റിവിഷന്‍ പേപ്പര്‍ നാലാം ഭാഗം

>> Tuesday, December 14, 2010


ചിന്തയുടെ യുക്തിഭദ്രമായ വളര്‍ച്ചയും വികാസവും ഗണിതപഠനത്തിന്റെ മുഖമുദ്രയാണ്.അതുകൊണ്ടുതന്നെയാണ് മനുഷ്യബുദ്ധിയുടെ വികാസപരിണാമചരിത്രം ഗണിതചരിത്രമാകുന്നത്.മഹാഗണിതഞ്ജനായ ഡേവിഡ് ഗില്‍ബര്‍ട്ടിന്റെ വാക്കുകള്‍ വായിച്ചതോര്‍ക്കുന്നു. " in essence ,problems are the life blood of mathematics" ഗണിതകാരനായ പോള്‍ ഹാമോസ് കൂട്ടിച്ചേര്‍ക്കുന്നത് ഇപ്രകാരമാണ്" the complementary activity -theory building -provides the soul of mathematics"
ആശയങ്ങളുടെ താളാത്മകമായ വളര്‍ച്ച ഒന്‍പതാംക്ലാസിലെ ജ്യാമിതീയ അനുപാതവും ത്രികോണ സാദൃശ്യവും വിനിമയം ചെയ്യുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.ബുദ്ധിപരമായ സത്യസന്ധത യുക്തിക്കുനിരക്കുന്ന വിധമുള്ള ബോധ്യപ്പെടല്‍ തന്നെയാണ്.

AABB ഒരു നാലക്കസംഖ്യയാണ്. അതൊരു പൂര്‍ണ്ണവര്‍ഗ്ഗം കൂടിയാണ്. സാറിന് ഈ സംഖ്യ പറയാമോയെന്നു ചോദിച്ചത് ആറാംക്ലാസില്‍ പഠിക്കുന്ന ഒരു മിടുക്കിയാണ്.മേളയിലെ വിധികര്‍ത്താക്കള്‍ക്ക് ഊരും പേരും ചോദിക്കാന്‍ അവകാശമില്ലാത്തതിനാല്‍ അവള്‍ക്കുഞാന്‍ ആതിര എന്നുപേരിടുന്നു.ചടുലമായഭാഷയില്‍ യുക്തിഭദ്രമായി പ്രസ്താവനകള്‍ നിരത്തി 7744 എന്ന് ആതിര സമര്‍ഥിച്ചു.
ആതിരയുടെ ചിന്തകളിലേയ്ക്ക് ഒരു എത്തിനോട്ടമാണ് താഴെ വര്‍ക്ക്ഷീറ്റായി അവതരിപ്പിക്കുന്നത്.
വര്‍ക്ക്ഷീറ്റ്
1) AABB എന്ന നാലക്കസംഖ്യയെ സ്ഥാനവില അനുസരിച്ച് പിരിച്ചെഴുതുക
2) ലഘൂരിച്ച് AABB = 11( 100A + B) എന്ന് എഴുതുക
3) AABB ഒരു പൂര്‍ണ്ണ വര്‍ഗ്ഗമായതിനാല്‍ 100A + B യില്‍ ഘടകമായി 11 ഉം പിന്നെ മറ്റൊരു വര്‍ഗ്ഗസംഖ്യയും ഉണ്ടാകും.
4) 100A + B എന്നത് 11 ന്റെ ഗുണിതമാണ്. ശരിയാണോ?
5) 99A എന്നത് 11 ന്റെ ഗുണിതമായതിനാല്‍ 100A + B - 99A എന്നത് 11ന്റെ ഗുണിതമാകുമോ?
6) A+B എന്നത് 11 ന്റെ ഗുണിതമാകുമോ?
7) Aയും Bയും അക്കങ്ങളായതിനാല്‍ അവ 0 , 1 , 2 , 3 , 4 , 5, 6, 7, 8, 9 എന്നിവയാകുമല്ലോ?
ഇത്രയും പറഞ്ഞശേഷം ആതിര ഒരു പട്ടിക അവതരിപ്പിച്ചു.അതിന്റെ ഏകദേശരൂപം ഇതായിരുന്നു.

100A + B യുടെ ഘടകമായി 11നെ കൂടാതെ ഒരു വര്‍ഗ്ഗസംഖ്യയുള്ളത് 704 ല്‍ മാത്രമാണ്. അതില്‍ നിന്നും A = 7 , B = 4
അങ്ങനെ ആതിര AABB എന്ന നാലക്കസംഖ്യയെ 7744 എന്ന് എഴുതി.
യുക്തിപരമായി ചിന്തിച്ച് ഉത്തരത്തില്‍ എത്തിച്ചേരുന്ന പസിലുകള്‍ പങ്കുവെയ്ക്കുമല്ലോ.
നാലാമത്തെ റിവിഷന്‍ പേപ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

പഠനപ്രദര്‍ശനം - സ്വന്തം തട്ടകത്തില്‍

>> Saturday, December 11, 2010

ശാസ്ത്രമേളകളുടെ കാലമാണല്ലോ. പ്രവൃത്തിപരിചയം, ഗണിതം ഐ.ടി തുടങ്ങിയ മേളകളും ഇതോടൊന്നിച്ച് നടക്കും. മിടുക്കന്‍മാരും മിടുക്കികളുമായവര്‍ ഇതിലൊക്കെ പങ്കെടുക്കും. നല്ല സമ്മാനങ്ങളും നേടും. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായ സഹകരണങ്ങള്‍ ഇതിനൊക്കെ വേണ്ടുന്ന പിന്‍ബലം നല്‍കും. ഈ വര്‍ഷത്തെ മത്സരങ്ങള്‍ സമാപിക്കുന്നതിലൂടെ അടുത്ത വര്‍ഷത്തേക്കു വേണ്ട തയ്യാറെടുപ്പുകളില്‍ മുഴുകും. തീര്‍ച്ചയായും ഇതൊക്കെയും നല്ലതുതന്നെ. എന്നാല്‍ ഇതിന്റെ മറുവശം കൂടി നാം കാണണം. ഈ തരത്തിലുള്ള പരിപാടികളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈജ്ഞാനിക വികാസവും കയ്യില്‍ കിട്ടുന്നത് വളരെ ചെറിയൊരു വിഭാഗം കുട്ടികള്‍ക്ക് മാത്രമാണ്. എല്ലാ സൌകര്യങ്ങളും ഉള്ള മികച്ച വിദ്യാലയങ്ങളില്‍ പോലും ഇതാണവസ്ഥ. കലാമത്സരങ്ങള്‍, ക്വിസ്സ് പോലുള്ള വൈജ്ഞാനിക പരിപാടികള്‍, ശാസ്ത്രമേളകള്‍ തുടങ്ങിയവയിലൊക്കെ ഇതാണവസ്ഥ. അപ്പോള്‍ ഇതൊക്കെയുള്ളതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും ലഭിക്കേണ്ട അറിവനുഭവങ്ങള്‍ ലഭിക്കാനെന്തുചെയ്യാം എന്ന ആലോചന ചര്‍ച്ച ചെയ്യപ്പെടണം. പാലക്കാട് മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ പ്രഥമാധ്യാപകനും എഴുത്തുകാരനുമായ എസ്.വി രാമനുണ്ണി മാഷ് ഇതേക്കുറിച്ചുള്ള വിപ്ലവകരമായ ചില ആശയങ്ങള്‍ പങ്കുവെക്കുന്നു. വായിച്ച് അഭിപ്രായം പങ്കുവെക്കുമല്ലോ.

ഈ ചര്‍ച്ചയുടെ ഭാഗമായാണ് ശാസ്ത്രപ്രദര്‍ശനം പോലുള്ള സംഗതികള്‍ വിപുലമായ തോതില്‍ സ്കൂളുകളില്‍ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായത്. ‘വിപുലമായ ‘ എന്നൊക്കെ സങ്കല്‍പിച്ചുവെങ്കിലും വളരെ ചെറിയതോതില്‍ മാത്രമാണിതൊക്കെ പലപ്പോഴും നടക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവന്‍ കുട്ടികളേയും ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നാം തന്നെ ഇനിയും ആലോചിക്കണം. ഒരു സാധ്യത ഇങ്ങനെയാണ്:

കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഒരു മുഴു ദിവസ പ്രദര്‍ശനം സ്കൂളില്‍ സംഘടിപ്പിക്കുക. ഇതിന്നായി 6 സ്റ്റാളുകള്‍ ഒരുക്കണം. ശാസ്ത്രം, ചരിത്രം, ഭാഷ, ഗണിതം, പ്രവൃത്തിപരിചയം, ഐ.ടി എന്നിങ്ങനെ ആറു സ്റ്റാളുകള്‍. ഇതില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും പങ്കാളികളായും കാണികളായും പങ്കെടുക്കണം. മുഴുവന്‍ അധ്യാപകരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണം.പങ്കാളിത്തം ഉറപ്പാക്കാന്‍ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാം.

  • ഒരു ക്ലാസിലുള്ള മുഴുവന്‍ കുട്ടികളേയും ആറ് സ്റ്റാര്‍ ഗ്രൂപ്പുകളിലായി നിശ്ചയിക്കുക.ഗ്രൂപ്പുകള്‍ ഇങ്ങനെ.
  • 1] ശാസ്ത്രം, 2]ചരിത്രം, 3] ഭാഷ (എല്ലാ ഭാഷയും ഉള്‍പ്പെടും), 4] ഗണിതം, 5]പ്രവൃത്തിപരിചയം (ചിത്രമടക്കം), 6] ഐ.ടി.
  • സ്റ്റാര്‍ ഗ്രൂപ്പുകളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നത് കഴിയുന്നത്ര അവരുടെ താല്‍പര്യം അനുസരിച്ചാവാം.എല്ലാ ക്ലാസുകളിലുമായി ഈ ഗ്രൂപ്പുകള്‍ സജീവമാകണം.
  • പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളും കുട്ടികള്‍ സവിശേഷമായി നിര്‍മ്മിക്കുന്ന പഠനോപകരണങ്ങളും സമയ ബന്ധിതമായി ശേഖരിക്കുകയും ഒരുക്കിയെടുക്കുകയും വേണം. ഇതിന്നായി ക്ലാസിലെ അധ്യാപകരുടെ സഹായവും മേല്‍നോട്ടവും വേണം.
  • ഒരു ക്ലാസില്‍ ആറു സ്റ്റാര്‍ ഗ്രൂപ്പുകള്‍ എന്ന തോതില്‍ സമയബന്ധിതമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. 5 മുതല്‍ 10 വരെ 20 ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ ആകെ 120 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും. ഒരു വിഷയത്തില്‍ 20 സ്റ്റാര്‍രൂപ്പുകളും. ഒരു ഗ്രൂപ്പില്‍ 7-8 കുട്ടികള്‍ ഉണ്ടാവും.എല്ലാ കുട്ടിയും സജീവമാകും.വിഷയാടിസ്ഥാനത്തില്‍ അധ്യാപകര്‍ ഇടപെട്ട് സഹായിക്കും.
  • വേണ്ടത്ര പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഓരോ ഗ്രൂപ്പും നടത്തണം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രദര്‍ശനപരിപാടി സംഘടിപ്പിക്കണം. അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി മേല്‍നോട്ടം വഹിക്കണം.
  • ഒരോവിഷയത്തിലും സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനവസ്തുക്കള്‍ നിശ്ചയിച്ച മുറികളില്‍ നന്നായി പ്രദര്‍ശിപ്പിക്കുകയും വേണ്ടത്ര വിവരണങ്ങള്‍ നല്‍കുകയും വേണം. അതിനുവേണ്ട നിര്‍ദ്ദേശങ്ങളും കൈത്താങ്ങും അധ്യാപകര്‍ നല്‍കും.
  • രാവിലെ 9 മുതല്‍ 11 വരെ സ്റ്റാള്‍ ഒരുക്കല്‍, 11 മുതല്‍ 12 വരെ മൂല്യനിര്‍ണ്ണയം-സമ്മാനങ്ങള്‍ നിശ്ചയിക്കല്‍ എന്നിവ നടക്കനം. 12 മുതല്‍ 4 മണിവരെ എല്ലാകുട്ടികളും പരസ്പരം സ്റ്റാളുകള്‍ സന്ദര്‍ശിക്കലും വിലയിരുത്തലും നടക്കണം.
  • 4 മണിക്ക് സമാപന സമ്മേളനവും പൊതു വിലയിരുത്തലും സമ്മാനങ്ങളും ഉണ്ടാവണം
  • സ്റ്റാളുകളിലെ അലങ്കരണം, ഒരുക്കല്‍, ഇനങ്ങള്‍ നിശ്ചയിക്കല്‍ എന്നിവ കുട്ടികള്‍ മത്സരബുദ്ധിയോടെ ചെയ്തു തീര്‍ക്കണം.
ഇത്രയും സംഗതികള്‍ വേണ്ടത്ര ആലോചനയിലൂടെയും ആവേശത്തോടെയും ചെയ്യുന്നതോടെ:
  1. മുഴുവന്‍ കുട്ടികളുടേയും അധ്യാപകരുടേയും പങ്കാളിത്തം ഉണ്ടാവുന്നു.
  2. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട മേഖലകളില്‍ അവരുടെ തനിമ പ്രദര്‍ശിപ്പിക്കാന്‍ ഇടം കിട്ടുന്നു.
  3. പരസ്പരം എല്ലാവരും കാണികളാവുന്നതിലൂടെ സ്വയം വിലയിരുത്താന്‍ അവസരം ഉണ്ടാവുന്നു. മെച്ചപ്പെടുത്താന്‍ കഴിയുന്നു.
  4. മികച്ച അധ്വാനവും പങ്കാളിത്തവും ഉണ്ടാവുന്നതിലൂടെ പൊതു ചെലവുകള്‍ വളരെ കുറയുന്നു.
  5. സ്കൂളിലെ പഠനപ്രവര്‍ത്തനങ്ങളുടെ മികവും നിലവാരവും രക്ഷിതാക്കള്‍ക്കടക്കം പൂര്‍ണ്ണമായി ബോധ്യപ്പെടുന്നു. എല്ലാം ഡോക്യുമെന്റ് ചെയ്യുന്നതിലൂടെ വരും കാലങ്ങളില്‍ നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നു.
  6. ഒരൊറ്റ ദിവസം കൊണ്ട് - കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ നമുക്ക് സ്വയം വിലയിരുത്താന്‍ കഴിയുന്നു.
  7. പോരായ്മകള്‍ പരിഹരിച്ചേ മതിയാകൂ എന്ന അവസ്ഥ സ്വയമേവ ഉണ്ടാവുന്നു.
കെ.ടി.എം ഹൈസ്കൂളില്‍ ഉടനെ സംഘടിപ്പിക്കുന്ന ‘പഠനപ്രദര്‍ശന’ത്തിന്റെ പ്ലാനിങ്ങും നടത്തിപ്പും ഈ ചര്‍ച്ചാക്കുറിപ്പെഴുതാന്‍ സഹായിച്ചു എന്നു കൂടി പറയട്ടെ.


Read More | തുടര്‍ന്നു വായിക്കുക

മാത്യു സാറിന് ആസ്ട്രേലിയയിലും നേട്ടം

>> Thursday, December 2, 2010


ആസ്ട്രേലിയായിലേക്ക് ചിലന്തിഗവേഷണത്തിനുപോയ എം.ജെ. മാത്യുസാറിനെ ഓര്‍മ്മയില്ലേ? എറണാകുളത്തെ ഐ.ടി@ സ്കൂള്‍ മാസ്റ്റര്‍ ട്രൈനറായിരുന്ന ആ പ്രതിഭയെ നാം ഈ പോസ്റ്റിലൂടെ പരിചയപ്പെട്ടിരുന്നു. പോകുന്നതിനു മുമ്പ്, തന്റെ അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കാമെന്ന് അദ്ദേഹം ഏറ്റിരുന്നതാണ്. പലവട്ടം ചാറ്റിലും മറ്റും കണ്ടിരുന്നുവെങ്കിലും, തിരയ്ക്കിട്ട ഗവേഷണങ്ങള്‍ക്കിടയില്‍ പോസ്റ്റും ചോദിച്ച് ശല്യപ്പെടുത്തേണ്ടെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ രണ്ടാഴ്ച മുമ്പ്, വൈകിയതിനുള്ള ക്ഷമാപണത്തോടെ,അനുഭവങ്ങള്‍ മെയിലായി പറന്നുവന്നു. നിങ്ങളുടെ ഓരോ കമന്റും, നമ്മുടെ നാടിന്റെ അഭിമാനമുയര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് കരുത്തേകും.

മാത്​സ് ബ്ളോഗിന്റെ എല്ലാ വായനക്കാര്‍ക്കും ഓസ്ട്രേലിയയില്‍ നിന്നും അഭിവാദ്യങ്ങള്‍. യാത്ര തിരിക്കുന്നതിനു മുന്‍പ് മാത്​സ് ബ്ളോഗുമായി ഇന്‍റ്ററാക്റ്റ് ചെയ്യാമെന്ന് ടീമംഗങ്ങള്‍ക്ക് വാക്കു കൊടുത്തിരുന്നെങ്കിലും ഇപ്പോഴാണതിനു സാധിച്ചത്, സദയം ക്ഷമിക്കുമല്ലോ?

ഇവിടെ ഞാന്‍ പെര്‍ത്ത് എന്ന സിറ്റിയിലാണ് താമസിക്കുന്നത്. ഓസ്ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളിലൊന്നായ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് പെര്‍ത്ത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരുപക്ഷേ പരിചിതമായ, ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായ, തലയ്ക്കുമുകളില്‍ പന്ത് കുത്തി ഉയരുന്ന, ലോകത്തിലെ ഏറ്റവും വേഗവും ബൗണ്‍സുമുള്ള "വാക്കാ" (WACA – Western Australian Cricket Association) ഗ്രൗണ്ട് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ മ്യൂസിയം (http://museum.wa.gov.au/), യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ (http://www.uwa.edu.au/) എന്നിവിടങ്ങളിലായാണ് ഞാന്‍ ഗവേഷണം ചെയ്യുന്നത്.

തികച്ചും പ്രോത്സാഹജനകമായ കണ്ടുപിടുത്തങ്ങളാണ് ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയ-പസഫിക്ക് മേഘലയില്‍ നിന്നും 7 പുതിയ ഇനം (species) ചിലന്തികളെയും അവയുള്‍പ്പെടുന്ന ഒരു പുതിയ ജീനസ്സി (genus) നേയും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കണ്ടുപിടിക്കാന്‍ സാധിച്ചു. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷത്തില്‍ തന്നെ ഈ കണ്ടുപിടുത്തം നടത്താന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. പുതിയ ജീനസ്സിന് പ്ളെബ്സ് (Plebs) എന്നും സ്പീഷീസ്സുകള്‍ക്ക് പ്ളെബ്സ് ഡീവിയസ് (Plebs devius), പ്ളെബ്സ് ആര്‍ലീനിയേ (Plebs arleneyae), പ്ളെബ്സ് ആര്‍ലെറ്റിയേ (Plebs arletteyae), പ്ളെബ്സ് നിയോഹെബ്രൈഡിക്കസ് (Pleb neohebridecus), പ്ളെബ്സ് പട്രീ‍ഷ്യസ് (Plebs patricius), പ്ളെബ്സ് റോസ്മേരിയെ (Plebs rosemaryae), പ്ളെബ്സ് സെബാസ്റ്റിനി (Plebs sebastiani) എന്നുമാണ് നാമകരണം ചെയ്തിരാക്കുന്നത്. ഈ കണ്ടുപിടുത്തം പ്രസിദ്ധീകരണത്തിനായി അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണ്ണലായ Invertebrate Systematics -ന് അയയ്കാനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഗവേഷണത്തിന്റെ അടുത്ത ഘട്ടം ഈ ചിലന്തികളുടെ പരിണാമ വളര്‍ച്ച (Phylogeny), ജൈവ-ഭൂമിശാസ്ത്രം (Biogeography) എന്നിവയുടെ പഠനമാണ്. സമയപരിധിക്കുള്ളില്‍ ഇവയും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇവിടുത്തെ ജോലി സംസ്കാര (work culture) ത്തെക്കുറിച്ച് സൂചിപ്പിച്ച് ഈ കുറിപ്പ് ഉപസംഹരിക്കാമെന്ന് കരുതുന്നു. മ്യൂസിയത്തിലേയും യൂണിവേഴ്സിറ്റിയിലേയും സ്റ്റാഫ് വളരെ കഠിനമായി അധ്വാനിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. നമ്മുടെ ജോലിസ്ഥങ്ങളില്‍ വളരെ സാധാരണമായ ഗ്രുപ്പിസമോ അലസതയോ പരദൂഷണമോ ഇവിടെ കണ്ടില്ല. ഓരോരുത്തരും തങ്ങളുടെ ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുന്നതായിക്കണ്ടു. സഹപ്രവര്‍ത്തകരോട് വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് ഇവര്‍ പെരുമാറുന്നത്. തികച്ചും സ്നേഹപൂര്‍ണ്ണവും ആദരപൂര്‍ണ്ണവുമായ ഒരു അനുഭവമാണ് ഏനിക്കും ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Mathew M.J., Ph.D.
Research Scientist - Arachnology
Department of Terrestrial Zoology
Western Australian Museum
Locked Bag 49, Welshpool DC, Perth, WA 6986
AUSTRALIA

email: matthew.mundackatharappel@museum.wa.gov.au
mathewmj@asianetindia.com
mathewmj@gmail.com

tel: +61 8 9212 3790
mob: +61 4 2174 2248
fax: +61 8 9212 3882

http://www.museum.wa.gov.au/


Read More | തുടര്‍ന്നു വായിക്കുക

പത്താം ക്ലാസ് ചോദ്യപേപ്പര്‍ മൂന്നാം ഭാഗം

>> Monday, November 29, 2010


പത്താംക്ലാസുകാര്‍ക്കു വേണ്ടിയുള്ള റിവിഷന്‍ പേപ്പറിന്റെ മൂന്നാംഭാഗം ഇന്നു പ്രസിദ്ധീകരിക്കുകയാണ്. താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്‍കാം. അതിനോടൊപ്പം അനുബന്ധമായി ഒരു പസിലായാലോ. അതെ, ത്രികോണങ്ങളുടെ സാദൃശ്യവുമായി നേര്‍ബന്ധമുള്ള പുതിയൊരു പസിലിലേയ്ക്ക് സ്വാഗതം. ഇതൊരു പഠനപ്രവര്‍ത്തനം കൂടിയാണ്. ഒന്‍പതാംക്ലാസിലെ കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു തുടര്‍പ്രവര്‍ത്തനം. പസില്‍ സോള്‍വ് ചെയ്യാമോ?

താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക.രണ്ട് മട്ടത്രികോണങ്ങളുണ്ട് .ത്രികോണം ABC യും ത്രികോണം ACDയും . അവ ചേര്‍ത്തുവെച്ച് ഒരു ചതുര്‍ഭുജം രൂപീകരിച്ചിരിക്കുന്നു.ത്രികോണം ABC യുടെ വശങ്ങള്‍ 48 , 20 , 52 വീതമാണ്.ത്രികോണം ACD യുടെ വശങ്ങള്‍ 52 , 39 , 65 വീതമാണ്.

കാഡ്ബോഡില്‍ തീര്‍ത്ത ഒരു രൂപമായി ഇതിനെ കണക്കാക്കുക.D യില്‍നിന്നും ഒരു കല്ല് താഴെയ്ക്കിടുന്നു. AB എന്ന വശത്ത് കല്ല് വന്നുപതിക്കുന്നത് E യിലാണ്. A യില്‍നിന്നും എത്ര അകലെയാണ് E യുടെ സ്ഥാനം?
പരിശീലന ചോദ്യങ്ങള്‍ക്കായി ഇവിടെ ക്സിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

ഒന്‍പതാം ക്ലാസുകാരിയുടെ കവിത

>> Friday, November 26, 2010


ഇന്ന് മാത്‍സ് ബ്ലോഗ് അവതരിപ്പിക്കുന്നത് പാലക്കാട് ജില്ലയിലെ തൃത്താലയിലുള്ള ആനക്കര ജി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസുകാരിയും അധ്യാപകദമ്പതികളുടെ മകളുമായ എസ്.അനഘയുടെ രണ്ടു കവിതകളാണ്. സ്ക്കൂളിലെ അധ്യാപകനായ ഉസ്മാന്‍ സാറിന്റെ സാക്ഷ്യപ്പെടുത്തലോടെ കഴിഞ്ഞ മാസത്തില്‍ മാത്​സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ കറുത്ത വെളിച്ചം എന്ന കവിത പ്രസിദ്ധീകരണത്തിനായി ലഭിച്ചതിലൂടെയാണ് മാത്​സ് ബ്ലോഗ് ഈ പ്രതിഭാ വിലാസം തിരിച്ചറിഞ്ഞത്. ഈ ചെറുപ്രായത്തില്‍ത്തന്നെ അനഘയുടെ തൂലിക ഒട്ടേറെ കവിതകള്‍ക്ക് ജന്മം നല്‍കിക്കഴിഞ്ഞു. സ്വന്തം കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മന്ദാരം എന്ന പേരില്‍ ഒരു ബ്ലോഗ് തന്നെയുണ്ട് ഈ കൊച്ചു മിടുക്കിക്ക്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ്. പോസ്റ്റ് ഒരുക്കുന്നതിനു വേണ്ടി മന്ദാരത്തിലുടെ സഞ്ചരിച്ചപ്പോള്‍ ബ്ലഡ്ടെസ്റ്റ്‌ എന്ന പേരില്‍ ഒരു കവിത കണ്ടു. കവയിത്രിയെക്കുറിച്ച് കൂടുതലറിയാന്‍ ഈ കൊച്ചു കവിത സഹായിക്കുമെന്നുള്ളതുകൊണ്ടുതന്നെ അനുവാദമില്ലാതെ ആ കവിത ഇവിടെ പ്രസിദ്ധീകരിക്കുന്നു. അത് ഇങ്ങനെയായിരുന്നു.

ബ്ലഡ് ടെസ്റ്റ്

മഴ കൊടുത്ത പാരസെറ്റമോള്‍ ഫലിക്കാത്തതുകൊണ്ടാണ്
ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.
ബ്ലഡ് ടെസ്റ്റ്‌ ചെയ്യാന്‍ സൂചി കൊണ്ട് കുത്തിയപ്പോള്‍
ഡോക്ടര്‍ക്കത് മനസ്സിലായി
കുത്തിയെടുക്കാന്‍ ഇനി ചോരയൊന്നും ബാക്കിയില്ല !


ഈ കവിത വായിച്ചപ്പോള്‍ എന്തു തോന്നി? നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരു കമന്‍റായി കുറിക്കുമല്ലോ. പ്രായത്തിനതീതമായ ചിന്തകള്‍ അഗ്നിച്ചിറകുകളുമായി പാറിനടക്കുന്നുവെന്ന് ഒട്ടും ആലങ്കാരികമല്ലാത്ത ഭാഷയില്‍ പറയാന്‍ ഈ കവിത എനിക്ക് ധൈര്യം തരുന്നു. യഥാര്‍ത്ഥത്തില്‍ സമൂഹത്തിലെ തിന്മകളോടുള്ള ഒരു പടയൊരുക്കമല്ലേ ഈ കവിത? ആത്മാവിഷ്ക്കാരത്തിനുള്ള മികച്ചൊരു ഉപാധി നിലയില്‍ മാത്രമല്ല, ചില സമയങ്ങളില്‍ കവിതകളെ അവള്‍ ഒരു ആയുധമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലും തോന്നി. ഒറ്റവായനയില്‍ ഒതുക്കിത്തീര്‍ക്കാവുന്നതല്ല അനഘയുടെ കവിതയിലെ ഉള്ളടക്കം. ഓരോ തവണ വായിക്കുമ്പോഴും പുതുതായി എന്തെല്ലാമോ പറയാന്‍ കവിതയിലെ വരികള്‍ ശ്രമിക്കുന്നതായി തോന്നി. ഭാവിയുടെ വാഗ്ദാനമായ അനഘയെക്കുറിച്ച് നമ്മുടെ അധ്യാപകര്‍ അറിയണമെന്നും അത്തരത്തില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കും എന്ന പ്രതീക്ഷയില്‍ അടുത്ത കവിത താഴെ കൊടുത്തിരിക്കുന്നു.


കറുത്ത വെളിച്ചം

ചിമ്മിനി കെട്ടപ്പോള്‍ മുറിയില്‍ വെളിച്ചം പരന്നു
കറുത്ത വെളിച്ചം..!
കറുത്ത വെളിച്ചത്തില്‍ കറുത്തതെല്ലാം
തെളിഞ്ഞു കണ്ടു

രക്തമൂറ്റിക്കുടിക്കുന്ന രക്ഷസ്സിന്റെയും
കവര്‍ന്നെടുക്കുന്ന കള്ളന്റെയും
വിഹാരം ഈ വെളിച്ചത്തിലല്ലേ

ഒന്നുമറിയാത്ത കുഞ്ഞുഭൂമിയെ
പ്രപഞ്ചത്തിന്റെ നടുക്ക്
പിടിച്ചിരുത്തിയവരുടെ മനസ്സിലും
ഈ കറുത്ത വെളിച്ചം തന്നെ

കുഴലും പിടിച്ചു വാനം നോക്കികളിച്ച
ഒരു പാവം വയസ്സന്റെ കണ്ണില്‍
ഈ വെളിച്ചം ഉണ്ടായിരുന്നില്ല
അതുകൊണ്ടാവാം
ഇരുട്ടത്തുനിന്നുകൊണ്ട്‌ ആരോ അങ്ങേരെ
'അന്ധനെന്ന്' വിളിച്ചു


നിങ്ങളുടെ കമന്റുകള്‍ വളര്‍ന്നു വരുന്ന ഈ തൂലികയ്ക്ക് ബലമേകുമെന്നു തീര്‍ച്ച. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നാം പറയേണ്ടതാവും നാളെ ഇവളിലൂടെ പുറത്തു വരിക. അതിനവളെ നാം പ്രോത്സാഹിപ്പിച്ചേ പറ്റൂ. അഭിപ്രായങ്ങള്‍ക്കായി മാത്‍സ് ബ്ലോഗും അനഘയും കാത്തിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ജിയോജിബ്ര ട്യൂട്ടോറിയല്‍ മൂന്നാം ഭാഗം

>> Tuesday, November 23, 2010

ഒന്‍പതാം ക്ലാസ് രണ്ടാം ഭാഗത്തിന്റെ ജിയോജിബ്ര പാക്കേജ് പുറത്തിറങ്ങിയത് കണ്ടിരിക്കുമല്ലോ. അത് പാഠഭാഗത്തെ കുട്ടികളിലേക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. പക്ഷെ നമുക്ക് ക്ലാസില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന തരത്തില്‍ ഇതെല്ലാം എങ്ങനെ തയ്യാറാക്കാനാകും. അതെക്കുറിച്ച് പ്രതിപാദിക്കുന്ന പഠനപരമ്പരയുടെ മൂന്നാം ഭാഗമാണ് എറണാകുളത്തെ മാസ്റ്റര്‍ട്രെയിനറായ സുരേഷ് ബാബു സാര്‍ ഈ പാഠത്തിലൂടെ പറഞ്ഞിരിക്കുന്നത്. ആദ്യം ഒരു ന്യൂന (Acute) ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള ഒരു Applet നിര്‍മ്മാണം എങ്ങനെയാണെന്നു നോക്കാം. പാദം, ഉന്നതി എന്നിവയുടെ അളവുകള്‍ സ്ലൈഡര്‍ നീക്കുമ്പോള്‍ മാറുന്നതിനനുസരിച്ചുള്ള ഒരു ന്യൂനത്രികോണമാണ് നമുക്ക് നിര്‍മ്മിക്കേണ്ടത്. കൂടാതെ മറ്റൊരു സ്ലൈഡര്‍ നീക്കുമ്പോള്‍ ഇതൊരു ചതുരമായി മാറുകയും വേണം. രേഖാഖണ്ഡംAB വരയ്ക്കുണം. AB യുടെ ഇടയില്‍ ഒരു ബിന്ദു D അടയാള പ്പെടുത്തുക. D യിലൂടെ ലംബം വരയ്ക്കണം. ഉന്നതിയുടെ അളവില്‍ D കേന്ദ്രമാക്കി ചാപം വരച്ച് ലംബരേഖയുമായി സംഗമിക്കുന്ന ബിന്ദുവിന് C എന്ന പേരു നല്കി CയുംA യും കൂടാതെ CയുംBയും യോജിപ്പിക്കണം. CD യുടെ മധ്യ ബിന്ദു Eഅടയാളപ്പേടുത്തി Eയിലൂടെ AB ക്ക് സമാന്തരമായി ഒരു രേഖ PQവരച്ച് അതിലൂടെ മുറിച്ചെടുക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന ചെറിയ രണ്ട് ത്രികോണങ്ങള്‍ ( CEP , CEQ) ശേഷിച്ച ഭാഗത്തിന്റെ PA, QB എന്നീ വശങ്ങളുമായി യഥാക്രമം CP , CQ എന്നീ വശങ്ങള്‍ ചേരത്തക്കവിധം ചേര്‍ത്തുവയ്ക്കുമ്പോള്‍ ഒരു ചതുരം (Rectangle ) ലഭിക്കും.

  • Step 1. Open Geogebra

  • Step 2. Hide Algebraic view and Axes.

  • Step 3. Slider on Number ( Name, Interval [Minimum ; o or >o, maximum ; any number, Increment ; any number])

  • Step 4. Line segment AB ( Segment with given length from point tool )

  • Step 5. Mark a new Point D on AB ( New Point tool )

  • Step 6. Perpendicular Line through D

  • Step 7. Slider on Number ( Name, Interval [Minimum ; o or >o, maximum ; any number, Increment ; any number])

  • Step 8. Draw a circle with centre at D - Circle with Centre and Radius tool – Radius ; Name of the above slider

  • Step 9. Mark the new point C – Intersect two object tool

  • Step 10. Draw CA and CB

  • Step 11. Mark the mid point E of CD

  • Step 12. Draw a line through E parallel to AB

  • Step 13. Mark the intersecting points P and Q on AC and BC respectively.

  • Step 14. Hide all the objects except the points A, B, C, E, P and Q.

  • Step 15. Draw 3 polygons – ABQP, CEP and CEQ.

  • Step 16. Slider on Angle - Interval : Minimum ; o, maximum ; 180, Increment ; 1

  • Step 17. ഒമ്പതാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Rotate Object around Point by Angle എന്ന ടൂളെടുത്ത് ആദ്യം CEQഎന്ന Polygon ന്റെ ഉള്ലിലും പിന്നീട് Q എന്ന ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Angle 45o എന്നത് മാറ്റി സ്ലൈഡറിന്റെ പേര് ( വലതു വശത്തുനിന്നും സെലക്ട് ചെയ്യാം. ) നല്കുകയും Clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ CEQ എന്ന ത്രികോണത്തിന്റെ ഒരു പകര്‍പ്പ് അവിടെ വന്നിട്ടുണ്ടാകും. CEQ എന്ന ത്രികോണത്തെ hide ചെയ്യാം.

  • Sep 18. വീണ്ടും Rotate Object around Point by Angle എന്നടൂളെടുത്ത് ആദ്യം CEPഎന്ന Polygon ന്റെ ഉള്ലിലും പിന്നീട് P എന്ന ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Angle 45o എന്നത് മാറ്റി സ്ലൈഡറിന്റെ പേര് ( വലതു വശത്തുനിന്നും സെലക്ട് ചെയ്യാം. ) നല്കുകയും Counter Clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ CEP എന്ന ത്രികോണത്തിന്റെ ഒരു പകര്‍പ്പ് അവിടെ വന്നിട്ടുണ്ടാകും. CEP എന്ന ത്രികോണത്തെ hide ചെയ്യാം. അവസാനമുണ്ടാക്കിയ സ്ലൈഡര്‍ ചലിപ്പിച്ച് മാറ്റം നിരീക്ഷിക്കൂ.


ബൃഹത് (Obtuse) ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കണ്ടുപിടിക്കുന്നതിനുള്ള അപ്ലറ്റ് തയ്യാറാക്കുന്നതിനുമുമ്പായി പുതിയ ടൂളുകള്‍ കൂടി പരിചയപ്പെടാം.

ഡൈലേഷന്‍
ഒമ്പതാമത്തെ ടൂള്‍ ബോക്സിലുള്ള Dilate Object from Point by Factor എന്ന ടൂളുപയോഗിച്ച് നമുക്ക് ഒരു രൂപത്തെ , ഒരു നിശ്ചിത ബിന്ദുവില്‍ നിന്നുള്ള ദൂരം അടിസ്ഥാനമാക്കി വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യാവുന്നതാണ്.

ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം Polygon ടൂളുപയോഗിച്ച് വരയ്ക്കുക. തുടര്‍ന്ന് മറ്റൊരു ബിന്ദു അടയാളപ്പെടുത്തുക. Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം ത്രികോണത്തിന്റെ ഉള്ളിലും പിന്നീട് ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Number എന്നതില്‍ ഏതെങ്കിലും ഒരു സംഖ്യ ( 0.5, 1, 1.5, 2, 3,....) നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാറ്റം നിരീക്ഷിക്കൂ.

എത്ര മടങ്ങ് മാറ്റണം എന്ന് നാം നിര്‍ദ്ദേശിക്കുന്ന സംഖ്യയെ വേണമെങ്കില്‍ ഒരു സ്ലൈഡര്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയുമാകാം. മുമ്പ് സൂചിപ്പിച്ച ഉദാഹരണത്തില്‍ ഒരു സ്ലൈഡര്‍ ഉണ്ടാക്കിയതിനുശേഷം (Slider on Number ( Name, Interval [Minimum ; o , maximum ; any number > 0, Increment ; any number]) Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം ത്രികോണത്തിന്റെ ഉള്ളിലും പിന്നീട് ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Number എന്നതില്‍ സ്ലൈഡറിന്റെ പേര് നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാറ്റം നിരീക്ഷിക്കൂ.

ട്രാന്‍സ്ലേഷന്‍
ഒമ്പതാമത്തെ ടൂള്‍ ബോക്സിലുള്ള Translate Object by Vector എന്ന ടൂളുപയോഗിച്ച് നമുക്ക് ഒരു രൂപത്തിന്റെ പകര്‍പ്പ് , Vector നെ അടിസ്ഥാനമാക്കി തയ്യാറാക്കാം.

ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം Polygon ടൂളുപയോഗിച്ച് വരയ്ക്കുക.
മൂന്നാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Vector betwen two Points എന്ന ടൂളെടുത്ത് Drawing Pad ല്‍രണ്ട് ബിന്ദുക്കളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു Vector ലഭിക്കും.
Translate Object by Vector എന്ന ടൂളെടുത്ത് ആദ്യം Polygon ന്റെ ഉള്ളിലം പിന്നീട് Vector ലും ക്ലക്ക് ചെയ്യുമ്പോള്‍ വരുന്ന മാറ്റം നിരീക്ഷിക്കൂ
പല അപ്ലറ്റുകളുടെ നിര്‍മ്മാണത്തിലും ഇത്തരം ടൂളുകള്‍ (Rotatin, Dilation, Translation )ഉപയോഗിക്കാറണ്ട്.

സാമാന്തരിക (Parallelogram)ത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള ഒരു Applet നിര്‍മ്മാണം (for Teachers)
സ്ലൈഡര്‍ ചലിപ്പിക്കുമ്പോള്‍ വ്യത്യസ്ത സാമാന്തരികങ്ങള്‍ ലഭിക്കത്തക്കവിധമുള്ള ഒരു സാമാന്തരികം ABCD ജിയോജിബ്ര ടൂളുകളുപയോഗിച്ച് നിര്‍മ്മിക്കുക.




  • Step 1. D യില്‍ നിന്നും AB യിലേക്ക് ലംബം വരയ്ക്കുക. (Perpendicular Line tool)

  • Step 2. ലംബം AB യുമായി സംഗമിക്കുന്ന ബിന്ദു E അടയാളപ്പെടുത്തുക. (Intersect Two Objects)

  • Step 3. A, B, C, D, E എന്നീ ബിന്ദുക്കളൊഴികെയുള്ള എല്ലാ object കളും hide ചെയ്യുക.

  • Step 4. Polygon ടൂളുപയോഗിച്ച് AED എന്ന മട്ടത്രികോണവും, EBCD എന്ന ലംബകവും വരയ്ക്കുക.

  • Step 5. Slider on Number ( min: 0, max : 1, incre : 0.001)

  • Step 6. Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം B യിലും പിന്നീട് A യിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ ഇപ്പോള്‍ തയ്യാറാക്കിയ സ്ലൈഡറിന്റെ പേര് നല്കി O K ബട്ടണ്‍ ക്ലിക്ക് ചെയ്തതിനുശേഷം സ്ലൈഡര്‍ ചലിപ്പിച്ചുനോക്കൂ. A യുടേയും B യുടേയും ഇടയില്‍ ഒരു പുതിയ ബിന്ദു F നീങ്ങുന്നതു കാണാം.

  • Step 7. മൂന്നാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Vector between Two Points എന്ന ടൂളെടുത്ത് ആദ്യം A യിലും പിന്നീട് Fലും ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ ഒരു Vector വന്നിട്ടുണ്ടാകും. സ്ലൈഡര്‍ ചലിപ്പിച്ചുനോക്കൂ.

  • Step 8. Translate Object by Vector എന്ന ടൂളെടുത്ത് ആദ്യം AED എന്ന Polygon ന്റെ ഉള്ളിലും പിന്നീട് Vector ലും ക്ലിക്ക് ചെയ്യുമ്പോള്‍ Vector ന്റെ Terminal Point ല്‍ AED എന്ന Polygon ന്റെ ഒരു പകര്‍പ്പ് വന്നിട്ടുണ്ടാകും.

  • Step 9. AED എന്ന Polygon ഉം Vector ഉം hide ചെയ്ത് സ്ലൈഡര്‍ ചലിപ്പിച്ചുനോക്കൂ.


ബൃഹത് (Obtuse) ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള ഒരു അപ്ലറ്റ് Slider, Rotation, Dilation, Translation തുടങ്ങിയ ടൂളുകളുപയോഗിച്ച് തയ്യാറാക്കാം.


Read More | തുടര്‍ന്നു വായിക്കുക

ഒരു കളിക്കളപ്രശ്നം (Puzzle)

>> Sunday, November 21, 2010


അരിക്കുളം KPMSM ഹൈസ്കൂളിലെ "സ്പോര്‍ട്സ് മീറ്റ്‌ 2010 " ഒക്ടോബര്‍ മാസം രണ്ടാമത്തെ ആഴ്ചയില്‍ നടക്കുകയാണ് . പതിവ് പോലെ കുട്ടികളെ ഗ്രൂപ്പുകള്‍ ആക്കി തിരിച്ചു വിവിധ അധ്യാപകര്‍ക്ക് ഗ്രൂപ്പിന്റെ ചാര്‍ജുകള്‍ നല്‍കി. കണ്‍വീനര്‍ ആയി വിജയന്‍ മാഷെ തെരഞ്ഞെടുത്തു. (അല്ലെങ്കിലും വെയില്‍കൊള്ളുന്ന പരിപാടിക്കൊന്നും വിജയന്‍ സാറിനെ കിട്ടാറില്ല). എല്ലാ ഗ്രൂപ്പുകളില്‍ നിന്നും ലഭിച്ച എന്‍ട്രി ഫോമില്‍ നിന്നും ഓരോ ഐറ്റത്തിനുമുള്ള കുട്ടികളെ സോര്‍ട്ട് ചെയ്യല്‍ , അധ്യാപകര്‍ക്ക് വിവിധ ചാര്‍ജ്ജുകള്‍ നല്‍കി. സ്പോര്‍ട്സ് സുഗമമായി നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും വിജയന്‍ സര്‍ പൂര്‍ത്തിയാക്കി. സഹായത്തിനായി വിജയന്‍ സര്‍, ജനാര്‍ദ്ദനന്‍ സാറേയും വിളിച്ചിരുന്നു . അപ്പോള്‍, 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന 25 കുട്ടികളുടെ ലിസ്റ്റ് ജനാര്‍ദ്ദനന്‍ സാറിനു നല്‍കിക്കൊണ്ട് , വിജയന്‍ സര്‍ ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യം താഴെ നല്‍കിയിരിക്കുന്നു.

ഈ 25 പേരും വ്യത്യസ്ത വേഗതയില്‍ ഓടുന്നവരാണ്. മാത്രവുമല്ല എത്ര തവണ ഓടിയാലും, ഇവരുടെ വേഗത എപ്പോഴും തുല്യമായിരിക്കും. (ഉദാഹരണത്തിന് A എന്ന ആള്‍ ഒന്നാമത്തെ റൗണ്ട് ഓടുന്ന അതേ വേഗതയില്‍ തന്നെയാണ് രണ്ടാമത്തെയും,മൂന്നാമത്തെയും.................റൗണ്ടുകള്‍ ഓടുക). പക്ഷെ ഓരോരുത്തരുടെയും വേഗതകള്‍ വ്യത്യസ്തമാണ്. സ്കൂളിലെ ആകെ ട്രാക്കുകളുടെ എണ്ണം 5 ആണ്. ഏറ്റവും കുറഞ്ഞത്‌ എത്ര ലാപ്പുകള്‍ കൊണ്ട് ജനാര്‍ദ്ദനന്‍ മാഷിന് ഒന്ന്, രണ്ടു, മൂന്ന് സ്ഥാനക്കാരെ കണ്ടെത്താന്‍ പറ്റും? സമയം അറിയാനുള്ള യാതൊരു ഉപകരണവും ഉപയോഗിക്കാന്‍ പാടില്ല. ശരിയുത്തരമയയ്ക്കുന്ന എല്ലാവര്‍ക്കും ആഭിനന്ദനത്തിന്റെ റോസാപ്പൂ നല്‍കുന്നതായിരിക്കും!


Read More | തുടര്‍ന്നു വായിക്കുക

ലൈവ് സിഡി ഉപയോഗിക്കേണ്ടത് എങ്ങിനെ?

>> Thursday, November 18, 2010


  • നമ്മുടെ വീട്ടിലെ സിസ്റ്റത്തില്‍ ലിനക്സ് ഇല്ലായെന്നിരിക്കട്ടേ. അതേ സിസ്റ്റം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്പര്യമില്ല. പക്ഷേ നമുക്ക് നാളെ സ്ക്കൂളില്‍ പഠിപ്പിക്കേണ്ട ഒരു സംഗതി ചെയ്തു നോക്കുകയും വേണം. എന്താ ചെയ്യുക?
  • അല്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് തകരാറുണ്ടായി. അതു വിന്‍ഡോസാകട്ടെ, ലിനക്സാകട്ടെ. സിസ്റ്റത്തില്‍ നിന്നും ഏതെങ്കിലും നമുക്കാവശ്യമുള്ള ഒരു ഫയല്‍ എടുക്കണം. നിലവിലുള്ള സിസ്റ്റത്തില്‍ പുതുതായി ഇന്‍സ്റ്റലേഷന്‍ നടത്തിയാല്‍ ആ ഫയല്‍ നഷ്ടപ്പെടും. ഇതിനായി റിക്കവറി ഇന്‍സ്റ്റലേഷനൊന്നും സമയമില്ല. എന്താ ചെയ്യുക?
  • ഒരു സിസ്റ്റം പാസ്​വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്തിരിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റം തുറക്കാനാകുന്നില്ല. പക്ഷെ അതിനുള്ളിലെ ഒരു ഫയല്‍ നമുക്ക് എടുക്കണം. എന്താ ചെയ്യുക?

ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കുള്ള വളരെ ഫലപ്രദമായ ഒരു പരിഹാരമാണ് ലൈവ് സി.ഡി. ഇതിനേപ്പറ്റി പലര്‍ക്കും അറിയില്ലായെന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരും, പ്രത്യേകിച്ച് ഐടി കൈകാര്യം ചെയ്യുന്നവര്‍ ഈ യൂട്ടിലിറ്റിയെപ്പറ്റി അറിഞ്ഞിരിക്കണം. കാരണം, മുകളില്‍ അക്കമിട്ടു നിരത്തിയതുപോലൊരു പ്രശ്നം നമുക്ക് അഭിമുഖീകരിക്കേണ്ടി വരുമ്പോഴായിരിക്കും ഈ അറിവിന്റെ ഗുണം മനസ്സിലാക്കാനാവുന്നത്. വലിയ സാങ്കേതിക പരിജ്ഞാനമില്ലെങ്കില്‍പ്പോലും നിസ്സാരമായി ഒരാളുടേയും സഹായമില്ലാതെ നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. നാളെ നമുക്കു മുന്നിലിരിക്കുന്ന കുട്ടികള്‍ ലൈവ് സിഡിയെപ്പറ്റി ചോദിച്ചാല്‍ എന്തു മറുപടിയാകും നാം നല്‍കുക?

ഉബുണ്ടു പരിശീലനവുമായി ബന്ധപ്പെട്ട നമ്മുടെ മുന്‍ പോസ്റ്റുകളെല്ലാം ഒട്ടേറെ പേര്‍ക്ക് ഉപകാരപ്രദമായെന്നറിയിച്ചിരുന്നു. ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ പോസ്റ്റില്‍ വന്ന കമന്റുകളുടെ എണ്ണം തന്നെ അത് പലര്‍ക്കും പല തരത്തില്‍ ഉപകരിച്ചു എന്നതിന് തെളിവാണ്. ഏതാണ്ട് 200 നു മേല്‍ കമന്റുകളാണ് ആ പോസ്റ്റിന് ലഭിച്ചത്. ഉബുണ്ടു പാഠങ്ങളുടെ ഭാഗമായി ഡോ.അനില്‍കുമാര്‍ പുതിയ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരവുമായാണ്. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഒരു സിസ്റ്റത്തില്‍ ലൈവ് സിഡി ഉപയോഗിച്ച് കയറി ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറന്ന് നമുക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു നോക്കുന്നതിനേപ്പറ്റി ചിത്രങ്ങളുടെ സഹായത്തോടെ താഴെ വിശദീകരിച്ചിരിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക


Read More | തുടര്‍ന്നു വായിക്കുക

കണ്ണുനീരില്‍ പൊതിഞ്ഞ ചിരി!

>> Tuesday, November 16, 2010


കാസര്‍കോട് മോഡല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍ തികച്ചും ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ വീഡിയോയാണ് ചിരിയുടെ രാജകുമാരന്‍ . ഈ വീഡിയോയുടെ ദൃശ്യാനുഭവവും ശ്രാവ്യാനുഭവവും ഏറെ മികച്ചതായതു കൊണ്ടു തന്നെ മാത്​സ് ബ്ലോഗിന്റെ സുഹൃത്തുക്കളെ ഈ വീഡിയോയിലേക്ക് ക്ഷണിക്കുകയാണ്. ഇതില്‍ പിന്നണിയിലുള്ള ശബ്ദം ഷെരീഫ് സാറിന്റേതാണ്. പാഠപുസ്തകത്തില്‍ ഇത്തരമൊരു ഭാഗം കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ അനുബന്ധമായി ഒരു വീഡിയോ, അല്ലെങ്കില്‍ ഒരു പ്രസന്റേഷന്‍ കുട്ടികള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചാല്‍ ഒരിക്കലും അവര്‍ ആ പാഠഭാഗം മാത്രമല്ല അവര്‍ക്ക് പതിവുശൈലികളില്‍ നിന്ന് വ്യത്യസ്തമായി ദൃശ്യാനുഭവം നല്‍കുന്ന അധ്യാപകരേയും അവരൊരിക്കലും മറക്കുകയില്ല. ഇന്ന് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ തീരെ അറിയാത്തവര്‍ പോലും ലാബില്‍ കുട്ടികളെക്കൊണ്ട് തന്നെ നെറ്റും പ്രൊജക്ടറുമെല്ലാമൊരുക്കി അവര്‍ക്ക് വേണ്ടി ഐ.സി.ടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അധ്യാപകന്റെ ജോലിഭാരം കുറക്കുകയാണ് ഇത്തരം ഐ.സി.ടി ടൂള്‍സ് ചെയ്യുന്നത്.
ഇത്തരം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ എല്ലാ അധ്യാപകര്‍ക്കും സാധിക്കേണ്ടതുണ്ട്. അതിനു ഒരു അവസരമൊരുക്കുകയാണ് മാത്സ് ബ്ലോഗ്. എന്തെന്നല്ലേ?

സ്‌കൂളുകളീല്‍ അദ്ധ്യപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അതിനു പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കാന്‍ മാത്​സ് ബ്ലോഗിനു സാധിച്ചിട്ടുണ്ട്. അതിനു കാരണമായത് ബ്ലോഗ് സന്ദര്‍ശിക്കുന്ന നിങ്ങളോരോരുത്തരുടെയും സഹകരണമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

പല അദ്ധ്യാപകരും നേരിട്ടും ഫോണിലൂടെയും അന്വേഷിക്കുന്ന ഒരു കാര്യമാണ് ഐ.സി.ടി അധിഷ്‌ഠിത പഠനത്തിനാവശ്യമായ വീഡിയോകള്‍ എവിടെ കിട്ടും എന്നത് . യൂ ട്യൂബില്‍ ഉണ്ടെങ്കിലും ശരിയായ വീഡിയോ കണ്ടെത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല.. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് സഹായകരമായ വീഡിയോകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ നമ്മുടെ ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് പരിമിതികളുണ്ട്.
ആയതിനാല്‍ മാത്​സ് ബ്ലോഗ് കുടുംബാംഗങ്ങളായ നിങ്ങളുടെ ഒരു സഹായം ബ്ലോഗ് ആവശ്യപ്പെടുകയാണ്.
അതായത് ഓരോ വിഷയവും പഠിപ്പിക്കാന്‍ ആവശ്യമായ വീഡിയോകളുടെ ലിങ്ക് ഞങ്ങള്‍ക്ക് അയച്ചു തരിക. അധികം വൈകാതെ പ്രസിദ്ധീകരിക്കുന്ന പോസ്‌റ്റില്‍ ലിങ്ക് പരിചയപ്പെടുത്തിയ ആളിന്റെ പേരു സഹിതം ലിങ്കു നല്‍കും.
വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളിലും ഇത്തരം ലിങ്കുകള്‍ ഉണ്ടാകും. ബ്ലോഗ് ടീം അംഗങ്ങള്‍ അവ അയച്ചു തരികയാണെങ്കില്‍ ബ്ലോഗിന്റെ പേരില്‍ അവ പ്രസിദ്ധീകരിക്കും. അതിന് താഴെ ചേര്‍ത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു തരാന്‍ സന്നദ്ധത പ്രകടിപ്പിക്കുമല്ലോ. പരസ്പരസഹകരണമാണ് അധ്യാപനത്തിന്റെ വിജയത്തിന് അടിസ്ഥാനമെന്നതില്‍ യാതൊരു സംശയവുമില്ല. വീഡിയോകള്‍ കൂടാതെ ഐ.സി.ടി അധിഷ്ഠിത പഠനത്തിനുപകരിക്കുന്ന പ്രസന്‍റേഷനുകള്‍/ പി,ഡി.എഫ് ഫയലുകള്‍ തുടങ്ങിയവയും അയച്ചു തരാവുന്നതാണ്. അപ്‌ലോഡ് ചെയ്തതിനു ശേഷം അവയുടെ ലിങ്ക് അയച്ചു തന്നാല്‍ മതിയാകും. കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ mathsekm@gmail.com ലേക്ക് ഒരു മെയില്‍ അയക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

മുതിര്‍ന്ന ശിശുക്കള്‍ ?

>> Sunday, November 14, 2010


ശിശുദിനം ശിശുക്കള്‍ക്കുള്ളതാണ്. എന്നാല്‍ ഇന്ന് ശിശുസഹജമായ നിഷ്കളങ്കത നമ്മുടെ കുട്ടികളില്‍ നിന്നും വിട്ടുപോകുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാളില്‍ പോകാനും ഗെയിം കളിക്കാനും ഐസ്ക്രീമിനു പോകാനും ആരോടും അനുവാദം ചോദിക്കേണ്ടാത്ത, സ്വയം കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു ശിശുസമൂഹം വളര്‍ന്നു വരുന്നുണ്ടോ ? പാവകളും ബസിന്റെയും മറ്റും കളിമാതൃകളുമൊന്നു കുട്ടികളെ ഇന്ന് ആകര്‍ഷിക്കുന്നില്ല. മരത്തില്‍ കയറ്റവും ​​മണ്ണപ്പം ചുട്ടു കളിയുമെല്ലാം നമ്മുടെ കുട്ടികളില്‍ നിന്നും അന്യമാകുന്നുണ്ട്. സാങ്കേതിക വിദ്യകളില്‍ മാതാപിതാക്കളേക്കാള്‍ അറിവുള്ള കുഞ്ഞുങ്ങളും ഇന്നുണ്ട്. ഇതെല്ലാം ആധുനിക കാലത്തിന്റെ മാറ്റമായി കണക്കാക്കിയാലും യാഥാര്‍ത്ഥ്യത്തിന്റേതല്ലാത്ത ഒരു ലോകത്ത് അവ നമ്മുടെ കുട്ടികളെ തളച്ചിടുന്നുണ്ടോ എന്ന വിഷയമാണ് മാത്സ് ബ്ലോഗ് ഈ ശിശുദിനത്തില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്.ബ്ലോഗ് ടീമംഗമായ ജോമോന്‍ സാറാണ് ഈ ചിന്തകള്‍ നമ്മളുമായി പങ്കുവെയ്ക്കുന്നത്.

അച്ഛനും അമ്മയും മക്കളും.. മതി. അതായിരിക്കുന്നു ഇന്നു കുടുംബം. അതിനപ്പുറം ആരും വേണ്ട. അങ്കിള്‍, ആന്റി ഇവരെല്ലാം ഉണ്ട്. പക്ഷെ അവര്‍ അങ്കിള്‍,ആന്റി സ്ഥാനത്ത് മാത്രമാണ്. അച്ഛന്റെയോ അമ്മയുടെയോ സ്ഥാനത്ത് നിന്ന് കുട്ടികളെ ശാസിക്കാനോ തിരുത്താനോ അവകാശമുള്ളവരല്ല. കസിന്‍സ്, കസിന്‍സ് മാത്രമാണ്. അല്ലാതെ സഹോദരങ്ങള്‍ അല്ല ഇന്ന്. അച്ഛനും അമ്മയും മക്കളും മാത്രം അടങ്ങുന്ന ആ ലോകത്തേക്ക് മുത്തച്ഛനോ മുത്തശ്ശിക്കോ പോലും ഉപാധികളില്ലാതെ പ്രവേശനമില്ല ഇന്ന്.

എന്നാല്‍ അറുപത്, എഴുപത് കാലഘട്ടത്തില്‍ ഇതായിരുന്നില്ല സ്ഥിതി. അന്നു ലോകം ചെറുതായിരുന്നു. പക്ഷെ കുടുംബം വലുതായിരുന്നു.ഇന്നയാളുടെ മകന്‍ , ഇന്നയാളുടെ കൊച്ചു മകന്‍ , എന്നെല്ലാമായിരുന്നു ആളുകള്‍ അറിയപ്പെട്ടിരുന്നത്. അല്ലാതെ ഒരാളിന്റെ ജോലിയുടെ പേരില്‍ ആയിരുന്നില്ല. ബന്ധുക്കള്‍ ഏതു സമയത്തും സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഓരോ വീടിന്റെയും സാഹചര്യത്തിനനുസരിച്ച് ഒതുങ്ങാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. 'ഉള്ളതു വെച്ചുണ്ട് കഴിയാന്‍ ' അവര്‍ക്ക് മടിയില്ലായിരുന്നു. എത്തിച്ചേരുന്ന വീട്ടില്‍ ലഭ്യമായ വസ്‌ത്രങ്ങള്‍ പാകമാണെങ്കിലും അല്ലെങ്കിലും ധരിക്കാന്‍ മടിയില്ലായിരുന്നു. പരസ്‌പരം വമ്പന്‍ വിരുന്നൊരുക്കാന്‍ മത്സരമില്ലായിരുന്നു. സംസാരം വഴിമുട്ടുമ്പോള്‍ അടുത്ത വിഷയം കിട്ടിയില്ലെങ്കില്‍ ടിവിയിലേക്ക് നോക്കാന്‍ തുടങ്ങേണ്ടതില്ലായിരുന്നു. ഈ വക കാര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ കുട്ടികളെയും ബാധിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍ .

സെല്‍ഫോണും കംപ്യൂട്ടറുമായി കൂടുതല്‍ സമയം ഇടപെടുന്ന കുട്ടി ആധുനിക കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറുകയാണ് എന്നെല്ലാം വാദിക്കാമെങ്കിലും മുന്‍ തലമുറ പുലര്‍ത്തിയിരുന്ന ധാര്‍മ്മികത, മൂല്യബോധം,മര്യാദകള്‍ എന്നിവ നമ്മുടെ കുട്ടികളില്‍ നിന്നും അന്യമാകുന്നുണ്ടോ എന്നതു ഗൗരവമായി കാണേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരികെ കൊണ്ടുവരുന്നതില്‍ കുടുംബങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കു വഹിക്കാനാവും. അവര്‍ നിത്യേന കാണുന്ന ഓര്‍ക്കൂട്ടിനും ഫേസ് ബുക്കിനും എല്ലാം അപ്പുറത്ത് യാഥാര്‍ത്ഥ്യത്തിന്റേതായ ഒരു ലോകമുണ്ടെന്ന് കുട്ടികളെ കാണിച്ചു കൊടുക്കാനാവും. കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാനാവും. വൃദ്ധ സദനങ്ങളിലെയും അനാഥാലയത്തിലെയും സ്പെഷ്യല്‍ സ്കൂളുകളിലെയും, അവര്‍ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ജീവനുള്ള ലോകത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനാവും.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer