ഒരു ഹരിതവിദ്യാലയത്തിന്റെ ചിത്രങ്ങള്‍

>> Thursday, August 25, 2011


എന്‍.ബി സുരേഷ് മാഷിന്റെ മെയിലിലെ ലിങ്കില്‍ നിന്നുമാണ് പെരുമ്പാവൂര്‍ സ്വദേശിനിയും ഇപ്പോള്‍ റിയാദില്‍ അധ്യാപികയുമായ ഷീബ രാമചന്ദ്രന്റെ വെള്ളരിപ്രാവ് എന്ന ബ്ലോഗിലേക്ക് ചെല്ലാനിടയായത്. ബ്ലോഗിലെ പോസ്റ്റുകളിലൊന്നില്‍ കണ്ട അനിതരസാധാരണവും കൗതുകജന്യവുമായ ഒരു ഹരിതവിദ്യാലയത്തിന്റെ ചിത്രങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. നമ്മുടെ അധ്യാപകരും ആ ചിത്രങ്ങള്‍ കാണുന്നത് നന്നായിരിക്കുമെന്നു തോന്നിയതിനാല്‍ അവ മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഉടനടി അവ ഷീബ ടീച്ചര്‍ നമുക്ക് അയച്ചു തരികയുമുണ്ടായി. ചുവടെ നല്‍കിയിരിക്കുന്ന, തികച്ചും പ്രകൃതിയോട് ഇടചേര്‍ന്ന് നില്‍ക്കുന്ന, ആ അത്യാധുനിക വിദ്യാലയത്തിന്റെ 29 ചിത്രങ്ങള്‍ നമ്മെ ആകര്‍ഷിക്കുമെന്നു തീര്‍ച്ച. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.

"ഗുരുകുല വിദ്യാഭ്യാസം"...ആ പഴയ വിദ്യാ "അഭ്യസന" രീതിയെ ആര്‍ഷ ഭാരതം കൈവിട്ടിരിക്കുന്നു. ഇന്ന് പലപ്പോഴും വിദ്യാഭ്യാസം, വിദ്യ കൊണ്ടുള്ള വെറും "അഭ്യാസമായി" മാറിയിരിക്കുന്നു. ലോകോത്തര പ്രഥമ സര്‍വകലാശാലകള്‍ ആയ നളന്ദയും ..തക്ഷശിലയും ഉയര്‍ത്തിപ്പിടിച്ച ആ മൂല്യങ്ങള്‍..., സൈന്ധവലിപിയുടെ കാണാകാഴ്ചകള്‍...സിന്ധുനദിയുടെസംസ്കാര-സമന്വയങ്ങള്‍...മോഹന്ജദാരോ ...ഹാരപ്പന്‍ മുദ്രകളുടെ അന്തര്‍ലീന തത്ത്വ സംഹിതകള്‍... അവയെല്ലാം ഇന്ന് ഗതകാല സ്മരണകള്‍ മാത്രം.

അന്ന് ലാളിത്യത്തിന്റെ സന്ദേശം പകര്‍ന്ന ഭാരതീയ വിദ്യാലയങ്ങളില്‍ (സരസ്വതീ ക്ഷേത്രങ്ങളില്‍) നിന്നുയര്‍ന്നത്‌ അറിവിന്‍റെ മന്ത്രാക്ഷരങ്ങള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഉയരുന്നത് സവര്‍ണ്ണ ഗര്‍ജ്ജനവും ...പൌരോഹിത്യ-ന്യൂനപക്ഷ മുറവിളികളും ആണ്.അറിവിന്‍റെ ആ വഴിവിളക്കുകള്‍ ഇന്ന് കേവലം ദീപ "സ്തംഭം" മഹാശ്ചര്യം ആയി മാറിയിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...നിലംപൊത്താറായ ചുമരുകള്‍....ഒന്ന് കാറ്റടിച്ചാല്‍ പറന്നു പോകുന്നമേല്‍കൂരകള്‍. ഇതാണ് പല സമകാലിക ഭാരത വിദ്യാഭ്യാസ സ്ഥാപനങ്ങളും

പുരാതന കാലത്ത് ഭാരതത്തില്‍ ഉടനീളം സഞ്ചരിച്ച ഇന്തോനേഷ്യന്‍ യാത്രികന്റെ വിവരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്‌ ഇന്തോനേഷ്യയിലെ ബാലിയില്‍ നിര്‍മിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ഒന്ന് നോക്കൂ... ഇല്ലിമുളകളാല്‍ നിര്‍മ്മിക്കപെട്ട കലാലയം..ഈ "ഹരിത വിദ്യാലയ"ത്തിലേക്ക്‌ഒന്ന് കണ്ണോടിക്കൂ...എത്ര ശാന്തത..എന്തൊരു ഭംഗി...ഇതാണ് വിദ്യാലയം.(Pic-Courtesy-Gmail)


Read More | തുടര്‍ന്നു വായിക്കുക

എല്ലാ മലയാളികള്‍ക്കും മാത്​സ് ബ്ലോഗിന്റെ ഈദാശംസകള്‍

>> Wednesday, August 24, 2011


ഏറെ നന്മകളും സുകൃതങ്ങളും നിറഞ്ഞ റമദാനിന്റെ അര്‍ത്ഥപൂര്‍ണമായ സന്ദേശമേതാണെന്ന് ചിന്തയിലെപ്പോഴെങ്കിലും ഒരു ചോദ്യമുയര്‍ന്നിട്ടുണ്ടോ? സംശയമേ വേണ്ട, സര്‍വതോമുഖമായ വ്യക്തിശുദ്ധീകരണവും ആത്മശിക്ഷണവും തന്നെ. വ്യക്തിയുടേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വഴിവെട്ടമേകുന്ന ഒരു മഹദ്സന്ദേശമല്ലേയത്? ദാനം മഹത്തായ പുണ്യമെന്ന യാഥാര്‍ത്ഥ്യത്തെ മുറുകെപ്പിടിച്ച് തനിക്കു താഴെയുള്ളവനെ കൈപിടിച്ചുയര്‍ത്താന്‍ വ്രതവിശുദ്ധിയുടെ നാളുകളിലെന്നല്ല, എന്നും ഏവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നത് മനുഷ്യനൊരു മാതൃക തന്നെ. പുണ്യമാസത്തെക്കുറിച്ചുള്ള വായനക്കിടയില്‍ മനസ്സില്‍ത്തട്ടിയ ഒന്നു കൂടി ഈ ആശംസയ്ക്കൊപ്പം പങ്കുവെക്കട്ടെ. റമദാനില്‍ വിശുദ്ധപ്രവാചകന്‍ മന്ദസമീരനെപോലെ ദാനംചെയ്യുമായിരുന്നെന്നാണ് പ്രമാണങ്ങളിലെ പരാമര്‍ശം. ആകര്‍ഷണീയമായ ഈ ചിന്തയുടെ മാധുര്യം നോക്കൂ. കാവ്യഭംഗിയും ഗഹനമായ ആശയവുമുള്ള സുന്ദരമായ ഒരു പരാമര്‍ശമാണത്. കാറ്റ് എവിടെ നിന്ന് വരുന്നുവെന്നോ, എവിടേക്ക് പോവുന്നുവെന്നോ എന്ന് ആര്‍ക്കെങ്കിലും അറിയാനാകുമോ? കാറ്റിനെ ആര്‍ക്കും കാണാനാകില്ലെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ നമുക്ക് അനുഭവിക്കാന്‍ കൂടി സാധിക്കുന്നു. കാറ്റിന് കുളിരുണ്ട്, സാന്ത്വനവും സമാധാനവുമുണ്ട്.

മനസ്സിനെ ശുദ്ധീകരിച്ച് വിശപ്പും ദാഹവും വെടിഞ്ഞ് സുഖഭോഗങ്ങളെ മാറ്റിനിര്‍ത്തി ദൈവത്തെ മാത്രം മനസ്സില്‍ ധ്യാനിച്ച് മുപ്പത് ദിനങ്ങള്‍ കടന്നു പോയി. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന്റെ വ്രതശുദ്ധിയില്‍ ചെറിയ പെരുന്നാളിന്റെ വരവറിയിച്ച് ചന്ദ്രിക മിന്നി മറഞ്ഞു. സൂക്ഷ്മതയോടെ വ്രതം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കാനായി ഈദുല്‍ ഫിത്തര്‍ എന്ന ചെറിയ പെരുന്നാളെത്തി. അനുഷ്ഠാനം കൃത്യമായി പാലിച്ചതിനോടൊപ്പം നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ചെയ്ത നന്മകളില്‍ സന്തോഷത്തോടൊപ്പം അഭിമാനവും തോന്നുന്ന ദിനമാണിത്. സംതൃപ്തിയുടെ പൊന്‍കിരണശോഭയില്‍ പ്രാര്‍ത്ഥനാനിരതമായ മനസ്സുകളിലെ വെളിച്ചം മുഖത്തെങ്ങും പാല്‍നിലാപ്പുഞ്ചിരി വിരിക്കുകയാണ്. ഭയൗമുല്‍ ജാഇസഃ' (സമ്മാനദാന ദിനം) എന്നാണ് ഈദുല്‍ ഫിത്തര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ദൈവത്തില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് പുണ്യമാസത്തില്‍ ചെയ്ത വ്രതാനുഷ്ഠാനങ്ങളിലും പ്രാര്‍ത്ഥനയിലും ദാനധര്‍മ്മങ്ങളിലുമെല്ലാം മുഴുകിയ വിശ്വാസികള്‍ക്ക് ആഹ്ലാദിക്കാന്‍ ദൈവത്തില്‍ നിന്നും ലഭിക്കുന്ന ഉപഹാരമാണ് ഈദുല്‍ഫിത്തര്‍. ഈ സംതൃപ്തിയുടെ, സന്തോഷത്തിന്റെ ആഘോഷാരവങ്ങളില്‍ നമുക്കൊന്നിച്ച് ഈദാശംസകള്‍ നേരാം.

സന്ദേശങ്ങളെല്ലാം നമുക്ക് വഴി നയിക്കുന്ന ദീപനാളങ്ങളാകട്ടെ. കൂരിരുരുട്ടിനെ മായ്ക്കുന്ന നിലാവെളിച്ചമാകട്ടെ. എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ക്കൂടി ഈദ് മുബാറക്.


Read More | തുടര്‍ന്നു വായിക്കുക

ദീര്‍ഘവൃത്തം വരക്കാന്‍ ഞങ്ങളുടെ മാര്‍ഗമിതാ.

>> Tuesday, August 16, 2011

കോക്കല്ലൂര്‍ സ്കൂളിലെ 9 താം തരം വിദ്യാര്‍ഥികളായ അഭിരാമും അമോഘും മാത്​സ് ബ്ലോഗിനു വേണ്ടി അയച്ചു തന്ന ഒരു പ്രവര്‍ത്തനമാണിത്. ഒന്‍പതാം ക്ലാസിലെ വൃത്തങ്ങള്‍ പാഠത്തിലെ പേജ് നമ്പര്‍ 39 ലുള്ള സൈഡ്ബോക്‍സുമായി ബന്ധപ്പെട്ടു നടത്തിയ പഠനപ്രവര്‍ത്തനമാണ് ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പാഠപുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നു വ്യത്യസ്തമായി ദീര്‍ഘവൃത്തം വരയ്ക്കുവാന്‍ മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടോ എന്നന്വേഷിക്കുകയായിരുന്നു അവര്‍. ‌അവര്‍ സഞ്ചരിച്ച വഴികളിലൂടെ അവരെത്തിച്ചേര്‍ന്ന നിഗമനം നമുക്കായി പങ്കുവെക്കുന്നു.കേരളത്തില്‍ അങ്ങോളമിങ്ങുള്ള അധ്യാപകര്‍ ഈ രീതി വിശകലനം ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഈ കുട്ടികള്‍ നമുക്ക് വേണ്ടി ഈ പ്രവര്‍ത്തനം അയച്ചു തന്നിരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളിലേക്ക്.

ദീര്‍ഘവൃത്തം വരയ്ക്കാന്‍ എന്താ ഒരു മാര്‍ഗം? ഒരു നൂലെടുത്ത് രണ്ട് ആണിയില്‍ ഘടിപ്പിച്ച് എന്ന് പറയാന്‍ വരട്ടെ!! വേറെ എന്തെങ്കിലും മാര്‍ഗമുണ്ടോ? നൂലും കോംപസും ഒക്കെ കയ്യില്‍ പിടിച്ച് യുദ്ധത്തിനു പുറപ്പെട്ട പോലെയുള്ള ദീര്‍ഘവൃത്തം വരയ്ക്കലിന് ഒരു അവസാനം വേണ്ടേ‍ വളരെ എളുപ്പത്തില്‍ വരയ്ക്കാന്‍ എന്താകും മാര്‍ഗം? അങ്ങനെ ആലോചിച്ചപ്പോഴാണ് ദീര്‍ഘചതുരത്തില്‍ നിന്നൊരു ദീര്‍ഘവൃത്തം വരച്ചാലെന്താ എന്ന ആശയം മനസ്സില്‍ വന്നത്. പിന്നെ ആ വഴിയ്ക്കായി ചിന്ത. പിന്നെ ഒട്ടും സമയം കളഞ്ഞില്ല. സ്കെയിലും പെന്‍സിലും എടുത്തു. അങ്ങനെ ഒരു മാര്‍ഗം കിട്ടി. പക്ഷെ ശരിയാണോ എന്നറിയില്ല.!! അത് മാത്​സ് ബ്ലോഗിലെ അദ്ധ്യാപകര്‍ക്കും വിട്ടു. ഞങ്ങള്‍ ദീര്‍ഘവൃത്തം വരച്ച രീതി താഴെ ചിത്ര സഹിതം നല്‍കിയിരിക്കുന്നു.

ഒരു പെന്‍സിലും കോംപസും സ്കെയിലും കയ്യില്‍ കരുതിക്കോളൂ.
സ്റ്റെപ്പ് 1 : ആദ്യം 10X5 സെമീറ്ററില്‍ ഒരു ചതുരം വരയ്ക്കാം.

സ്റ്റെപ്പ് 2 : ചതുരത്തിന്റെ മധ്യബിന്ദുവിലൂടെ ചതുരത്തെ നാലായി ഭാഗിയ്ക്കാം.

സ്റ്റെപ്പ് 3 : C യ്ക്ക്കും Dയ്ക്കൂം ഇടയിലുള്ള ബിന്ദുവിന് S എന്ന് പേരു നല്‍കാം. ഇനി S ല്‍ നിന്നും A യിലേക്കുള്ള അകലത്തില്‍ A മുതല്‍ B വരെ ഒരു ചാപം വരയ്ക്കാം. അതുപോലെ M ല്‍ നിന്നും...


സ്റ്റെപ്പ് 4 : YO യുടേയും OZ ന്റെയും മധ്യബിന്ദുക്കള്‍ കണ്ടുപിടിയ്ക്കാം. അവിടം കേന്ദ്രമാക്കി C യിലേയ്ക്കുള്ള അകലത്തില്‍ ചാപം വരയ്ക്കൂ.


സ്റ്റെപ്പ് 5 : ദീര്‍ഘവൃത്തം റെഡി.. ഇനി ഫോക്കസ് കാണാം. കേന്ദ്രം O യില്‍ നിന്നും ദീര്‍ഘവൃത്തത്തിലേക്കുള്ള ദൂരത്തില്‍, YZ നു ലംബമായ രേഖ ദീര്‍ഘവൃത്തത്തില്‍ കൂട്ടിമുട്ടുന്നിടത്തു നിന്നും YZ നു ലംബമായ രേഖ ദീര്‍ഘവൃത്തത്തില്‍ കൂട്ടിമുട്ടുന്നിടത്തു നിന്നും YZ ലേയ്ക്ക് ചാപം വരയ്ക്കുക. ഇങ്ങനെ കൂട്ടിമുട്ടുന്ന ബിന്ദുക്കള്‍ ഫോക്കസ്സുകളായിരിക്കും.


ഇത് ദീര്‍ഘവൃത്തമാണോയെന്നറിയാന്‍ ചില വഴികളിലൂടെ ശ്രമിച്ചു. ഇത് ദീര്‍ഘവൃത്തമാണോയെന്ന് നിങ്ങളും പരിശോധിക്കുകയില്ലേ? അതാകട്ടെ നമ്മുടെ ലക്ഷ്യം.

ദീര്‍ഘവൃത്തം വരക്കുന്നതിന് വേണ്ടി പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ വീഡിയോ


Read More | തുടര്‍ന്നു വായിക്കുക

അറുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാശംസകള്‍

>> Monday, August 15, 2011

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രാഹുലില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ഒരു കൊച്ചു മെയിലാണ് സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലാം വാര്‍ഷികവേളയില്‍ മാത്​സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു നല്ല സന്ദേശം ആ വരികളിലുണ്ടെന്നു തോന്നിയതിനാലും സമീപകാല സാഹചര്യങ്ങളോട് യോജിക്കുന്നതിനാലും എഡിറ്റിങ്ങുകളില്ലാതെ ആ ചെറുകത്ത് സ്വാതന്ത്ര്യദിനസന്ദേശമായി പ്രസിദ്ധീകരിക്കട്ടെ. മെയിലിലെ വരികളിലേക്ക്...

ഭാരതം ഇന്ന് അറുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണല്ലോ. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മിക്കവാറും മേഖലകളില്‍ നമ്മുടേതായ ഒരു സ്ഥാനം ഉറപ്പാക്കാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. ചാന്ദ്രദൗത്യവും മറ്റും അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവയുമാണ്. എങ്കിലും നമ്മുടെ രാജ്യത്തിലെ നാല്‍പ്പത്തഞ്ച് ശതമാനത്തിലധികം പേര്‍ ദരിദ്രരായി തുടരുന്നു. ഇതിനുള്ള ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വര്‍ധിച്ചു വരുന്ന അഴിമതിയാണ്.

അഴിമതിയും കൈക്കൂലിയും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റണമെങ്കില്‍ ശക്തമായ ഒരു നിയമത്തേക്കാളേറെ നമുക്കാവശ്യം ബോധവല്‍ക്കരണമാണ്. അഴിമതി/കൈക്കൂലി ഈ രാജ്യത്തോടുള്ള ഏറ്റവും വലിയ തിന്മയാണെന്ന് പൊതുജനം തിരിച്ചറിയണം. നമ്മുടെ കുഞ്ഞുങ്ങളില്‍ അഴിമതിക്കും അനീതിക്കുമെതിരായ മനോഭാവം വളര്‍ത്തിയെടുക്കണം.

ഇതിനായുള്ള ചുവടുവെയ്പ് എന്ന നിലയില്‍ സ്ക്കൂളുകളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അഴിമതി വിരുദ്ധ സന്ദേശം കൂടെ ഉള്‍പ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ഈ എഴുത്ത് അല്‍പം മുമ്പെ വേണ്ടതായിരുന്നു. വൈകിയതില്‍ ഖേദിക്കുന്നു. എങ്കിലും ഉപേക്ഷ കാണിക്കില്ലെന്ന വിശ്വാസത്തോടെ

Rahul M.,
Pranavam, Kavumthazha,
Koodali, Kannur.


Read More | തുടര്‍ന്നു വായിക്കുക

പി.ഡി.എഫ് പേജിനെ മുറിച്ചടുക്കാം

>> Sunday, August 14, 2011

കൊളാഷ് ചെയ്യുന്നതു കണ്ടിട്ടില്ലേ? പ്രിന്റ് ചെയ്ത് വെച്ച പേപ്പറില്‍ നിന്നും ആവശ്യമുള്ളവ മുറിച്ചെടുത്ത് വൃത്തിയായി ഒരു പേപ്പറിലേക്ക് ഒട്ടിച്ച് ഫോട്ടോസ്റ്റാറ്റെടുത്താല്‍ നല്ലൊരു കൊളാഷായി. എസ്.എസ്.എല്‍.സിക്കാര്‍ക്കു വേണ്ടി മുന്‍ പരീക്ഷാ ചോദ്യപേപ്പറുകളുടെ ഭാഗങ്ങള്‍ മുറിച്ചെടുത്ത് ഒരു പേപ്പറിലേക്ക് ഒട്ടിച്ച് വെച്ച് അധ്യാപകജീവിതത്തിന്റെ തുടക്കത്തില്‍ നമ്മളില്‍ പലരും കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. ഇന്ന് കമ്പ്യൂട്ടറെല്ലാം നമുക്കിടയിലേക്കെത്തി. മേല്‍പ്പറഞ്ഞ പ്രവൃത്തി ഡിജിറ്റലായി ചെയ്തെടുക്കാന്‍ സാധിക്കുമോ? അതായത്, ഒരു പി.ഡി.എഫ് ഫയലിന്റെ ചില ഭാഗങ്ങള്‍ മുറിച്ചെടുക്കാന്‍ ഉബുണ്ടുവില്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ? അത് മുറിച്ചെടുത്ത് ഒരു ഫോട്ടോസ്റ്റാറ്റ് പേപ്പറിന്റെ വലിപ്പത്തിലുള്ള പേജില്‍ പേസ്റ്റ് ചെയ്യണം. താഴെ കമന്റില്‍ ഒട്ടേറെ നല്ല മാര്‍ഗങ്ങള്‍ വരുന്നുണ്ട്. അവയില്‍ പത്മകുമാര്‍ സാര്‍ കമന്റിലെഴുതിയ ഫോക്സിറ്റ് റീഡര്‍ പരീക്ഷിച്ചു നോക്കാമല്ലോ. അഞ്ചു സ്റ്റെപ്പേയുള്ളു പി.ഡി.എഫ് ഫയലിന്റെ ഭാഗങ്ങള്‍ കോപ്പി ചെയ്തെടുക്കാനും പേസ്റ്റു ചെയ്യാനും. അതിന്റെ ഇന്‍സ്റ്റലേഷന്‍ രീതിയും ജിമ്പിലൂടെയുള്ള എഡിറ്റിങ്ങും താഴെ പറഞ്ഞിരിക്കുന്നു.

മെത്തേഡ് 1: Fox it Reader ല്‍ എഡിറ്റു ചെയ്യുന്ന രീതി

1. FoxitReader_1.1.0_i386.deb എന്ന ഫയല്‍ download ചെയ്യുക.
2. Gdebi Package Installer ഉപയോഗിച്ച് install ചെയ്യുക.
3. Applications-Office ല്‍ FoxitReader കാണും.
4. Open-File വഴി ആവശ്യമായ pdfഫയല്‍ തുറക്കുക.
5. FoxitReader windowയില്‍ കാണുന്ന ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ആവശ്യമായ ഭാഗം മൗസ് കൊണ്ട് select ചെയ്ത് copy ചെയ്യുക. ശേഷം word processor തുറന്ന് paste ചെയ്യുക.

ഫോക്സിറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടും പ്രവര്‍ത്തിക്കാനാകാതെ എറര്‍ മെസ്സേജ് കാണിക്കുന്നുണ്ടെങ്കില്‍ മാത്രം

Foxitreader ന്റെ ഡൗണ്‍ലോഡ് ചെയ്തെടുത്ത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract here വഴി എക്സ്ട്രാക്ട് ചെയ്യുക. അതിനുള്ളിലെ data.tar.gz എന്ന ഫയല്‍ വീണ്ടും എക്സ്ട്രാക്ട് ചെയ്തപ്പോള്‍ വന്ന usr എന്ന ഫോള്‍ഡറിലെ bin ല്‍ നിന്നും FoxitReader എന്ന എക്സിക്യുട്ടീവ് ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Read & write പെര്‍മിഷന്‍ നല്‍കി കോപ്പി ചെയ്തെടുക്കുക.

ടെര്‍മിനലില്‍ sudo nautilus എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. പാസ്​വേഡ് ചോദിച്ചാല്‍ നല്‍കി എന്റര്‍ ചെയ്യുക.
തുടര്‍ന്ന് തുറന്നു വരുന്ന ജാലകത്തിലെ File System-usr-bin എന്ന ക്രമത്തില്‍ തുറന്ന് കോപ്പി ചെയ്ത FoxitReader എന്ന ഫയല്‍ പേസ്റ്റ് ചെയ്യുക. ഇനി വര്‍ക്ക് ചെയ്തോളും.

മെത്തേഡ് 2: PDF Editor വഴിയും എഡിറ്റ് ചെയ്യാം.

ഇതാ കോഴിക്കോട് വടകരയിലെ എം.ടി.സിയായ സുരേഷ് സാര്‍ അയച്ചു തന്ന ഒരു മാര്‍ഗം ഇവിടെയുണ്ട്. പരീക്ഷിച്ചു നോക്കൂ.

മെത്തേഡ് 3: ksnapshot ല്‍ എഡിറ്റു ചെയ്യുന്ന രീതി

PDF പേജിനെ മുറിച്ചെടുക്കാന് ധാരാളം എളുപ്പവഴികള്‍ ഉബുണ്ടുവിലുണ്ടെന്ന് മനസ്സിലായില്ലേ. അതിലൊന്ന് ksnapshot എന്ന സോഫ്റ്റ്​വെയറാണ്. മനോജ് നാഥ് അതിന്റെ സ്റ്റെപ്പുകള്‍ നമുക്കായി പങ്കുവെച്ചിരിക്കുന്നത് നോക്കുക.

1. Applications-graphics-ksnapshot ഉപയോഗിക്കാം.
2. ആദ്യം pdf page open ചെയ്യുക.
3. window അല്പം ചെറുതാക്കി സൈഡില് ksnapshot open ചെയ്യുക.
4. capture mode എന്ന ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും region ആക്കുക.
5. new snapshot click ചെയ്ത് മൗസ് ഉപയോഗിച്ച് select ചെയ്ത് enter ചെയ്യുക.
6. അത് writer തുറന്ന് paste ചെയ്യുക.

മെത്തേഡ് 4: Gimp ല്‍ എഡിറ്റു ചെയ്യുന്ന രീതി

1. ഏത് പി.ഡി.എഫ് ഫയലില്‍ നിന്നാണോ വിവരങ്ങളെടുക്കേണ്ടത്, അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
2. ഇപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയിലെ Open with -> Gimp image Editor തുറക്കുക.
3. ഈ സമയം താഴെ കാണുന്ന പോലെ പി.ഡി.എഫിലെ എല്ലാ പേജുകളും ഒരു വിന്‍ഡോയില്‍ കാണാന്‍ കഴിയും. (ചിത്രം നോക്കുക)

4. Select All എന്ന ഒരു ബട്ടണ്‍ പേജുകള്‍ക്ക് താഴെ കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ എല്ലാ പേജുകളും Select ചെയ്യപ്പെടും.
5. ഇതേ വിന്‍ഡോയിലുള്ള Import ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ സെലക്ട് ചെയ്ത പേജുകള്‍ Gimp സോഫ്റ്റ്​വെയറില്‍ PNG ഫോര്‍മാറ്റില്‍ ലേയറുകളായി കാണാന്‍ കഴിയും. (ചിത്രം നോക്കുക)

6. പേജ് നമ്പറിന്റെ ക്രമത്തിലാണ് ലേയറുകള്‍ കാണുന്നത്. ഏറ്റവും മുകളിലെ ലേയറായിരിക്കും ക്യാന്‍വാസില്‍ കാണാനാവുക. മൗസ് പോയിന്റര്‍ ഉപയോഗിച്ച് ലേയര്‍ പെല്ലറ്റില്‍ നിന്നും (എല്ലാ ലേയറുകളുടെയും പേര് പ്രദര്‍ശിപ്പിക്കുന്ന ചെറിയ ജാലകം) ഒരു പേജിന്റെ ചിത്രത്തെ ഏറ്റവും മുകളിലേക്ക് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ ആ പേജായിരിക്കും നമുക്ക് കാണാന്‍ കഴിയുക. (ചിത്രത്തിലെ ലേയര്‍ പെല്ലറ്റില്‍ 1, 2 എന്നിങ്ങനെ ലേയറുകള്‍ കാണുന്നില്ലേ? അതില്‍ 1 മുകളിലും 2 താഴെയുമാണ്. അപ്പോള്‍ ഒന്നാം പേജാണ് ക്യാന്‍വാസില്‍ കാണാന്‍ കഴിയുക. ജാലകത്തില്‍ നിന്നും താഴെയുള്ള രണ്ടാമത്ത ലേയര്‍ സെലക്ട് ചെയ്ത് മുകളിലേക്ക് ഡ്രാഗ് ചെയ്താല്‍ മുകളില്‍ രണ്ടാമത്തെ ലേയറും താഴെ ഒന്നാമത്തെ ലേയറുമായി ക്രമീകരിക്കുക. ഇപ്പോള്‍ രണ്ടാമത്തെ പേജായിരിക്കും ക്യാന്‍വാസില്‍ കാണാനാവുക)

7.ഇനി റൈറ്റര്‍ ഫയല്‍ തുറന്ന് അതിലേക്ക് പേസ്റ്റ് ചെയ്യുക.

8. രണ്ടു പേജുകളില്‍ നിന്നായി മൂന്ന് ഭാഗങ്ങള്‍ മുറിച്ചെടുത്ത് പേസ്റ്റു ചെയ്തിരിക്കുന്ന റൈറ്ററിന്റെ A4 പേജിനെ താഴെയുള്ള ചിത്രത്തില്‍ കാണാമല്ലോ.

പിന്നെയെല്ലാം ഓരോരുത്തരുടേയും ഐഡിയ പോലെ. വേറെന്താ, പി.ഡി.എഫ് ഭാഗങ്ങളെ മുറിച്ചെടുക്കാന്‍ മറ്റേതെങ്കിലും സോഫ്റ്റ്‍വെയര്‍ ഉള്ളതായി അറിയാമോ? അറിയാമെങ്കില്‍ പങ്കുവെക്കണേ.


Read More | തുടര്‍ന്നു വായിക്കുക

ത്രികോണമിതി : ചോദ്യപേപ്പറും ഒരു പഠനപ്രവര്‍ത്തനവും

>> Thursday, August 11, 2011

ത്രികോണമിതിയില്‍ നിന്നും ഒരു പഠനപ്രവര്‍ത്തനം ഇന്ന് പ്രസിദ്ധീകരിക്കുന്നു. ഒപ്പം ഘനരൂപങ്ങളില്‍ സമചതുരസ്തൂപിക വരെയുള്ള ഭാഗത്തുനിന്നും ഒരു പരിശീലന പേപ്പറും . ഓണപ്പരീക്ഷയക്കായി തയ്യാറെടുക്കുന്നവര്‍ക്ക് പ്രയോജനകരമായിരിക്കും ഇവ എന്നു കരുതുന്നു. സമാന്തരശ്രേണിമുതല്‍ ഉള്ള പാഠഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട് . ത്രികോണമിതി ഉപയോഗിച്ച് ജ്യാമിതീയരീതിയില്‍ Pi യുടെ വില കണ്ടെത്തുന്നതാണ് ഇന്നത്തെ പോസ്റ്റിന്റെ ആദ്യഭാഗം . ഇത് ഒരു പ്രാക്ടിക്കലായാണ് ചെയ്യേണ്ടത്

പ്രാക്ടിക്കലിന്റെ ലക്ഷ്യം

മട്ടത്രികോണങ്ങളില്‍ കോണുകളുടെ ത്രികോണമിതി വിലകള്‍ ഉപയോഗിച്ച് Pi വിലകണ്ടെത്തുന്നതിന് .
ഉപകരണങ്ങള്‍

ഡ്രോയിഗ് ഷീറ്റ് , ഇന്‍സ്ട്രുമെന്റ് ബോക്സ് , ഗ്രാഫ് ഷീറ്റ് ,കാല്‍ക്കുലേറ്റര്‍
പ്രവര്‍ത്തന മാതൃക

ത്രികോണം ABD വരക്കുക . കോണ്‍ A = 90 ഡിഗ്രി , കോണ്‍ B = 60 ഡിഗ്രി , കോണ്‍ D= 30ഡിഗ്രി

Aയില്‍ ,കോണ്‍ DAC= 30 ഡിഗ്രി ആകത്തക്കവിധം വരക്കുക . AD എന്ന വശത്തെ ചിത്രത്തില്‍ കാണുന്നപോലെ Fലേയ്ക്ക് നീട്ടുക

DE = BD ആകത്തക്കവിധം AF എന്ന വരയില്‍ E അടയാളപ്പെടുത്തുക. എന്നിട്ട് BE വരച്ച് ത്രികോണം ABE പൂര്‍ത്തിയാക്കുക
BE = EF ആകത്തക്കവിധമാണ് F അടയാളപ്പെടുത്തേണ്ടത് . BF വരച്ച് നിര്‍മ്മിതി പൂര്‍ത്തിയാക്കുക

AB ഒരു യൂണിറ്റായി കണക്കാക്ക് നിര്‍മ്മിതി പൂര്‍ത്തിയാക്കിയാല്‍ AFന്റെ നീളം ഏകദേശം 7.59 എന്നു കിട്ടും.
‌\begin{equation}
\tan \angle AFB = \frac{1}{7.53}
\end{equation}
ഇനി റേഡിയന്‍ കോണളവിനെക്കുറിച്ച് പറയാം. പാഠപുസ്തകത്തില്‍ 77 മത്തെ പേജില്‍ സൈഡ് ബോക്സായി റേഡിയന്‍ അളവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് .അത് ചുരുക്കി എഴുതാം
ആരം 1 ആയ വൃത്തത്തിലെ 1 നീളമുള്ള ചാപം കേന്ദ്രത്തില്‍ ഉണ്ടാക്കുന്ന കോണ്‍ ആണ് 1 റേഡിയന്‍ . ആരം 1 ആയ വൃത്തത്തിലെ 2 നീളമുള്ള ചാപം കേന്ദ്രത്തില്‍ ഉണ്ടാക്കുന്ന കോണ്‍ ആണ് 2 റേഡിയന്‍ . അപ്പോള്‍ r ആരമുള്ള വൃത്തത്തില്‍ r ആരമുള്ള ചാപം ഉണ്ടാക്കുന്ന കോണ്‍ 1 റേഡിയന്‍ തന്നെയാണല്ലോ . കോണിനെ ചാപനീളത്തിന്റെയും വൃത്ത ആരത്തിന്റെയും അനുപാതസംഖ്യയായി കാണുന്നത് ഇപ്രകാരമാണ് . അനുപാതമായി കാണുമ്പോള്‍ കിട്ടുന്നത് റേഡിയനിലുള്ള കോണ്‍ ആണെന്നു മാത്രം . എങ്കില്‍ വൃത്തത്തിലെ ആകെ കോണ്‍ എത്രയാണ് ?അത് $2\pi r$നീളമുള്ള ചാപം r ആരമുള്ള വൃത്തത്തിലെ കേന്ദ്രത്തില്‍ ഉണ്ടാക്കുന്ന കോണ്‍ ആകുമല്ലോ. വൃത്തത്തിലെ കോണ്‍ = $\frac{2 \pi r}{r}$. അതായത് വൃത്തത്തിലെ കോണ്‍ $2 \pi$റേഡിയന്‍ .
റേഡിയന്‍ അളവിനെ circular measure എന്നും വിളിക്കുന്നു. c അതിനെ സൂചിപ്പിര്രുന്നു.
കോണ്‍ AFB = $7.5^\circ$ആണല്ലോ.
ഈ കോണ്‍ വളരെ ചെറുതായതിനാല്‍ അതിന്റെ sin അളവും tan അളവും ആ കോണളവിനോട് ഏകദേശം തുല്യമായിരിക്കും .
കൂടാതെ $‌2 \pi^c= 360^\circ$ആയതിനാല്‍ $7.5^\circ=\frac{\pi}{24}^c$ആകും
‌$\frac{1}{1.79} = \frac{\pi}{24}$
$\pi = 3.162 $
ചോദ്യപേപ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ പുതിയ ചോദ്യങ്ങള്‍
ത്രിശൂര്‍ ജില്ലയിലെ ഗണിതാധ്യാപകനായ മധുസാര്‍ എഴുതുന്നു....
radian measure പഠിപ്പിക്കാന്‍ ആദ്യ ക്ലാസ്സുകളില്‍ ചില പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ നല്‍കിയിരുന്നു.
പിന്നെ ആണ് geogebra യുടെ സഹായത്താല്‍ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തത് .
വൃത്തത്തിന്റെ ആരം കൂടുമ്പോഴും ആരത്തിന്റെ അതെ നീളമുള്ള ചാപം വൃത്ത കേന്ദ്രത്തില്‍ നിര്‍മിക്കുന്ന കോണ്‍ അളവ് മാറുന്നില്ല എന്ന് കാണാവുന്നതാണ് .
മധുസാര്‍ തയ്യാറാക്കിയ ജിയോജിബ്രയിലെ പ്രവര്‍ത്തം കാണുക


Read More | തുടര്‍ന്നു വായിക്കുക

NIME – 2011


NATIONAL INITIATIVE ON MATHEMATICS EDUCATION (NIME – 2011) SOUTHERN REGIONAL CONFERENCE11-13, November 2011

കൊച്ചി സര്‍വ്വകലാശാല ഗണിതവിഭാഗം മേധാവിയും ഇന്ത്യക്കകത്തെന്നപോലെ പുറത്തും പ്രശസ്തനായ ഗണിത വിശാരദനുമാണ് ഡോ. വിജയകുമാര്‍. ഗണിതശാസ്ത്ര ഒളിമ്പ്യാഡിന്റെ പ്രധാന സംഘാടകന്‍ കൂടിയായ സാറിന്റെ ടെലിഫോണ്‍ സന്ദേശവും തുടര്‍ന്നുള്ള ഇമെയിലും അടുത്ത നവമ്പറില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഗണിത വിദ്യാഭ്യാസ തെക്കന്‍ മേഖലാ കോണ്‍ഫറന്‍സിനെക്കുറിച്ചുള്ളതാണ്. ഈ വിവരങ്ങള്‍ മാത്​സ് ബ്ലോഗിലൂടെ പങ്കുവെക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഒട്ടേറെ അഭിമാനത്തോടുകൂടിയാണ് ഞങ്ങള്‍ നിവൃത്തിക്കുന്നത്. പങ്കെടുക്കണമെന്ന് താല്പര്യമുള്ളവര്‍ക്കുവേണ്ടി പോസ്റ്റിന്റെ അവസാനം രജിസ്ട്രേഷന്‍ ഫോം കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂരിപ്പിച്ചയക്കാന്‍ മറക്കില്ലല്ലോ..?

Organized by : Kerala Mathematics Teachers Association (KMTA), Bharatiya Vidya Bhavan (Cochin Kendra) and Association of Mathematics Teachers of India (AMTI).
Venue : Bhavan’s Vidya Mandir, Elamakkara, Cochin- 682026

CALL FOR SUBMISSIONS
Mathematics – Popularly known as the ‘Queen of all Sciences’ is regarded as a core part of the school curriculum across the world. It is also in the core curriculum for a wide range of basic and professional courses. Many teachers, educators and mathematicians have responded to the challenge of teaching mathematics effectively in diverse ways: some have developed powerful pedagogical approaches or learning materials, some have introduced innovations in their teaching, some have worked with teachers, some with students, and some have taken up research to understand more deeply the teaching and learning of mathematics. To discuss the current status and trends in mathematics education research and in the practice of mathematics teaching at all levels, the International Commission on Mathematical Instruction (ICMI), a constituent of the International Mathematical Union (IMU) has been organizing the International Congress on Mathematics Education (ICME), every four years. The Congress will gather a broad spectrum of participants such as researchers in mathematics education, teacher educators, practicing teachers, mathematicians and others interested in mathematics education. One of the important academic activities of ICME is National Presentation; during which the representatives of a particular country will make a presentation on the current status and trends in mathematics education in that country. An exhibition, video shows, CD-ROMs and so forth may accompany these national presentations. India will make one of the national presentations in the ICME -12 (www.icme12.org) scheduled to be held at Seoul, S.Korea from 8 – 15, July 2012. To provide an input for the national presentation of our country and to bring together on a single platform the important and significant innovations and efforts to improve mathematics education in school and in higher education, a Southern Regional Conference on Mathematics education is being organized from 11 - 13, November 2011 at Cochin. This conference aims to build awareness of such efforts in the community of mathematics educators in the Southern Region – Andhra Pradesh, Karnataka, Tamil Nadu, Pondicherry and Kerala. The proceedings of the conference will also be an input for a report on the status of mathematics education in India, which is being compiled under the auspices of the Indian National Science Academy. Teachers, educators and mathematicians belonging to the Southern Region are invited to send their submissions to the conference on any one of the following themes: 1. Historical and cultural aspects of mathematics and mathematics education 2. Mathematics curriculum and pedagogy at various levels: elementary, secondary and tertiary education, including nurture and enrichment initiatives. 3. Teacher education and development Submission of Proposals: Presentation at the conference on these and related themes can be in the form of poster exhibit or an oral presentation. For both the forms, authors have to submit an extended abstract of about 500 words on their study / innovation / theoretical analysis. The abstract should contain a brief description of the aim of study or innovation, the target group, the period of the intervention, description of what was done and the outcomes. Please send the extended abstract to vambat@gmail.com. Deadlines and Important dates: Submission of proposal : 5 October 2011 Notification of acceptance of proposal : 15 October 2011 Registration : 20 October 2011 Final submission of written report/poster : 30 October 2011 Registration Fee : Rs.300/- to be paid at the registration counter on 11 November 2011. The Registration fee includes food and accommodation during the conference days . The funds for the conference are limited. But we will try to provide travel support ( 3AC train fare) for a limited number of participants. Total number of participants will be limited to 125. Those who are interested to participate may send the registration form to Mr.K.Suresh, Vice Principal, Bhavan’s News Print Vidyalaya, Kottayam -686616 or by email to kuttath.suresh@yahoo.com Local Organising Committee : Hon’ble Justice T.L.Viswanath Iyer – Chairman (Chairman, Bharatiya Vidya Bhavan, Kochi Kendra) Smt. Meena Viswanathan (Education Officer, Bharatiya Vidya Bhavan) Sri. R.Ramanujam ( Secretary, KMTA, MNKM Govt Higher Secondary School, Pulapetta, Palakkad ) - Local Convener Sri. K.Suresh (Bhavan’s News Print Vidyalaya,Velloor) – Local Convener Smt. Anice George (Cochin Refineries School, Cochin) Sri. Martin T.G (Cardinal Higher Secondary School, Thrikkakara, Cochin) Sri. Hari Govindan K.V. (GHSS, Vennala, Cochin) Smt. Vijaya C.K. (Bhavan’s Vidya Mandir, Elamakkara, Cochin) Academic Committee Dr. E.Krishnan (President, KMTA, Formerly of University College, Trivandrum) Sri. A.Athmaraman ( Sri Sarada Secondary School, Chennai ) Dr. Shailesh Shirali (Rishi Valley School, Rishi Valley , Andhra Pradesh) Dr. M.Jathavedan (Emeritus Professor, Dept. of Computer Applications, CUSAT) Dr. A.Vijayakumar (Academic Secretary, KMTA , Professor ; Head, Department of Mathematics, Cochin University of Science and Technology, Cochin-682 022 (vambat@gmail.com) - Regional Convener.

Application for REGISTRATION is attached as the last page of The PDF Copy


Read More | തുടര്‍ന്നു വായിക്കുക

തങ്ങളാലായത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാര്‍..! wiki books

>> Sunday, August 7, 2011

ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡും യൂണീകോഡ് ഫോണ്ടും വിദ്യാലയങ്ങളില്‍ സര്‍വ്വസാധാരമമായതിന്റെ ഗുണഫലങ്ങള്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ കണ്ടുതുടങ്ങുന്നത് എത്രമാത്രം ശുഭോദര്‍ക്കമാണ്! മലയാളത്തിലെ അസംഖ്യം പുരാണ ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ (പകര്‍പ്പവകാശപരിധിയില്‍ വരാത്ത പ്രാചീനകൃതികളും പകര്‍പ്പവകാശകാലാവധികഴിഞ്ഞ കൃതികളും) തിരക്കിലാണ് 'തന്നാലായതുചെയ്യുന്ന അണ്ണാറക്കണ്ണന്മാര്‍.' കുന്ദലതയും രാമചന്ദ്രവിലാസവുമെല്ലാം കുഞ്ഞുവിരലുകളിലൂടെ അനശ്വരമാക്കപ്പെടുന്ന ഈ മഹത്കൃത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഐടി@സ്കൂളിനേയും സുമനസ്സുകളായ അധ്യാപകരേയും എത്ര അഭിനന്ദിച്ചാലാണ് മതിവരിക? പൂര്‍ത്തിയാക്കപ്പെട്ട അത്തരമൊരു യജ്ഞത്തിന്റെ മേല്‍നോട്ടം വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യം വായനക്കാരുമായി പങ്കുവെക്കുകയാണ് കൊല്ലത്തെ മാസ്റ്റര്‍ട്രൈനര്‍ കണ്ണന്‍ സാര്‍. അഭിനന്ദിക്കാനും കമന്റെഴുതാനും എന്തിനാ ഇത്ര പിശുക്ക് കാണിക്കുന്നത്?വായിക്കുക...

അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം മഹാകാവ്യമാണ് മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം. ദീര്‍ഘ നാളുകളായി പുസ്തക രൂപത്തില്‍ ലഭ്യമല്ലാതിരുന്ന ഈ മഹാകാവ്യം ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മഹാകവിയുടെ നാട്ടിലെ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഡിജിറ്റല്‍ ലോകത്തെത്തിക്കുന്നത്.1907 – ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ഇപ്പോള്‍ പൂര്‍ണ്ണമായി പകര്‍പ്പവകാശ മുക്തമാണ്. വിക്കി ഗ്രന്ഥശാലയിലും സി.ഡി.രൂപത്തിലും പ്രകാശനം ചെയ്യാനാണ് ഉദ്ദ്യേശിക്കുന്നത്. പദ്ധതിക്ക് ചവറ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്ന ഏക ദിന സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരുടെ ശില്‍പ്പ ശാലയില്‍ തുടക്കമായി. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്​വെയറിലും ഓപ്പണ്‍ ഓഫീസ് റൈറ്ററിലുമാണ് ഡിജിറ്റൈലൈസേഷന്‍ പദ്ധതി തയ്യാറാകുന്നത്.ഐ.ടി@സ്ക്കൂളും വിദ്യാരംഗം കലാസാഹിത്യവേദിയുമാണ് സംഘാടകര്‍.
മഹാകാവ്യ പ്രസ്ഥാനം
“മധുരോദാരങ്ങളായ ജീവിത ചിത്രങ്ങളും സുന്ദരമായ വര്‍ണ്ണനകളും ഉദാത്തമായ ശൈലിയും ഇണങ്ങിച്ചേര്‍ന്ന ബൃഹത്തായ കഥാത്മക കാവ്യ രൂപമാണ് മഹാകാവ്യം.”
സംസ്കൃതത്തിലെ പ്രമുഖകൃതികളായ രാമായണഭാരതാദികളോട് ബന്ധപ്പെട്ടാണ് മഹാകാവ്യങ്ങള്‍ ഉത്ഭവിച്ചതെന്ന് ചിലര്‍ കരുതുന്നു.സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് മലയാളത്തിലുംമഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടത്.നിരൂപകാഭിപ്രായത്തില്‍ മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്തു പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം' .1907 ലാണ് ഈ കൃതി പ്രകാശിതമായത്.ഇരുപത്തിയൊന്ന് സര്‍ഗ്ഗവും ഒടുവിലത്തെ പ്രാര്‍ത്ഥനാനവകവും ഉള്‍പ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം.രാമായണ കഥയിലെ ഒരംശവും വിടാതെയാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ഈ മഹാകാവ്യം രചിച്ചിരിക്കുന്നത്.മഹാകാവ്യ ലക്ഷണങ്ങളില്‍ പ്രധാനമാണ് ചിത്ര സര്‍ഗ്ഗം.സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് ഇവിടെയും ചിത്ര സര്‍ഗ്ഗം നിബന്ധിച്ചിരിക്കുന്നത്.
ചിത്രസര്‍ഗം
രാവണവധം, വിഭീഷണാഭിഷേകം എന്നിവയാണ് ഈ സര്‍ഗത്തിലെ പ്രമേയം. സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടുപിടിച്ചാണ് ഇവിടെയും ചിത്രസര്‍ഗം നിബന്ധിച്ചിരിക്കുന്നത്.കവികളുടെ പദകുബേരത്ത്വത്തിന്റെയും ചിത്രശ്ലോക നിര്‍മ്മാണ വൈഭവത്തിന്റേയും ഉദാഹരണങ്ങളാണ് ചിത്രസര്‍ഗങ്ങള്‍.ശരത്തിന്റെ ചിത്രത്തില്‍ അക്ഷരങ്ങള്‍ വിന്യസിച്ച് നിര്‍മ്മിക്കുന്ന ശ്ലോകമാണ് ശരണബന്ധം.ശൂലാകൃതിയിലുള്ള ചിത്രത്തില്‍ വര്‍ണ്ണങ്ങള്‍ വിന്യസിച്ചുണ്ടാക്കുന്ന ശ്ലോകമായ ശൂലബന്ധവും ഹലത്തിന്റെ (കലപ്പ) ചിത്രത്തില്‍ നിബന്ധിച്ച ശ്ലോകമാണ് ഹലബന്ധം. രഥത്തിന്റെ രീതിയില്‍ കളം വരച്ച് ക്ലിപ്ത സ്ഥാനങ്ങളില്‍ അക്ഷരം വിന്യസിച്ചുള്ള ശ്ലോക രചനയാണ് രഥബന്ധം.” രാമ കാവണകലഹം " എന്ന് ഉദ്ധാരവുമുണ്ട്. ഏറെ രസകരമായ ചിത്രശ്ലോകങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്​വെയറായ ജിമ്പിലും ജിയോജിബ്രയിലുമാണ് കുട്ടികള്‍ തയ്യാറാക്കുന്നത്.
ചവറ ഉപ ജില്ലയിലെ 15 ഗവണ്‍മെന്റ്/ എയ്ഡഡ് വിദ്യാലയങ്ങളിലെ ഐടി ക്ലബ് അംഗങ്ങളും സ്ക്കൂള്‍ വിദ്യരംഗം കലാ സാഹിത്യ വേദിയുമാണ് ഡിജിറ്റലൈസേഷന്‍ പദ്ധതി നടപ്പാക്കുന്നത്. പങ്കാളികളായ സ്ക്കൂളുകള്‍ ഇവയാണ്.

ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,ശങ്കരമംഗലം
ഗവ.എച്ച്.എസ്സ്.ഗേള്‍സ്,ചവറ
ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍, കൊറ്റന്‍കുളങ്ങര
സെന്റ് ആഗ്നസ് ഗേള്‍സ് എച്ച്.എസ്സ്,നീണ്ടകര
എ.എസ്.എച്ച്.എസ്,പുത്തന്‍ത്തുറ
എസ്.വി.പി.എം.എച്ച്.എസ്,വടക്കുംതല
ഗവ.എല്‍.വി.എച്ച്.എസ്,കടപ്പ
ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,അയ്യന്‍കോയിക്കല്‍
ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,പന്മനമനയില്‍
സെന്റ് ആന്റണീസ് എച്ച്.എസ്,കോയിവിള
എം.എസ്.എം.എച്ച്.എസ്.എസ്.,മൈനാഗപ്പള്ളി
എം.എസ്.എം.എച്ച്.എസ്.ഫോര്‍ ഗേള്‍സ,
മൈനാഗപ്പള്ളി ബി.എച്ച്.എസ് ഫോര്‍ ബോയ്സ് ,
തേവലക്കര എച്ച്.എസ് ഫോര്‍ ഗേള്‍സ് ,
തേവലക്കര എച്ച്.എസ്.എസ്.,ഗുഹാനന്ദപുരം
മഹാകാവ്യ പ്രസ്ഥാനം

സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് മലയാളത്തിലും മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടത്.മലയാള മഹാകാവ്യങ്ങളില്‍ പലതിന്റെയും രൂപശില്‍പ്പത്തിനാധാരം മാഘന്റെയും ശ്രീഹര്‍ഷന്റെയും മഹാകാവ്യങ്ങളാണ്.
സംസ്കൃതത്തിലെ പ്രമുഖ കൃതികളായ രാമായണ-ഭാരതാദികളോട് ബന്ധപ്പട്ടാണ് മഹാകാവ്യങ്ങള്‍ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.ബി.സി. അഞ്ചാം നൂറ്റാണ്ടിനും എ.ഡി. 190 നും ഇടയ്ക്കു ജീവിച്ചിരുന്ന അശ്വഘോഷന്റെ ബുദ്ധചരിതം, സൗന്ദര്യാനന്ദം എന്നീ മഹാകാവ്യങ്ങളാണ് ഇന്നു ലഭ്യമായവയില്‍ ഏറ്റവും പഴക്കമായവ എങ്കിലും കാളിദാസന്റെ കുമാരസംഭവവും രഘുവംശവുമാണ് ഈ പ്രസ്ഥാനത്തെ ജനഹൃദയങ്ങളിലെത്തിച്ചത്.
രാമചന്ദ്രവിലാസം,രുഗ്മാംഗദചരിതം,കേശവീയം,ചിത്രയോഗം,എന്നിവയാണ് നമ്മുടെ ഭാഷയിലെ പഞ്ചമഹാകാവ്യങ്ങള്‍.സാഹിത്യവികാസത്തില്‍ അനിവാര്യവും നിര്‍ണ്ണായകവുമായ സ്ഥാനമാണ് മഹാകാവ്യത്തിനും നിയോക്ലാസിസത്തിനുമുള്ളത്. (എന്‍.വി.കൃഷ്ണവാരിയര്‍ - അവതാരിക -പന്തളത്തിന്റെ തെരഞ്ഞെടുത്ത കൃതികള്‍)
രാമചന്ദ്രവിലാസംഇന്റര്‍നെറ്റില്‍ലഭിക്കാന്‍ മലയാളം വിക്കിഗ്രന്ഥശാലയിലെ ലിങ്കിലേക്ക് പോകുക.
മലയാളം വിക്കിഗ്രന്ഥശാല അത്രയേറെ അറിയപ്പെടാത്ത ഒരു സഹോദര വിക്കി സംരഭമാണ്.മലയാളം വിക്കിഗ്രന്ഥശാലയിൽ പ്രമുഖവും ഏകദേശം പൂർത്തിയായതുമായ കൃതികൾ സമാഹരിച്ച് 2011 ജൂൺ 11-നു കണ്ണൂരിൽ വെച്ച് നടക്കുന്ന നാലാമതു് മലയാളം വിക്കിസംഗമത്തോടനുബന്ധിച്ചു് സി.ഡി. ആയി പുറത്തിറക്കിയിരുന്നു ലോകഭാഷകളില്‍ തന്നെ ഇതു ആദ്യത്തെ സവിശേഷപദ്ധതി ആയിരുന്നു.
ഈ സമാഹാരത്തില്‍ ഏറ്റവും സമ്പന്നമായ വിഭാഗം 'കാവ്യങ്ങളു'ടേതാണ്. വീണപൂവ്, നളിനി, ലീല, വനമാല, മണിമാല തുടങ്ങി കുമാരനാശാന്റെ കൃതികള്‍ സമഗ്രമായി ഇതിലുണ്ട്. കൂടാതെ ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ', ചങ്ങമ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍, ഇരയിമ്മന്‍ തമ്പി, രാമപുരത്ത് വാര്യര്‍ എന്നിവരുടെ കൃതികള്‍ ഒക്കെ ഡിജിറ്റല്‍ രൂപത്തില്‍ മനോഹരമായി മുന്നിലെത്തും. ഭാഷാവ്യാകരണം വിഭാഗത്തില്‍ 'കേരളപാണിനീയം' പൂര്‍ണരൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. ഐതിഹ്യം വിഭാഗത്തില്‍ 'ഐതിഹ്യമാല' എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം. ആധുനിക വിദ്യാഭ്യാസവും ഭാവുകത്വത്തിനുണ്ടായ വ്യത്യാസവും ക്ഷമയില്ലായ്മയുമെല്ലാം മഹാകാവ്യ പ്രസ്ഥാനത്തിന്റെ അപചയത്തിന് ആക്കം കൂട്ടി. ഇന്ന് പാഠപുസ്തകങ്ങളില്‍ക്കൂടി മാത്രമായി നിലനില്‍ക്കുന്ന ഈ ഗ്രന്ഥങ്ങളെ ഏവര്‍ക്കും പ്രാപ്യമാകുന്ന രൂപത്തില്‍ ഇന്റര്‍നെറ്റില്‍ എത്തുകയാണെങ്കില്‍ നാളത്തെ ഡിജിറ്റല്‍ മലയാളത്തിന്റെ നട്ടെല്ലായിരിക്കും അത്. അത്തരം ഒരു പദ്ധതിക്കാണ് കുട്ടികള്‍ തുടക്കം കുറിച്ചിരിക്കുന്നത്. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയതു പോലെ " രാമചന്ദ്ര വിലാസം മുന്‍ കാലത്തേ പോലെ വായിക്കപ്പെടുകയില്ല.നമ്മുടെ വിദ്യാഭ്യാസ രീതി മാറിപ്പോയി.വൃത്തത്തില്‍ എഴുതുന്ന കവിതകള്‍ വായിക്കാന്‍ ഇനി ബുദ്ധിമുട്ടാണ്.പക്ഷെ ഈ പുസ്തകം നമ്മുടെ സാംസ്കാരിക സമ്പത്താണ്‌.കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കേണ്ടതുണ്ട്..”
ചിത്രസര്‍ഗത്തിന്റെ കുറച്ചു ഭാഗങ്ങളൊഴികെ പദ്ധതി പൂര്‍ത്തിയായി. ഐടി സ്ക്കൂള്‍ പ്രോജക്റ്റ് മാസ്ററര്‍ ട്രെയിനര്‍ കണ്ണനും വിദ്യരംഗം കലാ സാഹിത്യ വേദി ഉപജില്ലാ കണ്‍വീനര്‍ വി.എം.രാജമോഹനനുമാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.
കണ്ണന്‍, മാസ്റ്റര്‍ ട്രെയിനര്‍, ഐ.ടി.സ്ക്കൂള്‍ പ്രോജക്റ്റ്, കൊല്ലം
(fotographerkannan@gmail.com)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer