ലക്ഷദ്വീപില്‍ നിന്നും ഒരു ഗണിത കവിത

>> Thursday, August 5, 2010


മലയാളം, തമിഴ്, അറബ്, ഹിന്ദി എന്നീ ഭാഷകളുടെ ഒരു മിശ്രിതമാണ് ജസരി ‌. ഈ ഭാഷ സംസാരിക്കുന്ന നാട്ടുകാരാണ് ലക്ഷദ്വീപുകാര്‍. കേരള സിലബസ് പിന്തുടരുന്ന ദ്വീപുകളില്‍ മലയാള പാഠാവലി മാത്രമാണ് ഒരു വിദ്യാര്‍ത്ഥിയില്‍ സാഹിത്യപരമായ കഴിവു വര്‍ദ്ധിപ്പിക്കാനുള്ള ഏക ഉപാധിയായി കാണുന്നത്. കേരളക്കരയില്‍ മാത്രമല്ല ലോകമെങ്ങും ദിവസേന വായിക്കുന്ന ദിനപത്രങ്ങള്‍ ദ്വീപില്‍ കിട്ടുന്നത് 15 ദിവസത്തിലൊരിക്കല്‍ ഇവിടെ എത്തുന്ന കപ്പലുകളിലാണ് !!!!! പത്തു ദ്വീപുകളാണ് ലക്ഷദ്വീപില്‍ വാസയോഗ്യമായുള്ളത്. വെള്ളി അവധി ദിവസമാണ്. ഞായറാഴ്ച ഉച്ച വരെ പ്രവര്‍ത്തിക്കണം. മറ്റു ദിവസങ്ങളില്‍ സ്ക്കൂള്‍ സമയം രാവിലെ 10 മുതല്‍ 8.30 വരെ. 8 പിരീഡുകളാണ് ഒരു ദിവസം. പത്തു ക്ലസ്റ്ററുകളാണ് ലക്ഷദ്വീപിലുള്ളത്. ജസരി ഭാഷ സംസാരിക്കുന്ന നാട്ടില്‍ നിന്നും മലയാളത്തോട് താല്പര്യം തോന്നിയ ദ്വീപിലെ ഒരു ഒന്‍പതാം ക്ലാസുകാരി സബീനാ ബീഗം ഒരു കവിതയെഴുതി. ഒരു ഗണിത കവിത. അത് ചുവടെ കൊടുത്തിരിക്കുന്നു.

ബഹുഭുജങ്ങള്‍ എന്ന പാഠഭാഗം തുടങ്ങുമ്പോള്‍ ഗവ. സീനിയര്‍ സെക്കന്ററി സ്ക്കൂള്‍ ഗണിതാധ്യാപകനായ സര്‍ഫ്രാസ് മാസ്റ്റര്‍,  9 B യില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചിരുന്നില്ല. പാഠഭാഗത്തില്‍ ബഹുഭുജത്തിന്റെ പ്രത്യേകതകളും അവ പ്രകൃതിയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെ കുറിച്ചുള്ള കാര്യങ്ങളും എല്ലാവര്‍ക്കും രസം തോന്നിയില്ലെങ്കിലും സബീന ബീഗം എ. സി. തന്റെ ഭാവന കവിതയിലൂടെ പുറത്തു കൊണ്ടു വരികയായിരുന്നു. സാഹിത്യ പാരമ്പര്യത്തിലാണ് സബീന ബീഗം ജനിച്ചതെങ്കിലും അവളുടെ ഈ കഴിവു മനസ്സിലാക്കാന്‍ 9-ാം ക്ലാസ്സുവരെ കാത്തിരിക്കേണ്ടി വന്നു ....... അതും ഗണിതത്തിലൂടെ.

ഈ കവിതയ്ക്ക് പരിമിതികള്‍ കാണാം. ജസരി ഭാഷയുടെ പ്രസരത്തിനു നടുവില്‍ നിന്ന് മലയാളത്തിലൊരു കവിതയെഴുതാന്‍ വെമ്പല്‍ കാണിച്ച ദ്വീപ് താത്തയ്ക്ക് നമുക്ക് പ്രോത്സാഹനം നല്കാം. നമ്മുടെ പ്രോത്സാഹനങ്ങളാണ് ഓരോ കുട്ടിയുടേയും വളര്‍ച്ചയ്ക്ക് ഉപകരിക്കുക.

കവിത (ബഹുഭുജങ്ങള്‍)
(രീതി -ഈവല്ലിയില്‍ നിന്ന് ചെമ്മേ.....)

ഈ പുസ്തകത്തില്‍ ഇന്നേറേ- കാണും
ചിത്രപ്പണി എന്താ സാറേ.
തെറ്റി നിനക്കെന്റെ മോനെ - ഇവ
പോളിഗണ്‍ രൂപങ്ങളാണേ.
മൂന്ന് വശത്തിന്റുടമാ- അത്
ത്രികോണത്തിന്റെ വിധമാ
നാല് വശത്തിന്റുപമാ -എന്നും
ചതുരം വരച്ച ഫലമാ.
പഞ്ചഭുജത്തിന്റെ കോലം -കേള്
മൊഞ്ചുള്ള വെണ്ടയ്ക്ക രൂപം.
കണ്ടിച്ച വെണ്ടയ്ക്ക തുണ്ടം- കണ്ടാല്‍
മണ്ടിക്കും ഉണ്ടാം വിവേകം
ആറ് വശങ്ങള്‍ ചേര്‍ന്നാലോ- അവ
കൂറീടാം ഷഡ്ഭുജമല്ലോ
തേനീച്ച കൂട്ടിന്‍ അറകള്‍ -പാരം
ഷഡ്ഭുജ കൂട്ട നിരകള്‍
ഏഴ് വശമുണ്ടോ കുഞ്ഞേ- എന്നാല്‍
സപ്തഭുജം അതു തന്നേ
അഷ്ടഭുജമാകാന്‍ വേണം- വശം
സ്പഷ്ടം അതെട്ടാകിടേണം
ഭുജമെണ്ണം ഒമ്പതെന്നാല്‍- അതിന്‍
നാമം നവഭുജമെന്നാം
പത്ത് വശങ്ങള്‍ ചേര്‍ന്നാലോ- ഇതിന്‍
പേരാം ദശഭുജമല്ലോ
രൂപം ഇതുപോല്‍ തുടര്‍ന്നാല്‍ - നമുക്ക്
ചൊല്ലാം ബഹുഭുജ മെന്ന്.


പരിമിതികളെ ഉള്‍ക്കൊണ്ടു തന്നെ നമുക്ക് ഈ ലക്ഷദ്വീപുകാരി കവയിത്രിക്കുട്ടിയെ പ്രോത്സാഹിപ്പിക്കാം. ഒപ്പം ഞങ്ങളോട് നിരന്തരം ചാറ്റിലൂടെയും ഇ-മെയിലിലൂടെയുമെല്ലാം ഇടപെട്ടുകൊണ്ടിരിക്കുന്ന സര്‍ഫ്രാസ് മാസ്റ്റര്‍ക്കും ഞങ്ങളുടെ ആദ്യകാല സുഹൃത്ത് പൂക്കോയ മാഷിനും മാത്‍സ് ബ്ലോഗ് ടീമിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.

42 comments:

MURALEEDHARAN.C.R August 5, 2010 at 6:03 AM  

കുട്ടികളുടെ ഇത്തരം കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കണ്ടതുതന്നെയാണ്
സബീനാ ബീഗത്തിന് അഭിനന്ദനങ്ങള്‍
ഇനിയും ഇത്തരം കവിതകള്‍ ഉടലെടുക്കട്ടെ

S.V.Ramanunni August 5, 2010 at 6:47 AM  

നല്ലൊരു ഗണിത ഗാനം. അഭിനന്ദനം സബീനാ.

sreenivasan August 5, 2010 at 7:11 AM  

നല്ലൊരു ഗണിതകവിത അഭിനന്ദനം .

vijayan larva August 5, 2010 at 7:12 AM  

സബീന ,നന്നായിട്ടുണ്ട് . പത്തു വര്ഷം മുമ്പ് ഒരു മാസക്കാലം കവരത്തിയിലും കല്പെനിയിലും ചിലവഴിച്ച സമയം ഓര്‍മവന്നു.. എല്ലാ നല്ലവരായ ദ്വീപ്‌ വസികളോടും അന്വേഷണം അറിയിക്കാന്‍ ചുമതലകൂടി സബീനയെ ഏല്‍പ്പിക്കുന്നു.സ്നേഹം മാത്രം അറിയുന്ന ദ്വീപ്‌ വാസികളെ ഒരിക്കലും മറക്കാന്‍ കഴിയില്ല . ചുരുങ്ങിയ സമയത്തെ പരിചയം പത്തു വര്‍ഷത്തിനു ശേഷവും നിത്യനെ ഫോണ്‍ കാളിലുടെ പുതുക്കുന്ന സുഹുര്തുക്കളെ മറക്കാന്‍ ഞാന്‍ ശ്രമിക്കില്ല.

വി.കെ. നിസാര്‍ August 5, 2010 at 8:01 AM  

ദ്വീപിനെക്കുറിച്ചുള്ള ആദ്യ അറിവ് ബി.എഡിന് ഒപ്പം പഠിച്ച കല്പേനിക്കാരി ഫരീദാബീഗത്തില്‍ നിന്നും, അതേ ദ്വീപില്‍ നിന്നുള്ള ഹോസ്റ്റല്‍മേറ്റ് ഹൈദറില്‍ നിന്നുമായിരുന്നു.പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ലിനക്സ് അറിവുകള്‍ പരസ്പരം പങ്കുവെക്കുന്നതിലൂടെ, മുത്തുക്കോയമാഷില്‍ നിന്നും.(മുത്തുക്കോയയും ഫരീദയും ഇന്ന് കവരത്തി(?)യില്‍ അധ്യാപക ദമ്പതികളാണ്).
ഐടി പഠനത്തിനായി ദ്വീപുകാര്‍ക്ക് മുത്തുക്കോയമാഷിലൂടെ ചെറിയ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ വലിയ ചാരിതാര്‍ത്യമുണ്ട്.
സബീനക്ക് മംഗളങ്ങള്‍!

അസീസ്‌ August 5, 2010 at 10:49 AM  

കവിത നന്നായിട്ടുണ്ട് സബീന; അഭിനന്ദനങ്ങള്‍ . തുടര്‍ന്നും എഴുതുകയും മാത്സ് ബ്ലോഗിലേക്ക് അയക്കുകയും ചെയ്യുക.

ഒഴുകുന്ന നദി..... August 5, 2010 at 12:39 PM  

വളരെ നല്ല കവിത....
കവിത എഴുതാൻ അറിയില്ലെങ്കിലും വായിക്കാൻ വളരെ ഇഷ്ടമാണ്.. പ്രത്യേകിച്ചും നിഷ്കളങ്കമായ കവിതകൾ.... :)
പിന്നെ ലക്ഷദ്വീപിനെക്കുറിചുകേൾക്കുംബോൾ എന്തെന്നില്ലാത്ത ഒരു ആകാംക്ഷയും.... :)

bhama August 5, 2010 at 1:05 PM  

സബീന ബീഗത്തിന് അഭിനന്ദനങ്ങള്‍

ഇനിയും ഇത്തരത്തില്‍ കൂടുതല്‍ കവിതകള്‍ എഴുതുക

Lalitha August 5, 2010 at 2:04 PM  

It is really nice. Congratulation to Sabeena Begam

ഹോംസ് August 5, 2010 at 4:22 PM  

രണ്ടുമാസങ്ങള്‍ക്കു മുമ്പ്, കൊച്ചിയാത്രക്കിടക്ക് പരിചയപ്പെട്ട കോയയില്‍ നിന്നാണ് ദ്വീപുകളിലെ ശോച്യാവസ്ഥ പിടികിട്ടിയത്.കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായിട്ടും യാത്രാസൗകര്യം, വിദ്യാഭ്യാസം എന്നുവേണ്ടാ,എല്ലാരംഗത്തും അവഗണനയുടെ കൈപ്പുനീരാണത്രെ!മതിയായ അധ്യാപകരോ ട്രൈനിങ് സൗകര്യങ്ങളോ ഇല്ല. അതിനുവേണ്ടി സമരം ചെയ്ത ദ്വീപുകാര്‍ക്ക് വെടിവെപ്പുള്‍പ്പടെയുള്ള മുറകളാണ് കിട്ടിയതത്രെ!
തീര്‍ച്ചയായും ഈ ബ്ലോഗിന് അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കഴിയണം.
കൊച്ചുകവയത്രിക്ക് ആശംസകള്‍!

James Bond 007 August 5, 2010 at 6:21 PM  

മലയാളഭാഷയോട് താല്പര്യം തോന്നി ഒരു കവിതയെഴുതിയ മറുനാട്ടുകാരിക്കുട്ടിയെ പ്രോത്സാഹിപ്പിക്കാന്‍ മഹാധ്യാപകര്‍ക്കും മഹാകവികള്‍ക്കുമെല്ലാമെന്താ ഒരു വിമ്മിഷ്ടം പോലെ. ബ്ലോഗ് ടീമിലെ അംഗങ്ങള്‍ പോലും പ്രതികരിച്ചു കാണുന്നില്ല. ലക്ഷദ്വീപുകാരെയെന്താ ഈ ബ്ലോഗുമാഷുമ്മാര് മലയാളികളായിട്ട് കാണുന്നില്ലേ. മറ്റ് സാറമ്മാരൊക്കെ എവിടെ?

അധ്യാപകരുടെ ഈ നിര്‍വ്വികാരത തന്നെയാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്നും കുട്ടികളെ അകറ്റുന്നത്. ഇന്നത്തെ മനോരമയുടെ ന്യൂസ് ഹെഡ് കണ്ടല്ലോ. മൂവായിരം അധ്യാപകരാണ് പുറത്തേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നത്. കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള മനഃസ്ഥിതി പോലും ഇന്നത്തെ അധ്യാപകര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. നൂറും നൂറിനു മുകളിലുമൊക്കെ കമന്റുകള്‍ വരുന്ന ഒരു ബ്ലോഗില്‍ ഇതുവരെയുള്ള കമന്റുകളുടെ എണ്ണം 10!
കഷ്ടം തന്നെ.

സബീനാ ബീഗം,

ജസരിയുടെ നാട്ടില്‍ നിന്നും മലയാളത്തിലൊരു കവിതയെഴുതാന്‍ സന്നദ്ധത കാണിച്ച നിനക്കൊരു ഹാറ്റ്സ് ഓഫ്!! നിന്നെ പ്രോത്സാഹിപ്പിച്ച നിന്റെ അധ്യാപകന്‍ സര്‍ഫ്രാസ് മാഷിനും അഭിനന്ദനങ്ങള്‍. ലക്ഷദ്വീപിന്റെ ശബ്ദം പുറം നാടുകളിലേക്കെത്തിക്കാനുള്ള ആര്‍ജ്ജവം നിന്നിലുണ്ടാകട്ടെ. ഒരാളുടേയും പ്രോത്സാഹനമില്ലെങ്കിലും നീ വളരും. മിടുക്കിയാകും.

teena August 5, 2010 at 7:32 PM  

ഇനിയും നല്ല കണക്ക് പാട്ടുകൾ സബീന എഴുതട്ടെ അഭിനന്ദനങ്ങൽ

Hari | (Maths) August 5, 2010 at 7:58 PM  

സബീന ബീഗം,

കവിത കൊള്ളാം. ബഹുഭുജം എന്ന ആശയത്തെ കവിതയിലേക്ക് ആവാഹിക്കാന്‍ തോന്നിയ ചിന്തയ്ക്ക് അഭിനന്ദനങ്ങള്‍. ഇനിയും എഴുതുക. എഴുതി എഴുതി തെളിയട്ടെ.

സബീനയെ പ്രോത്സാഹിപ്പിക്കാനുള്ള അവസരം മാത്‍സ് ബ്ലോഗ് വിനിയോഗിച്ചത് ആ കുട്ടിയുടെ കവിത പ്രസിദ്ധീകരിച്ചു കൊണ്ടു തന്നെയാണ്. അതുകൊണ്ട് മാത്‍സ് ബ്ലോഗിനോ ബ്ലോഗ് ടീമിലെ അധ്യാപകര്‍ക്കോ കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ താല്പര്യമില്ലെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നു പറഞ്ഞാലും ഞങ്ങളെ തെറ്റുപറയാനാകുമോ? അധ്യാപകരുടെ നിര്‍വികാരതയെന്ന് ആക്ഷേപിക്കുമ്പോഴും ഒന്ന് അങ്ങു മനസ്സിലാക്കണം. പോസ്റ്റുകളില്‍ നൂറും നൂറിനു മുകളിലും കമന്റുകള്‍ വന്നത് ഒരു ദിവസം കൊണ്ടല്ലെന്ന് പ്രിയ സുഹൃത്ത് "ജയിംസ് ബോണ്ട് 007" അനുഭവത്തിന്റെ വെളിച്ചത്തില്‍ അംഗീകരിച്ചു തരണം.

അല്പം തിരക്കു കൂടിപ്പോയതു കൊണ്ടായിരിക്കണം, അങ്ങ് ഇപ്രകാരം എഴുതിപ്പോയത്. രണ്ടു ദിവസം കൂടി കാത്തിരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഒരു പക്ഷേ ഇങ്ങനെ എഴുതേണ്ടി വന്നതില്‍ ഒരു മനോവിഷമം അങ്ങേയ്ക്ക് ഉണ്ടായേക്കാം. ആ സമയം അധ്യാപക ലോകത്തെ രൂക്ഷമായി ആക്ഷേപിച്ച വാക്കുകളെ അങ്ങേയ്ക്ക് തിരിച്ചെടുക്കാന്‍ കഴിയുമോ. എത്ര ഡിലീറ്റിയാലും ആ മുറിപ്പാടുകള്‍ അവിടെത്തന്നെ അവശേഷിക്കും.

പക്ഷെ മാത്‍സ് ബ്ലോഗിന്റെ നല്ലൊരു സഹയാത്രികനായി എന്നും അങ്ങൊപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു

devapriyajayaprakash August 5, 2010 at 8:11 PM  

ആശംസകള്‍ സബീനാ............. കണക്കിനെ
സ്നേഹിക്കുന്നവര്‍ അവിടെയുംഉണ്ടല്ലോ!
എന്റെ ക്ലാസിലും ഒരു ലക്ഷദ്വീപുകാരനുണ്ട്.
അവിടെ പത്താംക്ലാസുകാരനുപോലും
നല്ലജോലികിട്ടുമെന്ന്അവന്‍പറഞ്ഞു.ശരിയാണോ?

ജനാര്‍ദ്ദനന്‍.സി.എം August 5, 2010 at 8:44 PM  

ബ്ലോഗിന്റെ മുന്‍പേജില്‍ത്തന്നെ, സാബി
നിന്‍ കാവ്യമിന്നു തിളങ്ങി
ആഴിക്കിടയില്‍ തിളങ്ങും നിന്റെ
ഊഴിയില്‍ പോലും കവിത
പോളിഗണ്‍ കാര്യം കുറിക്കും വാക്കോ
കേളികളല്ല പരമാര്‍ത്ഥം
ചേരുവയിത്തിരി ചേര്‍ന്നാല്‍ പിന്നെ
നേരു ഞാനോതുന്നു ഹൃദ്യം
വെണ്ടക്ക തുണ്ടമാക്കുന്ന കാര്യം
മണ്ടയ്ക്കു പെട്ടെന്നു വന്നോ?
തേനറ ഷഡ്ഭുജക്കൂട്ടം പിന്നെ
തേനൂറും വാക്കിലായ് ചൊല്ലി
അക്കപ്രമാണങ്ങള്‍ മാത്രം ചൊല്ലി
പൊക്കത്തില്‍ നില്ക്കും ഗണിതര്‍
ഇത്തിരി ഭാവന നല്കി, മനം
സ്വസ്ഥമായ് മാറ്റുമോയെന്നും!

ഹരിത August 5, 2010 at 8:57 PM  

സബീനാ ബീഗത്തിന് അഭിനന്ദനങ്ങള്‍

സബീനയെ ഇവിടെ പരിചയപെടുത്തിയ സര്‍ഫ്രാസ് മാസ്റ്റര്‍ക്കും അഭിനന്ദനങ്ങള്‍ .

JAYAN August 5, 2010 at 9:43 PM  

നല്ലൊരു ഗണിത കവിത എഴുതിയ സബീന ബീഗത്തിന് അഭിനന്ദനങ്ങള്‍ .
കൂടുതല്‍ കവിതകള്‍ സബീനയില്‍ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു .

സോമലത ഷേണായി August 6, 2010 at 6:13 AM  

ഗ്രേഡിങ് സിസ്റ്റം ലക്ഷദ്വീപിലും അലയടിക്കുന്നു എന്നതിന് തെളിവാണ് ഈ ഗണിത കവിത. സബീനാ ബീഗത്തിന് അഭിനന്ദനങ്ങള്‍.

vijayan larva August 6, 2010 at 7:27 AM  

@ജെയിംസ്‌ ബോണ്ട്‌ ,
ഇന്നലെ കാലത്ത് പബ്ലിഷ് ചെയ്ത പോസ്റ്റ്‌ വായിക്കുന്നതോടൊപ്പം തുടര്‍ന്ന് വന്ന 5 കമന്റുകള്‍ (കാലത്ത് 8 നു മുമ്പായി ) വായിക്കുന്നത് നന്നായിരിക്കും . കമന്റു ചെയ്തവര്‍ മറ്റാരുമല്ല . അഞ്ചില്‍ നാലും ടീം അംഗങ്ങള്‍ തന്നെ.ഇതൊന്നു മറിയാതെ വൈകുന്നേരം6.21 മണിക്ക് കയറി ടീം അംഗങ്ങളെ നല്ല ശീലം പഠിപ്പിക്കുന്ന ഏതാനപ്പാ ഒരു ബോണ്ട്?പ്രതികരിക്കാന്‍ ആളെ കിട്ടുമെന്ന് കരുതി എന്തെങ്കിലും വിമര്ശനം എഴുതി കൂട്ടി ആളവല്ലേ.ഒന്നുമില്ലെങ്കില്‍ കാപട്യം എന്തെന്നറിയാത്ത ,കളങ്കം ഇല്ലാത്ത , സ്നേഹ സമ്പന്നരായ ദ്വീപിലെ കുട്ടികള്‍ എന്ത് കരുതും ?(ദ്വീപില്‍ നിന്ന് പുറപ്പെട്ടു കേരള കരയോടടുത്തു വരുന്ന ദീപ വാശികളുടെ കപ്പല്‍ ( ടിപ് സുല്‍താന്‍ ,ദ്വീപ്‌ സേട്ട്...............) ഡെക്കില്‍ നിന്നുള്ള ആരവം താങ്കള്‍ കേട്ടിട്ടുണ്ടോ?ഇല്ലെങ്കില്‍ അതൊന്നു കേട്ട് വാ . അവരും നമ്മളും തമ്മിലുള്ള ബന്ധം അറിയാന്‍.(പകരം വിദ്വേഷം ഉണ്ടാക്കുന്ന വിത്ത് പകല്ലേ എന്റെ സോദര )

Babu Jacob August 6, 2010 at 8:29 AM  

.
സബീനാ ബീഗം,

ഇന്നാണ് ഈ പോസ്റ്റ്‌ കണ്ടത് .

കവിതയ്ക്ക് അഭിനന്ദനങ്ങള്‍ ‍.

അത്യുജ്ജ്വലം എന്നൊന്നും പറയുന്നില്ല .

എങ്കിലും വളരെ നന്നായിരിക്കുന്നു.

ഇനിയും എഴുതണം.

അതി മനോഹരമായ ആ നാട്ടില്‍ നിന്നും അതിലും മനോഹരമായ കവിതകള്‍ .

.
@ സോമലത ഷേണായി
ഗ്രേഡിങ് സിസ്റ്റം ലക്ഷദ്വീപിലും അലയടിക്കുന്നു എന്നതിന് തെളിവാണ് ഈ ഗണിത കവിത.

യൂണിയന്‍ നേതാക്കന്മാരുടെ ഭാഷ കടമെടുത്ത് ആ കുട്ടിയുടെ കഴിവിനെ ഇങ്ങനെ അപമാനിക്കരുത് .

ഇതേ പോസ്റ്റില്‍ നിന്നും കടമെടുത്ത ചില പരാമര്‍ശങ്ങള്‍ ഒന്ന് കൂടി വായിക്കുമല്ലോ.

"സാഹിത്യ പാരമ്പര്യത്തിലാണ് സബീന ബീഗം ജനിച്ചതെങ്കിലും അവളുടെ ഈ കഴിവു മനസ്സിലാക്കാന്‍ 9-ാം ക്ലാസ്സുവരെ കാത്തിരിക്കേണ്ടി വന്നു."

അത് കണ്ടെത്താന്‍ സര്‍ഫ്രാസ് മാസ്ടരും , പ്രസിദ്ധീകരിക്കാന്‍ മാത്സ് ബ്ലോഗും വേണ്ടിവന്നു .

"മൂവായിരം അധ്യാപകരാണ് പുറത്തേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നത്."

പൊതു വിദ്യാലയങ്ങളില്‍ ഒറ്റ വര്‍ഷം കൊണ്ട് 1 .20 ലക്ഷം കുട്ടികള്‍ കുറവ് .

.

shemi August 6, 2010 at 8:55 AM  
This comment has been removed by the author.
shemi August 6, 2010 at 8:56 AM  

സബീനമോള്‍ക്ക് അഭിനന്ദനങ്ങള്‍

Sreejithmupliyam August 6, 2010 at 9:45 AM  

date of birth correction ലിങ്കില്‍ July salary ആണ് open ആവുന്നത്.
pls check it
sreeeeeeeeeeeeeejithmupliyam

raji August 6, 2010 at 10:32 AM  

congratulations!! Sabeena Mol

രാമൊഴി August 6, 2010 at 10:36 AM  

nannayitund mole..

Misrav Cultural Society August 6, 2010 at 10:48 AM  

സബീന ബീഗത്തിന് അഭിനന്ദനങ്ങള്‍ .ഒപ്പം ഇത് പ്രസിദ്ധീകരിച്ച മാത്‍സ് ബ്ലോഗിനും..
കേരളത്തില്‍ നിന്ന് 350 കി.മി അകലെ അറബിക്കടലില്‍ ചിതറിക്കിടക്കുന്ന 36 ദ്വീപ് സമൂഹങ്ങളാണ് ലക്ഷദ്വീപുകള്‍. ഇതില്‍ 11 ദ്വീപുകളിലാണ് ജനവാസമുളളത്. ദ്വീപുകള്‍ തമ്മില്‍ 20 കി.മീ മുതല്‍ 200 കി.മീ വരെ അകലമുണ്ട്. സ്കൂളുകളിലെ സൌകര്യങ്ങള്‍ കേരളത്തെ അപേക്ഷിച്ച് കൂടുതലാണെന്ന് പറയാം. എന്നിട്ടും ഇവിടത്തെ എസ്.എസ്.എല്‍.സി, പ്ളസ്ടൂ വിജയശതമാനം കഴിഞ്ഞ വര്‍ഷം 67, 23 ആണ്. ഇത് സ്റേറ്റ് ശതമാനത്തേക്കാള്‍ വളരെ താഴെയാണ്. ഇതിന് പ്രധാന കാരണം സമയാസമയങ്ങളില്‍ ലഭിക്കേണ്ട അധ്യാപക പരിശീലനത്തിന്റ അഭാവമാണ്. പാഠപുസ്തകങ്ങള്‍ സമയത്തിന് എത്തുന്നുണ്ടെങ്കിലും അധ്യാപക സഹായി ലഭിക്കുന്നില്ല. 8, 9 ക്ളാസുകളുടെ കോഴ്സും ഹാന്‍ഡ്ബുക്കും ഇതുവരെ ഇവിടെ കിട്ടിയില്ല. മാത്സ് ബ്ളോഗ് പോലെയുളള വയാണ് ദ്വീപുകാരുടെ ഏക ആശ്രയം.

Kalavallabhan August 6, 2010 at 12:34 PM  

മണ്ടന്റെമണ്ടയ്ക്കകത്തുംകയറുമാ
മൊഞ്ചുള്ളബഹുഭുജപുരാണമിന്ന്
തണ്ടില്ലാതുരുവിട്ട്ചൊല്ലിക്കുമെങ്കിൽ
കൊഞ്ചുമീപിള്ളേരുമെനിച്ചറിയാം.

സബീന ബീഗത്തിന്ന് ആശംസകൾ

santhosh August 6, 2010 at 1:29 PM  

സബീനായ്ക്ക്
അഭിനന്ദനങ്ങള്‍!!!!!!!!!!!!!!!!!!!!Santhosh Thomas
Alphonsa G.H.S VAKAKKAD

the man to walk with August 6, 2010 at 1:53 PM  

ഗണിത കവിത ഇഷ്ടായി അഭിനന്ദനം സബീനാ.അഭിനന്ദനം സബീനാ.

sayed August 6, 2010 at 4:36 PM  

സബീനമോൾക്ക് ലക്ഷദ്വിപ് ഡയറ്റ് അധ്യപകരുടെ അഭിനന്ദനങ്ങൾ.ഇനിയുമിനിയും എഴുതണം. വിജയാശംസകൾ. .....

ശ്രീ..jith August 6, 2010 at 4:45 PM  

സബീന ബീഗത്തിന് അഭിനന്ദനങ്ങള്‍

Jessy August 6, 2010 at 7:00 PM  

നല്ലൊരു ഗണിത കവിത. അഭിനന്ദനം സബീനാ

JOHN P A August 7, 2010 at 7:09 AM  

രണ്ടുദിവസം കമ്പ്യൂട്ടര്‍ പ്ര‌ശനമായിരുന്നു.നല്ല കവിത.സബീനയ്ക്ക് അഭിനന്ദനങ്ങള്‍

VIJAYAN N M August 7, 2010 at 7:34 AM  

സബീനക്കും ദീപു കൂട്ടുകാര്‍ക്കും വേണ്ടി മാത്രം ,
IF 1^2+2^2+3^2.......100^2=X,
1^2+2^2+3^2.........50^2=Y
FIND 1^2-2^2+3^2-4^2+5^2.....+99^2-100^2.
(Answer in terms of X,Y)

nasarkiliyayi August 7, 2010 at 12:41 PM  

സബീനബീഗം
കണക്ക് കവിത അസ്സലായിട്ടുണ്ട്
നാസര്‍ കിളിയായി

Swapna John August 7, 2010 at 2:03 PM  

സബീനക്കുട്ടീ,

മോളുടെ കവിതയും ആശയവും നന്നായിട്ടുണ്ട്. ഇനിയും എഴുതണം.

sruthi August 8, 2010 at 7:28 AM  

vijayan sir
is it x-4y

vijayan larva August 8, 2010 at 7:36 AM  

@ are u from lakhdives?

you explain your solution.
thank you.

MyDreams August 8, 2010 at 7:21 PM  

സബീന ബീഗത്തിന് അഭിനന്ദനങ്ങള്‍

THALLU April 20, 2011 at 4:13 PM  

Hai Sabeena..
Nice poem, read well and write more.
A big THANKS to mathsblog team for publishing her poem.
by
Calicut University Lakshadweep Students.

MohammedNazeemKhan June 6, 2011 at 2:24 PM  

ഇന്നാണ് ഈ പോസ്റ്റ്‌ കണ്ടത്

നല്ലൊരു ഗണിത ഗാനം. അഭിനന്ദനം സബീനാ.

കുട്ടികളുടെ ഇത്തരം കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കണ്ടതുതന്നെയാണ്
ഇനിയും ഇത്തരത്തില്‍ കൂടുതല്‍ കവിതകള്‍ എഴുതുക

mohd irfan October 11, 2011 at 4:51 PM  

very good. keep it up

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer