്ടിമുട്ടില്ലെന്ന്‌ നീ കരുതുന്നുണ്ടോ..? പിന്നിട്ട വഴികള്‍ നീ വീണ്ടും കാണും... പക്ഷെ അന്ന്‌ നീ ആയിരിക്കില്ല നായകന്‍... ഇന്നത്തെ ഊര്‍ജ്ജം അന്ന്‌ നിനക്കുണ്ടാവണമെന്നുമില്ല...." കാലം തിരിച്ചടികള്‍ നല്‍കാന്‍ മറക്കുന്നില്ല... പകരം വീട്ടാനും.


Read More | തുടര്‍ന്നു വായിക്കുക

Teaching Notes

>> Friday, November 20, 2009


എട്ടാം ക്ലാസിലെ സമവാക്യങ്ങള്‍ എന്ന അധ്യായത്തെ ആറ് മൊഡ്യൂളുകളാക്കി തിരിച്ചു കൊണ്ടുള്ള അധ്യാപകക്കുറിപ്പുകളാണ് ഇന്ന് ഗണിതശാസ്ത്ര അധ്യാപകര്‍ക്കായി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. ബ്ലോഗ് ടീം അംഗവും വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ അധ്യാപകനുമായ പി.എ ജോണ്‍ സാറാണ് ഈ ടീച്ചിങ് നോട്ട് എഴുതിത്തയ്യാറാക്കിയിട്ടുള്ളത്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം. പ്രവര്‍ത്തനാധിഷ്ഠിതവും തികച്ചും ശിശുകേന്ദ്രീകൃതവുമായ ഒരു രീതിയോടെയാണ് അദ്ദേഹം ഒരോ പ്രശ്നമേഖലയെയും സമീപിച്ചിരിക്കുന്നത്. ഈ അധ്യായം കൈകാര്യം ചെയ്യുമ്പോള്‍ ഈ ടീച്ചിങ് നോട്ട്സ് നമുക്ക് ഏറെ ഉപകാരപ്രദമാകുമെന്നതില്‍ സംശയം വേണ്ട. ഇതുപോലെ നമ്മുടെ അധ്യാപകര്‍ക്ക് സഹായികളായി മാറാവുന്ന ഏത് അറിവുകളും ഈ ബ്ലോഗിലൂടെ പങ്കുവെക്കാം. വിഷയം പോലും പ്രശ്നമല്ല. കാരണം നമ്മുടെ ബ്ലോഗിന്റെ വായനക്കാര്‍ ഗണിതശാസ്ത്ര അധ്യാപകര്‍ മാത്രമല്ലല്ലോ.

ഇന്ന് കേരളത്തിലെമ്പാടും ഗണിതശാസ്ത്ര ക്ലസ്റ്ററുകള്‍ നടക്കുകയാണല്ലോ. എല്ലാ ക്ലസ്റ്ററുകളിലും നമ്മുടെ മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്താനും ബ്ലോഗിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതിനും അതില്‍ കമന്റു ചെയ്യുന്നതിനും നമ്മുടെ അധ്യാപകരെ പ്രേരിപ്പിക്കണമെന്നും വായനക്കാരോട് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ക്കറിയേണ്ട ഏതു വിവരത്തെപ്പറ്റിയും കമന്റ് രൂപത്തില്‍ സംശയം ചോദിക്കുകയാണെങ്കില്‍ ഉടനടി മറുപടി ലഭിക്കാവുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്. മറുപടി ലഭിക്കുക ഒരു പക്ഷേ അധ്യാപകരില്‍ നിന്നായിരിക്കണമെന്നില്ല. നമ്മുടെ തന്നെ വിദ്യാര്‍ത്ഥികളോ വിദേശമലയാളികളോ സഹായഹസ്തവുമായി വന്നേക്കാം. ഇങ്ങനെയെല്ലാമാണെങ്കിലും ബ്ലോഗ് ടീം അംഗങ്ങളുടെ ഉന്മേഷം കമന്റുകള്‍ തന്നെയാണെന്നതില്‍ സംശയമില്ല. ഇന്ന് ബ്ലോഗില്‍ കമന്റു ചെയ്യുന്നവരാകട്ടെ കേരളത്തിലെ അധ്യാപകര്‍ക്കിടയില്‍ പ്രശസ്തരുമാണ്. ഈ ജോലി ഞങ്ങള്‍ നിര്‍വഹിക്കുന്നത് ആരും ഉത്തരവാദിത്വം ഏല്‍പ്പിച്ചതു കൊണ്ടല്ല. ശരാശരി ആയിരത്തിനു മേല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ബ്ലോഗിലെ കമന്റു ചെയ്യുന്നവരുടെ എണ്ണം വളരെകുറവാണെന്നതില്‍ ഞങ്ങള്‍ക്കേറെ ഖേദമുണ്ട്.ഇന്നലെ മാത്രം 1259 സന്ദര്‍ശകര്‍ നമ്മപടെ ബ്ലോഗിനുണ്ടായിരുന്നു. രാവിലെയും വൈകീട്ടുമടക്കം ക്ലാസ്​ടൈം ഒഴികെയുള്ള സമയങ്ങളില്‍ ബ്ലോഗിലെ വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഞങ്ങളെല്ലാവരും. പലപ്പോഴും 'കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബം' എന്ന വാക്യത്തിന്റെ അര്‍ത്ഥം ഞങ്ങള്‍ മറന്നു പോകുന്നു. അധ്യാപകര്‍ അറിയേണ്ട ഓരോ വിവരങ്ങളും തികച്ചും ചൂടോടെ ബ്ലോഗിലൂടെ അറിയിക്കാന്‍ എന്നും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിലെ അധ്യാപകരുടെ നിശബ്ദത ഞങ്ങളെ വേദനിപ്പിക്കുന്നു. ഇത്തരമൊരു നിശബ്ദതയാണ് മറുപടിയെങ്കില്‍ ഈ ബ്ലോഗുമായി മുന്നോട്ടു പോകുന്നതിന്റെ അര്‍ത്ഥമെന്താണ് എന്ന വസ്തുത ഒരു ചോദ്യചിഹ്നത്തിന്റെ അകമ്പടിയോടെ ഞങ്ങള്‍ക്ക് മുന്നില്‍ തൂങ്ങിയാടുകയാണ്.

Click here to Download the Teaching Note

ഈ ടീച്ചിങ് നോട്ടിനെപ്പറ്റിയും മുകളില്‍ സൂചിപ്പിച്ച പ്രശ്നത്തെപ്പറ്റിയും കമന്റുകള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ആരങ്ങളുടെ അംശബന്ധം

>> Wednesday, November 18, 2009


എട്ടാം ക്ലാസിലെ പാഠപുസ്തകം പുതിയ മാതൃകയിലുള്ളതായതിനാലാണ് നമ്മള്‍ എട്ടിന് മുന്‍ഗണന കൊടുത്തത്. പത്താം ക്ലാസിലെ ഒരു വര്‍ക്ക് ഷീറ്റ് ആവശ്യപ്പെട്ടു കൊണ്ട് നിരവധി മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതാ പത്താം ക്ലാസിലെ വൃത്തങ്ങളില്‍ നിന്ന് ഒരു തുടര്‍ പ്രവര്‍ത്തനം. ഇത് കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു നല്ല അസൈന്‍മെന്റ് ആണെന്ന് കരുതുന്നു. മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക. AB വൃത്തത്തിന്റെ വ്യാസവും (diameter)CD വ്യാസത്തിന് ലംബമായ ഞാണുമാണ് (chord). ഇവ P യില്‍ ഖണ്ഡിക്കുന്നു. CD=8യൂണിറ്റായാല്‍ ഷേയ്ഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് (area) എത്ര? ഒരു ചോദ്യം കൂടിത്തരാം. PB വ്യാസമായ വൃത്തം AP വ്യാസമായ വൃത്തം AB വ്യാസമായ വൃത്തം എന്നിങ്ങനെ മൂന്നു വൃത്തങ്ങളുണ്ടല്ലോ. ഇവയില്‍ AP വ്യാസമായ വൃത്തത്തിന്റെ പരപ്പളവ് ഷേയ്ഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവിന് തുല്യമായാല്‍ മൂന്ന് വൃത്തങ്ങളുടേയും ആരങ്ങള്‍ (radii)തമ്മിലുള്ള അംശബന്ധം (ratio)എത്രയായിരിക്കും.

ശരിയുത്തരം അടുത്ത ബുധനാഴ്ച പ്രസിദ്ധീകരിക്കുന്നു. അതിനു മുന്‍പേ ആരെല്ലാം ഏതെല്ലാം രീതിയില്‍ ഈ പ്രശ്നത്തെ സമീപിക്കുന്നുവെന്നു നോക്കാം.


Read More | തുടര്‍ന്നു വായിക്കുക

ഡാറ്റാബേസില്‍ നിന്നും സ്പ്രെഡ്ഷീറ്റിലേക്ക്..

>> Sunday, November 15, 2009


ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ഡാറ്റാ എന്റ്റി ഗ്നൂ/ലിനക്സിലായതുകൊണ്ട് നിരാശരായ കുറേപ്പേരുണ്ട്. മറ്റൊന്നുമല്ല, ആക്സസിലുള്ള ഡാറ്റാബേസില്‍ നിന്നും എക്സലിലേക്ക് മുഴുവന്‍ ഡാറ്റായും എടുത്ത് നാനാവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് ഈ ഡാറ്റാബേസൊന്ന് കാണാന്‍ പോലും കഴിയുന്നില്ലെന്നതാണ് നിരാശക്ക് കാരണം! ഇതിനൊരു പരിഹാരവുമായി ഇതാ, ഐടി@സ്കൂള്‍ മലപ്പുറം ടീം എത്തിയിരിക്കുന്നു. ഹക്കീം മാസ്റ്ററും ഹസൈനാര്‍ മങ്കടയുമാണ് പ്രശ്ന പരിഹാരമടങ്ങിയ, ഏറെ വിലപ്പെട്ട ഈ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം ഡി.ആര്‍.സിയില്‍ വെച്ചു നടന്ന ത്രിദിന ഐടി അധിഷ്ടിത കോര്‍ എസ്.ആര്‍.ജി വര്‍ക്ക്ഷോപ്പിനിടയില്‍ പരിചയപ്പെട്ട ഈ 'പുലി'കളില്‍ നിന്നും ഇനിയും എന്തൊക്കെ വരാനിരിക്കുന്നില്ല?വായിച്ചോളൂ...............


Read More | തുടര്‍ന്നു വായിക്കുക

വേലിയുടെ വിളവ്

>> Saturday, November 14, 2009


കഴിഞ്ഞ ദിവസത്തെ നമ്മുടെ ചോദ്യം ഓര്‍മ്മയുണ്ടല്ലോ. എ-ലിസ്റ്റ് ഡാറ്റാ അപ്​ലോഡുമായി ബന്ധപ്പെട്ട തിരക്കുകളും സംശയങ്ങളും നമ്മുടെ അധ്യാപകര്‍ക്കുണ്ടായിരുന്നതിനാലാണ് ജോണ്‍മാഷ് തയ്യാറാക്കിയ നിലവാരമുള്ള ഒരു ചോദ്യം ഇട്ട് ഉടനെ തന്നെ സര്‍​പ്രൈസ് പോസ്റ്റുകളുമായി രംഗത്തുവരേണ്ടി വന്നത്. ഈ ദിവസങ്ങളില്‍ ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം സന്ദര്‍ശകരുണ്ടായിരുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. ഏവരുടേയും സഹകരണത്തിന് നന്ദി. തുടര്‍ന്നും ഇത്തരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ സഹായമായി ഞങ്ങളുണ്ടാകുമെന്ന് ഉറപ്പു തരുന്നു. അതുപോലെ അധ്യാപകര്‍ അറിയേണ്ട ഏതുവിവരങ്ങളും സമയോചിതമായി നിങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. ഇനി ജോണ്‍ മാഷിന്റെ ചോദ്യത്തിലേക്ക്. ത്രികോണാകൃതിയിലുള്ള ഒരു തോട്ടത്തിന്‍റെ വശങ്ങള്‍ 30 മീറ്റര്‍, 40 മീറ്റര്‍ , 50 മീറ്റര്‍ വീതമാണ്. ഏറ്റവും വലിയ കോണ്‍ ഉള്‍ക്കൊള്ളുന്ന മൂലയില്‍ നിന്നും എതിവശത്തേക്ക് ഒരു വേലി കെട്ടിയിരിക്കുന്നു. വേലി കെട്ടിയപ്പോള്‍ തുല്യ ചുറ്റളവുള്ള രണ്ട് ഭാഗങ്ങളായി തോട്ടം വിഭജിക്കപ്പെട്ടു. ഈ വേലിക്ക് എത്ര നീളമുണ്ടെന്ന് കണക്കാക്കുക. ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം...

അതിന് മുന്‍പ് ഈ ചോദ്യത്തിന് വിവിധ രീതികളില്‍ ഉത്തരം കണ്ടെത്തിയ ഡെസര്‍ട്ട് ഫോക്സ് (യഥാര്‍ത്ഥ പേരറിയില്ല), തൃശൂരിലെ ഭാമ ടീച്ചര്‍, കോഴിക്കോട്ടെ വിജയന്‍ സാര്‍, കോഴിക്കോട്ടെ തോമാസ് സാര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍ ! ! ! ! ! ! ! !

ഇത് ക്ലാസില്‍ നല്‍കുന്നതിനുള്ള വര്‍ക്ക് ഷീറ്റ് താഴെ ലിങ്കില്‍ നല്‍കിയിരിക്കുന്നു.

ഒന്‍പതാം ക്ലാസിലെ സദൃശ്യത്രികോണങ്ങളുടെ പ്രത്യേകത ഉപയോഗിച്ച് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാവുന്നതാണ്. ഇത് നല്ലൊരു അസൈന്‍മെന്റായി രൂപപ്പെടുത്താം.

പഠനമേഖല
1) പൈതഗോറിയന്‍ ബന്ധം
2) ത്രികോണങ്ങളുടെ സാദൃശ്യം

ത്രികോണം ABC മട്ടത്രികോണമാണല്ലോ. Bയില്‍ നിന്നും AC യിലേക്ക് BD വരയ്ക്കാം.
AD =x ആയാല്‍ DC=50-x ആകുമല്ലോ. തന്നിരിക്കുന്ന വ്യവസ്ഥ അനുസരിച്ച്
30+x+BD=50-x+40+BD
x=30
AD=30, DC=20 ആകുമല്ലോ
BC യ്ക്ക് സമാന്തരമായി DE വരയ്ക്കുക
ത്രികോണം AED,ത്രികോണം ABC സദൃശത്രികോണങ്ങളാണ്.
AE/AB = ED/BC = AD/AC എന്ന് എഴുതാമല്ലോ

ED/BC=AD/AC
ED/40=30/50
ED=(30x40)/50=24
AE/30=30/50
AE=18
BE=30-18=12
BD= √(122+242
= 12√5
Click here to Download the Work sheet


Read More | തുടര്‍ന്നു വായിക്കുക

തോട്ടവും വേലിയും അതിന്റെ ഗണിതവും

>> Friday, November 13, 2009


വിദ്യാഭ്യാസം ഫലപ്രദമാക്കുന്നതിന് നിരവധി തന്ത്രങ്ങളുണ്ട്. ഈ പ്രക്രിയയ്ക്ക് പിന്നില്‍ മികച്ചൊരു ആസൂത്രണവും ആവശ്യമാണ്. പഠിക്കുകയാണ് എന്ന ഉദ്ദേശത്തോടെ ഒരു പ്രശ്നത്തെ സമീപിക്കുന്നതും അറിയാനുള്ള ആഗ്രഹത്തോടെ അതിനെ സമീപിക്കുന്നതും തമ്മില്‍ അജഗജാന്തരമാണുള്ളത്. ഇതില്‍ രണ്ടാമത് പറഞ്ഞ രീതിയായിരിക്കും ഒരു കാര്യം കുട്ടിയുടെ മനസ്സിലുറപ്പിക്കാന്‍ ഏറ്റവും മികച്ചതെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് നമ്മള്‍ അധ്യാപകര്‍ ജീവിതഗന്ധിയായ പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി വിഷയാവതരണം നടത്തുന്നത്. ഇത്തരത്തില്‍ ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഒരു പഠനമേഖലയെ ഒരു പ്രശ്നത്തിലൂടെ രസകരമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ബ്ലോഗ് ടീമംഗമായ ജോണ്‍ മാഷ്.

ത്രികോണാകൃതിയിലുള്ള ഒരു തോട്ടത്തിന്റെ വശങ്ങള്‍ 30 മീറ്റര്‍, 40 മീറ്റര്‍ , 50 മീറ്റര്‍ വീതമാണ്. ഏറ്റവും വലിയ കോണ്‍ ഉള്‍ക്കൊള്ളുന്ന മൂലയില്‍ നിന്നും എതിവശത്തേക്ക് ഒരു വേലി കെട്ടിയിരിക്കുന്നു. വേലി കെട്ടിയപ്പോള്‍ തുല്യ ചുറ്റളവുള്ള രണ്ട് ഭാഗങ്ങളായി തോട്ടം വിഭജിക്കപ്പെട്ടു. ഈ വേലിക്ക് എത്ര നീളമുണ്ടെന്ന് കണക്കാക്കുക

ഇത് ക്ലാസില്‍ നല്‍കുന്നതിനുള്ള വര്‍ക്ക് ഷീറ്റ് ശനിയാഴ്ചത്തെ പോസ്റ്റില്‍.


Read More | തുടര്‍ന്നു വായിക്കുക

എന്റെ 2 ടെക്സറ്റ് ഫയലേ അപ്​ലോഡ് ആയുള്ളു


എസ്.എസ്.എല്‍.സിഎ ലിസ്റ്റ് ഡാറ്റ അപ്​ലോഡ് ചെയ്യുന്നതിനുള്ള അവസാനതീയതി 16-11-2009 വരെ നീട്ടിയതായി എസ്.എസ്.എല്‍.സി യുടെ ഔദ്യോഗിക പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ അപ്​ലോഡ് ചെയ്യാനായി ഇടതുവശത്തു തന്നിരിക്കുന്ന ലിങ്ക് വഴി പ്രവേശിക്കാം. യൂസര്‍ നെയിമും പാസ്​വേഡും കൊടുത്തു കയറാന്‍ ശ്രമിച്ചിട്ട് പാസ്​വേര്‍ഡ് എറര്‍ കാണിച്ചാലും ഭയക്കേണ്ടതില്ല. ഫയല്‍ ബ്രൗസര്‍ മോസില്ല ഫയര്‍ ഫോക്സ് 3 തന്നെ ആയിരിക്കണം. നമ്മുടെ ഐ.ടി @സ്ക്കൂള്‍ ഗ്നു/ലിനക്സിലെ മോസില്ല ഫയര്‍ഫോക്സ് 3 അല്ല. അതു കൊണ്ടാണ് സ്ക്കൂള്‍ ലിനക്സ് വഴി അപ്​ലോഡ് ചെയ്യാന്‍ ശ്രമിച്ച പലര്‍ക്കും അത് പറ്റാതിരുന്നത്. താഴെയുള്ള ലേഖനത്തില്‍ എങ്ങനെ മോസില്ല അപ് ഗ്രേഡ് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു നിവര്‍ത്തിയുമില്ലെങ്കില്‍,വിന്റോസിലെ ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ വഴി ശ്രമിക്കുക. എന്നിട്ടും കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ഷമയോടെ ബ്രൗസര്‍ ക്ലോസ് ചെയ്ത് വീണ്ടും ഓപ്പണ്‍ ചെയ്ത് ശ്രമിക്കുക. ആദ്യ തവണ ശ്രമിച്ച് നടക്കാതാകുമ്പോള്‍ പരിഭ്രമിക്കരുതെന്ന് ചുരുക്കം.

ആദ്യമായിട്ടാണ് ഈ പോര്‍ട്ടലിലേക്ക് കയറാന്‍ ശ്രമിക്കുന്നതെങ്കില്‍ യൂസര്‍ നെയിമും പാസ്​വേഡും സ്ക്കൂള്‍ കോഡ് തന്നെയായിരിക്കും എന്നറിയാമല്ലോ. ഉടനെ തന്നെ സുരക്ഷയ്ക്കായി പാസ്​വേഡ് മാറ്റുകയും വേണം. മാറ്റിയ പാസ്​വേഡ് എഴുതി വെക്കുമല്ലോ. എപ്പോഴും യൂസര്‍ നെയിം സ്ക്കൂള്‍ കോഡ് തന്നെയായിരിക്കും. ഈ പോര്‍ട്ടലില്‍ കയറിക്കഴിയുമ്പോള്‍ മുകളില്‍ Upload എന്ന മെനുകാണും. അവിടെ മൗസ് പോയിന്റര്‍ വെക്കുമ്പോള്‍ Candidate data upload എന്നു കാണും. ക്ലിക്ക് ചെയ്യുക.

ഇടതു വശത്ത് ബോക്സില്‍ നോക്കൂ. Files to be uploaded ഈ ഫയലുകളാണ് അപ്​ലോഡ് ചെയ്യേണ്ടത്. Export ചെയ്തപ്പോള്‍ Dist ഫോള്‍ഡറില്‍ ഉള്ള Upload എന്ന ഫോള്‍ഡറില്‍ ഈ നാലുഫയലുകളും ഉണ്ട്. താഴെയുള്ള Browser ല്‍ ക്ലിക്ക് ചെയ്ത് ഓരോ ഫയലുകളുടേയും Path കാണിച്ച് കൊടുത്ത് upload File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ നാലു ഫയലുകളും കാട്ടിക്കൊടുക്കുക. Private candidate ഇല്ലെങ്കില്‍ 2 ഫയലുകള്‍ മാത്രമേ അപ്​ലോഡ് ആകുകയുള്ളു. sslc<>cns.txt, sslc<>sum.txt എന്നിവയായിരിക്കും ആ ഫയലുകള്‍. ഈ സമയം കൃത്യമായി നമ്മുടെ സ്ക്കൂളില്‍ നിന്ന് എത്രകുട്ടികള്‍ School going വിഭാഗത്തില്‍ പരീക്ഷയെഴുതുന്നു എന്ന വിന്റോ ചെറിയൊരു ബോക്സില്‍ പ്രത്യക്ഷപ്പെടും. Private Candidate ഇല്ലാത്തതിനാല്‍ sslc<>cps.txt,sslc<>reg.txt എന്നിവ Blank ആണെന്ന് കാണിച്ച് നില്‍ക്കുകയും ചെയ്യും. ചുരുക്കത്തില്‍ Private candidate ഇല്ലെങ്കില്‍ 2 ഫയലുകളേ Upload ആവുകയുള്ളുവെന്ന് സാരം. തൊട്ടടുത്ത Reportല്‍ നിന്നും Upload Statusഉം ചെക്ക്ലിസ്റ്റും അപ്പോള്‍തന്നെ കിട്ടും.ചെക്ക്ലിസ്റ്റ് പ്രിന്റെടുത്ത് നോക്കിയാല്‍, അതെങ്ങിനെ പരീക്ഷാഭവനില്‍ എത്തിയിട്ടുണ്ടാകുമെന്ന് കാണാം.ഡിസംബറില്‍ പ്രിന്റൗട്ട് സ്കൂളിലെത്തുമ്പോള്‍ വരുത്തേണ്ട തിരുത്തലുകള്‍ മുന്‍കൂട്ടി റെഡിയാക്കുകയും ചെയ്യാം! ധൈര്യമായി Signout ചെയ്ത് ഇറങ്ങിപ്പോരുക. പിന്നെ Dist ഫോള്‍ഡറിലെ Upload ഫോള്‍ഡര്‍ ഒരു CD യില്‍ Copy ചെയ്തെടുക്കാന്‍ മറക്കല്ലേ.


Read More | തുടര്‍ന്നു വായിക്കുക

എ ലിസ്റ്റ് ഡാറ്റാ അപ്​ലോഡ്

>> Wednesday, November 11, 2009


ഇന്നുതന്നെ രണ്ടാമതൊരു പോസ്റ്റുമായി രംഗത്തുവരേണ്ടി വന്നതിന് കാരണമുണ്ട്. എസ്.എസ്.എല്‍.സി. എ ലിസ്റ്റ് ഡാറ്റാ എന്റ്റി കഴിഞ്ഞ് എന്തുചെയ്യണമെന്നാരാഞ്ഞുകൊണ്ടുള്ള ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നൂ ഇന്നലെ മുതല്‍. ക്ലാസ്സ് സമയങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ബ്ലോഗിന്റെ ഡൌണ്‍ലോഡ്സില്‍ മാത്രം പോരല്ലോ, പ്രയോഗത്തിലും വേണ്ടേ?അതുകൊണ്ട്, ഞങ്ങളുടെ പരിമിതമായ അറിവ് പങ്കുവെയ്ക്കുവാന്‍ ഇതല്ലാതെയൊരു വഴി കാണുന്നില്ല. ജോണ്‍ സാറിന്റെ വിജ്ഞാനപ്രദമായ പ്രശ്നത്തില്‍, വളരെ ഗഹനങ്ങളായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇങ്ങനെ ഒരു പോസ്റ്റ് മുകളില്‍ക്കയറി വരുമ്പോഴുണ്ടാകുന്ന വിഘ്നങ്ങള്‍ മറന്നിട്ടല്ല, മറ്റുവഴികള്‍ തല്‍ക്കാലം ഇല്ലാഞ്ഞിട്ടാണ്.
ഉടനെതന്നെ, ലിനക്സിനായുള്ള പ്രത്യേക പേജ് റെഡിയാകുമെന്നാണ് പ്രതീക്ഷ. അപ്പോള്‍ ഇത്തരം പോസ്റ്റുകള്‍ നമുക്ക് അവിടെയാകാം.

ഡാറ്റാ എന്റ്റിക്കു ശേഷം പ്രിന്റ് റിപ്പോര്‍ട്ട് ക്ലിക്ക് ചെയ്ത് Inkjet/Laser സെലക്ട് ചെയ്യുക. ന്യൂ സ്കീമിന് N (പി.സി.എന്‍ ന് P)അടിച്ച് ഡിവിഷന്‍ എന്റര്‍ ചെയ്ത് പ്രൊസീഡ് ചെയ്താല്‍ കുറച്ചധികം സമയത്തെ കാത്തിരിപ്പിനു ശേഷം, പ്രിന്റ് റിപ്പോര്‍ട്ട് പി.ഡി.എഫ് ആയി ജനറേറ്റു ചെയ്യപ്പെടും. ഡിവിഷന്‍ എന്റര്‍ ചെയ്യ​ണമെന്നു നിര്‍ബന്ധമൊന്നുമില്ല. (ക്ലാസ്സ്​വൈസായി ചെക്കു ചെയ്യാന്‍ ഉപകാരപ്പെടും.) ഈ ഫയല്‍ പെന്‍ഡ്രൈവിലോ മറ്റോ എടുത്ത് വിന്റോസില്‍ നിന്നായാലും പ്രിന്റെടുക്കാമല്ലോ?പ്രിന്റ് നന്നായി പരിശോധിച്ച് തെറ്റുകള്‍ തിരുത്തി, എല്ലാം ഭദ്രമായെന്നുറപ്പുവരുത്തിയ ശേഷം മാത്രമേ, export ചെയ്യാവൂ. ചെയ്തു കഴിഞ്ഞാല്‍, Dist ഫോള്‍ഡറിനകത്തെ Upload എന്ന ഫോള്‍ഡറില്‍ 4 ഫയലുകള്‍ ഉ​ണ്ടാകും. ഇവയാണ് അപ്​ലോഡ് ചെയ്യേണ്ടത്.

അപ്​ലോഡ് ചെയ്യുന്നതിന് നമ്മുടെ ബ്ലോഗില്‍ ഇടതുവശത്തുള്ള ലിങ്കില്‍ നിന്നും പ്രവേശിക്കാവുന്നതാണ്. യൂസര്‍നേമും പാസ്​വേഡും തല്‍ക്കാലം നമ്മുടെ സ്കൂള്‍കോഡ് തന്നെ. നിര്‍ബന്ധമായും ഇത് ചേഞ്ച് ചെയ്ത് ഭദ്രമായി സൂക്ഷിക്കണം. നമ്മുടെ ലിനക്സിലുള്ള ഐസ്​വെസല്‍, മോസില്ല തുടങ്ങിയ വെബ് ബ്രൌസറുകളില്‍ നിര്‍ഭാഗ്യവശാല്‍ ലോഗിന്‍ ചെയ്യാന്‍ കഴിയില്ല. അതിനായി, ഒന്നുകില്‍ മോസില്ല 3 ഡൌണ്‍ലോഡ് ചെയ്യണം, അല്ലെങ്കില്‍ വിന്റോസിലെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ വഴി നോക്കണം. (ഇവിടെ നിന്നും മോസില്ല 3 ഡൌണ്‍ലോഡ് ചെയ്യാം.) 4 ഫയലുകലും ഓരോന്നായി അപ്​ലോഡ് ചെയ്യണം. അപ്​ലോഡ് ചെയ്തതിനു ശേഷം, ഡൌണ്‍ലോഡ് ലിങ്കില്‍ നിന്നും ചെക്ക്ലിസ്റ്റ് എടുക്കാന്‍ സംവിധാനമുണ്ടാകും.
വായനക്കാരായ ഐടി കോഡിനേറ്റര്‍മാരില്‍ നിന്നും കമന്റുകള്‍ വഴി കൂട്ടിച്ചേര്‍ക്കലുകള്‍ പ്രതീക്ഷിക്കുന്നു.

മോസില്ല ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
1. Copy the Install Files(Zip file) to your Desktop.
2. Extract that install file(Zip file) in to Desktop.
3. Right click install file and select “Open in Terminal”.
4. In Terminal ,type ./fire.sh press enter key.


Read More | തുടര്‍ന്നു വായിക്കുക

SSLC A-List Software Patch

താഴെയുള്ള നിര്‍​ദ്ദേശങ്ങള്‍ ശ്രദ്ധയോടെ ചെയ്യുക

എസ്.എസ്.എല്‍.സി എ-ലിസ്റ്റ് സോഫ്റ്റ്​വെയറില്‍ ഡാറ്റാ എന്‍ട്രി കഴിഞ്ഞ് പ്രിന്റ് എടുക്കുന്ന സമയം ഒട്ടേറെപ്പേര്‍ക്ക് കുട്ടികളുടെ ജനനത്തീയതി ഒരു പോലെ വരുന്നതായി പരാതിയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ഈ പാച്ച്.

1) താഴെയുള്ള ലിങ്കില്‍ നിന്നും പാച്ച് ഫയല്‍ Desktop ലേക്ക് Paste ചെയ്യുക.

2) റൂട്ട് ആയി വേണം ലോഗിന്‍ ചെയ്യേണ്ടത്

3) ഡൗണ്‍ലോഡ് ചെയ്ത sslc2010.zip എന്ന ഫയല്‍ desktop ല്‍ത്തന്നെ extract ചെയ്യുക

4) Linux-2010 എന്ന Folder ലേക്കാണ് ഇത് Extract ചെയ്യപ്പെടുക.

5) ഇത് തുറന്ന് അതിനകത്തുള്ള SSLCapp.jar എന്ന ഫയല്‍ കോപ്പി എടുത്ത് dist ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക

(ഇതേ പേരില്‍ അവിടെയുള്ള SSLCapp.jar എന്ന ഫയല്‍ overwrite ചെയ്യപ്പെടട്ടെ)

6) എന്‍റര്‍ ചെയ്യപ്പെട്ട ഡാറ്റയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ (Eg : error in date of birth) അത് തിരുത്തുകയും വേണം.

Click here to Download the file SSLC2010.zip


Patch for SSLC2010 A list data entry Software


Pl. follow the instructions below :

1) Download the file to desktop (pl. click on the link to download)

2) login as root in the linux system.

3) Copy the downloaded file sslc2010.zip to desktop and unzip (extract) it.

4) File is extracted to the folder LINUX-2010. Open this folder.

5) There is a file SSLCapp in this folder . copy this file to dist folder
(There is already a file with name SSLCapp. System will overwrite it)

6) pl. correct any error in the already entered data (Eg : error in date of birth)


Read More | തുടര്‍ന്നു വായിക്കുക

ഹസൈനാര്‍ മങ്കട കൂട്ടിച്ചേര്‍ക്കുന്നു...

SSLC MANAGEMENT INFORMATION SYSTEM
installation procedure (Linux)

എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായി ബന്ധപ്പെട്ട് ധാരാളം ഫോണ്‍കോളുകള്‍ ഞങ്ങളുടെ ടീമംഗങ്ങള്‍ക്ക് വരികയുണ്ടായി. തികച്ചും ലളിതമലയാളത്തില്‍ ഈ സോഫ്റ്റ്​വെയറിന്റെ പിന്നിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇന്‍സ്റ്റലേഷനെക്കുറിച്ചും വിശദമായി പ്രതിപാദിക്കാന്‍ ശ്രമിക്കുകയാണിവിടെ. ഈ ലേഖനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളോ തിരുത്തുകളോ ആവശ്യമെങ്കില്‍ കമന്റ് ചെയ്യുമല്ലോ. ഇനി വിഷയത്തിലേക്ക്... ഈ പോസ്റ്റിന് അനുബന്ധമായി എന്റര്‍ ചെയ്ത ഡാറ്റ ബാക്ക് അപ് എടുക്കുന്ന വിധത്തെപ്പറ്റി മലപ്പുറത്തെ മാസ്റ്റര്‍ ട്രെയിനറായ ഹസൈനാര്‍ മങ്കട കുറെ വിവരങ്ങള്‍ നമുക്കയച്ചു തന്നിട്ടുണ്ട്. അതു കൂടി ഉള്‍​പ്പെടുത്തിക്കൊണ്ട് ലേഖനം update ചെയ്തിട്ടുണ്ട്.


Step 1

MySql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറിലേ നമുക്ക് ഈ SSLC A-LIst ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. അത് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ചെക്കു ചെയ്യാം.

Root ആയി മാത്രം ഇന്‍സ്റ്റലേഷന്‍ നടത്താനാണ് സോഫ്റ്റ്​വെയര്‍ നിര്‍ദ്ദേശിക്കുന്നത്. അതുകൊണ്ട് റൂട്ടായി Login ചെയ്താല്‍ മതി.

1.Desktop-Administration-Synaptic Package Manager എടുക്കുക.
2.Control Key യും f ബട്ടണും ഒരേ സമയം അമര്‍ത്തുക.
3.ഇപ്പോള്‍ വരുന്ന Search Box ല്‍ mysql എന്ന് Type ചെയ്ത് Enter അടിക്കുക.
4.റിസല്‍ട്ടായി വരുന്ന ഫയലുകളില്‍ mysql എന്ന് പേര് തുടങ്ങുന്ന ഫയലുകള്‍ നോക്കുക.

mysql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയലുകളുടെയെല്ലാം ഇടതുവശത്ത് ഒരു പച്ച ചതുരം കാണാം.

ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ള ചതുരമായിരിക്കും കാണുക. എങ്കില്‍ നമുക്ക് mysql ഇന്‍സ്റ്റാള്‍ ചെയ്യണം.

അതിന് mysql ല്‍ തുടങ്ങുന്ന ആ ഫയലുകളുടടെയെല്ലാം ഇടതുവശത്തെ വെളുത്ത ചതുരത്തില്‍ ക്ലിക്ക് (Left click) ചെയ്യുമ്പോള്‍ വരുന്ന വിന്റോയില്‍ നിന്നും Mark for installation സെലക്ട് ചെയ്ത് മെനുബാറിന് താഴെയുള്ള Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ നടക്കും.

Step 2

സോഫ്റ്റ്​വെയര്‍ സി.ഡിയില്‍ നിന്നും dist എന്ന ഫോള്‍ഡര്‍ copy എടുത്ത് Root ന്റെ Desktop ലേക്ക് Paste ചെയ്യുക.

ഇനി mysql പ്രോഗ്രാമിലേക്ക് ലോഗിന്‍ ചെയ്യേണ്ടേ?
Applications-System Tools-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
mysql -u root mysql; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
(ഏത് mysql കമാന്റിന് ശേഷവും Semicolon ഇടാന്‍ മറക്കരുത്)
പിന്നീടെപ്പോഴെങ്കിലും mysql കമാന്റുകളെപ്പറ്റി അറിയണമെന്നുണ്ടോ?
ഇതാ ഡൗണ്‍ലോഡ് ചെയ്ത് വെച്ചോളൂ

ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Type 'help;' or '\h' for help. Type '\c' to clear the buffer.
mysql>

പാസ്​വേഡ് കൊടുക്കാം

set PASSWORD FOR root@localhost=PASSWORD('root');എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
mysql> SET PASSWORD FOR root@localhost=PASSWORD('root');
Query OK, 0 rows affected (0.00 sec)
mysql>
ഇതിന് മുന്‍പെങ്ങാന്‍ sslc എന്ന പേരില്‍ ഒരു Database Mysql ല്‍ ഉണ്ടെങ്കില്‍ Deleteചെയ്തേ പറ്റൂ

drop database sslc; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ഇനി പുതിയ Database നിര്‍മ്മിക്കണം
create database sslc; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക

mysql> create database sslc;
Query OK, 1 row affected (0.02 sec)
mysql>

ഇനി നമുക്ക് എ-ലിസ്റ്റിന്റെ ടേബിള്‍ ഡാറ്റ Database ലേക്ക് കോപ്പി ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തേണ്ടത്.
അതു കൊണ്ട് തന്നെ mysql പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് Abort ചെയ്യാം

ഇതിനായി കണ്‍ട്രോള്‍ C അമര്‍ത്തുക
output ആയി aborted എന്നു വന്നിട്ടുണ്ടാകും.

ഇനി Dist ഫോള്‍ഡറില്‍ Right Click ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്റോയിലെ run in Terminal ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ടെര്‍മിനലില്‍ Debain:~/Desktop/dist# എന്നു വന്നിട്ടുണ്ടാകും.
അവിടെ mysql -u root -proot sslc<sslc_db.sql
അല്പം സമയം കാത്തിരിക്കുക. ഇവിടെ ടേബിള്‍ ഡാറ്റ Create ചെയ്യപ്പെടുകയാണ്
ഈ പ്രവര്‍ത്തനം കഴിയുമ്പോള്‍ Automatic ആയി Debain:~/Desktop/dist# എന്നു വന്നു നില്‍ക്കും.

സ്റ്റെപ്പ് 3
ഇനി നമുക്ക് ജാവ ഇന്‍സ്റ്റാള്‍ ചെയ്യണം. അതിനായി dist ഫോള്‍ഡറിലെ jdk-6u7-linux-i586.bin
എന്ന ഫയല്‍ കോപ്പി ചെയ്ത് റൂട്ടിന്റെ home folder ല്‍ പേസ്റ്റു ചെയ്യുക.
ആ ഫയലില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Properties ല്‍ Permission കൊടുക്ക​ണം. File Owner ആയി Root തന്നെ ആക്കിക്കൊടുക്കണം. Owner ക്ക് Read,Write & Execute എല്ലാം ടിക് ചെയ്ത് കൊടുക്കുക. (സര്‍വ്വാധികാരം നല്‍കുന്നു)

ആ ഫയലില്‍ Right click ചെയ്ത് Open in terminal സെലക്ട് ചെയ്യുക. ഈ സമയം ജാവയുടെ ഉപയോഗം സംബന്ധിച്ച ഒരു നെടുനീളന്‍ Terms& conditions വരും. തീരുന്ന വരെ Enter കീ അടിച്ചു കൊണ്ടിരിക്കുക.
ജാവയുമായി ബന്ധപ്പെട്ട Terms & Conditions ആണ്.
വെറുതെ ഇരിക്കുമ്പോള്‍ അത് മുഴുവന്‍ വായിച്ചു നോക്കാം കേട്ടോ. ഇതാണ് ആ നിയമാവലി
അവസാനം Do you agree to the above license terms? [yes or no] എന്ന ഒരു ചോദ്യം വരും.
മറുപടി Yes എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇനി ഫയലുകള്‍ എക്സ്ട്രാക്ട് ചെയ്യുന്നതടക്കമുള്ള കുറച്ചു പ്രവര്‍ത്തനങ്ങള്‍ കാണാം.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Unpacking...
Checksumming...
Extracting...

കുറച്ചു കൂടി കഴിയുമ്പോള്‍ ഇങ്ങനെ കാണാം.
Java(TM) SE Development Kit 6 successfully installed.
..
For more information on what data Registration collects and
how it is managed and used, see:
http://java.sun.com/javase/registration/JDKRegistrationPrivacy.html
Press Enter to continue.....
output ലെ അവസാന വരിയില്‍ പറഞ്ഞ പോലെ Enter അടിച്ചോളൂ. വിന്റോ Close ആയി പോകുന്നു.
മേല്‍ കാണിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇപ്പോള്‍ Root ന്റെ Home ല്‍ jdk1.6.0_07എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ പുതുതായി ഉണ്ടായിട്ടുണ്ട്.

സ്റ്റെപ്പ് 4

ജാവയും My sqlഉം തമ്മില്‍ ലിങ്ക് ചെയ്യുന്ന ലൈബ്രറി കണക്ഷനാണ് അടുത്ത സ്റ്റെപ്പ്.
Desktop ല്‍ ഉള്ള Dist ലെ lib ഫോള്‍ഡര്‍ Open ചെയ്യുക. ഇതില്‍ 3 ഫയലുകളുണ്ട്.
iText-2.1.3.jar,
iText-rtf-2.1.3.jar,
mysql-connector-java-3.1.14-bin.jar

ഇവ ഇവിടെ നിന്നും Copy എടുത്ത് Root ന്റെ Home ലെ jdk1.6.0_07 ലെ jre ലെ lib ലെ extഎന്ന ഫോള്‍ഡറില്‍ Paste ചെയ്യുക.

സ്റ്റെപ്പ് 5

Desktop ല്‍ ഉള്ള Dist ഫോള്‍ഡര്‍ തുറന്ന് അതിലെ SSLCApp.sh എന്ന ഫയലിന് പെര്‍മിഷന്‍ കൊടുക്കുക.
എങ്ങിനെ? മേല്‍പ്പറഞ്ഞ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് Permissions ലെ Owner Root ആക്കി മാറ്റി Read,Write& Execute ഇവ ടിക് ചെയ്ത് കൊടുക്കുക
തുടര്‍ന്ന് SSLCApp.sh ഡബിള്‍ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്റോയിലെ Run ല്‍ ക്ലിക്ക് ചെയ്യുക.
ഏതാനും സെക്കന്റുകള്‍ കഴിയുമ്പോള്‍ SSLC Management Information System എന്ന തലക്കെട്ടോടെ ഒരു വിന്റോ വരും ഇതിലെ username നിങ്ങളുടെ സ്ക്കൂള്‍ കോഡാണ്. എന്റര്‍ അടിക്കുക password തല്‍ക്കാലം നിങ്ങളുടെ സ്ക്കൂള്‍ കോഡ് തന്നെ. എന്റര്‍ അടിച്ചാല്‍ ഇനി login ചെയ്യാം.

Click here to download the installation Steps

മലപ്പുറത്തെ മാസ്റ്റര്‍ ട്രൈനര്‍ ഹസൈനാര്‍ മങ്കട കൂട്ടിച്ചേര്‍ക്കുന്നു......

SSLC A-LIst ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയറിന് mysql-server-5.0 മാത്രം പോര, mysql-client-5.0 ഉം കൂടെ ഇന്‍സ്റ്റാള്‍ ചെയ്യണം. database copy ചെയ്യാന്‍ ഇവിടെ നല്കിയ command ല്‍ ഏത് database എന്ന് കാണിച്ചിട്ടില്ല. അതിന് താഴെ പറയുന്ന command ആണ് നല്കേണ്ടത്. mysql -u root -proot sslc

അത് പോലെ ഓരോ ദിവസവും എന്റര്‍ ചെയ്യുന്ന data യുടെ backup താഴെ പറയുന്ന രീതിയില്‍ എടുത്ത് വക്കാവുന്നതാണ്. ഒരു ഫോള്‍ഡര്‍ create ചെയ്ത് അത് ടെര്‍മിനലില്‍ തുറന്ന് താഴെ പറയുന്ന command type ചെയ്താല്‍ മതി. Ex:- day1 എന്ന ഫോള്‍ഡറിലേക്ക് backup എടുക്കണമെങ്കില്‍ Right Click on the Folder - open in terminal- command type ചെയ്യുക.

mysqldump -u root -proot sslc>day1.sql എന്റര്‍ അടിക്കുക.

Java നേരത്തെ Install ചെയ്ത സിസ്റ്റത്തില്‍ ബ്ലോഗില്‍ പറഞ്ഞ 3 ഉം 4 ഉം step ആവശ്യമില്ല. പിന്നീട് programme run ചെയ്യിക്കാനായി (step: 5) SSLCApp.sh എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് run ചെയ്യിക്കുന്നതിന് പകരം Desktop ല്‍ ഉള്ള Dist ഫോള്‍ഡറിലെ തന്നെ SSLCApp.jar എന്ന ഫയലില്‍ right click ചെയ്ത് open with sun java 6 run time എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ( Edusoft ലെ geogibra install ചെയ്യുമ്പോള്‍ sun java ഇന്‍സ്റ്റാള്‍ ആവും.)


Read More | തുടര്‍ന്നു വായിക്കുക

ഈര്‍ക്കിലുകളില്‍ നിന്നും അപ്​ലെറ്റുകളിലേക്ക്.

>> Sunday, November 8, 2009


നിര്‍ദ്ദേശാങ്ക ജ്യാമിതി ഈര്‍ക്കിലുകള്‍ കൊണ്ട് പഠിപ്പിക്കാമെന്ന കഴിഞ്ഞ പോസ്റ്റ് കണ്ട ഒരു സുഹൃത്തിന്റെ പ്രതികരണം, "നിങ്ങളിപ്പോഴും കാളവണ്ടി യുഗത്തിലാണോ? ടെക്നോളജിയുടെ വികാസം ഉച്ഛസ്ഥായിയിലെത്തിയ ഇക്കാലത്തും ഈര്‍ക്കിലുകളുമായി മല്ലിടുകയാണോ അധ്യാപക സമൂഹം?"
ഇതിനുള്ള മറുപടി കമന്റുകളിലൂടെ പ്രതീക്ഷിക്കുന്നു.
ഏതായാലും, നിര്‍ദ്ദേശാങ്ക ജ്യാമിതി ഇന്റര്‍ ആക്ടീവായി പഠിപ്പിക്കാനുതകുന്ന ഒരു അപ്​ലെറ്റ് താഴെ ചേര്‍ക്കുന്നു. നമ്മുടെ ബ്ലോഗ് ടീം അംഗമായ പാലക്കാട്ടെ മുരളീകൃഷ്ണന്‍ സാര്‍ നിര്‍മ്മിച്ച ഈ അപ്​ലെറ്റ് 'ജിയോജെബ്ര' ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
അടുത്ത ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ നാം പരിചയപ്പെടാന്‍ പോകുന്ന ഈ 'ജിയോജെബ്രയുടെ' കഥയറിയാമോ? നാം മുമ്പു പരിചയപ്പെട്ട Gr.Geo, Kig എന്നീ സോഫ്ട് വെയറുകള്‍ക്ക് സമാനമായ ഒരു സോഫ്ട് വെയറാണ് GeoGebra.ആ സോഫ്ട് വെയറുകള്‍ പരിചയപ്പെട്ട ഏതൊരാള്‍ക്കും ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇതിലുള്ള ചില ടൂളുകള്‍ കൂടുതല്‍ ഉപകാരപ്രദമാണ്.ഇത് Java അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.ഒരു ഉദാഹരണം നോക്കാം പത്താം ക്ലാസിലെ "ത്രികോണമിതി" എന്ന പാഠഭാഗം സാധാരണയായി ഒരു മട്ടത്രികോണത്തിന്റെ സഹായത്തോടെയല്ലേ നാം വിശദീകരിക്കുന്നത് ?എന്നാല്‍ ഇത് ഒരു ജിയോജെബ്ര അപ്‌ലെറ്റ് ഉപയോഗിച്ച് വശങ്ങളുടെയും കോണുകളുടെയും അളവുകള്‍ മാറ്റാവുന്ന രീതിയില്‍ വിശദീകരിച്ചാലോ ?കൂടുതല്‍ നന്നാവില്ലേ? ഇതുപോലെ മറ്റു പാഠഭാഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.സംശയങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ചചെയ്യാം.നമ്മുടെ ബ്ലോഗ് ടീം അംഗമായ മുരളീകൃഷ്ണന്‍ സാറിന്റേയും ഐടി@സ്കൂള്‍ മലപ്പുറം ടീമിന്റേയും മൂന്നരമാസക്കാലത്തെ തപസ്സ്യയാണ് , ഗണിതപഠന-അധ്യാപന രംഗങ്ങളില്‍ സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റത്തിനു നാന്ദി കുറിച്ചേക്കാവുന്ന ഈ സോഫ്റ്റ്​വെയറിന്റെ അനന്ത സാദ്ധ്യതകള്‍ കണ്ടെത്തിയത്! ഇതുപോലെ, ഗണിതപഠനത്തിനുതകുന്ന ധാരാളം സോഫ്റ്റ്​വെയറുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള എഡ്യൂസോഫ്റ്റ് എന്ന പാക്കേജ് അടുത്ത ക്ലസ്റ്ററോടെ നമ്മിലേക്കെത്തുമെന്നാണ് പ്രതീക്ഷ. അതിലുള്ള ഗണിത സോഫ്റ്റ്​വെയറുകള്‍ ആരെങ്കിലുമൊക്കെ വിശദമായി പഠിച്ച്, അവര്‍ നേടിയ വിജ്ഞാനം പങ്കുവെക്കാന്‍ തയ്യാറായാല്‍, അതിന്റെ സത്ഗു​ണം നമ്മുടെ കുട്ടികള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടില്ല!
അപ്​ലെറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഐടി സ്കൂള്‍ ലിനക്സില്‍ അപ്​ലെറ്റ് ശരിയായി വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ ഈ പോസ്റ്റ് ഉപയോഗപ്പെടുത്തുക.
വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ശരിയായ ജാവ പ്ലഗ്ഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

ഈര്‍ക്കിലികള്‍ കൊണ്ടും ഗണിതം പഠിപ്പിക്കാം...

>> Friday, November 6, 2009


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, തിരക്കോടു തിരക്കായിരുന്നു ഞങ്ങളില്‍ പലര്‍ക്കും. യുവജനോത്സവ- എസ്.എസ്.എല്‍.സി. ഡാറ്റാ എന്റ്റി, പേപ്പര്‍ നോട്ടം, ഐടി അധിഷ്ടിത ഡി.ആര്‍.ജി ട്രൈനിംഗ്, ഒ.എസ്എസ്.ടി വിസിറ്റ്......എന്തിനേറെപ്പറയുന്നൂ, ആകുപ്പാടെ ഉറക്കമില്ലാ ദിനങ്ങള്‍. ഇടിവെട്ടിയവനെ പാമ്പും കടിച്ചുവെന്നു പറഞ്ഞപോലെ, സാങ്കേതിക തകരാറുകളും. (എ ലിസ്റ്റ്, യുവജനോത്സവം).ഒരുപാട് അധ്യാപക സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സര്‍പ്രൈസ് പോസ്റ്റുകളുമായി ഞങ്ങള്‍ രംഗത്തെത്തിയത്. വലിയ അളവില്‍ അവ ഉപകാരപ്രദമായെന്നാണ് ഏതാണ്ടെല്ലാ ജില്ലകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ട്.മേല്‍പ്പറഞ്ഞ പരിപാടികളുമായി യാതൊരു ബന്ധവുമില്ലാത്ത ഗണിതസ്നേഹികളില്‍ ചിലര്‍ക്കുണ്ടായ അനിഷ്ടവും ഞങ്ങള്‍ക്കു മനസ്സിലാകും. കൂടുതല്‍ ഗണിത വിഭവങ്ങളുമായാണ് ഇനിയുള്ള ദിനങ്ങള്‍ ബ്ലോഗ്, നിങ്ങളുടെയടുക്കലേക്ക് എത്താന്‍ പോകുന്നത്.
പത്താം തരത്തിലെ 'നിര്‍ദ്ദേശാങ്ക ജ്യാമിതി' എന്ന യൂണിറ്റിലെ പഠനലക്ഷ്യങ്ങള്‍ എങ്ങിനെ പ്രവര്‍ത്തനാധിഷ്ഠിതമായി കുട്ടികളിലേക്കെത്തിക്കാമെന്നു വിശദീകരിക്കുകയാണ് ഗണിതശാസ്ത്ര കോര്‍ എസ്.ആര്‍.ജി കൂടിയായ കൊല്ലം ഇരവിപുരം ജി.വി.എച്ച്.എസ്.എസ്സി ലെ എം.രാജശ്രീ ടീച്ചര്‍.
ഗണിതാധ്യാപന രംഗത്ത് കൂടുതല്‍ പരിചയ സമ്പന്നരായ അധ്യാപകര്‍, വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ കമന്റുകള്‍ വഴി നല്‍കുമെന്ന പ്രതീക്ഷയോടെ ടീച്ചറുടെ രീതിയിലേക്ക്...

പഠന സാമഗ്രികള്‍
ഒരേ നീളത്തില്‍ മുറിച്ചെടുത്ത കുറേ ഈര്‍ക്കില്‍ കഷണങ്ങള്‍, റബ്ബര്‍ ബാന്‍റുകള്‍
പ്രവര്‍ത്തനങ്ങള്‍
1.കുട്ടികളെ 4 ഗ്രൂപ്പുകളാക്കി തിരിക്കുന്നു. 8 ഈര്‍ക്കിലുകള്‍ എടുത്ത് അതില്‍ തുല്യ അകലത്തില്‍ കുറച്ച് ബിന്ദുക്കള്‍ അടയാളപ്പെടുത്തുന്നു . ഇത്തരത്തില്‍ അടയാളപ്പെടുത്തിയ 2 ഈര്‍ക്കിലുകള്‍ ഒന്നിനുപുറത്ത് ഒന്നായി വെച്ച് നടുക്കുള്ള ബിന്ദുവില്‍ റബ്ബര്‍ ബാന്റ് ചുറ്റി യോജിപ്പിക്കുന്നു.

‍4 ഗ്രൂപ്പിനും ഓരോ സെറ്റ് നല്‍കുന്നു.

2. കുട്ടികള്‍ സംഖ്യാരേഖ പഠിച്ചു കഴിഞ്ഞു. കിട്ടിയ രണ്ട് ഈര്‍ക്കിലുകളും രണ്ടു സംഖ്യാരേഖകളായി അവര്‍ കരുതട്ടെ. റബ്ബര്‍ ബാന്റ് ചുറ്റിയ ബിന്ദു '0' ആണെന്നിരിക്കട്ടെ. മുകളിലെ സംഖ്യാരേഖയെ ക്ലോക്ക് സൂചി തിരിയുന്നതിന്റെ വിപരീത ക്രമത്തില്‍ ( Anti-clockwise) തിരിക്കാന്‍ ആവശ്യപ്പെടുന്നു. ഇങ്ങനെ തിരിച്ച ഈര്‍ക്കിലിന്റെ ( ചിത്രം 2) '0' നു മുകളില്‍ ഏതു സംഖ്യകള്‍, താഴെ ഏതു സംഖ്യക എന്നു കുട്ടികള്‍ കണ്ടെത്തി പറയട്ടെ. ( മുകളില്‍ + സംഖ്യകളും, താഴെ - സംഖ്യകളും എന്നു കുട്ടികള്‍ തന്നെ ഗ്രൂപ്പില്‍ പറയും.)

3. ഇങ്ങനെ തിരിച്ച ഈര്‍ക്കില്‍ ജോടികള്‍ ചിത്രത്തിലേതു പോലെ കുട്ടികള്‍ ഡെസ്ക്കില്‍ വെയ്ക്കട്ടെ.

ഓരോ ഗ്രൂപ്പിനും ഒരേ നീളത്തില്‍ മുറിച്ചുവെച്ച 20 ഈര്‍ക്കില്‍ വീതം കൈമാറുന്നു. ഈ ഈര്‍ക്കില്‍ രൂപം കുട്ടികള്‍ നോട്ട് ബുക്കില്‍ വരച്ച് ബിന്ദുക്കള്‍ സംഖ്യകള്‍ കൊണ്ട് രേഖപ്പെടുത്തട്ടെ. ഒപ്പം അധ്യാപികയും ബോഡില്‍ വരയ്ക്കുന്നു. രണ്ടു രേഖയ്ക്കും പേര് കൊടുക്കാം. കുട്ടികള്‍ ഡെസ്ക്കില്‍ വെച്ച ജോടികളില്‍ ഓരോ ബിന്ദുവിലും CD യ്ക്കും AB യ്ക്കും സമാന്തരമായി ഈര്‍ക്കിലുകള്‍ വെയ്ക്കട്ടെ. ഒപ്പം അധ്യാപികയും ബോഡില്‍ വരയ്ക്കുന്നു.

4. ഇനി അധ്യാപിക ബോഡില്‍ 'P'എന്ന ബിന്ദു അടയാളപ്പെടുത്തുന്നു.

കുട്ടികള്‍ അതേ ബിന്ദു ഈര്‍ക്കിലില്‍ അടയാളപ്പെടുത്തട്ടെ.


5. '0'ല്‍ നിന്നും ഈ ബിന്ദുവിലെത്താന്‍ ഒരു വഴി കുട്ടികള്‍ കണ്ടെത്തട്ടെ. ഗ്രൂപ്പു ചര്‍ച്ചയില്‍ കുട്ടികളില്‍ നിന്നും വരാന്‍ സാദ്ധ്യതയുള്ള ചില മാര്‍ഗ്ഗങ്ങള്‍....
* '0'ല്‍ നിന്നും നേരേ മുകളിലേക്ക് CDയിലൂടെ 2 ല്‍ വന്ന് തിരിഞ്ഞ് ABയ്ക്ക് സമാന്തരമായി പോയി Pല്‍ എത്താം.
* '0'ല്‍ നിന്നും ABയിലൂടെ 3ല്‍ വന്ന് മുകളിലേക്ക് കയറി Pല്‍ എത്താം.
* '0'ല്‍ നിന്നും കുറുകേ Pല്‍ എത്താം.
ഇവയില്‍, ABയിലൂടെ 3 യൂണിറ്റ് കയറി മുകളിലേക്ക് 2 യൂണിറ്റ് കയറി Pല്‍ എത്തുന്നതാണ് അംഗീകരിയ്ക്കപ്പെട്ടതെന്ന് ധരിപ്പിക്കണം.
ഇനി, പറയാനുള്ള സൌകര്യത്തിനായി, ABയെ xഅക്ഷം എന്നും, CDയെ yഅക്ഷം എന്നും വിളിക്കാമെന്ന ആശയം കൈമാറാം.
അപ്പോള്‍, xഅക്ഷത്തിലൂടെ പോയ ദൂരം 3, yഅക്ഷത്തിലൂടെ പോയ ദൂരം 2. അതുകൊണ്ട് യിലെത്താന്‍ വേണ്ട ദൂരം 3,2. ഇതിനെ (3,2) എന്ന് സൂചിപ്പിക്കാമെന്ന ആശയം കൊടുക്കാം. കൂടുതല്‍ ബിന്ദുക്കളെ അടയാളപ്പെടുത്തി ആ ബിന്ദുക്കളെ സൂചിപ്പിക്കുന്ന അളവുകള്‍ എഴുതിക്കണം. ഇങ്ങനെ സൂചിപ്പിക്കുന്നത് ക്രമജോടികളാണെന്നും ആദ്യം സൂചിപ്പിക്കുന്നത് xഅക്ഷത്തിലെ അളവും പിന്നീട് yഅക്ഷത്തിലെ അളവും ആണെന്ന് കുട്ടികള്‍ തിരിച്ചറിയും. അതുകൊണ്ട് പൊതുവായ ഒരു ക്രമജോടിയെ (x,y) എന്നു സൂചിപ്പിക്കാമെന്ന് കുട്ടികള്‍ തന്നെ തിരിച്ചറിയും. ഇവയെ നിര്‍ദ്ദേശാങ്കങ്ങള്‍ എന്നാണ് പറയുകയെന്ന ആശയം കൊടുക്കാം. ഇപ്പോള്‍ പൂജ്യം പ്രതിനിധാനം ചെയ്യുന്ന ബിന്ദു കേന്ദ്രബിന്ദുവാണെന്ന ആശയം കുട്ടികള്‍ക്കു കൊടുക്കണം. ഇത്രയുമാകുമ്പോഴേക്കും ബോഡില്‍ ഒന്നാം ചതുര്‍ത്ഥാംശത്തില്‍ (First Quadrant)കുറേ ബിന്ദുക്കള്‍ മാര്‍ക്കു ചെയ്തു കഴിയും.

6. ഇനി ഈര്‍ക്കിലുകള്‍ '0'നു മറുവശത്തു നിരത്തട്ടെ. ഇവിടേയും മുമ്പ് ചെയ്തപോലെ 'P'എന്ന ബിന്ദു അടയാളപ്പെടുത്തട്ടെ. (-2,3) കണ്ടെത്താന്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടാകില്ല.

അങ്ങിനെ രണ്ടാം ചതുര്‍ത്ഥാംശത്തിലെ കുറേ ബിന്ദുക്കള്‍ കുട്ടികള്‍ പറയുന്നതിനനുസരിച്ച് ബോഡില്‍ ഇട്ടേക്കണം. ഇനി ഈര്‍ക്കില്‍ മാറ്റി നോട്ടുബുക്കില്‍ അടയാളപ്പെടുത്തിയാല്‍ കുട്ടികള്‍ക്ക് ബിന്ദുക്കള്‍ പറയാന്‍ കഴിയും.

7. മൂന്നും നാലും ചതുര്‍ത്ഥാംശങ്ങളില്‍ കൂടി സമാന പ്രവര്‍ത്തമങ്ങള്‍ കുട്ടികള്‍ ചെയ്യട്ടെ.
8. ഈ നാലു ചതുര്‍ത്ഥാംശങ്ങളിലും രേഖപ്പെടുത്തിയ ക്രമജോടികള്‍ വിലയിരുത്തി, അവയുടെ പ്രത്യേകതകള്‍ 5 മിനിറ്റുകൊ​ണ്ട് കുട്ടികള്‍ ലിസ്റ്റ് ചെയ്യട്ടെ.

9. ഇനി ബോഡില്‍ xഅക്ഷവും yഅക്ഷവും വരയ്ക്കുക. yഅക്ഷത്തിനു സമാന്തരമായി 1 ല്‍ കൂടി ഒരു രേഖ വരയ്ക്കുക. അതിലെ ബിന്ദുക്കള്‍ അടയാളപ്പെടുത്തി കുട്ടികളെക്കൊണ്ട് എഴുതിക്കുക. (1,1), (1,2), (1,3), (1,0), (1,-1), (1,-2), (1,-3) മുതലായവ...



ഇനി ഈ ബിന്ദുക്കള്‍ ഗ്രൂപ്പില്‍ വിലയിരുത്തി പ്രത്യേകത കണ്ടെത്താന്‍ 5 മിനിറ്റ് കുട്ടികള്‍ക്ക് കൊടുക്കാം. ഇവിടെ yഅക്ഷത്തിനു സമാന്തരമായ രേഖയിലെ ക്രമജോടികളുടെ xവിലകള്‍ തുല്യമാ​ണെന്ന് കുട്ടികള്‍ കണ്ടെത്തും. ഇനി മറ്റൊരു രേഖ കൂടി വരച്ച് ആ രേഖയിലെ ബിന്ദുക്കള്‍ കണ്ടെത്തി ഈ ആശയം കുട്ടികള്‍ സ്ഥിരീകരിക്കട്ടെ.

10. xഅക്ഷത്തിനു സമാന്തരമായി 1 ല്‍ കൂടി ഒരു രേഖ വരച്ച് മുന്‍ ഘട്ടം ആവര്‍ത്തിച്ച് xഅക്ഷത്തിനു സമാന്തരമായ രേഖയിലെ ക്രമജോടികളുടെ yവിലകള്‍ തുല്യമാ​ണെന്ന് കൂടി കുട്ടികള്‍ കണ്ടെത്തുന്നു.

അതോടൊപ്പം മറ്റൊരു രേഖ കൂടി വരച്ച് ആ രേഖയിലെ ബിന്ദുക്കള്‍ കണ്ടെത്തി ഈ ആശയം സ്ഥിരീകരിക്കട്ടെ.
11.xഅക്ഷത്തിലേയും yഅക്ഷത്തിലേയും ബിന്ദുക്കള്‍ അടയാളപ്പെടുത്തി ക്രമജോടികളെഴുതി കുട്ടികള്‍ സ്വയം വിലയിരുത്തട്ടെ.

ചോദ്യങ്ങള്‍
ചിത്രം ശ്രദ്ധിക്കുക.


  • xഅക്ഷത്തില്‍ വൃത്തം ഖണ്ഡിക്കുന്ന ബിന്ദുക്കളുടെ നിര്‍ദ്ദേശാങ്കങ്ങള്‍ ഏവ?
  • yഅക്ഷത്തില്‍ വൃത്തം ഖണ്ഡിക്കുന്ന ബിന്ദുക്കളുടെ നിര്‍ദ്ദേശാങ്കങ്ങള്‍ ഏവ?
  • വൃത്തത്തിന്റെ വ്യാസമെന്ത്?
  • വൃത്തത്തിന്റെ ആരമെന്ത്?


Read More | തുടര്‍ന്നു വായിക്കുക

ചന്ദ്രികയും പൈതഗോറസും

>> Monday, November 2, 2009


മുന്‍പൊരിക്കല്‍, സമചതുരത്തിന്റേയും ചന്ദ്രികയുടേയും പരപ്പളവ് തുല്യമെന്ന് തെളിയിക്കാമോയെന്ന ചോദ്യവുമായി വന്ന പോസ്റ്റ് ഓര്‍മ്മയിലുണ്ടോ?നമ്മുടെ ബ്ലോഗ് ടീമംഗമായ വടകരയിലെ വിജയന്‍സാറിന്റെ ആദ്യ പോസ്റ്റുകളിലൊന്നായിരുന്നൂ അത്. ജോണ്‍ സാറും ഭാമടീച്ചറുമടക്കം ഒരുപാട് പേര്‍ അത് തെളിയിക്കുകയും നാമത് ഒരു പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്. എന്നാല്‍, പൈതഗോറിയന്‍ പ്രിപ്പോസിഷനിലൂടെ (Pythagorian preposition)ഒരു വ്യത്യസ്ത തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയന്‍ സാര്‍....

ചിത്രം 1 ലെ മട്ടത്രികോണത്തിന്റെ കര്‍ണ്ണത്തിലുള്ള അര്‍ദ്ധവൃത്തം, ആ ത്രികോണത്തിന്റെ മറ്റു രണ്ടു വശങ്ങളിലുള്ള അര്‍ദ്ധവൃത്തങ്ങളുടെ തുകയാണ്.

ചിത്രം 1

വലിയ അര്‍ദ്ധവൃത്തത്തെ മറുവശത്തേക്കു മാറ്റിയാല്‍ നമുക്കു ലഭിക്കുന്ന രണ്ടു ചന്ദ്രികകളും കൂടിയാല്‍ ത്രികോണത്തിനു തുല്യമായി (ചിത്രം 2).


ചിത്രം 2

ത്രികോണം സമപാര്‍ശ്വമായാല്‍ ഓരോ ചന്ദ്രികയും അതിനു തുല്യമായി വരും (ചിത്രം 3).


ചിത്രം 3


ചിത്രം 4


ഒരു സമപാര്‍ശ്വമട്ടത്രികോണത്തില്‍ നിന്നും സമചതുരമുണ്ടാക്കാന്‍ എളുപ്പമാണല്ലോ? (ചിത്രം 5).


ചിത്രം 5


അതുകൊണ്ട് ചന്ദ്രികയുടെ അതേ പരപ്പളവുള്ള സമചതുരം നിര്‍മ്മിക്കല്‍ ജ്യാമിതീയ രീതിയില്‍ സാദ്ധ്യമാണെന്നു തെളിഞ്ഞു.







സെക്ടര്‍ AMCN ന്റെ പരപ്പളവ് = π/4*√2x*√2x= π/2 x²
സെക്ടര്‍ NBMD യുടെ പരപ്പളവ് = π/2*x*x=π/2 x²
AMDN ന്റെ പരപ്പളവ് = ∆AMN ന്റെ പരപ്പളവ് + സെക്ടര്‍ NBMD യുടെ പരപ്പളവ്
= x²+π/2 x²
ചന്ദ്രികയുടെ പരപ്പളവ് = AMDN ന്റെ പരപ്പളവ് - സെക്ടര്‍ AMCN ന്റെ പരപ്പളവ്
= (x²+π/2 x²)- π/2 x²
= x²
സമചതുരത്തിന്റെ പരപ്പളവും x²ആയതിനാല്‍, പ്രശ്നം പരിഹരിക്കപ്പെട്ടു.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer