മാലിന്യസംസ്കരണം ഒരു കീറാമുട്ടിയല്ല

>> Sunday, September 30, 2012

'നിരക്ഷരന്‍'(മനോജ് രവീന്ദ്രന്‍)എന്ന പ്രശസ്ത ബ്ലോഗറെ മാത്‌സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയെന്ന സാഹസത്തിനു മുതിരുന്നില്ല. നാം ഇന്ന് നേരിടുന്ന ഏറ്റവും രൂക്ഷമായ മാലിന്യപ്രശ്നത്തെ സ്കൂളുകളെ ഉപയോഗിച്ച് എങ്ങനെ ഇല്ലാതാക്കാമെന്നുള്ള തലപുകയ്ക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ കൂട്ടുകിട്ടിയത്.(മാത്‌സ് ബ്ലോഗിന്റെ ആശയവും അതിന് അധികാരികളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണവും കമന്റിലൂടെ പങ്കുവെയ്ക്കാം. എന്തായാലും, ഒക്ടോബര്‍ ആദ്യവാരം നമുക്ക് അത്ഭുതം തന്നെ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.). ഗൗരവമായി, പലവട്ടം വായിക്കേണ്ട, ഗംഭീരമായ ആ ലേഖനത്തിലേക്ക്....

....................................................................................
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യസംസ്ക്കരണം തന്നെയാണെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി തന്നെ സമ്മതിച്ചിട്ടുള്ളതാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ഇതൊരു വലിയ പ്രശ്നം തന്നെയാണ്.

പ്ലാസ്റ്റിക്കിന്റെ, കൃത്യമായി പറഞ്ഞാല്‍ പ്ലാസ്റ്റിക്ക് ഷോപ്പിങ്ങ് ബാഗുകളുടെ കടന്നുവരവോടെയാണ് മാലിന്യങ്ങള്‍ ചീഞ്ഞളിയാതെ, കെട്ടിക്കിടന്ന് ദുര്‍ഗ്ഗന്ധവും മാരാമാരികളും പടര്‍ത്തുന്ന ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ വരുന്നതിന് മുന്‍പും മാലിന്യങ്ങള്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയും ഇന്ന് ചെയ്യുന്നത് പോലെ, സ്വന്തം പുരയിടത്തിലോ അയല്‍വാസിയുടെ മതില്‍ക്കെട്ടിനകത്തേക്കോ കനാലിലേക്കോ കായലിലേക്കോ കടലിലേക്കോ കലുങ്കിന്റെ അടിയിലേക്കോ തന്നെയായിരുന്നു നാം വലിച്ചെറിഞ്ഞിരുന്നത്. പ്ലാസ്റ്റിക്ക് ബാഗില്‍ കെട്ടിപ്പൊതിഞ്ഞ് എറിഞ്ഞാല്‍ പോകുന്ന അത്രയും ദൂരേയ്ക്ക് എറിയാന്‍ പറ്റിയിരുന്നില്ല എന്നൊരു വ്യത്യാസം മാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വലിച്ചെറിഞ്ഞ് കളയുക എന്നതല്ലാതെ സംസ്ക്കരിക്കുക എന്നൊരു ഒരു മാലിന്യവിചാരം നമുക്കുണ്ടായിരുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്കില്‍ കെട്ടിപ്പൊതിയാതെ എറിഞ്ഞ് കളഞ്ഞിരുന്നതുകൊണ്ട് പഴയകാലത്ത് ജൈവമാലിന്യങ്ങള്‍ ഒക്കെയും യഥാസമയം അഴുകിപ്പോയിരുന്നു. ഇന്നത് സംഭവിക്കുന്നില്ല. ചിക്കന്‍ ഗുനിയ, എലിപ്പനി, തക്കാളിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ പോന്ന രോഗാണുക്കള്‍ക്ക് വിളനിലമായി മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കുള്ളില്‍ത്തന്നെ കുരുങ്ങിക്കിടക്കുന്നു. നഗരങ്ങളില്‍ നിന്നുള്ള ഇത്തരം മാലിന്യങ്ങള്‍ കൊണ്ടുതള്ളിയതിന്റെ പേരില്‍ വിളപ്പില്‍ശാലകള്‍ പോലെ പല ഗ്രാമങ്ങള്‍ മലീമസമായി, ജീവിതയോഗ്യമല്ലാതായി. പ്രകൃതി നമുക്ക് കനിഞ്ഞുനല്‍കിയിട്ടുള്ള തോടുകളിലേയും പുഴകളിലേയുമൊക്കെ ജലം ഉപയോഗശൂന്യമായി മാറി. എത്ര ശോചനീയമായ അവസ്ഥയാണെന്ന് നോക്കൂ.

വര്‍ദ്ധിച്ചുവന്ന ജനസംഖ്യയും ഫ്ലാറ്റുകളില്‍ നിന്നുള്ള മാലിന്യത്തിന്റെ പ്രവാഹവുമൊക്കെ വിസ്മരിക്കുന്നില്ല. പക്ഷെ, പ്ലാസ്റ്റിക്ക് തന്നെയാണ് മാലിന്യപ്രശ്നങ്ങള്‍ക്ക് ത്വരകമായി വര്‍ത്തിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. മാലിന്യപ്രശ്നങ്ങളുടെ കാരണങ്ങളൊക്കെ പകല്‍പോലെ വ്യക്തമാണ്. പ്രശ്നപരിഹാരവും അറിയാഞ്ഞിട്ടല്ല. അതൊന്ന് നടപ്പിലാക്കുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതാകട്ടെ ഒരു ഹെര്‍ക്കുലീയന്‍ ടാസ്‌ക്കൊന്നും അല്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി മറ്റ് മനുഷ്യര്‍ ചെയ്യുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍, ഇവിടിരുന്നുകൊണ്ടുതന്നെ അനായാസം മനസ്സിലാക്കാൻന്‍ നമുക്കാവും. അല്‍പ്പം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ അതുപോലെ തന്നെ മാലിന്യസംസ്ക്കരണം നടപ്പിലാക്കാനുമാകും.

ജൈവമാലിന്യങ്ങളും, റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന വസ്തുക്കളായ പ്ലാസ്റ്റിക്കും പേപ്പറുമൊക്കെ വെവ്വേറെ നിക്ഷേപിക്കുകയും അതെല്ലാം സമയാസമയം ശേഖരിച്ച് സംസ്ക്കരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ ഇതിനൊക്കെ പുറമെ ഗാര്‍ഡന്‍ വേസ്റ്റ് എന്ന തരത്തിലും മാലിന്യം തരം തിരിച്ച് ഇടാറുണ്ട്. പല രാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ക്കായി പ്രത്യേകം കുപ്പത്തൊട്ടിയും സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. പല പാശ്ചാത്യരാജ്യങ്ങളിലും നമ്മള്‍ ഏഷ്യാക്കാര്‍ കൂടുതലായി താമസിക്കുന്ന ചില പ്രദേശങ്ങളെങ്കിലും കണ്ടാല്‍, അത് ഏഷ്യാക്കാര്‍ ജീവിക്കുന്നയിടമാണെന്ന് തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. കാരണം നമ്മള്‍ മാലിന്യങ്ങള്‍ റോഡിലും മറ്റും വലിച്ചെറിഞ്ഞുള്ള ശീലം എവിടെച്ചന്നാലും ആവര്‍ത്തിക്കുന്നു എന്നതുതന്നെ. അതേ സമയം ലോകത്തില്‍ തന്നെ ഏറ്റവും വൃത്തിയിലും വെടിപ്പിലും നിരത്തുകളും പരിസരവും സംരക്ഷിക്കുന്ന സിംഗപ്പൂര്‍ എന്ന രാജ്യം ഏഷ്യയില്‍ ആണെന്ന കാര്യവും വിസ്മരിക്കരുത്. സിംഗപ്പൂരില്‍ അലക്ഷ്യമായി ഒരു കടലാസോ ശീതള പാനീയത്തിന്റെ ഒഴിഞ്ഞ കുപ്പിയോ നിരത്തിലിട്ടാല്‍ അധികൃതര്‍ പിടികൂടി പിഴ അടിക്കും എന്നുള്ളതുകൊണ്ട് അവിടെ ജനങ്ങള്‍ ഒരു ബസ്സ് ടിക്കറ്റ് പോലും റോഡില്‍ ഇടുന്നില്ല. എല്ലാ നൂറ് മീറ്ററിലും ഒരു കച്ചറപ്പെട്ടി കണ്ടെത്താന്‍ ഒരു ബുദ്ധിമുട്ടും ആ രാജ്യത്തില്ല. എന്തിനും ഏതിനും ഫൈന്‍ അടിക്കുന്നതുകൊണ്ട് ‘Singapore is a fine city‘ എന്ന് തമാശ രൂപത്തില്‍ പറയാറുണ്ടെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സിങ്കപ്പൂര്‍ ഒരു ‘ഫൈന്‍’ സിറ്റി ആയതിന്റെ കാരണം അവിടം മാലിന്യവിമുക്തമാണെന്നത് തന്നെയാണ്.

നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് മാലിന്യം വേസ്റ്റ് പെട്ടിയില്‍ത്തന്നെ നിക്ഷേപിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സംവിധാനം ഇവിടെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. എല്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അവരവരുടേതായ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ ഉണ്ടാകണം. ഒരു ദിവസം ശേഖരിക്കുന്ന മാലിന്യം അടുത്ത ദിവസത്തേക്ക് കെട്ടിക്കിടക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം.

വികസനമെന്ന ഒരേയൊരു മുദ്രാവാക്യം തന്നെയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ എപ്പോഴും വലിയ വായില്‍ വിളിച്ച് കൂവിയിട്ടുള്ളത്. കോടികല്‍ മുടക്കിയുള്ള നിക്ഷേപങ്ങളും വ്യവസായങ്ങളും ടൂറിസം പദ്ധതികളും മാത്രമാണോ വികസനം ? മാലിന്യവിമുക്തമായ തെരുവുകളും നടുവൊടിയാതെ സുരക്ഷമായി സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകളുമാണ് വികസനത്തിന്റെ മുഖമുദ്രയെന്നത് അധികാരികള്‍ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ് ? വൃത്തികെട്ട ഒരന്തരീക്ഷത്തില്‍ വ്യവസായം നടത്താനും ടൂറിസ്റ്റായുമൊക്കെ തിക്കിത്തിരക്കി സംരംഭകരും ജനങ്ങളും വരുമെന്ന് കരുതുന്നത് മൌഢ്യമല്ലേ ?

വിദേശയാത്ര നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരുമൊക്കെ കാണുന്നില്ലേ അന്നാടുകളിലെ മാലിന്യസംസ്ക്കരണരീതികള്‍ ? കണ്ടിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചിലവില്‍ ഒരു വിദേശയാത്രകൂടെ നടത്തൂ. എന്നിട്ട് അതേ രീതികള്‍ ഇവിടെയും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കൂ. പല കോര്‍പ്പറേഷനുകളിലും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ മാലിന്യപ്പെട്ടികളും, മാലിന്യം ശേഖരിക്കാനായി വാങ്ങിയ വാഹനങ്ങളും ഉപയോഗിക്കാതെ കിടന്ന് തുരുമ്പ് പിടിക്കുന്നതായി ടീവിയില്‍ ഈയിടെ കണ്ടിരുന്നു. ഇത്തരം നിഷ്‌ക്രിയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളും ഉണ്ടാകണം.

വിളപ്പില്‍ ശാലകളുടേയും കൂടംകുളത്തിന്റേയുമൊക്കെ പേരില്‍ ജനങ്ങള്‍ നിരത്തിലും സമുദ്രത്തിലും വരെ ഇറങ്ങിനിന്ന്, അവര്‍ തന്നെ തിരഞ്ഞെടുത്ത സര്‍ക്കാരുകളോട് സമരം ചെയ്യേണ്ട ഗതികേടാണിന്നുള്ളത്. നേരത്തേ പറഞ്ഞ സിംഗപ്പൂര്‍ എന്ന രാജ്യവുമായി ഒരു താരത‌മ്യം നടത്താം. 40 ഏക്കറോളം വരുന്ന ഭൂമിയിലാണ് 250 ടണ്‍ മാലിന്യം സംസ്ക്കരിക്കാന്‍ അധികാരികള്‍ പെടാപ്പാട് പെടുന്നത്. അതേ സമയം വെറും 4 ഏക്കറിലാണ് സിംഗപ്പൂരില്‍ 800 ടണ്‍ മാലിന്യം സംസ്ക്കരിക്കുന്നത്. മാലിന്യത്തില്‍ നിന്ന് അവര്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതേ സാങ്കേതിക വിദ്യ എന്തുകൊണ്ട് നമുക്കും നടപ്പിലാക്കിക്കൂടാ ? മെട്രോ റെയിലും സ്‌കൈ സിറ്റിയും ഇലക്ട്രോണിക് കോറിഡോറുകളുമൊക്കെ സ്ഥാപിക്കുന്നതിന് മുന്‍പേ പണിതുയര്‍ത്തേണ്ടത്, അവിടന്നൊക്കെ വരാന്‍ പോകുന്ന ജൈവമാലിന്യങ്ങള്‍ അതാത് ദിവസങ്ങളില്‍ സംസ്ക്കരിക്കാനുള്ള സംവിധാനങ്ങളല്ലേ ? കൂടങ്കുളങ്ങള്‍ക്കും വിളപ്പില്‍ശാലകള്‍ക്കും ഒറ്റയടിക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റുമെന്നുള്ളപ്പോള്‍, സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും ഒന്നുമില്ലാത്ത ശിലായുഗ മനുഷ്യരെപ്പോലെ നാം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത് അപലപനീയമാണ്.

ഫോര്‍ട്ട് കൊച്ചിയെപ്പറ്റിയുള്ള ഒരു ചരിത്രപുസ്തകത്തില്‍ കുറച്ച് നാള്‍ മുന്‍പ് വായിച്ച ഒരു കാര്യം ഓര്‍മ്മവരുന്നു. 1950കളില്‍ കൊച്ചിയിലുണ്ടായിരുന്ന പിയേര്‍സ് ലെസ്ലി എന്ന കമ്പനിയിലെ വിദേശിയായ ഒരു ഉദ്യോഗസ്ഥന്‍ 2007ല്‍ വീണ്ടും കേരളത്തില്‍ വരുന്നു. പഴയ കാലത്തെ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകല്‍ ഇതിനേക്കാള്‍ വൃത്തിയുള്ളതായിരുന്നെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഒരു ഭൃത്യന്‍ ഒരു ഒഴിഞ്ഞ മരുന്ന് കുപ്പി അലക്ഷ്യമായി ജനലിലൂടെ വെളിയിലേക്കെറിഞ്ഞുകളഞ്ഞതിന്ന് അന്ന് 52 രൂപ പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടത്രേ ! സ്വതന്ത്ര ഇന്ത്യയുടെ കാര്യമാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 1950 ല്‍ 52 രൂപയുടെ മൂല്യമെന്താണെന്നും മറക്കരുത്. അങ്ങനെയൊരു വ്യവസ്ഥിതി ഉണ്ടായിരുന്നു നമുക്ക്. അവിടന്ന് ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു ? വിദേശികളോട് പടപൊരുതി പിടിച്ചുവാങ്ങിയത്, സകല കൊള്ളരുതായ്മകളും ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടെ ആയിരുന്നോ ?

ഫ്ലാറ്റില്‍ ജീവിക്കുന്നവരെ മാറ്റി നിര്‍ത്തി നോക്കിയാല്‍ രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായില്ലാത്തവര്‍ എത്രപേരുണ്ട് കേരളത്തില്‍ ? ഒരു ചതുരശ്ര അടി സ്ഥലമുണ്ടെങ്കില്‍ സ്വന്തം വീട്ടിലെ മാലിന്യം വീട്ടുപറമ്പില്‍ത്തന്നെ ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. അതിനുതകുന്ന വിവിധതരം പദ്ധതികളും സാങ്കേതിക വിദ്യകളും ലഭ്യവുമാണ്. എറണാകുളത്ത് ഫ്ലാറ്റില്‍ ജീവിക്കുന്ന ഞാന്‍, ക്രെഡായി ക്ലീന്‍ സിറ്റി മൂവ്‌മെന്റ് പദ്ധതി പ്രകാരം, മാലിന്യത്തില്‍ നിന്ന് ജൈവവളം ഫ്ലാറ്റില്‍ത്തന്നെ ഉണ്ടാക്കുന്നുണ്ട്. ഫ്ലാറ്റുകളില്‍ നിന്ന് പോലും ജൈവമാലിന്യം തെരുവുകളിലേക്ക് എത്താതെ തടയാം എന്നതിന്റെ തെളിവാണത്. ചില വലിയ ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ശമ്പളത്തിന് ജോലിക്കാരെ നിയമിച്ച് എല്ലാ ഫ്ലാറ്റുകളിലേയും ജൈവമാലിന്യം ശേഖരിച്ച് ഒരുമിച്ച് വളമാക്കുന്ന പദ്ധതികളും നടക്കുന്നുണ്ട്. ഇത് എല്ലാ ഫ്ലാറ്റുകളിലും നിര്‍ബന്ധമായും നടത്താന്‍ നിബന്ധന വെക്കേണ്ടത് സര്‍ക്കാരാണ്.
ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാലിന്യസംസ്ക്കരണ രീതി. അല്ലാതെ സ്വന്തം വീട്ടിലെ മാലിന്യം അന്യന്റെ പറമ്പില്‍ എറിയാമെന്നും അന്യര്‍ക്ക് ശല്യമാകുന്ന രീതിയില്‍ സംസ്ക്കരിക്കാമെന്ന് വ്യക്തികളും ഭരണകൂടവും ചിന്തിക്കാന്‍ പോലും പാടില്ല. ജൈവമാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കാനായാല്‍ അതില്‍ നിന്ന് കിട്ടുന്ന വളം ഉപയോഗിച്ച് അടുക്കളകൃഷി നടത്താം എന്നൊരു മെച്ചം കൂടെയുണ്ട്. മരുന്നടിക്കാത്ത കായ്‌കനികളും പച്ചക്കറികളും അന്യമായിക്കൊണ്ടിരിക്കുകയും മരുന്നടിച്ചതെങ്കിലും കിട്ടാനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ജൈവവളം ഉപയോഗിച്ചുണ്ടാക്കിയ നല്ല പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ സ്വന്തം വീട്ടിലെ മാലിന്യം തന്നെ പ്രയോജനപ്പെടുത്താനുമാകും. ക്രഡായി പോലുള്ള മാലിന്യസംസ്ക്കരണപദ്ധതികള്‍ക്ക് ആയിരം രൂപയിലധികം ചിലവ് വരുന്നുണ്ടെങ്കിലും അതിന്റെ നല്ലൊരു ഭാഗം ഇപ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നുണ്ടെന്നാണ് അറിവ്. മറ്റ് ചിലവ് കുറഞ്ഞ മാലിന്യസംസ്ക്കരണ പദ്ധതികളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നടക്കുന്നുണ്ട്. ആറിഞ്ച് വ്യാസവും മൂന്നടി ഉയരവുമുള്ള രണ്ട് പ്ലാസ്റ്റിക്ക് പൈപ്പുകളും ശര്‍ക്കരയും ഉണ്ടെങ്കില്‍ ജൈവ മാലിന്യം സംസ്ക്കരിച്ച് വളമാക്കുന്ന രീതിയും ഫലപ്രദമായി പരീക്ഷിച്ച് തെളിയിച്ചിട്ടുള്ളതാണ്. എല്ലാ വീടുകളിലും ഇത് നടപ്പിലാക്കാന്‍ വലിയ ചിലവൊന്നും വരുന്നതേയില്ല. അതിനുള്ള മനസ്സ് കാണിക്കണമെന്ന് മാത്രം.
മാലിന്യം നല്‍കിയാൽ പണം കൊടുക്കുന്ന ഒരു പദ്ധതി കുടുംബശ്രീ പോലുള്ള സംരഭങ്ങളുമായി സഹകരിച്ച് കേരളത്തില്‍ പരീക്ഷിക്കുമെന്ന് ശ്രീ. സാം പിട്രോഡ അഭിപ്രായപ്പെട്ടതായി ഓര്‍ക്കുന്നു. പിന്നീടൊന്നും അതേപ്പറ്റി കേട്ടതുമില്ല. അദ്ദേഹത്തെപ്പോലുള്ളവരുടെ മനസ്സിലുള്ള പദ്ധതികളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യേണ്ടതും നടപ്പിലാക്കാന്‍ പറ്റുന്നതാണെങ്കില്‍ പ്രാവര്‍ത്തികമാക്കേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ്. പണം കിട്ടിയാല്‍ കൈയ്‌ക്കില്ലല്ലോ ? അതുകൊണ്ട് പൊതുജനം കൂട്ടത്തോടെ സഹകരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ജൈവമാലിന്യവും പ്ലാസ്റ്റിക്കും വേര്‍തിരിച്ച് ശേഖരിക്കാനും നിക്ഷേപിക്കാനും എന്തെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കില്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിക്ക് വേണ്ടി ശ്രീ.കെ.ബി.ജോയ് നടത്തുന്ന ദുര്‍ഗന്ധമില്ലാത്ത മാലിന്യപ്ലാന്റ് പോലെയുള്ളത് ചിന്തിക്കാവുന്നതാണ്. അവിടെ യന്ത്രസഹായത്താലാണ് ദുര്‍ഗ്ഗന്ധമൊന്നും ഇല്ലാതെ തന്നെ മാലിന്യം വേര്‍തിരിക്കുന്നതും സംസ്ക്കരിക്കുന്നതും. അതും കോര്‍പ്പറേഷന്റെ മുഴുവന്‍ മാലിന്യവും അല്‍പ്പം പോലും കെട്ടിക്കിടക്കാതെ മറിക്കൂറുകള്‍ക്കകം. ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ എവിടെയും സൌജന്യമായി സ്ഥാപിക്കാനും അതിന്റെ അറ്റകുറ്റപ്പണികള്‍ സൌജന്യമായി നടത്താനും ശ്രീ.ജോയി തയ്യാറാണ്. അതില്‍ നിന്നുണ്ടാകുന്ന വളവും പ്ലാസ്റ്റിക്കുമൊക്കെ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് (എക്കോ ഹെല്‍ത്ത് സെന്റര്‍) നല്‍കണം എന്നത് മാത്രമേ നിബന്ധനയുള്ളൂ.

ജോയിയെപ്പോലുള്ളവരുടേയും ഈ വിഷയത്തെപ്പറ്റി നന്നായി പഠിച്ച് മനസ്സിലാക്കിയിട്ടുള്ള സുധീഷ് മേനോനെപ്പോലുള്ളവരുടേയും നിര്‍ദ്ദേശങ്ങളും സേവനവുമൊക്കെ മാലിന്യസംസ്ക്കരണ രംഗത്ത് പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തലത്തില്‍ നടപടികളുണ്ടാകണം. കോടികള്‍ ലാഭമുണ്ടാക്കാന്‍ പോന്ന ഒരു ജൈവവള വ്യവസായമാണ് മാലിന്യസംസ്ക്കരണമെന്ന് കണക്കുകള്‍ നിരത്തിക്കൊണ്ട് ശ്രീ.സുധീഷ് മേനോന്‍ പറയുന്നു. യൂറോപ്യന്‍ മാതൃകയിലും നിലവാരത്തിലുമുള്ള 10 ടണ്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കുക വഴി കേരളത്തിന്റെ 6000 ടണ്‍ വരുന്ന മാലിന്യം പ്രകൃതിക്കോ പരിസ്ഥിതിക്കോ കോട്ടം തട്ടാത്ത തരത്തില്‍ അന്നന്ന് തന്നെ സംസ്ക്കരിച്ചെടുക്കാനും, ഓരോ പ്ലാന്റില്‍ നിന്നും 250 പേര്‍ക്കെങ്കിലും പാചകവാതകം നല്‍കാനും സാധിക്കുമെന്നതാണ് സുധീഷ് മേനോന്റെ നിര്‍ദ്ദേശം. ക്രെഡായി പദ്ധതികളിലും പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്ക്കരണത്തിലും എന്തൊക്കെ അപാകതകളും പോരായ്മകളും ഉണ്ടെങ്കിലും അതെല്ലാം പരിഹരിക്കാന്‍ പോന്നതാണ് യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍.

ബോധവല്‍ക്കരണം തന്നെയാണ് ഇനിയങ്ങോട്ട് വേണ്ടത്. അതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുക തന്നെ വേണം. പഴയ തലമുറയിലുള്ളവര്‍ മാറ്റാനാവാത്ത ചില ശീലങ്ങളുമായി മുന്നോട്ട് തന്നെ പോയെന്ന് വന്നേക്കാം. പക്ഷെ, പുതുതലമുറയെ എങ്കിലും ശാസ്ത്രീയമായി മാലിന്യ സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. സ്കൂളുകളില്‍ നിന്ന് തന്നെ തുടങ്ങണം മാലിന്യസംസ്ക്കരണത്തിന്റെ ബാലപാഠങ്ങള്‍. പ്രൈമറി സ്ക്കൂള്‍ തലത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുന്ന വിഷയങ്ങള്‍ ശരിക്കും ഏതൊരാളെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പക്ഷെ അവരുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായ മാലിന്യസംസ്ക്കരണ പാഠങ്ങള്‍ക്ക് സിലബസ്സില്‍ എത്രത്തോളം പ്രാധാന്യമുണ്ട് ? തുലോം തുച്ഛമാണെന്ന് വേണം മനസ്സിലാക്കാന്‍. കുട്ടികളെ ബോധവല്‍ക്കരിക്കുക തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. അവര്‍ വീട്ടിലുള്ള മുതിര്‍ന്നവരിലേക്കും ഇത്തരം നല്ല ശീലങ്ങള്‍ പകര്‍ന്ന് നല്‍കിക്കോളും. എന്റെ സ്ക്കൂള്‍ കാലത്ത് ഒരാഴ്ച്ച മുഴുവനും നീണ്ടുനില്‍ക്കുന്ന ‘സേവനവാരം’ ഉണ്ടായിരുന്നു. ഇന്നത് ഒന്നോ രണ്ടോ ദിവസങ്ങളായി ചുരുങ്ങിയിരിക്കുകയാണ്. കൊല്ലത്തില്‍ 10 സേവനവാരം നടത്തിയാലും തീരാത്തത്ര മാലിന്യം പ്ലാസ്റ്റിക്കായും അല്ലാതെയും ഇന്ന് ഓരോ സ്കൂളിന്റെ പരിസരത്തുനിന്നും കണ്ടെടുക്കാനാവും. പക്ഷെ, ‘സേവനവാരം‘ ഒരു ദിവസം മാത്രമായി ഒതുങ്ങിയിരിക്കുന്നു. സ്ക്കൂളും പരിസരവുമൊക്കെ ശുചിത്വത്തോടെ സൂക്ഷിക്കുന്നതോടൊപ്പം പുതിയൊരു മാലിന്യസംസ്ക്കാരം തന്നെ സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് സ്ക്കൂളുകളില്‍ നിന്നാണ്. അതിനി വൈകാനും പാടില്ല.


നേരെ ചൊവ്വേ പറഞ്ഞാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്തവര്‍ അറിഞ്ഞിരിക്കാനായി ചില നിയമവശങ്ങള്‍ കൂടെ പറഞ്ഞു കൊടുക്കുക. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മാലിന്യം നിക്ഷേപിക്കുന്നത് 2011 നവംബര്‍ മാസം മുതല്‍ നിയമപരമായി നിരോധിക്കപ്പെട്ട കാര്യമാണ്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പി.യോട് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും ജസ്റ്റിസ് പി.എസ്.ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും സംസ്ക്കരണത്തിനുമായി ലെവി ഈടാക്കണമെങ്കില്‍ അതും ആകാമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍. വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. പൊലീസ് വിചാരിച്ചാല്‍ ഹെല്‍മെറ്റ് വെക്കാത്തവനേയും സീറ്റ് ബെല്‍റ്റ് ഇടാത്തവനേയും ഓടിച്ചിട്ട് പിടിക്കുന്നതുപോലെ മാലിന്യം നിരത്തില്‍ കൊണ്ടുത്തള്ളുന്നവനെ കണ്ടുപിടിച്ച് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് സാരം.

തടവും പിഴയും ലെവിയും എല്ലാം ഒഴിവാക്കാം. അടുക്കളകൃഷിക്ക് ആവശ്യമായ വളം ഉല്‍പ്പാദിപ്പിക്കാം, അല്ലെങ്കില്‍ പാചകത്തിനാവശ്യമായ ബയോഗ്യാസ് ഉണ്ടാക്കാം. ശുചിത്വമുള്ള അന്തരീക്ഷത്തില്‍ ജീവിക്കാം. അനാവശ്യ രോഗങ്ങളില്‍ നിന്ന് മുക്തി നേടാം. മാലിന്യ സംസ്ക്കരണം ഓരോ വ്യക്തിയുടേയും കുടുംബത്തിന്റേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്വമാണെന്ന വിചാരം എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മാത്രം. അല്ലെങ്കില്‍ അങ്ങോട്ടുമിണ്ടോട്ടും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ കുപ്പത്തൊട്ടിയായിക്കൊണ്ടിരിക്കുന്ന ഇന്നാട്ടില്‍ വൃത്തികെട്ട ഒരു സമൂഹമായി, സമ്പൂര്‍ണ്ണ സാക്ഷരര്‍ എന്ന ലേബലും നെറ്റിയിലൊട്ടിച്ച് വാഴാം.
വിളപ്പില്‍ ശാല മാലിന്യസംസ്ക്കരണ സമരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി വന്ന സമയത്ത് ശ്രീ.സിവിക് ചന്ദ്രന്‍ പറഞ്ഞ വരികള്‍ കടമെടുത്ത് കുറിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
“നിന്റെ അഴുകിയ ഭക്ഷണം, നിന്റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്റെ ഉച്ഛിഷ്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍, ........ഇതെല്ലാം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല. നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”
ശരിയല്ലേ അദ്ദേഹം പറഞ്ഞത് ? മറ്റൊരാളുടെ വിസര്‍ജ്ജ്യം നമ്മളുടെ മേലോ നമ്മുടെ പുരയിടത്തിലോ വീണാല്‍ നമ്മള്‍ സഹിക്കുമോ ? അതേ പരിഗണന മറ്റുള്ളവര്‍ക്ക് തിരിച്ച് നല്‍കാന്‍ നമ്മളും ബാദ്ധ്യസ്ഥരാണ്.
ചേര്‍ത്ത് വായിക്കാന്‍ ഇതേ വിഷയത്തില്‍ മുന്‍പ് എഴുതിയ രണ്ട് ലേഖനങ്ങളുടെ ലിങ്കുകള്‍ കൂടെ സമര്‍പ്പിക്കുന്നു.
മാലിന്യ വിമുക്ത കേരളം
വിളപ്പില്‍ശാലകള്‍ ഒഴിവാക്കാന്‍


Read More | തുടര്‍ന്നു വായിക്കുക

TDS ഉം ഇന്‍കംടാക്സും - സ്ഥാപനമേലധികാരികള്‍ അറിഞ്ഞിരിക്കേണ്ടത്

>> Tuesday, September 25, 2012

Ignorance of law is no excuse എന്ന തത്വം ഏവരും കേട്ടിട്ടുണ്ടാകുമല്ലോ. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരിക്കലും ശിക്ഷ ഒഴിവാക്കാന്‍ കാരണമാകുന്നില്ലെന്ന് ഇക്കാര്യം മലയാളത്തിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്തായാലും ഓരോ സ്ഥാപനമേലധികാരിയും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. ഏറെ ഗൌരവകരമായ ഈ വിഷയത്തെക്കുറിച്ച് രസകരമായ ഒരു കഥയുടെ അകമ്പടിയോടെ  ബാബു വടക്കുഞ്ചേരി, രാമചന്ദ്രന്‍ എന്നീ അധ്യാപകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ടി.ഡി.എസിനെക്കുറിച്ചുള്ള സമ്പൂര്‍ണലേഖനമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
മേലധികാരികള്‍ ഇന്‍കംടാക്‌സ് നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നുവോ.... ?

അപ്പങ്ങള്‍ ഒന്നിച്ചു ചുട്ടാല്‍ പുലിവാലാകുമോ .... ?

 'സംഗതി ഇതുകൊണ്ടോന്നും അടങ്ങണ കേസല്ല ടീച്ചറേ ......'

ലോനപ്പന്‍ നായര് ഇന്ന് നല്ല മൂഡിലാ, HMന് എന്തെങ്കിലും പണി കിട്ടുന്ന കേസുകെട്ടുണ്ടെങ്കില്‍ മാഷ് അങ്ങനെയാ, ആള് അന്ന് നേരത്തേ എത്തും, നല്ല ഉഷാറിലും ആയിരിക്കും.

 'ഒന്ന് തെളിച്ച് പറ എന്റെ നായരേ. എന്തെങ്കിലും ഗൗരവോള്ള കുന്താണെങ്കീ വാലും, തുമ്പും ഇല്ലാണ്ടേ ഇയ്യാള് പറയൂ'. ദാക്ഷായണി ടീച്ചര്‍ പരിഭവം പറഞ്ഞു.

 'ഇന്‍കം ടാക്‌സിന്റെ കണക്കിനീം കൊടുക്കണത്രേ... മൂന്നു മാസം കൂടുമ്പോഴൊക്കെ വഴിപാട് നടത്തണന്നാ പറേണ കേട്ടേ ... ഇല്ലെങ്കില് HMന്റെ തറവാട് വിറ്റാലും ഫൈന്‍ അടച്ച് തീരില്ല്യാന്ന് '

ഫൈനിന്റെ കാര്യം പറഞ്ഞാ ടീച്ചറുടെ BP കേറൂന്ന് മാഷ്‌ന് പണ്ടേ അറിയാം. സംഗതി ഏറ്റു. ദാക്ഷായണി ടീച്ചര്‍ കസേര വലിച്ചിട്ട് മാഷ്‌ടെ അടുത്തിരിന്നു.

'എന്റെ മാഷേ-അപ്പ മാര്‍ച്ചില് തലകുത്തി നിന്ന് ഒരു കണക്ക് നമ്മള്‍ കൊടുത്തതല്ലേ. അമ്മായി ചുട്ട അപ്പം പോലെ കിട്ട്ണ നാലു ചക്രം ശമ്പളാ... അതിന് നാഴികക്ക് നാല്പതുവട്ടം കണക്ക് കൊടുക്കണന്ന്ച്ചാ ... അല്ലാ, യൂണിയന്റെ ആള്‍ക്കാരൊക്കെ എവട്യാ കെടക്കണേ..?

'ചക്ക തലയില്‍വീണ ചാക്കോ മാഷെ'പ്പോലെ ദാക്ഷായണി ടീച്ചര്‍ തലയില്‍ കയ്യുംവെച്ച് ഇരിപ്പായി.

കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞാല്‍ നമ്മുടെ വിദ്യാലയങ്ങളിലെ മിക്ക HMമാരും ഈ ഇരിപ്പ് തുടരാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാനെങ്കിലും ഒരന്വേഷണമായാലോ ..?

 (പ്രധാനമായും ശമ്പളം വരുമാനം മാത്രമുള്ള ജീവനക്കാര്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളേയും, സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരികളേയും മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കുറിപ്പ്)

എന്താണ് TDS ?
തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. “സ്റ്റാഫ് റൂമീന്നങ്ങ്ട് പുറപ്പെട്ടു ... ന്നാ ക്ലാസ്സ് റൂമിലങ്ങ്ട് എത്തീല്യാ” .. എന്നതാണ് ഇക്കൂട്ടരുടെ സ്ഥിതി. ഏതായാലും പിഴ ചുമത്താവുന്ന ലംഘനമാണ് രണ്ടിടത്തുമുള്ളത്. ഒരു DDOചെയ്യേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ ചുരുക്കാം (വിശദമായി ചുവടെ വിവരിക്കുന്നുണ്ട്)
 1.  എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക. 
 2.  സ്ഥാപനത്തിന് ഒരു TAN (Tax Deduction Account Number) ഉണ്ടെന്ന് ഉറപ്പാക്കുക.
 3.  സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ എല്ലാ ജീവനക്കാരോടും പ്രതീക്ഷിക്കുന്ന ശമ്പള-നികുതി സ്റ്റേറ്റ്‌മെന്റ് (Anticipated Income Tax Statement) തയ്യാറാക്കി നല്കുവാന്‍ ആവശ്യപ്പെടുക 
 4. Anticipated Income Tax Statement പ്രകാരം നികുതി ബാധ്യതയുള്ള ഓരോ ജീവനക്കാരന്റേയും നികുതി എല്ലാ മാസവും ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി, ബാക്കി ശമ്പളം മാത്രം നല്‍കുക. 
 5. ശമ്പള ബില്ലിനോടൊപ്പം നല്‍കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക 
 6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക. 
 7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) യഥാസമയത്ത് വര്‍ഷത്തില്‍ 4 പ്രാവശ്യം ഇന്‍കം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികളിലുടെ (TIN facilitation centres) Online ആയി സമര്‍പ്പിക്കുക. 
 8. ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ (മാര്‍ച്ചില്‍ ലഭിക്കുന്ന ശമ്പളം) നിന്നും ഓരോ ജീവനക്കാരനും പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ അടക്കേണ്ടതായ നികുതി മുഴവനായും TDS ആയി പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 

കണ്ണില്‍ ചോക്കുപൊടിയിട്ട് കാത്തിരുന്നില്ലെങ്കില്‍ (അധ്യാപകരാകുമ്പോള്‍ എണ്ണയേക്കാള്‍ ഉത്തമം ചോക്കുപൊടിയാണെന്ന് തോന്നുന്നു) ഇതില്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ തെറ്റിപ്പോകാം. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട അധ്യാപകനെ (അല്ലാത്തവര്‍ ഉണ്ടാകാനിടയില്ല !) ഈ ചുമതലയേല്പിച്ച്, അദ്ദേഹത്തെ മറ്റ് പ്രത്യേക ഡ്യൂട്ടികള്‍ നല്കാതെ പ്രോത്സാഹിപ്പിച്ച് നിര്‍ത്തുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി വിശദാംശങ്ങളിലേക്ക് കടക്കാം.

1. എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക

നികുതിവിധേയമായ വരുമാനം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ജീവനക്കാരോടും PAN CARD നിര്‍ബന്ധമായും സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെടണം. നാട്ടില്‍ കാണുന്ന മിക്കവാറും പണമിടപാടു സ്ഥാപനങ്ങളും, ഷെയര്‍ ഇടപാടു കേന്ദ്രങ്ങളും ഈ സേവനം നല്കുന്നുണ്ട്. നികുതി ബാധ്യതയുള്ള ഒരു ജീവനക്കാരന് PAN കാര്‍ഡ് ഇല്ലെങ്കില്‍ 20 ശതമാനം TDS ആയി പിടിച്ചതിനുശേഷമേ ശമ്പളം ലഭിക്കൂ എന്ന വകുപ്പറിയുമ്പോള്‍, ഉണര്‍ന്നേക്കാം.

2. സ്ഥാപനത്തിന് ഒരു TAN ഉണ്ടെന്ന് ഉറപ്പാക്കുക.

എല്ലാ DDOമാര്‍ക്കും Tax Deduction Account Number നിര്‍ബന്ധമാണ്. ഇത് ലഭിക്കുന്നതിന് TIN facilitation centreകള്‍ മുഖേന നിശ്ചിത ഫിസ് നല്കി അപേക്ഷിച്ചാല്‍ മതി. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഹോംപേജില്‍ ഇടതുവശത്ത് മധ്യത്തിലായി കാണുന്ന Searchന് കീഴിലുള്ള ലിങ്കിലും ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അടുത്തുള്ള TIN facilitation centre ഏതെന്ന് കണ്ടുപിടിക്കാം.
www.tin-nsdl.com

3. ജീവനക്കാരില്‍ നിന്നും Anticipated Income Tax Statement തയ്യാറാക്കി വാങ്ങല്‍

ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ (അതായത് മാര്‍ച്ച് മാസത്തെ ശമ്പളം തയ്യാറാക്കുമ്പോള്‍) തന്നെ എല്ലാ ജീവനക്കാരോടും Anticipated Tax Calculation Statement തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ DDO ആവശ്യപ്പെടണം. ഇതുപ്രകാരം ഒരു ജീവനക്കാരന് നികുതി ബാധ്യത വരികയാണെങ്കില്‍, വരുന്ന ആകെ നികുതിയെ 12 കൊണ്ട് ഹരിച്ച് തുല്യ പ്രതിമാസ ഗഡുക്കളായി നികുതി പിടിക്കണം. സൗകര്യാര്‍ത്ഥം ഈ നികുതിയെ അടുത്ത 50ലേക്കോ 100ലേക്കോ റൗണ്ട് ചെയ്യാവുന്നതാണ്. 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി നിരക്കുകള്‍ താഴെകാണും പ്രകാരമാണ് (സ്ത്രീകള്‍ക്ക് ഈ വര്‍ഷത്തേക്ക് വേറെ നിരക്കില്ല എന്നോര്‍ക്കുക)
ആഗസ്ത് മാസമായിട്ടും ഇത് തയ്യാറാക്കിയിട്ടില്ലെങ്കില്‍, ഉടന്‍തന്നെ ഇത് തയ്യാറാക്കുക. ചുവടെ കാണുന്ന കാര്യങ്ങള്‍ കൂടെ കണക്കിലെടുത്തുവേണം സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടത്.

 1. വാര്‍ഷിക ഇംക്രിമെന്റ് 
 2. ഇപ്പോള്‍ നിലവിലുള്ള ഡി.എ. നിരക്ക് (38%) തന്നെ വരും മാസങ്ങളിലും തുടരുമെന്ന് ഊഹിക്കാം. 
 3. ഡി.എ. നിരക്കില്‍ മാറ്റം വരുമ്പോഴോ, കാര്യമായ തുക അരിയര്‍ ആയി ലഭിക്കുമ്പോഴോ ഈ സേറ്റ്‌മെന്റ് റിവൈസ് ചെയ്യുക. 
 4.  പരിഷ്‌ക്കരിച്ച പുതിയ വരുമാനപ്രകാരം അടക്കേണ്ട നികുതിയില്‍ മാറ്റം കാണാം. കൂടുതലായി നല്‍കേണ്ട നികുതിക്കനുസരിച്ച് ആനുപാതികമായി മാസം തോറും പിടിക്കേണ്ട TDSല്‍ മാറ്റം വരുത്തി തുടര്‍ന്നുള്ള ശമ്പള ബില്ലിലെഴുതാം. 
Anticipated Income Tax Statement പ്രകാരം നികുതി പിടിക്കുക.

SPARK വഴി നികുതി പിടിച്ചു ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ഒരു സ്‌റേറ്റ്‌മെന്റ് (Statement showing deduction towards Income Tax) ലഭിക്കും. ഈ സ്റ്റേറ്റ്‌മെന്റിനൊപ്പം ട്രഷറി ചലാന്‍ കൂടി നമ്മള്‍ വേറെ ചേര്‍ക്കണം. ചലാന്‍ അടക്കേണ്ടത്  8658 - 00 - 112 എന്ന ഹെഡ്ഡ് ഓഫ് അക്കൗണ്ടിലാണ്.

5. ശമ്പള ബില്ലിനോടൊപ്പം നല്‍കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക

ട്രഷറിയില്‍ നിന്നും പലപ്പോഴും ചലാന്‍ ലഭിക്കാന്‍ ബുദ്ധമുട്ടാണ്. അതുകൊണ്ട് ശമ്പളം വാങ്ങാന്‍ ട്രഷറിയില്‍ പോകുന്ന ഉദ്യോഗസ്ഥന്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഈ നമ്പര്‍ എളുപ്പം ലഭിക്കും. ട്രഷറിയില്‍ നിന്നും ലഭിക്കുന്ന POC നോക്കുക. അതില്‍ Key നമ്പര്‍ എന്ന് ടൈപ്പ് ചെയ്തിരിക്കുന്നതിന് നേരെയുള്ള നമ്പറും, തീയതിയും കുറിച്ചെടുക്കുക. ഇതായിരിക്കും ചലാന്‍ നമ്പറും തീയ്യതിയും.

6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക.

ട്രഷറി അധികൃതര്‍ എല്ലാ മാസവും അവരുടെ നികുതി സംബന്ധമായ കണക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന 7 അക്ക നമ്പറാണിത്. ഇത് ഓരോ മാസത്തിനും ഓരോ നമ്പര്‍ ആയിരിക്കും. ട്രഷറിയില്‍ നിന്നും ഈ നമ്പര്‍ കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ട്രഷറിയെ ആശ്രയിക്കാതെ തന്നെ ഇത് ഓണ്‍ലൈന്‍ ആയും ലഭ്യമാകും.

7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) നല്‍കല്‍

മുകളില്‍ പറഞ്ഞ 6 കാര്യങ്ങള്‍ ചെയ്താലും പ്രക്രിയ പൂര്‍ണ്ണമാകുന്നില്ല.  DDO, താന്‍ അതുവരെ പിടിച്ചതും അടച്ചതുമായ നികുതി കണക്കുകള്‍ 3 മാസങ്ങള്‍ ഇടവിട്ട് (വര്‍ഷത്തില്‍ 4 തവണകളായി) TDS Quarterly Return സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഇന്‍കം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികള്‍ വഴി (TIN Facilitation Centres) ഓണ്‍ലൈന്‍ ആയാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. Q1, Q2, Q3, Q4 എന്നീ ഓമനപ്പേരുകളില്‍ ഇത് അറിയപ്പെടുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് നികുതി ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കപ്പെട്ട ജീവനക്കാരന് അവരുടെ PAN accountല്‍ നികുതിയുടെ ക്രെഡിറ്റ് ലഭിക്കൂ. റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ നികുതി നല്കിയ വ്യക്തി നികുതി അടച്ചിട്ടില്ലെന്ന് (പ്രത്യേകിച്ച് ടാക്‌സ് റീഫണ്ട് ഉണ്ടെങ്കില്‍) കണക്കാക്കി ഇന്‍കം ടാക്‌സ് വകുപ്പ് നോട്ടീസ് നല്കും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം DDOക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റിട്ടണ്‍ നല്‌കേണ്ട തീയതികള്‍ താഴെ കാണുംവിധമാണ്
വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


TIN Facilitation Centre കളില്‍ സമര്‍പ്പിക്കേണ്ട റിട്ടേണ്‍ എന്ന് പറഞ്ഞാല്‍ താഴെ പറയുന്ന ഫോമും, സ്റ്റേറ്റുമെന്റുമാണ്.

1. Form 27 A. ഇതിന്റെ എക്‌സല്‍ രൂപത്തിലുള്ള ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2. സ്റ്റേറ്റ്‌മെന്റ് (ചുവടെ കാണിച്ചിരിക്കുന്നു. മുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ രണ്ടാം ഷീറ്റായി നല്‍കിയിട്ടുമുണ്ട്.)

വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


ക്വാര്‍ട്ടര്‍ 4ലെ സ്റ്റേറ്റ്‌മെന്റിനൊപ്പം, ഫെബ്രുവരി മാസത്തിലെ ബില്ലിനൊപ്പം തയ്യാറാക്കിയ Tax Calculation Statement കൂടി നല്‍കുക ഏതെങ്കിലും ഒരു ക്വാര്‍ട്ടറില്‍ ടാക്‌സൊന്നും പിടിച്ചിട്ടില്ലെങ്കില്‍ ആ ക്വര്‍ട്ടറില്‍ NIL റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനായി Form 27 A മാത്രം നല്കിയാല്‍ മതി. നമ്മള്‍ കൊടുക്കുന്ന വിവരം TIN facilitation centreകള്‍ ഒരു പ്രത്യേക ഫോര്‍മാറ്റിലുള്ള ഫയല്‍ ആക്കി മാറ്റി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെര്‍വറിലേക്ക് Upload ചെയ്യും. ഇങ്ങനെ ചെയ്യുമ്പോല്‍ ഒരു Print Out ലഭിക്കും. ഇത് ബില്ലിനൊപ്പം നമുക്ക് നല്‍കും. ഈ Print Out ഭദ്രമായി സൂക്ഷിച്ചുവെക്കണം. കൊടുത്ത കണക്കുകളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കറക്ഷന്‍ നടത്തുന്നതിനും മറ്റും ഈ Print Out അനിവാര്യമാണ്.

 8. ഫെബ്രുവരി മാസത്തെ ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു സാമ്പത്തിക വര്‍ഷത്തിലെ അവസാന ബില്‍ തയ്യാറാക്കുമ്പോള്‍ ഓരോ ജീവനക്കാരന്റേയും ഒരു സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ നികുതിയും അതോടെ TDS ആയി പിടിച്ചു എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

TDS ഫയലിങ്ങിന്റെ അഷ്ടശീല തത്വങ്ങള്‍ അറിഞ്ഞ ദാക്ഷായണി ടീച്ചര്‍ പതുക്കെ തലപൊക്കി. പുള്ളിക്കാരി എന്തോ തീരുമാനിച്ചുറച്ഛ ലക്ഷണമുണ്ട്. “ഹെഡ്മാഷരൊമ്പെട്ടാ പി.ടി. മാഷും തടുക്കില്ലെന്നാണല്ലോ പ്രമാണം”.

“TDS ഫയലിങ്ങിന് ഇനി വിട്ടു വീഴ്ചയില്ല. പക്ഷെ ആരെ ഏല്പിക്കണം ..? കണ്ണില്‍ ചോക്കുപൊടിയിട്ട് ഈ പണി കരുതലോടെ ചെയ്യാന്‍ പറ്റിയ ഓരാള് …” ദാക്ഷായണി ടീച്ചര്‍ ഒരു നിമിഷം ചിന്താവിഷ്ടയായി. പിന്നെ ഉച്ചത്തില്‍ ഒരു വിളിയായിരുന്നു.

 “ലോനപ്പന്‍ നായരേ …..” കാക്ക കണ്ടറിയും എന്ന് പറഞ്ഞപോലെ ലോനപ്പന്‍ മാഷ് മുങ്ങാന്‍ തയ്യാറായതായിരുന്നു. പക്ഷേ ടീച്ചറുടെ വിളിയിലെ “ചങ്കൊറപ്പ്” കണ്ട മാഷ് പിന്നൊന്നും ആലോചിച്ചില്ല. “ഏറ്റു ടീച്ചറേ …... ഞാനേറ്റു…..”

ഗുണപാഠം :- ഒരിക്കലും അപ്പങ്ങളെല്ലാം ഒന്നിച്ച് ചുടരുത്.

വാലറ്റം
2012 ജൂലൈ 1 മുതല്‍, ക്വര്‍ട്ടര്‍ലി റിട്ടേണുകള്‍ യഥാസമയം നല്കിയില്ലെങ്കില്‍, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വീതമോ, അല്ലെങ്കില്‍ ആകെ ആ ക്വാര്‍ട്ടറില്‍ അടക്കേണ്ട നികുതിയോ, ഏതാണ് ചെറുതെങ്കില്‍ അത് TIN-FCല്‍ അടച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ഈ നിയമം ശക്തമായി നടപ്പിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. എങ്കിലും ഓര്‍മ്മയില്‍ ഉണ്ടാകുന്നത് DDOമാരുടെ പോക്കറ്റിന്റെ കനം കുറയാതിരിക്കാന്‍ നല്ലതാണ്. ഇത് ഒരു ആധികാരിക രേഖയല്ല. അറിയാം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ പങ്കുവെച്ചുവെന്നേ ഉള്ളൂ.

തയ്യാറാക്കിയത് :
ബാബു വടുക്കുഞ്ചേരി
രാമചന്ദ്രന്‍ വി.


Read More | തുടര്‍ന്നു വായിക്കുക

ടിസിഎസ് ഐടി ക്വിസ് - കൊച്ചിയില്‍

>> Sunday, September 23, 2012

സ്ക്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സിന്റെ നമ്മുടെ മേഖലാമത്സരം ഒക്ടോബര്‍ 5 ന് കൊച്ചിയില്‍ വെച്ച് നടക്കും. ഐ.റ്റി. സേവനത്തിലും കണ്‍സള്‍ട്ടിങ്ങിലും വ്യവസായത്തിലും പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (TCS) കമ്പനി, സ്ക്കൂള്‍ തലത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് ആയ ടി.സി.എസ്. ഐ.റ്റി.വിസ് (TCS IT Wiz) ഒക്ടോബര്‍ 5 വെള്ളിയാഴ്ച്ച, കലൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍‌ഡിന് എതിര്‍വശത്തുള്ള ഗോകുലം കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നു. ഈ മത്സരത്തില്‍ നിന്നും വിജയിക്കുന്ന ടീം ഡിസംബറിലുള്ള ദേശീയ ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കും.. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍, പ്രീ യൂണിവേര്‍സിറ്റി ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം 8 മുതല്‍ 12 ക്ലാസ്സ് വരെയുള്ള എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സരത്തിന് പ്രവേശന ഫീസ് ഒന്നും ഈടാക്കുന്നില്ല. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് അംഗങ്ങള്‍ വീതമുള്ള എണ്ണമറ്റ ടീമുകളെ പങ്കെടുപ്പിക്കാവുന്നതാണ്. കൊച്ചി മേഖലാ മത്സരത്തില്‍ പങ്കെടുക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാം.
കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതയൂടെ ഭാഗമായി കഴിഞ്ഞ 12 വര്‍ഷമായി, രാജ്യത്തെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് മത്സരമായ TCS IT Wiz നടത്തിപ്പോരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിവര സങ്കേതികവിദ്യാ കമ്പനിയായ ടി.സി.എസ്, സാങ്കേതിക മേഖലയിലും, ലോക വിവര സാങ്കേതിക വിദ്യയിലും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വിവര സാങ്കേതിക വിദ്യയോടുള്ള അഭിരുചി വര്‍ദ്ധിപ്പിക്കാനും, സാദ്ധ്യതകള്‍ ഉണര്‍ത്താനും, ജിജ്ഞാസ തുളുമ്പുന്ന യുവമനസ്സുകളില്‍ അതിനുള്ള അഭിനിവേശവും ഊര്‍ജ്ജവും വളര്‍ത്താനുമാണ് TCS IT Wiz ലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്നത്തെ സമൂഹത്തിന്റെ വിവിധ മേഖലകളിളും, ധനപരമായ കാര്യങ്ങളിലും വിവരസാങ്കേതിക വിദ്യ അഖണ്ഡമായ ഒരു പങ്കാണ് കൈയ്യാളുന്നത്.
ക്വിസ്സ് ഘടന :-
പൊതുവായ 20 ചോദ്യങ്ങള്‍ അടങ്ങുന്ന പ്രാഥമിക എഴുത്ത് റൌണ്ടായിരിക്കും എല്ലാ ടീമുകള്‍ക്കും ഉണ്ടാകുക. കാല്‍ ചോദ്യങ്ങള്‍ ശബ്ദ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓറല്‍ സംവിധാനത്തിലൂടെ ആയിരിക്കും. കമ്പനിയുടെ, പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ഉത്തരക്കടലാസില്‍ ആണ് മത്സരാര്‍ത്ഥികള്‍ ഉത്തരമെഴുതേണ്ടത്.
ഫൈനല്‍ :-
 മുന്നിലെത്തുന്ന ആദ്യത്തെ ആറ് ടീമുകള്‍ അന്തിമ മത്സരത്തിലേക്ക് യോഗ്യരാവും. ഒരു വിദ്യാലയത്തില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ മുന്നിലെത്തുകയാണെങ്കില്‍ അതില്‍ നിന്ന് മികച്ച ടീമിനെ മാത്രമേ ഫൈനലിലേക്ക് പരിഗണിക്കൂ. ഈ ആറ് ടീമുകളെ വെച്ച് നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ വിജയിയാകുന്ന ടീമായിരിക്കും ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കുക.
റെഫര്‍ ചെയ്യുക -
ഒന്ന്

രണ്ട്


Read More | തുടര്‍ന്നു വായിക്കുക

ഡയസ് നോണ്‍ എന്‍ട്രി സ്പാര്‍ക്കിലൂടെ

>> Friday, September 21, 2012


17-8-2012 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 21-8-2012 ല്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ബാധകമാണ്. ഓണം/ റംസാന്‍ പെരുന്നാള്‍ പ്രമാണിച്ച് ആഗസ്ത് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്തതിനാല്‍ 21-8-2012 ല്‍ പണിമുടക്കിയവരുടെ ഒരു ദിവസത്തെ ശമ്പളം കുറവ് ചെയ്യേണ്ടത് സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നുമാണ്.സമാന സാഹചര്യത്തില്‍, കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ ഡൈസ്നോണ്‍ എപ്രില്‍ മാസത്തിലെ ശമ്പളത്തില്‍ പ്രാബല്യത്തില്‍ വരുത്തിയ മാര്‍ഗ്ഗം തന്നെയാണ് സ്പാര്‍ക്കില്‍ ഇപ്പോഴും നിലവിലുള്ളത്. കുറ്റമറ്റതല്ലാത്തതും പണിമുടക്കിയ ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ പ്രയാസം സൃഷ്ടിക്കുന്നതുമായ ഈ രീതിയില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളൊന്നും തല്‍ക്കാലം ആലോചനയിലില്ല എന്നാണ് സ്പാര്‍ക്കില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ ഇപ്പോള്‍ നിലവിലുള്ള രീതി വിശദീകരിക്കുകയാണ്.1. Salary Matters ല്‍ Batch Diesnon എടുക്കുക.

2. Diesnon for Previous Month തെരഞ്ഞെടുത്ത ശേഷം Month for which Diesnon to be worked out എന്നത് August ഉം Month on which Diesnon to be effected എന്നത് September ഉം നല്‍കി Select Employee യില്‍ ക്ലിക്ക് ചെയ്യണം.

3. ഡൈസ്നോണ്‍ ഉള്ള ജീവനക്കാരെ സെലക്ട് ചെയ്ത ശേഷം Confirm ക്ലിക്ക് ചെയ്യുക.


4. ഇപ്പോള്‍ Salary Matters- Changes in the month- Deductions- Deductions ല്‍ ചെന്നാല്‍ ഡൈസ്നോണ്‍ കൊടുത്ത ജീവനക്കാരുടെ ആഗസ്ത് മാസത്തിലെ ഒരു ദിവസത്തെ ശമ്പളം സെപ്തംബര്‍ മാസ ശമ്പളത്തില്‍ കുറവ് ചെയ്യപ്പെടുന്ന വിധത്തില്‍ Excess Pay Drawn ആയി ചേര്‍ക്കപ്പെട്ടത് കാണാം. മുകളില്‍ മൂന്നാമത്തെ സ്റ്റെപ് പൂര്‍ത്തീകരിച്ച ശേഷം സെപ്റ്റംബര്‍ മാസത്തെ ശമ്പള ബില്‍ പ്രൊസസ്സ് ചെയ്യുകയാണെങ്കില്‍ പ്രസ്തുത ബില്ലില്‍ നിന്നും ഈ തുക കുറവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ ഡൈസ്നോണ്‍ കാരണം ബില്ലില്‍ കുറവ് ചെയ്യപ്പെടുന്ന ആകെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള ഒരു ചലാനും സമര്‍പ്പിക്കണം.

5. ഡൈസ്നോണ്‍ ഉള്ളവര്‍ ആഗസ്തില്‍ അധികം വാങ്ങിയ തുക സെപ്തംബര്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്നതിന് മേല്‍ വിവരിച്ച മാര്‍ഗ്ഗം എളുപ്പം തന്നെ. തല്‍ക്കാലം കാര്യം നടന്നെങ്കിലും പ്രശ്നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. ലീവ് അക്കൌണ്ടും ഡ്രോണ്‍ സാലറിയും അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍, പ്രധാനമായും, ഭാവിയില്‍ അരിയര്‍ ബില്ലുകള്‍ ശരിയായി കിട്ടില്ല. 1-7-2012 പ്രാബല്യത്തില്‍ പ്രഖ്യാപിക്കപ്പെടാന്‍ സാദ്ധ്യതയുള്ള ഡി.എ അരിയര്‍ ബില്ലില്‍ ഡൈസ്നോണ്‍ തിയ്യതിയായ 21-8-2012 ഉം ഉള്‍പ്പെടുമെന്നത് തീര്‍ച്ചയാണ്. അതിനാല്‍ Leave Entry/ Leave Availed ല്‍ 21-8-2012 തിയ്യതിയില്‍ ഇപ്പോള്‍ തന്നെ ഡൈസ്നോണ്‍ ചേര്‍ത്ത് വെക്കണം.

6. സെപ്തംബര്‍ ശമ്പള ബില്‍ മാറിക്കഴിഞ്ഞ ശേഷം Manually Drawn Salary യില്‍ ഡൈസ്നോണ്‍ കാരണം പിടിച്ച തുക ആഗസ്ത് മാസത്തില്‍ മൈനസ് ചിഹ്നം നല്‍കി ചേര്‍ത്ത് വെക്കുകയും വേണം. എങ്കില്‍ മാത്രമെ സ്പാര്‍ക്കില്‍ ആഗസ്ത് മാസത്തെ ഡ്രോണ്‍ സാലറി അപ്ഡേറ്റ് ചെയ്യപ്പെടുന്നുള്ളൂ.

7. പണിമുടക്കിയ ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ Leave Account ഉം Manually Drawn Salary യും അപ്ഡേറ്റ് ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല. Manually Drawn Salary യില്‍ അലവന്‍സുകളും മറ്റും ചേര്‍ക്കാനും കഴിയുന്നില്ല. ഇക്കാര്യങ്ങള്‍ സ്പാര്‍ക്കിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രതിവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

8. കൂടുതല്‍ ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ഉണ്ടെങ്കില്‍ Leave Entry യില്‍ 21-8-2012 ന് ഡൈസ്നോണ്‍ ചേര്‍ത്ത ശേഷം 8/2012 ലെ സാലറി അരിയര്‍ പ്രൊസസ്സ് ചെയ്താല്‍ ഡൈസ്നോണ്‍ കാരണം പിടിക്കേണ്ട തുക വ്യക്തമാക്കിക്കൊണ്ടുള്ള അരിയര്‍ ബില്‍ ലഭിക്കും. ഇത് ഉപയോഗിച്ച് Manually Drawn Salary അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമായിരിക്കും. ആവശ്യമെങ്കില്‍ ഈ അരിയര്‍ ബില്‍ സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ സമര്‍പ്പിക്കുകയും ചെയ്യാം. (ഈ ബില്‍ പ്രകാരം ഓരോ ജീവനക്കാരനില്‍ നിന്നും പിടിക്കേണ്ട തുകയും Batch Diesnon രീതി വഴി Excess Pay Drawn ആയി സെപ്റ്റംബര്‍ ബില്ലില്‍ കുറവ് ചെയ്യപ്പെട്ട തുകയും തമ്മില്‍ Fraction Rounding ലെ അപാകത കാരണം വ്യത്യാസം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്ന് മാത്രം). ഇവിടെ താല്‍ക്കാലികമായി പ്രൊസസ്സ് ചെയ്ത സാലറി അരിയര്‍ ബില്‍ പിന്നീട് ഡിലീറ്റ് ചെയ്യണം.


Read More | തുടര്‍ന്നു വായിക്കുക

അധ്യാപകര്‍ക്കായി ഒരു ലോഗോ തയ്യാറാക്കൂ

>> Tuesday, September 11, 2012


വക്കീലിനും ഡോക്ടര്‍ക്കുമെല്ലാം ഉള്ളതു പോലെ നമ്മുടെ അധ്യാപകര്‍ക്കും വേണ്ടേ ഒരു ലോഗോ? പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ഈ ഉഗ്രന്‍ ആശയം മുന്നോട്ടു വെച്ചത്. അധ്യാപക സമൂഹത്തെ പ്രതിനിധീകരിക്കുന്ന ലോഗോ കണ്ടെത്താന്‍ മനോരമ ഓണ്‍ലൈന്‍ ഒരു മത്സരം സംഘടിപ്പിച്ചിരിക്കുന്നു. മത്സരത്തെക്കുറിച്ച് ആദ്യമൊന്നു വിശദീകരിക്കാം. ലോഗോ സമൂഹം നല്‍കുന്ന അംഗീകാരമാണ്. എന്നിട്ടും അധ്യാപകരെ പ്രതിനിധീകരിക്കുന്നതിന് നമുക്ക് ഒരു ലോഗോ ഇല്ല. ഈ അധ്യാപക ദിനത്തോട് അനുബന്ധിച്ച് ഗുരുത്വമുള്ള ഒരു ലോഗോ ആയിരിക്കട്ടെ ഗുരുക്കന്മാര്‍ക്കുള്ള ദക്ഷിണ. മല്‍സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. ഒരാള്‍ക്ക് എത്ര ലോഗോ വേണമെങ്കിലും അയയ്ക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോകളില്‍ നിന്നു വായനക്കാരുടെ വോട്ടിങിന്റേയും ജൂറിയുടെ തീരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ വിജയിയെ തീരുമാനിക്കും. നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ളതാകണം ലോഗോ. മികച്ച ഡിസൈനിന് മലയാള മനോരമ 10001 രൂപ സമ്മാനമായി നല്‍കും. സെപ്റ്റംബര്‍ 15 ആണ് ലോഗോ പോസ്റ്റു ചെയ്യേണ്ട അവസാനതീയതി. (പോസ്റ്റ് ചെയ്യേണ്ട ലിങ്ക് പോസ്റ്റിനൊടുവില്‍ നല്‍കിയിട്ടുണ്ട്) മനോരമയില്‍ കണ്ട ഈ വാര്‍ത്ത അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു തന്നെ മാത്​സ് ബ്ലോഗ് ഏറ്റെടുക്കുകയാണ്. ഈ സംരംഭം വിജയിപ്പിക്കേണ്ടത് അധ്യാപക സമൂഹത്തിന്റെ കൂടി ആവശ്യകതയാണെന്നു തോന്നുന്നു. നമുക്കിടയിലുള്ള ചിത്രകാരന്മാരിലേക്ക് ഈ വാര്‍ത്ത എത്തിച്ച് നമുക്കൊരു മികച്ച ലോഗോ സ്വന്തമാക്കണം. കുട്ടികള്‍ക്കടക്കം ആര്‍ക്കും ഈ ലോഗോ ഡിസൈനിങ്ങ് മത്സരത്തില്‍ പങ്കെടുക്കാം. പ്രചാരം നല്‍കേണ്ട ചുമതല മാത്‍സ് ബ്ലോഗിന്റെ വായനക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാമുണ്ട്. മത്സരത്തെക്കുറിച്ച് കൂടുതലറിയേണ്ടേ?
ഒരു ലോഗോയില്‍ എന്തിരിക്കുന്നു?

ഒരു ലോഗോയില്‍ എന്തിരിക്കുന്നു എന്നു ചോദിക്കരുത്. ഒരു ലോഗോയില്‍ ഇരുന്ന് പോകുന്ന പലതുമുണ്ട്. ആദരവും അംഗീകാരവും ആത്മവിശ്വാസവും അങ്ങനെ പലതും. സമൂഹം ഒരു തൊഴില്‍ മേഖലയ്ക്കു നല്‍കുന്ന ബഹുമാനത്തിന്റെ അടയാളമാണ് അതിന്റെ ലോഗോ. ശ്രദ്ധിച്ചിട്ടില്ലേ, ഒരു ഡോക്ടറോ, വക്കീലോ വാഹനം വാങ്ങിയാല്‍ ആദ്യം ചെയ്യുക അവരുടെ പ്രൊഫഷണല്‍ ലോഗോ പതിക്കുകയാണ്. ഏതു തിരക്കിനിടയിലും ആ ലോഗോ പതിച്ച വാഹനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കും എന്ന ഉറപ്പാണ് അതിനു പിന്നില്‍. പക്ഷേ ഇത്രകാലമായിട്ടും അക്ഷരവെളിച്ചം പകര്‍ന്നു തന്ന പ്രിയ അധ്യാപകരെ പ്രതിനിധീകരിക്കാന്‍ ഒരു ലോഗോയെ കുറിച്ചു നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ. ഏറ്റവും ആദ്യം ഉണ്ടാകേണ്ടിയിരുന്ന ഒന്നായിരുന്നു അത്. ഇപ്പോഴെങ്കിലും ഗുരുദക്ഷിണയായി അങ്ങനെയൊരു ലോഗോ ഗുരുക്കന്മാര്‍ക്കു സമ്മാനിക്കാന്‍ കഴിയുന്നത് സുകൃതമായി കരുതാം നമുക്ക്. മറ്റൊരു ലോഗോയ്ക്കും അങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടില്ല. എങ്കിലും വിവിധ തൊഴില്‍ മേഖലകളെ പ്രതിനിധീകരിക്കുന്ന എത്രയോ ലോഗോകള്‍ നമ്മുടെ മനസില്‍ ഉറച്ചു കഴിഞ്ഞു.

ഡോക്ടര്‍മാരുടെ ചുറ്റിപ്പിണഞ്ഞ ലോഗോ
ഗ്രീക്ക് പുരാണത്തില്‍ നിന്നു കടമെടുത്ത ചിഹ്നമാണ് ചില ഭേദഗതികളോടെ പല രാജ്യങ്ങളും ആരോഗ്യരംഗത്തെ പ്രതിനിധീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ചിറകിനു നടുവിലുള്ള ദണ്ഡില്‍ രണ്ട് പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ചിത്രമാണിത്. യുഎസ് സേനയാണ് ആദ്യമായി ഈ ചിഹ്നം ഉപയോഗിച്ചത്. പിന്നീട് പല രാജ്യങ്ങളും ഇത് അനുകരിച്ചു. എന്നാല്‍ ഗ്രീക്ക് പുരാണത്തില്‍ തന്നെയുള്ള ആസല്‍പിയസ് വൈദ്യരംഗത്തെ ലോഗോ ആയി ഉപയോഗിക്കുന്ന രാജ്യങ്ങളും ഉണ്ട്. കാഡ്സ്യൂസ് പണ്ട് വ്യാപാരങ്ങളെ പ്രതിനിധീകരിക്കാനാണ് ഉപയോഗിച്ചിരുന്നത്. ലോകത്ത് ആരോഗ്യ സംഘടനകള്‍ 242 ഓളം ലോഗോകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഏറ്റവും പ്രിയം കാഡ്സ്യൂസിന് തന്നെ. ആസില്‍പിയസാണ് തൊട്ടുപിറകെ.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാഡ്സ്യൂസ് കടമെടുത്തപ്പോള്‍ ചിഹ്നത്തിലെ ചിറക് അരിഞ്ഞുമാറ്റി പകരം നടുവില്‍ ദീപശിഖയ്ക്കു സമാനമായ ചിത്രം വയ്ക്കുകയാണു ചെയ്തത്. എന്നാല്‍ റെഡ്ക്രോസിന്റെ ചിഹ്നമായ ചുവന്ന കുരിശ് ആരോഗ്യ മേഖലയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആശുപത്രികളിലും ആംബുലന്‍സുകളിലുമെല്ലാം അതു കാണാം. ഇത് പകര്‍പ്പാവകാശ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി റെഡ്ക്രോസ് സൊസൈറ്റി പരാതി നല്‍കിയിരുന്നു. സൊസൈറ്റിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രം ഉപയോഗിക്കാനുള്ള ഈ ലോഗോ ഡോക്ടര്‍മാരും മറ്റും തന്നിഷ്ടപ്രകാരമാണ് ഉപയോഗിക്കുന്നത്. ഒരു ഔദ്യോഗിക സംഘടനകള്‍ക്കും ഇതിന്റെ ഉത്തരവാദിത്വം ഇല്ലെന്നു ചുരുക്കം. റെഡ്ക്രോസിന്റെ പരാതിയെ തുടര്‍ന്നു പലരും ഇതു നീക്കം ചെയ്തിരുന്നു.

വക്കീലന്മാരുടെ നെടുകെ പിളര്‍ന്ന ലോഗോ
ഡോക്ടര്‍മാരുടെ ലോഗോയെ പിന്‍പറ്റി ഇന്ത്യയിലെ ബാര്‍ അസോസിയേഷന്‍ രൂപം നല്‍കിയ ഈ ലോഗോ ഏവര്‍ക്കും സുപരിചിതമാണ്. കറുപ്പില്‍ വെളുത്ത നിറത്തില്‍ നെടുകെ പിളര്‍ന്ന ദീര്‍ഘചതുര കടലാസിന്റെ രൂപമാണ് ഈ ലോഗോയ്ക്ക്. വക്കീലന്മാര്‍ കറുത്ത കോട്ടിനൊപ്പം കഴുത്തില്‍ കെട്ടുന്ന ടൈയുടെ രൂപമാണ് ലോഗോയ്ക്ക് ആധാരം. നിയമബിരുദം മാത്രം പോര, ബാര്‍ കൌണ്‍സിലില്‍ അംഗത്വം കൂടി ഉണ്ടെങ്കില്‍ മാത്രമേ ഈ ലോഗോ ഉപയോഗിക്കാന്‍ സാധിക്കൂ.

മാധ്യമപ്രവര്‍ത്തകരുടെ തൂലികയേന്തിയ ലോഗോ
മാധ്യമപ്രവര്‍ത്തനം ഇന്റര്‍നെറ്റിനോളം വളര്‍ന്നെങ്കിലും ഇന്നും ഇതുമായി ബന്ധപ്പെട്ട സംഘടനകളുടെ ലോഗോ പേനയെ ആധാരമാക്കിയുള്ളതാണ്. കേരളത്തില്‍ തന്നെ പല ജില്ലകളിലെ സംഘടനകളും പേനയെ രൂപമാറ്റം വരുത്തിയാണ് ലോഗോ ഉണ്ടാക്കാറുള്ളത്. അതുകൊണ്ടു തന്നെ ലോഗോയില്‍ എവിടെയെങ്കിലും തീ പാറുന്ന പേന കണ്ടാല്‍ ആള് മാധ്യമപ്രവര്‍ത്തകനാണെന്ന് ഉറപ്പിക്കാം.

ചാര്‍ട്ടേഡ് അക്കൌണ്ടന്റ്മാരുടെ ആധുനിക ലോഗോ
ഏറെ ലളിതവും ആധുനികവുമാണ് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരുടെ സംഘടന സ്വീകരിച്ചിരിക്കുന്ന ലോഗോ. അഖണ്ഡത, വിശ്വാസം, വിജ്ഞാനം എന്നിവയെ സൂചിപ്പിക്കുന്ന ഈ ലോഗോയില്‍ ഇംഗീഷിലെ സി, എ എന്നീ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതിയിരിക്കുകയാണ്. നീലയും, പച്ചയും കലര്‍ന്നതാണ് ചിഹ്നം. ഇന്ത്യയിലെ സിഎ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഈ ലോഗോ വിസിറ്റിങ് കാര്‍ഡ്, വാഹനം എന്നിവയില്‍ ഉപയോഗിക്കാം.

ഒരു ലോഗോ കണ്ടെത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ലോഗോയുടെ കാര്യത്തില്‍ പല പൊല്ലാപ്പുകളും ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ അത്തരത്തില്‍ ഉണ്ടായ ഒരു സംഭവം റെഡ്ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ടതാണ്. ആശുപത്രികളിലും ആംബുലന്‍സുകളിലും ഡോക്ടര്‍മാരുടെ വാഹനങ്ങളിലും മറ്റും റെഡ്ക്രോസ് ചിഹ്നം ഉപയോഗിക്കുന്നതിനെതിരെയാണ് റെഡ്ക്രോസ് രംഗത്തെത്തിയത്. ഇന്ത്യ 1950ല്‍ ഒപ്പിട്ട ജനീവ കരാറിന്റെ അടിസ്ഥാനത്തില്‍ റെഡ്ക്രോസ് ചിഹ്നത്തിന്റെ ഉപയോഗം സംഘടനയ്ക്കു മാത്രം അവകാശപ്പെട്ടതാണെന്നായിരുന്നു വാദം. 1960ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനീവ കണ്‍വന്‍ഷന്‍ ആക്ടിന്റെ നാലാം അധ്യായത്തിലെ 12, 13 വകുപ്പുകളാണു ചിഹ്നത്തിന്റെ ദുരുപയോഗം തടയുന്നത്. റെഡ് ക്രോസ് ചിഹ്നം ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും 500 രൂപ പിഴയിടാനും ഈ വകുപ്പുകള്‍ നിര്‍ദേശിക്കുന്നുണ്ട്.

വ്യാവസായിക ആവശ്യത്തിന് ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ച രാജ്യാന്തര പ്രശസ്ത പേന നിര്‍മാതാക്കളായ മോബ്ളയും ലോഗോ വിവാദത്തില്‍ കുടുങ്ങിയിരുന്നു. ഗാന്ധിജിയുടെ ചിത്രവും പേരും ദേശീയപ്രതീകമാണെന്നും ഇത് വ്യാവസായികമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് കോടതി സര്‍ക്കാരിന് അനുകൂലമായ ഉത്തരവ് ഇറക്കുകയും ചെയ്തു.

ലോകമെമ്പാടുമായി ലക്ഷക്കണക്കിനു യുവാക്കളുടെ ഹരമായ ലകോസ്റ്റെ ബ്രാന്‍ഡ് ലോഗോ നേടിയെടുക്കാനുള്ള നിയമപോരാട്ടത്തില്‍ പരാജയപ്പെടുകയുണ്ടായി. ബ്രിട്ടനിലെ രണ്ടു ദന്ത ഡോക്ടര്‍മാരാണ് കമ്പനിയെ വെട്ടിലാക്കിയത്. ഈ ഡോക്ടര്‍മാര്‍ തങ്ങളുടെ ആശുപത്രിയുടെ ഭാഗ്യമുദ്രയായി സ്വീകരിച്ചിരിക്കുന്നത് ലകോസ്റ്റെയുടെ മുതലയോടു സാദ്യശ്യമുള്ള പച്ച മുതലയെയാണ്. വായ നിറയെ പല്ലുകളുള്ള ജീവിയാണു മുതലയെന്നും അതുകൊണ്ടാണു തങ്ങള്‍ മുതലയെ ലോഗോ ആക്കിയതെന്നുമാണ് ദന്തഡോക്ടര്‍മാരുടെ വാദം. കോടതിയുടെ വിധി ഡോക്ടര്‍മാര്‍ക്ക് അനുകൂലമായിരുന്നു.

മാത്​സ് ബ്ലോഗിനു ലഭിച്ച ഒരു ലോഗോ

2010 ഡിസംബര്‍ മാസം ഒന്‍പതാം തീയതി ഇതേ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മാത്​സ് ബ്ലോഗിലേക്ക് ഒരു മെയില്‍ വന്നു. മലപ്പുറം കടമ്പോട് പന്തല്ലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ കെ. പത്മപ്രസാദ് ആയിരുന്നു മെയിലയച്ചത്. അദ്ദേഹം ഡിസൈന്‍ ചെയ്ത ലോഗോയാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. തന്റെ സുഹൃത്തുക്കളും പരിചയക്കാരുമായി ഒട്ടേറെ പേര്‍ ഈ ലോഗോ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം അന്നു മെയിലില്‍ സൂചിപ്പിച്ചിരുന്നു. അധ്യാപക വിദ്യാര്‍ത്ഥി ബന്ധം വരച്ചു കാട്ടുന്ന ആശയമായിരുന്നു ഈ ലോഗോയില്‍ ഉണ്ടായിരുന്നത്. തീര്‍ച്ചയായും പത്മപ്രസാദ് സാറും ഈ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടാകണം.

ഒരു ലോഗോ തയ്യാറാക്കി പോസ്റ്റ് ചെയ്യാന്‍ റെഡിയല്ലേ?
.gif, jpeg, jpg എന്നീ ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ചിത്രത്തിന്റെ വലിപ്പം 200 kbയില്‍ കൂടരുതെന്ന് പ്രത്യേകം നിബന്ധനയുണ്ട്. സമ്മാനാര്‍ഹമായ ചിത്രത്തിന് 10000 രൂപ ലഭിക്കുമെന്നതിനാല്‍ ചിത്രം തയ്യാറാക്കുന്നയാളിന്റെ പേര്, വിലാസം, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ കൂടി ചുവടെയുള്ള ലിങ്ക് ഉപയോഗിച്ച് നല്‍കണം. ചിത്രവും അതേ പേജില്‍ നിന്നു തന്നെ അപ്‌ലോഡ് ചെയ്യാം.
Post Logo here

നിങ്ങളാണ് ആ ലോഗോ ഡിസൈന്‍ ചെയ്യുന്നതെങ്കിലോ? ആ സുവര്‍ണാവസരം വിട്ടുകളയല്ലേ? വരയ്ക്കാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍, നമ്മുടെ സുഹൃത്തുക്കള്‍ അങ്ങിനെ ആര്‍ക്കു വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. അവസാന തീയതി സെപ്റ്റംബര്‍ 15. മികച്ച ലോഗോകള്‍ക്കായി കാത്തിരിക്കുന്നു.

ലോഗോ മത്സരം വിജയി

ഇതാ, ആ വരമുദ്ര. അധ്യാപക സമൂഹത്തിനു കേരളം സമര്‍പ്പിക്കുന്ന ഗുരുദക്ഷിണ. അധ്യാപകര്‍ക്കായി, അര്‍ഥസമ്പുഷ്ടമായൊരു ലോഗോ ജനപങ്കാളിത്തത്തോടെ തയാറാക്കാനുള്ള ശ്രമത്തിനു മലയാള മനോരമ തുടക്കമിട്ടത് അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ്. അധ്യാപകരോടുള്ള സ്നേഹവും ആദരവും നിറയുന്ന ഒട്ടേറെ ഗുരുദക്ഷിണകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പ്രവഹിച്ചു. പലഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലുകള്‍ക്കുശേഷം അതില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഗുരുമുദ്രയാണിത്.

ലാളിത്യം നിറഞ്ഞ ഈ മുദ്ര, ഗുരുശിഷ്യ ബന്ധത്തിന്റെ തീവ്രതയും പവിത്രതയും വെളിപ്പെടുത്തുന്നു. ഇതിലെ വലിയ ആള്‍രൂപം ഗുരുവിന്റേതാണ്. ഗുരുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചെറിയ രൂപം ശിഷ്യന്റേതും. അറിവിന്റെ ആദിമുദ്രകളിലൊന്നായ സ്ളേറ്റോ, നവീനകാലത്തിന്റെ ഐ പാഡോ ആയി തിരിച്ചറിയാവുന്ന പശ്ചാത്തലത്തിലാണു ഗുരുവിനെയും ശിഷ്യനെയും വിന്യസിക്കുന്നത്.

ഏറ്റവും ലളിതമായൊരു മുദ്രയാകണം അധ്യാപകരുടേതെന്ന ബോധ്യത്തില്‍നിന്നാണ് ഈ ലോഗോ രൂപപ്പെട്ടതെന്ന് ഇതിനു രൂപം നല്‍കിയ കെ.കെ. ഷിബിന്‍ പറയുന്നു. ചോക്കു കൊണ്ടു ഭിത്തിയില്‍ വരച്ചുവയ്ക്കാവുന്നത്ര ലളിതം. തലശേരി കൂരാറ സ്വദേശിയായ കെ.കെ. ഷിബിന്‍ ചിറക്കര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കംപ്യൂട്ടര്‍ ഇന്‍്സ്ട്രക്ടറാണ്. ഡിസൈനര്‍ കൂടിയായ ഷിബിന്‍ കേന്ദ്ര ധനമന്ത്രാലയം നടത്തിയ 'രൂപയുടെ ചിഹ്നം രൂപകല്‍പനാ മല്‍സരത്തില്‍ അവസാനത്തെ അഞ്ചുപേരില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍നിന്ന് ഈ ചുരുക്കപ്പട്ടികയിലെത്തിയ ഏക വ്യക്തിയും ഷിബിനായിരുന്നു. അധ്യാപക മുദ്ര രൂപകല്‍പനയില്‍ വിജയിയായ ഷിബിന് 10,001 രൂപയാണ് സമ്മാനം.

അധ്യാപകരെ ആദരിക്കാന്‍ പ്രത്യേക ലോഗോ എന്ന പാലാ പ്ലാശനാല്‍ സെന്റ് ആന്റണീസ് എച്ച്എസ്എസിലെ 'നല്ല പാഠം പ്രവര്‍ത്തകരുടെ ആശയമാണ് ലോഗോ രൂപകല്‍പനയ്ക്കു പ്രചോദനമായത്. മൂവായിരത്തിലേറെ ലോഗോകളില്‍നിന്നു പ്രാഥമികഘട്ടത്തില്‍ തിരഞ്ഞെടുത്തതു 30 മുദ്രകളാണ്. അതില്‍നിന്നു പത്തെണ്ണം തിരഞ്ഞെടുത്തതു വിദഗ്ധ സമിതിയും. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍നായര്‍ അധ്യക്ഷനായ സമിതിയില്‍ വിവിധ അധ്യാപക സംഘടനാ നേതാക്കളായ എം. ഷാജഹാന്‍, അബ്ദുല്‍ സമദ്, പി.കെ. കൃഷ്ണദാസ്, സിറിയക് കാവില്‍, എ.കെ. സൈനുദ്ദീന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ഇവര്‍ കേരളത്തിനു സമര്‍പ്പിച്ച 10 മുദ്രകളില്‍നിന്നു വായനാസമൂഹത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുത്തതാണ് ഈ സവിശേഷ മുദ്ര.
Click here to download the Logo for Teachers


Read More | തുടര്‍ന്നു വായിക്കുക

പൂജ്യവും ജസ്റ്റീസ് കാട്ജുവും ...

>> Sunday, September 9, 2012

“ The level of intellect of many teachers is low, because many of them have not been appointed on merit but on extraneous considerations. To give an example, when I was a judge of Allahabad High Court I had a case relating to a service matter of a mathematics lecturer in a university in Uttar Pradesh. Since the teacher was present in court I asked him how much one divided by zero is equal to. He replied, “Infinity.” I told him that his answer was incorrect, and it was evident that he was not even fit to be a teacher in an intermediate college. I wondered how had he become a university lecturer (In mathematics it is impermissible to divide by zero. Hence anything divided by zero is known as an indeterminate number, not infinity).“Professor, teach thyself - Markandey Katju

ചളവറ സ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ഗോവിന്ദരാജന്‍മാഷ് നമ്മുടെ രാമനുണ്ണിമാഷിന് അയച്ചുകൊടുത്ത ഒരു കുറിപ്പാണ് ഇന്നത്തെ പോസ്റ്റ്. കുറിപ്പിനാധാരം പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ അഭിവന്ദ്യനായ മാര്‍ക്കണ്ടേയ കാട്ജു 2012 സെപ്റ്റംബര്‍ 3ന്റെ ഹിന്ദു ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിന്റെ ഒരു ഖണ്ഡികയാണ്. ലേഖനത്തിന്റെ ഉള്ളടക്കം വളരെ പ്രസക്തവും തീര്‍ച്ചയായും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ് [അങ്ങനെ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്] എന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ഈ പോസ്റ്റില്‍, മേല്‍ ഖണ്ഡികയില്‍ മാത്രം ഊന്നല്‍ നല്‍കുന്നു എന്നു മാത്രം. അതും ഈ ഗണിതശാസ്ത്ര വര്‍ഷത്തില്‍ !
ഗണിതശാസ്ത്ര പ്രൊഫസര്‍ 'ഇന്‍ഫിനിറ്റി’ എന്ന് ഉത്തരം പറഞ്ഞപ്പോള്‍ നമുക്ക് ചോദിക്കാവുന്ന ഉപചോദ്യം 'ഇന്‍ഫിനിറ്റി' യെ പൂജ്യം കൊണ്ട് ഗുണിക്കുമ്പൊള്‍ 'ഒന്ന്’ കിട്ടുമോ എന്നതാണല്ലോ. അതിന്റെ തുടര്‍ച്ചയായി പറയാന്‍ തോന്നുക If x,y are positive integers and if x/0=y/0=infinity then x=y=0 is absurd എന്നു മാണല്ലോ? അപ്പോള്‍ എന്താണ് യഥാര്‍ത്ഥ പ്രശ്നം?
ഗണിതശാസ്ത്ര പ്രൊഫസറുടെ 'ഇന്‍ഫിനിറ്റി’ എന്ന ഉത്തരം വളരെ പഴഞ്ചനായ ഒരു അറിവ് മാത്രമാണ്. ഗണിതാധ്യാപകനല്ലാത്ത ഒരാളിന്റെ കാര്യത്തില്‍ ഈ 'അറിവ്’ പ്രത്യേകിച്ച് കുഴപ്പങ്ങളുണ്ടാക്കില്ല. ടോളമി രാജാവ് മന്ത്രിയോട് ഒരിക്കല്‍ ഈ പ്രശ്നം പരിശോധിക്കാനേല്‍പിച്ചുവല്ലോ. ഒന്നില്‍ എത്ര പൂജ്യങ്ങളുണ്ടെന്ന് തീര്‍ച്ചപ്പെടുത്താന്‍ ഒരു ബക്കറ്റ് വെള്ളം [ പരിചാരകരെക്കൊണ്ട്] എടുത്ത് മുറുക്കിയടച്ച ഒരു കപ്പുകൊണ്ട് ബക്കറ്റിലെ വെള്ളം എത്രപ്രാവശ്യം കോരിയെടുക്കാനാവുമെന്ന് എണ്ണിനോക്കിയത്. 'ഇന്‍ഫിനിറ്റി’ തവണ എന്നു തീര്‍ച്ചയാക്കിയ വിവരം ടോളമിയെ സന്തോഷിപ്പിച്ചത്. നമ്മുടെ നാട്ടില്‍ അടിപൊളിഞ്ഞ ബക്കറ്റുകൊണ്ട് കിണര്‍ കോരി വറ്റിക്കാന്‍ ഏതോ മണ്ടന്‍ [ പഴയ ടോളമി രാജാവായിരുന്നു] ശ്രമിച്ചതു പോലെ. ഈ തീരുമാനം കണക്ക് മാഷിന്ന് ഉത്തരമായിക്കൂടെന്നല്ലേ ലേഖകന്‍ ആഗ്രഹിച്ചത്? അതും പൂജ്യത്തിന്റെ വില കണ്ടുപിടിച്ച ഒരു രാജ്യത്തെ പ്രൊഫസര്‍ !
ഇത് കണക്ക് മാഷിന്റെ കാര്യത്തില്‍ മാത്രമല്ല; ഏതു വിഷയത്തിലും പണിയെടുക്കുന്ന മാഷമ്മാരുടെ കാര്യം പൊതുവേ കുറേകൂടി ആലോചിക്കേണ്ടിവരും. പുതിയ പാഠപദ്ധതിയും സമീപനവും കുട്ടികളില്‍ [എല്ലാ വിഷയങ്ങളിലും ] വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. അത് അറിവിന്റെ കാര്യത്തിലും അറിവുല്‍പാദനത്തിന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. പുതിയ കാലഘട്ടവും അതിന്ന് കാരണമായിട്ടുണ്ട്. എന്നാല്‍ നമ്മളില്‍ [ മാഷ്] പലരും ഈ വലിയ ‘ലീപ്പ്’ എത്രകണ്ട് ഉള്‍ക്കൊണ്ടു എന്ന് ആലോചിക്കാതെ , വിലയിരുത്താതെ മുന്നോട്ടുപോകാനാവില്ല.
വാല്‍ക്കഷണം:1. കുട്ടിക്ക് അറിവുണ്ടാക്കാന്‍ അദ്ധ്യാപകര്‍ ക്ലാസ് മുറിയില്‍ പ്രയോഗിക്കുന്ന ഒരു ടെക്നിക്കും [ അറിവ് നിര്‍മ്മാണ പ്രക്രിയകള്‍ ] സ്വയം അറിവുണ്ടാക്കാന്‍ മാഷ് ഇന്നേവരെ ഉപയോഗപ്പെടുത്തിയില്ലല്ലോ? കുട്ടിയുടെ ജ്ഞാനനിര്‍മ്മിതിയും മാഷിന്റെ ജ്ഞാന നിര്‍മ്മിതിയും രീതികളില്‍ വ്യത്യാസപ്പെടുന്നോ?
2. ഓ...ഈ പുതിയ സം‌വിധാനങ്ങളും രീതികളും ഒന്നും എനിക്കറീലാ ട്ടോ... എന്ന് മാഷ് പറയുന്നത് വിനയം കൊണ്ടല്ല എന്നും ; മറിച്ച്......[ അല്ലെങ്കില്‍" ന്റെ മാഷെ ങ്ങക്ക് അതറീല്യേ ... " ന്ന് കുട്ടി / രക്ഷിതാവ് ചോദിക്കുമ്പോ എന്തിനാ കയര്‍ക്കുന്നത്?]


Read More | തുടര്‍ന്നു വായിക്കുക

​ICT വര്‍ക്ക്ഷീറ്റുകള്‍ - X യൂണിറ്റ് 4

>> Thursday, September 6, 2012


പത്താംക്ലാസ് ICT പാഠപുസ്തകത്തിലെ കമ്പ്യൂട്ടറിന്റെ ഭാഷ എന്ന പാഠത്തിലെ വര്‍ക്ക് ഷീറ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കുകയാണ് .എട്ടാംക്ലാസിലാണ് പൈത്തണ്‍ പഠനം ആരംഭിക്കുന്നത് . എട്ടാംക്ലാസിലും ഒന്‍പതാംക്ലാസിലും പൂര്‍ത്തിയാക്കിയ പഠനപ്രവര്‍ത്തനങ്ങള്‍ ആദ്യവര്‍ക്ക്ഷീറ്റുകളില്‍ നല്‍കിയിരിക്കുന്നു.പത്താംക്ലാസിലെ പാഠപുസ്തകം ശരിയാംവണ്ണം മനസിലാക്കുന്നതിന് ഇത്തരമൊരാവര്‍ത്തനം അനിവാര്യമാണ് .
നമ്മുടെ ഫിലിപ്പ്സാര്‍ തയ്യാറാക്കി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പൈത്തണ്‍പാഠങ്ങളാണ് വര്‍ക്ക്ഷീറ്റ് നിര്‍മ്മിതിയില്‍ സഹായകരമായത് . ഫിലിപ്പ് സാറിന്റെ ഉദാഹരണങ്ങള്‍ അതുപോലെതന്നെ വര്‍ക്ക്ഷീറ്റില്‍ ഉപയോഗിച്ചിട്ടുണ്ട് .പാഠപുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വസ്തുതകള്‍ ഒന്നുതന്നെ നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് . വര്‍ക്ക്ഷീറ്റിന്റെ പോരായ്മകള്‍ കമന്റായി ശ്രദ്ധയില്‍പെടുത്താന്‍ താല്പര്യപ്പെടുന്നു.
പത്താംക്ലാസിലെ പഠനലക്ഷ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയാണ് .


1. പൈത്തണ്‍ ഉപയോഗിച്ച് ലളിതമായ ഫങ്ഷനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷിനേടുന്നതിന്
2. പൈത്തണ്‍ ഭാഷയിലെ സ്ട്രിംഗ് നിര്‍ദ്ദേശങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശേഷി നേടുന്നതിന്
3.ഫങ്ഷനുകള്‍ സ്ട്രിംഗ് നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിനുള്ള ശേഷി നേടുന്നതിന്
4.പൈത്തണ്‍ ഫങ്ഷനുകള്‍ ഉള്‍പ്പെടുത്തി മൊഡ്യൂള്‍ നിര്‍മ്മിക്കുന്നതിനു്ള്ള ശേഷി നേടുന്നതിന്
5.wxGlade എന്ന സോഫ്റ്റ് വെയറിന്റെ സഹായത്തോടെ പൈത്തണ്‍കോഡുകള്‍ നിര്‍മ്മിക്കാമെന്ന ധാരണ ഉണ്ടാക്കുന്നതിന്
എട്ട് , ഒന്‍പത് ക്ലാസുകളിലെ പൈത്തണ്‍ ഭാഷാനിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ചുള്ള ചില വര‍ക്കുകള്‍ കൊടുത്തിട്ടുണ്ട്. അവ അത്യാവശ്യമാണെന്ന് കരുതുന്നു.വര്‍ക്ക്ഷീറ്റ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം

ICT Lesson 4 , കമ്പ്യൂട്ടറിന്റെ ഭാഷ
English Version of Chapter IV


Read More | തുടര്‍ന്നു വായിക്കുക

അധ്യാപകദിനാശംസകള്‍.

>> Wednesday, September 5, 2012

ഇന്ന്‌ സെപ്‌റ്റംബര്‍ 5 അധ്യാപക ദിനം. ഇന്ന്‌ രാജ്യമുടനീളം അധ്യാപകദിനമായി ആചരിക്കുകയാണ്‌. മുന്‍രാഷ്‌ട്രപതി ഡോ.എസ്‌. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി കണ്ടെത്തിയത്‌ ഏറെ ഉചിതമാണ്‌. ദാര്‍ശനിക ചിന്തകനും തത്വശാസ്‌ത്രകാരനുമെല്ലാമായ ഡോ. എസ്‌. രാധാകൃഷ്‌ണന്‍ പ്രഗത്ഭമതിയായ അധ്യാപകനായിരുന്നു. വിദ്യാഭ്യാസത്തെ കുറിച്ച്‌ ഉള്‍ക്കാഴ്‌ചയുണ്ടായിരുന്ന അദ്ദേഹം അധ്യാപകവൃത്തിയ്‌ക്ക്‌ മഹത്വവും ആത്മാവിഷ്‌കാരവും നല്‍കിയ വ്യക്തിയായിരുന്നു.ഈ അവസരത്തില്‍ എല്ലാ അധ്യാപകര്‍ക്കും മാത്​സ് ബ്ലോഗിന്റെ എല്ലാ ആശംസകളും നേരുന്നതോടൊപ്പം, സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശ്രീ പി കെ അബ്ദുറബ്ബ് ഈ അവസരത്തില്‍ നല്‍കുന്ന സന്ദേശം പകരുകകൂടി ചെയ്യുന്നു.
നവ സമൂഹ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട്‌ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കേണ്ട പദം അധ്യാപകന്‍ എന്നതാണ്‌. പരിവര്‍ത്തനത്തിന്റെ ഓരോ ദിവ്യമുഹൂര്‍ത്തങ്ങളേയും സൃഷ്‌ടിക്കാന്‍ അധ്യാപകര്‍ ഏറ്റിട്ടുള്ള ചുമതല പുതുക്കലാണ്‌ ക്ലാസുമുറികളില്‍ സംഭവിക്കുന്നത്‌ അഥവാ സംഭവിക്കേണ്ടത്‌. മാതാ പിതാ ഗുരു ദൈവം എന്ന കാഴ്‌ചപ്പാട്‌ തലമുറകളിലേക്ക്‌ നീളണം. എവിടെയെങ്കിലും ഇടര്‍ച്ചയുണ്ടായാല്‍ കാര്യങ്ങളുടെ താളാത്മകത നഷ്‌ടപ്പെടും. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസരീതിയുടെ തത്ത്വശാസ്‌ത്രം സ്വന്തം വിരല്‍തുമ്പ്‌ ഉപയോഗിച്ച്‌ പരിശോധിക്കാന്‍ കഴിയുന്ന സൗഭാഗ്യം വന്നിട്ടുള്ള ജനതയാണ്‌ നമ്മള്‍. ഈ പരിശോധനയുടെ ഏകദേശതയില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം അധ്യാപകനെ നായകന്‍ എന്ന സ്ഥാനത്തുനിന്നും അല്‍പം പോലും പിന്നോട്ടാക്കുന്ന ഒരു പ്രവണതയും വളര്‍ന്നുവരുന്നില്ല എന്നതാണ്‌. ലോക രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന, നമ്മുടെ ഊഹത്തിന്‌ അപ്പുറത്തുള്ള വികസനകാര്യങ്ങളില്‍ പോലും അധ്യാപകനും അവന്റെ വാക്കും പ്രഥമസ്ഥാനത്ത്‌ പരിഗണിക്കപ്പെടുന്നു എന്നു വരുന്നതില്‍ പരം അധ്യാപക സമൂഹത്തിന്‌ അഭിമാനിക്കാന്‍ മറ്റെന്താണുള്ളത്‌.

വെടിവെയ്‌പ്പിന്റെ ഒച്ചയും കണ്ണീരിന്റെ നനവും ഒക്കെ ഉള്ളിടത്തും ഈ സ്ഥിതി തുടരുന്നു. ലോക ബുദ്ധിജീവി വര്‍ഗ്ഗത്തിന്റെ പട്ടികയില്‍ ആദ്യം വരുന്നത്‌ അധ്യാപകരാണ്‌. സാഹിത്യകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍, നീതിപാലകന്‍ തുടങ്ങിയവര്‍ അതിനു പിന്നിലുണ്ട്‌. എന്നിട്ടും തന്റെ ഉത്‌കൃഷ്‌ടതയും ചുമതലയും യഥോചിതം മനസിലാക്കി ഉണര്‍വുകാട്ടാന്‍ അധ്യാപക സമൂഹത്തിന്‌ കഴിഞ്ഞോ എന്ന്‌ അവര്‍ സ്വയം പരിശോധിക്കേണ്ടതുണ്ട്‌. സമൂഹ പരിവര്‍ത്തന ചുമതല, അത്‌ ആജീവനാന്ത ചുമതലയാണെന്നു മനസിലാക്കാതെ, ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പുവെയ്‌ക്കുന്ന സമ-യ-ദൈര്‍ഘ്യത്തിനുള്ളില്‍ മാത്രമുള്ളതാണെന്ന്‌ തെറ്റിദ്ധരിച്ചവരും കുറവല്ല. അറിവിന്റെ മേഖല ഒരതിരിനും തിരിച്ചുനിര്‍ത്താനാവാത്ത വിധത്തില്‍ വൈപുല്യം പ്രാപിക്കുമ്പോള്‍ ഇവിടെ നായകനാകണമെങ്കില്‍ അശ്രാന്ത പരിശ്രമം ആവശ്യമാണ്‌. മനുഷ്യ ജീവിതത്തെ, മനുഷ്യോചിതവും കലോചിതവും ആക്കി പരിവര്‍ത്തിപ്പിക്കാന്‍ നായകന്‍ ചില രീതികള്‍ പിന്തുടരണം. ഇത്‌ സുസമൂഹത്തിന്റെ തേട്ടമാണ്‌, നേട്ടമാണ്‌. ഇവിടെ മാതൃക എന്ന പദത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌.

പള്ളിക്കൂടങ്ങളെ പോലെ മഹത്തായ ഒരു പൂവാടിയും ലോകത്തില്ല. സൂക്ഷ്‌മതയോടെയുള്ള പരിചരണമില്ലെങ്കില്‍ പുഷ്‌പ്പിക്കാതിരിക്കാം, ദലങ്ങള്‍ കൊഴിഞ്ഞേക്കാം, കളകള്‍ കീഴടക്കിയേക്കാം. അതിന്‌ അനുവദിക്കാതെ ഇതുവരെയും നാം കാത്തുപോന്നു. അതില്‍ അധ്യാപകരെ ഹൃദയം തുറന്ന്‌ അഭിനന്ദിക്കുന്നു. അത്‌ ഇനിയും തുടരുമെന്ന്‌ ഈ ദിനത്തില്‍ നമുക്ക്‌ പുന:രര്‍പ്പണം നടത്താം. ജീവിത വിശുദ്ധിയുടെ ആധികാരികകേന്ദ്രം അധ്യാപകരാകണം. എല്ലാവിധ ലാളിത്യത്തോടും എളിമയോടും അവര്‍ സമരസപ്പെടണം. പൊതുധാരയ്‌ക്കനുസരിച്ച്‌ ജീവിതം നയിക്കാന്‍ അവര്‍ തയ്യാറാകരുത്‌. പ്രലോഭനങ്ങളുടെ വിപഞ്ചികകളെ അവര്‍ തട്ടിമാറ്റണം. അവരുടെ സംസാരവും വാസ ഗൃഹവുമെല്ലാം ഈ മാതൃകയില്‍പെടണം. ആത്മീയമായ ഔന്നത്യം സ്‌ഫുരിക്കുന്ന പദമാവണം നാവില്‍ നിന്നു വരേണ്ടത്‌. ഒരു തിന്മയോടും അവര്‍ രാജിയാകരുത്‌. ഞാനെന്ന ഭാവവും ഉള്‍ അഹങ്കാരവും അവരെ തൊട്ടുതീണ്ടരുത്‌. അവര്‍ മികച്ച വായനാക്കാരാകണം. വേദന അനുഭവിക്കുന്നവരുടെ ഇടയിലൂടെ അവര്‍ സഞ്ചരിക്കണം. ജീവിതത്തിന്റെ വിഷമ മുഹൂര്‍ത്തങ്ങള്‍ക്കു നേരെ അവര്‍ പതറാത്ത മനസു കാണിക്കണം. ധനാര്‍ത്തിയും ധൂര്‍ത്തും അവരിലേക്ക്‌ കടന്നു വരരുത്‌. ഇങ്ങനെയുള്ളവരുടെ ഉപദേശങ്ങള്‍ക്ക്‌ സ്വര്‍ണത്തേക്കാള്‍ വിലയുണ്ടാകുമെന്ന്‌ ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിദ്യാഭ്യാസ വിചക്ഷണന്‍മാരായ സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ഡോ. എസ്‌. രാധാകൃഷ്‌ണന്‍, അബ്‌ദുല്‍ക്കലാം ആസാദ്‌, ഉള്‍പ്പടെയുള്ളവര്‍ നമുക്ക്‌ പകര്‍ന്നു നല്‍കിയ വിദ്യാഭ്യാസ മൂല്യ സങ്കല്‌പങ്ങള്‍ കാലാതിവര്‍ത്തിയാണ്‌. ദൃശ്യ ധാരാളിത്തങ്ങളില്‍ മുഴുകാതെ ഈ മൂല്യങ്ങളെ വായിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നു.

ഇവിടെ ഉപയേഗിച്ച അധ്യാപകന്‍ എന്ന പദം കുടിപ്പള്ളിക്കൂടം മുതല്‍ ഗവേഷണ ക്ലാസില്‍ അധ്യാപനം നിര്‍വ്വഹിക്കുന്ന മഹത്‌ വ്യക്തിയെ വരെ ഉദ്ദ്യേശിച്ചിട്ടുള്ളതാണ്‌. അധ്യാപകരുടെ സംഘടിത കരുത്ത്‌ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു. അദ്ധ്യാപകന്റെ അവകാശ സംരക്ഷണം എന്നാല്‍ മാതൃകയാകാനുള്ള പോരാട്ടമാകണം. നഗരത്തിന്റെ തിരക്കില്‍ മുതല്‍ ഒരു വാഹനവും കടന്നു ചെല്ലാത്ത സ്ഥലങ്ങളില്‍ പോലും സര്‍ക്കാര്‍ വക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അസാധാരണ സാമൂഹിക ത്വരയുള്ള അധ്യാപകരുടെ മേല്‍നോട്ടമാണ്‌ അത്തരം വിദ്യാലയങ്ങളെ സജീവമാക്കുന്നത്‌. അത്തരത്തിലുള്ള അധ്യാപകരെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു.

സംസ്ഥാനത്ത്‌ വിദ്യാഭ്യാസരംഗം വളരെ കരുത്തോടെയും, കരുതലോടെയും മുമ്പോട്ട്‌ പോകുകയാണ്‌. വരും തലമുറയ്‌ക്ക്‌ ജീവിത സുരക്ഷിതത്വത്തിനു വേണ്ട അറിവും സാമഗ്രികളും ഒരുക്കുന്നതില്‍ നാം മുമ്പിലാണ്‌. മലയാളം സര്‍വ്വകലാശാലയും, സാങ്കേതിക സര്‍വ്വകലാശാലയുമെല്ലാം ഈ പന്ഥാവിലെ വഴി വിളക്കുകളാകും. എല്ലാറ്റിനേയും സമൂഹബന്ധിയും ഗന്ധിയുമാക്കാന്‍ അദ്ധ്യാപകര്‍ക്ക്‌ മാത്രമേ കഴിയൂ. അവര്‍ അസാധാരണ വൈദഗ്‌ധ്യത്തോടെ ആ ചുമതല നിര്‍വ്വഹിക്കുമെന്ന്‌ എനിക്ക്‌ നന്നായി അറിയാം. അറിവിന്റെ മേഖല പോലെ തന്നെ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ വകുപ്പ്‌ മുന്നേറിയിട്ടുണ്ട്‌. അധ്യാപകര്‍ക്ക്‌ ഉപകാര പ്രദമാകുന്ന അനേകം പദ്ധതികളാണ്‌ ആവിഷ്‌കരിച്ചത്‌. അതിന്റെ പ്രയോജനം ലഭിക്കുന്നത്‌ മൊത്തം സമൂഹത്തിനാണെന്ന്‌ തിരിച്ചറിയുന്നു. ഉത്സാഹപൂര്‍ണ്ണമായ കുതിപ്പും ആവേശവും എന്നും വിദ്യാലയങ്ങളില്‍ ദൃശ്യമാക്കണമെന്ന്‌ ആവശ്യപ്പെടുന്നു, അഭിവാദനങ്ങള്‍.


Read More | തുടര്‍ന്നു വായിക്കുക

സിംഗിള്‍ ക്ലിക്കില്‍ മെയില്‍ ബോക്സ് തുറക്കാം

>> Monday, September 3, 2012

ഓരോ തവണയും gmail account തുറന്ന് e-mail കള്‍ browse ചെയ്യുന്നതിന് പകരം കമ്പ്യൂട്ടറില്‍ single click-ല്‍ നമ്മുടെ mail box തുറന്നു വരുമെങ്കില്‍ അത് വളരെ പ്രയോജനകരമല്ലേ? കൂടാതെ നമ്മടെ പഴയ e-mail കള്‍ offline ആയി സൂക്ഷിക്കുകയും ചെയ്യാം. ഒരിക്കല്‍ download ചെയ്ത് വെച്ചാല്‍ നമ്മുടെ യാത്രയില്‍ കൂടെ കൊണ്ട് നടക്കുന്ന laptop ല്‍ നിന്നും പഴയ e-mail കള്‍ refer ചെയ്യാമല്ലോ? പുതിയവ download ചെയ്യുകയും ആവാം. Ubuntu വിലെ ഈ utility പലരും ഉപയോഗിക്കുന്നുണ്ടാവുമെങ്കിലും ഇതുവരെ പരീക്ഷിച്ച് നോക്കാത്തവര്‍ക്കായി പ്രവര്‍ത്തനക്രമം ഇവിടെ ചേര്‍ക്കുന്നു. മലപ്പുറം ‍ജില്ലയിലെ തിരുവാലി ഗവ: ഹൈസ്കൂള്‍ ഗണിത അധ്യാപകനായ അബ്ദുല്‍ നസീര്‍. എം. ആണ് ഇതേക്കുറിച്ചുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത്. Ubuntuവിലെ വളരെ വിലപ്പെട്ട ഒരു യൂട്ടിലിറ്റിയായ Evolution സ്വന്തം ആവശ്യത്തിന് കമ്പ്യൂട്ടറില്‍ പരീക്ഷിച്ച് വിജയിച്ചപ്പോഴാണ് നമ്മുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്താല്‍ നമ്മുടെ വായക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഉപകരിച്ചെങ്കിലോ എന്നദ്ദേഹം ചിന്തിച്ചത്. അതേത്തുടര്‍ന്നാണ് ഇത്തരമൊരു മെയില്‍ തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചതെന്ന് അദ്ദേഹം പറയുന്നു. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം ഈ യൂട്ടിലിറ്റി ഉപയോഗിക്കേണ്ടതെങ്ങിനെയെന്ന് ലളിതമായി അദ്ദേഹം വിശദീകരിക്കുന്നു. സംശയങ്ങള്‍ കമന്റായി ചോദിക്കുമല്ലോ.

1. Application → office Evolution mail and Calendar ↓
2. Evolution setup assistance→forward ↓
3. Restore from backup →forward ↓
4. Identity എന്ന വിന്‍ഡോയില്‍ required information ന് താഴെ പേരും അടുത്ത വരിയില്‍ നിങ്ങളുടെ gmail Id യും നല്‍കുക. Make this my default account എന്ന check box ല്‍ Tick ചെയ്യുക. അവസാന രണ്ട് വരികളില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല. forward ↓
5. Receiving email: ഈ വിന്‍ഡോയില്‍ എല്ലാ വിവരങ്ങളും default ആയി വരും.
Remember password എന്ന option ടിക്ക് ചെയ്യുക. forward ↓
6. Receiving option: പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ ആദ്യത്തെ രണ്ട് check box കളിലും ടിക്ക് ചെയ്ത് forward അമര്‍ത്തുക.
7. Sending e-mail
പ്രത്യക്ഷപ്പെടുന്ന വിന്‍ഡോയില്‍ രണ്ട് check box കളിലും ടിക്ക് ചെയ്ത് forward അമര്‍ത്തുക. Username default ആയി വരുന്നതാണ്.
8. Account management: ഇഷ്ടമുള്ള പേര് നല്‍കുക. (ഇവിടെ My Gmail Box)
forward ബട്ടണില്‍ അമര്‍ത്തുക.
9. Done വിന്‍ഡോ പ്രത്യക്ഷപ്പെടും. Apply ബട്ടണ്‍ അമര്‍ത്തുക.
10. താഴെ കാണും വിധം e-mail box പ്രത്യക്ഷപ്പെടും. കൂടാതെ താങ്കളുടെ e-mail password ആവശ്യപ്പെടും.
password നല്‍കി Remember this password എന്ന check box ടിക്ക് ചെയ്യുക. OK
11. Screen ന്റെ left side ല്‍ കാണുന്ന നിങ്ങളുടെ file name ല്‍ (step – 8 ല്‍ കൊടുത്ത പേര് ഇവിടെ MY Gmail Box) ചെറിയ arrow ക്ക് നേരെ click ചെയ്താല്‍ all mail, send mail തുടങ്ങിയ folder കള്‍ കാണാം.
12. ചിത്രം 11 ല്‍ കാണുന്ന left top corner ലെ New എന്ന button ക്ലിക്ക് ചെയ്ത് പുതിയ mail ഉണ്ടാക്കി send button ക്ലിക്ക് ചെയ്യുക. recipient e-mail address , To ‌എന്ന Bar ല്‍ ടൈപ്പ് ചെയ്യുക.
13. ഇനി മുതല്‍‌ നിങ്ങളുടെ എല്ലാ In / Out message കള്‍ നിങ്ങളുടെ Evolution box ല്‍ ലഭിക്കുന്നതായിരിക്കും. Mail Box refresh ചെയ്യാന്‍ ചിത്രം 11 ലെ send/receive button അമര്‍ത്തിയാല്‍ മതി.
14. Evolution ഡെസ്ക് ടോപ്പില്‍ കൊണ്ട് വരുവാന്‍ Application → office → Evolution & calendar (right click) Add this launch to desktop (click) ഇങ്ങിനെ personal mail box സെറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് user name or password ചോദിക്കില്ല. കൂടാതെ contacts, tasks, calendars, memos തുടങ്ങിയ പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer