ഓർബിറ്റർ വിക്രമിനോട്
>> Tuesday, October 15, 2019
Read More | തുടര്‍ന്നു വായിക്കുക
വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ തിരിച്ചെത്തുന്ന ദിനമാണ് ജൂണ്‍ ഒന്ന്. രണ്ടു മാസം നിശബ്ദരായിരുന്ന മതിലുകള്‍ക്കു വരെ സന്തോഷമാണ് ഈ കുരുന്നുകളെ വീണ്ടും കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഉത്സവമാണന്ന്. വിദ്യാഭ്യാസവകുപ്പ് അതിനെ പ്രവേശനോത്സവമായിത്തന്നെ കൊണ്ടാടണമെന്നാണ് സ്ക്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ക്കൂളും പരിസരവും അലങ്കരിക്കണമെന്നും ഉത്സവപ്രതീതി എങ്ങും അലയടിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഗതകാലസ്മരണകളെ അനുസ്മരിപ്പിച്ചു കൊണ്ട് ഈ വര്‍ഷത്തെ പ്രവേശനോത്സവം മഴയുടെ അകമ്പടിയോടെയാണ് കടന്നു വന്നത്. പ്രവേശനോത്സവത്തില്‍ പങ്കെടുക്കുവാന്‍ മകളുടെ കൂടെ പോയപ്പോള്‍ വീണു കിട്ടിയ ഒരു കവിത ബൂലോക കവിതാലോകത്തിലൂടെ പ്രസിദ്ധനായ ഷാജി നായരമ്പലം മാത്‍സ് ബ്ലോഗിന് അയച്ചു തന്നിരിക്കുകയാണ്. റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ബ്ലോഗ് രചനകള്‍ പുസ്തക രൂപേണ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വൃത്തനിബദ്ധമായ 35 കവിതകള്‍ അടങ്ങുന്ന വൈജയന്തിയാണ് ഷാജി നായരമ്പലത്തിന്റെ പ്രഥമകവിതാ സമാഹാരം. എന്‍. കെ ദേശമാണ് പുസ്തകത്തിന്റെ ആമുഖമെഴുതിയിരിക്കുന്നത്. അദ്ദേഹമെഴുതിയ ഈ കവിത വായിച്ച ശേഷം അഭിപ്രായങ്ങളെഴുതുമല്ലോ.
തുള്ളിക്കൊരുകുടമായി വരുന്നൂ
വെള്ളിടിവെട്ടി വിരുന്നുമഴ!
ഉള്ളില്‍പ്പലപല കുതുകം പേറി-
പ്പിള്ളേര്‍ കലപില കൂട്ടിടവേ
പള്ളിക്കൂടമുണര്‍ന്നൂ, പുലരൊളി
മങ്ങിയിരുണ്ടുവരുന്നു മഴ!
കൊമ്പുകള്‍ കുഴല്‍ വിളി കേള്‍ക്കുന്നോ,
തുടി,തമ്പോറുകള്‍, തുകില്‍ കൊട്ടുന്നോ,
വന്‍പെഴുമാഴികള്‍ തീര്‍ക്കുന്നോ
മഴ തുമ്പികണക്കു തിമിര്‍ക്കുന്നോ?
ഇന്നലെവരെ മൈതാനമുറങ്ങി,യ-
മര്‍ന്നു കിടന്ന കിനാവുകളില്‍
മന്നിനെ മധുരപ്പൊന്നമൃതൂട്ടും
കുഞ്ഞിക്കാലടി പദ പതനം,
കിന്നാരങ്ങള്‍ക്കിടയില്‍ച്ചിതറിയ
തമ്മിലടി,പ്പല സുല്ലിടലും,
കേട്ടുകിടന്നു രസി,ച്ചവര്‍ വീണ്ടും
കെട്ടിയൊരുങ്ങി വരും വരവില്‍
ഞെട്ടിയുണര്‍ന്നു; തിമിര്‍ക്കും പെരുമഴ
തട്ടിയുണര്‍ത്തി വരുന്നു മഴ!
സങ്കടമമ്മ മറയ്ക്കുന്നൂ,
നറു നൊമ്പരമോടെ ചിരിക്കുന്നു
കുഞ്ഞിനു ചുംബനമേകുന്നൂ
വിടചൊല്ലി മറഞ്ഞവള്‍ നില്‍ക്കുന്നു!
ഗദ്ഗദമുള്ളിലടങ്ങാതാ-
കു,ഞ്ഞമ്മയെ നോക്കിപ്പായുന്നൂ
പിമ്പേ പിഞ്ചുമുഖം തടവു,-
ന്നൊരു പുഞ്ചിരി സാന്ത്വനമാവുന്നു.
നിര്‍മ്മല ഭാവന മൊട്ടിടുവാ,നതി-
വര്‍ണ മനോഹര പൂവിടരാന്‍
ഉത്സവ മേളമൊരുക്കുന്നൂ, മഴ-
യല്‍ഭുത,മായറിവായി മഴ!
-ഷാജി നായരമ്പലം
അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക്

കാസര്‍കോട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഹല്യ കെ.വി. എന്ന കൊച്ചു മിടുക്കിയുടെ കവിതയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ചാര്‍ലി ചാപ്ളിന്റെ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയെപ്പറ്റി നല്ലൊരു ഡോക്യുമെന്ററി നമ്മുടെ ബ്ലോഗിനു സമ്മാനിച്ച അഹമ്മദ് ഷെരീഫ് കുരിക്കള്‍ എന്ന അധ്യാപകനാണ് ഈ കവിത നമുക്ക് അയച്ചുതന്നിരിക്കുന്നത്. ഭാവിവാഗ്ദാനങ്ങളായ ഇത്തരം കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക? ഇതു വായിക്കുന്ന ഓരോരുത്തരുടേയും കമന്റുകള്‍ അഹല്യമാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം മാത്രം മതി, ഈ ബ്ലോഗിന്റെ ജന്മം സഫലമാകാന്‍. അല്ലേ..?
വായിക്കുക...
കണ്ണുനീരിന്റെയുപ്പു പടരവെ
എരിഞ്ഞു തീരുന്ന മരത്തിനുദരത്തില്‍
കുരുന്നു ജീവനുറഞ്ഞു പോകവെ
കഴിഞ്ഞ കാലത്തിലെവിടെയോ വച്ച്
മറന്നു വച്ചുപോയ് ഞാനെന്റെ പുഞ്ചിരി
ഓണരാവിന്റെ ഓളമടിയിലോ
ആതിരാ നിലാ പന്തലിന്‍ കീഴിലോ
തളിര്‍ത്ത മാവിന്റെ തളിരിന്‍ ചുണ്ടിലോ
വിരിഞ്ഞ പ്ലാവിന്റെ കുരുന്നു കണ്ണിലോ
കളിചിരികളില്‍ കിളിമൊഴികളില്‍
കൊളുത്തി വച്ചു മറന്നു പോയ് ഞാനത്.
കുന്നു കറുത്ത് പുഴയ്ക്കു ദാഹിക്കവെ
ഇരുട്ടിന്‍ നിലാവില്‍ നിശബ്ദതയുടെ
സംഗീതമുണരവെ
ഓര്‍മ്മയുടെ ജീര്‍ണിച്ച ഏടുകളില്‍
വാഴപ്പോളകള്‍ തേന്‍ ചുരത്തിയപ്പോള്‍
മണ്ണിന്റെ മണമുയര്‍ന്നപ്പോള്‍
മഴത്തുള്ളിയുടെ കുളിരറിഞ്ഞപ്പോള്‍
മരിച്ചു പോകാത്ത ബാല്യസ്മരണയില്‍
ഇടയ്ക്കൊന്നു തിരഞ്ഞപ്പോള്‍
തിരിച്ചു കിട്ടിയെന്‍ പുഞ്ചിരി.

ഇന്ന് മാത്‍സ് ബ്ലോഗ് അവതരിപ്പിക്കുന്നത് പാലക്കാട് ജില്ലയിലെ തൃത്താലയിലുള്ള ആനക്കര ജി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസുകാരിയും അധ്യാപകദമ്പതികളുടെ മകളുമായ എസ്.അനഘയുടെ രണ്ടു കവിതകളാണ്. സ്ക്കൂളിലെ അധ്യാപകനായ ഉസ്മാന്‍ സാറിന്റെ സാക്ഷ്യപ്പെടുത്തലോടെ കഴിഞ്ഞ മാസത്തില്‍ മാത്സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ കറുത്ത വെളിച്ചം എന്ന കവിത പ്രസിദ്ധീകരണത്തിനായി ലഭിച്ചതിലൂടെയാണ് മാത്സ് ബ്ലോഗ് ഈ പ്രതിഭാ വിലാസം തിരിച്ചറിഞ്ഞത്. ഈ ചെറുപ്രായത്തില്‍ത്തന്നെ അനഘയുടെ തൂലിക ഒട്ടേറെ കവിതകള്‍ക്ക് ജന്മം നല്‍കിക്കഴിഞ്ഞു. സ്വന്തം കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മന്ദാരം എന്ന പേരില്‍ ഒരു ബ്ലോഗ് തന്നെയുണ്ട് ഈ കൊച്ചു മിടുക്കിക്ക്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ്. പോസ്റ്റ് ഒരുക്കുന്നതിനു വേണ്ടി മന്ദാരത്തിലുടെ സഞ്ചരിച്ചപ്പോള്‍ ബ്ലഡ്ടെസ്റ്റ് എന്ന പേരില്‍ ഒരു കവിത കണ്ടു. കവയിത്രിയെക്കുറിച്ച് കൂടുതലറിയാന്‍ ഈ കൊച്ചു കവിത സഹായിക്കുമെന്നുള്ളതുകൊണ്ടുതന്നെ അനുവാദമില്ലാതെ ആ കവിത ഇവിടെ പ്രസിദ്ധീകരിക്കുന്നു. അത് ഇങ്ങനെയായിരുന്നു.

നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗ്ഗാത്മക രചനകള്‍ക്കായി നാം ഒരു പേജ് തന്നെ മാറ്റി വെച്ചിട്ടുണ്ട്. ശ്രദ്ധേയങ്ങളായ രചനകള്‍ അയച്ചുതന്നാല്‍ മാത്സ് ബ്ലോഗില്‍ അവ പ്രസിദ്ധീകരിക്കും എന്നും പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അധ്യാപകസമൂഹം വേണ്ടത്ര അനുഭാവത്തോടെയോ അവധാനതയോടുകൂടിയോ ശ്രദ്ധിക്കുന്നില്ലെന്നു പറയുമ്പോള്‍ പരിഭവം തോന്നരുത്. തങ്ങളുടെ രചനകള്‍ ഏതു മീഡിയത്തിലായാലും നാലാളു കാണുന്ന വിധത്തില്‍ പ്രസിദ്ധീകരിച്ചു കാണുന്നത് സന്തോഷവും അഭിമാനവും തരുന്ന കാര്യമാണ്. കുട്ടികളാവുമ്പോള്‍ ആ സന്തോഷം അതിരറ്റതായിരിക്കും. കോഴിക്കോട് മേലടി സബ് ജില്ലയിലെ കൊഴുക്കല്ലൂര്‍ യു. പി. സ്ക്കൂളിലെ ഏഴാം ക്ലാസുകാരി കുമാരി. ആവണി. ബി. ആനന്ദിന്റെ 'നൊമ്പരം' എന്ന കവിത അധ്യാപകനായ ജയരാജന്‍ വടക്കയില്‍ അയച്ചു തന്നത് ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.
ജീവിതമിന്നൊരു പാവയെപ്പോല്‍
സ്നേഹബന്ധത്തിന്റെ തന്ത്രികള്‍ പോലും
ഈ ലാഭ ലോകത്തിലൊരു കാഴ്ചവസ്തു
ജീവിതയാത്രതന്‍ വേഗമതേറുമ്പോള്‍
സൌഹൃദമിന്നൊരു നൊമ്പരമായ്
മാതാപിതാക്കള്‍തന്‍ മത്സരത്തില്‍
മാതൃത്വമെങ്ങോ മറന്നുപോയി
ഭോഗങ്ങളില്‍ പിഞ്ചുകാല്‍ വളരുന്നു
കുട്ടിത്തമെങ്ങോ മറഞ്ഞുപോകുന്നു
താരാട്ടുപാട്ടിലെ പാല്‍മണം വറ്റി
താരിളം ചുണ്ടിലെ പുഞ്ചിരിയും പോയ്
പ്രതിമയ്ക്ക് അമ്മതന്‍ രൂപം പകര്‍ന്ന്
ഭാവത്തിനായ് പണം വാരിക്കൊടുത്തു
അകലങ്ങളില്‍ നിന്ന് ആടിത്തിമിര്‍ക്കും
സ്നേഹത്തിന്‍ ഭാഷയും മാറിടുന്നു
വിലയ്ക്കു വാങ്ങുന്നിന്നു പുഞ്ചിരിപോലും
സ്നേഹത്തിന്‍ മൂല്യമതാരറിയാന്‍?

തസ്ലീം എന്ന എട്ടാം ക്ലാസുകാരനെക്കുറിച്ചും ആ കുട്ടിയുടെ ഇത്തിരി നേരം എന്ന ബ്ലോഗിനെക്കുറിച്ചുമെല്ലാം ബ്ലോഗിലെ സന്ദര്‍ശകരായ ഏവര്‍ക്കുമറിയാമല്ലോ. തസ്ലീമിന്‍റെ ബ്ലോഗുതന്നെ അനുജത്തിയുടേയും തന്‍റെയും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാണെന്ന ആമുഖത്തോടെയാണ്. തസ്ലീമിന്‍റെ ആ അനുജത്തിയാണ് കുമാരനല്ലൂര്‍ ആസാദ് മെമ്മോറിയല്‍ യു.പി.സ്ക്കൂളിലെ അഞ്ചാം ക്ലാസുകാരിയായ ശിഫ.പി. ഇത്ര ചെറുപ്പത്തിലേ കവിതകളെഴുതുന്നതില്‍ ഏറെ തല്‍പ്പരയാണെന്നുള്ളതാണ് ഇന്ന് ആ കുട്ടിയുടെ കവിത പ്രസിദ്ധീകരിക്കുന്നതിന് മാത്‍സ് ബ്ലോഗിനെ പ്രേരിപ്പിച്ചത്. ഞങ്ങളെക്കൊണ്ട് ആവുന്ന വിധത്തിലുള്ള ചെറിയൊരു പ്രോത്സാഹനം. അത്രമാത്രം. ഏവരും ശിഫയുടെ കവിത വായിച്ച് അഭിപ്രായങ്ങളെഴുതുമല്ലോ. അഭിനന്ദിക്കുന്നതില്‍, മനസ്സറിഞ്ഞ് വിലയിരുത്തുന്നതില്‍ പൊതുവെ പിശുക്കുള്ളവരാണ് നമ്മള്‍. എന്നാല്‍ അത്തരമൊരു പിശുക്ക് ഇവിടെയുണ്ടാകില്ലെന്ന് കരുതാം. ഇതുപോലെ തന്നെ നിങ്ങളുടെ സ്ക്കൂളില്‍ ചെറുകഥ, കവിത, ചിത്രരചന തുടങ്ങിയ കലകളില്‍ പ്രാവീണ്യമുള്ളവരുണ്ടോ? ഉണ്ടെങ്കില്‍ അവ mathsekm@gmail.com എന്ന വിലാസത്തില്‍ ഞങ്ങള്‍ക്കയച്ചു തരിക. Art എന്ന നമ്മുടെ ബ്ലോഗ് പേജില്‍ അത് ഉള്‍പ്പെടുത്താം. ഇനി ശിഫയുടെ കവിത വായിച്ചു നോക്കൂ
സമസ്യയായും പസിലായുമെല്ലാം കാണാനാകുന്ന ഒരു കഥയാണ് ഇന്ന് വായനക്കാരിലേക്ക് എത്തിക്കുന്നത്. നമ്മുടെ ബ്ലോഗിലെ സ്ഥിരം സാന്നിധ്യവും ഉപദേശകസ്ഥാനത്ത് ഞങ്ങള്‍ കാണുന്നതുമായ ജനാര്‍ദ്ദനന്‍ മാഷാണ് പോസ്റ്റ് ഒരുക്കിയിരിക്കുന്നത്. നാളിതുവരെ ബ്ലോഗില്‍ അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു രീതിയാണ് ഈ കഥ-കവിത-പസില്‍ പോസ്റ്റിനുള്ളത്. ഗണിതസ്നേഹികള്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ കമന്‍റ് ബോക്സില്‍ ഇടപെടാന്‍ സാധിക്കുന്ന വിധം രസകരമായ ഒന്ന്. പഞ്ചതന്ത്രങ്ങളെല്ലാം പയറ്റാന്‍ അവസരമുള്ള ആ കഥ ശ്രദ്ധയോടെ നമുക്ക് കേള്‍ക്കാം.
നദീതീരത്തുള്ള അത്തിമരത്തില്‍ ഇരുന്നു പഴങ്ങള്‍ പറിച്ചു തിന്നു കൊണ്ടിരിക്കുകയായിരുന്നു കരങ്ങന്‍. താഴെ നദിയില്‍ ഓളങ്ങള്‍ ഉതിര്‍ത്തുകൊണ്ട് പതുക്കെ നീന്തിപ്പോവുന്ന മുതലയെക്കണ്ടു. ഒരു പഴം മുതലയ്ക്കു മുമ്പിലേക്കെറിഞ്ഞു. മുതല പഴം കഴിച്ചു. 'ഹാ...എന്തു രസം, എന്തു മധുരം. അതു മുകളിലേക്കു നോക്കി. ഒരു പഴം കൂടി വീണെങ്കില്‍...'
"എന്താ, പഴം ഇഷ്ടപ്പെട്ടോ ഒന്നു കൂടി തരട്ടേ ?" കുരങ്ങന്‍ ചോദിച്ചു. മുതല തലയാട്ടി. കുരങ്ങന്‍ പഴങ്ങള്‍ താഴേക്കിട്ടു കൊടുത്തു. മുതലച്ചന്‍ രണ്ടു മൂന്നു പഴവുമായി തന്റെ വാസസ്ഥലത്തേക്കു പോയി. പിന്നീട് ദിവസവും മുതലച്ചന്‍ അത്തിമരച്ചോട്ടിലെത്തും. പഴവുമായി തിരിച്ചു പോവും. അതു ഭാര്യക്കു നല്‍കുകയും ചെയ്യും.
ഒരു ദിവസം മുതലമ്മ പറഞ്ഞു "ഓ, കുരങ്ങന്‍ ചേട്ടന്‍ എന്തു നല്ലവനാ. ഇത്രയും മധുരമുള്ള പഴങ്ങള്‍ ചേട്ടനല്ലാതെ ആരെങ്കിലും തന്നു വിടുമോ? ഇന്നു മരച്ചുവട്ടിലേക്കു ഞാനും കൂടി വരട്ടേ?”
"വേണ്ട വേണ്ട. " മുതലച്ചന്‍ വിഷയം മാററാനായി പറഞ്ഞു. "മക്കള്‍ സ്ക്കൂളില്‍ നിന്നെത്തിയില്ലേ ?”
അന്നു മുഴുവന്‍ മുതലച്ചന്‍ ഉറങ്ങാതെ അങ്ങോട്ടുമിങ്ങോട്ടും നീന്തുകയായിരുന്നു. നേരം വെളുത്തപ്പോള്‍ ഭാര്യയോടു പറഞ്ഞു.
"ഞാന്‍ അത്തിമരച്ചോട്ടിലേക്കു പോവുകയാണ്. നമ്മുടെ സ്നേഹിതനെ ഞാന്‍ ഇങ്ങോട്ട് വിരുന്നിനു വിളിക്കുന്നുണ്ട്. നിനക്കതു സന്തോഷമാകുമല്ലോ?”
മുതലച്ചന്‍ വേഗത്തില്‍ മുന്നോട്ട് നീന്തി. മുതലമ്മയ്ക്ക് ഇതൊന്നും അത്ര വിശ്വാസമായില്ല. താനിന്നലെ കുരങ്ങന്‍ ചേട്ടനെപ്പററി നല്ലതു പറഞ്ഞപ്പോള്‍ അങ്ങേരുടെ മുഖമെന്തിനാ വല്ലാതായത്. അവള്‍ മുറിയില്‍ കയറി അവിടെയെല്ലാം തെരഞ്ഞു. മൂപ്പരുടെ മൊബൈല്‍ ഫോണ്‍ മേശപ്പുറത്തു തന്നെയുണ്ട്. അവളീ സന്ദേശം ടൈപ്പ് ചെയ്തു. "കുരങ്ങന്‍ ചേട്ടാ, മുതലച്ചന്റെ ട്രാപ്പില്‍ വീഴരുത്. സ്വന്തം മുതലമ്മ.” അത് S.M.S ആയി അപ്പോള്‍ത്തന്നെ അയയ്ക്കുകയും ചെയ്തു.
അല്പസമയം കഴിഞ്ഞു മുതലച്ചന്‍ അത്തിമരച്ചോട്ടിലെത്തി. "ഹൌ ആര്‍ യു " കുരങ്ങനാണ് സംഭാഷണം തുടങ്ങിയത്.
"ഒന്നും പറയേണ്ടെന്റെ ചങ്ങാതീ. നിന്നെ വീട്ടിലേക്ക് ഇതുവരെ ക്ഷണിച്ചില്ലെന്നും പറഞ്ഞ് ഭാര്യ എന്നും വഴക്കാണ്. ഇന്നാണെങ്കില്‍ മക്കളും വീട്ടിലുണ്ട്. വരൂ, നമുക്ക് വീട്ടിലേക്കു പോവാം.”
"അതിനെന്താ, നല്ല സന്തോഷമുള്ള കാര്യമല്ലേ. ഞാന്‍ വരാം. പക്ഷെ....അതിനൊരു നിബന്ധനയുണ്ട്.”
"എന്താ.. എന്താ..?” മുതലച്ചന്‍ ധൃതി കൂട്ടി.
മറ്റൊന്നുമല്ല. ഞാനൊരു ഗണിതപ്രശ്നം ചോദിക്കും. കൂടെ ഒരു സമസ്യയും. പൂരിപ്പിച്ച സമസ്യയും ചോദ്യത്തിന്റെ ഉത്തരവും എനിക്കിഷ്ടപ്പെട്ടാല്‍ മാത്രമേ ഞാന്‍ വരികയുള്ളൂ.
മുതലച്ചന്‍ റിട്ടയേര്‍ഡ് കണക്കു മാഷായതുകൊണ്ട് പസില്‍ എന്നു കേട്ടപ്പോള്‍ വെള്ളത്തില്‍ വാലിട്ടടിച്ചു സന്തോഷം പ്രകടിപ്പിച്ചു. സമസ്യ എന്നുകേട്ടപ്പോള്‍ ഒരു ഓക്കാനം. എന്നാലും പറഞ്ഞു "കേള്‍ക്കട്ടെ"
ഈ അത്തിമരത്തിന് 70 ശിഖരങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി ഉണ്ട്. എഴുപതാമത്തെ ശിഖരത്തില്‍ നിന്നും ഒരു വള്ളി താഴേക്കു ഞാന്നു കിടക്കുന്നുണ്ട്. എനിക്ക് ഒരു മിനിട്ടു കൊണ്ട് രണ്ടു ശിഖരം മുകളിലോട്ടു ചാടാം. ഭാര്യയ്ക്കു മിനിട്ടില്‍ ഒരു ശിഖരമേ കയറാന്‍ കഴിയുകയുള്ളൂ. മുകളിലത്തേ കൊമ്പിലെത്തിയാല്‍ വള്ളിയിലൂടെ ഊര്‍ന്നിറങ്ങാന്‍ എനിക്കു പത്തു മിനിട്ടു വേണം. എന്നാല്‍ അക്കാര്യത്തില്‍ അവള്‍ മിടുക്കിയാണ്. അവള്‍ക്ക് താഴെയെത്താന്‍ അഞ്ചു മിനിട്ട് മതി. ഒരിക്കല്‍ ഓടിത്തുടങ്ങിയാല്‍ ഓട്ടം നിര്‍ത്താന്‍ പാടില്ല. തിരിഞ്ഞോടാന്‍ നിയമവുമില്ല. എന്നാല്‍ ഭാര്യ ഇരിക്കുന്ന ശിഖരത്തിലോ തൊട്ടു താഴേയും മുകളിലുമുള്ള ശിഖരങ്ങളിലോ ഞാനെത്തിയാല്‍ അവള്‍ക്കെന്നെ പിടികൂടാം. ഓട്ടം തുടങ്ങുമ്പോള്‍ അവള്‍ ഒന്നാം കൊമ്പിലും ഞാന്‍ രണ്ടാം കൊമ്പിലുമായിരുന്നു.എപ്പോഴാണ് അവള്‍ക്കെന്നെ പിടിക്കാന്‍ കഴിയുക.
മുതലച്ചന്‍ അപ്പോള്‍ത്തന്നെ ഉത്തരം പറയാനുള്ള തിരക്കിലായിരുന്നു. അപ്പോള്‍ കുരങ്ങന്‍ ഇതും കൂടി പറഞ്ഞു. ഞാനൊരു സമസ്യയുടെ കാര്യം പറഞ്ഞില്ലേ. അതു പൂരിപ്പിച്ചാല്‍ മാത്രമേ ഉത്തരം ഞാന്‍ കേള്‍ക്കുകയുള്ളൂ. അതിതാ
…...........................................................
…...........................................................
…...........................................................
ഏറ്റം കുഴക്കരുതൊരാളെയുമീവിധത്തില്‍
പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം. പക്ഷെ സമസ്യ പൂരിപ്പിച്ചതിനു ശേഷം മാത്രമേ ഉത്തരം പറയാന്‍ പാടുള്ളൂ. (എത്ര ശ്രമിച്ചിട്ടും സമസ്യ ശരിയായി പൂരിപ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു ചെറിയ കണ്‍സെഷന്‍ തരാം. അവര്‍ കുരങ്ങന് മുതലയോട് ചോദിക്കാന്‍ പററിയ ഒരു ഗണിതപ്രശ്നം തയ്യാറാക്കിയാലും മതി. അതിന്റെ കൂടെ ഇതിന്റെ ഉത്തരവും. ശരി തുടങ്ങിക്കോളൂ.
[ആദ്യം ശരിയുത്തരമയയ്ക്കുന്ന അമ്പതു പേരില്‍ നിന്നും നറുക്കിട്ടെടുക്കുന്ന ഒരാള്‍ക്ക് കുട്ടികള്‍ക്ക് കളിക്കാന്‍ സൈബര്‍ ചില്ലകളോടു കൂടിയ ഒരത്തിമര വില്ല. നീന്തിക്കളിക്കാനുള്ള മുതലക്കുളത്തോടൊപ്പം]
കോട്ടയം മാഞ്ഞൂര്‍ സ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഭാഗ്യലക്ഷ്മിയുടെ കവിതയാണ് ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുമല്ലോ. കുട്ടികളുടെ കലാസൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങള്‍ http://www.kalasrishti.blogspot.com/ എന്ന പേരില്‍ ഒരു ബ്ലോഗ് നേരത്തേ ആരംഭിച്ചിരുന്നു. മധ്യവേനല്‍ അവധിക്കാലം കഴിഞ്ഞ് സ്ക്കൂളില്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങളുടെ സ്ക്കൂളിലെ കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കാന്‍ അവരുടെ സൃഷ്ടികള്‍ ഞങ്ങള്‍ക്ക് അയച്ചു തരുമല്ലോ. അയക്കേണ്ട വിലാസം mathsekm@gmail.com തപാല്‍ വിലാസം എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് -682502, എറണാകുളം ജില്ല.
ഇനി ഭാഗ്യലക്ഷ്മി ആലപിച്ചിരിക്കുന്ന കവിതയിലേക്ക്‍