ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

ഐതിഹ്യമാല : മലയാളിയുടെ നിത്യ താരകം

>> Sunday, March 7, 2010

ഐതിഹ്യമാല പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ നൂറാം വാര്‍ഷികം ആയിരുന്നു 2009ല്‍. ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ പത്രാധിപരായ വെള്ളായ്ക്കന്‍ നാരായണമേനോന്‍ ആണ് ആദ്യമായി ഐതിഹ്യമാലയുടെ ആദ്യഭാഗം പ്രസിദ്ധപ്പെടുത്തിയത്. ഇതിന്റെ പ്രസ്താവനയില്‍ ഗ്രന്ഥകര്‍ത്താവ് കൊല്ലവര്‍ഷം 5-9-1084 എന്നും ഇംഗ്ലീഷ് വര്‍ഷം 17-4-1909 എന്നും രേഖപ്പെടുത്തിയിട്ടുണ്ട് . ആദ്യ 8 വോളിയങ്ങള്‍ 1909 മുതല്‍ 1934 വരെയുള്ള കാലത്താണ് പ്രസിദ്ധപ്പെടുത്തുന്നത്. ആദ്യകാല പ്രസാധകര്‍ മംഗളോദയം കമ്പനിയായിരുന്നു. 1985ല്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി രൂപീകരിച്ചു. ഈ സമിതിയാണ് പിന്നീട് പുസ്തകം ഇറക്കിയത്. പലകാലങ്ങളിലായി സമ്പൂര്‍ണ്ണകഥകള്‍ 18 പതിപ്പുകള്‍ ഇറങ്ങി. 2004 ലെ 18ആം പതിപ്പ് ഇറക്കുന്നത് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 150 ആം ജന്മദിനത്തിലായിരുന്നു. പിന്നീട് 2005ല്‍ ഡി സി ബുക്സ് 19-ആം പതിപ്പ് പ്രസിദ്ധീകരിച്ചു. ഐതിഹ്യമാലയുടെ വായനാവൈപുല്യം ഇതുകൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാം. എന്തായിരുന്നു ഐതിഹ്യമാലയുടെ സവിശേഷതകള്‍? പാലക്കാട് മണര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ അധ്യാപകനും എഴുത്തുകാരനുമായ രാമനുണ്ണി മാഷിന്റെ ലേഖനത്തിലേക്ക്

ഐതിഹ്യമാല എക്കാലത്തേയും വായനാസാമഗ്രി ഇവിടെയുള്ള ഇന്നത്തെ മുതിര്‍ന്ന വായനക്കാരെല്ലാം കുട്ടിക്കാലത്ത് വായന തുടങ്ങുന്നത് ‘ഐതിഹ്യമാലയില്‍‘ നിന്നാവും. ഐതിഹ്യമാല മാത്രമല്ല, വിക്രമാദിത്യ കഥകള്‍, പഞ്ചതന്ത്രകഥകള്‍, ശീലാവതീചരിതം, വടക്കന്‍പാട്ടുകള്‍, രാമായണം കിളിപ്പാട്ട് എന്നിവയും അന്നത്തെ വായനാസാമഗ്രികളായിരുന്നു. ഇന്നത്തെപ്പോലെ പുസ്തകങ്ങള്‍ അധികമില്ലെങ്കിലും ഉള്ളവ എല്ലാം തന്നെ നന്നായി വായിച്ചിരുന്നു.വയന തന്നെ ഒരു കൃതി ഒരിക്കല്‍ വായിക്കുക എന്നതായിരുന്നില്ല, ഓരോന്നും പലവട്ടം വായിച്ചിരുന്നു.

ഇവയൊക്കെ കേരളീയന്റെ വായനാശീലം വളര്‍ത്തിയ കൃതികളാണ്. വായനാശീലം മാത്രമല്ല, കഥാകൌതുകവും കാവ്യാനുശീലനവും വളര്‍ത്തി. വായനയും തുടന്ന് വായിച്ചതിനെ സംബന്ധിച്ച വിപുലമായ ചര്‍ച്ചകള്‍ ഉണ്ടാക്കി. നല്ല സാഹിത്യവും മോശം സാഹിത്യവും തിരിച്ചറിയപ്പെട്ടു. സാഹിത്യാസ്വാദനക്കളരികളായി ഇക്കൃതിക ഇവിടെ പ്രവര്‍ത്തിച്ചു. കുട്ടികളില്‍ ഐതിഹ്യമാ‍ല വമ്പിച്ച സ്വാധീനം ചെലുത്തി. കൌതുകകരങ്ങളായ കഥകള്‍ എന്ന നിലയില്‍ മാത്രമല്ല, ഇതൊക്കെ നമ്മുടെ നാട്ടില്‍ നടന്ന സംഭവങ്ങളാണെന്ന ഉറച്ച വിശ്വാസവും കുട്ടികള്‍ക്ക് ഉണര്‍വേകി. ചരിത്രാംശങ്ങള്‍ ഭാവനയില്‍ പൊതിഞ്ഞു ആരെയും വശീകരിക്കുന്ന ഭാഷയില്‍ എഴുതാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് കഴിഞ്ഞു. കുട്ടികളെ വശീകരിച്ചതു പോലെ ഐതിഹ്യമാല മുതിര്‍ന്നവര്‍ക്കും വളരെ വളരെ ഇഷ്ടപ്പെട്ടു. ഏതു പ്രാ‍യത്തിലും വായിക്കാന്‍ കൊള്ളുന്ന ഒന്നായി. ഗ്രന്ഥകാരന്റെ മിടുക്കാണ് ഇതു കാണിക്കുന്നത്. ഉള്ളടക്കത്തിലും ഭാഷാശൈലിയിലും കാവ്യാത്മകതയിലും ഉള്ള മികവ് മികച്ചതാണ്. ഭാഷയുടെ ലാളിത്യവും ഭംഗിയും എക്കാലത്തും കൌതുകം നല്‍കും.മറ്റൊന്ന് എഴുത്തുകാരന്റെ ആത്മാര്‍ഥതയാണ്. എഴുതിത്തുടങ്ങുമ്പോള്‍ തന്നെ ഇതൊരു ഐതിഹ്യമാണെന്ന് മറന്ന് പോകുന്നു എഴുത്തുകാരന്‍. താന്‍ സ്വയം വിശ്വസിക്കുന്ന ചില സംഗതികളാണ് എഴുതുന്നതെന്ന ഭാവം നമുക്ക് മനസ്സിലാകും.അത്രമേല്‍ ഉള്ളടക്കവുമായി അടുപ്പം കൈവരിക്കുന്നു. അതേഅടുപ്പം വായനക്കരനും ലഭിക്കുന്നു. ഇത് നമ്മെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നു. ഐതിഹ്യങ്ങളില്‍ ജീവിച്ച എഴുത്തുകാരനാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി. എന്നാല്‍ ഈ ആര്‍ജവം ഒരിക്കലും പക്ഷപാതപരമാവുന്നുമില്ല. എല്ലാ ഐതിഹ്യങ്ങളേയും ഒരേ അളവില്‍ വിശ്വസിക്കുകയും അതില്‍ ഇടപെടുകയും ചെയ്യുന്നു. വസ്തുതകളിലെ സത്യസന്ധത പ്രധാനപ്പെട്ടതു തന്നെ. നോക്കു: “കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂറിലെന്നല്ല, കേരളത്തില്‍ത്തന്നെ അധികം പേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാല്‍ കൊച്ചുണ്ണി ഒരു വലിയ കള്ളനും അക്രമിയും ആണെന്നാണ് മിക്കവരുടേയും ബോധം.വാസ്തവത്തില്‍ അയാള്‍ ഒരു സത്യവാനും മര്യാദക്കാരനും കൂടിയായിരുന്നു. പരസ്പരവിരുദ്ധങ്ങളായ ഈ ഗുണങ്ങള്‍ എല്ലാം കൂടി ഒരാളിലുണ്ടായിരിക്കുന്നതെങ്ങനെയെന്നു ചിലര്‍ വിചാരിച്ചേക്കാം. അത് എപ്രകാരമെന്നു പിന്നാലേവരുന്ന സംഗതികള്‍ കൊണ്ട് ബോധ്യപ്പെടുമെന്നു മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.” (കായംകുളം കൊച്ചുണ്ണി)

ഒരു രാജ്യത്തിന്റെ ഐതിഹ്യങ്ങള്‍ ആര്‍ക്കും തള്ളിക്കളയാവുന്ന ചവറല്ല. അതിശയോക്തിയും അന്ധവിശ്വാസവും ഭാവനയും ഒക്കെ ഉണ്ടെങ്കിലും ചരിത്രസത്യങ്ങളുടെ പൊന്‍തൂവലുകള്‍ ഏത് ഐതിഹ്യത്തിലും ഉണ്ട്.ദേശചരിത്രവും മതപരവും സാമൂഹികവുമായ അംശങ്ങളും ഇതിലൊക്കെയുണ്ട്. ഐതിഹ്യം രൂപപ്പെടുന്നകാലത്തെ ആചാരോപചാരങ്ങള്‍, ഭാഷ,സംഭാഷണരീതി, നാട്ടുനടപ്പുകള്‍, ജീവിതരീതികള്‍, പരിസ്ഥിതി, ആരോഗ്യശീലങ്ങള്‍ തുടങ്ങി നിരവധി സംഗതികള്‍ എന്നും നമുക്ക് അറിയേണ്ടുന്നവയായി ഇതിലൊക്കെ ഉണ്ട്.സാധാരണ വായനക്കാർക്ക് മാത്രമല്ല ചരിത്രകാരന്മാര്‍ക്കും ഐതിഹ്യങ്ങള്‍ നിഷ്കര്‍ഷിച്ചു വായിക്കാനുള്ളവതന്നെയാണ്.

ഐതിഹ്യത്തിന്റെ ‘ഐതിഹ്യം’

“ മലയാളഭാഷയുടെ പരിഷ്കാരാഭിവൃദ്ധികള്‍ക്കായി സര്‍വാത്മനാ പരിശ്രമിച്ചുകൊണ്ടിരുന്ന മഹാനും ‘മലയാളമനോരമ’ പത്രം, ‘ഭാഷാപോഷിണി’ മാസിക എന്നിവയുടെ നിര്‍മ്മാതാവുമായ പരേതനായ കെ.എ. വര്‍ഗീസുമാപ്പിള അവര്‍കള്‍ കോട്ടയത്തുവന്നു സ്ഥിരവാസം തുടങ്ങിയ കാലം മുതല്‍ ആജീവനാന്തം അദ്ദേഹം ഭാഷാവിഷയമായി ചെയ്തിട്ടുള്ള പരിശ്രമങ്ങളെല്ലാം എന്നെക്കൂടി ഒരു ഭാഗഭാക്കാക്കിവെച്ചുകൊണ്ടാണ് ഇരുന്നിരുന്നതെന്നുള്ള വാസ്തവം അദ്ദേഹത്തേയും എന്നെയുംപറ്റി അറിവുള്ളവള്‍ക്കൊക്കെ അറിയാവുന്നതാണ്.ഞങ്ങള്‍ രണ്ടുപേരും കൂടി മനോരമആപ്പീസിലിരുന്ന് പത്രസംബന്ധമായും മറ്റും ഓരോന്ന് എഴുതുക, വായിക്കുക, തിരുത്തുക മുതലായി അന്നന്ന് തീര്‍ക്കേണ്ട ജോലികള്‍ ചെയ്തു തീര്‍ത്താല്‍ പകലേ നാലുമണിക്കുശേഷം കുറച്ചു സമയം സ്വൈരസല്ലാപം ചെയ്തു വിശ്രമിക്കുന്നതിനുകൂടി അദ്ദേഹം നിശ്ചയിച്ചിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റേയും എന്റേയും സ്നേഹിതന്മാരും സരസന്മാരുമാരുമായി ചില മാന്യന്മാർകൂടി വന്നുചേരുകയും പതിവായിരുന്നു. അങ്ങനെ ഞങ്ങള്‍ എല്ലാവരുംകൂടി ചില നേരമ്പോക്കുകളും ഫലിതങ്ങളും പറഞ്ഞുരസിച്ചുകൊണ്ടിരുന്ന മധ്യേ പ്രസംഗവശാല്‍ ഒന്നു രണ്ടു ദിവസം ഞാന്‍ ചില ഐതിഹ്യങ്ങള്‍ പറയുകയും അവ വര്‍ഗീസുമാപ്പിള അവര്‍കള്‍ക്ക് വളരെ രസിക്കുകയും അതിനാല്‍ പിന്നെയും ചിലപ്പോള്‍ വല്ല ഐതിഹ്യങ്ങളും പറയുന്നതിന്ന് അദ്ദേഹം ആവശ്യപ്പെടുകയും ഞാന്‍ പറയുകയും ചെയ്തു. ക്രമേണ മിക്കവാറും അതൊരു പതിവായിത്തീര്‍ന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഒരു ദിവസം മിസ്റ്റര്‍ വര്‍ഗീസ് മാപ്പിള – ഈ ഐതിഹ്യങ്ങളെല്ലാം ഇങ്ങനെ വെറുതെ പറഞ്ഞുകളഞ്ഞാല്‍ പോരാ, ഇവയില്‍ അനേകം നേരമ്പോക്കുകളും അതിശയോക്തികളും അസംബന്ധങ്ങളും ഉണ്ടെകിലും നാം അറിഞ്ഞിരിക്കേണ്ടുന്നവയായ പല തത്വങ്ങളും സാരാംശങ്ങളുംകൂടിയുണ്ട്.അതിനാല്‍ ഇവയെല്ലാം ഒന്നെഴുതണം.നമുക്ക് മനോരമയിലും ഭാഷാപോഷിണിയിലുമായി പ്രസിദ്ധപ്പെടുത്താം……“(കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘പ്രസ്താവന’)

ആധുനിക പ്രസക്തി

മലയാളത്തിന്റെ ആദ്യകാല കഥാസാഹിത്യമെന്ന നിലയിലാണ് ഐതിഹ്യമാലയെ കാണേണ്ടത്. കഥകള്‍ വാമൊഴിയായിരുന്നത് വരമൊഴിയായിത്തീരുകയായിരുന്നു ഐതിഹ്യമാലയിലൂടെ. പ്രസ്താവനയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി അത് സൂചിപ്പിക്കുന്നുണ്ട്. നേരമ്പോക്കിനുവേണ്ടി പറഞ്ഞു തുടങ്ങിയതാണ് ഇതിലെ കഥകള്‍. കേള്‍വിക്കാര്‍ക്കിഷ്ടമായതുകൊണ്ട് അവരത് പ്രോത്സാഹിപ്പിച്ചു. പറഞ്ഞു കളഞ്ഞാല്‍ പോര, എഴുതിവെക്കണം, പ്രസിദ്ധീകരിക്കണം എന്നു തീരുമാനിച്ചു.എല്ലാ കഥകളും ആദ്യംമനമൊഴിയും തുടര്‍ന്ന് വാമൊഴിയും പിന്നീട് വരമൊഴിയും ആയിത്തീരുകയാണല്ലോ. കഥ ആദ്യം മനസ്സിലാണ് രൂപപ്പെടുന്നത്. അതിനും മുന്‍പ് സമൂഹമനസ്സിലാണ് കഥകള്‍ ഉരുവം കൊള്ളുന്നത്. സമൂഹമനസില്‍ രൂപപ്പെടുന്നകഥ പലരിലൂടെയും കടന്നുപോരുകയും പലരൂപപരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ പാഠഭേദങ്ങള്‍ പ്രാദേശികമായിപ്പോലും ഉണ്ടാവുന്നു.

ഐതിഹ്യമാലയില്‍ 126 കഥകളാണ് ചേര്‍ത്തിരിക്കുന്നത്. തീര്‍ച്ചയായും കേരളത്തില്‍ പ്രസിദ്ധമായിട്ടുള്ള 126 എണ്ണം തന്നെയാണിവ. എന്നാല്‍ കേരളത്തില്‍ നിലവിലുള്ള മുഴുവന്‍ ഐതിഹ്യങ്ങളുടേയും ഒരു പൂര്‍ണ്ണ സമ്പുടം എന്നിതിനെ പറഞ്ഞുകൂടാ.വിവിധ പ്രദേശങ്ങളില്‍, ജാതികളില്‍, മതങ്ങളില്‍, സമൂഹങ്ങളില്‍ പ്രചാരത്തിലുള്ള ഐതിഹ്യങ്ങള്‍ തീര്‍ചയായും ആയിരക്കണക്കിനാണ്. എഴുതിവെക്കുമ്പോള്‍ വളരെ ചെറുതും വലുതുമായവ ഉണ്ട്. ആദിവാസിസമൂഹങ്ങളിലാണ് ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഐതിഹ്യങ്ങളുള്ളത്. അവരുടെ സമൂഹജീവിതം മിക്കാവറും നിയന്ത്രിക്കുന്നതുതന്നെ ഐതിഹ്യങ്ങളാണല്ലോ. ആചാരങ്ങള്‍ , ആരാധനകള്‍.. ഒക്കെത്തന്നെ ഐതിഹ്യാധിഷ്ഠിതം ആണല്ലോ. നീതി ധര്‍മ്മബോധം തുടങ്ങിയ സംഗതികളും ഐതിഹ്യങ്ങളില്‍ ഊന്നിയുള്ളതാണ്.

പൊതു പ്രസക്തിയില്ലാതെ ജാതി മത സമൂഹങ്ങളില്‍ മാത്രം ജനിച്ചുവളര്‍ന്ന്‌ ജീവിക്കുന്ന ഐതിഹ്യങ്ങളുണ്ട്. പലക്ഷേത്രങ്ങളുടേയും പ്രധാനവാതിലുകളില്‍ ഒന്നു തുറക്കാത്തവയുണ്ട്. ചിലപ്രത്യേക ചടങ്ങുകളില്‍ മാത്രം തുറക്കുന്ന വാതിലുകള്‍ ഉണ്ട്. ഈ വാതിലുകള്‍ എന്നും അടഞ്ഞുകിടക്കുന്നതിന്നു പിന്നില്‍ കഥകളുണ്ട്. ഭഗവതിമാര്‍ ഭയന്ന് അടച്ചവ, ആന/ കോമരം/ രാജാവ് /ഭക്തന്‍/ഭക്ത തുടങ്ങിയവര്‍ അടച്ചവ, ചിലവാശികളില്‍ അടഞ്ഞുപോയവ, എന്നിങ്ങനെ..വിളവിലെ ആദ്യപങ്ക് ക്ഷേത്രങ്ങളില്‍ നല്‍കുന്നതിന്നു പിന്നില്‍ ഇതുപോലുള്ള ഐതിഹ്യങ്ങള്‍ ഉണ്ട്.സ്ഥലനാമങ്ങള്‍ക്കു പിന്നില്‍ മുഴുവന്‍ ഐതിഹ്യങ്ങളാണ്. ഇതു പലപ്പോഴും പുരാണകഥാപാത്രങ്ങളുമായി ബന്ധപ്പെടുന്നു. ഭീമനാടും പാത്രക്കടവും ഒക്കെ ഇങ്ങനെ കഥകളുടെ പശ്ചാത്തലമുള്ളതാണ്.ക്ഷേത്രങ്ങൾ പള്ളികൾ എന്നിവയുടെ ഉൽ‌പ്പത്തി ഐതിഹ്യങ്ങളിന്‍ ഊന്നിയാണല്ലോ.

ഇതുപോലുള്ള നിരവധികഥകള്‍ ഐതിഹ്യങ്ങള്‍ ഇനിയും സംഭരിച്ചു പ്രസിദ്ധീകരിക്കാനിരിക്കുന്നേ ഉള്ളൂ. ലോകത്താകെ നോക്കിയാന്‍ ചേട്ടാഭഗവതിയുടെ (ജ്യേഷ്ഠാ എന്നു സംസ്കൃതീകരിച്ചു പറയുന്നു. ) പ്രതിഷ്ഠയുള്ള ഒരേ ഒരു ക്ഷേത്രം തച്ചനാട്ടുകരയില്‍ ഉണ്ടായിരുന്നു. ചൂലും മുറവും ആയിരുന്നത്രേ പ്രതിഷ്ഠ.എല്ലായിടത്തും ശ്രീഭഗവതിയെ പ്രതിഷ്ഠിച്ചപ്പോള്‍ (ഒരുപക്ഷെ അതിൽ പ്രതിഷേധിച്ചാകാം?) തച്ചനാട്ടുകരയിലെ പഴയ‌ആളുകള്‍ ചേട്ടാഭഗവതിയെ പൂജിക്കാന്‍ തുടങ്ങി. അതുപോലെതന്നെ ജാതിമതഭേദമില്ലാതെ പൂജചെയ്യന്ന പള്ളികള്‍ ഉണ്ട്. മറ്റു ദേവസാന്നിധ്യങ്ങള്‍ ഉണ്ട്. സമകാലിക സമൂഹത്തില്‍ പ്രയോജനപ്പെടുത്താവുന്ന ചിലസാമൂഹ്യപ്രസക്തികള്‍ ഇവക്കുണ്ടല്ലോ.
ഐതിഹ്യമാലയുടെ വായനയും പഠനവും ഇപ്പൊഴും അനവധി സാധ്യതകള്‍ നമുക്കു മുന്നില്‍ തുറന്നിടുന്നുണ്ട് എന്നു വിസ്മരിക്കരുത്.

2 comments:

Anonymous April 18, 2010 at 6:40 AM  

"ഐതിഹ്യമാല : മലയാളിയുടെ നിത്യ താരകം" എന്ന പോസ്റ്റിന് ലഭിച്ച കമന്റുകള്‍ ഇവിടെ കാണാം

manoj.k.mohan June 7, 2011 at 8:59 AM  

ഐതിഹ്യമാലയിലെ മുഴുവന്‍ അദ്ധ്യായങ്ങളും ഇപ്പോള്‍ യൂണിക്കോഡ് മലയാളത്തില്‍ വിക്കിഗ്രന്ഥശാലയില്‍
ഓണ്‍ലൈനായി വായിക്കാം.

വളരെയാളുകളുടെ പ്രയത്നം കൊണ്ടാണ് ഇതിന്റെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയത്. കൂടുതല്‍

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer