About Us
വിദ്യാഭ്യാസവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അധ്യാപകരുടേതായി ഒരു ബ്ലോഗ്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല, പൊതുജനങ്ങള്‍ക്കും ഏത് വിദ്യാഭ്യാസവിഷയത്തെക്കുറിച്ചുള്ള സംശയങ്ങളും ചോദിക്കാം. ഉടനടി മറുപടി പ്രതീക്ഷിക്കാം ! അവ ചിലപ്പോള്‍ അധ്യാപകരില്‍ നിന്നാകണമെന്നില്ല, ഉത്തരം നല്‍കുന്നവര്‍ മറുനാടന്‍മലയാളികളാകാം, ഐ.ടി വിദഗ്ദ്ധരാകാം, വിദ്യാര്‍ത്ഥികളാകാം. അതെ. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അധ്യാപകരുടെ സജീവ പങ്കാളിത്തമുള്ള 'മാത്സ് ബ്ലോഗ്'എന്ന പേരില്‍ ഏറെ പരിചിതമായ www.mathsblog.in എന്ന ബ്ലോഗിനെപ്പറ്റിയാണ് പിറവിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ ഗണിതശാസ്ത്രം മാത്രമല്ല, ഹൈസ്ക്കൂള്‍ ക്ലാസുകളിലെ മറ്റെല്ലാ വിഷയങ്ങളും തുല്യപ്രാധാന്യത്തോടെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങള്‍ കൂടാതെ കലാവാസന പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു സഹായകമാകുന്ന ഇന്‍കംടാക്സും സ്പാര്‍ക്കും അടക്കമുള്ള സര്‍വീസ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ബ്ലോഗ് ടീം നിതാന്ത ജാഗ്രത പുലര്‍ത്തുന്നു.
എടവനക്കാട് SDPY KPMHS ലെ ഗണിതശാസ്ത്ര അധ്യാപകനായ കെ.ജി ഹരികുമാറും എടവനക്കാട് HIHSS ലെ ഗണിതശാസ്ത്ര അധ്യാപകനായ വി.കെ നിസാറും ചേര്‍ന്നാണ് 2009 ജനുവരി 31-ം തീയതി ഗണിതശാസ്ത്രത്തിന് വേണ്ടി ഒരു ബ്ലോഗ് ആരംഭിക്കുന്നത്. എറണാകുളത്തെ ഐടി@സ്ക്കൂള്‍ ജില്ലാ കോഡിനേറ്ററായ ജോസഫ് ആന്റണിയുടെ നിര്‍ദ്ദേശപ്രകാരം മാസ്റ്റര്‍ ട്രെയിനറായ സി.എസ് ജയദേവനാണ് അധ്യാപകരുടെ പഠനതന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇത്തരമൊരു ഓണ്‍ലൈന്‍ സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ഇരുവരോടും സംസാരിക്കുന്നത്. ബ്ലോഗിന്റെ ആരംഭകാലത്ത് www.mathematicsschool.blogspot.com എന്ന പേരില്‍ത്തന്നെയാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഇടക്കാലത്ത് സന്ദര്‍ശകരുടെ ആവശ്യപ്രകാരം ചെറിയ ഡൊമൈന്‍ എന്ന ഉദ്ദേശ്യത്തോടെ www.mathsblog.in എന്ന നാമം കൂടി സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് ഡൊമൈനിലൂടെയും ബ്ലോഗ് സന്ദര്‍ശിക്കാന്‍ കഴിയും. ആദ്യകാലഘട്ടത്തില്‍ ബ്ലോഗിലെ വിഷയങ്ങള്‍ പൂര്‍ണമായും തയ്യാറാക്കിയിരുന്നത് ഡവലപ്പേഴ്സായ ഹരിയും നിസാറും തന്നെയായിരുന്നു. പിന്നീട് പല അധ്യാപകരും ഇ-മെയില്‍ മുഖേനയും പോസ്റ്റലായുമൊക്കെ ലേഖനങ്ങള്‍ അയച്ചു കൊടുക്കാന്‍ തുടങ്ങി. ഇതോടെ ബ്ലോഗിലെ വിഷയങ്ങളുടെ ഗുണമേന്മ പതിന്മടങ്ങ് വര്‍ദ്ധിച്ചു.
ഈ സുഹൃത്തുക്കള്‍ രൂപം കൊടുത്ത ഈ ബ്ലോഗ് ഇന്നു കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്‌കൂള്‍ അദ്ധ്യാപകരുടെ ആശ്രയ കേന്ദ്രമാണ്. ആയിരക്കണക്കിന് അധ്യാപകര്‍ക്ക് അധ്യാപന സംബന്ധമായ സംശയങ്ങള്‍ പരിഹരിക്കുവാനും മികവുകള്‍ പങ്കുവെക്കുവാനും, കുട്ടികള്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുവാനും ഉതകുന്ന, ഈ ബ്ലോഗിനേക്കുറിച്ചറിയാന്‍ 2010 ലെ ബക്രീദ് ദിവസം അന്നത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ് ഇവരോടൊപ്പം മണിക്കൂറുകളോളം ചെലവഴിക്കുകയുണ്ടായി.
വിദ്യാഭ്യാസ സംബന്ധിയായ ഗവണ്‍മെന്റ് ഉത്തരവുകളും സര്‍ക്കുലറുകളും ചൂടോടെ ആവശ്യക്കാരിലേക്കെത്തിക്കുന്നതിലും ഈ ബ്ലോഗ് മുന്‍പന്തിയിലുണ്ട്. പല വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും ഉത്തരവുകള്‍ ഇമെയിലായി അയച്ചു കൊടുക്കാറുണ്ടത്രേ. ഇതോടെ ഇവയെല്ലാം തേടി മറ്റൊരിടത്തേക്കും പോകേണ്ടന്നെ ഒരു വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞതും മാത്‌സ് ബ്ലോഗിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല. പതിനയ്യായിരത്തിനു മുകളില്‍ അംഗങ്ങളുള്ള ഒരു സൗജന്യ മെസ്സേജിങ് ഗ്രൂപ്പും ഇവര്‍ കൈകാര്യം ചെയ്തിരുന്നു. 2012 ല്‍ ട്രായുടെ നിര്‍ദ്ദേശപ്രകാരം സേവനദാതാവ് ഈ സേവനം താല്‍ക്കാലികമായി അവസാനിപ്പിച്ചതോടെ മാത്സ് ബ്ലോഗിന്റെ സൗജന്യ എസ്.എം.എസ് സേവനവും അതോടെ അവസാനിപ്പിക്കുകയായിരുന്നു.
ഈ ബ്ലോഗിന്റെ ചുവടു പിടിച്ച് രംഗത്തു വന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സംബന്ധിയായ നൂറുകണക്കിനു ബ്ലോഗുകളുടെ പ്രവാഹത്തിനാണ് മലയാളം ബ്ലോഗിങ് മേഖല ഇന്ന് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ ഓരോ ചലനങ്ങളും ഫ്ലാഷ് ന്യൂസുകളായോ പോസ്റ്റുകളുടെ രൂപത്തിലോ എത്രയും വേഗം പ്രസിദ്ധീകരിക്കാന്‍ ബ്ലോഗ് ടീം പരമാവധി ശ്രമിക്കാറുണ്ട്. കേരളത്തിലെ പല വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും ഈ-മെയിലായി ഉത്തരവുകളും സര്‍ക്കുലറുകളും ലഭിക്കാന്‍ തുടങ്ങിയതോടെ 'ഡൌണ്‍ലോഡ്സ്' നോക്കുന്നതിനായി വിഷയഭേദമന്യേ അധ്യാപകര്‍ നിത്യസന്ദര്‍ശകരായെത്തുകയായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ മാറ്റങ്ങളേയും അറിയാനുള്ള എളുപ്പവഴി എന്ന നിലയില്‍ വിദേശമലയാളികളും ബ്ലോഗിനെ കൈനീട്ടി സ്വീകരിച്ചു. അങ്ങനെ വിവരസാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിലെ അദ്ധ്യാപകരുടെ ശക്തമായൊരു കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു വേദിയൊരുക്കാനും സാധിച്ചതിലുള്ള സംതൃപ്തി ബ്ലോഗ് ടീമിനുണ്ട്. ഇന്ന് ഏതെങ്കിലും വിദ്യാഭ്യാസ സംബന്ധിയായ അറിയിപ്പുകള്‍ വളരെ പെട്ടന്നു തന്നെ കേരളത്തിലൊട്ടാകെയുള്ള അധ്യാപകരിലേക്കെത്തിക്കാനുള്ള ശേഷി മാത്സ് ബ്ലോഗിന് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസവും അണിയറശില്പികള്‍ക്കുണ്ട്.
സ്വതന്ത്രസോഫ്റ്റ്വെയര് വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളത്തിലെ സ്ക്കൂളുകളില്‍ ഉപയോഗിക്കപ്പെടുന്ന ഗ്നു/ലിനക്സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബ്ലോഗില്‍ ലിനക്സ് ചര്‍ച്ചയും നടക്കുന്നുണ്ട്. ഓരോ സ്ക്കൂളിലും ഐ.ടി വിഭാഗത്തിന്‍റെ ചുമതല വഹിക്കുന്ന സ്ക്കൂള്‍ ഐ.ടി കോഡിനേറ്റര്‍മാര്‍മാര്‍ക്ക് വലിയൊരു സഹായിയായി നില കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ബ്ലോഗ് ടീമിന്റെ വിശ്വാസം. എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥികളുടെ വിവരങ്ങള്‍ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ തയ്യാറാക്കി പരീക്ഷാഭവനിലേക്ക് അപ്ലോഡ് ചെയ്യേണ്ടി വന്നപ്പോഴും ഐടി പരീക്ഷ നടക്കുമ്പോഴുമെല്ലാം അധ്യാപകര്‍ക്ക് നേരിട്ട സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി മാത്സ് ബ്ലോഗ് രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ലേഖനങ്ങളുടെ ആധികാരിത ഉറപ്പുവരുത്താനും കമന്റുകളുടെ രൂപത്തില്‍ വരുന്ന വായനക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി 'മാത്സ് ബ്ലോഗ് ടീം' എന്ന പേരില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു അധ്യാപക കൂട്ടായ്മ രൂപീകരിച്ചു. ഇവരില്‍ പലരും തമ്മില്‍ ഇതേ വരെ നേരിട്ടു കണ്ടിട്ടില്ലെന്നതാണ് രസകരമായ മറ്റൊരു വസ്തുത. ബ്ലോഗിലേക്ക് സന്ദര്‍ശകരുടെ എണ്ണം കൂടി വരുന്നതും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനവുമാണ് ഈ പ്രതിഫലമോ അവധിയോ ഇല്ലാത്ത ഉത്തരവാദിത്വത്തിന് തങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് അണിയറ ശില്പികളുടെ ഐകകണ്ഠേനയുള്ള അഭിപ്രായം.
സ്വന്തമായി ബ്ലോഗുകളുള്ള അധ്യാപകര്‍ നേരത്തേ തന്നെ കേരളത്തിലുണ്ടായിരുന്നുവെങ്കിലും അധ്യാപകര്‍ക്കിടയില്‍ ബ്ലോഗിങ്ങിന് അത്രയേറെ പ്രചാരം നേടാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥിതി മാറി. ഇന്ന് സ്ക്കൂളുകള്‍ക്കു വേണ്ടിയും വിവിധ വിഷയങ്ങള്‍ക്കു വേണ്ടിയും ഒട്ടേറെ അധ്യാപകര്‍ ബ്ലോഗുകള്‍ തുടങ്ങിക്കഴിഞ്ഞു. അവര്‍ക്കെല്ലാം പ്രോത്സാഹനമേകാന്‍ മാത്സ് ബ്ലോഗില്‍ അതിന്റെ ലിങ്കുകളും നല്‍കിയിട്ടുണ്ട്. പ്രമുഖരായ ഒട്ടേറെ ബ്ലോഗര്‍മാര്‍ ഈ ബ്ലോഗിന്റെ സ്ഥിരം സന്ദര്‍ശകരായി മാറി. ആദ്യഘട്ടത്തില്‍ മറ്റു ബ്ലോഗുകള്‍ കണ്ടിട്ടു പോലുമില്ലാത്തവരായിരുന്നു തങ്ങളുടെ സന്ദര്‍ശകരായ ഭൂരിഭാഗം അധ്യാപകരെന്നും മാത്സ് ബ്ലോഗില്‍ അഭിപ്രായങ്ങളെഴുതുന്ന മലയാളത്തിലെ ബ്ലോഗര്‍മാരെ അവര്‍ക്കിപ്പോള്‍ പരിചയമായിക്കഴിഞ്ഞുവെന്ന് അനുഭവസാക്ഷ്യം. ബ്ലോഗിന്റെ സന്ദര്‍ശകര്‍ വിവിധമേഖലകളിലുള്ളവരാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു. ബ്ലോഗില്‍ പോസ്റ്റുകളുടെ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന പല ചോദ്യങ്ങള്‍ക്കും കമന്റ് ബോക്സിലെ വായനക്കാര്‍ ചോദിക്കുന്ന പസിലുകള്‍ക്കുമെല്ലാം ഉത്തരം നല്‍കുന്ന പലരും അധ്യാപകരല്ലെന്നുള്ളത് തങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നാണ് ബ്ലോഗ് ശില്പികളുടെ അഭിപ്രായം.
കണക്കിലെ ചില സംശയങ്ങള്‍ തീര്‍ക്കാന്‍ ഒരു ബ്ലോഗ്, നാലു വര്‍ഷം മുമ്പ് മാത് സ് ബ്ലോഗ് ആരംഭിക്കുമ്പോള്‍ രണ്ട് അധ്യാപകരുടെ മനസില്‍ അത്രമാത്രമേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഈ ബ്ലോഗില്‍ സന്ദര്‍ശനങ്ങളുടെ എണ്ണം മൂന്നര കോടി എന്നറിയുമ്പോള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മയുടെ വിജയത്തിന്‍റെ കഥ കൂടിയാണത്.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാത്രം പതിനഞ്ചു ലക്ഷത്തിലേറെ ഹിറ്റുകള്‍ ലഭിച്ച ബ്ലോഗ്, ദിവസം ശരാശരി അന്‍പതിനായിരത്തിനു മേല്‍ സന്ദര്‍ശനങ്ങള്‍ ലഭിക്കുന്ന മലയാള ബ്ലോഗുകളുടെ മുന്‍നിരയിലേക്ക് കടക്കുകയാണ്. വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്ന കാലഘട്ടമാണിത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റു കിട്ടുന്ന ഒരു ബ്ലോഗ് മാത്സ് ബ്ലോഗാണെന്നുള്ളത് ഏറ്റവും കൗതുകമുണര്‍ത്തുന്ന ഒരു വസ്തുതയാണ്. വിദ്യാഭ്യാസ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അധ്യാപകരും മാറുന്നു എന്നതിന്‍റെ സൂചനയാണിത്.
വിവിധ വിഷയങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കാന്‍ സഹായകമായ വര്‍ക്ഷീറ്റുകളും പഠനസഹായികളും നല്‍കിയത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ പ്രിയങ്കരമാകാന്‍ ബ്ലോഗിനെ സഹായിച്ചു. കഴിഞ്ഞ ജൂണ്‍ പതിനാറിന് പ്രസിദ്ധീകരിച്ച അധ്യാപകരുടെ യു.ഐ.ഡി അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട പോസ്റ്റിനു പതിനഞ്ചു ദിവസത്തിനുള്ളില്‍ ലഭിച്ച കമന്‍റുകള്‍ മൂന്നൂറിലേറെയാണ്. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക് അവരുടെ സംശയനിവാരണത്തിന് ഇത്രയധികം ലളിതവും പ്രാപ്യവുമായ മറ്റൊരു മാര്‍ഗം നിലവിലില്ല.
പരീക്ഷാ ഫലത്തെ വിവിധ തലങ്ങളില്‍ വിശകലനം ചെയ്യുന്ന ഏക വെബ്സൈറ്റായ results.mathsblog.in മാത്സ് ബ്ലോഗിനു സ്വന്തം. 2013ല്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കൊണ്ടാണ് റിസല്‍ട്ട് പോര്‍ട്ടലിന്റെ തുടക്കം. വിദ്യാര്‍ഥികളുടേയും സ്കൂളുകളുടേയും പ്രകടനത്തെ ഓണ്‍ലൈനായി പല വിധത്തില്‍ വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഈ വെബ്സൈറ്റ് ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. വിദ്യാഭ്യാസ ജില്ലകളുടേയും റവന്യൂ ജില്ലകളുടേയും സംസ്ഥാനത്തിന്‍റേയുമെല്ലാം പ്രകടനം വിഷയാടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിന് വരെ ഈ വെബ്സൈറ്റ് സഹായിച്ചു. പരീക്ഷാ ഫലം പുറത്തു വരുന്നതിനു മൂന്നു ദിവസം മുന്‍പു മാത്രം മാത്സ് ബ്ലോഗ് പ്രവര്‍ത്തകരുടെ മനസില്‍ ഉദിച്ച ഈ ആശയത്തെ യാഥാര്‍ഥ്യമാക്കി മാറ്റിയത് സ്വതന്ത്ര സോഫ്റ്റ്വെയര് പ്രോഗ്രാമറായ ശ്രീനാഥാണ്. മൂന്നു ദിവസം കൊണ്ട് രൂപം കൊടുത്ത ഈ വെബ്സൈറ്റ് എസ്എസ്എല്‍സി പരീക്ഷാ ഫലത്തെ വിവിധ തലങ്ങളില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഏക ആശ്രയമാണ്.
2014 ല്‍ റിസല്‍ട്ട് അനാലിസിസ് പ്രസിദ്ധീകരിക്കുന്നതിന് ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു. ആയിരക്കണക്കിന് പേരാണ് ഈ വര്‍ഷം ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചത്. ഗൂഗിള്‍ പ്ലേയില്‍ നിന്നും ഈ സോഫ്റ്റ്വെയര് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഐടി പാഠപുസ്തകവും പരീക്ഷാ രീതിയും കഴിഞ്ഞ വര്‍ഷം പരിഷ്കരിച്ചപ്പോള്‍ മാറിയ പരീക്ഷാരീതിക്കനുസരിച്ചുള്ള വര്‍ക്ഷീറ്റുകളും ചോദ്യമാതൃകകളും തയാറാക്കി ബ്ലോഗു വഴി ലഭ്യമാക്കിയത് മാത്സ് ബ്ലോഗ് ടീമിലെ അംഗമായ ജോണ്‍ പി. എ. ആണ്. ബ്ലോഗിലെ ഗണിതം, ഐ.ടി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട മേഖല കൈകാര്യം ചെയ്യുന്നതും, വരാപ്പുഴ എച്ച്ഐബിഎച്ച് സ്കൂളിലെ ഗണിതാധ്യാപകനായ ജോണ്‍ തന്നെ.
കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷക്കാലത്ത് എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസഹായികള്‍ അധ്യാപകര്‍ തന്നെ തയാറാക്കി വിദ്യാര്‍ഥികള്‍ക്ക് മാത്സ് ബ്ലോഗ് വഴി ലഭ്യമാക്കിയിരുന്നു. എല്ലാ ക്ലാസുകളിലെയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസഹായികള്‍ ഏകോപിപ്പിച്ചു പോസ്റ്റുകള്‍ തയാറാക്കുന്നതിലാണ് മാത് സ് ബ്ലോഗ് ടീമംഗങ്ങളുടെ പ്രധാന ചുമതല. ഓരോ ദിവസവും ബ്ലോഗില്‍ അപ്ഡേറ്റ് ചെയ്യുന്ന മേഖലയായ ചരിത്രത്തില്‍ ഇന്ന്, പഠനസംബന്ധിയായ വിഡിയോകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് റിട്ട. അധ്യാപകനായ ജനാര്‍ദനന്‍ മാഷാണ്. അദ്ധ്യാപകനായ ജോമോനും ബ്ലോഗിന് സഹായമായി രംഗത്തുണ്ടായിരുന്നു.
വിവിധ മേഖലകളില്‍ കഴിവുകളുള്ള അധ്യാപകരെ ഒരുമിച്ചു ചേര്‍ത്ത് ഒരു ടീമാക്കി മാറ്റുകയും അതിനെ കേരളത്തിലെ വിദ്യാലയങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുക എന്ന അപൂര്‍വ നേട്ടമാണിതെന്ന് ബ്ലോഗ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസം ശരാശരി അന്‍പതിനായിരത്തിലേറെ സന്ദര്‍ശനങ്ങള്‍ ഒരു വിദ്യാഭ്യാസ ബ്ലോഗിനു ലഭിക്കുക എന്നത് സാങ്കേതിക വിദ്യയുടെ സാധ്യതകളെ അധ്യാപകരും വിദ്യാര്‍ഥികളും ഫലപ്രദമായി ഉപയോഗപ്പെടുത്തിത്തുടങ്ങി എന്നതിന്‍റെ സൂചനയാണ്. പഠനസഹായികള്‍ സൗജന്യമായി ലഭിക്കും എന്നതും എന്തു സംശയവും അധ്യാപകരുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച ചെയ്യാം എന്നതും മാത്സ് ബ്ലോഗിനെ വിദ്യാര്‍ഥികളുടെ പ്രിയ ബ്ലോഗാക്കി മാറ്റുകയായിരുന്നു.
2014 വര്‍ഷം പ്രസിദ്ധീകരിക്കുന്നവയില്‍ വച്ച് ഹൈസ്ക്കൂള്‍ ക്ലാസുകളിലെ ഐടി പാഠഭാഗങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് കേരളത്തിലെ സ്ക്കൂളുകളില്‍ നിന്ന് ലഭിച്ചതെന്ന് ബ്ലോഗിന്റെ ഹിറ്റ് കൗണ്ടര്‍ തെളിയിക്കുന്നു. കൊല്ലം കടക്കലില്‍ നിന്നുള്ള വിപിന്‍ മഹാത്മ എന്ന ബ്ലോഗ് നാമധേയമുള്ള വിപിന്‍കുമാര്‍ എന്ന അധ്യാപകന്‍ തയ്യാറാക്കിയതാണ് ഈ വീഡിയോ ട്യൂട്ടോറിയലുകള്‍. എസ്.എസ്.എല്‍.സിക്കാര്‍ക്ക് വേണ്ടി 2013 ലെ പരീക്ഷാവേളയില്‍ ഈ ട്യൂട്ടോറിയലുകള്‍ ഒരുക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ തോന്നിയ ആശയമാണ് 8,9,10 ക്ലാസുകളിലെ ഓരോ യൂണിറ്റും വീഡിയോ ആയി അവതരിപ്പിക്കുകയെന്ന ലക്ഷ്യം. ഐടി പാഠപുസ്തകത്തില്‍ പറയുന്ന രീതിയില്‍ വീഡിയോ ക്ലാസ്സുകള്‍ തയ്യാറാക്കുക എന്ന വലിയൊരു ശ്രമകരമായ ജോലി ഈ അധ്യയനവര്‍ഷം അദ്ദേഹം ഏറ്റെടുത്ത് അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
ലളിത സുന്ദരമായി പൈത്തണ്‍ എന്ന കമ്പ്യൂട്ടര്‍ ഭാഷ പഠിപ്പിക്കുന്ന ചെന്നൈ ഐ.ഐ.ടി യിലെ ഗവേഷകനായ ജി ഫിലിപ്പിന്റെ പൈത്തണ്‍ പേജും ഈ ബ്ലോഗിന് ഏറെ വായനക്കാരെ നേടിക്കൊടുക്കുന്നുണ്ട്. അമേരിക്കയില്‍ ഗൂഗിളില്‍ പ്രവര്‍ത്തിക്കുന്ന ഉമേഷ്.പി.നായര്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ട പസിലുകളെ ഒരു പുസ്തകരൂപത്തിലേക്ക് മാറ്റുകയുമുണ്ടായി. ചുരുക്കത്തില്‍ അധ്യാപകര്‍ക്കു പുറമെ മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടേയും കഴിവുകളെക്കൂടി വിദ്യാഭ്യാസമേഖലയിലേക്കെത്തിച്ചതാണ് മാത്‌സ് ബ്ലോഗിനെ കൂടുതല്‍ സമ്പുഷ്ടമാക്കിയത്. എന്തിനേറെ, അധ്യാപകരുടെയിടയില്‍ നിന്നും ഗവേഷണാവശ്യങ്ങള്‍ക്ക് വിവരശേഖരണത്തിന്നുപോലും ഫലപ്രദമായി ഈ ബ്ലോഗിനെ ഉപയോഗപ്പെടുത്തിയവരുമുണ്ട്.
കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷാക്കാലത്ത് എല്ലാ വിഷയങ്ങളുടെയും പഠനസഹായികള്‍ മാത്സ് ബ്ലോഗ് ഒരുക്കം എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നത് റിവിഷന്‍ സമയത്ത് ഏറെ സഹായകമായി. അവ പ്രസിദ്ധീകരിച്ച ജനുവരി - മാര്‍ച്ച് മാസങ്ങളില്‍ ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ ശരാശരി എണ്ണം പത്തു ലക്ഷത്തിനു മേലെയായിരുന്നു.
പരീക്ഷകളുടെ ഉത്തരസൂചികകള്‍, ടീച്ചിങ് നോട്ടുകള്‍ , വര്‍ക്ക് ഷീറ്റുകള്‍ , പ്രസന്റേഷനുകള്‍ തുടങ്ങി അധ്യാപകര്‍ക്ക് സഹായകമാകുന്ന നിരവധി സാമഗ്രികള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ പറ്റുന്ന തരത്തില്‍ ബ്ലോഗിലൂടെ നല്‍കാറുണ്ട്. ഇതു പോലെ വായനക്കാരായ ആര്‍ക്കും ബ്ലോഗിലേക്ക് പഠനസംബന്ധമായ ലേഖനങ്ങള്‍ അയച്ചു കൊടുക്കാം. അയക്കുന്നവര്‍ അധ്യാപകരായിരിക്കണമെന്നോ വിഷയം ഗണിതമായിരിക്കണമെന്നോ യാതൊരു നിബന്ധനയുമില്ല.
പോസ്റ്റല്‍ വിലാസം: എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് - 682502, എറണാകുളം ജില്ല.
ഇ-മെയില്‍ വിലാസം mathsblogteam@gmail.com.
മാത്സ് ബ്ലോഗിനെക്കുറിച്ച് വിവിധ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം
Read More | തുടര്‍ന്നു വായിക്കുക