ഒട്ടേറെ സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ള മാത്‌സ് ബ്ലോഗ് ഇതേവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയൊരു സംരംഭത്തിനാണ് ഇത്തവണ തുടക്കം കുറിക്കുന്നത്. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ സഹകരണവും അഭിപ്രായവും പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. എങ്ങിനെയായിരിക്കണം പത്താം ക്ലാസുകാര്‍ക്കു വേണ്ടിയുള്ള ഓരോ വിഷയത്തിന്റേയും ചോദ്യപേപ്പര്‍? അധ്യാപകര്‍ ഈ ചോദ്യപേപ്പറുകളില്‍ സംതൃപ്തരാണോ? ഇതുവരെയുള്ള ചോദ്യപേപ്പറുകളുടെ ഗുണങ്ങളും പോരായ്മകളുമെന്താണ്? എന്താണ് നിങ്ങള്‍ ഒരു ചോദ്യപേപ്പറില്‍ നിന്നും പ്രതീക്ഷിക്കുന്നത്? നിങ്ങളില്‍ നിന്നും ലഭിക്കുന്ന ഇതേക്കുറിച്ചുള്ള ഫീഡ്ബാക്കുകള്‍ നമ്മുടെ ചോദ്യകര്‍ത്താക്കളിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ശരാശരി മുപ്പതിനായിരത്തിനു മേല്‍ ഹിറ്റുകള്‍ ലഭിക്കുന്ന മാത്സ് ബ്ലോഗിന് ഇത് വിജയിപ്പിക്കാനാകും. പക്ഷെ നിങ്ങള്‍ സഹായിച്ചാല്‍ മാത്രം. ഓരോ സംരംഭവും വിജയിക്കുമ്പോഴാണ് പുതിയ പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്ക് സാധിക്കുന്നത്. നിര്‍വികാരത വെടിഞ്ഞ് ഈ വിഷയത്തില്‍ നിങ്ങള്‍ പ്രതികരിക്കണം. സമൂലമായൊരു മാറ്റം ഈ മേഖലയില്‍ ഉറപ്പായും നമുക്ക് പ്രതീക്ഷിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള പേജിന് ഇവിടെ ക്ലിക്ക് ചെയ്യൂ.
ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് ഇനി മുതല്‍ ചോദ്യപേപ്പറുകള്‍ നിര്‍മ്മിക്കുന്നവര്‍ അറിഞ്ഞിരിക്കണം. ഈ ലക്ഷ്യം വിജയിപ്പിക്കാന്‍ നിങ്ങളുടെ അഭിപ്രായം മാത്‌സ് ബ്ലോഗിന് അയച്ചു തന്നേ പറ്റൂ. ഇത് മറ്റുള്ളവര്‍ ചെയ്തോളും എന്ന ചിന്തയാണ് നിങ്ങളുടെ ഉള്ളിലുണ്ടാക്കുന്നതെങ്കിലോ, ഈ ഉദ്യമം ലക്ഷ്യം കാണാതെ പിഴച്ചു പോകും. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ടൈപ്പ് ചെയ്തോ,
ഈ ഫോര്‍മാറ്റ് പ്രിന്റെടുത്ത് എഴുതി സ്കാന്‍ ചെയ്ത് അയച്ചു തന്നോ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് - 682502, എറണാകുളം എന്ന വിലാസത്തിലേക്ക് അയച്ചു തരികയോ ചെയ്യുമല്ലോ? ബ്ലോഗ് ടീം അംഗവും വിദ്യാഭ്യാസ വിചക്ഷനുമായ രാമനുണ്ണി സാറിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നത്. ഇത്തരമൊരു സംരംഭത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.
നല്ലൊരു ചോദ്യപേപ്പര്‍ ഒരു കുട്ടിയുടെ അവകാശമാണ്. എങ്ങിനെ വേണം നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ എന്നതിനെക്കുറിച്ച്, പ്രത്യേകിച്ച് പത്താം ക്ലാസിലെ ചോദ്യപേപ്പറുകളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരിക്കും. എളുപ്പമുള്ള ചോദ്യങ്ങളില്‍ തുടങ്ങുന്ന ആ ചോദ്യപേപ്പര്‍ പരീക്ഷയെഴുതുകയാണ് എന്ന ചിന്ത വിട്ട് ആസ്വാദ്യകരമായി ഉത്തരങ്ങളെഴുതാന്‍ കഴിയുന്ന തരത്തിലേക്ക് വികസിക്കണം. ശരാശരിക്കും മുകളില്‍ നില്‍ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങള്‍ അതില്‍ തന്ത്രപരമായി വിന്യസിക്കണം. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ചോദ്യകര്‍ത്താവ് ഇതെല്ലാം അതു മറന്നു പോകാറാണ് പതിവ്. കുട്ടി എന്തു പഠിച്ചു എന്ന പരിശോധിക്കുന്നതിനു പകരം കുട്ടിക്ക് എന്തറിയില്ല എന്നു പരിശോധിക്കാനാണ് പലപ്പോഴും ചോദ്യകര്‍ത്താവിന്റെ വ്യഗ്രത. തന്റെ കഴിവുകളും സാമര്‍ത്ഥ്യവുമെല്ലാം ഓരോ ചോദ്യത്തിലും കുത്തി നിറക്കാന്‍ ചോദ്യകര്‍ത്താവ് വെമ്പുമ്പോള്‍ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായ വിദ്യാര്‍ത്ഥിയായിരിക്കും അദ്ദേഹം മുന്നില്‍ കാണുക. അവന് എളുപ്പം ഉത്തരം കിട്ടാത്ത തരത്തിലുള്ള ചോദ്യങ്ങള്‍ പരമാവധി വളച്ചൊരുക്കിയെടുക്കണം എന്ന ചിന്താഗതിയായിരിക്കും പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍. എന്നാല്‍ ശരാശരിക്കാരനായ ഒരു പരീക്ഷാര്‍ത്ഥിയുടെ മനസ്സ് ഇത്തരം ചോദ്യപേപ്പറുകള്‍ കാണുമ്പോഴേക്കും തകര്‍ന്നു പോകുന്നതു കൊണ്ടു തന്നെ ആ വിഷയത്തോട് മടുപ്പും വിരസതയുമെല്ലാം അവന്റെയുള്ളില്‍ സൃഷ്ടിക്കുന്നു. വലിയ പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴും ഈ ഭയം അവന്റെയുള്ളില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ നല്ല ചോദ്യപേപ്പറുകള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നതിനു പര്യാപ്തമായ ശേഷി ചോദ്യകര്‍ത്താക്കള്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരും മാത്‌സ് ബ്ലോഗ് സന്ദര്‍ശിക്കാറുണ്ടായിരിക്കും. പ്രത്യേകിച്ച് തങ്ങളുടെ ചോദ്യങ്ങളേക്കുറിച്ചുള്ള ഫീഡ് ബാക്കുകളറിയാന്‍ അവര്‍ അതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നിരന്തരം സന്ദര്‍ശിക്കാറുണ്ട്. ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് കുട്ടികള്‍ക്ക് വേണ്ടി ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരിലേക്കെത്തിക്കുന്നതിനാണ് ഈ പോസ്റ്റ്.
ചുവടെ കമന്റ് ചെയ്യുന്നതിനേക്കാളുപരി നിങ്ങളുടെ വിശദമായ അഭിപ്രായങ്ങള്‍ നേരിട്ട് ശേഖരിക്കാനാണ് ഞങ്ങളുടെ ഉദ്യമം. അതു കൊണ്ടു തന്നെ പോസ്റ്റിന് കമന്റുകളല്ല, മറിച്ച് നിങ്ങളുടെ വിഷയത്തെക്കുറിച്ച് നിങ്ങളുടെയും മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്ന നിങ്ങളുടെ സഹപ്രവര്‍ത്തകരുടെയും അഭിപ്രായം ഞങ്ങളിലേക്കെത്തിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. മാത്സ് ബ്ലോഗിന്റെ ഈ പരിശ്രമം വിജയിപ്പിക്കാനുള്ള ഉദ്യമത്തില്‍ പങ്കുചേരൂ.
Read More | തുടര്‍ന്നു വായിക്കുക