ഗാന്ധിജിയുടെ അഹിംസാ സമരമുറ

>> Friday, October 2, 2009


ജീവിച്ചിരിക്കുന്നവരോ മണ്‍മറഞ്ഞവരോ ആയ വ്യക്തികളുടെ ഒപ്പം ഒരുനേരം ഭക്ഷണം കഴിക്കാനാവസരം ലഭിച്ചാല്‍ അങ്ങ് ആരുടെയൊപ്പമായിരിക്കും ഇരിക്കാനാഗ്രഹിക്കുന്നതെന്ന ഒരു സംഘം അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഗാന്ധിജിക്കൊപ്പം എന്ന മറുപടിയായിരുന്നു യു.എസ്.പ്രസിഡന്റ് ബറാക് ഒബാമ സംശയമെന്യേ നല്‍കിയത്. ലോകജനതയ്ക്ക് ഏറെ പരിചിതനായ, പ്രസിദ്ധനായ ഒരു വ്യക്തി അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയതില്‍ നമ്മള്‍ ഭാരതീയര്‍ക്ക് അഭിമാനിക്കാം. കാരണം, ഒബാമ എന്തു പറയുന്നുവെന്ന് കാതോര്‍ത്തിരിക്കുന്ന ലോകരാജ്യങ്ങളിലെ ആരാധകരും വിമര്‍ശകരുമായ ഒരു ജനത ഒരു നിമിഷമെങ്കിലും നമ്മുടെ രാഷ്ട്രപിതാവിനെപ്പറ്റി സ്മരിക്കാനിടയാകുമല്ലോ. ആ പേര് ആദ്യമായി കേള്‍ക്കുന്ന ഒരാളെങ്കിലും ആരെക്കുറിച്ചാണ് ഒബാമ ഇങ്ങനെ പ്രതികരിച്ചതെന്ന് അന്വേഷിക്കാന്‍ ഇടവന്നിട്ടുണ്ടാകുമല്ലോ. ഈ പരാമര്‍ശശേഷം ഗൂഗിള്‍ പോലെയുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ ഗാന്ധിജിയെപ്പറ്റി തിരഞ്ഞവരുടെ എണ്ണമെടുത്താല്‍ ഒരു പക്ഷേ ഗാന്ധീവിമര്‍ശകരെ ഞെട്ടിച്ചാനേ. തമാശയെന്നോണം ഒബാമ പറഞ്ഞ മറുപടിയും നമുക്ക് അഭിമാനകരം തന്നെ. "ഒരു പക്ഷേ ഭക്ഷണം കഴിക്കല്‍ അത്ര തൃപ്തികരമായിരിക്കണമെന്നില്ല. കാരണം ഒപ്പമുള്ള ഗാന്ധിജി അത്രയ്ക്കൊന്നും ഭക്ഷണം കഴിക്കില്ലല്ലോ". ആമാശയത്തിനു വേണ്ടിയുള്ള ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. മറിച്ച്, ആശയത്തിന് വേണ്ടിയായിരുന്നു ജീവിതസമര്‍പ്പണം എന്നതിന് ലഭിച്ച ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്.

സമരങ്ങളില്‍ പിന്നില്‍ നിന്ന് നയിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. മുന്‍നിരയില്‍ നിന്നുതന്നെ ആ 'അര്‍ദ്ധനഗ്നനായ ഫക്കീര്‍' സമരം നയിച്ചു. ഇത്രവലിയ സഹനസമരം നയിച്ചിട്ടും ഒരു ജനതയെ അക്രമണങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തിയിട്ടും എന്തുകൊണ്ട് ഗാന്ധിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചില്ല ? അഞ്ചുവട്ടം നോബേല്‍ സമ്മാനത്തിന് അക്കാദമി പരിഗണിച്ചുവെന്ന് പറയപ്പെടുന്നു. എന്തുകൊണ്ട് രാജ്യം അതിനു വേണ്ടി ശ്രമിക്കുന്നില്ല. അര്‍ഹരായ വ്യക്തികള്‍ക്കു വേണ്ടി ഇടപെടലുകള്‍ നടത്തുന്നതില്‍ തെറ്റില്ലല്ലോ. എന്തിന് അദ്ദേഹത്തിന് ഒരു ഭാരതരത്നം ബഹുമതി നല്‍കാന്‍ പോലും നാളിതുവരെ രാജ്യത്തിനായില്ലല്ലോ.
അദ്ദേഹം ഒരിക്കലും ബഹുമതികള്‍ ആഗ്രഹിച്ചിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ പേരിനൊരു പ്രധാനമന്ത്രിയോ ഗവര്‍ണര്‍ജനറലോ ആക്കി ബ്രിട്ടീഷുകാര്‍ പണ്ടേ അദ്ദേഹത്തെ വശംവദനാക്കിയേനെ. അതുമല്ലെങ്കില്‍ സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയിലെ ഒരു പ്രധാനമന്ത്രിയോ മറ്റെന്തെങ്കിലും ഉന്നതസ്ഥാനമോ കരസ്ഥമാക്കിയേനെ. രണ്ടാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ ഗാന്ധിജി ഒരൊറ്റമുണ്ടും മേല്‍മുണ്ടും ധരിച്ചാണ് ബ്രിട്ടണിലേക്ക് കടന്നു ചെന്നത്. കോട്ടും സ്യൂട്ടും ഇടാനുള്ള മടി കൊണ്ടല്ല. വിദേശവസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത ഗാന്ധി ഒരിക്കലും തന്റെ വാക്കുകള്‍ക്ക് പോലും അപവാദമാകാനാഗ്രഹിക്കില്ലല്ലോ. ഇന്‍ഡ്യയ്ക്ക് സ്വാതന്ത്യം ലഭിക്കുമ്പോള്‍, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരടക്കമുള്ള ഭാരതീയസമൂഹം ആനന്ദനൃത്തം ചവിട്ടുമ്പോള്‍, ബംഗാളിലെ സംഘര്‍ഷങ്ങളില്‍ വ്രണിതഹൃദയരായവരെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാര്‍ക്ക് പകരം ജര്‍മ്മന്‍കാരോ ജപ്പാന്‍കാരോ പോര്‍ട്ടുഗീസുകാരോ ആയിരുന്നു നമ്മുടെ നാടിനെ കീഴടക്കിയിരുന്നതെങ്കില്‍ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരം ഫലവത്താകുമായിരുന്നോ എന്ന ഒരു ചോദ്യം മുന്‍പാരോ ചോദിച്ചു കേട്ടിട്ടുണ്ട്. ബ്രിട്ടണില്‍ നിലനിന്നിരുന്ന ജനാധിപത്യമൂല്യങ്ങള്‍ കൊണ്ടാണ് ഗാന്ധിജി നയിച്ച അഹിംസാസമരരീതി ലക്ഷ്യം നേടാന്‍ കാരണമെന്നാണ് ഇക്കൂട്ടര്‍ മറുപടിയായി പറഞ്ഞത്. ലോകചരിത്രത്തില്‍ത്തന്നെ ഐതിഹാസികമായ ഒരേട് എഴുതിച്ചേര്‍ത്ത, സമീപകാലത്ത് നടന്ന ഒരു സംഭവമായിട്ടു കൂടി ഭാരതീയ ചരിത്രകാരന്മാര്‍ക്ക് ഇപ്പോഴും ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരകഥാരചനയില്‍ ഒരു ഏകീകരണസ്വഭാവം കൈവരുത്താനായിട്ടില്ല. ജനങ്ങളിലേക്ക് ഗാന്ധിജിയെ വെറുമൊരു വിനിമയോപാധിയായി ഒതുക്കാനേ ഈ വിവാദങ്ങളെല്ലാം ഉപകരിക്കൂ.

ചരിത്രം ഒന്നുകൂടി മനസ്സിരുത്തി വായിച്ചാല്‍ എതിരഭിപ്രായമുന്നയിച്ചവരുടെ അഭിപ്രായം തന്നെ ചിലപ്പോള്‍ മാറി മറിഞ്ഞേക്കാം. ഒന്നരനൂറ്റാണ്ടോളം നീണ്ടു നിന്ന നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ അവസാനഘട്ടത്തിലെ കാല്‍ നൂറ്റാണ്ട് മാത്രമേ സമരമുഖം അഹിംസാത്മകമായിരുന്നിട്ടുള്ളു. ആ സമയത്തും ദേശീയസമരവുമായി ബന്ധപ്പെട്ടും അല്ലാതെയുമൊക്കെ അക്രമണസമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയെയെല്ലാം ബ്രിട്ടീഷുകാര്‍ നിര്‍ദ്ദാക്ഷിണ്യം അടിച്ചൊതുക്കി. ബ്രിട്ടീഷുകാര്‍ ജര്‍മ്മന്‍കാരെയോ ജപ്പാന്‍കാരെയോ പോര്‍ട്ടുഗീസുകാരെയോ പോലെ ക്രൂരന്മാരായിരുന്നില്ലായെന്ന് തോന്നിപ്പിച്ചിരുന്നില്ലായെന്നത് ശരിതന്നെ. പക്ഷെ അവര്‍ പ്രതിനിധീകരിച്ചിരുന്ന ആധുനികനാഗരത പതിന്മടങ്ങ് ക്രൂരമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതിന് ജാലിയന്‍ വാലാബാഗ് സംഭവം തന്നെ ഉത്തമോദാഹരണം.

ബ്രിട്ടീഷുകാരുടെ ഈ മനഃസ്ഥിതിയെ തോല്‍പ്പിക്കാന്‍ പര്യാപ്തമായ ഒരായുധവും നമ്മുടെ പക്കലുണ്ടായിരുന്നില്ല. വ്യക്തിയുടെ ഉള്ളിലുള്ള ആത്മബോധത്തെ ഊതി ജ്വലിപ്പിച്ച് സ്വതന്ത്രമാക്കുകയാണിവിടെ ഗാന്ധിജി ചെയ്തത്. അവിടെ അദ്ദേഹം വിജയിക്കുകയും ചെയ്തു. അതിന്റെ മാധുര്യമാണ് നമ്മളേവരും ഇന്ന് നുണയുന്നതും. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ഇന്‍ഡ്യുയടെ വിവിധ ഭാഗങ്ങളിലുണ്ടായ സാമൂഹികവും ആത്മീയവുമായ ഉണര്‍വുകളാണ് ഗാന്ധിജിയെയും അതുപോലുള്ളവരെയും സൃഷ്ടിച്ചത്. മൃതമായ ഒരു സാമൂഹികമനസ്സില്‍ നിന്ന് ഗാന്ധി എത്ര പ്രഗത്ഭനായാലും രൂപപ്പെടില്ല. സമൂഹത്തിന് കടപ്പാടുണ്ട്. കടമകളുണ്ട്. അത് സധൈര്യം നിര്‍വ്വഹിക്കുക.

2 comments:

JOHN P A October 2, 2009 at 12:25 PM  

Strictly speaking,our present educational process and method of learning is based on Gandhi's vision on education. Mahatma Gandhi give special emphasis on learning through direct experience the social resonsibility of the educators .Universal citizen was the dream of Gandhi that we are struggling attain nowadays.Surely India needs another Gandhi

vijayan October 2, 2009 at 3:42 PM  

Watch the home page of GOOGLE today. we get the importance of GANDHIJI from it.
they denoted as " the picture of GANDHIJI+ OOGLE" . they sacrifised a letter or expanded G as GANDHIJI to memorise our FATHER OF NATION. ......we also .......

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer