2013 എസ് എസ് എല്‍ സി റിസല്‍ട്ടില്‍ നിന്നും ഏത് റിപ്പോര്‍ട്ടും ഞൊടിയിടയില്‍

>> Saturday, April 27, 2013

സ്റ്റുഡന്റ് റിസല്‍ട്ട്, സ്ക്കൂള്‍ വൈസ് റിസല്‍ട്ട്, ഡി.ഇ.ഒ വൈസ് റിസല്‍ട്ട് എന്ന രീതിയില്‍ മാത്രമാണ് വിവിധ വെബ്സൈറ്റുകളിലൂടെ നമുക്ക് എസ്.എസ്.എല്‍.സി റിസല്‍ട്ട് കിട്ടുന്നത്. ഓരോ വര്‍ഷവും പരീക്ഷ കഴിയുമ്പോള്‍ സ്റ്റാറ്റിസ്റ്റിക്സുകളും മറ്റും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്ക്കൂളുകളില്‍ നിന്ന് ശേഖരിക്കാറാണ് പതിവ്. വിവിധ പത്രങ്ങളില്‍ ജില്ലാതല വാര്‍ത്തകളായി വരുന്ന കണക്കുകളില്‍ ചിലപ്പോഴൊക്കെ ഏറ്റക്കുറച്ചിലുകള്‍ വരാറുണ്ട്. കൃത്യതയാര്‍ന്ന വിവരത്തിന് നമുക്ക് യാതൊരു വഴിയുമില്ലാതിരിക്കുമ്പോഴാണ് മാത്​സ് ബ്ലോഗിന് മുന്നില്‍ ഇത്തരമൊരു ആവശ്യം വരുന്നത്. ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ, ആ വെല്ലുവിളി മാത്‌സ് ബ്ലോഗിന്റെ ഗോള്‍പോസ്റ്റിലേക്കു തന്നെ തന്ന നമ്മുടെ പരീക്ഷാ സെക്രട്ടറി ശ്രീ ജോണ്‍സ് വി ജോണ്‍സാറിനാണ് ഈ മികവുകളുടെയെല്ലാം ആദ്യ ക്രെഡിറ്റ്. ഇതിനു മുമ്പ് ഇങ്ങനെയൊരു പ്രോഗ്രാമോ പോര്‍ട്ടലോ ഇല്ലാത്തതു കൊണ്ട് എങ്ങിനെ വേണമെന്ന് ഒരു ധാരണയും ആദ്യ ഘട്ടത്തില്‍ ഇല്ലായിരുന്നു. ഒരു ഔട്ട്ലൈന്‍ തയ്യാറാക്കി ബ്ലോഗിലൂടെ പോസ്റ്റ് പ്രസിദ്ധീകരിച്ചു. അതിന്റെ ഫലമായി ലഭിച്ച മൂന്ന് റിസല്‍ട്ട് അനാലിസിസ് പ്രോഗ്രാമുകളുടെ ലിങ്ക് ഏറെ അഭിമാനത്തോടെയാണ് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്. ഒരു കുട്ടിക്ക് സ്വന്തം റിസല്‍ട്ട്, ഹെഡ്മാസ്റ്റര്‍ക്ക് സ്ക്കൂളിലെ റിസല്‍ട്ടും സ്റ്റാറ്റിസ്റ്റിക്സും, സബ്ജക്ട് വൈസ് അനാലിസിസ്, വിദ്യാഭ്യാസജില്ല-ജില്ല-സംസ്ഥാന തലത്തില്‍ സ്ക്കൂളുകളുടെയും കുട്ടികളുടേയും വിവിധ തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്സും ഓരോ വിഷയത്തിലുമുള്ള പ്രകടനവുമെല്ലാം നിങ്ങള്‍ക്കു കാണാം. എന്തെങ്കിലും പിശകുകള്‍ നിങ്ങള്‍ക്ക് കണ്ടെത്താനായോ? റിസല്‍ട്ടില്‍ നിന്നും ഇനി മറ്റെന്തെങ്കിലും വിവരങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? ആ സൗകര്യം കൂടി പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ സസന്തോഷം ഇവര്‍ തയ്യാറാണ്. പകരം വേണ്ടത് ആത്മാര്‍ത്ഥതയോടെയുള്ള നിങ്ങളുടെ വിലയിരുത്തല്‍ മാത്രം!!

Maths Blog Result statistical Analyser 2013
(Online Portal Developed by Sreenadh.H, Maths Blog Team)

Jayavisakalanam for 2013, 2012 and 2011
(Online Portal Developed by Nandakumar E, Plus One Student)

Offline Result 2013
(Windows Based Offline software Developed by Unnikrishnan Valanchery)

മാത്​സ് ബ്ലോഗിനു വേണ്ടി ഈ ഉത്തരവാദിത്വം നിസ്വാര്‍ത്ഥമായി ഏറ്റെടുത്ത പ്രോഗ്രാമേഴ്സായ ഇവര്‍ മൂവരും ദിവസങ്ങളോളം ശരിക്കും കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സിനിമയുടെ പരിസമാപ്തിയിലുണ്ടായേക്കാവുന്ന എല്ലാ ആവലാതികളും യഥാര്‍ത്ഥത്തില്‍ ഞങ്ങളും അനുഭവിച്ചു. പ്രോഗ്രാം തയ്യാറാക്കുന്ന തിരക്കിനിടയില്‍ ഇവരുമായി ഇടപെട്ടപ്പോഴുള്ള ചില അവിസ്മരണീയ മുഹൂര്‍ത്തങ്ങളേക്കുറിച്ചും ഓരോ പ്രോഗ്രാമുകളുടേയും സവിശേഷതകളേക്കുറിച്ചും പറയാനുണ്ട്. അവ ചുവടെ നല്‍കുന്നു.

കഥ ഇടയ്ക്കു നിന്നാണ് തുടങ്ങുന്നത്. പറഞ്ഞ ആ നിമിഷം തന്നെ മറുത്തൊന്നും പറയാതെ തിരുവനന്തപുരം ഐടി@സ്ക്കൂളിലെ മാസ്റ്റര്‍ ട്രെയിനറായ സഹാനി സാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഒട്ടും സമയം പാഴാക്കാതെ തന്നെ അദ്ദേഹം ഡാറ്റ അപ്​ലോഡു ചെയ്തു തരികയും ചെയ്തു. മാത്​സ് ബ്ലോഗിലെ അധ്യാപകക്കൂട്ടായ്മയുടെ ആവേശത്തെ അതിന്റേതായ രീതിയില്‍ത്തന്നെ ഉള്‍ക്കൊണ്ട് ഒട്ടും സമയം പാഴാക്കാതിരിക്കാന്‍ അദ്ദേഹം വളരെയേറെ ശ്രദ്ധിച്ചു. എന്നാല്‍ എന്തായിരിക്കും ലഭിക്കാന്‍ പോകുന്ന ഡാറ്റയെന്നതിനെപ്പറ്റി പ്രോഗ്രാം ചെയ്യാനിരിക്കുന്ന ശ്രീനാഥ്, നന്ദകുമാര്‍, ഉണ്ണികൃഷ്ണന്‍ സാര്‍ എന്നിവര്‍ക്ക് വ്യക്തമായ ധാരണയൊന്നുമില്ലായിരുന്നു.

ആസിഫ് സാറിന്റെ പ്രോഗ്രാമില്‍ മാറ്റം വരുത്തേണ്ടി വരികയാണെങ്കില്‍ അതു ചെയ്യാനായി ഹസൈനാര്‍ മങ്കട സാറും സജ്ജരായിരിക്കുകയായിരുന്നു. ഔട്ട് പുട്ടായി ലഭിക്കുന്ന പി.ഡി.എഫിന്റെ ഹെഡറില്‍ 2012 എന്നത് 2013 ആക്കി മാറ്റാന്‍ അദ്ദേഹം പാച്ച് റെഡിയാക്കിയെങ്കിലും ഈയൊരു പ്രശ്നം മാത്രമേ കാണിക്കുന്നുള്ളു എന്നതു കൊണ്ടു തന്നെ മറ്റു മാറ്റങ്ങളൊന്നും വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു കൊണ്ടാണ് ആസിഫ് സാറിന്റെ സോഫ്റ്റ്​വെയര്‍ ധൈര്യമായി ഉപയോഗിച്ചോളൂ എന്നുള്ള അറിയിപ്പ് ബ്ലോഗിലൂടെ നല്‍കിയത്.

ശ്രീനാഥ് തയ്യാറാക്കിയ മാത്​സ് ബ്ലോഗ് റിസല്‍ട്ട് അനലൈസറിന്റെ സവിശേഷതകള്‍
ഇടപ്പള്ളിയിലുള്ള ഒരു പ്രോഗ്രാമറും സിസ്റ്റം അഡ്മിനും ഫോസ് കണ്‍സള്‍ട്ടന്റുമാണ് ശ്രീനാഥ്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഐലഗ് കൊച്ചിന്‍ (Indian Linux users Groupന്റെ) മൂന്നാം ഞായര്‍ മീറ്റിങ്ങുകളില്‍ വച്ചാണ് ശ്രീനാഥുമായി പരിചയപ്പെടാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്. കഴിവുള്ളയാളാണെന്നു ബോധ്യപ്പെട്ടതു കൊണ്ടുതന്നെ ശ്രീനാഥിനെ മാത്​സ് ബ്ലോഗിന്റെ ആരംഭദശയില്‍ത്തന്നെ ടീമിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു. മാത്​സ് ബ്ലോഗിന്റെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊരാളാണ് ശ്രീനാഥ്. ചെയ്യുന്ന ജോലിയിലെ മികവും അതിനോടു കാണിക്കുന്ന ആത്മാര്‍ത്ഥതയുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അല്ലെങ്കില്‍ ഇക്കഴിഞ്ഞ നാലഞ്ചു ദിവസം ഉറക്കം പോലും ഉപേക്ഷിച്ച് ഇങ്ങനെയൊരു പോര്‍ട്ടല്‍ മാത്​സ് ബ്ലോഗ് കൂട്ടായ്മയ്ക്കു വേണ്ടി ഉണ്ടാക്കുമോ?

Maths Blog Result statistical Analyser 2013
Online Portal Developed by Sreenadh.H, Maths Blog Team

റിസല്‍ട്ടു പ്രസിദ്ധീകരിക്കുന്നതിന്റെ തലേന്നാണ് ഈ റിസല്‍ട്ട് അനാലിസിസ് പ്രോഗ്രാമിങ്ങിലേക്ക് ശ്രീനാഥ് തയ്യാറായി വരുന്നത്. പദ്ധതി വിശദീകരിച്ചപ്പോള്‍ അതിയായ താല്പര്യത്തോടെ സ്വയം സന്നദ്ധനായാണ് അദ്ദേഹം മുന്നോട്ടു വരികയായിരുന്നു. തുടര്‍ന്നങ്ങോട്ട് അക്ഷീണ പരിശ്രമം. വീട്ടിലെ ഇന്റര്‍നെറ്റ് പണിമുടക്കിയപ്പോള്‍ ഐടി@സ്കൂള്‍ ജില്ലാ കോ ഓര്‍ഡിനേറ്രര്‍ ജോസഫ് ആന്റണി സാറും ജയദേവന്‍ സാറും നിസാര്‍ മാഷും വഴി ഐടി@സ്ക്കൂളിന്റെ എറണാകുളം ഓഫീസിലും രാത്രി സമയം ഒരു സുഹൃത്തിന്റെ വീട്ടിലുമിരുന്നാണ് അദ്ദേഹം പോര്‍ട്ടല്‍ തയ്യാറാക്കിയത്. ഏപ്രില്‍ 27 ശനിയാഴ്ച വെളുപ്പിന് 01.54 ന് ഈ പോസ്റ്റ് എഴുതുമ്പോഴും ശ്രീനാഥ് പോര്‍ട്ടല്‍ അപ്ഡേഷനുമായി അങ്ങേയറ്റത്തുണ്ട്. പരീക്ഷയെഴുതിയ ഒരു കുട്ടിക്കു മുതല്‍ സ്റ്റേറ്റ് വാര്‍ത്ത തയ്യാറാക്കുന്ന പത്രക്കാര്‍ക്കു വരെ താരതമ്യം ചെയ്യാനാകും വിധം ഭംഗിയായാണ് അദ്ദേഹം ഈ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വായനക്കാരുടേയും അധ്യാപകരുടേയും ആവശ്യങ്ങള്‍ക്കനുസരിച്ച് ഇനിയും പോര്‍ട്ടലില്‍ മാറ്റം വരുത്താന്‍ ശ്രീനാഥ് തയ്യാറായിരിക്കുമെന്ന് ഞങ്ങള്‍ ഗ്യാരന്റി. അഭിപ്രായങ്ങള്‍ പറയുമല്ലോ?

നന്ദകുമാര്‍ തയ്യാറാക്കിയ ജയവിശകലനത്തിന്റെ സവിശേഷതകള്‍
ഒരു പ്ലസ് വണ്‍കാരന്‍ കുട്ടിയാണെങ്കിലും ഉത്തരവാദിത്വമേറ്റെടുത്തതു നന്ദകുമാറായിരുന്നത് കൊണ്ടു തന്നെ അതില്‍ ഒട്ടും ആശങ്ക തോന്നിയില്ല. 'നമുക്കതു ചെയ്യാം' എന്ന് നന്ദകുമാര്‍ പറഞ്ഞതും ഉറച്ച ശബ്ദത്തില്‍ത്തന്നെയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴേ ചലനം എന്ന പേരില്‍ ഒരു ആനിമേഷന്‍ സോഫ്റ്റ്​വെയര്‍ ഉണ്ടാക്കിയ കുട്ടിയെക്കുറിച്ചും അവന്റെ കഴിവുകളെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നതു കൊണ്ട് പ്രോഗ്രാം തയ്യാറാകുമെന്നു തന്നെയായിരുന്നു ധാരണ. തികച്ചും സൗജന്യമായി നല്‍കുന്ന ഒരു വെബ്സൈറ്റിന്റെ സേവനം ഉപയോഗിച്ച് ഈയൊരു പ്രോഗ്രാം റണ്‍ ചെയ്യിച്ചെങ്കില്‍ എങ്ങിനെ ആ കുട്ടിയെ അംഗീകരിക്കാതിരിക്കും. ഞങ്ങളവിടെ അവന്റെ ശിഷ്യരാവുകയായിരുന്നു. മൊബൈല്‍ ഫോണില്‍ നിന്ന് കുത്തിയെടുത്ത സ്ലോ ഇന്റര്‍നെറ്റിലൂടെയാണ് ഈ പ്രോഗ്രാം നന്ദു എഴുതിയതും അത് റണ്‍ ചെയ്യിച്ച് പരീക്ഷിച്ചതും.

Jayavisakalanam for 2013, 2012 and 2011
Online Portal Developed by Nandakumar E, Plus One Student

ഓരോ തവണ ഔട്ട്പുട്ട് റിപ്പോര്‍ട്ടിനേക്കുറിച്ചു പറയുമ്പോഴും അത് കേട്ട് ക്ഷമയോടെ അതു ചെയ്യാം എന്ന് നന്ദു പറയുമായിരുന്നു. പ്രോഗ്രാമിന്റെ പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തേപ്പറ്റി പറയുമ്പോഴൊന്നും സംസാരിക്കുന്നത് ഒരു കുട്ടിയോടാണെന്ന് തോന്നിയിരുന്നേയില്ല. മൊബൈല്‍ ഫോണില്‍ പോലും ഈസിയായി റണ്‍ ചെയ്യിക്കാവുന്ന വിധത്തിലാണ് പ്രോഗ്രാമിന്റെ രൂപ കല്‍പ്പന. 2013 ലെ മാത്രമല്ല, 2012, 2011 തുടങ്ങിയ വര്‍ഷങ്ങളിലെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള വിശദമായ അനാലിസിസ് ഈ പോര്‍ട്ടലില്‍ നിന്ന് എളുപ്പം ലഭിക്കും. പ്രോഗ്രാമെല്ലാം ചെയ്തു കഴിഞ്ഞ് നന്ദി പറയാനായി വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞതു കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. 'റിസല്‍ട്ട് അനാലിസിസ് തയ്യാറാക്കിയതോടെ എനിക്ക് ജാവാ സ്ക്രിപ്റ്റ് പഠിക്കാന്‍ കഴിഞ്ഞു'. അതെ, നമ്മുടെ പോര്‍ട്ടലുണ്ടാക്കാന്‍ നന്ദു റിസല്‍ട്ടിന്റെ തൊട്ടു മുമ്പും ശേഷവുമായി ജാവസ്ക്രിപ്റ്റ് പഠിച്ച് ചെയ്ത പ്രോഗ്രാമാണത്രേ, ജയവിശകലനം. പക്ഷേ റിപ്പോര്‍ട്ട് കണ്ടാല്‍ പരിചയ സമ്പന്നനായ ഒരാള്‍ ചെയ്തതാണെന്നേ ആരും പറയൂ. യഥാര്‍ത്ഥത്തില്‍ ഇതു തന്നെയല്ലേ, അവന്റെ മികവ്? ജയവിശകലനം എന്ന പോര്‍ട്ടലിന്റെ പേരില്‍ തന്നെ പ്രത്യേകതകളില്ലേ? അഭിപ്രായങ്ങളെഴുതുമല്ലോ?

ഉണ്ണികൃഷ്ണന്‍ സാറിന്റെ ഓഫ്​ലൈന്‍ സോഫ്റ്റ്​വെയറിന്റെ സവിശേഷതകള്‍
പത്താം ക്ലാസുകാര്‍ക്കു വേണ്ടി എ ലിസ്റ്റ് ഡാറ്റയില്‍ നിന്നും ടി.സി പ്രിന്റ് ചെയ്യാനുള്ള സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയ നല്ലൊരു പ്രോഗ്രാമറാണ് അധ്യാപകന്‍ കൂടിയായ ശ്രീ. ഉണ്ണികൃഷ്ണന്‍ വളാഞ്ചേരി. വിന്‍ഡോസ് അധിഷ്ഠിത പ്രോഗ്രാമുകളില്‍ അദ്ദേഹത്തിന് നല്ല അറിവുണ്ട്. ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ലിനക്സ് അധിഷ്ഠിത ടി.സി സോഫ്റ്റ്​വെയര്‍ വേണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം അതിനു വേണ്ടി പൈത്തണ്‍ പ്രോഗ്രാമിങ്ങ് പഠിക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി അദ്ദേഹം നിര്‍മ്മിച്ച പൈത്തണ്‍ അധിഷ്ഠിതമായ ടിക് ടാക് എന്ന ഗെയിം നോക്കൂ. നമ്മുടെ ബ്ലോഗിലെ പോസ്റ്റ് കണ്ട് വിന്‍ഡോസിലാണെങ്കില്‍ ആവശ്യപ്പെട്ട പോലൊരു റിസല്‍ട്ട് അനാലിസിസ് സോഫ്റ്റ്​വെയറില്‍ ഒരു കൈ നോക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.

Offline Result 2013
Windows Based Offline software Developed by Unnikrishnan Valanchery

ചെയ്യുന്ന ജോലി ഏകാഗ്രമായിരുന്ന് മുഴുമിപ്പിക്കുന്ന ശീലത്തിനുടമായാണെന്ന് അദ്ദേഹത്തോട് ഇടപെട്ടപ്പോള്‍ മനസ്സിലായി. രണ്ടു ദിവസം പ്രോഗ്രാമിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അദ്ദേഹം ഇതു പൂര്‍ത്തിയാക്കിയത്. നമ്മുടെ നന്ദകുമാറിന്റെ വീടിന് അധികം ദൂരയല്ലാതെയാണ് ഉണ്ണികൃഷ്ണന്‍ സാറിന്റെ വീടും. ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാം. പിന്നീട് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. ആര്‍ക്കു വേണമെങ്കിലും പെന്‍ഡ്രൈവില്‍ കോപ്പിയെടുത്ത് വിവിധ കമ്പ്യൂട്ടറുകളിലേക്ക് സേവ് ചെയ്യാനും അതിലെല്ലാം വിവിധ തരത്തിലുള്ള റിസല്‍ട്ട് അനാലിസിസുകള്‍ നടത്താനും ഈ സോഫ്റ്റ്​വെയര്‍ ഏറെ സഹായിക്കും. പ്രത്യേകിച്ച് സദാസമയവും റിപ്പോര്‍ട്ടുകളുടെ പ്രിന്റ് ഔട്ട് ആവശ്യമായി വരുന്ന ഈ സമയത്ത്.

ഈ പ്രോഗ്രാമുകളെല്ലാം തന്നെ മാത്​സ് ബ്ലോഗിലെ വായനക്കാര്‍ക്ക് വേണ്ടിയുള്ളതാണ്. ആധികാരിക വിവരങ്ങള്‍ക്ക് എപ്പോഴും ഔദ്യോഗിക സൈറ്റുകളെത്തന്നെ ആശ്രയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും കമന്റായി രേഖപ്പെടുത്തുമല്ലോ. കൂടുതല്‍ ഫീച്ചറുകള്‍ ആവശ്യമുണ്ടെങ്കില്‍ അവ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്താം.


Read More | തുടര്‍ന്നു വായിക്കുക

Technical High School Admission 2013-2014

>> Friday, April 26, 2013

സംസ്ഥാനത്തെ 39 ഗവ: ടെക്നിക്കല്‍ ഹൈസ്ക്കൂളുകളില്‍ 2013-14 വര്‍ഷത്തേയ്ക്കു് എട്ടാം ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏഴാം ക്ലാസ് പരീക്ഷ എഴുതിയവരായിരിക്കണം അപേക്ഷകര്‍. 12 വയസ്സ് പൂര്‍ത്തിയാക്കിയിട്ടുള്ളവരും 2013 ജൂണ്‍ 1 ന് 16 വയസ്സില്‍ താഴെ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. മതിയായ അപേക്ഷകരുടെ അഭാവത്തില്‍ 16 നും 18 നും മധ്യേ പ്രായമുള്ളവരേയും പരിഗണിക്കുമെന്നതിനാല്‍ അവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസരീതിയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികവും ഉല്പാദനോന്മുഖവുമായ വിവിധ തൊഴിലുകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതാണ് ഈ വിദ്യാഭ്യാസരീതിയുടെ പ്രത്യേകത. പൊതു വിദ്യാഭ്യാസ പാഠ്യക്രമവും സാങ്കേതികവിദ്യാഭ്യാസവും സംയോജിപ്പിച്ചുകൊണ്ട് വിവിധ തൊഴില്‍ മേഖലകളില്‍ വൈവിദ്ധ്യം നേടുന്നതിന് ഈ പ്രോഗ്രാം സഹായിക്കുന്നു. എന്‍ജിനീയറിംഗിനോ ശാസ്ത്രസാങ്കേതിക മേഖലകളിലോ ഉപരിപഠനത്തിന് ഈ വിദ്യാഭ്യാസരീതി ശക്തമായ അടിത്തറ നല്‍കുന്നു. THSLC ജയിച്ച കുട്ടികള്‍ക്ക് പോളിടെക്നിക്ക് പ്രവേശനത്തില്‍ 10% സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9, 10 ക്ലാസ്സുകളില്‍ ഓരോ T H S ലും ലഭ്യമായ പ്രത്യേക trade കളില്‍ പരിശീലനം നല്‍കുന്നു. 10 ആം ക്ലാസ് വിജയിക്കുന്ന കുട്ടികള്‍ക്ക് ട്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ടെക്നിക്കല്‍ ഹൈസ്ക്കൂളുകളുടെ പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചും പ്രധാനപ്പെട്ട തീയതികളെക്കുറിച്ചുമുള്ള വിവരങ്ങള് ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ സംശയങ്ങള്‍ക്ക് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ അധ്യാപകനായ നസീര്‍ സാര്‍ മറുപടി നല്‍കും.

ഈ വര്‍ഷം മുതല്‍ National Vocational Education Qualification Framework (NVEQF) ദേശീയ തലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കത്തക്ക രീതിയില്‍ വിവിധ തൊഴിലധിഷ്ഠിത പാഠ്യപദ്ധതികള്‍ പഠിപ്പിക്കുന്ന കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ സമ്പ്രദായമാണ് ടെക്നിക്കല്‍ സ്ക്കുളുകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ടെക്നിക്കല്‍ സ്ക്കുളുകളിലെ 9 ആം ക്ലാസ്സും 10 ആം ക്ലാസ്സും പൂര്‍ത്തിയാവുമ്പോള്‍ Level 1, Level 2, NVEQF സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ ഈ പദ്ധതി നിലവിലുള്ള ഏതു വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നും തുടര്‍ന്നുള്ള ലവലുകള്‍ (Level 3 to Level 7) പഠിക്കാനുള്ള അവസരം ലഭ്യമാക്കുന്നു. ഒന്നും രണ്ടും ലവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കേരള സാങ്കേതികവിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ ആണ്.

പ്രധാന തീയതികള്‍
 • അപേക്ഷാപത്രിക വിതരണം ചെയ്തു തുടങ്ങുന്ന തീയതി
  : 17 – 04 – 2013.
 • പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി
  : 07 -05 – 2013 .
 • പൊതുപ്രവേശന പരീക്ഷ : 10 – 05 – 2013 വെള്ളി
  രാവിലെ 10 മണി മുതല്‍ 11.30 വരെ.
 • ഫല പ്രസിദ്ധീകരണം : 10 – 05 – 2013, 4.00 pm
 • തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി
  : 11- 05- 2013, 12 മണി.
 • പ്രവേശന തീയതി
  • ഒന്നാം ഘട്ട പ്രവേശനം : 16-05-2013 രണ്ടാംഘട്ട പ്രവേശനം : 23- 05-2013
 • പ്രവേശനം പൂര്‍ത്തീകരിക്കുന്നത് : 01-06-2013
 • പ്രവേശനോത്സവം : 03-06-2013

Click here for Prospectus

Technical High Schools in Various District


Read More | തുടര്‍ന്നു വായിക്കുക

Kerala SSLC Examination Result 2013 Analyser (for Ubuntu & Windows) Updated

>> Sunday, April 21, 2013

2013 ലെ SSLC ഫലം ഏപ്രില്‍ 24 ബുധനാഴ്ച പ്രഖ്യാപിക്കും. പരീക്ഷാഭവന്റേയും ഡി.പി.ഐ ഷാജഹാന്‍ സാറിന്റേയും പരീക്ഷാ സെക്രട്ടറി ജോണ്‍സ്.വി.ജോണ്‍ സാറിന്റേയുമെല്ലാം അക്ഷീണപരിശ്രമം മൂലം കഴിഞ്ഞ വര്‍ഷത്തേക്കാളും 4 ദിവസം മുമ്പേ റിസല്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഒരുങ്ങി. സാധാരണഗതിയില്‍ റിസള്‍ട്ട്‌ വന്നാല്‍ പിന്നെ അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം പരസ്പരം ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. എത്ര കുട്ടികള്‍ ജയിച്ചു? എത്ര പേര്‍ക്ക് മുഴുവന്‍ A+ കിട്ടി? ഒരു വിഷയത്തിന് A+ നഷ്ടമായവരുണ്ടോ? വിജയ ശതമാനം എത്ര? അങ്ങനെ അങ്ങനെ ചോദ്യങ്ങള്‍ അനവധിയാണ്. ഈ ചോദ്യങ്ങളെല്ലാം സ്ഥിരമായി എല്ലാ വര്‍ഷവും ചോദിക്കുന്നവയുമാണ്. ഇതെല്ലം തിരഞ്ഞു കണ്ടുപിടിക്കാനും ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കാനും കുറച്ചു കഷ്ടപ്പാടുണ്ട്. എന്നാല്‍ ഇതെല്ലാം ഒരു ക്ലിക്കില്‍ കണ്ടു പിടിച്ചുതരുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഉണ്ടെങ്കിലോ? ഉണ്ട്, അത്തരത്തിലൊരു സോഫ്റ്റ്‌വെയറാണ് SSLC Analyser. ഈ സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഇംഗ്ലീഷ് എച്ച്.എസ്.എ ആയ മുഹമ്മദ് ആസിഫ് സാറാണ്. ഫറൂഖ് കോളേജിലും ഇ.എം.ഇ.എ കോളേജിലുമായി ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷിനോടൊപ്പം തന്നെ പ്രോഗ്രാമിങ്ങിലും തല്പരനായ അദ്ദേഹത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്ന ഈ സോഫ്റ്റ് വെയര്‍ എസ്.എസ്.എല്‍.സി റിസല്‍ട്ട് അപഗ്രഥനത്തിന് ഏറെ സഹായകരമാണ്. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനും ഷട്ട്ഡൗണ്‍ ചെയ്യാനും കഴിയുന്നവര്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സോഫ്റ്റ്‌വെയറിന് ഇന്‍പുട്ട് ആയി കൊടുക്കേണ്ടത് ആകെ നിങ്ങളുടെ school code മാത്രമേയുള്ളു. അത് ഔട്പുട്ട് ആയി തിരിച്ചു തരുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

 1. പരീക്ഷ എഴുതിയ ആകെ കുട്ടികളുടെ എണ്ണം
 2. ഉപരിപഠനത്തിനു അര്‍ഹത നേടിയ കുട്ടികളുടെ എണ്ണം.
 3. ഉപരിപഠനത്തിനു അര്‍ഹത നേടാത്ത കുട്ടികളുടെ എണ്ണവും പേരുവിവരങ്ങളും
 4. വിജയ ശതമാനം
 5. ഉന്നത വിജയം നേടിയ കുട്ടികളുടെ പേരുവിവരങ്ങള്‍ (10 A +, 9A +, 8A+, ....)
 6. subject wise grade analysis (subject തിരിച്ചു എത്ര A +, A തുടങ്ങിയ വിവരങ്ങള്‍.
 7. ഓരോ വിഷയത്തിന്റെയും Average Grade
സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?
 1. SSLC Analyser സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും download ചെയ്യുക.
   നിങ്ങളുടെ വിന്‍ഡോസ് വേര്‍ഷനില്‍ പൈത്തണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ? എങ്കില്‍ SSLC Analyser ന്റെ Windows Version ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.)
 2. Download ചെയ്തുകിട്ടുന്ന compressed ഫയല്‍ Extract ചെയ്യുക (Mouse right ക്ലിക്ക് ചെയ്ത് Extract Here എന്ന് കൊടുത്താല്‍ മതിയാകും)
 3. അപ്പോള്‍ കിട്ടുന്ന SSLC Analyser എന്ന ഫോള്‍ഡര്‍ തുറക്കുക.
 4. install.sh എന്ന ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties-->Permission--> tab എടുത്തു Allow Executing file as Programme എന്നതിന് നേരെ tick മാര്‍ക്കുണ്ടെന്നു ഉറപ്പുവരുത്തുക.
 5. install.sh ഫയലില്‍ double click ചെയ്തു run in terminal എന്ന് കൊടുക്കുക
 6. ആവശ്യപ്പെട്ടാല്‍ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യുക.
 7. ഇനി മെനുവിലെ Applications ---> Accessories----> SSLC Analyser എടുത്തു പ്രവര്‍ത്തിപ്പിച്ചാല്‍ സോഫ്റ്റ്​വെയര്‍ തുറന്നു വരുന്നു.
സോഫ്റ്റ്​വെയര്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിന്റെ സ്ക്രീന്‍ഷോട്ടാണ് ചുവടെ നല്‍കിയിരിക്കുന്നത്.
ഈ ജാലകത്തില്‍ From Web എന്നതിനു നേരെയുള്ള ഫീല്‍ഡില്‍ റിസല്‍ട്ട് അനലൈസ് ചെയ്യേണ്ട സ്ക്കൂളിന്റെ കോഡ് നല്‍കുക. തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തിക്കഴിയുമ്പോള്‍ രണ്ട് ഔട്ട്പുട്ട് ഫയലുകള്‍ ലഭിക്കും.

സോഫ്റ്റ്​വെയറില്‍ നിന്ന് ലഭിക്കുന്ന ഔട്ട്പുട്ട് ഫയലുകളുടെ മാതൃക ചുവടെ നല്‍കിയിരിക്കുന്നു.
 1. റിസല്‍ട്ട് അനലൈസ് കൊണ്ടുള്ള റിപ്പോര്‍ട്ട് (മാതൃക)
  പി.ഡി.എഫ് രൂപത്തിലായിരിക്കും ഇത് ലഭിക്കുക. ഇതില്‍ സ്ക്കൂളിന്റെ പേര്, സ്ക്കൂള്‍ കോഡ്, പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം, ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം, ശതമാനം, ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരുടെ എണ്ണം, 10 വിഷയത്തിനും എ പ്ലസ് നേടിയവരുടെ പേര്, 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയവരുടെ പേര്, 8 വിഷയങ്ങളിലും 7 വിഷയങ്ങളിലും 6 വിഷയങ്ങളിലുമെല്ലാം എ പ്ലസ് നേടിയവരുടെ പേരും ഉപരിപഠനത്തിന് അര്‍ഹത നേടാത്തവരുടെ പേരും ലഭ്യമാകും. തുടര്‍ന്ന് വിഷയാധിഷ്ഠിതമായ അപഗ്രഥനമാണ് ലഭിക്കുക. അതില്‍ ഓരോ വിഷയത്തിനും എ പ്ലസ്, എ, ബി പ്ലസ് എന്നിങ്ങനെ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണവും അതിനു താഴെ അതിന്റെ ശതമാനവും ടേബിളായി നല്‍കിയിട്ടുണ്ടാകും. ഇതിനെ ആധാരമാക്കി ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച ഗ്രേഡിനെ ആസ്പദമാക്കി അതാത് വിഷയത്തിന് ഓവറോള്‍ ഗ്രേഡും നല്‍കിയിട്ടുണ്ടാകും.
 2. ഗ്രേഡ് റിപ്പോര്‍ട്ട് (മാതൃക)
  ഇത് സ്പ്രെഡ് ഷീറ്റ് ഫോര്‍മാറ്റിലായിരിക്കും ലഭിക്കുക. ഇതില്‍ സ്ക്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡുകളും EHS/NI സ്റ്റാറ്റസും ഉണ്ടായിരിക്കും.
ഇപ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുക 2012ലെ റിസള്‍ട്ട്‌ ആണ്. എന്നാല്‍ 2013 റിസള്‍ട്ട്‌ പബ്ലിഷ് ചെയ്യുന്നതോടെ പുതിയ റിസള്‍ട്ട്‌ ആയിരിക്കും ലഭ്യമാവുക. എന്തെങ്കിലും കാരണവശാല്‍ പാച്ച് (patch) ആവശ്യമായി വരികയാണെങ്കില്‍ അത് മാത്​സ് ബ്ലോഗില്‍ പ്രതീക്ഷിക്കാം.

മാത്രമല്ല, മുന്‍പോസ്റ്റില്‍ പ്രോഗ്രാമിങ് അറിയുന്നവരോട് നമ്മള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. സബ്ജില്ലാ-ജില്ല-റവന്യൂ ജില്ലാ ശരാശരികളുടെ അനാലിസിസ് നമുക്ക് നല്‍കാന്‍ കഴിയണം. അതിനുതകുന്ന പോര്‍ട്ടല്‍/പ്രോഗ്രാം നമുക്ക് വളരെ അത്യാവശ്യമാണ്. പ്രോഗ്രാമിങ്ങ് ശേഷിയുള്ളവര്‍ അതിനായി ശ്രമിക്കുമല്ലോ. ഈ പ്രോഗ്രാമിലൂടെ നമ്മുടെ വിദ്യാലയത്തിന്റെ മാത്രമല്ലല്ലോ, തൊട്ടടുത്ത വിദ്യാലയങ്ങളുടേയും എസ്.എസ്.എല്‍.സി വിജയശതമാനവും ഫുള്‍ എ പ്ലസുകളുമെല്ലാം കണ്ടെത്താന്‍ ഈ സോഫ്റ്റ്​വെയര്‍ ഉപയോഗപ്പെടുത്താമല്ലോ. അങ്ങനെ ഈ പ്രോഗ്രാം നമുക്കേറെ സമയലാഭമുണ്ടാക്കിത്തരുന്നു. സോഫ്റ്റ്​വെയര്‍ ഉപയോഗിച്ചു നോക്കുന്നവരുടെ കമന്റുകളാണ് ആസിഫ് സാറിനെപ്പോലുള്ളവര്‍ക്ക് തുടര്‍ന്നും ഇത്തരം കണ്ടെത്തലുകള്‍ നടത്തുന്നതിന് പ്രചോദനമാകുന്നത്. ആ നിലക്ക് അദ്ദേഹത്തിനു പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

Kerala SSLC School Codes

>> Sunday, April 14, 2013

Educational District Wise. Click on Educational District Name to Expand or Contract


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer