STD IX & X ആദ്യപാഠങ്ങളുടെ ചോദ്യബാങ്ക്

>> Wednesday, June 30, 2010

ഒന്‍പതാം ക്ലാസിലെ പുതിയ ഗണിതപാഠപുസ്തകത്തിലെ ആദ്യ അധ്യായമായ ബഹുഭുജങ്ങള്‍ (Polygons) കുട്ടികളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്ന രീതിയില്‍ ലളിതവും മനോഹരവുമായാണ് ചെയ്തിരിക്കുന്നത്. നമ്മുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനു വേണ്ടി പാഠപുസ്തക കമ്മിറ്റിയുടെ തലവനായ പ്രൊഫ.ഇ.കൃഷ്ണന്‍ സാര്‍ ബ്ലോഗിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ‍വേണ്ട ഉപദേശങ്ങള്‍ നല്‍കിപ്പോരുകയും ചെയ്യുന്നത് മാത്‍സ് അധ്യാപകരുടെ ഭാഗ്യം തന്നെയാണ്. അതുപോലെ തന്നെ നമ്മുടെ വീക്ഷണങ്ങള്‍ പാഠപുസ്തകം തയ്യാറാക്കുന്നവരുടെ മുന്നിലേക്കെത്തിക്കാന്‍ കഴിയുന്നതും ഒരു അപൂര്‍വ്വഭാഗ്യം തന്നെ. ഇതുവേണ്ട വിധത്തില്‍ ഗണിതശാസ്ത്ര അധ്യാപകര്‍ വിനിയോഗിക്കുന്നുണ്ടോ എന്നത് സംശയകരമാണ്. മലയാളം ടൈപ്പിങ്ങ് അറിയില്ലെങ്കില്‍ ഇംഗ്ലീഷില്‍ കമന്‍റ് ചെയ്യണം. മുന്‍പ് പലവട്ടം സൂചിപ്പിച്ച പോലെ രണ്ടായിരത്തിനു മുകളില്‍ ഹിറ്റുകളുണ്ടെങ്കിലും കമന്‍റ് ചെയ്യാന്‍ ഇപ്പോഴും അധ്യാപകര്‍ക്ക് സാധിക്കുന്നില്ല. അതിനാല്‍ എല്ലാ വിദ്യാഭ്യാസഉപജില്ലകളിലേയും ഗണിതശാസ്ത്ര ക്ലസ്റ്ററുകളില്‍ ഈ വിവരം ചര്‍ച്ച ചെയ്യുകയും പൊതു അഭിപ്രായങ്ങള്‍ കമന്റ് ചെയ്യാന്‍ മുന്നോട്ടു വരികയും വേണം. പുതിയ പാഠപുസ്തകത്തില്‍ ചോദ്യങ്ങള്‍ കുറഞ്ഞു പോയി എന്ന പരാതി ചിലര്‍ക്കെങ്കിലും ഇല്ലാതില്ല. അതോടൊപ്പം തന്നെ അധ്യാപകന് പുതിയ ചോദ്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു സ്വാതന്ത്ര്യം നല്‍കുകയാണ് പുതിയ പാഠപുസ്തകം ചെയ്തിരിക്കുന്നതെന്ന വ്യത്യസ്തമായൊരു അഭിപ്രായവും പലരില്‍ നിന്നും കേള്‍ക്കാനിടയുണ്ടായി. അധ്യാപക ശാക്തീകരണ പരിപാടി മുതല്‍ക്കേ നമ്മുടെ അധ്യാപകര്‍ അധിക ചോദ്യങ്ങള്‍ മാത്‍സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാത്‍സ് ബ്ലോഗിലെ അക്കാദമിക വിഭാഗത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ ജോണ്‍ സാര്‍ പത്താം ക്ലാസിലേയും ഒന്‍പതാം ക്ലാസിലേയും ആദ്യ അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള കുറച്ചു ചോദ്യങ്ങള്‍ തയ്യാറാക്കിയത് താഴെ ഡൌണ്‍ലോഡായി നല്‍കിയിരിക്കുന്നത്. ഒപ്പം നമ്മുടെ ബ്ലോഗിലെ ചുണക്കുട്ടി ഗായത്രി തയ്യാറാക്കിയ ഇംഗ്ലീഷ് ചോദ്യങ്ങളും അതിന് കൃഷ്ണന്‍ സാര്‍ നല്‍കിയ മനോഹരപരിഭാഷയും ഡൌണ്‍ ലോഡ് ചെയ്തെടുക്കാം.

തല്പരരായ ആര്‍ക്കും ഇതു പോലെ ചോദ്യങ്ങള്‍ അയച്ചു തരാം. അവ ഇത്തരം പോസ്റ്റുകളോടൊപ്പം പ്രസിദ്ധീകരിക്കും. അത് നമ്മുടെ അധ്യാപകര്‍ക്ക് വളരെയേറെ ഉപകാരപ്രദമാകും.

download the Qns from Std X - I (A.P) - (Prof.E Krishnan)

download the Qns from Std IX - I(Polygon)- (John)

download the Qns from Std IX - I(English)- (Gayathri)

download the Qns from Std IX - I(Malayalam)- (Prof.E Krishnan)

download the Qns from St X - I(AP)- (John)

പത്താം ക്ലാസിലെ ചോദ്യങ്ങള്‍ ഓരോ ലേണിങ് ഒബ്ജക്ടീവിനെ ആധാരമാക്കിയാണ് ജോണ്‍ സാര്‍ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികളില്‍ ഓരോ LO കളും ഉറച്ചോ എന്നു പരീക്ഷിക്കാന്‍ ഇവ നമ്മെ തീര്‍ച്ചയായും സഹായിക്കും.


Read More | തുടര്‍ന്നു വായിക്കുക

പൈത്തണ്‍ പ്രോഗ്രാമിങ്- മൂന്നാംഭാഗം

>> Monday, June 28, 2010


പൈത്തണ്‍ എന്ന പ്രോഗ്രാമിങ് ഭാഷയെ അങ്ങേയറ്റം ലളിതമായി കൈകാര്യം ചെയ്യുന്ന ഫിലിപ്പ് മാഷിന്‍റെ പോസ്റ്റുകള്‍ ഇതിനോടകം അധ്യാപക സമൂഹത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. എട്ടാം ക്ലാസിലെ ഐ.ടി പുസ്തകത്തില്‍ ആറാം അധ്യായമായ 'കളിയല്ല കാര്യം', ഒന്‍പതാം അധ്യായമായ 'കണക്കുകൂട്ടലുകള്‍ക്കപ്പുറം' എന്നിവയിലൂടെയാണ് ഈ വര്‍ഷം പൈത്തണ്‍ രംഗപ്രവേശനം ചെയ്യുന്നത്. ഇപ്രകാരം ഹൈസ്ക്കൂള്‍ ക്ലാസുകളില്‍ ആരംഭിക്കുന്ന പൈത്തണ്‍ ഒന്‍പതും പത്തും ക്ലാസുകളില്‍ കുറേക്കൂടി ആഴത്തിലെത്തുമ്പോള്‍ വിഷണ്ണരാവാതിരിക്കാന്‍ നാമിന്നേ ശ്രമിക്കണം. അധ്യാപകനെക്കാള്‍ മികച്ച ടെക്നിക്ക് സ്ക്കില്‍ ഉള്ളവരാണ് കുട്ടികളെന്ന് മുമ്പാരോ കമന്‍റായി എഴുതിയത് ഇവിടെ പ്രസക്തമാണ്. നമ്മുടെ ക്ലാസിനിടയില്‍ ഒരു കൊച്ചു മിടുക്കനൊരു സംശയം ചോദിച്ചാല്‍ അവന് മുന്നില്‍ നിശബ്ദരായിപ്പോകാതിരിക്കേണ്ടേ നമുക്ക്? അന്നിതെല്ലാം സധൈര്യം പഠിപ്പിക്കാന്‍ ഇന്നേ നമ്മള്‍ ഹരിശ്രീ കുറിക്കണം. പാഠങ്ങളെഴുതുന്നതിനിടെ ഫിലിപ്പ് സാര്‍ പ്രയോഗിക്കന്ന വരികളും ചില പദങ്ങളുടെ മലയാളപരിഭാഷയുമെല്ലാം ലേഖനം വിഭവസമൃദ്ധമായ ഒരു സദ്യ തന്നെയാക്കി മാറ്റുന്നുണ്ടെന്നാണ് പൊതുവിലുള്ള അഭിപ്രായം. എന്നാണ് പൈത്തണ്‍ പാഠങ്ങളുടെ തുടര്‍ച്ച പ്രസിദ്ധീകരിക്കുന്നത് എന്നറിയാന്‍ പോലും ഇപ്പോള്‍ അധ്യാപകര്‍ വിളിക്കുന്നുണ്ടെന്നുള്ളത് ഞങ്ങള്‍ക്കേറെ സന്തോഷം പകരുന്നു. രണ്ട് പാഠങ്ങളാണല്ലോ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നത്. ഒന്നാം പാഠത്തില്‍ എന്താണ് കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, എന്താണ്/എന്തുകൊണ്ട് പൈത്തണ്‍, ഇതാര്‍ക്കൊക്കെയാണ് പഠിക്കാന്‍ പറ്റുക, ഈ പാഠനപദ്ധതി ഉപയോഗപ്പെടുത്താന്‍ എന്തൊക്കെ സജ്ജീകരണങ്ങളാണ് വേണ്ടത് എന്നിവയെപ്പറ്റിയാണ് പറഞ്ഞിരുന്നത്. ഒപ്പം ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം എഴുതി പ്രവര്‍ത്തിപ്പിച്ചുനോക്കുകയും ചെയ്തു. രണ്ടാം പാഠത്തിലാകട്ടെ ആദ്യ പ്രോഗ്രാമിന്റെ മലയാളം പതിപ്പ് പരീക്ഷിക്കുകയും, പൈത്തണുപയോഗിച്ച് ഗണിതക്രിയകള്‍ ചെയ്തു നോക്കുകയും ചെയ്തു. ഈ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്ന മൂന്നാം പാഠത്തില്‍ പൈത്തണ്‍ ഷെല്‍, IDLE, ചരങ്ങളും പ്രോഗ്രാമിലേക്ക് ഇന്‍പുട്ട് എടുക്കാനുള്ള ഒരു രീതി എന്നിവയെപ്പറ്റിയൊക്കെയാണ് പറഞ്ഞിരിക്കുന്നത്. ഇനി നേരേ മൂന്നാം പാഠത്തിലേക്ക് പ്രവേശിക്കാം.


Read More | തുടര്‍ന്നു വായിക്കുക

മാത്‍സ്ബ്ലോഗിന് 500 സുഹൃത്തുക്കളായി

>> Sunday, June 27, 2010


Read More | തുടര്‍ന്നു വായിക്കുക

അബൂബക്കര്‍ എന്ന 'കുട്ടി മെക്കാനിക്ക്'

>> Saturday, June 26, 2010

തൃശൂര്‍ ജില്ലയിലെ കേച്ചേരിക്കടുത്തുള്ള തിപ്പിലിശ്ശരി അല്‍-അമീന്‍ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും, ചെറുമനയങ്ങാട് നാച്ചിവീട്ടില്‍ പരേതനായ കുഞ്ഞിവാപ്പുവിന്റേയും ഷാജിതയുടേയും മൂന്നുമക്കളില്‍ ഇളയവനുമായ എന്‍.കെ. അബൂബക്കറിനെ അറിയുമോ? ഇല്ലെങ്കില്‍ നാം അധ്യാപകരെങ്കിലും അറിയണം! പിതാവിന്റെ മരണവും തുടര്‍ന്നുള്ള സാമ്പത്തിക പരാധീനതകളും മറികടക്കാന്‍ പാടുപെടുന്ന ആ കുടുംബത്തിലെ പ്രതീക്ഷയുടെ കൈത്തിരിവെട്ടമായി അവതരിച്ചിരിക്കുകയാണ് ഈ പതിനഞ്ചുകാരന്‍. കഴിഞ്ഞ ദിവസം തൃശൂര്‍ സാഹിത്യ അക്കാഡമി ഹാളില്‍ ഐടി@സ്കൂളും ജില്ലയിലെ എസ്.ഐ.ടി.സി ഫോറവും സംയുക്തമായി സംഘടിപ്പിച്ച വിജ്ഞാനപ്രദമായ ഐസിടി ശില്പശാലയില്‍ വെച്ചാണ് കക്ഷിയെ പരിചയപ്പെടുന്നത്. പരിപാടിയിലുടനീളം താരമായി തിളങ്ങിയ അബൂബക്കറിന്റെ മികവെന്താണെന്നല്ലേ..?

കഴിഞ്ഞ അവധിക്കാലത്ത്, തൃശൂര്‍ ഐടി@സ്കൂള്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ കംപ്യൂട്ടര്‍ ഹാര്‍ഡ്​വെയര്‍ മെയിന്റനന്‍സ് കോഴ്സില്‍ ഒരു പഠിതാവായി അബൂബക്കറുണ്ടായിരുന്നു. ഐ.ടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ. അജയ്​കുമാര്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട ആ കോഴ്സില്‍ നിന്നും ലഭിച്ച പ്രാഥമിക പാഠങ്ങളും, മാസ്റ്റര്‍ ട്രൈനര്‍മാരായ ജോബ്​സണ്‍ എബ്രഹാം, വാസുദേവന്‍, സുദര്‍ശനന്‍, അനില്‍...തുടങ്ങിയവരുടെ നിതാന്ത പിന്തുണയും ഒരു കംപ്യൂട്ടര്‍ ഷോപ്പ് തുടങ്ങാനുള്ള ആത്മവിശ്വാസത്തിലേക്ക് അബൂബക്കറെ കൈപിടിച്ചുയര്‍ത്തി. കൂട്ടിന് ജ്യേഷ്ഠന്‍ ഷജീറും. (തന്റേയും കുടുംബത്തിന്റേയും ജീവിതപ്രയാസങ്ങളിലുടനീളം തണലായി നിന്ന ഡോക്ടര്‍ ശ്രീകുമാറിനെ സദസ്സിലേക്കു കൈചൂണ്ടി എല്ലാവര്‍ക്കും പരിചയപ്പെടുത്തുമ്പോള്‍ അവന്റെ കണ്ണുകളില്‍ കൃതജ്ഞതയുടെ നനവ്.) ഷോപ്പു തുടങ്ങി രണ്ടുമാസത്തിനകം തന്നെ അമ്പതോളം കംപ്യൂട്ടറുകള്‍ സര്‍വ്വീസ് ചെയ്തു . നിരവധിയെണ്ണം അസംബിള്‍ ചെയ്തു നല്‍കി. കുറഞ്ഞ ലാഭമെടുത്ത് മികവോടെ സിസ്റ്റങ്ങള്‍ ചെയ്തുകൊടുക്കുന്ന ഈ 'കുട്ടി മെക്കാനിക്കി'ന് തിരക്കേറിവരുകയാണിപ്പോള്‍! അബൂബക്കര്‍, സാംസങ് പ്രിന്ററില്‍ മഷി നിറക്കുന്ന വിധം വിവരിക്കുന്ന വീഡിയോ ഇവിടെയുണ്ട് .

അബൂബക്കറിന്റെ കഥ ഇവിടെ വിസ്തരിച്ചത്, നാം അധ്യാപകര്‍ ഒരു ആത്മപരിശോധന നടത്തേണ്ടതില്ലേയെന്ന ഒരു സന്ദേഹത്തില്‍ നിന്നാണ്. പ്രതിഭാധനരും ജീവിതം വഴിമുട്ടി നില്ക്കുന്നവരുമായ എത്രയെത്ര അബൂബക്കര്‍മാരാണ് നമ്മുടെ മുന്നില്‍ കണ്ണും കാതും തുറന്നുവെച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് കുറച്ചുപേര്‍ക്കെങ്കിലും ജീവിതമാര്‍ഗ്ഗത്തിലേക്കൊരു കൈചൂണ്ടിയാകാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഗുരുജന്മം സാര്‍ഥകമാകാന്‍ മറ്റെന്തു വേണം?
അബൂബക്കറിന്റേതുപോലുള്ള അനുഭവങ്ങള്‍ നിങ്ങളുടെ സ്കൂളിലും കാണില്ലേ? പങ്കു വെച്ചാല്‍ ഒരുപാടു പേര്‍ക്ക് പ്രയോജനം ചെയ്യും. എന്താ റെഡിയല്ലേ..?

പിന്‍കുറി:

പരിചയപ്പെടാനായി അബൂബക്കറെ അടുത്തുവിളിച്ചു വിവരങ്ങളന്വേഷിച്ചപ്പോള്‍, ഞാനാരാണെന്ന് അവനറിയണം.

മാത്​സ് ബ്ലോഗില്‍ നിന്നാ​ണെന്നറിഞ്ഞപ്പോള്‍ നിറഞ്ഞ സന്തോഷം.

"കണക്കിന്റെ ബ്ലോഗല്ലേ...എനിയ്ക്കറിയാം."

തിരിച്ചുപോരാന്‍ നേരം വാസുദേവന്‍ സാറുമായുള്ള കുശലപ്രശ്നങ്ങള്‍ തീരുവോളം അവനും ഉമ്മയും കാത്തുനിന്നു. ഷേക്ക് ഹാന്റിനായി നീട്ടിയ കൈകള്‍ കൂട്ടിപ്പിടിച്ച് അരികത്തു ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ ആ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞതെന്തിനെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല!


Read More | തുടര്‍ന്നു വായിക്കുക

STD IX - ബഹുഭുജങ്ങള്‍ (ഒരു അവലോകനം)

>> Tuesday, June 22, 2010


കേരളത്തിലെ ഗണിതാധ്യാപകര്‍ക്ക് മുന്നിലേക്ക് അനുഗ്രഹീതനായ മറ്റൊരു അധ്യാപകനെക്കൂടി അഭിമാനപുരസ്സരം മാത്‍സ് ബ്ലോഗ് അവതരിപ്പിക്കുകയാണ്. പത്ത് വര്‍ഷത്തോളം സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസില്‍ പഠിപ്പിച്ച അനുഭവ പരിജ്ഞാനവുമായാണ് വെണ്ണല ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ ഹരിഗോവിന്ദ് സാര്‍ 2008-2009 അധ്യയനവര്‍ഷത്തിലാണ് സര്‍ക്കാര്‍‍ വിദ്യാഭ്യാസമേഖലയിലേക്ക് കടന്നുവരുന്നത്. കേരളത്തിനു പുറത്ത് നിരവധി ഗണിതസെമിനാറുകളില്‍ സജീവ പങ്കാളിത്തം വഹിക്കാന്‍ അദ്ദേഹത്തിന് അപൂര്‍വ്വമായ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അത്തരമൊരിടത്തു നിന്നു ലഭിച്ച സുഹൃദ്ബന്ധം കൊണ്ട് തന്നെ പൂനയിലെ ഒരു ഗണിതാധ്യാപകനുമായി ചേര്‍ന്ന് രംഗോമെട്രി എന്നൊരു പുതിയ മാത്‍സ് ടൂള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇന്നത് വിദേശങ്ങളിലടക്കം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുണ്ടെന്നുള്ളത് കേരളീയര്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. ഒരൊറ്റ ക്ലാസുകൊണ്ടു തന്നെ കുട്ടികളെ ഗണിതതല്പരരാക്കാനുള്ള വൈദഗ്ദ്ധ്യം അദ്ദേഹത്തിനുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞങ്ങളദ്ദേഹത്തെ മാത്‍സ് ബ്ലോഗിലേക്ക് ക്ഷണിക്കുന്നത്. ഒപ്പം എറണാകുളം ജില്ലയിലെ പല അധ്യാപകരുടേയും അഭ്യര്‍ത്ഥന കൂടിയായപ്പോള്‍ മാത്‍സ് ബ്ലോഗിലെ ലേഖകരുടെ കൂട്ടത്തിലേക്കെത്താതിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്നും അക്കാദമിക വിഷയങ്ങളില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യം ബ്ലോഗിലുണ്ടാകുന്നത് നമുക്ക് അനുഗ്രഹമാകുമെന്ന് പറയാതെ വയ്യ. പുതിയ ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തിലെ ബഹുഭുജങ്ങളെന്ന ആദ്യ അധ്യായം ക്ലാസിലെടുത്തു കൊണ്ടിരിക്കുമ്പോള്‍ ഒരു അധ്യാപകനെന്ന നിലയില്‍ മനസ്സില്‍ രൂപപ്പെട്ട ചില ചിന്തകള്‍ അദ്ദേഹമിവിടെ പങ്കുവെക്കുന്നു. അവയിലേക്ക്....

ഒമ്പതാം ക്ളാസ്സിലെ പുതിയ പാഠപുസ്തകവുമായി നാം ഒരു യുദ്ധം സമാരംഭിച്
ചിരിക്കുകയാണല്ലോ? പഴയ പാഠപുസ്തകം മാറുന്നു എന്നു കേട്ടതോടെ നെടുവീര്‍പ്പിട്ട നമുക്ക് പുതിയ കുപ്പിയിലടച്ച പഴയ വൈന്‍ തന്നെയാണോ ലഭിച്ചത് അതോ മറിച്ചോ? ഈ പാഠപുസ്തകം പുതിയൊരു വീക്ഷണ കോണില്‍ വിശകലനം ചെയ്യുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പാഠപുസ്തക രചനയില്‍ ചെറിയ മുന്‍ പരിചയമുള്ളതിനാല്‍ പുസ്തകത്തിന്റെ രചനയുടെ ഗുണദോഷ വശങ്ങളെ ആപാദചൂഡം കീറിമുറിച്ച് പോസ്റ്റുമോര്‍ട്ടം നടത്താനല്ല ഞാന്‍ തുനിയുന്നത്,മറിച്ച് നമ്മള്‍ അദ്ധ്യാപകര്‍ക്ക് ഇനി എന്തൊക്കെ ചെയ്യാം എന്നതിനാണ് പ്രാധാന്യം നല്കിയിരിക്കുന്നത്.

പോയന്റ് 0:
ഏതൊരു പാഠഭാഗവും ഒരു പ്രവര്‍ത്തനത്തിലൂടെ തുടങ്ങുക എന്ന തത്
വം ഈ അദ്ധ്യായത്തില്‍ ലംഘിച്ചിരിക്കുന്നതായി കാണുന്നു. കുട്ടികള്‍ക്ക് വളരെയധികം താല്പര്യമുള്ള ടാന്‍ഗ്രാം നിര്‍മ്മിച്ചു കൊണ്ട് ഈ അദ്ധ്യായം ആരംഭിച്ചാല്‍ ബഹുഭുജം (polygon) എന്ന ആശയത്തിലേക്ക് കുട്ടി തന്നെ എത്തിച്ചേരും. ഉത്തല അവതല ബഹുഭുജം (convex, concave polygon) എന്ന ആശയം വളരെ എളുപ്പം വ്യക്തമാക്കാനാകും. ടാന്‍ഗ്രാം എന്ന കളിയുടെ ചരിത്രവും കുട്ടികള്‍ക്ക് ഹൃദ്യമായേനെ

പോയന്റ് 1:
അദ്ധ്യായം തുടങ്ങുന്നതിനു മുമ്പ് അതിന്റെ തലക്കെട്ടിനെ കുറിച്ച് ഒരു ലഘു വിവരണം നല്കേണ്ടത് അത്യാവശ്യമാണ്. polygon എന്ന വാക്കിന്റെ ഉത്ഭവം അറിയുക എന്നത് കുട്ടിയുടെ അറിവിലേക്ക് അത്യന്താപേക്ഷിതമാണ്. ത്രികോണം, ചതുര്‍ഭുജം, പഞ്ചഭുജം എന്നിങ്ങനെ സൂചിപ്പിച്ച് പൊതുവായ പേര് Polygon എന്നു നല്കിയിരിക്കുന്നതാണ് പുതിയ പുസ്തകത്തിലെ സമീപനം. ശരാശ
രിയില്‍ പെടുന്നവര്‍ക്കും അതില്‍ താഴെ വരുന്നവര്‍ക്കും വിശപ്പടക്കാനുള്ളതായി. എന്നാല്‍ gifted എന്നു ഓമനപ്പേരിട്ടിരിക്കുന്ന വിഭാഗത്തിന് വിശപ്പ് തുടര്‍ന്നു കൊണ്ടേയിരിക്കും. ഈ വിഭാഗത്തെ അവഗണിക്കുന്നത് നമ്മള്‍ ചെയ്യുന്ന മഹാപാപമാണെന്നു ഞാന്‍ കരുതുന്നു. അതിനാല്‍ ഇവര്‍ക്കു നാം ബലവത്തായ ആശയം Polygon നെ സംബന്ധിച്ച് നല്കേണ്ടതാണ്. മാത്രമല്ല ഈ പാഠഭാഗം ഒമ്പതാം ക്ലാസ്സോടെ അവസാനിക്കുകയാണല്ലോ.

പോയന്റ് 2:
Polygon കളുടെ ത്രികോണീകരണം എന്ന ഭാഗത്ത് എന്തു കൊണ്ട് ത്രികോണം മാത്രം എന്ന ഒരു ചോദ്യത്തിന് പ്രസക്തിയില്ലേ ? എട്ടാം ക്ലാസ്സ് മുതല്‍ ത്രികോണത്തിനു നല്കിയിരിക്കുന്ന അ
മിത പ്രാധാന്യം ചില കുട്ടികളെങ്കിലും തിരിച്ചറിഞ്ഞിരിക്കും. ഒരു ത്രികോണത്തെ നിയന്ത്രിക്കാന്‍ ഏറ്റവും കുറഞ്ഞത് 6 ഘടകങ്ങള്‍ മതി എന്നതാണ് ഇതിന് ഒരു കാരണമെന്നു കൂടി വ്യക്തമാക്കാമായിരുന്നു.

പോയന്റ് 3:
പോയന്റ് 0 ല്‍ കണ്ട ടാന്‍ഗ്രാം എന്ന പ്രക്രിയയിലൂടെ ത്രികോണങ്ങളുടെ എണ്ണവും ബഹുഭുജങ്ങളുടെ വശങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം വേഗത്തില്‍ സ്ഥാപിച്ചെടുക്കാം. ഇതിലൂടെ ആകെ ഉള്‍ക്കോണുകളുടെ തുക കുട്ടി തന്നെ കണ്ടെത്തിക്കൊള്ളും.

പോയന്റ് 4:

ഗണിതത്തെ ജീവിതഗന്ധിയാക്കുക എന്ന തത്വം ഈ അദ്ധ്യായത്തില്‍ പാടെ അവഗണിക്കപ്പെട്ടതായി കാണുന്നു. എന്തിനാണ് ഒരു ബഹുഭുജത്തിന്റെ ഉള്‍ക്കോണുകളുടെ തുകയും ബാഹ്യകോണുകളുടെ തുകയും കാണുന്നത് എന്ന കുട്ടിയുടെ ചോദ്യം ന്യായമല്ലേ ? നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റിലും ഉണ്ട്. എറണാകുളം നഗരത്തിലെ ചില ഫ്ലാറ്റുകളില്‍ ഷഡ്ഭുജാകൃതിയിലുള്ള ഹെലിപാഡുകള്‍ ഉണ്ട്. അതു നിര്‍മ്മിച്ച എഞ്ചിനീയര്‍ എന്തൊക്കെ കാര്യങ്ങള്‍ കണക്കിലെടുത്തിട്ടുണ്ടാകും എന്ന ഒറ്റ ചോദ്യത്തിലൂടെ ഇത് നമുക്ക് വ്യക്തമാക്കാം.

പോയന്റ് 5:
പേജ് 15 ല്‍ നല്കിയിട്ടുള്ള സൈഡ് ബോക്സില്‍ കൊടുത്തിട്ടുള്ള പ്രവര്‍ത്തനം ഒരു ഫ്ലാനല്‍ ബോര്‍ഡും കുറച്ചു ചരടുകളുമുണ്ടെങ്കില്‍ ക്ലാസ്സില്‍ വ്യക്തമാക്കി കാണിച്ചു കൊടുക്കാം.
ഈ പ്രവര്‍ത്തനം വളരെ യോജിച്ചതും പുതുമയുള്ളതുമായി എന്നതില്‍ തര്‍ക്കമില്ല.

പോയന്റ് 6:
പേജ് 17 ല്‍ നല്കിയിട്ടുള്ള വൃത്തവും സമബഹുഭുജങ്ങളും എന്ന ഭാഗം കുറച്ചുകൂടി വ്യക്തതയോടെ വിശദമായി നല്കേണ്ടതായിരുന്നു. ഇത് കുട്ടികള്‍ക്ക് ബഹുഭുജത്തേയും നിര്‍മ്മിതികളേയും കുറിച്ച് ധാരണയുണ്ടാക്കുമായിരുന്നു. മാത്രമല്ല "Ten men in one"എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ലിയാനാര്‍ഡോ ഡാവിഞ്ചി തന്റെ പെയിന്റിങ്ങുകള്‍ക്ക് ബഹുഭുജനിര്‍മ്മിതി ഉപയോഗിച്ചിരുന്നു എന്നത് സൂചിപ്പിച്ചാല്‍ നന്നായിരുന്നു.

പോയന്റ് 7:

ചോദ്യങ്ങളുടെ എണ്ണം ഇത്ര കുറക്കേണ്ടിയിരുന്നോ എന്നൊരു സംശയം തോന്നി. മാത്രമല്ല വ്യത്യസ്തതയുള്ള
കുറച്ചു ചോദ്യങ്ങള്‍ കൂടി നല്കാമായിരുന്നു.

Conclusion
ഇത്രയും കാര്യങ്ങള്‍ ഞാന്‍ ഈ ബ്ളോഗിന്റെ പ്രിയപ്പെട്ട സന്ദര്‍ശകര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുന്നു. സൃഷ്ടിപരമായ യോജിപ്പുകളും വിയോജിപ്പുകളും പ്രതീക്ഷിക്കുന്നു.

ഇനി 7 ചോദ്യങ്ങള്‍
താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്ന വിദ്യാര്‍ത്ഥികളായ കൂട്ടു
കാര്‍ക്ക് എന്റെ വക ഒരു സമ്മാനം (Mathematical Gift) വാഗ്ദാനം ചെയ്യുന്നു.

  1. Three regular polygons have one vertex in common and just fill the whole space at that vertex. If the number of sides of the polygons are a, b and c , prove that 1/a + 1/b + 1/c = 1/2
  2. For a convex hexagon ABCDEF given that AB | | DE , BC | | EF, CD | | FA , AE = BD , BF = CE and CA = DF . Can you prove that all the vertices of this hexagon lie on a circle ?
  3. What is the maximum number of acute angles in an octagon ?
  4. Let S be the sum of the interior angles of a polygon for which each interior angles is 15/2 times the exterior angles at the same vertex . Show that S is 2700degree . Must P regular ? Why ?
  5. The picture illustrates a regular hexagon with the side length equal to √3
    Quadrilaterals XABC and QPXR are squares . What is the area of the shaded
    triangle CPS ?

  6. A pentagon with area 40 unit has equal sides but not necessarily equal angles .The sum of the 5 distances from a point inside the pentagon to the sides of the pentagon is 16. Find the side lengths of the pentagon.
  7. Can you inscribe a regular heptagon in a circle ? Try it ?


Read More | തുടര്‍ന്നു വായിക്കുക

ദിനാചരണങ്ങളെന്ന വഴിപാടുകള്‍!

>> Sunday, June 20, 2010

ദിനാചരണങ്ങളും മറ്റും നടത്തുന്നതിലെ യാന്ത്രികത ഇന്ന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും ചില സ്ഥിരം ഫോര്‍മുലകളില്‍ അവ ഒതുങ്ങിപ്പോകുന്നു. ഒരു സന്ദേശ വായന, പ്രതിജ്ഞ..അതോടെ തീര്‍ന്നു. അതിനു മുന്‍പോ ശേഷമോ ഈ വിഷയത്തെപ്പറ്റി മിണ്ടാട്ടമില്ല.

ഉദാഹരണത്തിനു പരിസ്ഥിതി ദിനത്തിലെ മരം നടല്‍. അന്നു പലയിടങ്ങളിലും മരത്തൈ വിതരണവും പ്രതിജ്ഞയുമല്ലാതെ മറ്റൊന്നും നടന്നു കണ്ടില്ല..ഈ വിഷയത്തെ കുറിച്ച് നമ്മുടെ ടീമംഗമായ പാലക്കാട്ടെ രാമനുണ്ണിമാഷുടെ ബ്ലോഗിലെ പുതിയപോസ്റ്റ് കണ്ടില്ലേ?

പല ദിനാചരണങ്ങളും വേണ്ടത്ര മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് 'എടുപൊടുന്നനേ' മുന്നിലേക്കു വരുന്നത്. അപ്പോള്‍പിന്നെ, ചില കാട്ടിക്കൂട്ടലുകളല്ലാതെ വേറെന്തു ശരണം? ഇതിനൊരു മാറ്റം വേണ്ടേ?

ഞായറാഴ്ചകളിലെ സംവാദങ്ങളും പൊതുവിഷയങ്ങളും ഇഷ്ടപ്പെട്ടിരുന്ന ധാരാളം വായനക്കാര്‍ അത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. സംവാദങ്ങള്‍ പലപ്പോഴും ആരോഗ്യകരമായ ചര്‍ച്ചകളില്‍ നിന്നും വ്യക്തിഹത്യകളിലേക്കും മറ്റും വഴിമാറിപ്പോകുന്നുവെന്നും അതിനുള്ള വേദിയൊരുക്കുകയാണ് മാത്സ് ബ്ലോഗ് ചെയ്യുന്നതെന്നും മറ്റുമുള്ള പരാതികള്‍ ഉയര്‍ന്നപ്പോള്‍ സംവാദങ്ങള്‍ തല്‍കാലത്തേക്കു നിര്‍ത്തി വയ്‌ക്കാം എന്ന തീരുമാനമെടുക്കാന്‍ ഞങ്ങള്‍ നിര്ബന്ധിതരാവുകയായിരുന്നു.

എന്തായാലും, സംവാദങ്ങള്‍ ഉണ്ടായിരുന്നപ്പോഴുള്ള ബ്ലോഗിലെ സജീവത ഒന്നു വേറെത്തന്നെയായിരുന്നു. ആ സജീവത തിരിച്ചെത്തിക്കാനായി ഇനിമുതല്‍ ഞായറാഴ്ചകളില്‍ ഈ കഞ്ഞിയില്‍ അല്പം ഉപ്പൊക്കെ (പ്രയോഗം ഹോംസിന്റേത്) ഇട്ടു തുടങ്ങാമെന്നാണ് കരുതുന്നത്.

ജൂണ്‍ 26 ആണ് ലോക മയക്കു മരുന്നു വിരുദ്ധ ദിനമായി ഐക്യ രാഷ്‌ട്ര സഭ ആചരിക്കുന്നത്. യുവ ജനതയുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് എന്ന വിപത്തിനെതിരെ പോരാടാനാണ് ഈ ദിനാചരണം ആസൂത്രണം ചെയ്‌തിരിക്കുന്നത്. നമ്മുടെ ജീവിതത്തെയും സമൂഹത്തെയും നിയന്ത്രിക്കാന്‍ മയക്കു മരുന്നിനെ അനുവദിക്കരുതെന്ന സന്ദേശമാണ് ഐക്യ രാഷ്‌ട്ര സഭ ഈ ദിനത്തില്‍ നല്‍കുന്നത്. പക്ഷേ, ഈ ദിനം ആചരിക്കാന്‍ സാധാരണ നാം എന്തൊക്കെയാണ് ചെയ്യാറുള്ളത്? ഒരു സന്ദേശവായന, കൂടി വന്നാല്‍ ഒരു മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞ...കഴിഞ്ഞു!

ലോക ജനസംഖ്യയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം ഇരുപതു കോടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മയക്കു മരുന്ന് ഉപയോഗം കാരണം ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം രണ്ടു കോടിയും.

കൌമാരക്കാരായ കുട്ടികളുടെ ഇടയിലാണ് ഈ തരം പ്രവണതകള്‍ വളരെ വേഗം വേരു പിടിക്കുന്നത് എന്നു നമുക്കറിയാം. ഹാന്‍സ് , പാന്‍പരാഗ് പോലുള്ള ലഹരി മരുന്നുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നതായുള്ള ഒട്ടേറെ വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കാണാറുള്ളതുമാണ്. ക്ലസ്‌റ്ററുകളിലും മറ്റും കുട്ടികളുടെ ഈ തരം പ്രവണതകളെ കുറിച്ച് വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ അനൌപചാരിക ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് നമ്മില്‍ പലരും സാക്ഷികളായിരുന്നിരിക്കാം.

ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം നടക്കുന്നത് അയാളുടെ കുട്ടിക്കാലത്താണ്. ആ തരത്തില്‍ ഒരു വ്യക്തിയുടെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സ്‌കൂളും അവിടുത്തെ അദ്ധ്യാപകരുമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരായ
അധ്യാപകരുടെ കയ്യില്‍, ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പത്തു വര്‍ഷക്കാലം ലഭിച്ചിട്ട് അവരില്‍ നിന്നും ഈ തരം ദുഷ് പ്രവണതകളെ മാറ്റനാനുള്ള ശ്രമം നമ്മള്‍ നടത്തേണ്ടതാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...

കുട്ടികളുടെ ഇടയിലെ ഈ തരം പ്രവണതകള്‍ക്കെതിരെ ഈ മയക്കുമരുന്നു വിരുദ്ധ ദിനത്തില്‍ നമുക്ക് എന്തെല്ലാമാണ് ചെയ്യാന്‍ കഴിയുക..? മയക്കു മരുന്നുകളുടെ ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നമുക്ക് സ്‌കൂളില്‍ ഒരുക്കാന്‍ കഴിയുക..?

ഈ ആഴ്‌ച മാത്സ് ബ്ലോഗ് മുന്നോട്ടു വയ്‌ക്കുന്ന ചര്‍ച്ചാ വിഷയം ഇതാണ്.
അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഈ ബൂലോകത്തെ മുഴുവന്‍ ബ്ലോഗര്‍മാരെയും ഈ ചര്‍ച്ചയിലേക്ക് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു..


Read More | തുടര്‍ന്നു വായിക്കുക

Tessellation patterns!

>> Friday, June 18, 2010


കഴിഞ്ഞദിവസം ബഹുഭുജങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് ജനാര്‍ദ്ദനന്‍മാസ്റ്റര്‍ ഫുട്ബോള്‍ പ്രശ്നം അവതരിപ്പിച്ചു. അത് വലിയോരു തുടക്കമായിരുന്നു. കനമുള്ള ഗണിതചിന്തകളുമായി കൃഷ്ണന്‍ സാര്‍ , അഞ്ജനടീച്ചര്‍ ,ഫിലിപ്പ് സാര്‍, ഗായത്രി മുതലായവര്‍ പ്രതികരിച്ചു. ഗണിതബ്ലോഗിന്റെ നിലവാരമുയര്‍ത്താനുള്ള നിതാന്ത പരിശ്രമത്തില്‍ ഇവരുടെ ഇടപെടലുകള്‍ക്ക് അതുല്യമായ സ്ഥാനമുണ്ട്. ഒന്‍പതാംക്ലാസിലെ പാഠപുസ്തകം വീണ്ടും വായിക്കുന്നു. ഒരു ബഹുഭുജത്തിന്റെബാഹ്യകോണുകളുടെ (Exterior angles) തുക 360 ഡിഗ്രിയാണ്. ആക്യതി മാറിയാലും, വലുപ്പം മാറിയാലും ,ആന്തരകോണുകള്‍ (Interior angles)മാറിയാലും, ബാഹ്യകോണുകള്‍ മാറിയാലും ,മാറാതെ നില്‍ക്കുന്ന തുക. മാറ്റത്തിലും മാറാത്തത് ! ഇവിടെ നിന്നുതന്നെയാകാം ഇന്നത്തെ ചിന്ത......

ഒരു സമബഹുഭുജത്തിന് n വശങ്ങളുണ്ട്. ഒരു ബാഹ്യകോണ്‍ 360 / n ആണല്ലോ...? ഓരോ ആന്തരകോണും
(180 — 360/n) ആണ്. ഇത്തരം m ബഹുഭുജങ്ങളുടെ ശീര്‍ഷങ്ങള്‍ ഒരു ബിന്ദുവിനുചുറ്റും വയ്ക്കുന്നു.
അപ്പോള്‍ m(180 ― 360/n) = 360 ആണ്. അതായത് m(1 ―2/ n) = 2 ആണ്.
ഈ ചിന്ത ഒരു പ്രോജക്ടിനു തുടക്കമിടുന്നു.
ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളില്‍കുട്ടികളെ പലതരം ടൈലിങ്ങ് പാറ്റണുകളിലൂടെ നയിക്കാന്‍ അധ്യാപികയ്ക്ക് കഴിയും.


താഴെ കൊടുത്തിരിക്കും വിധം ഏതാനും ബഹുഭുജങ്ങള്‍ ചേര്‍ത്താലോ?

(1 ― 2/n1) + (1 ― 2/n2) + (1 ― 2/n3) + ..... = 2



ഇതോക്കെ തിയറിറ്റിക്കലായവ മാത്രമല്ല. ഗണിതവും കലയും ഒത്തുചേരുമ്പോള്‍ മനോഹരങ്ങളായ പാറ്റേണുകള്‍ ഉണ്ടാകും.


n=3, m=6



n=4, m=4


n=6, m=3


n1=6, n2=6, n3=3, n4=3


n1=4,n2=8,n3=8


n1=3, n2=12, n3=12


n1=4, n2=6, n3=12


n1=, n2=4, n3=3, n4=6


n1=3, n2=3, n3=3, n4=4



n1=3, n2=3, n3=3, n4=4, n5=4


നമ്മുടെ ഗണിതശാസ്ത്രമേളകളിലെ ജോമട്രിക്ക് ചാര്‍ട്ടുകള്‍ ഗണിതചിന്തകളുടെ നേര്‍സാക്ഷ്യങ്ങളാകുന്നത് എന്നാണ്?
ജനാര്‍ദ്ദനന്‍ സാറിന്റെ ചോദ്യത്തിന് ഈ വിശകലനം മതിയോ?


Read More | തുടര്‍ന്നു വായിക്കുക

പൈത്തണ്‍-‍ രണ്ടാം പാഠം

>> Wednesday, June 16, 2010


കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച 'പൈത്തണ്‍പാഠങ്ങ'ളുടെ ഒന്നാം പാഠത്തിന് വായനക്കാരില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ ഞങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്. കൊച്ചു കുട്ടികള്‍ക്കുപോലും മനസ്സിലാകുന്ന രീതിയിലുള്ള ഫിലിപ്പ് സാറിന്റെ അവതരണത്തിന് നൂറില്‍ നൂറുമാര്‍ക്കും നല്‍കാമെന്നാണ്, ഫോണില്‍ വിളിച്ചും നേരിലും സന്തോഷമറിയിച്ച ഒട്ടേറെ സുഹൃത്തുക്കളുടെ ഏകകണ്ഠമായ അഭിപ്രായം. അടുത്ത അധ്യായത്തിനായി അക്ഷമരായി കാത്തിരിക്കുകയാണു തങ്ങളെന്ന് ഐ.ടി@ സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍മാരടക്കമുള്ള സുഹൃത്തുക്കള്‍ അഭിപ്രായപ്പെടുകയുണ്ടായി. ഒട്ടേറെ തിരക്കുകള്‍ക്കിടയിലും, നമ്മുടെ അധ്യാപകരുടെ ഉത്സാഹത്തോടെയുള്ള കമന്‍റുകള്‍ കണക്കിലെടുത്ത്, തുടര്‍ന്നുള്ള പാഠങ്ങളും അധികം വൈകാതെ തന്നെ പ്രസിദ്ധീകരിക്കാമെന്ന് ഫിലിപ്പ് സാര്‍ ഏറ്റിട്ടുണ്ട്. ഇതിനിടയില്‍ പൈത്തണില്‍ അറിവുള്ള പലരും ചര്‍ച്ചകള്‍ക്ക് ശക്തി പകരാന്‍ എത്തിയതും സന്തോഷകരമായി. ഇതാ രണ്ടാം പാഠം ....


Read More | തുടര്‍ന്നു വായിക്കുക

STD IX - New Text Books (with English Medium)


മിക്കവാറും എല്ലാ സ്ക്കൂളുകളിലും വിജയകരമായ രീതിയില്‍ത്തന്നെ വിദ്യാഭ്യാസവകുപ്പ് പാഠപുസ്തകങ്ങളെത്തിച്ചു കഴിഞ്ഞു. എങ്കിലും ഒമ്പതാം ക്ലാസിലെ പുതിയ പുസ്തകങ്ങളുടെ പോസ്റ്റ് ഒന്നു മുകളിലേക്ക് കയറ്റിയിടണമെന്ന് ആവശ്യമുയര്‍ന്നതു കൊണ്ടാണ് ഈ പോസ്റ്റ് വീണ്ടും മുന്‍പേജിലേക്ക് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല, ഈ പോസ്റ്റില്‍ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങളുടെ പി.ഡി.എഫ് കോപ്പി കൂടി നല്‍കി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. നോക്കുമല്ലോ. 'ഈ ബ്ലോഗില്‍ തിരയൂ' എന്ന സെര്‍ച്ച് ബോക്സില്‍ തിരഞ്ഞും നമുക്ക് ആവശ്യമുള്ള പോസ്റ്റുകള്‍ കണ്ടുപിടിക്കാമെന്ന് പലര്‍ക്കും അറിയില്ലെന്നു തോന്നുന്നു.! ഉദാഹരണത്തിന്, സെര്‍ച്ച് ബോക്സില്‍ 'പാരഡോക്സ്' എന്നു കൊടുത്തു നോക്യേ...! താഴെയുള്ള ലിങ്കുകളില്‍ നിന്നും ഈ അധ്യയനവര്‍ഷത്തില്‍ മാറ്റമുള്ള ഒന്‍പതാം ക്ലാസിലെ മലയാളം മീഡിയം/ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ താഴെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.


English Version


Physical Science (English Medium)

  • Part-1( Preface, Chapters: 01, 02 ,03, 04, 05, 06, 07 )

  • Part-2( Preface, Chapters: 08 , 09 ,10, 11, 12, 13 )



  • Biological Science (English Medium)

  • Preface, Chapters: 01, 02 ,03, 04, 05, 06, 07, 08 )



  • Mathematics(English Medium)

  • Part-1( Preface, Chapters: 01, 02 ,03, 04, 05, 06, 07, 08 )

  • Part-2( Preface, Chapters: 09, 10 ,11, 12, 13)



  • Social Science (English Medium)

  • Part-1 (full)

  • Part-2 ( Preface, Chapters: 01, 02 ,03, 04, 05, 06, 07, 08 )




  • Malayalam Medium

    Kerala Reader Malayalam
    Tamil
    Kannada
    Arabic
    Urdu Reader
    Sanskrit
    English
    Hindi
    Physical Science
    Biolagical Science
    Mathematics
    Social Science

    Thanks & Source:www.itschool.gov.in


    Read More | തുടര്‍ന്നു വായിക്കുക

    ബ്ലോഗ് ഹിറ്റുകള്‍ 4 ലക്ഷം.

    >> Tuesday, June 15, 2010


    എന്നും ഞങ്ങളെ പ്രോത്സാഹിപ്പിച്ച അധ്യാപകരേ, വിദ്യാര്‍ത്ഥികളേ, സഹബ്ലോഗര്‍മാരേ,
    ഇന്നു നമ്മുടെ മാത്‍സ് ബ്ലോഗ് നാലുലക്ഷം ഹിറ്റുകള്‍ എന്ന നാഴികക്കല്ലു പിന്നിടുകയാണ്. ഒരു പ്രാദേശിക ഭാഷയില്‍ പൂര്‍ണ്ണമായും അദ്ധ്യാപകര്‍ തന്നെ ഒരുക്കുന്ന ഒരു ബ്ലോഗ് ഇത്തരമൊരു മുഹൂര്‍ത്തം പിന്നിടുക എന്നത് തീര്‍ച്ചയായും അഭിമാനാര്‍ഹം തന്നെ എന്നതില്‍ സംശയമില്ല.ഈ നേട്ടത്തിന് ഞങ്ങളെ പ്രാപ്‌തരാക്കിയ നിങ്ങളോരോരുത്തരുടെയും മുന്നില്‍ ഞങ്ങള്‍ സ്നേഹത്തോടെ നമ്രശിരസ്ക്കരാകട്ടെ. അധ്യാപകരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ നേട്ടത്തിന്റെ കാരണമായി ഞങ്ങള്‍ വിലയിരുത്തുന്നത്...തുടര്‍ന്നും അതു പ്രതീക്ഷിക്കാം. പകരം വേണ്ടത് നിങ്ങളുടെ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മാത്രം...കേരളത്തിലെ ഗണിത ശാസ്ത്ര പാഠപുസ്തക നിര്‍മ്മിതിയുടെ ചുക്കാന്‍ പിടിക്കുന്ന പ്രൊഫ. ഇ കൃഷ്ണന്‍ സാറിനേയും രാമാനുജം സാറിനേയുമെല്ലാം ഈ അറിവു തേടിയുള്ള യാത്രയില്‍ ഒപ്പം കിട്ടിയതില്‍ ഞങ്ങളേറെ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം സാര്‍ത്ഥകമായിക്കൊണ്ടി രിക്കുന്നുവെന്ന് ഈ രണ്ട് മഹദ്‍വ്യക്തിത്വങ്ങളെ മുന്‍നിര്‍ത്തി സധൈര്യം പറയാം. കാരണം, താന്‍ കൈകാര്യം ചെയ്യുന്ന പാഠപുസ്തകത്തിന്‍റെ ഗുണദോഷവശങ്ങളെപ്പറ്റി അധ്യാപകര്‍ക്കെന്നല്ല, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിയിക്കേണ്ടവരെ അറിയിക്കാനുള്ള ഈ അസുലഭഭാഗ്യം മാത്‍സ് ബ്ലോഗിന് ലഭിച്ചില്ലേ. ഇതില്‍പ്പരം അഭിമാനാര്‍ഹമായി മറ്റെന്തു വേണം? ഈ അവസരം മുതലെടുക്കേണ്ടത് അധ്യാപകരാണ്. മലയാളം ടൈപ്പിങ് അറിയില്ല എന്ന ഒറ്റക്കാരണം കൊണ്ട് കമന്‍റ് ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയല്ല, പകരം അത് വാശിയോടെ പഠിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്പരം പങ്കുവെക്കുകയാണ് വേണ്ടത്. ഹിറ്റുകള്‍ കൂടുമ്പോള്‍ സന്തോഷത്തോടൊപ്പം നെഞ്ചിടിപ്പുകളും കൂടുന്നു എന്ന് ഞങ്ങള്‍ പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്. നിങ്ങള്‍ ഞങ്ങളിലര്‍പ്പിച്ച ഉത്തരവാദിത്വമേറുകയാണ്. ഈ സന്തോഷവേളയില്‍ ബ്ലോഗ് ടീമിലേക്ക് രണ്ടു പുതിയ അംഗങ്ങളെ കൂടെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കട്ടെ...(ബ്ലോഗ് ടീമിലേക്ക് പുതുതാണെങ്കിലും ബ്ലോഗ് അംഗങ്ങള്‍ക്ക് ഇവര്‍ സുപരിചിതരാണ്...അവര്‍ ആരാണെന്നറിയേണ്ടേ?

    ഒന്ന് നമ്മുടെ ബ്ലോഗിലെ സജീവ സാന്നിധ്യമായ ജനാര്‍ദ്ദനന്‍ സാറാണ്. കോഴിക്കോട് ജില്ലയിലെ ഊരള്ളൂര്‍ എം.യു.പി.സ്ക്കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം. കവിത, കഥ, ഗണിതം എന്നിങ്ങനെ സര്‍വ്വ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളയാളാണ്.

    രണ്ടാമത്തെ ടീം അംഗം പൂത്തോട്ട കെ.പി.എം സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ജോമോന്‍ സാറാണ്. പക്ഷെ സാറിനെ ഈ പേരിലല്ല നമുക്ക് പരിചയം.. ജോംസ് എന്ന പേരില്‍ നമ്മുടെ ബ്ലോഗിലെ കമന്റ് ബോക്‌സില്‍ ഏറെ നാളായി സജീവ സാന്നിദ്ധ്യമാണ് ജോമോന്‍ സാര്‍. മാത്രമല്ല, മാത്‍സ് ബ്ലോഗിന് വേണ്ടി ഒട്ടേറെ പോസ്റ്റുകള്‍ തയ്യാറാക്കിത്തരുന്നതിനും അദ്ദേഹം ഏറെ മുന്‍കൈയ്യെടുത്തിട്ടുണ്ട്.

    പലപ്പോഴും ടീം അംഗങ്ങളേക്കാളും കൂടുതല്‍ ബ്ലോഗിന്‍റെ വളര്‍ച്ചയ്ക്കായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളതാണ് ഞങ്ങളുടെ അനുഭവം. അതുതന്നെയാണ് ജനാര്‍ദ്ദനന്‍ മാഷിനേയും ജോമോന്‍ സാറിനേയും ടീമിലേക്ക് ക്ഷണിക്കാന്‍ കാരണമായത്.
    മാത്‍സ് ബ്ലോഗിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലായ ഈ വേളയില്‍ നമ്മുടെ പ്രവര്‍ത്തനം ഒന്നു വിപുലീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ തുടര്‍ന്നുള്ള പോസ്‌റ്റുകളിലൂടെ അറിയിക്കാം...ഏവരും നല്‍കുന്ന പിന്തുണയ്‌ക്കുള്ള നന്ദിയും കടപ്പാടും ഒരിക്കല്‍ കൂടി അറിയിച്ചു കൊള്ളട്ടെ...


    Read More | തുടര്‍ന്നു വായിക്കുക

    ഒരു അഞ്ചാം ക്ലാസുകാരിയുടെ കവിത

    >> Monday, June 14, 2010


    തസ്ലീം എന്ന എട്ടാം ക്ലാസുകാരനെക്കുറിച്ചും ആ കുട്ടിയുടെ ഇത്തിരി നേരം എന്ന ബ്ലോഗിനെക്കുറിച്ചുമെല്ലാം ബ്ലോഗിലെ സന്ദര്‍ശകരായ ഏവര്‍ക്കുമറിയാമല്ലോ. തസ്ലീമിന്‍റെ ബ്ലോഗുതന്നെ അനുജത്തിയുടേയും തന്‍റെയും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാണെന്ന ആമുഖത്തോടെയാണ്. തസ്ലീമിന്‍റെ ആ അനുജത്തിയാണ് കുമാരനല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യു.പി.സ്ക്കൂളിലെ അഞ്ചാം ക്ലാസുകാരിയായ ശിഫ.പി. ഇത്ര ചെറുപ്പത്തിലേ കവിതകളെഴുതുന്നതില്‍ ഏറെ തല്‍പ്പരയാണെന്നുള്ളതാണ് ഇന്ന് ആ കുട്ടിയുടെ കവിത പ്രസിദ്ധീകരിക്കുന്നതിന് മാത്‍സ് ബ്ലോഗിനെ പ്രേരിപ്പിച്ചത്. ഞങ്ങളെക്കൊണ്ട് ആവുന്ന വിധത്തിലുള്ള ചെറിയൊരു പ്രോത്സാഹനം. അത്രമാത്രം. ഏവരും ശിഫയുടെ കവിത വായിച്ച് അഭിപ്രായങ്ങളെഴുതുമല്ലോ. അഭിനന്ദിക്കുന്നതില്‍, മനസ്സറിഞ്ഞ് വിലയിരുത്തുന്നതില്‍ പൊതുവെ പിശുക്കുള്ളവരാണ് നമ്മള്‍. എന്നാല്‍ അത്തരമൊരു പിശുക്ക് ഇവിടെയുണ്ടാകില്ലെന്ന് കരുതാം. ഇതുപോലെ തന്നെ നിങ്ങളുടെ സ്ക്കൂളില്‍ ചെറുകഥ, കവിത, ചിത്രരചന തുടങ്ങിയ കലകളില്‍ പ്രാവീണ്യമുള്ളവരുണ്ടോ? ഉണ്ടെങ്കില്‍ അവ mathsekm@gmail.com എന്ന വിലാസത്തില്‍ ഞങ്ങള്‍ക്കയച്ചു തരിക. Art എന്ന നമ്മുടെ ബ്ലോഗ് പേജില്‍ അത് ഉള്‍പ്പെടുത്താം. ഇനി ശിഫയുടെ കവിത വായിച്ചു നോക്കൂ


    Read More | തുടര്‍ന്നു വായിക്കുക

    ജിയോജിബ്ര അപ്‍ലെറ്റുകള്‍ ബ്ലോഗിലേക്ക്

    >> Friday, June 11, 2010


    പരിചയപ്പെട്ടതില്‍ വെച്ച് മികച്ച ഗണിത സോഫ്റ്റ്‍വെയറുകളിലൊന്നാണ് ജിയോജിബ്ര. ക്ലാസ് റൂമില്‍ അധ്യാപകന് ഏറെ സമയലാഭം ഉണ്ടാക്കിത്തരുന്നതിനും വ്യക്തതയാര്‍ന്ന വിവരണത്തിനുമൊക്കെ ജിയോജിബ്ര വളരെ സഹായകരമാണ്. വിദേശരാജ്യങ്ങളിലേതു പോലെ ക്ലാസ് റൂമിലെ അധ്യയനം കഴിഞ്ഞ് കുട്ടികള്‍ക്ക് റഫറന്‍സിനു വേണ്ടി നോട്സും പ്രസന്‍റേഷനുകളും ബ്ലോഗില്‍ ഉള്‍പ്പെടുത്തുന്ന അധ്യാപകരെപ്പോലെ നമുക്കും മാറാന്‍ കഴിയും. ഇതു സ്വപ്നം കാണാന്‍ മാത്രമുള്ള കാര്യമാണോ? ഒരിക്കലുമല്ല. ഒരു പത്തു വര്‍ഷത്തിനുള്ളില്‍ ഈ പ്രവണത നമ്മുടെ കൊച്ചു കേരളത്തിലും പടര്‍ന്നു പന്തലിച്ചിട്ടുണ്ടാകും. അതുലക്ഷ്യം വെച്ചു കൊണ്ടാകട്ടെ ഇന്നത്തെ പോസ്റ്റ്. നമ്മുടെ അധ്യാപകര്‍ക്ക് എന്നും പിന്തുണയുമായി എത്തുന്ന ഹസൈനാര്‍ മങ്കട‍ സാറാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഗണിതത്തിനു മാത്രമല്ല സാമൂഹ്യശാസ്ത്രം, സയന്‍സ് എന്നു തുടങ്ങി ഏതു വിഷയത്തിന്‍റേയും സഹായിയായി നമുക്കുപയോഗിക്കാന്‍ കഴിയുന്ന ഒരു ടൂളാണല്ലോ ജിയോജിബ്ര. ഈ സോഫ്റ്റ്‍വെയറില്‍‍ തയ്യാറാക്കിയ ഓരോ അപ് ലെറ്റുകളും താഴെ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. അതിനായിതാ, ഒരു ഉദാഹരണം നോക്കൂ.


    Read More | തുടര്‍ന്നു വായിക്കുക

    "പൈത്തണ്‍" പാഠങ്ങള്‍

    >> Monday, June 7, 2010

    ഈ വര്‍ഷം എട്ടാം ക്ലാസിലെ ഐ.ടി പാഠപുസ്തകം മാറിയത് കണ്ടിരിക്കുമല്ലോ. അതില്‍ ഈ വര്‍ഷം മുതല്‍ പൈത്തണ്‍ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് ഭാഷ കുട്ടികളെ പഠിപ്പിക്കാനുണ്ട്. ആറാം അധ്യായമായ 'കളിയല്ല കാര്യം', ഒന്‍പതാം അധ്യായമായ 'കണക്കുകൂട്ടലുകള്‍ക്കപ്പുറം' എന്നിവയിലൂടെയാണ് എട്ടാം ക്ലാസിലെ ഐ.ടി പുസ്തകത്തില്‍ പൈത്തണ്‍ അവതരിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും തൊട്ടടുത്ത വര്‍ഷം പത്താം ക്ലാസിലും പൈത്തണ്‍ പ്രോഗ്രാമിങ്ങിന്റെ കൂടുതല്‍ സാധ്യതകള്‍ അവതരിപ്പിക്കപ്പെടും. അതിനുമുമ്പേ നമുക്കീ പൈത്തണ്‍ പ്രോഗ്രാം പഠിച്ചു തുടങ്ങേണ്ടതല്ലേ? ചെന്നൈയിലുള്ള The Institute of Mathematical Sciences (IMSc) യില്‍ Theoretical Computer Science ല്‍ Ph.D ചെയ്തു കൊണ്ടിരിക്കുന്ന ഫിലിപ്പ് സാര്‍ ഒട്ടേറെ തിരക്കുകള്‍ക്കിടയിലും നമ്മുടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി പൈത്തണ്‍ പ്രോഗ്രാമിങ്ങിന്‍റെ ബാലപാഠങ്ങള്‍ പറഞ്ഞു തരാന്‍ മുന്നോട്ടു വന്നിരിക്കുകയാണ്. (അദ്ദേഹത്തിന്‍റെ വെബ്പേജ് ഇവിടെ) ഉമേഷ് സാറിനെപ്പോലെ തന്നെ, മാത്‍സ് ബ്ലോഗിന് ലഭിച്ച സൌഭാഗ്യമാണ് ഫിലിപ്പ് സാര്‍ എന്ന് ഏറെ അഭിമാനത്തോടെ തന്നെയാണ് ഞങ്ങള്‍ പറയുന്നത്. അല്ലെങ്കില്‍ നമ്മുടെ സ്ക്കൂള്‍ വിദ്യാഭ്യാസമേഖലയോട് പ്രത്യക്ഷമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടു കൂടി കേരളത്തിലെ അധ്യാപകര്‍ക്ക് വേണ്ടി ഇവരെല്ലാം എന്തിനു സമയം ചെലവഴിക്കണം? ഇവരെയെല്ലാം വേണ്ടവിധം വിനിയോഗിക്കേണ്ട കടമ നിങ്ങളുടേത് കൂടിയാണ്. ഈ ആത്മാര്‍ത്ഥമായ സ്നേഹത്തിന് മറുപടി നല്ല പ്രതികരണങ്ങളാണ്. നല്ല സംശയങ്ങള്‍ ചോദിക്കലാണ്. ഐ.ടി അധ്യാപകര്‍ പഠിച്ചിരിക്കേണ്ട പൈത്തണ്‍ പ്രോഗ്രാമിന്റെ ബാലപാഠങ്ങളിലേക്ക് നമുക്ക് കടക്കാം. അല്ലേ?


    Read More | തുടര്‍ന്നു വായിക്കുക

    ബഹുഭുജങ്ങളില്‍ നിന്നു തന്നെ..!

    >> Friday, June 4, 2010

    ഒന്‍പതാംക്ലാസ് പാഠപുസ്തകത്തില്‍ , ഒന്നാംപാഠത്തിലെ അവസാന സൈഡ് ബോക്സ് കണ്ടിരിക്കുമല്ലോ? ശുദ്ധജ്യാമിതീയ നിര്‍മ്മിതിയാണ് വിഷയം. കോമ്പസസ്സും അങ്കനം ചെയ്യാത്ത ഒരു ദണ്ഡും ഉപയോഗിച്ചുള്ള നിര്‍മ്മിതി. ഗണിതശാസ്ത്രമേളയിലെ വളരെ പ്രധാനപ്പെട്ട ഒരു ഇനമാണിത്. അളവെടുക്കാതെയും അളന്നെടുക്കാതെയും നിര്‍മ്മിതി പൂര്‍ത്തിയാക്കേണ്ടതുണ്ട്. തുടര്‍ന്നു വായിക്കുക.....


    കോമ്പസസ്സും റുളറും ( compass and straight edge) ഉപയോഗിച്ച് ഒരു സമപഞ്ചഭുജം വരക്കുന്ന രീതിയെക്കുറിച്ച് പ്രത്യേകപരാമര്‍ശം നല്‍കുന്ന സൈഡ് ബോക്സ്, പഠനത്തില്‍ ICT സാധ്യതയിലേക്ക് നയിക്കുന്നു. സമപഞ്ചഭുജത്തിന്റെ നിര്‍മ്മിതി നോക്കാം.

    AB എന്ന ഒരു വരയിടുക. A കേന്ദ്രമായി, Bയിലേക്കുള്ള അകലം ആരമായി വൃത്തം വരക്കുക. B കേന്ദ്രമായി, Aയിലേക്കുള്ള അകലം ആരമായി മറ്റൊരു വൃത്തം വരക്കുക. ഈ രണ്ടുവൃത്തങ്ങളും AB യുടെ താഴെ P യില്‍ ഖണ്ഢിക്കുന്നു.
    ഇനി P കേന്ദ്രമായി Aയിലേക്കുള്ള ദൂരം ആരമായി ഒരു അര്‍ദ്ധവൃത്തം വരക്കുക. ഈ അര്‍ദ്ധവൃത്തം P യുടെ ഇരുവശങ്ങളിലായി ആദ്യം വരച്ച വൃത്തത്തെ Q യിലും രണ്ടാമത്ത വൃത്തത്തെ R ലും ഖണ്ഡിക്കുന്നു.
    ഈ രണ്ടുവൃത്തങ്ങളും ഖണ്ഢിക്കുന്ന P യും മറ്റേ ബിന്ദുവും യോജിപ്പിച്ചാല്‍ AB യുടെ ലംബ സമഭാജി കിട്ടുമല്ലോ. ഈ വര അര്‍ദ്ധവൃത്തത്തെ S ല്‍ ഖണ്ഢിക്കുന്നു.
    Q യില്‍ നിന്ന് Sലൂടെ വരച്ചാല്‍ രണ്ടാമത്ത വൃത്തത്തെ C യില്‍ ഖണ്ഡിക്കും.R ല്‍ നിന്ന് S ലൂടെ വരച്ചാല്‍ ആദ്യവൃത്തത്തെ E യില്‍ ഖണ്ഡിക്കും
    BC വരക്കുക, AE വരക്കുക. ഇപ്പോള്‍ സമപഞ്ചഭുജത്തിന്റെ മൂന്നു വശങ്ങളായി. ഇനിയുള്ള രണ്ടുവശങ്ങള്‍ വരക്കാന്‍ എളുപ്പമാണല്ലോ...?ഈ ചിത്രം വരച്ചിരിക്കുന്നത് Geogebra യിലാണ്


    ഇനി ഒരു കുട്ടി എന്നോട് ഇന്നലെ ചോദിച്ച ഒരു ചോദ്യം.

    മുന്നു കോണ്‍ ഉള്ളതിനാലാണല്ലോ ത്രികോണം എന്നു വിളിക്കുന്നത്. നാലു കോണുള്ളതിനെ എന്താണ് ചതുര്‍കോണം എന്നു വിളിക്കാത്തത്? അതുപോലെ പഞ്ചകോണം എന്നും വിളിക്കുന്നില്ല. അവിടെയോക്കെ വശങ്ങള്‍ക്ക് പ്രധാന്യം നല്‍കിയിരിക്കുന്നത് എന്തിനാണ്?

    നമ്മുടെ നിത്യസന്ദര്‍ശകയായ ഗായത്രി കുറച്ചു ചോദ്യങ്ങള്‍ തരാമെന്നു പറഞ്ഞിരുന്നല്ലോ. mathsekm@gmail.com ലെക്ക് അയച്ചാല്‍ നാളെ ഈ പോസ്റ്റിന്റെ ഭാഗമാക്കാം. ഇതുപോലെ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.


    Read More | തുടര്‍ന്നു വായിക്കുക

    ICT softwares-full package

    >> Wednesday, June 2, 2010

    എട്ടാം ക്ലാസിലെ ഐ.ടി പഠനത്തിന് പുതിയ മുഖം കൈവന്നിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ ഓഫീസ്, ഗ്രാഫിക്സ്, ബേസിക് പഠനങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഐ,ടി പഠനം ഇനി മുതല്‍ പഠന സഹായിയായി മാറുകയാണ്. പത്തോളം സോഫ്റ്റ്‍വെയറുകളാണ് ഈ വര്‍ഷം മുതല്‍ കുട്ടികളിലേക്കെത്തുന്നത്. മലപ്പുറം ടീം തയ്യാറാക്കിയ എഡ്യൂസോഫ്റ്റ്‍ സി.ഡിയില്‍ ഈ സോഫ്റ്റ്‍വെയറുകളുണ്ടെങ്കിലും പല അധ്യാപകര്‍ക്കും ഇപ്പോഴും ആ സി.ഡി ലഭിച്ചിട്ടില്ലായെന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായി. പലരും ഈ വര്‍ഷത്തേക്ക് ആവശ്യമായ സോഫ്റ്റ്‍വെയറുകള്‍ മാത്രം നെറ്റ് വഴി ലഭ്യമാക്കിത്തരാന്‍ ആവശ്യപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെട്ട മൂന്ന് സോഫ്റ്റ്‍വെയര്‍ പാക്കേജുകള്‍ ഇതോടൊപ്പം നല്‍കുന്നു. അധ്യാപകര്‍ക്കായി ഇവ ലഭ്യമാക്കിത്തന്ന മാസ്റ്റര്‍ട്രെയിനര്‍മാരായ മലപ്പുറത്തെ ഹസൈനാര്‍ മങ്കട സാറിനും തൃശൂരിലെ കെ.പി.വാസുദേവന്‍ സാറിനും പ്രത്യേക നന്ദി രേഖപ്പെടുത്തട്ടെ. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

    ഡൌണ്‍ലോഡുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ഒരു കാര്യം. ലിനക്സ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ പാനലില്‍ നിന്നും Desktop-Preferences-Screen saver എന്ന ക്രമത്തില്‍ തുറന്ന് ചെക്ബോക്സില്‍ ടിക് മാര്‍ക്കുകളുണ്ടെങ്കില്‍ അവ കളയുക. ഇല്ലെങ്കില്‍ ഡൌണ്‍ലോഡിനിടെ സ്ക്രീന്‍ സേവര്‍ ആക്ടീവാകുകയും നമുക്ക് ഡൌണ്‍ലോഡ് ചെയ്യുന്നതടക്കം കമ്പ്യൂട്ടറില്‍ മറ്റൊന്നും ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. Screen Saver ഡീ ആക്ടിവേറ്റ് ചെയ്തെങ്കില്‍ ഇനി നമുക്ക് ആവശ്യമായ ഡൌണ്‍ലോഡുകളിലേക്ക് നീങ്ങാം.

    4shared എന്ന അപ്‍ലോഡിങ്ങ് വെബ്സൈറ്റിലേക്കാണ് ഈ സോഫ്റ്റ്‍വെയര്‍ പാക്കേജുകള്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഏതാനും സെക്കന്‍റുകള്‍ 90, 89, 88 .... എന്ന ക്രമത്തില്‍ കൌണ്ട് ചെയ്യുന്ന ഒരു വിന്‍ഡോ കാണാനാകും. അവ കൌണ്ട് ചെയ്ത് പൂജ്യത്തിലേക്കെത്തുമ്പോഴായിരിക്കും ഡൌണ്‍ലോഡ് ലിങ്ക് പ്രത്യക്ഷമാകുക. ഇനി ഇവിടെ ക്ലിക്ക് ചെയ്ത് പാക്കേജുകള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.( ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് ആവശ്യത്തിന് freespace ഉണ്ടോ എന്നാണ് ചെക്ക് ചെയ്യേണ്ടതു​​ണ്ട്)

    ജിയോജിബ്ര സോഫ്റ്റ്‍വെയര്‍

    മാത്തമാറ്റിക്സുമായി ബന്ധപ്പെട്ട ട്രെയിനിങ്ങ് കോഴ്സുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഒരു സോഫ്റ്റ്‍വെയറായിരുന്നു ജിയോജിബ്ര. അധ്യാപകരുടെ പ്രത്യേക ആവശ്യപ്രകാരം ഹസൈനാര്‍ മങ്കട സാറാണ് ഈ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. താഴെ തന്നിരിക്കുന്ന ലിങ്കില്‍ നിന്നും ജിയോജിബ്ര ഡൌണ്‍ലോഡ് ചെയ്തെടുത്ത് home ലേക്ക് extract ചെയ്തിടുക. എന്നിട്ട് ഈ കമാന്‍റ് Root Terminalല്‍ പേസ്റ്റ് ചെയ്താല്‍ ജിയോജിബ്ര ഓട്ടോമാറ്റിക്ക് ആയി ഇന്‍സ്റ്റാള്‍ ആകും. ഏതാണ്ട് 35 MB യോളം വലിപ്പമുണ്ട് ഈ സോഫ്റ്റ്‍വെയറിന്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കണക്ഷനുള്ള സിസ്റ്റത്തില്‍ ഏകദേശം 15 മിനിറ്റിനുള്ളില്‍ ഡൌണ്‍ലോഡ് പൂര്‍ത്തിയാകും.

    Click here to download Geogebra for Gnu/Linux 3.2 (35 MB)
    (NB: Extracted ഫോള്‍ഡര്‍ ഹോം ഫോള്‍ഡറില്‍ തന്നെ പേസ്റ്റ് ചെയ്യണം. കമാന്റ് text editor ല്‍ നിന്ന് തന്നെ കോപ്പി ചെയ്യണം.)

    Click here to download Geogebra for Gnu/Linux 3.8 (67 MB)
    (Gnu/Linux 3.8 നു വേണ്ടിയുള്ള Geogebra പാക്കേജ് സിഡിയുടെ iso ഇമേജ്Right click- write to disk വഴി CD യിലേക്ക് write ചെയ്യുക. ആ സി.ഡി. സിനാപ്റ്റിക്ക് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം.
    )നേരത്തെ എജുസോഫ്റ്റ് സി.ഡി. Add ചെയ്തവര്‍ Synaptic Package Manager ലെ Settings-Repositories തുറന്ന്, അവിടെ കാണുന്ന ലൈനുകളുടെ മുമ്പിലുള്ള എല്ലാ ടിക് മാര്‍ക്കുകളും കളഞ്ഞ് window ക്ലോസ് ചെയ്ത് Reload (Edit-Reload Package information ) ക്ലിക്ക് ചെയ്യേണ്ടതാണ്.


    എട്ടാം ക്ലാസ് ICT സോഫ്റ്റ്‍വെയറുകള്‍

    തൃശൂരിലെ മാസ്റ്റര്‍ട്രെയിനറായ കെ.പി വാസുദേവന്‍ സാറാണ് എഡ്യൂസോഫ്റ്റ് സി.ഡിയില്‍ നിന്നും എട്ടാം ക്ലാസിലേക്ക് ആവശ്യമായ സോഫ്റ്റ്‍വെയറുകള്‍ തെരഞ്ഞെടുത്ത് ഒരു പാക്കേജാക്കി മാറ്റിയത്. ജിയോജിബ്ര, ഗെമിക്കല്‍, കെജ്യോഗ്രഫി, കെ സ്റ്റാര്‍സ്, മാര്‍ബിള്‍, സണ്‍ക്ലോക്ക്, Xrമാപ്പ്, കളിയല്ല കാര്യം തുടങ്ങിയ സോഫ്റ്റ്‍വെയറുകള്‍ കൂടാതെ ഫ്ലാഷ്, മോസില്ല പ്ലഗ്ഇന്നുകള്‍, ജാവ, കെ സ്നാപ് ഷോട്ട്, കമ്പോസര്‍ തുടങ്ങിയ സോഫ്റ്റ്‍വെയറുകളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സി.ഡി കസ്റ്റമൈസിങ്ങിനോടൊപ്പം തന്നെ വിവിധ മെനുകളിലായി ചിതറിക്കിടന്ന പല സോഫ്റ്റ്‍വെയറുകളെയും Education എന്ന മെനുവിലേക്ക് കൊണ്ടുവരുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. തൃശൂര്‍ ജില്ലയിലെ ട്രെയിനിങ്ങുകളില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഗ്നു/ലിനക്സ് 3.2 ഉള്ള സിസ്റ്റങ്ങളില്‍ ട്രെയിനിങ്ങ് നടത്തിയത് ഈ പാക്കേജുകള്‍ ഉപയോഗിച്ചുകൊണ്ടാണ്. എഡ്യൂസോഫ്റ്റ്‍ സി.ഡി ലഭിക്കാത്ത കേരളം ഒട്ടുക്കുള്ള അധ്യാപകര്‍ക്ക് ഈ പാക്കേജ് ഒരു അനുഗ്രഹമാകുമെന്നതില്‍ സംശയമില്ല. 154 MB യോളം വലിപ്പമുള്ള ഈ പാക്കേജ് ബ്രോഡ്ബാന്‍റ് കണക്ഷനുള്ള സിസ്റ്റങ്ങള്‍ വഴി ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ ഏതാണ്ട് 50 മിനിറ്റോളം സമയം വേണ്ടിവരും.

    കോപ്പി ചെയ്തെടുത്ത Packages.tar എന്ന ഫയല്‍ ഡെസ്ക്ടോപ്പിലേക്ക് Extract ചെയ്തിടുക
    ഈ ഫോള്‍ഡര്‍ തുറന്ന് അതിലെ install.sh എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് അതിന്‍റെ Properties ലെ Permissions എന്ന മെനുവിലെ Read-Write-Execute പെര്‍മിഷനുകള്‍ നല്‍കുക
    (Rght click on install.sh -> Properties -> Permissions -> give all Execute permissions -> close)
    ഇനി install.sh ല്‍ Double click ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയിലെ Run in terminal ല്‍ ക്ലിക് ചെയ്യുക.
    Installation സമയത്ത് ഒരു നീല നിറത്തിലുള്ള സ്ക്രീന്‍ വന്നാല്‍ Tab key ഉപയോഗിച്ച് ok സെലക്ട് ചെയ്യുക. Enter അടിച്ച് ഇതേ രീതിയില്‍ yes സെലക്ട് ചെയ്യുക yes ല്‍ Enter അടിക്കുക.
    Installation ന് ശേഷം Terminal അപ്രത്യക്ഷമായാല്‍ Applications -> Education ല std 8 – ല്‍ Gimp ഒഴികെയുള്ള എല്ലാ Application കളും ഉണ്ടാകും. Gimp ലഭിക്കുന്നതിന് Appliction ->Graphics എന്ന ക്രമത്തില്‍ തുറന്നാല്‍ മതിയാകും.

    Click here to download Full software package for STD VIII (162 MB)

    ICT Software std VIII for 3.8 OS ( edusoft4_8_lenny.iso എന്ന ഇമേജ് package CD ആണ്. cd യിലേക്ക് write ചെയ്ത് സിനാപ്റ്റിക്ക് വഴി ഇന്‍സ്റ്റാള്‍ ചെയ്യാം... 298 MB ഉണ്ട്. ICT പാക്കേജുകളെക്കൂടാതെ 3.8 ലേക്കുള്ള അത്യാവശ്യം പാക്കേജുകളും ഉണ്ട് )

    ജിയോജിബ്രയില്‍ ചെയ്ത ഒന്‍പതാം ക്ലാസ് ഗണിത പഠനപ്രവര്‍ത്തനങ്ങള്‍

    ഈ അധ്യയനവര്‍ഷം ഒന്‍പതാം ക്ലാസില്‍ പുതിയ ഗണിതപാഠപുസ്തകമാണല്ലോ. ട്രെയിനിങ് കോഴ്സുകളില്‍ ഓരോ പാഠവുമായി ബന്ധപ്പെട്ട ജിയോജിബ്രയില്‍ ചെയ്ത ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ലാബ് പ്രവര്‍ത്തനമായി കാണിക്കുകയുണ്ടായി. പലരും ഇത് ലഭ്യമാക്കാനാകുമോയെന്ന് ചോദിച്ചിരുന്നു. തൃശൂരിലെ മാസ്റ്റര്‍ട്രെയിനറായ വാസുദേവന്‍ സാര്‍ ഈ പാക്കേജ് തയ്യാറാക്കുന്നതിലും സഹകരിച്ചിട്ടുണ്ട്. നേരത്തേ ബ്ലോഗിലൂടെ ഈ പാക്കേജ് ലിങ്ക് നല്‍കിയിരുന്നു. ട്രെയിനിങ്ങ് കോഴ്സുകളില്‍ നിന്നും ലഭിച്ച ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തില്‍ അപ്ഡേറ്റ് ചെയ്ത ഏറ്റവും പുതിയ പാക്കേജ് മാത്‍സ് ബ്ലോഗിനു വേണ്ടി അദ്ദേഹം അപ്‍ലോഡ് ചെയ്തിരിക്കുന്നു. 75 MB യോളം വലിപ്പമുള്ള ഈ പാക്കേജ് ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ ഏതാണ്ട് 20-25 മിനിറ്റോളം വേണ്ടിവരും.

    Click here to download the ICT Maths for standard IX

    ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന deb ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Manager തെരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

    ഡൌണ്‍ലോഡ് ചെയ്യുന്നതിനും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഇടയ്ക്ക് നിങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പങ്കുവെക്കാന്‍ കമന്‍റ് ബോക്സ് ഉപയോഗിക്കുമല്ലോ. ഒപ്പം കൂടുതല്‍ അറിവുകള്‍ പങ്കുവെക്കുന്നതിനും.


    Read More | തുടര്‍ന്നു വായിക്കുക

    നവ അധ്യയനവര്‍ഷാശംസകള്‍

    >> Tuesday, June 1, 2010


    പ്രാര്‍ത്ഥന
    അറിവായലിയണേ സകലം ഞങ്ങളില്‍
    അറിവേ ജീവനം.
    നിറവായ് ഈ പ്രപഞ്ച ഗണിതം
    ചരിതം ശാസ്ത്ര സംസ്കാരം

    വ്യവഹാരാദിരൂപങ്ങള്‍ മെനയും ഭാഷകള്‍ മൂന്നും
    അറിവായലിയണേ സകലം ഞങ്ങളില്‍
    അറിവേ ജീവനം....
    മറയാതീഭൂമിനിത്യം നിറവായിത്തീരണേ

    കറയറ്റുള്ള രാഗം സകലപ്രാണി സംയുക്തം
    അറിവായലിയണേ സകലം ഞങ്ങളില്‍
    അറിവേ ജീവനം....

    അറിവായലിയണേ....

    പുത്തനുടുപ്പും പുതിയ സ്വപ്നങ്ങളുമായി സ്ക്കൂളിലേക്ക് പോകുന്ന കുരുന്നുകള്‍ക്കും അവര്‍ക്ക് വഴിവെട്ടമേകാന്‍ തയ്യാറെടുക്കുന്ന അധ്യാപകസുഹൃത്തുക്കള്‍ക്കും നമുക്ക് പരസ്പരം ആശംസകള്‍ നേരാം. അതിനു മുമ്പൊരു ചോദ്യം. എന്താണ് ഈ പ്രാര്‍ത്ഥനയുടെ സാംഗത്യം?

    പുസ്തകത്താളിന്നിടയില്‍ മാനം കാണാതെ ഒളിച്ചുവെക്കുന്ന മയില്‍പ്പീലി പെറ്റുപെരുകുമെന്നാണ് കുട്ടിയുടെ വിശ്വാസം. പുതുവര്‍ഷത്തില്‍ പുത്തനുടുപ്പും പുതുപുസ്തകവും ഒക്കെ ഉണ്ടാകുമെങ്കിലും പുതുമയില്‍പ്പീലി ഇല്ല. കഴിഞ്ഞ വര്‍ഷത്തെ അതേ പീലി പുതിയപുസ്തകത്തിന്‍റെ മണത്തോടൊന്നിച്ചു (ഇതൊരു സവിശേഷ മണം തന്നെ) ചേര്‍ക്കാറേ ഉള്ളൂ. ഇക്കൊല്ലം പുതിയൊരു പീലി ജനിക്കും. ഒന്നാം ക്ലാസുമുതല്‍ തുടങ്ങിയതാണീ കൈശോരഭാവന. മയില്‍പ്പീലി ഒരു പ്രതിരൂപമാണ്. പെറ്റുപെരുകുന്നത് അറിവാണ്. അറിവ് തേടുന്നതിലെ ഏകാഗ്രതയാണ് മാനം കാണാതെ പുസ്തകത്താളില്‍ ഒളിച്ചിരിക്കല്‍. ഉള്ളിലെ അറിവിന്‍റെ ആകാശത്തിലാണ് കണ്ണ്. സഹസ്രവര്‍ണ്ണങ്ങള്‍ വികസിക്കുന്ന മയില്‍പ്പീലിക്കണ്ണ്. അറിവാണ് ആനന്ദം. ഈ ആനന്ദമാണല്ലോ പെറ്റുപെരുകേണ്ടതും... പെരുകുന്നതും. ഏവര്‍ക്കും ആനന്ദമുണ്ടാകട്ടെ. ഒരിക്കല്‍ക്കൂടി പുതിയ അധ്യയനവര്‍ഷത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍വമംഗളങ്ങളും ആശംസിക്കുന്നു.


    Read More | തുടര്‍ന്നു വായിക്കുക
    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer