റിച്ചാഡ് സ്റ്റാള്‍മാനോടൊപ്പം മാത്സ് ബ്ലോഗ് ടീം
>> Monday, January 23, 2012


സ്‌കൂളുകളും സര്‍ക്കാരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണം - സ്റ്റാള്‍മാന്‍
Read More | തുടര്‍ന്നു വായിക്കുക
"അധ്യാപകപരിശീലനത്തിനെത്തിയ പതിനെട്ടുകാരിയായ പെണ്‍കുട്ടി. അവള്‍ അഞ്ചാം ക്ലാസിലെ കുട്ടികളെ കല്‍ക്കരിയെ കുറിച്ചു പഠിപ്പിക്കാന്‍ പോകുന്നു. വളരെ മനോഹരമായി അവള്‍ പാഠങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ക്ലാസില്‍ കാണിക്കേണ്ട പ്രവര്‍ത്തനങ്ങളെല്ലാം ഭംഗിയായി ഒരുക്കിയിട്ടുമുണ്ട്. അധ്യാപക പരിശീലകയായ എന്നെ കാണിച്ചു.
അവളുടെ പരിശ്രമം കണക്കിലെടുത്ത് ഞാനതു തിരുത്തൊന്നും കൂടാതെ അംഗീകരിച്ചു. തുടര്‍ന്ന് അവളുടെ ക്ലാസ് കാണാന്‍ ഞാനും ചെന്നിരുന്നു. മനോഹരമായി അവള്‍ പാഠങ്ങള്‍ പഠിപ്പിച്ചു. കുട്ടികളുടെ പ്രാതിനിധ്യം കൂടുതലായുണ്ടെന്നു തോന്നിയില്ല. എഴുതിത്തയാറാക്കിയതിനനുസരിച്ച് അവള്‍ മനോഹരമായി പാഠങ്ങള്‍ എടുത്തു തീര്‍ക്കുന്നുണ്ടെങ്കിലും എവിടെയോ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു.
അവളുടെ ക്ലാസു കഴിഞ്ഞതും ഞാന്‍ ആ ക്ലാസിലുണ്ടായിരുന്ന ഒരു കുട്ടിയെ വിളിച്ച് കല്‍ക്കരിയെന്തെന്നു ചോദിച്ചു. അവന്‍ അറിയില്ലെന്നു പറഞ്ഞു. ഞാന്‍ ക്ലാസിലുണ്ടായിരുന്ന മറ്റു കുട്ടികളെ നോക്കി. അവരു പേടിയോടെയാണ് എന്നെ നോക്കുന്നത്. ഇനി കല്‍ക്കരിയെന്തെന്നു ഞാന്‍ അവരോടു ചോദിച്ചെങ്കിലോ എന്ന പേടി. ആ കുട്ടികളുടെ അവസ്ഥ മനസിലാക്കി ഞാന്‍ അവരോടു കൂടുതലൊന്നും ചോദിച്ചില്ല.
തുടര്‍ന്ന് സ്‌റ്റാഫ് റൂമില്‍ ചെല്ലുമ്പോള്‍ പൊട്ടിക്കരയുന്ന ആ പതിനെട്ടുകാരിയെ ആണു കണ്ടത്.."
കെ.ടി മാര്‍ഗരറ്റിന്റെ "ദി ഓപ്പണ്‍ സ്‌കൂള്‍ "എന്ന പുസ്‌തകത്തില്‍ അവരെഴുതിയ അനുഭവമാണിത്.
ഓര്‍മ്മയുണ്ടോ ആ സുവര്‍ണ്ണകാലം...? അധ്യാപക പരിശീലനത്തിനെത്തിയ കാലം.. ആദ്യമായി കുട്ടികളെ ക്ലാസില്‍ അറിഞ്ഞ കാലം.. രാത്രി ഉറക്കളച്ചിരുന്ന് റെക്കോഡുകളെഴുതിയും ചാര്‍ട്ടുകള്‍ തയാറാക്കിയും അവയ്‌ക്ക് ഒപ്പു വാങ്ങാന്‍ ഓടി നടന്നും ടെന്‍ഷനടിച്ച കാലം.. നാളെ ക്ലാസില്‍ എന്തു ചെയ്യണമെന്ന് ആലോചിച്ച് തലപുകച്ച കാലം..
ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു തമാശ..
പക്ഷെ ആ കാലത്ത് അവ എന്തെല്ലാം ടെന്‍ഷനടിപ്പിച്ചിരിക്കണം..
ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു സാധിക്കുമെന്ന് നമ്മെ പഠിപ്പിച്ച കാലമാണതെന്നാണ് ഒരു സുഹൃത്ത് ഈയിടെ അഭിപ്രായപ്പെട്ടത്. പലരും സഹകരണം എന്തെന്ന് പഠിക്കുന്ന കാലമാണതെന്നും ഒരഭിപ്രായം കേട്ടു. എന്തായാലും ഇത്രയധികം ജോലികള്‍ തെരക്കിട്ട് ചെയ്‌തു തീര്‍ത്ത അവസരങ്ങള്‍ വിരളമാകാനാണ് സാധ്യത.
മുകളില്‍ സൂചിപ്പിച്ച അനുഭത്തിലേതു പോലെ നമ്മെ ഏറെ വേദനിപ്പിച്ച സ്‌കൂള്‍ അനുഭവങ്ങള്‍ അക്കാലത്തുണ്ടായിട്ടുണ്ടാകാം. അതു പോലെ കുട്ടീകളുടെ പല പ്രശ്‌നങ്ങളും ആദ്യമായി മുന്നിലെത്തുമ്പോള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്നാലോചിച്ച് തലപുകച്ചിട്ടുണ്ടാകാം. പിന്നീട് ആലോചിക്കുമ്പോള്‍ ഉള്ളില്‍ ചിരിയുണര്‍ത്തുന്ന ഓര്‍മ്മകളും ഉണ്ടാകാം. അവയൊക്കെയൊന്നു പങ്കു വച്ചു കൂടേ....?
അതു പോലെ ഇപ്പോള്‍ 'അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍' പരിശീലനത്തിനായി നമ്മുടെ സ്‌കൂളുകളില്‍ എത്തുന്ന കാലമാണ്..
അവരുടെ ശൈലിയും നമ്മുടേതുമായി യോജിച്ചു പോകുന്നുണ്ടോ..? അതായത് നമ്മള്‍ ഐ.സി.ടി അധിഷ്ഠിതമായി മുന്നോട്ടു പോകുമ്പോള്‍ പരിശീലനത്തിനെത്തിയവരും അതേ ശൈലിയാണോ സ്വീകരിക്കുന്നത്..?
മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ഗൌരവം കുറയുന്നുണ്ടോ..? വഴിപാടായി ഇതു മാറുന്നുണ്ടോ..?
അധ്യാപക പരിശീലനത്തിനുള്ളവര്‍ എത്തിയാല്‍ സ്‌കൂളിലെ അച്ചടക്കം പോകും എന്ന അഭിപ്രായത്തോടു യോജിക്കുന്നുണ്ടോ ?
അവര്‍ ക്ലാസെടുക്കുമ്പോള്‍ നമ്മള്‍ ചെന്നിരുന്നാല്‍ അവര്‍ക്കു് അസ്വസ്ഥത, ചെല്ലാതിരുന്ന് ക്ലാസില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സമാധാനം നമ്മള്‍ പറയുകയും വേണം..
അവരൊപ്പിക്കുന്ന തമാശകളും അബദ്ധങ്ങളും വേദനിപ്പിച്ച സംഭവങ്ങളും....കൂടാതെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളും ഒപ്പം നമ്മുടെ അനുഭവങ്ങളുമെല്ലാം തുറന്നെഴുതുക.
കഴിഞ്ഞയാഴ്ചത്തെ സംവാദത്തിന്റെ കമന്റുബോക്സില്‍ നിറഞ്ഞുനിന്നിരുന്ന ഒരു നാമമാണ് 'ഹോംസ്'. റവന്യൂവകുപ്പ് ജീവനക്കാരനാണെന്ന് ഞങ്ങളനുമാനിക്കുന്ന ആ സുഹൃത്തിന്റെ പ്രതികരണങ്ങളില്‍ ആദ്യാവസാനം നുരഞ്ഞുയര്‍ന്ന അധ്യാപകവിരോധം ഞങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്!
പല സുഹൃത്തുക്കളും ,ഫോണിലൂടെയും മറ്റും, അയാള്‍ക്ക് ചുട്ട മറുപടി കൊടുക്കണമെന്നും ''പന്നി"യെന്നും മറ്റുമൊക്കെ ടീച്ചര്‍മാരെ വിളിച്ച കമന്റുകള്‍ നീക്കം ചെയ്യണമെന്നുംവരെ ആവശ്യപ്പെട്ടു. എന്നാല്‍, സംവാദത്തിന്റെ മൂര്‍ദ്ധന്യത്തിനിടയിലെ ഇടവേളകളിലൊന്നില്‍ ഏറെ നിഷ്കളങ്കമായ ഒരു ചോദ്യത്തിന് ഹോംസ് നല്കിയ മറുപടി വായനക്കാരെ സ്തബ്ധരാക്കാന്‍ പോന്നതായിരുന്നു....അതുവരെ അദ്ദേഹത്തോടുതോന്നിയ എല്ലാ അനിഷ്ടവും ഉരുകിയൊലിച്ച് സഹതാപത്തിനും ധാര്‍മ്മികമായ കുറ്റബോധത്തിനും വഴിമാറിയതുപോലെയാണ് മാത്സ് ബ്ലോഗിനു തോന്നിയത്.
കഴിഞ്ഞ പോസ്റ്റ് വായിക്കാന്‍ കഴിയാതിരുന്നവര്‍ക്കു വേണ്ടി ഇത്തരതതിലുള്ള മാറ്റത്തിനു കാരണമായ മനുവിന്റെ ചോദ്യവും ഹോംസിന്റെ മറുപടിയും ഇവിടെ ഒരിക്കല്‍ക്കൂടി എടുത്തെഴുതാം.
മനു : "ഹോംസ് ചേട്ടനെന്താ ടീച്ചര്‍മാരോട് ഇത്ര വിരോധം? സ്കൂളില്‍ പഠിക്കുമ്പോള്‍ നല്ല തല്ലു കിട്ടിയിട്ടുണ്ടാകുമല്ലേ? ഇപ്പോള്‍ പറയുന്നത് വായിച്ചാലറിയാം, നല്ല വികൃതി ആയിരുന്നിരിക്കും."
ഹോംസ് :
"മനൂ,
ഹോംസ് ചേട്ടന്‍ എന്നും ഒറ്റക്കായിരുന്നു.
സത്യത്തില്‍, ചെറുപ്പന്നേ അനാഥനായിരുന്ന ഈ ചേട്ടന് ആവശ്യമായ വൈകാരിക സംരക്ഷണം സ്കൂളില്‍ നിന്നുപോലും കിട്ടിയില്ല! ഒരു കീഴാളജാതിയില്‍ ജനിച്ച ചേട്ടന്റെ കറുപ്പുനിറത്തെ കളിയാക്കാന്‍ ആറാംക്ലാസ്സിലെ അബോക്കര്‍ മാഷ് ചെയ്തത് മോനറിയണോ?
"വര്‍ണ്ണവൈജാത്യങ്ങള്‍" സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ പഠിപ്പിക്കുകയായിരുന്നൂ കക്ഷി!
"പഠിക്കുന്ന കുട്ടി"യായിരുന്ന സുഹറാബിടീച്ചറുടെ മകള്‍ സാജിതയുടെ കൈ ഉയര്‍ത്തിച്ച് വെളുത്തവര്‍ഗ്ഗക്കാരുടെ പ്രത്യേകതകള്‍ വിശദമാക്കിയ ശേഷം, ഹോംസിന്റെ കൈ ഉയര്‍ത്തിച്ച് കറുത്തവര്‍ഗ്ഗക്കാരുടെ സവിശേഷതകള്‍ വിസ്തരിച്ചു കളഞ്ഞൂ, ആ കശ്മലന്‍!!ഭൂമി പിളര്‍ന്ന് താഴോട്ടു പോയിരുന്നെങ്കിലെന്ന് മോഹിച്ചുപോയീ, കരച്ചിലിനിടയിലും ഹോംസ്!"
വാദപ്രതിവാദങ്ങളുടെ രൂക്ഷതയില്‍ കത്തിപ്പടര്‍ന്നുകയരുകയായിരുന്ന സംവാദ ചര്‍ച്ച ബ്രേക്കിട്ടതു പോലെ അവിടെ നിന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു അധ്യാപകന്റെ ഭാഗത്തു നിന്നു വന്ന കൈത്തെറ്റിന്റെ ആഘാതം, ഏറെ കാലത്തിനുശേഷവും ഒരു വ്യക്തിയുടെയുള്ളില്‍ നീറിപ്പുകയുന്നുവെന്ന സത്യത്തിന്നു മുമ്പില്‍ എല്ലാവരും തരിച്ചുപോയിരിക്കണം!
സ്വയം വിമര്‍ശനത്തിനു അധ്യാപക സമൂഹത്തെ പ്രേരിപ്പിക്കുന്ന ഒരു കമന്റായാണ് മാത്സ് ബ്ലോഗിന് ഇതനുഭവപ്പെട്ടത്. അധ്യാപകര്‍ ക്ലാസില്‍ പറയുന്ന വാചകങ്ങള്‍, പ്രവൃത്തികള്‍, നല്‍കുന്ന ശിക്ഷാ നടപടികള്‍ എല്ലാം ഏറെ ആഴത്തിലാണ് കുട്ടികളുടെ മനസ്സില്‍ പതിയുന്നത് എന്നത് ശിക്ഷകള്‍ നല്‍കുമ്പോഴോ, അവരെ പരിഹസിക്കുമ്പോഴോ നമ്മില്‍ പലരും ചിന്തിക്കാറില്ല.
മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു.
കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനായ, യുവാവായ ഒരധ്യാപകസുഹൃത്തിന്റെയൊപ്പം ബസില്‍ ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ, ഒരു വീടിന്റെ പൂമുഖത്ത് തന്റെ തളര്‍ന്ന ശരീരം ചാരുകസേരയിലേക്ക് ചായ്ച്, ആര്‍ക്കും അനുതാപം തോന്നത്തക്കവണ്ണമുള്ള ഒരു ദയനീയരൂപത്തെ നോക്കി സുഹൃത്ത് ഒരു തെറിവാക്കാണ് പറഞ്ഞത്. അമ്പരന്നുപോയ എന്നോട് സുഹൃത്ത് അതിന്റെ കാരണവും വ്യക്തമാക്കി. ആ കസേരയിലിരുന്ന മനുഷ്യന്‍ മൂന്നാം ക്ലാസ്സില്‍ തന്റെ ക്ലാസ് ടീച്ചറായിരുന്നുവെന്നും, ഒരു കാരണവുമില്ലാതെ കടുത്ത ശിക്ഷകള്‍ നല്‍കിയിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്നതത്രെ!
വിദ്യാര്‍ഥികളെ നന്നാക്കാനാണ് അധ്യാപകരുടെ ശിക്ഷയെന്നാണു വെപ്പ്. എന്നാല്‍ അവ വിപരീതഫലം ഉണ്ടാക്കുന്നുവെന്നതിനു തെളിവല്ലേ ഈ രണ്ടാമത്തെ സംഭവം?
സ്കൂളുകളില്‍ അധ്യാപകര്‍ കുട്ടികളോടു സ്വീകരിക്കുന്ന സമീപനം എന്തായിരിക്കണമെന്നാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ചര്‍ച്ച. വിദ്യാര്‍ഥികളെ മാനസികമായി തകര്‍ക്കുന്ന സമീപനം അധ്യാപകരില്‍ നിന്നും ഉണ്ടാകാമോ...? സ്കൂളുകളില്‍ നല്‍കുന്ന ശാരീരികമായ ശിക്ഷാനടപടികള്‍ പൂര്‍ണ്ണമായും നിരോധിക്കേണ്ടതുമണ്ടോ..? മനശാസ്ത്രപരമായ സമീപനം സ്കൂളുകളില്‍ പ്രാവര്‍ത്തികമായിട്ടുണ്ടോ..? എന്നിങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നുവരുന്നുണ്ട്. ഏറെയൊന്നും മാറാത്ത ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തി നഷ്ടപ്പെടാത്ത വിഷയമെന്ന നിലയില്‍ മുഴുവന്‍ ബൂലോകവാസികളേയും ഈ ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇക്കഴിഞ്ഞ ദിവസം, ഒരു റവന്യൂജില്ലാ ഗണിതമേളയില്‍ വിധികര്‍ത്താവാകാന്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ച ഒരു ഗണിതാധ്യാപകന്‍ തന്റെ അനുഭവം ബ്ലോഗിന്റെ വായനക്കാര്‍ക്കായി പങ്കുവെയ്ക്കുകയാണിവിടെ. ഉയര്‍ന്ന ക്ലാസ്സുകളിലെ ഗണിത സമസ്യകളും മറ്റും, തത്തയെ പഠിപ്പിക്കും പോലെ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയും, ആവര്‍ത്തനവിരസങ്ങളായ പഴഞ്ചന്‍ അധ്യാപനമുറകള്‍ യാതൊരുളുപ്പുമില്ലാതെ പൊടിതട്ടിയെടുത്ത് പുത്തനാക്കി അവതരിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരെയാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. നിങ്ങള്‍ക്ക് അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. ഒരു ഞായറാഴ്ച സംവാദത്തിനുള്ള വകുപ്പ് ഈ വിഷയത്തിലുണ്ടെന്നുള്ള പ്രതീക്ഷയില്‍ ഇത് പ്രസിദ്ധീകരിക്കുന്നു. വായിക്കുക. പ്രതികരിക്കുക. പ്രതികരണത്തില്‍, മേളകള്‍ പിന്നെ എങ്ങിനെയായിരിക്കണമെന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി അറിയിക്കുമല്ലോ.
രംഗം 1
നമ്പര്‍ ചാര്‍ട്ട് വിഭാഗത്തിലെ ഓണ്‍ ദി സ്പോട്ട് മത്സരശേഷമുള്ള വിധി നിര്‍ണ്ണയം
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്ന ചാര്‍ട്ട് 'മള്‍ട്ടിഗ്രേഡ് പ്രൈം നമ്പേഴ്സ്' എന്നതാണ്. പ്രൈം നമ്പറുകളില്‍ നിന്നും പെര്‍ഫക്ട് നമ്പറുകള്‍ കണ്ടുപിടിക്കുന്നതിനുള്ള ......."
"ശരി മോളേ, എന്താണീ പ്രൈം നമ്പര്‍ ?"
മാത്സ് മിസ്സ് കാണാതെ പഠിപ്പിച്ചുവിട്ട ഡയലോഗുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തിയ വിധികര്‍ത്താവിനോടുള്ള ഈര്‍ഷ്യയും അപ്രതീക്ഷിത ചോദ്യത്തിനുത്തരം നല്‍കാനാകാഞ്ഞതിലുള്ള വിഷമവും നിഴലിച്ച മുഖവുമായി ആ എട്ടാം ക്ലാസ്സുകാരി നിമിഷങ്ങളോളം മൌനിയായി. വീണ്ടും മുഖത്ത് പ്രസന്നഭാവം വരുത്തി തുടര്‍ന്നു.
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്ന ചാര്‍ട്ട് 'മള്‍ട്ടിഗ്രേഡ് പ്രൈം നമ്പേഴ്സ്' ....."
"ഒരു പ്രൈം നമ്പര്‍ പറയൂ മോളേ.."
ഇത്തവണ കുട്ടി കരച്ചിലിന്റെ വക്കോളമെത്തി. അഭാജ്യസംഖ്യകളില്‍ നിന്നും പെര്‍ഫക്ട് നമ്പറുകള്‍ കണ്ടെത്തുന്നതിനുള്ള വഴികളടങ്ങിയ മനോഹരങ്ങളായ മൂന്നു ചാര്‍ട്ടുകള്‍ അവളുടെ കൈകളിലിരുന്നു വിറച്ചു.
രംഗം പന്തികേടാകുമെന്നു തിരിച്ചറിഞ്ഞ വിധികര്‍ത്താക്കള്‍ തന്മയത്വത്തോടെ ചാര്‍ട്ടിന്റെ ഭംഗിയെ വാഴ്ത്തി ഒരു വിധം അവളെ പറഞ്ഞയച്ചു.
രംഗം 2
ഹൈസ്കൂള്‍ വിഭാഗം ആധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയിഡ് വിഭാഗത്തിലെ ഓണ്‍ ദി സ്പോട്ട് മത്സരശേഷമുള്ള വിധി നിര്‍ണ്ണയം
"ഗുഡ് ആഫ്റ്റര്‍ നൂണ്‍ ജഡ്ജസ്. ഇന്ന് ഗണിതപഠനം വളരെ വിരസവും യാന്ത്രികവുമായിരിക്കുകയാണല്ലോ? ഇതു പരിഹരിക്കാനായി, ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ജ്യാമിതിയിലെ ഏതാണ്ട് ഇരുപതോളം സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനോന്മുഖമായി പഠിപ്പിക്കാനുതകുന്ന ഒരു നവീന ടീച്ചിംഗ് എയിഡാണ് ഈ ജിയോബോര്‍ഡില്‍ ഞാന്‍ ഉണ്ടാക്കിയിരിക്കുന്നത്......." തുടര്‍ന്ന്, ഈ 'നവീന' എയ്ഡുപയോഗിച്ച് എങ്ങിനെ ഇരുപതോളം സിദ്ധാന്തങ്ങള്‍ പ്രവര്‍ത്തനോന്മുഖമായി പഠിപ്പിച്ചെടുക്കാമെന്നുള്ള നോണ്‍സ്റ്റോപ്പ് വിവരണങ്ങളും. ആകെ നാലുപേര്‍ മാത്രം പങ്കെടുത്ത മത്സരത്തില്‍ ഇതേ നവീന ഐറ്റവുമായിത്തന്നെ മറ്റൊരാള്‍ കൂടി അക്ഷമയായി വിധികര്‍ത്താക്കളേയും കാത്തിരിക്കുന്നുണ്ടായിരുന്നു!
വിധിനിര്‍ണ്ണയം അവസാനിപ്പിച്ച് പുറത്തിറങ്ങും വഴി , സഹവിധികര്‍ത്താക്കളിലൊരാളും, ഏറെ പരിചയസമ്പന്നനുമായ റിട്ടയേഡ് അധ്യാപകന്റെ കമന്റ്. "കഴിഞ്ഞ 18 വര്‍ഷമായി, ഈ 'നവീന' ഐറ്റമില്ലാത്ത ഒരു മേളയും ഞാന്‍ കണ്ടിട്ടില്ല!"
രംഗം 3
വിധി നിര്‍ണ്ണയങ്ങള്‍ക്കു ശേഷം, സംഘാടകര്‍ കവറിലാക്കിത്തന്ന പ്രതിഫലവും പേറി വീട്ടില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുന്നു.
ഇതിനോടകം റിസല്‍റ്റുകള്‍ പ്രഖ്യാപിച്ചിരിക്കണം. അത്രയൊന്നും പ്രസന്നമല്ലാത്ത മുഖഭാവത്തോടെ, ഒരു കുട്ടിയുടെ കൈയും പിടിച്ച് ഒരു ടീച്ചര്‍ തിരയ്കിട്ട് സ്റ്റോപ്പിലേക്ക്. സ്റ്റോപ്പില്‍ വിധികര്‍ത്താക്കളിലൊരാളെ കണ്ടതും, ദഹിപ്പിക്കുന്ന ഒരു നോട്ടം. "നിന്റെയൊക്കെ ഒരു ജഡ്ജ്മെന്റ്, ശരിയാക്കിത്തരാമെടാ..." എന്ന മട്ടില്‍.
ആദ്യം വന്ന ബസ്സിലേക്ക് കുട്ടിയേയും വലിച്ചു കയറുന്നതിനിടയില്‍ വ്യക്തമായി കണ്ടൂ, തോളിലെ ഹാന്റ്ബാഗിനു മുകളില്‍ ചുരുട്ടിവെച്ച മൂന്നു ചാര്‍ട്ടുകളും, കക്ഷത്തില്‍, ന്യൂസ്പേപ്പറില്‍ പൊതിഞ്ഞെടുത്ത പഴകിയ ആ ജിയോബോര്‍ഡും!