ഫേസ്‍ക്രോപ്പര്‍

>> Saturday, September 21, 2019

സ്‍കൂളിലെ ഹെഡ്‍മാസ്റ്റര്‍ അഥവാ വൈസ് പ്രിന്‍സിപ്പലായി കഴിഞ്ഞ ജൂണില്‍ സ്ഥാനമേറ്റതാണ്. സമ്പൂര്‍ണ, സമഗ്ര, സമന്വയാദി പേരുകളിലുള്ള ഒട്ടനേകം ഓണ്‍ലൈന്‍ സംവിധാനങ്ങളുമായി പടപൊരുതി വരികയാണ്. അതോടൊപ്പംതന്നെ വിദ്യാഭ്യാസ വകുപ്പിന്റെ ഇത്തരം കടലാസുരഹിത ജോലി ലഘൂകരണപ്രവര്‍ത്തനങ്ങളുടെ അന്തസ്സത്ത മനസ്സിലാകാത്ത ചില വിഭാഗങ്ങളുടെ പഴയരീതിയിലുള്ള പ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും ജോലി ഇരട്ടിയാക്കുന്നുമുണ്ട്. ഇതിനിടയിലാണ് ഇന്നലെ സ്കൂളിലെ കായികാധ്യാപകന്‍ ഗെയിംസിന് സ്കൂളില്‍ നിന്നും രജിസ്റ്റര്‍ ചെയ്യേണ്ട, 54 കുട്ടികളുടെ ഫോട്ടോകളടങ്ങുന്ന വിവരങ്ങള്‍‍ എത്രയുംവേഗം ഓണ്‍ലൈനായി http://schoolsports.in എന്ന വെബ്‍സൈറ്റില്‍ അപ്‍ലോഡ് ചെയ്യേണ്ടതുണ്ടെന്ന ആവശ്യവുമായി എത്തുന്നത്. കുട്ടികളെ ഓരോരുത്തരായി വിളിച്ച്, ചേമ്പറില്‍ നിര്‍ത്തി പടമെടുത്തു. ഇനി അവ ഓരോന്നിനേയും 150x200 സൈസില്‍ 50കെബി ക്ക് താഴെയായി പരിവര്‍ത്തിപ്പിച്ചാലേ അവ സൈറ്റില്‍ കയറുകയുള്ളൂ. ഓരോന്നെടുത്ത് അപ്പണി മുഴുവന്‍ ചെയ്യുന്നത് മൂന്നുനാലുദിവസത്തെ പണിയാകും. അപ്പോഴാണ് കോട്ടയം ജില്ലയില്‍ നിന്നുള്ള കൈറ്റ് മാസ്റ്റര്‍ ട്രെയിനറും മാത്‍സ് ബ്ലോഗ് അഡ്‍മിനും സുഹൃത്തുമായ നിധിന്‍ ജോസ് തയാറാക്കിയ facecropper എന്ന മികച്ചൊരു സോഫ്റ്റ്‍വെയര്‍ ഓര്‍മവന്നത്! മൊബൈലില്‍, പല വലുപ്പത്തിലെടുത്ത എല്ലാ ചിത്രങ്ങളും കേബിള്‍ വഴി ലാപ്‍ടോപ്പിലെ ഒരു ഫോള്‍ഡറിലേക്ക് മാറ്റി. ഇവിടെ നിന്നും facecropper1.0എന്ന ഏറ്റവും പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തു. നമുക്കു പരിചിതമായ ഡെബ് ഫയല്‍ അനായാസം ഇന്‍സ്റ്റാള്‍ ചെയ്തു. Applications -> Graphics > face-cropper എന്ന രീതിയില്‍ തുറന്നു. Select Folderഎന്നതില്‍ ക്ലിക്കി ഫോള്‍ഡര്‍ തെരഞ്ഞെടുത്തു. Width, Height എന്നിവ വേണ്ടതുപോലെ ആക്കി. Crop facesഎന്നതില്‍ ക്ലിക്ക് ചെയ്ത് ഒരു മൂന്നു മിനിറ്റ് കാത്തിരുന്നു. അതേ ഫോള്‍ഡറില്‍, facesഎന്ന ഉപഫോള്‍ഡര്‍ തനിയേ ഉണ്ടാക്കി 54കുട്ടികളുടെയും ആവശ്യമായ അളവുകളിലുള്ള ചിത്രങ്ങള്‍ ഒരു തളികയിലെന്നതുപോലെ റെഡി! ലിറ്റില്‍ കൈറ്റ്‍സിലെ മിടുക്കര്‍ കേവലം അരമണിക്കൂര്‍കൊണ്ട് മുഴുവന്‍ പണിയും തീര്‍ത്തു. ഇനി സ്‍പോര്‍ട്സും കലോത്സവവുമൊക്കെ വരുമ്പോള്‍ ഇജ്ജാതി പണി ഞങ്ങള്‍ പൊളിക്കും.


Read More | തുടര്‍ന്നു വായിക്കുക

Sasthrolsavam Manual 2019

>> Saturday, September 14, 2019


കേരള സ്കൂൾ ശാസ്‍ത്രോത്സവ മാന്വൽ പത്ത് വർഷങ്ങൾക്ക് ശേഷം പരിഷ്കരിച്ച് പുറത്തിറങ്ങിയിരിക്കുകയാണല്ലോ. 2019-20 വർഷം മുതലുള്ള മേളകൾ ഈ മാന്വൽ പ്രകാരമായിരിക്കും നടത്തപ്പെടുക. ഒട്ടേറെ പുതുമകളും മാറ്റങ്ങളുമായാണ് പുതിയ മാന്വലിന്റെ കടന്നുവരവ്.

പുതിയ മാന്വൽ (2019) ഇവിടെയും
റഫറൻസ് ആവശ്യങ്ങൾക്കായി മാത്രം പഴയ മാന്വൽ (2009) ഇവിടെയും നല്കുന്നു.

പഴയതിൽ നിന്നുള്ള പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ചർച്ച ചെയ്യാനായി ഈ കുറിപ്പ് പ്രയോജനപ്പെടുമെന്ന് കരുതുന്നു.

പ്രധാനപ്പെട്ട മാറ്റങ്ങൾ ചുവടെ നല്കുന്നു:

ശാസ്‍ത്രോത്സവം പൂർണമായും ഹരിത പെരുമാറ്റചട്ടത്തിനു വിധേയമായിരിക്കും.

LP, UP വിഭാഗം മത്സരങ്ങൾ ഉപജില്ലാ തലത്തിൽ അവസാനിക്കും.

ഉപജില്ലാ/ജില്ലാ തലത്തിൽ A ഗ്രേഡ് സഹിതം ഒന്നും രണ്ടും സ്ഥാനം നേടുന്ന HS, HSS വിഭാഗം വിദ്യാർത്ഥികൾക്ക്‌ അടുത്ത ലെവലി
(ജില്ലാ/സംസ്ഥാന തല മത്സരത്തിൽ) പങ്കെടുക്കാം.

ഗ്രേഡ് കണക്കാക്കുന്ന സ്ലാബിലും മാറ്റമുണ്ട്.
80% - 100% : A Grade
70 - 79 : B

60 - 69 : C

പഴയതിൽ ഇത് 70 – 100, 60 – 69, 50 – 59 എന്നിങ്ങനെ ആയിരുന്നു.
പുതിയ മാന്വൽ പ്രകാരം 60% ൽ താഴെയുള്ള സ്കോർ, ഗ്രേഡ് ചെയ്യുന്നതല്ല.

ശാസ്‍ത്രോത്സവത്തിൽ ഒരു ഇനത്തിൽ മാത്രമേ ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാൻ അവസരമുള്ളു.
ഇത് കൂടാതെ ഏതെങ്കിലും ക്വിസ് മത്സരത്തിലും പങ്കെടുക്കാം.

സംസ്ഥാന മേളയിൽ കുട്ടികൾ അവരുടെ ഇനത്തേക്കുറിച്ച് മത്സര സമയത്ത് ലഘു കുറിപ്പ് തയ്യാറാക്കി നൽകണം. ഈ വിവരണത്തോടൊപ്പം ഫോട്ടോകളും ഉൾപ്പെടുത്താം.

അദ്ധ്യാപകർക്കായി Teacher’s Project എന്ന പുതിയ മത്സര ഇനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്


അപ്പീൽ കമ്മറ്റിയ്ക്കായി പുതിയ മാന്വലിൽ ഒരു അധ്യായം തന്നെയുണ്ട്. അപ്പീൽ ഫീസും വർദ്ധിപ്പിച്ചിട്ടുണ്ട്.(പഴയ ഫീസ് ബ്രാക്കറ്റിൽ)

സ്കൂൾ തലത്തിൽ അപ്പീൽ ഫീസ് ഇല്ല.
ഉപജില്ലാ തലത്തിൽ 500 രൂപ.(പഴയ ഫീസ് 250 രൂപ.)
റവന്യൂജില്ലാ തലത്തിൽ 1500 രൂപ. (500 രൂപ.)
സംസ്ഥാന തലത്തിൽ 2000 രൂപ. (1000 രൂപ.)

  9,10,11,12 ക്ലാസ്സുകളി
ൽ പഠിക്കുന്ന, മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിയും 20 രൂപ രജിസ്‍ട്രേഷൻ ഫീസ് നല്കണം.

ഒരു മേളയുടേയും അദ്ധ്യാപക മത്സരങ്ങൾ, Talent Search Examination, മാഗസിൻ മത്സരം എന്നിവ ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതല്ല.

ശാസ്‍ത്രമേളയിലെ മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല. എങ്കിലും അവയുടെ മൂല്യ നിർണയ ഉപാധികളിൽ ചെറിയ പരിഷ്കാരങ്ങളുണ്ട്.

ഗണിതശാസ്‍ത്രമേളയിൽ എൽ. പി. വിഭാഗത്തിൽ നമ്പർ ചാർട്ട് എന്ന മത്സര ഇനം കൂടുതലായി ഉൾപ്പെടുത്തി.
യു. പി. വിഭാഗത്തിൽ ഗെയിം കൂടുതലായി ഉൾപ്പെടുത്തി.
എൽ. പി. ഒഴികെയുള്ള വിഭാഗങ്ങളിൽ Talent Search Examination എന്ന മത്സര ഇനം പുതുതായി ഉൾപ്പെടുത്തി.

സാമൂഹ്യശാസ്‍ത്രമേളയിൽ ക്വിസ് മത്സരത്തിൽ രണ്ട് കുട്ടികൾ അടങ്ങിയ ടീമിന് പകരം ഒരു കുട്ടി എന്നതാണ് മാറ്റം.

പ്രവൃത്തിപരിചയമേളയിൽ തത്‍സമയ നിർമ്മാണ മത്സരത്തിൽ
എൽ. പി., യു. പി. വിഭാഗങ്ങളിൽ മാറ്റമൊന്നുമില്ല.
HS, HSS
വിഭാഗങ്ങളിൽ പച്ചക്കറി പഴവർഗ സംസ്കരണം എന്ന മത്സര ഇനവും ചെലവു ചുരുങ്ങിയ പോഷകാഹാര വിഭവങ്ങൾ എന്ന മത്സര ഇനവും ചേർത്ത് ഒറ്റ മത്സര ഇനമാക്കി മാറ്റി.

ഐ.ടി. മേള ആദ്യമായി മാന്വലിന്റെ ഭാഗമാകുന്നുവെന്ന അർത്ഥത്തിൽ എല്ലാ മത്സര ഇനങ്ങളും പുതിയ മത്സര ഇനങ്ങളാണ്. എങ്കിലും മുൻ കാല ഐ.ടി. മേളയുമായി താരതമ്യപ്പെടുത്തുമ്പോൾ
യു. പി. വിഭാഗം മത്സര ഇനങ്ങളിൽ മാറ്റമൊന്നുമില്ല.
HS, HSS
വിഭാഗങ്ങളിൽ സ്‍ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നീ മത്സര ഇനങ്ങൾ പുതുതായി ഉൾപ്പെടുത്തി.
മൾട്ടി മീഡിയ പ്രസന്റേഷന്‍ എന്നത് രചനയും അവതരണവും (പ്രസന്റേഷൻ)‍ എന്നാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ മലയാളം ടൈപ്പിംഗ് എന്നത് മലയാളം ടൈപ്പിങ്ങും രൂപകല്പനയും എന്നും മാറ്റിയിട്ടുണ്ട്.
ഐ.ടി. പ്രോജക്ട് മത്സരം ഒഴിവാക്കി.

ഈ അഞ്ച് മേളകളും ഒന്നിച്ച് ഒരു മാന്വലിന്റെ കീഴിൽ, കേരള സ്കൂൾ ശാസ്‍ത്രോത്സവം എന്ന പേരിലാണ് ഇനി അറിയപ്പെടുക.


വിദ്യാർത്ഥികളിൽ അന്തർലീനമായ ശാസ്‍ത്ര കഴിവുകളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച് കേരളത്തിന് അഭിമാനമായി ലോകത്തിന് മുമ്പിൽ ഭാരതത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് ശാസ്‍ത്രോത്സവത്തിന്റെ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ മാന്വലിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഈ ലക്ഷ്യത്തിലേക്കായി നമുക്കും പ്രയത്നിക്കാം.....


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer