ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് 2012

>> Tuesday, November 29, 2011

2012-13 വര്‍ഷത്തേക്കാവശ്യമായ സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഓര്‍ഡര്‍ നല്‍കുന്നതിന് മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകള്‍ക്കും www.keralabooks.org എന്ന വെബ്സൈറ്റിലെ online text book indent management system എന്ന ലിങ്കില്‍ പ്രവേശിച്ച് തങ്ങള്‍ക്കാവശ്യമായ പുസ്തകങ്ങളുടെ ക്ളാസ്സ്, ഇനം തിരിച്ച ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഇതിനുളള ഗൈഡ്ലൈന്‍സും സംശയദൂരീകരണത്തിനായുളള ഹെല്‍പ് ലൈന്‍ നമ്പരുകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ മാസം 21-ന് തുടങ്ങി ഡിസംബര്‍ 10-ന് അകം പൂര്‍ത്തിയാകത്തക്ക രീതിയിലാണ് ഇന്‍ഡന്റിംഗ് സംവിധാനം ഒരുക്കിയിട്ടുളളത്. സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളും ഈ സമയ പരിധിക്കുളളില്‍ തങ്ങളുടെ ആവശ്യകത രേഖപ്പെടുത്തിയിരിക്കണം.

ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസം റോളിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ ക്ളാസ്സ് കയറ്റി വേണം അടുത്ത വര്‍ഷത്തെ ആവശ്യകത കണക്കാക്കേണ്ടത്. ഇപ്പോള്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ അടുത്ത വര്‍ഷം രണ്ടാം ക്ളാസ്സിലാകും എന്ന രീതിയില്‍ ആവശ്യകത തയ്യാറാക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പരിചയവും യുക്തിയും ഉപയോഗിച്ച് വരും വര്‍ഷത്തെ ഓരോ ക്ളാസ്സിലേയും കുട്ടികളുടെ എണ്ണം മുന്‍കൂട്ടി കണ്ടുവേണം ഇന്‍ഡന്റ് നല്‍കേണ്ടത്.

ഇങ്ങനെ ഓര്‍ഡര്‍ നല്‍കുമ്പോള്‍ അറബി, ഉര്‍ദു, സംസ്കൃതം എന്നീ ഭാഷകള്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പ്രസ്തുത വിഷയങ്ങളുടെ ഓര്‍ഡര്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 5 മുതല്‍ 10 വരെ ക്ളാസ്സുകളില്‍ അറബി, സംസ്കൃതം ഓറിയന്റല്‍ പുസ്തകങ്ങള്‍ നിലവിലുണ്ട്. ഒന്നും രണ്ടും ഭാഷകള്‍ക്കു പകരം അറബി, സംസ്കൃതം പഠിപ്പിക്കുന്ന ചുരുക്കം ചില ഓറിയന്റല്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ടി മാത്രമുളളതാണ് ഈ പുസ്തകങ്ങള്‍. സാധാരണ സ്കൂളുകളിലെ കുട്ടികള്‍ ഈ ഓറിയന്റല്‍ പുസ്തകങ്ങള്‍ പഠിക്കേണ്ടതില്ല. അതിനാല്‍ ഇന്‍ഡന്റ് ഫോമിലെ Arabic (OS), Sanskrit (OS) എന്നിവ അക്കാഡമിക് സ്കൂളുകളിലെ കുട്ടികള്‍ക്കായി ഓര്‍ഡര്‍ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും തങ്ങളുടെ മേഖലയിലെ ഹൈസ്കൂളുകള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ സ്കൂളുകളും കൃത്യമായി ഓര്‍ഡര്‍ നല്‍കി എന്ന് ഉറപ്പുവരുത്തണം. ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ മേല്‍പ്പറഞ്ഞ സമയപരിധിയില്‍ വിവിധ സ്കൂളുകളില്‍ നേരിട്ട് പരിശോധന നടത്തുകയും ഇന്‍ഡന്റിംഗ് കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

ഓരോ ഉപജില്ലയിലേയും എല്ലാ പ്രഥമ അധ്യാപകരുടേയും യോഗം വിദ്യാഭ്യാസ ആഫീസര്‍ ഡിസംബര്‍ 8-ന് അകം വിളിച്ചു ചേര്‍ത്ത് ഇന്‍ഡന്റിംഗിലെ പുരോഗതിയും വിശ്വാസ്യതയും ഉറപ്പു വരുത്തണം. ഇതു സംബന്ധിച്ച മേല്‍നോട്ടം ജില്ലാ വിദ്യാഭ്യാസ ആഫീസറും ഉപഡയറക്ടറും യഥാവിധി കൈക്കൊളളുകയും വേണം.

കഴിഞ്ഞ വര്‍ഷം സ്വീകരിച്ച അതേ രീതിയില്‍ തന്നെ ഇപ്രാവശ്യവും ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനും അവ താഴേക്ക് പ്രചരിപ്പിക്കുന്നതിനുമായി എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്കും വരുന്ന ആഴ്ചയില്‍ സീമാറ്റിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് പിന്നാലെ നല്‍കും. അണ്‍ എയിഡഡ് സ്കൂളുകള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം പിന്നീട് ഏര്‍പ്പെടുത്തുമെന്നതിനാല്‍ ഈ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് ബാധകമല്ല.

Text Book officer's Circular
Instructions

ONLINE INDENTING – TEXTBOOKS 2012-13
HELP LINE NUMBERS
Thiruvananthapuram
Kollam
Pathanamthitta
999 54 11 786
Alappuzha
Kottayam
Idukki
Ernakulam
999 54 12 786
Thrissur
Palakkad
Malappuram
999 54 13 786
Kozhikode
Wayanad
Kannur
Kasaragod
999 54 14 786
General
999 54 16 786

Officer in charge: 9446565034
State Coordinator: 9447068383


Read More | തുടര്‍ന്നു വായിക്കുക

മുല്ലപ്പെരിയാര്‍ : തിരിച്ചറിവുണ്ടാകാന്‍ രക്തസാക്ഷികള്‍ വേണമെന്നോ?

>> Monday, November 28, 2011

കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. 2009 ല്‍ ബൂലോകത്തെ പ്രമുഖ സഞ്ചാരസാഹിത്യകാരനായ നിരക്ഷരന്‍ എഴുതിയ ലേഖനം വായിക്കൂ. മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. തമിഴന്‍ രാഷ്ട്രീയം മറന്ന് നാടിനു വേണ്ടി ഒരുമിക്കുമ്പോള്‍, സ്വതസിദ്ധമായ നിസ്സംഗത വെടിയാന്‍, മലയാളിയുടെ പ്രതിഷേധത്തിന്റെ ഗൗരവം തിരിച്ചറിയാന്‍, ഈ ലേഖനം സഹായിക്കും. രാഷ്ട്രീയഭേദമന്യേ ഈ പ്രശ്നം ഏറ്റെടുക്കാന്‍, ക്ലാസ് മുറികള്‍ അന്വേഷണാത്മകമനോഭാവമുള്ള നമ്മുടെ കുട്ടികള്‍ക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാന്‍ അധ്യാപകസമൂഹത്തിന് മുന്നില്‍ മുല്ലപ്പെരിയാര്‍ പ്രശ്നവും ചരിത്രവും സമര്‍പ്പിക്കുന്നു. ഒപ്പം അതിന്റെ വീഡിയോയും. മുഴങ്ങട്ടെ, നമ്മുടെ പ്രതിഷേധം. അലയടിക്കട്ടെ, അതിര്‍ത്തികള്‍ കടന്ന്.. നമ്മുടെ ശബ്ദം.

സോഹന്‍റോയ് ഒരുക്കിയ 'ജലബോംബുകള്‍' (മലയാളം ഡോക്യുമെന്ററി)


1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും.

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്‌ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.

മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും! രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍.

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ പെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്‌നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്‌ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വില പറയരുത്.

ഇതേ വിഷയം പ്രസിദ്ധീകരിച്ചിട്ടുള്ള പൂഞ്ഞാര്‍ ന്യൂസ് എന്ന ബ്ലോഗില്‍ കണ്ട രണ്ടു വീഡിയോകളില്‍ ഒന്നാണ് ചുവടെ നല്‍കിയിരിക്കുന്നത്. (ദൈര്‍ഘ്യം 21.27 മിനിറ്റ്)


മുല്ലപ്പെരിയാറിന്റെ ചരിത്രം വിക്കിപീഡിയ പറയുന്നു : ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക


Read More | തുടര്‍ന്നു വായിക്കുക

ഹിത വാക്കുപാലിക്കുന്നു..!

>> Wednesday, November 23, 2011

ഇന്നലെ മാത്രം നമ്മുടെ ബ്ലോഗിന്റെ സന്ദര്‍ശനങ്ങള്‍ ഇരുപത്തയ്യായിരത്തിനടുത്ത്! ചൂടോടെ കിട്ടുന്ന ഡൗണ്‍ലോഡുകള്‍ കൊത്തിയെടുക്കാനെത്തുന്ന കൂട്ടരെ മാറ്റിനിറുത്തിയാല്‍ ബാക്കിയുള്ളവര്‍ ജോണ്‍സാറിന്റെ ഗണിത പോസ്റ്റിലെ മാതൃകാ ചോദ്യങ്ങളും ആരാധ്യനായ കൃഷ്ണന്‍ സാറിന്റെ അമൂല്യ ലേഖനവും ചോദ്യങ്ങളും കണ്ട് പാഞ്ഞെത്തിയവര്‍ തന്നെ. ഞാനടക്കമുള്ള ഗണിതാധ്യാപകര്‍ പലരും ഇതെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും തിരിച്ച് തങ്ങള്‍ക്കെന്താണ് നല്‍കാനുള്ളതെന്ന് ആലോചിക്കുന്നു പോലുമില്ലെന്നതില്‍ സങ്കടമുണ്ട്. ഈ അവസരത്തിലാണ് നമ്മുടെ ഹിതയും അര്‍ജ്ജുനുമൊക്കെ മാതൃകയാകുന്നത്. പത്താം ക്ലാസിലെ ഗണിതം ആറും ഏഴും പാഠങ്ങളായ സൂചകസംഖ്യകള്‍, സാധ്യതയുടെ ഗണിതം , ഫിസിക്സിലെ അഞ്ചാം പാഠമായ പ്രകാശപ്രതിഭാസങ്ങള്‍ എന്നിവയില്‍ നിന്നുള്ള ചില മാതൃകാചോദ്യങ്ങളുമായാണ് ഹിത രംഗത്തുവന്നിരിക്കുന്നത്. ആയിരം ദിവസം തികയുന്ന ദിവസം എന്ത് ചെയാന്‍ കഴിയും എന്നതിന് ഇന്നതെല്ലാം ചെയ്യാം എന്ന് എണ്ണമിട്ടു പറയുക മാത്രമല്ലാ പ്രവൃത്തിപഥത്തിലെത്തിക്കുക കൂടി ചെയ്തിരിക്കുന്നൂ പോസ്റ്റല്‍ ജീവനക്കാരികൂടിയായ പാലക്കാട് കോട്ടായിക്കാരി ഹിത. ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉത്തരങ്ങള്‍ കണ്ടെത്തി സംശയങ്ങള്‍ പങ്ക് വെച്ചുകൂടേ..?
സൂചകസംഖ്യകള്‍ ( Coordinates)
സാധ്യതയുടെ ഗണിതം ( Mathematics of Chances)
പ്രകാശ പ്രതിഭാസങ്ങള്‍ (Optical phinomena)


Read More | തുടര്‍ന്നു വായിക്കുക

ജ്യാമിതിയും ബീജഗണിതവും

>> Monday, November 21, 2011


ഭൗതിക പ്രശ്നങ്ങള്‍ക്ക് ഗണിതപരിഹാരം കാണുന്നതിന് ജ്യാമിതീയരീതി ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. പത്താംക്ലാസിലെ പാഠപുസ്തകത്തില്‍ 'ജ്യാമിതിയും ബീജഗണിതവും' ​എന്ന പാഠഭാഗത്തിന്റെ സൈഡ്ബോക്സില്‍ നിറഞ്ഞുനില്‍ക്കുന്നതും ഇതുതന്നെയാണ്. ഗണിതചിന്തകളുടെ പ്രായോഗികത നിറഞ്ഞുനില്‍ക്കുന്ന ഭൗതികശാസ്ത്രം രസതന്ത്രം എന്നിവയുടെ പഠനത്തിലും ആസ്വാദനത്തിലും ചിട്ടയായ ഗണിതപഠനം അനിവാര്യമത്രേ. ചലനസമവാക്യങ്ങള്‍ ജ്യാമിതീയമായി തെളിയിക്കുകയും ഒപ്പം ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗത്തുനിന്ന് പരിശീലനചോദ്യങ്ങള്‍ നല്‍കുകയുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. പോസ്റ്റിനൊടുവില്‍ പരിശീലനചോദ്യങ്ങളുടെ പി.ഡി.എഫ് ഫയല്‍ നല്‍കിയിട്ടുണ്ട്.

x സൂചകാക്ഷത്തില്‍ സമയവും y സൂചകാക്ഷത്തില്‍ പ്രവേഗവും(velocity) എടുത്തുകൊണ്ടാണ് പ്രവേഗ-സമയ ഗ്രാഫ് (velocity-time graph)വരക്കുന്നത് . പ്രവേഗസമയ ഗ്രാഫിന്റെ ചരിവ് ത്വരണമായിരിക്കും(acceleration). $t_1$ സമയത്തിലെ പ്രവേഗം $v_1$ , $t_2$ സമയത്തിലെ പ്രവേഗം $v_2$ആയാല്‍ $\frac{v_2-v_1}{t_2-t_1}$എന്നത് ത്വരണമാണ്. നേര്‍രേഖയില്‍ സമാനത്വരണത്തോടെ(uniform acceleration) സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ചലനം പരിഗണിച്ചുകൊണ്ട് വരക്കുന്ന v-t ഗ്രാഫ് ഒരു നേര്‍രേഖയായിരിക്കും. x അക്ഷത്തിനു സമാന്തരമായ നേര്‍രേഖയുടെ പ്രസക്തി അതിന്റെ ചരിവ് (slope)പൂജ്യമാണെന്നതാണ് . അതായത് ത്വരണം പൂജ്യമായ ചലനത്തെ സൂചിപ്പിക്കുന്നതാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇത് സമാനചലനത്തിന്റെ പ്രവേഗ-സമയ ഗ്രാഫാണ്.

ഇനി താഴെ കൊടുത്തിരിക്കുന്ന ഗ്രാഫ് നോക്കാം. ഇവിടെ AB എന്ന വര സമാനത്വരണത്തോടെ ചലിക്കുന്ന വസ്തുവിന്റെ V-T ഗ്രാഫാണ് .ഈ വര സമയ അക്ഷവുമായി(axis) ചേര്‍ന്നുണ്ടാക്കുന്ന ഒരു ലംബകം (trapezium)കാണാം. ഈ ലംബകത്തിന്റെ പരപ്പളവാണ്(area) വസ്തു സഞ്ചരിച്ച ദൂരം അഥവാ സ്ഥാനാന്തരം (distance or displacement). ഈ പരപ്പളവ് നമുക്ക് കണക്കാക്കാം. ചില ബിന്ദുക്കളുടെ സൂചകസംഖ്യകള്‍(coordinates) എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.

ചിത്രത്തില്‍ കാണുന്ന AB എന്ന വര ആദ്യപ്രവേഗം(initial velocity) u , ത്വരണം a ആയ ചലനത്തിന്റെ ഗ്രാഫാണ് . ഈ വര സമയ അക്ഷവുമായി രൂപീകരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് വസ്തു സഞ്ചരിച്ച ദൂരമാണ് . ഈ പരപ്പളവ് ലംബകത്തിന്റെ പരപ്പളവ് കാണുന്ന രീതിയില്‍ കണ്ടെത്തിയാല്‍ നമുക്ക് രണ്ടാമത്തെ ചലനസമവാക്യമായിരിക്കും (equation of mation)കിട്ടുന്നത് .
ലംബകം OABD യുടെ പരപ്പളവ് = $\frac{1}{2} h (a+b)$
ലംബകം OABD യുടെ പരപ്പളവ് = $\frac{1}{2} h (a+b)$
$\frac{1}{2} \times OD \times (OA+BD)$
$\frac{1}{2} \times t \times (u+v)$
$\frac{1}{2} \times t \times (u+u+at)$
$\frac{1}{2} \times t \times (2u+at)$
$ut+\frac{1}{2} a t^2$
ജ്യാമിതിയും ബീജഗണിതവും ഒത്തുചേര്‍ന്ന് രണ്ടാം ചലനസമവാക്യം രുപീകരിച്ചിരിക്കുന്നതാണ് ഇത് . ഇപ്രകാരം മൂന്നാമത്തെ ചലനസമവാക്യം ജ്യാമിതീയമായി തെഴിയിക്കാന്‍ പറ്റുമോയെന്ന് നോക്കുക. മൂന്നാമത്തെ ചലനസമവാക്യം ഒന്‍പതാംക്ലാസില്‍ പഠിച്ചിട്ടുണ്ടല്ലോ. $v^2=u^2+2as$എന്നതാണ് സമവാക്യം

ജ്യാമിതിയും ബീജഗണിതവും: പരിശീലനചോദ്യങ്ങള്‍"
ചലനത്തെക്കുറിച്ചുള്ള കൃഷ്ണന്‍സാറിന്റെ ലേഖനം

കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ പുതിയ ചോദ്യങ്ങള്‍


Read More | തുടര്‍ന്നു വായിക്കുക

എവിടെയാണ് കോത്താഴം

>> Thursday, November 17, 2011

നാ­ടോ­ടി­ക്ക­ഥ­കള്‍­കൊ­ണ്ട്‌ സമ്പ­ന്ന­മാ­ണ്‌ ഓരോ ജന­സാ­മാ­ന്യ­വും. വി­ഷ­യം­കൊ­ണ്ടും ആഖ്യാ­ന­രീ­തി­കൊ­ണ്ടും ഭാ­വ­ത­ലം­കൊ­ണ്ടു­മൊ­ക്കെ നാ­ട്ടു­ക­ഥ­ക­ളില്‍ വ്യ­ത്യ­സ്‌­ത­ത­ക­ളു­ടെ തു­രു­ത്തു­ക­ളു­ണ്ടാ­വു­ന്നു. നാ­ടോ­ടി­ക്ക­ഥ­ക­ളി­ലെ ഒരു സവി­ശേഷ ഇന­മാ­ണ്‌ ഫലി­ത­ക­ഥ. ലൗ­കിക കഥ­കള്‍ എന്ന നാ­ടോ­ടി­ക്ക­ഥാ­വി­ഭാ­ഗ­ത്തില്‍ ഉള്‍­പ്പെ­ടു­ത്താ­വു­ന്ന ഫലിത കഥ­കള്‍ പല തര­ത്തി­ലു­ണ്ട്‌. നിര്‍­ദോഷ ഫലി­ത­ക­ഥ, ആക്ഷേപ രീ­തി­യി­ലു­ള്ള ­ക­ഥ എന്നിവ അവ­യില്‍ പ്ര­ധാ­ന­പ്പെ­ട്ട­താ­ണ്‌. ­ആ­ലുവ യു­.­സി­.­കോ­ള­ജിലെ മലയാളവിഭാഗത്തില്‍ അസി­സ്റ്റ­ന്റ് പ്ര­ഫ­സ­റും പ്രമുഖ ഫോ­ക് ലോര്‍ പണ്ഡി­ത­നു­മാ­യ ഡോ.അ­ജു നാ­രാ­യ­ണന്‍ എഴുതിയ രസകരമായ അന്വേഷണത്തിലേക്ക് നമുക്ക് കണ്ണോടിക്കാം. എന്‍.ബി.എസ് പുറത്തിറക്കിയ ഫോക്‌ലോര്‍ - പാഠങ്ങള്‍, പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ഈ ലേഖനം അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ആമുഖം അദ്ദേഹം അയച്ചു തന്നിട്ടുള്ളത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. ഫ­ലിത കഥ­ക­ളില്‍ വലി­യൊ­രു വി­ഭാ­ഗം, ഏതെ­ങ്കി­ലും ജാ­തി­ക്കാ­രെ അവ­രു­ടേ­തെ­ന്നു പറ­യ­പ്പെ­ടു­ന്ന വി­ഡ്‌­ഢി­ത്ത­ങ്ങ­ളെ പരി­ഹ­സി­ക്കു­ന്ന­വ­യാ­ണ്‌. എന്നാല്‍ ജാ­തി സമു­ദാ­യ­ങ്ങ­ളെ മാ­ത്ര­മ­ല്ല സ്ഥ­ല­ത്തെ­/­ദേ­ശ­ത്തെ കേ­ന്ദ്ര­മാ­ക്കി­യു­ള്ള ഫലി­ത/­വി­ഡ്‌­ഢി­ത്ത കഥ­ക­ളു­മു­ണ്ട്‌. ­കോ­ത്താ­ഴം­ കഥ­കള്‍ എന്ന­റി­യ­പ്പെ­ടു­ന്ന നാ­ടോ­ടി­ക്ക­ഥ­കള്‍ ഈ സം­വര്‍­ഗ­ത്തില്‍­പ്പെ­ടു­ന്നു­. എ­വി­ടെ­യാ­ണ്‌ കോ­ത്താ­ഴം? കേ­ര­ള­ത്തി­ലാ­ണ്‌ എന്നെ­ല്ലാ­വ­രും സമ്മ­തി­ച്ചേ­ക്കും. പക്ഷേ കേ­ര­ള­ത്തില്‍ എവി­ടെ? ചി­ലര്‍ കോ­ത്താ­ഴം കാ­ട്ടി­ത്ത­രാന്‍ കോ­ട്ട­യ­ത്തി­ന്റെ പ്രാ­ന്ത­പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്ക്‌ വി­രല്‍ ചൂ­ണ്ടി­യെ­ന്നി­രി­ക്കും. ഔദ്യേ­ാ­ഗിക റി­ക്കേ­ാര്‍­ഡു­ക­ളില്‍ കോ­ത്താ­ഴ­മൊ­ന്നു സ്ഥ­ല­നാ­മം നാ­മൊ­രി­ക്ക­ലും കണ്ടെ­ത്തു­ക­യി­ല്ല.

­കോ­ട്ട­യ­ത്തി­ന്‌ കി­ഴ­ക്ക്‌ മണി­മ­ല­യ്‌­ക്ക­ടു­ത്തു­ള്ള ചി­റ­ക്ക­ട­വാ­ണ്‌ കോ­ത്താ­ഴ­മെ­ന്ന്‌ പൊ­തു­വേ പറ­ഞ്ഞു വരു­ന്നു. ചി­റ­ക്ക­ട­വു­കാര്‍­ത­ന്നെ തങ്ങ­ളു­ടെ സ്ഥ­ല­മാ­ണ്‌ കോ­ത്താ­ഴ­മെ­ന്ന­റി­യ­പ്പെ­ടു­ന്ന­ത്‌ എന്നു സമ്മ­തി­ക്കു­ന്നു­ണ്ട്‌. ചി­റ­ക്ക­ട­വി­ന്റെ സമീ­പ­സ്ഥ­ല­ത്തു­നി­ന്ന്‌ വരു­ന്നു­വെ­ന്ന കാ­ര­ണ­ത്താ­ലാ­വാം പ്ര­ഥ­മ­കേ­രള നി­യ­മ­സ­ഭ­യി­ലെ പ്ര­തി­പ­ക്ഷ നേ­താ­വാ­യി­രു­ന്ന ശ്രീ­.­പി­.­ടി. ചാ­ക്കോ­യെ അന്ന­ത്തെ വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി ജോ­സ­ഫ്‌ മു­ണ്ട­ശ്ശേ­രി കോ­ത്താ­ഴ­ത്ത്‌ യാ­ജ്ഞ­വല്‍­ക്യന്‍ എന്ന്‌ അധി­ക്ഷേ­പി­ച്ച്‌ വി­ളി­ച്ച­ത്‌.

­കൂ­വ­ത്താ­ഴ­ത്തി­ന്റെ വാ­മൊ­ഴി ഭേ­ദ­മാ­ണ്‌ കോ­ത്താ­ഴം എന്നൊ­രു നി­രീ­ക്ഷ­ണ­മു­ണ്ട്‌. മണ്ട­ന്മാ­രു­ടെ നാ­ടെ­ന്നു പു­കള്‍­പെ­റ്റ ഗോ­റ്റ്‌ ഹാം - Gotham- (ഇം­ഗ്ല­ണ്ടി­ലെ ഒരു സ്ഥ­ലം) ആണ്‌ കോ­ത്താ­ഴ­മാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ട­തെ­ന്നാ­ണ്‌ മറ്റൊ­രു നി­രീ­ക്ഷ­ണം. ഇതു ശരി­യാ­ണെ­ങ്കില്‍, ബ്രി­ട്ടീ­ഷു­കാര്‍ കേ­ര­ള­ത്തില്‍ വേ­രു­റ­പ്പി­ച്ച­തി­നു ശേ­ഷം ഗോ­റ്റ്‌­ഹാം കഥ­കള്‍ സ്ഥ­ല­വും കഥാ­പാ­ത്ര­ങ്ങ­ളും മാ­റി ഇവി­ടെ പ്ര­ച­രി­ച്ച­താ­വ­ണം­.

­കോ­ത്താ­ഴ­ത്തി­ന്റെ പി­ന്നാ­മ്പു­റ­ക്ക­ഥ­കള്‍ എന്താ­യി­രു­ന്നാ­ലും (കോ­ത്താ­ഴം ഒരു സാ­ങ്കല്‍­പ്പിക സ്ഥ­ല­മാ­ണെ­ങ്കില്‍­പ്പോ­ലും) വി­ഡ്‌­ഢി­ക­ളു­ടെ നാ­ടാ­ണ്‌ അതെ­ന്നും ഇവി­ട­ത്തെ ആള്‍­ക്കാര്‍­ക്ക്‌ ധാ­രാ­ളം വി­ഡ്‌­ഢി­ത്ത­ങ്ങള്‍ പി­ണ­ഞ്ഞി­ട്ടു­ണ്ടെ­ന്നും ഏവ­രും സമ്മ­തി­ക്കും; കോ­ത്താ­ഴ­ത്തു­കാര്‍ വരെ­!

­കോ­ത്താ­ഴ­ത്തി­നു സമാ­ന­മായ സ്ഥ­ല­ങ്ങ­ളാ­യി മറ്റു പല­യി­ട­ങ്ങ­ളും പരി­കല്‍­പ്പി­ക്ക­പ്പെ­ടു­ന്നു­ണ്ട്‌. അതി­ലൊ­ന്നാ­ണ്‌ എറ­ണാ­കു­ളം ജി­ല്ല­യി­ലെ പെ­രു­മ്പാ­വൂ­രി­നു തെ­ക്കു­ള്ള കു­മ്മ­നോ­ട്‌ ഗ്രാ­മം. കു­മ്മാ­ട്ടോ­ട്ടു­കര ലോ­പി­ച്ച്‌ കു­മ്മ­നോ­ടാ­യി­ത്തീര്‍­ന്നു­വെ­ന്നൊ­രു പ്ര­ബ­ല­മായ നാ­ട്ട­റി­വു­ണ്ട്‌. ഈ പ്ര­ദേ­ശ­ത്തും അനു­ബ­ന്ധ­സ്ഥ­ല­ങ്ങ­ളി­ലും പ്ര­ച­രി­ച്ചു വരു­ന്ന നാ­ടോ­ടി­ക്ക­ഥ­ക­ളില്‍ കു­യെ­യേ­റെ കഥ­കള്‍ ഇവി­ടു­ത്തു­കാര്‍ പമ്പര വി­ഡ്‌­ഢി­ക­ളാ­ണെ­ന്നു പ്ര­ത്യ­ക്ഷ­മാ­യി വി­ളം­ബ­രം ചെ­യ്യു­ന്ന­വ­യാ­ണ്‌; കോ­ത്താ­ഴം കഥ­ക­ളി­ലെ­ന്ന പോ­ലെ­.

­വി­ത്തു വി­ത­യ്‌­ക്കു­ന്ന­യാ­ളി­ന്റെ കാല്‍­പ്പാ­ടു പതി­ഞ്ഞ്‌ പാ­ടം വൃ­ത്തി­കേ­ടാ­വാ­തി­രി­ക്കാന്‍ വേ­ണ്ടി പല്ല­ക്കു പോ­ലൊ­രു മഞ്ചം കെ­ട്ടി­യു­ണ്ടാ­ക്കി നാ­ലു­പേര്‍ ചേര്‍­ന്ന്‌ വി­ത­ക്കാ­ര­നെ ചു­മ­ന്നു­വെ­ന്നൊ­രു കഥ­യു­ണ്ട്‌. നെ­ല്ലി­ക്ക തി­ന്ന­തി­നു ശേ­ഷം കു­ടി­ച്ച വെ­ള്ള­ത്തി­ന്റെ മാ­ധു­ര്യ­ത്തില്‍ മതി മറ­ന്ന്‌ വെ­ള്ള­മെ­ടു­ത്ത കി­ണ­റി­നെ കെ­ട്ടി­വ­ലി­ച്ച്‌ നാ­ട്ടി­ലെ­ത്തി­ക്കാന്‍ കു­മ്മ­നോ­ട്ടു­കാര്‍ ശ്ര­മി­ച്ചു­വെ­ന്നാ­ണ്‌ മറ്റൊ­രു കഥ. അട­യ്‌­ക്ക എറി­ഞ്ഞു വീ­ഴ്‌­ത്തി­ക്കൊ­ണ്ടി­രു­ന്ന കര്‍­ഷ­കന്‍, പാള അടര്‍­ന്നു വീ­ണ്‌ അട­യ്‌­ക്ക കാ­ണാ­താ­യ­തി­നെ തു­ടര്‍­ന്ന്‌ കാ­വു­ങ്ങില്‍ കയ­റി പാള മാ­റ്റി­യ­ശേ­ഷം താ­ഴെ­യി­റ­ങ്ങി ഏറു തു­ട­ങ്ങി­യ­ത്രേ. ചു­രു­ട്ടി­വെ­ച്ച പായ നി­വര്‍­ത്താന്‍ വഴി­യി­ല്ലാ­തെ അതി­ന്റെ ഒര­റ്റം ചവി­ട്ടി­പ്പി­ടി­ച്ച്‌ നി­ല­ത്തു വീ­ണ­വ­രും ഇവി­ടു­ത്തു­കാര്‍ തന്നെ. പാ­വല്‍ പടര്‍­ത്തി വി­ടാന്‍ പരു­വ­ത്തി­ലു­ള്ള ചെ­ടി­ക­ളോ മര­ങ്ങ­ളോ കാ­ണാ­ഞ്ഞ കര്‍­ഷ­കന്‍ അടു­ത്തു നി­ന്നി­രു­ന്ന മുള വലി­ച്ചു­താ­ഴ്‌­ത്തി അതില്‍ പാ­വല്‍ ബന്ധി­ച്ചു­വെ­ന്നും പി­ടി­വി­ട്ട­പ്പോള്‍ പാ­വല്‍ വേ­രോ­ടെ പി­ഴു­തു പോ­യെ­ന്നും വേ­റൊ­രു കഥ.

ഈ കഥ­കള്‍ സാ­ര­മായ വ്യ­ത്യാ­സ­ങ്ങള്‍ കൂ­ടാ­തെ കോ­ത്താ­ഴ­ത്തു­കാ­രെ­പ്പ­റ്റി­യും പരി­ഹാ­സ­രൂ­പേണ പറ­ഞ്ഞു­വ­രു­ന്നു. കേ­ര­ള­ത്തി­ലെ മറ്റി­ട­ങ്ങ­ളെ­ക്കു­റി­ച്ചോ ജാ­തി­സ­മു­ദാ­യ­ങ്ങ­ളെ­ക്കു­റി­ച്ചോ ഈ കഥ­കള്‍ നി­റം മാ­റി വന്നേ­ക്കാം. എന്നാല്‍ കു­മ്മ­നോ­ട്ടു­കാ­രെ­ക്കു­റി­ച്ച്‌ ചു­വ­ടെ ചേര്‍­ക്കു­ന്ന ആന­ക്ക­ഥ­യ്‌­ക്ക്‌ പ്ര­ഭേ­ദ­ങ്ങ­ളോ സമാ­ന്ത­ര­ങ്ങ­ളോ ഉള്ള­താ­യി അറി­വി­ല്ല. ഈ കഥ­യു­ടെ കാ­ര്യ­ത്തില്‍ കു­മ്മ­നോ­ട്ടു­കാര്‍ മു­ഴു­വ­നാ­യും ഒറ്റ തി­രി­ഞ്ഞു നില്‍­ക്കു­ന്നു­വെ­ന്നു പറ­യാം­.

ആ­ന­യെ­ക്കൊ­ന്ന­വര്‍

­പാ­ട­ത്തു വി­ള­ഞ്ഞു നി­ന്നി­രു­ന്ന നെ­ല്ല്‌ നശി­പ്പി­ക്കാന്‍ രാ­ത്രി­യില്‍ എത്തിയ ഒരു സാ­ധ­ന­മാ­ണ്‌ ഈ അന്യാ­ദൃ­ശ്യ­ത­യു­ടെ മൂ­ലം. നെ­ല്ല്‌ നശി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്ന്‌ എത്ര തല­പു­ക­ഞ്ഞി­ട്ടും നാ­ട്ടു­കാര്‍­ക്കു മന­സ്സി­ലാ­യി­ല്ല. വയ­ലില്‍ ദൃ­ശ്യ­മായ വട്ട­ത്തി­ലു­ള്ള അട­യാ­ള­ങ്ങള്‍ കണ്ടി­ട്ട്‌ ഉര­ലും തെ­ങ്ങും രാ­ത്രി ഇറ­ങ്ങി നട­ക്കു­ന്ന­താ­ണെ­ന്ന സം­ശ­യം ബല­പ്പെ­ട്ടു. അതു­കൊ­ണ്ട്‌ ഇവ­യെ­ല്ലാം രാ­ത്രി­യില്‍ പി­ടി­ച്ചു കെ­ട്ടി­യി­ട്ടു. അപ്പോ­ഴും വയ­ലില്‍ വി­കൃ­തി തു­ടര്‍­ന്നു. ഒടു­വില്‍ നാ­ട്ടു­കാര്‍ എല്ലാ­വ­രും രാ­ത്രി­യില്‍ സം­ഘ­ടി­ച്ച്‌ ആയു­ധ­ങ്ങ­ളു­മാ­യി വയ­ലില്‍ കാ­ത്തി­രു­ന്നു. പാ­തി­രാ­ത്രി­യില്‍ വയ­ലി­ലേ­യ്‌­ക്ക്‌ എന്തോ വരു­ന്ന­താ­യി തോ­ന്നി­യ­പ്പോള്‍ ഒന്നി­ച്ച്‌ ആക്ര­മി­ച്ചു. വെ­ളി­ച്ച­ത്തില്‍ നോ­ക്കി­യ­പ്പോ­ഴാ­ണ്‌ വന്ന­ത്‌ കണ്ണു­പൊ­ട്ട­നായ ഒരു ആന­യാ­യി­രു­ന്നു എന്നും തങ്ങ­ളു­ടെ ആക്ര­മ­ണ­ത്തില്‍ അത്‌ കൊ­ല്ല­പ്പെ­ട്ടു­വെ­ന്നും നാ­ട്ടു­കാര്‍­ക്ക്‌ മന­സ്സി­ലാ­യ­ത്‌.

ഈ കഥ­യി­ലെ സം­ഭ­വം നട­ന്ന­യി­ടം എന്നു വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന ചങ്ങ­ല­പ്പാ­ടം ഇപ്പോ­ഴു­മു­ണ്ട്‌. കു­മ്മ­നോ­ട്ടു­കാ­രെ ഇരു­ട്ടു­കൊ­ട്ടി­കള്‍ എന്നു കളി­യാ­ക്കി വി­ളി­ക്കു­ന്ന­തി­ന്റെ സൂ­ച­ന­കള്‍ ഈ കഥ­യി­ലേ­ക്കു നീ­ളു­ന്നു. കു­മ്മ­നോ­ട്ടു­ള്ള ഏഴ്‌ വീ­ട്ടു­കാര്‍ ചേര്‍­ന്നാ­ണ്‌ ആന­യു­ടെ ശവം വെ­ട്ടി­മു­റി­ച്ച്‌ പങ്കി­ട്ടെ­ടു­ത്ത്‌ മറ­വു ചെ­യ്‌­ത­ത്‌ എന്നാ­ണ്‌ വി­ശ്വാ­സം.
മസ്‌­ത­കം, കണ്ണ്‌, എല്ല്‌, വാ­ല്‌, പല്ല്‌ എന്നീ ഭാ­ഗ­ങ്ങള്‍ യഥാ­ക്ര­മം മഠ­ത്തില്‍, കണി­യ­ത്താന്‍, എമ്പാ­ശേ­രി, വാ­ത്യാ­പ­റ­മ്പന്‍, പന­യ­ഞ്ചേ­രി എന്നീ നാ­യര്‍ തറ­വാ­ട്ടു­കാര്‍ എടു­ത്തു. നടു­ഭാ­ഗം, പൃ­ഷ്‌­ട­ഭാ­ഗം എന്നിവ നാ­ടു­വാ­ണി എന്ന ഈഴവ കു­ടും­ബ­ത്തി­നും കഴി­മു­ണ്ട എന്ന വി­ശ്വ­കര്‍­മ്മ വീ­ട്ടു­കാര്‍­ക്കും ലഭി­ച്ചു. ഇതി­ലെ നാ­ടു­വാ­ണി കു­ടും­ബം ഇന്നി­ല്ല. അവര്‍ എവി­ടേ­ക്കു പോ­യെ­ന്ന്‌ നാ­ട്ടു­കാര്‍­ക്ക്‌ അറി­വി­ല്ല.

­കു­മ്മ­നോ­ട്ടു­കാര്‍ കൊ­ന്ന കണ്ണു­പൊ­ട്ട­നായ ആന ഇട­പ്പ­ള്ളി കോ­വി­ല­ക­ത്തേ­താ­ണെ­ന്ന്‌ അറി­യാ­മാ­യി­രു­ന്ന അങ്ക­മാ­ലി പട­പ്പു­മ­ന­യി­ലെ ഒരു നമ്പൂ­തി­രി വി­വ­ര­ങ്ങള്‍ അറി­ഞ്ഞ്‌ കു­മ്മ­നോ­ടി­ന്റെ അധി­കാ­രം കൈ­ക്ക­ലാ­ക്കാ­നാ­യി ഇട­പ്പ­ള്ളി രാ­ജാ­വി­നെ സമീ­പി­ച്ചു. അന്ധ­നായ ഒരു ആന­യെ ദാ­ന­മാ­യി ആവ­ശ്യ­പ്പെ­ട്ടു. ആന ചരി­ഞ്ഞ വി­വ­ര­മൊ­ന്നും അറി­യാ­തി­രു­ന്ന രാ­ജാ­വ്‌ ആന­യു­ടെ അവ­കാ­ശ­ത്തി­ന്റെ ചി­ഹ്ന­മായ തോ­ട്ടി നമ്പൂ­തി­രി­ക്കു നല്‍­കി­യ­ത്രേ. ഇതു­മാ­യി കു­മ്മ­നോ­ട്ടെ­ത്തിയ നമ്പൂ­തി­രി­യെ നേ­രി­ടാന്‍, തങ്ങ­ളു­ടെ തടി­യും നി­ല­വും മറ്റും സം­ര­ക്ഷി­ക്കാന്‍ കു­മ്മ­നോ­ട്ടു­കാര്‍ വി­ഡ്‌­ഢി­വേ­ഷം കെ­ട്ടാന്‍ തീ­രു­മാ­നി­ച്ചു. ഇങ്ങ­നെ­യാ­ണ്‌ ഇരു­ട്ടെ­ന്നു വി­ചാ­രി­ച്ച്‌ ആന­യെ­ക്കൊ­ന്നു­വെ­ന്ന കഥ അവര്‍­ത­ന്നെ പറ­ഞ്ഞു പര­ത്തി­യ­ത്‌. തങ്ങ­ളു­ടെ വി­ഡ്‌­ഢി­ത്തം ഊട്ടി­യു­റ­പ്പി­ക്കാ­നാ­യി കോ­ത്താ­ഴം കഥ­കള്‍­ക്ക്‌ രൂ­പാ­ന്ത­രം നല്‍­കി അതി­ലെ കഥാ­പാ­ത്ര­ങ്ങ­ളാ­യി അവര്‍ സ്വ­യം അവ­രോ­ധി­ച്ചു­.

എ­ന്നാല്‍ ഈ തന്ത്രം പൂര്‍­ണ­മാ­യി ഫലി­ച്ചി­ല്ല. ആന­യെ­ക്കൊ­ന്ന­തി­ന്റെ നഷ്ട­പ­രി­ഹാ­ര­മാ­യി ഏതാ­നും കു­ടും­ബ­ങ്ങ­ളു­ടെ വസ്‌­തു­വി­ന്റെ ആധാ­ര­ങ്ങള്‍ നമ്പൂ­തി­രി പി­ടി­ച്ചെ­ടു­ത്തു. ഒപ്പം നാ­ട്ടി­ലെ ദേ­വീ ക്ഷേ­ത്ര­ത്തി­ന്റെ ഊരാ­ണ്മ­യും അദ്ദേ­ഹ­ത്തി­നു വന്നു ചേര്‍­ന്നു. ഇന്നും ക്ഷേ­ത്ര­ത്തി­ന്റെ ഉട­മ­സ്ഥാ­വ­കാ­ശം അങ്ക­മാ­ലി പട­പ്പു­മ­ന­യ്‌­ക്കാ­ണ്‌. നട­ത്തി­പ്പ്‌ എന്‍.എ­സ്‌.എ­സ്‌. കര­യോ­ഗ­ത്തി­നും­.

­ക­ഥ­യും ചരി­ത്ര­വും­

­ച­രി­ത്രം­ അതേ­പ­ടി പേ­റു­ന്ന­വ­യ­ല്ല നാ­ടോ­ടി­ക്ക­ഥ­കള്‍. ചരി­ത്രാം­ശ­ങ്ങ­ളു­ള്ള നാ­ടോ­ടി­ക്ക­ഥ­കള്‍ ഉണ്ടാ­വാം എന്നു മാ­ത്രം. എന്നാല്‍ പൂര്‍­ണ­മാ­യും ചരി­ത്ര­സ­ത്യ­മെ­ന്ന നി­ല­യി­ലാ­ണ്‌ ഇവി­ടെ സൂ­ചി­പ്പി­ച്ച കഥ­യെ ജന­ങ്ങ­ളു­ടെ കൂ­ട്ടാ­യ്‌മ പരി­ഗ­ണി­ക്കു­ന്ന­ത്‌. ഗോ­റ്റ്‌ ഹാം കഥ­ക­ളും തദ്ദേ­ശീ­യര്‍ തന്നെ പ്ര­ച­രി­പ്പി­ച്ച­വ­യാ­ണെ­ന്നു കരു­ത­പ്പെ­ടു­ന്നു. അന്ന­ത്തെ നി­യ­മ­മ­നു­സ­രി­ച്ച്‌ രാ­ജാ­വ്‌ ഒരു പ്ര­ദേ­ശ­ത്തു കൂ­ടി കട­ന്നു­പോ­യാല്‍ അവി­ടം കൊ­ട്ടാ­രം വക­യാ­യി മാ­റും. ഒരി­ക്കല്‍ രാ­ജാ­വ്‌ ഗോ­റ്റ്‌­ഹാം വഴി സഞ്ച­രി­ക്കു­ന്ന­താ­യി അറി­യി­പ്പു­ണ്ടാ­യി. തങ്ങ­ളു­ടെ സ്ഥ­ലം സം­ര­ക്ഷി­ക്കാ­നാ­യി ഗോ­റ്റ്‌­ഹാം നി­വാ­സി­കള്‍, രാ­ജാ­വി­ന്റെ യാ­ത്ര­യു­ടെ കാ­ര്യ­ങ്ങള്‍ തീ­രു­മാ­നി­ക്കാന്‍ വന്ന ഉദ്യേ­ാ­ഗ­സ്ഥ­രു­ടെ മു­ന്നില്‍ വി­ഡ്‌­ഢി­ക­ളോ അര­ക്കി­റു­ക്ക­ന്മാ­രോ ആയി അഭി­ന­യി­ച്ചു­വ­ത്രേ! വി­ഡ്‌­ഢി­ക­ളു­ടെ നാ­ട്ടി­ലൂ­ടെ­യു­ള്ള യാ­ത്ര രാ­ജാ­വ്‌ ഒഴി­വാ­ക്കു­ക­യും ചെ­യ്‌­തു­.

ഇ­തി­നു സമാ­ന്ത­ര­മായ ഒരു കഥാ­പാ­ഠ­ത്തില്‍ തങ്ങ­ളു­ടെ നാ­ട്ടില്‍ കൊ­ട്ടാ­രം നിര്‍­മ്മി­ക്കാ­നൊ­രു­ങ്ങിയ രാ­ജാ­വി­നെ പറ്റി­ക്കാ­നാ­യി­രു­ന്ന­ത്രേ ഈ തന്ത്രം. എന്താ­യാ­ലും ഗോ­റ്റ്‌­ഹാം­കാ­രു­ടെ മണ്ട­ത്ത­ര­ങ്ങള്‍­ക്ക്‌ പി­ന്നീ­ട്‌ പ്ര­ചാ­രം ലഭി­ക്കു­ക­യും അതു മാ­യ്‌­ച്ചു കള­യാ­നാ­വാ­ത്ത വി­ധം ജന­മ­ന­സ്സില്‍ ആഴ്‌­ന്നി­റ­ങ്ങു­ക­യും ചെ­യ്‌­തു­.

ഇ­തേ ഘട­ന­യും അടി­സ്ഥാന മോ­ട്ടി­ഫു­ക­ളും തന്നെ­യാ­ണ്‌ കു­മ്മ­നോ­ടന്‍ കഥ­യി­ലും തെ­ളി­ഞ്ഞു നില്‍­ക്കു­ന്ന­ത്‌. മനു­ഷ്യ­നിര്‍­മ്മി­ത­മായ അധി­കാര ബന്ധ­ങ്ങ­ളെ അതി­വര്‍­ത്തി­ക്കു­ന്ന ഭ്രാ­ന്തി­ലും വി­ഡ്‌­ഢി­ത്ത­ത്തി­ലും അഭ­യം തേ­ടുക വഴി ഭര­ണ­വര്‍­ഗ­ത്തോ­ടു­ള്ള കല­ഹ­ത്തി­ന്റെ ജ്ഞാ­ന­മാ­തൃ­ക­കള്‍ നിര്‍­മ്മി­ച്ചെ­ടു­ക്കു­ക­യാ­ണ്‌ ഈ രണ്ടു കഥാ­സം­ഭ­വ­ങ്ങ­ളും. അടു­ത്ത കാ­ലം­വ­രെ ഭ്രാ­ന്തും വി­ഡ്‌­ഢി­ത്ത­വും താ­ര­ത­മ്യേന വ്യ­വ­ച്ഛേ­ദി­ച്ച­റി­യാ­നാ­വാ­ത്ത അവ­സ്ഥ­ക­ളാ­യി­രു­ന്നു­വെ­ന്ന മി­ഷേല്‍ ഫൂ­ക്കോ­യു­ടെ ­നി­രീ­ക്ഷ­ണം­ ഏറെ പ്ര­സ­ക്ത­മാ­ണി­വി­ടെ. One Flew Over the Cuckoos Nest എന്ന നോ­വ­ലി­ലും സി­നി­മ­യി­ലും ബധി­ര­നും മൂ­ക­നു­മാ­യി­ന­ടി­ക്കു­ന്ന ചീ­ഫ്‌ ബ്രോം­ഡന്‍ എന്ന റെ­ഡ്‌ ഇന്ത്യന്‍ കീ­ഴാ­ളന്‍ എങ്ങ­നെ­യാ­ണ്‌ അധി­കാ­ര­ത്തി­ന്റെ പി­ടി­യില്‍ നി­ന്ന്‌ നാ­യ­ക­നെ രക്ഷി­ക്കു­ന്ന­തെ­ന്നും (അ­തു മര­ണ­ത്തി­ലേ­ക്കാ­യാല്‍­പ്പോ­ലും) സ്വ­യം സ്വ­ത­ന്ത്ര്യം പ്രാ­പി­ക്കു­ന്ന­തെ­ന്നും ചേര്‍­ത്ത്‌ ആലോ­ചി­ക്കാ­വു­ന്ന­താ­ണ്‌.

­പൊ­തു­വെ കീ­ഴാ­ള­ത്തം അനു­ഭ­വി­ച്ച­വ­രെ ചു­റ്റി­പ്പ­റ്റി­യു­ള്ള­താ­ണ്‌ കു­മ്മ­നോ­ടന്‍ കഥ. ഇവര്‍­ക്കു മേ­ലെ­യാ­ണ്‌ പട­പ്പ്‌ മന­യി­ലെ നമ്പൂ­തി­രി അധി­കാ­രം സ്ഥാ­പി­ക്കു­ന്ന­ത്‌. എല്ലാ സ്വ­ത്തു­ക്കള്‍­ക്കും ഉട­മ­ക­ളാ­യി­രു­ന്ന ആദി­മ­ജ­ന­ത­യെ ബ്രാ­ഹ്മ­ണന്‍ കു­ടില തന്ത്ര­ങ്ങ­ളി­ലൂ­ടെ കീ­ഴ്‌­പ്പെ­ടു­ത്തി നാ­ട്ടു­കാര്‍­ക്കു­മേല്‍ അധി­കാ­രം നേ­ടി­യെ­ന്ന ചരി­ത്ര­ത്തി­ന്റെ / വി­ശ്വാ­സ­ത്തി­ന്റെ മാ­തൃ­ക­യാ­യി ഈ കഥ­യെ­യും പരി­ഗ­ണി­ക്കാം­.

­കു­മ്മ­നോ­ട്‌ ക്ഷേ­ത്ര­ത്തി­ന്റെ ഇപ്പോ­ഴ­ത്തെ അവ­കാ­ശി­യായ പട­പ്പ്‌ മന­യില്‍ പര­മേ­ശ്വ­രന്‍ നമ്പൂ­തി­രി ആന­യെ­ക്കൊ­ന്ന കഥ കേ­ട്ടി­ട്ടു­ണ്ട്‌. കാ­ര­ണ­വ­ന്മാ­രില്‍­നി­ന്ന്‌ പകര്‍­ന്നു കി­ട്ടി­യ­താ­ണ­ത്‌. എന്നാല്‍ അദ്ദേ­ഹ­ത്തി­നു പാ­ര­മ്പ­ര്യ­മാ­യി ലഭി­ച്ച കഥ­യില്‍ പട­പ്പു­മ­ന­യി­ലെ പഴയ നമ്പൂ­തി­രി കു­മ്മ­നോ­ട്ടു­കാ­രു­ടെ മേല്‍ അധി­കാ­രം നേ­ടു­ന്ന കഥാ­ഭാ­ഗ­ങ്ങ­ളി­ല്ല. നാ­ട്ടു­കാര്‍ പറ­യു­ന്ന കഥ­യില്‍ അങ്ങ­നെ­യൊ­രു ഭാ­ഗം ഉണ്ടെ­ന്നു സൂ­ചി­പ്പി­ക്കു­മ്പോള്‍ അത്‌ ഐക്ക­ര­നാ­ട്ടി­ലെ തു­രു­ത്തു­ക്കാ­ട്‌ എന്ന­റി­യ­പ്പെ­ട്ടി­രു­ന്ന പട­പ്പ്‌ മന­യെ­ക്കു­റി­ച്ചാ­വാ­നേ തര­മു­ള്ളൂ എന്നാ­ണ്‌ അദ്ദേ­ഹ­ത്തി­ന്റെ അഭി­പ്രാ­യം. ആഖ്യാ­ന­ങ്ങള്‍ കേ­വല ആഖ്യാ­ന­ങ്ങ­ള­ല്ല, അതി­ന്റെ പി­ന്നി­ലും ­രാ­ഷ്‌­ട്രീ­യം­ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്‌.


Read More | തുടര്‍ന്നു വായിക്കുക

ജി കോണ്‍ഫ് എഡിറ്റര്‍.

>> Monday, November 14, 2011


കമ്പ്യൂട്ടര്‍ സയന്‍സോ, അപ്ലിക്കേഷനോ ഹാര്‍ഡ്​വെയറോ ഒന്നും ജീവിതത്തിലൊരിക്കലും അഭ്യസിക്കാതെ ഹൈസ്കൂള്‍ അധ്യാപകരായി രംഗത്ത് വന്ന് വിവരസാങ്കേതിക രംഗത്തെ നൂതന മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭൂരിഭാഗം അധ്യാപകര്‍ക്കും പലപ്പോഴും ചെറുതല്ലാത്ത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. സ്വന്തം പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത കൊച്ചു കൊച്ചു നുറുങ്ങുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തുവരുന്നുവെന്നതിനേക്കാള്‍ ശുഭോദര്‍ക്കമായി എന്തുണ്ട്?
പെന്‍ഡ്രൈവ് വഴി പരക്കുന്ന വൈറസ് വിന്‍ഡോസ് സിസ്റ്റം ഉപയോഗിക്കുന്നവരുടെ തലവേദനയായിരുന്നു. വിവിധ ആന്‍റി വൈറസുകളും പെന്‍ഡ്രൈവില്‍ സൂക്ഷിക്കുന്ന ആന്റിവൈറസുകളും എല്ലാം മാറി മാറി പരീക്ഷിക്കുന്നതിനൊപ്പം ചെയ്തിരുന്ന ഒരു മാര്‍ഗമായിരുന്നു പെന്‍ ഡ്രൈവുകളുടെ ഓട്ടോറണ്‍ ഡിസേബിള്‍ ചെയ്യുക എന്നത്. അതായത് പെന്‍ഡ്രൈവ് സിസ്റ്റത്തില്‍ കണക്ട് ചെയ്യുമ്പോളേ അത് തുറന്നു വന്ന് പ്രോഗ്രാമകള്‍ക്ക് റണ്‍ ചെയ്യാനുള്ള സൗകര്യം നല്‍കുന്നതില്‍ നിന്നും അതിനെ തടയുകയാണ് ഇതില്‍ ചെയ്യുന്നത്. ഏറെ വിജയകരമായി പലരും ഇതിനെ പ്രയോജനപ്പെടുത്തിയിരുന്നു.
ഉബുണ്ടുവില്‍ ഇങ്ങിനെ വൈറസിനെ പേടിക്കേണ്ട കാര്യമില്ലെങ്കിലും പെന്‍ഡ്രൈവ് കുത്തുമ്പോളേ ഫോള്‍ഡറുകളുമായി തുറന്നു വരുന്ന അവസ്ഥ പലര്‍ക്കും അരോചകമാകുന്നു. " പെന്‍ഡ്രൈവ് കണക്ട് ചെയ്യുമ്പോളേ തുറന്നു വരേണ്ടതില്ല. നമുക്ക് ആവശ്യമുള്ളപ്പോള്‍ അത് തുറന്നു കൊള്ളാം.", എന്ന നിലപാടുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പോസ്റ്റ്.
ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളില്‍ പെന്‍ഡ്രൈവുകളോ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകളോ കണക്ടുചെയ്യുമ്പോള്‍ സാധാരണയായി അവയിലുള്ളത്രയും പാര്‍ട്ടീഷനുകള്‍ ഡെസ്ക്ടോപ്പില്‍ ഐക്കണിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും അവയെല്ലാം നോട്ടിലസില്‍(File Browser) തുറന്നുവരികയും ചെയ്യാറുണ്ടല്ലോ. അതിന് എളുപ്പത്തിലൊരു പരിഹാരം കാണാന്‍ ശ്രമിക്കുകയാണിവിടെ.
അതിനായി ആദ്യം Run Dialog Box(Alt+F2) തുറക്കുകയോ ടെര്‍മിനല്‍ തുറക്കുകയോ ആണു വേണ്ടത്. എന്നിട്ട് gconf-editor എന്നു തെറ്റാതെ ടൈപ്പുചെയ്ത് Enter ചെയ്യണം.

ഇപ്പോള്‍ Configuration Editorഎന്ന ജാലകം തുറന്നുവരും. (ടെര്‍മിനലില്‍ ആണു തുറക്കുന്നതെങ്കില്‍ ടെര്‍മിനല്‍ വിന്‍ഡോ ക്ലോസ് ചെയ്യരുതെന്ന കാര്യം മറക്കരുത്).എന്നിട്ട് Configuration Editor ജാലകത്തില്‍ ഇടതുവശത്തുകാണുന്ന apps എന്ന ഫോള്‍ഡര്‍ ഐക്കണില്‍ ഡബിള്‍ക്ലിക്കുചെയ്യണം

ഇപ്പോള്‍ പ്രത്യക്ഷമാകുന്ന ഫോള്‍ഡര്‍ ഐക്കണുകളില്‍ nautilusല്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ താഴെ പ്രത്യക്ഷപ്പെടുന്ന Desktop എന്ന ഫോള്‍ഡറില്‍ ക്ലിക്കുചെയ്യുമ്പോള്‍ വലതുവശത്ത് കാണുന്ന volumes_visible എന്നതിനു നേരേയുള്ള ടിക്ക് ഒഴിവാക്കുക.

ഡെസ്ക്ടോപ്പില്‍ ഒരു ഐക്കണും വേണ്ട എന്നാണെങ്കില്‍ മുകളിലുള്ള മറ്റു ടിക്കുകളും ഒഴിവാക്കാവുന്നതാണ്. ഇനി നോട്ടിലസ് തുറന്നു വരുന്നത് ഒഴിവാക്കാന്‍ nautilus എന്ന ഫോള്‍ഡര്‍ എക്കണിന്റെ തന്നെ ചുവടെയുള്ള preferences തുറന്ന് വലതുവശത്തുനിന്നും media_automount_open സ്ക്രോള്‍ ചെയ്ത് കണ്ടുപിടിച്ച് അതിനു നേരേയുള്ള ടിക്ക് ഒഴിവാക്കണം.

ഇനി Configuration Editor ജാലകം ക്ലോസ് ചെയ്യാം. ഇപ്പോള്‍ മൌണ്ട് ചെയ്ത പാര്‍ട്ടീഷ്യനുകള്‍ ഡെസ്ക്ടോപ്പില്‍ നിന്നും അപ്രത്യക്ഷമായി ഡെസ്ക്ടോപ്പ് ക്ലീനായിരിക്കുന്നതു കാണാം. ഇനി പാര്‍ട്ടീഷ്യനുകള്‍ തുറക്കണമെങ്കില്‍ ഹോം ഫോള്‍ഡര്‍ തുറക്കുമ്പോള്‍ ഇടതുവശത്തുകാണുന്ന Places ലിസ്റ്റില്‍ നിന്നും ആവശ്യമായ പാര്‍ട്ടീഷ്യന്‍ മാത്രം തുറന്നുകാണാം.

(എന്റെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് ഉബണ്ടുവിന്റെ 11.04 വേര്‍ഷന്‍ ആയതുകൊണ്ടാണ് സ്ക്രീന്‍ ഷോട്ടുകള്‍ സ്ക്കൂളില്‍ ഉപയോഗിക്കുന്ന 10.04 വേര്‍ഷനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത്.)


Read More | തുടര്‍ന്നു വായിക്കുക

Python Lesson 8

>> Tuesday, November 8, 2011

ഏറെ കുറ്റബോധത്തോടെയാണ് ഈ പോസ്റ്റ് നിങ്ങളിലേയ്ക്കെത്തിക്കുന്നത്. മാത്സ് ബ്ലോഗിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി എടുത്തുകാട്ടാനുള്ള പേജ് 'പൈത്തണ്‍ പേജാ'ണെന്ന് നിസ്സംശയം പറയാം. ഗവേഷണത്തിരക്കുകളുടെ പാരമ്യത്തിലും മാത്​സ് ബ്ലോഗിനു വേണ്ടി പൈത്തണ്‍ പാഠങ്ങള്‍ ലളിതവും വിശദവുമായ രീതിയില്‍ തയ്യാറാക്കിത്തരുന്നുണ്ട് ഫിലിപ്പ് സാര്‍. എന്നാല്‍ (ഞാനടക്കമുള്ള) പലരും അതൊന്നും വേണ്ടത്ര പ്രയോജനപ്പെടുത്തുന്നതായി അനുഭവപ്പെടുന്നില്ല. മൂന്നോ നാലോ പാഠങ്ങളിലെവിടെയോ ഇടയ്ക്ക് വെച്ച് നിന്നുപോയീ പഠനം. ഏക ആശ്വാസം അതവിടെത്തന്നെയുണ്ടല്ലോ എന്നതാണ്. എന്നാല്‍ ഏഴുപാഠവും പഠിച്ച് എട്ടാമത്തേതിനായി കാത്തിരിക്കുന്ന ഭാമടീച്ചറെ പോലുള്ള പ്രോഗ്രാമിങ് കുതുകികളെ മറന്നുകൊണ്ടല്ലാ ഇതെഴുതുന്നത്. ഒരാഴ്ചയെങ്കിലുമായിക്കാണണം എട്ടാം പാഠം റെഡിയാണെന്നദ്ദേഹം അറിയിച്ചിട്ട്. അതെങ്ങനാ, കലോത്സവ,ശാസ്ത്രമേളാ സമ്പൂര്‍ണ്ണാദികളൊഴിഞ്ഞിട്ട് തലപൊക്കാന്‍ നേരം കിട്ടിയിട്ടു വേണ്ടേ..?ഇനി വൈകിക്കുന്നില്ല, ഇതാ എട്ടാം പാഠം.
Read More | തുടര്‍ന്ന് വായിക്കുക


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer