തൃശൂരിലേക്ക്....വരുന്നോ?

>> Saturday, October 12, 2013

മലയാളഭാഷയുടെ ഡിജിറ്റല്‍ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്"ഒരു വ്യാഴവട്ടം പിന്നിടുന്നൂവെന്നത് ആ ഭാഷയെ സ്നേഹിക്കുന്ന ഏവര്‍ക്കും ആഹ്ലാദം പകരുക തന്നെ ചെയ്യും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പന്ത്രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്കു് ഒക്റ്റോബര്‍ 14, 15 തീയതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ചു തുടക്കമാകുകയാണു്.വിശദമായ പ്രോഗ്രാം നോട്ടീസ് ഇവിടെ ഉണ്ട്.
സ്വാര്‍ത്ഥത തീരെ വെടിഞ്ഞ്, അറിവിന്റെ സ്വതന്ത്രമായ കൈമാറ്റത്തിന് അക്ഷീണം യത്നിക്കുകയും യത്നിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരുപറ്റം മനുഷ്യസ്നേഹികളുടെ പ്രയത്നമാണ് ഇന്ന് നാമേവര്‍ക്കും അഭിമാനകരമായരീതിയില്‍ ഈ പ്രസ്ഥാനത്തെ വളര്‍ത്തിയത്. അതിന്റെ സത്ഫലങ്ങളില്‍ വേരൂന്നിയാണ് നമ്മുടെ 'മാത്‌സ് ബ്ലോഗ്'ലക്ഷക്കണക്കിന് ജനഹൃദയങ്ങളിലേക്ക് പ്രവേശിച്ചതെന്നതിനാല്‍ ഇതില്‍ പങ്കെടുക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും നന്ദിപൂര്‍വ്വമായ കടമയായി ബ്ലോഗ്ടീം കരുതുന്നു.

കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയായിരുന്ന ബൈജു എം 2001-ല്‍ ആരംഭിച്ച മലയാളം ലിനക്സ് എന്ന ഓണ്‍ലൈന്‍ സമൂഹമാണു് ഏതാണ്ടു് പത്തുമാസങ്ങള്‍ക്ക് ശേഷം 'സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്' എന്ന പേരു സ്വീകരിച്ചതു്. തുടര്‍ന്നുള്ള 12 വര്‍ഷം കൊണ്ട് മലയാളം കമ്പ്യൂട്ടിങ്ങിനെ കൈപിടിച്ചു നടത്തുവാനും മറ്റേതു ഇന്ത്യന്‍ ഭാഷയ്ക്കും മാതൃകയാക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനായി. സ്വതന്ത്ര സോഫ്റ്റ്‌‌വെയറുകളുടെ പ്രാദേശികവല്‍കരണം, ഫോണ്ടുകളുടെ നിര്‍മാണവും പുതുക്കലും കമ്പ്യൂട്ടര്‍ /മൊബൈല്‍ സമ്പര്‍ക്കമുഖങ്ങളിലെ കൃത്യമായ മലയാള ചിത്രീകരണം ഉറപ്പുവരുത്തല്‍, മലയാളം ടൈപ്പു ചെയ്യുന്നതിനായുള്ള നിരവധി രീതികളുടെ നിര്‍മ്മാണവും പുതുക്കലും , എന്നുതുടങ്ങി ഭാഷാകമ്പ്യൂട്ടിങ്ങിന്റെ ഏതാണ്ടെല്ലാ മേഖലകളിലും വ്യക്തമായ ഇടപെടലുകള്‍ ഈ കാലയളവുകൊണ്ടു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് നടത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍ / സര്‍ക്കാരിതര കമ്പ്യൂട്ടിങ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാനും , ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിനു രണ്ടു തവണ മെന്ററിങ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനു സാധിച്ചു. ഐടി അറ്റ് സ്കൂളിലെ മലയാളലഭ്യത, കേരളസര്‍ക്കാരിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിങ്ങ് കാമ്പൈന്‍ , തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക അടിത്തറ നിര്‍മ്മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണു്. ഇന്നു് ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ്.

ഈ ദ്വിദിന സമ്മേളനം മലയാളത്തെ കമ്പ്യൂട്ടിങ്ങിനു പ്രാപ്തമാക്കിയ ഒട്ടനവധി വ്യക്തികളുടെയും കൂട്ടങ്ങളുടെയും ഇടപെടലുകളെ ഓര്‍മ്മിക്കാനും പരിചയപ്പെടാനും അവരുമായി സംവദിക്കാനും പുതുവഴികളെപ്പറ്റി കൂട്ടായി അന്വേഷിക്കാനുമുള്ള ഒരു സന്ദര്‍ഭമൊരുക്കല്‍ കൂടിയാണു്.കേരളത്തിന്റെ മാതൃഭാഷോന്മുഖമായ ഐടി വികസനത്തിന്റെ ഒരു സുപ്രധാന ചരിത്രമുഹൂര്‍ത്തമായ ഈ കൂടിച്ചേരലില്‍ താങ്കളുടെയും സുഹൃത്തുക്കളുടെയും സജീവസാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കുമല്ലോ?

ഇവന്റ് വെബ്സൈറ്റ്

രജിസ്റ്റര്‍ ചെയ്യാന്‍

ഇതോടനുബന്ധിച്ച് നടക്കുന്ന വിക്കിസംഗമം

8 comments:

lisa October 9, 2013 at 1:47 PM  

ഹൗലത്ത് ടീച്ചര്‍ വളരെ നന്ദി

Muralee Mukundan , ബിലാത്തിപട്ടണം October 9, 2013 at 5:32 PM  

ഈ പോസ്റ്റിന്റെ ലിങ്കുകൾ ഞാൻ ഷെയർ ചെയ്തിട്ടുണ്ട് കേട്ടൊ നിസാർ

Hari | (Maths) October 9, 2013 at 6:38 PM  

എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ എന്നതൊരു വിപ്ലവമായിരുന്നു. ഈ വിപ്ലവത്തിനായി പരിശ്രമിച്ച എല്ലാവര്‍ക്കുമുള്ള നന്ദി പ്രത്യേകം അറിയിക്കട്ടെ.

Gireesh Vidyapeedham October 9, 2013 at 8:45 PM  

മലയാളം സ്പീഡില്‍ ടൈപ്പ് ചെയ്ത് പ്രാക്ടീസ് ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയര്‍ സൗജന്യമായി കിട്ടുക എവിടെനിന്നാണ്.. IT പരീക്ഷയ്ക്കിത് ഉപയോഗിയ്ക്കുന്നുണ്ടല്ലോ.

eapned October 9, 2013 at 9:15 PM  

എന്റെ ഭാഷയില്‍ എന്റെ കമ്പ്യൂട്ടര്‍ എന്ന ആശയം എത്ര നല്ലത്...
ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വളരെ നന്ദി...
നമ്മുടെ മാതൃഭാഷയെ വളര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണ്...
അതിനായി നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണം...
ഈക്കാര്യത്തില്‍ ഓരോരുത്തരും തന്നാലാവുന്നത് ചെയ്യണം...
ഇത് നാം വിജയിപ്പിക്കേണം...
അങ്ങനെ നമ്മുടെ ഭാഷയെ നാം വളര്‍ത്തേണം...

നൈവേദ് ജോര്‍ജ്ജ് ഈപ്പന്‍

الألوان_الباب المفتوح الى العالم اللغة العربية October 10, 2013 at 12:39 PM  

അമ്മയാണ് നമ്മുടെ ആദ്യത്തെ വിദ്യാലയം,മലയാളമാണ് നമ്മുടെ ഭാഷ,ആഗോളീകരണത്തിന്റെ ആസുരയുഗത്തില്‍ ചാനല്‍ അവതാരികമാരുടെ അല്പത്തരങ്ങള്‍ കണ്ട് പെറ്റമ്മയെ വിസ്മരിച്ച് കൂടാ..അറിവിനൊപ്പം വിവേകവും ആര്‍ജിക്കുമ്പോഴാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം കൈമുതല്‍ വരുന്നത്.എന്റെ ഭാഷയില്‍ എന്റെ കമ്പ്യൂട്ടര്‍ എന്നത് മഹത്തായ ആശയം തന്നെ..നമ്മുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന മാതൃഭാഷയെ പ്രോജ്ജലിപ്പിക്കുന്ന ഗുണപുഷ്‌കലമായ ഇടപെടല്‍ തന്നെയാണ് ബ്‌ളോഗ് നടത്തുന്നത്.അഭിനന്ദനങ്ങള്‍

Unknown October 13, 2013 at 12:31 PM  

Sir, Android Mobile ല്‍ "പ്രകാരം"(For Example) എന്ന വാക്ക് "പക്രാരം" എന്നായാണ് കാണുന്നത്. പോംവഴി ?

jasim October 15, 2013 at 6:45 AM  

സ്കൂള്‍ തല കലോത്സവനടത്തിപ്പിനായി ഒരു software ലഭിക്കുമോ?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer