അധ്യാപകരും ശിക്ഷാ നടപടികളും.
>> Sunday, May 2, 2010
കഴിഞ്ഞയാഴ്ചത്തെ സംവാദത്തിന്റെ കമന്റുബോക്സില്‍ നിറഞ്ഞുനിന്നിരുന്ന ഒരു നാമമാണ് 'ഹോംസ്'. റവന്യൂവകുപ്പ് ജീവനക്കാരനാണെന്ന് ഞങ്ങളനുമാനിക്കുന്ന ആ സുഹൃത്തിന്റെ പ്രതികരണങ്ങളില്‍ ആദ്യാവസാനം നുരഞ്ഞുയര്‍ന്ന അധ്യാപകവിരോധം ഞങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്!
പല സുഹൃത്തുക്കളും ,ഫോണിലൂടെയും മറ്റും, അയാള്‍ക്ക് ചുട്ട മറുപടി കൊടുക്കണമെന്നും ''പന്നി"യെന്നും മറ്റുമൊക്കെ ടീച്ചര്‍മാരെ വിളിച്ച കമന്റുകള്‍ നീക്കം ചെയ്യണമെന്നുംവരെ ആവശ്യപ്പെട്ടു. എന്നാല്‍, സംവാദത്തിന്റെ മൂര്‍ദ്ധന്യത്തിനിടയിലെ ഇടവേളകളിലൊന്നില്‍ ഏറെ നിഷ്കളങ്കമായ ഒരു ചോദ്യത്തിന് ഹോംസ് നല്കിയ മറുപടി വായനക്കാരെ സ്തബ്ധരാക്കാന്‍ പോന്നതായിരുന്നു....അതുവരെ അദ്ദേഹത്തോടുതോന്നിയ എല്ലാ അനിഷ്ടവും ഉരുകിയൊലിച്ച് സഹതാപത്തിനും ധാര്‍മ്മികമായ കുറ്റബോധത്തിനും വഴിമാറിയതുപോലെയാണ് മാത്സ് ബ്ലോഗിനു തോന്നിയത്.
കഴിഞ്ഞ പോസ്റ്റ് വായിക്കാന്‍ കഴിയാതിരുന്നവര്‍ക്കു വേണ്ടി ഇത്തരതതിലുള്ള മാറ്റത്തിനു കാരണമായ മനുവിന്റെ ചോദ്യവും ഹോംസിന്റെ മറുപടിയും ഇവിടെ ഒരിക്കല്‍ക്കൂടി എടുത്തെഴുതാം.
മനു : "ഹോംസ് ചേട്ടനെന്താ ടീച്ചര്‍മാരോട് ഇത്ര വിരോധം? സ്കൂളില്‍ പഠിക്കുമ്പോള്‍ നല്ല തല്ലു കിട്ടിയിട്ടുണ്ടാകുമല്ലേ? ഇപ്പോള്‍ പറയുന്നത് വായിച്ചാലറിയാം, നല്ല വികൃതി ആയിരുന്നിരിക്കും."
ഹോംസ് :
"മനൂ,
ഹോംസ് ചേട്ടന്‍ എന്നും ഒറ്റക്കായിരുന്നു.
സത്യത്തില്‍, ചെറുപ്പന്നേ അനാഥനായിരുന്ന ഈ ചേട്ടന് ആവശ്യമായ വൈകാരിക സംരക്ഷണം സ്കൂളില്‍ നിന്നുപോലും കിട്ടിയില്ല! ഒരു കീഴാളജാതിയില്‍ ജനിച്ച ചേട്ടന്റെ കറുപ്പുനിറത്തെ കളിയാക്കാന്‍ ആറാംക്ലാസ്സിലെ അബോക്കര്‍ മാഷ് ചെയ്തത് മോനറിയണോ?
"വര്‍ണ്ണവൈജാത്യങ്ങള്‍" സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ പഠിപ്പിക്കുകയായിരുന്നൂ കക്ഷി!
"പഠിക്കുന്ന കുട്ടി"യായിരുന്ന സുഹറാബിടീച്ചറുടെ മകള്‍ സാജിതയുടെ കൈ ഉയര്‍ത്തിച്ച് വെളുത്തവര്‍ഗ്ഗക്കാരുടെ പ്രത്യേകതകള്‍ വിശദമാക്കിയ ശേഷം, ഹോംസിന്റെ കൈ ഉയര്‍ത്തിച്ച് കറുത്തവര്‍ഗ്ഗക്കാരുടെ സവിശേഷതകള്‍ വിസ്തരിച്ചു കളഞ്ഞൂ, ആ കശ്മലന്‍!!ഭൂമി പിളര്‍ന്ന് താഴോട്ടു പോയിരുന്നെങ്കിലെന്ന് മോഹിച്ചുപോയീ, കരച്ചിലിനിടയിലും ഹോംസ്!"
വാദപ്രതിവാദങ്ങളുടെ രൂക്ഷതയില്‍ കത്തിപ്പടര്‍ന്നുകയരുകയായിരുന്ന സംവാദ ചര്‍ച്ച ബ്രേക്കിട്ടതു പോലെ അവിടെ നിന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു അധ്യാപകന്റെ ഭാഗത്തു നിന്നു വന്ന കൈത്തെറ്റിന്റെ ആഘാതം, ഏറെ കാലത്തിനുശേഷവും ഒരു വ്യക്തിയുടെയുള്ളില്‍ നീറിപ്പുകയുന്നുവെന്ന സത്യത്തിന്നു മുമ്പില്‍ എല്ലാവരും തരിച്ചുപോയിരിക്കണം!
സ്വയം വിമര്‍ശനത്തിനു അധ്യാപക സമൂഹത്തെ പ്രേരിപ്പിക്കുന്ന ഒരു കമന്റായാണ് മാത്സ് ബ്ലോഗിന് ഇതനുഭവപ്പെട്ടത്. അധ്യാപകര്‍ ക്ലാസില്‍ പറയുന്ന വാചകങ്ങള്‍, പ്രവൃത്തികള്‍, നല്‍കുന്ന ശിക്ഷാ നടപടികള്‍ എല്ലാം ഏറെ ആഴത്തിലാണ് കുട്ടികളുടെ മനസ്സില്‍ പതിയുന്നത് എന്നത് ശിക്ഷകള്‍ നല്‍കുമ്പോഴോ, അവരെ പരിഹസിക്കുമ്പോഴോ നമ്മില്‍ പലരും ചിന്തിക്കാറില്ല.
മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു.
കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനായ, യുവാവായ ഒരധ്യാപകസുഹൃത്തിന്റെയൊപ്പം ബസില്‍ ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. യാത്രാമധ്യേ, ഒരു വീടിന്റെ പൂമുഖത്ത് തന്റെ തളര്‍ന്ന ശരീരം ചാരുകസേരയിലേക്ക് ചായ്ച്, ആര്‍ക്കും അനുതാപം തോന്നത്തക്കവണ്ണമുള്ള ഒരു ദയനീയരൂപത്തെ നോക്കി സുഹൃത്ത് ഒരു തെറിവാക്കാണ് പറഞ്ഞത്. അമ്പരന്നുപോയ എന്നോട് സുഹൃത്ത് അതിന്റെ കാരണവും വ്യക്തമാക്കി. ആ കസേരയിലിരുന്ന മനുഷ്യന്‍ മൂന്നാം ക്ലാസ്സില്‍ തന്റെ ക്ലാസ് ടീച്ചറായിരുന്നുവെന്നും, ഒരു കാരണവുമില്ലാതെ കടുത്ത ശിക്ഷകള്‍ നല്‍കിയിരുന്നതിന്റെ ഫലമാണ് ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്നതത്രെ!
വിദ്യാര്‍ഥികളെ നന്നാക്കാനാണ് അധ്യാപകരുടെ ശിക്ഷയെന്നാണു വെപ്പ്. എന്നാല്‍ അവ വിപരീതഫലം ഉണ്ടാക്കുന്നുവെന്നതിനു തെളിവല്ലേ ഈ രണ്ടാമത്തെ സംഭവം?
സ്കൂളുകളില്‍ അധ്യാപകര്‍ കുട്ടികളോടു സ്വീകരിക്കുന്ന സമീപനം എന്തായിരിക്കണമെന്നാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ചര്‍ച്ച. വിദ്യാര്‍ഥികളെ മാനസികമായി തകര്‍ക്കുന്ന സമീപനം അധ്യാപകരില്‍ നിന്നും ഉണ്ടാകാമോ...? സ്കൂളുകളില്‍ നല്‍കുന്ന ശാരീരികമായ ശിക്ഷാനടപടികള്‍ പൂര്‍ണ്ണമായും നിരോധിക്കേണ്ടതുമണ്ടോ..? മനശാസ്ത്രപരമായ സമീപനം സ്കൂളുകളില്‍ പ്രാവര്‍ത്തികമായിട്ടുണ്ടോ..? എന്നിങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നുവരുന്നുണ്ട്. ഏറെയൊന്നും മാറാത്ത ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തി നഷ്ടപ്പെടാത്ത വിഷയമെന്ന നിലയില്‍ മുഴുവന്‍ ബൂലോകവാസികളേയും ഈ ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യുന്നു.
51 comments:
സ്കൂളുകളില്‍ അധ്യാപകര്‍ കുട്ടികളോടു സ്വീകരിക്കുന്ന സമീപനം എന്തായിരിക്കണമെന്നാണ് ഈ വിഷയത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ചര്‍ച്ച. വിദ്യാര്‍ഥികളെ മാനസികമായി തകര്‍ക്കുന്ന സമീപനം അധ്യാപകരില്‍ നിന്നും ഉണ്ടാകാമോ...? സ്കൂളുകളില്‍ നല്‍കുന്ന ശാരീരികമായ ശിക്ഷാനടപടികള്‍ പൂര്‍ണ്ണമായും നിരോധിക്കേണ്ടതുമണ്ടോ..? മനശാസ്ത്രപരമായ സമീപനം സ്കൂളുകളില്‍ പ്രാവര്‍ത്തികമായിട്ടുണ്ടോ..? എന്നിങ്ങനെ ചോദ്യങ്ങള്‍ ഒരുപാട് ഉയര്‍ന്നുവരുന്നുണ്ട്. ഏറെയൊന്നും മാറാത്ത ഇന്നത്തെ സാഹചര്യത്തില്‍ പ്രസക്തി നഷ്ടപ്പെടാത്ത വിഷയമെന്ന നിലയില്‍ മുഴുവന്‍ ബൂലോകവാസികളേയും ഈ ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യുന്നു.
കണക്കിനോട് പേടി തുടങ്ങിയത്, യു.പി. ക്ലാസില്‍ കണക്കെടുത്തിരുന്ന ശശിമാഷിന്റെ വരവോടെയായിരുന്നിരിക്കണം! മഞ്ഞള്‍പ്പൊടിയുടെ നിറമുള്ള ഷര്‍ട്ടുമിട്ട് ക്ലാസിലേക്ക് കടന്നുവരുമ്പോള്‍ തന്നെ ശരീരമാസകലം വിറയലും നെഞ്ചിടിപ്പും തുടങ്ങും...തലേ ദിവസത്തെ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുന്ന ആ ക്രൂരമുഖം ഇന്നും ഓര്‍മ്മവരുന്നു.ഈയടുത്ത്, ഒരു തുണിക്കടയില്‍ വെച്ച് കണ്ടിട്ടുപോലും ചെന്നൊന്ന് സംസാരിക്കാന്‍ തോന്നിയില്ല.
ഈ പോസ്റ്റിലൂടെ, നമുക്കിടയിലെ പത്തു ശശിമാഷന്മാരെയെങ്കിലും നന്നാക്കാന്‍ കഴിഞ്ഞാല്‍ ഈ ബ്ലോഗിന്റെ ജന്മം സഫലമായി.
മാഷെ,
സ്കൂളില്‍ എന്നല്ല എവിടെയും ശിക്ഷ എന്നത് തെറ്റു തിരുത്തുന്നതിനെ ലക്ഷ്യം വച്ചുള്ളതായിരിക്കണം. ചെറുപ്രായത്തില്‍ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ വരെ സ്വാധീനിക്കുന്നു എന്ന് നമ്മമുക്ക് അറിയാവുന്നതാണ്. പ്രത്യേകിച്ച് ഇന്നത്തെ തലമുറ കുട്ടികള്‍ കൂടുതല്‍ സെന്‍സിറ്റീവായ് കാണപ്പെടുന്നു എന്നാണ് മനസ്സിലാക്കാനാവുന്നത്. അതിനാല്‍ തന്നെ ഒരു കുട്ടിയുടെ മനസ്സ് മുറിവേല്‍പ്പിക്കുന്നതോ ആയ ഒരു ശിക്ഷയിലേക്ക് കടക്കരുത്. എന്തെങ്കിലും തരത്തിലുള്ള ശിക്ഷ നല്‍കുന്നുണ്ടെങ്കില്‍ തന്നെ അത് താന്‍ നന്നായി വളരാനാണെന്ന തോന്നല്‍ കുട്ടിയില്ല് ഉണ്ടാക്കുകയും വേണം.
പെട്ടെന്ന് കമന്റെഴുതാൻ ഒരു ഭയം. പിന്നെ ഓർത്തത് എന്നെ അടിച്ച് കരയിപ്പിച്ച ഇന്നും ഇംഗ്ലീഷ് അക്ഷരം കാണുമ്പോൾ പേടിയുണ്ടാവാൻ കാരണമായ, അദ്ധ്യാപകന്റെ കൂടെ, ഒരു ടിച്ചറായി മാറിയപ്പോൾ കോഴ്സിൽ പങ്കെടുത്ത കാര്യമാണ്. എല്ലാ ദിവസവും കുട്ടികളെ അടിച്ച ഒരു സഹപ്രവർത്തക കേൻസർ വന്ന് വേദനിച്ച് മരിച്ചത്, എല്ലാം ഓർക്കാർ പേടിയാവുന്നു. എന്റെ ദൈവമേ! ഞാനും ചിലപ്പോൾ അടിച്ചിട്ടുണ്ട്, അതിൽ എനിക്ക് വലിയ തെറ്റ് തോന്നിയിട്ടില്ല. ഒരു അദ്ധ്യയനവർഷം ആദ്യ അടികൊണ്ടത് എന്റെ മകൾക്ക് തന്നെ. ഇതൊന്നും ഒരു കമന്റിൽ കൊള്ളില്ല...
നിസാര്‍ മാഷേ....
കുട്ടികളെ ശാരീരികമായി വേദനിപ്പിച്ചുള്ള പഠനരീതി തികച്ചും തെറ്റാണന്നാണ് എന്റെ പക്ഷം. ജോലിയില്‍ പ്രവേശിച്ച ആദ്യ വര്‍ഷം ഞാനും കുറച്ചൊക്കെ തല്ലുകയും ചെവിക്ക് പിടിക്കുകയുമോക്കെ ചയ്തിരുന്നു. അത് കുട്ടികളില്‍ കാര്യമായ പ്രയോജനം ചെയ്യുന്നില്ല എന്ന തിരിച്ചറിവ് എന്നെ മല്ലെ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചു. പിന്നെ ചില്ലറ അച്ചടക്ക വിഷയങ്ങളില്‍ മാത്രം ചില തല്ലുകള്‍ കൊടുക്കേണ്ടിവന്നു. എന്തായാലും ഇനി അങ്ങനെ തല്ലില്ല എന്ന് ഞാനുറച്ചു. കഴിഞ്ഞ വര്‍ഷം ഒരുതല്ലു പോലും കൊടുത്തിട്ടില്ല. അധ്യാപന്‍ തല്ലേണ്ടി വരുന്നത് അവന്റെ തന്നെ കഴിവുകേടാണന്ന് ആരൊ പറഞ്ഞിട്ടുള്ളത് എനിക്ക് ഒര്‍മ വരാറുണ്ട് . എങ്കില്‍ പിന്നെ ആകഴിവുകേട് എന്തെന്ന് കണ്ടെത്തി തിരുത്തിയാല്‍ പോരെ? സത്യത്തില്‍ കുട്ടികള്‍ തല്ലുന്ന അധ്യാപകരില്‍ നിന്ന് അകന്നു മാറുന്നതായാണ് കണ്ടിട്ടുള്ളത്. എനിക്ക് കുട്ടികളോട് കുട്ടു കൂടാനാണ് ഇഷ്ടം. എങ്കില്‍ പിന്നെ എന്തിന് തല്ലണം. തല്ല് കൊടുത്താല്‍ എനിക്കും വിഷമമാണ് തോന്നിയിട്ടുള്ളത്. ഒരു നിമിഷം എനിക്കുണ്ടായ ദേഷ്യം എന്തിന് കുട്ടുകളുടെ മേല്‍ തീര്‍ക്കണം?
ഒരിക്കല്‍ ഏഴാം ക്ലാസിലെ ബിജു ലാബിലുടെ ഓടി നടന്നപ്പോള്‍ ഒരു ടസ്റ്റ്ട്യൂബ് പൊട്ടച്ചു. അന്ന് അവരുടെ ക്ലാസ് മഴ പെയ്ത് ചോര്‍ന്നതിനാല്‍ ലാബിലാണ് അവരെ ഇരുത്തിയത്. വിവരം കുറച്ചുപേര്‍ പേര്‍ ചേര്‍ന്ന് എന്നെ അറിയിച്ചു. ചെന്ന് കണ്ട എന്റെ നിയന്ത്രണം വിട്ടു. ദേഷ്യം വന്ന ഞാന്‍ ഒരു വടികൊണ്ട് അവനിട്ട് ഒരു തല്ലു കൊടുത്തു. തല്ല്ലു കൊണ്ട മാത്രയില്‍ അവന്റെ മുഖം വാടി. എനിക്ക് എന്തോ വല്ലാതെ വിഷമം തോന്നി. പിറ്റേ ദിവസം ഉച്ചക്ക് ചില്ലറ പരീക്ഷണ സാമഗ്രികള്‍ തപ്പുന്നതിനിടയില്‍ ലാബില്‍ വച്ച് എന്റെ കയ്യില്‍ നിന്നും വീണ് ഒരു ടെസ്റ്റട്യുബ് പൊട്ടി. അപ്പോള്‍ ഞാനോര്‍ത്തു എന്നെ തല്ലാന്‍ ആരാണുള്ളത് ഞാന്‍ കാണിച്ചതും തല്ലുകൊള്ളിത്തരമല്ലേ.... ആ സംഭവം എന്നെ വല്ലാതെ വഷമിപ്പിച്ചു. അന്നു തന്നെ വഴിയില്‍ വച്ച് അവനെ കണ്ടപ്പൊള്‍ വിളിച്ചു നിര്‍ത്തി കുശലാന്വേഷം നടത്തുകയും എന്നോട് പിണക്കമുണ്ടോ എന്നുമെല്ലാം ചോദിക്കുകയും ചെയ്തു. സത്യത്തില്‍ മനസുകൊണ്ട് ഞാന്‍ അവനോട് ക്ഷമ ചോദിക്കുകയായിരുന്നു.
ആ സംഭവത്തിനു ശേഷം ഞാന്‍ ആരേം തല്ലിയിട്ടില്ല. ചിലപ്പോഴോക്കെ തല്ലുമെന്ന് പറഞ്ഞ് പേടിപ്പിച്ചിട്ടുള്ളതല്ലാതെ. ഞാന്‍ യുപി ക്ലാസുകളിലെ സയന്‍സാണ് കൈകാര്യം ചെയ്യുന്ന് പരീക്ഷണങ്ങളിലൂടെയും പഠന യാത്രകളലുടെയും നേരിട്ടുള്ള അനുഭവങ്ങളിലൂടെയുമെല്ലാം കുട്ടികളില്‍ ആശയരൂപീകരണം തടത്തണമെന്ന പക്ഷക്കാരനാണ് ഞാന്‍. എന്നെക്കെണ്ട് കഴിയുന്ന വിധത്തില്‍ ചെയ്യുന്നുമുണ്ട്. ഞങ്ങള്‍ പോയ ഒരു പഠനയാത്ര ഇവിടെ കാണാം. ഈ പഠന പ്രവര്‍ത്തങ്ങള്‍ക്കെല്ലാം കുട്ടികളുടെ പൂര്‍ണമായ മനസും സഹകരണവും ആവശ്യമാണ്. അവരെ തല്ലി വേദനിപ്പിക്കുന്ന അധ്യാപകന്റെ ക്ലാസില്‍ അവരുടെ സഹകരണവും അഭിപ്രായ പ്രകടനവും ചര്‍ച്ചയിലുള്ള സഹകരണവുമെല്ലാം കുറവായിരിക്കും. കുട്ടികളോട് കൂട്ടുകൂടിയാല്‍ അവര്‍ നമ്മുടെ ഏതുകാര്യത്തിനും അവര്‍ സഹകരിക്കും പഠനപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്പര്യം കാണിക്കും എന്നാണ് എന്റെ അനുഭവം. ഞാന്‍ വിളിച്ചാല്‍ എന്റെ കുട്ടികള്‍ എന്നും ഓടിയെത്താറുണ്ട്. അത് എനിക്കും ഏറെ പ്രചോദനം നല്‍കുന്നുണ്ട്. അധ്യാപകനും കുട്ടുകളും പരസ്പരം മനസിലാക്കി മുമ്പോട്ട് പോയാല്‍ ക്ലാസ് ഏറെ ഹൃദ്യമാക്കാന്‍ കഴിയും എന്നാണ് എന്റെ അനുഭവം.
അതിനാല്‍ തല്ലാതിരിക്കുക എന്നതും ഒരു പഠന തന്ത്രം തന്നെയാണന്നാണ് എന്ന് എനിക്ക് തോന്നുന്നത്.
സത്യത്തില്‍ ഈ അനുഭവം സ്കൂള്‍ദിനങ്ങള്‍ എന്ന എന്റെ ബ്ലോഗില്‍ കുറിക്കണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു പോസ്റ്റ് . അതിനാല്‍ അതു ചുരുക്കി ഇവിടെ ഒരു കമന്റിടാമെന്ന് കരുതി.
എനിക്ക് 3 വര്‍ഷത്തെ സര്‍വീസ് മാത്രമേയുള്ളു. അനുഭവങ്ങളും കുറവാണ്. മുതിന്ന അധ്യാപരും അനധ്യാപരും ക്ലാസില്‍പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോളും ഉണ്ടായിട്ടുള്ള അവരുടെ അനുഭങ്ങള്‍ കുറിക്കുന്നത് ഞങ്ങളെ പോലുള്ള യുവഅധ്യാപരുടെ കാഴ്ച്ചപ്പാടുകള്‍ വളര്‍ത്തുന്നതിന് സഹായിക്കും. കൂടുതല്‍ കമന്റുകള്‍ പ്രതീക്ഷിക്കുന്നു.
2 വര്ഷം മുമ്പ് സുഹുര്‍ തിന്ടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു .സദ്യക്ക് ഇരുന്നപ്പോള്‍ വിളമ്പുന്ന ഒരു യുവാവിണ്ടേ ഒരു നോട്ടം ,പിന്നീട് ഒരു ചോദ്യവും " സാറിന റിയുമോ ?"
മുമ്പ് കണ്ട രൂപം."പേര്‍ ഒര്കുന്നില്ല ." ഞാന്‍ മറുപടി കൊടുത്തു.' ശരീ' . ഭക്ഷണത്തിന്‍ ശേഷം പറയാം.ഉള്‍ഭയം ഭക്ഷണത്തിന്‍ രുചി കുറച്ചു.ഒരുവിധം കൈ വൃത്തിയാക്കി അയാളെ വിളിച്ചു.സാ ര്‍ ഓര്‍കുന്നോ/? ഇല്ല " 25 വര്ഷം മുമ്പേ ഞാന്‍ സ്കൂള്‍ പഠനം മതിയാക്കാന്‍ കാരണം താങ്ക ലാനേ .എന്നാലും ഞാന്‍ നല്ല നിലയില്‍ തന്നെ . കരിപ്പൂര്‍ വിമാനത്താവളത്തില്‍ നല്ല ജോലി .അന്ന്‍പഠനം നിര്‍ത്തി. ജോലി തേടി തെണ്ടി .സാറിനെ എത്ര അഭിനന്ദിച്ചാലുംമതിയാവില്ല.ആശ്വാ ശ താല്‍ ഞാന്‍ തിരക്കി " പ്രശ്നം എന്തായിരുന്നു?' " സാര്‍ സ്കൂളില്‍ വന്ന വര്ഷം ,ഹെഡ് മാസ്റ്ററുടെ ഒപ്പ് വ്യാജമായി കുട്ടികളുടെ ഐഡന്റിറ്റി കാര്‍ഡില്‍ കൊടുതതിണ്ണ്‍ ശിക്ഷ ,പൊരിഞ്ഞ തല്ലു വാങ്ങി പഠനംനിര്‍ത്തി.
സാര്‍ അന്ന്‍ സാരിണ്ടേ ഭാഗം ശ രിയാക്കി മികവ് പുലര്‍ത്തിയപ്പോള്‍ എനിക്ക് സാ രിന്നോടെ പുച്ഛമായിരുന്നു. എന്നാല്‍ എനിക്കെ നല്ല ജോലി കിട്ടിയപ്പോള്‍ സരിണ്ടേ സ്ഥാനത് ഞാന്‍ ആയിയുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ ചെയ്യുമായിരുന്നു
എന്ന എനിക്ക് ഇപ്പോള്‍ തോനുന്നു. എല്ലാ വിരോധവും തീര്‍ന്നു.തല്ലിന്ടെ വേദന യുടെ അര്‍ഥം വളരെ വൈകിയാനെ എനിക്കെ മനസ്സിലായത് " കൊടുക്കുന്ന ശിക്ഷ യുടെ അര്‍ഥം ലഭിക്കുന്ന ആള്‍ മനസ്സിലാക്കിയാല്‍ ഗുണകരമാവും .ഇല്ലെങ്കിലോ?
അദ്ധ്യാപകപരിശീലന കാലത്ത് തല്ലാതെ അദ്ധ്യാപക പരിശീലനം വിജയിച്ച് ജോലിക്ക് കയറുമ്പോള്‍ താനെ വടി കയ്യില്‍ എത്തുന്നത് എന്തുകൊണ്ടാണ്?
ഹൈസ്കൂളില്‍ എന്റെയൊപ്പം പഠിച്ചിരുന്ന ഹെഡ്മാസ്റ്ററിന്റെ മകനെ പുകഴ്ത്തുകയും ആവശ്യമുള്ളപ്പൊഴും ഇല്ലാത്തപ്പോഴും എന്നെ കളിയാക്കിയിരുന്ന സാമൂഹ്യപാഠം അദ്ധ്യാപികയെ തോല്‍പ്പിക്കുവാന്‍ ആ വിഷയം തൊടുക പോലും ചെയ്യാതിരുന്നിട്ടുണ്ട്. 10ല്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഒടുവില്‍ വിവാഹം കഴിച്ചത് ഒരു ചരിത്ര വിദ്യാര്‍ത്ഥിനിയെയും :)
ആ ഹെഡ്മാസ്റ്ററിന്റെ കയ്യില്‍ നിന്നും കിട്ടി ഒരു ദുരനുഭവം. പുള്ളി നടത്തിയ പണമിടപാടില്‍ എന്തോ പ്രശ്നമുണ്ടാകുകയും പി.ടി.എ.യിലുണ്ടായിരുന്ന എന്റെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസിന് പോകുകയും ചെയ്തതിന് ശേഷം മെഡിക്കല്‍ എണ്ട്രന്‍സിന്റെ ഫോമില്‍ ക്യാരക്ടര്‍ സ്ര്ട്ടിഫിക്കറ്റ് ഒപ്പിടുവിക്കുവാന്‍ ചെന്നപ്പോള്‍ തന്ന്റ്റെ അച്ഛന്‍ എനിക്കെതിരെയാണ് അതിനാല്‍ തനിക്ക് ഞാന്‍ സര്‍ട്ടിഫിക്കറ്റ് തരില്ല എന്ന് പറഞ്ഞപ്പോള്‍ എന്റെ കുഞ്ഞ് മനസ്സിലൂടെ കടന്ന് പോയ സങ്കടങ്ങള്‍... ഇന്നും ആ മുഖം ഓര്‍മ്മിക്കുവാന്‍ പോലും ഇഷ്ടപ്പെടാറില്ല. എങ്കിലും അദ്ദേഹത്തിന്റെ മകന്‍ ഇന്നും എന്റെ നല്ല സുഹൃത്ത് തന്നെയാണ് :)
പിന്നീട് ഡിഗ്രി ക്ലാസ്സില്‍ ഒരു അദ്ധ്യാപകനെ ആരോ കളിയാക്കി തുമ്മിയതില്‍ ആളെ പറഞ്ഞ് കൊടുക്കാത്തതിന്റെ പേരില്‍ പ്രാക്ടിക്കല്‍ എക്സാം ഡ്യൂട്ടി ചോദിച്ച് വാങ്ങി ഞങ്ങളുടെ മാര്‍ക്ക് കളയിപ്പിച്ച ആ അദ്ധ്യാപകനെ ഇരുട്ടടി കൊടുക്കുവാന്‍ ചിലര്‍ പ്ലാനിട്ടതും (അങ്ങേരുടെ ഭാഗ്യത്തിന് പ്ലാനിട്ടവര്‍ തോറ്റ് പോയതിനാല്‍ അത് നടന്നില്ല), എന്തിനേറെ ഗവേഷണ സമയത്ത് ഞങ്ങള്‍ക്ക് ടോര്‍പ്പിടോ വെച്ചിരുന്ന ഒരു കക്ഷിയുടെ കാറ് അള്ള് വെയ്ക്ക്കുന്നതിനെ പറ്റി വരെ ചര്‍ച്ച നടന്നിട്ടുണ്ട് :)
എന്നാല്‍ ഈ ഒരു ചെറിയ കൂട്ടരേക്കാള്‍ മറ്റ് അദ്ധ്യാപകര്‍ എന്നെ വല്ലാതെ സ്വാധിനിച്ചിട്ടുണ്ട്. അവരെ ഇടയ്ക്കൊക്ക കാണാറുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ പഠിപ്പിച്ച അദ്ധ്യാപിക ഇവിടം സന്തര്‍ശിച്ചപ്പോള്‍ എന്റെ വീട്ടിലും കയറിയിരുന്നു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്. ഇന്നും അവര്‍ ഞങ്ങളുടെ വികൃതികള്‍ ഓര്‍ത്തിരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ വികാരങ്ങള്‍ക്ക് മുന്നില്‍ മറ്റേ അദ്ധ്യാപകര്‍ മുങ്ങി പോയി എന്ന് പറയാം.
ഇതൊക്കെയാണെങ്കിലും എന്റെ മകന്‍ വികൃതി കാണിക്കുമ്പോള്‍ അറിയാതെ വടി തിരഞ്ഞ് പോകും. എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്ന് അത് ഉപേക്ഷിക്കുവാന്‍ കഴിയുന്നില്ല.
ഒന്നേയുള്ളുവെങ്കിലും ഉലയ്ക്ക് അടിച്ച് വളര്‍ത്തണമെന്നാണല്ലോ നമ്മള്‍ പഠിച്ചിട്ടുള്ളത്. എന്നാല്‍ കാലം മാറി (!) ഇന്ന് അതൊന്നുമല്ല കുട്ടികളെ സുഹൃത്തക്കളെ പോലെ കാണണം. എന്ത് കൊണ്ട് കുട്ടി അങ്ങിനെയാകുന്നു എന്ന് കണ്ടെത്തണം എന്ന നിലയിലെത്തിയിരിക്കുന്നു. ഒരു തരത്തില്‍ ആ അപ്രോച്ചാണ് കൂടുതല്‍ ശരിയെന്ന് തോന്നുന്നു. കുട്ടികളോട് നിങ്ങളുടെ തെറ്റ് ഇന്നതാണെന്ന് ചൂണ്ടി കാട്ടിയാല്‍ അവര്‍ അത് മനസ്സിലാക്കും പിന്നീട് അത് ആവര്‍ത്തിക്കുന്നതിന് മുന്‍പ് ഒരു വട്ടം ചിന്തിക്കും എന്നാണ് അനുഭവം.
ഇപ്പോള്‍ വന്നിരിക്കുന്ന നിയമം ഇത് ലക്ഷ്യം വെച്ചുള്ളത് തന്നെയാണ്. ശാരീരികവും, മാനസികവുമായ സ്കൂള്‍ പീഡനങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുക. അവര്‍ പരാതിപെടുകയാണെങ്കില്‍ അദ്ധ്യാപകന്റെ ജോലിയും തെറിക്കും :)
:) ഞാന്‍ കമന്റ് എഴുതി തുടങ്ങിയപ്പോള്‍ vijayan larvaയുടെ കമന്റ് കണ്ടിരുന്നില്ല. ഇവിടെയും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ധ്യാപകന്‍ പറഞ്ഞ് കൊടുക്കാതെ സ്വയം തന്നെ എന്തായിരുന്നു തന്റെ തെറ്റിന്റെ വലിപ്പം എന്ന് ആ “കുട്ടി” മനസ്സിലായത് :) അത് അന്നേ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ആ കുട്ടി പഠനം തുടരുമായിരുന്നോ?
ഈ പോസ്റ്റിന് എന്റെ ഒരു ദുര്‍ബ്ബലനിമിഷത്തെ കമന്റുകാരണമായതില്‍ അതിയായി ആഹ്ലാദിക്കുന്നു.
സന്തോഷം തോന്നുന്നത് ഗീതാസുധി,നിധിന്‍ ജോസ് മുതലായ യുവാക്കളായ അധ്യാപകരുടെ മനോഭാവത്തിലാണ്!
ചെറുപ്പത്തിലെ അനുഭവങ്ങള്‍ ചുടലവരെ നിലനില്കുമെന്നാണല്ലോ..!
എന്തായാലും ഞാന്‍ അബോക്കര്‍മാഷോടു പ്രതികാരം ചെയ്തു!
മകള്‍ക്ക് പി.എസ്.സി ഇന്റര്‍വ്യൂവിന് നോണ്‍ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റ് അടിയന്തിരമായി വേണമെന്ന് പറഞ്ഞ് ടിയാന്‍ രണ്ടുകൊല്ലം മുന്‍പ് എന്റെ ആപ്പീസിലെത്തി. കണാരേട്ടന്‍ എനിക്കു കൊണ്ടുവന്ന ചായ ചൂടോടെ കൊടുത്ത്, എന്റെ കസേരയിലിരുത്തി.മകളുടെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പത്തുമിനിറ്റുകൊണ്ടു ശരിയാക്കി, പരിചയമുള്ള പ്രകാശന്‍ സാറോട് സര്‍ട്ടിഫിക്കറ്റിനായി ശുപാര്‍ശയും നടത്തി.
കൂപ്പുകൈയ്യോടെ, നിറഞ്ഞകണ്ണുകളോടെ പടിയിറങ്ങിയ മാഷോട്, ഇതില്പരം ഞാനെന്തു പ്രതികാരം ചെയ്യാന്‍...!!
മറക്കാനാവാത്ത അനുഭവങ്ങള്‍ തീഷ്ണതയോടെ ഓര്‍ക്കാന്‍ ഈ പോസ്റ്റുകാരണമായി.കുട്ടികളെ ശിക്ഷിച്ചിട്ടുണ്ട് .പിന്നീട് വേണ്ടായിരുന്നെന്ന് തോന്നിയിട്ടുമുണ്ട്.കഴിഞ്ഞആഴ്ച നടന്ന DRG പരിശീലനത്തില്‍ പങ്കുവെച്ച ഒരനുഭവം ആവര്‍ത്തിക്കട്ടെ.എട്ടുവര്‍ഷം മുന്‍പ് റെന്‍സന്‍ എന്നുപേരുള്ള ഒരു കുട്ടി എനിക്കുണ്ടായിരുന്നു.പഠിക്കാന്‍ വളരെ മോശമായിരുന്നു.നീന്തലില്‍ നാഷണല്‍ ചാമ്പ്യനും.എല്ലാവരും ജയിക്കന്ന, ഇന്നും 100% റിസല്‍ട്ട് കാത്തുസുക്ഷിക്കുന്ന സ്ക്കുളിലെ എല്ലാപത്താംക്ലാസിലും പഠിപ്പിക്കുന്ന എനിക്ക് അവന്റെ തോല്‍വി ചിന്തിക്കാന്‍ പോലും പറ്റുമായിരുന്നില്ല.ഗ്രേസ് മാര്‍ക്ക് കിട്ടിയാല്‍ പോലും റെന്‍സന്‍ ജയിക്കില്ലായിരുന്നു.വീട്ടില്‍കൊണ്ടുവന്നും ,സ്ക്കുളില്‍വെച്ചും ഒഴിവുസമയങ്ങളിലോക്കെ പഠിപ്പിച്ചു.വളരെ ക്രൂരമായി ശിക്ഷിക്കേണ്ടിവന്നിട്ടുണ്ട് .ഒരിക്കല്‍ പെരിയാറിലൂടെയുള്ള വഞ്ചിയില്‍ യാത്രചെയ്യുകയായിരുന്നു.നിറയെ കുട്ടികള്‍ ,അധ്യാപകര്‍.ഒഴുക്കുണ്ട് .പെട്ടന്ന് കാറ്റും മഴയും വന്നു.പുഴ ഇളകിമറിടുന്നു.വഞ്ചിയും.കുട്ടികള്‍ വാവിട്ടുകരയുന്നു.കടത്തുകാരന്റെ ധൈര്യം ചോര്‍ന്നുപോയി.എന്റെ ശരിരത്തില്‍ ജീവനുണ്ടായിരുന്നില്ലന്നുതോന്നി.വഞ്ചി മുങ്ങുമെന്ന് ഉറപ്പായി.റെന്‍സന്‍ ചിരിച്ചുകൊണ്ട് എന്റെ മുന്നിലിരിക്കുന്നു.അവന്‍ ദിവസവും നീന്തുന്ന പുഴയാണ്.ഒരുവിധം വഞ്ചിഅടുത്തു.ഒരിടത്ത് തളര്‍ന്നിരുന്ന എന്റെ അടുത്തുവന്ന് റെന്‍സന്‍ പറഞ്ഞു."വഞ്ചിമുങ്ങിയാല്‍ സാറിനെ ഞാന്‍ ആദ്യം രക്ഷിക്കുമായിരുന്നു"റെന്‍സന്‍ ജയിച്ചു. just pass, ഇന്ന് വിദേശത്ത് ജോലിചെയ്യുന്നു
പതിനാലു വര്‍ഷത്തെ എന്റെ സ്കൂള്‍ ജീവിതത്തില്‍ അധികമായി ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല..അധ്യാപകന്റെ വേഷമിട്ടു ശത്രു വന്നാല്‍ പോലും ബഹുമാനിക്കണം എന്നാണു ഞാന്‍ അറിഞ്ഞിട്ടുള്ളത് ,കാരണം ആ വ്യക്തിയോടുള്ള ബഹുമാനം മാത്രമല്ല മറിച്ച് 'ഗുരു ' എന്ന സങ്കല്പം കൊണ്ടാണ് ,ഗുരുവായിട്ടു ആര് വന്നാലും അവര്‍ ബഹുമാനം അര്‍ഹിക്കുന്നു എന്ന് എനിക്ക് തോന്നുന്നു ,പക്ഷെ ഇപ്പോള്‍ സ്ഥിതി അല്‍പ്പം മാറി . ചില അധ്യാപകര്‍ കുട്ടികളെ ഉപദ്ര്വവിക്കുന്ന ഒരു സ്ഥിതി വന്നിരിക്കുന്നു,ചില കുട്ടികളോട് മാത്രമായി അടങ്ങാത്ത പ്രതികാരവും ,വിദ്വേഷവും മനസില്‍ ആദിയോടന്തം കൊണ്ട് നടക്കുന്ന പ്രവണത ഒട്ടും ശരിയല്ല ,പക്ഷെ മറിച്ചൊരു വശം സംസാരിക്കുമ്പോള്‍ ഇന്നത്തെ കുട്ടികള്‍ അനില്‍@ബ്ലോഗ് പറഞ്ഞത് പോലെ അതീവ' സെന്സിടീവ് 'ആയി മാറിയിരിക്കുന്നു,കഴിഞ്ഞ ദിവസം അല്‍ഫോന്‍സ് കണ്ണംന്താനം അടിച്ചു എന്ന കാരണം കൊണ്ട് ആശുപത്ര്യില്‍ 'അതീവ ഗുരുതര നിലയില്‍ 'എന്ന വിധം പത്രത്തില്‍ ഒന്നാം പേജില്‍ അടിക്കേണ്ട കാര്യം ഒന്നുമില്ല,ഈ കേസില്‍ അല്‍ഫോന്‍സ് കണ്ണംന്താനമാണോ അതോ ലൈസെന്‍സ് ഇല്ലാതെ വഴിയില്‍ ബൈക്കില്‍ പാഞ്ഞ കുട്ടിയാണോ കുറ്റക്കാരന്‍ എന്ന് പത്രക്കാരും വായനക്കാരും വിലയിരുതെണ്ടാതാണ് ,ഒപ്പം ചെറിയ ചില ശിക്ഷകള്‍ നല്‍കിയെന്ന പേരില്‍ രാഷ്ട്രിയ മുതലെടുപ്പ് നടത്തി പത്രത്തില്‍ പൊടിപ്പും തൊങ്ങലും കൂട്ടി മനുഷ്യാവകാശ ലംഘനം എന്നൊക്കെ പ്രഖ്യാപിക്കുന്നത് നല്ലതല്ല . കുട്ടികളും പണ്ടാതെതിലും ഒത്തിരി മാറിയിരിക്കുന്നു പഠിപ്പിക്കുന്ന അധ്യാപകനെ എഴുനേറ്റു തല്ലുന്ന സംസ്ക്കാരമാണ് ഇന്നുള്ളത്..ശിക്ഷ വേണം പക്ഷെ ഞാന്‍ ആദ്യം പറഞ്ഞ കുറെ അനാവശ്യ വിദ്വേഷങ്ങള്‍ മാറ്റണം ....
അവ്വോക്കര്‍ മാഷും ശശിമാഷും കല്യാണി ടീച്ചറും .........ഈ നിര ഇങ്ങനെ നീണ്ടു നീണ്ടു പോവുന്നു. പൊറുക്കാനാവാത്ത പക മനസ്സില്‍ അവശേഷിപ്പിച്ചു കൊണ്ട്. ഇവരെണ്ണത്തില്‍ കുറവായിരിക്കാം. പക്ഷെ ഇവര്‍ പടച്ചുവിടുന്ന പ്രതികാര ദാഹികളായ തലമുറ എണ്ണത്തില്‍ കുറവായിരിക്കില്ല.
ശാരീരിക ശിക്ഷ വിദ്യാലയങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മനശ്ശാസ്ത്ര സമീപനം അറിയാഞ്ഞിട്ടല്ല. അതു പ്രയോഗിക്കാനുള്ള ഇച്ഛാശക്തി കുറയുന്നതിനാലും താന്‍ പരാജയപ്പെട്ടു പോകുമെന്ന ഭീതിയാലും പലരുമത് കണക്കിലെടുക്കുന്നില്ല. ശിക്ഷ എന്ന വാക്കിനു വിദ്യാഭ്യാസം എന്നു തന്നെയാണര്‍ത്ഥം. പിന്നെ തെറ്റു ചെയ്യുന്നവനു ശിക്ഷ കൊടുക്കണമെന്നു പറയുന്നതോ. ഞാന്‍ ഏപ്രില്‍ 2 ന് വന്ന പോസ്ററില്‍ അവസാനം മറുപടിയില്‍ പറഞ്ഞ പോലെ, താന്‍ ചെയ്തത് തെററായിരുന്നു എന്നു മനസ്സിലാക്കലാണ് അതിനുള്ള ഏററവും നല്ല ശിക്ഷ. അത് സ്വയം തിരുത്തലിനു വഴി വെക്കുന്നതായിരിക്കണം. പോസ്ററിലും കമന്‍റിലും പറഞ്ഞതു പോലെ ഭീതിപ്പെടുത്തുന്നതോ ആജീവനാന്തം വേദനിപ്പിക്കുന്നതോ ആയിരിക്കരുത്.
ഇവിടെ നാം ഓര്‍ക്കേണ്യ പ്രധാന കാര്യം ശാരീരിക പീഡനത്തേക്കാള്‍ വലുതും അനന്തര ഫലങ്ങള്‍ ഉണ്ടാക്കുന്നതും മാനസിക പീഡനമാണ്. ആദ്യത്തേതിന്റെ ഫലം പെട്ടെന്ന് ഒഴിവായിപ്പോകുന്നതാണെങ്കില്‍ രണ്ടാമത്തേത് മായാതെ മനസ്സില്‍ നില നില്‍ക്കുന്നതാണെന്ന് നാം കണ്ടു.
എന്‍റ ഒരനുഭവം പറയാം. ഞാന്‍ പന്ത്രണ്ടു വര്‍ഷം സ്ക്കൂളില്‍ ജോലി ചെയ്തതിനു ശേഷമാണ് ബി.എഡിനു പോയത്. നഗരത്തില്‍ നിന്ന് കുറച്ചകലെ ഒരു സ്ക്കൂളില്‍ ആയിരുന്നു ടീച്ചിംഗ് പ്രാക്ടീസ്. എനിക്ക് ഒരു ഡിവിഷന്‍ അനുവദിച്ചു തന്നപ്പോള്‍ ചെറുപ്പക്കാരായ അവിടുത്തെ അധ്യാപകര്‍ ആ ക്ളാസില്‍ പോകേണ്ട, വേറൊരു ക്ളാസ് എടുത്തോളൂ എന്നു പറഞ്ഞു. കാരണം ആ ക്ളാസില്‍ ഒരു ഭയങ്കരന്‍ ഉണ്ട്.അവന്‍ ക്ളാസെടുക്കാന്‍ സ്വൈര്യം തരില്ല. അവനെ ശിക്ഷിക്കാനോ പുറത്താക്കാനോ പററില്ല. ആ ക്ളാസ് വേണ്ട എന്നെനിക്കും തോന്നി. എന്നാല്‍ ക്ളാസുകള്‍ അനുവദിച്ചു തന്ന സീനിയര്‍ അസിസ്ററന്‍റ് ആയിരുന്നു അവിടെ മലയാളം എടുത്തിരുന്നത്. അദ്ദേഹത്തിന് ഒരു മാസം ക്ളാസില്‍ പോകേണ്ട എന്നുള്ളതിനാല്‍ ഒരു മാറ്റത്തിനും അദ്ദേഹം അനുവദിച്ചില്ല.
ഞാന്‍ ക്ളാസില്‍ ചെന്നു. എല്ലാവരേയും പരിചയപ്പെട്ടു. ഒ.എന്‍.വി യടെ ആവണിപ്പാടം ഈണത്തില്‍ ചൊല്ലിത്തുടങ്ങി.ആ ചൊല്ലലിനിടയില്‍ ചില ഞരക്കങ്ങളും ഓരിയിടലും. ഞാന്‍ ഇടങ്കണ്ണിട്ട് അവനെ നോക്കി. അതേ, അവന്‍ തന്നേ. അലസമായി പ്പറക്കുന്ന മുടി. കറുത്തു നീണ്ട ഒരു അരോഗ ദൃഢഗാത്രന്‍. അവനെ ശ്രദ്ധിക്കാതെ വീണ്ടും കവിതയിലേക്ക്. ഇത്തവണ ചില കമന്‍റുകളാണ് പുറകില്‍ നിന്നും വരുന്നത്. ഞാന്‍ ച്രിച്ചു കൊണ്ട് അവന്നരിലെത്തി. പതുക്കെച്ചോദിച്ചു. ഢാന്‍ ചൊല്ലിയത് ഇഷ്ടപ്പെട്ടില്ലേ അവന്‍ ഒന്നും മിണ്ടിയില്ല.
ക്ളാസ് തുടര്‍ന്നു. ഇടയ്ക്ക് അവന്‍റെ ചിരിയും ഒച്ചവെക്കലുമെല്ലാം കേള്‍ക്കുന്നുണ്ട്. ക്ളാസ് കഴിഞ്ഞു. തിരിച്ചു സ്ററാഫ് റൂമില്‍ ചെന്നപ്പോള്‍ എല്ലാവര്‍ക്കുമറിയേണ്ടത് അവനെന്തെല്ലാം വിക്രിയകളാണ് ഒപ്പിച്ചതെന്നാണ്. ഞാന്‍ ഒരു കള്ളം പറഞ്ഞു. അവന്‍ ഒന്നും ചെയ്യാതെ ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.പിറ്റെ ദിവസം ഇന്‍റര്‍വെല്ലിനു പുറത്തേക്കു പോകുന്ന അവനെക്കണ്ടു ഞാന്‍ പുറകെ ചെന്നു.അവന്‍റെ തോളില്‍ കൈവെച്ചു ഞാന്‍ പറഞ്ഞു. എനിക്കു കഥകളിയുടെയും തുള്ളലിന്‍റെയും രണ്ടു ചിത്രങ്ങള്‍ വേണ്ടിയിരുന്നു. ഒന്നു സംഘടിപ്പിച്ചു തരുവാന്‍ പററുമോ. മുഖവുര കൂടാതെയുള്ള ഈ അഭ്യര്‍ത്ഥന കേട്ട് ആദ്യം അവന്‍ അമ്പരന്നു. എന്‍റെ കയ്യിലില്ലാ സാര്‍,ഞാനൊന്നു നോക്കട്ടെ. പിന്നെ സുരേഷേ, നീ ഇന്നലെ ക്ളാസില്‍ ഒച്ചയുണ്ടാക്കിയപ്പോള്‍ എനിക്കു വിഷമമായി. എനിക്കു ദേഷ്യമൊന്നുമില്ല കേട്ടോ. ഞാന്‍ ട്രെയിനിംഗിനു വന്നതാണ്.ഒരു മാസമേ ഇവിടെ കാണൂ. പിറ്റെ ദിവസം കാലത്ത് സ്ക്കൂളിലെത്തി. സ്ററാഫ് റൂമിന്‍റെ വാതില്‍ക്കലൂടെ സുരേഷ് മിന്നി മറയുന്നു. അടുത്ത് ചെന്നപ്പോള്‍ അവന്‍ ഒരു പോസ്ററര്‍ എനിക്കു നീട്ടി. നിവര്‍ത്തി നോക്കിയപ്പോള്‍ കഥകളിയുടെയും തുള്ളലിന്‍റെയും മററു കേരളീയ കലകളുടെയും ചിത്രങ്ങള്‍ . ഇതെവിടുന്നു കിട്ടി. ഞാന്‍ ഇന്നലെ വൈകുന്നേരം ടൌണില്‍ പോയി വാങ്ങിയതാണ്. ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.ഞാനും സുരേഷും സുഹൃത്തുക്കളായി. അവനില്‍ നിന്നും അവന്‍റെ കൂട്ടുകാരില്‍ നിന്നും കുറെയധികം കാര്യങ്ങള്‍ മനസ്സിലാക്കി. അവന്‌റെ അച്ഛന്‍ കടലില്‍ പോകുന്നയാളാണ്. മുഴു മദ്യപാനിയും. അമ്മ മരിച്ചു പോയി. അച്ഛന്‍ വേറെ കല്യാണം കഴിച്ചു. ആ സ്തീക്ക് അവനോട് ഒട്ടും സ്നേഹമില്ല. അവനും രാത്രി കടലില്‍ പോകാറുണ്ട്.പഠിക്കണമെന്നുണ്ട്. പഠിക്കാന്‍ കഴിയുന്നില്ല.ഒരു ദിവസം ഞാന്‍ സുരേഷിനോടു പറഞ്ഞു. ഞാന്‍ നാളേയും കൂടിയേ ഈ സ്ക്കൂളിലുണ്ടാവൂ. അവന്‍റെ മുഖം വാടുന്നത് കണ്ടു. പിറ്റേന്ന് അവന്‍ ക്ളാസില്‍ വന്നില്ല. വൈകുന്നേരം സ്ക്കൂള്‍ വിട്ടു പുറത്തു വരുമ്പോള്‍ സുരേഷ് ഗെയിററില്‍ നില്‍ക്കുന്നു. അവന്‍ ബസ് സ്ററോപ്പു വരെ എന്‍റെ കൂടെ നടന്നു. ബസ്സില്‍ കയറാന്‍ നേരം ഒരു പൊതി എനിക്കു തന്നു. എന്താണിത് അവന്‍ പറഞ്ഞു. മീനാണ്, സാറിനും മക്കള്‍ക്കും എന്‍റെ വക. ഢാന്‍ തിരിഞ്ഞു നോക്കുമ്പോഴേക്കും അവന്‍ സൈക്കിളില്‍ കയറി സ്ഥലം വിട്ടിരുന്നു.
ഇന്നത്തെ പോസ്റ്റും അതൂമായി ബന്ധപ്പെട്ട കമാന്റുകളും വളരെ നന്നായി.എല്ലാ അധ്യാപതകരെയും ഇരുത്തിചിന്തിപ്പിക്കുന്നയാണ് ഇവ.
അധ്യാപകര്‍ക്ക് കുട്ടികളെ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്പ്പിക്കാന്‍ അവകാശമില്ല.രക്ഷാകര്‍ത്താക്കള്‍ക്കുണ്ടോ ആ അവകാശം അഥവാ അധികാരം? അധ്യാപകര്‍ സമൂഹത്തിന്റെ ഭാഗമാണ്.ദുര്‍ബലന്റെ മേല്‍ മെക്കിട്ടുകയറുന്ന സമൂഹമനശ്ശാസ്ത്രം പൊലീസ് സ്റ്റേഷനിലെന്ന പോലെ സ്കൂളിലും പ്രവര്‍ത്തിക്കുന്നു.രണ്ടിടത്തും ശാസ്ത്രീയമായി യഥാക്രമം പ്രതികളെയും വിദ്യാര്‍ഥികളെയും കൈകാര്യം ചെയ്യാനറിയില്ല.സിനിമകളിലും സീരിയലിലും പ്രതികളെ ഇടിച്ചു കുറ്റം സമ്മതിപ്പിക്കുന്ന രീതി വളരെ സ്വാഭാവികമെന്നോണം നാം കണ്ടിരിക്കാറില്ലേ? വളരെ വിശാലാടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ സാമൂഹികവും നൈതികവും മനശ്ശാസ്ത്രപരവുമായ ഒരു വിഷയമാണിത്. മനശ്ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് നമ്മുടെ ക്ഷമയില്ലായ്മയും കുട്ടികളുടെ മനശ്ശാസ്ത്രം മനസ്സിലാക്കാനുള്ള അറിവില്ലായ്മയും ആണത്രേ പലപ്പോഴും അടിയിലും ശകാരത്തിലും കലാശിക്കുന്നത്. ഇപ്പോഴത്തെ വിദ്യാഭ്യാസ രീതി ഈ വശമൊക്കെ കണക്കിലെടുത്താണെന്നാണു രൂപം കൊടുത്തിട്ടുള്ളതെന്നാണു മനസ്സിലാക്കിയിട്ടുള്ളത്. എന്നിട്ടും അതു പ്രയോഗത്തില്‍ വരാത്തതെന്തേ എന്ന് അധ്യാപകര്‍ സ്വയംവിമര്‍ശനം നടത്തുന്നതു നന്നായിരിക്കും.വടിയില്ലാതെ അധ്യാപകര്‍ക്കു് ക്ലാസില്‍ പോകാന്‍ കഴിയുന്ന ഒരവസ്ഥ എന്നെങ്കിലും വരുമോ?
എന്റെ മാതൃകാ അദ്ധ്യാപകന്‍ ക്ലാസിലെ കണക്ക് മാഷായിരുന്നു. പരിശോധിക്കുകയാണെങ്കില്‍ എല്ലാവരുടെയും ഹോംവര്‍ക്ക് പരിശോധിക്കും... ചോദ്യം ചോദിക്കുകയാണെങ്കില്‍ അന്നെല്ലാവരോടും ചോദിക്കും. ചെയ്യാത്തവര്‍ക്കെല്ലാം തല്ലും കിട്ടും.. ആദ്യ റാങ്കുകാര്‍ക്ക് മുതല്‍ അവസാന റാങ്കുകാര്‍ക്ക് വരെ തല്ലു കിട്ടിയിട്ടുള്ള ദിവസങ്ങള്‍ ഓര്‍മ്മയുണ്ട്.. മറ്റ് ചിലരൊക്കെ ആദ്യ റാങ്കുകാരെ "ഓ അവര്‍ പഠിക്കുന്നതാ ഇതു മാത്രം ഓര്‍മ്മയില്ലാ" എന്നു പറഞ്ഞ് വേറെ ഒരു ചോദ്യം ചോദിച്ച് വെറുതേ വിടുന്നത് കണ്ടീട്ടുണ്ട്.. പറഞ്ഞ് വന്നത് ഈ രീതിയില്‍ ക്ലാസില്‍ പക്ഷപാതം പ്രകടിപ്പിക്കുന്ന അധ്യാപകരോട് പൊതുവേ കുട്ടികള്ക്ക് ഇത്തിരി ദേഷ്യം കൂടുന്നതായിട്ടാണു് കണ്ടിട്ടുള്ളത്. പഠിക്കാന്‍ കഴിയുന്നവനെ മാത്രം പഠിപ്പിച്ചിട്ട് പോകുന്ന തരം അദ്ധ്യാപകര്‍.
എന്റെ കൂട്ടുകാരന്‍ അധ്യാപകന്‍ ആയതിനു ശേഷം ക്ലാസില്‍ ശരാശരിയ്ക്ക് താഴെയുള്ളവരെ പഠിപ്പിച്ച് മിടുക്കരാക്കുന്നതിലാണു് അധ്യാപനത്തിന്റെ ത്രില്‍ എന്നു പറയുകയുണ്ടായി..
സസ്‌നേഹം
ആശയപരമായ അഭിപ്രായ വ്യത്യാസത്തില്‍ ഗുരുവിനെതിരെ സ്കൂളില്‍ പരാതി നല്‍കിയ ഒരു ശിഷ്യനാണ് ഈയുള്ളവന്‍, ഇന്നും അതോര്‍ത്ത് പശ്ചാത്തപിക്കുന്നു.
മാഷ് ഇപ്പോള്‍ ഈ ലോകത്തില്ല!
ഗുരു എന്ത് ചെയ്താലും, ക്ഷമിക്കാന്‍ ശിഷ്യന്‍ ശീലിക്കണം എന്നുള്ളതാണ് എന്‍റെ മതം.
പിന്നീടുള്ള ജീവിതത്തില്‍ അത് വെളിച്ചം നല്‍കും.
അടി കടുത്ത് പോകരുതെന്നേയുള്ളു. ഇത്തിരിയൊക്കെ വേണ്ടത് തന്നെ.
എന്റെ നിലപാട് ആദ്യമേ വ്യക്തമാക്കാം.എന്നിട്ട് അനുഭവം പറയാം.
നിലപാട് ഇതാണ് : കുട്ടികളെ തല്ലരുത്. കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് അദ്ധ്യാപകരുടെ കഴിവുകേടാണ് സൂചിപ്പിക്കുന്നത്.
വേറെ ഏതൊരു വിഭാഗത്തിലാണെങ്കിലും അവര്‍ ഫയലുകളാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഒരു അദ്ധ്യാപകന്‍ മനസുകളെയാണ് കൈകാര്യം ചെയ്യുന്നത്. അതു കൊണ്ടു തന്നെ മനശാസ്‌ത്രപരമായ സമീപനമാണ് അദ്ധ്യാപകന്റ ഭാഗത്തു നിന്നും ആവശ്യം.
പേടിപ്പിച്ച് അനുസരിപ്പിക്കുന്നത് മൃഗങ്ങളെയാണ്. (സര്‍ക്കസുകാരൊക്കെ ചെയ്യുന്നതു കണ്ടിട്ടില്ലേ?)എന്നാല്‍ വിശേഷബുദ്ധിയുള്ള മൃഗമായ മനുഷ്യനെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല.
പേടിക്കുന്ന വിദ്യാര്‍ത്ഥഇക്ക് എങ്ങിനെയാണ് സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുക...?
അടിക്കുറിപ്പ് : ഇതു വെറും വാചകമല്ല... അദ്ധ്യാപനം തുടങ്ങി ആറു വര്ഷം കഴിഞ്ഞു.. ഇന്നേ വരെ ഞാന്‍ ഒരു കുട്ടിയേയും തല്ലിയിട്ടില്ല... വഴക്കു പറഞ്ഞ സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വം
ഇനി അനുഭവം :
നൂറു ശതമാനം വിജയം പഴയ എസ്.എസ്.എല്‍.സി യില്‍ തുടര്ച്ചയായി നേടിക്കൊണ്ടിരുന്ന(ഇപ്പോള്‍ ഫുള്‍ എ പ്ലസിനു വേണ്ടി ശ്രമിക്കുന്ന) ഒരു അണ്‍ - ഏയ്ഡഡ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍....
മൂന്ന്, അഞ്ച് ക്ലാസുകളിലെ എന്റെ ഇംഗ്ലീഷ്, സയന്സ് വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപികയുടെ രീതി ഇതായിരുന്നു..
ഓരോ ദിവസവും അന്നന്നു ക്ലാസില്‍ എടുത്തിരുന്നത് എഴുതിക്കൊണ്ടു വരിക, ടെക്‌സ്‌ട് ബുക്കിലുള്ളതു മൂന്നു പ്രാവശ്യം, നോട്ടു ബുക്കിലുള്ളതു അഞ്ചു പ്രാവശ്യം.. എല്ലാ ദിവസവും ഇതു വേണം...
എല്ലാ കുട്ടികളും ഇതു ചെയ്യണം..
ടീച്ചര്‍ ഇതു ദിവസവും പരിശോധിക്കും..
കൈയ്യക്ഷരം നന്നായില്ലെങ്കില്‍ അടി.. അതും പോത്തിനെ തല്ലുന്ന മാതിരി ഒരു വടിയുണ്ട്.. അതു കൊണ്ടാണ് അടി. (ചിലപ്പോള്‍ കൈ തിരിച്ചു വയ്‌ക്കാന്‍ ആവശ്യപ്പെട്ട് തടിയുടെ സ്‌കെയില്‍ കൊണ്ട് തല്ലുന്ന ടീച്ചര്‍മാര്‍ ഉണ്ടായിരുന്നു. ഈ ടീച്ചര്‍ അങ്ങിനെ ചെയ്‌തിരുന്നോ എന്ന് എനിക്ക് ഓര്മ്മയില്ല.)
ഞങ്ങള്‍ മടുത്തു....ഒരു കുട്ടി അതിനു സുഖമില്ലാതിരുന്ന ദിവസം ചേച്ചിയെ ഏഴില്‍ പഠിക്കുന്ന ചേച്ചിയെ കൊണ്ട് എഴുതിച്ചു. ഇതു കണ്ടു പിടിച്ച് ഏഴാം ക്ലാസില്‍ പോയി അവരു തല്ലി..
ഇത്രയും പശ്ചാത്തലം... ഇനി അനുഭവം..
ഞാനാകെ പ്രശ്‌നത്തിലായി.. രാത്രി പന്ത്രണ്ടു മണി വരെ ഇരുന്ന് എഴുതിയാലും തീരുന്നില്ല...
വീട്ടുകാരും ഉറക്കളച്ച് കൂട്ടിരിന്നു വായിച്ചു തരുന്നു...
മറ്റു വിഷയങ്ങള്‍ എഴുതാനോ പഠിക്കാനോ സമയമില്ല...
അങ്ങിനെ ഒരു ദിവസം ഞാന്‍ ഈ എഴുത്തു ജോലി നിര്ത്തി അന്നു വേറൊരു വിഷയം പഠിച്ചു..
പിറ്റേന്ന് സ്‌കൂളില്‍ പോകാന്‍ നേരം മുഖം വാടിയിരിക്കുന്നതു കണ്ട് വീട്ടുകാര്‍ കാരണം തിരക്കി..
തുടര്‍ന്ന് അവര്‍ "----- നു സുഖമില്ലാത്തതിനാല്‍ ഇന്നലെ ഇംപോസിഷന്‍ എഴുതിയില്ല" എന്നൊരു കത്തെഴുതി തന്നു വിട്ടു....
ടീച്ചര്‍ കത്തു നോക്കി.. പറഞ്ഞു...'ഇന്നലെയല്ലേ സുഖമില്ലാതിരുന്നത്...ഇന്നു കുഴപ്പമൊന്നും ഇല്ലല്ലോ ഇന്നലത്തേതു കൂടി ചേര്‍ത്ത് നാളെ എഴുതി കൊണ്ടു വന്നാല്‍ മതി..'
അടിയില്‍ നിന്നും രക്ഷപെട്ട സന്തോഷത്തില്‍ ഞാന്‍ വേഗം വന്ന് എഴുത്തു തുടങ്ങി.. രണ്ടു ദിവസത്തേയും വേഗം തീര്‍ത്ത് ഉറങ്ങി..
പിറ്റേന്ന് അഭിമാനത്തോടെ ബുക്കും കാണിച്ചു...
എന്നാല്‍ അവരു ചെയ്‌തതെന്തെന്നോ..?
ബുക്കു നോക്കി ... (ഞാന്‍ വേഗം എഴുതിയതു കൊണ്ട് കൈയ്യക്ഷരം അത്ര ഭംഗിയായിട്ടുണ്ടായിരുന്നില്ല..)
മോശം ഹാന്റ് റൈറ്റിംഗ് ആണെന്നു പറയുകയും അതു വെട്ടിക്കളയുക + അടി + ഈ രണ്ടു ദിവസത്തേയും ചേര്‍ത്ത് നാളെ എഴുതി കൊണ്ടു വരിക എന്ന ശിക്ഷ വിധിക്കുകയും ചെയ്‌തു..
കാലം കടന്നു പോയി...
ഒരു ക്ലസ്‌റ്ററില്‍ വച്ച് അവരെ കണ്ടു.. അവര്‍ ചിരിച്ചു... പക്ഷെ എനിക്കു ചിരിക്കാന്‍ തോന്നിയില്ല..
(ഒരു പക്ഷെ ഹോംസിന്റെ അത്രയും പോലും വിശാലമായ മനസ് ഇല്ലാത്തതു കൊണ്ടാവണം; അല്ലെങ്കില്‍ ഒരു മൂന്നാം ക്ലാസുകാരന്റെ മനസിലെ വേദന ഇനിയും മാറിയിട്ടില്ലാത്തതിനാലാവണം)
ഒരിക്കൽ അഭിപ്രായം എഴുതിയ ഞാൻ വീണ്ടും വന്നതിൽ ക്ഷമിക്കുക. അടികൊടുക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചാലും പിടിച്ചു വാങ്ങുന്നവരുണ്ട്. പിന്നെ അദ്ധ്യാപകർ മാത്രമല്ല, ചില രക്ഷിതാക്കളും കുട്ടികളെ അടിച്ച് മാനസീകമായി ശിക്ഷിക്കാറുണ്ട്. അടിച്ചാലും കുട്ടികളെ വെറുക്കരുത്. എനിക്ക് മിക്കവാറും ചെറിയ തോതിൽ അടി കൊടുക്കേണ്ടി വരാറുണ്ട്. അതിലൊന്നും പ്രയാസം ഉണ്ടായിട്ടില്ല. പിന്നെ അദ്ധ്യാപകർ ശിക്ഷിക്കുമ്പോൾ വിവേചനം കാണിച്ചാൽ അത് ആ കുട്ടിക്ക് പ്രയാസം ഉണ്ടാക്കും. ഒരിക്കൽ ഏഴാം തരത്തിൽ പഠിക്കുമ്പോൾ എന്റെ അതേ മാർക്ക് കിട്ടിയ സഹപാടിനിയെ അനുമോദിച്ചപ്പോൾ, എന്നെ മാർക്ക് കുറഞ്ഞെന്ന് പറഞ്ഞ് അടിച്ച ഹെഡ്‌മാസ്റ്റർ എന്നെ കരയിപ്പിച്ചു.
ഒറ്റ അടികൊണ്ട് മാത്രം ചിലർ നന്നായിട്ടുണ്ട്.
എന്റെ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും ഇഷ്ടപ്പെട്ടിരുന്ന ഒരു സഹപ്രവർത്തകയുടെ അടിയെക്കുറിച്ച് ഞാൻ വളരെമുൻപ് എഴുതിയ പോസ്റ്റ് വായിച്ചാൽ നന്നായിരിക്കും. സംഭവം അതേപടി സംഭവിച്ചതാണ്. ലിങ്ക് ഇവിടെ-
http://mini-minilokam.blogspot.com/2009/04/15.html
എന്റെ അച്ഛന്‍ ഒരു കര്‍ക്കശ അധ്യാപകന്‍ ആയിരുന്നു. ഞാന്‍ വിദ്യാര്‍ഥിയായിരുന്നു, മകനായിരുന്നു. അച്ഛനോട് അതിരറ്റു സ്നേഹം അന്നും ഇന്നും ഉണ്ട്. വളരെ നല്ല രീതിയില്‍ പഠിച്ചിട്ടും കടുത്ത അച്ചടക്കവും ഏറെ (ശാരീരികവും മാനസികവുമായ) ശിക്ഷയും എന്നില്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. വലിയ അച്ഛന്റെ വളരെ ചെറിയ മകനായി ഞാന്‍ മാറി. അത് എന്റെ ആത്മവിശ്വാസത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഞാന്‍ അങ്ങേയറ്റം അന്തര്‍മുഖനായിരുന്നു, ഇന്നും അതിന്റെ അംശങ്ങള്‍ എന്നിലുണ്ട്. എന്ത് ചെയ്യാനും പേടിയായിരുന്നു, ഏതു തീരുമാനം എടുക്കാനും. ആദ്യ ജോലി കിട്ടിയപ്പോള്‍ എവിടെങ്കിലും ദൂരെ പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. പതിയെപ്പതിയെ ഞാന്‍ ബോധപൂര്‍വം ആളുകളോട് ഇടകലര്‍ന്നു എന്റെ സ്വഭാവത്തിലെ പരാധീനതകള്‍ മറികടക്കാന്‍ ശ്രമിച്ചു. അന്ന് കുറെയൊക്കെ വിജയിച്ചു.
ഇതൊന്നും പരിഭവം പറഞ്ഞതല്ല. എന്റെ അച്ഛന് എന്നോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റില്ല. സദുദ്ദേശത്തോടെ ആണ് അദ്ദേഹം അത് ചെയ്തത്, അദ്ദേഹത്തിന് അറിയാവുന്ന രീതിയില്‍. എനിക്കൊരു പത്തിരുപത്തഞ്ചു വയസ്സയത്തിനു ശേഷമാണ് ഞാന്‍ പറയുന്നത് അച്ഛന്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഞങ്ങള്‍ ഒരുപാട് സംസാരിക്കും. ഞാന്‍ ഒരിക്കലും എനിക്കുണ്ടായ വിഷമങ്ങള്‍ അച്ഛനോട് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് പ്രയാസമാവും എന്നു കരുതി.
ദേഹോപദ്രവവും മാനസികപീഡയും പ്രശ്നത്തിനെയല്ല സോള്‍വ് ചെയ്യുന്നത്. ഒരു പ്രശ്നം സോള്‍വ് ചെയ്യുന്നത് കൂട്ടായ പ്രയത്നമാണ്, ടീം വര്‍ക്കാണ്.
കുട്ടികള്‍ പേടിച്ചു ചെയ്യുന്നതിനെക്കാള്‍ എത്രോയോ ഗുണം ചെയ്യും പ്രയത്നിച്ചും പ്രശംസിച്ചും ചെയ്യുന്നത്. ചിന്തയിലും, പ്രവൃത്തിയിലും ബ്രേവ് ആയ ഒരു തലമുറയെ നമുക്ക് വാര്‍ത്തെടുക്കാം.
എനിക്കും മക്കളുണ്ടിപ്പോള്‍. എന്ന് വിചാരിച്ച് ഞാന്‍ അവരെ അഴിച്ചു വിട്ടിട്ടില്ല. പക്ഷെ ദേഹോപദ്രവം ചെയ്യില്ല. emotional blackmailing, മാനസിക പീഡനം... ചെയ്യില്ല. എല്ലാം തുറന്നു സംസാരിക്കും. അവര്‍ക്കാവാത്ത കാര്യങ്ങള്‍ അവരില്‍ നിന്ന് പ്രതീക്ഷിക്കില്ല. എന്നാല്‍ കഴിവിന്റെ പരമാവധി ഉപയോഗിക്കാന്‍ വേണ്ടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കും, കുറച്ചു മാത്രം strech ചെയ്യിപ്പിക്കും. വലിച്ചു പൊട്ടിക്കില്ല.
എന്റെ പ്രതീക്ഷയും അവരുടെ ആവശ്യങ്ങളും തുറന്നു ചര്‍ച്ച ചെയ്യും. വിഷമഘട്ടങ്ങളില്‍ വേണ്ട സപ്പോര്‍ട്ട് ചെയ്യും. തെറ്റ് കണ്ടാല്‍ പറയും, ശിക്ഷിക്കും. "I love you, but I don't like what you just did. Please don't do it again. If you do that again, here are the consequences..."
ചില നിരീക്ഷണങ്ങള്‍.
കുട്ടികള്‍ക്കറിയില്ല നമ്മള്‍ എന്താണ്, എപ്പോഴാണ്, എങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്ന്. ഗോള്‍ ഇല്ലാതെ deliver ചെയ്യാന്‍ പറഞ്ഞിട്ട് കാര്യമില്ല.
എന്താണ് നമ്മള്‍ പ്രതീക്ഷിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായാലും അവര്‍ നിരന്തരം അത് test ചെയ്യും. ഉദാഹരണം. 5 മണിക്ക് ശേഷം TV കാണരുത് എന്ന് പറഞ്ഞാല്‍ അവര്‍ 5:10 വരെ പോകും. കുഴപ്പമോന്നുമില്ലെനു കണ്ടാല്‍ പിറ്റേ ദിവസം 5:15 ആകും, അങ്ങനെ ക്രമേണ ആ നിയമം ഇല്ലാതാകും. അതുകൊണ്ട് ഏത് rule break ചെയ്താലുമുള്ള consequence അവര്‍ അറിഞ്ഞിരിക്കണം.
ഞാന്‍ ചെയ്തത്,
1. rules/ expectations set ചെയ്തു
2. Rules strict ആയി follow ചെയ്യിപ്പിച്ചു, വളരെ തുറന്ന ഇടപെടലോടെ തന്നെ. rules too hard ആണെങ്കില്‍ open to discussion ആണ്.
3. rules break ചെയ്‌താല്‍ ഉള്ള consequences മനസ്സിലാക്കിച്ചു. ഉദാഹരണം TV time കഴിഞ്ഞു ഓരോ മിനുട്ട് കണ്ടാലും 1 മിനിട്ടിനു 1 ദിവസം എന്ന കണക്കിന് TV കട്ട് ചെയ്യും.
4. ശിക്ഷ കൂടിപ്പോയാല്‍ അവര്‍ക്ക് എന്നോട് negotiate ചെയ്യാം. കാര്യ കാരണ സഹിതം ബോധ്യമായാല്‍ ഇളവു കൊടുക്കും. അവര്‍ക്ക് സ്വന്തം കാര്യം പറയാനും സംസാരിക്കാനുമുള്ള ചങ്കൂറ്റവും ഇതുവഴി ഞാന്‍ ലക്ഷ്യമാക്കുന്നുണ്ട് .
ഞാന്‍ ഒരു അധ്യാപകനല്ലാത്തത് കൊണ്ട് വ്യക്തി ജീവിതത്തിലെ ചില ഉദാഹരണങ്ങള്‍ എഴുതിയെന്നു മാത്രം. പിന്നെ ഞാന്‍ ചെയ്യുന്നതൊന്നും ശരിയാകണമെന്നില്ല. കാലം പറയും.
ദേഹോപദ്രവവും, മാനസികപീഡനവും ഒരു പ്രശ്നത്തിനെയല്ല വ്യക്തിയെയാണ് ഉന്മൂലനം ചെയ്യുന്നത്. സ്നേഹിക്കുക, തിരുത്തുക.
അധ്യാപകര്‍ ചെയ്യുന്നത് സാമൂഹ്യസേവനം ആണ്. ഏറ്റവും മികച്ച ഒരു ജോലി ആണ് അത്. ഒരായിരം നന്ദിയും സ്നേഹവും. എന്നെ സ്നേഹിച്ച ഒരുപാട് അധ്യാപകരെ ഇപ്പോഴും സ്മരിക്കുന്നു.
വാല്‍: വായിച്ചപ്പോള്‍ കുറച്ചു വിഷമം തോന്നി. എന്തെക്കെയോ എഴുതി. ആരെയെങ്കിലും വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.
മുമ്പത്തെ ഒരു കുസൃതി " ക്ലാസില്‍ കണക്കിന് മാര്‍ക്ക് കിട്ടുമായിരുന്ന എന്റെ രൂപം ചെറുതായിരുന്നു .വലിയ വിരുതന്മാര്‍ക്ക് ഹോം വോര്‍ക്ക് നോട്ട് കാണിച്ചില്ലെങ്കില്‍ തല്ലു ഉറപ്പ് .കാണിച്ചാല്‍ മാസ്റ്ററുടെ തല്ലും.എങ്ങനെയും നിത്യനെ അടി ഉറപ്പ്.പൊരുതി മുട്ടി .എങ്ങനെ രക്ഷപ്പെടും .പിറ്റേ ദിവസം രണ്ട നോട്ട് ബുക്ക് വാങ്ങി. ഒന്നില്‍ തെറ്റും മറ്റേതില്‍ ശറിയും. വിരുതന്മാര്‍ക്ക് കരുതിയത് കാലത്ത് തന്നെ കൊടുത്തു. അവര്‍ ചോദിക്കാതെ ,പതിവുപോലെ അധ്യാപകന്‍ ലാത്തി തുടങ്ങി .അന്ന് ആദ്യമായി ഞാന്‍ ഫ്രീ. പിറ്റേ ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ വിരുതന്മാര്‍ ബുക്ക് പൂര്‍ണമായും പരിശോധിച്ചു.തെറ്റും ശ രിയും അറിയാത്ത അവര്‍ എടുത്തത് തെറ്റായ നോട്ട്.നോട്ട് ബുക്ക് തിരികെ തരാതെ നശിപ്പിച്ചു അന്നും അവര്‍ക്ക് തല്ലു .അവരുടെ വക എനിക്കും . പിറ്റേ ദിവസം മുതല്‍ കോം പ്ര മൈസ്. അവര്‍ക്ക് ശ രി പറഞ്ഞു കൊടുത്തു കൊണ്ട് ,അധ്യപകനോട് വിവരം ധരിപ്പിച്ചു കൊണ്ട് ഞങള്‍ എല്ലാവരും അടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇവിടെ ആരാണ് തെറ്റുകാര്‍ ?"
അധ്യാപകര്‍ മാടമ്പികളാകരുത്
I saw a line in this article "കഴിഞ്ഞയാഴ്ചത്തെ സംവാദത്തിന്റെ കമന്റുബോക്സില്‍ നിറഞ്ഞുനിന്നിരുന്ന ഒരു നാമമാണ് 'ഹോംസ്'. റവന്യൂവകുപ്പ് ജീവനക്കാരനാണെന്ന് ഞങ്ങളനുമാനിക്കുന്ന ആ സുഹൃത്തിന്റെ പ്രതികരണങ്ങളില്‍ ആദ്യാവസാനം നുരഞ്ഞുയര്‍ന്ന അധ്യാപകവിരോധം ഞങ്ങളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്"
I'm not a corporal punishment supporter.
At the same time I want to say
1)In our department,99% of teachers are working for the benefits of our students.
2)In our department,99% teachers are free from any type of bribery.
3)In our department,99% teachers are ready to help our students at any time without asking any additional benefits.
I want to say the above statements are 100% true.
"HOME'S" If you still exist "Please write at least one line like this about you and your de.........."
or
First remove the beam from your own eye, and then you can see clearly to remove the speck of chaff that is in your brother's eye"
ഹോംസിന്റെ കമന്റിനേക്കാൾ വലിയ വിമർശനം ഈ പോസ്റ്റ് ഉന്നയിക്കുന്നു. അല്ലെങ്കിൽ കുട്ടികളെ മർദ്ദിക്കുന്ന മാഷമ്മാർക്കിതുപോലുള്ള പ്രയാസങ്ങൾ ഉണ്ടാവും എന്ന താക്കീതാവുമോ?.നമ്മുടെ ചർച്ചതുടങ്ങിയത് സെൻസസ് പോലുള്ള സംഗതികളിൽ അധ്യാപികമാർ നേരിടുന്ന പ്രയാസങ്ങളായിരുന്നു.അതിത്രവേഗം മാഷമ്മാർ കുട്ടികളെ തല്ലുന്ന പ്രശ്നമായിത്തീർന്നത്തെങ്ങനെ? ഇതിന്റെ പരിഹാരനിർദ്ദേശങ്ങൾ ആദ്യപ്രശ്നത്തിനും പരിഹാരമാവുമെന്നാവുമോ?
ജിക്കുവിനോടു യോജിക്കാന്‍ വയ്യ...
അധ്യാപകര്‍ കുട്ടികള്‍ക്ക് ശാരീരിക പീഡനം ഏല്‍പ്പിക്കുന്നത് പണ്ടായിരുന്നു കൂടുതല്‍. അധ്യാപകരിലെ യുവ തലമുറ അക്കാര്യത്തില്‍ പുരോഗമിച്ചിരിക്കുന്നു.പുതിയ വിദ്യാഭ്യാസ രീതികളും ഈ മാറ്റത്തിന് കാരണമായി...
പത്രങ്ങള്‍ എഴുതിയത് സത്യമാനെങ്ങ്കില്‍ കണ്ണന്താനം ചെയ്തത് ക്രിമിനല്‍കുറ്റമാണ്.അദ്ദേഹത്തെ
അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കണം.ആളുകളെ തല്ലാന്‍ അയാള്‍ക്ക് അധികാരം കൊടുത്തത് ആരാണ്...
ഈ അവധിക്കാലത്ത് ഇതുപോലൊരു വിഷയത്തില്‍ കുറെ കുട്ടികളും അധ്യാപകരും മനസ്സ് തുറക്കുന്നു എന്നത് തന്നെ ഏറെ സന്തോഷം നല്‍കുന്നു...
ഇത്തരത്തില്‍ വികൃതമായ സാഡിസം കൈമുതലാക്കിയ അധ്യാപകരെ കണ്ടിട്ടുണ്ട്. അതുപോലെ സ്നേഹനിധികളായ ധാരാളം അധ്യാപകരെയും ... വിദ്യാര്‍ഥികളുടെ ശാരീരികമായ കുറവുകളോ [കറുപ്പു നിറം കുറവല്ല ഒരിയ്ക്കലും] ,വൈകല്ല്യമോ ചൂണ്ടിക്കാട്ടി ഉദാഹരിയ്ക്കുന്ന ചില അധ്യാപകര്‍ ആ സ്ഥാനത്തിനു യോഗ്യരല്ല . എന്റെ സ്കൂള്‍ കാലത്ത് എന്റെ അടുത്ത ഒരു കൂട്ടുകാരന്റെ മുന്‍വശത്തെ ഒരുപല്ല് ഇളകിപ്പോയി. അന്നുമുതല്‍ അവനെ ഒരു അദ്ധ്യാപകന്‍ വിളിച്ചിരുന്നത് 'ഓട്ടപ്പല്ലന്‍ ' എന്നായിരുന്നു .അവനതു വളരെ വേദനിച്ചിരുന്നു എന്ന് പിന്നീട് മനസിലാക്കി .പക്ഷെ നാലാംക്ലാസ് പ്രായത്തിന്റെ അറിവില്ലായ്മയില്‍ അതുകേട്ടു ഞാനും ചിരിച്ചിട്ടുണ്ട്. അന്നൊക്കെ നാട്ടില്‍ ഇങ്ങനെയൊക്കെ നടന്നാലും ആരും ചോദിയ്ക്കാന്‍ ഇല്ല .ഇന്നല്ലേ മനുഷ്യാവകാശമൊക്കെ ശക്തമായത് . ഏതെങ്കിലും പാശ്ചാത്യ സമൂഹത്തില്‍ ഇങ്ങനെ നടന്നിരുന്നു എങ്കില്‍ അകത്തായേനെ.
അധ്യാപകനാകാന്‍ വളരെ വലിയ യോഗ്യത ആവശ്യമാണ് .അത് കേവലം വിദ്യാഭ്യാസ യോഗ്യതയല്ല. അധ്യാപകരാണ് നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് .
നന്മ തിന്മകളെ കുറിച്ചുള്ള അവബോധം അറിവിന്റെ ദീപം തെളിച്ചു പറഞ്ഞു കൊടുക്കേണ്ടത് അവരുടെ കടമയാണ്. എന്നാല്‍ ചിലര്‍ അവരുടെ മൃഗീയ വാസനകള്‍
കുട്ടികളില്‍ പ്രയോഗിയ്ക്കുന്നു. ഇത്തരം അവമാനിയ്ക്കല്‍ തുടങ്ങി ലൈംഗിക പീഡനം വരെ അധ്യാപകര്‍ സ്വന്തം കടമകള്‍ മറന്നു ചെയ്യുന്നു. എന്നാല്‍ ഇങ്ങനെയൊക്കെ ചെയുന്നത് ഒരു ന്യൂനപക്ഷം തന്നെയാണ് . ശിഷ്യനോട് 'നിനക്ക് ഗുരുത്വമില്ല ..' എന്നല്ലേ പല അധ്യാപകരും പറയുന്നത്. മനുഷ്യത്വം മനുഷ്യനും സ്ത്രീത്വം സ്ത്രീയ്ക്കും ആണ് വേണ്ടതെങ്കില്‍ ഗുരുത്വം ഗുരുവിനല്ലേ വേണ്ടത്..ഇങ്ങനെ സ്വന്തം കടമകളെ കുറിച്ച് മറക്കുന്ന അധ്യാപകര്‍ അവര്‍ ന്യൂനപക്ഷം ആയാലും സൂക്ഷിയ്ക്കുക തന്നെ വേണം. അവഹെളനത്തിലൂടെ ചെറുപ്പത്തിലെ നോവുന്ന മനസ്സുകള്‍ ..ആ വേദന വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുതുക്കുമ്പോള്‍ പിന്നെ അവനു സമൂഹത്തോട് പോലും വൈരാഗ്യവും അവജ്ഞയും ഉണ്ടാകും.
ശാരീരിക പീഡകള്‍ കൊണ്ട് ഒരു കുട്ടിയും നന്നാകും എന്ന് തോന്നുന്നില്ല .മറിച്ച് അവരുടെ നിഷ്കളങ്ക മനസ്സുകളില്‍ ആ പ്രായത്തില്‍ തന്നെ വെറുപ്പും വാശിയും വൈരാഗ്യവും നിറയ്ക്കാനെ അത് ഉപകരിയ്ക്കൂ. പൂക്കളെയും ശലഭങ്ങളെയും ആസ്വദിയ്ക്കേണ്ട പ്രായത്തില്‍ ''ആ സാറിനെ വണ്ടിയിടിയ്ക്കണേ...'' എന്ന് പ്രാര്‍ഥിച്ചാല്‍ അവരില്‍ ആ പ്രായത്തില്‍ തന്നെ നെഗറ്റിവ് തിങ്കിംഗ് ഉണ്ടാകുന്നു എന്നാണ് അര്‍ഥം . അനുസരണ വളര്‍ത്താന്‍ വേണ്ടിയാണ് തങ്ങനെ ശിക്ഷിയ്ക്കുന്നതെന്ന് ആ പ്രായത്തില്‍ ചിന്തിയ്ക്കില്ല .മറിച്ച് അടികൊള്ളുംപോള്‍ ഉള്ള വേദനയെ കുറിച്ച് മാത്രമേ ഓര്‍ക്കൂ ..അപ്പോഴോ അടങ്ങാത്ത പ്രതികാരവാഞ്ചയും . ഞങ്ങളെയൊക്കെ എത്രയോ പ്രാവശ്യം അധ്യാപകര്‍ വെയിലത്ത് നിര്‍ത്തിയിട്ടുണ്ട് ,ക്രൂരമായി തല്ലിയിട്ടുണ്ട് ..ഇന്നാണെങ്കില്‍ അതൊക്കെ വലിയ കുറ്റങ്ങള്‍ ആകും. എന്റെ ഹൈസ്കൂള്‍ കാലത്ത് ഒരു സാറ് മുഖത്താണ് തല്ലുന്നത് . ആ മരം പോലത്തെ കൈകൊണ്ട് ...ഹ..ഹ..അടികൊണ്ടു കഴിയുമ്പോള്‍ ചില വിദ്യാര്‍ഥികള്‍ പിറുപിറുക്കുന്ന ചീത്ത
ദൈവം പോലും സഹിയ്ക്കില്ല . സ്വന്തം ദേഹം നോവുമ്പോള്‍ ഉള്ള സ്വാഭാവിക പ്രതികരണമാണ് .ഇന്നാരും സാന്ദീപനിയുടെ ശിഷ്യന്മാരൊന്നും അല്ല ..ഈ കലികാലത്ത് എല്ലാ ദൌര്‍ബല്ല്യങ്ങളുടെയും തോഴരായി ജീവിയ്ക്കുന്നവര്‍.. കുഞ്ഞിലേ തല്ലുകൊണ്ട് ശീലിയ്ക്കുന്നവര്‍ ലോക്കപ്പിലെ തല്ലിനെ പിന്നീട് ഭയപ്പെടാതെ വരും. അതിനാല്‍ ശാരീരിക പീഡകള്‍ ഇല്ലാത്ത അധ്യാപനം തന്നെയാണ് നല്ലത്.
Excellent Blog. All the best.
Editor
ScienceUncle
www.scienceuncle.com
Nowadays,99% of Teachers in aided and government schools strictly follow the government laws otherwise they have to face the consequences from government authorities (including suspension and dismissal).
We have a code of contact.
But some UNAIDED school teachers still follow these types of punishments to attain maximum result.So please Don't consider all of us as same.
hello... hapi blogging... have a nice day! just visiting here....
ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായിരിക്കാം ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ ഫലം ഒരു ദിവസം അറിയുന്നത് .ഫലം 12 മണിക്ക് ഉള്ളില്‍ അറിയുമെന്ന് റിപ്പോര്ട് സൂചിപ്പിക്കുന്നു .ഫലം എന്ത് തന്നെ ആയാലും ആരു അനുമോ diച്ചാലും പുchiച്ചാലും സധൈര്യം നേരിടുക. നമ്മെ കൊണ്ട് കഷിയുന്നത് നാം നേടി എന്ന് വിചാരിച്ചാല്‍ മതി.
തുടര്‍ന്നുള്ള പഠന കാര്യങ്ങള്‍ രക്ഷിതാവും സുഹുര്തുക്കളും നിങ്ങളും കൂടി തീരുമാനിക്കുക.സധൈര്യം മുന്നോട്ട് .ഫലം കാംഷിക്കുന്ന എല്ലാ സുഹുര്തുക്കള്‍ക്കും ഭാവുകങ്ങള്‍ നേരുന്നു.അടുത്ത വര്ഷം +2 ഫലം കൂടി ഇതൊന്നിച്ചു പ്രഖ്യാപിക്കാന്‍ അധികാരികള്‍ ശ്രമിച്ചാല്‍ അത് ചരിത്രം തിരുതികുറിക്കും. .....വിജയാ ...........samsakal.
പോസ്റ്റ് അധ്യാപകരും ശിക്ഷാ നടപടികളും നന്നായിരിക്കുന്നു... എല്ലാ ആശംസകളും...
vismaya
967*307=296869scored fullaplus.con.........ns.
വളരെ നല്ല പോസ്റ്റും അനുബദ്ധ ചര്‍ച്ചകളും
അധ്യാപകരായ കൂടുത്തല്‍ വ്യക്തികള്‍ ഈ പോസ്റ്റും ചര്‍ച്ചകളും വായിക്കാന്‍ ഇട വരണേയ്യെന്ന് പ്രാര്‍ത്ഥിച്ചു പോകുന്നു.
ഏത് ജോലിയ്ക്കും വേണ്ട ഘടകമാണ് ക്ഷമാശീലം.
അധ്യാപകര്‍ക്ക് പ്രത്യേകിച്ചും. താന്‍ നല്‍കുന്ന പാഠങ്ങള്‍ കുട്ടികള്‍ ഉള്‍ക്കൊള്ളാതാകുമ്പോള്‍ ക്ഷമ നഷ്ടപെട്ട് പെരുമാറുന്ന അധ്യാപകരായിരുന്നു പണ്ട്.
എന്നാല്‍ ഇപ്പോഴത്തെ അധ്യാപകരുടെ ട്രെയിനിങ് സംവിധാനങ്ങള്‍ ഏറെ മെച്ചപെട്ടിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
മരുന്ന് വിധിക്കുന്ന വൈദ്യനെ പോലെ
അടിയാണോ പ്രതിവിധിയെന്ന് അധ്യാപകന്‍ ഗഹനമായി ആലോചിച്ചതിനു ശേഷമാണെങ്കില്‍ അത്തരം ശിക്ഷനടപടികള്‍ നമ്മുടെ സ്കൂളുകളില്‍ നിലനില്‍ക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
പക്ഷെ മരുന്ന് വിധിക്കുന്ന വൈദ്യന് അതിനുള്ള യോഗ്യതയും ബുദ്ധിയും ഉണ്ടെന്ന് ഉറപ്പാക്കുന്നത് പോലെ, അധ്യാപകനും അതുണ്ടാകണം.
വൈദ്യന്റെ പിഴ ഒരു രോഗിയുടെ മരണം പോലെ,അധ്യാപകന്റെ പിഴ അതിലും ക്രൂരമായ ഒരു സാമൂഹിക നാശത്തിനു കാരണമായേക്കാം.വൈദ്യന്റെ നിരീക്ഷണപാടവം പോലെ അധ്യാപകന്റെ നിരീക്ഷണപാടവം പ്രാധാന്യമര്ഹിക്കുന്നു.
താരെ സമീന്‍ പര്‍ എന്ന ചിത്രം പോലെ...
നന്നായി തല്ലുമായിരുന്ന ഒരു അദ്ധ്യാപകന്റെ നന്നായി തല്ലു കിട്ടിയിട്ടുള്ള ഒരു മകനാണു ഞാന്‍. ചില അദ്ധ്യാപകരുടെ തല്ലുകള്‍ എന്നെ നന്നാക്കി. ചിലര്‍ എന്നെ മോശമാക്കുകയും ചെയ്തു. തെറ്റിനു തല്ലിയാല്‍ നമുക്കതു ശിക്ഷയായെ തോന്നൂ. പക്ഷെ ഇവന്‍ തെറ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന രീതിയിലുള്ള ശിക്ഷകള്‍ പീഢനങ്ങളാണു. അങ്ങനെയുള്ളവരുടെ വിഷയങ്ങളില്‍ വാശിയോടെ പഠിക്കാതിരിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. കണക്ക്-I നു പത്താം ക്ലാസ്സില്‍ മുഴുവന്‍ മാര്‍ക്കും കിട്ടിയ എനിക്കു കണക്ക്-II നു പകുതിയായതും, ഫിസിക്സിനു 90 ശതമാനത്തിനുമേല്‍ മാര്‍ക്കു വാങ്ങിയിട്ടു കെമിസ്ട്രിയെ ഉപേക്ഷിച്ചതും ഇത്തരം കാരണങ്ങളാലായിരുന്നു.
പ്രിയപ്പെട്ട അദ്ധ്യാപരേ നിങ്ങള്‍ തെറ്റുകണ്ടാല്‍ ശിക്ഷിക്കാതിരിക്കരുതു. എന്നാല്‍ ശിക്ഷകള്‍ പീഢനങള്‍ ആകുകയുമരുതു. കാര്യത്തിനു തല്ലിയ അദ്ധ്യാപകരെ എനിക്കിന്നും ഇഷ്ടമാണ്. അവര്‍ അന്നു തല്ലിയിരുന്നില്ലെങ്കില്‍ ഞാന്‍ ഉഴപ്പിയേനെ.
എന്റെ സ്കൂള്‍ കാലത്തെ കുറിച്ചു ഒരു പോസ്റ്റ് ഇവിടെ കാണാം http://vikrithi.blogspot.com/2008/05/blog-post.html
ഇത്രയും പേര്‍ക്ക് തന്നെ വേദനിപ്പിച്ച മഷ്മ്മാരോട് ഇപ്പോഴും ദേഷ്യം ഉണ്ടെന്നു അറിയുമ്പോള്‍...ഹൊ അതിശയം തന്നെ..
പോസ്റ്റിനെക്കാള്‍ സംഭവബഹുലമാണ് കമന്‍സുകള്‍...ശരി ആണ്,ഒരു വടി എടുത്ത് അടിച്ചാല്‍ മുറിവ് ഉണങ്ങുമ്പോള്‍ സങ്കടം മാറി. എന്നാല്‍ ചിലരുടെ വാക്കുകള്‍ കൂരമ്പ് പോലെ തറച്ച് കിടക്കും.പിഞ്ചു മനസില്‍ കേറി പറ്റുന്ന പല ഭയങ്ങളും ജീവിതകാലം മുഴുവന്‍ അവരെ വേട്ടയാടുന്നു....
ഒരധ്യാപകന്‍ ക്ലാസ്സിലെ ഏറ്റവും "വിശിഷ്ടമായ" കയ്യക്ഷരം എന്ന് കളിയാക്കുമ്പോള്‍ വീണ്ടും ഒന്നെഴുതാന്‍ ആ കുട്ടി മടിക്കുന്നു.
മലയാളം ക്ലാസ്സിലെ സ്ഥിരം കോമഡികളില്‍ ഒന്നാണ് "മുഖ്യമന്ത്രിയ്ക്ക് ആരോ പണം അയച്ചു"..ഇനി പണം അയച്ചയാള്‍ വായിച്ചാട്ടേ എന്നു പറ്ഞ്ഞ് പ്രതികൂട്ടില്‍ നിര്‍ത്തിയിട്ട്, വിരങ്ങലിക്കുന്ന കുട്ടിയെ നോക്കി വീണ്ടും പരിഹസിക്കുന്ന അധ്യാപകര്‍ ഉണ്ട്...സത്യം..ഈ കുട്ടി പിന്നീട് മലയാളഭാഷയെ തന്നെ വെറുത്താല്‍???
അങ്ങിനെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം വന്നു.. ഭൂരിപക്ഷം കുട്ടികളും ജയിച്ചു... വിജയികളെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു....അതോടൊപ്പം ഒരു ചെറിയ ചിന്ത കൂടി ഈ അവസരത്തില്‍ മുന്നോട്ടു വയ്ക്കട്ടെ...
പരീക്ഷയില്‍ വിജയിച്ചു എന്നതു തീര്‍ച്ചയായും അഭിനന്ദനാര്‍ഹം തന്നെ... ഒരു സര്‍ട്ടിഫിക്കറ്റ് അതിനാല്‍ കുട്ടികള്‍ക്കു ലഭിക്കും. അതും നല്ലത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റിനപ്പുറം നമ്മുടെ കുട്ടികള്‍ക്ക് നാം എന്തു നല്‍കി എന്ന് ഓരോ അദ്ധ്യാപകനും ചിന്തിക്കേണ്ടതല്ലേ?നമ്മുടെ സ്കൂളില്‍ നിന്നും പത്ത്/അഞ്ച്/മൂന്ന് വര്‍ഷങ്ങള്‍ പഠിച്ചതു കൊണ്ട് അവനില്‍/അവളില്‍ എന്തു മാറ്റമുണ്ടാക്കാന്‍ സാധിച്ചു എന്നു നാം ചിന്തിക്കണം...
ഒരു ട്യൂഷന്‍ സെണ്റ്ററില്‍ ചെന്നാലും അവര്‍ പാഠങ്ങള്‍ സമയത്തു പഠിപ്പിച്ച് അവരെ പരീക്ഷയ്ക്ക് സജ്ജരാക്കും. അവിടെയും അദ്ധ്യാപനമാണു നടക്കുന്നത്. പരീക്ഷയ്ക്ക് നല്ല മാര്‍ക്കു വാങ്ങുക എന്നതു തന്നെയാണ് അവരും ലക്ഷ്യം വയ്ക്കുന്നത്.
എന്നാല്‍ നമ്മളാകുന്ന അദ്ധ്യാപകരുടെ കൈകളിലൂടെ കടന്നു പോകുമ്പോള്‍ ആ കുട്ടിയുടെ വ്യക്തിത്ത്വത്തില്‍, സ്വഭാവത്തില്‍ , പ്രവൃത്തിയില്‍, സംസാരത്തില്‍, ചിന്തകളില്‍ എല്ലാം ഒരു പോസിറ്റീവായ മാറ്റം വരുത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് ഓരോ അദ്ധ്യാപകനും ചിന്തിക്കണം..
ഏതൊരു അദ്ധ്യാപകന്റെ ക്ലാസില്‍ പോയിരുന്നാലും ഒരു പ്രത്യേക വിഷയം പഠിക്കാനാവും. എന്നാല്‍ എന്റെ ക്ളാസില്‍ വരുന്ന കുട്ടിയ്ക്ക് എനിക്ക് പുതുതായി എന്തു നല്‍കാന്‍ കഴിയും എന്ന ചിന്തയായിരിക്കണം നമ്മെ മുന്നോട്ടു നയിക്കേണ്ടത്...
പത്താം ക്ളാസ് കഴിഞ്ഞ നമ്മുടെ സ്കൂളില്‍ നിന്നും പോകുന്ന കുട്ടിയ്ക്ക് വഴി നീളെ കാറിത്തുപ്പിക്കൊണ്ടു നടക്കുന്ന സ്വഭാവക്കാരനാവണോ, ഹാന്‍സ് നാവിനടിയില്‍ വച്ചില്ലെങ്കില്‍ സ്ഥിരതയില്ലാത്തവനാകണോ, മദ്യം കണ്ടാല്‍ ഓടി ചെല്ലുന്നവനാവണോ..പെണ്‍കുട്ടിയെ കണ്ടാല്‍ മൊബൈല്‍ ക്യാമറ ഓണാക്കി പുറകെ ചെല്ലുന്നവനാകണോ എന്നെല്ലാം തീരുമാനിക്കേണ്ടത് അദ്ധ്യാപകരാണ്. അതാണ് അദ്ധ്യാപകരുടെ കര്‍ത്തവ്യം...
കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താനുള്ള ശ്രമം കൂടി അദ്ധ്യാപരുടെ ഭാഗത്തു നിന്നും ഉണ്ടാകണം.. (ഇതും പേടിപ്പിച്ചല്ല നടപ്പാക്കേണ്ടത്... )
ഗാന്ധിജി ചായ കുടിക്കാറില്ലെന്ന് അദ്ധ്യാപകന്‍ ക്ളാസില്‍ പറഞ്ഞപ്പോള്‍ അതു കേട്ട് ചായ കുടിക്കുന്നതു നിര്‍ത്തിയ വിദ്യാര്‍ത്ഥികളുള്ള നാടാണിത്..
മാതൃകയാവണം അദ്ധ്യാപകന്‍....
എങ്കിലേ തന്റെ കുട്ടികളില്‍ അത്ര മാത്രം സ്വാധീനം ചെലുത്താന്‍ അദ്ധ്യാപകനു കഴിയൂ.... തന്റെ ജോലി ഭംഗിയായി ചെയ്തു എന്നു പൂര്‍ണ്ണ വിശ്വാസമുള്ള ഒരു അദ്ധ്യാപകനു മാത്രമേ സമാധാനത്തോടെ വീട്ടില്‍ പോയിക്കിടന്നുറങ്ങാന്‍ കഴിയൂ എന്നാണെന്റെ വിശ്വാസം....
പഠിക്കാത്തതിന് അടിലഭിച്ച സംഭവം എനിക്കറിയില്ല. യു.പി.സ്കൂളില്നിന്ന് കിട്ടിയ മൂന്നടിയും അതിനായിരുന്നില്ല. അതിലൊന്നിനെ പറ്റിയാണ് പറയാന്‍ പോകുന്നത്. കരീം മാഷാണ് ഇംഗ്ലീഷ് എയും ബിയും എടുക്കുന്നത്. മാഷ് ക്ലാസിലെത്തി കുട്ടികളെല്ലാം പുസ്തകം എടുക്കാന്‍ തുടങ്ങി. മാഷ് ബെഞ്ചുകള്‍ക്കിടയിലൂടെ നടക്കുകകയാണ്. എനിക്കൊരു സംശയം ഇപ്പോള്‍ എടുക്കേണ്ടത് ഇംഗ്ലീഷ് എയോ ബീയോ. മാഷോട് തന്നെ ചോദിക്കാം. ധൈര്യം സംഭരിച്ച് ചോദിച്ചു. ഉള്ളില്‍ പേടിയുണ്ട് അതുകൊണ്ട് ചോദ്യം ഇങ്ങനെയായി 'സാറെ ഇപ്പോ...ള്‍ ഇംഗ്ലീഷല്ലേ...?' കൃത്യമായി സാറിന്റെ കൈപ്പാട്ടിലാകണം ചോദ്യം ഒന്ന് തിരുത്താന്‍ പോലും സമയം കിട്ടിയില്ല ചെവിക്കുറ്റിക്ക് ആഞ്ഞടിച്ചു. കണ്ണിലൂടെ പൊന്നീച്ച പറന്നു.
എന്റെ സ്‌കൂളില്‍ തന്നെ പിന്നീട് കുറച്ചുകാലം അധ്യാപകനാകാന്‍ അവസരം ലഭിച്ചു. അപ്പോള്‍ കണ്ട കാഴ്ചയും ഞങ്ങളനുഭവിച്ചതും വീണ്ടും താരതമ്യം ചെയ്തു. രണ്ടിന്‍െയും മധ്യയല്ലേ കൂടുതല്‍ സമൂഹത്തിന് ഗുണകരമായ സമീപനം എന്നൊരു ചിന്ത മനസ്സിലൂടെ കടന്നു പോയി.
Apologies for commenting in English.
The relation between a teacher and a student can be the best in the world. Or it can be the worst as well. But in this relationship, the teacher always have more power - physically and even more academically, it is a given that a determined teacher can rusticate a student, be it in school or in college. How the teacher wields the power makes all the difference.
Teaching is a noble profession, but then so is any profession. Individual respect has to be earned and can never be expected automatically. But then in a heavily social and class conscious country like India, respect has to be shown automatically. Or why else do we call a KSRTC bus conductor "Saaarr" with all the sarcasm in the world?
എല്‍.പി സ്ക്കൂളിലെ പഠനം കഴിഞ്ഞ് പുതുമോടിയില്‍ അഞ്ചാം ക്ലാസിലെത്തിയ സമയം. ഇടയ്കെപ്പോഴോ മുഴങ്ങിയ ഇടവേളമണിയുടെ ശബ്ദം കേട്ടിട്ടും കേള്‍ക്കാത്ത ഭാവേന, അനസ്യൂതം ക്ലാസെടുത്തു കൊണ്ടിരുന്ന ടീ്ച്ചറോട് "ബെല്ലടിച്ചു, ടീച്ചറേ" എന്ന് പറഞ്ഞു പോയ 'കുറ്റത്തിന്' പല്ലിറുമ്മി അമര്‍ത്തി നുള്ളിക്കൊണ്ട് തള്ളി ക്ലാസിനു വെളിയിലേക്കിട്ടത് കളിക്കാനിറങ്ങിയ മറ്റ് ക്ലാസുകാര്‍ ചിരിയോടെ നോക്കിനിന്ന സംഭവം ഇന്നും ഓര്‍ക്കുമ്പോള്‍ ഉള്ളു പിടയ്ക്കും. ഇതെഴുതുമ്പോഴും ഞാനാ പഴയ അഞ്ചാം ക്ലാസുകാരനായ പോലെയാണ് എന്റെ നെഞ്ചിടിപ്പ്.
ബി.എഡ് കോളേജില്‍ നിന്ന് ടൂര്‍ പോകുമ്പോള്‍ (2004) കൂട്ടുകാരെല്ലാം കൂടി ഒരു ബസിലാണ് കയറിയത്. ഇതോടൊപ്പമുള്ള അടുത്ത ബസില്‍പ്പെട്ടു പോയ കരച്ചിലിന്റെ വക്കോളമെത്തിയ ഞങ്ങളുടെ കൂട്ടുകാരനായ ഒരാളെ ഈ ബസിലേക്ക് കയറ്റണമെന്ന് പറഞ്ഞതിന് പുതുതായി സ്ഥലം മാറിയെത്തിയ കായികാധ്യാപകന്‍ തന്റെ കാര്‍ക്കശ്യം പ്രകടിപ്പിക്കാന്‍ ചെയ്തത് ആറ് ദിവസങ്ങളുള്ള ടൂറില്‍ അഞ്ചു ദിവസവും എന്നെ മാത്രം ആ ബസ്സില്‍ നിന്ന് മാറ്റിക്കൊണ്ടായിരുന്നു. എന്നിട്ട് യാത്രയിലെ ആഘോഷങ്ങളുടെ ഭാഗമായി 'കളിയാക്കല്‍' പാട്ടുകളും. ആദ്യം പ്രതിഷേധിച്ചും പിന്നെ അപേക്ഷിച്ചും നോക്കി. അദ്ദേഹം കൂട്ടുകാരോടൊപ്പം നടക്കാന്‍ എന്നെ അനുവദിച്ചില്ല. 'കര്‍ക്കശക്കാരനായ' അധ്യാപകന്‍ കൂടുതല്‍ ഗാംഭീര്യം പ്രകടിപ്പിച്ചതേയുള്ളു. നാളെ അധ്യാപകരാകാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും മികച്ച ധാരണയാണല്ലോയിത് എന്ന് ഞാനെന്റെ മനസ്സില്‍ നൊമ്പരത്തോടെ ഓര്‍ത്തു.
ഈ രണ്ട് സംഭവങ്ങളില്‍ എനിക്കുള്ള സ്ഥായിയായ വികാരം ഇന്നും വരികളായി പകര്‍ത്താന്‍ എനിക്കാവുന്നില്ല. കാരണം,എന്നെ ഒരു വ്യക്തിയെന്ന നിലയില്‍ ശുദ്ധീകരിക്കലായിരുന്നില്ലല്ലോ ഈ ശിക്ഷകളുടെ ഉദ്ദേശ്യം.
Time Space attitude(?) സൂചിപ്പിച്ചപോലെ,പോസ്റ്റിനെക്കാള്‍ സംഭവബഹുലമാണ് കമന്‍സുകള്‍..!
പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴുള്ള ടെന്‍ഷന്‍, ഹോംസിന്റെ പ്രതികരണമെങ്ങിനെയിരിക്കുമെന്നായിരുന്നു.(പലവട്ടം ഇക്കാര്യം ഹരി, ജോണ്‍, പിന്നെ ഈ ആശയം ഊതിക്കത്തിച്ച ജോംസ് സാറന്മാരുമായി പങ്കുവെച്ചിരുന്നു) നന്ദി ഹോംസ് സാര്‍, താങ്കളുടെ വളരെ പോസിറ്റീവായ കമന്റിന്.
ഗീതാസുധി, അനില്‍,മിനിടീച്ചര്‍,നിധിന്‍, വിജയന്‍,മനോജ്,ജോണ്‍,ജിക്കു,ജനാര്‍ദ്ധനന്‍,എം.കെ.മാലി,സുധേഷ്,കുഞ്ഞന്‍സ്,കാവേരി,വഴിപോക്കന്‍,കുമാരന്‍,ജോംസ്,വഷളന്‍,സുനില്‍,രാമനുണ്ണി,രാജേഷ്ശിവ,സബീര്‍,സയന്‍സ് അങ്കിള്‍,ഹാപി,കനല്‍,പതികന്‍,സി.കെ.ലത്തീഫ്,മലമൂട്ടില്‍ മത്തായി......
എല്ലാവരും തികച്ചും ഉചിതമായിത്തന്നെ പ്രതികരിച്ചു. എല്ലാവര്‍ക്കും നന്ദി.
പോസ്റ്റും കമന്റുകളും വായിച്ചു. ശിക്ഷാ നടപടികൾ വേണം. പക്ഷെ അത് കുട്ടികളെ മാനസികമായി തകർക്കുന്ന രീതിയിലാവരുത്. ചില അധ്യാപകരെങ്കിലും ഇന്നും വർണ്ണത്തിന്റെയും മറ്റ് ന്യൂനതതകളുടെയും,വിശ്വാസങ്ങളുടെയും പേരിൽ വിദ്യാർത്ഥികളെ വേർതിരിച്ച് കാണുകയും അവരെ ഇകൾത്താൻ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. മനശാസ്ത്രപരമായ സമീപനം പ്രാവർത്തികമായിട്ടില്ല എന്നതാണ് മനസിലാക്കാൻ കഴിയുന്നത്.
ചെറുപ്പത്തില്‍ എന്നെ വല്ലാതെ തല്ലിയ അധ്യാപകരോട് എനിക്ക് ശക്തമായ ദേഷ്യം ഉണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്നപ്പോഴാണ് അവര്‍ എന്തിനായിരുന്നു എന്നെ അടിച്ചത് എന്ന് ചിന്തിക്കുമ്പോള്‍ ഇപ്പോള്‍ സ്‌നേഹമാണ് തോന്നുന്നത്. അങ്ങിനെയൊക്കെ ആണെങ്കിലും എന്നെ ഒന്നാം ക്ലാസില്‍ പഠിപ്പിച്ച ടീച്ചറോടുള്ള ദേഷ്യം എന്തുകൊണ്ടോ എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല. ഒരു ദിവസം ഇന്‍ര്‍വെല്‍ സമയത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എന്റെ സുഹൃത്തിന്റെ കയ്യിലെ മുറിവില്‍ ഞാന്‍ അറിയാതെ അടിക്കുകയും അതിന്റെ ഫലമായി രക്തം വാര്‍ന്നൊലിച്ചപ്പോള്‍ പേടിച്ചരണ്ട ഞാന്‍ ഉടനെ വീട്ടിലേക്ക് ഒരൊറ്റ ഓട്ടം. അന്ന് വീട്ടുകാരോട് കള്ളം പറഞ്ഞ് രക്ഷപ്പെട്ടെങ്കിലും പിറ്റെ ദിവസം സ്‌കൂളില്‍ ചെന്നപ്പോള്‍ ഹാജര്‍ എടുത്ത ശേഷം എന്നെ ടീച്ചര്‍ പിടിച്ചു." ക്ലാസ് കട്ട് ചെയ്‌തതിന് "
പിന്നെ തുടങ്ങി അടിയോടടി.......കാലില്‍, കയ്യില്‍....തുടകളില്‍......അങ്ങിനെ പിന്നെ എവിടെയൊക്കെ അടിച്ചു എന്നതിന് കണക്കുണ്ടോ.......പൊട്ടികരഞ്ഞ എന്നെ അടിച്ചു വരാന്തയിലൂടെ സ്‌കൂള്‍ കുട്ടികള്‍ക്ക് മുമ്പിലൂടെ എന്റെ ജേഷ്‌ഠന്‍ പഠിക്കുന്ന നാലാം തരത്തിന് മുമ്പിലേക്ക്.......അവിടെയെത്തി അവനോടെന്തോ ചോദിക്കലും തുടര്‍ന്നു പിന്നെയും അടി.... ഞാന്‍ കരഞ്ഞു നിലത്തുവീണു......എത്ര തവണ അഭ്യര്‍ഥിച്ചുവെന്നറിയില്ല........ഇപ്പോള്‍ ഇതെഴെതുമ്പോഴും കണ്‍കള്‍ നിറയുന്നു. മറക്കാനാകുന്നില്ല ഇവയെനിക്ക്........
എന്നാല്‍ ഹൈസ്‌കൂള്‍ ക്ലാസില്‍ എന്നെ പഠിപ്പിച്ച അധ്യാപകരോടൊപ്പം അധ്യാപക പരിശീലനം നേടാന്‍ കഴിഞ്ഞ മാസം അവസരം ലഭിച്ചപ്പോഴാണ് എന്റെ അധ്യാപകര്‍ എനിക്കെത്രത്തോളമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.....ഇല്ല....പരിശീലന കാലത്ത് ഒരു കുട്ടിയേയും അടിച്ചിട്ടില്ല ഞാന്‍...
അതെ സമയം തികട്ടിവരുന്നത് ഒന്നാം ക്ലാസിലെ ടീച്ചറുടെ അടിതന്നെയാണ്.........
ഞാൻ ഒരു +2ൽ പഠിക്കുന്ന ചെക്കൻ ആ..എല്ലാ കമന്റും ഞാൻ വായിച്ചില്ല കുറച്ചു വായിച്ചു..മിക്കവരും പറഞ്ഞതു അവർക്കു തല്ലുകൊണ്ട അനുഭവങ്ങൾ.എനിക്കും കൊണ്ടിട്ടുണ്ടു കൂറെ ക്ലാസ്സിൽ നിന്നും tuition classൽനിന്നും വേണ്ടതിലും അധികം.... ഒരു ദിവസം പോയില്ലെങ്കിൽ പിറ്റെദിവസം നല്ല തല്ലു കിട്ടും അപ്പൊ Monday പോയില്ലെങ്കിൽ പിന്നെ ആ തല്ലു പേടിച്ചു ആ week പോകില്ല. അപ്പൊ sir വീട്ടിലേക്കുവിളിക്കും ഞാൻ ഫോനിന്റെ cable ഊരീടും.. അങ്ങനെ കുറെ സംഭവങ്ങൾ.... അതൊക്കെ ഇപ്പൊ ഓർത്താൽ ഇനി കിട്ടില്ല എന്ന വിഷമം......
Post a Comment