മാത്‌സ് ബ്ലോഗിന് ഒന്നാം പിറന്നാള്‍ ഇന്ന്

>> Sunday, January 31, 2010

ഇന്ന് ജനുവരി 31. കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു സഹായമാവുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മയായ മാത്‌സ് ബ്ലോഗ് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ആദ്യഘട്ടത്തില്‍ രണ്ടുപേര്‍ കൂടിയാണ് ഈ പ്രയാണം ആരംഭിച്ചതെങ്കിലും കാലക്രമത്തില്‍ വിവിധ ജില്ലകളില്‍ നിന്നും സമാനചിന്താഗതിക്കാരായ അധ്യാപകര്‍ ഈ സംരംഭത്തിനോട് സഹകരിച്ചതുകൊണ്ട് ആവേശത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചു. വിദേശരാജ്യങ്ങളില്‍ അധ്യാപകര്‍ക്കുള്ളതുപോലെ നമ്മുടെ നാട്ടിലും വിദ്യാഭ്യാസവിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു സങ്കേതം; അതായിരുന്നു ടീമിന്റെ പ്രധാന ഉദ്ദേശം. കേരളത്തിലെ അധ്യാപകര്‍ എന്താണോ ആഗ്രഹിക്കുന്നത്, എന്താണോ അവരറിയേണ്ടത്, അതെല്ലാം സമയാസമയങ്ങളില്‍ നല്‍കുന്നതിന് ഞങ്ങളിന്നോളം ശ്രമിച്ചിട്ടുണ്ട്. അതുതന്നെയാണ് ഈ ബ്ലോഗിന്റെ വിജയരഹസ്യവും. ഇതിന് പകരം ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാമല്ലോ. ബ്ലോഗിനെ കൂടുതല്‍ പേരിലേക്കെത്തിക്കുക. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന ക്ലസ്റ്ററുകളില്‍ മാത്‌സ് ബ്ലോഗ് പരിചയപ്പെടുത്തല്‍ ഒരു ഓണ്‍ലൈന്‍ സെഷനായിരുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ബ്ലോഗിലെ പോസ്റ്റുകളും ചോദ്യപേപ്പറുകളും പലയിടത്തും ചര്‍ച്ചാവിഷയമായി എന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തോഷമാണ് തോന്നിയത്. കഴിയുമെങ്കില്‍ ഇത്തരമൊരു ചര്‍ച്ച നടക്കാത്ത ഇടങ്ങളില്‍ അടുത്തയാഴ്ചത്തെ ക്ലസ്റ്ററുകളില്‍ ഈ സംരംഭത്തെ ഒന്നു പരിചയപ്പെടുത്തുമല്ലോ.

എ പ്ലസ് ലക്ഷ്യം വെക്കുന്ന കുട്ടികള്‍ക്ക് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ചോദ്യങ്ങള്‍ സഹായകമാകുമെന്നതില്‍ തെല്ലും സംശയം വേണ്ട. (112 ചോദ്യങ്ങള്‍ ഏറ്റവും മികച്ച ഉദാഹരണം). ഇത്തരം വിഭവങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് ഉപകാരപ്രദമാകുന്നുണ്ടെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ വിളിക്കുമ്പോള്‍ ഞങ്ങളോര്‍ക്കുക കുട്ടികള്‍ക്ക് ഈ ബ്ലോഗ് പരിചയപ്പെടുത്തിയ അവരുടെ അധ്യാപകരെക്കുറിച്ചാണ്. ഇവിടെ ലാഭേച്ഛയില്ലാതെ, അധ്യാപകസമൂഹത്തിന്റെ കൂട്ടായ്മയ്ക്കായി ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത കുറച്ച് അധ്യാപകര്‍ ഒരേ മനസ്സോടെ കൂട്ടായി ശ്രമിക്കുമ്പോള്‍ അത് ലക്ഷ്യപാപ്തിയിലെത്തിയതിന്റെ ഒരു നിര്‍വൃതി ഈ പോസ്റ്റൊരുക്കുമ്പോഴും ഞങ്ങളുടെ മനസ്സിലുണ്ട്. ഒരു മലയാളം ബ്ലോഗിന് ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തി അറുപത്തയ്യായിരത്തിന് മുകളില്‍ ഹിറ്റുകളിലേക്കെത്താന്‍ സാധിച്ചതിന് പിന്നില്‍ ബ്ലോഗ് ടീമംഗങ്ങളുടെ പേരില്‍ നന്ദി രേഖപ്പെടുത്താന്‍ ഏറെ പേരുണ്ട്. ആദ്യമായി

 • ഐ.ടി അറ്റ് സ്ക്കൂള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറിനും ഈ ആശയം മുന്നോട്ട് വച്ച എറണാകുളം ഐ.ടി അറ്റ് സ്ക്കൂള്‍ ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിനും മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാറിനും


 • ഈ ബ്ലോഗ് തുടങ്ങിയ കാലം മുതലേ ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യു പ്രൊഫണല്‍ സുനില്‍ പ്രഭാകര്‍ സാറിനും


 • ഞങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന പാലക്കാട് ജില്ലാ കോഡിനേറ്റര്‍ ജയരാജന്‍ സാറിനും ഹരിശ്രീ പാലക്കാടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും


 • മലപ്പുറം ജില്ലയിലെ ഹസൈനാര്‍ മങ്കട, ഹക്കീം മാസ്റ്റര്‍ എന്നിവരടക്കമുള്ള മാസ്റ്റര്‍ ട്രെയിനേഴ്സിനും


 • ബ്ലോഗ് ടീമംഗങ്ങളെപ്പോലെ തന്നെ ഞങ്ങളോടൊപ്പം സഹകരിച്ചു പോരുന്നവരും കമന്റ് ബോക്സിനെ ഏറെ സജീവമാക്കുന്നവരുമായ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഗൂഗിളിലെ ഉമേഷ് സാര്‍, പാലക്കാട്ടെ കണ്ണന്‍ സാര്‍, ഖത്തറിലെ അബ്ദുള്‍ അസീസ് സാര്‍ എന്നിവര്‍ക്കും


 • ഞായറാഴ്ച സംവാദങ്ങളിലും ഇതര പോസ്റ്റുകളിലും സ്വാഭിപ്രായം വെട്ടിത്തുറന്നു പറയുന്ന മലയാളത്തിലെ എല്ലാ ബ്ലോഗര്‍മാര്‍ക്കും സ്വന്തം ബ്ലോഗിലൂടെ ഞങ്ങളെ പരിചയപ്പെടുത്തിയ ബൂലോകര്‍ക്കും


 • ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും അയച്ചു തരുന്ന വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും


 • സ്വന്തം ജില്ലയിലെ സ്ക്കൂളുകളിലേക്ക് മാത്‌സ് ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊടുക്കുകയും അവരെ പരിചയപ്പെടുത്തുകയുമെല്ലാം ചെയ്ത മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും


 • പത്രമാധ്യമങ്ങളിലൂടെ ഈ ബ്ലോഗിനെ കൂടുതല്‍ പ്രശസ്തിയിലേക്കെത്തിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കും


 • ബ്ലോഗിന്റെ വായനക്കാരും ഞങ്ങളുടെ അഭ്യുദയ കാംക്ഷികളുമായ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും


സ്നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി... നന്ദി... നന്ദി...


Read More | തുടര്‍ന്നു വായിക്കുക

ഇന്നത്തെ കേരളകൗമുദിയില്‍ മാത്​സ് ബ്ലോഗ്

>> Friday, January 29, 2010

ഇന്നത്തെ കേരളകൗമുദിയില്‍ എഡിറ്റോറിയല്‍ പേജില്‍ (പേജ് 6) മാത്​സ് ബ്ലോഗിനെക്കുറിച്ചു വന്ന വാര്‍ത്തയ്ക്ക് ന്യൂസ് പേജ് കാണുക.


Read More | തുടര്‍ന്നു വായിക്കുക

SSLC : Orukkam-2010


Read More | തുടര്‍ന്നു വായിക്കുക

SSLC റിവിഷന്‍: ദ്വിമാനസമവാക്യങ്ങള്‍

>> Thursday, January 28, 2010

ബീജഗണിതപഠനത്തിന്റെ അതിപ്രധാനമായ ഭാഗമാണ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ദ്വിമാന സമവാക്യങ്ങള്‍. ഭാഷാവാചകങ്ങളില്‍ നിന്ന് രൂപീകരിക്കപ്പെടുന്ന ദ്വിമാനസമവാക്യങ്ങളാണ് നമ്മുടെ പഠനവിഷയം. ഭാഷാവാചകങ്ങള്‍ വായിച്ച് വിശകലനം ചെയ്ത് ബീജഗണിത വാക്യങ്ങളാക്കി മാറ്റാനുള്ള പാടവം ഇവിടെ അനിവാര്യമാണ്. ഇങ്ങനെ രൂപപ്പെടുന്ന വാക്യങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്നു. വര്‍ഗം പൂര്‍ത്തിയാക്കല്‍, സൂത്രവാക്യം, ഘടകക്രിയ എന്നിവയാണ് മൂന്ന് നിര്‍ദ്ധാരണ മാര്‍ഗ്ഗങ്ങള്‍. വര്‍ഗം പൂര്‍ത്തിയാക്കലിന്റെ ഒരു സമാന്യ വല്‍ക്കരണം തന്നെയാണ് ശ്രീധരാചാര്യനിയമം എന്ന പേരിലും അറിയപ്പെടുന്ന സൂത്രവാക്യരീതി. മൂല്യങ്ങളുടെ സ്വഭാവം വിശകലനം ചെയ്യുന്നതിനായി സമവാക്യസിദ്ധാന്തത്തിന്റെ പിന്‍ബലമുണ്ട്. രേഖീയ സംഖ്യകള്‍ അല്ലാത്ത മൂല്യങ്ങള്‍ ഉള്ളവ (മൂല്യങ്ങള്‍ ഇല്ലാത്തവ), ഒരു മൂല്യം മാത്രം ഉള്ളവ, രണ്ട് വ്യത്യസ്ത മൂല്യങ്ങള്‍ ഉള്ളവ എന്നിങ്ങനെ മൂന്ന് തരത്തില്‍ സമവാക്യങ്ങളെ തരം തിരിക്കാം. വിവേചകം പൂര്‍ണവര്‍ഗമാണെങ്കില്‍ ഭിന്നക മൂല്യങ്ങളും പൂര്‍ണവര്‍ഗമല്ലെങ്കില്‍ അഭിന്നക മൂല്യങ്ങളും ഉണ്ടാകും,. പത്താം ക്ലാസിലെ പാഠപുസ്തകത്തിലെ എല്ലാ യൂണിറ്റുകളിലും ദ്വിമാന സമവാക്യത്തിന്റെ പ്രായോഗികത ഉണ്ട്. പരമാവധി മേഖലകളെ സ്പര്‍ശിക്കുന്ന ചോദ്യങ്ങളാണ് ഈ പാക്കേജില്‍ ഉള്‍​ക്കൊള്ളിച്ചിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം,

ഈ പാഠഭാഗം പഠിപ്പിക്കുന്നത് ഏതെല്ലാം ശേഷികള്‍ കൈവരിക്കുന്നതിനാണെന്നു നോക്കാം


 • ദ്വിമാന സമവാക്യം എന്ന ആശയം രൂപീകരിക്കുന്നതിന്

 • (x+a)2=b2 എന്ന രൂപത്തിലുള്ള ദ്വിമാനസമവാക്യങ്ങളുടെ മൂല്യം കണ്ടെത്തുന്നതിന്.

 • ഒരു ദ്വിമാന സമവാക്യത്തിന് പൊതുവെ രണ്ട് മൂല്യങ്ങളുണ്ട് എന്ന് കണ്ടെത്തുന്നതിന്

 • ഒരു ദ്വിമാനസമവാക്യത്തിന് പൊതുവെ രണ്ട് മൂല്യങ്ങളുണ്ട് എന്ന് കണ്ടെത്തുന്നതിന്

 • ഒരു സമവാക്യത്തെ വര്‍ഗം പൂര്‍ത്തീകരിച്ച് നിര്‍ദ്ധാരണം ചെയ്യുന്നതിന്

 • ax2+bx+c=0 എന്ന സമവാക്യത്തിന്റെ നിര്‍ദ്ധാരണമൂല്യങ്ങളാണ് (-b±√b2-4ac)/2a എന്നറിയുന്നതിന്

 • ax2+bx+c=0 എന്ന ദ്വിമാനസമവാക്യത്തിന്റെ വിവേചകമാണ് b2-4ac എന്നറിയുന്നതിന്

 • വിവേചകത്തിന്റെ വിലയും നിര്‍ദ്ധാരണമൂല്യങ്ങളും തമ്മിലുള്ള പരസ്പരബന്ധം തിരിച്ചറിയുന്നതിന്

 • ഒരു ദ്വിമാനസമവാക്യത്തെ ഘടകങ്ങളാക്കി നിര്‍ദ്ധാരണം ചെയ്യുന്നതിന്

Click here for download the questions of Quadratic Equations


Read More | തുടര്‍ന്നു വായിക്കുക

SSLC CE Mark Entry

>> Wednesday, January 27, 2010

എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായി ബന്ധപ്പെട്ട് സര്‍പ്രൈസ് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതു പോലെ സി.ഇ ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ട് ലിനക്സില്‍ സി.ഇ മാര്‍ക്ക് എന്‍ട്രി നടത്തുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. തെറ്റുകുറ്റങ്ങളോ എളുപ്പവഴികളോ അറിയാമെങ്കില്‍ അക്കാര്യം സൂചിപ്പിച്ചാല്‍ വേണ്ട ഭേദഗതികള്‍ വരുത്താവുന്നതേയുള്ളു. അത് നമ്മുടെ അധ്യാപകര്‍ക്ക് വലിയൊരളവു വരെ സഹായകമായിരിക്കും. എ-ലിസ്റ്റ് ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട പോസ്റ്റില്‍ മലപ്പുറത്തെ മാസ്റ്റര്‍​ട്രെയിനറായ ഹസൈനാര്‍ മങ്കട നമുക്ക് ഉപകാരപ്രദമായ ചില വിവരങ്ങള്‍ അയച്ചു തരികയുണ്ടായി. ഇപ്രാവശ്യവും അതുപോലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഏവരില്‍ നിന്നും അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. എ ലിസ്റ്റ് ഡാറ്റാ എന്‍ട്രിയുമായി വലിയ രീതിയിലുള്ള വ്യത്യാസമൊന്നും സി.ഇ ഡാറ്റാ എന്‍ട്രി ഇന്‍സ്റ്റലേഷന്‍ കാണാനില്ല. അതുകൊണ്ടു തന്നെ സി.ഇ ഡാറ്റാ എന്‍ട്രി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല. കമാന്റുകള്‍ തെറ്റിപ്പോകുമെന്ന് സംശയമുണ്ടെങ്കില്‍ ഇതോടൊപ്പം ഏറ്റവും താഴെ നല്‍കിയിട്ടുള്ള ഡോക്യുമെന്റ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് അതില്‍ നിന്നും കോപ്പിയെടുത്ത് ടെര്‍മിനലില്‍ അവശ്യഘട്ടങ്ങളില്‍ പേസ്റ്റ് ചെയ്താല്‍ മതിയാകും.

എങ്ങനെയാണ് സി.ഇ മാര്‍ക്ക് എന്‍ട്രി ഇന്‍സ്റ്റാള്‍ ചെയ്യുക. നോക്കാം.

സ്റ്റെപ്പ് 1

MySql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറിലേ നമുക്ക് ഈ SSLC CE Marks ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ. അത് ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ചെക്കു ചെയ്യാം. (മുന്‍പ് A-List ഇന്‍സ്റ്റാല്‍ ചെയ്ത സിസ്റ്റത്തില്‍ MySql ഉണ്ടാകും)

Root ആയി മാത്രം ഇന്‍സ്റ്റലേഷന്‍ നടത്താനാണ് സോഫ്റ്റ്​വെയര്‍ നിര്‍​ദ്ദേശിക്കുന്നത്. അതുകൊണ്ട് റൂട്ടായി Login ചെയ്താല്‍ മതി.

1.Desktop-Administration-Synaptic Package Manager എടുക്കുക.
2. ലിനക്സ് സെക്കന്റ് സി.ഡി ഇട്ടശേഷം Edit മെനുവിലെ Add CD rom കൊടുക്കുക.
3.Control Key യും f ബട്ടണും ഒരേ സമയം അമര്‍ത്തുക.
4.ഇപ്പോള്‍ വരുന്ന Search Box ല്‍ mysql എന്ന് Type ചെയ്ത് Enter അടിക്കുക.
5.റിസല്‍ട്ടായി വരുന്ന ഫയലുകളില്‍ mysql-server-5.0, mysql-client-5.0 എന്നിവ നോക്കുക.

mysql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയലുകളുടെയെല്ലാം ഇടതുവശത്ത് ഒരു പച്ച ചതുരം കാണാം.

ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ വെള്ള ചതുരമായിരിക്കും കാണുക. എങ്കില്‍ നമുക്ക് mysql ഇന്‍സ്റ്റാള്‍ ചെയ്യണം.

അതിന് mysql-server-5.0, mysql-client-5.0 എന്നീ ഫയലുകളുടടെയെല്ലാം ഇടതുവശത്തെ വെളുത്ത ചതുരത്തില്‍ ക്ലിക്ക് (Left click) ചെയ്യുമ്പോള്‍ വരുന്ന വിന്റോയില്‍ നിന്നും Mark for installation സെലക്ട് ചെയ്ത് മെനുബാറിന് താഴെയുള്ള Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ നടക്കും.

Step 2

സോഫ്റ്റ്​വെയര്‍ സി.ഡിയില്‍ നിന്നും dist എന്ന ഫോള്‍ഡര്‍ copy എടുത്ത് Root ന്റെ Desktop ലേക്ക് Paste ചെയ്യുക.

ഇനി mysql പ്രോഗ്രാമിലേക്ക് ലോഗിന്‍ ചെയ്യേണ്ടേ?
Applications-System Tools-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
mysql -u root mysql; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
(ഏത് mysql കമാന്റിന് ശേഷവും Semicolon ഇടാന്‍ മറക്കരുത്)
പിന്നീടെപ്പോഴെങ്കിലും mysql കമാന്റുകളെപ്പറ്റി അറിയണമെന്നുണ്ടോ?
ഇതാ ഡൗണ്‍ലോഡ് ചെയ്ത് വെച്ചോളൂ

ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Type 'help;' or '\h' for help. Type '\c' to clear the buffer.
mysql>

പാസ്​വേഡ് കൊടുക്കാം

set PASSWORD FOR root@localhost=PASSWORD('root');എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
mysql> SET PASSWORD FOR root@localhost=PASSWORD('root');
Query OK, 0 rows affected (0.00 sec)
mysql>
ഇനി പുതിയ Database നിര്‍മ്മിക്കണം
create database sslc_ce; എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക

mysql> create database sslc;
Query OK, 1 row affected (0.02 sec)
mysql>

ഇനി നമുക്ക് എ-ലിസ്റ്റിന്റെ ടേബിള്‍ ഡാറ്റ Database ലേക്ക് കോപ്പി ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തേണ്ടത്.

Dist ഫോള്‍ഡറില്‍ Right Click ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്റോയിലെ run in Terminal ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ടെര്‍മിനലില്‍ Debain:~/Desktop/dist# എന്നു വന്നിട്ടുണ്ടാകും.

അവിടെ mysql -u root -proot sslc_ce<sslc_ce.sql;എന്ന് ടൈപ്പ് ചെയ്ത ശേഷം Enter കീ അടിക്കുക.
അല്പം സമയം കാത്തിരിക്കുക. ഇവിടെ ടേബിള്‍ ഡാറ്റ Create ചെയ്യപ്പെടുകയാണ്
ഈ പ്രവര്‍ത്തനം കഴിയുമ്പോള്‍ Automatic ആയി

debian:~/Desktop/dist# mysql -u root -proot sslc_ce<sslc_ce.sql;
Debain:~/Desktop/dist#
എന്നു വന്നു നില്‍ക്കും.

സ്റ്റെപ്പ് 3
ഇനി നമുക്ക് ജാവ ഇന്‍സ്റ്റാള്‍ ചെയ്യണം. SSLC A List Data Entry ചെയ്ത സിസ്റ്റത്തില്‍ ജാവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പരീക്ഷിക്കണോ? Root ന്റെ Home ല്‍ JDK1.6.0_07 എന്ന ഫോള്‍ഡര്‍ ഉണ്ടാകും. മാത്രമല്ല Home ഫോള്‍ഡറില്‍ ഉള്ള iText-2.1.3.jar,iText-rtf-2.1.3.jar,mysql-connector-java-3.1.14-bin.jar എന്നീ ഫയലുകള്‍ റൂട്ടിന്റെ Home ല്‍ ഉള്ള jdk1.6.0_07 എന്ന ഫോള്‍ഡറിനകത്തെ jre ഫോള്‍ഡറില്‍ ഉള്ള lib ഫോള്‍ഡറിനകത്തെ extയില്‍ ഉണ്ടോയെന്ന് ചെക്കു ചെയ്യണം. ഇല്ലെങ്കില്‍, കോപ്പി ചെയ്തിടുക. ഇതൊന്നും കാണാനായില്ലെങ്കില്‍ വീണ്ടും ജാവ ഇന്‍സ്റ്റാള്‍ ചെയ്യണം.

അതിനായി dist ഫോള്‍ഡറിലെ jdk-6u7-linux-i586.bin എന്ന ഫയല്‍ കോപ്പി ചെയ്ത് റൂട്ടിന്റെ home folder ല്‍ പേസ്റ്റു ചെയ്യുക. ആ ഫയലില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് Properties ല്‍ Permission കൊടുക്ക​ണം. File Owner ആയി Root തന്നെ ആക്കിക്കൊടുക്കണം. Owner ക്ക് Read,Write & Execute എല്ലാം ടിക് ചെയ്ത് കൊടുക്കുക. (സര്‍വ്വാധികാരം നല്‍കുന്നു)

ആ ഫയലില്‍ (
jdk-6u7-linux-i586.bin) Right click ചെയ്ത് Open in terminal സെലക്ട് ചെയ്യുക. ഈ സമയം ജാവയുടെ ഉപയോഗം സംബന്ധിച്ച ഒരു നെടുനീളന്‍ Terms& conditions വരും. തീരുന്ന വരെ Enter കീ അടിച്ചു കൊണ്ടിരിക്കുക.
ജാവയുമായി ബന്ധപ്പെട്ട Terms & Conditions ആണ്.
വെറുതെ ഇരിക്കുമ്പോള്‍ അത് മുഴുവന്‍ വായിച്ചു നോക്കാം കേട്ടോ. ഇതാണ് ആ നിയമാവലി
അവസാനം Do you agree to the above license terms? [yes or no] എന്ന ഒരു ചോദ്യം വരും.
മറുപടി Yes എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇനി ഫയലുകള്‍ എക്സ്ട്രാക്ട് ചെയ്യുന്നതടക്കമുള്ള കുറച്ചു പ്രവര്‍ത്തനങ്ങള്‍ കാണാം.
ആ സമയം ഇങ്ങനെയായിരിക്കും output ലഭിക്കുക
Unpacking...
Checksumming...
Extracting...

കുറച്ചു കൂടി കഴിയുമ്പോള്‍ ഇങ്ങനെ കാണാം.
Java(TM) SE Development Kit 6 successfully installed.
..
For more information on what data Registration collects and
how it is managed and used, see:
http://java.sun.com/javase/registration/JDKRegistrationPrivacy.html
Press Enter to continue.....
output ലെ അവസാന വരിയില്‍ പറഞ്ഞ പോലെ Enter അടിച്ചോളൂ. വിന്റോ Close ആയി പോകുന്നു.
മേല്‍ കാണിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇപ്പോള്‍ Root ന്റെ Home ല്‍ jdk1.6.0_07എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ പുതുതായി ഉണ്ടായിട്ടുണ്ട്.

സ്റ്റെപ്പ് 4
ജാവയും My sqlഉം തമ്മില്‍ ലിങ്ക് ചെയ്യുന്ന ലൈബ്രറി കണക്ഷനാണ് അടുത്ത സ്റ്റെപ്പ്.
Desktop ല്‍ ഉള്ള Dist ലെ lib ഫോള്‍ഡര്‍ Open ചെയ്യുക. ഇതില്‍ 3 ഫയലുകളുണ്ട്.
iText-2.1.3.jar,
iText-rtf-2.1.3.jar,
mysql-connector-java-3.1.14-bin.jar

ഇവ ഇവിടെ നിന്നും Copy എടുത്ത് Root ന്റെ Home ലെ jdk1.6.0_07 ലെ jre ലെ lib ലെ extഎന്ന ഫോള്‍ഡറില്‍ Paste ചെയ്യുക.

സ്റ്റെപ്പ് 5

Desktop ല്‍ ഉള്ള Dist ഫോള്‍ഡര്‍ തുറന്ന് അതിലെ SSLCApp.sh എന്ന ഫയലിന് പെര്‍മിഷന്‍ കൊടുക്കുക.
എങ്ങിനെ? മേല്‍പ്പറഞ്ഞ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് Permissions ലെ Owner Root ആക്കി മാറ്റി Read,Write& Execute ഇവ ടിക് ചെയ്ത് കൊടുക്കുക
തുടര്‍ന്ന് SSLCApp.sh ഡബിള്‍ക്ലിക്ക് ചെയ്താല്‍ വരുന്ന വിന്റോയിലെ Run ല്‍ ക്ലിക്ക് ചെയ്യുക.
ഏതാനും സെക്കന്റുകള്‍ കഴിയുമ്പോള്‍ SSLC Management Information System എന്ന തലക്കെട്ടോടെ ഒരു വിന്റോ വരും ഇതിലെ username നിങ്ങളുടെ സ്ക്കൂള്‍ കോഡാണ്. എന്റര്‍ അടിക്കുക password തല്‍ക്കാലം നിങ്ങളുടെ സ്ക്കൂള്‍ കോഡ് തന്നെ. എന്റര്‍ അടിച്ചാല്‍ ഇനി login ചെയ്യാം.

Click here to download the installation Steps


Java നേരത്തെ Install ചെയ്ത സിസ്റ്റത്തില്‍ ബ്ലോഗില്‍ പറഞ്ഞ 3 ഉം 4 ഉം step ആവശ്യമില്ല. പിന്നീട് programme run ചെയ്യിക്കാനായി (step: 5) SSLCApp.sh എന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് run ചെയ്യിക്കുന്നതിന് പകരം Desktop ല്‍ ഉള്ള Dist ഫോള്‍ഡറിലെ തന്നെ SSLCApp.jar എന്ന ഫയലില്‍ right click ചെയ്ത് open with sun java 6 run time എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി. ( Edusoft ലെ geogibra install ചെയ്തിട്ടുണ്ടെങ്കില്‍ sun java ഇന്‍സ്റ്റാള്‍ ആയിട്ടുണ്ട്)


Read More | തുടര്‍ന്നു വായിക്കുക

റിപ്പബ്ളിക് ദിന ചിന്തകള്‍

>> Tuesday, January 26, 2010

രാജ്യം അറുപത്തൊന്നാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുകയാണ്. പക്ഷെ ഇവിടെയും ചില ചിന്തകള്‍ക്ക് നാം വിധേയരാകേണ്ടിയിരിക്കുന്നു. കാരണം, കാലങ്ങളോളം നമ്മുടെ രാജ്യം അനുഭവിച്ച പാരതന്ത്ര്യം 1947 ആഗസ്റ്റ് 15- ലെ പ്രഭാതത്തോടെ നാടുവിട്ടു പോയതേയില്ലയെന്ന് നമുക്കറിയാം. ഗവര്‍ണര്‍ ജനറലും ബ്രിട്ടീഷ് നിയമങ്ങളും അടക്കം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പല സമ്പ്രദായങ്ങളും പിന്നീടേക്കും നമുക്ക് പിന്തുടരേണ്ടി വന്നു. ഇപ്പോഴും പിന്തുടരുന്നുമുണ്ട്. അതുകൊണ്ടു തന്നെ കോടതികളിലെ രീതികളും പോലീസ് നിയമങ്ങളുമെല്ലാം പരിഷ്ക്കരണത്തിന് വെമ്പി നിശബ്ദരായി വിലപിക്കുന്നുണ്ടാകണം. സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ശൈശവദശയില്‍ ബ്രിട്ടണിലെ രാജകീയ ഭരണസമ്പ്രദായത്തിന്റെ കാര്‍ബണ്‍ കോപ്പി പോലെ സി.രാജഗോപാലാചാരിയെ ഗവര്‍ണര്‍ ജനറലായി അവരോധിച്ചു കൊണ്ട് ഭരണം മുന്നോട്ട് നീങ്ങി. ഇതിനെല്ലാം ഒരറുതി വരുത്താനായി, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയ ഭരണ സമ്പ്രദായം അച്ചടി മഷി പുരണ്ടൊരു നിയതമായ ചട്ടക്കൂടിലൊരുങ്ങിയെത്താന്‍ രണ്ടു വര്‍ഷത്തിലേറെ കാലമെടുത്തു. പക്ഷെ ഒരു സംശയലേശമില്ലാതെ പറയാം, ഏറെ കഷ്ടപ്പെട്ടിട്ടു തന്നെയാണ് എഴുതിയുണ്ടാക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ബൃഹത്തായ ഭരണഘടന നമ്മുടെ രാജ്യത്തിന് ലഭിച്ചത്. ഭാരതത്തില്‍ നടമാടിയിരുന്ന പല അനാചാരങ്ങളെയും തുടച്ചു നീക്കുകയെന്ന ദീര്‍ഘവീക്ഷണത്തോടെ ഡോ. ബി. ആര്‍ അംബേദ്കര്‍ തന്റെ ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും മുന്നില്‍ക്കണ്ടു കൊണ്ടുതന്നെയാണ് സമത്വം വിഭാവനം ചെയ്യുന്ന ഒരു നിയമ സംഹിതയ്ക്ക് ജന്മം നല്‍കാന്‍ പരിശ്രമിച്ചത്. അഞ്ച് വ്യാഴവട്ടക്കാലം കൊണ്ട് ഭരണഘടനാ ശില്പി സ്വപ്നം കണ്ടതിനും മേലെ സ്വാതന്ത്ര്യം നമുക്ക് ആസ്വദിക്കാനായെന്നതില്‍ തര്‍ക്കത്തിനും ഇടയുണ്ടാകില്ല. നാമിന്നാഘോഷിക്കുന്ന സ്വാതന്ത്ര്യമധുരം നുകരാന്‍ ജീവന്‍ ബലി നല്‍കിയ, ജീവിതം ബലി നല്‍കിയ എല്ലാ ധീര ദേശാഭിമാനികളെയും നമുക്ക് അനുസ്മരിക്കാം. ഭാരതത്തിന്റെ 61-ം റിപ്പബ്ളിക് ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേരുന്നു. ഒപ്പം ഭരണഘടനയെപ്പറ്റി ചില അറിവുകളും

 • 1946 ല്‍ ഇന്‍ഡ്യ സന്ദര്‍ശിച്ച ക്യാബിനറ്റ് മിഷന്റെ നിര്‍​ദ്ദേശപ്രകാരമാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
 • ഇന്‍ഡ്യന്‍ ഭരണഘടന നിയമ നിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് ഡോ.സച്ചിദാനന്ദ സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
 • 1946 ഡിസംബര്‍ 11 ന് ഡോ. രാജേന്ദ്രപ്രസാദിനെ നിയമനിര്‍മ്മാണ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു.
 • എന്നാല്‍ ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയുടെ അധ്യക്ഷനായിരുന്നു ഡോ.ബി.ആര്‍.അംബേദ്കര്‍
 • ഇന്‍ഡ്യന്‍ ഭരണഘടന പരമാധികാരം ജനങ്ങളിലാണെന്ന് ഊന്നിപ്പറയുന്നു.
 • ക്യാബിനറ്റ് ഭരണസമ്പ്രദായമാണ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ മറ്റൊരു സവിശേഷത.
 • രാഷ്ട്രത്തലവന്‍ പ്രസിഡന്റാണെങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയ്ക്കാണ് യഥാര്‍ത്ഥ അധികാരം
 • അമേരിക്കന്‍ ഐക്യനാടുകളിലെ ഫെഡറല്‍ സമ്പ്രദായത്തോട് ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് കടപ്പാടുണ്ട്.
 • വിവിധ രാജ്യങ്ങളിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് പരിഷ്ക്കരിച്ചാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്.
 • ഇന്‍ഡ്യയില്‍ നില നില്‍ക്കുന്ന പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും ഏകപൗരത്വത്തിനും ബ്രിട്ടനോടാണ് ഇന്‍ഡ്യക്ക് കടപ്പാട്
 • രാഷ്ട്രപതി തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അധികാരം എന്നിവയ്ക്ക് അയര്‍ലണ്ടിനോടാണ് നാം കടപ്പെട്ടിരിക്കുന്നത്.
 • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖത്തിന് അമേരിക്കയോട് കടപ്പെട്ടിരിക്കുന്നു
 • ഇംപീച്ച് മെന്റ് സമ്പ്രദായം, പൗരന്റെ മൗലികാവകാശങ്ങള്‍ എന്നിവയ്ക്കും കടപ്പാട് അമേരിക്കയോടാണ്.
 • കേന്ദ്രഗവണ്‍മെന്റിന്റെ റസിഡ്യൂവറി പവറിന് കാനഡയുടെ ഭരണഘടന പഠനത്തിന് വിധേയമാക്കിയിരുന്നു
 • മൗലിക ചുമതലയക്ക് കടപ്പാട് പഴയ സോവിയറ്റ് യൂണിയനോടാണ്
 • കണ്‍കറന്റ് ലിസ്റ്റ് ആസ്ട്രിയന്‍ നിയമസംഹിതയില്‍ നിന്നെടുത്തിരിക്കുന്നു
 • എന്നാലും ഇന്‍ഡ്യന്‍ ഭണഘടനയെ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് 1935 ലെ ബ്രിട്ടീഷ് ഇന്‍ഡ്യയിലെ ഭരണഘടനാ നിയമമാണ്
 • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ആമുഖം.
 • ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ ആദ്യസമ്മേളനത്തില്‍ അവതരിപ്പിച്ചത് നെഹ്റുവാണ്
 • ആമുഖം ഇന്‍ഡ്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നു.
 • ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് 1976 ലെ 42-ം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
 • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖത്തെ, ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയുടെ താക്കോല്‍ എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്
 • ആമുഖം ഒരിക്കലേ ഭേദഗതി വരുത്തിയിട്ടുള്ളു.
മേല്‍ സൂചിപ്പിച്ച പോയിന്റുകളില്‍ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ അത് കമന്റ് ബോക്സിലൂടെ സൂചിപ്പിക്കുമല്ലോ. കൂട്ടിച്ചേര്‍ക്കലുകളും ഇടപെടലുകളും പ്രതീക്ഷിക്കുന്നു.

ഒരിക്കല്‍ക്കൂടി എ​ല്ലാ മാന്യവായനക്കാര്‍ക്കും ബ്ലോഗ് ടീമിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു


Read More | തുടര്‍ന്നു വായിക്കുക

SSLC റിവിഷന്‍ - രേഖീയ സംഖ്യകള്‍

>> Monday, January 25, 2010

രേഖീയ സംഖ്യകളെ അപഗ്രഥനം ചെയ്യാനുള്ള ശേഷി നേടുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് പത്താം ക്ലാസിലെ രേഖീയ സംഖ്യകള്‍ എന്ന യൂണിറ്റ്. വളരെ ചെറുത് എന്ന് തോന്നിക്കുന്ന പാഠഭാഗത്ത് രണ്ട് അടിസ്ഥാന ആശയങ്ങളാണ് പ്രധാനമായും ഉള്ളത്. 'അകലം' എന്ന ആശയം. അത് സംഖ്യാ ഗണിതവും ബീജഗണിതവുമൊക്കെയായി ബന്ധിപ്പിച്ചു കൊണ്ട് കേവലവില എന്ന ആശയം അവതരിപ്പിക്കുന്നു. കേവലവിലയുടെ ബീജഗണിതം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ കേവലവില ഉപയോഗിക്കുന്നതിന് അനേകം ഉദാഹരണങ്ങള്‍ കൂടി അഭ്യസിക്കേണ്ടതുണ്ട്. പരമാവധി സന്ദര്‍ഭങ്ങള്‍ ഉള്‍​പ്പെടുത്തിക്കൊണ്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും പി.ഡി.എഫ് ഡോക്യുമെന്റായി ഒരുക്കിയിട്ടുള്ള ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഈ പാഠത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പഠനലക്ഷ്യങ്ങള്‍ എന്തെല്ലാം

 • രേഖീയ സംഖ്യ എന്ന ആശയം രൂപീകരിക്കുന്നതിന്

 • സംഖ്യാരേഖ എന്ന ആശയം രൂപീകരിക്കുന്നതിന്

 • സംഖ്യാരേഖയില്‍ ഒരു സംഖ്യയുടെ വലതുഭാഗത്തുള്ള സംഖ്യകളെല്ലാം അതിനേക്കാള്‍ വലുതാണെന്നും ഇടതുവശത്തുള്ള സംഖ്യകളെല്ലാം അതിനേക്കാള്‍ ചെറുതാണെന്നും കണ്ടെത്തുന്നതിന്

 • ഒരു സംഖ്യയുടെ കേവലവില എന്ന ആശയം രൂപീകരിക്കുന്നതിന്,

 • സംഖ്യാരേഖയില്‍ ഒരു സംഖ്യയ്ക്ക് പൂജ്യത്തില്‍ നിന്നുമുള്ള അകലം ആ സംഖ്യയുടെ കേവലവിലയ്ക്ക് തുല്യമാണെന്ന് കണ്ടെത്തുന്നതിന്

 • സംഖ്യാരേഖയില്‍ രണ്ട് സംഖ്യകള്‍ തമ്മിലുള്ള അകലം ആ സംഖ്യകളുടെ വ്യത്യാസത്തിന്റെ കേവലമൂല്യത്തിന് തുല്യമാണെന്ന് കണ്ടെത്തുന്നതിന്


 • Click here to download the Questions of Real Numbers


  Read More | തുടര്‍ന്നു വായിക്കുക

  എട്ടാം ക്ലാസ്സുകാരിക്ക് ചമ്മട്ടിയടി..!

  >> Saturday, January 23, 2010


  പാലക്കാട്ടെ എസ്.വി. രാമനുണ്ണിമാഷ് അയച്ചുതന്ന നിലവിലുള്ള പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള ചിന്തോദ്വീപകമായ ഒരു ലേഖനം ഇന്നത്തെ സംവാദത്തിനായി തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് 'ദേശാഭിമാനി' പത്രത്തില്‍ ഫ്രണ്ട് പേജില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. എങ്കില്‍ പിന്നെ രാമനുണ്ണിമാഷിന്റെ ലേഖനം അടുത്തയാഴ്ചയാകട്ടെയെന്നു കരുതി. ഇന്നലത്തെ പത്രം ഇതുവരെ കാണാത്തവര്‍ക്കായി ആ വാര്‍ത്ത ഇങ്ങനെ സംഗ്രഹിക്കാം.
  സഊദി അറേബ്യയിലെ കോടതി ഒരു എട്ടാം ക്ലാസ്സുകാരിയെ 90 ചമ്മട്ടിയടിയ്ക്കും, രണ്ടു മാസത്തെ കഠിന തടവിനും ശിക്ഷിച്ചിരിക്കുന്നു. ഇതില്‍ ചമ്മട്ടിപ്രയോഗം സ്കൂളില്‍ എല്ലാവരും കാണ്‍കെത്തന്നെ വേണമെന്നും, അത് മറ്റുള്ളവര്‍ക്ക് പാഠമാകണമെന്നും പ്രിന്‍സിപ്പലിന്റെ പ്രത്യേക അപേക്ഷ അനുവദിച്ചുകൊണ്ട് കോടതിയുടെ ഉത്തരവ്! ഇത്രയും വലിയ ശിക്ഷ ലഭിക്കാനായി (പത്രവാര്‍ത്ത സത്യമാണെങ്കില്‍!)ആ 'കൊടും കുറ്റവാളി' ചെയ്ത കുറ്റമെന്തെന്നല്ലേ..?

  ജുബൈലിലെ സ്കൂളില്‍ കഴിഞ്ഞവര്‍ഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്യാമറയുള്ള മൊബീല്‍ ഫോണ്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്നതിന് ഇവിടെ നിരോധനമുണ്ട്.( ഇന്റര്‍നെറ്റ്, സിഡികള്‍, മൊബീല്‍ ഫോണുകള്‍ മുതലായ ആധുനിക വിവര സാങ്കേതിക മാധ്യമങ്ങളെ, നമ്മുടെ സ്കൂളുകളിലും മിക്ക അധ്യാപകരും മോശമായ പട്ടികയിലല്ലേ പെടുത്താറ്?). നമ്മുടെ കഥാനായിക ഈ നിരോധനം ലംഘിച്ച് ക്ലാസ്സില്‍ അത്തരമൊരു മൊബീല്‍ കൊണ്ടുവന്നത് കയ്യോടെ പിടികൂടപ്പെട്ടു. അത്രതന്നെ! പിടിവലിക്കിടയില്‍ ഈ പതിമൂന്നുകാരിയുടെ നഖസ്പര്‍ശമേറ്റതാകണം പ്രിന്‍സിപ്പലിന് അവള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതായി കോടതിയെ അറിയിക്കാന്‍ പ്രേരണയായത്. സ്കൂള്‍ നിയമാവലിയില്‍ നേരത്തേതന്നെ എഴുതിച്ചേര്‍ക്കപ്പെട്ടതാണ് ഈ നിയമമെങ്കില്‍, പ്രിന്‍സിപ്പലും കോടതിയും ചെയ്തത് തെറ്റല്ലെന്ന് പറയുന്നവരും കാണുമെന്ന് കഴിഞ്ഞ സംവാദങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും തികഞ്ഞ ബോധ്യമുണ്ട്. അമ്മയെ തല്ലിയാലും കാണും രണ്ടഭിപ്രായം, അല്ലേ...?


  Read More | തുടര്‍ന്നു വായിക്കുക

  കേടായ മെഷീനേതെന്ന് പറയാമോ?

  >> Friday, January 22, 2010

  പ്രസിദ്ധമായ ഒരു ജ്വല്ലറി. മോതിരമാണ് അവിടെ ഏറ്റവും കൂടുതല്‍ ചിലവാകുന്നതത്രേ. ആവശ്യം മനസിലാക്കി മുതലാളി അവിടേക്ക് ഒമ്പത് ഗ്രാം വീതമുള്ള മോതിരങ്ങള്‍ നിര്‍മ്മിക്കുന്ന ഒന്‍പത് മെഷീനുകള്‍ വാങ്ങി. ഒന്‍പതിലും നിര്‍മ്മിക്കുന്ന മോതിരങ്ങളുടെയെല്ലാം ഭാരം കിറുകൃത്യമാണ്. അങ്ങനെ ഗുണമേന്മയിലും വിശ്വാസത്തിലും ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ജ്വല്ലറി ദൂരസ്ഥലങ്ങളിലേക്കും മോതിരക്കയറ്റുമതി തുടങ്ങി. മെഷീനുള്ളതിനാല്‍ ഡിമാന്റ് അനുസരിച്ച് എവിടെയും മോതിരം സപ്ലൈ ചെയ്യാനുള്ള ശേഷിയുമായി ഈ ജ്വല്ലറി അഭ്യുന്നതി പ്രാപിച്ചു കൊണ്ടേയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം അവിടെ നിന്നും മോതിരം വാങ്ങിയ ഒരാള്‍ തിരിച്ചു വന്ന് ബഹളം വച്ചു. സംഭവം എന്താണെന്നറിയുമോ? മോതിരം പുറത്തെവിടെയോ തൂക്കിനോക്കിയപ്പോള്‍ ഒരു പവനേ ഉള്ളുവത്രേ. ആകെ നാണക്കേടായെങ്കിലും മുതലാളി വിട്ടുകൊടുത്തില്ല. തന്റെ ഒന്‍പത് മെഷീനുകളെപ്പറ്റിയും മോതിരങ്ങളെപ്പറ്റിയും വിശദമായ ഒരു ക്ലാസ് തന്നെ കൊടുത്തു കൊണ്ട് അങ്ങനെ വരാന്‍ തീരെ സാധ്യതയില്ലെന്ന് തര്‍ക്കിച്ചു. ഇതിനിടെ ജ്വല്ലറിയിലെ ജീവനക്കാര്‍ ഇന്നുണ്ടാക്കിയ എല്ലാ മോതിരങ്ങളും തൂക്കിനോക്കി പ്രശ്നത്തിന്റെ ഉറവിടം കണ്ടുപിടിച്ചു. ഒന്‍പത് മെഷീനില്‍ ഒരു മെഷീന് കുഴപ്പം സംഭവിച്ചിരിക്കുന്നു. അതില്‍ നിന്നും മാത്രം ഉണ്ടാക്കപ്പെടുന്ന മോതിരങ്ങള്‍ക്ക് തൂക്കം ഒരു പവനേ ഉള്ളുവത്രേ. കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മ്മിച്ച എല്ലാ മോതിരങ്ങളിലും ഇതേ പിശക് സംഭവിച്ചിട്ടുണ്ട്. സംഭവം ജീവനക്കാര്‍ മുതലാളിയെ ധരിപ്പിച്ചു. ഇതറിഞ്ഞ് മോതിരം വാങ്ങിക്കൊണ്ടു പോയ ആള്‍ ജ്വല്ലറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ട് വെല്ലുവിളിയും തുടങ്ങി. എന്താണെന്നല്ലേ?

  "എനിക്കിതിലെ മോതിരങ്ങള്‍ ഒരേ ഒരു തവണ തൂക്കി നോക്കിയാല്‍ മാത്രം മതി ഇതിലേതാണ് കേടായ മെഷീനെന്ന് കണ്ടെത്താന്‍. അതിനായി ഒന്‍പത് തവണ മോതിരം തൂക്കിനോക്കേണ്ട കാര്യമൊന്നുമില്ല."

  നിശബ്ദനായിരുന്ന മുതലാളിക്ക് ഒരല്പം ധൈര്യം വെച്ച പോലെ. അദ്ദേഹം പറഞ്ഞു.
  "എന്നാല്‍ ശരി. കാണട്ടെ, ഇവയെടുത്ത് ഒറ്റത്തവണ തൂക്കി നോക്കി കേടായ മെഷീന്‍ കാട്ടിത്തന്നാല്‍ നിങ്ങളുടെ കയ്യില്‍ നിന്നും ഞാന്‍ വാങ്ങിയ മോതിരത്തിന്റെ പണം തിരിച്ചു തന്നേക്കാം. എന്താ സമ്മതിച്ചോ?"

  ഇപ്പോള്‍ നടുങ്ങിയത് മോതിരം വാങ്ങിക്കൊണ്ടുപോയ ആളായിരുന്നു. ഹൊ! ചിന്തിക്കാതെ അങ്ങനെ പറഞ്ഞു പോയി. പണ്ട് ഒരേ വലുപ്പത്തിലുള്ള ഇരുപത്തേഴു നാരങ്ങ വാങ്ങിയതില്‍ നിന്നും മൂന്നു പ്രാവശ്യം തൂക്കിനോക്കി വലുപ്പം കൂടിയ ഒരെണ്ണം കണ്ടെത്തിയ ചരിത്രമൊക്കെയുണ്ട്. പക്ഷേ, ഇവിടെ പെട്ടു പോയല്ലോ തമ്പുരാനേ.

  എന്താ ഈ മനുഷ്യനെ സഹായിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? പറ്റില്ലായെന്നാണ് മറുപടിയെങ്കില്‍ പിന്നെ എത്ര തവണ തൂക്കി നോക്കി ഉത്തരം കണ്ടു പിടിക്കാം?


  Read More | തുടര്‍ന്നു വായിക്കുക

  SSLC റിവിഷന്‍ - വൃത്തങ്ങളിലെ ചോദ്യങ്ങള്‍

  >> Thursday, January 21, 2010

  വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ മൂന്നായി തിരിക്കാം. വൃത്തചാപം നിര്‍ണ്ണയിക്കുന്ന മൂന്ന് തരം കോണുകളും അവ തമ്മിലുള്ള ബന്ധവും, ചക്രീയ ചതുര്‍ഭുജങ്ങള്‍, പരസ്പരം ഖണ്ഡിക്കുന്ന ചാപഖണ്ഡങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയാണ് ആ മൂന്നു ഭാഗങ്ങള്‍. വൃത്തത്തിലെ ഒരു ചാപം മൂന്നു തരം കോണുകള്‍ നിര്‍ണ്ണയിക്കുന്നു. ചാപം അതില്‍ത്തന്നെ രൂപീകരിക്കുന്ന കോണ്‍, ചാപം കേന്ദ്രത്തില്‍ നിര്‍ണ്ണയിക്കുന്ന കോണ്‍, ചാപം അതിന്റെ ശിഷ്ടചാപത്തില്‍ നിര്‍ണയിക്കുന്ന കോണ്‍. ഈ മൂന്നു കോണുകളും തമ്മിലുള്ള ബന്ധത്തിന്റെ പ്രായോഗികതയാണ് ഈ യൂണിറ്റിന്റെ അന്തസത്ത. പിന്നെ ചക്രീയചതുര്‍ഭുജങ്ങളുടെ പ്രത്യേകതകള്‍ ഉപയോഗിച്ചുള്ള പ്രശ്നങ്ങളുമുണ്ട്. ഞാണുകള്‍ വൃത്തത്തിനകത്തും പുറത്തും ഖണ്ഡിച്ചാലും ഒരു ബന്ധമാണെന്ന് തിരിച്ചറിയുക അത്യാവശ്യമത്രേ. പരസ്പരം ഖണ്ഡിക്കുന്ന ഞാണുകളില്‍ ഒരു ഞാണ്‍ വ്യാസമാകുകയും മറ്റേ ഞാണ്‍ വ്യാസത്തിന് ലംബമാകുകയും ചെയ്താല്‍ ബന്ധത്തില്‍ വരുന്ന മാറ്റം, അതിന്റെ ജ്യാമിതീയ നിര്‍മ്മിതിയിലുള്ള പ്രായോഗികത എന്നിവ മനസ്സിലാക്കിയിരിക്കണം. ജ്യാമിതിയുടെ ചലനാത്മകത വെളിവാക്കപ്പെടുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട് ഈ യൂണിറ്റില്‍. വൃത്തങ്ങള്‍ എന്ന പാഠഭാഗത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന റിവിഷന്‍ ചോദ്യങ്ങള്‍ ക്ലാസ് മുറികളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചോദ്യങ്ങള്‍ താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കാം.

  Click here for download the PDF questions of Circles

  ചെറിഷ് എബ്രഹാം എന്ന അധ്യാപകന്‍ വളരെ നാളുകള്‍ക്ക് മുമ്പേ നമുക്ക് വൃത്തങ്ങളുമായി ബന്ധപ്പെട്ട ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ അയച്ചു തന്നിരുന്നു. വിന്റോസില്‍ ML-TT Indulekha പോലുള്ള മലയാളം ഫോണ്ടുകളുണ്ടെങ്കില്‍ ഇതിലുള്ള ലേണിങ് ഒബ്ജക്ടീവ്സും നമുക്ക് കാണാവുന്നതേയുള്ളു. ഇതുപോലുള്ള ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ‌ഞങ്ങള്‍ക്കയച്ചു തരുമല്ലോ.

  Click here for Download the Presentation file


  Read More | തുടര്‍ന്നു വായിക്കുക

  SSLC: സമാന്തരശ്രേണിയിലെ ചോദ്യങ്ങള്‍

  >> Tuesday, January 19, 2010

  എസ്. എസ്. എല്‍. സി പരീക്ഷ അടുത്തു വരികയാണല്ലോ. എല്ലാ അധ്യാപകരുടേയും ലക്ഷ്യം ഉന്നതഗ്രേഡും നൂറുശതമാനം വിജയവുമാണല്ലോ. ഇതിന് വേണ്ടി ടെക്സ്റ്റ് ബുക്കിലെ പാഠഭാഗങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ പോരെന്ന് അധ്യാപകര്‍​ക്കെല്ലാമറിയാവുന്ന കാര്യമാണ്. ഒട്ടേറെ വ്യത്യസ്തതയാര്‍ന്ന ചോദ്യങ്ങളുമായി കുട്ടി ഇടപെടണം. എങ്കില്‍ മാത്രമേ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളെ വിഭ്രമത്തോടെ അവന്‍ കാണാതിരിക്കുകയുള്ളു. ഈ ഉദ്ദേശത്തോടെ മാത്​സ് ബ്ലോഗ് ടീമംഗമായ ജോണ്‍ മാഷ് മുമ്പ് നല്‍കിയ നിങ്ങള്‍ ഡൗണ്‍സോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ? അത് തികച്ചും ഉന്നത നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍, ഇത്തവണ എല്ലാ നിലവാരത്തിലും പെട്ട വിദ്യാര്‍ത്ഥികളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഓരോ പാഠങ്ങള്‍ വീതമുള്ള റിവിഷന്‍ പാക്കേജായാണ് ചോദ്യങ്ങള്‍ നല്‍കുന്നത്. ഇത്തവണ ആദ്യ അധ്യായമായ സമാന്തരശ്രേണിയില്‍ നിന്നാണ് ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ ചെയ്ത് പഠിച്ചാല്‍ കുട്ടിക്ക് വിജയം സുനിശ്ചിതമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

  എന്തെല്ലാമാണ് ഈ പാഠത്തില്‍ നിന്നും കുട്ടി മനസ്സിലാക്കിയിരിക്കേണ്ടത്?

  • സമാന്തരശ്രേണികള്‍ തിരിച്ചറിയുന്നതിന്
  • ഒരു സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം കണ്ടെത്തുന്നതിന്
  • ആദ്യപദവും പൊതുവ്യത്യാസവും ലഭിച്ചാല്‍ ഒരു സമാന്തരശ്രേണി രൂപീകരിക്കുന്നതിന്
  • ആദ്യപദവും പൊതുവ്യത്യാസവും ലഭിച്ചാല്‍ ശ്രേണിയിലെ ഏത് പദവും കണ്ടെത്തുന്നതിന്
  • 1 മുതല്‍ n വരെയുള്ള തുടര്‍ച്ചയായ എണ്ണല്‍ സംഖ്യകളുടെ തുക [n(n+1)]/2 ആണെന്ന് കണ്ടെത്തുന്നതിന്
  • ഒരു സമാന്തരശ്രേണിയിലെ തുടര്‍ച്ചയായ n പദങ്ങളുടെ തുക കണ്ടെത്തുന്നതിന്
  ഇനിയുള്ള ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പ്രവര്‍ത്തനത്തിനായി നല്‍കിക്കോളൂ. നൂറ് ശതമാനം വിജയം ഉറപ്പു വരുത്താം. ഗണിതം മധുരമാകട്ടെ..

  Click here for the Questions of Arithmetic Progression


  Read More | തുടര്‍ന്നു വായിക്കുക

  നാട്ടു ഗണിതത്തിന് ഇന്നും 18 വയസ്

  >> Sunday, January 17, 2010

  കഴിഞ്ഞ 25-30 വര്‍ഷത്തിനുള്ളില്‍ സാധാരണക്കാരന്റേതടക്കം സകല മനുഷ്യരുടേയും ജീവിതരീതികളില്‍ത്തന്നെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. പക്ഷെ നല്ലതും ചീത്തയുമായ ഈ മാറ്റങ്ങളില്‍പ്പെട്ട് പല നാടന്‍തനിമകളും മണ്‍മറഞ്ഞപ്പോഴും പ്രൌഢഗംഭീരമായ ചരിത്രം പറയാനുള്ള നാടന്‍ ഗണിതത്തിന് വലിയരീതിയിലുള്ള ഉലച്ചിലുകളൊന്നും‍ തട്ടാതെ നിലനില്‍ക്കുന്നുണ്ടല്ലോ. ഇതേപ്പറ്റി ഒരന്വേഷണം നടത്തുകയാണ് പാലക്കാട് മണര്‍കാട് കെ.ടി.എം.എച്ച്.എസിലെ അധ്യാപകനായ രാമനുണ്ണി മാഷ് . ആ മങ്ങൂഴത്തില്‍ പഴയകണക്കും പുതിയ കണക്കും കൂടിക്കുഴയുന്നുണ്ട്. നാഴൂരിപ്പാലും അരലിറ്റര്‍ പാലും ഒരേസ്ഥലകാലങ്ങളില്‍ വ്യക്തികള്‍ ഉപയോഗിക്കപ്പെടേണ്ടി വരുന്നത് ഇതുമൂലമാവാം. ഇതില്‍ രണ്ടു സംഗതികള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഒന്നു, ഇന്റര്‍നാഷണല്‍ യൂണിറ്റ്സ് വരുന്നതിന്നു മുന്‍പേ ആളുകള്‍ അളക്കാനും തൂക്കാനും പഠിച്ചിരുന്നു. രണ്ട്, ഓരോ നാട്ടിലും ഇതു വളരെ വ്യത്യസ്ഥവും എന്നാല്‍ ശാസ്ത്രീയവുമായിരുന്നു. മറ്റൊന്ന് ഈ യൂണിറ്റുകളെ അന്താരാഷ്ട്രയൂണിറ്റുകളുമായി പരിവര്‍ത്തിപ്പിക്കുക എന്നത് അസാധ്യവുമായിരുന്നു. തനത് ശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും നമുക്ക് എന്നേ കൈവരിക്കാനായി എന്നര്‍ഥം. ഇതുകൊണ്ട് വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നതും നാം മനസ്സിലാക്കണം. നമ്മുടെ നാട്ടിലെ അടി-വിരല്‍ കണക്കിലെ തോണിയും , മറ്റു രാജ്യങ്ങളിലെ മീറ്റര്‍-ഇഞ്ച് തോണിയും നദിയില്‍ ഒരേ യാത്ര നല്‍കിയിരുന്നു. വസ്ത്രം വാരക്കണക്കിലോ മീറ്റര്‍ക്കണക്കിലോ വാങ്ങിയാലും നഗ്നത മറച്ചിരുന്നു.

  അളവും തൂക്കവും

  അളവിന്റേയും തൂക്കത്തിന്റേയും കാര്യത്തില്‍ ഉണ്ടായ പരിണതികള്‍ നോക്കൂ.ഇന്നത്തെ തലമുറയ്ക്ക് കിലോഗ്രാം/ ലിറ്റര്‍ എന്നീ യൂണിറ്റുകളേ അറിയൂ. അതു സര്‍ക്കാര്‍ തീരുമാനവുമാണ്. ഒരു 40 വര്‍ഷം മുന്‍പ് ഇതു റാത്തലും നാഴിയും ആയിരുന്നു.പത്തുപലം =1 റാത്തല്‍ എന്ന കണക്കുമുണ്ട്. ഒരു റാത്തല്‍ ശര്‍ക്കര / നാഴി നെയ്യ് എന്നിങ്ങനെ കണക്കാക്കും.ഒരു കിലോ നെല്ല് കിട്ടില്ല. ഒരു നാഴി/ ഒരു ഇടങ്ങഴി/ ഒരു പറ/ ഒരു ചാക്ക്/ ഒരു വണ്ടി/ ഒരു വള്ളം എന്നിങ്ങനെയാണ് അളവ്. 4നാഴി=1 ഇടങ്ങഴി/ 6നാഴി= 1 നാരായം/ 10 ഇടങ്ങഴി= 1 പറ/ 8 പറ = 1 ചാക്ക്/ 10 ചാക്ക് = 1 വണ്ടി….എന്നിങ്ങനെ കണക്കാക്കും.1 കിലോഗ്രാം അരി= ഏകദേശം 1 ഇടങ്ങഴി എന്നു കരുതും.ഇന്നത്തെ ഒരു ചാക്ക് അരി 75 കിലോ ആണല്ലോ. 50 കിലോ ചാക്കും 100 കിലോ ചാക്കും ഉണ്ട്. പഴം മുതലായവ പടല, കുല കണക്കിനാണ് ഇന്നും വാങ്ങുക. ചോറ് ഒരു പിടി, ഒരു ചട്ടുകം, ഒരു കോരിക, ഒരു ചെമ്പ് എന്നൊക്കെയല്ലേ കണക്ക്.പായസം കയ്യില്‍, കോരിക, ചരക്ക് അളവിലും.100 മില്ലി പായസം സദ്യക്ക് വിളമ്പാത്തത് അളവുശാസ്ത്രത്തിന്റെ പരിണാമം നിലച്ചിട്ടില്ലെന്നതിന്റെ തെളിവും!

  നീളം/വീതി

  ഒരു മീറ്റര്‍ തുണി പണ്ടില്ല; ഒന്നര വാര തുണിയാണ് വാങ്ങുക. അളക്കാന്‍ വാരക്കോല് ഉണ്ടാവും.നീളം അളക്കുക വിരല്‍, ചാണ്‍, മുഴം,മാറ്, വാര എന്നിങ്ങനെയാണ്. ഒരു വിരല്‍ ഒരിഞ്ചിനു ഏതാണ്ട് തുല്യമായിരുന്നു.2 വിരല്‍= 1 ഇഞ്ച്, 8 വിരല്‍= 1 ചാണ്‍, 2 ചാണ്‍=ഒരു മുഴം, 12 വിരല്‍= 1 അടി/ 4 മുഴം =1മാറ്, എന്നിങ്ങനെ കണക്കാക്കും. വിരലും ചാണും ഒക്കെ അളക്കുന്ന വ്യക്തിക്കനുസരിച്ചു ചെറിയമാറ്റം ഉണ്ടാവും. ഉയരമുള്ള ആളിന്റെ 1 അടിയും കുള്ളന്റെ 1 അടിയും അളവില്‍ മാറ്റം കാണിക്കും.8 വിരല്‍=1 അടി, 6 അടി= 1 കോല്. ആറുഫീറ്റ് കോലുകൊണ്ടാണ് ഭൂമിയളക്കുക. അന്നു ലിങ്ക്സും ചങ്ങലയും നടപ്പായിട്ടില്ല.ദൂരം നാഴികയിലാണ് പറയുക. പാലക്കാട്നിന്നു മണ്ണാര്‍ക്കാട്ടേക്ക് 30 നാഴിക ദൂരം എന്നാണ് കണക്ക്. അടി> വാര> നാഴിക> കാതം>മൈല്‍> യോജന എന്നിങ്ങനെ ദൂരം കൂടും. സമുദ്രലംഘനസമയത്ത് താണ്ടേണ്ട സമുദ്രവിസ്താരം പറയുന്നത് ‘ശതയോജനാ വിസ്തൃതം’ എന്നാണല്ലോ. ഉയരം കണക്കാക്കുക കോലളവിലാണു. അഛന്റെ തോളിലിരുന്നാല്‍ ചന്ദ്രബിംബം കാണുന്നത് ‘കോലോളം ദൂരത്തില്‍’ ആണത്രേ.നീലഗിരി സമുദ്രനിരപ്പില്‍ നിന്ന് 2500 അടി ഉയരത്തിലാണെന്നാണല്ലോ ഇന്നത്തെ കണക്ക്.(ഇതു അളവുശാസ്ത്രത്തിലെ ഒരു പരിണാമഘട്ടമാവും. ശരിക്കാലോചിച്ചല്‍ നീളത്തിന്റെ യൂണിറ്റ് അല്ലല്ലോ ഉയരത്തിന്ന് ഉപയോഗിക്കേണ്ടത്? ഇത്ര ഡിഗ്രി ഉയരം എന്നാണു ശാസ്ത്രീയം.ചിലപ്പോള്‍ കാലം വൈകാതെ ഉയരം ഡിഗ്രിയില്‍ പറയുന്ന ഘട്ടം വരും.കാത്തിരിക്കാം.)

  അളവുപാത്രങ്ങള്‍/ സാമഗ്രികള്‍ : നാഴി, ഇടങ്ങഴി,നാരായം, കുഴിയല്‍, പറ, വടിപ്പന്‍, കോല്‍, ആശാരിക്കോല്‍, വാരക്കോല്‍, വെള്ളിക്കോല്‍, തുലാസ്സ്, നാഴികമണി, ജലഘടികാരം, മണല്‍ഘടികാരം തുടങ്ങിയവ ഇന്നു മ്യൂസിയത്തിലേക്ക് ചേക്കേറിയിരിക്കുന്നല്ലോ? വിസ്തീര്‍ണ്ണം പത്തുപറനിലം, നൂറുപറനിലം എന്നായിരുന്നു. ഏക്കര്‍കണക്ക് പിന്നെ വന്നതാണ്. ‘നാഴിവിത്തിന്റെ സ്ഥലം’ കായ്യിലുള്ളവന്‍ ജമ്മിയായിരുന്നു.തപസ്സുചെയ്യാന്‍ മൂന്നടിസ്ഥലം ആണല്ലോ വാമനന്‍ ബലിയോടാവശ്യപെട്ടത്!

  പണത്തൂക്കം

  കല്യാണത്തിന്ന് സ്വര്‍ണ്ണം നല്‍കുന്നത് പതിവില്ല; എന്നാല്‍ സ്വര്‍ണ്ണം വാങ്ങുന്നത് തോല കകണക്കിനാണ്. ഒരു മില്ലിഗ്രാം തൂക്കത്തിന്ന് ഏകദേശം തുല്യമാവും ഒരു വീശ്.വീശ്>മാഷ> പണത്തൂക്കം> പവന്‍>തോല> ഭാരം എന്നിങ്ങനെ അളവ് കൂടും. ശ്രീകൃഷണനെ വന്ദിക്കാനായി എഴുന്നേറ്റുപോയാല്‍ 100 ഭാരം സ്വര്‍ണ്ണം പിഴയായി കിട്ടണമെന്നു ദുര്യോധനന്‍ കല്‍പ്പിക്കുന്നുണ്ട്.

  സമയം

  കാലഗണനയായിരുന്നു ഏറ്റവും ‘ശാസ്ത്രീയം’. ഏറ്റവും പഴക്കമുള്ള അളവു ശാസ്ത്രവും ഇതു തന്നെ. നൂറു താമരത്തളിരിലകള്‍ ഒന്നിനുമേലൊന്നായി അടുക്കി വെച്ച് മൂര്‍ച്ചയുള്ള ഒരു ഇരുമ്പ്സൂചികൊണ്ട് ശക്തനായ ഒരാള്‍ കുത്തിയാല്‍ ഒരിലയില്‍ നിന്ന് അടുത്ത ഇലയിലേക്ക് സൂചി പ്രവേശിക്കുന്നതിനുള്ള സമയം ആയിരുന്നു ‘ഒരു അല്‍പ്പകാലം’.

  30 അല്‍പ്പകാലം= 1 ത്രുടി,
  30 ത്രുടി= 1 കല,
  30 കല= 1 കാഷ്ഠം,
  30 കാഷ്ഠം= 1 നിമിഷം.
  4 നിമിഷം= 1 ഗണിതം,
  10 ഗണിതം= 1 നെടുവീര്‍പ്പ്,
  6 നെടുവീര്‍പ്പ്= 1 വിനാഴിക,
  6 വിനാഴിക= 1 ഘടിക,
  60ഘടിക= 1 ദിവസം,
  15 ദിവസം= 1 പക്ഷം,
  2പക്ഷം= 1 മാസം,
  2 മാസം= 1 ഋതു,
  6 ഋതു= 1 മനുഷ്യ വര്‍ഷം.
  300 മനുഷ്യവര്‍ഷം= 1 ദേവ വര്‍ഷം,
  4800 ദേവവര്‍ഷം= 1 കൃതയുഗം
  3600 ദേവവര്‍ഷം= 1 ത്രേതായുഗം
  2400 ദേ.വ=1 ദ്വാപരയുഗം
  1200 ദേ.വ= 1 കലിയുഗം.
  12000 ദേ.വ= 1 ചതുര്യുഗം
  71 ചതുര്യുഗം= 1 മന്വന്തരം,
  14 മന്വന്തരം (14ആമത്തെ മന്വന്തരത്തിലെ കലിയുഗത്തിലാണു നാമിപ്പൊള്‍ ജീവിക്കുന്നത്.)=1 പ്രളയം,
  1 പ്രളയം= ബ്രഹ്മാവിന്റെ ഒരു പകല്‍.
  ഇത്രയും ഒരു രാത്രി.
  ഓരോ പകലും ഓരോ സൃഷ്ടി.
  ഏഴര നാഴിക= 1 യാമം, 4 യാമം = 1 പകല്‍, (രാത്രി), 4യാമം= 1 ദിവസം.
  (റഫ: ദേവീഭാഗവതം)

  അക്കം
  അക്കങ്ങളുടെ സംഗതികള്‍ രസകരം തന്നെ. 1,2,3,4,…. 0 വരെ അതുതന്നെ. എന്നാല്‍ ഒന്നില്‍ താഴെയോ അര, കാല്‍, മുക്കാല്‍, അര്യ്ക്കാല്‍, അരേഅരയ്ക്കാല്‍, കലേഅരയ്ക്കാല്‍, മുക്കാലേ അരയ്ക്കാല്‍, മാഹാണി, മുണ്ടാണി (മുക്കാലേ മുണ്ടാണിയും രക്ഷപ്പെട്ടു!) എന്നിങ്ങനെ നിരവധി അംശനാമങ്ങള്‍ ഉണ്ട്.

  പണം
  100 പൈസ 1 രൂപ എന്ന കണക്കിനു മുന്‍പ് ഒരു പൈസ, അരപൈസ, കാല്‍ പൈസ യുടെ കാലം ഉണ്ടായിരുന്നു. 6 പൈസ-1 അണ. 16 അണ – 1 രൂപ / ഇന്നത്തെ 8 അണ =50 പൈസ അല്ലായിരുന്നു. 48 പൈസയേ വരൂ. 1 രൂപ 96 പൈസയേ ഉള്ളൂ (ഇന്നത് 30-32 പൈസയേ മൂല്യമുള്ളൂ എന്നത് മറ്റൊരു യൂണിറ്റ് ശാസ്ത്രം!) 40-50 വര്‍ഷം4 അണയാണ് നല്ലൊരു തൊഴിലാളിയുടെ കൂലി.വിവിധ സ്ഥലങ്ങളിലെ നാണയ വ്യവസ്ഥ ഇതിലും രസകരമണല്ലോ. സമ്പന്നര്‍ പണം ‘പറവെച്ചളക്കും‘. പലപ്പൊഴും ഇതു സ്വര്‍ണ്ണനാണ്യമായിരുന്നു എന്നതും ഓര്‍ക്കണം. പണം ഒരു ‘കിഴി’യാണ് ദാനം/ ദക്ഷിണ യായി നല്‍കുക. 100 പണത്തിന്റെ കിഴിയും 1000 പണത്തിന്റെ കിഴിയും ഉണ്ടാവും. ഇട്ടിത്തുപ്പന്‍ ‘ഒരു പിടി പണം വാരി മടിയിലിട്ടു’ എന്നാണ് പാട്ടുകഥ.

  മറ്റു ചില യൂണിറ്റുകള്‍

  ഇല ഒരു കെട്ട്
  വെറ്റില ഒരു അടുക്ക്/ ഒരു കെട്ട്
  പുകയില ഒരു കണ്ണി
  വസ്ത്രം ഒരു കുത്ത്
  എണ്ണ ഒരു തല/ ഒരു കുഴിയില്‍
  വെള്ളം ഒരു കിണ്ടി/ ഒരു കുടം/ ഒരു കൊട്ട
  പായസം ഒരു ചരക്ക്/ ഒരു കയ്യില്‍
  ചോറ് ഒരു ചെമ്പ്/ ഒരു ചട്ടുകം/ ഒരു കോരിക/ ഒരു പിടി
  പുളിങ്ങ ഒരു തുലാം/ ഒരു ഉണ്ട
  ചേമ്പ് ഒരു കൊട്ട
  മുരിങ്ങയില ഒരു കോച്ചില്‍/ ഒരു പിടി/ ഒരു മുറം
  നെല്ല് ഒരു മുറം
  കാവത്ത്, ചേന, കിഴങ്ങ് ഒരു മൂട്
  പാല്‍ ഒരു തുടം/ ഒരു നഴി
  നെയ്യ് ഒരു തുടം/ ഒരു കുഴിയില്‍
  ഭക്ഷണം ഒരു കിണ്ണം (മൂപ്പര്‍ ഒരു കിണ്ണം ചോറുണ്ണും!)
  പായ (കോസടി) ആള്‍പ്പായ/ ഇരട്ടപ്പായ
  വാതില്‍ ഒറ്റപ്പൊളി/ ഇരട്ടപ്പൊളി
  ഉഴവ് ഒരു ചാല്‍ (നൂറുചാല്‍ പൂട്ടിയാല്‍ വെണ്ണീറു വേണ്ട!)
  തടി ഒരു കണ്ടി
  പച്ചില വളം ഒരു ചുമട്/ ഒരു കെട്ട്
  ചാണകം ഒരു കൊട്ട/ ഒരു കുന്തി
  ഉപ്പ് ഒരു നുള്ള്
  പപ്പടം ഒരു കെട്ട്
  പഴനുറുക്ക് ഒരു ചാണ
  (പന്ത്രണ്ട് പഴനുറുക്കും 24 പപ്പറ്റവും ചേര്‍ത്ത് കുഴച്ചത് ഒരു ചാണ)
  നീളം ഒരു വില്പാട്
  അകലം ഒരു കയ്യ്

  ഒരു കഥ
  ഇനി ഒരു കഥയാവട്ടെ:
  രാമരാവണയുദ്ധം കഴിഞ്ഞു ശ്രീരാമന്‍ അയോധ്യക്ക് പത്നീ പരിവാരസമേതനായി മടങ്ങുകയാണ്. അയോധ്യക്കടുത്ത് എത്താറായപ്പൊള്‍ തന്റെ വരവ് ഭരതനെ അറിയിക്കാനായി ഹനൂമാനെ അയച്ചു. ഹനുമാന്‍ പോകുന്ന വഴി ചില സന്യാസിമാര്‍ അദ്ദേഹത്തോട് യുദ്ധവിവരങ്ങള്‍ അന്വേഷിക്കയാണ്:
  അല്ലേ ഹനൂമാന്‍, രാമരാവണയുദ്ധം ഒക്കെ കേമായി എന്നു കേട്ടു. എന്തൊക്കെയാ കഥകള്‍? എന്തൊക്കെയാ ഉണ്ടായേ? എത്രത്തോളം ആള്‍നാശണ്ടായി? എത്രത്തോളം മരണം ണ്ടായീ? എന്തൊക്കെയാ കഥ?
  ഹനൂമന്‍ വിനയാന്വിതനായി പറഞ്ഞു: ഞാന്‍ അത്യാവശ്യമായി പോകയാണ്. വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ നേരല്യാ….ചുരുക്കം പറയാം..പകുതിയാമം നേരം ശ്രീരാമന്റെ വില്ലിലെ മണി മുഴങ്ങി. ഇനി കണക്കാക്കിക്കോളിന്‍.
  അതെങ്ങനെയാ ഹനൂമാന്‍ കണക്കാക്കാ..എന്താ വില്ലിലെ മണി മുഴങ്ങല്‍?

  അപ്പോള്‍ ഹനൂമാന്‍ ‘നാഗാനാമയുതം…എന്ന ശ്ലോകക്കണക്ക് ചൊല്ലി…..
  കണക്കിങ്ങനെ: 1000 ആന, 2000 കുതിര, 100000 തേര്‍, 1000000000 ആള്‍..ഇത്രയും നശിച്ചാല്‍ ഒരു കബന്ധം രണാങ്കണത്തില്‍ നൃത്തം ചെയ്യും. ഇങ്ങനെ 10000000 കബന്ധം തുള്ളിയാല്‍ ഭഗവാന്റെ വില്ലിലെ മണി ഒരു പ്രാവശ്യം ശബ്ദിക്കും. യുദ്ധംതീര്‍ന്നപ്പോള്‍ ഇതു അരയാമം നേരം ശബ്ദിച്ചു. ഇനി കണക്കാക്കാലോ!)
  ഹനൂമാന്‍ അയോധ്യയിലേക്ക് തിരക്കിട്ട് പോയി. സന്യാസിമാര്‍ ഓലയും നാരായവുമായി കണക്ക് കൂട്ടാനും.
  (ചാക്യാര്‍ പറഞ്ഞ കഥ)


  Read More | തുടര്‍ന്നു വായിക്കുക

  ഈ പസിലിന് ഉത്തരം കണ്ടെത്താമോ

  >> Saturday, January 16, 2010

  തൃശൂര്‍ പെരിങ്ങോട്ടുകര GHSS ലെ അധ്യാപികയും ബ്ലോഗ് ടീമംഗവുമായ സത്യഭാമ ടീച്ചറാണ് ഈ പോസ്റ്റ് ഒരുക്കിയിട്ടുള്ളത്. ബി.സി 3400 നു മുമ്പുമുതലേയുള്ള ചിത്രസംഖ്യാക്ഷരസങ്കലിത പ്രഹേളികകളെപ്പറ്റിയാണ് ഇതില്‍ പ്രതിപാദിക്കുന്നത്‍. ഒപ്പം ഒരു ചോദ്യവുമുണ്ട് കേട്ടോ. പഴയകാലം മുതലേ ഈജിപ്റ്റിലും ഗ്രീസിലുമൊക്കെ നല്ല പ്രചാരമുള്ള ഒരു പ്രഹേളികാസങ്കേതമായിരുന്നു ഇത്. സംഖ്യകളും അക്ഷരങ്ങളും ചിത്രങ്ങളുമെല്ലാം ചേര്‍ത്തുണ്ടാക്കിയ രൂപങ്ങളില്‍ നിന്നും അര്‍ത്ഥപൂര്‍ണ്ണമായ വാക്കുകളോ വാചകങ്ങളോ വായിച്ചെടുക്കണം. പലപ്പോഴും അക്ഷരത്തേക്കാള്‍ ഉച്ചാരണത്തില്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ളവയുടെ കുരുക്കഴിച്ചെടുക്കാനാകും. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഇത്തരം പസിലുകളുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകള്‍ വരെയുണ്ട്. താഴെ ചില ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ട്. നോക്കുക.

  1) ഇത്തരം പസിലുകള്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്? അഞ്ച് അക്ഷരമുള്ള ആ ഇംഗ്ലീഷ് വാക്ക് ഏത്?
  2) മുകളില്‍ നല്‍കിയിരിക്കുന്നത് വളരെ പ്രസിദ്ധമായ, ചരിത്രപ്രാധാന്യമുള്ള മേല്‍പ്പറഞ്ഞ ഇനത്തില്‍പ്പെട്ട ഒരു വേഡ് പസിലാണ്. എന്താണ് ഈ അക്ഷരങ്ങള്‍ (T,C) കൊണ്ട് ഉദ്ദേശിക്കുന്നത്?

  ഈ ചോദ്യങ്ങള്‍ക്ക് കാല്‍വിന്‍, കണ്ണന്‍ എന്നിവര്‍ കമന്റിലൂടെ ശരിയായ ഉത്തരങ്ങള്‍ നല്‍കിക്കഴിഞ്ഞു. രണ്ടു പേര്‍ക്ക് മാത്​സ് ബ്ലോഗ് ടീമിന്റെ പേരില്‍ അഭിനന്ദനങ്ങള്‍. ഇനി ഉത്തരത്തിലേക്ക്.

  അക്ഷരങ്ങളും ചിത്രങ്ങളും സംഖ്യകളും സമന്വയിപ്പിച്ചു കൊണ്ടുള്ള ഇത്തരം വിഷമപ്രശനങ്ങള്‍ക്ക് റിബസ് (Rebus) എന്നാണ് പേര്. മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രം 1773-ലെ ബോസ്റ്റണ്‍ ടീ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. നിയമത്തിനെതിരേ പ്രതിഷേധിച്ച് സണ്‍സ് ഓഫ് ലിബര്‍ട്ടി അംഗങ്ങള്‍ തേയിലപ്പെട്ടികളെടുത്ത് ബോസ്റ്റണ്‍ തുറമുഖത്തു കടലിലെറിഞ്ഞു. കപ്പലില്‍ നിന്നും തേയിലപ്പെട്ടികള്‍ കടലിലേക്കെറിഞ്ഞ സംഭവം ഗണിത ശാസ്ത്രജ്ഞ‌നായ സാം ലോയ്ഡ് ഒരു റിബസിലൂടെ ചിത്രീകരിക്കുയുണ്ടായി. T എന്ന അക്ഷരം C എന്ന അക്ഷരത്തിനുള്ളിലേക്ക് വ​​ഴുതി വീഴുന്ന തരത്തിലുള്ളതാണ് ഈ ചിത്രം.
  ഇത് ഇംഗ്ലീഷില്‍ ഇങ്ങനെ പറയാം.
  T falls into C
  ഉച്ചാരണത്തിനു മാറ്റം വരാത്തരീതിയില്‍ ഇതിനെ ഇങ്ങനെ എഴുതാം.
  ‌Tea falls into sea.
  T എന്ന അക്ഷരം Tea എന്ന വാക്കായി അതുപോലെ C എന്ന അക്ഷരം Sea എന്ന വാക്കുമായി. ബോസ്റ്റണ്‍ ടീ പാര്‍ട്ടിയുടെ ചരിത്രം തന്നെ വെളിപ്പെടുത്തുന്ന ഒരു പ്രസിദ്ധ റിബസാണിത്.


  ആറ് ഉദാഹരണങ്ങള്‍ താഴെ തന്നിട്ടുള്ളത് പരിശോധിക്കുക.

  1)


  2)3)
  4)
  5)
  6)
  ഇവയുടെ ഉത്തരങ്ങള്‍ കമന്റ് ബോക്സില്‍...


  Read More | തുടര്‍ന്നു വായിക്കുക

  മാലിദ്വീപിലെ വലയസൂര്യഗ്രഹണം

  >> Friday, January 15, 2010  നട്ടുച്ചയ്ക്ക് നിലാവ് പോലെ വെയില്‍ നേര്‍ത്തു, ചേക്കേറണമോ എന്ന് ശങ്കിച്ച് പക്ഷികള്‍ താണു പറന്നു. നാടും നഗരവും ആകാംക്ഷയോടെ ആ കാഴ്ച കണ്ടു, സൂര്യനെ ചന്ദ്രബിംബം മറയ്ക്കുന്നു. നൂറ്റാണ്ടിന്റെ 'വലിയ സൂര്യഗ്രഹണം' വജ്രവലയത്തിന്റെ കൗതുകക്കാഴ്ചയോടെ പാരമ്യതയിലെത്തി. രാജ്യത്തിനകത്തും പുറത്തും ആയിരങ്ങള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയാണ് ഗ്രഹണം പുരോഗമിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ അത് ഏറ്റവും പൂര്‍ണതയിലെത്തി. രാവിലെ 11.06 ന് കന്യാകുമാരിയിലും തെക്കന്‍കേരളത്തിലും ദൃശ്യമായ ഗ്രഹണം ഉച്ചയ്ക്ക് 3.11 വരെ നീണ്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജ്യോതിശ്ശാസ്ത്ര വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യഗ്രഹണം നിരീക്ഷിക്കാനും പഠിക്കാനും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ശാസ്ത്രകുതുകികളും ഗ്രഹണം നിരീക്ഷിച്ചു. ഇനി 1033 വര്‍ഷം കഴിഞ്ഞാലേ ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം നമുക്ക് ദൃശ്യമാകൂ.

  സൂര്യന് മുന്നിലൂടെ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കുകയാണ് ഗ്രഹണവേളയില്‍ സംഭവിക്കുക. ഗ്രഹണം പൂര്‍ണമായതാടെ മോതിരാകൃതിയില്‍ തിളങ്ങങ്ങുന്ന 'വജ്രവലയം' ദൃശ്യമായി. കേരളമുള്‍പ്പെടെ ഇന്ത്യയിലെ പല ഭാഗങ്ങളിലും പത്തു മിനിറ്റ് നേരത്തേക്ക് വജ്രവലയം ദൃശ്യമായി. കേരളം, തമിഴ്‌നാട്, മിസോറം വഴിയായിരുന്നു ഗ്രഹണപാത. ഇന്ത്യയില്‍ കന്യാകുമാരി മുതല്‍ കൊല്ലം ജില്ലയിലെ പരവൂര്‍ വരെയുള്ള പ്രദേശത്താണ് പൂര്‍ണസൂര്യഗ്രഹണം ദൃശ്യമായത്. കേരളത്തിന്റെ ഇതരഭാഗങ്ങളിലും രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും ഗ്രഹണം ഭാഗികമായിരുന്നു. ടെലിവിഷന്‍ ചാനലുകള്‍ക്കെല്ലാം തത്സമയ സംപ്രേക്ഷണമായിരുന്നു ഗ്രഹണത്തിന്റേത്.

  സൂര്യനെ നേരിട്ട് നോക്കരുത്

  ഗ്രഹണവേളയില്‍ സൂര്യനെ നേരിട്ട് നോക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എക്‌സ്‌റേ ഫിലിം, സണ്‍ഗ്ലാസ്, ദൂരദര്‍ശനി, ബൈനോക്കുലര്‍ മുതലായവ ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കുന്നതും അപകടം വരുത്താം. ഇരുവശത്തും അലുമിനിയം പൂശിയ സോളാര്‍ ഫില്‍ട്ടര്‍ (മൈലാര്‍ ഫിലിം) ഉപയോഗിച്ച് സൂര്യനെ നോക്കാം, പക്ഷേ അതും ദീര്‍ഘനേരം പാടില്ല. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രബിംബം എത്തുമ്പോഴാണ്, ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യന്‍ മറഞ്ഞതായി കാണുക. ആ സന്ദര്‍ഭത്തില്‍ എന്തെങ്കിലും വിഷപദാര്‍ഥം ഉത്പാദിപ്പിക്കപ്പെടുന്നില്ല. ഇതുസംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

  ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ പോലെ കണ്ണിന് തകരാറുണ്ടാക്കുന്ന രശ്മികള്‍ സൂര്യനില്‍ നിന്ന് എപ്പോഴും പുറപ്പെടുന്നുണ്ട്. എന്നാല്‍, സാധാരണഗതിയില്‍ ഒരാള്‍ സൂര്യനെ നോക്കിയാല്‍, പ്രകാശതീവ്രത മൂലം വേഗം കണ്ണ് പിന്‍വലിക്കും, അപകടം ഉണ്ടാകുന്നില്ല. അതേസമയം, ഗ്രഹണവേളയില്‍ ചന്ദ്രന്‍ മറയ്ക്കുന്നതിനാല്‍ സൂര്യന്റെ പ്രകാശതീവ്രത കുറയും. അതിനാല്‍ മനപ്പൂര്‍വമല്ലാതെ തന്നെ കൂടുതല്‍ നേരം സൂര്യനെ സൂക്ഷ്മമായി നോക്കാന്‍ ഗ്രഹണം വഴിയൊരുക്കും.

  പ്രകാശതീവ്രത കുറഞ്ഞൊലും ഗ്രഹണവേളയില്‍ അപകടകാരികളായ രശ്മികള്‍ സൂര്യനില്‍ നിന്ന് എത്തുന്നുണ്ട്. അവ കണ്ണിലെത്തുന്നതിന്റെ തോത്, സൂക്ഷ്മമായി നോക്കുന്നതിനാല്‍ വര്‍ധിക്കും. അങ്ങനെയാണ് കണ്ണിന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയേറുന്നത്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ,പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്‌ സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കണ്‍ജങ്ഷനില്‍ ആവുന്ന കറുത്തവാവ് ദിവസമാണ്‌ സൂര്യഗ്രഹണം നടക്കുക. ഓരോ വര്‍ഷവും രണ്ടു മുതല്‍ അഞ്ചു വരെ സൂര്യഗ്രഹണങ്ങള്‍ ഭൂമിയില്‍ നടക്കാറുണ്ട്. ഇവയില്‍ പൂജ്യം മുതല്‍ രണ്ടു വരെ എണ്ണം പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. എങ്കിലും ചന്ദ്രന്റെ നിഴലിന്റെ അംബ്ര ഭൂമിയിലെ ചെറിയൊരു ഭാഗത്തുകൂടിയാണ്‌ കടന്നുപോവുക എന്നതിനാല്‍ ഭൂമിയിലെ ഏതു പ്രദേശത്തും പൂര്‍ണ്ണ സുര്യഗ്രഹണം എന്നത് അപൂര്‍വമായ ഒരു പ്രതിഭാസമാണ്‌.

  ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം മൂലം ഭൂമിയും ചന്ദ്രനും സൂര്യനും ഒരേ നേര്‍രേഖയിലാണെങ്കിലും ചിലപ്പോള്‍ ചന്ദ്രനു സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ കഴിഞ്ഞില്ല എന്നു വരും. ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാള്‍ ചെറുതാകുമ്പോളാണ്‌ ഇത് സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യന്റെ വൃത്തത്തിന്റെ ബാഹ്യഭാഗം ഒരു വളയമായി ചന്ദ്രനു വെളിയില്‍ കാണാമായിരിക്കും. ഇത്തരം സൂര്യഗ്രഹണങ്ങളെ വളയ സൂര്യഗ്രഹണം (Annular eclipse) എന്നു വിളിക്കുന്നു, ഇവയും സമ്പൂര്‍ണ്ണ സൂര്യഗ്രഹണങ്ങളാണ്‌.
  (കടപ്പാട് യൂട്യൂബ്, മാതൃഭൂമി വാര്‍ത്ത, വിക്കിപ്പീഡിയ)


  Read More | തുടര്‍ന്നു വായിക്കുക

  എങ്ങനെ ലിനക്സ് വഴി മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

  >> Thursday, January 14, 2010

  കുട്ടികളും അധ്യാപകരുമായി നിരവധി പേര്‍ എങ്ങനെ മലയാളം ടൈപ്പു ചെയ്യാം എന്നതിനെപ്പറ്റി ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ ഇന്നത്തെ ലേഖനം ഈ ആവശ്യത്തെ സാധൂകരിക്കുന്നതിനുള്ളതാണ്. ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ തങ്ങളുടെ സ്ക്കൂളിലെ കുട്ടികളെ ഈ ലേഖനം കാട്ടിക്കൊടുക്കുമല്ലോ. മറ്റാരുടേയും സഹായമില്ലാതെ ടൈപ്പ് ചെയ്യാന്‍ കുട്ടികള്‍ സ്വയം പഠിച്ചോളും. അതിനാവശ്യമായ കീ ബോര്‍ഡ് ലേ ഔട്ട് താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കുകയും ചെയ്യാം. ടൈപ്പിങ്ങിന് രണ്ട് വഴികളാണുള്ളത്. ഫൊണറ്റിക്ക് രീതിയും ഇന്‍സ്ക്രിപ്റ്റ് രീതിയും. സംസാരഭാഷ അതേ പോലെ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്ന, മംഗ്ലീഷ് രീതിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ടൈപ്പിങ് സമ്പ്രദായമാണ് ഫൊണറ്റിക്ക്. യുണീക്കോഡ് സമ്പ്രദായം അതേപടി പകര്‍ത്തിയിട്ടുള്ളതാണ് ഇന്‍സ്ക്രിപ്റ്റ് രീതി. സാധാരണഗതിയില്‍ ഫൊണറ്റിക് രീതി എളുപ്പമാണെങ്കിലും വിന്റോസിലും ലിനക്സിലും യാതൊരു സോഫ്റ്റ്​വെയറും ഉപയോഗിക്കാതെ ടൈപ്പ് ചെയ്യാന്‍ ഇന്‍സ്ക്രിപ്റ്റ് ആണ് നല്ലത്. ലിനക്സില്‍ എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം എന്നതാണ് നമ്മുടെ പ്രശ്നം. ഒരു കുഴപ്പവുമില്ല. രണ്ട് ദിവസം ഇതിനായി നിങ്ങള്‍ മാറ്റി വെക്കാന്‍ തയ്യാറാണോ? ഒരു സോഫ്റ്റ്​വെയറിന്റേയും സഹായമില്ലാതെ ഈസിയായി മലയാളം ടൈപ്പ് ചെയ്യാം. അതിനായി എന്തു ചെയ്യണം?


  Read More | തുടര്‍ന്നു വായിക്കുക

  സ്റ്റാറ്റിസ്റ്റിക്സ്

  >> Wednesday, January 13, 2010

  പുതിയവര്‍ഷത്തിന്‍റ ആരംഭത്തില്‍ ഒരു ഗണിതചിന്ത അനിവാര്യമാണ്..പത്താം തരത്തില്‍ (Std X)ഇത് സ്റ്റാററിസ്ററിക്സ് പഠിക്കുന്ന സമയമാണല്ലോ..മാധ്യവുമായി (mean) ബന്ധപ്പെട്ട ഒരു കണക്കുതന്നെയാവട്ടെ..അപ്പുവിന്‍റ പക്കല്‍ 3 kg ,8 kgഭാരങ്ങള്‍ ധാരാളമുണ്ട്.ശരാശരി(മാധ്യം).ഭാരം 4 kg കിട്ടുന്നതിന് ഈ ഭാരങ്ങള്‍ താഴെ കാണുംവിധം ഒരുക്കാം.
  3 Kg 4 എണ്ണം
  8 Kg 1 എണ്ണം
  ഇനി ഒരു വര്‍ക്ക് ഷീറ്റിന്‍റെ സഹായത്തോടെ നമുക്ക് ഉത്തരത്തിലേക്ക് കുട്ടികളെ നയിക്കാം. നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്താന്‍ എത്ര അധ്യാപകരും രംഗത്തെത്തുമെന്ന് നമുക്ക് നോക്കാം. തുടര്‍ന്ന് വായിക്കൂ..

  വര്‍ക്ക് ഷീറ്റ്

  A) ശരാശരി 6 Kg കിട്ടുന്നതിന് ഭാരങ്ങള്‍ എങ്ങനെ ഒരുക്കാം?

  B) ഈ ഭാരങ്ങള്‍ ഉപയോഗിച്ച് ഏതൊക്കെ പൂര്‍ണ്ണസംഖ്യാമാധ്യങ്ങള്‍ രൂപീകരിക്കാം ?

  C) ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ പൂര്‍ണ്ണസംഖ്യാ മാധ്യം ഏത്?

  D) ഇവ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ പൂര്‍ണ്ണസംഖ്യാ മാധ്യം ഏത്?

  E) ഭാരങ്ങള്‍ 7 kg , 2kg വീതമായാല്‍ ഏതൊക്കെ പൂര്‍ണ്ണസംഖ്യാമാധ്യങ്ങള്‍ ഉണ്ടാക്കാം?

  F ) 17 kg , 57Kg ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പൂര്‍ണ്ണസംഖ്യാ മാധ്യങ്ങള്‍ ഏവ?

  G) പൊതുനിഗമനത്തിലേക്ക് നയിക്കുന്ന ബീജഗണിത ചിന്തകള്‍ പങ്കുവെ ക്കുക.


  Read More | തുടര്‍ന്നു വായിക്കുക

  ലംബകത്തിന്റെ പരപ്പളവ് (Area)

  >> Tuesday, January 12, 2010


  നമ്മുടെ ബ്ലോഗ് ടീം അംഗമായ വിജയന്‍ സാറും ശിഷ്യന്‍ അസീസ് മാഷും കൂടി കമന്റ് ബോക്സിലൂടെ അവതരിപ്പിക്കുന്ന പസിലുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ. ലളിതവും കഠിനവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഇവരിരുവരും കൂടി ഇതിനോടകം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഒപ്പം അമേരിക്കയില്‍ ജോലി ചെയ്യുന്ന ഉമേഷ് സാറിന്റെ ശാസ്ത്രീയ അപഗ്രഥനം കൂടിയാകുമ്പോള്‍ കമന്റ് ബോക്സ് ജ്ഞാനസമ്പുഷ്ടമാകുന്നു. ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൈനംദിന കമന്‍റുകളില്‍ നിന്നും ഒരുമുത്ത് പെറുക്കിയെടുത്തു. പാഠപുസ്തകവുമായി നേര്‍ബന്ധമുളള ഒരു പ്രശ്നം. വിജയന്‍ സാറായിരുന്നു ചോദ്യകര്‍ത്താവ്. വളരെ എളുപ്പത്തില്‍ നിര്‍ദ്ധാരണം ചെയ്യാമെന്ന തോന്നലായിരുന്നു ആദ്യം ജനിപ്പിച്ചത്. പരീക്ഷണത്തിന്‍റ ഒരു നിമിഷത്തില്‍ മറ്റൊരു ബ്ലോഗ് ടീമംഗമായ ജോണ്‍ മാഷ് പ്രശ്നത്തിന്റെ കുരുക്കഴിച്ചു. ആ ചോദ്യമാകട്ടെ ഇന്നത്തെ പോസ്റ്റിലൂടെ.

  ഇതൊരു പ്രഹേളിക(puzzle)യാണ് . ഒരു ലംബകവുമായി ബന്ധപ്പെട്ട പ്രഹേളിക. വികര്‍ണ്ണങ്ങള്‍ ഒരു ലംബകത്തെ നാല് ത്രികോണങ്ങളാക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ചോദ്യം ഇതാണ്. സമാന്തരവശങ്ങളോട് ചേര്‍ന്നുളള ത്രികോണങ്ങളുടെ പരപ്പളവുകള്‍ A യും Bയുമായാല്‍ ലംബകത്തിന്‍റ പരപ്പളവെത്ര?

  ഇത്തരത്തില്‍ ഗണിതാശയങ്ങള്‍ കുട്ടികളുടെ മുന്നിലേക്ക് പസ്സിലുകളായി അവതരിപ്പിക്കുന്നത് നന്നായിരിക്കും. ഈപ്രശ്നം ഏറ്റെടുത്ത് നിര്‍ദ്ധാരണം ചെയ്യുമല്ലോ? കമന്‍റുചെയ്യാന്‍ മറക്കരുത് .


  Read More | തുടര്‍ന്നു വായിക്കുക

  മലയാളം പറഞ്ഞാല്‍ ഫൈന്‍ !

  >> Sunday, January 10, 2010


  തൃശൂര്‍ ജില്ലയിലെ, മാളയിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കോമ്പൌണ്ടില്‍ മലയാളം സംസാരിച്ചതിന് , സ്കൂള്‍ അധികൃതര്‍ പത്തുകുട്ടികളെ സസ്പെന്റുചെയ്യുകയും 1000 രൂപാവീതം പിഴയീടാക്കുകയും ചെയ്തതായി വന്ന പത്രവാര്‍ത്ത വായിച്ചിരുന്നോ? ഒരു വര്‍ഷത്തില്‍ ഓരോ ക്ലാസ്സിലും 200ല്‍ അധികം പരീക്ഷകള്‍ നടത്തി ഗിന്നസ് ബുക്കിലേക്ക് കയറാന്‍ ശ്രമിക്കുകയാണെന്ന് പത്രസമ്മേളനത്തിലൂടെ സാഭിമാനം പ്രഖ്യാപിച്ച അതേ സ്കൂള്‍ തന്നെ! ഈ സംഭവം വിവാദമായപ്പോള്‍, മാനേജര്‍ വീണ്ടും വിളിച്ചൂ,ഒരു പത്രസമ്മേളനം. ശരിയായ ഇംഗ്ലീഷ് സംസ്ക്കാരം വളര്‍ത്തിയെടുക്കല്‍ സ്കൂളിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും, അതിനനുസരിച്ചുള്ള ഇത്തരം നടപടികള്‍ക്ക് രക്ഷിതാക്കളുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. അതോടെ വിവാദവും അവസാനിച്ചു. പക്ഷെ ഇതേപ്പറ്റി രണ്ടു തരം അഭിപ്രായങ്ങളാണ് ഉയര്‍ന്നു വന്നത്. അവ എന്താണെന്നല്ലേ?

  മാതൃഭാഷയെ ഇത്രയും നീചമായി കാണുന്ന വര്‍ഗ്ഗം മലയാളികള്‍ മാത്രമാണെന്നും, ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്തേണ്ട കാലം അതിക്രമിച്ചെന്നുമാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഒരാള്‍ പ്രതികരിച്ചത്. എന്നാല്‍, 'ഫ്ലുവെന്റായി' ഇംഗ്ലീഷ് സംസാരിക്കാന്‍, അതിന്റേതായ 'ഒരറ്റ്മോസ്ഫിയര്‍' അനിവാര്യമാണെന്നും, അതിനാല്‍ സ്കൂളിന്റെ നടപടിയില്‍ തെറ്റൊന്നുമില്ലെന്നുമാണ് മറ്റൊരു സുഹൃത്തിന്റെ അഭിപ്രായം.

  പണ്ട് ഇതുപോലെ തന്നെ ഏതോ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ മലയാളം പറഞ്ഞതിന് കുട്ടികളുടെ തല മൊട്ടയടിച്ച സംഭവം നിങ്ങളോര്‍മ്മിക്കുന്നുണ്ടാകുമല്ലോ. അന്ന് കേരളമൊട്ടാകെ അതിന്റെ അലയൊലികളുയര്‍ന്നു. പ്രതിഷേധപ്രകടനങ്ങളും പോസ്റ്ററുകളുമായി സാംസ്ക്കാരിക കേരളം വൈകാരികരോഷം പൂണ്ടു. അവരുടെ ചോദ്യം മറ്റൊന്നുമായിരുന്നില്ല. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളെല്ലാം തങ്ങളുടെ ഭാഷയ്ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ മലയാളി ആംഗലേയ നാടിനെ അതേപടി അനുകരിക്കാനുള്ള ശ്രമത്തിലാണോ? ഇവിടെ ഒരു സ്ക്കൂള്‍ ഭാഷയുടെ കാര്യത്തിലെങ്കിലും ഒരു ആംഗലേയാന്തരീക്ഷം സൃഷ്ടിക്കുന്നതിനു ശ്രമിച്ചാല്‍ മാനേജ് മെന്റിനെയോ അധ്യാപകരേയോ തെറ്റു പറയാനൊക്കുമോ? പ്രിയപ്പെട്ട വായനക്കാരേ, നിങ്ങള്‍ എന്തു പറയുന്നു?


  Read More | തുടര്‍ന്നു വായിക്കുക

  കുഞ്ഞികൃഷ്ണന്‍ മാഷിന് ആദരാഞ്ജലികള്‍

  >> Friday, January 8, 2010

  ഗണിതശാസ്ത്രമേഖലയിലെ ഇതിഹാസമായിരുന്ന എസ്.ഇ.ആര്‍.ടി പാഠപുസ്തക പരിഷ്‌കരണ വിദഗ്ദ്ധ സമിതി അംഗവും നടുവില്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനുമായ ഒ.കുഞ്ഞികൃഷ്ണന്‍ മാഷ് അന്തരിച്ചു. പ്രഹേളികാ പരിഹാരങ്ങളുമായി (Puzzle Solving) ബന്ധപ്പെട്ടുള്ള ഇന്റര്‍നെറ്റിലെ വിവിധ കമ്മ്യൂണിറ്റികളില്‍ അദ്ദേഹം അംഗമായിരുന്നു. കേവലം പ്രശ്നപരിഹാരം മാത്രമല്ല അതിന്റെ വിവിധ തലങ്ങളില്‍ അന്വേഷണം നടത്തുന്നതിനും തുടര്‍പഠനത്തില്‍ നിതാന്തജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള വ്യത്യസ്തതയാര്‍ന്ന പ്രകടനം നടത്തിയതിലൂടെ അദ്ദേഹം ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നമ്പര്‍ തിയറിയും ജ്യോമട്രിയും പരസ്പരം യോജിപ്പിച്ചു കൊണ്ടുള്ള ഒരു രീതിയില്‍ തന്റേതായ ഒരു പാത സൃഷ്ടിച്ചെടുക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇന്‍ഡ്യാ ഗവണ്‍മെന്റ് ഈ അതുല്യപ്രതിഭയ്ക്ക് അധ്യാപക അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്. സ്പോര്‍ട്സ്, സാഹിത്യം, ഗാര്‍ഡനിങ് എന്നീ മേഖലകളിലും അതീവ തല്പരനായിരുന്നു അദ്ദേഹമെന്ന് നമുക്ക് കാണാനാകും. ഇന്നത്തെ ഗണിത ശാസ്ത്രമേളകളില്‍ കാണുന്ന ഊര്‍ജ്ജവും ഉന്മേഷവും പകര്‍ന്നു തരുത്തതില്‍ കുഞ്ഞികൃഷ്ണന്‍ മാഷ് നല്‍കിയ സംഭാവനകള്‍ എന്നെന്നും അധ്യാപകലോകം പ്രത്യേകിച്ച് ഗണിതാധ്യാപകര്‍ ഒരിക്കലും മറക്കില്ല. വടക്കന്‍ ജില്ലകളിലെ മേളകളില്‍ ഇന്നോളം ദൃശ്യവും അദൃശ്യവുമായ സാന്നിധ്യമായി മാഷുണ്ടാകുമായിരുന്നു. മേളകളില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന പല ആശയങ്ങളും രൂപപ്പെടുത്താന്‍ കുട്ടികള്‍ക്കൊപ്പം നിന്നിരുന്ന മാസ്റ്റര്‍, മറക്കില്ല അങ്ങയെ ഞങ്ങള്‍!

  ഒമ്പതാം തരം പാഠപുസ്തക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കഴിയവെ വ്യാഴാഴ്ച നെഞ്ചുവേദനയെത്തുടര്‍ന്ന് ഡോക്ടറെ കാണിച്ച് മടങ്ങുംവഴി ബസ്സില്‍ കുഴഞ്ഞുവീഴുകയാണുണ്ടായത്. കിംസ് ആസ്​പത്രിയിലായിരുന്നു അന്ത്യം.എസ്.ഇ.ആര്‍.ടി ഒന്നുമുതല്‍ പത്തുവരെയുള്ള പാഠപുസ്തക പരിഷ്‌കരണ കമ്മിറ്റിയിലെ ഗണിത വിഭാഗം അംഗമാണ്. തുല്യതാ പാഠപുസ്തക വിദഗ്ദ്ധ സമിതി അംഗം, ഗണിത ശാസ്ത്ര മേളയുടെ ജഡ്ജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഗണിത കൗതുകം വിജ്ഞാന ഗ്രന്ഥത്തിന്റെ രചയിതാക്കളില്‍ ഒരാളുകൂടിയാണ്. 1974 മുതല്‍ എസ്.ഇ.ആര്‍.ടി യുടെ പാഠപുസ്തക നിര്‍മ്മിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

  ഭാര്യ: നടുവില്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക കെ.ഗിരിജ. മക്കള്‍: രഞ്ജിത(ഐ.ബി.എസ് ഇന്‍ഫോ പാര്‍ക്ക് എറണാകുളം), സജിത(യു.എസ്.എ), ശ്രീജിത്ത്(ഗവ.എന്‍ജിനിയറിങ് കോളേജ് തൃശ്ശൂര്‍). മരുമക്കള്‍: കെ.രാകേഷ്(എറണാകുളം), വി.ഇ.കൃഷ്ണകുമാര്‍(യു.എസ്.എ). സഹോദരങ്ങള്‍: ഒ.ശേഖരന്‍ നായനാര്‍, ലക്ഷ്മിക്കുട്ടി.കെ.ഒ. ശവസംസ്‌കാരം പിന്നീട്.

  അദ്ദേഹത്തിന്റെ ഓര്‍ക്കുട്ട് അക്കൊണ്ട് സന്ദര്‍ശിച്ചാല്‍ എത്ര മാത്രം ഗണിതതല്പരനായിരുന്നു അദ്ദേഹമെന്ന് നമുക്ക് കാണാനാകും.
  (നിങ്ങള്‍ക്ക് ജി-മെയില്‍ അക്കൊണ്ട് ഉണ്ടെങ്കില്‍ അത് തുറന്നതിനു ശേഷം ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക)

  വിവരങ്ങള്‍ക്ക് കടപ്പാട് : പ്രകാശന്‍ മലപ്പുറം,സുനില്‍ മേപ്പയൂര്‍, ശങ്കരന്‍ കാസര്‍കോട്


  Read More | തുടര്‍ന്നു വായിക്കുക

  100 SSLC Questions

  >> Thursday, January 7, 2010

  കേരളത്തിലെ ഗണിതശാസ്ത്ര അധ്യാപകര്‍ക്ക് പിന്തുണയുമായി ഞങ്ങളെപ്പോഴുമുണ്ടെന്നതിന് ഇതാ മറ്റൊരു ഉദാഹരണം കൂടി. പത്താം ക്ലാസിലെ പത്തു പാഠങ്ങളിലേതടക്കം നൂറ്റിപ്പതിനഞ്ചു ചോദ്യങ്ങള്‍ നല്‍കുകയാണ് ഇന്ന് ഈ പോസ്റ്റിനോടൊപ്പം. വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ അധ്യാപകനും മാത്​സ് ബ്ലോഗ് ടീമംഗവുമായ ജോണ്‍ സാറാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെ ഒരു റിവിഷന്‍ കൂടിയാണ് നടക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇത്തരത്തില്‍ എങ്ങനെയെല്ലാം സംവദിക്കാന്‍ ശ്രമിച്ചാലും അതിന് അര്‍ഹമായ പ്രോത്സാഹനം നമ്മുടെ സഹപ്രവര്‍ത്തകരില്‍ നിന്നും കമന്റ് രൂപത്തില്‍ ലഭിക്കുന്നില്ലായെന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ഖേദമുണ്ട്. കമന്റ് ബോക്സില്‍ ഒരു പുതിയൊരാളുടെ കമന്റ് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. പൂര്‍വ്വാധികം ഊര്‍ജ്ജസ്വലമായിത്തന്നെ ഞങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. എങ്കിലും ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം കഴിയുമ്പോഴേക്കും നല്‍കാമെന്നു പറഞ്ഞിരുന്ന പത്താം ക്ലാസിലെ ചോദ്യങ്ങള്‍ എപ്പോഴാണ് പബ്ളിഷ് ചെയ്യുന്നതെന്ന് തിരക്കിക്കൊണ്ട് നിരവധി അധ്യാപകര്‍ ഇക്കാര്യം നേരിലും ഫോണിലുമെല്ലാം വിളിച്ചിരുന്നത് സന്തോഷകരമായിത്തോന്നാതെയുമില്ല. അതുകൊണ്ടു തന്നെ ഇനി ഒട്ടും സമയം വൈകിക്കാതെ ഞങ്ങള്‍ ആ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പോസ്റ്റിനു താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

  ഈ ചോദ്യങ്ങളില്‍ എന്തെങ്കിലും സംശയങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അവ നിസ്സംശയം കമന്റു ചെയ്യാവുന്നതാണ്. അങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും.

  Click here for 100 SSLC Questions


  Read More | തുടര്‍ന്നു വായിക്കുക

  വിപ്രൊ നോട്ട്ബുക്കും സ്കൂള്‍ ലിനക്സും

  >> Tuesday, January 5, 2010


  ICT Schemeപ്രകാരംIT@Shoolവിതരണം ചെയ്ത Wipro Notebook,ലെ linuxഫോര്‍മാറ്റ് ചെയ്തുതാല്‍ വീണ്ടുംSGL 3.2 (etchnhalf)ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാതെ പലരും വിഷമിക്കാറുണ്ട് . Wipro Notebookല്‍ windowsഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് bios setup ല്‍ പ്രവേശിച്ച് Advanced- Boot System to -Windowsഎന്ന് സെലക്ട് ചെയ്യേണ്ടതാണ്. (Linux ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Boot System to -Linux എന്നും സെലക്ട് ചെയ്യണം) CDഇട്ട് ബൂട്ട് ചെയ്ത് Help എന്ന മെനുവില്‍ എന്റര്‍ ചെയ്ത് install fb=falseഅല്ലെങ്കില്‍ install vga=771 fb=falseഎന്ന commandടൈപ്പ് ചെയ്താണ് installationആരംഭിക്കേണ്ടത്. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഓരോ സമയത്തും നിലവിലുള്ള Partition,deleteചെയ്ത് re-partitionചെയ്യുന്നതാണ് അഭികാമ്യം. ഇങ്ങനെയൊക്കെ ചെയ്താലും ഇതില്‍ SGL 3.2ചില സമയത്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാറില്ല. കൂടുതല്‍ പ്രാവശ്യം ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കാന്‍ ക്ഷമയില്ലാത്തവര്‍ക്ക് താഴെ പറയുന്ന മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്.


  Read More | തുടര്‍ന്നു വായിക്കുക

  വെളിച്ചം കെട്ടുപോകുന്ന അലൂമിനിയം ടോര്‍ച്ചുകള്‍..!

  >> Sunday, January 3, 2010


  പഠിക്കുക, അറിവുനേടുക....ശ്രേഷ്ഠമായ, പവിത്രമായ ഒരു കര്‍മ്മം. പഠിച്ചവര്‍ പണ്ഡിതരാണ്. സമൂഹത്തില്‍ അവര്‍ക്ക് മാന്യമായ സ്ഥാനമാണുള്ളത്. 'കുട്ടികളേ നിങ്ങളുടെ ആദ്യ കടമ പഠിക്കുക എന്നതാണ്. രണ്ടാമത്തെ കടമ പഠിക്കുക എന്നും. മൂന്നാമത്തേതാകട്ടെ, പഠിക്കലാണ്...' എന്നത് മഹദ്​വചനങ്ങള്‍. ഇതൊക്കെ പണ്ടത്തെ കഥ. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി നാം കാണുന്നതെന്താണ്? അനുഭവിക്കുന്നതെന്താണ്? നാം ഏറ്റവും അസഹിഷ്ണുതയോടെ നോക്കുന്നത് അവരെയാണ് - വിദ്യാര്‍ഥികളെ!ബസ്​സ്റ്റോപ്പുകളിലും ബസ്​സ്റ്റാന്റുകളിലും നമുക്കവര്‍ 'ശല്യക്കാരാ'ണ്. നമ്മുടെ സൗകര്യങ്ങള്‍ തട്ടിയെടുക്കാന്‍ വന്നവര്‍. ബസുകളില്‍ അവരോട് നികൃഷ്ടജീവികളോടെന്നപോലെ പെരുമാറ്റം. ബസില്‍ കയറാന്‍ അവകാശമില്ലാത്തവര്‍....കയറിയാല്‍ ഇരിക്കാന്‍ അവകാശമില്ലാത്തവര്‍....ബസ് ജീവനക്കാരുടേയും യാത്രക്കാരുടേയും പരിഹാസങ്ങളും ശകാരങ്ങളും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍....കള്ളനും കൊലപാതകിയും വ്യഭിചാരിയും പോലും ബസില്‍ മാന്യന്മാരായി ഇരുന്നു പോകുമ്പോള്‍, പഠിക്കാന്‍ പോകുന്നു എന്നതുകൊണ്ടുമാത്രം ഈ കുട്ടികള്‍ മണിക്കൂറുകളോളം കാത്തുനിന്ന് എല്ലാ ശകാരങ്ങളും ഏറ്റുവാങ്ങി മൂലയില്‍ പതുങ്ങിനിന്ന് യാത്ര ചെയ്യുന്നു. പഠിക്കുക എന്നത് ഇത്ര വൃത്തികെട്ട പ്രവൃത്തിയാണോ? അവരോട് ഇത്ര നീചമായാണോ പെരുമാറേണ്ടത്? നമ്മുടെ മനോഭാവം മാറേണ്ട കാലം അതിക്രമിച്ചില്ലേ?
  ഈ ചോദ്യങ്ങള്‍ കോഴിക്കോട് ജില്ലയിലെ, ആവളയിലുള്ള ശ്രീ. കെ.എസ്. ഉണ്ണികൃഷ്ണന്റെ ലേഖനത്തിലേതാണ്. കൂട്ടിവായിക്കാന്‍ അദ്ദേഹം ഉദ്ധരിക്കുന്ന രണ്ടു സംഭവങ്ങള്‍ കൂടി കേട്ടോളൂ...!

  ഒന്ന്
  ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലെ ഒരു വൈകുന്നേരം. സ്ഥലം കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ബസ്​സ്റ്റാന്റ്. സമയം ആറുമണിയോടടുക്കുന്നു. യാത്രക്കാരെ കയറ്റാന്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളുടെ തുറന്നിട്ട മുന്‍വാതിലിനുമുന്നില്‍ തങ്ങളുടെ ഊഴവും കാത്ത് കൂട്ടംകൂടി നില്‍ക്കുന്ന വിദ്യാര്‍ഥിനികള്‍. ഡ്രൈവര്‍ ബസ് സ്റ്റാര്‍ട്ട് ചെയ്ത് തോര്‍ത്തുമുണ്ടുകൊണ്ട് സ്റ്റിയറിങ് തുടച്ച് മുന്നിലെ കണ്ണാടിയില്‍ കാതോര്‍ക്കുകയാണ്, പുറകിലെ 'കിളി'യുടെ ഇരട്ടബെല്ലിന്. സീറ്റുനിറയെ 'ടിക്കറ്റുകളാ'യിട്ടും 'പോകുമ്പോള്‍ കയറാമെന്നാണ്' കിളിയുടെ വിദ്യാര്‍ഥിനികളോടുള്ള പല്ലവി. എന്‍ജിന്‍ ഇരമ്പിച്ച് നില്‍ക്കുന്ന ഡ്രൈവര്‍, ബെല്ലടികേട്ടതും ബസും കൊണ്ടൊരൊറ്റപാച്ചിലാണ്. പെണ്‍കുട്ടികള്‍ ഇത്തിരിദൂരം ബസിനുപുറകേ പാഞ്ഞ് നിരാശരായി വാച്ചിലും ആകാശത്തേക്കും മാറി മാറി നോക്കി, നേരം വൈകിക്കൊണ്ടിരിക്കുന്നതിന്റെ വിഹ്വലതകള്‍ കടിച്ചമര്‍ത്തി, അപമാനിതരായി അടുത്ത ബസിലൂഴം തേടുന്നു.
  ഡ്രൈവര്‍ക്കു പിറകിലുള്ള സീറ്റിലിരിക്കുകയാണ് ഒരു വിദ്യാര്‍ഥിനി. സ്ഥിരമായി ഊഴം കാത്തുനിന്ന് ബസ് പോകുന്നതിനിടയില്‍ സര്‍ക്കസുകളിച്ച് കയറുന്ന ഈ കുട്ടി സീറ്റിലിരിക്കുന്നതു കണ്ട് കലിയിളകിയ കണ്ടക്ടര്‍ 'ഫുള്‍ചാര്‍ജ്ജ്' ടിക്കറ്റ് മുറിച്ചു കൊടുത്തു. ഐഡന്റിറ്റി കാര്‍ഡ് നീട്ടി അവള്‍ കേണു പറയുന്നുണ്ട് "എന്നും നിന്നല്ലേ പോവല്, എനിക്ക് സുഖമില്ലാത്തതുകൊണ്ടാ സീറ്റിലിരിക്കുന്നത്." "സുഖമില്ലേല് തമ്പുരാട്ടി കാറ് വിളിച്ച് പോണം". കലി മുറുകിയ കണ്ടക്ടര്‍ തെറി കലക്കിയ വാചകങ്ങള്‍ ഉരുവിട്ടു തുടങ്ങിയപ്പോഴേക്കും പെണ്‍കുട്ടി എഴുന്നേറ്റുനിന്ന് മെല്ലെ പറഞ്ഞു. "പെണ്‍കുട്ടികളാകുമ്പോള്‍ മാസാമാസം ചെല പ്രശ്നങ്ങളും അസുഖോം ഉണ്ടാവും. അതൊക്കെ മനസ്സിലാവണെങ്കില്‍ വീട്ടില്‍ പോയി ഭാര്യയോടും അമ്മയോടും ചോദിച്ചാല്‍ മതി, അവര്‍ പറഞ്ഞുതരും." ഒന്നും പറയാതെ കാര്യം മനസ്സിലായ മാതിരി അവളോട് ചാര്‍ജ്ജും വാങ്ങി കണ്ടക്ടര്‍ പ്രശ്നം വിട്ടു. പിറ്റേന്ന് ഈ പെണ്‍കുട്ടി കോളേജ് വിട്ട് സ്റ്റാന്റില്‍ കയറുമ്പോള്‍ ഡ്യൂട്ടിയിലില്ലാത്ത സ്റ്റാന്റിലെ ചില ചെറുപ്പക്കാര്‍ക്കിടയില്‍ നിന്നൊരാള്‍ ഉറക്കെ ചോദിക്കുന്നു. "മാസാമാസമുള്ള ഈ പ്രശ്നൊക്കെ ഒരു പത്തുമാസത്തേക്ക് നിര്‍ത്തിത്തരാന്‍ വിദ്യയുണ്ട്, മോള്‍ക്കു വേണോ?" ഉച്ചത്തിലുള്ള അശ്ലീലച്ചിരികള്‍ക്കിടയിലൂടെ കരഞ്ഞുകൊണ്ട് ബാഗും നെഞ്ചത്തുകൂട്ടിപ്പിടിച്ച് ആ പെണ്‍കുട്ടി ബസുകള്‍ക്കിടയിലൂടെ സ്റ്റാന്റിനകത്തേക്ക് ഓടിക്കയറി....
  രണ്ട്
  അങ്ക​ണവാടിയില്‍ നിന്ന് മകള്‍ തിരിച്ചുവീട്ടിലെത്താന്‍ അഞ്ചുമിനിറ്റ് വൈകിയാല്‍ ചേച്ചിയാകെ ആധിപിടിച്ച് വിയര്‍ക്കും. ഈ ചേച്ചി വിദൂര വിദ്യാഭ്യാസം വഴി എം.എ. പരീക്ഷയെഴുതുന്ന കാലത്ത് സെന്ററായി കിട്ടിയത്, വീട്ടില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട്ടെ ഒരു കോളേജിലായിരുന്നു. രണ്ടുമണിക്ക് തുടങ്ങുന്ന പരീക്ഷ അവസാനിച്ച് വീട്ടിലെത്തുമ്പോള്‍ എട്ടുമണി കഴിയും. ആദ്യ പരീക്ഷക്ക് പോയപ്പോള്‍ ബസിലെ ക്ലീനറോട് അച്ചച്ചന്‍ ഏല്‍പ്പിച്ചു. "ഇങ്ങള് തിരിച്ചുപോരുമ്പോള്‍ സ്റ്റാന്റീന്ന് ഇവളും കേറും, ഒന്നു ശ്രദ്ധിച്ചേക്കണേ...". ആ ഒരേല്‍പ്പിക്കല്‍ മാത്രം മതിയായിരുന്നു അന്ന് ചേച്ചിയുടെ രാത്രി യാത്രയുടെ സുരക്ഷിതത്വം ഞങ്ങള്‍ക്കുറപ്പാക്കാന്‍! ബസിറങ്ങി, സ്റ്റോപ്പില്‍ നിന്നും കാല്‍ കിലോമീറ്ററോളം ദൂരം ഞങ്ങളാരും ചേച്ചിയെ കൂട്ടിക്കൊണ്ടുവന്നിട്ടില്ല. ബസിറങ്ങുമ്പോള്‍ തൊട്ടടുത്ത പീടികയില്‍ ചായപ്പൊടിയും പഞ്ചാരയും വാങ്ങി കഥയും പറഞ്ഞിരിക്കുന്ന സൂപ്പിക്കയോ, രാഘവേട്ടനോ.....അങ്ങനെ ആരെങ്കിലും ചേച്ചിയെ ടോര്‍ച്ചടിച്ച് വീട്ടിലാക്കുമായിരുന്നു. കോണികയറി, മുറ്റത്തേക്കുള്ള എട്ടൊന്‍പതു മീറ്റര്‍ ദൂരത്തേക്ക് കോണിക്കല്‍ നിന്ന് അവര്‍ അലൂമിനി ടോര്‍ച്ച് നീട്ടിയടിക്കും. ആ വെളിച്ചത്തിലൂടെ ചേച്ചി മുറ്റത്തുകയറിയാല്‍ അമ്മമ്മ വിളിച്ചു പറയും. "ഓളിങ്ങ് എത്തീക്കേ....". അപ്പോഴേ ആ വെളിച്ചം അണയൂ.അങ്കണ്‍വാടിയില്‍ നിന്നും തിരികെയെത്തിയ കുഞ്ഞിനെ മടിയിലിരുത്തി ചോറുകൊടുക്കുന്ന ചേച്ചിയെ ഞാനീ സംഭവം ഓര്‍മ്മിപ്പിച്ച് വെപ്രാളത്തെ കളിയാക്കും. അപ്പോള്‍ ചേച്ചി ഒരമ്മയുടെ ഗൌരവത്തോടെ ചൂടാകും. "മോനേ, കാലം മാറി, നിനക്കെന്താ കഥ."
  അതെ, അന്നത്തെ മിക്ക വെളിച്ചങ്ങളും കെട്ടുപോയ വഴികളിലൂടെയാണ് നമ്മുടെ പെണ്‍കുട്ടികളിന്ന് യാത്ര ചെയ്യുന്നത്. ജാഗ്രതയോടെ അവര്‍ക്ക് കാവലിരിക്കുകയും, അവരെ ജാഗരൂഗരാക്കുകയും വേണം.


  Read More | തുടര്‍ന്നു വായിക്കുക

  3 കള്ളന്മാരും സ്വര്‍ണനാണയങ്ങളും

  >> Saturday, January 2, 2010

  സംസ്ഥാന ഗണിതശാസ്ത്രക്വിസിന്‍റെ ഉത്തരങ്ങള്‍ നല്‍കാനാവശ്യപ്പെട്ടിട്ട് ഇത്രയും വായനക്കാരുള്ള നമ്മുടെ ബ്ലോഗില്‍ ഒരേ ഒരാള്‍ മാത്രമേ ഉത്തരമെഴുതിയുള്ളു എന്നത് അല്പം ഖേദകരമായി തോന്നുന്നു. Maths എന്ന പേരില്‍ ഉത്തരം നല്‍കിയ പാലക്കാട്ടെ അധ്യാപകന് ബ്ലോഗ് വായനക്കാരുടെ പേരില്‍ അഭിനന്ദനങ്ങള്‍. നമ്മുടെ വായനക്കാര്‍ക്ക് അതിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ബ്ലോഗ് ടീം അംഗങ്ങള്‍ സംസ്ഥാനതല ഗണിതശാസ്ത്ര പ്രശ്നോത്തരി (State Level Maths Quiz) പ്രസിദ്ധീകരിച്ച ആ പോസ്റ്റില്‍ ആവശ്യമായ വിശദീകരണം നല്‍കുന്നതാണ്.

  ഇന്ന് എല്ലാ ഗണിത സ്നേഹികള്‍ക്കുമായി ഒരു കൊച്ചു പ്രശ്നം നല്‍കുന്നു. എന്താണെന്നല്ലേ. മൂന്നു കള്ളന്മാര്‍ കൂടി ഒരു സ്വര്‍ണക്കടയിലെ കുറെ സ്വര്‍ണനാണയങ്ങള്‍ മോഷ്ടിച്ചു. മോഷണം നടന്നത് ഒരു രാത്രിയായിരുന്നു. ക്ഷീണം മൂലം ഒന്നുറങ്ങിയിട്ടാവട്ടെ മോഷണമുതല്‍ പങ്കുവെക്കുന്നതെന്ന് പറഞ്ഞ് അവര്‍ മൂവരും ഒരു ആരാധനാലയത്തിന്‍റെ മുന്നില്‍ ഉറങ്ങാന്‍ കിടന്നു.

  എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായപ്പോള്‍ ഇക്കൂട്ടത്തില്‍ നിന്നും ഒരാളെഴുന്നേറ്റ് സ്വര്‍ണനാണയങ്ങള്‍ സൂക്ഷിച്ച സഞ്ചിയില്‍ നിന്നും ഒരെണ്ണമെടുത്ത് ആരാധനാലയത്തിലെ ഭണ്ഡാരത്തിലിട്ടു. ബാക്കിയുള്ളത് കൃത്യം മൂന്നായി ഭാഗിച്ച് ഒരു ഭാഗം എടുത്ത് ഒളിച്ചു വെച്ച ശേഷം ഒന്നുമറിയാത്തപോലെ ഉറക്കം പിടിച്ചു. അല്പം കഴിഞ്ഞ് അടുത്തയാളെഴുന്നേ് ആദ്യത്തെയാള്‍ ചെയ്ത അതേ പ്രവൃത്തി തന്നെ ചെയ്തു. മറ്റ് രണ്ട് പേര്‍ ഉറക്കമുണരും മുമ്പേ മൂന്നാമനും അവര്‍ ചെയ്ത പണി അതേ പോലെ തന്നെ ആവര്‍ത്തിച്ചു.

  രാവിലെ മൂവരും എഴുന്നേറ്റു. സഞ്ചി തുറന്നു. അതിലെ ഒരു സ്വര്‍ണനാണയമെടുത്ത് ഭക്തിപരവശരായിത്തന്നെ ഭണ്ഡാരത്തിലേക്ക് നിക്ഷേപിച്ച് പ്രാര്‍ത്ഥനാ നിരതരായി. ഒടുവില്‍ പിരിയും മുമ്പേ സ്വര്‍ണനാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി കൃത്യം മൂന്നായി ഭാഗിച്ച് യാതൊരു പ്രശ്നങ്ങളുമില്ലാതെ സ്ഥലം വിട്ടു. ചോദ്യം ഇതാണ്.

  സ്വര്‍ണക്കടയില്‍ നിന്നും മോഷ്ടിച്ചത് എത്ര സ്വര്‍ണനാണയങ്ങളായിരുന്നു?


  Read More | തുടര്‍ന്നു വായിക്കുക

  2010 ന് സ്വാഗതം

  >> Friday, January 1, 2010

  ലോകത്തെയാകെ ആനന്ദത്തിലാറാടിച്ചു കൊണ്ട് പുതുവര്‍ഷം വരവായി. പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെ, നിറച്ചാര്‍ത്തുകളണിഞ്ഞ്... 2009 ലെ നഷ്ടങ്ങളെയും ദുഃഖങ്ങളെയുമെല്ലാം വിസ്മരിച്ച് പുതുവര്‍ഷത്തില്‍ നമുക്കായി കാത്തിരിക്കുന്ന സന്തോഷത്തെയും നന്മകളെയുമെല്ലാം കരഗതമാക്കാന്‍ 2010 നെ മനസു തുറന്ന് സ്വാഗതം ചെയ്യാം.

  ഏവര്‍ക്കും മാത്‌സ് ബ്ലോഗ് ടീമിന്‍‍റെ നവവത്സരാശംസകള്‍ .


  Read More | തുടര്‍ന്നു വായിക്കുക
  ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer