8,9 Answer Keys.

>> Wednesday, March 31, 2010

ഇന്നലെ അവസാനിച്ച 8,9 ക്ലാസ്സുകളിലെ കണക്കുപരീക്ഷയുടെ 'ആന്‍സ്വര്‍ കീ' എവിടെയെന്ന് ഇന്നലെ മുതല്‍ തന്നെ അധ്യാപകര്‍ വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നു. ഈ ഉത്തര സൂചികകള്‍ പി.ഡി.എഫ് ആയി തയ്യാറാക്കുന്ന പരിപാടി, അല്പം ശ്രമകരം തന്നെയാണ് കേട്ടോ..!
ഒന്നാമത്, കേരളത്തില്‍ വിവിധ സംഘടനകള്‍ തയ്യാറാക്കുന്ന, എത്രതരം ചോദ്യപേപ്പറുകളാണെന്നറിയാമോ? കൂടുതല്‍ സ്കൂളുകള്‍ ഉപയോഗിക്കുന്ന കെ.പി.എസ്.എച്ച്.എ യുടെ ആന്‍സ്വര്‍ കീ മാത്രം ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നു.
തെക്ക്, മധ്യം, വടക്ക് എന്നീ മൂന്നു സോണുകളിലും വെവ്വേറെ ചോദ്യപേപ്പറാണ്.
ഡൌണ്‍ലോഡു ചെയ്തെടുത്തോളൂ....

മധ്യമേഖലാ എട്ടാം ക്ലാസ്സ് ഗണിത ഉത്തര സൂചിക
മധ്യമേഖലാ ഒന്‍പതാം ക്ലാസ്സ് ഗണിത ഉത്തര സൂചിക

വടക്കന്‍ മേഖലാ എട്ടാം ക്ലാസ്സ് ഗണിത ഉത്തര സൂചിക
വടക്കന്‍ മേഖലാ ഒന്‍പതാം ക്ലാസ്സ് ഗണിത ഉത്തര സൂചിക

തെക്കന്‍ മേഖലാ എട്ടാം ക്ലാസ്സ് ഗണിത ഉത്തര സൂചിക
തെക്കന്‍ മേഖലാ ഒന്‍പതാം ക്ലാസ്സ് ഗണിത ഉത്തര സൂചിക


Read More | തുടര്‍ന്നു വായിക്കുക

SSLC-2010 Maths, Physics ഉത്തരങ്ങള്‍

>> Tuesday, March 30, 2010

പരീക്ഷ കഴിയുന്ന മുറയ്ക്ക് ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാത്​സ് ബ്ലോഗ് നിതാന്തജാഗ്രത പുലര്‍ത്തിയിട്ടുണ്ടെങ്കിലും ജോംസ് സാറിന്റെയും കാല്‍വിന്‍ സാറിന്റെയും നിര്‍​ദ്ദേശം മാനിച്ചു കൊണ്ടാണ് പരീക്ഷയുടെ തൊട്ടടുത്ത ദിവസം തന്നെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കാതിരുന്നത്. പരീക്ഷകള്‍ പരിപൂര്‍ണമായി അവസാനിച്ചതോടെ അധ്യാപകരുടെ അഭ്യര്‍ത്ഥന മാനിച്ച് അവ ഈ പോസ്റ്റിനോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ബ്ലോഗ് ടീമംഗമായ രാമനുണ്ണി മാസ്റ്റര്‍ മാധ്യമം ദിനപ്പത്രത്തിനുവേണ്ടി തയ്യാറാക്കിയ ഗണിത ശാസ്ത്ര പരീക്ഷയെക്കുറിച്ചുള്ള അവലോകനമാണ് ചോദ്യപേപ്പര്‍ ചര്‍ച്ചയ്ക്ക് മുന്നോടിയായി നല്‍കുന്നത്. ഇതോടൊപ്പം നമ്മുടെ ബ്ലോഗിലെ നിത്യസന്ദര്‍ശകയായ ഗായത്രി കണ്ണന്‍ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ പരീക്ഷകളുടെ ഉത്തരങ്ങള്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. നല്ല നിലവാരത്തോടെ തന്നെയാണ് കുട്ടിയാണെങ്കിലും ഗായത്രി ഉത്തരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. താഴെയുള്ള ലിങ്കില്‍ നിന്നും ഈ ഉത്തരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഒപ്പം ഈ ചോദ്യപേപ്പറുകളെപ്പറ്റി നിങ്ങളുടെ വിലയിരുത്തലുകള്‍ കമന്റായി നല്‍കുമല്ലോ.

ഈ പരീക്ഷകള്‍ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും കണക്ക് പരീക്ഷ പേടിയാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരായിരം വട്ടം നോട്ടും റ്റെക്സ്റ്റും പേജ്പേജായി മറിച്ചുനോക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയായപ്പോഴേക്കും ഹാളില്‍ നിരന്നിരുന്ന കുട്ടികള്‍ ഒരു തരം സ്തംഭനാവസ്ഥയിലായിരുന്നു. എന്നാല്‍ 1.30 നു ആദ്യബെല്ലടിച്ചതോടെ മട്ടുമാറി. ഉഷാറായി. പേപ്പര്‍ കയ്യില്‍ കിട്ടുന്നതുവരെ വളരെ അയഞ്ഞു. കയ്യില്‍ കിട്ടിയപേപ്പര്‍ ഒന്നു വായിച്ചുനോക്കിയതോടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതുപോലെ.

ഇതു പരീക്ഷയുടെ ഒരു മനശ്ശാസ്ത്രമാവാം. യാഥാര്‍ഥ്യം അംഗീകരിക്കാനുള്ള തയ്യാറെടുപ്പ്. ഇനി എഴുത്താണ്. എഴുതിക്കഴിയുന്നതുവരെ മറ്റൊന്നും മനസ്സിലില്ല. സമയബോധ്യത്തോടെയുള്ള പ്രവര്‍ത്തനം. ഹാള്‍ വിട്ടിറങ്ങിയ കുട്ടികള്‍ എല്ലാവര്‍ക്കും ഒരേ സ്വരം. ജയിക്കും. ജയിക്കും. ചിലതൊക്കെ പ്രയാസം തന്നെ. എന്നാലും ജയിക്കും. എല്ലാവരും ജയിക്കുകയും മികച്ചവര്‍ മാത്രം മികവോടെ ജയിക്കുകയും ചെയ്യുക എന്നത് ഒരു പരീക്ഷയുടെ മൂല്യസൂചനയാണ്. ഭിന്ന നിലവാരക്കാരെ മുഴുവന്‍ പരിഗണിക്കുന്ന പരീക്ഷ. കണക്ക്പരീക്ഷ-മറ്റു പല പരീക്ഷകളും പോലെ മികവുറ്റതായി.
സ്കോറുകള്‍ ചെറുതും വലുതും ഇടകലര്‍ന്ന് ഉണ്ടായിരുന്നു. എല്ലാ ചോദ്യങ്ങളിലും എന്റ്​റി ലെവല്‍ ഘടകം. റ്റെക്സ്റ്റ് മുഴുവന്‍ പരിഗണിക്കപ്പെടുന്ന അവസ്ഥ. സമയക്ലുപ്തത ഒന്നും നോക്കാനായില്ല. മുഴുവനും എഴുതിത്തീര്‍ക്കാനായി മിക്കവര്‍ക്കും. അപൂര്‍വം ചിലര്‍ക്ക് സമയം തികഞ്ഞതുമില്ല. ഭിന്നനിലവാരക്കാരുടെ എഴുത്തുമികവും കാണണമല്ലോ.ഓരോ ചോദ്യവും എടുത്തുപരിശോധിക്കേണ്ടതില്ല. തെറ്റുകളൊന്നും ആരും ചൂണ്ടിക്കാട്ടിയില്ല. ചോദ്യവും ഉത്തരമെഴുതാനുള്ള സമയവും അതിന്നു നിശ്ചയിച്ച സ്കോറും പലരും ചര്‍ച്ചചെയ്തിരുന്നു. ഒരുദാഹരണം:

രണ്ടാം ചോദ്യം: ഒന്നാം ചോദ്യത്തിന്ന് ഉത്തരമെഴുതാനെടുത്തതിന്റെ മൂന്നിരട്ടി സമയം ഇതിന്ന് വേണ്ടിവന്നു. (a-b)2 വെച്ച് വിപുലീകരിച്ച്, Xന്റെ വില കണ്ടെത്തുക എന്നത് ഒരു വൃത്തം വരച്ച് ഒരു ബിന്ദുവില്‍കൂടി സ്പര്‍ശരേഖ വരയ്ക്കുന്നതുപോലെ എളുപ്പമല്ലല്ലോ? എന്നാല്‍ രണ്ടിനും ഒരേ സ്കോര്‍!

അഞ്ചാം ചോദ്യം: സാധാരണ കുട്ടികള്‍ക്ക് പ്രവേശനം ഇല്ലാതെ വരുന്ന ഒന്നാണ്. അത്രയധികം ഗണിതബോധം ആവശ്യമുള്ളതാണിത്.

മികച്ച ചോദ്യങ്ങളില്‍ ഒന്നാണ് 12 ആം ചോദ്യം. രസകരവും എന്നാല്‍ നല്ല അറിവ് ആവശ്യമുള്ളതും. കണക്കില്‍ ആപ്ലിക്കേഷന്‍ ലെവല്‍ എന്നൊക്കെ പറയുന്നത്. നന്നായി.

13 ആം ചോദ്യം: മികച്ച നിലവാരമുള്ള ഒരു കുട്ടിക്കേ അതിലെ ചിത്രണം മനസ്സില്‍ കാണാനാകൂ. ചിത്രം കിട്ടിക്കഴിഞ്ഞാല്‍ എളുപ്പമായി. 4 സ്കോറും ഉണ്ട്. പക്ഷെ, എത്രപേര്‍ക്ക് കിട്ടിക്കാണും ചിത്രം. എ+ ല്‍ എ+കാര്‍ക്ക് നീക്കിവെച്ച ഒന്ന്!
16 ആം ചോദ്യവും (എ) വായിച്ചു മനസ്സിലാക്കാന്‍ ഈ സമയം പോര. വായിച്ചവസാനം എത്തുമ്പോള്‍ ആദ്യഭാഗം മറക്കും. മറന്നു.പിന്നെയും വായിച്ചു നോക്കി. എന്നിട്ട് (ബി) എഴുതി. അതെളുപ്പമായിരുന്നല്ലൊ. പിന്നെന്തിനാ ഇത്രയൊക്കെ വായിപ്പിച്ചത്?

എല്ലാ ചോയ്സിനും ഈ പ്രശ്നം ഉണ്ട്. പോളിനോമിയല്‍ അധ്യായത്തില്‍ നിന്ന് രണ്ടു ചോദ്യം ഒരിക്കലും ചോയ്സ് ആവുകയില്ല. AP വെച്ചും രണ്ടു ചോദ്യം ഉണ്ടായാല്‍ അതു ചോയ്സിന്റെ ഫലം ചെയ്യില്ല. ഇതൊക്കെ നാം എങ്ങനെ മറികടക്കും?

നിരവധി ചോദ്യങ്ങള്‍ നേരിട്ട് റ്റെക്സ്റ്റ്മായി ബന്ധപ്പെട്ടതും , പലതവണ പരീക്ഷകളില്‍ കണ്ടതും (മാതൃക) വളരെ എളുപ്പവും ആയിരുന്നു. അതുകൊണ്ടുതന്നെ ജയം ഉറപ്പ്. ഘനരൂപങ്ങളില്‍ വശവുമായി മാത്രം ബന്ധപ്പെട്ട - വിസ്തീര്‍ണം, വ്യാപ്തം എന്നിവയൊക്കെ ഒഴിവാക്കിയ 4 ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോദിക്കുന്നതെന്തിന്? അതെ തികച്ചും കുട്ടിക്കനുകൂലം തന്നെ പരീക്ഷ. കണക്കിലെ ജയം മറ്റുപരീക്ഷകള്‍ക്ക് വലിയ ഗുണം ചെയ്യും….നന്നായെഴുതാന്‍. ഏകദേശം 15 മാര്‍ക്കിനുള്ള 1, 3, 5, 13, 20, 21, 22 എന്നീ ചോദ്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ഉയര്‍ന്ന തലത്തിലുള്ള ചിന്ത വേണ്ട ചോദ്യങ്ങളായിരുന്നു. ചുരുക്കത്തില്‍ A+കാരെ നിശ്ചയിക്കുന്നത് ഈ ചോദ്യങ്ങളായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇനി ഉത്തരങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Click here for SSLC-2010 Mathematics answers

Click here for SSLC-2010 Physics answers


Read More | തുടര്‍ന്നു വായിക്കുക

SSLC Examination Review

>> Sunday, March 28, 2010


ഏഷ്യയിലെ ഏറ്റവും വലിയ പരീക്ഷാ സംവിധാനമായ എസ്.എസ്.എല്‍.സി അവസാനിച്ചു. പരീക്ഷയുടെ സുരക്ഷാക്രമീകരണങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയതുകൊണ്ട് തന്നെ ചോര്‍ച്ചകളില്ലാതെ 2010 ലെ പരീക്ഷ ഭംഗിയായി പര്യവസാനിച്ചു. ഇനി റിസല്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. പക്ഷേ, കഴിഞ്ഞു പോയ പരീക്ഷകളെക്കുറിച്ചുള്ള ഒരു ചര്‍ച്ച നടത്തേണ്ടത് ആവശ്യമാണെന്ന് പല അധ്യാപകരും അഭിപ്രായപ്പെട്ടിരുന്നു. അതിനെ മുന്‍നിര്‍ത്തി പരീക്ഷകളുടെ സമയക്രമത്തെപ്പറ്റിയുള്ള ഒരു ചര്‍ച്ചയാണ് ഇന്നത്തെ പോസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. മാധ്യമം ദിനപ്പത്രത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ വിഷയങ്ങളുടേയും റിവ്യു എഴുതുന്ന എസ്.വി രാമനുണ്ണി മാഷ് (കെ.ടി.എം.സ്ക്കൂള്‍, മണ്ണാര്‍ക്കാട്)പരീക്ഷാര്‍ത്ഥികളില്‍ നിന്നും അധ്യാപക-രക്ഷകര്‍ത്താക്കളില്‍ നിന്നും പരീക്ഷാ ദിനങ്ങളില്‍ ലഭിച്ച അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നു.

എസ്.എസ്.എല്‍.സി പരീക്ഷ നന്നായും അല്ലാതെയും പരീക്ഷയെഴുതിയിറങ്ങുന്ന കുട്ടികളൊക്കെ പറഞ്ഞ പൊതു പരാതി സമയം കിട്ടിയില്ല, ലാസ്റ്റ് ക്വസ്റ്റ്യന്‍ ‍എഴുതാന്‍ സമയം കിട്ടീല്യ… ഒന്നുകൂടെ നന്നാക്കിയെഴുതാന്‍ ഒടുക്കം സമയം കിട്ടീല്യ, ഒന്നു വായിച്ചുനോക്കാന്‍ സമയം ഇല്ലായിരുന്നു..…..എന്നൊക്കെയാണ്. ഇനി മൂല്യനിര്‍ണ്ണയക്യാമ്പിലും ഉയരുന്ന വാദം കുട്ടികള്‍ക്ക് സമയം തികഞ്ഞില്ല….എന്നു തന്നെയാവും.രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാണിക്കുന്നതും സമയം കിട്ടീല്യ..എന്നു തന്നെ. നേരം പോയതറഞ്ഞില്ല എന്നു പരീക്ഷാഡ്യൂട്ടിക്കാരും പറഞ്ഞു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും ഐ.ടി പരീക്ഷ 15-20 മിനിട്ടിനുള്ളില്‍ എഴുതിക്കഴിഞ്ഞവരാണ്. ഇവിടെ സമയക്രമത്തില്‍ പുനഃക്രമീകരണം ആവശ്യമുണ്ടോ?

ന്യായീകരണങ്ങള്‍ക്കായി എന്തൊക്കെ വാദം നിരത്തിയാലും ഇതൊരു യാഥാര്‍ഥ്യമാകുന്നു. ഇതിനു കാരണം ചോദ്യങ്ങള്‍ തയ്യാറാക്കുന്നവര്‍ ബ്ലുപ്രിന്റ് നിശ്ചയിക്കുന്നതില്‍ സമയം ഒരു ഘടകമാകുന്നില്ലെന്നാവും. ഒരു ഉപന്യാസം, ഒരു അരപ്പേജ് ലേഖനം, നേത്രഘടന ചിത്രം, ജലപ്രവാഹം രേഖ, അന്തര്‍വൃത്തം, കഥാപൂരണം….ഇതിനൊക്കെ എത്ര സമയം കിട്ടുന്നു/ വേണം/ ഉണ്ട് എന്നാലോചന ഉണ്ടാവില്ലേ? രണ്ടുപേജായാലും 6 പേജായലും മലയാളമായാലും ഹിന്ദിയായാലും ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജിയുടെ 1 മണിക്കൂര്‍ പേപ്പറായാലും വായിക്കാന്‍ 15 മിനുട്ട് (കൂള്‍)എന്നു നിശ്ചയിക്കുന്നതുപോലെ ആവുമോ ഉത്തരമെഴുത്തിന്റെ സമയവും നിശ്ചയിക്കുന്നത്. ശാസ്ത്രീയമായി ഇതിനെന്തു അടിസ്ഥാനം ഉണ്ട്? വല്ല പഠനങ്ങളും ഉണ്ടോ? ഇതു തീരുമാനിക്കുന്നത് എന്തടിസ്ഥാനത്തിലാവും? സാധാരണക്കാരന്നു തോന്നുന്നത് 2.5 മണിക്കൂറിന്റെ ഇംഗ്ലീഷിനും 1 മണിക്കൂറിന്റെ ഐ.ടി ക്കും 15 മിനുട്ട് കൂള്‍ സമയം നിശ്ചയിച്ച യുക്തിയേ ഇതിനൊക്കെ ഉണ്ടാവൂ എന്നാണ്. എന്തായാലും പരീക്ഷാ സമയക്രമീകരണങ്ങളില്‍ ഒരു പുനര്‍വിചിന്തനം വേണമെന്നതില്‍ തര്‍ക്കത്തിനിടയുണ്ടാകില്ല


Read More | തുടര്‍ന്നു വായിക്കുക

സിസ്റ്റത്തില്‍ നിന്നും സോഫ്റ്റ്‌വെയറിന്റെ Debian Package

>> Wednesday, March 24, 2010

കേരളത്തിലെ സ്ക്കൂളുകളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിപ്ലവം ബഹുദൂരം പിന്നിട്ടു കഴിഞ്ഞു. ഈ വിപ്ലവത്തിനാകട്ടെ മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയത് ഐടി@സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മാസ്റ്റര്‍ട്രെയിനര്‍മാരായിരുന്നു. നമുക്കൊപ്പം പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ തന്നെയാണ് മാസ്റ്റര്‍ട്രെയിനര്‍മാരായി പ്രവര്‍ത്തിച്ചു പോരുന്നത്. അതുകൊണ്ട് ഇവരുടെയെല്ലാം നേട്ടങ്ങള്‍ അധ്യാപകലോകത്തിന്റേതു തന്നെയാണ്.അവരുടെ അന്വേഷണങ്ങളില്‍, ആകസ്മികമായി ശ്രദ്ധയില്‍പ്പെട്ട, വിഷയങ്ങളില്‍ പലതും മാത്‌സ് ബ്ലോഗിലൂടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍പ്പെട്ട, സ്ക്കൂള്‍ ലിനക്സ് ഉപയോഗിക്കുന്ന ഏവര്‍ക്കും ഉപകാരപ്രദമാകുന്ന ഒരു വിഷയമാണ് ഇന്നിവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഒരു ഉദാഹരണത്തില്‍ നിന്നും തുടങ്ങാം. ഗണിതപഠനത്തിന് സഹായിക്കുന്ന ജിയോ ജിബ്ര സോഫ്റ്റ്​വെയര്‍ നമുക്ക് മറ്റൊരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നുണ്ട്, പക്ഷെ അതിനാവശ്യമായ സോഫ്റ്റ്​വെയര്‍ പാക്കേജ് സി.ഡി നമ്മുടെ കയ്യിലില്ല. എന്താണൊരു മാര്‍ഗം? ജിയോജിബ്ര ഉള്ള സിസ്റ്റത്തില്‍ താഴെ പറയുന്ന സ്റ്റെപ്പുകള്‍ ചെയ്താല്‍ നമുക്ക് അതിന്റെ ഡെബിയന്‍ പാക്കേജ് ഉണ്ടാക്കിയെടുക്കാം. ഇത് ജിയോജിബ്ര മാത്രമല്ല, ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഏത് സോഫ്റ്റ്​വെയറിന്റേയും ഡെബിയന്‍ പാക്കേജ് ഇതുപോലെ നമുക്ക് പുനഃസൃഷ്ടിക്കാം. ഇതിനെക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് മലപ്പുറം ഐ.ടി@സ്ക്കൂള്‍ പ്രൊജക്ടിലെ പ്രതിഭാധനരായ രണ്ട് മാസ്റ്റര്‍ ട്രെയിനര്‍മാരായ അബ്ദുള്‍ ഹക്കീം, ഹസൈനാര്‍ മങ്കട എന്നിവര്‍ ചേര്‍ന്നാണ്. നമ്മുടെ ബ്ലോഗില്‍ പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ലാത്തവരാണ് ഇവര്‍ രണ്ട് പേരും. നമ്മുടെ ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കാന്‍ എന്നുമെപ്പോഴും സന്നദ്ധത കാണിച്ചിട്ടുള്ള ഇവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ലേഖനത്തിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം.


Read More | തുടര്‍ന്നു വായിക്കുക

ഇന്ത്യാവിഷന്‍ കണ്ടില്ലേ..?

>> Monday, March 22, 2010

ഇന്ത്യാവിഷന്‍ ചാനലിലെ മാത്സ് ബ്ലോഗ് ടീമംഗങ്ങളായ ജോണ്‍മാഷിന്റേയും ഭാമടീച്ചറിന്റേയും എസ്.എസ്.എല്‍.സി ഗണിതപരീക്ഷാദിന പ്രത്യേക ഫോണ്‍ഇന്‍ പരിപാടി കണ്ടില്ലേ? ഒരുപാട് പരിമിതികള്‍ക്കിടയിലും, വളരെ നന്നായെന്നാണ് പൊതുവിലുള്ള അഭിപ്രായം. എങ്കിലും, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കായി, അവര്‍ കാത്തിരിക്കുകയാണ്. ഭാവിയില്‍, ഇത്തരം പരിപാടികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവ ഉപകരിക്കുമല്ലോ..!ഇനി, പരിപാടി കാണാന്‍ സാധിക്കാത്തവര്‍ക്കായി, അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഭംഗിയായി എഡിറ്റുചെയ്ത്, എത്രയും വേഗം 'In News'പേജില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. തത്കാലം, ചില ദൃശ്യങ്ങള്‍ മാത്രം താഴേയുള്ള യൂ-ട്യൂബ് വിന്റോയില്‍ പ്ലേ ചെയ്ത് കാണുക.


ഈ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് തന്ന, എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസിലെ എന്‍.എം. മുഹമ്മദ് സബീര്‍ മാഷിന് നന്ദി.


Read More | തുടര്‍ന്നു വായിക്കുക

SSA യ്ക്ക് പകരം RMSA സ്ക്കൂളുകളിലേക്ക്

കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പോസ്റ്റാണിത്. പുതുതായി വരുത്തിയ മാറ്റങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിച്ചിട്ടു വേണം ഡാറ്റാ എന്‍ട്രി നല്‍കാന്‍. ഈ വര്‍ഷത്തോടെ നമ്മുടെ എസ്.എസ്.എ. പദ്ധതി വിടപറയുകയാണല്ലോ? പകരമായി 9, 10, 11, 12 ക്ലാസ്സുകളെ ക്കൂടി ഉള്‍​പ്പെടുത്തിക്കൊണ്ടുള്ള ആര്‍.എം.എസ്.​എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) വരികയാണ്. അതിന്റെ പ്രാരംഭ നടപടികള്‍ക്കായി എല്ലാ സ്കൂളുകളുടേയും മുഴുവന്‍ വിവരങ്ങളും സമയബന്ധിതമായി ഓണ്‍ലൈനായി അപ്​ലോഡ് ചെയ്യേണ്ടതുണ്ട്. ഈ മാസം 30 നു മുമ്പായി വേണം അപേ​ലോഡിങ്ങ് നടത്തേണ്ടത്. ഏതാണ്ടെല്ലാ വിവരങ്ങളും നമ്മുടെ ബ്ലോഗിലെ ഡൗണ്‍ലോഡ്സില്‍ ഉള്‍​പ്പെടുത്തിയിട്ടുണ്ട്. അപ്​ലോഡിങ്ങിന്റെ എളുപ്പത്തിനായി, ആദ്യം നമ്മുടെ ബ്ലോഗില്‍ ഡൗണ്‍ലോഡില്‍ നല്‍കിയിരിക്കുന്ന ഡാറ്റാ കാപ്ചറിങ്ങ് ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിച്ചുവെച്ചാല്‍ നന്ന്.

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (RMSA) നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും സമഗ്ര വിവരശേഖരണം നടത്തുന്നു. ഹൈസ്‌കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, സ്‌പെഷ്യല്‍ സ്‌കൂള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍​പ്പെടെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് തുടങ്ങിയ സ്‌കൂളുകള്‍ പദ്ധതിയുടെ പരിധിയില്‍ വരും. പുതിയ ക്ലാ​സ്സ്മുറികള്‍ നിര്‍മ്മിക്കുക, സ്‌കൂളുകള്‍ അപ്‌​ഗ്രേഡ് ചെയ്യല്‍, വൈദ്യുതീകരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍, അധ്യാപക പരിശീലനം തുടങ്ങിയ കാര്യങ്ങളെല്ലാം എട്ടാംക്ലാസ്സുമുതല്‍ പ്ലസ്​ടു തലം വരെയുള്ള സ്‌കൂളുകള്‍ക്ക് മാധ്യമിക് ശിക്ഷാ അഭിയാന്‍ വഴി ലഭിക്കും. ഇതിന്റെ ആദ്യപടിയായാണ് അത്തരം സ്‌കൂളുകളുടെ നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും വിവരശേഖരണം തുടങ്ങിയിട്ടുള്ളത്. ഇനി RMSA ‍ഡാറ്റാ എന്‍ട്രിക്ക് ആവശ്യമായ ഓപ്പറ എന്ന ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെക്കുറിച്ചും ഡാറ്റാ എന്‍ട്രിയിലെ പൊതുസംശയങ്ങളെപ്പറ്റിയും തുടര്‍ന്നു വായിക്കാം. (Read More ല്‍ ക്ലിക്ക് ചെയ്യൂ)

മാധ്യമിക് ശിക്ഷാ അഭിയാന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകള്‍ ആവശ്യങ്ങളും സൗകര്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഫെബ്രുവരി 27 നകം ഓണ്‍ലൈനായി നല്‍കണമെന്നാണ് നിര്‍​ദ്ദേശം. സ്ക്കൂള്‍ ലിനക്സ് വഴി വിവരങ്ങള്‍ അപ്​ലോഡ് ചെയ്യാനായി "ഓപ്പറ" എന്ന വെബ് ബ്രൗസര്‍ വേണം. ബ്ലോഗിന്റെ ഡൗണ്‍ലോഡില്‍ നിന്നോ ഇവിടെ നിന്നോ ഓപ്പറ ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ലഭിക്കുന്ന ഡെബിയന്‍ പാക്കേജ്, റൈറ്റ് ക്ലിക്കു ചെയ്ത് open with g-debi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. വിന്‍ഡോസില്‍ വര്‍ക്കു ചെയ്യുന്ന ഇന്റര്‍നെറ്റ് എക്സ്​പ്ലോറര്‍ പോലെ തന്നെയുള്ള ഒരു സോഫ്റ്റ്​വെയറാണ് ഓപ്പറ. മോസില്ലയുടെ പല വേര്‍ഷനുകളിലും ഈ സൈറ്റ് തുറക്കാമെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ നിര്‍​ദ്ദേശം അതേപടി അനുസരിക്കുന്നതാണ് ഉചിതം.

 • 99 ശതമാനം സ്ക്കൂളുകളും ഈ ഈ പദ്ധതിക്കു കീഴില്‍ ഉള്‍​പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനീഷ്യലൈസേഷന്‍ എന്ന സ്റ്റെപ്പ് അവരാരും ചെയ്യേണ്ടതില്ല. പദ്ധതിക്കു കീഴില്‍ വരുന്ന സ്ക്കൂളുകളുടെ ലിസ്റ്റ് നമ്മുടെ ബ്ലോഗിലെ ഡൗണ്‍ലോഡ്സില്‍ 8-2-2010 എന്ന തിയതിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍​പ്പെടാത്ത സ്കൂളുകള്‍ മാത്രം ഇനിഷ്യലൈസ് ചെയ്താല്‍ മതി. അതിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഇനിഷ്യലൈസേഷന്‍ പാസ് വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. സ്കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ല സെലക്ട് ചെയ്ത് ബ്ളോക്ക് , വില്ലേജ്, എന്നിവ ചെക്ക് ചെയ്യണം. ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കണം. സ്കൂളിന്റെ പേര് ഇല്ലെങ്കില്‍ കൂട്ടി ചേര്‍ക്കണം മുന്‍പ് വിവരങ്ങള്‍ നല്‍കിയിട്ടുള്ള സ്കൂളുകളുടെ പേര് ഉണ്ടായിരിക്കും. ഇവിടെ നിന്നും ആ സ്കൂളിന്റെ കോഡ് ലഭിക്കും . ഈ കോഡുപയോഗിച്ച് വിവരങ്ങള്‍ നല്‍കാം.

 • സ്കൂളുകളുടെ വിവരങ്ങള്‍ നല്‍കുന്നതിന് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ സ്കൂളുകള്‍ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം വിവരങ്ങള്‍ നല്‍കണം.

  മാപ്പിങ് ലിസ്റ്റില്‍ ഉള്‍​പ്പെട്ടിട്ടുള്ള സ്ക്കൂളുകള്‍ ലോഗിന്‍ ചെയ്യുന്ന വിധം

  LINK FOR DATA ENTRY : www.semisonline.net

 • ഓരോ ജില്ലയിലേയും സ്ക്കൂളുകള്‍ അതാത് ജില്ലാ അടിസ്ഥാനത്തിലാണ് ഡാറ്റാ എന്‍ട്രി നടത്തേണ്ടത്. മെനുവില്‍ നിന്നും Data Entry ക്ലിക്ക് ചെയ്ത് ലഭിക്കുന്ന വിന്‍ഡോയില്‍ നിന്നും Data Entry by District Level ക്ലിക്ക് ചെയ്ത് Data entry പാസ് വേഡും യൂസര്‍ നെയിമും നല്‍കി ലോഗിന്‍ ചെയ്യണം. അതിനാവശ്യമായ യൂസര്‍നെയിമും പാസ്​വേഡുമെല്ലാം പരിശീലനപരിപാടിയില്‍ ഐ.ടി @സ്ക്കൂള്‍ വഴി ലഭിക്കും. ബ്ലോക്ക്, വില്ലേജ് എന്നിവ സെലക്ട് ചെയ്ത് എന്റര്‍ ചെയ്ത് ഇടതു വശത്ത് display ചെയ്യുന്ന സ്കൂള്‍ ലിസ്റ്റില്‍ നിന്നും സ്കൂള്‍ സെലക്ട് ചെയ്യാം. DATA ENTRY FORM ന്റെ വിവിധ പേജുകളിലേക്ക് പോകുന്നതിന് ഇവിടെ ഓപ്ഷന്‍ ഉണ്ട്. ആദ്യമായി വിവരങ്ങള്‍ നല്‍കുന്നവര്‍ Proceed ക്ലിക്ക് ചെയ്ത് മുന്‍പോട്ട് പോയാല്‍ മതി. എല്ലാ പേജുകളും തുറന്ന് സേവ് ചെയ്യണം.

 • സ്കൂള്‍ ഇനിഷ്യലൈസ് ചെയ്യുമ്പോള്‍ സ്കൂള്‍ കോഡ് ജനറേറ്റ് ചെയ്യും. ലോഗിന്‍ വിന്‍ഡോയില്‍ സ്കൂള്‍ കോഡ് നല്‍കിയും വിവരങ്ങള്‍ നല്‍കാം.

 • സ്കൂള്‍ കോഡിലെ ആദ്യ രണ്ടക്കങ്ങള്‍ സംസ്ഥാന കോഡും അടുത്ത രണ്ടക്ഷരങ്ങള്‍ ജില്ലാ കോഡും തുടര്‍ന്ന് രണ്ടക്കങ്ങള്‍ ബ്ലാക്ക് കോഡ് ,രണ്ടക്കങ്ങള്‍ വില്ലേജ് കോഡ് അവസാന മൂന്നക്കങ്ങള്‍ സ്കൂള്‍ കോഡ് എന്നിങ്ങനെയായിരിക്കും
  ഉദാ: ജി.എച്ച്.എസ്സ്.എസ്സ്. കുണ്ടംകുഴി 32103007001

 • മെനുവില്‍ നിന്നും Initialize ക്ലിക്ക് ചെയ്ത് Initialization Password നല്‍കി Administrator ആയി ലോഗിന്‍ ചെയ്യണം.

 • Panchayath /ward, Village /Town/ City എന്നിവ ഓരോന്നായി Initialize ചെയ്യാം. തുറന്നു വരുന്ന ലിസ്റ്റില്‍ ഇല്ലാത്തത് Add Button വഴി ഉള്‍​പ്പെടുത്തണം.സ്കൂള്‍ Initialize ചെയ്യുമ്പോള്‍ ലഭിക്കുന്ന ലിസ്റ്റില്‍ പേരില്ലെങ്കില്‍ Add button ഉപയോഗിച്ച് ഉള്‍പ്പെടുത്തണം. ഇവിടെ 6 character പാസ് വേഡ് നല്‍കണം

 • ഒന്നാം പേജില്‍ സീരിയല്‍ നമ്പര്‍ നല്‍കേണ്ടതില്ല.
 • Name of village/Town/city എന്നത് വില്ലേജാണ് ഉദ്ദേശിക്കുന്നത്.
 • സ്കൂള്‍ അഡ്രസ്സും പിന്‍ കോഡും കൃത്യമായി നല്കണം.

 • രണ്ടാം പേജില്‍ Staus and Source of funding of the school- ഗവണ്മന്റ് സ്കൂളുകള്‍ക്ക് 1 ഉം എയിഡഡ് സ്കൂളുകള്‍ക്ക് 4ഉം അണ്‍ എയിഡഡ് സ്കൂളുകള്‍ക്ക് 5 ഉം ആയിരിക്കും.
 • Children with special needs- Blind /Deaf

 • Page 3 Number of sections എന്നത് ഡിവിഷനുകളാണുദ്ദേശിക്കുന്നത്.
 • Language code – ഫോമിനോടൊപ്പമുള്ള Instructions കാണുക.
 • OEC വിഭാഗത്തെ OBC യോടൊപ്പം ചേര്‍ത്താല്‍ മതി.
 • Repeaters -രണ്ടാം വര്‍ഷം അതേ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളാണ്.

 • Page 5 ല്‍ Arts വിഷയം - Humanities subjects ആണ്.
 • ഒരു സ്കൂളിന് ഒരു പേജ് applicable അല്ലെങ്കിലും തുറന്ന് സേവ് ചെയ്യണം.
 • Page 10 -40% ന് മുകളില്‍ ഫിസിക്കല്‍ ഡിസ് എബിലിറ്റിയുള്ള കുട്ടികളുടെ വിവരങ്ങള്‍
 • Page -10 -- 12b യും 17 a യും Tally യാകണം.

 • 14 എന്ന കോളത്തില്‍ 14 വയസ് തികഞ്ഞ കുട്ടികളുടെ വിവരങ്ങളാണ് വേണ്ടത്.
 • ഹെഡ്​മാസ്റ്റര്‍ ഉള്‍പ്പടെയുള്ള teaching staff ന്റെ വിവരങ്ങളാണ് ഇവിടെ നല്‍കേണ്ടത്
 • Regional language – Malayalam/Kannada/Tamil
 • അധ്യാപകരുടെ വിവരങ്ങള്‍ SSA യ്ക്ക് നല്‍കിയ ശേഷമുള്ള 2/3rd നല്‍കണം

NB: പരിശീലനം കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ഓണ്‍ ലൈനില്‍ നല്‍കുന്നത് പൂര്‍ത്തിയാക്കണം


Read More | തുടര്‍ന്നു വായിക്കുക

പള്ളിയറയും കണക്കിന്റെ കൊമ്പും..!

>> Sunday, March 21, 2010

ഞായറാഴ്ചകളില്‍ സംവാദങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നാം തീരുമാനിച്ചതനുസരിച്ച്, പ്രസിദ്ധീകരിച്ച ആദ്യ പോസ്റ്റിന് ഒരു അനോണിമസ് വായനക്കാരന്‍ കമന്റായി നല്‍കിയ മറുചോദ്യം 'ഗണിതത്തിനെന്താ, കൊമ്പുണ്ടോ?' എന്നായിരുന്നു. വിഖ്യാതമായ നൊബേല്‍ പുരസ്കാരത്തിന്, എന്തേ ഗണിതം പരിഗണിക്കപ്പെടാത്തതെന്നായിരുന്നൂ സംവാദ വിഷയം. കമന്റു പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം വന്നൂ, പള്ളിയറ ശ്രീധരന്‍ മാഷുടെ മറുപടി. "എന്താ, ഗണിതത്തിനു കൊമ്പുണ്ടോ എന്നൊരാള്‍ എഴുതിക്കാണുന്നു. കൊമ്പുണ്ട്! ചെറുതല്ല, വലിയ വല്ലൃ വല്ലൃ കൊമ്പ്. ഈ ലോകത്തില്‍ ഏതു വിഷയത്തേക്കാളും കൊമ്പുള്ള വിഷയമാണ് ഗണിതം. ഗണിതമില്ലാത്ത ലോകത്തില്‍ ഒരു വിഷയത്തിനും അസ്തിത്വമില്ല. ഇതുപോലുള്ള മറ്റേതെങ്കിലും വിഷയമുണ്ടോയെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആ അനോണിമസിനെ വെല്ലുവിളിക്കുന്നു." ആത്മാര്‍ഥമായ ഗണിതസ്നേഹത്തിന്റെ ആള്‍രൂപമായ അദ്ദേഹത്തിന്റെ വെല്ലുവിളിക്കുമുമ്പില്‍ ഒന്നു പ്രതിരോധിക്കാന്‍ പോലും നില്‍ക്കാതെ, ആ അനോണിമസ് സുഹൃത്ത് പോയ വഴി പുല്ലുപോലും മുളച്ചില്ല.

ഈയാഴ്ച ഈ വിഷയം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം, കഴിഞ്ഞദിവസം അദ്ദേഹം നമുക്കയച്ചുതന്ന പരിഭവം നിറഞ്ഞ ഒരു മെയിലാണ്. ഗൌരവതരമായ ഒരു വിഷയം, ഇതു വരേ, ഗണിതബ്ലോഗിന്റെ ശ്രദ്ധയില്‍ പെടാഞ്ഞതെന്തേയെന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. വിഷയമിതാണ്. അടുത്തവര്‍ഷം മുതല്‍ വിദ്യാഭ്യാസവകുപ്പ് നാലുവിഷയങ്ങള്‍ക്ക് പുതിയ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു. വളരെ സ്വാഗതാര്‍ഹമായ ഈ വാര്‍ത്തയില്‍ ഇത്ര ഗൌരവപ്പെടാനെന്തുണ്ടെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്, അല്ലേ? പ്രസ്തുത വിഷയങ്ങളേതൊക്കെയെന്നുകൂടി കേട്ടോളൂ.., സാമൂഹ്യശാസ്ത്രം, സാഹിത്യം, സംഗീതം-കല, കായികം. കഴിഞ്ഞു, ഗണിതമില്ല! ഫെബ്രുവരി 15ന് ഈ വാര്‍ത്ത പുറത്തുവന്ന് ഇത്രനാള്‍ കഴിഞ്ഞിട്ടും ഗണിതസ്നേഹികളുടെ, പ്രത്യേകിച്ച് ഗണിതബ്ലോഗിന്റെ യാതൊരു പ്രതിഷേധവും ഇക്കാര്യത്തിലില്ലാഞ്ഞതാണ് അദ്ദേഹത്തിന്റെ ന്യായമായ പരിഭവത്തിനു നിദാനം. പരിഭവം പറഞ്ഞ് വെറുതേയിരിക്കുകയായിരുന്നില്ല, ഇദ്ദേഹം. തല്‍സംബന്ധമായി, ബഹു. വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതുകയും പത്രക്കോളത്തിലെ പ്രതികരണപേജുകളില്‍ പ്രതികരിക്കുക കൂടി ചെയ്തു.

അല്ലെങ്കിലും ബഹുമാനിക്കേണ്ട വിഷയങ്ങളേയും, വ്യക്തികളേയും പരിഗണിക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് നാം കാണിക്കാറുള്ളത്. നമ്മുടെ പള്ളിയറ മാഷിന്റെ കാര്യം തന്നെയെടുക്കാം. ഈ ലേഖകന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ആദ്യമായി കിട്ടിയ "കണക്കിന്റെ കളികള്‍" എന്ന സമ്മാന പുസ്തകവും മുപ്പതു കൊല്ലം പഴക്കമുള്ള അതിന്റെ മുഷിഞ്ഞ പുറംതാളിലെ പള്ളിയറ ശ്രീധരന്‍ എന്ന ഗ്രന്ഥകാരന്റെ പേരും ഇന്നും ഇടയ്ക്കിടെ എടുത്തു നോക്കാറുണ്ട്. ഇതുപോലെ, എത്രയെത്ര മരമണ്ടൂസന്മാരെയായിരിക്കും, ഇദ്ദേഹം ക​ണക്കിന്റെ അത്ഭുത ലോകത്തേക്ക് ആനയിച്ചിട്ടുണ്ടാവുക? കണ്ണൂര്‍ ജില്ലയിലെ, വാരം സ്വദേശിയായ ഈ അറുപതുകാരന് നാം, അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയിട്ടുണ്ടോ? കഥകള്‍, കവിതകള്‍, ജാലവിദ്യകള്‍ എന്നിവയിലൂടെ ഗണിതശാസ്ത്രരഹസ്യങ്ങള്‍ കുട്ടികളിലേക്കെത്തിക്കാനായി നൂറോളം പുസ്തകങ്ങളിലൂടെ അക്ഷീണം പ്രയത്നിക്കുന്ന ഇദ്ദേഹം ആറുവര്‍ഷത്തെ അധ്യാപന ജീവിതം ബാക്കി നില്‍ക്കെ, സര്‍വ്വീസില്‍ നിന്ന് സ്വമേധയാ വിരമിച്ചതിനു പിന്നില്‍, മറ്റേതെങ്കിലും സ്വാര്‍ഥലക്ഷ്യങ്ങളായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

"ഇന്ത്യന്‍ ഭാഷകളില്‍ മാത്​സില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ചത് ഞാനാണ്. കേരളത്തിന്റെ ഗണിതപഠന നിലവാരം ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണെന്ന് NCERT പഠനറിപ്പോര്‍ട്ട് വന്നിട്ടുണ്ട്. എന്റെ ഒരു പുസ്തകമോ ലേഖനം പോലുമോ ഇതുവരെ കുട്ടികള്‍ക്കു പഠിക്കാന്‍ സെലക്ട് ചെയ്തിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം DSMA സെക്രട്ടറി ആയത് റിട്ടയര്‍ ചെയ്യുമ്പോള്‍ ഞാനായിരുന്നു. ഒരിക്കല്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി. കേരളത്തില്‍ ഉടനീളം അദ്ധ്യാപകര്‍ക്ക് നിരവധി ഇന്‍ സര്‍വ്വീസ് കോഴ്സുകള്‍ നടത്തിയിട്ടുണ്ട്. പക്ഷെ റിട്ടയര്‍ ചെയ്ത ശേഷം 10 വര്‍ഷമായിട്ടും ഒരു മാത്​സ് ഫെയറിനോ ഒരു മാത്​സ് പ്രോഗ്രാമിനോ ഇതുവരെ എന്നെ ക്ഷണിച്ചിട്ടില്ല. കണക്കു മാഷുമ്മാര്‍ക്ക് എന്നെ അറിയില്ല എന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടത്? കണക്കിന് ജീവിതത്തിലുള്ള പ്രാധാന്യം ഞാന്‍ വിശദീകരിക്കേണ്ടതില്ല. ആ വിഷയത്തില്‍ മലയാളത്തില്‍ മാത്രമല്ല, ഇന്‍ഡ്യന്‍ ഭാഷകളില്‍ തന്നെ, ഏറ്റവും കൂടുതല്‍ പുസ്തകമെഴുതിയ ആളിനോടാണ് ഈ അവഗണന! കണക്കിനു വേണ്ടി ജോലി രാജി വെച്ചതില്‍ ഞാന്‍ അങ്ങയേറ്റം ഖേദിക്കുന്നു. സാമ്പത്തിക പ്രയാസം വളരെ വലുതാണ്. പുസ്തകങ്ങള്‍ അച്ചടിച്ച് ലക്ഷങ്ങള്‍ തുലച്ചു. പെന്‍ഷന്‍ ഒരു യു.പി.എസ്.എക്കാരന്റേതാണ്. മലയാളത്തില്‍ ഒരു അഞ്ചു കഥയെഴുതിയാല്‍ മഹാസാഹിത്യകാരന്‍. കഥാപുസ്തകത്തെക്കാള്‍, നോവലിനെക്കാള്‍, കവിതാപുസ്തകത്തെക്കാള്‍ മോശമാണോ, ഒരു കണക്കു പുസ്തകം? "
എസ്.എസ്.എ. ഫണ്ടുപയോഗിച്ച് സ്കൂളുകളിലേക്കും മറ്റും വാങ്ങിക്കൂട്ടുന്ന ആയിരക്കണക്കിനു പുസ്തകങ്ങളില്‍ ഒന്നു പോലും ഈ മനുഷ്യന്റേതായിട്ടില്ലായെന്നുകൂടി അറിയുമ്പോഴാണ് നാം ഈ അവഗണനയുടെ മുഴുവന്‍ പൊരുളും മനസ്സിലാക്കുന്നത്.

ഗണിതത്തോടുള്ള അവഗണനയെപ്പറ്റി പറഞ്ഞുവന്നപ്പോള്‍ മാഷിന്റെ കാര്യം കൂടി ഓര്‍ത്തുപോയെന്നേയുള്ളൂ. സ്വകാര്യമായ ഒരു കത്തിലെ പൊള്ളുന്ന ഈ യാഥാര്‍ഥ്യങ്ങള്‍ പരസ്യപ്പടുത്തിയതിന് അദ്ദേഹം ചിലപ്പോള്‍ വഴക്കുപറഞ്ഞേക്കാം. എങ്കിലും, ഇതൊക്കെ ഭൂരിഭാഗം അധ്യാപകരായുള്ള നമ്മുടെ വായനക്കാര്‍ അറിയുകയും പ്രതികരിക്കുകയും വേണ്ടത് അവശ്യമാണെന്നു തോന്നിയതിനാല്‍ മാത്രം പ്രസിദ്ധീകരിക്കുന്നു. കമന്റുകളിലൂടെ പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കട്ടെ.


Read More | തുടര്‍ന്നു വായിക്കുക

തിങ്കളാഴ്ച ഇന്‍ഡ്യാ വിഷനില്‍ മാത്‌സ് ബ്ലോഗ് ടീം

>> Friday, March 19, 2010


എസ്.എസ്.എല്‍.സി ഗണിത ശാസ്ത്ര പരീക്ഷ നടക്കുന്ന മാര്‍ച്ച് 22 തിങ്കളാഴ്ച ഇന്‍ഡ്യാ വിഷന്‍ ചാനലിലേക്ക് മാത്‌സ് ബ്ലോഗ് ടീമില്‍ നിന്നും എറണാകുളം വരാപ്പുഴ എച്ച് ഐ ബി എച്ച് എസിലെ അധ്യാപകനായ ജോണ്‍ സാറിനേയും തൃശൂര്‍ പെരിങ്ങോട്ടുകര ജി.എച്ച്.എസ്. എസിലെ അധ്യാപികയായ സത്യഭാമ ടീച്ചറേയും ക്ഷണിച്ചിട്ടുണ്ട്. രാവിലെ 7 മുതല്‍ 8 വരെയാണ് പ്രോഗ്രാം നടക്കുന്നത്. ഇത്തരം സമയങ്ങളില്‍ ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കെങ്ങനെ സന്തോഷിക്കാതിരിക്കാനാകും. കാരണം, നമ്മുടെ ടീമിന് ലഭിക്കുന്ന ഒരു അംഗീകാരമായിത്തന്നെ ഇതിനെ കാണാമല്ലോ. ഞങ്ങളുടെ വായനക്കാരായ അധ്യാപകരും അഭ്യുദയകാംക്ഷികളും തന്നെയാണ് ഇപ്പോഴും ഈ സംരംഭത്തിന് വഴിവെട്ടമേകുന്നതെന്നതില്‍ സംശയമില്ല. നിങ്ങളുടെ ഓരോരുത്തരുടേയും അഭിപ്രായങ്ങള്‍ തേടുന്നു. ഈ പ്രോഗ്രാമില്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

തോമാസ് സാറിന്റെയും കണ്ണന്‍ സാറിന്റേയും അഭിപ്രായമനുസരിച്ച് അനൂപ് സാര്‍ ഇന്നലെ കുറച്ചു കൂടി ചോദ്യങ്ങള്‍ ബ്ലോഗിലേക്ക് അയച്ചു തന്നിട്ടുണ്ട്. പ്രോഗ്രഷന്‍ (സമാന്തരശ്രേണി), കോഡിനേറ്റ് ജ്യോമട്രി (നിര്‍ദ്ദേശാങ്കജ്യാമിതി) , ട്രിഗ്നോമെട്രി (ത്രികോണമിതി) എന്നിവയിലെ ചോദ്യങ്ങളും ഇവിടെ പ്രസിദ്ധീകരിച്ച ചില ചോദ്യങ്ങളും അതിലുള്‍പ്പെടുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.


മേല്‍പ്പറഞ്ഞ പാഠങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനുകളാണ് ഈ സിപ് ഫയലിലുള്ളത്.
Extra Questions from AP, Trigonometry, Coordinate Geometry


Read More | തുടര്‍ന്നു വായിക്കുക

SSLC Model Questions

>> Thursday, March 18, 2010

ഇന്നലെ സ്റ്റാറ്റിസ്റ്റിക്സ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനോടൊപ്പം വിവിധ പാഠഭാഗങ്ങളില്‍ നിന്നായി കപീഷ് എന്ന പേരിലെഴുതിയ ബ്ലോഗര്‍ കുറേ നല്ല ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് കണ്ടു കാണുമല്ലോ. കണ്ണന്‍ സാര്‍ സൂചിപ്പിച്ചതു പോലെ അതെല്ലാം ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയായ mathsekm@gmail.com ലേക്ക് അയച്ചു തരികയായിരുന്നെങ്കില്‍ പി.ഡി.എഫ് രൂപത്തില്‍ നമുക്ക് പ്രസിദ്ധീകരിക്കാമായിരുന്നു. ഇംഗ്ലീഷ് ചോദ്യങ്ങള്‍ കുറവാണ് എന്ന പരാതി പരിഹരിക്കാന്‍ കൂടി അത് സഹായിച്ചേനെ. എന്തായാലും ഈ സ്പിരിറ്റ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇന്നലെ പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ് ചോദ്യങ്ങള്‍ നമുക്കയച്ചു തന്ന മാവേലിക്കരയിലെ അനൂപ് രാജ സാര്‍ എല്ലാ പാഠഭാഗങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മോഡല്‍ ചോദ്യപേപ്പര്‍ അയച്ചു തന്നിരിക്കുന്നു. കുറേ നല്ല ചോദ്യങ്ങള്‍ കാണാന്‍ കഴിഞ്ഞത് കൊണ്ട് തന്നെ ഒട്ടും വൈകാതെ അവ പ്രസിദ്ധീകരിക്കുന്നു. സ്വപ്ന ടീച്ചര്‍ സൂചിപ്പിച്ച പോലെ, ശനി, തിങ്കള്‍ ദിവസങ്ങളില്‍ സ്പെഷല്‍ ക്ലാസുകളെടുക്കുന്നവര്‍ക്ക് ഇത്തവണ തന്നെ അവ വിനിയോഗിക്കാമല്ലോ. താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം


എന്തായാലും അടുത്ത വര്‍ഷത്തേക്ക് പത്താം ക്ലാസിലേക്ക് നല്ലൊരു റിസോഴ്സ് നമുക്കായിക്കഴിഞ്ഞു. ഇനി പാഠപുസ്തകങ്ങള്‍ മാറുന്ന ഒന്‍പതാം ക്ലാസിലെ പാഠഭാഗങ്ങളിലാണ് നമുക്ക് കൂടുതലായി ശ്രദ്ധിക്കേണ്ടത്. അധ്യാപകരടക്കമുള്ള സുമനസ്സുകള്‍ അടുത്ത വര്‍ഷത്തെ മാറി വരുന്ന ഗണിത പാഠപുസ്തകത്തിലെ, ഓരോ പാഠങ്ങളിലേയും മാതൃകാ ചോദ്യങ്ങളോ പഠനതന്ത്രങ്ങളോ തയ്യാറാക്കി ഞങ്ങള്‍ക്കയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ഗണിതശാസ്ത്രത്തിന് നമുക്ക് നല്ലൊരു റിസോഴ്സ് ഉണ്ടാക്കണം. ഫിലിപ്പ് മാഷും ഹസൈനാര്‍ സാറും ശ്രീനാഥ് സാറും കൂടി നമ്മുടെ വായനക്കാര്‍ക്കായി, പ്രത്യേകിച്ച് ഐ.ടി അധ്യാപകര്‍ക്കായി ലിനക്സ് പഠനസഹായികള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. വേക്കേഷന് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഈ പാഠങ്ങള്‍ ലിനക്സ് പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും വലിയൊരു സഹായിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അനൂപ് സാര്‍ തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പര്‍ താഴെ നല്‍കുന്നു. എന്തെങ്കിലും തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമുണ്ടെങ്കില്‍ അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ

Click here to download the Model Question Paper prepared by Anoop Raja


Read More | തുടര്‍ന്നു വായിക്കുക

SSLC റിവിഷന്‍ : സ്റ്റാറ്റിസ്റ്റിക്സ്

>> Wednesday, March 17, 2010

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുരളീധരന്‍ സാര്‍ തയ്യാറാക്കിയ ഗണിത ചോദ്യപേപ്പര്‍ നിലവാരം പുലര്‍ത്തി എന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നു വന്നത്. ഒപ്പം ആ ചോദ്യങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇല്ലാത്തതില്‍ പലരും പരിഭവം പ്രകടിപ്പിക്കുകയുണ്ടായി. എന്തായാലും ആ പരാതി പരിഹരിക്കാന്‍ കൂടി കണക്കാക്കിയാണ് ഇന്ന് പത്താം പാഠമായ സ്റ്റാറ്റിസ്റ്റിക്സിലെ മാതൃകാ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ആലപ്പുഴയിലെ മാവേലിക്കരയില്‍ നിന്നും നമ്മുടെ ബ്ലോഗിന്റെ നിത്യസന്ദര്‍ശകനായ അനൂപ് രാജ എന്ന അധ്യാപകന്‍ കുറച്ചു ചോദ്യങ്ങള്‍ അയച്ചു തന്നിട്ടുണ്ട്. താന്‍ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഉണ്ടാക്കിയ ചോദ്യങ്ങള്‍ പരമാവധി പേര്‍ക്ക് ഉപകാരപ്പെടട്ടെ എന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം ഇത് മാത്‌സ് ബ്ലോഗിലേക്ക് അയച്ചു തന്നത്. ആ ഇ-മെയിലും ചോദ്യങ്ങളും കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. കാരണം, ഓരോ അധ്യാപകരും ഇപ്രകാരം ചിന്തിക്കുകയാണെങ്കില്‍ അത് നമുക്ക് എത്രയേറെ പ്രയോജനപ്രദമായിരിക്കും. വരും നാളുകളില്‍ ഇതുപോലെ ഒട്ടേറെ പേര്‍ മുന്നോട്ടു വരും എന്നു കരുതുന്നു. ഇതു പോലെ തന്നെ കഴിഞ്ഞ മൂന്നു പാഠങ്ങളിലായി ജോണ്‍ സാറിന്റെ ചോദ്യങ്ങള്‍ കൂടാതെ മറ്റൊരു ചോദ്യപേപ്പര്‍ കൂടി നമ്മള്‍ പ്രസിദ്ധീകരിച്ചു പോരുന്നത് നിങ്ങള്‍ കണ്ടുകാണുമല്ലോ. നിലവാരമുള്ള ചോദ്യങ്ങളാണ് ഇവയിലെല്ലാം ഉള്ളതെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കേറെ സംതൃപ്തി പകരുന്നത്. ഇവയോടൊപ്പം ജോണ്‍സാര്‍ തയ്യാറാക്കിയ ചോദ്യങ്ങളുമുണ്ട്. താഴെയുള്ള ലിങ്കില്‍ നിന്നും ഇവയെല്ലാം ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ഇതുപോലുള്ള ചോദ്യങ്ങളോ ചോദ്യപേപ്പറുകളോ മാത്​സ് ബ്ലോഗിലേക്ക് അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു. പോസ്റ്റലായും അവ അയക്കാം. വിലാസം അറിയാമല്ലോ.
ഇ-മെയില്‍ mathsekm@gmail.com
പോസ്റ്റല്‍ വിലാസം : എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്, 682502, എറണാകുളം

ഈ ചോദ്യപേപ്പറുകളെ സംബന്ധിക്കുന്ന അഭിപ്രായങ്ങളും സംശയങ്ങളുമെല്ലാം ഇവിടെ കമന്റ് ചെയ്യുമല്ലോ.

download the Statistics questions by Anoop.R (with English Version)

download another Statistics question paper (with Englsih Version)

download the Statistics Questions prepared by John sir


Read More | തുടര്‍ന്നു വായിക്കുക

കടങ്കഥ : ആദിവാസി മോഷ്ടാക്കള്‍

>> Tuesday, March 16, 2010


മാത്‌സ് ബ്ലോഗിലെ ദൈനംദിന പസില്‍ ചര്‍ച്ച കാണുന്നില്ലല്ലോയെന്ന് പലര്‍ക്കും പരാതിയുണ്ട്. റീവാമ്പിങ്ങിനു ശേഷം ഒരു പസില്‍ പോലും പ്രസിദ്ധീകരിച്ചിട്ടില്ലായെന്ന കാര്യം സത്യത്തില്‍ ഇപ്പോഴാണ് ശ്രദ്ധിച്ചത് തന്നെ. അതുകൊണ്ടു തന്നെ ഒട്ടും സമയം കളയാതെ നമ്മുടെ വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു പസില്‍ പ്രസിദ്ധീകരിക്കുകയാണ്. ഉത്തരവും മറ്റു പസില്‍ ചര്‍ച്ചകളുമെല്ലാം ഈ പോസ്റ്റില്‍ തകൃതിയായി നടക്കട്ടെ. എല്ലാവരുടേയും ശ്രദ്ധ ദൂരെ... ദൂരെ ദൂരെയുള്ള കൊടുംകാട്ടിലേക്ക് കൊണ്ടു പോകുന്നു. കാടിന്റെ ഒത്ത നടുവില്‍ ആദിവാസികളുടെ കൂരകള്‍ കാണാം. അവിടെ മൂപ്പന്റെ കൂരയ്ക്ക് മുന്നിലെ മരച്ചുവട്ടിലൊരുക്കിയിരിക്കുന്ന കല്ലുകൊണ്ടുള്ള സിംഹാസനം. അവരുടെ ഗോത്രത്തിന്റെ കോടതി യാണത്. മൂന്ന് ആദിവാസികളെയും ഓരോ തൂണിന്മേല്‍ കെട്ടിയിട്ട് എല്ലാവരും മൂപ്പന്റെ ശിക്ഷാ വിധികള്‍ക്കായി കാത്തിരിക്കുകയാണ്. ഇവര് ചെയ്ത കുറ്റമെന്താണെന്നറിയേണ്ടേ. പനങ്കള്ള് കഴിക്കാനായി അടുത്തുള്ള കൂരകളില്‍ നിന്നും വ്യത്യസ്ത ദിവസങ്ങളിലായി ഒരാള്‍ ഒരു പിച്ചളപ്പാത്രവും അടുത്തയാള്‍ ഒരു മാന്‍ തോലും മൂന്നാമത്തെയാള്‍ കര്‍പ്പൂരവും മോഷ്ടിച്ചത്രേ. ദീര്‍ഘനേരത്തെ മൌനത്തിനു ശേഷം മൂപ്പന്‍ ചോദിച്ചു. "ഓരോരുത്തരും എന്തെല്ലാമാണ് കട്ടത്?" അവരുടെ മറുപടി രസകരമായിരുന്നു. അതെന്താണെന്നല്ലേ. കേട്ടോളൂ.

കണ്ണപ്പന്‍ പറഞ്ഞു "മാരിയപ്പനാണ് കര്‍പ്പൂരം കട്ടത്" ചിന്നയ്യന്‍ പറഞ്ഞു "അല്ല, മാരിയപ്പന്‍ മാന്‍ തോലാണ് കട്ടത് മൂപ്പാ" മാരിയപ്പന്‍ പറഞ്ഞു "ഞാനൊന്നും കട്ടിട്ടില്ല മൂപ്പാ". ഇവരുടെ മറുപടികളെല്ലാം അദ്ദേഹം കേട്ടു. ഒരു കാര്യം മൂപ്പന് ഉറപ്പാണ് കോവിലിലെ ഉത്സവത്തിന് ഉപയോഗിക്കുന്ന തേവരുടെ 'മാന്‍ തോല്‍' മോഷ്ടിച്ചയാള്‍ക്ക് ഒരിക്കലും നുണപറയാനാകില്ല. എന്നാല്‍ പിച്ചളപ്പാത്രം മോഷ്ടിച്ചയാളുടെ വാക്കാകട്ടെ പിച്ചളപ്പാത്രം പോലെയായിരിക്കും 'അത് തീരെ വിശ്വസിക്കാനാകില്ല'. ഇവരുടെ ഈ മൊഴികളില്‍ നിന്നും ആരെല്ലാം എന്തെല്ലാം മോഷ്ടിച്ചുവെന്ന് കണ്ടെത്താമോ? എങ്ങനെ ഉത്തരത്തിലേക്കെത്തിയെന്ന് വിശദീകരിക്കുകയും വേണം


Read More | തുടര്‍ന്നു വായിക്കുക

SSLC പരീക്ഷ ഇന്ന് തുടങ്ങുന്നു

>> Monday, March 15, 2010

ഇന്ന്, മാര്‍ച്ച് 15 എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കുന്ന ദിവസം. ഉച്ചയ്ക്ക് 1.30 ന് ആദ്യ വിഷയമായ മലയാളം പരീക്ഷ. പുറത്ത് ആവശ്യത്തിലേറെ ചൂടുള്ളപ്പോള്‍ മനസ്സിനകത്തൊരു ഭയജന്യ താപത്തിന്റെ ആവശ്യമില്ല എന്നതു തന്നെയാണ് മാത്‌സ് ബ്ലോഗ് ടീമിന് പരീക്ഷാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ആദ്യത്തെ ഉപദേശം. ഇന്നത്തെ പരീക്ഷയ്ക്ക് നിങ്ങള്‍ക്കറിയാന്‍ കഴിയാത്ത യാതൊരു ചോദ്യവും ഉണ്ടാകില്ല എന്നതൊരു യാഥാര്‍ത്ഥ്യവും. ഇന്നത്തെ പരീക്ഷയ്ക്ക് എന്തെല്ലാം തയ്യാറെടുപ്പുകളാണ് വേണ്ടത്?

1) 1 മണിക്കെങ്കിലും സ്ക്കൂളിലെത്താന്‍ കണക്കാക്കി വേണം തയ്യാറെടുപ്പുകള്‍.
2) അച്ഛന്‍, അമ്മ, മുതിര്‍ന്ന ബന്ധു ജനങ്ങള്‍ എന്നിവരുടെ അനുഗ്രഹവും ആശീര്‍വാദവും തേടണം
3) ഏറ്റവും ചുരുങ്ങിയത് ഒരേ നിറത്തിലുള്ള മഷിയുള്ള രണ്ട് പേനയെങ്കിലും കയ്യില്‍ കരുതണം.
4) പെന്‍സില്‍, ഇന്സ്ട്രുമെന്റ് ബോക്സ്, എന്നിവ മറക്കാതിരിക്കുക
5) ഹാള്‍ ടിക്കറ്റ് എടുക്കാന്‍ മറക്കരുത്. ഇനി മറന്നാലും പരിഭ്രമിക്കേണ്ട. നിങ്ങളുടെ സ്ക്കൂള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടെ പരീക്ഷയ്ക്കിരിക്കാവുന്നതേയുള്ളു.
6) ചൂടുകാലമായതിനാല്‍ ഒപ്പം തിളപ്പിച്ചാറ്റിയ ഒരു കുപ്പി വെള്ളം കരുതുന്നത് നന്നായിരിക്കും
7) കൂട്ടുകാരോടുള്ള സ്നേഹപ്രകടനങ്ങളും ചര്‍ച്ചകളുമെല്ലാം ഒരു പുഞ്ചിരിയിലൊതുക്കുക
7) പരീക്ഷയ്ക്ക് സൂപ്പര്‍വിഷന് വരുന്ന അധ്യാപകരെ ബഹുമാനത്തോടെ, പുഞ്ചിരിയോടെ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യുക.
8) പ്രാര്‍ത്ഥനയോടെ തന്നെ ചോദ്യപേപ്പര്‍ കയ്യില്‍ വാങ്ങുക
9) കൂള്‍ ഓഫ് ടൈമില്‍ ചോദ്യപേപ്പര്‍ മനസ്സിരുത്തി വായിക്കുക.
10) അറിയാവുന്ന ചോദ്യങ്ങള്‍ക്ക് ആദ്യമാദ്യം ഉത്തരമെഴുതുക
11) ഒരൊറ്റ ചോദ്യം പോലും ഉത്തരമെഴുതാതെ വിട്ടുകളയരുത്.
12) പരമാവധി ഉത്തരക്കടലാസില്‍ വെട്ടിക്കുത്തലുകള്‍ ഒഴിവാക്കുക

പരീക്ഷയ്ക്ക് വേണ്ട തയ്യാറെടുപ്പുകളെപ്പറ്റി മാത്‌സ് ബ്ലോഗ് ടീം അംഗമായ രാമനുണ്ണി മാഷ് എഴുതിയ കുറിപ്പുകള്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

ഓരോ വിഷയങ്ങളുടെയും ക്വിക്ക് റിവിഷന്‍ വീഡിയോകള്‍ക്കായി പാലക്കാട് ഹരിശ്രീ വെബ് പോര്‍ട്ടലിന്റെ വെബ് ടിവി ഉപയോഗപ്പെടുത്താം.

പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താഴെ കമന്റായി ആശംസകള്‍ നേരാം.


Read More | തുടര്‍ന്നു വായിക്കുക

ഇന്ന് പൈ ദിനം

>> Sunday, March 14, 2010

നമ്മുടെ കൊച്ചു വായനക്കാര്‍ക്കൊരു പരാതി! പോസ്റ്റുകളില്‍, അവരെ കാര്യമായി പരിഗണിക്കുന്നില്ലെന്ന്. എങ്കില്‍ ഇന്ന് അവര്‍ക്കു വേണ്ടി രസകരങ്ങളായ കുറച്ചു വിവരങ്ങളാകട്ടെ. കൂട്ടിച്ചേര്‍ക്കലുകള്‍ തീര്‍ച്ചയായും വേണം- അധ്യാപകരില്‍ നിന്നും, കൂട്ടുകാരില്‍ നിന്നും. ഈ വിവരങ്ങള്‍ ശേഖരിച്ച് അയച്ചു തന്നത് ഖത്തറില്‍ നിന്നും നമ്മുടെ അസീസ് മാഷാണ്. ഇന്നത്തെ ദിവസത്തിന് എന്തെങ്കിലും പ്രത്യേകതയുള്ളതായറിയാമോ..? മാര്‍ച്ചുമാസം 14 എന്നതില്‍ കവിഞ്ഞ് , .....ഗണിതസംബന്ധിയായി..?

മാര്‍ച്ച് 14, (3.14) "പൈ ദിനം" (Pi Day) ആയി ലോകമെമ്പാടുമുള്ള ഗണിതകുതുകികള്‍ ആഘോഷിക്കുന്ന ഈ ദിനത്തില്‍ നാം ആ കൊച്ചു നീണ്ട സംഖ്യയെ (πയെ) സ്മരിക്കുകയാണിവിടെ.. π യുടെ വില, ഏതു വൃത്തത്തിന്റേയും ചുറ്റളവും വ്യാസവും തമ്മിലുള്ള അംശബന്ധമായ ഏകദേശം 3.14159 ആണ്. ഇന്നത്തെ ദിവസം ഉച്ചക്ക് 1.59 ന് (3/14/1:59) 'π മിനിറ്റ്' ആയും ആഘോഷിക്കപ്പെടുന്നു. വേണമെങ്കില്‍ 1:59കഴിഞ്ഞ് 26സെക്കന്റാകുമ്പോള്‍ 'π സെക്കന്റാ'യും ആഘോഷിക്കാവുന്നതാണ്. എന്നാല്‍ ബ്രിട്ടണില്‍ ജൂലൈ 22 നാണ് π ദിനം! എന്തെന്നല്ലേ..., 22/7 എന്നതും ആര്‍ക്കിമിഡീസ് കണ്ടെത്തിയ π യുടെ ഒരേകദേശ വിലയാണല്ലോ! 22/7 എന്ന ഫോര്‍മാറ്റിലാണല്ലോ തിയ്യതിയും മാസവും അവര്‍ എഴുതുക. നമുക്കും ഈ ദിനം ജൂലൈ 22 ന് ആഘോഷിക്കുന്നതാണുചിതം എന്നു കരുതുന്നവര്‍ക്ക് അങ്ങിനെയുമാകാം. ഇന്ന്.മഹാനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ജന്മദിനം കൂടിയായത് ചിലപ്പോള്‍ യാദൃച്ഛികം തന്നെയാകാം!

π യുടെ വില 400 സ്ഥാനങ്ങള്‍ക്ക് എഴുതിയാലോ?
3.14159265358979323846264338327950288419716939937510582097494459230781640628620899862803482534211706798214808651328230664709384460955058223172535940812848117450284102701938521105559644622948954930381964428810975665933446128475648233786783165271201909145648566923460348610454326648213393607260249141273724587006606315588174881520920962829254091715364367892590360011330530548820466521384146951941511609

ബൈബീളില്‍ π പരാമര്‍ശിക്കപ്പെടുന്നുണ്ടെന്നറിയാമോ? 3 നോടടുത്ത വിലയാണ് π യ്ക്ക് ഉള്ളതെന്ന് ബൈബിളിലെ താഴേകാണുന്ന ഉദ്ധരണിയില്‍ നിന്നും മനസ്സിലാക്കാം. "And he made a molten sea, ten cubits from the one brim to the other: it was round all about, and his height was five cubits: and a line of thirty cubits did compass it about." (I Kings 7, 23).

എ.ഡി 800 നോടടുത്ത് ബാഗ്ദാദില്‍ ജീവിച്ചിരുന്ന അല്‍-ഖവാരിസ്മി 3.1416 എന്ന കൂടുതല്‍ കൃത്യതയാര്‍ന്ന വില കണ്ടെത്തിയിരുന്നു. ആളെ മനസ്സിലായോ? അദ്ദേഹത്തിന്റെ "അല്‍-ജബര്‍ വല്‍ മുഖബ്ബല”എന്ന ഗ്രന്ഥത്തില്‍ നിന്നാണ് "അല്‍ജീബ്ര”രൂപപ്പെട്ടത്. അതിനുശേഷം, ലെബനീസ്, ഡീമോര്‍ഗന്‍, ഓയ്​ലര്‍ തുടങ്ങി ധാരാളം മഹത്തുക്കള്‍ π യുടെ കൂടുതല്‍ കൃത്യമായ വിലകള്‍ക്കു വേണ്ടി ശ്രമിച്ചു. എ.ഡി. 1540 മുതല്‍ 1610 വരെ ജീവിച്ചിരുന്ന ലുഡോള്‍ഫ് വാന്‍ സ്യൂലെന്‍ (Ludolph Van Ceulen)തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഇതിനായി മാറ്റിവെയ്ക്കുകയും 35 സ്ഥാനങ്ങള്‍ വരെ (3.14159265358979323846264338327950288...) കണ്ടുപിടിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ അര്‍പ്പണബോധത്തെ മാനിച്ച്, ചിലപ്പോള്‍ π യെ "ലുഡോള്‍ഫ് കോണ്‍സ്റ്റന്റ്”(Ludolph's Constant) എന്നും വിളിക്കാറുണ്ട്.പുരാതന ബാബിലോണിയക്കാര്‍ 3.125 എന്നും ഈജിപ്തുകാര്‍ 3.1605 എന്നും π യ്ക്ക് ഏകദേശ വിലകള്‍ നല്‍കിയതായി രേഖകളുണ്ട്. 1706 ലാണ് വില്യം ജോണ്‍ ഈ സംഖ്യക്ക് π എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ചു തുടങ്ങിയതത്രെ! 1737 ല്‍ ഓയ്​ലര്‍ ഇത് ഉപയോഗിച്ചതോടെ ഇവന്‍ പ്രശസ്തനായി.

മൈക്കിള്‍ കീത്ത് എഴുതിയ പ്രശസ്തമായ "Circle Digits"എന്ന കഥയൂടെ തുടക്കം ശ്രദ്ധിക്കൂ..."For a time I stood pondering on circle sizes. The large computer mainframe quietly processed all of its assembly code. Inside my entire hope lay for figuring out an elusive expansion. Value: pi...." എന്തെങ്കിലും പ്രത്യേകത തോന്നിയോ? ഓരോ വാക്കുകളിലേയും അക്ഷരങ്ങള്‍ എണ്ണി നോക്കൂ! അത്ഭുതപ്പെടാന്‍ വരട്ടെ, മൈക്കിളിന്റെ കഥ തീരുമ്പോഴേക്കും π യുടെ 402 ദശാംശസ്ഥാനവും കൃത്യമായി എണ്ണിയെടുക്കാം!

നമ്മുടെ ആര്യഭടന്റെ ഈ വിഷയത്തിലെ സംഭാവനകളെ പരാമര്‍ശിക്കാതെ അവസാനിപ്പിക്കുന്നതെങ്ങിനെ? ഭൂമിയുടെ ചുറ്റളവും (62382 മൈല്‍), സൂര്യവര്‍ഷത്തിന്റെ ദൈര്‍ഘ്യവും പോലെത്തന്നെ, π യുടെ വിലയും അദ്ദേഹം ഏതാണ്ട് കൃത്യമായിത്തന്നെ കണക്കാക്കിയിരുന്നു.
“ചതുരധികം ശതമഷ്ടഗുണം
ദ്വാഷഷ്ടിസ്തഥാ ചതുര്‍ത്ഥാണാം
അയുതദ്വയവിഷ്കംഭസ്യാസന്നോ
വൃത്തപരിണാഹഃ"

ഈ ശ്ലോകത്തിന്റെ അര്‍ഥം :
100 നോട് 4 കൂട്ടി, 8 കൊണ്ട് ഗുണിച്ച്, 62000 ത്തോട് കൂട്ടിയാല്‍, ഏകദേശം 20000 വ്യാസമുള്ള വൃത്തത്തിന്റെ ചുറ്റളവാകും. ഇംഗ്ലീഷില്‍, Add 4 to 100, multiply by 8 and add to 62,000. This is approximately the circumference of a circle whose diameter is 20,000
അതായത്, π = 62832 / 20000 = 3.1416
ഇപ്പോള്‍ ഒരു കാര്യം മനസ്സിലായില്ലേ..., നമ്മുടെ π ആള് ചില്ലറക്കാരനല്ലെന്ന്!


Read More | തുടര്‍ന്നു വായിക്കുക

SSLC : Model Questions ഡെബിയന്‍ പാക്കേജ്

>> Friday, March 12, 2010

എറണാകുളത്ത് ഐ.ടി. സ്കൂളില്‍ മാസ്റ്റര്‍ ട്രൈനറായി ജോലി ചെയ്യുന്ന, കോഴിക്കോട് വെങ്ങാലം സ്വദേശി പുത്തന്‍പുരയില്‍ സുരേഷ്ബാബു സാര്‍ എസ്.എസ്.എല്‍.സി. ഗണിതശാസ്ത്ര പേപ്പറിന്റെ ഒരു ഐടി അധിഷ്ഠിത മാതൃകാചോദ്യപേപ്പര്‍ അയച്ചു തന്നത് മുമ്പൊരിക്കല്‍ ഈ ബ്ലോഗില്‍ പബ്ളിഷ് ചെയ്തിരുന്നല്ലോ. ജിയോജിബ്ര ഇന്സ്റ്റാള്‍ ചെയ്തിട്ടുള്ള സിസ്റ്റങ്ങളില്‍ ഇതുപയോഗിച്ച് ഒട്ടേറെ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളുമെല്ലാം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമായിരുന്നുവല്ലോ. ഒട്ടേറെ അധ്യാപകര്‍ അത് പ്രയോജനപ്പെട്ടു എന്നറിയിച്ചിരുന്നു.

ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ എക്സ്ട്രാക്ട് ചെയ്ത് installation എന്ന ഫോള്‍ഡറിലെ installation1.pdf എന്ന പി.ഡിഎഫ് ഫയലില്‍ ക്ലിക്ക് ചെയ്താണ് നേരത്തേ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ചിരുന്നത്. എന്നാല്‍ മലപ്പുറത്തെ ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ ഹസൈനാര്‍ മങ്കട ഈ പ്രോഗ്രാം ഒരു ഡെബിയന്‍ ഫയലാക്കി മാറ്റുകയും അതിനെ Gdebi Package Manager ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന വിധത്തിലേക്കാക്കി മാറ്റുകയും ചെയ്തു. അപ്രകാരം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ Applications മെനുവിലെ Education എന്ന സബ്മെനുവില്‍ സ്ഥിരമായി ഈ പ്രോഗ്രാം കാണുന്നതിനും സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. ഈ പാക്കേജ് താഴെയുള്ള ലിങ്കില്‍ നിന്നും ക്ലിക്ക് ചെയ്തെടുക്കാം.


Click here to download the Maths Model Questions (Debian Package)

കമന്റുകള്‍ വഴി അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മറക്കരുതേ....!

സുരേഷ് ബാബു സാറിനെയും ഹസൈനാര്‍ സാറിനെയും പോലെ പ്രതിഭാധനരായ ഒട്ടേറെ മാസ്റ്റര്‍ട്രെയിനര്‍മാര്‍ കേരളത്തിലെ ഐടി@സ്ക്കൂള്‍ പ്രൊജക്ടിലുണ്ട്. അധ്യാപകസമൂഹത്തിലെ അംഗമായ ഇവരെല്ലാം കഠിനാധ്വാനം കൊണ്ടുതന്നെയാണ് ഇവ്വിധം നേട്ടങ്ങളുണ്ടാക്കിയത്. നമ്മുടെ അധ്യാപകരെക്കൊണ്ടും ഇത്തരം കണ്ടെത്തലുകള്‍ നടത്താന്‍ സാധിക്കും. അത്തരം നേട്ടങ്ങളെല്ലാം നമ്മുടെ സമൂഹത്തിന് സമര്‍പ്പിക്കാനുള്ള ഒരു വേദിയാണ് മാത്​സ് ബ്ലോഗ്. നിങ്ങളുടെ അധ്യാപനതന്ത്രങ്ങളും കണ്ടെത്തലുകളും എന്നു വേണ്ട കുട്ടികള്‍ക്ക് ഉപകാരപ്രദമാകുന്ന ഏത് അറിവുകളും കേരളത്തിലെ അധ്യാപകര്‍ക്കിടയില്‍ പങ്കു വെക്കാം.
അവ അയക്കേണ്ട വിലാസം mathsekm@gmail.com
തപാല്‍മാര്‍ഗം ലേഖനങ്ങള്‍ അയക്കേണ്ട വിലാസം: എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്- 682502, എറണാകുളംRead More | തുടര്‍ന്നു വായിക്കുക

SSLC: ഒരു ഗണിത ചോദ്യ പേപ്പര്‍ കൂടി

>> Thursday, March 11, 2010

എസ്. എസ്. എല്‍. സി പരീക്ഷ മാര്‍ച്ച് പതിനഞ്ചാം തീയതി തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഒരു വിദ്യാര്‍ത്ഥിയുടെ ഭാവി തന്നെ നിശ്ചയിക്കുന്ന വഴിത്തിരിവെന്ന നിലയ്ക്കു തന്നെയാണ് പരമ്പരാഗത കാലം മുതലേ ഈ പരീക്ഷയെ സമൂഹം കണ്ടു പോരുന്നത്. ഗ്രേഡിങ്ങിലേക്ക് ചുവടുമാറ്റം നടത്തിയെങ്കിലും പത്താം ക്ലാസ് പരീക്ഷയുടെ പ്രസക്തി നഷ്ടമായിട്ടില്ല. അതു കൊണ്ടു തന്നെ കുട്ടികള്‍ പത്തു പരീക്ഷകളോടെ നടക്കുന്ന എസ്.എസ്.എല്‍.സിയെ ഭയപ്പാടോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ അത്തരത്തിലുള്ള യാതൊരു വിധ ഭയപ്പാടുകളും കൂടാതെ തന്നെ നമുക്കീ പരീക്ഷയെ നേരിടാനുള്ള എല്ലാ വിജയമന്ത്രങ്ങളും ഈ ബ്ലോഗിലൂടെ നല്‍കിപ്പോന്നിട്ടുണ്ടെന്ന് അര്‍ഹിക്കുന്ന ഗൌരവത്തോടെ നാളിതുവരെ നോക്കിക്കണ്ട എല്ലാവര്‍ക്കുമറിയാമല്ലോ. കഴിഞ്ഞ ദിവസം നമ്മുടെ ബ്ലോഗിലെ സ്ഥിരം സാന്നിദ്ധ്യമായ ഹിത ഒരു ഗണിത ചോദ്യപേപ്പര്‍ കൂടി ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരം ഇതാ, ബ്ലോഗ് ടീം മെമ്പറായ പാലക്കാട് വട്ടനാട് നിന്നുമള്ള മുരളീധരന്‍ സാര്‍ തയ്യാറാക്കിയ ഒരു ഗണിതശാസ്ത്രചോദ്യ പേപ്പര്‍ ഇതോടൊപ്പം നല്‍കിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും അത് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

പരീക്ഷയില്‍ വരുന്ന പല പാഠ്യപദ്ധതി ഉദ്ദേശങ്ങളും (Learning Objectives) പസില്‍ രൂപത്തിലും ഇവിടെ ചര്‍ച്ച ചെയ്തു പോന്നിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും നല്ലൊരു ചോദ്യമാണ് ഹിത എന്ന മിടുക്കിക്കുട്ടി ഇന്നലെ ബ്ലോഗിലൂടെ ചോദിച്ചത്. സ്പര്‍ശരേഖകള്‍ എന്ന പാഠവുമായി ബന്ധപ്പെടുത്താവുന്ന ആ ചോദ്യം നിങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ. 6 സെന്റീമീറ്റര്‍ അന്തര്‍വൃത്ത ആരമുള്ള 70 സെന്റീമീറ്റര്‍ ചുറ്റളവുള്ള ഒരു മട്ടത്രികോണത്തിന്റെ വശങ്ങള്‍ ഏതെല്ലാം എന്നതായിരുന്നു ആ ചോദ്യം. ഭാമ ടീച്ചറും ജോണ്‍മാഷും രണ്ടു വ്യത്യസ്ത രീതികളില്‍ വളരെ മനോഹരമായിത്തന്നെ അത് ആന്‍സര്‍ ചെയ്യുകയുമുണ്ടായി. ഇതു പോലുള്ള ചോദ്യങ്ങളാണ് നിങ്ങളോരോരുത്തരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. കുട്ടികളും അധ്യാപകരും തമ്മിലുള്ള മനോഹരമായ ചര്‍ച്ച. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇനി പരീക്ഷയ്ക്കു ശേഷം അത്തരത്തിലുള്ള ചര്‍ച്ചകളില്‍ ഇടപെട്ടാല്‍ മതി. എങ്കിലും പരീക്ഷാര്‍ത്ഥികള്‍ക്ക് ഏതു വിഷയങ്ങളിലുമുള്ള സംശയങ്ങളും ഏതു സമയത്തും ഇവിടെ ചോദിക്കാം. അധ്യാപകര്‍ ആരെങ്കിലുമായി ഉത്തരം നല്‍കുമെന്നതില്‍ സംശയം വേണ്ട. എന്തായാലും ഈ ഗണിതശാസ്ത്ര ചോദ്യപേപ്പര്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നതില്‍ തര്‍ക്കമില്ല. അഭിപ്രായങ്ങളും സംശയങ്ങളുമല്ലോ കമന്റ് ചെയ്യുമല്ലോ. ഈ ചോദ്യപേപ്പറിന്മേല്‍ നല്ലൊരു ചര്‍ച്ച പ്രതീക്ഷിക്കുന്നു.

click here to download the Mathematics Model Question paper


Read More | തുടര്‍ന്നു വായിക്കുക

മോഡല്‍ ചോദ്യപേപ്പര്‍ - ഉത്തരങ്ങള്‍, കമന്റുകള്‍!

>> Tuesday, March 9, 2010


എസ്.എസ്.എല്‍.സി പരീക്ഷാചൂട്, അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ഈ വേളയില്‍, തത്സംബന്ധമായ പോസ്റ്റുകള്‍, വായനക്കാരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരേയധികം പ്രയോജനം ചെയ്യുമെന്ന് ഒരുപാട് പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. വായനക്കാരുടെ അഭിരുചികളെ തൃപ്തിപ്പെടുത്താതെ, ഈ പ്രസ്ഥാനം സുഗമമായി മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്ന് ഞങ്ങള്‍ക്കും നിശ്ചയമുണ്ട്. നമ്മുടെ ബ്ലോഗിന്റെ ഒരു സ്ഥിരം സന്ദര്‍ശകനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരധ്യാപകന്‍, ഇക്കഴിഞ്ഞ പത്താംക്ലാസ്സ് മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ഭംഗിയായി ആന്‍സര്‍ ചെയ്ത് പി.ഡി.എഫാക്കി അയച്ചുതന്നിരിക്കുന്നു. തന്റെ കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കിയതാണെങ്കിലും മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്പെടാന്‍ വേണ്ടി അതില്‍ ആവശ്യമായ കമന്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അദ്ദേഹം അത് തയ്യാറാക്കിയിരിക്കുന്നത്. ഈ കമന്റുകള്‍ക്ക് വളരെ പ്രസക്തിയുണ്ട്. ചോദ്യങ്ങള്‍ പലതും തുറന്നചോദ്യങ്ങളാണ്. അതുകൊണ്ടുതന്നെ കുട്ടിയുടെ ചിന്തയ്ക്കും ഭാവനയ്ക്കും ഉത്തരത്തില്‍ സ്ഥാനമുണ്ടായിരിക്കും. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

കുട്ടി തന്റെ ഒരു വര്‍ഷത്തെ പഠനത്തിന്റെ ഭാഗമായി അറിയുകയും, അന്വേഷിച്ചുകണ്ടെത്തുകയും ചെയ്ത നിരവധി കാര്യങ്ങളില്‍നിന്ന് എല്ലാ മേഖലയേയും സ്പര്‍ശിച്ചുകൊണ്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. ഉത്തരങ്ങള്‍ തയ്യാറാക്കിയത് ടീം അംഗങ്ങള്‍ ആരുമല്ല.ഒരു നിത്യസന്ദര്‍ശകന്‍.പേരുവെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന ചിന്തയും,വിശകലനപാടവവും,സമര്‍പ്പണവുമുള്ള ഒരുഗണിതാധ്യാപകന്റെ വിരല്‍പ്പാടുകള്‍ ഉത്തരങ്ങളില്‍ ദര്‍ശിക്കാം. അധ്യാപകര്‍ അയച്ചു തരുന്നവ ഞങ്ങള്‍ക്ക് എന്നും വിലപ്പെട്ടതാണ്..............
ഇവിടെ നിന്നും അത് ഡൗണ്‍ലോഡ് ചെയ്തെടുത്ത് അഭിപ്രായങ്ങള്‍ കമന്റു ചെയ്യുമല്ലോ...?


Read More | തുടര്‍ന്നു വായിക്കുക

ലിനക്സ് ഉപയോഗിച്ച് പെന്‍ ഡ്രൈവ് വൈറസുകളെ നീക്കാം

>> Monday, March 8, 2010

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സാധാരണക്കാരന്റെ സന്തത സഹചാരിയാണല്ലോ പെന്‍ഡ്രൈവുകള്‍. ലിനക്സ് അല്ലാത്ത പല ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും കയറി ഇറങ്ങുമ്പോള്‍ മിക്കവാറും നമ്മുടെ പെന്‍ഡ്രൈവുകള്‍ വൈറസുകളടക്കമുള്ള exe ഫയലുകളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. പലപ്പോഴും ലിനക്സ് വഴിയാണ് നാം ഇവയെ ഡീലിറ്റ് ചെയ്യാറുള്ളത്. ഓരോ ഫോള്‍ഡറിനകത്തും ഇവ ഒളിച്ചിരിപ്പുണ്ടാവും. ഇവയെ കണ്ടുപിടിച്ച് ഡീലിറ്റ് ചെയ്യുന്നത് വളരെ സമയമെടുത്ത് ചെയ്യേണ്ട പ്രവൃത്തിയാണ്. ഒന്നിച്ച് ഇവയെ കളയാന്‍ എന്തെങ്കിലും വഴിയുണ്ടോ? നമ്മുടെ ഹസൈനാര്‍ മങ്കടയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ താഴെയുള്ള രീതി പ്രയോഗിച്ചു നോക്കൂ...


Read More | തുടര്‍ന്നു വായിക്കുക

ഐതിഹ്യമാല : മലയാളിയുടെ നിത്യ താരകം

>> Sunday, March 7, 2010

ഐതിഹ്യമാല പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ നൂറാം വാര്‍ഷികം ആയിരുന്നു 2009ല്‍. ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ പത്രാധിപരായ വെള്ളായ്ക്കന്‍ നാരായണമേനോന്‍ ആണ് ആദ്യമായി ഐതിഹ്യമാലയുടെ ആദ്യഭാഗം പ്രസിദ്ധപ്പെടുത്തിയത്. ഇതിന്റെ പ്രസ്താവനയില്‍ ഗ്രന്ഥകര്‍ത്താവ് കൊല്ലവര്‍ഷം 5-9-1084 എന്നും ഇംഗ്ലീഷ് വര്‍ഷം 17-4-1909 എന്നും രേഖപ്പെടുത്തിയിട്ടുണ്ട് . ആദ്യ 8 വോളിയങ്ങള്‍ 1909 മുതല്‍ 1934 വരെയുള്ള കാലത്താണ് പ്രസിദ്ധപ്പെടുത്തുന്നത്. ആദ്യകാല പ്രസാധകര്‍ മംഗളോദയം കമ്പനിയായിരുന്നു. 1985ല്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി രൂപീകരിച്ചു. ഈ സമിതിയാണ് പിന്നീട് പുസ്തകം ഇറക്കിയത്. പലകാലങ്ങളിലായി സമ്പൂര്‍ണ്ണകഥകള്‍ 18 പതിപ്പുകള്‍ ഇറങ്ങി. 2004 ലെ 18ആം പതിപ്പ് ഇറക്കുന്നത് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 150 ആം ജന്മദിനത്തിലായിരുന്നു. പിന്നീട് 2005ല്‍ ഡി സി ബുക്സ് 19-ആം പതിപ്പ് പ്രസിദ്ധീകരിച്ചു. ഐതിഹ്യമാലയുടെ വായനാവൈപുല്യം ഇതുകൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാം. എന്തായിരുന്നു ഐതിഹ്യമാലയുടെ സവിശേഷതകള്‍? പാലക്കാട് മണര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ അധ്യാപകനും എഴുത്തുകാരനുമായ രാമനുണ്ണി മാഷിന്റെ ലേഖനത്തിലേക്ക്

ഐതിഹ്യമാല എക്കാലത്തേയും വായനാസാമഗ്രി ഇവിടെയുള്ള ഇന്നത്തെ മുതിര്‍ന്ന വായനക്കാരെല്ലാം കുട്ടിക്കാലത്ത് വായന തുടങ്ങുന്നത് ‘ഐതിഹ്യമാലയില്‍‘ നിന്നാവും. ഐതിഹ്യമാല മാത്രമല്ല, വിക്രമാദിത്യ കഥകള്‍, പഞ്ചതന്ത്രകഥകള്‍, ശീലാവതീചരിതം, വടക്കന്‍പാട്ടുകള്‍, രാമായണം കിളിപ്പാട്ട് എന്നിവയും അന്നത്തെ വായനാസാമഗ്രികളായിരുന്നു. ഇന്നത്തെപ്പോലെ പുസ്തകങ്ങള്‍ അധികമില്ലെങ്കിലും ഉള്ളവ എല്ലാം തന്നെ നന്നായി വായിച്ചിരുന്നു.വയന തന്നെ ഒരു കൃതി ഒരിക്കല്‍ വായിക്കുക എന്നതായിരുന്നില്ല, ഓരോന്നും പലവട്ടം വായിച്ചിരുന്നു.

ഇവയൊക്കെ കേരളീയന്റെ വായനാശീലം വളര്‍ത്തിയ കൃതികളാണ്. വായനാശീലം മാത്രമല്ല, കഥാകൌതുകവും കാവ്യാനുശീലനവും വളര്‍ത്തി. വായനയും തുടന്ന് വായിച്ചതിനെ സംബന്ധിച്ച വിപുലമായ ചര്‍ച്ചകള്‍ ഉണ്ടാക്കി. നല്ല സാഹിത്യവും മോശം സാഹിത്യവും തിരിച്ചറിയപ്പെട്ടു. സാഹിത്യാസ്വാദനക്കളരികളായി ഇക്കൃതിക ഇവിടെ പ്രവര്‍ത്തിച്ചു. കുട്ടികളില്‍ ഐതിഹ്യമാ‍ല വമ്പിച്ച സ്വാധീനം ചെലുത്തി. കൌതുകകരങ്ങളായ കഥകള്‍ എന്ന നിലയില്‍ മാത്രമല്ല, ഇതൊക്കെ നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങളാണെന്ന ഉറച്ച വിശ്വാസവും കുട്ടികള്‍ക്ക് ഉണര്‍വേകി. ചരിത്രാംശങ്ങള്‍ ഭാവനയില്‍ പൊതിഞ്ഞു ആരെയും വശീകരിക്കുന്ന ഭാഷയില്‍ എഴുതാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് കഴിഞ്ഞു. കുട്ടികളെ വശീകരിച്ചതു പോലെ ഐതിഹ്യമാല മുതിര്‍ന്നവര്‍ക്കും വളരെ വളരെ ഇഷ്ടപ്പെട്ടു. ഏതു പ്രാ‍യത്തിലും വായിക്കാന്‍ കൊള്ളുന്ന ഒന്നായി. ഗ്രന്ഥകാരന്റെ മിടുക്കാണ് ഇതു കാണിക്കുന്നത്. ഉള്ളടക്കത്തിലും ഭാഷാശൈലിയിലും കാവ്യാത്മകതയിലും ഉള്ള മികവ് മികച്ചതാണ്. ഭാഷയുടെ ലാളിത്യവും ഭംഗിയും എക്കാലത്തും കൌതുകം നല്‍കും.മറ്റൊന്ന് എഴുത്തുകാരന്റെ ആത്മാര്‍ഥതയാണ്. എഴുതിത്തുടങ്ങുമ്പോള്‍ തന്നെ ഇതൊരു ഐതിഹ്യമാണെന്ന് മറന്ന് പോകുന്നു എഴുത്തുകാരന്‍. താന്‍ സ്വയം വിശ്വസിക്കുന്ന ചില സംഗതികളാണ് എഴുതുന്നതെന്ന ഭാവം നമുക്ക് മനസ്സിലാകും.അത്രമേല്‍ ഉള്ളടക്കവുമായി അടുപ്പം കൈവരിക്കുന്നു. അതേഅടുപ്പം വായനക്കരനും ലഭിക്കുന്നു. ഇത് നമ്മെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നു. ഐതിഹ്യങ്ങളില്‍ ജീവിച്ച എഴുത്തുകാരനാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി. എന്നാല്‍ ഈ ആര്‍ജവം ഒരിക്കലും പക്ഷപാതപരമാവുന്നുമില്ല. എല്ലാ ഐതിഹ്യങ്ങളേയും ഒരേ അളവില്‍ വിശ്വസിക്കുകയും അതില്‍ ഇടപെടുകയും ചെയ്യുന്നു. വസ്തുതകളിലെ സത്യസന്ധത പ്രധാനപ്പെട്ടതു തന്നെ. നോക്കു: “കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂറിലെന്നല്ല, കേരളത്തില്‍ത്തന്നെ അധികം പേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍ കൊച്ചുണ്ണി ഒരു വലിയ കള്ളനും അക്രമിയും ആണെന്നാണ് മിക്കവരുടേയും ബോധം.വാസ്തവത്തില്‍ അയാള്‍ ഒരു സത്യവാനും മര്യാദക്കാരനും കൂടിയായിരുന്നു. പരസ്പരവിരുദ്ധങ്ങളായ ഈ ഗുണങ്ങള്‍ എല്ലാം കൂടി ഒരാളിലുണ്ടായിരിക്കുന്നതെങ്ങനെയെന്നു ചിലര്‍ വിചാരിച്ചേക്കാം. അത് എപ്രകാരമെന്നു പിന്നാലേവരുന്ന സംഗതികള്‍ കൊണ്ട് ബോധ്യപ്പെടുമെന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.” (കായംകുളം കൊച്ചുണ്ണി)

ഒരു രാജ്യത്തിന്റെ ഐതിഹ്യങ്ങള്‍ ആര്‍ക്കും തള്ളിക്കളയാവുന്ന ചവറല്ല. അതിശയോക്തിയും അന്ധവിശ്വാസവും ഭാവനയും ഒക്കെ ഉണ്ടെങ്കിലും ചരിത്രസത്യങ്ങളുടെ പൊന്‍തൂവലുകള്‍ ഏത് ഐതിഹ്യത്തിലും ഉണ്ട്.ദേശചരിത്രവും മതപരവും സാമൂഹികവുമായ അംശങ്ങളും ഇതിലൊക്കെയുണ്ട്. ഐതിഹ്യം രൂപപ്പെടുന്നകാലത്തെ ആചാരോപചാരങ്ങള്‍, ഭാഷ,സംഭാഷണരീതി, നാട്ടുനടപ്പുകള്‍, ജീവിതരീതികള്‍, പരിസ്ഥിതി, ആരോഗ്യശീലങ്ങള്‍ തുടങ്ങി നിരവധി സംഗതികള്‍ എന്നും നമുക്ക് അറിയേണ്ടുന്നവയായി ഇതിലൊക്കെ ഉണ്ട്.സാധാരണ വായനക്കാർക്ക് മാത്രമല്ല ചരിത്രകാരന്മാര്‍ക്കും ഐതിഹ്യങ്ങള്‍ നിഷ്കര്‍ഷിച്ചു വായിക്കാനുള്ളവതന്നെയാണ്.

ഐതിഹ്യത്തിന്റെ ‘ഐതിഹ്യം’

“ മലയാളഭാഷയുടെ പരിഷ്കാരാഭിവൃദ്ധികള്‍ക്കായി സര്‍വാത്മനാ പരിശ്രമിച്ചുകൊണ്ടിരുന്ന മഹാനും ‘മലയാളമനോരമ’ പത്രം, ‘ഭാഷാപോഷിണി’ മാസിക എന്നിവയുടെ നിര്‍മ്മാതാവുമായ പരേതനായ കെ.എ. വര്‍ഗീസുമാപ്പിള അവര്‍കള്‍ കോട്ടയത്തുവന്നു സ്ഥിരവാസം തുടങ്ങിയ കാലം മുതല്‍ ആജീവനാന്തം അദ്ദേഹം ഭാഷാവിഷയമായി ചെയ്തിട്ടുള്ള പരിശ്രമങ്ങളെല്ലാം എന്നെക്കൂടി ഒരു ഭാഗഭാക്കാക്കിവെച്ചുകൊണ്ടാണ് ഇരുന്നിരുന്നതെന്നുള്ള വാസ്തവം അദ്ദേഹത്തേയും എന്നെയുംപറ്റി അറിവുള്ളവള്‍ക്കൊക്കെ അറിയാവുന്നതാണ്.ഞങ്ങള്‍ രണ്ടുപേരും കൂടി മനോരമആപ്പീസിലിരുന്ന് പത്രസംബന്ധമായും മറ്റും ഓരോന്ന് എഴുതുക, വായിക്കുക, തിരുത്തുക മുതലായി അന്നന്ന് തീര്‍ക്കേണ്ട ജോലികള്‍ ചെയ്തു തീര്‍ത്താല്‍ പകലേ നാലുമണിക്കുശേഷം കുറച്ചു സമയം സ്വൈരസല്ലാപം ചെയ്തു വിശ്രമിക്കുന്നതിനുകൂടി അദ്ദേഹം നിശ്ചയിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റേയും എന്റേയും സ്നേഹിതന്മാരും സരസന്മാരുമാരുമായി ചില മാന്യന്മാർകൂടി വന്നുചേരുകയും പതിവായിരുന്നു. അങ്ങനെ ഞങ്ങള്‍ എല്ലാവരുംകൂടി ചില നേരമ്പോക്കുകളും ഫലിതങ്ങളും പറഞ്ഞുരസിച്ചുകൊണ്ടിരുന്ന മധ്യേ പ്രസംഗവശാല്‍ ഒന്നു രണ്ടു ദിവസം ഞാന്‍ ചില ഐതിഹ്യങ്ങള്‍ പറയുകയും അവ വര്‍ഗീസുമാപ്പിള അവര്‍കള്‍ക്ക് വളരെ രസിക്കുകയും അതിനാല്‍ പിന്നെയും ചിലപ്പോള്‍ വല്ല ഐതിഹ്യങ്ങളും പറയുന്നതിന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഞാന്‍ പറയുകയും ചെയ്തു. ക്രമേണ മിക്കവാറും അതൊരു പതിവായിത്തീര്‍ന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം മിസ്റ്റര്‍ വര്‍ഗീസ് മാപ്പിള – ഈ ഐതിഹ്യങ്ങളെല്ലാം ഇങ്ങനെ വെറുതെ പറഞ്ഞുകളഞ്ഞാല്‍ പോരാ, ഇവയില്‍ അനേകം നേരമ്പോക്കുകളും അതിശയോക്തികളും അസംബന്ധങ്ങളും ഉണ്ടെകിലും നാം അറിഞ്ഞിരിക്കേണ്ടുന്നവയായ പല തത്വങ്ങളും സാരാംശങ്ങളുംകൂടിയുണ്ട്.അതിനാല്‍ ഇവയെല്ലാം ഒന്നെഴുതണം.നമുക്ക് മനോരമയിലും ഭാഷാപോഷിണിയിലുമായി പ്രസിദ്ധപ്പെടുത്താം……“(കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘പ്രസ്താവന’)

ആധുനിക പ്രസക്തി

മലയാളത്തിന്റെ ആദ്യകാല കഥാസാഹിത്യമെന്ന നിലയിലാണ് ഐതിഹ്യമാലയെ കാണേണ്ടത്. കഥകള്‍ വാമൊഴിയായിരുന്നത് വരമൊഴിയായിത്തീരുകയായിരുന്നു ഐതിഹ്യമാലയിലൂടെ. പ്രസ്താവനയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി അത് സൂചിപ്പിക്കുന്നുണ്ട്. നേരമ്പോക്കിനുവേണ്ടി പറഞ്ഞു തുടങ്ങിയതാണ് ഇതിലെ കഥകള്‍. കേള്‍വിക്കാര്‍ക്കിഷ്ടമായതുകൊണ്ട് അവരത് പ്രോത്സാഹിപ്പിച്ചു. പറഞ്ഞു കളഞ്ഞാല്‍ പോര, എഴുതിവെക്കണം, പ്രസിദ്ധീകരിക്കണം എന്നു തീരുമാനിച്ചു.എല്ലാ കഥകളും ആദ്യംമനമൊഴിയും തുടര്‍ന്ന് വാമൊഴിയും പിന്നീട് വരമൊഴിയും ആയിത്തീരുകയാണല്ലോ. കഥ ആദ്യം മനസ്സിലാണ് രൂപപ്പെടുന്നത്. അതിനും മുന്‍പ് സമൂഹമനസ്സിലാണ് കഥകള്‍ ഉരുവം കൊള്ളുന്നത്. സമൂഹമനസില്‍ രൂപപ്പെടുന്നകഥ പലരിലൂടെയും കടന്നുപോരുകയും പലരൂപപരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ പാഠഭേദങ്ങള്‍ പ്രാദേശികമായിപ്പോലും ഉണ്ടാവുന്നു.

ഐതിഹ്യമാലയില്‍ 126 കഥകളാണ് ചേര്‍ത്തിരിക്കുന്നത്. തീര്‍ച്ചയായും കേരളത്തില്‍ പ്രസിദ്ധമായിട്ടുള്ള 126 എണ്ണം തന്നെയാണിവ. എന്നാല്‍ കേരളത്തില്‍ നിലവിലുള്ള മുഴുവന്‍ ഐതിഹ്യങ്ങളുടേയും ഒരു പൂര്‍ണ്ണ സമ്പുടം എന്നിതിനെ പറഞ്ഞുകൂടാ.വിവിധ പ്രദേശങ്ങളില്‍, ജാതികളില്‍, മതങ്ങളില്‍, സമൂഹങ്ങളില്‍ പ്രചാരത്തിലുള്ള ഐതിഹ്യങ്ങള്‍ തീര്‍ചയായും ആയിരക്കണക്കിനാണ്. എഴുതിവെക്കുമ്പോള്‍ വളരെ ചെറുതും വലുതുമായവ ഉണ്ട്. ആദിവാസിസമൂഹങ്ങളിലാണ് ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഐതിഹ്യങ്ങളുള്ളത്. അവരുടെ സമൂഹജീവിതം മിക്കാവറും നിയന്ത്രിക്കുന്നതുതന്നെ ഐതിഹ്യങ്ങളാണല്ലോ. ആചാരങ്ങള്‍ , ആരാധനകള്‍.. ഒക്കെത്തന്നെ ഐതിഹ്യാധിഷ്ഠിതം ആണല്ലോ. നീതി ധര്‍മ്മബോധം തുടങ്ങിയ സംഗതികളും ഐതിഹ്യങ്ങളില്‍ ഊന്നിയുള്ളതാണ്.

പൊതു പ്രസക്തിയില്ലാതെ ജാതി മത സമൂഹങ്ങളില്‍ മാത്രം ജനിച്ചുവളര്‍ന്ന്‌ ജീവിക്കുന്ന ഐതിഹ്യങ്ങളുണ്ട്. പലക്ഷേത്രങ്ങളുടേയും പ്രധാനവാതിലുകളില്‍ ഒന്നു തുറക്കാത്തവയുണ്ട്. ചിലപ്രത്യേക ചടങ്ങുകളില്‍ മാത്രം തുറക്കുന്ന വാതിലുകള്‍ ഉണ്ട്. ഈ വാതിലുകള്‍ എന്നും അടഞ്ഞുകിടക്കുന്നതിന്നു പിന്നില്‍ കഥകളുണ്ട്. ഭഗവതിമാര്‍ ഭയന്ന് അടച്ചവ, ആന/ കോമരം/ രാജാവ് /ഭക്തന്‍/ഭക്ത തുടങ്ങിയവര്‍ അടച്ചവ, ചിലവാശികളില്‍ അടഞ്ഞുപോയവ, എന്നിങ്ങനെ..വിളവിലെ ആദ്യപങ്ക് ക്ഷേത്രങ്ങളില്‍ നല്‍കുന്നതിന്നു പിന്നില്‍ ഇതുപോലുള്ള ഐതിഹ്യങ്ങള്‍ ഉണ്ട്.സ്ഥലനാമങ്ങള്‍ക്കു പിന്നില്‍ മുഴുവന്‍ ഐതിഹ്യങ്ങളാണ്. ഇതു പലപ്പോഴും പുരാണകഥാപാത്രങ്ങളുമായി ബന്ധപ്പെടുന്നു. ഭീമനാടും പാത്രക്കടവും ഒക്കെ ഇങ്ങനെ കഥകളുടെ പശ്ചാത്തലമുള്ളതാണ്.ക്ഷേത്രങ്ങൾ പള്ളികൾ എന്നിവയുടെ ഉൽ‌പ്പത്തി ഐതിഹ്യങ്ങളിന്‍ ഊന്നിയാണല്ലോ.

ഇതുപോലുള്ള നിരവധികഥകള്‍ ഐതിഹ്യങ്ങള്‍ ഇനിയും സംഭരിച്ചു പ്രസിദ്ധീകരിക്കാനിരിക്കുന്നേ ഉള്ളൂ. ലോകത്താകെ നോക്കിയാന്‍ ചേട്ടാഭഗവതിയുടെ (ജ്യേഷ്ഠാ എന്നു സംസ്കൃതീകരിച്ചു പറയുന്നു. ) പ്രതിഷ്ഠയുള്ള ഒരേ ഒരു ക്ഷേത്രം തച്ചനാട്ടുകരയില്‍ ഉണ്ടായിരുന്നു. ചൂലും മുറവും ആയിരുന്നത്രേ പ്രതിഷ്ഠ.എല്ലായിടത്തും ശ്രീഭഗവതിയെ പ്രതിഷ്ഠിച്ചപ്പോള്‍ (ഒരുപക്ഷെ അതിൽ പ്രതിഷേധിച്ചാകാം?) തച്ചനാട്ടുകരയിലെ പഴയ‌ആളുകള്‍ ചേട്ടാഭഗവതിയെ പൂജിക്കാന്‍ തുടങ്ങി. അതുപോലെതന്നെ ജാതിമതഭേദമില്ലാതെ പൂജചെയ്യന്ന പള്ളികള്‍ ഉണ്ട്. മറ്റു ദേവസാന്നിധ്യങ്ങള്‍ ഉണ്ട്. സമകാലിക സമൂഹത്തില്‍ പ്രയോജനപ്പെടുത്താവുന്ന ചിലസാമൂഹ്യപ്രസക്തികള്‍ ഇവക്കുണ്ടല്ലോ.
ഐതിഹ്യമാലയുടെ വായനയും പഠനവും ഇപ്പൊഴും അനവധി സാധ്യതകള്‍ നമുക്കു മുന്നില്‍ തുറന്നിടുന്നുണ്ട് എന്നു വിസ്മരിക്കരുത്.


Read More | തുടര്‍ന്നു വായിക്കുക

kerala Pay fixation software

>> Saturday, March 6, 2010

Pay Revision Order-2011 G.O/(P) No. 85/2011/Fin dated, 26/02/2011 annexure I to III -annexure IV to XII


Pay fixation Excel Program


Kerala 9th Pay fixation software finance department Government Nineth Pay revision order GO (p) 85/2011 dated 26/02/2011
ninth pay commission report


Read More | തുടര്‍ന്നു വായിക്കുക

പുതിയ ഡൊമൈന്‍, പുതിയ കാല്‍‌വെയ്പ്

രണ്ടു ദിവസം 'റീവാമ്പിങ്ങിനായി', ബ്ലോഗ് മുടങ്ങിക്കിടന്നതുകൊണ്ട് ഒരു കാര്യം ഞങ്ങള്‍ക്ക് ബോധ്യമായി - എത്രയെത്ര പേരാണ് ഈ ബ്ലോഗിനെ ജീവനുതുല്യം സ്നേഹിക്കുന്നത്! നമ്മള്‍ അധ്യാപകരുടെ കൂട്ടായ്മ ലക്ഷ്യമാക്കിയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ആ ഉദ്യമം വിജയിച്ചു എന്നത് ശരിക്കും മനസ്സിലാക്കിത്തന്ന ദിവസങ്ങളായിരുന്നു ഇക്കഴിഞ്ഞ വ്യാഴവും വെള്ളിയും. ഞങ്ങളുടെ പല ബ്ലോഗ് ടീം അംഗങ്ങള്‍ക്കും വ്യത്യസ്തങ്ങളായ സ്ഥലങ്ങളില്‍ നിന്നും എത്രയെത്ര ഫോണ്‍കോളുകളാണ് ഈ ദിവസങ്ങളില്‍ വന്നതെന്നോ! നേരത്തേ അറിയിച്ചിരുന്ന സമയപരിധി കഴിഞ്ഞിട്ടും ബ്ലോഗ് ആക്ടീവാകാത്തതെന്തെന്നായിരുന്നൂ മിക്ക പേര്‍ക്കും അറിയേണ്ടിയിരുന്നത്. പലര്‍ക്കും സംശയം തങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടോയെന്നായിരുന്നു. ചിലര്‍ എത്രത്തോളമായി ജോലിത്തിരക്കുകളെന്നറിയാനായിരുന്നു ശ്രമം. മന:പൂര്‍വ്വമായിരുന്നില്ല. രാത്രി മുഴുവന്‍ , വ്യത്യസ്ഥ സ്ഥലങ്ങളില്‍ ഉറക്കമിളച്ചിരുന്ന് ശ്രീനാഥും, ഹരിയും, കൂടെ ഇടക്കിടെ വിവരങ്ങളന്വേഷിച്ച് ബാക്കി ടീമംഗങ്ങളും നേരം വെളുപ്പിച്ചു. പ്രശ്നങ്ങള്‍ അനവധിയായിരുന്നു- ഒരവസരത്തില്‍ കമന്റുകള്‍ മുഴുവന്‍ നഷ്ടപ്പെട്ടുവെന്നുതന്നെ കരുതി.

ഒരു വര്‍ഷം പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ക്കൊപ്പമുള്ള കമന്റുകള്‍ തന്നെയാണല്ലോ ഈ ബ്ലോഗിന്റെ ജീവനാഡി. രണ്ടു ദിവസത്തെ അക്ഷീണപ്രയത്നം കൊണ്ട് ഇതാ നമ്മുടെ ബ്ലോഗിനെ, ഈ കോലത്തിലെത്തിച്ചിരിക്കുന്നു. ടെംപ്ലേറ്റില്‍ മാറ്റം വരുത്തുന്നില്ല എന്നു പറഞ്ഞിരുന്നെങ്കിലും ചെറിയൊരു മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകുമല്ലോ. മാന്യ പ്രേക്ഷകരുടെ മുഴുവന്‍ നിര്‍ദ്ദേശങ്ങളും പാലിക്കാനായില്ലെന്ന് തുറന്നു സമ്മതിക്കുന്നു. ഇനിയും സമയമുണ്ടല്ലോ..? പതുക്കെ ഓരോന്നായി പാലിക്കാന്‍ ശ്രമിക്കാം. എന്തായാലും പേരിന്റെ ഒതുക്കവും, കമന്റ്സില്‍ വരുത്തിയ മാറ്റവും നമ്മുടെയൊക്കെ ആഗ്രഹത്തിനനുസരിച്ചുള്ളതായി എന്നു തന്നെയാണ് തോന്നുന്നത്. അതിന്റെ ഭാഗമായി ഇനി മുതല്‍ ഒരാളുടെ കമന്റിന് തൊട്ടു താഴെ അയാള്‍ക്ക് മറുപടിക്കമന്റ് ഇടാം. ഓരോ യൂ.ആര്‍.എല്ലും പ്രത്യക്ഷപ്പെടുന്നതെങ്ങനെയെന്ന് നോക്കുക. ഞങ്ങള്‍ക്കുമാത്രം തോന്നിയാല്‍ പോരല്ലോ..! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാതോര്‍ക്കുകയാണ്. വിശദമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു.


Read More | തുടര്‍ന്നു വായിക്കുക

മാത്‌സ് ബ്ലോഗ് www.mathsblog.in ലേക്ക്

>> Thursday, March 4, 2010


കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ സര്‍വ്വെയില്‍ ഇരുന്നൂറിനു മേല്‍ അഭിപ്രായം രേഖപ്പെടുത്തി. അവരില്‍ 109 പേര്‍ www.mathsblog.in എന്ന പേരിനോടാണ് താല്പര്യം പ്രകടിപ്പിച്ചത്. www.mathsteachers.in എന്ന പേരോ മറ്റേതെങ്കിലും പേരോ സെലക്ട് ചെയ്യാമെന്ന് 31 പേര്‍ വീതം അഭിപ്രായപ്പെട്ടു. മറ്റുപലരും മെയിലുകളുടെയും കമന്റുകളുടെയും രൂപത്തില്‍ മറ്റു ചില പേരുകള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഒട്ടേറെ നല്ല നല്ല നിര്‍ദ്ദേശങ്ങളും ഇതു പോലെ തന്നെ ഞങ്ങളിലേക്ക് ഫോണ്‍ കോളുകളായും മെയിലുകളായും വന്നു. അക്കൂട്ടത്തില്‍ കാസര്‍കോട് നിന്നുമുള്ള ബാബു ജേക്കബ് സാര്‍, അഞ്ജന ടീച്ചര്‍ എന്നിവരും വിസ്മയ, ഹിത, തസ്ലീം എന്നീ കുട്ടികളും കമന്റ് ബോക്സിലൂടെ ഒട്ടേറെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. അവര്‍ക്ക് പ്രത്യേകം നന്ദി. എന്തായാലും സമയ പരിമിതി കൊണ്ടു തന്നെ മാത്‌സ് ബ്ലോഗിന്റെ നടപ്പ് ക്രമീകരണങ്ങളില്‍ ഘട്ടം ഘട്ടമായ മാറ്റം പ്രതീക്ഷിക്കാം. ഇത്തവണത്തെ മാറ്റങ്ങളില്‍ വെച്ച് എടുത്തു പറയേണ്ട മാറ്റം എന്താണ്?

പ്രധാനമായും യു.ആര്‍.എല്‍ തന്നെ. http://www.mathematicsschool.blogspot.com/ എന്ന നീളന്‍ വെബ് വിലാസത്തെ http://www.mathsblog.in/ എന്ന കൊച്ചു വിലാസത്തിലേക്ക് ഒതുക്കുന്നത് തന്നെ. അതായത് ആദ്യ അഡ്രസ് അടിച്ചാലും ഓട്ടോമാറ്റിക്കായി http://www.mathsblog.in/ ലേക്ക് എത്തിക്കോളും. എന്നാല്‍ ബ്ലോഗിന്റെ സൌകര്യങ്ങളില്‍ നിന്ന് ഒട്ടും തന്നെ വിട്ടുമാറാന്‍ ശ്രമിക്കുന്നില്ല. അതായത് മാറ്റം പ്രധാനമായും പേരില്‍ മാത്രം ഒതുങ്ങും. ഇതോടൊപ്പം തന്നെ കമന്റ് ബോക്സുകള്‍ പരിഷ്ക്കരിക്കാനും ശ്രമിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ടെംപ്ലേറ്റ് മാറ്റാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കിലും പലരും അതിനോട് താല്പര്യം പ്രകടിപ്പിച്ചില്ല. നിലവിലുള്ള ടെംപ്ലേറ്റ് മനസ്സിനിണങ്ങിയത് തന്നെയാണെന്നും പുതിയൊരെണ്ണമാകുമ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുമെന്ന ചില അധ്യാപകരുടെ ആവശ്യം പരിഗണിച്ച് ടെംപ്ലേറ്റില്‍ വലിയ മാറ്റമൊന്നും വരുത്തുന്നില്ല. എന്തായാലും മാറ്റങ്ങള്‍ നമുക്ക് കാത്തിരുന്ന് കാണാം. അപ്പോള്‍ വൈകുന്നേരം കാണാമല്ലേ..?


Read More | തുടര്‍ന്നു വായിക്കുക

തെരഞ്ഞെടുപ്പ് ഏപ്രില്‍ 13 ന്

>> Monday, March 1, 2010

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 13 ന്. നോട്ടിഫിക്കേഷന്‍ മാര്‍ച്ച് 19 ന് പുറത്തിറക്കും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെണ്ണല്‍ മെയ് 13 ന്. കേരളം ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 13ന് തിരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണല്‍ മെയ് 13നാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 19ന് പുറപ്പെടുവിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിനുപുറമെ തമിഴ്‌നാട്, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി, എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പശ്ചിമബംഗാളില്‍ ആറുഘട്ടങ്ങളിലായി, ഏപ്രില്‍ 18, 23, 27, മെയ് 1, 7,10 തിയതികളില്‍ തിരഞ്ഞെടുപ്പ് നടക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ 13നും അസമില്‍ രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ 4നും 11നും തിരഞ്ഞെടുപ്പ് നടക്കും.

കേരളത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 26 ആയിരിക്കും. സൂക്ഷ്മ പരിശോധന മാര്‍ച്ച് 28നാണ്. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയതി മാര്‍ച്ച് 30ആണ്. വോട്ടര്‍മാരുടെ ഫോട്ടോ പതിച്ച വോട്ടിങ് സ്ലിപ്പ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിതരണം ചെയ്യും. നിലവില്‍ സ്ലിപ്പ് വിതരണം ചെയ്തിരുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്.

കേളത്തില്‍ 20,700 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 2.56 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വീഡിയോ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍ക്കാന്‍ കോള്‍ സെന്റര്‍ (ടോള്‍ ഫ്രീ നമ്പര്‍ 1965) സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തുന്നുണ്ട്. ശാരീരിക വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

സ്ഥാനാര്‍ത്ഥികളുടെ ഓരോ ദിവസത്തെയും തിരഞ്ഞെടുപ്പ് പ്രചാരണ ചെലവ് കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
മാതൃഭൂമി വാര്‍ത്ത


Read More | തുടര്‍ന്നു വായിക്കുക

ഈ ബ്ലോഗിന് ഒരു ഡൊമൈന്‍ നിര്‍ദ്ദേശിക്കുക

നമ്മുടെ ഉപദേശകസമിതി അംഗങ്ങളും ബ്ലോഗിന്റെ നിലവിലുള്ള ഡൊമൈന്‍ (www.mathematicsschool.blogspot.com) മാറ്റി ചെറിയ ഒന്നാക്കി മാറ്റുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഐ.ടി സ്ക്കൂളിന്റെ എക്സിക്യുട്ടീവ് ഡയറക്ടറ്‍ അന്‍വര്‍ സാദത്ത് സാറും ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. അങ്ങനെ നിലവിലെ വെബ് വിലാസം ചെറുതാക്കി മാറ്റുന്നത് പറയുന്നതിനും ഏറെ സൌകര്യപ്രദമാണ് എന്ന അധ്യാപകരുടെയും അഭിപ്രായം മാനിച്ച് അതിന് ഞങ്ങള്‍ തയ്യാറെടുക്കുകയാണ്. ഇനി പുതിയ ഡൊമൈനിലേക്ക് മാറിയാലും നിലവിലുള്ള www.mathematicsschool.blogspot.com എന്ന അഡ്രസ് വഴിയും ബ്ലോഗിലേക്ക് പ്രവേശിക്കാവുന്നതാണ്. അത് ഓട്ടോമാറ്റിക്കായി പുതിയ ഡൊമൈനിലേക്ക് എത്തിച്ചു കൊള്ളും. ചെറിയ പേര് കൈകാര്യം ചെയ്യാന്‍ സൌകര്യപ്രദമായിരിക്കും അല്ലേ..? എന്തു പറയുന്നു..? അപ്ഡേഷനുകള്‍ക്ക് മുന്പേ പേര് തെരഞ്ഞെടുക്കുന്നതിന് അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായം ആരായുകയാണ്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer