എങ്ങിനെയെല്ലാമാകണം ഒരു നല്ല ചോദ്യപേപ്പര്‍?

>> Wednesday, October 23, 2013

ഒട്ടേറെ സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ള മാത്‌സ് ബ്ലോഗ് ഇതേവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയൊരു സംരംഭത്തിനാണ് ഇത്തവണ തുടക്കം കുറിക്കുന്നത്. ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ സഹകരണവും അഭിപ്രായവും പ്രതീക്ഷിച്ചു കൊണ്ടാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. എങ്ങിനെയായിരിക്കണം പത്താം ക്ലാസുകാര്‍ക്കു വേണ്ടിയുള്ള ഓരോ വിഷയത്തിന്റേയും ചോദ്യപേപ്പര്‍? അധ്യാപകര്‍ ഈ ചോദ്യപേപ്പറുകളില്‍ സംതൃപ്തരാണോ? ഇതുവരെയുള്ള ചോദ്യപേപ്പറുകളുടെ ഗുണങ്ങളും പോരായ്മകളുമെന്താണ്? എന്താണ് നിങ്ങള്‍ ഒരു ചോദ്യപേപ്പറില്‍ നിന്നും പ്രതീക്ഷിക്കുന്നത്? നിങ്ങളില്‍ നിന്നും ലഭിക്കുന്ന ഇതേക്കുറിച്ചുള്ള ഫീഡ്ബാക്കുകള്‍ നമ്മുടെ ചോദ്യകര്‍ത്താക്കളിലേക്ക് എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ശരാശരി മുപ്പതിനായിരത്തിനു മേല്‍ ഹിറ്റുകള്‍ ലഭിക്കുന്ന മാത്​സ് ബ്ലോഗിന് ഇത് വിജയിപ്പിക്കാനാകും. പക്ഷെ നിങ്ങള്‍ സഹായിച്ചാല്‍ മാത്രം. ഓരോ സംരംഭവും വിജയിക്കുമ്പോഴാണ് പുതിയ പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്ക് സാധിക്കുന്നത്. നിര്‍വികാരത വെടിഞ്ഞ് ഈ വിഷയത്തില്‍ നിങ്ങള്‍ പ്രതികരിക്കണം. സമൂലമായൊരു മാറ്റം ഈ മേഖലയില്‍ ഉറപ്പായും നമുക്ക് പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള പേജിന് ഇവിടെ ക്ലിക്ക് ചെയ്യൂ.

ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് ഇനി മുതല്‍ ചോദ്യപേപ്പറുകള്‍ നിര്‍മ്മിക്കുന്നവര്‍ അറിഞ്ഞിരിക്കണം. ഈ ലക്ഷ്യം വിജയിപ്പിക്കാന്‍ നിങ്ങളുടെ അഭിപ്രായം മാത്‌സ് ബ്ലോഗിന് അയച്ചു തന്നേ പറ്റൂ. ഇത് മറ്റുള്ളവര്‍ ചെയ്തോളും എന്ന ചിന്തയാണ് നിങ്ങളുടെ ഉള്ളിലുണ്ടാക്കുന്നതെങ്കിലോ, ഈ ഉദ്യമം ലക്ഷ്യം കാണാതെ പിഴച്ചു പോകും. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി മുകളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ടൈപ്പ് ചെയ്തോ, ഈ ഫോര്‍മാറ്റ് പ്രിന്റെടുത്ത് എഴുതി സ്കാന്‍ ചെയ്ത് അയച്ചു തന്നോ എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് - 682502, എറണാകുളം എന്ന വിലാസത്തിലേക്ക് അയച്ചു തരികയോ ചെയ്യുമല്ലോ? ബ്ലോഗ് ടീം അംഗവും വിദ്യാഭ്യാസ വിചക്ഷനുമായ രാമനുണ്ണി സാറിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്നത്. ഇത്തരമൊരു സംരംഭത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

നല്ലൊരു ചോദ്യപേപ്പര്‍ ഒരു കുട്ടിയുടെ അവകാശമാണ്. എങ്ങിനെ വേണം നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ എന്നതിനെക്കുറിച്ച്, പ്രത്യേകിച്ച് പത്താം ക്ലാസിലെ ചോദ്യപേപ്പറുകളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരിക്കും. എളുപ്പമുള്ള ചോദ്യങ്ങളില്‍ തുടങ്ങുന്ന ആ ചോദ്യപേപ്പര്‍ പരീക്ഷയെഴുതുകയാണ് എന്ന ചിന്ത വിട്ട് ആസ്വാദ്യകരമായി ഉത്തരങ്ങളെഴുതാന്‍ കഴിയുന്ന തരത്തിലേക്ക് വികസിക്കണം. ശരാശരിക്കും മുകളില്‍ നില്‍ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ചോദ്യങ്ങള്‍ അതില്‍ തന്ത്രപരമായി വിന്യസിക്കണം. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ ചോദ്യകര്‍ത്താവ് ഇതെല്ലാം അതു മറന്നു പോകാറാണ് പതിവ്. കുട്ടി എന്തു പഠിച്ചു എന്ന പരിശോധിക്കുന്നതിനു പകരം കുട്ടിക്ക് എന്തറിയില്ല എന്നു പരിശോധിക്കാനാണ് പലപ്പോഴും ചോദ്യകര്‍ത്താവിന്റെ വ്യഗ്രത. തന്റെ കഴിവുകളും സാമര്‍ത്ഥ്യവുമെല്ലാം ഓരോ ചോദ്യത്തിലും കുത്തി നിറക്കാന്‍ ചോദ്യകര്‍ത്താവ് വെമ്പുമ്പോള്‍ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായ വിദ്യാര്‍ത്ഥിയായിരിക്കും അദ്ദേഹം മുന്നില്‍ കാണുക. അവന് എളുപ്പം ഉത്തരം കിട്ടാത്ത തരത്തിലുള്ള ചോദ്യങ്ങള്‍ പരമാവധി വളച്ചൊരുക്കിയെടുക്കണം എന്ന ചിന്താഗതിയായിരിക്കും പലപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍. എന്നാല്‍ ശരാശരിക്കാരനായ ഒരു പരീക്ഷാര്‍ത്ഥിയുടെ മനസ്സ് ഇത്തരം ചോദ്യപേപ്പറുകള്‍ കാണുമ്പോഴേക്കും തകര്‍ന്നു പോകുന്നതു കൊണ്ടു തന്നെ ആ വിഷയത്തോട് മടുപ്പും വിരസതയുമെല്ലാം അവന്റെയുള്ളില്‍ സൃഷ്ടിക്കുന്നു. വലിയ പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴും ഈ ഭയം അവന്റെയുള്ളില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടു തന്നെ നല്ല ചോദ്യപേപ്പറുകള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നതിനു പര്യാപ്തമായ ശേഷി ചോദ്യകര്‍ത്താക്കള്‍ അനുവര്‍ത്തിക്കേണ്ടതുണ്ട്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരും മാത്‌സ് ബ്ലോഗ് സന്ദര്‍ശിക്കാറുണ്ടായിരിക്കും. പ്രത്യേകിച്ച് തങ്ങളുടെ ചോദ്യങ്ങളേക്കുറിച്ചുള്ള ഫീഡ് ബാക്കുകളറിയാന്‍ അവര്‍ അതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നിരന്തരം സന്ദര്‍ശിക്കാറുണ്ട്. ഓരോ വിഷയവും പഠിപ്പിക്കുന്ന അധ്യാപകരുടെ മനസ്സ് കുട്ടികള്‍ക്ക് വേണ്ടി ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരിലേക്കെത്തിക്കുന്നതിനാണ് ഈ പോസ്റ്റ്.

ചുവടെ കമന്റ് ചെയ്യുന്നതിനേക്കാളുപരി നിങ്ങളുടെ വിശദമായ അഭിപ്രായങ്ങള്‍ നേരിട്ട് ശേഖരിക്കാനാണ് ഞങ്ങളുടെ ഉദ്യമം. അതു കൊണ്ടു തന്നെ പോസ്റ്റിന് കമന്റുകളല്ല, മറിച്ച് നിങ്ങളുടെ വിഷയത്തെക്കുറിച്ച് നിങ്ങളുടെയും മറ്റുവിഷയങ്ങള്‍ പഠിപ്പിക്കുന്ന നിങ്ങളുടെ സഹപ്രവര്‍ത്തകരുടെയും അഭിപ്രായം ഞങ്ങളിലേക്കെത്തിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. മാത്​സ് ബ്ലോഗിന്റെ ഈ പരിശ്രമം വിജയിപ്പിക്കാനുള്ള ഉദ്യമത്തില്‍ പങ്കുചേരൂ.

17 comments:

GVHSS BLOG October 23, 2013 at 10:16 AM  

നല്ലൊരു ചോദ്യപേപ്പര്‍ ഒരു കുട്ടിയുടെ അവകാശമാണ്.
എന്തുകൊണ്ട് ഈ അഭിപ്രായ സർവേയിൽ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൂട

Jomon October 23, 2013 at 12:20 PM  

ചോദ്യപേപ്പര്‍ തയാറായിക്കഴിഞ്ഞ് മുന്നിലെത്തിയിട്ടു വിമര്‍ശിച്ചിട്ടോ അഭിപ്രായം പറഞ്ഞിട്ടോ കാര്യമില്ലല്ലോ..

ചോദ്യപേപ്പര്‍ എങ്ങിനെയായിരിക്കണം എന്നു പറയുകയാണെങ്കില്‍ അവയിലേക്ക് എത്തുന്ന തരത്തിലുള്ള ചോദ്യപേപ്പര്‍ രൂപപ്പെട്ടേക്കാം, മുന്‍ ചോദ്യ പേപ്പറിലെ തകരാറുകള്‍ സൂചിപ്പിക്കുകയാണെങ്കില്‍ അവ തിരുത്തപ്പെട്ടേക്കാം..

ആ സ്ഥിതിക്ക് ഈ അവസരം പ്രയോജനപ്പെടുത്താനുള്ള ശ്രമം അധ്യാപകര്‍ നടത്തേണ്ടതുണ്ട്..

sujanikabooks October 23, 2013 at 7:04 PM  

പരീക്ഷാ സംവിധാനം, ചോദ്യങ്ങളുടെ നില, തുടങ്ങിയ കാര്യങ്ങളില്‍ പരീക്ഷക്കു ശേഷം സ്റ്റാഫ് മുറിയിലും അല്ലാതേയും ധാരാളം ചര്‍ച്ചകള്‍ [ പലതും ശ്രദ്ധേയമായവ] നടക്കാറുണ്ട്. പരീക്ഷക്കു മുമ്പ് നടക്കേണ്ട ചര്‍ച്ചയാണത്. അതിനാല്‍ ഇപ്പോള്‍ ഇടപെടുക. എല്ലാവരും. പ്രയോജനപ്പെടും. തീര്‍ച്ച..

ജി .എം .എച് .എസ്.നടയറ October 23, 2013 at 10:13 PM  

ചോദ്യപേപ്പറിനെക്കുറിച്ചുള്ള മാത്സ് ബ്ലോഗിന്റെ ഉദ്യമത്തെ അഭിനന്ദിക്കുന്നു.പാഠപുസ്തകത്തെക്കുറിച്ചും ഇത്തരത്തിലൊന്ന് വേണ്ടേ ?

Hari | (Maths) October 24, 2013 at 9:10 AM  

ഒരു പരീക്ഷാ ചോദ്യപേപ്പര്‍ കിട്ടിക്കഴിഞ്ഞിട്ട് അതിന്റെ പോരായ്മകളെപ്പറ്റി നമ്മള്‍ അധ്യാപകര്‍ ധാരാളം അഭിപ്രായങ്ങള്‍ പറയാറുണ്ട്. ആ അഭിപ്രായം ചോദ്യപേപ്പര്‍ നിര്‍മ്മിക്കുന്നവരിലേക്കെത്തിക്കലാണ് ഞങ്ങളുടെ ലക്ഷ്യം. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കുക. നമ്മുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും തീര്‍ച്ചയായും ഫലമുണ്ടാകും. എങ്ങിനെയാകണം ഒരു നല്ല ചോദ്യപേപ്പര്‍? എന്താണ് മുന്‍കാലചോദ്യപേപ്പറുകളെപ്പറ്റിയുള്ള അഭിപ്രായം? നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ചോദ്യങ്ങള്‍ തയ്യാറാക്കുന്നവര്‍ എന്തെങ്കിലും മറന്നു പോകുന്നുണ്ടോ?

ഹോംസ് October 24, 2013 at 7:44 PM  

ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ അധ്യാപകനല്ലാത്ത ഞാന്‍ ആളല്ല. പക്ഷേ ഒരു കാര്യം ഞാന്‍ തുറന്നെഴുതുമ്പോള്‍ പ്രിയപ്പെട്ട മാത്‌സ് ബ്ലോഗംഗങ്ങള്‍ എന്നോടു പിണങ്ങരുത്. നിങ്ങളുടെ ഈ പ്രയത്നമൊന്നും മാഷന്മാരും ടീച്ചര്‍മാരുമൊന്നും കണ്ടഭാവം നടിക്കില്ല. ഒരു പത്ത് അഭിപ്രായങ്ങള്‍പോലും നിങ്ങള്‍ക്കു കിട്ടില്ലെന്ന് ഞാന്‍ ബെറ്റ് വെയ്ക്കാം! നിങ്ങള്‍ മേനി നടിക്കുന്ന ശരാശരി മുപ്പതിനായിരത്തിന്റെ ഒരു ശതമാനം പോലും കിട്ടില്ലെന്ന് കട്ടായം. പകര്‍ത്തിയെഴുതാന്‍ ടീച്ചിംഗ് നോട്ടോ, പരീക്ഷാപേപ്പര്‍ നോക്കാന്‍ ആന്‍സര്‍ കീയോ കൊടുത്തുനോക്യേ..ഒരു നന്ദിപോലും പറയാതെ കൊത്തിക്കൊണ്ടുപോകും. എന്നിട്ട് വലിയവായില്‍ ചോദ്യപേപ്പറുകളിലെ അപാകങ്ങളെക്കുറിച്ച് ഓരിയിടും..!!

JOHN P A October 24, 2013 at 9:52 PM  

ഗണിതമേളകളായിരുന്നു രണ്ട് ദിവസം. വളരെ പ്രതീക്ഷിച്ചിരുന്ന പോസ്റ്റ് നല്‍കിയതില്‍ സന്തോഷം .
ചില കാര്യങ്ങള്‍ എഴുതട്ടെ
എല്ലാവര്‍ക്കും എല്ലാചോദ്യങ്ങള്‍ക്കും ശരിയുത്തരം എഴുതാന്‍ പറ്റുന്നതാവണം കണക്കുപേപ്പര്‍ എന്ന പിടിവാശിയൊന്നും ഒരു കണക്കദ്ധ്യാപകനുണ്ടാകുമെന്ന് എനിക്കുതോന്നുന്നില്ല.മാനവീകവിഷയങ്ങളുടെ അയവൊന്നും കണക്കിനുണ്ടാകില്ല.
പതിവായി കേള്‍ക്കുന്ന ഒരു പരാതിയുണ്ട് . എന്റെ മകന്‍ / മകള്‍ എഴാംക്ലാസുവരെ കണക്കിന് നല്ല മാര്‍ക്ക് വാങ്ങിയിരുന്നു . ഇപ്പോള്‍ തോറ്റുപോകുന്നു. അവന്‍ മാത്രമല്ല അവന്റെ കൂട്ടുകാരും തോറ്റുപോകുന്നു. അപ്പോള്‍ കണക്ക് പഠിപ്പിക്കുന്നതിന്റെ കുഴപ്പമല്ല?
കുട്ടിയ പഠിപ്പിക്കുയല്ല അവന്‍ പഠനം ഏറ്റെടുക്കുയാണെന്നും അദ്ധ്യാപകന്‍ ഒരു മെന്റെര്‍ മാത്രമാണെന്നും സമൂഹമറിയുന്നില്ല.
SSA തയ്യാറാക്കി ഏഴാംക്ലാസുവരെയുള്ള കുട്ടികള്‍ എഴുതുന്ന ചോദ്യപേപ്പറിനേക്കാള്‍ എത്രയോ ലളിതമാണ് ഹൈസ്ക്കൂള്‍ പേപ്പറെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ആ ചോദ്യങ്ങളൊക്കെ സത്യസന്ധമായി എഴുതാന്‍ കഴിയുന്ന അദ്ധ്യാപകര്‍ പോലും കുറവാണ് . എന്നിട്ടും അവിടെ കുട്ടി ഉയര്‍ന്ന ഗ്രേഡ് വാങ്ങുന്നതിനുകാരണം ഒരു തരം വെള്ളം ചേര്‍ക്കലാണ് . ചോദ്യവിശകലനമെന്ന ഒരു കലാപരിപാടിയുണ്ട് പരീക്ഷാഹാളില്‍ . അത് പലപ്പോഴും പരിധി ലങ്കിക്കുന്നു.
കണക്കിലെ ചോദ്യങ്ങള്‍ വസ്തുനിനിഷ്ടമാണ്.പൈതഗോറസ് തത്വം അതിന്റെ എല്ലാ സൗന്ദര്യത്തൊടും കൂടി പഠിപ്പിച്ചിട്ട് , അതിന്റെ പ്രായോഗീകത വിശതമായി അനാവരണം ചെയ്തശേഷം " പൊതഗോറസ് തത്വത്തെക്കുറിച്ച് ഒരു ആസ്വ്വാദനക്കുറിപ്പ് തയ്യാറാക്കാന്‍ " എന്നാണ് നമ്മുടെ ചോദ്യപേപ്പറില്‍ വരുന്നത് ? സമചതുരസ്തൂപികയുടെ പാര്‍ശ്വമുഖങ്ങള്‍ സമപാര്‍ശ്വമട്ടത്രികോണമാകുമോ എന്ന് ചോദിക്കുന്നു. നിങ്ങളുടെ അങിപ്രായം സമര്‍ത്ഥിക്കുയെന്നും ചോദ്യത്തിലുണ്ട് . ങാന്‍ ഇത്തരമൊരെണ്ണം ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റിയില്ല . അതുകൊണ്ട് ഇത് സാധ്യമല്ല എന്ന് ​എഴുതിയാല്‍ പോരല്ലോ?
തുടരും ...

Krish October 25, 2013 at 2:11 AM  

Exams are a necessary evil and should be treated as such.

To make more students take up a subject for the love of the subject, exams should be deemphasized.

This is especially true for mathematical subjects.

JOHN P A October 25, 2013 at 7:21 PM  

ചോദ്യപേപ്പര്‍ ഒറ്റവായനയില്‍ തന്നെ കുട്ടിയയുടെ മനസില്‍ ആത്മവിശ്വാസം നിറയ്ക്കുന്നതായിരിക്കണം . ഭൂരിങാഗം ചോദ്യങ്ങളും കുട്ടിയ്ക്ക് പരിചയമുള്ളതായിരിക്കണമെന്ന് സാരം .കുറേ നാളുകള്‍ക്കുമുന്‍പ് ഒരു പത്താംക്ലാസ് പരീക്ഷയ്ക്ക് ഒരു ചോദ്യംവന്നു. ഒന്നുമുതല്‍ ആദ്യത്തെ $n$ എണ്ണല്‍സംഖ്യകളുടെ തുക കാണുന്നതിനുള്ള സൂത്രവാക്യം എഴുതുക.അതുപയോഗിച്ച് ആദ്യത്തെ പത്ത് എങ്ങല്‍ സംഖ്യകളുടെ തുക കണക്കാക്കുക. ഈ നന്മ ഇന്നത്തെ ചോദ്യങ്ങളില്‍ നഷ്ടപ്പെട്ടുപോയി.
തുടര്‍മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായി കുട്ടികള്‍ പൂര്‍ത്തിയാക്കുന്ന ചില പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയും നല്ല ചോദ്യങ്ങള്ട വേണം . ഈ വര്‍ഷം ഞാന്‍ കൊടുത്ത ഒരു സെമിനാറുണ്ട് . വൃത്തങ്ങള്‍ ,തൊടുവരകള്‍ എന്നീ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി ജ്യാമിതിയുടെ ചലനാത്മകത എന്നതായിരുന്നു വിഷയം. ക്ലാസില്‍ നല്ലരീതിയില്‍ നടര്‍ത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഈ വിഷയം കൊടുത്തത് . ഈ ഭാഗത്തുനിന്നും വരുന്ന ചില ചോദ്യങ്ങളും പിന്നീട് ചര്‍ച്ചചെയ്തു. ചില ചോദ്യങ്ങള്‍ ഇതില്‍നിന്നും പ്രതീക്ഷിക്കുന്നു.
തുടരും

Deepu M October 25, 2013 at 8:52 PM  

കുട്ടികളുടെ മനസ്സു മനസ്സിലാക്കുന്ന ജോണ്‍ സാറിനെപോലെയുള്ളവരെ ചോദ്യകര്‍ത്താക്കളായി പരിഗണിച്ചാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാം.
കൂടുതല്‍ മനസ്സിലാക്കാന്‍ അദ്ധേഹത്തിന്‍റെ പോസ്റ്റുകള്‍ പരിശോധിക്കുക.

RAMESAN PUNNATHIRIYAN October 26, 2013 at 10:40 PM  

സുഹൃത്തുക്കളുടെ ഈ ഉദ്യമം ഏറ്റവും പ്രശംസനീയവും അവസരോചിതവുമാണ്. ഇത് പ്രായോഗികമാക്കാന്‍ തീര്‍ച്ചയായും നമ്മുടെ അക്കാദമികരംഗത്തുള്ളവര്‍ക്ക് കഴിയണം.ഇത്തരമൊരു സംരംഭത്തെ അവഗണിക്കാന്‍ കുട്ടികളുടെ അക്കാദമികശേഷികളെ വളര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും കഴിയുകയില്ല.
ഇനി ചില ഷെര്‍ലക്ക് ഹോംസുമാരോടും ചിലത് പറയാനുണ്ട്.അധ്യാപകന്‍ / അധ്യാപിക എന്ന പേരില്‍ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന അനേകം സുഹൃത്തുക്കള്‍ ബഹുമാന്യനായ ഹോംസിന് ധാരാളമുണ്ടാകാം.പക്ഷെ ,എല്ലാപേരേയും ഇത്തരം സുഹൃത്തുക്കളായി കരുതരുത്.കുട്ടികളെ സ്വന്തം മക്കളായി കരുതി അവര്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകരോടു പോലും വഴക്കടിക്കുന്ന അധ്യാപകരും ഉണ്ടെന്ന് അധ്യാപകനല്ലാത്തതിനാല്‍ മാത്രം അറിയാതെ പോകുന്ന താങ്കളെപ്പോലുള്ളവരോട് എങ്ങനെ പറയാനാണ്?.ഇത്തരം നിരുത്സാഹങ്ങളെ വേണ്ടവിധത്തില്‍ അവഗണിക്കുകയും എന്നാല്‍, താങ്കളെപ്പോലെയുള്ള സുഹത്തുക്കളുടെ മറുപടി പ്രസിദ്ധീകരിക്കുന്നതും തന്നെയാണ് അധ്യാപകലോകത്തിന്റെയും അധ്യാപകരല്ലാത്ത അനേകം ആള്‍ക്കാരുടെയും പ്രതീക്ഷയായി നട്ടെല്ലുയര്‍ത്തി നില്ക്കാന്‍ മാത് സ് ബ്ലോഗിന് കഴിയുന്നത്.ആ തന്റേടത്തിന് ,ഉയര്‍ന്ന് മാത്രം നില്ക്കുന്ന ആത്മബോധത്തിന് ഒരായിരം അഭിവാദ്യങ്ങള്‍.

JOHN P A October 27, 2013 at 7:26 PM  

ഗണിതശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഒരു കൂട്ടം ടീച്ചര്‍മാരും രക്ഷിതാക്കളും പരീക്ഷാചോദ്യങ്ങളെക്കുറിച്ച് വളരെ വിഷമത്തോടെ പറഞ്ഞു. എല്ലാവിഷയങ്ങള്‍ക്കും $a+$ കിട്ടിയ കുട്ടിയുടെ പിതാവിന്റെ പ്രതികരണം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ മകന് ആദ്യമായി കണക്കിന് $A+$ നഷ്ടപ്പെട്ടു

N.Sreekumar October 27, 2013 at 9:34 PM  

ഗണിതം അറിയാമെങ്കില്‍ പോലും അശ്രദ്ധകൊണ്ട് തെറ്റാന്‍ സാധ്യത ഉണ്ട്.അതിനാല്‍ ചോയ്സ് നല്‍കണം.എന്നാല്‍ അശ്രദ്ധകൊണ്ടു് തെറ്റ് വന്നാലും A+ കിട്ടും.
ഒന്നുമറിയാത്തവന്‍ C.E മാര്‍ക്കുകൊണ്ടും വിശാലമനസ്ക്കരായ അധ്യാപകരുടെ സൗജന്യം കൊണ്ടും ജയിച്ചു കയറുമ്പോള്‍ കഷ്ടപ്പെട്ടു A വാങ്ങുന്നവന് A+ കിട്ടിയാല്‍ എന്താ കുഴപ്പം.

Safeena October 29, 2013 at 7:38 PM  

@ഹോംസ്
അധ്യാപകരെക്കുറിച്ചുള്ള ഹോംസിന്റെ ധാരണ...........?????????അദ്ദേഹത്തിന്റെ അധ്യാപക സുഹൃത്തുക്കള്‍ ആവാം ഒരു പക്ഷേ ഇത്തരമൊരു വിലയിരുത്തലിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.അവര്‍ അധ്യാപക സമൂഹത്തിനു തന്നെ അപമാനമാണ്.അധ്യാപനം ഒരു തപസ്യയായി കരുതുന്നവര്‍ക്ക് വേദന തോന്നുന്ന ഇത്തരം അഭിപ്രായങ്ങളോട് സഹതപിക്കുകയല്ലാതെ തല്‍ക്കാലം ഒന്നും പറയാനില്ല.

N.Sreekumar October 31, 2013 at 7:49 AM  

"നിങ്ങളുടെ ഈ പ്രയത്നമൊന്നും മാഷന്മാരും ടീച്ചര്‍മാരുമൊന്നും കണ്ടഭാവം നടിക്കില്ല. ഒരു പത്ത് അഭിപ്രായങ്ങള്‍പോലും നിങ്ങള്‍ക്കു കിട്ടില്ലെന്ന് ഞാന്‍ ബെറ്റ് വെയ്ക്കാം! നിങ്ങള്‍ മേനി നടിക്കുന്ന ശരാശരി മുപ്പതിനായിരത്തിന്റെ ഒരു ശതമാനം പോലും കിട്ടില്ലെന്ന് കട്ടായം"
ഇപ്പോള്‍ ലഭിച്ച കമന്റുകളുടെ സ്ഥിതി പരിതാപകരമാണ്.
അധ്യാപകര്‍ക്കാകമാനം അപമാനം ഉണ്ടാകാതിരിക്കുവാന്‍ പോസ്റ്റുകാണുന്ന അധ്യാപകര്‍ കമന്റു ചെയ്യുവാന്‍ ദയവായി മറക്കരുത്.

chinnamma.k.y. November 1, 2013 at 12:26 AM  

sorry Homes,you never met ordinary teachers who try their best to get a pass mark for their students who are below average &not IED.PREPARING SHORT NOTES,selecting question papers taking classes from 9am to 5.30pm,or night classes etc!!!

Nazar November 28, 2013 at 6:09 AM  

ഞാന്‍ ഒരു യു.പി എച്ച് എം ആണ് സര്‍. സമ്പൂര്‍ണ്ണക്ക് എന്ത് പറ്റി. ടി.സി. കൊടുക്കാന്‍ പറ്റുന്നില്ലല്ലോ? സഹായിക്കുമല്ലോ?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer