എ.ടി.എമ്മിന്റെ (ATM) ഗണിതം

>> Wednesday, September 2, 2009(എറണാകുളത്ത് നിന്നും ശ്രീ.ഗ്രിഗോറിയോസ് സാറാണ് ATM നെക്കുറിച്ച് മലയാളത്തില്‍ ഒരു വിവരണം ആവശ്യപ്പെട്ടത്. ഇതാ, വായിച്ചോളൂ....)

ബാങ്കിലെ ഇടപാടുകാര്‍ക്ക്, ബാങ്കുജീവനക്കാരുടെ സഹായമില്ലാതെ പണമിടപാടുനടത്താന്‍ സഹായിക്കുന്ന ഒരു യന്ത്രോപകരണമാണ് എ.ടി.എം. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍.കേരളത്തിലും, ഇന്ത്യയിലെമ്പാടും പ്രചാരം നേടിവരുന്ന ഈ യന്ത്രസംവിധാനം, പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. ഓട്ടോമേറ്റഡ് ബാങ്കിങ് മെഷീന്‍, മണിമെഷീന്‍, ബാങ്ക് മെഷീന്‍,കാഷ് മെഷീന്‍, എനി ടൈം മണി എന്നിങ്ങനെ. പൊതുസ്ഥലങ്ങളില്‍ അവിടവിടെയായി സ്ഥാപിച്ചിട്ടുള്ള ഈ പണപ്പെട്ടി ഉപയോഗിച്ച് ഏതുസമയത്തും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ അറിയാനും മറ്റും കഴിയും. ഇതിനായി, ഇടപാടുകാരന്‍ സ്വന്തം പേരില്‍ ബാങ്ക് തന്നിട്ടുള്ള ATM കാര്‍ഡ് നിക്ഷേപിക്കുകയും, മുന്‍നിശ്ചയിക്കപ്പെട്ട ഒരു രഹസ്യമായ ഒരു നമ്പര്‍ (Personal Index Number) യന്ത്രത്തിനു നല്‍കുകയും ചെയ്യേണ്ടതുണ്ട്.
1939 ല്‍, ലൂതര്‍ ജോര്‍ജ്ജ് സിംജിയന്‍ എന്ന അമേരിക്കക്കാരനാണ് ആദ്യമായി ഒരു എ.ടി.എം നിര്‍മ്മിച്ചത്. അത്, സിറ്റി ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് , ന്യൂയോര്‍ക്കില്‍ സ്ഥാപിച്ചു. എന്നാലതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല. സ്ഥാപിച്ച് ആറുമാസത്തിനു ശേഷം അത് നീക്കംചെയ്യപ്പെട്ടു.
പിന്നീട്, 1967 ജൂണ്‍ 17 ന്, ദി ലാ ര്യൂ എന്ന കമ്പനി വികസിപ്പിച്ച ഒരു ഇലക്ട്രോണിക് എ.റ്റ്.എം, ബാര്‍ക്ലൈസ് ബാങ്ക്, ഇംഗ്ലണ്ടിലെ ലണ്ടനില്‍, എന്‍ഫീല്‍ഡ് ടൗണില്‍ സ്ഥാപിച്ചു. അക്കാലത്ത്, എ.ടി. എമ്മുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ക്ക് പല വിദഗ്ധരും പല നിര്‍മ്മാണാവകാശങ്ങള്‍ നേടിയിരുന്നു എങ്കിലും, ഇന്ത്യയില്‍ ജനിച്ച, ജോണ്‍ അഡ്രിയാന്‍ ഷെപ്പേഡ് ബൈറണ്‍ എന്ന സ്ക്കോട്ലന്റുകാരനാണ് ഈ കണ്ടുപിടുത്തത്തിന് അംഗീകാരം ലഭിച്ചത്. 2005 ല്‍ അദ്ദേഹത്തിന് ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എമ്പയര്‍ എന്ന ബഹുമതി സമ്മാനിക്കുകയുണ്ടായി. റെഗ് വാണി എന്ന ബ്രിട്ടീഷ് നടനാണ് ഈ യന്ത്രം ആദ്യമായി ഉപയോഗിച്ചത്. ഈ യന്ത്രങ്ങളില്‍, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന
കാര്‍ഡാണ് ഉപയോഗിച്ചിരുന്നത്. യന്ത്രം കാര്‍ഡ് തിരിച്ചു നല്‍കിയിരുന്നില്ല. പത്തു പൗണ്ട് നോട്ടുകള്‍ അടക്കം ചെയ്ത കവറുകളാണ് യന്ത്രം വിതരണം ചെയ്തിരുന്നത്. തട്ടിപ്പു തടയാനായി, കാന്തികത,വികിരണം തുടങ്ങിയവ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പിന്നീട് എ.ടി.എമ്മില്‍ ഉപയോഗിക്കുന്ന, PIN നമ്പര്‍ ഉപയോഗിച്ചുള്ള
കാര്‍ഡുകള്‍ വികസിപ്പിച്ചത് (1965) ജയിംസ് ഗുഡ് ഫെലോ എന്ന ബ്രിട്ടീഷ് എഞ്ജിനിയറാണ്.
1968ല്‍ അമേരിക്കയിലെ ഡാലസിലാണ് നെററ്​വര്‍ക്ക് ഉപയോഗിച്ചു പരസ്പരം ബന്ധിച്ച എ.ടി.എമ്മുകള്‍ സ്ഥാപിക്കപ്പെട്ടത്. 1995 ല്‍ അമേരിക്കന്‍ ചരിത്രാന്വേഷണത്തിനായുള്ള സ്മിത്സോണിയന്‍ ദേശീയ മ്യൂസിയം നെററ്​വര്‍ക്ക് ഏ.ടി.എമ്മുകളുടെ കണ്ടുപിടുത്തക്കാരായി, അവ സ്ഥാപിച്ച ഡോനള്‍ഡ് വെറ്റ്സെല്ലിനേയും, അദ്ദേഹം ജോലിചെയ്തിരുന്ന ഡോക്യൂട്ടെല്‍ എന്ന കമ്പനിയേയും അംഗീകരിച്ചു.
ഇംഗ്ലണ്ടില്‍, നെററ്​വര്‍ക്ക് എ.ടിമ്മുകള്‍ പ്രത്യക്ഷപ്പെടുന്നത് 1973 ലാണ്. ലോയ് ഡ്സ് ബാങ്കിനു വേണ്ടി ഐ.ബി.എം എന്ന കമ്പനിയാണവ നിര്‍മ്മിച്ചത്.
എ.ടി. എം സേവനങ്ങള്‍ ഉപയോഗിക്കുവാന്‍, ഒരാള്‍ക്ക്, ആ യന്ത്രം സ്ഥാപിച്ചിരിക്കുന്ന ബാങ്ക്/സ്ഥാപനം നല്‍കിയിരിക്കുന്ന
കാര്‍ഡും PIN നമ്പറും ഉണ്ടായിരിക്കണം. യന്ത്രത്തിലെ നിശ്ചിത ദ്വാരത്തില്‍ നിക്ഷേപിക്കുമ്പോള്‍, ഉപയോക്താവിന്റെ PIN നമ്പര്‍ യന്ത്രം ആവശ്യപ്പെടും. അപ്പോള്‍ യന്ത്രത്തിലെ കീബോര്‍ഡില്‍ക്കൂടി ആ സംഖ്യ നല്‍കണം, യന്ത്രം കാര്‍ഡിലെ വിവരങ്ങളും രഹസ്യസംഖ്യയും ബാങ്കിലെ വിവരങ്ങളുമായി ഒത്തുനോക്കി, അവ ശരിയാണെങ്കില്‍, ലഭ്യമായ സേവനങ്ങളുടെ ഒരു പട്ടിക കാണിക്കും. ആവശ്യമുള്ള സേവനം ഏതാണെന്ന് യന്ത്രത്തില്‍ ലഭ്യമായ മറ്റു ബട്ടണുകള്‍ അമര്‍ത്തി തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത സേവനത്തിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കാന്‍ യന്ത്രം തുടര്‍ന്നു ചോദിച്ചേക്കാം. ഉപയോക്താവ് ആവശ്യപ്പെട്ട സേവനം പൂര്‍ത്തിയായ ശേഷം യന്ത്രം കാര്‍ഡ് മടക്കി നല്‍കും. ചിലപ്പോള്‍, നടത്തിയ സേവനത്തിന്റെ ഒരു സംക്ഷിപ്തം ഒരു കടലാസില്‍ അച്ചടിച്ചു നല്‍കുകയും ചെയ്യും. ചില യന്ത്രങ്ങളില്‍, വിവരങ്ങളൊത്തു നോക്കിയ ഉടന്‍ തന്നെ കാര്‍ഡ് മടക്കി നല്‍കുന്നുണ്ട്. യാതൊരു കാരണവശാലും കാര്‍ഡ് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും PIN നമ്പര്‍ വെളിപ്പെടുത്താതിരിക്കുകയും സേവനച്ചുരുക്കം അച്ചടിച്ച തുണ്ടുകടലാസ് ആവശ്യം കഴിഞ്ഞാല്‍ പൂര്‍ണ്ണമായി നശിപ്പിക്കുകയും ചെയ്യേണ്ടത് വളരെ ആവശ്യമാണ്. അല്ലെങ്കില്‍ തട്ടിപ്പുകൊണ്ട് ബാങ്കു നിക്ഷേപം നഷ്ടപ്പെടാനോ, മറ്റു രീതിയില്‍ ധനനഷ്ടം ഉണ്ടാകാനോ വളരെ സാധ്യതയുണ്ട്.
പണം നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യുക എന്ന പ്രാഥമിക ഉപയോഗത്തിനുപരിയായി മറ്റു പല സേവനങ്ങളും ഈ യന്ത്രം വഴി നടത്താന്‍ കഴിയും. അവയി ചിലത് താഴെ കൊടുക്കുന്നു.
* പാസ് ബുക്കു പതിക്കുക
* ബാങ്കക്കൗണ്ടുസ്റ്റേറ്റ്മെന്റ് എടുക്കുക
* ചെക്കുകള്‍ നിക്ഷേപിക്കുക
* വായ്പയും പലിശയും തിരിച്ചടക്കുക
* വൈദ്യുതിക്കരം വെള്ളക്കരം, ഫോണ്‍ബില്ലുകള്‍ തുടങ്ങിയവ അടക്കുക
* തപാല്‍ സ്റ്റാമ്പുകള്‍, തീവണ്ടി ടിക്കറ്റുകള്‍ തുടങ്ങിയവ വാങ്ങുക
എന്നാല്‍ ഇവയില്‍ ചില സേവനങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഭാവിയില്‍ കൂടുതല്‍ സേവനങ്ങള്‍ എ.ടി, എം വഴി ലഭിക്കുമെന്നു കരുതാം.
ആധുനിക എ.ടി.എമ്മുകളില്‍, വ്യാവസായിക നിലവാരത്തിലുള്ള ഒരു കേന്ദ്രപ്രവര്‍ത്തനഘടകവും (CPU, Central Processing Unit) അതിനോടു ബന്ധിപ്പിച്ചിട്ടുള്ള ചില വിശിഷ്ട ഉപകരണങ്ങളും ഉള്‍പ്പെടുന്നു:
* പണം സൂക്ഷിക്കാനുള്ള പെട്ടി (Cash Vault)
* പണം എണ്ണി നല്‍ക്കാനുള്ള ഉപകരണം (Cash Handling Unit)
* ഉപയോക്താവിന്റെ
കാര്‍ഡ് വായിക്കാനുള്ള ഉപകരണം (Card Reader)
* രഹസ്യസംഖ്യ സ്വീകരിക്കാനുള്ള അക്കപ്പലകയും അതു ഗോപ്യമാക്കാനുമുള്ള ഉപകരണം, (EPP, Encrypting PIN Pad)
* ഉപയോക്താവിന് സേവനവിവരങ്ങളും നിര്‍ദ്ദേശങ്ങളൂം നല്‍കുന്ന പ്രദര്‍ശിനി (Display unit),
* അച്ചടി യന്ത്രം (Printer)
ഇവ കൂടാതെ, വീഡിയോക്യാമറ (സുരക്ഷാകാര്യങ്ങള്‍ക്ക്) , ഉച്ചഭാഷിണി (കാഴ്ച്ചക്കുറവുള്ളവര്‍ക്ക്), തുടങ്ങിയ ഉപകരണങ്ങളും ഉണ്ടായേക്കാം.
എ.ടി. എം. ഉപയോഗിക്കുന്നവര്‍, തട്ടിപ്പു തടയുന്നതിനും ബാങ്കിടപാടുകള്‍ സുരക്ഷിതമായി നടത്താനും ചില കാര്യങ്ങള്‍ സസൂക്ഷ്മം അനുവര്‍ത്തിക്കേണ്ടതുണ്ട്. ബാങ്കുകള്‍ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുക്കുന്നു:

* ബാങ്കുകള്‍ നല്‍കുന്ന കാര്‍ഡുകള്‍ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കുക.
* ബാങ്കു നല്‍കുന്ന രഹസ്യസംഖ്യ, ഉടന്‍ തന്നെ മാറ്റുക - എല്ലാ എ.ടി. എമ്മു കളിലും ഇതിനു സൗകര്യമുണ്ട്.
* രഹസ്യസംഖ്യ ഒരിക്കലും കാര്‍ഡിലോ, കവറിലോ എഴുതി വയ്കാതിരിക്കുക.
* കാര്‍ഡ് ഏതെങ്കിലും വിധത്തില്‍ കൈമോശം വന്നാല്‍, ഉടന്‍ തന്നെ ബാങ്ക് തന്നിരികുന്ന പ്രത്യേക നമ്പറില്‍ ഫോണ്‍ ചെയ്തറിയിക്കുക.
* മറ്റാരെങ്കിലും എ.ടി. എമ്മിനടുത്ത് നില്‍ക്കുന്ന അവസരത്തില്‍ അതു ഉപയോഗിക്കാതിരിക്കുക;
* മറ്റാരും കാണാതെ യന്ത്രത്തില്‍ PIN നമ്പര്‍ നല്‍കുക.
* എ.ടി. എം പ്രവര്‍ത്തിപ്പിക്കാന്‍ അജ്ഞാതരുടെ സഹായം തേടാതിരിക്കുക.
* എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ മറ്റൊരാളെ അയക്കാതിരിക്കുക

2 comments:

thomas September 3, 2009 at 1:01 PM  

ചിലപ്പോള്‍ coment ചെയ്യുബോള്‍ പ്രസിദ്ധീകരിക്കാന്‍‍ കഴിയില്ല എന്ന് കാണുന്നു.ഏതൊക്കെ charectors ആണ് ഒഴിവാക്കേണ്ടത്
thomas

Anonymous September 4, 2009 at 6:21 PM  

Sir,

Use the Trial & Error Method...

Vinod

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer