ദിനാചരണങ്ങളെന്ന വഴിപാടുകള്‍!
>> Sunday, June 20, 2010
ദിനാചരണങ്ങളും മറ്റും നടത്തുന്നതിലെ യാന്ത്രികത ഇന്ന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും ചില സ്ഥിരം ഫോര്‍മുലകളില്‍ അവ ഒതുങ്ങിപ്പോകുന്നു. ഒരു സന്ദേശ വായന, പ്രതിജ്ഞ..അതോടെ തീര്‍ന്നു. അതിനു മുന്‍പോ ശേഷമോ ഈ വിഷയത്തെപ്പറ്റി മിണ്ടാട്ടമില്ല.
ഉദാഹരണത്തിനു പരിസ്ഥിതി ദിനത്തിലെ മരം നടല്‍. അന്നു പലയിടങ്ങളിലും മരത്തൈ വിതരണവും പ്രതിജ്ഞയുമല്ലാതെ മറ്റൊന്നും നടന്നു കണ്ടില്ല..ഈ വിഷയത്തെ കുറിച്ച് നമ്മുടെ ടീമംഗമായ പാലക്കാട്ടെ രാമനുണ്ണിമാഷുടെ ബ്ലോഗിലെ പുതിയപോസ്റ്റ് കണ്ടില്ലേ?
പല ദിനാചരണങ്ങളും വേണ്ടത്ര മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് 'എടുപൊടുന്നനേ' മുന്നിലേക്കു വരുന്നത്. അപ്പോള്‍പിന്നെ, ചില കാട്ടിക്കൂട്ടലുകളല്ലാതെ വേറെന്തു ശരണം? ഇതിനൊരു മാറ്റം വേണ്ടേ?
ഞായറാഴ്ചകളിലെ സംവാദങ്ങളും പൊതുവിഷയങ്ങളും ഇഷ്ടപ്പെട്ടിരുന്ന ധാരാളം വായനക്കാര്‍ അത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. സംവാദങ്ങള്‍ പലപ്പോഴും ആരോഗ്യകരമായ ചര്‍ച്ചകളില്‍ നിന്നും വ്യക്തിഹത്യകളിലേക്കും മറ്റും വഴിമാറിപ്പോകുന്നുവെന്നും അതിനുള്ള വേദിയൊരുക്കുകയാണ് മാത്സ് ബ്ലോഗ് ചെയ്യുന്നതെന്നും മറ്റുമുള്ള പരാതികള്‍ ഉയര്‍ന്നപ്പോള്‍ സംവാദങ്ങള്‍ തല്‍കാലത്തേക്കു നിര്‍ത്തി വയ്‌ക്കാം എന്ന തീരുമാനമെടുക്കാന്‍ ഞങ്ങള്‍ നിര്ബന്ധിതരാവുകയായിരുന്നു.
എന്തായാലും, സംവാദങ്ങള്‍ ഉണ്ടായിരുന്നപ്പോഴുള്ള ബ്ലോഗിലെ സജീവത ഒന്നു വേറെത്തന്നെയായിരുന്നു. ആ സജീവത തിരിച്ചെത്തിക്കാനായി ഇനിമുതല്‍ ഞായറാഴ്ചകളില്‍ ഈ കഞ്ഞിയില്‍ അല്പം ഉപ്പൊക്കെ (പ്രയോഗം ഹോംസിന്റേത്) ഇട്ടു തുടങ്ങാമെന്നാണ് കരുതുന്നത്.
ജൂണ്‍ 26 ആണ് ലോക മയക്കു മരുന്നു വിരുദ്ധ ദിനമായി ഐക്യ രാഷ്‌ട്ര സഭ ആചരിക്കുന്നത്. യുവ ജനതയുടെ ആരോഗ്യത്തെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്ന് എന്ന വിപത്തിനെതിരെ പോരാടാനാണ് ഈ ദിനാചരണം ആസൂത്രണം ചെയ്‌തിരിക്കുന്നത്. നമ്മുടെ ജീവിതത്തെയും സമൂഹത്തെയും നിയന്ത്രിക്കാന്‍ മയക്കു മരുന്നിനെ അനുവദിക്കരുതെന്ന സന്ദേശമാണ് ഐക്യ രാഷ്‌ട്ര സഭ ഈ ദിനത്തില്‍ നല്‍കുന്നത്. പക്ഷേ, ഈ ദിനം ആചരിക്കാന്‍ സാധാരണ നാം എന്തൊക്കെയാണ് ചെയ്യാറുള്ളത്? ഒരു സന്ദേശവായന, കൂടി വന്നാല്‍ ഒരു മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞ...കഴിഞ്ഞു!
ലോക ജനസംഖ്യയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം ഇരുപതു കോടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മയക്കു മരുന്ന് ഉപയോഗം കാരണം ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം രണ്ടു കോടിയും.
കൌമാരക്കാരായ കുട്ടികളുടെ ഇടയിലാണ് ഈ തരം പ്രവണതകള്‍ വളരെ വേഗം വേരു പിടിക്കുന്നത് എന്നു നമുക്കറിയാം. ഹാന്‍സ് , പാന്‍പരാഗ് പോലുള്ള ലഹരി മരുന്നുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നതായുള്ള ഒട്ടേറെ വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കാണാറുള്ളതുമാണ്. ക്ലസ്‌റ്ററുകളിലും മറ്റും കുട്ടികളുടെ ഈ തരം പ്രവണതകളെ കുറിച്ച് വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ അനൌപചാരിക ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് നമ്മില്‍ പലരും സാക്ഷികളായിരുന്നിരിക്കാം.
ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണം നടക്കുന്നത് അയാളുടെ കുട്ടിക്കാലത്താണ്. ആ തരത്തില്‍ ഒരു വ്യക്തിയുടെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സ്‌കൂളും അവിടുത്തെ അദ്ധ്യാപകരുമാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരായ അധ്യാപകരുടെ കയ്യില്‍, ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പത്തു വര്‍ഷക്കാലം ലഭിച്ചിട്ട് അവരില്‍ നിന്നും ഈ തരം ദുഷ് പ്രവണതകളെ മാറ്റനാനുള്ള ശ്രമം നമ്മള്‍ നടത്തേണ്ടതാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...
കുട്ടികളുടെ ഇടയിലെ ഈ തരം പ്രവണതകള്‍ക്കെതിരെ ഈ മയക്കുമരുന്നു വിരുദ്ധ ദിനത്തില്‍ നമുക്ക് എന്തെല്ലാമാണ് ചെയ്യാന്‍ കഴിയുക..? മയക്കു മരുന്നുകളുടെ ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നമുക്ക് സ്‌കൂളില്‍ ഒരുക്കാന്‍ കഴിയുക..?
ഈ ആഴ്‌ച മാത്സ് ബ്ലോഗ് മുന്നോട്ടു വയ്‌ക്കുന്ന ചര്‍ച്ചാ വിഷയം ഇതാണ്. അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഈ ബൂലോകത്തെ മുഴുവന്‍ ബ്ലോഗര്‍മാരെയും ഈ ചര്‍ച്ചയിലേക്ക് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു..
27 comments:
വ്യത്യസ്തങ്ങളായ ആശയങ്ങള്‍ പങ്കു വയ്‌ക്കുക... നിങ്ങളുടെ സ്‌കൂളില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനത്തെ പറ്റിയുള്ള അനുഭവങ്ങള്‍ പങ്കു വയ്‌ക്കുന്നത് ഈ വിഷയത്തില്‍ പുതിയ ആശയങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കാന്‍ കാരണമായേക്കാം...
ലേഖനം ഉചിതമാണ്.മരം നടീല്‍മാത്രം വഴിപാടായി കാണരുത്.അതോരു പുണ്യകര്‍മ്മം തന്നെ.എന്റെ സ്ക്കുള്‍ പരിസരത്ത് തഴച്ചുവളരുന്ന പല മരങ്ങളും ഈ മഹാദൌത്യത്തിന്റെ കഥപറയും.
ഹല്ലേ...ഇതെന്തോന്ന് സംവാദം?
വര്‍ദ്ധിപ്പിക്കാനിരിക്കുന്ന പതിനാലു ശതമാനം ഡി.എ, പിരിഞ്ഞുപോകുമ്പോള്‍ കിട്ടാന്‍ പോകുന്ന അഞ്ചുലക്ഷം (ഇന്‍ഷുറന്‍സ്-അധ്യാപകര്‍ക്കുമാത്രം-ബാക്കിയെല്ലാ ജീവനക്കാരും 'കാലി'കളാണല്ലോ?) എന്നിത്യാദി ചര്‍ച്ചകള്‍ക്കും മേളനങ്ങള്‍ക്കുമിടയില്‍ എവിടാ മാഷന്മാരേ, ഇതൊക്കെ നോക്കാന്‍ നേരം?
ഭാഗ്യം, പുതുതലമുറയിലെ കുറച്ചുപേരെങ്കിലും ഇങ്ങനെയൊക്കെ ചിന്തിക്കുന്നെങ്കിലുമുണ്ടല്ലോ..!
സ്കൂൾ തലത്തിൽ നടക്കുന്ന എന്തു പരിപാടിയും എല്ലാ കുട്ടികളേയും പരിഗണിക്കുന്നതും അവർക്കൊക്കെ പങ്കെടുക്കാൻ കഴിയുന്നതുമാവണം.പരിപാടികളൊക്കെയും കുട്ടിക്ക് പുതിയ പഠനാനുഭവങ്ങൾ നൽകാൻ തന്നെയാണ്. അല്ലതെ ആഘോഷിക്കാനല്ല.ആചരിക്കാനല്ല.
പത്താംക്ലാസില്‍ വെച്ച്, ബീഡി വലിക്കുന്നവരെ കണ്ടെത്താന്‍ മാഷന്മാര്‍ നടത്തിയ റൈഡിന്റെ രസകരമായ ഒരോര്‍മ്മ വരുന്നു. ജീവിതത്തിലന്നേവരെ പുകയില തൊട്ടിട്ടില്ലാതിരുന്ന ഞാനും 'കറുത്ത ചുണ്ടിന്റെ' പേരില്‍ പിടിയിലായി. നിരപരാധിയെന്നുകണ്ട് വിട്ടയക്കപ്പെട്ടുവെങ്കിലും ഇന്ന് ഒരു പാക്കറ്റോളം സിഗരറ്റ് ദിനേന പുകച്ചുതള്ളുന്നു!
ഹോംസിന്റെ തറവിക്രിയകള്‍വീണ്ടും തുടങ്ങിയല്ലോ..!
പക്ഛേ, പഴയ മൂര്‍ച്ചയൊന്നുമില്ലല്ലോ, എന്തുപറ്റി?
.
മാത്സ് ബ്ലോഗ് എറിഞ്ഞു തന്ന എല്ലിന്‍ ക്ഷണത്തില്‍ ഒന്ന് കടിച്ചു നോക്കട്ടെ.
സംവാദങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നതുകൊണ്ടു മാത്രം അത് ഒഴിവാക്കരുത്.
അനാരോഗ്യകരമായ സംവാദ കമന്റുകള്‍ ബ്ലോഗ് ടീം അപ്പോള്‍ തന്നെ ഒഴിവാക്കിയാല്‍ മതി.
ഉപ്പ് ,ഈ കഞ്ഞിക്ക് വളരെ അത്യാവശ്യമാണ് .
ദിനാചരണങ്ങള്‍ പരിഹാസ്യമാകുന്നത് അത് വെറും കാട്ടിക്കൂട്ടലുകള്‍ ആകുമ്പോള്‍ ആണ്.
ജപ്പാന്‍ ജനത എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന, അവര്‍ പോലും ഒരിക്കലും ആചരിക്കാത്ത ഹിരോഷിമാ ദിനം നമ്മള്‍ ആചരിക്കുന്നതിനു എന്ത് യുക്തിയാണ് ഉള്ളത്?
പരിസ്ഥിതി ദിനത്തിലെ മരത്തൈ വിതരണം കഴിഞ്ഞ് അതിന്റെ പ്ലാസ്ടിക് കൂട് വഴി നീളെ പറിച്ചു എറിഞ്ഞു നമ്മുടെ കുട്ടികള്‍ പരിസ്ഥിതി സംരക്ഷിക്കുന്നു.
സ്കൂളില്‍ നിന്നും കൈയെത്തും ദൂരത്ത് ഹാന്‍സും , പാന്‍പരാഗും വില്‍ക്കാന്‍ അനുവാദം കൊടുത്തിട്ട് , മയക്കു മരുന്നു വിരുദ്ധ പ്രതിജ്ഞ നടത്തിയിട്ട് എന്ത് കാര്യം.
ദിനാചരണങ്ങള്‍ കുട്ടികളെ സംബന്ധിച്ച് വെറും ഒരാഘോഷം എന്നതില്‍ ഉപരി ഒന്നും നേടിക്കൊടുക്കുന്നില്ല.
ദിനാചരനങ്ങളുടെ സന്ദേശം അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ദിനത്തിലേക്ക് മാത്രം മതിയോ?
തീര്‍ച്ചയായും പോരാ.
അത് തുടര്‍ച്ചയായ ഒരു പ്രക്രിയ ആയിരിക്കണം.
മയക്കു മരുന്ന് ഉപയോഗിക്കുന്ന കുട്ടികളെ അവരുടെ പെരുമാറ്റ വൈകല്യങ്ങളില്‍ നിന്നും തീര്‍ച്ചയായും ഒരു അധ്യാപകന് കണ്ടെത്താന്‍ സാധിക്കും. വിദഗ്ദമായ counsilling -ലൂടെ തീര്‍ച്ചയായും തുടക്കക്കാരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ സാധിക്കും .രക്ഷിതാക്കളുടെയും , രക്ഷാകര്തൃ സംഘടനയുടെയും സജീവ പങ്കാളിത്തം തീര്‍ച്ചയായുംആവശ്യമാണ്.
ദിനാചാരണങ്ങളും, ഫോട്ടോ എടുപ്പും പോലെ അത്ര എളുപ്പം ഉള്ള കാര്യം അല്ല ഇത്.
അതിനു മിനക്കെടാന്‍ അദ്ധ്യാപകന്‍ തയ്യാറാവണം എന്ന് മാത്രം.
"എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന് പറയാന്‍ ആത്മ ധൈര്യമുള്ള ഒരു അധ്യാപകന്റെ ഉപദേശങ്ങള്‍ , ഏത് ദിനാചരനങ്ങളുടെ സന്ദേശ ത്തേക്കാളും തീര്‍ച്ചയായും കുട്ടികള്‍ക്ക് പ്രയോജനം ചെയ്യും.
.
ഠ"എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന് പറയാന്‍ ആത്മ ധൈര്യമുള്ള ഒരു അധ്യാപകന്റെ ഉപദേശങ്ങള്‍ , ഏത് ദിനാചരനങ്ങളുടെ സന്ദേശ ത്തേക്കാളും തീര്‍ച്ചയായും കുട്ടികള്‍ക്ക് പ്രയോജനം ചെയ്യും.ഠ
എന്റെ ബാബൂജേക്കബ് സാറേ, ആ അധ്യാപകന്‍ ഒരു മതഭ്രാന്തന്റെ വെടിയേറ്റ് 1948 ജനുവരി 30 ന് മരിച്ചുപേയ വിവരം താങ്കള്‍ അറിഞ്ഞില്ലേ..?
മത ഭ്രാന്തന്‍ ഇപ്പോഴും അവശേഷിക്കുന്നു . അല്ലേ ഹോംസ് ?
മഹാത്മാവ് കാട്ടിത്തന്ന വിദ്യാഭ്യാസചിന്തകള്‍ തന്നെയാണ് പുതിയ പഠനരീതിയുടെ ആത്മാവ്.നമ്മുടെ നാട്ടില്‍ ഇന്നു പ്രാവൃത്തീകമാക്കാന്‍ ശ്രമിക്കുന്ന പഠനരീതിയില്‍ മഹാട്മജിയുടെ പ്രസക്തിയെക്കുറിച്ച് ഒരു പോസ്റ്റ് ആലോചിച്ചുകൂടെ.ആരെങ്കിലും അതിനു ശ്രമിക്കുമോ?
ഉചിതമായ സമയത്ത് ഉചിതമായ ലേഖനം.
ബ്ലോഗില്‍ പ്രതികരിക്കുന്നവരും പോസ്റ്റുന്നവരും സ്വയം ചോദിച്ചാല്‍ മാത്രം ഉത്തരം കിട്ടുന്ന പ്രശ്നം.
ഈ വഴിപാടുകളില്‍ നേരിട്ടും അല്ലാതെയും പങ്കെടുന്നവര്‍ തന്നെയാണ് ഇവിടെ കമന്റുകളും പോസ്റ്റുചെയ്യുന്നത്.
ഓരോ വഴിപാടിന്റെയും ഫലപ്രാപ്തിയറിയാന്‍ ഇക്കൂട്ടത്തില്‍ ആരെങ്കിലും ശ്രമിച്ചീട്ടുങ്കെല്‍ അവര്‍ നീണാല്‍ വാഴട്ടെ........
ജയദേവന്‍
എം.ടി.എറണാകുളം
ഞാനിതില്‍ പുതിയ ആളാണ്. കഴിഞ്ഞ ദിവസം ഈ ബ്ലോഗ് കണ്ടതെയുള്ളൂ ...
കുത്തിയിരുന്നു പഴയ പോസ്റ്റുകള്‍ മുഴുവന്‍ വായിച്ചു തീര്‍ത്തു....
കൊള്ളാം കേട്ടോ.....
സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കുമെന്നായിരുന്നു പഴയ കാലത്ത് ടീച്ചര്‍മാര്‍ പറഞ്ഞിരുന്നത് ഇപ്പോഴും അങ്ങിനെ തന്നെയാണോ....
സ്കൂളില്‍ വച്ചു ബിയര്‍ കഴിച്ചു എന്ന് പറഞ്ഞു എന്റെ ഒരു കൂട്ടുകാരനെ അസംബ്ലിയില്‍ വച്ചു തല്ലിയത് ഓര്‍മ്മ വരുന്നു...
ദിനാചരണങ്ങള്‍ വഴിപാടാവുന്നു എന്നത് യാഥാര്‍ഥ്യമാണ്....
എന്നിരുന്നാലും പണ്ടത്തെക്കാളും കൂടുതലായി ദിനങ്ങളെ പറ്റി ഓര്‍ക്കുന്നു എന്നകാര്യം ആശ്വാസമല്ലേ...?
ഞാന്‍ സ്കുളില്‍ പഠിച്ചിരുന്നപ്പോള്‍ ആഗസ്റ്റ് 15, ജനുവരി 26, ഒക്ടോബര്‍ 2 എന്നീ ദിനങ്ങള്‍ മാത്രമേ
പ്രധാന ദിനങ്ങളായി എനിക്കോര്‍മ്മയുള്ളൂ......
ഇന്ന് ദിനങ്ങളൂടെ അതിപ്രസരമാണ്.....അധ്യാപകര്‍ക്ക് ഇത് വഴിപാടുപോലെയെങ്കിലും നടത്തണമെന്നുണ്ട്....
പക്ഷെ അധ്യാപകര്‍ പറയാതെ വിദ്യാര്‍ഥികള്‍ സ്വയം ഏറ്റെടുക്കുന്ന ചില ദിനങ്ങളില്ലേ......friendship day, valentines day,....
ഇവയെക്കുറിച്ചെന്താണഭിപ്രായം....?
@ Babu Jacob sir,
ദിനാചരണങ്ങള്‍ കാട്ടിക്കൂട്ടലുകള്‍ തന്നെ......എങ്കിലും,
ജപ്പാന്‍ ജനത എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന, അവര്‍ പോലും ഒരിക്കലും ആചരിക്കാത്ത ഹിരോഷിമാ ദിനം നമ്മള്‍ ആചരിക്കുന്നതിനു എന്ത് യുക്തിയാണ് ഉള്ളത്?
എന്ന വാദത്തോട് യോജിക്കാന്‍ കഴിയുന്നില്ല....
ആണവായുധം ആദ്യമായും അവസാനമായും ഉപയോഗിച്ച യുദ്ധത്തിന്റെ ഓര്‍മ്മയാണ് ഫിരോഷിമ.....
ജപ്പാന്‍ മറന്നാലും ലോകം മറക്കരുത്....
ന്യുക്ളിയര്‍ ഫിസിക്സ് പഠിപ്പിക്കുന്ന സയന്‍സ് അധ്യാപകനും, മാനവിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരും
വിഷയവുമായി ബന്ധപ്പെടുത്തി ഇത് ആചരിച്ചേ മതിയാവൂ......(വഴിപാടായല്ല......)
സ്ക്കൂളുകളിലെ ദിനാചരണങ്ങള്‍ വഴിപാടായി മാത്രമേ നടക്കുന്നുള്ളൂ എന്നത് യാഥാര്‍ഥ്യം . ബിജു സാറ് പറഞ്ഞപോലെ "കുട്ടികള്‍ ആഘോഷിക്കുന്ന" ദിനങ്ങള്‍ അവര്‍ വളരെ ഭംഗിയായി ഒരിക്കലും മറക്കാത്ത രീതിയില്‍ ആഘോഷിക്കുന്നുണ്ട്
മയക്കുമരുന്ന് വിരുദ്ധ ദിനത്തെ പറ്റിയൊക്കെ നമ്മള്‍ പറഞ്ഞാല്‍ " നിങ്ങള്‍ ഏതു യുഗത്തിലാണ് ജീവിക്കുന്നത് " എന്നായിരിക്കും മറുപടി
സംവാദങ്ങള്‍ അതിരു കടക്കുന്നു എന്നു പറഞ്ഞ് കമന്റുകളെല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞ മാത്‍സ് ബ്ലോഗ് പിന്നെയിത് തിരിച്ചു കൊണ്ടുവന്നതെന്തിന്? സംവാദമാകുമ്പോള്‍ അതിന് രൂക്ഷതയുണ്ടാകും. സംഘര്‍ഷങ്ങളുണ്ടാകും. തന്‍റെ വാദം സമര്‍ത്ഥിക്കാന്‍ ഒട്ടനവധി ന്യായങ്ങളും അവതരിപ്പിച്ചേക്കും. നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും കാണാറുള്ള ഒരു ബ്ലോഗാണെന്ന് അറിയാവുന്നതു കൊണ്ടുതന്നെ സംസ്ക്കാരശൂന്യമായ കമന്റുകള്‍ ഞാന്‍ ഇതേവരെ ഇട്ടിട്ടുമില്ല. പിന്നെ, ഇതിനെയെല്ലാം സഹിഷ്ണുതയോടെ നോക്കിക്കാണാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ പിന്നെ സംവാദമെന്ന പ്രഹസനമെന്തിന്?
ജിക്കൂസിന്‍റെ പോസ്റ്റില്‍ ഇടയ്ക്ക് രൂപപ്പെട്ട സംവാദം അപ്പാടെ തെമ്മാടിക്കുഴിയിലേക്ക് തള്ളിയതിനു ശേഷം (മെയ് 7) ഇന്നാദ്യമായാണ് ഈ ബ്ലോഗില്‍ ഞാന്‍ പ്രതികരിക്കുന്നത്. സ്ഥിരം ബ്ലോഗില്‍ വരാറുണ്ടെങ്കിലും കമന്റ് ചെയ്യാന്‍ ഇതേ വരെ നിന്നതുമില്ല. ഞാന്‍ നിര്‍ത്തിയിടത്തു നിന്ന് മാത്‍സ് ബ്ലോഗ് വീണ്ടും യാത്ര ആരംഭിച്ചതിനാല്‍ നിങ്ങള്‍ക്കൊപ്പം ഒരിക്കല്‍ക്കൂടി ഞാന്‍ ചേരുന്നു. അതോ മുന്‍അനുഭവം വീണ്ടുമുണ്ടാകുമോ? സംവാദങ്ങളുടെ ചൂട് താങ്ങാന്‍ നിങ്ങള്‍ തയ്യാറായിരിക്കുമോ? എല്ലാവരുടേയും അഭിപ്രായമറിയാന്‍ ആകാംക്ഷയുണ്ട്.
അധ്യാപകര്‍ക്ക് ചെയ്യാവുന്നവ...
൧)പുകവലിവിരുദ്ധ ദിനത്തിലെങ്കിലും 8B യിലെ രമേശനെ വിട്ട് സിഗരറ്റ് വാങ്ങിപ്പിക്കാതിരിക്കുക.
൨)പരിസ്ഥിതിദിനത്തിലെങ്കിലും സ്വന്തം വീട്ടുവളപ്പിലെ പ്ലാവ് വെട്ടി വില്ക്കാതിരിക്കുക.
൩)മദ്യ വിരുദ്ധദിനത്തിലെങ്കിലും രണ്ടു പെഗ്ഗുകഴിച്ച് ക്ലാസ്സില്‍ വരാതിരിക്കുക.
൪)..........................
അധ്യാപകരെ ഇന്‍സള്‍ട്ട് ചെയ്യുന്നത് ഹോംമ്സിന് ഒരു ഹരമാണല്ലേ ? പഴയ അധ്യാപരൊക്കെ വിരമിച്ചു മി.ഹോംസ്. പഴയ ദേഷ്യം മനസ്സില്‍ വച്ച് നടക്കല്ലേ? താങ്കളുടെ സ്കൂള്‍ ദിനങ്ങള്‍ പബ്ലിഷ് ചെയ്തൂടേ ?
ഇന്ന് അധ്യാപക ദിനമല്ല .പിന്നെ എന്തിനാണ് അധ്യാപകരെ കുറ്റം പറയുന്നത് ? ഒരു പോസ്റ്റ് വന്നത് ശറിയാന് .ചെയ്യുന്ന തെറ്റിനെ കുറ്റം പറയാം .അത് തിരുത്താന്‍ ശ്രമിക്കുന്ന അധ്യാപകരെ വെറുതെ വിട്ടു കൂടെ ?
ദിനച്ചര്യകള്‍ വഴിപാടകുന്നത് യെതാര്‍ഥത്തില്‍ അത് സങ്കടിപ്പിക്കന്നവരുടെ പിടിപ്പു കേടുകൊണ്ടാണോ??.ഒരു സ്കൂളില്‍ 50 അധ്യാപാകരുന്ടെങ്കില്‍ എത്ര പേര്‍ ഇതുനോട് അനുഭാവം കാണിക്കുന്നുണ്ട്?? അതില്‍ എത്ര പേര്‍ സഹകരിക്കുന്നുണ്ട്??എത്ര പേര്‍ സങ്കടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്??.എന്തുകൊണ്ട് ഇത് വഴിപാടകുന്നു എന്നുള്ളതിന്റെ മറുപടി ഇതില്‍ നിന്നും കിട്ടും .ഒരു സ്കൂള്‍ ഉള്ള മിക്ക ജോലികളും ഒന്നോ രണ്ടോ അട്യാപകരുടെ തലയിലായിരിക്കും .ആദ്യം അഡ്മിഷന്‍ ,പിന്നെ സ്കൂള്‍ തുറക്കല്‍ ,അസ്സെംബ്ലി ,ക്ലബ്സ് ,സയന്‍സ് മറ്റു മത്സരങ്ങള്‍ യൂത്ത് ഫെസ്റ്റിവല്‍ അത് പോലെ ഓഫീസിലെ മറ്റു ജോലികള്‍ .അതിനിടയില്‍ ക്ല്സ്റ്റെര്‍ ട്രെയിനിംഗ് അവസാനം ഇത്തരം അധ്യാപകര്‍ ക്ലാസ്സെടുക്കാതെ മുങ്ങി നടക്കുന്നു എന്ന പരാതി രക്ഷിതക്കളും പറയുന്നതോടെ ആ വര്ഷം പൂര്‍ത്തിയാകുന്നു.കൂട്ടതിലുള്ളവരുടെ കളിയാക്കലുകള്‍ വേറെയും.എന്ത് കൊണ്ടാണ് ഭൂരിപക്ഷം അധ്യാപകരും ഇങ്ങിനെ യാകുന്നത്??.എന്നാലും ദിനചര്യകള്‍ ആച്ചരിക്കുന്നതിലൂടെ ചെറിയ തോതിലെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നുണ്ട്.വര്‍ഷങ്ങള്‍ ആച്ചരിക്കുന്നതിനോടൊപ്പം തന്നെ അനുബന്ധ പ്രവര്‍ത്തങ്ങളും ഉണ്ടായെങ്കില്‍ മാത്രമേ യഥാര്‍ത്ഥ ഫലം ലഭിക്കുകയുളൂ.ഉദാഹരണം മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ചു. ലഹരി മുക്തരായ ആളുകളുമായി ഒരു സംവാദം നടത്തുക.ഇത്തരത്തിലുള്ള ആളുകളെ ചികിത്സിക്കുന്ന കേന്ദ്രങ്ങളില്‍ ഒരു ദിവസത്തെ സേവനം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കുട്ടികളില്‍ അറിയാതെ ഉണ്ടാകുന്ന തിരിച്ചറിവ് നാം ക്ലാസ്സിലൂടെ നല്‍കുന്നതിലും എത്രയോ വലുതായിരിക്കും.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്ന രീതിയിലേക്ക് നാം മാറുകയാണെങ്കില്‍ നമ്മുടെ ഭാരം കുറയുന്നതോടൊപ്പം കുട്ടികള്‍ക്ക് സ൦ക്ഗാടക ശേഷി ഉണ്ടാക്കുകയും ചെയ്യാം.ഇത്തരം ജോലികകള്‍ സ്കൂള്‍ളില്‍ പ്രശ്നക്കാര്‍ എന്ന് മുദ്ര കുത്തപെട്ടവരെ പങ്കെടുപ്പിച്ചു കൊണ്ടാണെങ്കില്‍ അത്ഭുതകരമായ ഫലം ലഭിക്കും .
പ്രിയപ്പെട്ട വിജയന്‍ കടവത്ത്,
സംവാദ വിഷയങ്ങളില്‍ പലപ്പോഴും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും താങ്കളുടെ കമന്റുകളെ ഞാന്‍ വിലമതിച്ചിരുന്നു.
വീണ്ടും കണ്ടതില്‍ വളരെ സന്തോഷം.
കാണാതിരുന്നതിന്റെ കാരണം ഊഹിച്ചിരുന്നു.
താങ്കളുടെ കൂടെ തെമ്മാടിക്കുഴിയില്‍ എറിയപ്പെട്ടവരില്‍ ഞാനും ഹോംസ്-ഉം ഒക്കെ ഉണ്ടായിരുന്നു.
പക്ഷെ ഒരു തെമ്മാടിക്കുഴിക്കും ഞങ്ങളെ തടയാന്‍ കഴിഞ്ഞില്ല.
ബ്ലോഗ് പോസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ , അത് വായനക്കാരെന്റെതാണ്.
സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുക.
വീണ്ടും കാണാം.
ഉപന്യാസ രചന, ചിത്ര രചന, എന്നിവ സംഘടിപ്പിക്കൂ ... എന്നിട്ട് അതില്‍ നല്ലത് നോക്കി മാത്സ് ബ്ലോഗിന് അയച്ചു കൊടുക്ക് (അവരു പ്രസിദ്ധീകരിക്കുമോന്നു അറിഞ്ഞുകൂടാ..)
ഈ വിഷയവുമായി ബന്ധപ്പെട്ടവരെ കൊണ്ടു ക്ലാസ് എടുപ്പിക്കാല്ലോ...സ്ലൈഡ് ഷോ സംഘടിപ്പിക്കാം ...
പിന്നെ റാലി നടത്താം...
കിരണം പറഞ്ഞ പോലെ ലഹരിയില്‍ നിന്നും മുക്തി നെടിയവരുമായി സംവാദം....
അങ്ങിനെ എന്തെല്ലാം ഐഡിയാസ് കിടക്കുന്നു...
ഹോംസ് ചെയ്യേണ്ടവ :-
1) അധ്യാപക ദിനത്തിലെങ്കിലും അവരെ ചീത്ത വിളിക്കാതിരിക്കുക
2) ലോക സൌഹൃദ ദിനത്തിലെങ്കിലും അധ്യാപകരോട് സ്നേഹത്തോടെ പെരുമാറുക.
3) പരിസ്ഥിതി ദിനത്തിലെങ്കിലും അധ്യാപക ദൂഷണങ്ങള്‍ എഴുതി ഈ ബ്ലോഗ് മലീമസമാക്കാതിരിക്കുക.
4) ലോക നേത്ര ദിനത്തിലെങ്കിലും അധ്യാപകരുടെ ശമ്പളം, സറണ്ടര്‍ , ഇന്ഷുറന്സ് , ഇവയെക്കുറിച്ചുള്ള കണ്ണുകടി ഒഴിവാക്കുക .
ദേ ഒരു സൂപ്പര്‍ അനുഭവം ....
ലഹരിക്കാര് മാത്രമല്ല...
വഴക്കാളികളും ഉണ്ട്...
.
പലപ്പോഴും പല വിശേഷ ദിനങ്ങളും തൊട്ടു തലേന്നാണ് അറിയുന്നതെന്നും അതിനാല്‍ തന്നെ വേണ്ട രീതിയില്‍ അവ ആചരിക്കാന്‍ സാധിക്കാറില്ലെന്നും ഈ തരം വിശേഷ ദിനങ്ങള്‍ നേരത്തെ അറിയിക്കാനുള്ള സംവിധാനം മാത്സ് ബ്ലോഗ് ഒരുക്കുകയാണെങ്കില്‍ അത് ഏറെ സഹായകരമാകുമെന്നും പല സ്‌കൂള്‍ അധികാരികളും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ തരത്തില്‍ വിശേഷ ദിനങ്ങള്‍ക്കുള്ള തയാറെടുപ്പ് നേരത്തെ നടത്താനും ദിനാചരണത്തിനുള്ള ആശയങ്ങള്‍ പരസ്‌പരം പങ്കു വയ്‌ക്കാനും ഉള്ള ഉദ്ദേശത്തില്‍ തുടങ്ങിവച്ച ആദ്യ പോസ്‌റ്റായിരുന്നു ഇത്. എന്നാല്‍ ഇതിനു ലഭിച്ച പ്രതികരണം അല്‍പം നിരാശാജനകമായിരുന്നുവെന്ന് വേദനയോടെ പറയട്ടെ....
സംവാദം തല്‍കാലത്തേക്ക് നിര്‍ത്തിവച്ചതിന്റെ പരിഭവം പലരുടെയും കമന്റുകളില്‍ പ്രതിഫലിച്ചിരുന്നു.. ആ പരിഭവമായിരിക്കാം ഈ തരത്തിലൊരു പ്രതികരണത്തിനു കാരണമെന്നു കരുതുന്നു...
@ ജോണ്‍ സര്‍
തീര്‍ച്ചയായും മരം നടീല്‍ പുണ്യ കര്മ്മം തന്നെ, പല വിദ്യാലയങ്ങളിലെയും മരങ്ങള്‍ക്ക് ഏറെ കഥകള്‍ പറയാനുണ്ട്. ഈ തരം ദൌത്യങ്ങള്‍ വരും തലമുറയ്‌ക്കും സഹായകമായിരിക്കുമെന്നതില്‍ സംശയമില്ല, പ്രതികരണത്തിണു നന്ദി
@ഹോംസ്
വീണ്ടും പഴയ ഹോംസിനെയാണ് ഈ സംവാദത്തില്‍ കാണാന്‍ കഴിഞ്ഞത്. അദ്ധ്യാപകരെ കുറിച്ച് മോശമായി പറഞ്ഞതിനു മാപ്പു പറഞ്ഞ ഹോംസ് ഇപ്പോള്‍ വീണ്ടും അതേ പഴയ ശൈലി തുടരുന്നു..എന്നാലും ഹോംസിന്റെ ഈ വ്യത്യസ്‌ത നിലപാടുകള്‍ ഏവരും ഇഷ്ടപ്പെട്ടു തുടങ്ങിയെന്നാണ് മറ്റുള്ളവരുടെ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നത്, നന്ദി
@ രാമനുണ്ണി സാര്‍
ശരിയാണ്. എല്ലാ കുട്ടികളെയും പരിഗണിക്കുന്നതും കുട്ടിക്ക് കൂടുതല്‍ പഠനാനുഭവങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതുമാവട്ടെ സ്‌കൂള്‍ തലത്തില്‍ നടക്കുന്ന പരിപാടികള്‍ എന്നു തന്നെ നമുക്കാശിക്കാം.
പ്രതികരണത്തിനു നന്ദി
@ ബാബു ജേക്കബ് സാര്‍
പരിസ്ഥിതി ദിനത്തില്‍ മരത്തൈ വിതരണം കഴിഞ്ഞ് കുട്ടികള്‍ അതു പോതിഞ്ഞു കൊണ്ടു വന്ന പ്ലാസ്‌റ്റിക്ക് കവര്‍ ചുറ്റും വിതറി പരിസ്ഥിതി സംരക്ഷിക്കുന്നു എന്ന നിരീക്ഷണം വ്യത്യസ്‌തമായിരുന്നു... തീര്ച്ചയായും അതിലൊരു വൈരുദ്ധ്യമുണ്ട്.. എന്തെങ്കിലും ഒരു പരിഹാരമാര്ഗത്തെ കുറിച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു..
പ്രതികരിച്ചതിനും നിര്ദ്ദേശങ്ങള്‍ക്കും നന്ദി
@ ജോണ്‍ പി.എ സാര്‍
തീര്‍ച്ചയായും, മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ ചിന്തകളും ഇന്നത്തെ വിദ്യാഭ്യാസ രീതികളും കോര്‍ത്തിണക്കിയുള്ള ഒരു പോസ്‌റ്റിന് ആരെങ്കിലും ശ്രമിക്കുമെന്നു തന്നെ കരുതാം
@ ജയദേവന്‍ സാര്‍
ബ്ലോഗിലേക്ക് സ്വാഗതം. അങ്ങയെപ്പോലുള്ളവരുടെ സാന്നിദ്ധ്യം ഞങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല..അഭിപ്രായങ്ങള്‍ അറിയിച്ചതിനു നന്ദി, തുടര്‍ന്നും സഹകരണം ഉണ്ടാകുമല്ലോ
@ ചിക്കു
മാത്സ് ബ്ലോഗിലേക്ക് സ്വാഗതം... ഇപ്പോള്‍ ശിക്ഷാ നടപടികളെല്ലാം കുറഞ്ഞു ചിക്കൂ, പഴയ പോസ്‌റ്റുകള്‍ നോക്കുന്നതിനിടെ അദ്ധ്യാപകരും ശിക്ഷാ നടപടികളും എന്ന പോസ്‌റ്റ് കണ്ടില്ലേ..?
@ സി.കെ ബിജു
ഇന്നു ദിനങ്ങളുടെ അതിപ്രസരമാണ് എന്ന നിരീക്ഷണം ശരിയാണ്. എന്നാല്‍ പണ്ടും ഈ ദിനങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ അവ കൂടുതലായി ആചരിക്കാന്‍ തുടങ്ങിയത് ഇപ്പോളാണ് എന്നാണു തോന്നുന്നത്..
വിദ്യര്‍ത്ഥികള്‍ അവര്ക്ക് എളുപ്പം താദാമ്യം പാലിക്കാനാകുന്ന ദിനങ്ങള്‍ സ്വയം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് ഫ്രണ്ട് ഷിപ്പ് ദിനവും വാലന്റൈസ് ദിനവുമെല്ലാം കുട്ടികള്‍ക്കിടയില്‍ ഇത്ര പ്രിയങ്കരമാവുന്നത്. യുവാക്കളെ ആകര്‍ഷിക്കാനായി കാര്‍ഡ് കമ്പനികളും ടി.വി ചാനലുകളും അവയ്‌ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ വിപണ സാധ്യത കുറവായതിനാല്‍ മയക്കു മരുന്നു വിരുദ്ധ ദിനം പോലുള്ളവ അവര്‍ ഒരു പരിധി വരെ അവഗണിക്കുന്നു; കുട്ടികളും.
കുട്ടികളില്‍ മൂല്യ ബോധം ഉണ്ടാക്കാന്‍ കൂടുതല്‍ സഹായിക്കുന്ന ദിനങ്ങള്‍ കണ്ടെത്തി അവയെ ആചരിക്കാന്‍ പ്രേരിപ്പിക്കുകയും ആ ദിനാചരണം കൊണ്ടുദ്ദേശിക്കുന്ന ഫലം കുട്ടികള്ക്ക് ലഭിച്ചു എന്നുറപ്പു വരുത്തുകയും ചെയ്യേണ്ടത് ഒരു അദ്ധ്യാപകന്റെ കടമയാണ്...
പ്രതികരണങ്ങള്‍ അറിയിച്ചതിനു നന്ദി
@ ലളിത ടീച്ചര്‍
നന്ദി
(തുടരുന്നു)
...(തുടര്ച്ച)
@ വിജയന്‍ കടവത്ത് സാര്‍
പരിഭവങ്ങള്‍ മനസിലാക്കുന്നു...ഇനി ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാം. 'തെമ്മാടിക്കുഴിയില്‍ തള്ളി' (പ്രയോഗത്തില്‍ ലേശം പരിഭവമുണ്ട്, എങ്കിലും അമര്‍ഷം വാക്കുകളിലൂടെ പുറത്തു വന്നതാണെന്നും അതു മാത്സ് ബ്ലോഗിനോടുള്ള സ്‌നേഹത്തില്‍ പൊതിഞ്ഞതാണെന്നും മനസിലാക്കുന്നു) യെന്നു പരിഭവപ്പെട്ടെങ്കിലും അതിനെ വക വയ്‌ക്കാതെ തിരിച്ച് മാത്സ് ബ്ലോഗിലെത്തിയതിനം കമന്റ് ചെയ്‌തതിനും നന്ദി..
ഇനിയും ബ്ലോഗിനോടു പിണങ്ങരുതെന്ന ഒരു അഭ്യര്‍ത്ഥന കൂടി ഈ അവസരത്തില്‍ അറിയിക്കട്ടെ.. സാര്‍ പിണങ്ങി കമന്റു ബ്ലോക്‍സില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു എന്ന ഭാഗം ഞെട്ടലോടെയാണു വായിച്ചത്... നിങ്ങളെപ്പോലുള്ളവരാണു ബ്ലോഗിനെ വളര്ത്തി വളര്‍ത്തിയത്/ വളര്‍ത്തുന്നത്.. നിങ്ങളുടെയൊക്കെ ഭാഗത്തു നിന്നുള്ള ചെറിയ പിണക്കം പോലും ഞങ്ങളെ ഏറെ വേദനിപ്പിക്കും എന്നു കൂടി ഈ അവസരത്തില്‍ അറിയിക്കുകയാണ്.
@ ഷംസുദ്ദീന്‍ സാര്‍
ഹോംസിന്റെ സ്‌കൂള്‍ ദിനങ്ങള്‍ പബ്ലിഷ് ചെയ്‌തൂടേ എന്നത് ഒരു നല്ല ആശയമാണ്.. എന്തു പറയുന്നു ഹോംസ് ...? പബ്ലിഷ് ചെയ്യാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ അതിനു വേദിയൊരുക്കാന്‍ മാത്സ് ബ്ലോഗും തയാറാണ്... mathsekm@gmail.com ലേക്ക് അയച്ചു തന്നാല്‍ മതി.
@ കിരണം
നല്ല കുറച്ച് നിര്‍ദ്ദേശങ്ങള്‍ അറിയിച്ചതിനു നന്ദി.. അദ്ധ്യാപകരുടെ പ്രശ്‌നങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്..
@ ചിക്കു.
നല്ല നിര്‍ദ്ദേശങ്ങള്‍ ... തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കാമല്ലോ...
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കട്ടെ..
പുതിയൊരു വിഷയവുമായി അടുത്ത ഞായറാഴ്‌ച മാത്സ് ബ്ലോഗ് എത്തും, തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്
മാത്സ് ബ്ലോഗ് ടീം..
സത്യമായും ദിനാചരണങ്ങൾ വഴിപാടായിരിക്കുന്നു. തീർച്ചയായും നമ്മൾ അദ്ധാപകർ തന്നെ വേണം ഈ അവസ്ഥ മാറ്റിയെടുക്കുവാൻ.തുടർ പ്രവർത്തനങ്ങൾ ഇല്ലാത്തതാണ് പലപ്പോഴും പരാജയത്തിന്റെ കാരണം.
Post a Comment