മാത്​സ് ബ്ലോഗിന് രണ്ട് വയസ്സ്

>> Monday, January 31, 2011


മാത്​സ് ബ്ലോഗിന് രണ്ടു വയസ്സ്! 2009 ജനുവരി 31 ന്റെ സായന്തനത്തില്‍ എറണാകുളം ജില്ലയിലെ എടവനക്കാട് പിറന്നുവീണ, കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരുടേയും കുട്ടികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ലാ ലോകമെമ്പാടുമുള്ള ഗണിതസ്നേഹികളുടേയും ഈ പൊന്നോമന, ശൈശവസഹജമായ അരിഷ്ടതകള്‍ അതിജീവിച്ചുകൊണ്ട് ബാല്യത്തിലേക്ക് പിച്ചവെക്കുകയാണ്. ഒത്തിരി നന്ദിയുണ്ട്, എല്ലാവരോടും. കഴിഞ്ഞ ബക്രീദ് ദിനത്തില്‍ ഞങ്ങളോടൊത്ത് മണിക്കൂറുകളോളം ചെലവഴിച്ച ബഹു. ഡിപിഐ ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ്, ഐടി@സ്കൂള്‍ എക്സി. ഡയറക്ടര്‍ ശ്രീ. അന്‍വര്‍ സാദത്ത് സാര്‍, മുഖ്യ രക്ഷാധികാരികളായ കൃഷ്ണന്‍സാര്‍, അച്യുത് ശങ്കര്‍ സാര്‍, സഹോദരതുല്യനായ സുനില്‍ പ്രഭാകര്‍ സാര്‍, ഈ ബ്ലോഗിന് പ്രചോദനമാകുകയും ആദ്യ കമന്റിലൂടെ ഞങ്ങളെ വിസ്മയിപ്പിക്കുകയും ചെയ്ത ഐടി@സ്കൂള്‍ എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ആന്റണി സാര്‍, തല്ലിയും തലോടിയും എന്നും കൂടെ നിന്ന മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാര്‍, സ്വന്തം വെബ്​പോര്‍ട്ടലായ 'ഹരിശ്രീ പാലക്കാടി'നോടു തുല്യമായ സ്നേഹം എന്നും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഐടി@സ്കൂള്‍ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയരാജന്‍ സാര്‍,എസ്.ഐ.ടി.സിമാരുടെ കണ്ണിലുണ്ണികളായി മാറിയ മലപ്പുറത്തെ ഹസൈനാര്‍ മങ്കട, ഹക്കീം സാര്‍, ബ്ലോഗിന്റെ നിറചൈതന്യങ്ങളായ അഞ്ജന, പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്ററി സ്കൂളിലെ കൊച്ചുമിടുക്കികള്‍ ആതിര,അനന്യ,ഹരിത, പൈത്തണ്‍ ക്ലാസ്സുകളിലൂടെ ലളിത പാഠങ്ങളുമായി വന്ന ഫിലിപ്പ്സാര്‍, മത്സരപരീക്ഷാ സഹായവുമായി ഭാഷയുടേയും സംസ്ഥാനത്തിന്റേയും അതിരുകള്‍ ഭേദിച്ച് കടന്നുവന്ന ചത്തീസ്ഘഢിലെ സഞ്ജയ് ഗുലാത്തി സാര്‍,......വേണ്ടാ, എഴുതാന്‍ തുടങ്ങിയാല്‍ എങ്ങും നില്ക്കില്ല!

ഈ അവസരത്തില്‍ വായനക്കാര്‍ ഈ ബ്ലോഗുമായുള്ള പരിചയം കമന്റിലൂടെ പങ്കുവെച്ചാലോ..? ഈ ബ്ലോഗ് നിങ്ങളെ സ്കൂള്‍ അധ്യയനത്തില്‍ എങ്ങിനെ സഹായിക്കുന്നു...? എങ്ങിനെയാണ് നിങ്ങള്‍ ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്. ? മാത്സ് ബ്ലോഗ് അവതരിപ്പിക്കുന്ന പുതിയ സംവിധാനങ്ങള്‍ (എസ്.എം.എസ് അലേര്‍ട്ട്, ഫ്ലാഷ് ന്യൂസ് എന്ന പുതിയ ഗാഡ്ജറ്റ്) നിങ്ങള്‍ക്ക് പ്രയോജനപ്പടുന്നുണ്ടോ എന്നൊക്കെയറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ടീമംഗങ്ങളെല്ലാവരുടേയും അനുഭവങ്ങള്‍ കൂടിയാകുമ്പോള്‍ കമന്റുകളില്‍ റെക്കോഡ് തന്നെ പ്രതീക്ഷിക്കാമല്ലോ, അല്ലേ?
ഒപ്പം ഭാവി പരിപാടികളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളുമാകാം, എന്താ? കൂടുതല്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്. വിമര്‍ശനങ്ങളും സ്വാഗതാര്‍ഹമാണ് കേട്ടോ..!


Read More | തുടര്‍ന്നു വായിക്കുക

റിവിഷന്‍ ചോദ്യപേപ്പര്‍ 7

>> Friday, January 28, 2011

ലളിത ടീച്ചര്‍ തയ്യാറാക്കിയ പരിശീലന ചോദ്യങ്ങളാണ് ഇന്നത്തെ പോസ്റ്റിലുള്ളത് . ഒപ്പം ഒന്‍പതാം ക്ലാസിലെ രണ്ട് വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറും ഉണ്ട്. ആദ്യത്തേത് ജോണ്‍ സാര്‍ തയ്യാറാക്കിയതും രണ്ടാമത്തേത് ടീന ടൈറ്റസ് അയച്ചു തന്നതും. ഒന്‍പതാംക്ലാസിലെ പാഠഭാഗത്തുനിന്നും ഒരു ചോദ്യവും ചേര്‍ത്തിട്ടുണ്ട് . പുതിയ പുസ്തകത്തില്‍ നിന്നും പഠനപ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കമന്റുകളും മെയ്ലുകളും ധാരാളം ലഭിക്കുന്നുണ്ട് . പ്രഗത്ഭരായ പല ഗണിതാധ്യാപകരുടെയും ഇടപെടലുകള്‍ കൊണ്ട് ഇത്തരം പോസ്റ്റുകള്‍ അര്‍ഥവത്തായി മാറും. താഴെ കൊടുത്തിരിക്കുന്ന ഗണിതപ്രശ്നം സദൃശത്രികോണങ്ങളില്‍ നിന്നും രൂപീകരിച്ചതാണ്. ഇതൊരു പഠനപ്രവര്‍ത്തനമായി കാണാം. പല തരത്തില്‍ ഉത്തരത്തിലെത്താന്‍ കഴിയുന്നതിനാല്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന അസെന്‍മെന്റ് കൂടിയാണിത്. സ്വതന്ത്രമായി ചിന്തിക്കാനും ഗ്രൂപ്പുകളിലെ പങ്കുവെയ്ക്കലിലൂടെ, ഇടപെടലുകളിലൂടെ പുതിയ കാഴ്ചകള്‍ കാണാനും ഈ പ്രവര്‍ത്തനം പ്രചോദനമേകും. ഇനി ചോദ്യത്തിലേയ്ക്ക് കടക്കാം.

ചിത്രത്തില്‍ കാണുന്ന ത്രികോണം ABC യുടെ രണ്ടു മധ്യമരേഖകളാണ് (Medians) AP , BQ . മധ്യമരേഖകള്‍ പരസ്പരം ലംബമായി O യില്‍ ഖണ്ഡിക്കുന്നു. BC = 3 യൂണിറ്റ് , AC = 4 യൂണിറ്റ് . AB എത്രയെന്ന് കണ്ടെത്തുക.
ഏഴാമത്തെ റിവിഷന്‍ പേപ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

STD IX Mathematics Sample Qn Paper & Sample-II (Annual)

‌2011 March Qn Paper VIII | Qn Paper IX | IX Answers(Hitha)


Read More | തുടര്‍ന്നു വായിക്കുക

മാത് സ് ബ്ലോഗിന് രണ്ടു വയസ്സ് - കേരളകൌമുദി

>> Monday, January 24, 2011
Read More | തുടര്‍ന്നു വായിക്കുക

SSLC സി.ഇ ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റലേഷന്‍


എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായും സി.ഇ മാര്‍ക്ക് എന്റ്റിയുമായും ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചതു പോലെ, ഈ വര്‍ഷത്തെ സി.ഇ ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ട് ലിനക്സില്‍ സി.ഇ മാര്‍ക്ക് എന്‍ട്രി നടത്തുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. തെറ്റുകുറ്റങ്ങള്‍ കാണുകയാണെങ്കിലോ, എളുപ്പവഴികള്‍ മനസ്സില്‍ തോന്നുകയാണെങ്കിലോ അക്കാര്യം കമന്റിലൂടെ സൂചിപ്പിച്ചാല്‍ വേണ്ട ഭേദഗതികള്‍ വരുത്താവുന്നതേയുള്ളു. അത് നമ്മുടെ അധ്യാപകര്‍ക്ക് വലിയൊരളവു വരെ സഹായകമായിരിക്കും.കേവലം സ്റ്റെപ്പുകള്‍ യാന്ത്രികമായി ചെയ്യുന്നതിനേക്കാളപ്പുറം ഓരോ കമാന്റും എന്തെല്ലാം ജോലികള്‍ ചെയ്യുന്നു എന്നു കൂടി അധ്യാപകര്‍ക്കു വിശദീകരിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഉബുണ്ടുവില്‍ സി.ഇ ഡാറ്റാ എന്‍ട്രി സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ വിശദമായ സ്റ്റെപ്പുകള്‍ താഴെ കൊടുക്കുന്നു.

ഈ വര്‍ഷത്തെ ഏക പ്രത്യേകത, നെറ്റ്​വര്‍ക്ക് വഴി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സംവിധാനം കൂടി ഒരുക്കിയിരിക്കുന്നുവെന്നതാണ്. (വളരെയധികം കുട്ടികളുള്ള സ്കൂളുകള്‍ക്ക് ഗുണം ചെയ്യുന്ന ഈ രീതിയുടെ വിശദമായ സ്റ്റെപ്പുകള്‍ സിഡിയിലുണ്ട്.)
എ ലിസ്റ്റ് ഡാറ്റാ എന്‍ട്രിയുമായി വലിയ രീതിയിലുള്ള വ്യത്യാസമൊന്നും സി.ഇ ഡാറ്റാ എന്‍ട്രി ഇന്‍സ്റ്റലേഷന്‍ കാണാനില്ല. അതുകൊണ്ടു തന്നെ സി.ഇ ഡാറ്റാ എന്‍ട്രി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല. കമാന്റുകള്‍ തെറ്റിപ്പോകുമെന്ന് സംശയമുണ്ടെങ്കില്‍ ഇതോടൊപ്പം നല്‍കിയിട്ടുള്ള കമാന്റ് കോപ്പിയെടുത്ത് ടെര്‍മിനലില്‍ അവശ്യഘട്ടങ്ങളില്‍ പേസ്റ്റ് ചെയ്താല്‍ മതിയാകും. ഏറ്റവും എളുപ്പമായി തോന്നിയത്, കഴിഞ്ഞ എ-ലിസ്റ്റ് ഡാറ്റാ എന്റ്റി നടത്തിയ ഉബുണ്ടു സിസ്റ്റത്തില്‍ ഇതും ചെയ്യാന്‍ ശ്രമിക്കലാണ്.

കഴിഞ്ഞ എ-ലിസ്റ്റ് ചെയ്ത സിസ്റ്റത്തില്‍

(ഇതില്‍ ചെയ്താലുള്ള ഗുണം, ആവശ്യമായ mysql പാക്കേജുകള്‍ സിസ്റ്റത്തിലുള്ളതുകൊണ്ട് അതിന്റെ ഇന്‍സ്റ്റലേഷന്റെ ആവശ്യമില്ലായെന്നതാണ്. നേരിട്ട് രണ്ടാമത്തെ സ്റ്റെപ്പിലേക്ക് പോകാം)

സ്റ്റെപ്പ് 1: mysql നിങ്ങളുടെ സിസ്റ്റത്തില്‍ ഉണ്ടോയെന്ന് എങ്ങനെ അറിയാം?

1.Desktop-Administration-Synaptic Package Manager എടുക്കുക.
2.Control Key യും f ബട്ടണും ഒരേ സമയം അമര്‍ത്തുക.
3.ഇപ്പോള്‍ വരുന്ന Search Box ല്‍ mysql എന്ന് Type ചെയ്ത് Enter അടിക്കുക.
4.റിസല്‍ട്ടായി വരുന്ന ഫയലുകളില്‍ mysql എന്ന് പേര് തുടങ്ങുന്ന ഫയലുകള്‍ നോക്കുക.

mysql ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ ഫയലുകളുടെയെല്ലാം ഇടതുവശത്ത് ഒരു പച്ച ചതുരം കാണാം. അപ്പോള്‍ ഇനി Mysql ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്റ്റെപ്പ് ചെയ്യേണ്ടതില്ല.

mysql ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം

വെളുത്ത ചതുരമാണ് കാണുന്നതെങ്കില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള സിസ്റ്റത്തിലെ ടെര്‍മിനലില്‍

എന്ന് നല്‍കി എന്റര്‍ ചെയ്യുക. റൂട്ട് പാസ് വേഡ് ചോദിക്കും, അത് നല്‍കണം.
ഇന്‍സ്റ്റലേഷനിടയില്‍ അവസാനം mysql പാസ് വേഡായി root എന്നും നല്‍കണം. മുകളില്‍ പറഞ്ഞ സ്റ്റെപ്പുകളെല്ലാം ഭംഗിയായി ചെയ്തു കഴിഞ്ഞെങ്കില്‍ My Sql ഇന്‍സ്റ്റലേഷന്‍ അവസാനിച്ചു.

സ്റ്റെപ്പ് 2: mysql ലേക്ക് ലോഗിന്‍ ചെയ്യുന്നതിന്

mysql പ്രോഗ്രാമിലേക്ക് root എന്ന് യൂസര്‍ നെയിമും root എന്ന് പാസ്​വേഡും നല്‍കി ലോഗിന്‍ ചെയ്യാം. അതിന്, സിഡിയിലുള്ള Without Network എന്ന ഫോള്‍ഡറിലെ Dist എന്ന ഫോള്‍ഡര്‍ മാത്രം Desktopലേക്ക് കോപ്പി ചെയ്യുക. തുടര്‍ന്ന്
Applications->Accessories->Terminal തുറന്ന് പ്രോംപ്റ്റില്‍
എന്ന് ഇവിടെ നിന്നും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.എന്റര്‍ അടിക്കുമ്പോള്‍
ഇങ്ങനെയായിരിക്കും output ലഭിക്കുക
Type 'help;' or '\h' for help. Type '\c' to clear the buffer.
mysql>


സ്റ്റെപ്പ് 3: Mysql ല്‍ SSLC CEക്കു വേണ്ടി പുതിയൊരു Database
എന്ന് ഇവിടെ നിന്നും കോപ്പി ചെയ്ത് mysql>എന്നതിനു ശേഷം പേസ്റ്റ് ചെയ്ത് എന്റര്‍ അടിക്കുക

ആ സമയം താഴെ പറഞ്ഞിരിക്കുന്ന പ്രകാരം ഡാറ്റാ ബേസ് ക്രിയേറ്റ് ചെയ്യപ്പെട്ടു എന്നു പറഞ്ഞു കൊണ്ടുള്ള output ലഭിക്കും.
mysql> create database sslc_ce;
Query OK, 1 row affected (0.02 sec)
mysql>


exit എന്നടിച്ച് എന്റര്‍ ചെയ്ത് mysql അബോര്‍ട്ട് ചെയ്ത് (Ctrlഉം cയും അടിച്ചാലും മതി!)Terminal ക്ലോസ് ചെയ്യുക.

സ്റ്റെപ്പ് 4 : എ-ലിസ്റ്റിന്റെ ടേബിള്‍ ഡാറ്റ Database ലേക്ക് കോപ്പി ചെയ്യുന്ന പ്രവര്‍ത്തനം

Dist ഫോള്‍ഡറില്‍ Right Click ചെയ്യുക. ഇപ്പോള്‍ വരുന്ന വിന്റോയിലെ run in Terminal ക്ലിക്ക് ചെയ്യുക.

അവിടെ
എന്ന് ഇവിടെ നിന്നും കോപ്പി ചെയ്ത് പേസ്റ്റ് ചെയ്ത് എന്റര്‍ അടിക്കുക.
കുറച്ചധികം സമയം കാത്തിരിക്കുക.(ഏതാണ്ട് രണ്ടുമിനിറ്റോളം!) ഇവിടെ ടേബിള്‍ ഡാറ്റ Create ചെയ്യപ്പെടുകയാണ്
ഈ പ്രവര്‍ത്തനം കഴിയുമ്പോള്‍ Automatic ആയി

debian:~/Desktop/dist# mysql -u root -proot sslc_ce<sslc_ce.sql;
Debain:~/Desktop/dist#
എന്നു വന്നു നില്‍ക്കും.
സ്റ്റെപ്പ് 5 : പ്രോഗ്രാം റണ്‍ ചെയ്യാം

Desktop ല്‍ ഉള്ള Dist ഫോള്‍ഡര്‍ തുറന്ന് അതിലെ SSLCApp.jar എന്ന ഫയലിന് പെര്‍മിഷന്‍ കൊടുക്കുക.
എങ്ങിനെ? മേല്‍പ്പറഞ്ഞ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത് Permissions ലെ execute as a program ടിക് ചെയ്ത് കൊടുക്കുക.
തുടര്‍ന്ന് SSLCApp.jar റൈറ്റ് ക്ലിക്ക് ചെയ്ത് Open with Sun Java runtime 6.0 കൊടുക്കുക.
ഏതാനും സെക്കന്റുകള്‍ കഴിയുമ്പോള്‍ SSLC Management Information System എന്ന തലക്കെട്ടോടെ ഒരു വിന്റോ വരും ഇതിലെ username നിങ്ങളുടെ സ്ക്കൂള്‍ കോഡാണ്. എന്റര്‍ അടിക്കുക password തല്‍ക്കാലം നിങ്ങളുടെ സ്ക്കൂള്‍ കോഡ് തന്നെ. എന്റര്‍ അടിച്ചാല്‍ ഇനി login ചെയ്യാം.

(ഇനി, നിങ്ങള്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഗ്നൂ/ലിനക്സ് 3.2 വിലാണെങ്കില്‍ സഹായകരമായ പോസ്റ്റ് ഇവിടെയുണ്ട്)

നെറ്റ് വര്‍ക്കിലൂടെയുള്ള SSLC CE installation steps
for Ubuntu - Gnu LInux, Prepared by Binu, Kollam


Read More | തുടര്‍ന്നു വായിക്കുക

പത്താം ക്ലാസിലെ ന്യൂക്ലിയര്‍ ഫിസിക്സ്

>> Thursday, January 20, 2011


ഈ ബ്ലോഗിനെന്തു കൊണ്ടാണ് മാത്​സ് ബ്ലോഗെന്ന് പേരിട്ടിരിക്കുന്നതെന്ന് പലരും ഈയിടെയായി ചോദിക്കാറുണ്ട്. പലവട്ടം പലരോടും നേരിട്ടു പറഞ്ഞിട്ടുള്ളതാണെങ്കിലും അതിനുള്ള മറുപടി ഇവിടത്തെ പോസ്റ്റുകള്‍ തന്നെയായിരിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. 2009 ജനുവരി 31 ലെ ഒരു മാത്​സ് ക്ലസ്റ്ററില്‍ രണ്ടു പേര്‍ കൂടി മാത്​സിന് വേണ്ടിയാണ് ബ്ലോഗ് ആരംഭിച്ചതെങ്കിലും ഈ ബ്ലോഗ് ആദ്യകാലം മുതലേ അധ്യാപക സമൂഹത്തെ ഒന്നായി കണ്ടു കൊണ്ടുതന്നെ വിഷയഭേദമന്യേ വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു പോരുകയായിരുന്നു. എന്നാല്‍ ബ്ലോഗ് അധ്യാപകര്‍ക്കിടയില്‍ പരിചിതമായത് മാത്​സ് ബ്ലോഗ് എന്നപേരിലായതു കൊണ്ട് തന്നെ പിന്നീടതില്‍ മാറ്റം വരുത്താനും നിന്നില്ല. മേല്‍പ്രസ്താവിച്ച കാര്യം അന്വര്‍ത്ഥമാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പോസ്റ്റ് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. പത്താം തരം ഭൗതിക ശാസ്ത്രപുസ്തകത്തിലെ ആറാം അദ്ധ്യായമായ ന്യൂക്ലിയര്‍ ഫിസിക്സ് എന്ന പാഠഭാഗത്തെ രണ്ട് ഭാഗങ്ങളിലായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ അധ്യായത്തില്‍. ആദ്യഭാഗം റേഡിയോ ആക്ടിവിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും രണ്ടാം ഭാഗം ന്യൂക്ലിയര്‍ ഊര്‍ജ്ജവുമായും ബന്ധപ്പെട്ട കാര്യങ്ങളും ആണ് അവതരിപ്പിക്കുന്നത്. മാത്​സ് ബ്ലോഗിനു വേണ്ടി ഹിത.പി.നായരുടെ സഹായത്തോടെ ആതിര പരുത്തിപ്പള്ളി അയച്ചു തന്ന ഫിസിക്സ് പി.ഡി.എഫ് ഫയലാണ് ഇതോടൊപ്പം നല്‍കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും ഏഴ് പേജുള്ള പി.ഡി.എഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

റേഡിയോ ആക്ടിവിറ്റി

പ്രധാന ആശയങ്ങള്‍


 • ന്യൂക്ലിയസ് എന്ന ആശയവും ന്യൂക്ലിയര്‍ പ്രവര്‍ത്തനവും

 • ഐസോടോപ്പുകള്‍, ഐസോബാറുകള്‍ എന്ന ആശയം

 • ന്യൂക്ലിയര്‍ സ്ഥിരതയും റേഡിയോ ആക്ടിവിറ്റിയും

 • റേഡിയോ ആക്ടീവ് വികിരണങ്ങള്‍

 • വികിരണങ്ങള്‍ ഉല്‍സര്‍ജ്ജിക്കുമ്പോള്‍ ന്യൂക്ലിയസ്സിലെ മാറ്റങ്ങള്‍
Click here to download the Physics Notes


Read More | തുടര്‍ന്നു വായിക്കുക

സംസ്ഥാന സ്ക്കൂള്‍ കലോത്സവം : കോഴിക്കോട് ജേതാക്കള്‍

>> Wednesday, January 19, 2011


കോട്ടയത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ അഞ്ചാംതവണയും കോഴിക്കോട് കലാകിരീടം ചൂടി. 819 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 776 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തെത്തി. 767 പോയിന്റോടെ കണ്ണൂര്‍ മൂന്നാമതായി. പാലക്കാട് (763), എറണാകുളം (735), കോട്ടയം (729) എന്നിവര്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസ് ആണ് ഓവറോള്‍ ചാമ്പ്യന്മാരായത്. ഇടുക്കി കുമാരമംഗലം എം.കെ.എന്‍ എം.എച്ച്.എസ് ആണ് രണ്ടാംസ്ഥാനത്ത്. പുല്ലുമേട് ദുരന്തത്തെതുടര്‍ന്ന് ഉദ്ഘാടനദിവസം മാറ്റിവെച്ച സാംസ്‌ക്കാരിക ഘോഷയാത്ര സമാപന ദിവസമാണ് നടന്നത്. ഈ വര്‍ഷത്തെയും കഴിഞ്ഞ വര്‍ഷത്തെയും ജില്ലാതല പോയിന്റ് നില കാണാന്‍ തുടര്‍ന്ന് വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ വര്‍ഷത്തെ സ്ക്കൂള്‍ കലോത്സവത്തിന്റെ പോയിന്റ് നില

NoDistrictHS GeneralHSS GeneralGold Cup PointHS ArabicHS Sanskrit
1Kozhikode3714488199182
2Thrissur3554217769593
3Kannur3474207679587
4Palakkad3574067639591
5Ernakulam3264097358693
6Kottayam3254047296891
7Trivandrum3233887117579
8Malappuram3323737059591
9Alappuzha3153897048974
10Kasaragod3143676819387
11Kollam3013696709178
12Pathanamthitta2873516387381
13Wayanad2553365918280
14Idukki2433065495947

2010 ല്‍ കോഴിക്കോട് നടന്ന സ്ക്കൂള്‍ കലോത്സവത്തിന്റെ പോയിന്റ് നില

Kozhikode790 Points
Kannur723 Points
Thrissur720 Points
Palakkad711 Points
Ernakulam687 Points
Thiruvananthapuram670 Points
Malappuram667 Points
Kollam661 Points
Kottayam650 Points
Kasaragod636 Points
Alappuzha631 Points
Wayanad565 Points
Pathanamthitta532 Points
Idukki497 Points


Read More | തുടര്‍ന്നു വായിക്കുക

ഒഴിവാക്കിയ പാഠഭാഗങ്ങളും ഒരുക്കം-2011 ഉം

>> Monday, January 17, 2011


ഒഴിവാക്കിയ പാഠഭാഗങ്ങള്‍

2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കുട്ടികളുടെ പഠനബാഹുല്യം കണക്കിലെടുത്ത് ഓരോ വര്‍ഷവും ഇംഗ്ളീഷ്, ഗണിതം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ ചില പാഠഭാഗങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കാറുണ്ട്. ഇതനുസരിച്ച് താഴെ നല്‍കിയിട്ടുള്ള പാഠഭാഗങ്ങള്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നിന്ന് ഒഴിവാക്കി.

 • ഇംഗ്ളീഷ് : King Lear (from Supplementary Reader- Evergreen Tales).
 • ഗണിതം : പോളിനോമിയലുകള്‍ (പൂര്‍ണ്ണമായും ഒഴിവാക്കി), ട്രിഗണോമെട്രി (8.6, 8.7, 8.8 Heights and distance).
 • സാമൂഹ്യശാസ്ത്രം : ആധുനിക വിപ്ളവങ്ങള്‍ (സാമൂഹ്യശാസ്ത്രം ഒന്ന് അധ്യായം രണ്ട്), ആധുനിക കേരളം (സാമൂഹ്യശാസ്ത്രം ഒന്ന് അധ്യായം ഒമ്പത്), വന്‍കരകളുടെയും സമുദ്രങ്ങളുടെയും രൂപീകരണം (സാമൂഹ്യശാസ്ത്രം രണ്ട് അധ്യായം മൂന്ന്), അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ (സാമൂഹ്യ ശാസ്ത്രം രണ്ട് അധ്യായം 10)

2011 ലെ എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള ഒരുക്കം-2011 വിഷയക്രമത്തില്‍ താഴെയുള്ള ലിങ്കുകളില്‍ നിന്നും ക്ലിക്ക് ചെയ്തെടുക്കാം. അതിനായി തുടര്‍ന്നു വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ORUKKAM 2011

 1. Arabic
 2. Biology
 3. Chemistry
 4. English
 5. Malayalam
 6. Mathematics
 7. Physics
 8. Sanskrit
 9. Social Science
 10. Urdu
 11. Hindi (Updated)

കഴിഞ്ഞ വര്‍ഷത്തെ ഒരുക്കം ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

State Maths Quiz 2011

ആലുവയില്‍ വെച്ചു നടന്ന ഈ വര്‍ഷത്തെ സ്റ്റേറ്റ് മാത്​സ് ഫെയറില്‍ വെച്ച് മാത്​സ് അസോസിയേഷന്റെ പതിനാല് ജില്ലാസെക്രട്ടറിമാരെയും നേരിട്ട് പരിചയപ്പെടാന്‍ ഞങ്ങള്‍ക്ക് ഒരു അവസരം ലഭിച്ചിരുന്നു. സ്റ്റേറ്റ് ഫെയറിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ച ഇവരുടെ സംഘാടനമികവും അര്‍പ്പണബോധവും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. മേളയുടെ വിജയം ഈ ഒത്തൊരുമയുടെയും കൂട്ടായ്മയുടേയും ഫലമാണെന്നുപറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. കാരണം, ഫെയറിന്റെ ചുക്കാന്‍ പിടിച്ച മാത്​സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയും കൊല്ലം ജില്ലാ സെക്രട്ടറിയുമായ നൗഷാദ് സാറിന് ജില്ലാ സെക്രട്ടറിമാരില്‍ നിന്നും ലഭിച്ച പിന്തുണ അത്ര മാത്രമായിരുന്നു. ഈയടുത്ത് സംസ്ഥാന ഗണിതശാസ്ത്രമേളയിലെ ക്വിസ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് മാത്​സ് ബ്ലോഗിന്റെ കമന്റ് ബോക്സില്‍ ചെറുതായൊരു ചര്‍ച്ച നടന്നിരുന്നല്ലോ. അതു കണ്ടതോടെയാണ് മാത്​സ് ക്വിസിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന ഒട്ടേറെ അധ്യാപരുണ്ടെന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. മുന്‍വര്‍ഷം ജോണ്‍സാര്‍ മത്സരസ്ഥലത്ത് പോവുകയും ചോദ്യങ്ങള്‍ എഴുതിയെടുത്ത് മാത്‌സ് ബ്ലോഗിലൂടെ ഒരു പോസ്റ്റ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തത് നേരത്തേ കണ്ടിട്ടുണ്ടാകുമല്ലോ. ഇത്തവണ ചോദ്യങ്ങള്‍ തേടിപ്പിടിക്കുന്നതിനും മാത്​സ് ബ്ലോഗിന് സഹായകമായത് മാത്​സ് അസോസിയേഷന്റെ ഭാരവാഹികള്‍ തന്നെയാണ്. അറിവുകള്‍ പങ്കുവെക്കപ്പെടട്ടെയെന്ന വിശാലാഗ്രഹത്തോടെ തന്നെ നമ്മുടെ വായനക്കാരുടെ അഭ്യര്‍ത്ഥനയനുസരിച്ച് സംസ്ഥാന ഗണിതശാസ്ത്രമേളയിലെ യു.പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ ക്വിസ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. താഴെയുള്ള ലിങ്കുകളില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

നമ്പര്‍ പോര്‍ട്ടബിലിറ്റി എന്ത്? എങ്ങനെ?

>> Friday, January 14, 2011

ഈയിടെയായി വളരെയധികം കേള്‍ക്കുന്ന ഒരു വാക്കാണല്ലോ 'നമ്പര്‍ പോര്‍ട്ടബിലിറ്റി'. എന്താണിത്, എങ്ങനെയാണ് ഇത് ചെയ്യുന്നത്, എപ്പോഴാണ് ഇതു ചെയ്യാന്‍ പറ്റുക.... ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പൊതു ജനങ്ങളുടെ മുന്നിലുള്ളത്. ഇതേക്കുറിച്ച് ചേര്‍ത്തല എന്‍ജിനീയറിങ് കോളേജിലെ ലക്ചററും ഞങ്ങളുടെ സുഹൃത്തുമായ ടി.എ അരുണാനന്ദ് എഴുതിയ വിജ്ഞാനപ്രദമായ ലേഖനം നമുക്കൊന്നു പരിശോധിക്കാം. ഇതേ വിഷയത്തില്‍ അദ്ദേഹമെഴുതിയ ലേഖനം മനോരമ ദിനപ്പത്രത്തിലും പ്രസിദ്ധീകരിച്ചിരുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ.

കാലം മുന്നോട്ട് പോകുന്നതിനോടൊപ്പം സാങ്കേതിക വിദ്യയ്ക്കും മാറ്റങ്ങള്‍ വന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. റേഡിയോ, ടെലിഫോണ്‍, ടെലിവിഷന്‍... അങ്ങനെ, ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തോടെ മൊബൈല്‍ ഫോണുകളും നമ്മുടെ രാജ്യത്ത് ജനകീയമായിത്തുടങ്ങി. ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലൊ ഈ മൊബൈല്‍. അതുകൊണ്ടു തന്നെ, അവസരങ്ങള്‍ മുതലെടുക്കാന്‍ നാട്ടിലെങ്ങും മൊബൈല്‍ കമ്പനികള്‍ കൂണുപോലെ മുളച്ചു വന്നു.

ഈ രംഗത്തെ മല്‍സരം മുറുകിയതോടെ ആദ്യകാല കോള്‍ നിരക്കുകളിലും മറ്റും കാര്യമായ കുറവ് വന്നു. അതോടൊപ്പം, ഇന്‍കമിങ്ങ് വിളികള്‍ക്ക് നിരക്ക് ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള നിരവധി വിപ്ലവാത്മക മാറ്റങ്ങളും നാം കണ്ടു. ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ) എന്ന സര്‍ക്കാര്‍ സ്ഥാപനാമാണ് ഭാരതത്തിലെ മൊബൈല്‍ രംഗത്തെ നിയന്ത്രിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ട്രായ് എടുത്ത പുതിയ തീരുമാനം, അഥവാ വിപ്ലവാത്മക സേവനമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി.

നമ്മില്‍ കുറെപ്പേര്‍ക്കെങ്കിലും ഇപ്പോഴുള്ള സേവനദാതാവിനെ മാറ്റിയാല്‍ കൊള്ളാം എന്ന് തോന്നിയിട്ടുണ്ടാകും. ഇതിനു കാരണം പലതാവം - ഇപ്പോഴത്തെ സര്‍വീസിന്റെ പോരായ്മയോ, മറ്റൊരു കമ്പനിയുടെ മേന്മയോ അങ്ങനെയെന്തെങ്കിലും. പക്ഷെ, അപ്പൊഴൊക്കെ പ്രശ്‌നമാകുന്നത് ഇപ്പോഴത്തെ നമ്പര്‍ മാറുമല്ലോ എന്നതാകും. വര്‍ഷങ്ങളായിഉപയോഗിക്കുന്ന ഒരു നമ്പര്‍ മാറ്റേണ്ടി വരിക തീര്‍ച്ചയായും ഒരു വലിയ ബുദ്ധിമുട്ട് തന്നെ. ഇതിനൊരു പരിഹാരമാണ് നമ്പര്‍ പോര്‍ട്ടബിലിറ്റി.

ഇതു പ്രകാരം നമുക്ക് നമ്മുടെ നമ്പര്‍ മാറാതെ തന്നെ മറ്റൊരു സേവന ദാതാവിനെ തിരഞ്ഞെടുക്കാം. അതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ മാത്രം ചെയണാല്‍ മതിയാകും. ശ്രദ്ധിക്കുക, ഈ സേവനം നമ്മുടെ നാട്ടില്‍ ജനുവരി 20 മുതല്‍ ലഭ്യമാകും എന്നാണ് അറിയിച്ചിട്ടുള്ളത്. 19 രൂപയാണ് ഒരു തവണ ഈ സേവനത്തിനായിഉപഭോകണാവ് മുടക്കേണ്ടത്.

 1. ആദ്യമായി, നിങ്ങളുടെ മൊബൈലില്‍ നിന്നും PORT എന്ന് ടൈപ്പ് ചെയ്ത് സ്‌പേയ്‌സ് ഇട്ടതിനു ശേഷം ഇപ്പോഴത്തെ പത്തക്ക മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയണ് 1900 എന്ന നമ്പറിലേക്കു ഒരു എസ്.എം.എസ് അയക്കുക. ഉദാഹരണത്തിന് PORT 9495087682 എന്ന് 1900-ലേക്ക് sms അയക്കുക.
 2. ഇതിനു മറുപടിയായി ഒരു സ്ഥിരീകരണ (Confirmation) മെസ്സേജ് ലഭിക്കും. ഇതില്‍ ഒരു യുണീക് നമ്പറും (UPC-Unique Port Number) അതിന്റെ കാലാവധിയും കാണിച്ചിട്ടുണ്ടാകും.
 3. അടുത്തതായി പുതിയ സേവനദാതാവിന്റെ സിം കാര്‍ഡ് വാങ്ങുകയാണ് വേണ്ടത്. അടുത്തുള്ള റീടെയ്ല്‍ വ്യാപാരിയേയൊ, കമ്പനിയുടെ ഷോറൂമോ സന്ദര്‍ശിച്ച് ഒരു പുതിയ സിം വാങ്ങി, അപേക്ഷ പൂരിപ്പിച്ച് നല്കുക. ഇതോടൊപ്പം നിങ്ങള്‍ക്ക് ലഭിച്ച കോഡും, ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും നല്കണം. ആദ്യം മറുപടിയായി ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളില്‍ തന്നെ ഈ അപേക്ഷ നല്കണം. അല്ലെങ്കില്‍ നിങ്ങളുടെ കോഡ് അസാധുവാകുകയും, വീണ്ടും ആദ്യം മുതല്‍ ഈ പ്രക്രിയ ചെയ്യേണ്ടിവരും.
 4. നിങ്ങളുടെ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍, പുതിയ ദാതാവ് നിങ്ങളുടെ പഴയ ദാതാവുമായി ബന്ധപ്പെട്ട് കുടിശ്ശികയോ മറ്റോ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം നിങ്ങളുടെ അപേക്ഷ അംഗീകരിക്കും. ഇതോടൊപ്പം, ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടു നിങ്ങള്‍ക്കൊരു സന്ദേശം പുതിയ ദാതാവില്‍ നിന്നും ലഭിക്കും. ഇതിന് 4 ദിവസം വരെ സമയമെടുത്തേക്കാം.
ശ്രദ്ധിക്കുക: ദാതാവിനെ മാറ്റുന്ന പ്രക്രിയ നടക്കുന്ന 2 മണിക്കൂറോളം സമയം യാതൊരു സേവനവും ലഭിക്കുന്നതല്ല!


Read More | തുടര്‍ന്നു വായിക്കുക

സംസ്ഥാന HS, UP ഗണിതശാസ്ത്ര ക്വിസ് ചോദ്യങ്ങള്‍

>> Tuesday, January 11, 2011

കേരള സ്റ്റേറ്റ് സ്ക്കൂള്‍ മാത്തമാറ്റിക്സ് ക്ലബ് അസോസിയേഷന്‍

ശാസ്ത്രമേളയ്ക്ക് കൊടിയിറക്കം. ശാസ്ത്രോത്സവം ഗംഭീര വിജയമാക്കുന്നതില്‍ ഇത്തവണ താരമായത് അതിനുപയോഗിച്ച സോഫ്റ്റ്‌വെയറാണെന്നാണ് സംഘാടകരില്‍ ബഹുഭൂരിപക്ഷവും പറയുന്നത്. രജിസ്ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് വരെയുള്ള എല്ലാ ജോലികള്‍ക്കും സോഫ്റ്റ്‌വെയര്‍ മികച്ചൊരു സഹായിയായി. ഇതാദ്യമായാണ് ഒരു സംസ്ഥാന മേളയില്‍ കുറ്റമറ്റ രീതിയില്‍ ഒരു സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയിരിക്കുന്നത്. റിസല്‍ട്ട് എന്റര്‍ ചെയ്യുമ്പോള്‍ തന്നെ തത്സമയം അത് വെബ്സൈറ്റില്‍ ദൃശ്യമാകുകയതു വഴി റിസല്‍ട്ടറിയുകയെന്ന കടമ്പ ഈ മേളമുതല്‍ ഇല്ലാതായത് പൊതുജനങ്ങള്‍ക്കും ഏറെ സഹായകമായി. സോഫ്റ്റ്‌വെയറിനെക്കുറിച്ചു പറയുമ്പോള്‍ ഗണിതശാസ്ത്ര അസോസിയേഷന്റെ സ്റ്റേറ്റ് സെക്രട്ടറി നൗഷാദ് സാറിന് നൂറു നാവാണ്. വെബ്സൈറ്റിന്റേയും സോഫ്റ്റ്‌വെയറിന്റേയും നിര്‍മ്മാണത്തിനു ചുക്കാന്‍ പിടിച്ച ഐടി@സ്ക്കൂളിലെ നാരായണസ്വാമി സാറിനേയും ടീമിനേയും അദ്ദേഹം അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുകയാണ്.

മേളയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 1000, 800, 600 രൂപ വീതം ക്യാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. എ, ബി, സി ഗ്രേഡുകള്‍ കരസ്ഥമാക്കിയവര്‍ക്ക് ഗ്രേഡ് രേഖപ്പെടുത്തിയ പാര്‍ട്ടിസിപ്പന്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എന്നാല്‍ ഒരു ജില്ലയില്‍ അപ്പീല്‍ വഴി മത്സരത്തില്‍ പങ്കെടുത്ത കുട്ടിക്ക് അതേ ജില്ലയില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത മറ്റു രണ്ടു പേരില്‍ ഒരാളേക്കാളെങ്കിലും കൂടുതല്‍ മാര്‍ക്ക് ലഭിച്ചാലേ ഗ്രേഡിനു പരിഗണിക്കുകയുള്ളു. ഗ്രേഡ് ഇല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും കൈപ്പറ്റാത്തവര്‍ക്ക് അതാത് ജില്ലാ കണ്‍വീനര്‍മാരെ സമീപിക്കാം. ഈ വര്‍ഷം ജില്ലാ കണ്‍വീനര്‍മാരായവരുടെ ഒഴികെ മറ്റെല്ലാവരുടേയും ഫോട്ടോയും ഫോണ്‍നമ്പറും മുകളില്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം കണ്‍വീനര്‍മാരായവരുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ച് അപ്ഡേറ്റ് ചെയ്യാം. ചുവടെ നിന്നും ഈ വര്‍ഷത്തെ HSS, HS, UP ക്വിസ് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.എട്ടാം തീയതി മുതല്‍ സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പാലക്കാട് നടക്കുന്ന ഗണിത ശാസ്ത്രമേളയിലെ ബഹുഭൂരിപക്ഷം മത്സരങ്ങളും ഭംഗിയായി പര്യവസാനിച്ചിരിക്കുകയാണ്. കഠിനാധ്വാനത്തിന്റേയും നിരന്തരപരിശ്രമത്തിന്റേയും പരിണിതഫലം തന്നെയാണ് ഗണിതശാസ്ത്ര മേളയുടെ വിജയത്തിനു പിന്നിലുള്ളത്. സംസ്ഥാനമേളയില്‍ പങ്കെടുക്കുന്ന വിവിധ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാനായി കൊടിയേറ്റം മുതല്‍ കൊടിയിറക്കം വരെ പരിശ്രമിക്കുന്ന നമ്മുടെ ജില്ലാ കണ്‍വീനര്‍മാരെ പരിചയപ്പെടുത്തേണ്ടത് ആവശ്യമാണെന്നു തോന്നിയതിനാലാണ് ഇത്തരമൊരു പരിചയപ്പെടുത്തലിന് മാത്‌സ് ബ്ലോഗ് രംഗത്തെത്തിയത്. എന്നും മാത്​സ് ബ്ലോഗിനോട് ഏറെ സഹകരിച്ചിട്ടുള്ളവരാണ് സ്റ്റേറ്റ് സെക്രട്ടറി എച്ച്. നൗഷാദ് സാര്‍ അടക്കമുള്ള കേരള സ്റ്റേറ്റ് സ്ക്കൂള്‍ മാത്തമാറ്റിക്സ് ക്ലബ് അസോസിയേഷന്റെ എല്ലാ ഭാരവാഹികളും.

ഗണിതശാസ്ത്രക്വിസ് മത്സരം നേരിട്ട് കാണാനായി മുന്‍വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും ജോണ്‍ സാര്‍ പാലക്കാട് ചെല്ലുകയുണ്ടായി. ഒപ്പം, ബ്ലോഗ് ടീമംഗങ്ങളായ മുരളീധരന്‍ സാറിന്റെയും ഷെമി ടീച്ചറുടേയും പരിപൂര്‍ണ സഹകരണവുമുണ്ടായിരുന്നു. അദ്ദേഹം ടെക്കില്‍ ചെയ്തെടുത്ത ഹൈസ്ക്കൂള്‍ ഗണിത ശാസ്ത്രക്വിസ് ചോദ്യോത്തരങ്ങള്‍ ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. മുരളീധരന്‍ സാര്‍ ക്വിസ് മത്സരത്തിനുപയോഗിച്ച ഫയലുകള്‍ ബ്ലോഗിലൂടെ ലഭ്യമാക്കുന്നതിനായി ഏറെ ശ്രമിച്ചിരുന്നു. ഷെമി ടീച്ചറാകട്ടെ, യു.പി. വിഭാഗം പ്രശ്നോത്തരിയുടെ ചോദ്യങ്ങള്‍ ടൈപ്പ് ചെയ്ത് മാത്​സ് ബ്ലോഗിന് അയച്ചു തരികയും ചെയ്തു. ചുവടെയുള്ള ലിങ്കില്‍ നിന്ന് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഉത്തരങ്ങളറിയാവുന്നവര്‍ ചുവടെ പോസ്റ്റ് ചെയ്ത് ഒരു മികച്ച ഗണിത ചര്‍ച്ചയ്ക്ക് അവസരമൊരുക്കുകയും വേണം. ഒട്ടും വൈകാതെ തന്നെ, ഇന്നു നടക്കുന്ന ഹയര്‍ സെക്കന്ററി ക്വിസിന്റെ ചോദ്യങ്ങള്‍ കൂടി മാത്​സ് ബ്ലോഗിലൂടെ ലഭ്യമാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്.

State HSS Quiz (Thanks to Sreekumar)

State HS Quiz (Thanks to John.P.A)

State UP Quiz (Thanks to Shemi, Palakkad)


Read More | തുടര്‍ന്നു വായിക്കുക

'പൈ' പലഹാരമാകുമ്പോള്‍..!


'ഒമ്പതാം ക്ലാസിലെ വൃത്തങ്ങളുടെ അളവുകള്‍ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു കുറിപ്പ്' എന്ന പേരില്‍ കൃഷ്ണന്‍ സാര്‍ കമന്റില്‍ ചേര്‍ത്ത അമൂല്യമായ ഈ വിവരങ്ങള്‍ ,കേവലം കമന്റില്‍ ഒതുങ്ങേണ്ടതല്ലായെന്നുള്ള തിരിച്ചറിവാണ് ഈ പോസ്റ്റിനു പിന്നില്‍. അധ്യാപകര്‍ക്ക് പാഠപുസ്തകവുമായി ബന്ധപ്പെട്ട് അധികവിവരങ്ങള്‍, അത് തയ്യാറാക്കിയവരില്‍ നിന്നു തന്നെ ലഭ്യമാക്കാനായാല്‍ അതില്‍ കുറഞ്ഞല്ലേ മറ്റെന്തു സൗഭാഗ്യവും വരൂ? നമ്മുടെ ബ്ലോഗില്‍ കേവലം ശമ്പളപരിഷ്കരണം ചര്‍ച്ച ചെയ്യുമ്പോള്‍ മാത്രം പോസ്റ്റുകള്‍ സജീവമായാല്‍ പോരല്ലോ? അധ്യാപനം സുഗമമാക്കാനുള്ള അറിവുകളും തങ്ങളുടെ സംശയങ്ങള്‍ക്ക് ആധികാരികമായ മറുപടികളും ഉത്തരവാദപ്പെട്ടവര്‍ നല്‍കുമ്പോള്‍, അത് ഉപയോഗപ്പെടുത്താന്‍ കൂടി നാം ശ്രമിക്കേണ്ടതല്ലേ..? ഉദാഹരണത്തിന് നമ്മുടെ pi യും pie-chart ലെ pie യും ഒന്നല്ലായെന്നും രണ്ടാമത്തേത് ഒരു പലഹാരമാണെന്നുമുള്ള അറിവുപോലും ചിലര്‍ക്കെങ്കിലും പുതുതായിരിക്കാന്‍ സാധ്യതയുണ്ട്. ഇതാ കൃഷ്ണന്‍സാറിന്റെ ലേഖനത്തിലേയ്ക്ക്....

വൃത്തങ്ങളുടെ അളവുകള്‍

ഒമ്പതാംക്ളാസിലെ വൃത്തം എന്ന പാഠം രണ്ടു പുതിയ ആശയങ്ങള്‍ —ഒന്നു ജ്യാമിതീയവും മറ്റൊന്നു സംഖ്യാപരവും —അവതരിപ്പിക്കുന്നുണ്ട്.
• വളഞ്ഞ വരമ്പുകളുള്ള രൂപങ്ങളുടെ ചുറ്റളവും പരപ്പളവും
• അഭിന്നകങ്ങളില്‍, ഇതുവരെക്കണ്ടതില്‍നിന്നു വ്യത്യസ്തമായ π എന്ന സംഖ്യ
ഒരു ജ്യാമിതീയരൂപത്തിന്റെ ചുറ്റളവ് എന്നതിന്റെ അര്‍ത്ഥം വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ടാണ് പാഠം ആരംഭിക്കുന്നത്. ഒരു തലത്തിലെ ഒരു ഭാഗത്തിന്റെ അതിത്തി നിശ്ചയിക്കുന്നത് നേര്‍വരകളാണെങ്കില്‍, അവയുടെ നീളങ്ങളുടെ തുകതന്നെയാണ് ചുറ്റളവ്.
അങ്ങിനെയല്ലെങ്കിലോ ?
പ്രയോഗികമായി ഇതു കണ്ടുപിടിക്കാന്‍ വിഷമമില്ല. വേണ്ടത്ര നീളമുള്ള ഒരു കയറോ ചരടോ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാം. പരപ്പളവാണു വേണ്ടതെങ്കില്‍ ഇതും സാധ്യമല്ല. അതുകൊണ്ടുതന്നെയാണ് പ്രാചീനകാലം മുതലുള്ള ശ്രമങ്ങളിലെല്ലാം വൃത്തത്തിന്റെ പരപ്പളവ് ഒരു പ്രധാന പ്രശ്നമായതും, ഇതുമായി ബന്ധപ്പെട്ടുമാത്രം ചുറ്റളവ് പരാമര്‍ശിക്കപ്പെടുന്നതും. ഈ പ്രായോഗികപ്രശ്നത്തില്‍നിന്നു
ഗണിത തത്വത്തിലേക്കുള്ള പ്രയാണമാണ് ഈ പാഠത്തിലെ പാര്‍ശ്വസഞ്ചാരം.
ഏതു വൃത്തത്തിന്റെയും ചുറ്റളവിനെ വ്യാസം കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നത് ഒരേ സംഖ്യയാണെന്ന കാര്യമാണ്, പാഠത്തിലെ ആദ്യപ്രമേയം. ഇതു പൊടുന്നനെ അവതരിപ്പിക്കുന്നതിനു പകരം, നാലുഘട്ടങ്ങളിലൂടെയാണ് ഇതില്‍ എത്തിച്ചേരുന്നത്:

(1) വൃത്തത്തിന്റെ വ്യാസം കൂടുമ്പോള്‍ ചുറ്റളവും കൂടുന്നു എന്ന ലളിതമായ നിരീക്ഷണം

(2) ഈ മാറ്റം ആനുപാതികമാണോ എന്നു പരിശോധിക്കാനുള്ള പ്രായോഗിക പരിക്ഷണം

(3) ഇത് ആനുപാതികംതന്നെയാണെന്ന് ഗണിതരീതിയിലുള്ള തെളിവ്

(4) ആനുപാതികസ്ഥിരം എന്ന ആശയത്തിലൂടെ ചുറ്റളവിനെ വ്യാസം കൊണ്ടു ഹരിച്ചാല്‍ ഒരേ സംഖ്യയാണെന്ന നിഗമനം

ഇതിലൊന്നുംതന്നെ π പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നു ശ്രദ്ധിയ്ക്കുക. അവസാനം പറഞ്ഞ ആനുപാതികസ്ഥിരം എന്താണെന്ന് പ്രയോഗികമായി ചെയ്തു നോക്കാം. വ്യത്യസ്തങ്ങളായ സംഖ്യകളാണ് കിട്ടുക. ഇത് ഒരു അഭിന്നകസംഖ്യയാണെന്നും, 3.14159... എന്നിങ്ങിനെ തുടരുമെന്നും തെളിയിക്കാം എന്നു പറയുക മാത്രമേ ഇപ്പോള്‍ തരമുള്ളു; ശരിയായ തെളിവു മനസിലാക്കാന്‍ ഇതു വരെ പഠിച്ച ഗണിതം മതിയാകില്ലെന്നും.
ഇതുവരെ കണ്ട അഭിന്നകസംഖ്യകളെല്ലാം, ഏതെങ്കിലും കൃതിയിലേക്കുയത്തിയും ഇത്തരം കൃതികളെ ഭിന്നകങ്ങള്‍കൊണ്ടു ഗുണിച്ചുമെല്ലാം ഭിന്നകങ്ങളായി മാറ്റാന്‍ പറ്റുന്നവയായിരുന്നു; അതനുസരിച്ചാണ് അവയ്ക്കു പേരിട്ടതും. ഉദാഹരണമായി, വര്‍ഗം 2 ആയ സംഖ്യ (അളവ് ) √2; ഇതുപോലെ 4 കുറച്ച്, 2 കൊണ്ടൂ ഹരിച്ച്, മൂന്നാംകൃതി എടുത്താല്‍ 5 കിട്ടുന്ന സംഖ്യ 4 + 2 3√5. എന്നാല്‍ വൃത്തത്തിന്റെ ചുറ്റളവിനെ വ്യാസംകൊണ്ടു ഹരിച്ചാല്‍കിട്ടുന്ന സംഖ്യ ഇത്തരം ക്രിയകളിലൂടെ ഭിന്നകമാക്കാന്‍
കഴിയില്ല. (π അതീതസംഖ്യയാണെന്ന് പണ്ടത്തെ പാഠപുസ്തകത്തില്‍ പറഞ്ഞിരുന്നതിന്റെ അര്‍ത്ഥംഇതാണ്. ) അതിനാല്‍ അതിന് ഈ രീതിയില്‍ പേരിടാന്‍ കഴിയില്ല.
π എന്ന പേരും, അതിന്റെ സാംഗത്യവും ഇവിടെ അവതരിപ്പിയ്ക്കാം. (ഈ pi യും,pie-chart ലെ pie യും തമ്മില്‍ ഒരു ബന്ധവുമില്ലെന്നുകൂടി പറയണമെന്നു തോന്നുന്നു. രണ്ടാമത്തെ pie ഒരു പലഹാരമാണ്. ഏഴാംക്ളാസിലെ
സംഖ്യാചിത്രങ്ങള്‍ എന്ന പാഠത്തില്‍ കൂടുതല്‍ വിശദീകരണമുണ്ട്. )
വൃത്തത്തിന്റെ പരപ്പളവു കണ്ടുപിടിക്കാനുള്ള പല കാലങ്ങളിലേയും ദേശങ്ങളിലേയും ശ്രമങ്ങളെല്ലാം, ഇന്നത്തെ കാഴ്ചപ്പാടില്‍, π കൂടുതല്‍ കൃത്യമായി കണക്കുകൂട്ടാനുള്ള ശ്രമങ്ങളായി വ്യാഖ്യാനിക്കാം എന്നത് ശ്രദ്ധേയമാണ്. ഇതിനുള്ള ജ്യാമിതീയമാര്‍ഗങ്ങള്‍ വളരാനാവാതെ ആയിരം കൊല്ലത്തോളം
വഴിമുട്ടിനിന്നപ്പോള്‍, ബീജഗണിതത്തിലൂടെ ആവശ്യമുള്ളത്ര കൃത്യതയില്‍ ഇതു കണ്ടുപിടിക്കാനുള്ള പുതിയ ചാല്‍ തുറന്നു എന്നതാണ് കേരളീയനായ മാധവന്റെ പ്രധാന സംഭാവന.
തുടര്‍ന്ന്, ആറാംക്ളാസില്‍ പറഞ്ഞിട്ടുള്ള ഡിഗ്രി അളവിന്റെ അര്‍ത്ഥം (വൃത്തത്തിനെ 360 സമഭാഗങ്ങളാക്കുമ്പോള്‍ കിട്ടൂന്ന കോണാണ് 1◦ ) ഉപയോഗിച്ച്, ഒരു ചാപത്തിന്റെ കേന്ദ്രകോണ്‍ 360 ന്റെ എത്രഭാഗമാണോ, ചുറ്റളവിന്റെ അത്രയും ഭാഗമാണ് ആ ചാപത്തിന്റെ നീളം എന്ന ആശയത്തിലെത്താം.
ചാപത്തിന്റെനീളം =
2πrx/360 എന്ന സൂത്രവാക്യത്തിനു പകരം, 60◦ കേന്ദ്രകോണുള്ള ചാപത്തിന്റെ നീളം, മൊത്തം വൃത്തത്തിന്റെ ചുറ്റളവിന്റെ 1 /6 ഭാഗം; 144◦ കേന്ദ്രകോണുള്ള ചാപത്തിന്റെ നീളം, വൃത്തത്തിന്റെ (ചുറ്റളവിന്റെ ) 144/360 = 2/5 ഭാഗം; എന്നെല്ലാം അവതരിപ്പിക്കുകയാവും ഭംഗി.
അടുത്തത്, വൃത്തത്തിന്റെ പരപ്പളവാണ്. ഇതില്‍ ആരത്തിന്റെ വര്‍ഗവുമായുള്ള ആനുപാതികതയില്‍നിന്നു തുടങ്ങുന്നതിനു പകരം, ചുറ്റളവും, പരപ്പളവും തമ്മിലുള്ള ബന്ധമാണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. (ഇതിലും, ചുറ്റളവ് വ്യാസത്തിന് ആനുപാതികമാണ് എന്ന് ആദ്യം തെളിയിച്ചതിലും, limit എന്ന ആശയം ഒളിഞ്ഞിരിപ്പുണ്ടെന്ന് ശ്രദ്ധിയ്ക്കുക. )
വൃത്തത്തിന്റെ പരപ്പളവ് = π x ആരത്തിന്റെ വര്‍ഗം
എന്നു കണ്ടതിനുശേഷം, പരപ്പളവ് ആരത്തിന്റെ വര്‍ഗ്ഗത്തിന് ആനുപാതികമാണെന്നും, ആനുപാതികസ്ഥിരം π ആണെന്നുമാണ് ഇതിന്റെ അര്‍ത്ഥം എന്നു വിശദീകരിയ്ക്കാം. വൃ
ത്തത്തിന്റെ ചുറ്റളവ്, ആരത്തിന്റെ രണ്ടുമടങ്ങിന് ആനുപാതികമാണെനും, പരപ്പളവാകട്ടെ, ആരത്തിന്റെ വര്‍ഗത്തിന് ആനുപാതികമാണെന്നും, രണ്ടവസരങ്ങളിലും ആനുപാതികസ്ഥിരം π തന്നെയാണെന്നുമുള്ള കാര്യങ്ങളാണ് ഇതിലെ രസം.
പരപ്പളവു കണ്ടുപിടീയ്ക്കാനുള്ള ഒരു പ്രായോഗികരീതികൂടി ഇതില്‍നിന്നു കിട്ടും
വൃത്തത്തിന്റെ പരപ്പളവ് = ചുറ്റളവിന്റെ പകുതി x വ്യാസത്തിന്റെ പകുതി
ചുറ്റളവിന്റെ പകുതിയും, വ്യാസത്തിന്റെ പകുതിയും അളന്നെടുക്കാവുന്നവയാണല്ലോ. “വട്ടത്തരൈകൊണ്ടൂ വിട്ടത്തരൈ താക്കിന്‍ ശട്ടെനത്തരിയും കുഴി” (വട്ടത്തിന്നരകൊണ്ടു വിട്ടത്തിന്നര പെരുക്കിയാല്‍ പെട്ടെന്നു കിട്ടും കുഴി ) എന്നൊരു തമിഴ് ചൊല്ലു കേട്ടിട്ടുണ്ട്. ഉറവിടം അറിയില്ല.
ചാപനീളത്തിനു സമാനമായി വൃത്തംശത്തിന്റെ പരപ്പളവ്, അതിന്റെ കേന്ദ്ര കോണ്‍ 360 ന്റെ എത്ര ഭാഗമാണോ, മൊത്തം വൃത്തത്തിന്റെ (പരപ്പളവിന്റെ ) അത്രയും ഭാഗമാണ് എന്നുള്ള നിഗമനത്തോടെയാണ് പാഠം അവസാനിക്കുന്നത്.
......................................................................................
ഈ പോസ്റ്റിന്റെ പിഡിഎഫ് കോപ്പി കൂടി പ്രിന്റെടുക്കാനായി നല്‍കിയിരിക്കുന്നു. ചര്‍ച്ചകള്‍ കൊഴുക്കട്ടെ.


Read More | തുടര്‍ന്നു വായിക്കുക

ഭിന്ന നിലവാരക്കാരായ കുട്ടികളുള്ള ക്ലാസ്മുറികള്‍

>> Sunday, January 9, 2011


ഇതൊരു യാഥാര്‍ഥ്യമാകുന്നു. ഈ യാഥാര്‍ഥ്യം അധ്യാപിക നേരിടുന്ന വെല്ലുവിളിയാണ്. സമകാലിക ക്ലാസ്മുറികളില്‍ വളരെ ഗൌരമമായി ഇടപെടേണ്ടതും എന്നാല്‍ വേണ്ടത്ര പരിശീലനമില്ലാത്തതുകൊണ്ട് കണ്ടില്ലെന്നു നടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും ഇതുതന്നെയാണ്. കുട്ടികളുടെ ശേഷിയറിഞ്ഞ് അവരുടെ നിലവാരത്തിന്നനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രൂപകല്‍‌പ്പന ചെയ്യുകയും തുടര്‍ന്ന് നിലവാരം ഉയര്‍ത്താനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം. ചര്‍ച്ചക്കായി താഴെ നല്‍കിയിരിക്കുന്ന ഒരു മാതൃക നോക്കുമല്ലോ.

പ്രവര്‍ത്തനങ്ങള്‍ ഇങ്ങിനെയാവാമോ?

മാതൃകയ്ക്കായി തല്‍ക്കാലം മലയാളം എടുത്താലോ? ഒന്‍പതാം ക്ലാസിലെ ‘ഭൂമിഗീതങ്ങള്‍’ എന്ന കവിത കുട്ടി ആസ്വദിച്ചത് മൂല്യനിര്‍ണ്ണയം ചെയ്യാന്‍…താഴെ പറയുന്ന പ്രവര്‍ത്തനങ്ങളില്‍ ആവുന്നവയൊക്കെ ചെയ്യുക.

 • ഭൂമിഗീതങ്ങള്‍ എന്ന കവിതയില്‍ കവി ആവിഷ്കരിക്കുന്ന ദര്‍ശനം എന്ത്? ഒരു കുറിപ്പ് എഴുതുക.

 • ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ ഒരു ലഘു നാടകം രചിക്കുക.

 • ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ ഒരു ചെറു സിനിമക്ക് തിരക്കഥ രചിക്കുക.

 • ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ ഒരു കത്ത് തയ്യാറാക്കുക

 • ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ കുറേ മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുക

 • ഭൂമിഗീതങ്ങള്‍ എന്ന കവിതയുമായി സമാനതയുള്ള മറ്റു കവിതകളുടെ പേര്‍ പറയുക

 • ഈ കവിത നന്നാ‍യി ഈണം കൊടുത്ത് പാടുക

 • ഈ കവിത നൃത്തരൂപത്തില്‍ അവതരിപ്പിക്കുക
  ഈ കവിതയില്‍ പറയുന്ന പ്രശ്നങ്ങള്‍ വിശദമാക്കുന്ന ചിത്രങ്ങള്‍ നെറ്റില്‍ നിന്ന് കണ്ടെത്തുക

 • ഈ കവിതയിലെ ഉള്ളടക്കം വിശദമാക്കുന്ന സ്ന്ദേശവാക്യങ്ങള്‍ രചിക്കുക.

 • ഈ കവിതയിലെ പ്രശ്നങ്ങള്‍ ലിസ്റ്റ് ചെയ്യുക

 • ഈ കവിത മനസ്സിലിട്ടുകൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ നമ്മുടെ സ്കൂളില്‍ ചെയ്യേണ്ട പരിപാടികള്‍ തയ്യാറാ‍ക്കുക

ഈ ചിത്രത്തിന്ന് അനുയോജ്യമായ ഒരു പാട്ട് /കവിതഎഴുതുക

ഈ കാര്‍ട്ടൂണിന്ന് ഒരു അടിക്കുറിപ്പ് എഴുതുക.

ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ കൊടുക്കുമ്പോള്‍ അവനവന്റെ ശേഷിക്കനുസരിച്ച് എല്ലാ കുട്ടിക്കും പ്രതികരിക്കാന്‍ കഴിയില്ലേ? എല്ലാ പ്രവര്‍ത്തനത്തിന്നും ഒരേ സ്കോര്‍ ആവില്ല. എന്നാല്‍ ഒരു നിശ്ചിത സമയത്തിന്നുള്ളില്‍ (2 ദിവസം….4 പീരിയേഡ്…)കുറേ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാവുന്നതോടെ അധിക സ്കോറില്‍ എത്താന്‍ കഴിയില്ലേ?
പ്രവര്‍ത്തനം സ്കോര്‍


 1. ദര്‍ശനം കുറിപ്പ് (3)

 2. കത്ത് (1)

 3. ചിത്രം (1)

 4. കാര്‍ട്ടൂണ്‍ (2)

 5. നൃത്തം (1)

 6. കവിതകളുടെ പേര്‍ (3)

 7. നെറ്റില്‍ നിന്ന് ചിത്രം (3)
രണ്ടോ മൂന്നോ പ്രവര്‍ത്തനം ചെയ്യുന്നതൊടെ നല്ല സ്കോറ് ലഭിക്കും

ഇതു പാരമ്പര്യ രീതിയിലുള്ള ചോയ്സ് അല്ല. ഒരേ പ്രശ്നത്തിന്റെ വിവിധ മാനങ്ങള്‍ ഉപയോഗിച്ചു കാവ്യാസ്വാദനം എന്ന ശേഷി വികസിപ്പിക്കുകയാണ്. സാധ്യതകള്‍ പ്രയോജനപ്പെടുത്തലാണ്.

തുടര്‍ന്ന് കുട്ടികള്‍ക്ക് ചെയ്യാനാവാത്തവയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ സാധിക്കണം. നിലവില്‍ ചെയ്യാന്‍ കഴിയുന്നതില്‍ നിന്ന് ഒരുപടികൂടി ഉയര്‍ന്ന തലത്തിലുള്ള പ്രവര്‍ത്തനം ചെയ്യാന്‍ വേണ്ട കഴിവ് നേടന്‍ ലഭിക്കണം.

ഇതിന്റെ തുടര്‍ച്ച കാവ്യഭാഗാസ്വാദനവുമായി മറ്റു വിഷയങ്ങള്‍കൂടി പ്രയോജനപ്പെടുത്തലാണ്. സമ്പൃക്ത പഠനം ( integrated learning) എന്നൊക്കെ പരികല്‍‌പ്പനം ചെയ്യുന്നത് ഇങ്ങനെയാവില്ലേ? ഭൂമിഗീതങ്ങളുടെ റഫറന്‍സ് ഭൂമിശാസ്ത്രപഠനവേളയിലും തിരിച്ചും ഉണ്ടാവണം. ഇതിന്നായുള്ള പരിശീലനം അധ്യാപികക്ക് നല്‍കണം.ഗണിതം, ഐ.ടി, രസതന്ത്രം, ബയോളജി തുടങ്ങി എല്ലാ വിഷയങ്ങളും ഇതുപോലെ പരസ്പരം ബന്ധപ്പെടുത്തണം.ഇതുകൊണ്ടുണ്ടാവുന്ന മറ്റൊരു നേട്ടം അധ്യാപികയുടെ അറിവുപരമായ വളര്‍ച്ചകൂടിയാണല്ലോ.അധ്യാപകശാക്തീകരണം എന്നൊക്കെ പറയുന്നത് ഇങ്ങനെയൊക്കെയല്ലേ?

പ്രതികരിക്കുക


Read More | തുടര്‍ന്നു വായിക്കുക

ഒന്‍പതാം ക്ലാസിലെ 8 ചക്രചോദ്യങ്ങളും ഒരു പത്താം ക്ലാസ് റിവിഷന്‍ ചോദ്യപേപ്പറും

>> Thursday, January 6, 2011


താഴെ കാണുന്നത് ഒരു റോഡുമാതൃകയാണ്. വളവുകളെല്ലാം 50 m ആരമുള്ള വൃത്തഭാഗങ്ങളാണ്. താഴെയുള്ള വളവിനുമാത്രം 150m ആരമുണ്ട്. ഒരു കാര്‍ A യില്‍ നിന്നും യാത്രതുടങ്ങി വളവുകളെല്ലാം തിരിഞ്ഞ് A യില്‍ തന്നെയെത്തുന്നു.വളവുതിരിയുമ്പോള്‍ കാറിന്റെ ഒരു വശത്തെ ചക്രങ്ങള്‍ പുറത്തെചക്രങ്ങളും മറുവശത്തെത് അകത്തെ ചക്രങ്ങളുമാണല്ലോ.പുറത്തെ ചക്രം സ്വാഭാവികമായും അകത്തെ ചക്രത്തേക്കാള്‍ അല്പം കൂടുതല്‍ ദൂരം ഓടും.മുന്നിലെ ചക്രങ്ങള്‍ തമ്മിലുള്ള അകലം 2 മീറ്റര്‍. (പിന്‍ ചക്രങ്ങള്‍ തമ്മിലുള്ള അകലവും ) ഒരു പ്രാവശ്യം യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ മുന്‍വശത്തെ ഒരു ചക്രം മുന്‍വശത്തെ മറ്റേ ചക്രത്തേക്കാള്‍ എത്ര കൂടുതല്‍ ദൂരം ഓടിയിരിക്കും?
ഇതൊരു പ‍ഠനപ്രവര്‍ത്തനമാണ്. ഒന്‍പതാംക്ലാസിലെ വൃത്തപ്പരപ്പും ചുറ്റളവും ചര്‍ച്ചചെയ്യുമ്പോള്‍ അധികപ്രവര്‍ത്തനമായി ഇതുനല്‍കാം.ചാര്‍ട്ടുപേപ്പറില്‍ വരച്ച് നിറം കൊടുത്ത് ക്ലാസില്‍ തൂക്കിയിടാന്‍ മിടുക്കന്മാരും മിടുക്കികളും ഉണ്ടല്ലോ.

ഇനി മറ്റുചില വൃത്തക്കണക്കുകളാവാം.ഇവയും കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.
ഡിസംബര്‍ പതിനെട്ടാംതിയതി നടന്ന പരിശീലനത്തില്‍ അവതരിപ്പിച്ച വൃത്തത്തിന്റെ അളവുകളെസംബന്ധിച്ച ഏതാനും ങ്ങളാണ് ഇന്നത്തെ പോസ്റ്റ് .ഇവ പഠനപ്രവര്‍ത്തനങ്ങളാണ്. കുട്ടികള്‍ക്ക് അധിക പ്രവര്‍ത്തനമായി നല്‍കാവുന്നത്. എല്ലാം വൃത്തങ്ങളുമായി ബന്ധപ്പെട്ടതുതന്നെയാണ്.

ചോദ്യം ഒന്ന്

ABCD ഒരു സമചതുരമാണ്.അതിന്റെ വശം 10 സെ. മീറ്റര്‍.സമചതുരത്തിനുള്ളില്‍ വൃത്തം വരച്ചിരിക്കുന്നു.കറുത്ത നിറത്തില്‍ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക.

ചോദ്യം രണ്ട്

രണ്ട് വൃത്തങ്ങള്‍ സ്പര്‍ശിച്ചിരിക്കുന്ന ചിത്രമാണിത്.ABCD ഒരു ചതുരവുമാണ്.വൃത്തത്തിന്റെ ആരം 7 യൂണിറ്റാണ്. AD യും BC യും ആരങ്ങള്‍ .ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക


ചോദ്യം 3

ഒരേ ആരമുള്ള 9 വൃത്തങ്ങളാണ് ചിത്രത്തില്‍ ചേര്‍ത്തുവച്ചിരിത്തുന്നത്. വൃത്തത്തിന്റെ ആരം 5 യൂണിറ്റ് . ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക


ചോദ്യം 4

7 സെ . മീറ്റര്‍ വശമുള്ള ചതുരമാണ് ചിത്രത്തില്‍ കാണുന്നത്.A കേന്ദ്രമായും C കേന്ദ്രമായും 7 സെ . മീറ്റര്‍ ആരമുള്ള ചാപങ്ങള്‍ കാണാം . ഷേഡ് ചെയ്ത ഭാഗത്തിന്റ പരപ്പളവ് കണക്കാക്കുക


ചോദ്യം 5

ഒരേ ആരമുള്ള 4 വൃത്തങ്ങള്‍. ആരം 7 യൂണിറ്റ് തന്നെ. A,B,C,D വൃത്തകേന്ദ്രങ്ങള്‍ . ഷേഡ് ചെയ്ത ഭാഗത്തിന്റെ പരപ്പളവ് കാണുക

ചോദ്യം 6

സമചതുരത്തിന്റെ അകത്തും പുറത്തും വൃത്തങ്ങള്‍ കാണാം.ചെറിയ വൃത്തത്തിന്റെ ആരം 2 യൂണിറ്റ് . ഷേഡ് ചെയ്തഭാഗത്തിന്റെ പരപ്പളവ് കാണുക

ചോദ്യം 7

ചിത്രത്തില്‍ AB യുടെ നീളം 10 യൂണിറ്റാണ്.ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് കാണുക


ചോദ്യം 8

ചിത്രത്തില്‍ ചുവന്ന നിറത്തില്‍ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് നീലനിറത്തില്‍ ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവിന് തുല്യാണെന്ന് സമര്‍ഥിക്കുക.

പത്താം ക്ലാസിലെ റിവിഷന്‍ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer