ഉബുണ്ടു - സൌജന്യ സിഡി ലഭിക്കാന്‍

>> Monday, August 30, 2010


ഹിറ്റുകള്‍ കൂടുന്നതനുസരിച്ച് ഉത്തരവാദിത്വങ്ങളും കൂടുകയാണെന്ന സത്യം ഞങ്ങള്‍ തിരിച്ചറിയുന്നു. അതിനാല്‍ ആറുലക്ഷം സന്ദര്‍ശനങ്ങളുടെ നിറവില്‍ ആഘോഷങ്ങളേക്കാളുപരി പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുവാനാണ് ഈ അവസരത്തില്‍ ബ്ലോഗ് ടീമിന്റെ തീരുമാനം. ഇനി മുതല്‍ സ്‌കൂളുകളില്‍ ഉബുണ്ടു ലിനക്‍സ് കൂടി ഉപയോഗിച്ചു കൊണ്ടായിരിക്കുമല്ലോ ഐ.ടി അധ്യയനം. നമ്മുടെ അധ്യാപകര്‍ക്കാകട്ടെ ഉബുണ്ടുവിനെക്കുറിച്ച് വലിയ ധാരണകളുമില്ല. ഈ അവസരത്തില്‍ ഒരു ഉബുണ്ടു പഠന പദ്ധതിക്ക് മാത്‍സ് ബ്ലോഗ് തുടക്കമിടുകയാണ്. ഹസൈനാര്‍ സാറും ഫിലിപ്പ് മാഷും ശ്രീനാഥും നേതൃത്വം നല്‍കുന്ന ഉബുണ്ടു പാഠ്യപദ്ധതിക്ക് സഹായിയായി ബൂലോകത്തെ അനില്‍ സാറിനേയും (അനില്‍ബ്ലോഗ്) ലിനക്സ് ടീമിലേക്കെടുത്തിട്ടുണ്ട്. സമാനചിന്താഗതിക്കാരും തല്പരരുമായ ഉബുണ്ടുവിനെക്കുറിച്ച് എഴുതാന്‍ കഴിയുന്നവരെ ഇനിയും ടീമിലെടുക്കണമെന്നാണ് (mathsekm@gmail.com)ഞങ്ങളുടെ ആഗ്രഹം. ഉബുണ്ടു പഠിപ്പിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഒരു കൈത്താങ്ങായി നില്‍ക്കുക എന്നതാണ് ഈ പഠന പദ്ധതി കൊണ്ട് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.


ഉബുണ്ടു പഠന പദ്ധതി


(പാഠം ഒന്ന് ഉബുണ്ടു : ചില അടിസ്ഥാനപാഠങ്ങള്‍)


എല്ലാ സ്‌കൂളുകളിലും ഉബുണ്ടു എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി എട്ടാം ക്ലാസിലെ ഐ.ടി പഠനം ആരംഭിച്ചു കാണും. ഉബുണ്ടു എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം രൂപം കൊണ്ടതെങ്ങിനെ എന്നറിയണ്ടേ..? ഗ്നു, ലിനക്‌സ്, ഡെബിയന്‍ - എന്നിവ ഉബുണ്ടുവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും അറിയണം.അതിനായി ആദ്യം 'ഗ്നു' വിന്റെ പിറവിക്കിടയാക്കിയ പശ്ചാത്തലം മനസിലാക്കേണ്ടതുണ്ട്.


പശ്ചാത്തലം.

മുന്‍ കാലങ്ങളില്‍ കംപ്യൂട്ടര്‍ പ്രോഗ്രാം രചിക്കുന്നവര്‍ അവര്‍ തയാറാക്കിയ സോഫ്റ്റ്‌വെയറുകള്‍ കൈമാറുകയും അതിലെ നല്ല അംശങ്ങള്‍ ഉപയോഗിച്ച് പുതിയവ രചിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ 1980-'90 കാലഘട്ടത്തില്‍ നിരവധി രാഷ്‌ട്രങ്ങള്‍ സാഹിത്യ സൃഷ്‌ടി എന്നതിന്റെ പരിധിയില്‍ സോഫ്റ്റ് വെയറിനെ കൂടി കൊണ്ടു വന്നു.ബൌദ്ധികമായ കഴിവുകള്‍ ഉപയോഗിച്ച് ഉത്പാദിപ്പിച്ച സ്വത്തിനു മേല്‍ ഉടമസ്ഥന് അനുവദിച്ചു നല്‍കിയിട്ടുള്ള അവകാശമാണ് ബൌദ്ധിക സ്വത്തവകാശം. പേറ്റന്റ്, പകര്‍പ്പവകാശം, ട്രേഡ് മാര്‍ക്ക്, എന്നിങ്ങനെ വിവിധ തരം ബൌദ്ധിക സ്വത്തവകാശങ്ങളുണ്ട്. സാഹിത്യ സൃഷ്‌ടികളിള്‍ ഈ തരം ബൌദ്ധിക സ്വത്തവകാശങ്ങള്‍ക്ക് കീഴില്‍ വരും.

എന്താണ് സ്വതന്ത്ര സോഫ്റ്റ് വെയര്‍ ?

ആര്‍ക്കും ഉപയോഗിക്കുവാനും, പകര്‍ത്താനും, പഠനങ്ങള്‍ നടത്താനും, മാറ്റങ്ങള്‍ വരുത്തുവാനും, വിതരണം ചെയ്യുവാനും നാമമാത്രമായ നിബന്ധനകള്‍ക്ക് വിധേയമായോ നിബന്ധനകളില്ലാതെയോ അനുവാദം നല്‍കപ്പെട്ടിരിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ആണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നറിയപ്പെടുന്നത്.. അവയുടെ സോഴ്സ് കോഡുകള്‍ മിക്കപ്പോഴും ആര്‍ക്കും പരിശോധിക്കാവുന്നതായിരിക്കും.താഴെ പറയുന്ന സ്വാതന്ത്യങ്ങള്‍ക്ക് വിധേയമാണ് ഫ്രീ സോഫ്റ്റ് വെയറുകള്‍.

1. എന്താവശ്യത്തിനും വേണ്ടി പ്രവര്‍ത്തിപ്പിക്കാനുള്ള സ്വാതന്ത്യം (Freedom 0)
2. എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നു പരിശോധിക്കാനും ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രോഗ്രാമില്‍ മാറ്റം വരുത്താനുമുള്ള അവകാശം. (Freedom 1)
3. പകര്‍പ്പെടുത്ത് വിതരണം ചെയ്യാനുള്ള അവകാശം (Freedom 2)
4. മെച്ചപ്പെടുത്താനും ഫലങ്ങള്‍ സാമൂഹ നന്മയ്‌ക്കായി പ്രസിദ്ധീകരിക്കാനുമുള്ള അവകാശം (Freedom 3)

ഈ സ്വതന്ത്യങ്ങള്‍ സംരക്ഷിക്കുന്നതിന് പകര്‍പ്പ് ഉപേക്ഷ (Copy Left) എന്ന ആശയമാണ് 'ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍' മുന്നോട്ടു വയ്‌ക്കുന്നത്. ഗ്നു ജനറല്‍ പബ്ലിക്ക് ലൈസന്‍സ് (ജി.പി.എല്‍) എന്ന സോഫ്റ്റ് വെയര്‍ വിതരണ നിയമമാണ് പകര്‍പ്പ് ഉപേക്ഷ നടപ്പിലാക്കുവാന്‍ ഉപയോഗിക്കുന്നത്.

എന്താണ് 'ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍' ?

സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കായി ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രസ്ഥാനം. (Free Software Foundation). 1985 ഒക്ടോബര്‍ നാലാം തീയതി റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ ആണ് ഇത് സ്ഥാപിച്ചത്.
ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ എന്ന പ്രസ്‌ഥാനത്തിന്റെ ആദ്യ ലക്ഷ്യം സ്വതന്ത്രമായ ഒരു ഓപ്പറേറ്റിംഗ് സിസ്‌റ്റം നിര്‍മ്മിക്കുക എന്നതായിരുന്നു. അതിനു വേണ്ടി രൂപീകരിച്ച പ്രോജക്ടാണ് ഗ്നു (GNU - Gnu Not Unix).അന്നത്തെ പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റമായ UNIX നെ ആധാരമാക്കി, എന്നാല്‍ അതില്‍ നിന്നും വ്യത്യാസപ്പെടുത്തി നിര്‍മ്മിച്ചതു കൊണ്ടാണ് ഇതിന് ഈ പേരു ലഭിച്ചത്. ആഫ്രിക്കന്‍ പുല്‍മേടുകളില്‍ കാണുന്ന 'ഗ്നു' എന്ന ജീവിയുടെ മുഖമാണ് ഇതിന്റെ ചിഹ്നം.

എന്താണ് ഗ്നു ലിനക്‌സ് ?

ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കേര്‍ണല്‍ (വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറുകളെ ഹാര്‍ഡ് വെയറുമായി ബന്ധിപ്പിക്കുന്ന പാലമാണ് കേര്‍ണല്‍) HURD ന്റെ നിര്‍മ്മാണം നടക്കുന്ന സമയത്ത് ഫിന്‍ലാന്റുകാരനായ ലിനസ് ടോള്‍വാള്‍ഡ്സ് എന്ന വിദ്യാര്‍ത്ഥി LINUX എന്ന കേര്‍ണല്‍ ഇന്റെര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. ഗ്നു പ്രോജക്ട് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗങ്ങളും ലിനക്‍സ് എന്ന കേര്‍ണലിന്റെ ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്‍സ്.ലിനക്‍സിന്റെ സൂചനാ ചിത്രം പെന്‍ഗ്വിന്‍ ആണ്.പഠിക്കാനും പകര്‍ത്താനും മെച്ചപ്പെടുത്താനും അവസരം നല്‍കുന്ന ഈ പ്രോഗ്രാമിന് ബൌദ്ധിക്കാവകാശ നിയമക്കുരുക്കുകളൊന്നും ഇല്ല. വിവിധ കമ്പനികള്‍ ഗ്നു/ലിനക്‍സ് ഓപ്പറേറ്റിംഗ് സിസ്‌റ്റം നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്.

എന്താണ് ഡെബിയന്‍ ?


ലിനക്‍സ് കേര്‍ണല്‍ ഉപയോഗപ്പെടുത്തി വിവിധ കമ്പനികള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഡിസ്‌ട്രി‌ബ്യൂഷനുകള്‍വിതരണം ചെയ്യുന്നുണ്ട് എന്നു പറഞ്ഞുവല്ലോ.. മാന്‍ഡ്രേക്ക്, റെഡ് ഹാറ്റ്.. തുടങ്ങിയവ അവയില്‍ ചിലതാണ്. കമ്പനികള്‍ തയാറാക്കിയ ഉത്പന്നങ്ങളാകുമ്പോള്‍ അവര്‍ ലാഭത്തില്‍ കണ്ണു വയ്‌ക്കുക സ്വാഭാവികം.എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫ്രീ സോഫ്റ്റ് വെയര്‍ ഫൌണ്ടേഷന്‍ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടായ ഓപ്പറേറ്റിംഗ് സിസ്റ്റം ഡിസ്‌ട്രിബ്യൂഷനാണ് ഡെബിയന്‍. ലിനക്‍സ് കേര്‍ണല്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഒരു വ്യക്തിയോ സ്ഥാപനമോ ഒന്നും ഇതിന് അവകാശിയല്ല. ഡെബിയന്‍ ഗ്നു/ലിനക്‍സ് എന്നാണ് ഇതറിയപ്പെടുന്നത്. Ian Murdock - ഉം അദ്ദേഹത്തിന്റെ ഭാര്യ Debra - യും ചേര്‍ന്നാണ് ഈ പ്രോജക്‌ടിനു തുടക്കമിട്ടത്. അവരുടെ പേരില്‍ നിന്നാണ് ഡെബിയന്‍ എന്ന പേരു ലഭിച്ചത്.

എന്താണ് ഉബുണ്ടു ?

ഡെബിയനില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത ഫ്രീ സോഫ്റ്റ് വെയറാണ് ഉബുണ്ടു. മറ്റുള്ളവരോടുള്ള മനുഷത്വം ("humanity towards others") എന്നര്‍ത്ഥം വരുന്ന ഒരു പ്രാചീന ആഫ്രിക്കന്‍ പദത്തില്‍ നിന്നാണ് ഉബുണ്ടു എന്ന പേരു വരുന്നത്.ജനപ്രിയങ്ങളായ ലിനക്‍സ് വിതരണങ്ങളില്‍ ഒന്നാണ് ഉബുണ്ടു. ലളിതമായ ഇന്‍സ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടര്‍ച്ചയായി നവീകരിക്കുന്ന സ്ഥിരതയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണ് ഉബുണ്ടു വിശേഷിപ്പിക്കപ്പെടുന്നത്. ഉബുണ്ടുവിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത അതു ഇന്സ്റ്റാള്‍ ചെയ്യാനുള്ള എളുപ്പമാണ്. ലിനക്‍സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ നേരിട്ടു കൊണ്ടിരുന്ന പ്രധാന വെല്ലുവിളിയും ഈ മേഖലയിലായിരുന്നു.1.2 കോടി ആളുകള്‍ ഇന്ന് ഉബുണ്ടു ഉപയോഗിക്കുന്നുണ്ട്. ലിനക്‍സ് ഉപയോഗിക്കുന്നവരില്‍ അന്‍പതു ശതമാനവും ഉബുണ്ടുവാണ് ഉപയോഗിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ സംരംഭകനായ മാര്‍ക്ക് ഷട്ടില്‍വര്‍ത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കല്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഉബുണ്ടുവിന്റെ പിന്നണി പ്രവര്‍ത്തനം നടത്തുന്നത്.എല്ലാ വര്‍ഷവും നാലാം മാസവും പത്താം മാസവും പുതിയ പതിപ്പിറക്കുന്നതാണ് ഉബുണ്ടുവിന്റെ രീതി. അതനുസരിച്ച് 'ഉബുണ്ടു 10.04' എന്നാല്‍ 2010 വര്‍ഷം ഏപ്രില്‍ മാസം പുറത്തിറങ്ങുന്ന പതിപ്പ് എന്നേ അര്‍ത്ഥമുള്ളു. അടുത്ത പതിപ്പ് ഒക്ടോബറില്‍ പുറത്തിറങ്ങും. 10.10 എന്നായിരിക്കും അതറിയപ്പെടുക.

ഉബുണ്ടുവിന്റെ സൌജന്യ സി.ഡി ലഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതേയുള്ളു. പരമാവധി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രചരണമാണ് ഈ സൌജന്യസേവനത്തിന് പിന്നിലെ ലക്ഷ്യം. അത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കട്ടെ. പക്ഷെ ഇതില്‍ നിന്നും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയാണ്, ഐ.ടി@സ്ക്കൂള്‍ ഉബുണ്ടു സി.ഡി വിതരണം ചെയ്യുന്നതെന്ന് പ്രത്യേകം ഓര്‍മ്മിക്കണേ.

ഇതാ സൌജന്യ ഉബുണ്ടു സി.ഡിക്കു വേണ്ടിയുള്ള ലിങ്ക്

ഐ.ടി @ സ്‌കൂള്‍ ഉബുണ്ടു

ഉബുണ്ടു 9.10 ആണ് ഇപ്പോള്‍ സ്‌കൂളുകളില്‍ ഉപയോഗിക്കപ്പെടാനായി നല്‍കിയിട്ടുള്ള പതിപ്പ്. ഇതിന്റെ പുതിയ പതിപ്പ് 10.04 ഉം തയാറായി കഴിഞ്ഞു.ഉബുണ്ടു ഇപ്പോള്‍ ഐ.ടി @ സ്‌കൂള്‍ ലഭ്യമാക്കിയിരിക്കുന്നത് കസ്‌റ്റൈമൈസ് ചെയ്‌ത വേര്‍ഷനാണ്. എന്നു വെച്ചാല്‍ പഠനാവശ്യത്തിനായ സോഫ്റ്റ് വെയറുകള്‍ തെരഞ്ഞെടുത്ത് അതിന്റെ കേടുപാടുകള്‍ തീര്‍ത്ത് ഉബുണ്ടുവില്‍ ചേര്‍ത്താണ് നമുക്ക് തന്നിരിക്കുന്നത്.

അടുത്ത പാഠം :

അടുത്ത പാഠം സെപ്‌റ്റംബര്‍ പതിമൂന്നാം തീയതി തിങ്കളാഴ്‌ച രാവിലെ അഞ്ചു മണിക്ക് പ്രസിദ്ധീകരിക്കും.


Read More | തുടര്‍ന്നു വായിക്കുക

സ്റ്റുഡന്‍റ്പോലീസ് പരിപാടിയെപ്പറ്റി

>> Saturday, August 28, 2010


കോഴിക്കോട്ട് നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്ക്കൂള്‍ കലാമേളയ്ക്ക് വേണ്ടി നഗരത്തിലെ 16 സ്ക്കൂളുകളില്‍ നിന്ന് 800 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് കുട്ടിപ്പോലീസെന്ന പേരില്‍ വാളണ്ടിയേഴ്സായി നിയമിച്ചു. പോലീസ് സൈന്യത്തിന്റെ ക്ഷാമം മനസ്സിലാക്കിക്കൊണ്ടു തന്നെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ പി.വിജയന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഇത്.‍ പക്ഷെ പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഫലമാണ് കണ്ടത്. കുട്ടികള്‍ തങ്ങള്‍ക്കു ലഭിച്ച ഉത്തരവാദിത്വം മനോഹരമായി നിറവേറ്റി. കേഡറ്റുകളുടെ ചിട്ടയും നിയന്ത്രണമികവും മൂലം ഇവര്‍ എല്ലാവരുടേയും പ്രശംസക്ക് പാത്രമായി. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും ചേര്‍ന്ന് ഇത് കേരളത്തിലെ എല്ലാ ജില്ലകളിലും‍ നടപ്പിലാക്കാനുള്ള പദ്ധതിയിട്ടത്. എങ്ങനെയാണിത് നടപ്പാക്കുന്നത്. നോക്കാം.

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം അത്ഭുതാവഹമാണ്. ഇന്ത്യാരാജ്യത്തിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത വിധം വിപുലമാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം. വിപുലമായ ഈ സംവിധാനത്തിന്റെ ഉള്ളടക്കത്തില്‍ വന്ന മാറ്റം നമ്മുടെ വിദ്യാഭ്യാസത്തിന് ജനകീയ മുഖം പകര്‍ന്നു നല്‍കി. തന്റെ അനുഭവ പരിസരത്തുനിന്ന് പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും , പ്രശ്ന പരിഹാരത്തിന് തന്റേതായ വഴി കണ്ടെത്താനും പുതിയ പഠനക്രമം കുട്ടിയെ പ്രാപ്തനാക്കി. കട്ടിയിലെ കഴിവുകളെ രാജ്യനന്മക്കുകൂടി ഉപയോഗിക്കാന്‍ കഴിയുമ്പോഴേ നമ്മുടെ പൊതു വിദ്യാഭ്യാസം അതിന്റെ ലക്ഷ്യത്തിലെത്തൂ. ഈ ഒരുദ്ദേശം കൂടി മുന്നില്‍ കണ്ടു കൊണ്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റെന്ന ആശയത്തിന്റെ തുടക്കം.

കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ ഈ സംവിധാനമുള്ള എല്ലാ സ്‌കൂളുകളും ഈ പദ്ധതിയുടെ കീഴില്‍ വരും. മറ്റു ജില്ലകളിലെല്ലാം കൂടി നൂറ് സ്‌കൂളുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചിട്ടയായ പരിശീലനമാകും ഇവര്‍ക്കു ലഭിക്കുക. ഇവര്‍ സമൂഹത്തിനൊരു മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയമില്ല. വിനയം, അച്ചടക്കം, ആത്മാര്‍ത്ഥത, വിവേകം, ധൈര്യം, കാര്യക്ഷമത തുടങ്ങി ഒരു വ്യക്തിക്കു വേണ്ട ഗുണങ്ങളുള്ള ഒരു സമൂഹം നമ്മുടെ രാജ്യസുരക്ഷ കൂടി ഉറപ്പു നല്‍കുന്നു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയില്‍ അംഗമാവുന്ന കുട്ടികള്‍ക്ക് നിര്‍ബന്ധിത നീന്തല്‍ പരിശീലനം ലഭിക്കും.

എന്നാല്‍ കേഡറ്റ് ആകാന്‍ ചില മാനദണ്ഡങ്ങളുണ്ട്. പരീക്ഷയില്‍ 50 ശതമാനം(സി.പ്ലസ്) മാര്‍ക്ക് വേണം. ശാരീരിക ക്ഷമതയുണ്ടാകണം. രക്ഷിതാവിന്റെ സമ്മതവും പ്രധാനാധ്യാപകനില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം. ഒരു വര്‍ഷം ചുരുങ്ങിയത് 60 മണിക്കൂര്‍ കായിക പരിശീലനം ഒരു കേഡറ്റിന് ലഭിക്കണം. പരിശീലന സമയത്ത് വെളുത്ത ടീഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. പരിശീലന ദിവസങ്ങളില്‍ ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കും.

എന്‍.സി.സിയുടെ അച്ചടക്കവും എന്‍.എസ്.എസിന്റെ സേവനമനോഭാവവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു വിങ്ങായിരിക്കും കുട്ടിപ്പോലീസ് സേന. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായി മികവ് തെളിയിക്കുന്നവര്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും പോലീസ്‌സേന ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുന്നതും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യം ആഭ്യന്തരമന്ത്രി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ സമാപനച്ചടങ്ങിനു ശേഷം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേക കേഡറ്റുകള്‍ ഉണ്ടാകും. 500 കുട്ടികള്‍ എങ്കിലുമുള്ള സ്‌കൂളുകളിലേ പദ്ധതി തുടങ്ങൂ. അധ്യാപകരില്‍നിന്ന് കമ്മ്യൂണിറ്റി പോലീസ് ഓഫീസറും അസി. കമ്മ്യൂണിറ്റി പോലീസ് ഓഫീസറും വേണം. ഒരാള്‍ വനിതയാകണം. ഇവര്‍ക്ക് പ്രതിഫലം നല്‍കും. കാക്കി പാന്റ്, കാക്കിഷര്‍ട്ട്, കറുത്ത ബെല്‍റ്റ്, കാക്കി സോക്‌സ്, കറുത്ത ഷൂ, വട്ടത്തൊപ്പി എന്നിവ ചേര്‍ന്നതാണ് കേഡറ്റിന്റെ യൂണിഫോം. ഓരോ വര്‍ഷവും ഒരു നക്ഷത്രം യൂണിഫോമില്‍ ചേര്‍ക്കും. പരിധിയിലെ പോലീസ് സി.ഐ. ലെയ്‌സണ്‍ ഓഫീസറാണ്. ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓരോ വര്‍ഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, നിയമസാക്ഷരതാ ക്ലാസുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എകൈ്‌സസ്, ആര്‍.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വര്‍ഷം 130 മണിക്കൂര്‍ സേവനമാണ് നടത്തേണ്ടത്. സ്‌കൂള്‍തല ഉപദേശക സമിതിയില്‍ പ്രധാനാധ്യാപകനും സി.ഐ.യും പി.ടി.എ. പ്രതിനിധിയും എക്‌സ്‌സൈസ്, വാഹനഗതാഗതം, വനം എന്നീ വകുപ്പുകളുടെ പ്രതിനിധികളും ജനപ്രതിനിധിയും അടങ്ങും.

ഈ പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് നടത്തി വിജയിപ്പിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയനെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. കോഴിക്കോട് കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ എ.പി. ഷൗക്കത്തലിയാണ് അഡീഷണല്‍ നോഡല്‍ ഓഫീസര്‍. റോഡ് സുരക്ഷാ ഫണ്ട്, ജനമൈത്രി പോലീസ് ഫണ്ട്, രാഷ്ട്രീയ മാധ്യമശിക്ഷാ അഭിയാന്‍ ഫണ്ട് എന്നിവയില്‍ നിന്നും വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനം, എക്‌സ്‌സൈസ്, വാഹനഗതാഗതം എന്നിവയുടെ ബജറ്റ് വിഹിതത്തില്‍നിന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്തനാണ് നിര്‍ദ്ദേശം.

അവശ്യഘട്ടങ്ങളില്‍ പോലീസ് സേനയെ ക്രമസമാധാന പരിപാലനത്തില്‍ സഹായിക്കുന്നതിനൊപ്പം വ്യക്തിത്വ വികാസവും പൊതുജനസേവനവും ലക്ഷ്യങ്ങളായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് മയക്കുമരുന്നിന്റേയും മാഫിയാസംഘങ്ങളുടേയും സ്വാധീനം വര്‍ധിച്ചു വരുന്നത് പേടിയോടെയേ കാണാന്‍ കഴിയൂ. ആഢംബരജീവിതത്തിലേക്ക്പെട്ടെന്ന് എത്തിച്ചേരാനുള്ള കുട്ടികളുടെ താത്പര്യം അവരെ തെറ്റായ വഴികളിലൂടെ നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. നമുക്കു വേണ്ടത് രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ കാര്യപ്രാപ്തിയുള്ള തലമുറയേയാണ്. കൗമാരത്തിന്റെ പ്രലോഭനങ്ങളില്‍ വഴിതെറ്റിപ്പോകാതെ ഉള്‍ക്കരുത്തുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമ്മുടെ കുട്ടിപ്പോലീസ് സംവിധാനത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.


Read More | തുടര്‍ന്നു വായിക്കുക

കേരള ദേശീയപാതാ വികസനം എങ്ങനെ ?


കേരളത്തിലെ ദേശീയപാതാ വികസനം വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിക്കൊണ്ട് ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നല്ലോ ഇതുവരെ. പത്രങ്ങളെല്ലാം വിശദമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം പ്രസിദ്ധീകരിച്ചു. നാളെ ആരെങ്കിലും ദേശീയപാതാ വികസന പരിപാടിയെപ്പറ്റി നമ്മളോട് ചോദിച്ചാല്‍ എന്തു മറുപടി പറയും. എപ്രകാരമാണ് ഈ പാതാവികസനം വരുന്നത്? എങ്ങനെയാണ് കേരളത്തിലെ ദേശീയപാതാ വികസനം നടക്കാന്‍ പോകുന്നത്. ചിന്തിച്ചിട്ടുണ്ടോ? നോക്കാം. നമ്മുടെ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം ദിവസം ചെല്ലും തോറും ഏറിവരികയാണ്. രാജ്യത്തൊട്ടുക്കുമുള്ള അവസ്ഥയും വ്യത്യസ്തമല്ല. ഇതു കണക്കിലെടുത്തു കൊണ്ടാണ് ദേശീയപാതാവികസനപദ്ധതി പ്രകാരം നാലുവരിപ്പാതയും ആറുവരിപ്പാതയും എട്ടുവരിപ്പാതയുമൊക്കെ നിര്‍മ്മിച്ചു പോരുന്നത്. ഇന്ത്യയിലെ ദേശീയപാതാ ദൈര്‍ഘ്യം 66549 കിമീറ്ററും കേരളത്തിലേത് 1526 കിലോമീറ്ററുമാണ്. തമിഴ് നാടും കര്‍ണ്ണാടകയും അടക്കമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെല്ലാം വാഹനപ്പെരുപ്പം കണക്കിലെടുത്ത് 60 മീറ്റര്‍ വീതിയില്‍ ദേശീയപാത വികസിപ്പിച്ചു വരുമ്പോഴാണ് കേരളത്തില്‍ നിന്നും പ്രതിഷേധസ്വരമുയര്‍ന്നത്. മുഖ്യമായും ജനസാന്ദ്രത എടുത്തുകാട്ടിയാണ് കേരളം ഇതിനെ നഖശിഖാന്തം എതിര്‍ത്തത്. ഒടുവില്‍
നമ്മുടെ എതിര്‍പ്പിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ കേരളത്തിലെ ദേശീയപാതയ്ക്ക് 45 മീറ്റര്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ബി.ഒ.ടി വ്യവസ്ഥയിലാണ് കേരളത്തില്‍ പദ്ധതി വിഭാവനം ചെയ്യുന്നത്. 45 മീറ്റര്‍ വീതി എന്തിന് വേണ്ടിയാണ്? നോക്കാം.റോഡിന് ഒത്ത നടുക്ക് 4.50 മീറ്റര്‍ വീതിയുള്ള മീഡിയന്‍. മീഡിയന് ഇരുവശവും 7.25 മീറ്റര്‍ വീതിയുള്ള രണ്ടു വരിപ്പാതകള്‍. അതിനുമപ്പുറം 5.50 മീറ്ററിന്റെ ഷോള്‍ഡറുകള്‍. തൊട്ടടുത്ത് ഡ്രെയിന്‍ (അഴുക്കു ചാല്‍).അതിനുമപ്പുറം 5.50 മീറ്റര്‍ വീതിയില്‍ ഇരുവശത്തേക്കും സഞ്ചാരസ്വാതന്ത്ര്യമുള്ള സര്‍വ്വീസ് റോഡ്. അതിന് സമീപം വീണ്ടുമൊരു ഫുട്പാത്തും കീഴെ അഴുക്കുചാലും. റോഡ് കുത്തിപ്പൊളി ഒഴിവാക്കാന്‍ ഇലക്ട്രിസിറ്റി, ടെലിഫോണ്‍, പൈപ്പ് ലൈന്‍ തുടങ്ങിയവയൊക്കെ സ്ഥാപിക്കുന്നതിന് ആവശ്യമായ യൂട്ടിലിറ്റി കോറിഡോര്‍.

രണ്ടുവരി ട്രാക്കിലൂടെ മണിക്കൂറില്‍ 100 കിമീറ്റര്‍ വേഗതയിലും വളവുകളില്‍ ശരാശരി 70 കിമീറ്റര്‍ വേഗതയിലും സര്‍വ്വീസ് റോഡുകളില്‍ 40 കിമീറ്റര്‍ വേഗതയിലും സഞ്ചരിക്കാം. തിരക്കേറിയ ഇടറോഡുകള്‍ ഉള്ളിടത്ത് മുറിച്ചു കടക്കുന്നതിനായി അടിപ്പാതയോ മേല്‍പ്പാതയോ ഉണ്ടാകും. മറ്റ് ഇടറോഡുകളില്‍ ആവശ്യമുണ്ടെങ്കില്‍ സിഗ്നലുകള്‍ സ്ഥാപിക്കും. നാലുവരിപ്പാതയിലെ ഫ്ലൈ ഓവറുകളും പുതിയ പാലങ്ങളും ആറുവരിസഞ്ചാരസൗകര്യം മുന്നില്‍ക്കണ്ടായിരിക്കും നിര്‍മ്മിക്കുക. യൂടേണ്‍ എടുക്കാന്‍ അനുവദിക്കുന്ന ഭാഗത്ത് 4.50 മീറ്റര്‍ വിതിയുള്ള മീഡിയന്റെ വീതി 2 മീറ്ററാക്കി കുറക്കുന്നതോടെ പ്രധാനപാതയിലുള്ള വാഹന സഞ്ചാരത്തെ ഒരു തരത്തിലും ബാധിക്കില്ല. കാല്‍നടക്കാര്‍ക്കും റോഡ് മുറിച്ചു കടക്കുമ്പോഴുള്ള ഇടത്താവളമായി മീഡിയന്‍ മാറുമ്പോള്‍ അവിടെ നട്ടു വളര്‍ത്തുന്ന ചെടികള്‍ രാത്രി കാലങ്ങളില്‍ എതിരേ വരുന്ന വാഹനത്തില്‍ നിന്നുള്ള പ്രകാശം ഡ്രൈവര്‍മാര്‍ക്ക് ശല്യമുണ്ടാക്കാതെ യാത്ര സുഖകരമാക്കുന്നു.

ദേശീയപാതാവികസനത്തിന്റെ ഭാഗമായി സ്ഥലമെടുക്കേണ്ടി വരുമ്പോള്‍ ഇരുപതിനായിരത്തോളം ഉടമകള്‍ സ്ഥലം വിട്ടു കൊടുക്കേണ്ടി വരും. സ്ഥലത്തിന്റെ വില നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. പക്ഷെ സ്ഥലവും കെട്ടിടവുമൊക്കെ വിട്ടുകൊടുക്കേണ്ടി വരുന്ന സ്ഥലമുടമകള്‍ക്ക് ഉടനടി ന്യായമായ സ്ഥലവില കൈമാറുന്നതിന് ഇപ്പോള്‍ കാലതാമസം വരുന്നുണ്ട്. സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ സര്‍ക്കാരിന് പാതയ്ക്ക് വേണ്ടിയെടുക്കുന്ന സ്ഥലം കഴിച്ച് ബാക്കി സ്ഥലം ഉടമയ്ക്ക് മറ്റൊന്നും ചെയ്യാനാകാത്ത വിധം ഉപയോഗശൂന്യമായിക്കിടക്കുകയാണെങ്കില്‍ അതു കൂടി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണം. ആറുവരിയിലേക്കും എട്ടുവരിയിലേക്കുമൊക്കെയുള്ള തുടര്‍പാതാവികസനം കൂടി സര്‍ക്കാര്‍ മുന്നില്‍ക്കാണണം. പക്ഷെ ഇതൊന്നും ജനങ്ങളെ നെക്കിപ്പിഴിഞ്ഞു കൊണ്ടുള്ള ടോള്‍ പിരിവില്‍ നിന്നാകാതിരുന്നാല്‍ നല്ലത്.


Read More | തുടര്‍ന്നു വായിക്കുക

അഭിന്നകങ്ങളും വൃത്തങ്ങളിലെ ചോദ്യങ്ങളും

>> Tuesday, August 24, 2010


ഒമ്പതാം ക്ലാസിലെ 'വൃത്തങ്ങളി'ല്‍ നിന്നുള്ള വര്‍ക്ക്ഷീറ്റും ടീച്ചിങ്മാനുവലുമടങ്ങിയ ജോണ്‍സാറിന്റെ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് ആഴ്ചകളായി. അതിനനുബന്ധമായി ഹിതയും, ജയശങ്കര്‍ സാറും, ജോണ്‍സാര്‍ തന്നെയും വിലപ്പെട്ട ചോദ്യങ്ങള്‍ അന്നേ അയച്ചുതന്നിരുന്നു. ഇപ്പോഴിതാ Sanjay Gulati യും വൃത്തങ്ങളില്‍ നിന്നുള്ള കുറച്ച് ചോദ്യങ്ങള്‍ അയച്ചു തന്നിരിക്കുന്നു. നമ്മുടെ സിലബസിനെപ്പറ്റി അദ്ദേഹത്തിന് അറിയില്ലെങ്കിലും നമ്മളുമായി സംവദിക്കാന്‍ പോന്ന നല്ല മനസ്സിന് നന്ദി പറയാമല്ലോ. വിഷയങ്ങളുടേയും പോസ്റ്റുകളുടേയും ബാഹുല്യങ്ങള്‍ക്കിടയില്‍ അതിന്റെ പ്രസിദ്ധീകരണം നീണ്ടുപോയത് മന:പൂര്‍വ്വമായിരുന്നില്ല. ഇതിനിടയില്‍ ഭൂരിഭാഗം സ്കൂളുകളിലും അഭിന്നകങ്ങള്‍ പഠിപ്പിച്ചുതുടങ്ങുകയും ചെയ്തു. എങ്കില്‍ ഈ പോസ്റ്റ് അതേക്കുറിച്ചാകട്ടെയെന്നു തീരുമാനിച്ചു. അനുബന്ധമായി വൃത്തങ്ങളിലെ ചോദ്യങ്ങളുമുണ്ട് കേട്ടോ..!

അഭിന്നകങ്ങളെക്കുറിച്ചുള്ള പഠനം ഒന്‍പതാംക്ലാസില്‍ ഏതാണ്ട് ആരംഭിച്ചിരിക്കും .പൈതഗോറിയന്‍ ബന്ധമുപയോഗിച്ച് ഭിന്നകങ്ങളല്ലാത്ത നീളങ്ങള്‍ കണ്ടെത്തുക ഒരു പഠനപ്രവര്‍ത്തനമാണ്. യുക്തിഭദ്രമായി
√2 ഭിന്നകമല്ലെന്ന് തെളിയിക്കുന്നു.പുതിയതരം സംഖ്യകളെ തിരിച്ചറിയുന്നു.വര്‍ഗ്ഗം 2നോടടുക്കുന്ന സംഖ്യകളെ കണ്ടെത്തി ആവയുടെ സംവ്രജനം തിരിച്ചറിയുന്നു.പൈതഗോറസ് തത്വത്തിന്റെ ബീജഗണിതാവിഷ്ക്കാരം അഭിന്നകനീളങ്ങളുടെ നിര്‍മ്മിതിക്ക് അനുയോജ്യമാണ്. √3 ,√5 എന്നിവ സമാനസ്വഭാവമുള്ള സംഖ്യകളാണ്.കനകാനുപാതം എന്ന പേരില്‍ പ്രസിദ്ധമായ ഒരു അഭിന്നകമുണ്ട്.കനകാനുപാതത്തെ ജ്യാമിതീയ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് കുട്ടികളുടെ കളക്ഷന്‍ബുക്കിലേയ്ക്ക് ഒരു വിഭവമൊരുക്കുകയാണ് ഇന്നത്തെ പോസ്റ്റിന്റെ ലക്ഷ്യം.ചിത്രത്തിലെ PQRS എന്ന ചതുരത്തെ നാലു ത്രികോണങ്ങളാക്കിയിരിക്കുന്നു.

ത്രികോണം PSX ,ത്രികോണം RXY , ത്രികോണം PQY എന്നിവയുടെ പരപ്പളവുകള്‍ തുല്യമാണെങ്കില്‍

RX ∕ XS = RY ∕ YQ = (√5 +1) / 2 എന്ന കനകാനുപാതമായിരിക്കും.

വര്‍ക്ക് ഷീറ്റ്


  1. SX = a , XR = b ആയാല്‍ PQ എത്രയായിരിക്കും?
  2. PS = x ആയാല്‍ ത്രികോണം PSX ന്റെ പരപ്പളവ് എത്ര?
  3. ഈ പരപ്പളവ് ത്രികോണം XRY യുടെ പരപ്പളവുമായി തുലനം ചെയ്ത് YR കാണുക
  4. ത്രികോണം PSX ന്റെ പരപ്പളവ് ത്രികോണം PQY യുടെ പരപ്പളവുമായി തുലനം ചെയ്ത് QY കാണുക
  5. QR = PS ആയതിനാല്‍ (ax / a+b ) + ( ax / b) = x എന്ന് എഴുതുക
  6. b / a = t ആയാല്‍ t =(1 + √5 ) / 2 എന്നു കിട്ടും
  7. RX / SX = b/a ആണല്ലോ. ഇനി RY / QY കാണുക.

ഈ പോസ്റ്റിനോടൊപ്പം വൃത്തങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ചേര്‍ത്തിരിക്കുന്നു.
Circles Questions


Qns prepared by John Sir

Qns prepared by Gayathri

Qns prepared by Jayasankar sir

Qns prepared by Sanjay Gulati


Read More | തുടര്‍ന്നു വായിക്കുക

കടക്കെണിയും ആര്‍ഭാടവും ചര്‍ച്ചചെയ്യപ്പെടേണ്ടത്

>> Monday, August 23, 2010


ഒന്‍പതാം ക്ലാസിലെ മലയാളം അടിസ്ഥാനപാഠാവലിയില്‍ 'സമുദായങ്ങള്‍ക്ക് ചിലത് ചെയ്യുവാനുണ്ട്' എം.എന്‍.വിജയന്‍ മാഷിന്‍റെ ഒരു കുറിപ്പ് പഠിക്കാനുണ്ട് . കേരളീയന്‍റെ ‘വര്‍ദ്ധിച്ചുവരുന്ന ഉപഭോഗ സംസ്‌കാരം’ എന്ന പ്രശ്‌നവുമായി ഈ കുറിപ്പ് ക്ലാസില്‍ ചര്ച്ചു ചെയ്യപ്പെടും എന്നുറപ്പ്. അതില്‍ തന്നെ ഊന്നല്‍ വരിക ‘ ആര്‍ഭാടമായി ജീവിക്കണം എന്നകൊതി മനുഷ്യനെ ഉന്മാദത്തിലേക്ക് നയിക്കുന്നു, ഇല്ലാത്തവന്‍ കടംവാങ്ങി, ചെലവാക്കി മുടിയുന്നു…തുടങ്ങിയ വാക്യഭാഗങ്ങളാകും. ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള ചര്‍ച്ചയും ഉപസംഹാരവും ആയിരിക്കും നാം ചെയ്യുക. എന്നാല്‍ ഇതില്‍ യാഥാര്‍ഥ്യമെത്രത്തോളമുണ്ട്? ഇതേക്കുറിച്ച് ബ്ലോഗ് ടീം അംഗവും മാധ്യമം ദിനപ്പത്രത്തിലെ എഴുത്തുകാരനും കെ.ടി.എം.എച്ച്.എസിലെ ഹെഡ്മാസ്റ്ററുമായ രാമനുണ്ണി മാഷിന്‍റെ ലേഖനത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

ശ്രീനാരായണഗുരുവചനങ്ങള്‍ റഫര്‍ ചെയ്തുകൊണ്ടാണ് വിജയന്‍ മാഷ് ഈ കുറിപ്പ് എഴുതുന്നത്. എന്നാല്‍ കേരളത്തിന്റെ സമകാലികാവസ്ഥ തന്നെയാണ് വിഷയം. ഉദാഹരണങ്ങള്‍ സഹിതം മാഷ് വിശദീകരിക്കുന്നു. ഇതില്‍ രണ്ടു പദങ്ങള്‍ ആര്‍ഭാടം, കടം ; ഇവ സവിശേഷമായി നാം പരിഗണിക്കണം. എന്താണ് ‘ആര്‍ഭാടം’ എന്താണ് ‘കടം’? ആര്‍ഭാടത്തിന്നു വേണ്ടി കടമെടുക്കുന്നു എന്ന നിരീക്ഷണവും ഇതോടൊപ്പം ഉണ്ട്. സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന ജീവിതാവശ്യങ്ങള്‍ ഒരിക്കലും ‘ആര്‍ഭാട‘മാവുന്നില്ല . ജീവിതാവശ്യങ്ങള്‍ ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നിവയില്‍ ഒതുങ്ങുമോ? പ്രാകൃതമനുഷ്യന്‍റെ കാര്യത്തില്‍ പോലും ഇതുമാത്രമാണോ പ്രാഥമികം? സമകാലികസമൂഹത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വിനോദം, വിശ്രമം, സാമൂഹിക സുരക്ഷ, മതേതര്വം, സോഷ്യലിസം, ജനാധിപത്യം തുടങ്ങിയവയും പ്രാഥമികാവാശ്യങ്ങള്‍ തന്നെ. ഈ ആവശ്യങ്ങള്‍ തിരിച്ചറിയുകയും അതു നേടാനായി ആഗ്രഹിക്കുകയും ചെയ്യുന്നത് ഒരിക്കലും ‘ആര്‍ഭാടമെന്നു’ കരുതാമോ? ഇതെല്ലാം സാധിക്കാനായി പ്രാഥമികമായി വേണ്ടത് ഇവതന്നെയാണു താനും. ഇതു സാധിച്ചെടുക്കുന്നതിലൂടെ സ്വാഭാവികമായും അളവിലും ഗുണത്തിലും ഇതെല്ലാം വര്‍ധിപ്പിക്കാന്‍ ആധുനിക പൌരന്‍ ശ്രമിക്കുകയും ചെയ്യും.

എന്നാല്‍ ഇതു സാധിച്ചെടുക്കാന്‍ ഒരാള്‍ അതിക്രമം കാണിക്കുന്നെങ്കില്‍ അതു രാജനീതിയും ഭരണസംവിധാനവും പോലെയുള്ള സംഗതികളെക്കുറിച്ചുള്ള വിദ്യാഭ്യാസമില്ലായ്മതന്നെ. അവിടെയും നാം ചര്‍ച്ച ചെയ്യേണ്ടത് –കുറ്റത്തിന്ന് ശിക്ഷ എന്നതുപോലെ സാഹചര്യം കൂടിയാണ്. ആത്യന്തികമായി ഇതൊന്നും അക്രമത്തെ ന്യായീകരിക്കുന്നുമില്ല.

മറ്റൊന്ന്, തന്റെ ചുറ്റുപാടുകള്‍ മനസ്സിലാക്കി അതിന്ന് യുക്തിബോധവും സാമൂഹ്യ ചരിത്രവും ഒക്കെ വേണമെന്ന് വേറൊരു കാര്യം അതിലൊതുങ്ങി കഴിയാന്‍ പഠിക്കുക എന്നതാണ്. ഇതു കേവലയുക്തി അല്ലാതെന്താണ്? ഇതു എത്രകണ്ട് സാധ്യമാണെന്നത് നോക്കൂ. പ്രാഥമികാവശ്യങ്ങളില്‍ ഒന്ന് –ഭക്ഷണം ഇല്ല എന്ന സാമൂഹികാവസ്ഥ സ്വന്തമവസ്ഥ മനസ്സിലാക്കി കഴിയാന്‍ ആവുമോ? തനിക്കില്ലെങ്കിലും കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനില്ലാതെ വരുമ്പോള്‍ ഏതു മനുഷ്യനും യുക്തികള്‍ക്ക് അതീതനാകും. ജനാധിപത്യമെന്ന പ്രാഥമികാവശ്യം നഷ്ടപ്പെടുമ്പോള്‍ വ്യക്തിയും സമൂഹവും ഒന്നിച്ച് പ്രതികരിക്കും. തൊഴില്‍, വിശ്രമം, വിനോദം എന്നിങ്ങനെ എല്ലാ കാര്യത്തിലും ഇതാണവസ്ഥ.മനുഷ്യ സമൂഹം പുരോഗതിയിലേക്ക് കുതിക്കുകയാണ്. മനുഷ്യവികസന സൂചകങ്ങള്‍ പഠിക്കുന്നൊരാള്‍ ഇതു നിഷേധിക്കില്ല.
(റഫ: വിക്കിപീഡിയ)
നമ്മുടെ രാജ്യം വികസിച്ചുകൊണ്ടിരിക്കുന്നവയുടെ കൂട്ടത്തില്‍ മുന്‍പിലാണ്. മനുഷ്യദാരിദ്ര്യസൂചകങ്ങളില്‍ നാം അത്ര സുഖമുള്ള ഒരിടത്തല്ല.

ഉറുഗ്വെ 50-ം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാം 164 -ം സ്ഥാനത്താണ്.

എന്നാല്‍ അക്രമങ്ങളുടെ കണക്കില്‍ വികസിത രാജ്യങ്ങളേക്കാള്‍ നാം വളരെ പിന്നിലാണ് എന്നതും വളരെ ആശ്വാസകരം തന്നെ. പ്രാഥമികാവശ്യങ്ങള്‍ പോലും നാം നേടിയെടുക്കുന്നതില്‍ അക്രമരാഹിത്യം പാലിക്കുന്നു. വിജയന്‍ മാഷ് പറയുന്നതുപോലെ ‘കുട്ടികളുമൊത്ത് ചെറുപുരയില്‍ പാര്‍ത്തിരുന്ന ചെറുപ്പക്കാരന്‍….’ എന്നത് കേവലം അതിശയോക്തിയാണ്. ഇന്ത്യയുടേയോ കേരളത്തിന്റേയോ സാമാന്യാവസ്ഥ അല്ല.

ഈയൊരു പശ്ചാത്തലത്തിലാണ് ‘കടം’ നാം അറിയേണ്ടത്. ഇല്ലാത്തവര്‍ ഉള്ളവരില്‍ നിന്ന് കടം വാങ്ങുന്നത് സ്വാഭാവികം.വ്യക്തികളും രാജ്യങ്ങളും കടം വാങ്ങും. കടം വാങ്ങുന്നത് ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കാണു താനും. (ധൂര്‍ത്തടിക്കാന്‍ വാങ്ങുന്നവര്‍ ചെറുന്യൂനപക്ഷം ഉണ്ടാവാം) കുട്ടികളുടെ വിദ്യാഭ്യാസം, വീട്, കുട്ടികളുടെ വിവാഹം, കൃഷി, വ്യാപാരം, വ്യവസായം, ചികിത്സ എന്നിങ്ങനെയുള്ള സംഗതികള്‍ക്കാണ് കടം വാങ്ങുന്നത്. സാമൂഹ്യജീവിതത്തില്‍ ഇതൊന്നും അനാവശ്യങ്ങളല്ല; ആര്‍ഭാടങ്ങളല്ല. കടം വാങ്ങി ഒരു വര്‍ഷം കഴിയുമ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയുന്നു. കടത്തിന്റെ ടേംസ് ആംന്റ് കണ്ടീഷന്‍സ് വരെ. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മാറുന്നു. സാമ്പത്തിക നയങ്ങള്‍ മാറുന്നു. വ്യക്തി/ കുടുംബപരമായ അവസ്ഥകള്‍ മാറുന്നു. പുതിയ ആവശ്യങ്ങള്‍ ഉണ്ടാകുന്നു. വിലക്കയറ്റവും വിലക്കുറവും ഉണ്ടാവുന്നു. ഇങ്ങനെയൊക്കെ ഉണ്ടാവുന്നതില്‍ കടംവാങ്ങിയ വ്യക്തിയുടെ സ്വാധീനം വളരെ വളരെ ചെറുതുമാണ്. വ്യക്തിക്ക് നിയന്ത്രിക്കാനാവാത്തയാണ് എല്ലാം എന്നു കാണാം. എന്നാല്‍ കടക്കാരന്‍ വ്യക്തിയായി നില്ക്കു കയും കടാവസ്ഥ സാമൂഹികമായി സ്ഥലകാലങ്ങള്‍ക്കൊത്ത് മാറുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം അറ്റുപോകുന്നു. എന്തുകൊണ്ട് കടക്കെണിയെന്നും, കടംമൂലം ആത്മഹത്യയെന്നും ഒരു പാട് പഠനങ്ങള്‍ നടക്കുന്നുണ്ട്.

ഇതിനെയൊക്കെ ആര്‍ഭാടത്തിന്റെ ഉന്മാദം, വ്യക്തിപരം എന്നൊന്നും പറഞ്ഞ് ഒഴിവാക്കിക്കൂടാ. അധാര്‍മ്മികമായ സംഗതികള്‍ ഇല്ലെന്നല്ല; മറിച്ച് അത് പൊതുകാരണമെന്ന് പറഞ്ഞ് യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൂടാ എന്നേ പറയുന്നുള്ളൂ.

‘ഇല്ലാത്തവര്‍ ചെലവാക്കി മുടിയുന്നതിനെ’ കുറിച്ചു ഗുരു പറയുന്നുണ്ട്. ഗുരു മുന്നില്‍ കാണുന്ന ഉദാഹരണങ്ങള്‍ നിഷേധിക്കാന്‍ വയ്യ. എന്നാല്‍ ഉള്ളവന്‍ ചെലവാക്കുന്നതിനെ കുറിച്ചും പറയണമായിരുന്നു. പണമുണ്ടെന്നു കരുതി അതു ധൂര്‍ത്തടിക്കുമ്പോള്‍ (3 പേര്‍ക്ക് താമസിക്കാന്‍ 3 കോടിയുടെ വീട്) അതു പ്രത്യക്ഷമായും പരോക്ഷമായും ഇല്ലാത്തവനെ കൂടുതല്‍ ഇല്ലാത്തവനാക്കുകയാണ്. ഒരു ചാക്ക് സിമന്റ് വേണ്ടിടത്ത് പണമുണ്ടെന്നു കരുതി 10 ചാക്ക് വാങ്ങിക്കുന്നവന്‍ കമ്പോളത്തില്‍ സിമന്റിന്റെ വില വര്‍ദ്ധിപ്പിക്കുകയും അതു പണമില്ലാത്തവനെ (ഒരു ചാക്കു വേണ്ടിടത്ത് 1 കിലോ വാങ്ങി) കൂടുതല്‍ ദരിദ്രനാക്കുകയുമാണല്ലോ. ദരിദ്രനെ രക്ഷിക്കാന്‍ സമ്പന്നനെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. ‘ആദര്‍ശത്തിന്റേയും ലാളിത്യത്തിന്റേയും ഊന്നുവടികൊണ്ട് സാധാരണക്കാരന്റെ ഉയരം കൂട്ടേണ്ടിയിരിക്കുന്നു’ എന്നത് കേവലാശയം മാത്രമായി പരിണമിക്കുന്നു. സമൂഹത്തില്‍ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള ഉയരമാണല്ലോ ശരിയായ ഉയരം. 30%ത്തിലധികം പേര്‍ ദാരിദ്രരേഖക്ക് താഴെ കിടക്കുന്ന ഒരു രാജ്യത്ത് ലാളിത്യം എന്നാലെന്താവാം വിജയന്‍ മാഷ് ഉദ്ദേശിച്ചത്?


Read More | തുടര്‍ന്നു വായിക്കുക

ഓണാശംസകളും ചില ചിന്തകളും

>> Sunday, August 22, 2010


അങ്ങനെ മലയാളിയുടെ സ്വന്തം ഉത്സവമായി പരക്കെ ആഘോഷിക്കപ്പെടുന്ന ഓണം വന്നെത്തി. കാണം വിറ്റും ഓണം ഉണ്ണണം എന്ന അജ്ഞാത കര്‍ത്തൃകമായ ഏതോ സിദ്ധാന്തത്തിന്റെ ആവേശത്തില്‍ പ്രകൃതി പോലും താന്‍ കാത്തുവെച്ച ഐശ്വര്യസമ്പാദ്യം മനുഷ്യനായി നേദിക്കുന്ന കാലമാണീ ഓണമാസം. കേട്ടു പഴകിയ കഥകള്‍ മുതല്‍ കര്‍ക്കിടകത്തിന്‍റെ വറുതിയില്‍ നിന്ന് വിളവെടുപ്പിന്റെ സന്തോഷത്തിലേക്കുള്ള യാത്രയായിട്ടാണ് ഓണാഘോഷ ചരിത്രം എന്നും നമ്മുടെ കാതുകളിലേക്കെത്തിയിട്ടുള്ളത്. നവീനയുഗത്തില്‍ ആന്റിമാരുടെ എണ്ണമേറിയതിനാലും മുത്തശ്ശിമാരുടെ വംശം മരുന്നിനു പോലുമില്ലാത്ത വിധം അന്യം നിന്നു പോയതിനാലും ഓണത്തെക്കുറിച്ചുള്ള കഥകളെപ്പറ്റിയൊന്നും കുട്ടികള്‍ക്ക് കേള്‍ക്കാനിട വന്നിട്ടുണ്ടാകണമെന്നില്ല. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ അഭ്യര്‍ത്ഥന പ്രകാരം തന്റെ പ്രജകളെക്കാണാന്‍ ആണ്ടിലൊരു ദിനം വാമനന്‍ അദ്ദേഹത്തിന് നല്‍കിയെന്നാണ് ഓണത്തിനു പിന്നിലെ പുരാവൃത്തമായി പറഞ്ഞു പോരുന്നത്. ചിങ്ങമാസത്തിലെ തിരുവോണനാള്‍ തെരഞ്ഞെടുത്ത മഹാബലി മുറതെറ്റാതെ ആണ്ടു തോറും എത്തുന്നുവെന്നാണ് കാവ്യഭാവനയും. അങ്ങനെ കേരളസങ്കല്പത്തിന്റെ ആരംഭദശകളിലെങ്ങോ മൊട്ടിട്ട ഓണവും ഓണാഘോഷവും വൈവിധ്യമാര്‍ന്ന വേഷപ്പകര്‍ച്ചകള്‍ പിന്നിട്ട് ഇന്നു നമ്മുടെ സ്വീകരണമുറിയിലെ കൊച്ചു സ്ക്രീനിലൊതുങ്ങി നില്‍ക്കുന്നു.

കാലാണ്ടിന്റെ ഇടവേള കഴിഞ്ഞ് ഇടവ, മിഥുന, കര്‍ക്കിടകങ്ങളിലെ കാറ്റിനും മഴയ്ക്കുമൊടുകില്‍ വൈദേശികവണികരെത്തുന്ന ചിങ്ങമാസം ദക്ഷിണഭാരതത്തിലേക്ക് സമ്പത്തൊഴുക്കുന്ന കാലമായിരുന്നെന്നാണ് ചരിത്രരേഖകളിലെ പരാമര്‍ശം. അരിയും പൂവുമെറിഞ്ഞായിരുന്നത്രേ കച്ചവടത്തിനെത്തിയിരുന്ന നാവികവണികരെ നമ്മുടെ നാട്ടുകാര്‍ സ്വീകരിച്ചിരുന്നത്. സുഗന്ധദ്രവ്യങ്ങള്‍ക്കും ധാന്യങ്ങള്‍ക്കും പകരം പൊന്ന് നല്‍കുന്ന ഈ കച്ചവടമാണ് ചിങ്ങമാസത്തതിന് പൊന്നിന്‍ തിളക്കം നല്‍കിയതെന്ന് ഒരു കൂട്ടം ചരിത്രകുതുകികള്‍ പറയുന്നു. അതല്ല, കൊയ്ത്തു നെല്ലിന്റെ പൊന്നിന്‍ പ്രഭയാണ് ചിങ്ങമാസത്തിന് ഇത്തരമൊരു മുന്‍പേര് നല്‍കിയതെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്.

മലയാളിയെന്നതില്‍ അഭിമാനിക്കുന്ന ഓരോരുത്തര്‍ക്കും സന്തോഷത്തിന്റെ കാലമാണ് ഓണം. പെയ്തു തകര്‍ത്ത ഇടവപ്പാതി കര്‍ക്കിടകത്തോടെ തോറ്റു മടങ്ങുമ്പോള്‍ അവന് സന്തോഷമായിരുന്നു. വറുതിയുടെ ചൂടില്‍ മുണ്ടു മുറുക്കിയുടുക്കേണ്ടി വന്ന നാളുകളെ താല്ക്കാലികമായിട്ടെങ്കിലും വിസ്മൃതിയിലേക്കാഴ്ത്താന്‍ പോന്ന സന്തോഷമാണ് ഓണനാളുകള്‍ അവന് സമ്മാനിച്ചത്. കമ്പോളവല്‍ക്കരിക്കപ്പെട്ടെങ്കിലും ഇന്നും ബഹുഭൂരിപക്ഷത്തിനും ഓണം സന്തോഷത്തിന്റെ നാളുകള്‍ തന്നെ. പ്രത്യേകിച്ചും, ഓണം കുട്ടികളുടേതല്ലേ? പൂവിളികളും പൂവട്ടികളുമായി നടന്നിരുന്ന കാലം ഏറെക്കുറെ അന്യമായിത്തുടങ്ങിയെങ്കിലും ഇന്നും ഓണാഘോഷങ്ങളില്‍ സന്തോഷിക്കുന്നത് കുട്ടികള്‍ തന്നെ. എത്രയേറെ ദുഃഖങ്ങള്‍ നമുക്കുണ്ടായാലും കുട്ടികളുടെ സന്തോഷം ആരാണാഗ്രഹിക്കാത്തത് ? അതുകൊണ്ട് ഈ ഓണവും നമുക്ക് ആഘോഷിക്കാം. ഇടയ്ക്കിടെ ഇങ്ങനെയുള്ള കൊച്ചുകൊച്ചാഘോഷങ്ങളല്ലേ ജീവിതസദ്യയില്‍ തൊടുകറികളാകുക!

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍!!!!!!!


Read More | തുടര്‍ന്നു വായിക്കുക

'സ്പൈഡര്‍മാന്' അഭിനന്ദനങ്ങള്‍.

>> Monday, August 16, 2010


എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രൈനര്‍മാരിലൊരാളും ഞങ്ങളുടെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമാ​ണ് ഡോക്ടര്‍ എം.ജെ. മാത്യു. വിവരവും വിനയവും ഒന്നിച്ചു സമ്മേളിക്കുന്ന അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് സുമുഖനായ ഈ ചെറുപ്പക്കാരന്‍. ഈ ബ്ലോഗിന്റെ ചരിത്രരേഖ പരിശോധിക്കുമ്പോള്‍ ഞങ്ങള്‍ക്കേറെ കടപ്പാടുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസഫ് ആന്റണി സാറിനും ശ്രീ. ജയദേവന്‍ സാറിനുമൊപ്പം എറണാകുളം ജില്ലയിലെ ഐടി പ്രവര്‍ത്തനങ്ങളുടെ അമരത്തിരിക്കുന്ന ഡോക്ടര്‍ മാത്യുവിനെക്കുറിച്ചെഴുതാന്‍ ഇപ്പോള്‍ സവിശേഷമായ മറ്റൊരു കാരണം കൂടി കൈവന്നിരിക്കുന്നു. രാജ്യത്തിനു തന്നെ അഭിമാനിക്കാവുന്ന അസുലഭമായ ഒരു നേട്ടം മാത്യു എന്ന നമ്മുടെ കൂട്ടത്തിലെ പ്രിയ അധ്യാപകന്‍ കരസ്ഥമാക്കിയിരിക്കുന്നു. അതെന്താണെന്നല്ലേ..?

കൊച്ചിയില്‍ നിന്നുള്ള ചിലന്തി ഗവേഷകനായ ഡോ. ഏം. ജെ. മാത്യുവിന് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ഗവേഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രശസ്തമായ "എന്‍ഡവര്‍ അവാര്‍ഡ് " (Endeavor Award) ലഭിച്ചു. 135ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ വിവിധ വിഷയങ്ങളില്‍ സമര്‍പ്പിക്കുന്ന മത്സര പ്രമേയങ്ങളില്‍ നിന്നാണ് ഡോ. മാത്യുവിന്റെ പ്രമേയം അവാര്‍ഡിനായി തിര‍ഞ്ഞെടുത്തത്. അവാര്‍ഡിന്റെ ഭാഗമായി ഓസ്ട്രേലിയയില്‍ ആറ് മാസത്തെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ പഠനത്തിനായി ഇദ്ദേഹം ഈ മാസം 19- )o തീയതി യാത്ര തിരിക്കും. ഓസ്ട്രേലിയ, ഇന്‍ഡ്യ, ചൈന, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന "എറിയോഭോറ" (Eriophora) ജനുസ്സില്‍പ്പെട്ട ചിലന്തികളുടെ പരിണാമ വളര്‍ച്ച (Phylogeny), ജൈവ-ഭൂമിശാസ്ത്രം (Biogeography) എന്നീ മേഖലകളിലാണ് ഗവേഷണം നടത്തുന്നത്.

പശ്ചിമ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന പശ്ചിമ ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റി (University of Western Australia) യിലെ പ്രൊഫ. റാഫേല്‍ കെ. ദിദം (Prof. Raphael K. Didham), പശ്ചിമ ഓസ്ട്രേലിയന്‍ മ്യൂസിയത്തിലെ ഡോ. വോള്‍ക്കര്‍ ഫ്രമനോ (Dr. Volker Framenau) എന്നിവരുടെ കീഴിലാണ് ഡോ. മാത്യു ഗവേഷണം നടത്തുന്നത്. എറണാകുളത്ത് വെണ്ണലയില്‍ താമസിക്കുന്ന ഈ ഗവേഷകന്‍ ഇടുക്കി, ഇരട്ടയാര്‍ മുണ്ടയ്ക്കത്തറപ്പേല്‍ പരേതനായ ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ്. ഇല്ലിത്തോട് ഗവ. സ്കൂള്‍ അധ്യാപകനായ ഇദ്ദേഹം ഐ.റ്റി. അറ്റ് സ്കൂള്‍ പ്രൊജക്റ്റിന്റെ ഇടപ്പള്ളി റീജിയണല്‍ റിസോഴ്സ് സെന്ററില്‍ മാസ്റ്റര്‍ ട്രെയിനറായി സേവനമനുഷ്ടിക്കുന്നു.

തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ചിലന്തി ഗവേഷണ കേന്ദ്രത്തിലാണ് ഇദ്ദേഹം തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡെറാഡൂണിലെ വന ഗവേഷണ കേന്ദ്ര യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കി. സ്വീഡനിലെ സ്റ്റോക്ക്ഹോം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ International Foundation For Science ഏര്‍പ്പെടുത്തിയിരിക്കുന്ന ഗവേഷണ ഗ്രാന്റും 2008ല്‍ ഈ ഗവേഷകനെ തേടിയെത്തുകയുണ്ടായി. അഗസ്ത്യമലയിലെ ചിലന്തി വൈവിധ്യത്തേക്കുറിച്ചുള്ള പഠനത്തിനായിരുന്നു ഈ ഗവേഷണ ഗ്രാന്റ് ലഭിച്ചത്.

മാത്യു സാര്‍, ആസ്ട്രേലിയയിലെ അങ്ങയുടെ നേട്ടങ്ങളെക്കുറിച്ച് നമ്മുടെ അധ്യാപകലോകത്തെ അറിയിക്കാന്‍ എന്നും അങ്ങയോടൊപ്പം മാത്‍സ് ബ്ലോഗുമുണ്ടാകും. ദൂരം ആശയവിനിമയത്തിന് ഒരു തടസ്സമേയല്ലാതായിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അവിടെ നിന്നു കൊണ്ടായാലും മാത്യു സാര്‍ ഞങ്ങളോടൊപ്പം ഇടപെടുമല്ലോ. ഈ മഹത്തായ നേട്ടത്തില്‍ ആഹ്ലാദിക്കുന്നതോടൊപ്പം തന്നെ, എറണാകുളത്തെ ഐടി പ്രവര്‍ത്തനങ്ങളില്‍ ഇനി ഇദ്ദേഹത്തിന്റെ അസാന്നിദ്ധ്യം തീര്‍ക്കുന്ന വലിയ നൊമ്പരവും ഞങ്ങളുടെ മനസ്സിലുണ്ട്. എന്തായാലും നാടിന്റെ അഭിമാനമായി കൂടുതല്‍ വിജയങ്ങളിലേക്ക് അദ്ദേഹം കുതിക്കട്ടേയെന്ന് ആശംസിക്കുന്നതോടൊപ്പം ശുഭയാത്രാമംഗളങ്ങള്‍ നേരാന്‍ കൂടി ഈ അവസരം ഉപയോഗിക്കുന്നു. മാത്യു സാര്‍, അങ്ങേയ്ക്ക് അധ്യാപകലോകത്തിന്റെ അഭിനന്ദങ്ങള്‍.

Dr. M.J. Mathew, the Endeavor Award winner of Australian Government; Ph: 9447474648


Read More | തുടര്‍ന്നു വായിക്കുക

സ്വാതന്ത്ര്യ ദിനാശംസകള്‍

>> Sunday, August 15, 2010


"ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍ നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്. ഇന്ത്യയെയും ഈ നാട്ടിലെ ജനങ്ങളെയും മനുഷ്യരാശിയെയും സേവിക്കാന്‍ സ്വയം അര്‍പ്പിക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യേണ്ട നിമിഷമാണിത്."
(സ്വാതന്ത്ര്യലബ്ധിയുടെ അര്‍ദ്ധരാത്രിയില്‍ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തില്‍ നിന്ന്)


സ്വാതന്ത്ര്യ ദിനത്തിന്റെ മധുര സ്‌മരണകളുണര്‍ത്തുന്ന മറ്റൊരു ഓഗസ്‌റ്റ് 15 കൂടി വന്നെത്തുകയാണ്. നാം ചവിട്ടി നില്‍ക്കുന്ന ഭൂമി നമ്മുടെ സ്വന്തമെന്നു പറയാനുള്ള സ്വാതന്ത്യം ലഭിച്ചിട്ട് അറുപത്തി മൂന്നു വര്‍ഷങ്ങള്‍ നമുക്കു മുന്നിലൂടെ കടന്നു പോയി. പക്ഷെ അര്‍ഹിക്കേണ്ട അംഗീകാരം സ്വാതന്ത്ര്യത്തിനായി പടപൊരുതിയ ഏവര്‍ക്കും ഇപ്പോഴും ലഭിക്കുന്നുണ്ടോ?

നാമെങ്ങിനെയാണ് നാമായതെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ സ്വാതന്ത്യ ദിനവും. സ്വന്തമായതെല്ലാം സ്വരാജ്യത്തിനായി ത്യജിച്ച്, ജീവന്‍ പോലും ഭാരതാംബയ്‌ക്ക് കാഴ്‌ച വച്ച് , ഞാനൊടുങ്ങിയാലും വരും തലമുറയെങ്കിലും ഇവിടെ തലയുയര്‍ത്തിക്കഴിയണമെന്നാഗ്രഹിച്ച കഴിഞ്ഞ തലമുറയിലെ ആയിരക്കണക്കിന് ധീര ദേശാഭിമാനികള്‍ ജീവന്‍ ബലിയര്‍പ്പിച്ച് നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം. സ്വന്തം ജീവന്‍ കൊടുത്ത് നമ്മുടെ പൂര്‍വ്വികര്‍ പൊരുതി നേടി നമ്മെ ഏല്‍പിച്ച സ്വത്താണ് സ്വാതന്ത്ര്യം. ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മള്‍. ഒരു പോറല്‍ പോലും ഏല്‍ക്കാതെ കൂടുതല്‍ വീര്യത്തോടെ വളര്‍ന്നു വരുന്ന തലമുറയ്‌ക്ക് കൈമാറേണ്ട പൈതൃകം.

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായ ഈ ദിനത്തില്‍ അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ സ്വാതന്ത്ര്യ സമരത്തിലും അല്ലാതെയും രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികള്‍ക്ക് മുന്നില്‍ തല കുനിച്ചു കൊണ്ട്....

'ഏവര്‍ക്കും മാത്‍സ് ബ്ലോഗ് ടീമിന്റെ സ്വാതന്ത്യ ദിനാശംസകള്‍'


Read More | തുടര്‍ന്നു വായിക്കുക

ഖത്തറില്‍ നിന്നും ഒരുപസില്‍

>> Saturday, August 14, 2010


മാത്‍സ് ബ്ലോഗില്‍ പസിലുകള്‍ കൂടിപ്പോവുന്നു എന്ന അഭിപ്രായം വന്നപ്പോള്‍ അതിനു നമ്മള്‍ ചെറിയ ഒരു ഇടവേള കൊടുത്തു. എന്നാല്‍ വിഷയാധിഷ്ഠിത പോസ്റ്റുകളിലും സംവാദ പോസ്റ്റുകളിലും വായനക്കാരുടെ സാന്നിധ്യത്തിനനുസരിച്ച് കമന്റുകള്‍ വരുന്നില്ല എന്നു വന്നപ്പോള്‍ പസിലുകള്‍ തിരിച്ചു കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി. നമ്മു‍ടെ ബ്ലോഗിലെക്കായി പസിലുകള്‍ തെരഞ്ഞുപിടിക്കുന്ന അസീസ് സാര്‍ ഒരു പുതിയ പസിലുമായി വന്നിരിക്കയാണ്. ഉത്തരങ്ങള്‍ മത്സരബുദ്ധിയോടെ കമന്റു ചെയ്യുമല്ലോ? ഒപ്പം പഴയപോലെ കുറേ വ്യത്യസ്തതയാര്‍ന്ന പസിലുകളും കമന്റുകളില്‍ പ്രതീക്ഷിക്കുന്നു. എന്താ, എല്ലാവരും ഒരുക്കുമല്ലേ. ആദ്യം താഴെ നല്‍കിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം കണ്ടു പിടിക്കൂ.

ഒരു ലബോറട്ടിറിയില്‍ ,ഒരേ പോലെയുള്ള, ആയിരം ബോട്ടിലുകളിലായി നൂറു വീതം സാധാരണ ഗുളികകള്‍ ഉണ്ട് . അവയില്‍ ഒന്നില്‍ എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഗുളികകളാണ് .ആ ബോട്ടില്‍ ഏതാണെന്ന് കണ്ടു പിടിക്കണം ഒരു എലിക്കു ഒരു എലിവിഷഗുളിക കൊടുത്താല്‍ ,പന്ത്രണ്ടു മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ടേ ആ എലി ചാവുകയുള്ളൂ. സാധാരണ ഗുളികകള്‍ എത്ര എണ്ണം തിന്നാലും എലികള്‍ ചാവില്ല.നിങ്ങള്‍ക്ക് എത്ര എലികളെ വേണമെങ്കിലും ഉപയോഗിക്കാം. ഏതു ബോട്ടിലിലാണ് എലിവിഷം ഉള്ളത് എന്ന് കണ്ടു പിടിക്കാന്‍ ഏറ്റവും കുറഞ്ഞത്‌ എത്ര എലികള്‍ വേണ്ടി വരും? ഒരു എലിക്കു എത്ര ഗുളികകള്‍ വേണമെങ്കിലും കൊടുക്കാം. വേണമെങ്കില്‍ സഹായത്തിനു കുറച്ചു പേരെയും കൂട്ടാം. ഒരു ദിവസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. പരീക്ഷണത്തിനായി ഉപയോഗിക്കേണ്ട എലികളുടെ ഏറ്റവും കുറഞ്ഞ എണ്ണം എത്ര?

English Version


1000 bottles of ordinary tablets are there and one of these bottle is of rat poison tablets. Each bottle has 100 tablets. After eating one poison tablet a rat dies somewhere between half day and full day. You have many rats available for testing and the right to give any number of tablets to the rats. What is the minimum number of rats required to find which bottle has rat poison. You only have little more than a day.


Read More | തുടര്‍ന്നു വായിക്കുക

എന്നെയൊരു ടി.വിയാക്കണേ (കഥ)

>> Sunday, August 8, 2010


സ്ക്കൂള്‍ തുറന്ന ദിവസം പുതിയ ക്ലാസില്‍ എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു കുട്ടികള്‍. ക്ലാസ് ടീച്ചര്‍ എല്ലാവരുടേയും പേരുകളും വിശേഷങ്ങളുമൊക്കെ ചോദിച്ചു. അവധിക്കാലം എങ്ങനെയാണ് ചെലവഴിച്ചതെന്നും അന്വേഷിച്ചു. എന്നിട്ട്, എല്ലാവരോടും ഒരു പേപ്പറെടുക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ഒരാവശ്യം ദൈവം കൃത്യമായും സാധിച്ചു തരുമെങ്കില്‍ എന്തായിരിക്കും ചോദിക്കുന്നതെന്ന് ഓരോരുത്തരോടും പേപ്പറില്‍ എഴുതാന്‍ പറഞ്ഞു.

കുട്ടികള്‍ എഴുതിയ പേപ്പറുകള്‍ വീട്ടിലെത്തിയതിനു ശേഷമാണ് ടീച്ചര്‍ പരിശോധിച്ചത്. പല ആവശ്യങ്ങളായിരുന്നു അതില്‍ നിറയെ. ചില ഉത്തരങ്ങള്‍ വായിച്ചപ്പോള്‍, കുട്ടികളുടെ നിഷ്ക്കളങ്കതയോര്‍ത്ത് ടീച്ചര്‍ അറിയാതെ ചിരിച്ചു പോയി. അതിനിടയില്‍ കിട്ടിയ ഒരു കടലാസ് വായിച്ച ടീച്ചര്‍ സ്തബ്ധയായി ഇരുന്നു പോയി. അതിലെ വരികള്‍ വായിച്ചപ്പോള്‍ അവര്‍ക്ക് സഹിക്കാനായില്ല.

ഇതിനിടയില്‍ മുറിയിലേക്ക് വന്ന ടീച്ചറിന്റെ ഭര്‍ത്താവ് കണ്ടത് അവര്‍ കരയുന്നതാണ്. പരിഭ്രമത്തോടെയാണ് അദ്ദേഹം എന്തുപറ്റിയെന്ന് ചോദിച്ചത്. അവര്‍ വിവരങ്ങള്‍ പറഞ്ഞിട്ട് ആ പേപ്പര്‍ ഭര്‍ത്താവിന്‍റെ കയ്യിലേക്ക് കൊടുത്തു.

"ഇതു വളരെ പ്രത്യേകതയുള്ള ഒരു ആവശ്യമാണല്ലോ" ആദ്യത്തെ വരി വായിച്ചു കൊണ്ട് അയാള്‍ പിറുപിറുത്തു. അതില്‍ ഇങ്ങനെയായിരുന്നു എഴുതിയിരുന്നത്.

"ദൈവമേ, എന്നെയൊരു ടിവിയാക്കി മാറ്റേണമേ."

തുടര്‍ന്ന് ആ കുട്ടി അപ്രകാരം എഴുതാനുള്ള കാരണങ്ങളും എഴുതിയിരുന്നു. "വീട്ടില്‍ ടി.വി ഇരിക്കുന്നത് പ്രത്യേക സ്ഥാനത്താണ്. എല്ലാ ദിവസവും വൈകുന്നേരം കുടുംബാംഗങ്ങളെല്ലാവരും അതിന്‍‌റെ മുന്നില്‍ വലിയ താല്പര്യത്തോടെയാണ് ഇരിക്കുന്നത്. ടിവിയായി മാറിയാല്‍ ഞാന്‍ വീട്ടിലെ ശ്രദ്ധാകേന്ദ്രമാവുകയും എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യും. ടിവിക്ക് വല്ല തകരാര്‍ സംഭവിച്ചാലും ഏറെ താല്പര്യത്തോടെയാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നതും.

പപ്പ ഓഫീസില്‍ നിന്ന് എത്തുമ്പോഴേക്കും രാത്രിയാകും. ക്ഷീണിച്ചു വരുന്നതു കൊണ്ട് എന്നോട് അധികമൊന്നും സംസാരിക്കാറില്ല. അമ്മ എപ്പോഴും അടുക്കളയിലെ കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടു നടക്കുന്നതിനാല്‍ എന്‍റെ കാര്യമൊന്നും തിരക്കാന്‍ സമയം കിട്ടാറില്ല. ചേട്ടന് മൊബൈല്‍ ഫോണില്‍ സംസാരിച്ചിരിക്കാനേ സമയമുള്ളു. പക്ഷെ എല്ലാവരും രാത്രിയില്‍ ടിവിയുടെ മുന്നില്‍ ഒന്നിച്ചിരിക്കും. ടിവിയായി മാറിയാല്‍ എനിക്ക് അവരെയെല്ലാം സന്തോഷിപ്പിക്കാനും അവരോടൊത്ത് സമയം ചെലവഴിക്കാനും ആഹ്ലാദിക്കാനും കഴിയുമായിരുന്നു."

"എന്തൊരു ക്രൂരരായ മാതാപിതാക്കള്‍!! " അല്പം രോഷത്തോടെയാണ് അയാള്‍ പറഞ്ഞത്.

അതു കേട്ടപ്പോള്‍, എഴുതിയ ആളുടെ പേരുകൂടി നോക്കാന്‍ ടീച്ചര്‍ പറഞ്ഞു. അതു വായിച്ച് ഭാര്യയുടെ മുഖത്തേക്ക് നോക്കുമ്പോള്‍ അയാളുടെ കണ്ണുകളും നനഞ്ഞിരുന്നു.

എഴുതിയത് അവരുടെ മകന്‍ തന്നെ ആയിരുന്നു.!!!

അജ്ഞാതനായ ഒരാളില്‍ നിന്നും ഈമെയിലൂടെ ലഭിച്ച ഈ കഥ ചര്‍ച്ച ചെയ്യപ്പെടേണ്ടത്ര കാലിക പ്രസക്തിയുള്ളതാണെന്നു തോന്നിയതിനാല്‍ പ്രസിദ്ധീകരിക്കുന്നു. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന നിരവധി വിഷയങ്ങള്‍ ഈ കൊച്ചു കഥയ്ക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ടല്ലോ. കഥയ്ക്കൊപ്പം കഥാതന്തുവും ചര്‍ച്ചപ്പെടേണ്ടതല്ലേ? ഓരോ അഭിപ്രായങ്ങളും വിലപ്പെട്ടതാണ്. ഇടപെടുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

ലക്ഷദ്വീപില്‍ നിന്നും ഒരു ഗണിത കവിത

>> Thursday, August 5, 2010


മലയാളം, തമിഴ്, അറബ്, ഹിന്ദി എന്നീ ഭാഷകളുടെ ഒരു മിശ്രിതമാണ് ജസരി ‌. ഈ ഭാഷ സംസാരിക്കുന്ന നാട്ടുകാരാണ് ലക്ഷദ്വീപുകാര്‍. കേരള സിലബസ് പിന്തുടരുന്ന ദ്വീപുകളില്‍ മലയാള പാഠാവലി മാത്രമാണ് ഒരു വിദ്യാര്‍ത്ഥിയില്‍ സാഹിത്യപരമായ കഴിവു വര്‍ദ്ധിപ്പിക്കാനുള്ള ഏക ഉപാധിയായി കാണുന്നത്. കേരളക്കരയില്‍ മാത്രമല്ല ലോകമെങ്ങും ദിവസേന വായിക്കുന്ന ദിനപത്രങ്ങള്‍ ദ്വീപില്‍ കിട്ടുന്നത് 15 ദിവസത്തിലൊരിക്കല്‍ ഇവിടെ എത്തുന്ന കപ്പലുകളിലാണ് !!!!! പത്തു ദ്വീപുകളാണ് ലക്ഷദ്വീപില്‍ വാസയോഗ്യമായുള്ളത്. വെള്ളി അവധി ദിവസമാണ്. ഞായറാഴ്ച ഉച്ച വരെ പ്രവര്‍ത്തിക്കണം. മറ്റു ദിവസങ്ങളില്‍ സ്ക്കൂള്‍ സമയം രാവിലെ 10 മുതല്‍ 8.30 വരെ. 8 പിരീഡുകളാണ് ഒരു ദിവസം. പത്തു ക്ലസ്റ്ററുകളാണ് ലക്ഷദ്വീപിലുള്ളത്. ജസരി ഭാഷ സംസാരിക്കുന്ന നാട്ടില്‍ നിന്നും മലയാളത്തോട് താല്പര്യം തോന്നിയ ദ്വീപിലെ ഒരു ഒന്‍പതാം ക്ലാസുകാരി സബീനാ ബീഗം ഒരു കവിതയെഴുതി. ഒരു ഗണിത കവിത. അത് ചുവടെ കൊടുത്തിരിക്കുന്നു.

ബഹുഭുജങ്ങള്‍ എന്ന പാഠഭാഗം തുടങ്ങുമ്പോള്‍ ഗവ. സീനിയര്‍ സെക്കന്ററി സ്ക്കൂള്‍ ഗണിതാധ്യാപകനായ സര്‍ഫ്രാസ് മാസ്റ്റര്‍,  9 B യില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല. പാഠഭാഗത്തില്‍ ബഹുഭുജത്തിന്റെ പ്രത്യേകതകളും അവ പ്രകൃതിയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെ കുറിച്ചുള്ള കാര്യങ്ങളും എല്ലാവര്‍ക്കും രസം തോന്നിയില്ലെങ്കിലും സബീന ബീഗം എ. സി. തന്റെ ഭാവന കവിതയിലൂടെ പുറത്തു കൊണ്ടു വരികയായിരുന്നു. സാഹിത്യ പാരമ്പര്യത്തിലാണ് സബീന ബീഗം ജനിച്ചതെങ്കിലും അവളുടെ ഈ കഴിവു മനസ്സിലാക്കാന്‍ 9-ാം ക്ലാസ്സുവരെ കാത്തിരിക്കേണ്ടി വന്നു ....... അതും ഗണിതത്തിലൂടെ.

ഈ കവിതയ്ക്ക് പരിമിതികള്‍ കാണാം. ജസരി ഭാഷയുടെ പ്രസരത്തിനു നടുവില്‍ നിന്ന് മലയാളത്തിലൊരു കവിതയെഴുതാന്‍ വെമ്പല്‍ കാണിച്ച ദ്വീപ് താത്തയ്ക്ക് നമുക്ക് പ്രോത്സാഹനം നല്കാം. നമ്മുടെ പ്രോത്സാഹനങ്ങളാണ് ഓരോ കുട്ടിയുടേയും വളര്‍ച്ചയ്ക്ക് ഉപകരിക്കുക.

കവിത (ബഹുഭുജങ്ങള്‍)
(രീതി -ഈവല്ലിയില്‍ നിന്ന് ചെമ്മേ.....)

ഈ പുസ്തകത്തില്‍ ഇന്നേറേ- കാണും
ചിത്രപ്പണി എന്താ സാറേ.
തെറ്റി നിനക്കെന്റെ മോനെ - ഇവ
പോളിഗണ്‍ രൂപങ്ങളാണേ.
മൂന്ന് വശത്തിന്റുടമാ- അത്
ത്രികോണത്തിന്റെ വിധമാ
നാല് വശത്തിന്റുപമാ -എന്നും
ചതുരം വരച്ച ഫലമാ.
പഞ്ചഭുജത്തിന്റെ കോലം -കേള്
മൊഞ്ചുള്ള വെണ്ടയ്ക്ക രൂപം.
കണ്ടിച്ച വെണ്ടയ്ക്ക തുണ്ടം- കണ്ടാല്‍
മണ്ടിക്കും ഉണ്ടാം വിവേകം
ആറ് വശങ്ങള്‍ ചേര്‍ന്നാലോ- അവ
കൂറീടാം ഷഡ്ഭുജമല്ലോ
തേനീച്ച കൂട്ടിന്‍ അറകള്‍ -പാരം
ഷഡ്ഭുജ കൂട്ട നിരകള്‍
ഏഴ് വശമുണ്ടോ കുഞ്ഞേ- എന്നാല്‍
സപ്തഭുജം അതു തന്നേ
അഷ്ടഭുജമാകാന്‍ വേണം- വശം
സ്പഷ്ടം അതെട്ടാകിടേണം
ഭുജമെണ്ണം ഒമ്പതെന്നാല്‍- അതിന്‍
നാമം നവഭുജമെന്നാം
പത്ത് വശങ്ങള്‍ ചേര്‍ന്നാലോ- ഇതിന്‍
പേരാം ദശഭുജമല്ലോ
രൂപം ഇതുപോല്‍ തുടര്‍ന്നാല്‍ - നമുക്ക്
ചൊല്ലാം ബഹുഭുജ മെന്ന്.


പരിമിതികളെ ഉള്‍ക്കൊണ്ടു തന്നെ നമുക്ക് ഈ ലക്ഷദ്വീപുകാരി കവയിത്രിക്കുട്ടിയെ പ്രോത്സാഹിപ്പിക്കാം. ഒപ്പം ഞങ്ങളോട് നിരന്തരം ചാറ്റിലൂടെയും ഇ-മെയിലിലൂടെയുമെല്ലാം ഇടപെട്ടുകൊണ്ടിരിക്കുന്ന സര്‍ഫ്രാസ് മാസ്റ്റര്‍ക്കും ഞങ്ങളുടെ ആദ്യകാല സുഹൃത്ത് പൂക്കോയ മാഷിനും മാത്‍സ് ബ്ലോഗ് ടീമിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.


Read More | തുടര്‍ന്നു വായിക്കുക

പൈത്തണ്‍ - ആദ്യാക്ഷരി (പാഠം 5)

>> Tuesday, August 3, 2010

കഴിഞ്ഞ നാലു പാഠങ്ങളായി മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുവരുന്ന ഫിലിപ്പ് സാറിന്റെ 'പൈത്തണ്‍ പാഠങ്ങള്‍' നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മൈലേജ് ചെറുതൊന്നുമല്ല. അത്രയ്ക്ക് ലളിതവും രസകരവുമായാണ് കഴിഞ്ഞ നാലു പാഠങ്ങളും അദ്ദേഹം അവതരിപ്പിച്ചത്. "ഒരുപാട് പ്രതിഭാധനരെ ഒന്നിച്ചണിനിരത്താന്‍ കഴിഞ്ഞതാണ് ഈ ബ്ലോഗിന്റെ വിജയമെന്നും, അതിനുവേണ്ടിയുള്ള പ്രയത്നമാണ് കൂടുതല്‍ അഭിനന്ദിക്കപ്പെടേണ്ടതെന്നും" പല കോണുകളില്‍ നിന്നും കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഞങ്ങള്‍ക്കു ചിരി വരും. ഈ പ്രതിഭകളൊക്കെത്തന്നെ യാദൃച്ഛികമായി ഇവിടെ വന്നുപെട്ടതാണെന്നുള്ളത് പച്ചയായ പരമാര്‍ത്ഥം! ഐ.എം.എസ്.സിയിലെ ഗവേഷണത്തിരക്കുകള്‍ക്കുകള്‍ക്കിടയിലും ഫിലിപ്പ് സാറൊരുക്കുന്ന പൈത്തണ്‍ പ്രോഗ്രാമിങ്ങ് അധ്യായങ്ങള്‍ കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്. ഈ പാഠങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കാന്‍ ഏതെങ്കിലും പ്രസാധകര്‍ തയ്യാറായാലും അതിലൊട്ടും അത്ഭുതപ്പെടാനില്ലെന്ന് ചുരുക്കം. അഞ്ചാം പാഠമെന്തെന്നറിയാന്‍ ആകാംക്ഷയായില്ലേ? ഇത്തവണ, ജനിച്ചവര്‍ഷം കണ്ടുപിടിക്കുന്നതിനുള്ള പ്രോഗ്രാമിനെപ്പറ്റിയാണ് പരാമര്‍ശിക്കുന്നത്. ശരി, പഠനം ആരംഭിക്കാം. റെഡിയല്ലേ.


Read More | തുടര്‍ന്നു വായിക്കുക

മൊബൈല്‍ ഫോണും കുട്ടികളും

>> Sunday, August 1, 2010

അനാവശ്യ വസ്‌തു എന്ന് ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ന് അത്യാവശ്യ വസ്‌തുക്കളൂടെ പട്ടികയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഏറെ ഉപകാരപ്രദമായ ഈ ഉപകരണം നമ്മുടെ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.കൂട്ടുകാരുടെയൊപ്പം കളിച്ചും മരത്തില്‍ കയറിയും പൂമ്പാറ്റകളെ പിടിച്ചും നടക്കുന്ന ഒരു ബാല്യകാലം നമ്മുടെ കുട്ടികളില്‍ അന്യമായിരിക്കുന്നു. പകരം ഇന്ന് വൈകുന്നേരങ്ങളില്‍ കുട്ടികളുടെ കളിസ്ഥലത്തേക്കു നോക്കൂ. മൊബൈലില്‍ ഒറ്റയ്‌ക്കിരുന്നു സംസാരിക്കുന്ന കുട്ടികള്‍, വിവിധ മൊബൈല്‍ കമ്പനികളൂടെ എസ്.എം.എസ് പായ്‌ക്കുകളുമായി എസ്.എം.എസ് ചെയ്യുന്നവര്‍, വീഡിയോകളും ഓഡിയോകളും ആസ്വദിക്കുന്നവര്‍.. അങ്ങനെ മൊബൈല്‍ ഉപഭോഗത്തിന്റെ നല്ലതും ചീത്തയുമായ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരേയും നമുക്ക് ചുറ്റും എവിടെയും കാണാം.

കുട്ടികളില്‍ നിന്നും കുട്ടിത്തം അകലുന്നതില്‍ കുറ്റപ്പെടുത്തുമ്പോള്‍ അതിനു കാരണങ്ങളില്‍ ഒന്നായ മൊബൈല്‍ ഫോണിനെ കുറ്റം പറയുമ്പോള്‍ അതിലേക്ക് തള്ളി വിടുന്ന മാതാപിതാക്കളെ വിസ്‌മരിച്ചു കൂടാ. രാത്രി തനിയെ കിടന്നുറങ്ങുന്ന കിന്റര്‍ ഗാര്‍ട്ടനില്‍ പഠിക്കുന്ന കുട്ടിയുടെ അരികില്‍ മൊബൈല്‍ വച്ചിട്ട് അമ്മ പറയുന്നു, 'മോനേ, അച്ഛനും അമ്മയും അടുത്ത മുറിയിലുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മേടെ നമ്പറില്‍ വിളിച്ചാല്‍ മതി'. .. എങ്ങിനുണ്ട് ഈ രംഗം..?

മുതിര്‍ന്നവരെയാണല്ലോ കുട്ടികള്‍ മാതൃകയാക്കുന്നത്.. നമ്മള്‍ മലയാളികള്‍ 'കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ 'നിലവാരത്തിലേക്ക് താഴുകയാണോ എന്നു സംശയത്തക്കതായിരിക്കുന്നു നമ്മുടെ മൊബൈല്‍ ഉപയോഗ രീതി. മൊബൈല്‍ ക്യാമറ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായവയാണ്.

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു കൊണ്ടുണ്ടാകുന്ന റോഡ് അപകടങ്ങള്‍ മറ്റൊരു വിഷയം. ഏതൊരു ചടങ്ങില്‍ ചെന്നാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ കൂട്ടാക്കാതെ തന്റെ മൊബൈലുമായി ഒരിടത്ത് ഒതുങ്ങിയിരിക്കുന്നവര്‍ മറ്റൊരു കാഴ്ച. മൊബൈല്‍ കൊണ്ട് യാതോരു ഉപകാരവും ഇല്ലെന്നൊന്നും പറയാനാവില്ല. കുടുംബാംഗങ്ങളുമായി ഏറ്റവുമെളുപ്പം ബന്ധം പുലര്‍ത്താന്‍ കഴിയുന്നത് മൊബൈല്‍ ഫോണ്‍ വഴിയാണെന്നത് മറ്റൊരു വസ്തുത. ഒരു അപകടം നടന്നാലോ മോഷണം നടന്നാലോ, എല്ലാം അധികാരികളെ വേഗം വിവരമറിയിക്കുന്നതിന് മൊബൈല്‍ ഫോണ്‍ ഏറെ സഹായകരമാണ്. എന്നാല്‍ ഈ ഉപകരണം നമ്മുടെ സമൂഹത്തില്‍ ഏറെ തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. രണ്ടു പേര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഒരാള്‍ക്ക് ഫോണ്‍ വന്നാല്‍ 'എക്സ്ക്യൂസ് മീ' എന്നു പറഞ്ഞ് മാറി നിന്നു ഫോണ്‍ എടുക്കാനുള്ള മര്യാദ നാം നിത്യേന കാണുന്നവരില്‍ പലര്‍ക്കും ഇല്ല. വ്യക്തിപരമായ വിഷയങ്ങള്‍ പോലും പൊതു സ്ഥലത്തു വച്ച് 'വിളിച്ചു കൂവുക'യാണു പലരും.

മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മറ്റൊരു വിഷയം. എപ്പോഴും അടുപ്പം നിലനിര്ത്തനനാണ് ഫോണ്‍ എന്നു പറയുമെങ്കിലും പല ചടങ്ങുകളും ഒരു ഫോണ്‍ വിളിയില്‍ ഒതുക്കുകയാണു നമ്മള്‍ മലയാളികള്‍. അതു പോലെ ഒരു രംഗം കണ്ടാല്‍ മൊബൈല്‍ ക്യാമറയും ഓണാക്കി ചെല്ലും നമ്മള്‍.. റോഡപകടമോ, കെട്ടിടം ഇടിഞ്ഞു വീണതോ എന്തുമാകട്ടെ, മലയാളീക്ക് അതു മൊബൈലില്‍ പകര്‍‌ത്താനാണ് ധൃതി.

കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന പല അക്രമങ്ങളുടെയും പിന്നില്‍, ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് പിന്നില്‍, നമ്മുടെ പെണ്‍കുട്ടികള്‍ വഴി തെറ്റുന്നതിനു പിന്നില്‍ എല്ലാം ഒരു പങ്ക് മൊബൈല്‍ ഫോണിനുമുണ്ട് എന്നതു വിസ്മരിച്ചു കൂടാ.. ഈ അവസ്ഥ മാറേണ്ടതുണ്ട്. ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നാണു തുടങ്ങേണ്ടത് എന്നതില്‍ സംശയമില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഏതൊരു സാങ്കേതിക വിദ്യയും നാം എങ്ങിനെയാണ് അതിനെ ഉപയോഗപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് അതു നല്ലതും ചീത്തയും ആകുന്നതെന്നിരിക്കെ, നമ്മുടെ അടുത്ത തലമുറയിലെ കുഞ്ഞുങ്ങളില്‍ നല്ല മൊബൈല്‍ ശീലങ്ങള്‍ വളര്‍ത്താന്‍ നമുക്കെന്താണു ചെയ്യാനാവുക ?


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer