പൊന്നുങ്കുടത്തിനൊരു പൊട്ട് !

>> Tuesday, September 29, 2009


മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'ചോക്കുപൊടി' എന്ന സ്ഥിരം പംക്തി കണ്ടിട്ടില്ലേ? അധ്യാപകര്‍ക്ക് അവരുടെ അവിസ്മരണീയ അനുഭവങ്ങള്‍ പങ്കുവെയ്കുവാനുള്ള ഒരു വേദിയാണത്. അതുപോലൊന്ന് നമുക്കുമായാലെന്താ..?ബ്ലോഗ് ടീമിലെ നിസാര്‍ മാഷ്, അദ്ദേഹത്തിന് കഴിഞ്ഞദിവസമുണ്ടായ ഒരു ക്ലാസ്സ്റൂം അനുഭവം വിവരിക്കുകയാണ് താഴെ . ഇതിനേക്കാള്‍ മികച്ച അനുഭവങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലേക്കുവരും!മടിക്കാതെ മെയില്‍ ചെയ്യുകയോ, തപാലില്‍ അയക്കുകയോ ചെയ്യുക.ആഴ്ചയില്‍ ഒന്നു വീതമെങ്കിലും പ്രസിദ്ധീകരിക്കണമെന്നാണാഗ്രഹം. ഇമെയില്‍ : mathsekm@gmail.com പോസ്റ്റല്‍ വിലാസം : എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് ,എറണാകുളം 682502 .
ഇനി വായിച്ചോളൂ...

.......................................................................................................................................

'പൊട്ടക്കുട'ത്തിനൊരു പൊട്ട്!

എട്ടാം ക്ലാസ്സ് സി ഡിവിഷനിലേക്ക് കഴിഞ്ഞ ദിവസം എട്ടാമത്തെ പിരീഡ് കയറിച്ചെന്നത് 'പണവിനിമയം' എന്ന യൂണിറ്റിന്റെ അവസാന ഭാഗം എടുത്തുതീര്‍ക്കാമെന്നു കരുതിയാണ്. A=P(1+r/100)n എന്ന സൂത്രവാക്യം ഉപയോഗിച്ചു മറ്റു ചില പ്രായോഗിക പ്രശ്നങ്ങളുടെ നിര്‍ദ്ധാരണമാണ് വിഷയം. ജനസംഖ്യ ഒരു നിശ്ചിത ശതമാനം വര്‍ദ്ധിച്ചു കൊണ്ടിരുന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അതെത്രയായി വര്‍ദ്ധിക്കുമെന്നുകാണാന്‍ ഈ സൂത്രവാക്യം ഉപകാരപ്രദമാണെന്നു കാണിക്കാനായി പതിവുപോലെ കഥ തുടങ്ങി. ആസ്ത്രേലിയയിലുള്ള ഒരു കൊച്ചു ദ്വീപിലെ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം രണ്ടായിരമാണെന്നും, എന്നാല്‍ പ്രതിവര്‍ഷം നാലുശതമാനം വെച്ചു വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞുവെച്ചു. രണ്ടുവര്‍ഷത്തിനു ശേഷം അവിടുത്തെ ജനസംഖ്യ എത്രയായിരിക്കുമെന്നു കണ്ടുപിടിക്കുന്നതിലൂടെ ഈ സൂത്രവാക്യത്തിന്റെ ഉപയോഗം അവതരിപ്പിക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. രണ്ടായിരം പേര്‍ തന്നെ തിങ്ങി താമസിക്കുന്നതിനാല്‍ ഇനിയൊരു കാര്യമായ വര്‍ദ്ധനവ് താങ്ങാന്‍ അവര്‍ക്കാവില്ലെന്നും വെച്ചുകാച്ചി!

'വിശ്വമാനവന്‍ ' എന്ന സങ്കല്പം രൂപപ്പെടുത്തിയെടുക്കാന്‍ പറ്റിയ സന്ദര്‍ഭം ഉരുത്തിരിയുന്നത് ഉള്‍പുളകത്തോടെ മനസ്സിലാക്കിയതോടെ ജനസംഖ്യാവര്‍ദ്ധനവിന്റെ കാരണങ്ങളിലേക്കായി ചര്‍ച്ചയുടെ പോക്ക്. 'ലോക മുത്തച്ഛന്‍ മുത്തശ്ശി ദിനം' കഴിഞ്ഞുള്ള തൊട്ടടുത്ത ദിനങ്ങളിലൊന്നായതിനാല്‍ 'ജനനനിയന്ത്രണ'ത്തേക്കാള്‍ 'കുറഞ്ഞ മരണനിരക്കി'ന് ചര്‍ച്ചയില്‍ പ്രാമുഖ്യം കൈവന്നത് സ്വാഭാവികം. എണ്‍പതും തൊണ്ണൂറും വയസ്സായ അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും ചുറുചുറുക്കോടെ പൂലിപോലെ ഓടിനടക്കുകയാണവിടെയെന്നു പറഞ്ഞുതീര്‍ന്നതും ക്ലാസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.ക്ലാസ്സിലെ പതിവ് കുസൃതിയായ അനൂപിന്റെ കമന്റാണ് ചിരിയുണര്‍ത്തിയത്. "വയസ്സന്‍മാരെയൊക്കെയങ്ങ് തട്ടിക്കളഞ്ഞാല്‍ പോരേ?"
ചിരിയില്‍ പതിവുപോലെ പങ്കുചേരാന്‍ ഞാന്‍ കൂട്ടാക്കാഞ്ഞതിനാലാകണം അതിന് അധികം ആയുസ്സില്ലാതെ പോയത്.
ദൈവമേ, പുതിയ തലമുറയുടെ വയസ്സരോടുള്ള മനോഭാവം ഇങ്ങനെയൊക്കെയാണോ?

വീണ്ടും 'വിശ്വമാനവന്‍!'വിട്ടുകളയാന്‍ പറ്റില്ലല്ലോ? തകഴിയുടെ 'തഹസില്‍ദാരുടെ അച്ഛനും' പേരോര്‍ക്കാത്ത മറ്റുചില കഥകളും ഓര്‍മ്മയിലേക്ക് തികട്ടിവരാന്‍ തുടങ്ങി. അവയൊക്കെ അരിഞ്ഞിട്ട ഒരവിയല്‍ കഥയിലൂടെ ക്ലാസ്സ് നീങ്ങാന്‍ തുടങ്ങി....
വേലായുധന്‍ ചേട്ടന് വേലികെട്ടാണ് ജോലി. തന്റെ ചെറ്റപ്പുരയില്‍ ഒരുവശം തളര്‍ന്നുകിടക്കുന്ന ഭാര്യ മീനാക്ഷിക്കും ഏകമകന്‍ നാലാം ക്ലാസ്സുകാരന്‍ പ്രകാശനുമൊപ്പം അരിഷ്ടിച്ചുള്ള ജീവിതം. കിട്ടുന്ന കൂലിയില്‍ പാതിയും മീനാക്ഷിക്കുള്ള മരുന്നുകളും കുഴമ്പുകളുമായി തീരും. ഒരു നേരത്തെ കഞ്ഞിയിലൊതുങ്ങുന്ന പ്രകാശന്റെ ബാല്യത്തിലെ രുചികരമായ ഓര്‍മ്മ എന്നും വൈകീട്ട് അച്ഛന്റെ മുണ്ടിന്‍കോന്തലയില്‍ കടലാസുപൊതിയിലൊളിപ്പിച്ച എണ്ണമയമുള്ള സ്നേഹംവഴിയുന്ന പഴംപൊരി, അല്ലെങ്കില്‍ ഉഴുന്നുവടയായിരുന്നു.മുണ്ടുമുറുക്കിയുടുത്ത് വിശപ്പിനെ തോല്പിക്കുമ്പോഴും മകന്റെ വയറെപ്പോഴും നിറഞ്ഞിരിക്കണമെന്ന് വാശിയുള്ള സ്നേഹനിധിയായ അച്ഛന്‍!

ക്ലാസ്സ് പതുക്കെ കഥയില്‍ ലയിച്ചു തുടങ്ങി. കഥയുടെ രണ്ടാം ഭാഗത്തിലേക്ക് കടന്നു.

ഇന്ന്, പ്രകാശന്‍ സിവില്‍ സപ്ലൈസ് വകുപ്പിലെ ഒരു ഗുമസ്തന്‍. ഉദ്യോഗസ്ഥയായ ഭാര്യ സുജാതയ്കും ഏകമകന്‍ എല്‍.കെ.ജിക്കാരന്‍ അരുണിനുമൊപ്പം പുതിയ വീട്ടില്‍ സുഖവാസം. ക്ഷയരോഗിയായ അച്ഛന്‍ വേലായുധന് എണ്‍പതുകഴിഞ്ഞു. കണ്ണിനും കാതിനും വേണ്ടത്ര സൂക്ഷ്മത പോരാ. ചുക്കിച്ചുളിഞ്ഞ ഒരു വികൃത രൂപം! വീട്ടില്‍ വരുന്ന തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും അത് മറയ്കാന്‍ പ്രകാശന്‍ കണ്ടെത്തിയ മാര്‍ഗ്ഗം അച്ഛനെ വിറകുപുരയുടെ മൂലയില്‍ കീറപ്പായയില്‍ തളയ്കുകയായിരുന്നു. ഞളുങ്ങിയ ഒരു അലൂമിനിയപ്പാത്രത്തില്‍ കഞ്ഞി രണ്ടുനേരം സുജാത കൃത്യമായി വിറകുപുരയുടെ തറയിലൂടെ നിരക്കിനീക്കാറുണ്ടായിരുന്നു. ഒരുദിവസം കഞ്ഞിപ്പാത്രം തിരികെയെടുക്കാനാഞ്ഞ സുജാതയുടെ ആനന്ദാശ്രുക്കളോടെയുള്ള നിലവിളിയായി വേലികെട്ടുകാരന്‍ വേലായുധന്‍ എരിഞ്ഞടങ്ങി.

ക്ളാസ്സ് പരിപൂര്‍ണ്ണ നിശബ്ധം. കുട്ടികളുടെ കണ്ണുകളില്‍ വേലായുധനപ്പൂപ്പന്റെ ദൈന്യതയുടെ തിരയിളക്കം!

പ്രകാശന്റെ മകന്‍ അരുണ്‍ ആ വിലപിടിച്ച അലൂമിനിയപ്പാത്രം കഴുകി ഷോകേസില്‍ വെച്ചതെന്തിനെന്നുള്ള പ്രകാശന്റെ ചോദ്യത്തിന്, 'വയസ്സാകുമ്പോള്‍ അച്ഛന് കഞ്ഞിതരണ്ടായോ..?'യെന്ന അവന്റെ നിഷ്കളങ്കമായ മറുചോദ്യത്തോടെ കഥയവസാനിപ്പിക്കുമ്പോഴേക്കും ബെല്ലടിച്ചിരുന്നു.

സാധാരണ ബെല്ലടിക്കുമ്പോഴേക്കും ആരവങ്ങളോടെ പുറത്തേക്കുചാടുമായിരുന്ന കുട്ടികളാരും അനങ്ങുന്നില്ല. കഥ ഏറ്റിരിക്കുന്നു! പോകുന്നതിനു മുന്‍പായി, ആരുടെയൊക്കെ വീട്ടില്‍ അപ്പൂപ്പനോ അമ്മൂമ്മയോ ഉണ്ടെന്നുള്ള ചോദ്യത്തിനുത്തരമായി പത്തുപതിനഞ്ചു പേരോളം എഴുന്നേറ്റു നിന്നു.പ്രായമേറുന്തോറും അവര്‍ കൊച്ചുകുട്ടികളെപ്പോലെയാകുമെന്നും, വീട്ടില്‍ ചെന്നാല്‍ ആദ്യം തന്നെ അവരെയൊന്ന് ആശ്ലേഷിക്കാനും കൊഞ്ചിക്കാനുമുണര്‍ത്തിക്കൊണ്ടാണ് സ്റ്റാഫ് റൂമിലേക്ക് നടന്നത്.

പീറ്റേ ദിവസം ക്ലാസ്സില്‍ ചെന്നപാടേ ശ്രദ്ധിച്ചത്, സ്ഥിരം മിണ്ടാപ്പൂച്ചയായ നീതുമോളുടെ മുഖത്തെ അരുണിമയാണ്. അവള്‍ക്കെന്തോ പറയണമെന്നുണ്ടെന്ന് മുഖലക്ഷണത്തില്‍ നിന്നും മനസ്സിലാക്കിയ എന്റെ പ്രോത്സാഹനം ഫലിച്ചു.
അഭിമാനത്താല്‍ തലയുയര്‍ത്തി അവള്‍ പറഞ്ഞൊപ്പിച്ചു. "ഇന്നലെ ഞാന്‍ എന്റെ അമ്മൂമ്മയ്ക് പൊട്ടുകുത്തിക്കൊടുത്തല്ലോ......!"

16 comments:

Anonymous September 30, 2009 at 6:29 AM  

"ഇതിനേക്കാള്‍ മികച്ച അനുഭവങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലേക്കുവരും!"....
ഇല്ല സുഹൃത്തുക്കളേ! ഇതിനേക്കാള്‍ മികച്ചൊരു അനൂഭൂതി ഒരധ്യാപകനും ലഭിക്കാനില്ല!
താന്‍ പഠിപ്പിച്ചുവിട്ടവന്‍ IAS നേടി മുന്നില്‍ വന്നാല്‍പോലും ഇത്ര അഭിമാനം തോന്നില്ല.
എന്തായാലും ഹൃദയസ്പര്‍ശിയായി.
ഇനി എല്ലാ ആഴ്ചയും കാത്തിരിക്കും.
കൈലാസ് നാഥ്,
ശിവപുരം

Anonymous September 30, 2009 at 6:38 AM  

Really touching...

N.M.M. Sabeer

വീ.കെ.ബാല September 30, 2009 at 2:07 PM  

മാഷെ,
മാഷ് പഠിപ്പിച്ചതാണ് ശരി, വിദ്യാഭ്യാസം ജോലിനേടാനുള്ള കുറുക്കുവഴി അല്ല, ജീവിക്കാനുള്ള അറിവാണ്, ഉയർന്ന വരുമാനമുള്ള നമ്മുടെ സമൂഹത്തിലെ വരേണ്യവർഗ്ഗത്തെ നോക്കു ഭൂരിഭാഗവും ജീവിക്കാൻ മറന്നവർ ആണ്, ഐടി പ്രഫഷണലുകളുടെ ( നല്ലൊരു ശതമാനവും) കുടുംബ ജീവിതം പൊരുത്തക്കേറ്റുകൾ നിറഞ്ഞതാവാനുള്ള കാരണവും സാമൂഹ്യ, കുടുംബ പ്രതിബദ്ധത ഇല്ലായ്മ ആണ്, കുരുന്നു മനസ്സിൽ അതിനുള്ള നീരുറവ ഉണ്ടാക്കാൻ കഴിഞ്ഞാൽ അതിലും വലിയ എന്ത് പ്രതിഫലമാണ് താങ്കളുടെ പ്രയത്നത്തിന് കിട്ടാവുന്നത്, ഗുരു ദൈവമാണ് ആ വചനങ്ങളും, പ്രവർത്തികളും ദൈവികമായിരിക്കും, ആശംസകൾ മാഷെ.....
ഒരു സംഖ്യയുടെ സ്ക്വയർ കാണാൻ അവയെ തമ്മിൽ ഗുണിക്കേണ്ടതില്ല പക്ഷേ ഈ വഴിയിലും ഉണ്ട് അല്പം ഗുണിതവും, കൂട്ടലും , കിഴിക്കലും ഒക്കെ എന്നാലും ഇത് പെട്ടന്ന് കണ്ടെത്താം ഒരു തരം നാനോ രീതിയിൽ

Unknown September 30, 2009 at 4:29 PM  

Very good. Salute to u!!

ഹാഫ് കള്ളന്‍||Halfkallan October 1, 2009 at 5:48 PM  

മാഷ്‌ പറഞ്ഞ കഥ .. അതിന്റെ പൊരുള്‍ എല്ലാം ഇഷ്ടായി ...
ഇനി വീ.കെ.ബാല യുടെ പ്രതികരണത്തെ പറ്റി .. എന്തിനും ഏതിനും IT കാരെ ഒന്ന് ചെരഞ്ഞിട്ടു പോവുന്ന രീതി കൊറേ നാളായി കാണുന്നു .
ഞാന്‍ ഈ so called IT കാരന്‍ തന്നെയാ . പാവങ്ങള്‍ക്കിടയില്‍ കുടുംബ പ്രശ്നങ്ങള്‍ ഇല്ലേ ? എന്റെ അമ്മ പഠിപ്പിക്കുന്ന സ്കൂളിലെ
നാല്പതന്ച്ചു കുട്ടികളില്‍ പകുതിയിലേറെ പേരും വളരെ പാവപ്പെട്ടവര്‍ ആണ് ,അവരുടെ കുടുംബങ്ങളില്‍ ഓരോ മെഗാ സീരിയല്‍ പിടിക്കാനുള്ള
പ്രശ്നങ്ങള്‍ ഉണ്ട് താനും .പണ്ട് ഗള്‍ഫ്‌ രാജ്യങ്ങളില്‍ പോയവര്‍ എത്ര സാമൂഹ്യ പ്രതിബധത കാണിക്കുന്നുണ്ട് ? പല സാധാരണ കുടുംബങ്ങളുടെയുംജീവിത
നിലവാരം ഉയരാനിടയാക്കിയ .. പല അച്ഛനമ്മമാര്‍ക്കും പല രാജ്യങ്ങളും കാണാന്‍ അവസരങ്ങള്‍ ഉണ്ടാക്കിയത് IT തന്നെയാണ് . എനിക്ക് നേരിട്ട് ഒരുപാട് IT കുടുംബങ്ങളെ അറിയാം .. പുറത്തില്ലാത്ത ഒരു പ്രശനവും IT യിലും ഇല്ല . കുടുംബ സ്നേഹം ഇല്ലാത്തവര്‍ ആണെന്ന് അടച്ചങ്ങു ആക്ഷേപിച്ചത്കഷ്ടമായി .

Anonymous October 2, 2009 at 12:02 AM  

Touching post...
Totally agree with Half Kallan !
-Anon

Unknown October 2, 2009 at 1:24 AM  

പ്രിയപ്പെട്ട ബാല,

കമന്റില്‍ "ഐടി പ്രഫഷണലുകളുടെ ( നല്ലൊരു ശതമാനവും) കുടുംബ ജീവിതം പൊരുത്തക്കേറ്റുകൾ നിറഞ്ഞതാവാനുള്ള കാരണവും സാമൂഹ്യ, കുടുംബ പ്രതിബദ്ധത ഇല്ലായ്മ ആണ്" ഇത് ഇപ്പോള്‍ ആണ് കണ്ടത്.

താങള്‍ എന്ത് അടിസ്ഥാനത്തില്‍ ആണ് ഐടി പ്രഫഷണലുകളുടെ കുടുംബ ജീവിതം പൊരുത്തക്കേറ്റുകൾ നിറഞ്ഞതാ, ഞങ്ങള്‍ക്ക് സാമൂഹ്യ, കുടുംബ പ്രതിബദ്ധത ഇല്ലാ എനെല്ലാം പറഞത് എന്ന് അറിഞാല്‍ കൊള്ളാമായിരുന്നു

ഞാന്‍ കഴിഞ്ഞ 14 കൊല്ലമായി ഐടി ഫീല്‍ഡില്‍ അന്നു. എന്‍റെ ഫ്രിഎണ്ട്സില്‍ പകുതിയില്‍ അദികം ഐടി ആള്‍കാര്‍ ആണ്. IT ജീവിതം വളരെ അടുത്ത് കണ്ടു, അതിന്റെ നന്മ്മ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ ആണ് ഞാന്‍.
We have associations in IT Companies. These are not to do strikes. They are to make a change in our life and some one else life. Each associations are working with different groups of people. Some of them with Old Age homes, some with Hospitals, some with kids of slum and the list to very very long. During Free time and holidays, the groups visit hospital, school etc and do what they can do. For example : one of my lady friend visit child cancer ward on week ends, and teach the kids to draw pic, music etc. another friend is doing involved with micro finance and enabling people to catch their own fish (have u heard of "RangDe" ? If no, check that in Google) Another one is spending time with mentally challenged children. ( please note that i used singular form, but they all are part of different groups, and the task is divided among the team members-these are what were assigned to my friends) People who can't go to field work, we have an option to declare an amount per month in our salary for this kind of good cause. So, each month that much amount is automatically taken from salary and goes to a fund. We can decide what kind of project my money should go.

This list is very very very long.

Now tell me, ONE worker's associations in Non-IT, who is doing this kind of job, with this seriousness, and NOT looking for any media coverage and personal benefits.

Coming to families : - Dear Bala, I fell in love with this girl quite some time back. We were in love for more than 5 years. Later got married and we are in the 4th year. ie: total 9 years. During this 9 years, several times we were far. Nothing happed to us. My case would be a very simple example. I know couples who are in marriage for much longer time, and who are very happy. If I look at the % of family issues i observed in IT and Non-IT Families, i would say IT Families are stronger. We have flexible timinings, we have the option to work from home !!! and lot more.

What I observed is, in IT Families, people are more open and man and woman are getting same space in family. Because that is what our work culture teach us.

I have seen Govt officers drunk and smoking in their office – But I have never seen any one drunk software engineer coding in my office

I had a teacher, who came to school drunk – I am yet to see any IT trainer walking in drunk !!!

I believe the protection a female gets in an IT Company is must safer than any other field. (eg: my wife uses company transport. Every evening, after she reaches home, with in 10 to 15 min she gets a call from office, asking whether she reached safe. If she didn’t pick up the phone, or if anyone else answer the phone, the will contact my phone with in 3 mins, alerting me. If I am not reachable, the call get escalated– do u know any non-IT company does this at their cost ? )

We enjoy lots of good things in this IT Field. And we give back to the society, more than any other industry does.

I would request you to re-look at your statement. If you don't have any real data to back up your statements, please do not damage the good name of our field. Especially, in a blog of teachers. If this kind of wrong information is passed, it will reach to larger part of the society. And in our social setup, people take what teachers says.

Kindly re-look at your comment.

Unknown October 2, 2009 at 9:04 AM  

പ്രിയ വീകെ ബാല,
താങ്കളുടെ കമന്റിൽ നിന്നും.
[[ഉയർന്ന വരുമാനമുള്ള നമ്മുടെ സമൂഹത്തിലെ വരേണ്യവർഗ്ഗത്തെ നോക്കു ഭൂരിഭാഗവും ജീവിക്കാൻ മറന്നവർ ആണ്, ഐടി പ്രഫഷണലുകളുടെ ( നല്ലൊരു ശതമാനവും) കുടുംബ ജീവിതം പൊരുത്തക്കേറ്റുകൾ നിറഞ്ഞതാവാനുള്ള കാരണവും സാമൂഹ്യ, കുടുംബ പ്രതിബദ്ധത ഇല്ലായ്മ ആണ്,]]

താങ്കൾ എന്തൊക്കെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. താഴെ പറഞ്ഞതൊക്കെയാൺ താങ്കൾ ഉദ്ദേശിച്ചതെങ്കിൽ

1. ഐ.ടി.എന്നാൽ വരേണ്യവർഗം ആണ് (തെറ്റിദ്ധാരണ)
2. ഐ.ടിക്കാർ സാമൂഹ്യപ്രതിബദ്ധത ഇല്ലാത്തവരാണ് (വിവരക്കേട് )
3. നല്ലൊരു ശതമാനം ഐ.ടിക്കാരുടെയും കുടുംബജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതാണ് (ശുദ്ധതോന്ന്യാസം!)

ഇനിയെങ്കിലും വലിയ വായിൽ പ്രസ്താവനകൾ ഇറക്കും മുൻപേ ചുറ്റുമുള്ള സമൂഹത്തെ കണ്ണ് തുറന്ന് കാണാൻ ശ്രമിക്കുക.

മിനിമം കേരളത്തിലെ എത്ര പാവപ്പെട്ട കുടുംബങ്ങൾ ഐ.ടി കാരണം കഞ്ഞി കുടിച്ച് പോവുന്നുണ്ട് എന്നതെങ്കിലും മനസിലാക്കിയ ശേഷം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക.

ഓവർ ആൻഡ് ഔട്!

വീ.കെ.ബാല October 3, 2009 at 2:24 PM  

വാർത്തകൾ അറിയാൻ നാം നാധ്യമങ്ങളെ ആണ് ആശ്രയിക്കാറ്, ചിലകാര്യങ്ങൾ നാം നേരിട്ടും മറ്റുള്ളവരിൽ നിന്നും കേട്ടും മനസ്സിലാക്കുന്നു……………………………………..
@ Captain Haddock,
ഹാഫ് കള്ളന്‍ said... ,
cALviN::കാല്‍‌വിന്‍
കാൽവിൻ, പറഞ്ഞതു തന്നെയും അതേ ദ്വനി ഉള്ളതുമാണ് മുകൾ പറഞ്ഞ മറ്റ് ബ്ല്ലോഗർമാരും എന്റെ കമന്റിന്റിനെ അധികരിച്ചിട്ട മറ്റ് കമന്റുകളും. ക്യാപറ്റൻ കുറച്ചുകൂടെ വ്യക്തമായി സ്വന്തം അനുഭവത്തിൽ നിന്നും കാര്യം പറഞ്ഞു. “ഐടി. പ്രഫഷൻ കാരെ അടച്ച് ആക്ഷേപിക്കാൻ വേണ്ടി അല്ല ആ കമന്റിട്ടത് അങ്ങനെ ആർക്കെങ്കിലും വേദനിച്ചെങ്കിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. ഈ സമൂഹത്തിൽ നിന്നും ഞാൻ കണ്ടതും കേട്ടതും സത്യമല്ല എന്ന് വിശ്വസിക്കൻ ബുദ്ധിമുട്ടുണ്ട്, പിന്നെ നല്ലൊരു ശതമാനം എന്നാൽ നൂറ് ശതമാനം എന്നല്ലല്ലോ സുഹൃത്തുക്കളെ. നിങ്ങളുടെ പ്രൊഫഷൻ മോശമാണ് എന്നും എല്ലാവരുടേയും ജീവിതം പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്നും ഞാൻ പറഞ്ഞില്ല. ഒരേസമയം രണ്ട് ഭർത്താകന്മാരെ രണ്ട്ഫ്ലാറ്റിൽ താമസിപ്പിച്ച ഐടികുഞ്ഞമ്മയുടെ “കഥ” നേരിട്ടറിയാവുന്നതാണ്. (മദ്രാസ്സ്) ജീവിതം അർദ്ധരാത്രിയി ആഖോഷിക്കുന്ന ചില ബാഗ്ലൂർ ഫോട്ടോകളും ഒക്കെ അന്നെ അങ്ങനെ ചിന്തിപ്പിച്ചു. ജോലിത്തിരക്കിൽ നട്ടിൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ചയും കണ്ടിട്ടുണ്ട് ( കൃത്യമായി മാതാപിതാക്കളുടെ അക്കൌണ്ടിൽ എത്തുന്ന പണം മാത്രമല്ലല്ലോ ജീവിതം) അങ്ങനെ എന്റെ ചുറ്റിനും കണ്ടത് ഞാൻ പറഞ്ഞു എന്നുമാത്രം ഇതൊക്കെ ഒരു ചെറിയ ശതമാനം ആണ് താങ്കൾ അല്ലെങ്കിൽ അസ്സോസീയേഷൻ അവകാശപ്പെട്ടാലും അതാണോ സത്യം എന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതായിരിക്കും.
പിന്നെ വരേണ്യവർഗ്ഗം എന്നാൽ അത് ഐടിക്കാർ ആണ് എന്ന് കാൽവിൻ തെറ്റിദ്ധരിക്കേണ്ട, ഉയർന്നവരുമാനവും, ജീവിതനിലവാരവും (?) ഉള്ളവരൊക്കെ ഇതിൽ വരും മദ്രസ്സ് കുടുംബകോടതിയി കഴിഞ്ഞ കുറെ വർഷങ്ങളായി എത്തുന്ന ഡിവോഷ്സ് പെറ്റീഷനുകളിൽ കൂറ്റുതലും ഈ ഐടി പ്രൊഫഷ്നലുകളുടെ ആണ് ആധുനിക ജീവിത ശൈലിക്ക്, നേട്ടങ്ങൾക്ക് “ഐറ്റി” നൽകിയ സംഭാവന വിസ്മരിക്കുന്നില്ല… അതുകൊണ്ട് ? തൽക്കാലം ഈ വിഷയം ഒരു സംവാദമാക്കാൻ എനിക്ക് താത്പര്യമില്ല. കൂറ്റുതൽ പഠിച്ചതിന് ശേഷം ( തളിവുകളുമായി) ഒരു പോസ്റ്റിടാം അതിൽ നമുക്ക് “നേർക്കു നേർ” സംവാദിക്കാം

വീ.കെ.ബാല October 3, 2009 at 2:46 PM  

പ്രീയമിത്രം കെൽവിൻ,
പിന്നെ എന്റെ വിവരക്കേടുകളും, തോന്യാസങ്ങളും തെറ്റിദ്ധാരണകളും, തുറന്നുകാട്ടിയതിന് നന്ദി,
1. ഐ.ടി.എന്നാൽ വരേണ്യവർഗം ആണ് (തെറ്റിദ്ധാരണ)
അങ്ങനെ ഞാൻ ധരിച്ചിരുന്നില്ല. ചിലർ ആ വർഗ്ഗത്തിലും പെടും.
2. 3. ഐ.ടിക്കാർ സാമൂഹ്യപ്രതിബദ്ധത ഇല്ലാത്തവരാണ് (വിവരക്കേട് )
എന്നുഞാൻ പറഞ്ഞില്ല, നല്ലൊരു ശതമാനം എന്നതും, ഐ.ടിക്കാർ എന്നതും രണ്ട് അർത്ഥമല്ലെ കാൽവി. ഇന്നത്തെ സമൂഹത്തിന്റെ വികസനത്തിന് ഐടി നൽകിയ പങ്ക് ആരും നിരാകരിക്കില്ല. ആരോഗ്യപരമായ സമൂഹത്തിൽ പലകാര്യങ്ങളും വരുമല്ലോ ? കെട്ടുറപ്പുള്ള കുടുംബം ( അതിനിന്ന് പല അർത്ഥങ്ങൾ ആണല്ലോ ആധുനിക വൽക്കരണത്തിന്റെ കുതിപ്പ്) സമൂഹത്തിന്റെ അലിഖിത നിയമങ്ങൾ പാലിക്കാനുള്ള മനസ്കത (താലിബാനിസം  ) താത്പര്യമുണ്ടെങ്കിൽ അനുകരിക്കാം അല്ലെങ്കിൽ ഇഷ്ടമുള്ളത് ചെയ്യാം…… മെട്രോ സിറ്റികളിലെ ജീവിതത്തിലേയ്ക്ക് ഒന്ന് കണ്ണോടിക്കു. ( ഐടിജീവനക്കാരികൾ ടെൻഷൻ അകറ്റാൻ ബാറുകളെ ആശ്രയിക്കുന്നു: വാർത്ത കേരളാ കൌമുദി, കൊച്ചി) കുടുംബ സാമൂഹ്യ പ്രതിബദ്ധത ഉള്ളവർ !!! (എല്ലാ ഐടിക്കാരും ഇങ്ങനെ ആണ് എന്ന് ഞാൻ ജനറലൈസ് ചെയ്തിട്ടില്ല ഓർക്കുക, മറുപടികമന്റ് ആരീതിയിൽ ആയിരിക്കണം) ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിഞ്ഞത് എന്റെ വിവരക്കേട് അത് ഇവിടെ പറഞ്ഞത് ശുദ്ധതോന്ന്യാസം, പിന്നെ പൊരുത്തക്കേടുകൾ ഉണ്ടോ എന്ന് ഞാൻ സർവ്വേ നടത്തി പറഞ്ഞതല്ല, വാർത്തകളിലൂടെ കേട്ടതും , കണ്ടതും കുറച്ചൊക്കെ നേരിൽ കണ്ടതും !
ഈ വിഷയവുമായി തൽക്കാലം ഒരു തർക്ക വിതർക്കത്തിനില്ല, കൂടുതൽ തെളിവുകൾ കിട്ടുമ്പോൾ നമുക്ക് നേർക്കുനേർ സംസാരിക്കാം….. സംസാരിക്കണം… ഏത് അത്.

Unknown October 4, 2009 at 1:36 AM  

വീ.കെ.ബാല,
താങ്കൾക്കറിയാവുന്ന ഏതെല്ലാമോ ഉദാ‍ഹരണങ്ങൾ കൊണ്ട് താങ്കൾ ഐടിയെ ജനറലൈസ് ചെയ്തല്ലൊ... താങ്കളുടെ പ്രഫഷൻ എതെന്ന് അറിഞ്ഞാൽ കൊള്ളാം. താങ്കളുടെ ഐ ടി പോസ്റ്റ് എന്നിട്ട് ചെയ്യുകയാവും അതിന്റെ ഒരു ഭംഗി...

വീ.കെ.ബാല October 4, 2009 at 3:48 PM  

@cALviN
(എല്ലാ ഐടിക്കാരും ഇങ്ങനെ ആണ് എന്ന് ഞാൻ ജനറലൈസ് ചെയ്തിട്ടില്ല ഓർക്കുക, മറുപടികമന്റ് ആരീതിയിൽ ആയിരിക്കണം)ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിഞ്ഞത് എന്റെ വിവരക്കേട് അത് ഇവിടെ പറഞ്ഞത് ശുദ്ധതോന്ന്യാസം,.......
കമന്റ് മുഴുവന്‍ വായിക്കുക എന്നിട്ട് തുടര്‍ന്ന്‍ കമന്റുക

വീ.കെ.ബാല October 4, 2009 at 3:49 PM  

നല്ല ഒരു ദിവസം നേരുന്നു

Unknown October 5, 2009 at 3:27 AM  

നല്ലൊരു ശതമാനമെന്ന് വെച്ചാൽ ജനറലൈസേഷൻ തന്നെയാണ്.
ഇതിൽ എന്റെ പ്രഫഷനെന്ന ഫീലിംഗ്സെന്ന് പ്രശ്നമേ ഉദിക്കുന്നില്ല. ഗൾഫുകാർ, നഴ്സുമാർ ബാംഗ്ലൂർൽ പഠിക്കൂന്ന വിദ്യാർത്ഥികൾ എന്നിങ്ങനെ ഇത്തരം സാ‍മാന്യവൽക്കരണത്തിന് ഇരയായ ഒത്തിരി പ്രഫഷനലുകളുണ്ട്. ഏതായാലും മുകളിലെ കമന്റുകൾ വഴി താങ്കളുടെ സ്റ്റാൻഡാർഡ് എന്താണെന്ന് താങ്കൾ തന്നെ പ്രൂവ് ചെയ്തത് കൊണ്ട് ഇനി കൂടുതൽ തർക്കിക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്കും തോന്നുന്നില്ല...

ശുഭദിനം

വീ.കെ.ബാല October 5, 2009 at 10:54 AM  

ഏതായാലും മുകളിലെ കമന്റുകൾ വഴി താങ്കളുടെ സ്റ്റാൻഡാർഡ് എന്താണെന്ന് താങ്കൾ തന്നെ പ്രൂവ് ചെയ്തത് കൊണ്ട് ഇനി കൂടുതൽ തർക്കിക്കേണ്ട ആവശ്യം ഉണ്ടെന്ന് എനിക്കും തോന്നുന്നില്ല...
--------------------------------------------------------------------------------
ഓ ശരി അങ്ങനെ ആയിക്കോട്ടെ....
താങ്കളുടെ വിലയേറിയ അഭിപ്രായം ഉന്നത നിലവാരത്തിൽ സ്വീകരിച്ചിരിക്കുന്നു, അല്പം തിരക്കുണ്ട്, വീണ്ടും കാണാം
ശുഭദിനാശംസകൾ

Sahani R. October 13, 2009 at 10:13 PM  

ക്ലാസ്സുമുറികള്‍ ജീവിതായോധനത്തിനായി കുഞ്ഞുങ്ങളെ എങ്ങനെ ഒരുക്കണമെന്ന് നാസര്‍ മാഷ് തന്റെ കഥയല്ലാക്കഥയിലൂടെ നല്ലൊരു വാങ്മയചിത്രം വരച്ചുതെളിയിച്ചു. അനുമാനങ്ങള്‍ക്കിവിടെ പ്രസക്തിയില്ല, മലയാളമനസ്സിന് നഷ്ടമായ ഒട്ടേറെ മാനവികഗുണങ്ങള്‍ ഉണ്ട്, അവയെ വീണ്ടെടുക്കുവാന്‍ ഇന്നത്തെ ഉപഭോക്തൃ-സുഖലോലമനസ്സിലേക്ക് ഇനിയേത് സുനാമിയാണ് വരേണ്ടത് !!!

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer