SSLC: 100 മേനിയുടെ പിന്നാമ്പുറങ്ങള്‍..!

>> Sunday, December 20, 2009


രണ്ടു മൂന്നു ഞായറാഴ്ചകളായി തീ പാറുമെന്ന് പ്രതീക്ഷിച്ചു പ്രസിദ്ധീകരിച്ച സംവാദ വിഷയങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണങ്ങളൊന്നും കണ്ടില്ല. വായനക്കാരില്‍ ഒരു ശതമാനമെങ്കിലും കമന്റു ചെയ്തിരുന്നെങ്കില്‍തന്നെ 15 ഓളം കമന്റുകളെങ്കിലും കാണേണ്ടതായിരുന്നു. സാരമില്ല, ആ കുറവ്, ഈ ആഴ്ച നികത്തിയാല്‍ മതി. കണ്ണൂര്‍ ഡയറ്റിലെ ലക്ചററായ ടി.വി. കൃഷ്ണന്‍ സാറിന്റെ വാക്കുകളില്‍ നിന്നാകട്ടെ തുടക്കം.

"കോഴിക്കോട് ഒരു സ്കൂളില്‍ പത്താം ക്ലാസ്സിലെ കുട്ടികളെ കൌണ്‍സലിങ്ങ് ചെയ്യാന്‍ ചെന്ന സന്ദര്‍ഭം ഓര്‍ക്കുന്നു. കുട്ടികളെക്കുറിച്ച് അധ്യാപകര്‍ക്ക് നിറയെ പരാതിയാണ്. "വര്‍ക്കുകള്‍ " പൂര്‍ത്തിയാക്കി "റെക്കോഡുകള്‍ "കൃത്യ സമയത്ത് "സബ്മിറ്റ്" ചെയ്യുന്നില്ലെന്നായിരുന്നു പരാതികളില്‍ പ്രധാനം. കുട്ടികളോട് സംസാരിച്ചപ്പോള്‍ അധ്യാപകരെക്കുറിച്ച് അവര്‍ക്കും ചിലത് പറയാനുണ്ടായിരുന്നു. അതിലൊന്ന് ഇങ്ങനെ :

സ്കൂളില്‍ ഒരു മുറി നിറയെ കളിയുപകരണങ്ങളുണ്ട്. പക്ഷെ, അവ ഒന്നു തൊടാന്‍ പോലും അധ്യാപകര്‍ അനുവദിക്കാറില്ല. കായികവിനോദങ്ങള്‍, പൂര്‍ണ്ണ ആരോഗ്യത്തിനും ഗുണപരമായ സ്വഭാവരൂപീകരണത്തിനും 'സ്ട്രെസ് 'ലഘൂകരിക്കാനും കുട്ടിക്ക് ഏറ്റവും അത്യാവശ്യമാമെന്ന കാര്യം അധ്യാപകര്‍ സൌകര്യപൂര്‍വ്വം മറക്കുന്നു."

ഇത്, രണ്ടാഴ്ചമുന്‍പ് ദേശാഭിമാനി ദിനപ്പത്രത്തിന്റെ കിളിവാതില്‍ എന്ന സപ്ലിമെന്റില്‍ അച്ചടിച്ചു വന്നവയാണ്. അധ്യാപകര്‍ക്ക് ആത്മ വിമര്‍ശനം നടത്താന്‍ പ്രേരിപ്പിക്കുന്ന ഈ വരികള്‍ ബ്ലോഗിന്റെ ഞായറാഴ്ച സംവാദത്തില്‍ ഉള്‍പ്പെടുത്താന്‍ അന്നേ ആലോചിച്ചതാണ്. ഇതിനോട് ചേര്‍ത്തു വായിക്കാന്‍ ഉതകുന്ന മറ്റൊരു ഗൌരവതരമായ പ്രശ്നം ഇന്നലെ എറണാകുളം ജില്ലയില്‍ നിന്നും, ഒരു അധ്യാപകന്‍ മെയില്‍ ചെയ്തു തന്നിരിക്കുന്നു. മെയിലിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്.........

എസ്. എസ്. എല്‍.സി. വിജയശതമാനം 100 ആക്കാനുള്ള തത്രപ്പാടില്‍ നാം മറന്നുപോകുന്ന ഒരുപാട് കാര്യങ്ങളില്ലേ? മോഡല്‍ പരീക്ഷ വരെ, കൃത്യമായ ഇടവേളകളില്‍ പഠിപ്പിച്ചു തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ ഒക്ടോബറില്‍ തന്നെ തീര്‍ത്ത് റിവിഷനുകളുടെ മാലപ്പടക്കങ്ങള്‍ക്കു തീ കൊളുത്തുന്നത് സഹിക്കാം. സംസ്ഥാനത്തെ ഒരു ജില്ലയില്‍ രണ്ടിലധികം സ്കൂളുകളില്‍ എട്ടിലും ഒന്‍പതിലുംപഠിപ്പിക്കുന്നത് പത്താം ക്ലാസ്സിലെ പാഠഭാഗങ്ങളാണെന്ന, ഞെട്ടിക്കുന്ന സത്യം വിളിച്ചു പറഞ്ഞത് അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. മൂന്നു വര്‍ഷം തുടര്‍ച്ചയായി പത്തിലെ പാഠങ്ങള്‍ പഠിപ്പിച്ചാല്‍ എല്ലാവരേയും എസ്.എസ്.എല്‍.സി ജയിപ്പിക്കാന്‍ കഴിയുമത്രെ! എന്നിട്ടും ജയിക്കുമെന്നുറപ്പില്ലാത്തവരെ, ഒന്‍പതില്‍ തോല്‍പ്പിച്ച് നിര്‍ബന്ധ ടി.സി. നല്‍കി പറഞ്ഞു വിടുന്നു. നൂറുമേനി വിജയത്തിന്റെ പൊങ്ങച്ചക്കസര്‍ത്തുകള്‍ക്കിടയില്‍, ആരാലും ശ്രദ്ധിക്കാതെ പോകുന്നത്, ഇത്തരം സ്കൂളുകളുടെ ദുര്‍ഗന്ധപൂരിത പിന്നാമ്പുറങ്ങളാണ്. ശ്രദ്ധ മുഴുവന്‍ ഏറ്റവും പിന്നോക്കക്കാരിലേക്ക് ചുരുങ്ങുമ്പോള്‍, മിടുക്കന്മാര്‍ക്ക് അവരര്‍ഹിക്കുന്ന അധിക വിഭവങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ആര്‍ക്കെങ്കിലും നെഞ്ചത്തു കൈവെച്ച് പറയാന്‍ കഴിയുമോ? ഈ വര്‍ഷത്തെ ഗണിത ഒളിമ്പ്യാഡില്‍ ഒന്നാം ഘട്ട വിജയികളായ മിടുക്കന്‍/മിടുക്കിമാരുടെ സ്കൂളുകളില്‍, പൊതുവിദ്യാലയങ്ങള്‍ ഒന്നു പോലുമില്ലെന്ന നഗ്നസത്യം ഇതിനോട് ചേര്‍ത്തുവെച്ച് വായിക്കേണ്ടതല്ലേ?

ചോദ്യങ്ങള്‍ മുഴുവന്‍ നമ്മോടാണ്. ഇനിയും മൌനം വെടിഞ്ഞ് പ്രതികരിക്കെന്റെ മാഷേ/ടീച്ചറേ...(കൂട്ടത്തില്‍ മറ്റുള്ളവര്‍ക്കും എരിതീയില്‍ എണ്ണപകരാം..! പ്രതികരിക്കാം... പ്രീതീകരിക്കാം... എവിടെ സത്യാന്വേഷി, വിജയന്‍ കടവത്ത്, ചിത്രകാരന്‍, ക്യാപ്റ്റന്‍, വല്യമ്മായി, തറവാടി, കാല്‍വിന്‍, ഹാഫ് കള്ളന്‍, വിജയകുമാര്‍,......ആദിയായവര്‍?)

31 comments:

ഗീതാസുധി December 20, 2009 at 5:41 AM  

അയ്യയ്യോ...ഇങ്ങനെ അപ്രിയ സത്യങ്ങളൊക്കെ വിളിച്ചുപറയാന്‍ തുടങ്ങിയാല്‍,ബ്ലോഗ് അധികകാലം ആയുസ്സോടെ ഇരിക്കുമോ?

bhama December 20, 2009 at 6:09 AM  

പ്രതികരിച്ചാലുള്ള വിപത്തുകളെ കുറിച്ചോര്‍ത്ത് ആരും ഒന്നും പ്രതികരിക്കുന്നില്ല എന്നതാണ് ശരി.

Anonymous December 20, 2009 at 6:37 AM  

സത്യാന്വേഷിയുടെ സിസ്റ്റം തകരാറിലായിരുന്നു; ഇപ്പോഴും പൂര്‍ണമായി ശരിയായിട്ടില്ല. ഇടയ്‌‌ക്ക് 'ഹാങ്' ആവും.
മാര്‍ക്ക് കൂടുതല്‍ വാങ്ങുന്നതാണ് എവിടെയും മികവിന്റെ മാനദണ്ഡം. കുട്ടികളുടെ മറ്റ് ഒരു കഴിവും മികവായി കണക്കിലെടുക്കുന്നില്ല അധ്യാപകരും രക്ഷാകര്‍ത്താക്കളും. ഈ മിടുക്കന്മാരാണല്ലോ നമ്മുടേ നാട്ടിലെ ഡോക്ടര്‍മാരും മറ്റ് പ്രൊഫഷനലുകളൂം .എങ്ങനെ നാല് കാശുണ്ടാക്കാം എന്നല്ലാതെ എന്തെങ്കിലും സാമൂഹിക പ്രതിബദ്ധത ഇവരില്‍ നിന്നു പിന്നെങ്ങനെ നാം പ്രതീക്ഷിക്കണം? അധ്യാപകര്‍ കുട്ടികളെ കളിക്കാന്‍ വിടുന്നതിനെയല്ല,പഠിത്തമൊഴിച്ച് അവര്‍ ചെയ്യുന്ന ഏതിനെയെങ്കിലും പ്രോത്സാഹിപ്പിക്കാറൂണ്ടോ?അവരുടെ മറ്റേതെങ്കിലും നന്മയെ കാണാറോ അഭിനന്ദിക്കാറൂണ്ടോ? അധ്യാപകര്‍ സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തിന്റെ ചിന്തയാണ് അവരിലൂടേ പ്രതിഫലിക്കപ്പെടുന്നത്. ഈയിടെ എന്റെ മകനുണ്ടായ അനുഭവം പറയാം: അവന്‍ സ്കൂളില്‍ ഓടിയും മറ്റും കളിച്ചപ്പോള്‍ ഒരധ്യാപകന്‍ വന്ന് അവനെ 'പിടിച്ചു'. ഷര്‍ട്ടും മറ്റും ചീത്തയാക്കുന്നതില്‍ വഴക്കുപറയുകയും മേലില്‍ ഷര്‍ട്ട് കാണിച്ചിട്ടേ സ്കൂളില്‍ നിന്നു പോകാന്‍ പാടുള്ളൂ എന്ന് പറയുകയും ചെയ്‌‌തു. ഷര്‍ട്ട്-അതും വെള്ള ഷര്‍ട്ട്- അഴുക്കാക്കാതെ ഓടിയും മറ്റും കളിക്കുന്ന അദ്ഭുത വിദ്യ ഏതെന്ന് ഈയുള്ളവനു പിടികിട്ടിയിട്ടീല്ല ഇതുവരെ.

lalitha December 20, 2009 at 7:52 AM  

Why are you not thinking of teachers? If pressure is given to teachers, surely it will be trasferred to students.........

JOHN P A December 20, 2009 at 8:43 AM  

99 percentage of the schools in the state (I mean aided and government.Unaided schools are not in the control of the society)are not belongs to the category that you specified in the post.so the example is not typical.
Almost all the teachers are sincere in front of the children.We should never underestimate them based on some extremes.
Our society is not a passive organ now a days No school authorities can behave like this without the permission of PTA ,the indispensable part of the school.
It need not be revealed all facts.The thing to be revealed must be a fact

ഹരി (Hari) December 20, 2009 at 11:02 AM  

പ്രിയ സത്യാന്വേഷീ,
കമന്റ് ബോക്സില്‍ താങ്കളുടെ അഭാവം നന്നായി അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും കമന്റുമായി എത്തിയതോടെ ആ കുറവും പരിഹരിക്കപ്പെട്ടു. സത്യാന്വേഷിയുടെ മകനോട് ദിവസവും സ്ക്കൂള്‍ വിട്ട് പോകുന്നതിന് മുന്‍പ് വെള്ളഷര്‍ട്ട് കാണിച്ച ശേഷം പോകണമെന്ന് പറഞ്ഞ അധ്യാപകന്റെ പ്രവൃത്തി ഇപ്പോള്‍ എന്നെയും ഭയപ്പെടുത്തുന്നു. കാരണം എന്റെ സ്ക്കൂളില്‍ ഇതേ പരിപാടി ചെയ്യാറുള്ള ഒരാളാണ് ഞാന്‍. പക്ഷെ അതിന് വ്യക്തമായ കാരണവുമുണ്ട്, കേട്ടോ. ഹൈസ്ക്കൂള്‍ അധ്യാപകനായ എന്റെയടുത്ത് യു.പി ക്ലാസുകളിലെ ചില കുട്ടികളുടെ മാതാപിതാക്കള്‍ വന്ന് പ്രത്യേകം ആവശ്യപ്പെട്ട പ്രകാരമാണ് ഈ 'പണി' ചെയ്യാന്‍ ഞാനടക്കമുള്ള പല അധ്യാപകരും സന്നദ്ധരായത്. വെളുത്ത നിറമുള്ള വസ്ത്രം അഴുക്കുപുരണ്ട് കാക്കി നിറമായി മാറുകയാണെന്നും ഇത് അലക്കിക്കഴിയുമ്പോള്‍ 'പഴയപടി വെളുത്ത നിറമാക്കാനുള്ള വിദ്യ' തങ്ങള്‍ക്കറിയില്ലെന്നുമാണ് അവരുടെ പരാതിയുടെ സംക്ഷിപ്തരൂപം. എങ്ങനെയെങ്കിലും ഇവ്വിധം യൂണിഫോം മുഷിപ്പിച്ചു കൊണ്ടുവരാതിരിക്കാനുള്ള പണി സാറു ചെയ്യണമെന്ന അമ്മമാരുടെ ആവശ്യം തന്നെയാണ് വൈകുന്നേരങ്ങളിലെ സ്ക്രീനിങ്ങ് നടപടിക്ക് എന്നെ പ്രേരിപ്പിച്ചത്. ഈ നടപടി കൊണ്ടാകട്ടെ കുട്ടികള്‍ ഓടിച്ചിട്ടു കളിക്കരുതെന്ന് ഉദ്ദേശിച്ചിട്ടില്ല. കുട്ടികളാകട്ടെ ഇതു കൊണ്ട് ഓടിച്ചിട്ടു കളിക്കാതെയുമില്ല. എന്നാല്‍ വസ്ത്രം ആകെ മുഷിപ്പിച്ചു കൊണ്ടുവരുന്നതിന് ഇപ്പോള്‍ ചെറിയൊരു ശമനം വന്നിട്ടുണ്ടെന്നുള്ളത് സന്തോഷകരമായ ഒരു യാഥാര്‍ത്ഥ്യം.

ഓടിച്ചിട്ടു കളി നല്ലതോ ചീത്തയോ എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നില്ല. എന്നാല്‍ ഈ ഓടിച്ചിട്ടു കളിയില്‍ പരിക്കു പറ്റുന്ന കുട്ടികളെയും കൊണ്ട് തൊട്ടടുത്ത ആശുപത്രിയിലേക്ക് ഓടുമ്പോള്‍ ഈ കളി എന്റെ സ്ക്കൂളില്‍ നിരോധിക്കണമെന്ന് ഞാന്‍ മനസ്സിലോര്‍ത്തുപോയാല്‍ അതിനെ കുറ്റം പറയാന്‍ പറ്റുമോ? സ്ക്കൂളിലെ കൈവരികളില്‍ നിന്ന് താഴേക്ക് മലക്കം മറിയുന്ന കുട്ടികളോട് ഇനി മേലില്‍ അതാവര്‍ത്തിക്കരുതെന്ന് പറയണമെന്ന് ഓര്‍ത്താല്‍ അതൊരു തെറ്റാണ് എന്നു പറയാനൊക്കുമോ? മകന്റെ സ്ക്കൂളിലെ അധ്യാപകന്‍ എന്തു കൊണ്ട് അങ്ങനെ ചെയ്യുന്നുവെന്നതിന്റെ കാരണം സത്യാന്വേഷി അന്വേഷിക്കണമെന്ന് ഞാന്‍ ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്. കുട്ടികള്‍ വൃത്തിയായി നടക്കണമെന്നും വൃത്തിയുടെ പ്രഥമപാഠമാണ് വസ്ത്രശുചിത്വമെന്നും സമൂഹം അവനെ നിരീക്ഷിക്കുന്നുണ്ടെന്നുമൊക്കെയുള്ള ബോധപൂര്‍വ്വമായ ഒരു ചിന്ത എപ്പോഴും അവനിലുണ്ടാക്കണമെന്ന ആഗ്രഹമാണ് ആ അധ്യാപകനുള്ളതെങ്കിലോ? പക്ഷെ സത്യാന്വേഷിയെപ്പോലെ സമൂഹത്തിന്റെ ചലനത്തെ നേരില്‍ക്കാണുന്ന ഒരാളിന്റെ ആകുലതയില്‍ എന്റെ പ്രവൃത്തിയെ ഒരു വിഭാഗം മാതാപിതാക്കള്‍ ഇങ്ങനെയും വീക്ഷിക്കുന്നുണ്ടാകും എന്ന തിരിച്ചറിവുണ്ടായ സാഹചര്യത്തില്‍ വൈകുന്നേരത്തെ എന്റെ നിരീക്ഷണപരിപാടി യുദ്ധകാലാടിസ്ഥാനത്തില്‍ പിന്‍വലിക്കുന്നതായി ഇവിടെ പ്രഖ്യാപിക്കുന്നു.

Anonymous December 20, 2009 at 11:58 AM  

ഹരിമാഷെ,
തീര്‍ച്ചയായും രക്ഷാകര്‍ത്താക്കളുടെ സമ്മര്‍ദം ആണു താങ്കളെപ്പോലുള്ള അധ്യാപകരെ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത് എന്ന വസ്തുത സത്യാന്വ്വെഷി തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ ദിവസം എന്റെ മകള്‍ പഠിക്കുന്ന സ്കൂളില്‍ ക്ലാസ് പി റ്റി എയ്‌‌ക്കു പോയ അനുഭവം പറയാം. സത്യാന്വേഷി ഒരാള്‍ മാത്രമാണ് അവിടെ അഭിപ്രായം പറഞ്ഞത്. കുട്ടികള്‍ക്ക് വായിക്കാന്‍ സമയമില്ലാത്തവിധം പ്രോജക്റ്റ്, അസൈന്‍മെന്റ് തുടങ്ങിയ പരിപാടികളുമായാണവര്‍ വീട്ടിലേക്കു വരുന്നത്. വീട്ടില്‍ വന്നാല്‍ എഴുത്തോട് എഴുത്ത് തന്നെ. ഈ എഴുത്താണെങ്കില്‍ വെറും യാന്ത്രികമായും.ഇത്തരം പൊതുവിഷയങ്ങള്‍ മറ്റാര്‍ക്കും പറയാനില്ലായിരുന്നു. അവര്‍ക്ക് സ്വന്തം മക്കളുടെ മാര്‍ക്കു കുറഞ്ഞ വിഷയം മാത്രമേ പറയാനുള്ളൂ. മാര്‍ക്ക് .. മാര്‍ക്ക് ..സ്വന്തം മക്കള്‍ മാത്രം .. ഇതാണു രക്ഷാകര്‍ത്താക്കള്‍ മിക്കവരും അഥവാ എല്ലാവരും. അവര്‍ ഹരി സാര്‍ ചൂണ്ടിക്കാണിച്ച പോലെയേ പെരുമാറൂ എന്നതു മൂന്നരത്തരം. മാറിയ വിദ്യാഭ്യാസ രീതി അറിയാത്തവരും അംഗീകരിക്കാത്തവരും ആയി ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഈ രക്ഷാകര്‍ത്താക്കള്‍ ആണ്. കുട്ടികലുടെ പാഠ പുസ്തകങ്ങള്‍ വായിച്ചുനോക്കുന്ന ഏതെങ്കിലും രക്ഷാകര്‍ത്താവ് ഗവ-എയ്‌‌ഡഡ് സ്കൂളുകളില്‍ ഉണ്ടോ എന്നുതന്നെ സംശയമാണ്. പി റ്റി എ യോഗങ്ങളില്‍ വന്നാല്‍ സിലബസ്, പാഠപുസ്തകം,പഠനരീതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന രക്ഷാകര്‍ത്താക്കള്‍ വളരെ വളരെ അപൂര്‍വമാണ്. അവര്‍ക്ക് യൂനിഫോം, സ്കൂള്‍ ബസ്, ഉച്ചക്കഞ്ഞി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പരാതികളേ സാധാരണ കാണാറുള്ളൂ.
രക്ഷകര്‍ത്താക്കള്‍ക്കു യോജിച്ച അധ്യാപകരെയല്ലേ നാം പ്രതീക്ഷിക്കേണ്ടൂ?
എന്നാല്‍ ഹരിമാഷും മറ്റും മറിച്ചും ചിലപ്പോളൊക്കെ ആകണമെന്ന് സത്യാന്വേഷി ആഗ്രഹിക്കുന്നു

നന്ദന December 20, 2009 at 12:33 PM  

സംസ്ഥാനത്തെ ഒരു ജില്ലയില്‍ രണ്ടിലധികം സ്കൂളുകളില്‍ എട്ടിലും ഒന്‍പതിലുംപഠിപ്പിക്കുന്നത് പത്താം ക്ലാസ്സിലെ പാഠഭാഗങ്ങളാണെന്ന, ഞെട്ടിക്കുന്ന സത്യം
oh my god

നന്ദന December 20, 2009 at 1:34 PM  

കുട്ടികളുടെ ചെളിവാരിയെരിയലില്‍ തട്ടി ചര്‍ച്ച നില്‍ക്കുന്നു
കുട്ടികളുടെ ഡ്രെസ്സില്‍ ചെളിയാവുന്നത് നോക്കലും മാഷിന്‍റെ പണിയാണോ?
ചെളിയവാതെ കളിയ്ക്കാന്‍ കഴിയുന്ന എത്ര കളികളുണ്ട് ?
ഇനി ചെളിപുരണ്ടു തന്നെ കളിക്കണം എന്നാണെങ്കില്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഡ്രസ്സ്‌ കൊടുവരട്ടെ !
കുട്ടികളുടെ വിജയവും മാര്‍ക്കും നമ്മുടെ ഇന്നത്തെ സമൂഹത്തിന്‍റെ ഉലപ്പന്നമായിരിക്കുന്നിടത്തോളം കാലം ഓരോ കുട്ടിയും മാര്‍ക്ക് വാങ്ങിയേ പറ്റൂ
മാര്‍ക്കില്ലാതെ കുട്ടിയുടെ ഭാവി എങ്ങെനെ കരുപ്പിടിപ്പിക്കും
ഡോക്ടറോ എന്ജിനെരോ , ഐ എ എസോ ,ഐ പി എസോ
ടി ടി സി യോ കിട്ടുമോ ?
ഹോട്ടല്‍ മാനേജ്‌മന്റ്‌ കിട്ടുമോ?
മാരിക്കില്ലാതെ എന്തെങ്കിലും സാദിക്കുമോ?
അത് കൊണ്ട് വിജയ സതമാനം കുട്ടിയെ മതിയാവൂ ! സമരവും, ബന്ദും, ഒഴിവു ദിനവും കഴിഞ്ഞു
കുട്ടികള്‍ക്ക് എത്ര മണിക്കൂര്‍ പഠിക്കാന്‍ കിട്ടുന്നു?
കുട്ടികളുടെ ഭാവി ജീവിതത്തില്‍ എവിടെയും കളിയുടെ മാര്‍ക്ക് നോക്കുന്നില്ല ഉണ്ടോ? മറിച്ച് അവരുടെ പഠിപ്പിന്റെ മാര്‍ക്ക് നോക്കിയാണ് അവനെ വിലയിരുത്തുന്നതും അല്ലെ?
പണമുള്ളവര്‍ ഉയര്‍ന്ന സ്കൂളില്‍ പഠിച്ച് വലിയനിലയില്‍ എത്തുമ്പോള്‍ നമ്മുടെ കുട്ടികള്‍ ഇരുപത്തിനാല് മണിക്കൂറും കളിച്ച് പഠിപ്പിന്റെ ഇടയിലും കളിച്ച് ജീവിതം തുളച്ചു കളയുന്നില്ലേ ?
ആരാണ് ഇതിനൊക്കെ ഉത്തരവാദികള്‍ മാഷോ ? അതോ രക്ഷിതാക്കളോ?

നന്ദന December 20, 2009 at 1:38 PM  

മിടുക്കന്മാര്‍ക്ക് അവരര്‍ഹിക്കുന്ന അധിക വിഭവങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ആര്‍ക്കെങ്കിലും നെഞ്ചത്തു കൈവെച്ച് പറയാന്‍ കഴിയുമോ?
നെല്‍കാന്‍ കഴിയുന്നണ്ടാവില്ല അധിക വിഭവങ്ങള്‍ നല്‍കാന്‍ നമ്മുടെ ഭാഗത്തുനിന്നും കൂടുതല്‍ ശ്രദ്ധവേണം

Vijayan Kadavath December 20, 2009 at 1:39 PM  

അദ്ധ്യാപക പരിശീലകരെന്ന കുപ്പായവുമിട്ട് ആര്‍.പി/ഡി.ആര്‍.ജി ട്രെയിനിങ്ങിന് നടക്കുന്നയാളുകള്‍ക്ക് ഇതല്ല, ഇതിനപ്പുറവും കഥകള്‍ പറയാനുണ്ടാകും. പക്ഷെ അതില്‍ 99 ശതമാനവും വെറും കഥകള്‍ മാത്രമായിരിക്കുമെന്നു മാത്രം. അതെല്ലാം അവരുടെ 'ശാക്തീകരണതന്ത്രങ്ങള്‍' ആണെന്ന് മാത്‌സ് ബ്ലോഗുകാരെങ്കിലും തിരിച്ചറിയുക. നിങ്ങള്‍ അദ്ധ്യാപരുടെ ശബ്ദമാണെന്ന് ഹെഡ്ഡര്‍ ബാനറില്‍ എഴുതി വെച്ചിട്ട് ഒരുമാതിരി അദ്ധ്യാപകവിരുദ്ധരെപ്പോലെ സംസാരിക്കുന്നതെന്തിന്? നിങ്ങളും അദ്ധ്യാപകരല്ലേ, ഇന്ന് അദ്ധ്യാപകന്റെ ഉത്തരവാദിത്വത്തില്‍ അദ്ധ്യാപനം മാത്രമാണോ ഉള്ളത്? സര്‍വ്വേ നടത്താന്‍ ആരു പോകും ? തിരഞ്ഞെടുപ്പു ഡ്യൂട്ടി, വോട്ടര്‍ പട്ടിക പുതുക്കല്‍... ഇതെല്ലാം ചെയ്യേണ്ട ചുമതല മറ്റാര്‍ക്കാണ് സുഹൃത്തേ? ഇതിനിടെ സി.ഇ വര്‍ക്കുകള്‍ ചെയ്യാതെ ഉഴപ്പി നടക്കുന്നവരെക്കൊണ്ട് അതും ചെയ്യിക്കണം.‍

സ്ക്കൂളിലെ കളിയുപകരണങ്ങള്‍ തൊടീക്കാന്‍ സിലബസ് തീര്ന്നിട്ടു വേണ്ടേ മാഷേ. മേളയും മേളവുമൊക്കെ കഴിഞ്ഞ ഈ അര്‍ദ്ധവാര്‍ഷികാനന്തര ടേമില്‍ നിങ്ങളൊക്കെ സ്ക്കീം ഓഫ് വര്‍ക്കില്‍ പറഞ്ഞ പ്രകാരം പാഠഭാഗങ്ങള്‍ തീര്‍ത്തിട്ടുണ്ടോ? നെഞ്ചില്‍ ഉത്തരവാദിത്വബോധം നീറുമ്പോള്‍ കളിക്കെവിടെ നേരം മാഷേ? കായികാദ്ധ്യാപകന്‍ അതെല്ലാം ഭംഗിയായി നിറവേറ്റുന്നുണ്ടാവില്ലേ? പിന്നെ, പണ്ട് ഓടിച്ചാടി കളിക്കാന്‍ മക്കളെ അനുവദിച്ചിരുന്ന മാതാപിതാക്കള്‍ ഇന്ന് കുട്ടികളെ അതിനനുവദിക്കുന്നില്ലല്ലോ. ഈ വിഷയങ്ങളില്‍ അദ്ധ്യാപകരെ കുറ്റം പറയുന്നതിന് മുന്‍പ് മാതാപിതാക്കള്‍ എന്ന നിലയിലുള്ള ഒരാത്മവിമര്‍ശം വരട്ടെ. എന്നിട്ടാകാം അദ്ധ്യാപകരുടെ മേല്‍ കുതിരകയറാന്‍. അതിനുള്ള ഏണിപ്പടിയായി മാത്‌സ് ബ്ലോഗ് താഴ്ന്നു കൊടുക്കരുത്.

സി.ബി.എസ്.ഇ സ്ക്കൂളുകളില്‍ പരീക്ഷ തന്നെ വേണ്ടെന്നു വെച്ചല്ലോ. നാളെ കേരളത്തിലെ സ്ക്കൂളുകളിലെ പരീക്ഷാ സമ്പ്രദായം നിര്‍ത്തലാക്കിക്കൊണ്ട് ഉത്തരവ് വരുമ്പോള്‍, നോക്കിക്കോളൂ, സകല സാംസ്ക്കാരികപ്രതിഭകളും ബ്ലോഗ് അടക്കമുള്ള മാധ്യമങ്ങളുപയോഗിച്ച് സര്‍ക്കാരിനെയും വിദ്യാഭ്യാസമന്ത്രിയെയും തെറിപറഞ്ഞ് രംഗത്തെത്തും.

നിങ്ങള്‍ മാര്‍ക്കിന് വേണ്ടി അദ്ധ്യാപകന്‍ കുട്ടികളെ ഉന്തുന്നത് മാത്രമേ കാണുന്നുള്ളൂ. അദ്ധ്യാപകന്‍റെ ഉന്തിനെ നിങ്ങള്‍ കുറ്റം പറയുമ്പോള്‍ ‍അതിന് പുറകില്‍ നോക്കുക. അവിടെ ഡി.ഇ.ഒയും മുകളില്‍പ്പറഞ്ഞ ഡി.ഡി.യും ഡി.പി.ഐയും ഒക്കകയുണ്ടാകും......

Neena Sabarish December 20, 2009 at 8:38 PM  

adyaapakanilay kuttiyunaranam...pakshey aarunarthum? enginay unarthum? utharam kandethanam maashey...naracha manassulla adyaapakarkku kuttiyil kandethhaan niravadi kaanum kuttangal...kuttiyodothu nadannu ,kuttiyodoppam padichu,kutti kerunnidathokkay valinjukeri chellunna adyapakaney vezhathey thaangum kuttikal.aa adyapakanu adhavaa adyapikakku complint boxum chuuralum venda.adyaapakaray manassinu dye cheyyaan endundu vazhi? anney theeruu.... kuttikaluday prashnangal... adyaapakandeyum....

Manoj മനോജ് December 20, 2009 at 8:50 PM  

ഈ വിഷയം ചര്‍ച്ചയ്ക്ക് വെച്ച മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍. ബയാസ് ആകാതെ അദ്ധ്യാപകര്‍ക്കെതിരെയുള്ള വിഷയങ്ങളും അവതരിപ്പിക്കുന്നത് വഴി നിങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നു.

ഈ ഒരുദാഹരണം ഒരു പക്ഷേ കെട്ട് കഥയായിരിക്കാം(എന്നാല്‍ എറണകുളത്തെ പല സ്കൂളുകളിലും പണ്ടേ പരീക്ഷിക്കപ്പെട്ടിരുന്ന ഒന്നാണിത് എന്നതിനാല്‍ എനിക്ക് വിശ്വാസക്കുറവൊന്നുമില്ല, അന്ന് 9 തൊട്ടായിരുന്നു എന്നേയുള്ളൂ). എന്നാല്‍ സി.ബി.എസ്സ്.സി. സിലബസ്സില്‍ 10ലെ പൊതു പരീക്ഷയെടുത്ത് കളഞ്ഞത് ശരിയോ എന്ന് നോക്കുവാന്‍ ഈ ഉദാഹരണം സഹായകമാകുമെന്ന് തോന്നുന്നു.

എന്തിനാണ് 10ലെ പരീക്ഷയ്ക്ക് മാത്രം ഇത്ര പ്രാധാന്യം. ഇവിടെ ചര്‍ച്ചയില്‍ പറയുന്നത് പോലെ പ്രൊഫഷണല്‍ കോഴ്സ് കഴിയുന്നവര്‍ക്ക് അല്ലെങ്കില്‍ പ്രവേശനം കിട്ടുവാന്‍ 10ലെ മാര്‍ക്ക് കൊണ്ട് എന്ത് ഗുണമാണ് കിട്ടുക? റാങ്ക് എടുത്ത് കളഞ്ഞപ്പോള്‍ ഉണ്ടായ പുകിലുകള്‍ നോക്കുക. എന്നിട്ട് എന്ത് സംഭവിച്ചു?

10ല്‍ റാങ്ക് വാങ്ങി കൂട്ടിയവരില്‍ എത്ര പേര്‍ പിന്നീട് ഡോക്ടര്‍മാരും എഞ്ജിനീയര്‍മാരുമായി എന്ന് നോക്കിയിട്ടുണ്ടോ? എന്നാല്‍ 10ല്‍ മാര്‍ക്ക് കുറഞ്ഞവരില്‍ എത്രയോ പേര്‍ പിന്നീട് പ്രൊഫഷണലുകളായി മാറിയിരിക്കുന്നു.

പല വിദേശ രാജ്യങ്ങളിലും പ്രൊഫഷണല്‍ കോഴ്സില്‍ അഡ്മിഷന്‍ കിട്ടുവാന്‍ പ്രവേശന പരീക്ഷയുടെയും, ബേസിക്ക് ഡിഗ്രിയുടെയും മാര്‍ക്ക് മാത്രമല്ല പാഠ്യേതര വിഷയങ്ങളിലെ കഴിവുകളും, സൌജന്യ സേവനം ചെയ്ത പരിചയവും, സ്പോര്‍ട്ട്സ് ആക്റ്റിവിറ്റികളും എല്ലാം പ്രവേശനത്തെ ബാധിക്കുന്നതാണ്. അത് കൊണ്ട് തന്നെ സ്കൂള്‍ തലം മുതല്‍ തന്നെ അവര്‍ അതിന് തയ്യാറാകുന്നു. പഠന വിഷയങ്ങള്‍ക്ക് പുറമേ സൌജന്യ സേവനങ്ങള്‍ക്കും സമയം കണ്ടെത്തുന്നു. അത് കൊണ്ട് തന്നെ എല്ലാ തൊഴിലിനെയും ഒരു പോലെ കാണുവാനും ബഹുമാനിക്കുവാനും അവര്‍ പഠിക്കുന്നു. ആ രാജ്യങ്ങള്‍ ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ മുന്നിട്ടും നില്‍ക്കുന്നു.

കേരളത്തില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം കാശ് മുടക്കിയാണ് കുട്ടികള്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നത് എന്നതും നോക്കുക.

അപ്പോള്‍ പത്ത് എന്ന ഒരു കടമ്പ വേണ്ടത് വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കാണ്. സ്കൂളുകള്‍ ധാരാളം വന്നതിനാല്‍ കുട്ടികളെ ആകര്‍ഷിക്കുവാന്‍ പല നമ്പറും ഇറക്കണം. അതിലൊന്നാണ് 100% വിജയം എന്നത്. 10ലെ പരീക്ഷ എന്നത് എടുത്ത് കളഞ്ഞാല്‍ പിന്നെ ഈ കച്ചവടക്കാര്‍ എന്ത് ചെയ്യും? പുതിയ ബിസിനസ്സ് തന്ത്രവുമായി അവര്‍ രംഗത്ത് വരുമെന്ന് ഉറപ്പ്.

രക്ഷിതാക്കളെ പറഞ്ഞ് മനസ്സിലാക്കേണ്ട അദ്ധ്യാപകര്‍ എന്ത് കൊണ്ട് അതിന് തയ്യാറാകുന്നില്ല? അവര്‍ പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ കുട്ടികളെ മറ്റ് സ്കൂളിലേയ്ക്ക് മാറ്റപ്പെടുമെന്ന ഭയം അത് ഒന്ന് കൊണ്ട് മാത്രമല്ലേ സര്‍വേ എന്നും മറ്റും മുടന്തന്‍ ന്യായങ്ങള്‍ നിരത്തുന്ന്ത്. വര്‍ഷത്തില്‍ രണ്ട് മാസം പഠിപ്പിക്കേണ്ടതില്ല എന്നത് എന്തേ എടുത്തിടാത്തത്? ശരിക്കും ആ രണ്ട് മാസങ്ങളാണ് അദ്ധ്യാപകര്‍ക്ക് തുടര്‍ പരിശീലനങ്ങളും, സര്‍വേ ജോലികളും നല്‍കേണ്ടത്. ഇന്ന് അത് പാലിക്കപ്പെടാതെ പോകുന്നത് ബ്യൂറോക്രാറ്റുകളുടെ കഴിവ് കേട് തന്നെയാണ്.

Anonymous December 20, 2009 at 9:25 PM  

Now Teacher's first aim is to protect their job The resultis
moto They will adopt suitable techniques to increase the result
Govt and aided schools are ina downward leap
they have enough presure from the supervising authorities
the comment of DD is surprising
suresh

JOHN P A December 21, 2009 at 10:54 AM  

>>>മിടുക്കന്മാര്‍ക്ക് അവരര്‍ഹിക്കുന്ന അധിക വിഭവങ്ങള്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ആര്‍ക്കെങ്കിലും നെഞ്ചത്തു കൈവെച്ച് പറയാന്‍ കഴിയുമോ?
നെല്‍കാന്‍ കഴിയുന്നണ്ടാവില്ല അധിക വിഭവങ്ങള്‍ നല്‍കാന്‍ നമ്മുടെ ഭാഗത്തുനിന്നും കൂടുതല്‍ ശ്രദ്ധവേണം>>>>
Dear Nandana
തീര്‍ച്ചയായും ധാരാളം പേരുണ്ട്

തറവാടി December 21, 2009 at 2:54 PM  

പണ്ട് കാലത്ത് അമ്പതോ അതില്‍ താഴെയോ ആയിരുന്നു പത്താം ക്ലാസ്സിലെ വിജയ ശതമാനം, ഇന്ന് നൂറ്.

പത്താം ക്ലാസ്സ് വിജയശതമാനം ഭരിക്കുന്ന സര്‍ക്കാരിന്റെ/ പാര്‍ട്ടിയുടെ ഗുണനിലവാരം നിശ്ചയിക്കുന്നു!

ശതമാനം എന്നത് നൂറായത് നന്നായി അല്ലെങ്കില്‍ അടുത്ത തവണത്തെ ഭരണസമയത്ത് ശതമാനം കൂട്ടിയേനെ!

ആദ്യം നിര്‍ത്തേണ്ടത് ലിബറല്‍ പരിശോധന രീതിയാണ്.
മോഡറേഷന്‍ പൂര്‍ണ്ണമായും ഇല്ലാതാക്കണം. പഠിക്കുന്നവന്‍ വിജയിച്ചാല്‍ മതി. മൂന്ന് തവണയില്‍ കൂടുതല്‍ എഴുതി പത്താം ക്ലാസ്സ് വിജയിച്ചാല്‍ പ്രൊഫെഷണല്‍ കോഴ്സിന് ചേരാന്‍ അര്‍ഹതയില്ലാതാക്കണം.
പിന്നോക്കം എന്ന വാക്കേ എടുത്ത് കളയണം. എല്ലായിടത്തും എല്ലാവരുടേയും ( മത/വര്‍ഗ്ഗ) പ്രതിനിധികളും വേണം എന്നെന്തിനാണ് വാശി? കഴിവുള്ളവന്‍ മുന്നില്‍ നില്‍ക്കട്ടെ!

രക്ഷിതാക്കള്‍ അവിടെ നില്‍ക്കട്ടെ എന്റെ അഭിപ്രായത്തോട് യോജിക്കാന്‍ എത്രപേര്‍ അധ്യാപകരടക്കം തയ്യാറാവും?

വിദ്യാഭ്യാസം എന്ന് കച്ചവട മാക്കിയോ അന്ന് തുടങ്ങിയെല്ലാം!

ദുബായിലെ ഏറ്റവും വലിയ വിദ്യാഭ്യാസസ്ഥാപന ശൃംഘലയുടെ തലപ്പത്തുള്ളയാളുടെ പ്രസംഗത്തിലെ ആദ്യവാക്കുകള്‍ ' last 30 years, we are
here in the education business!' എന്നായിരുന്നു :)

Anonymous December 21, 2009 at 3:36 PM  

തറവാടിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. അദ്ദേഹത്തിന് എ പ്ലസ് നല്‍കണം.
മോഡറേഷന്‍, സംവരണം എന്നീ കാര്യങ്ങളില്‍ ഞാന്‍ അദ്ദേഹത്തോട് യോജിക്കുന്നു. ദുബായിയില്‍ തുറന്നു പറഞ്ഞ സത്യം ഇവിടത്തെ എയ്ഡഡ് മേഖലയിലെ മാനേജര്‍മാര്‍ കണ്ണാടിക്കുമുന്നില്‍ നടത്തുന്ന കുമ്പസാരരഹസ്യമാണ്.

സൂരജ് കൃഷ്ണന്‍

Anonymous December 21, 2009 at 3:38 PM  

Four years back, I was a teacher in an Indian School in UAE.I joined there at the time of sslc exam. One Deputy supdt was from India and the others were from nearby schools in uae.It was in 2004.The chief opened the question paper cover half an hour before the commencement of the exam and gave one question paper to the subject teacher and he has written all the answers in a paper.When the exam started he gave the paper to the students with the help of the deputy.This is also happening in sslc exam.

Manoj മനോജ് December 21, 2009 at 6:51 PM  

ഓഫ് ടോപ്പിക്കാണ് എന്ന് അറിയാം എങ്കിലും തറവാടിയുടെ മുന്‍ കമന്റ് കണ്ടത് കൊണ്ട് പ്രതികരിക്കുന്നു.
“പിന്നോക്കം എന്ന വാക്കേ എടുത്ത് കളയണം. എല്ലായിടത്തും എല്ലാവരുടേയും ( മത/വര്‍ഗ്ഗ) പ്രതിനിധികളും വേണം എന്നെന്തിനാണ് വാശി? കഴിവുള്ളവന്‍ മുന്നില്‍ നില്‍ക്കട്ടെ!”

പ്രൊഫഷണലിസവും മറ്റും പറയുന്ന അമേരിക്കയില്‍ പോലും പ്രൊഫഷണല്‍ കോഴ്സുകളുടെ പ്രവേശനത്തില്‍ മത/വര്‍ഗ്ഗ സംവരണം ഉണ്ട്. അമേരിക്ക സ്വതന്ത്ര്യയായിട്ട് എത്ര കൊല്ലമായെന്നതും കൂടി കണക്കിലെടുക്കുക. അത് എന്ത് കൊണ്ട് എന്ന് ചിന്തിച്ചാല്‍ തറവാടി ഒരു പക്ഷേ തന്റെ അഭിപ്രായം മാറ്റുമായിരിക്കും. :)

Anonymous December 21, 2009 at 7:45 PM  

@ മനോജ്,

ജാതി മത വര്‍ഗ്ഗ തിരിവുകള്‍ അമേരിക്കയില്‍ ഇപ്പോഴും ഉണ്ടെന്നുവച്ച് അവ കേരളത്തിലും നടക്കട്ടേയെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത്.

കഷ്ടം തന്നെ, അമേരിക്കക്കാരന്‍ എന്തു ചെയ്യുന്നുവെന്ന് നോക്കി അനുകരിക്കാനുള്ള ഈ ശ്രമം

A Professional Anonymous

Anonymous December 22, 2009 at 12:08 AM  

ഞാന്‍ blog കാണാന്‍ താമസിച്ചുപോയി.

എന്നാലും പറയുകയാണ്‌ 10- portion തീര്‍ക്കാതെ എങ്ങനെ മാഷേ മിടുക്കരായ കുട്ടികളെ ശ്രദ്ധിക്കാന്‍ കഴിയും? തീര്‍ച്ചയായിട്ടും അവര്‍ക്ക്‌ ആവശ്യമുള്ള കാര്യങ്ങള്‍ കൊടുക്കുന്നുണ്ട്‌. അല്ലെങ്കില്‍ അത്തരം കുട്ടികളോട്‌ ചെയ്യുന്നദ്രോഹമല്ലെ.

Meera

തറവാടി December 22, 2009 at 9:53 AM  

ഞാനും ഒരോഫടിക്കുന്നു,

മനോജ് :),

എന്തിനാണ് ഈ പിന്നോക്ക സഹായസമ്പ്രദായം നിലവില്‍ വരുത്തിയത് എന്ന് നല്ല നിശ്ചയമുണ്ട്. ഇനി ഒരു പതിനായിരം കൊല്ലം അത് കൊടുത്താലും വലിയ മാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നില്ല പെസ്സിമിസ്റ്റായതിനാലല്ല.

അതേ സമയം ഈ റിസര്‍‌വേഷന്‍ അരിപാടിയൊന്ന് നിര്‍ത്തിനോക്കൂ അപ്പോളറിയാം പിന്നോക്കക്കാരന്‍ ശെരിയായ അര്‍ത്ഥത്തില്‍ ഉയര്‍ന്നുവരുന്നത്.

കാര്യം സര്‍ക്കാരിന്റെ എന്നൊക്കെ പറയാമെങ്കിലും എനിക്കാരുടേയും സൗജന്യം വേണ്ട എന്ന് പറയാനുള്ള ചങ്കുറപ്പ് പിന്നോക്കക്കാരന് ഉണ്ടാവണം എന്നാത്മാര്‍ത്ഥമായ ആഗ്രമുള്ളതിനാലാണതുപറയുന്നതും.

ഈ സൗജന്യത്തിന് പകരം അവന് പഠിക്കാന്‍ സാഹചര്യമുണ്ടാക്കിക്കൊടുക്കൂ അതാവില്ല കൂടുതല്‍ ഉത്തമം?
( അതും ഒരു സൗജന്യമല്ലെ എന്ന് ചോദിച്ചാല്‍ രണ്ടും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണെന്റെ അഭിപ്രായം)

ഒന്ന് ചോദിക്കട്ടെ എസ്.സി./ എസ്.ടി റിസര്‍‌വേഷനില്‍ ഗവ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ പ്രവേശനം നേടുന്ന എത്രപേര്‍ വിജയം വരിക്കുന്നുണ്ടെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? കുറ്റപ്പെടുത്തി പറഞ്ഞതല്ല.

എന്റെ അഭിപ്രായത്തിന്റെ ഉദ്ദേശശുദ്ധി കാണുക, സൗജന്യം കൊടുക്കേണ്ടത് ഭൗതികമായി നിലവാരം പുലര്‍ത്താവര്‍ക്കാണ് അല്ലാതെ വ്യക്തി-കഴിവുകള്‍ക്കല്ല.

Anonymous December 22, 2009 at 12:34 PM  

ഇന്ന് സർക്കാർ സ്കൂളിലെ അധ്യാപനം, സിലബസ്‌ ഉൾപ്പെടെ ശരിയെന്നു മാതാപിതാക്കൾ കൂടിയായ അധ്യാപകർക്ക്‌ തോന്നുന്നുണ്ടൊ?

സർക്കാർ സ്കൂളിൽ നിന്നു വരുന്ന കുട്ടികൾ മികച്ച നിലവരം പുലർത്തുന്നില്ല/മികച്ച നിലകളിൽ എത്തുന്നില്ല എന്നതും ശരിയല്ലേ?

എന്താണു ഇതിനെല്ലാം കാരണം ?

തിരുത്തൽ തുടങ്ങേണ്ടത്‌ മുകളിൽ നിന്നാണു. എന്നുവരെ മികച്ച്ചതിന്റെ മാനദണ്ഡം മാർക്കവുന്നോ അന്നുവരെ മാർക്കു "വാങ്ങുവാനുള്ള" വഴികൾ അത്‌ വേണമെന്നുള്ളവർ നോക്കും. ശരിയല്ലേ ?

നമ്മുടെ സർക്കാർ സ്കൂളിലെ നിലവാരം നന്നാവാൻ അധാപകരെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ ? പൊതുവായൊരു മാറ്റം വരണം. വരുമോ ?

ഒരു നല്ല തലമുറയെ വാർത്തെടുക്കേണ്ട അധ്യാപകരെ, മറ്റുള്ള സർക്കാർ ജോലികൾ ചെയ്യിപ്പിക്കാതിരിക്കുക. വേണമെങ്കിൽ ഈ മധ്യവേനലും മറ്റവധി ദിവസങ്ങളും അധ്യപകർക്കും കൊടുക്കതിരിക്കട്ടെ. അധ്യപനത്തിൽ മാത്രം അവർ ശ്രദ്ധിക്കട്ടെ എന്താ ?

ഉത്തരത്തിൽ ഇരിക്കുന്നത്‌ എടുക്കുകയും വേണം, കക്ഷത്തിൽ ഇരിക്കുന്നത്‌ പോകുകയും അരുത്‌ എന്ന ചിന്തഗതി ആണു പൊതു സമൂഹത്തിനും അധികാര തലങ്ങൾക്കും ഉള്ളതെങ്കിൽ ഇത്രയൊക്കെയെ പ്രതീക്ഷിക്കാനും വകയൊള്ളു.

വിജയകുമാർ

cALviN::കാല്‍‌വിന്‍ December 23, 2009 at 12:30 AM  

ഗമ്പ്ലീറ്റ് ഓഫ്:

1)
[[രണ്ടു മൂന്നു ഞായറാഴ്ചകളായി തീ പാറുമെന്ന് പ്രതീക്ഷിച്ചു പ്രസിദ്ധീകരിച്ച സംവാദ വിഷയങ്ങള്‍ക്ക് വേണ്ടത്ര പ്രതികരണങ്ങളൊന്നും കണ്ടില്ല.]]

തീ പാറുന്ന സംവാദങ്ങൾ ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് വല്ലതും പോസ്റ്റ് ചെയ്തിട്ട് അങ്ങനെ ഉണ്ടായില്ലെങ്കിൽ നന്നായിപ്പോയി. ആരോഗ്യകരവും പ്രയോജനപ്രദവും ആയ ഒരു സംവാ‍ദം ഉണ്ടാവാ‍ാൻ ആദ്യം വേണ്ടത് വസ്തുനിഷ്ഠമായ ലേഖനമാണ്. സ്വന്തം ചിന്തകൾ തോന്നിയ പോലെ എഴുതി വെച്ചതിനോട് എല്ലാവരും പ്രതികരിക്കും എന്ന് പ്രതീക്ഷിക്കരുത്. ലേഖനം ചിന്തയ്ക്ക് വക നൽകണം ആദ്യം.

2) മാത്സ് ബ്ലോഗ് ടീം എന്ന ബ്ലോഗർ ഐഡിയിൽ പൊസ്റ്റ് ചെയ്യുന്ന ലേഖനങ്ങളിൽ ഓരോ ലേഖനത്തിന്റെയും രചയിതാവിന്റെ പേരു കൂടെ നൽകുന്നത് അഭികാമ്യം.

3) പോസ്റ്റിലും കമന്റിലും പേരെടുത്ത് സംവദിക്കാൻ വിളിക്കുന്നത് (ഇതാദ്യമായല്ല ഈ ബ്ലോഗിൽ) ഒഴിവാക്കിത്തന്നാൽ സന്തോഷം. താല്പര്യമുള്ള വിഷയങ്ങളിൽ കമന്റിക്കോളാം. ലേഖകന്റെ താല്പര്യപ്രകാരം പറയുന്നിടത്തെല്ലാം അഭിപ്രായം പറയാൻ തൽക്കാലം ഉദ്ദേശിച്ചിട്ടില്ല.

4) ബ്ലോഗിലെ അക്കാഡമിക്കൽ ലേഖനങ്ങൾ നന്നാവുന്നുണ്ട്. ചുമ്മാ ഗിമ്മിക്ക് കാണിക്കാനുള്ള സംവാദപ്പോസ്റ്റുകൾ ഒഴിവാക്കിയാൽ നല്ലത് എന്ന് വ്യക്തിപരമായ അഭിപ്രായം. ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം.

cALviN::കാല്‍‌വിന്‍ December 23, 2009 at 12:39 AM  

ഓൺ ടോപിക്:
എസ്.എസ്.എൽ.സി വിജയം/റാങ്ക് മാത്രമല്ലല്ലോ ജീവിതം.
പഠനം രസകരമാക്കുകയാണ് നല്ലത്. പണ്ടത്തെ എസ്.എസ്.എൽ.സി ഇവാല്യേഷൻ പോളിസിയോട് യോജിപ്പില്ല. ഇപ്പൊഴത്തെ ഗ്രേഡിംഗ് നല്ലത്.

മിടുക്കരായ വിദ്യാർത്ഥികൾക്ക് അധികവിഭവങ്ങൾ നൽകുന്നുണ്ടോ എന്ന് അദ്ധ്യാപകർ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. പി.ടി. സമയത്ത് പോലും ഫുട്ബോൾ വിട്ടുതരാൻ മടിയുള്ള അദ്ധ്യാപകരാ‍ായിരുന്നു പഠിച്ച സ്കൂളുകളിൽ അധികവും.
എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയെന്ന് കേൾക്കുന്നതേ ഭൂരിഭാഗം അദ്ധ്യപകർക്കും വിദ്യാർത്ഥികൾക്കും കലിപ്പാണ്. (യുവജനോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്ന കാര്യമല്ല. താല്പര്യമുള്ള മറ്റു കാര്യങ്ങൾ.)

ഗണിതശാസ്ത്ര ഒളിമ്പ്യാഡ് പോലെയുള്ള പരിപാടികൾക്കുള്ള സപ്പോറ്ട്/ഗൈഡൻസും അദ്ധ്യാപകരുടെ സ്വഭാവം അനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കും.

ഗീതാസുധി December 23, 2009 at 8:07 AM  


@കാല്‍വിന്‍

<"ആദ്യം വേണ്ടത് വസ്തുനിഷ്ഠമായ ലേഖനമാണ്. സ്വന്തം ചിന്തകള്‍ തോന്നിയ പോലെ എഴുതി വെച്ചതിനോട് എല്ലാവരും പ്രതികരിക്കും എന്ന് പ്രതീക്ഷിക്കരുത്. ലേഖനം ചിന്തയ്ക്ക് വക നല്‍കണം ആദ്യം.">
ലേഖനം വസ്തുനിഷ്ഠമായില്ലായെന്ന് തോന്നിയില്ല. ഒരധ്യാപകനെങ്കിലും ഇതിലെ ഉള്ളടക്കത്തെക്കുറിച്ച് ചിന്തിക്കുകയും അതനുസരിച്ച് മാറുകയും ചെയ്താല്‍ മാത്രം മതി, ലേഖനത്തിന്റെ ഉദ്ധേശശുദ്ധി സഫലമാകാന്‍! ലേഖനം ലേഖകന് തോന്നിയപോലല്ലാതെ, മിസ്റ്റര്‍ കാല്‍വിന് തോന്നിയപോലെ എഴുതാന്‍ കഴിയില്ലല്ലോ..?:)
<"മാത്സ് ബ്ലോഗ് ടീം എന്ന ബ്ലോഗര്‍ ഐഡിയില്‍ പൊസ്റ്റ് ചെയ്യുന്ന ലേഖനങ്ങളിള്‍ ഓരോ ലേഖനത്തിന്റെയും രചയിതാവിന്റെ പേരു കൂടെ നല്‍കുന്നത് അഭികാമ്യം.">
ഈ അഭിപ്രായത്തോട് യോജിക്കുന്നു.
<"പോസ്റ്റിലും കമന്റിലും പേരെടുത്ത് സംവദിക്കാന്‍ വിളിക്കുന്നത് (ഇതാദ്യമായല്ല ഈ ബ്ലോഗില്‍) ഒഴിവാക്കിത്തന്നാല്‍ സന്തോഷം. താല്പര്യമുള്ള വിഷയങ്ങളില്‍ കമന്റിക്കോളാം. ലേഖകന്റെ താല്പര്യപ്രകാരം പറയുന്നിടത്തെല്ലാം അഭിപ്രായം പറയാന്‍ തല്‍ക്കാലം ഉദ്ദേശിച്ചിട്ടില്ല.">
എല്ലാ ബ്ലോഗുകള്‍ക്കും, അതിന്റേതായ ചില പ്രത്യേകതകള്‍ വേണം. എല്ലാ ബ്ലോഗുകളും കാല്‍വിന്‍ മുതല്‍ പേരുടേതു പോലിരുന്നാല്‍, അതിലൊരു വൈവിധ്യക്കുറവില്ലേ കാല്‍വിന്‍?'നാനാത്വത്തില്‍ ഏകത്വം' എന്നാണല്ലോ വെയ്പ്.
<"ചുമ്മാ ഗിമ്മിക്ക് കാണിക്കാനുള്ള സംവാദപ്പോസ്റ്റുകള്‍ ഒഴിവാക്കിയാല്‍ നല്ലത് എന്ന് വ്യക്തിപരമായ അഭിപ്രായം. ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം.">
ഗണിതത്തില്‍ കാര്യമായ അവഗാഹമില്ലാത്ത എന്നെപ്പോലുള്ളവളെ, ഈ ബ്ലോഗുമായി അടുപ്പിച്ചു നിര്‍ത്തുന്നത്, ഇത്തരം ഗിമ്മിക്കുകള്‍ കൂടിയാണ്.
ദയവായി സംവാദങ്ങള്‍ അഭംഗുരം തുടരുക. ഞായറാഴ്ചകളില്‍ കാല്‍വില്‍ ഇങ്ങോട്ട് നോക്കാതിരുന്നാല്‍ പോരേ?

വാല്‍കഷണം
കാല്‍വിന്‍ ആദ്യം 'ഗംപ്ലീറ്റ്' ഓഫായിരുന്നോ?:)
ശേഷം നന്നായി കമന്റിയല്ലോ?

Anonymous December 23, 2009 at 4:07 PM  

"പിന്നോക്ക വർഗ്ഗം - റിസർവ്വേഷൻ"

പലയിടത്തും 50/60/70 % ൽ എത്തി നിൽക്കുന്നു റിസർവ്വ്വേഷൻ.

സ്വന്തമായി ആരെന്നു തിരിചറിയാതെ, സ്വന്തം ജാതിക്കു മാത്രം ചെയ്യാൻ പറ്റുന്ന ജോലികൾ ചെയ്യാതെ, സ്വന്തം കുലത്തൊഴിൽ ചെയ്യുന്നതിൽ കുറവു ഉണ്ടെന്നു ധരിച്ചിരിക്കുന്ന ഒരു കൂട്ടം. അതിനെയല്ലേ "മറ്റുള്ളവർ" പിന്നോക്ക വർഗ്ഗം എന്നു വിളിച്ച്‌ നടക്കുന്നത്‌.

ആരൊക്കെയോ ചില താൽപ്പര്യങ്ങൾക്കു ഇന്നും കരുവാക്കിക്കൊണ്ടിരിക്കുന്നു.

പ്രയോജനം കുറേപ്പേർക്ക്‌ ഉണ്ടാവുന്നുണ്ട്‌, വീണ്ടും, വീണ്ടും അവരുടെ തലമുറകൾക്ക്‌ മാത്രമാണു ഇപ്പോൾ കൂടുതലും ഈ പ്രയോജനം കിട്ടുന്നത്‌.

ഇതൊന്നും തിരിച്ചറിയാത്ത ഒരു വലിയ വിഭാഗം.

ഇതിനെല്ലാം ഇടയിൽ സമൂഹത്തിലെ ഒരുന്നത വർഗ്ഗം "സാമ്പത്തിക സംവരണം വേണം" എന്നു ഉയർത്തിപ്പിടിച്ചു നടക്കുന്നു.

"തമ്മിൽ ഭേദം തൊമ്മൻ" എന്നപോലെ നല്ലതു സാമ്പത്തിക സംവരണം തന്നെ. പക്ഷേ എന്തു ചെയ്യാം "കയ്യൂക്കുള്ളവൻ കാര്യക്കാരൻ" 4, 4.5 ലക്ഷം കിട്ടുന്നവനേയും സാമ്പത്തികമായി പിന്നോക്കക്കാരനായി പ്രഖ്യാപിച്ചു.

ഇതൊന്നും ഇല്ലാതെ അർഹിക്കുന്നവനു അർഹിക്കുന്നത്‌ കിട്ടുന്ന ഒരു കാലം വരുമോ ?

വിജയകുമാർ

Anonymous December 25, 2009 at 10:33 AM  

99% of well wishers(Aided and Government teachers)sent their own or grandchildren to any Unaided school.
This is a good Idea to make others fools.What an idea "SIR"GI.
Dont use such old ideas because now Kerala is not a BPL state to think as you say.
First Sent your own children to your own school or please stop such preach.

nanma March 7, 2011 at 10:46 PM  

adyapakar possitteevakathathinte apakadam etra valuthanu...?

GAYATHRI February 2, 2012 at 8:00 PM  

evide chennalum 10am class xamine patty paranj kuttikale pedipikkukayan ellavarum.ee pedi karanam avarkk uyarnn score kittathe pokunnu.karanam ath vere mattullavarude munpil thaniykkundayirunna aa oru img pokumoyenn ella kuttikalum pedikkunnu.eppozhum padikk padikk enn parayunnathin pakaram avarkk oru supportayi ninn nokku.ippol kittunna ee result ninn nalla mattamundayirikkum.
koodathe 100 %vijayam ulla schoolile kutikalil public xam oru pediswapnam thanneyan.aa swapnam avare padikkumbolum ellaypozhum alattunnu

Areekkara sreesan Namboothiri August 2, 2013 at 12:38 PM  

വളരെ കാലം മുമ്പത്തെ വിഷയമാണ്‌ എന്നറിയാം എന്നലും ചിലതു പറയാം എന്നു വിചാരിച്ചു...
കഴിഞ്ഞവർഷം മുതൽ ആണു ഞാൻ അദ്ധ്യാപനം തുടങ്ങിയതു അതിന്റെ പരിചയക്കുറവ്‌ ഉണ്ടാവും ക്ഷമിക്കുക.
സിലബസ്‌ എല്ലാവർക്കും ഒരു വെല്ലുവിളി തന്നെയാണ്‌
ഇന്നത്തെ സർക്കാർത്തീരുമാനം സ്കോളർഷിപ്പുകൾ മുഴുവൻ അദ്ധ്യാപകർ വാങ്ങികൊടുക്കണം എന്നണ്‌.സിലബസും,സ്കോളർഷിപ്പും നൊക്കുന്നതിനിടയിൽ കുട്ടികളുടെ പരാതികേൾക്കാൻ പറ്റാത്ത നിസ്സഹായനയ ഒരു അദ്ധ്യാപകനാണ്‌ ഞാൻ പത്തു അറുപതു കുട്ടികൾ ഉള്ള ക്ലാസിൽ ദിവസവും അവരുടെ പരാതികേൾക്കാൻ സമയമില്ല....
അദ്ധ്യാപനതിനിറങ്ങിയപ്പോൾ ഒരുപാടു സ്വപ്നങ്ങളുണ്ടായിരുന്നു..... ചില പ്രതീക്ഷകളുണ്ടായിരുന്നു..... എല്ലാം വെള്ളത്തിൽ വരച്ച വര പൊലായി....
പിന്നെ സംവരണം അതു നമ്മുടെ നാടിന്റെ രാഷ്ട്രീയത്തിന്റെ സംഭാവനയാണ്‌.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer