പുതിയ ഡൊമൈന്‍, പുതിയ കാല്‍‌വെയ്പ്

>> Saturday, March 6, 2010

രണ്ടു ദിവസം 'റീവാമ്പിങ്ങിനായി', ബ്ലോഗ് മുടങ്ങിക്കിടന്നതുകൊണ്ട് ഒരു കാര്യം ഞങ്ങള്‍ക്ക് ബോധ്യമായി - എത്രയെത്ര പേരാണ് ഈ ബ്ലോഗിനെ ജീവനുതുല്യം സ്നേഹിക്കുന്നത്! നമ്മള്‍ അധ്യാപകരുടെ കൂട്ടായ്മ ലക്ഷ്യമാക്കിയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ആ ഉദ്യമം വിജയിച്ചു എന്നത് ശരിക്കും മനസ്സിലാക്കിത്തന്ന ദിവസങ്ങളായിരുന്നു ഇക്കഴിഞ്ഞ വ്യാഴവും വെള്ളിയും. ഞങ്ങളുടെ പല ബ്ലോഗ് ടീം അംഗങ്ങള്‍ക്കും വ്യത്യസ്തങ്ങളായ സ്ഥലങ്ങളില്‍ നിന്നും എത്രയെത്ര ഫോണ്‍കോളുകളാണ് ഈ ദിവസങ്ങളില്‍ വന്നതെന്നോ! നേരത്തേ അറിയിച്ചിരുന്ന സമയപരിധി കഴിഞ്ഞിട്ടും ബ്ലോഗ് ആക്ടീവാകാത്തതെന്തെന്നായിരുന്നൂ മിക്ക പേര്‍ക്കും അറിയേണ്ടിയിരുന്നത്. പലര്‍ക്കും സംശയം തങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടോയെന്നായിരുന്നു. ചിലര്‍ എത്രത്തോളമായി ജോലിത്തിരക്കുകളെന്നറിയാനായിരുന്നു ശ്രമം. മന:പൂര്‍വ്വമായിരുന്നില്ല. രാത്രി മുഴുവന്‍ , വ്യത്യസ്ഥ സ്ഥലങ്ങളില്‍ ഉറക്കമിളച്ചിരുന്ന് ശ്രീനാഥും, ഹരിയും, കൂടെ ഇടക്കിടെ വിവരങ്ങളന്വേഷിച്ച് ബാക്കി ടീമംഗങ്ങളും നേരം വെളുപ്പിച്ചു. പ്രശ്നങ്ങള്‍ അനവധിയായിരുന്നു- ഒരവസരത്തില്‍ കമന്റുകള്‍ മുഴുവന്‍ നഷ്ടപ്പെട്ടുവെന്നുതന്നെ കരുതി.

ഒരു വര്‍ഷം പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ക്കൊപ്പമുള്ള കമന്റുകള്‍ തന്നെയാണല്ലോ ഈ ബ്ലോഗിന്റെ ജീവനാഡി. രണ്ടു ദിവസത്തെ അക്ഷീണപ്രയത്നം കൊണ്ട് ഇതാ നമ്മുടെ ബ്ലോഗിനെ, ഈ കോലത്തിലെത്തിച്ചിരിക്കുന്നു. ടെംപ്ലേറ്റില്‍ മാറ്റം വരുത്തുന്നില്ല എന്നു പറഞ്ഞിരുന്നെങ്കിലും ചെറിയൊരു മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകുമല്ലോ. മാന്യ പ്രേക്ഷകരുടെ മുഴുവന്‍ നിര്‍ദ്ദേശങ്ങളും പാലിക്കാനായില്ലെന്ന് തുറന്നു സമ്മതിക്കുന്നു. ഇനിയും സമയമുണ്ടല്ലോ..? പതുക്കെ ഓരോന്നായി പാലിക്കാന്‍ ശ്രമിക്കാം. എന്തായാലും പേരിന്റെ ഒതുക്കവും, കമന്റ്സില്‍ വരുത്തിയ മാറ്റവും നമ്മുടെയൊക്കെ ആഗ്രഹത്തിനനുസരിച്ചുള്ളതായി എന്നു തന്നെയാണ് തോന്നുന്നത്. അതിന്റെ ഭാഗമായി ഇനി മുതല്‍ ഒരാളുടെ കമന്റിന് തൊട്ടു താഴെ അയാള്‍ക്ക് മറുപടിക്കമന്റ് ഇടാം. ഓരോ യൂ.ആര്‍.എല്ലും പ്രത്യക്ഷപ്പെടുന്നതെങ്ങനെയെന്ന് നോക്കുക. ഞങ്ങള്‍ക്കുമാത്രം തോന്നിയാല്‍ പോരല്ലോ..! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാതോര്‍ക്കുകയാണ്. വിശദമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു.

1 comments:

Anonymous April 18, 2010 at 6:42 AM  

പുതിയ ഡൊമൈനോടെ എത്തിയ മാത്‌സ് ബ്ലോഗിനെക്കുറിച്ചുള്ള കമന്റുകള്‍ ഇവിടെ കാണാം

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer