ക്ലാസ് ലീഡര്‍ ഇലക്ഷന്‍ കമ്പ്യൂട്ടറിലൂടെ നടത്താന്‍ റെഡിയാണോ?

>> Monday, June 18, 2012


ഇക്കഴിഞ്ഞ ജൂലൈ 16 ശനിയാഴ്ച എന്റെ ചുമതലയിലുള്ള ക്ലാസിന്റെ ലീഡറുടെ ഇലക്ഷന്‍ നടത്തി. പതിവില്‍ നിന്നു വ്യത്യസ്തമായി വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ ഉപയോഗിച്ചപ്പോള്‍ കുട്ടികള്‍ക്കും അതൊരു പുതുമയാര്‍ന്ന അനുഭവമായി. സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന് സ്വീകരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി ഇലക്ഷന്‍ നടത്തിയത്. മൂന്നു പേരാണ് നാമനിര്‍ദ്ദേശപട്ടിക നല്‍കിയത്. വോട്ടര്‍ പട്ടിക പ്രസിദ്ധീകരണവും പത്രിക പരിശോധിക്കലുമെല്ലാം നടത്തിയിട്ടും രംഗത്ത് മൂന്നു പേര്‍ അവശേഷിച്ചു. കമ്പ്യൂട്ടര്‍ ലാബ് പോളിങ്ങ് ബൂത്തായി. യഥാര്‍ത്ഥ ഇലക്ഷനെ അനുസ്മരിപ്പിക്കും വിധം പ്രിസൈഡിങ്ങ് ഓഫീസറും പോളിങ്ങ് ഓഫീസര്‍മാരുമുണ്ടായിരുന്നു. ഒരു മൂലയില്‍ രഹസ്യമായി കമ്പ്യൂട്ടര്‍ മോണിറ്ററും മൗസും ഒരുക്കി വെച്ചു. മൗസ് ക്ലിക്കിലൂടെ വോട്ടര്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്താം. മറ്റൊരു ഭാഗത്ത് പ്രിസൈഡിങ്ങ് ഓഫീസര്‍ക്കു മുന്നില്‍ കമ്പ്യൂട്ടര്‍ കീബോര്‍ഡ് കണ്‍ട്രോളിങ്ങ് യൂണിറ്റായി സജ്ഝീകരിച്ചിട്ടുണ്ടായിരുന്നു. ഒരാള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ കീബോര്‍ഡില്‍ എന്റര്‍ കീ പ്രസ് ചെയ്താല്‍ മാത്രമേ അടുത്തയാള്‍ക്ക് വോട്ട് രേഖപ്പെടുത്താനാകൂ. എല്ലാവരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ ശേഷം ഹെഡ്മിസ്ട്രസ്സിന്റെ സാന്നിധ്യത്തില്‍ എല്ലാ കുട്ടികളേയും കമ്പ്യൂട്ടറിനടുത്തേക്ക് വിളിച്ചു വരുത്തി. പ്രിസൈഡിങ്ങ് ഓഫീസര്‍ രഹസ്യകോഡ് എന്റര്‍ ചെയ്തപ്പോള്‍ അടുത്ത സെക്കന്റില്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ലഭിച്ച വോട്ടിന്റെ അവരോഹണക്രമത്തില്‍ വിജയികളുടെ പേര് തെളിഞ്ഞു. അതും ശതമാനം സഹിതം. കുട്ടികളുടെ കരഘോഷത്താല്‍ കമ്പ്യൂട്ടര്‍ ലാബ് ശബ്ദമുഖരിതമായി. ഇത്തരമൊരു ഇലക്ഷന് സഹായിച്ച പ്രോഗ്രാം ഒരുക്കിയത് മലപ്പുറം ജില്ലയിലെ പൂമംഗലം Z.M.H.Sലെ ഇ.നന്ദകുമാര്‍ എന്ന ഒരു പത്താം ക്ലാസുകാരനായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന സമ്മതി എന്ന ഈ ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ പൈത്തണ്‍ ഭാഷയിലാണ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. എന്താ, നിങ്ങളുടെ വിദ്യാലയത്തിലും ഇത്തരമൊരു ഇലക്ഷന്‍ നടത്തണമെന്നാഗ്രഹമുണ്ടോ? തീര്‍ച്ചയായും വ്യത്യസ്തമായൊരു പരിപാടിയായിരിക്കും അത്. കുട്ടികള്‍ ഒരിക്കലും മറക്കുകയുമില്ല ഈ ഇലക്ട്രോണിക് വോട്ടിങ്ങ്. താഴെ കാണുന്ന വിലാസത്തില്‍ നിന്നും വെറും 200 കെ.ബി. മാത്രമുള്ള സമ്മതി സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാം:

സമ്മതി ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ ഡെബ് ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open with GDebi Package installer വഴി ഇന്‍സ്റ്റാള്‍ ചെയ്യാം.

ഇന്‍സ്റ്റലേഷനു ശേഷം Applications -> Other -> Sammaty Election Engine എന്ന ക്രമത്തില്‍ ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ തുറക്കാം. താഴെ കാണുന്ന പോലൊരു വിന്‍ഡോ ആയിരിക്കും തുറന്നു വരിക.


അതില്‍ ആദ്യത്തെ മെനുവായ Election Setup ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Terminal ല്‍ Enter a title for the election : എന്നു വരുന്നു. Election for Class Leader എന്നോ മറ്റോ ടൈറ്റില്‍ നല്‍കാം. തുടര്‍ന്ന് ഇംഗ്ലീഷ് ചെറിയ ലിപിയില്‍ ഒരു പാസ്‌വേഡ് നല്‍കാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ഉറപ്പു വരുത്തുന്നതിനായി വീണ്ടും എന്റര്‍ ചെയ്യേണ്ടി വരും. ഇതേ സമയം Home ഡയറക്ടറിയില്‍ sammaty_election എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകും.

തുടര്‍ന്ന് ഓരോ കാന്‍ഡിഡേറ്റിന്റെയും പേര് ചുവടെ കാണുന്ന വലിപ്പത്തില്‍ Gimpല്‍ നിര്‍മ്മിച്ച ശേഷം Home ഡയക്ടറിയിലെ sammaty_election എന്ന ഫോള്‍ഡറിനകത്തുള്ള Candidates എന്ന ഫോള്‍ഡറില്‍ 1.png, 2.png, 3.png എന്നു പേരു നല്‍കി നിക്ഷേപിക്കുക.

ഓരോ കാന്‍ഡിഡേറ്റിനും വേണ്ടി നിര്‍മ്മിക്കുന്ന ഫയല്‍ .png ഫോര്‍മാറ്റിലായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ. തുടര്‍ന്ന് ഇലക്ഷന്‍ സോഫ്റ്റ്‌വെയറിന്റെ മെനുവിലെ List of Candidates ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ബ്രൗസറില്‍ തുറന്നു വരുന്നതു കാണാം.

ഇനി ഇലക്ഷന്‍ മെനുവിലെ Start Election ക്ലിക്ക് ചെയ്യുക. വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ തയ്യാറായി. ഇനി ഓരോരുത്തര്‍ക്കും വോട്ട് രേഖപ്പെടുത്താം. മോണിറ്ററില്‍ കാണുന്ന തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്തു കൊണ്ട് വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഒരാള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മോണിറ്ററില്‍ തെളിഞ്ഞു കാണുന്ന പേജ് ഹൈഡാകും. വീണ്ടും വോട്ടു ചെയ്യാനാകില്ല. പിന്നെ അടുത്തയാള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി പ്രിസൈഡിങ്ങ് ഓഫീസര്‍ കീബോര്‍ഡില്‍ എന്റര്‍ കീ പ്രസ് ചെയ്യണം.

എല്ലാവരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഇനി ഫലം പ്രഖ്യാപിക്കാം. അതിനായി ടാബ് കീ പ്രസ് ചെയ്ത ശേഷം പാസ്‌വേഡ് ടൈപ്പ് ചെയ്യണം. അതോടെ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചയാളുടെ പേര് സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. അതിനു നേരെ ശതമാനവുമുണ്ടാകും. തൊട്ടു താഴെ അതില്‍ കുറവ് വോട്ടു ലഭിച്ചവരുടെ പേരും വോട്ടും ശതമാനവും ക്രമത്തില്‍ കാണാം.

ഇത്തരമൊരു പ്രോഗ്രാം തയ്യാറാക്കിയ നന്ദകുമാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പൈത്തണ്‍ പ്രോഗ്രാമിങ്ങ് നമ്മുടെ ബ്ലോഗിലൂടെ പഠിപ്പിക്കാനും നന്ദകുമാര്‍ തയ്യാറായിട്ടുണ്ട്. വഴിയേ നമുക്കതിലേക്കു കടക്കാം. വിശദമായ ഒരു പി.ഡി.ഫ്. ഹെല്‍പ്പ് സമ്മതിയ്ക്കുണ്ട്. ഹെല്‍പ്പ് ബട്ടണ്‍
വഴി ഇതു തുറക്കാം. സോഫ്റ്റ്വെയറിന്റെ ഐക്കണ്‍ നിര്‍മ്മിച്ചത് ഇങ്ക്സ്കേപ്പിലാണ്. ഇ-ഇലക്ഷനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റായി രേഖപ്പെടുത്തുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

IT - STD X Class Notes
(Updated with English Version)

>> Saturday, June 9, 2012

പഠനവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകളാണ് മാത്‌സ് ബ്ലോഗില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചുകൊണ്ട് ധാരാളം മെയിലുകള്‍ കിട്ടാറുണ്ട്. അവധിക്കാലങ്ങളില്‍ ഇതിന്റെ ആവശ്യം കുറവായിരുന്നു എന്ന് നമുക്കറിയാം . ഓരോ സാഹചര്യങ്ങളിലും അവശ്യം വേണ്ട പോസ്റ്റുകളാണ് പ്രസിദ്ധീകരിച്ചുപോരുന്നത്. മാറിയ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി പോസ്റ്റുകള്‍ തയ്യാറാക്കേണ്ട് ആവശ്യമായി വന്നിരിക്കുന്നു. മാത്രമല്ല ഗണിതപഠനവുമായി ബന്ധപ്പെട്ട വിഭവങ്ങളും അനിവാര്യമാണ്. പുതിയ പാഠപുസ്തകത്തില്‍ നിന്നുള്ള മൂല്യനിര്‍ണ്ണയരീതികളും മാറിയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പത്തുമാര്‍ക്കിന്റെ തിയറി ചോദ്യങ്ങള്‍ സിസ്റ്റം തന്നെ ജനറേറ്റ്ചെയ്തുതരുന്നവയായിരിക്കുമത്രേ. അത്തരം ചോദ്യങ്ങളാവട്ടെ ഓബ്ജറ്റീവ് തരവുമായിരിക്കും. എന്നാല്‍ കമ്പ്യൂട്ടര്‍ലാബില്‍ നടക്കുന്ന പ്രായോഗീകപരിശീലനങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. അതോടൊപ്പം കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകനും ഐസിടി ആര്‍.പിയുമായ റഷീദ് ഓടക്കല്‍ തയ്യാറാക്കിയ ക്ലാസ് നോട്ടുകളും ഡൗണ്‍ലോഡ് ചെയ്യാനായി നല്‍കിയിരിക്കുന്നു.

വര്‍ക്ക് ഷീറ്റുകള്‍ മുന്‍കൂട്ടിതയ്യാറാക്കി മുന്നോരുക്കങ്ങള്‍നടത്തിയാല്‍ മാത്രമെ എത്രപ്രഗല്‍ഭനായ അധ്യാപകനാണെങ്കിലും പുതിയപുസ്തകം പഠിപ്പിച്ച് കുട്ടിയെക്കൊണ്ട് ശരിയായി ചെയ്യിക്കാന്‍ പറ്റുകയുള്ളൂ. ആവര്‍ത്തനം തന്നെയാണ് അതിന് ഏറ്റവും പറ്റിയത് . അപ്പോള്‍ സമയക്കുറവ് മുഖ്യപ്രശ്നമാകും . പണ്ട് പുസ്തകം മാറിയ വര്‍ഷം പകുതിപാഠഭാഗങ്ങള്‍ പരീക്ഷയില്‍നിന്നൊഴിവാക്കി കമ്പ്യൂട്ടര്‍പഠനം മുന്നേറിയത് ഓര്‍ക്കുന്നുണ്ടല്ലോ. ഇപ്പോള്‍ അതിനൊന്നും പ്രസക്തിയില്ല. കാലം വളരെമാറിയിരിക്കുന്നു. ഇന്ന് കമ്പ്യൂട്ടര്‍പഠനമല്ല സ്ക്കൂളില്‍നിന്നും പ്രതീക്ഷിക്കുന്നത് . സോഫ്റ്റ് വെയര്‍ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വിഷയപഠനമാണ് . ട്യൂഷന് പോകാന്‍ പറ്റാത്ത വിഷയമാണിതെന്ന് ഒരു രക്ഷാകര്‍ത്താവ് പറയുന്നതുകേട്ടു ഈയിടെ. ഒന്നാമത്തെ പാഠം വായിക്കുന്നു. മനോഹരമായ ഒരു ഗ്രാഫിക്ക് സോഫ്റ്റ് വെയറിന്റെ അവതരണം . ത്രിമാനരൂപങ്ങളുടെ മനോഹരമായ സമ്മേളനം . inkscape നെക്കുറിച്ച് കൂടുതലറിയാന്‍ നെറ്റില്‍ പരതി . കാണാന്‍ കഴിഞ്ഞകാഴ്ചകള്‍ വിവരണാതീതമാണ് . മേശപ്പുറത്തുകത്തിച്ചുവെയ്യ മെഴുകുതിരിയുടെ നിഴല്‍ മേശയില്‍ വീണുകിടക്കുന്നു. കാണാന്‍കഴിഞ്ഞവയില്‍ എനിക്കിഷ്ടപ്പെട്ടത് സോപ്പുകുമിളയാണ് ....

ഒന്നാംപാഠത്തില്‍ നിന്നും വര്‍ക്ക് ഷീറ്റുകള്‍ ഇന്ന് ഡൗണ്‍ലോഡായി നല്‍കിയിരിക്കുന്നു. വായിച്ചുനോക്കി വേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുമല്ലോ. ഇതില്‍ പി.ഡിഎഫ് ആയാണ് വര്‍ക്ക്ഷീറ്റ് ഇട്ടിരിക്കുന്നത് . ഇതിന്റെ odt ഫോം ആവശ്യമുള്ളവര്‍ മാത്‌സ്ബ്ലോഗിലേയ്ക്ക് മെയില്‍ അയക്കുമല്ലോ. വര്‍ക്ക് ഷീറ്റ് വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച് കുട്ടികള്‍ക്ക് വിശദീകരിക്കാന്‍ എളുപ്പമായിരിക്കും . പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു

ബ്ലോഗ് ടീമംഗവും കടപ്പൂര്‍ സ്ക്കൂളിലെ അധ്യാപകനുമായ നിധിന്‍ ജോസ് തയ്യാറാക്കിയ ഇന്‍ക്‌സ്കേപ്പിനെക്കുറിച്ചുള്ള വീഡിയോ ട്യൂട്ടോറിയല്‍ കാണൂ.


Ink scape Vector Graphic Editor WORKSHEETS

Notes for STD X - IT first Unit
(Prepared By Rasheed Odakkal, SITC & RP [ICT‍ GVHSS Kondotty)


Dear friends,

Two weeks ago, we had a mail from an eminent, well known personality, asking us to do two things. First, to make the posts regarding study materials in a much more user-friendly, social network model, that is supplementing the posts with the readers' contributions. Second, an English version of mathsblog.

The materials supplied through this blog so far were in Malayalam only. So many teachers and students are demanding the english versions of those valuable study materials. The blog team want to provide all the useful resources in english, with the help of some dedicated teachers. (We are expecting a dozen or more sharing their willingness through the comment box.)

A complete English version of mathsblog also is under serious consideration. Let us hope, by the attainment of the dream '1 Crore Visitors', (which will happen within two months, we are sure!) we can begin the same.

An english teacher from Ernakulam, who is not ready to reveal his identity,today sent the English version of the ICT work sheet by Mr. John sir. We are happy to post it here. All the posts will be updated like this in the future. Hope, you'll welcome this move. Kindly comment.

Maths Blog Team.


Read More | തുടര്‍ന്നു വായിക്കുക

ജിയോജെബ്ര പാഠം ഏഴ്

>> Friday, June 8, 2012

നമുക്കും പുതിയ ടൂളുകളുണ്ടാക്കാം

ജിയോജെബ്ര ഏഴാംപാഠത്തിലേക്ക് കടക്കുന്നു. ഒരുപാട് ആരാധകര്‍ കാത്തിരിക്കുന്നുണ്ടാകുമെന്നറിയാം. സംശയങ്ങളും മറ്റും കമന്റുചെയ്താല്‍ സുരേഷ്ബാബുസാര്‍ മറുപടി തരും.നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ടൂളുകള്‍ ഉള്‍പ്പെടുത്താനും ജിയോജെബ്രയില്‍ സാധിക്കുമെന്നതാണ് ഈ പാഠത്തിന്റെ കാതല്‍. അധികം വിസ്തരിച്ച് ബോറടിപ്പിക്കുന്നില്ല. പാഠം വായിച്ചുപഠിച്ചോളൂ..ജിയോജിബ്ര ടൂള്‍ബാറില്‍ ധാരാളം ടൂളുകള്‍ നാം പരിചയപ്പെട്ടു.ഈ ടൂളുകള്‍ക്കു പുറമെ നമ്മുടെ ആവശ്യങ്ങള്‍ക്കനുയോജ്യമായ പുതിയ ടൂളുകള്‍ നമുക്ക് തയ്യാറാക്കി ജിയോജിബ്ര സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താം.
പ്രവര്‍ത്തനം
മൂന്ന് ബിന്ദുക്കള്‍ സെലക്ട് ചെയ്യുമ്പോള്‍ ഒരു ത്രികോണവും അതിന്റെ പരിവൃത്തവും കേന്ദ്രവും ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ എങ്ങനെ തയ്യാറാക്കാം.
ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം ABC വരയ്ക്കുക.
A, B, C എന്നീ ബിന്ദുക്കളിലൂടെ കടന്നുപോകുന്നതുമായ ഒരു വൃത്തം വരയ്ക്കുക.
വൃത്തത്തിന്റെ കേന്ദ്രവും അടയാളപ്പെടുത്തുക. Circle through three points എന്ന ടൂളുപയോഗിച്ചാണ് വൃത്തം വരച്ചിരിക്കുന്നതെങ്കില്‍ Midpoint or Center എന്ന ടൂളുപയോഗിച്ച് കേന്ദ്രം അടയാളപ്പെടുത്താം.
Edit മെനുവില്‍ Select All ക്ലിക്ക് ചെയ്യുക.
Tools മെനുവില്‍ Create New Tool ക്ലിക്ക് ചെയ്യുമ്പോള്‍ Create New Toolഎന്ന ഡയലോഗ് ബോക്സ് വരും. അപ്പോള്‍ Output Objects എന്ന ടാബ് സെലക്ടായിട്ടില്ലേ ?ഔട്ട്പുട്ട് ആയി ലഭിക്കേണ്ട ഒബ്ജക്ടുകളുടെ ഒരു ലിസ്റ്റ് കാണും. ഇവയില്‍ ആവശ്യമില്ലാത്തവയുണ്ടെങ്കില്‍ സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്യാം.


തുടര്‍ന്ന് Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഇന്‍പൂട്ട് ഒബ്ജക്ട് കാണാം.
വീണ്ടും Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Name & Iconഎന്ന വിഭാഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്കാം (Tool Name , Tool Help).
ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ടൂളിന് അനുയോജ്യമായ ഒരു ചിത്രം ഉണ്ടെങ്കില്‍ അത് ഉള്‍പ്പെടുത്താനുള്ള സങ്കേതവും ഇവിടെയുണ്ട്. ഒന്നു പരീക്ഷിച്ചു നോക്കൂ.
Finish ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ ടൂള്‍ ബാറില്‍ നമ്മള്‍ തയ്യാറാക്കിയ പുതിയ ടൂള്‍ വന്നിട്ടുണ്ടാകും.
നമ്മള്‍ തയ്യാറാക്കി ടൂള്‍ ബാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പുതിയ ടൂള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ സ്ഥിരമായി നിലനിര്‍ത്തുന്നതിന് മെനു ബാറിലെ Options മെനുവില്‍ Save Settings ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്ന ജിയോജിബ്ര ജാലകം clsoe ചെയ്‌തതിനുശേഷം പിന്നീട് ജാലകം തുറക്കുമ്പോഴും മുമ്പ് തയ്യാറാക്കിയ tool ടൂള്‍ ബാറില്‍ത്തന്നെ കാണാം.ടൂള്‍ സെലക്‌ട് ചെയ്‌തതിനു ശേഷം Drawing bar ല്‍ മൂന്ന് വ്യത്യസ്‍ത ബിന്ദുക്കള്‍ അടയാളപ്പെടുത്തി നോക്കൂ.
പ്രവര്‍ത്തനം
1.മൂന്ന് ബിന്ദുക്കള്‍ സെലക്ട് ചെയ്യുമ്പോള്‍ ഒരു ത്രികോണവും അതിന്റെ അന്തര്‍വൃത്തവും ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ തയ്യാറാക്കി ജിയോജിബ്ര ടൂള്‍ ബോക്സില്‍ ഉള്‍പ്പെടുത്തുക.
2. ഒരു ചാപം വരയ്ക്കുമ്പോള്‍, ആ ചാപം ഭാഗമായ വൃത്തത്തിന്റെ കേന്ദ്രം ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ തയ്യാറാക്കി ജിയോജിബ്ര ടൂള്‍ ബോക്സില്‍ ഉള്‍പ്പെടുത്തുക.


Read More | തുടര്‍ന്നു വായിക്കുക

ആരാകണം നല്ല അധ്യാപകന്‍ ?

>> Wednesday, June 6, 2012

കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതില്‍ രക്ഷിതാക്കളേക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്. രക്ഷിതാക്കളുടെ പരിമിതി മനസ്സിലാക്കി കുട്ടികളെ നന്നായി വളര്‍ത്താന്‍ അവരെ സഹായിക്കേണ്ടതു നല്ല അധ്യാപകന്റെ പ്രധാന കടമകളിലൊന്നാണ് - പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ മനോരമയില്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗമാണിത്. ഈ അധ്യയന വര്‍ഷാരംഭത്തില്‍ തലക്കെട്ടില്‍ ഉന്നയിച്ച ചോദ്യത്തിന് പ്രസക്തിയുമുണ്ട്. നല്ലൊരു ചര്‍ച്ച പ്രതീക്ഷിക്കുന്നു. വഴി തെറ്റലുകളില്ലാത്ത ആ ചര്‍ച്ച അദ്ദേഹം കാണുമെന്നും പ്രതീക്ഷിക്കാം. സജീവമായ കാര്യമാത്രപ്രസക്തമായ ഇടപെടലുകള്‍ ഏവരില്‍ നിന്നും പ്രതീക്ഷിക്കുന്നു. ലേഖനത്തിന്റെ പൂര്‍ണരൂപം ചുവടെ കൊടുത്തിരിക്കുന്നു.

കഴിഞ്ഞ ദിവസം മനോരമയില്‍ ഞാനൊരു വാര്‍ത്ത വായിച്ചു. നൂറുവയസ്സു പിന്നിട്ട ഗുരു ശിഷ്യനെ കാണാന്‍ ശിഷ്യന്റെ വീട്ടില്‍ എത്തിയ കഥ. പൊന്നാനി എ.വി ഹൈസ്‌കൂളിലെ അധ്യാപകനായ കെ. മാധവവാരിയരാണു ചമ്രവട്ടം പാലം കടന്നു ശിഷ്യനായ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്റെ വീട്ടിലെത്തിയത്. 90 വര്‍ഷത്തെ ജീവസ്സുറ്റ ഗുരുശിഷ്യബന്ധം. വേണമെങ്കില്‍ ഗുരുവിനു ശിഷ്യനെ വീട്ടിലേക്കു വിളിച്ചുവരുത്താമായിരുന്നു. പക്ഷേ, അദ്ദേഹം ശിഷ്യനെ തേടി ശിഷ്യന്റെ വീട്ടിലെത്തുകയായിരുന്നു. കൗതുകമോ വിസ്മയമോ അല്ല, മനസ്സു നിറഞ്ഞുപോകുന്ന വാര്‍ത്തയായിരുന്നു അത്. ഒപ്പം നമുക്കെല്ലാമുള്ള ഒരോര്‍മപ്പെടുത്തലും.

അധ്യാപകന്‍ യഥാര്‍ഥത്തില്‍ ആരായിരിക്കണം എന്ന ചോദ്യത്തിനു പല ഉത്തരങ്ങള്‍ പല കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആരായിരിക്കരുത് എന്ന ചോദ്യമാണ് ഇക്കാലത്തു പ്രസക്തം. കുട്ടികളെ വഴിതെറ്റിക്കുന്ന, വഴിതെറ്റാന്‍ പ്രേരിപ്പിക്കുന്നവരായിരിക്കരുത് ഒരിക്കലും അധ്യാപകരും സ്‌കൂളിലെ സാഹചര്യങ്ങളും. എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിക്കൊടുക്കുകയും നൂറുശതമാനം വിജയം തികയ്ക്കുകയും മാത്രമാവരുത് അധ്യാപകരുടെ ലക്ഷ്യം.

പുതിയ മുഖങ്ങള്‍
ഇന്നത്തെ കുട്ടികള്‍ക്കു രണ്ടു മുഖങ്ങളുണ്ട്. ഒന്ന് അണുകുടുംബങ്ങളില്‍ ശ്വാസംമുട്ടി ശ്രദ്ധയും പരിഗണനയും കിട്ടാതെ വളരുന്നവര്‍. ഗ്രേഡുകളും റാങ്കുകളും ഉല്‍പാദിപ്പിക്കാനുള്ള ഉപകരണങ്ങളായി കുട്ടികളെ കാണുന്ന രക്ഷിതാക്കളുടെ മക്കള്‍. ചില കാര്യങ്ങളിലെങ്കിലും അധ്യാപകരെക്കാള്‍ മിടുക്കു കാണിക്കുന്നതാണ് അവരുടെ രണ്ടാമത്തെ മുഖം. ആ മിടുക്ക് കുട്ടിയുടെ ജീവിതസാഹചര്യങ്ങളനുസരിച്ചു മാറും. ഇതു തിരിച്ചറിഞ്ഞ് ഈ മിടുക്കുകളെ പ്രോല്‍സാഹിപ്പിച്ചു വളര്‍ത്തുക എന്നതാണ് ഇന്നത്തെക്കാലത്തെ അധ്യാപകന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

വിദ്യാഭ്യാസ അവകാശനിയമം പല ഘട്ടങ്ങളിലായി പ്രാവര്‍ത്തികമാകുകയാണ്. സ്‌കൂള്‍ അന്തരീക്ഷത്തില്‍ വിപ്ലവകരമായ മാറ്റമാണ് അതുണ്ടാക്കാന്‍ പോകുന്നത്. ഓരോ കുട്ടിയുടെയും മനസ്സറിഞ്ഞ് അതിനനുസരിച്ച് അവനു വഴികാട്ടുകയെന്നതാണു പ്രധാനം. വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ചുള്ള കൃത്യമായ അറിവും അതിനുവേണ്ടിയുള്ള സ്വയം നവീകരണവും നിങ്ങളുടെ അധ്യാപനശേഷിയുയര്‍ത്തും.

നല്ല അധ്യാപകനു പ്രധാനമായും വേണ്ടതു നാലു ഗുണങ്ങളാണ്. സൃഷ്ടിപരത (ക്രിയേറ്റീവ്), പരിചിന്തനശേഷി (റിഫ്‌ളക്ടീവ്), നൂതനത്വം (ഇന്നൊവേറ്റീവ്), സൂക്ഷ്മബോധം (സെന്‍സിറ്റീവ്). പഠിപ്പിക്കേണ്ട വിഷയം എത്രമാത്രം ഗഹനമായിരുന്നാലും ഈ നാലു ഗുണങ്ങളുമുണ്ടെങ്കില്‍ നിങ്ങളുടെ ജോലി സഫലമാകും. കുട്ടികള്‍ നിങ്ങളില്‍ നിന്ന് ആഗ്രഹിക്കുന്നതും ഈ സമീപനം തന്നെയാണ്. നിരന്തരമായ ശ്രമങ്ങളിലൂടെ സ്വയം മിനുക്കിയെടുക്കേണ്ടവയാണിവ. എന്തു ചെയ്യണമെങ്കിലും പരിശീലനം വേണമെന്നു വാശിപിടിക്കുകയല്ല നല്ല അധ്യാപകന്‍ ചെയ്യേണ്ടത്. സ്വന്തം ശ്രമങ്ങളിലൂടെ സ്വയം പരിശീലിക്കുകയാണു വേണ്ടത്. അതിനു വേണ്ട സൗകര്യങ്ങളെല്ലാം നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളിലുണ്ട്. മാതൃകാപരമായ അധ്യയന രീതികളെക്കുറിച്ചുള്ള പഠനങ്ങളും റിപ്പോര്‍ട്ടുകളും ആയിരക്കണക്കിനുണ്ട് ഇന്റര്‍നെറ്റില്‍. കൂട്ടായ ചര്‍ച്ചകളിലൂടെ എന്തെന്തു പുതിയ ആശയങ്ങളാണു നമ്മുടെ സ്‌കൂളുകളില്‍ തന്നെ നടപ്പാക്കുന്നത്? നിരന്തരമായ അന്വേഷണങ്ങളിലൂടെ അധ്യാപകന്‍ സ്വയം നവീകരിച്ചുകൊണ്ടിരിക്കണം.


ജീവിതം പഠിപ്പിക്കാന്‍ ഒരു പിരിയഡ്
ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ സലിംകുമാര്‍ ഒരു സ്‌കൂളില്‍ സ്വീകരണത്തിനെത്തിയപ്പോള്‍ കുട്ടികള്‍ ഒരു ചോദ്യം ചോദിച്ചു - താങ്കള്‍ മുഖ്യമന്ത്രിയായാല്‍ ആദ്യമെടുക്കുന്ന തീരുമാനം എന്തായിരിക്കും? തൊട്ടടുത്ത സെക്കന്‍ഡില്‍ സലിംകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു - സ്‌കൂളുകളില്‍ കുട്ടികള്‍ക്കു ജീവിതം പഠിപ്പിക്കാന്‍ ഒരു പിരിയഡ് തുടങ്ങും!

ഒട്ടും തമാശയായി കാണേണ്ട കാര്യമല്ല സലിംകുമാര്‍ പറഞ്ഞത്. കുട്ടികളെ നല്ല കുട്ടികളായി ജീവിക്കാന്‍ പഠിപ്പിക്കേണ്ട വലിയ ഉത്തരവാദിത്തം സ്‌കൂളിനുണ്ട്. കാരണം, വെല്ലുവിളികളുടെ ലോകത്താണ് അവര്‍ ജീവിക്കുന്നത്. നാട്ടിലും റോഡിലും വീട്ടിലും കുഞ്ഞുങ്ങളെ കാത്ത് അപകടങ്ങള്‍ പതിയിരിക്കുന്നു. അവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. അവരെ വഴിതെറ്റിക്കാന്‍ സ്‌കൂളുകള്‍ക്കു ചുറ്റും മാഫിയകള്‍ തന്നെ വട്ടമിട്ടു പറക്കുന്നു. ഇതിനെയെല്ലാം നേരിട്ടു നന്നായി വളരാന്‍ അവര്‍ക്കു നിങ്ങളുടെ കൈത്താങ്ങ് ആവശ്യമാണ്.

കുട്ടികളെ നേര്‍വഴിക്കു നയിക്കുന്നതില്‍ രക്ഷിതാക്കളെക്കാള്‍ ഉത്തരവാദിത്തം അധ്യാപകര്‍ക്കുണ്ട്. കാരണം, രക്ഷിതാക്കളെക്കാള്‍ കൂടുതല്‍ സമയം അവര്‍ നിങ്ങളോടൊപ്പമാണു ജീവിക്കുന്നത്. മാത്രമല്ല, രക്ഷിതാക്കള്‍ക്ക് ഒട്ടേറെ പരിമിതികളുണ്ട്. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു കാര്യമായ അറിവില്ലായ്മ തന്നെയാണു പ്രധാനം. എന്തു ജോലിചെയ്യുന്നതിനു മുന്‍പും നമുക്കു കൃത്യമായ പരിശീലനം ലഭിക്കുന്നുണ്ട്. എന്നാല്‍ രക്ഷാകര്‍ത്തൃത്വം എന്ന ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു മുന്‍പു നമുക്ക് എന്തു പരിശീലനമാണു ലഭിക്കുന്നത്?

കുടുംബത്തില്‍ നിന്നു കണ്ടും കേട്ടും പഠിക്കുന്നതല്ലാതെ? ഇങ്ങനെ പഠിക്കുന്നതെല്ലാം നല്ല പാഠങ്ങളാണോ?


ആരാകണം അധ്യാപകന്‍?
രക്ഷിതാക്കളുടെ ഈ പരിമിതി മനസ്സിലാക്കി കുട്ടികളെ നന്നായി വളര്‍ത്താന്‍ അവരെ സഹായിക്കേണ്ടതു നല്ല അധ്യാപകന്റെ പ്രധാന കടമകളിലൊന്നാണ്; പ്രത്യേകിച്ച് അണുകുടുംബങ്ങള്‍ വ്യാപകമാകുന്ന ഇക്കാലത്ത്. കുട്ടികളുമായി മാത്രമല്ല, അവരുടെ രക്ഷിതാക്കളുമായും അധ്യാപകന്‍ നല്ല ബന്ധം കാത്തുസൂക്ഷിക്കണം. എവിടെയെങ്കിലും ചെറിയ പിശകുകള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ അതു തിരുത്താന്‍ കുട്ടികളുമായും അവരുടെ കുടുംബവുമായുമുള്ള ബന്ധം പ്രയോജനപ്പെടുത്തുകയും വേണം. കുട്ടികളെ ജീവിതം പഠിപ്പിക്കുന്ന അച്ഛനാകണം, അമ്മയാകണം, ചേച്ചിയാകണം, ചേട്ടനാകണം നല്ല അധ്യാപകന്‍.

കുട്ടികളെ സാമൂഹിക ഉത്തരവാദിത്തമുള്ളവരാക്കി വളര്‍ത്തേണ്ടതും സ്‌കൂളുകളുടെ കടമയാണ്. വിഭിന്നശേഷിയുള്ള കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പം പഠിപ്പിക്കണമെന്ന പുതിയ നിര്‍ദേശം ഈ ലക്ഷ്യം കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. ഇങ്ങനെയുള്ളവരും നമുക്കു ചുറ്റുമുണ്ടെന്നും അവരെ ഒരു മൂലയ്ക്കു മാറ്റിനിര്‍ത്തുകയല്ല, മറിച്ചു നമ്മുടെ കൂടെയിരുത്തുകയാണു ചെയ്യേണ്ടതെന്നുമുള്ള സന്ദേശമാണത്.

നല്ല കുട്ടികളായി വളര്‍ത്തുന്നതിനൊപ്പം അവരുടെ നിലവാരത്തിനനുസരിച്ചുള്ള പഠനം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകണം. കുട്ടികളുമായുള്ള ബന്ധം സുദൃഢമാകുന്നതിലൂടെ അവരുടെ കഴിവുകളും കുറവുകളും നമുക്കു മനസ്സിലാക്കാനാകും.

കഴിവുകള്‍ രാകി മിനുക്കാനും കുറവുകള്‍ കഴിയാവുന്നത്ര പരിഹരിക്കാനും അവരെ സഹായിക്കണം. എല്ലാ കുട്ടികളും എ പ്ലസ് നേടണമെന്നു വാശിപിടിച്ച് അവരെ മാനസിക സമ്മര്‍ദത്തിലാക്കുകയല്ല വേണ്ടത്.

കാലം മാറുകയാണ്. കുട്ടികളുടെ ജീവിതരീതികളും വീക്ഷണങ്ങളും മാനസികനിലയും മാറുന്നു. അതിനനുസരിച്ച് അധ്യാപകരും തയാറെടുക്കണം. ഓരോ അധ്യാപകനും ഇങ്ങനെ സ്വയം മാറുമ്പോഴാണു നല്ല വിദ്യാലയങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നല്ല വിദ്യാലയങ്ങളില്‍ നിന്നാണു നല്ല സമൂഹം ഉയിരെടുക്കുന്നത്.


Read More | തുടര്‍ന്നു വായിക്കുക

ശുക്രസംതരണം (Transit of Venus)

>> Monday, June 4, 2012


ഇന്നാണ് ആ അവിസ്മരണീയവും അപൂര്‍വ്വവുമായ ആകാശക്കാഴ്ച..!സൂര്യബിംബത്തിന്നു മുകളിലൂടെ തെന്നി നീങ്ങുന്ന ശുക്രന്‍. മഴമേഘങ്ങള്‍ ചതിച്ചില്ലെങ്കില്‍ ഉദയസൂര്യന്‍ നമുക്ക് ജീവിതത്തിലവസാനമായി ആ കണിയൊരുക്കും. ശുക്രസംതരണം അഥവാ Transit of Venus നെപ്പറ്റി നമ്മോട് സംവദിക്കുന്നത് എറണാകുളം നോര്‍ത്ത് പറവൂര്‍ എസ് എന്‍ വി സംസ്കൃതം സ്കൂളിലെ ഫിസിക്സ് അധ്യാപകനും സര്‍വ്വോപരി മാത്​സ് ബ്ലോഗിന്റെ സുഹൃത്തുമായ സി കെ ബിജുസാറാണ്.തിരുച്ചിറപ്പള്ളിയിലെ അണ്ണാസയന്‍സ് സെന്ററിലെ പ്ലാനറ്റോറിയത്തില്‍ വെച്ച് ഇക്കഴിഞ്ഞ മെയ് 25മുതല്‍ 27വരെ ഇതുസംബന്ധമായി നടന്ന നാഷണല്‍ ഓറിയന്റേഷന്‍ വര്‍ക്ക്ഷോപ്പില്‍ നമ്മെ പ്രതിനിധീകരിച്ച് പങ്കെടുത്ത അദ്ദേഹത്തിന് നമ്മോട് പറയാനുള്ളത് കേള്‍ക്കാം..

2012 ജൂണ്‍ 6 ന് ബുധനാഴ്ച രാവിലെ, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഇപ്പോഴില്ലെങ്കില്‍ ഇനി അവരുടെ ജീവിതത്തിലൊരിക്കലും കാണാന്‍ കഴിയാത്ത വളരെ സുന്ദരമായ ഒരു ആകാശക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുകയാണ്. ഇനി നൂറ്റിയഞ്ചരക്കൊല്ലം കഴിഞ്ഞുമാത്രം നടക്കുന്ന ആ അപൂര്‍വ്വ കാഴ്ചയാണ് ശുക്രസംതരണം (Transit of Venus). സൊരയൂഥത്തിലെ തിളക്കമുള്ള ഗ്രഹമായ ശുക്രന്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടുപോലെ കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് എത്രവലിയ നഷ്ടമായിരിക്കും! (മണ്‍സൂണ്‍ മഴ മേഘങ്ങളേ...ഒരു രണ്ടുമണിക്കൂര്‍ മാറിത്തരണേ..!)

സംതരണവും ഗ്രഹണവും
ചന്ദ്രന്‍ ഭൂമിയ്ക്കും സൂര്യനുമിടയില്‍ വരികയും ചന്ദ്രന്റെ നിഴല്‍ സൂര്യനെ മറയ്ക്കുകയും ചെയ്യുന്നതാണ് സൂര്യഗ്രഹണം (Solar Eclipse). സൂര്യനും ചന്ദ്രനും വലുപ്പത്തില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും ചന്ദ്രന്‍ ഭൂമിയോടടുത്തായതിനാല്‍ ഗ്രഹണം സൂര്യനെ നമ്മില്‍ നിന്നും പൂര്‍ണ്ണമായോ ഭാഗീഗമായോ മറയ്ക്കുന്നു.
വളരെ ചെറിയ ഗോളം സൂര്യനുമുന്നിലൂടെ കടന്നുപോകുന്നതാണ് സംതരണം (Transit). ഭൂമിയ്ക്കും ശുക്രനും ഏതാണ്ട് ഒരേ വലിപ്പമാണെങ്കിലും ശുക്രന്‍ ഭൂമിയില്‍ നിന്ന് വളരെ അകലെ ആയതിനാല്‍ സൂര്യബിംബത്തിനു മുന്നിലൂടെ ഒരു പൊട്ടുപോലെ പോകുന്നതായേ നമുക്ക് തോന്നൂ.
ശുക്രസംതരണത്തിന്റെ പ്രാധാന്യം
ജ്യോതിശാസ്ത്രചരിത്രത്തില്‍ നിര്‍ണ്ണായകമായ സംഭാവന നല്‍കാന്‍ ശുക്രസംതരണത്തിന് കഴിഞ്ഞിട്ടുണ്ട്. ഭൂമിയ്ക്കും സൂര്യനുമിടയിലുള്ള ദൂരം (സൗരദൂരം - Astronomical Unit - AU) കൃത്യമായി അളക്കാന്‍ കഴിഞ്ഞത് ശുക്രസംതരണത്തിലൂടെയായിരുന്നു. സൂര്യന്റേയും ശുക്രന്റേയും പ്രത്യേകതകളെക്കുറിച്ചുള്ള പഠനവും ഓരോ ശുക്രസംതരണത്തിലൂടെയും മികവ് കൈവരിക്കുകയാണ്.
ചരിത്രം
ടെക്കോബ്രാഹെയുടെ നിരീക്ഷണങ്ങള്‍, കെപ്ളറുടെ നിയമങ്ങള്‍, ഗലീലിയോയുടെ കണ്ടുപിടുത്തങ്ങള്‍ എന്നിവയാണ് ജ്യോതിശാസ്ത്രചരിത്രത്തിലെ നാഴികക്കല്ലുകള്‍. 1631 ലാണ് ആദ്യ ശുക്രസംതരണം മനുഷ്യശ്രദ്ധയില്‍ വന്നത്. 1639 ല്‍ വീണ്ടും ഇതുണ്ടാകുമെന്നും എട്ടുവര്‍ഷക്കാലയളവില്‍ ഇത് ആവര്‍ത്തിക്കുമെന്നും ജെര്‍മിയോ ഹെറോക്സ് എന്ന ശാസ്ത്രഞ്ജന്‍ പ്രവചിച്ചു. ശുക്രസംതരണം വീക്ഷിക്കുന്നതിനായി കേപ്പ്റ്റന്‍ ജെയിംസ് കുക്ക് നടത്തിയ കപ്പല്‍യാത്രകളും ശ്രദ്ധേയമായിരുന്നു.
ശുക്രസംതരണം (നടന്ന)നടക്കുന്ന വര്‍ഷങ്ങള്‍
1631-1639
1761-1769
1874-1882
2004-2012
2117-2125
.........
സ്കൂളില്‍ ചെയ്യാവുന്നത്...
ശുക്രസംതരണചരിത്ര പഠനം
ശുക്രസംതരണനിരീക്ഷണം
സൊരദൂരമളക്കല്‍
ജ്യോതിശാസ്ത്ര നേട്ടങ്ങളുടെ വിശകലനം
ഐടി സാധ്യതകള്‍ (സ്റ്റെലേറിയം, കെ-സ്റ്റാര്‍സ്)
ജ്യോതിഷവും ജ്യോതിശാസ്ത്രവും - പഠനം
ശുക്രന്റെ ബയോഡാറ്റ തയ്യാറാക്കല്‍
......................
നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കരുത്. കണ്ണ് പോകും..!
വെളുപ്പിന് 3 മണിക്കാണ് ശുക്രസംതരണം തുടങ്ങുന്നത്. പക്ഷേ ആ സമയത്ത് സൂര്യന്‍ നമുക്ക് ദൃശ്യമാകില്ലല്ലോ? സൂര്യോദയസമയത്ത് ഒരു പൊച്ചുപോലെ സൂര്യബിംബത്തിന് നടുഭാഗത്തായി ഒരു പൊട്ടുപോലെ ശുക്രനെക്കാണാം. 10.20 ഓടെ ഇത് സഞ്ചരിച്ച് മറുവശത്തെത്തുന്നു. സൂര്യോദയം മുതല്‍ 10.20 വരെയാണ് നിരീക്ഷണസമയം.
നിരീക്ഷണസാമഗ്രികള്‍
വെല്‍ഡിംഗ് ഗ്ലാസ്സ് No. 14
പ്രത്യേകം തയ്യാറാക്കിയ ഫില്‍ട്ടറുകള്‍
(കുട്ടികളേ..ഇവയുടെ ഗുമനിലവാരം ഉറപ്പുവരുത്തിയിട്ടുമാത്രമേ ഉപയോഗിക്കാവൂ, കേട്ടോ?) X-റേ ഫിലിം, മറ്റുരീതിയില്‍ തയ്യാറാക്കിയ സണ്‍ഫിലിം എന്നിവ ഉപയോഗിക്കരുത്. കാഴ്ചശക്തി പോയേക്കാം!
നേരിട്ട് നിരീക്ഷിക്കുന്നതിനേക്കാള്‍ മറ്റുപ്രതലങ്ങളില്‍ പ്രതിബിംബം പതിപ്പിച്ച് നിരീക്ഷിക്കുന്നതാന് സുരക്ഷിതം. ഇതിനായി സൂര്യദര്‍ശിനി ഉപയോഗിക്കാം.
സൂര്യദര്‍ശിനി നിര്‍മ്മിക്കുന്ന വിധം
ഒരു പ്ലാസ്റ്റിക് ബാള്‍ (മൂന്നോ നാലോ ഇഞ്ച് വ്യാസമുള്ളത്) എടുത്ത് അതില്‍ ചെറിയ ദ്വാരമുണ്ടാക്കി മണല്‍ നിറയ്ക്കുക. ദ്വാരം അടക്കുക. ഒന്നോ രണ്ടോ ഇഞ്ച് വലിപ്പമുള്ള ഒരു കണ്ണാടി കഷണത്തില്‍ കറുത്ത പേപ്പര്‍ വെച്ച് മറച്ചശേഷം ഒരു അമ്പത് പൈസ നാണയവട്ടത്തില്‍ പേപ്പര്‍ വെട്ടിമാറ്റുക. ഈ കണ്ണാടി, ബോളില്‍ പായ്ക്കിങ് ടേപ് ഉപയോഗിച്ച് ഒട്ടിച്ചുവെയ്ക്കുക. ഒരു പേപ്പര്‍ ഗ്ലാസിലോ, അല്ലെങ്കില്‍ വൃത്താകൃതിയുള്ള ഏതെങ്കിലും വസ്തുവിലേ ഈ ബോള്‍ വെച്ച ശേഷം സൂര്യനഭിമുഖമായി ഗ്രൗണ്ടില്‍ വെയ്ക്കുക. പ്രതിഫലിപ്പിക്കപ്പെടുന്ന സൂര്യബിംബം ഇരുട്ടുമുറിയിലെ ഭിത്തിയിലോ വെളുത്ത പ്രതലത്തിലോ ക്രമീകരിക്കുക. ബോള്‍ തിരിച്ചുകൊണ്ട് ഇതു ചെയ്യാം. ഇങ്ങനെ കണ്ണിനു കേടുപറ്റാതെ ശുക്രസംതരണം കാണാം.
ഒരു അപവര്‍ത്തന ടെലിസ്കോപ് സൂര്യനഭിമുഖമായി പിടിച്ച് ( ഒരിക്കലും അതിലൂടെ സൂര്യനെ നിരീക്ഷിക്കരുത്....!) അതില്‍ നിന്നുള്ള സൂര്യപ്രകാശത്തെ ഏതെങ്കിലും വെളുത്തപ്രതലത്തില്‍ പതിപ്പിച്ചും ശുക്രസംതരണം നിരീക്ഷിക്കാം. സൗരദൂരം നിര്‍ണ്ണയിക്കല്‍(ഗണിതം)
parallax method ഉപയോഗിച്ച് സൂര്യനും ഭൂമിയ്ക്കും ഇടയിലുള്ള അകലം, സൂര്യന്റെ വ്യാസം എന്നിവ നിര്‍ണ്ണയിക്കാം.

സ്റ്റെല്ലെറിയവും വിവിധ Online മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് തല്‍സമയം ശുക്രസംതരണം കാണാം.(ഐ.ടി)
Application-> Science-> Stellarium
Date & time 6/6/2012, 6മണി എന്ന് കൊടുക്കുക.
Search window യില്‍ Sun എന്ന് ടൈപ്പ് ചെയ്യുക.
Zoom ചെയ്യുക. കൂടുതലായി.
Play speed കൂട്ടുക.
മഴക്കാറുണ്ടായാലും കാലാവസ്ഥ അനുകൂലമല്ലെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇങ്ങനെ ശുക്രസംതരണം ദൃശ്യമാക്കാം....


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer