Awareness Program on July 31
Updated with presentation on cyber crime

>> Sunday, July 28, 2013

ഈ മാസം ജൂലൈ 31ന് എല്ലാ സ്ക്കൂളുകളിലും ക്ലാസ് പിടിഎ വിളിച്ചു കൂട്ടുന്നതിന് നിര്‍ദ്ദേശിക്കുന്ന പൊതുവിദ്യാഭ്യാസഡയറക്ടറുടെ സര്‍ക്കുലര്‍ ഏവരും ഇതിനോടകം കണ്ടിരിക്കുമല്ലോ. സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ്, എസ്.എസ്.എ, ഡയറ്റുകള്‍, സ്ക്കൂള്‍ പി.ടി.എ, എസ്.എം.സി എന്നിവയുടെ സഹകരണത്തോടെ ഈ ക്ലാസ് സംഘടിപ്പിക്കുന്നത്. ക്ലാസ് പി.ടി.എകളില്‍ അതത് ക്ലാസ് ടീച്ചര്‍മാരാണ് ബോധവല്‍ക്കരണക്ലാസ് നയിക്കേണ്ടത്. മേല്‍പ്പറഞ്ഞ ഒന്നര മണിക്കൂര്‍ പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായകമായ ഡോക്യുമെന്റുകളും ചുവടെ നല്‍കിയിരിക്കുന്നു.

ക്ലാസ് പി.ടി.എയുടേയും ബോധവല്‍ക്കരണപരിപാടിയുടേയും നടത്തിപ്പിനെപ്പറ്റിയുള്ള ഡി.പി.ഐ നിര്‍ദ്ദേശങ്ങള്‍ ചുവടെ പറയുന്നു.
  • 2013 ജൂലൈ 31 ന് 2 മണി മുതല്‍ 3 മണി വരെ സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍ എന്ന വിഷയത്തെക്കുറിച്ചും 3 മണി മുതല്‍ 3.30 വരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും ആണ് ക്ലാസ് നടത്തേണ്ടത്.
  • യോഗത്തിന്റെ കാര്യപരിപാടികള്‍ പ്രത്യേകം പ്രതിപാദിച്ചു കൊണ്ടുള്ള കത്ത് രക്ഷിതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണം. എല്ലാവരുടേയും സാന്നിധ്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കണം.
  • പരിശീലനത്തിന് വേണ്ടി സീമാറ്റ്-കേരള തയ്യാറാക്കിയ അധ്യാപകര്‍ക്കുള്ള മാര്‍ഗരേഖ, സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകളുടെ പട്ടിക, സൈബര്‍കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറിപ്പ് തുടങ്ങിയ രേഖകള്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ www.education.kerala.gov.in, www.siemat.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
  • സ്കോളര്‍ഷിപ്പുകളുടെ പട്ടിക, സൈബര്‍ ക്രൈം-രക്ഷാകര്‍ത്തബോധവല്‍ക്കരണം എന്നീ രേഖകള്‍ ഡൌണ്‍ലോഡ് ചെയ്ത് പി.ടി.എ/എസ്.എം.സി ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഫോട്ടോകോപ്പിയെടുത്ത് രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്.
  • ബോധവല്‍ക്കരണ പരിപാടിയുടെ മുന്നോടിയായി ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയില്‍ എസ്.ആര്‍.ജി യോഗങ്ങള്‍ കൂടി മൊഡ്യൂള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ വ്യക്തത വരുത്തേണ്ടതാണ്.
  • ക്ലാസ് പിടിഎകളില്‍ ക്ലാസ് ടീച്ചറാണ് ബോധവല്‍ക്കരണ ക്ലാസ് നയിക്കേണ്ടത്.
  • സ്ക്കൂള്‍തലത്തില്‍ എസ്.എം.സി/പി.ടി.എ കമ്മിറ്റി കൂടി ബോധവല്‍ക്കരണത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്.
  • എ.ഇ.ഒമാരും ഡി.ഇ.ഒമാരും പ്രധാനാധ്യാപകരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ബോധവല്‍ക്കരണ പരിപാടിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുമാണ്.
  • ഡി.ഡി.ഇ, ആര്‍.ഡി.ഡി, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി.പി.ഒ, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഡി.ഇ.ഒ, എ.ഇ.ഒ, ഹെഡ്മാസ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് ടീം വിവിധ തലങ്ങളില്‍ മോണിറ്ററിങ് നടത്തി ബോധവല്‍ക്കരണപരിപാടി ഫലപ്രദമാക്കേണ്ടതാണ്. ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഏകോപനം ഡി.ഡി.ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍ എന്നിവര്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നിര്‍വഹിക്കേണ്ടതാണ്.
  • ഓരോ സ്ക്കൂളിലും നടന്ന ബോധവല്‍ക്കരണ പരിപാടി സംബന്ധിച്ച് റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലുദ്യോഗസ്ഥന് ഹെഡ്മാസ്റ്റര്‍ നല്‍കേണ്ടതാണ്.
  • ബോധവല്‍ക്കരണ പരിപാടി അതത് ഹെഡ്മാസ്റ്റര്‍മാരുടെ പൂര്‍ണ ഉത്തരവാദിത്വത്തിലും ചുമതലയിലുമാണ് നടത്തേണ്ടത്.
  • ബോധവല്‍ക്കരണ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റേയും വിവിധ സ്കോളര്‍ഷിപ്പുകള്‍ സമയബന്ധിതമായി കുട്ടികള്‍ക്ക് വിതരണം നടത്തുന്നതിന്റേയും പൂര്‍ണ ഉത്തരവാദിത്തം അതാത് സ്ക്കൂള്‍ മേധാവികളില്‍ നിക്ഷിപ്തമായിരിക്കും.

രണ്ടു സെഷനുകളാണ് ഈ ബോധവല്‍ക്കരണപരിപാടിയിലുള്ളത്. ആദ്യത്തെ ഒരു മണിക്കൂറില്‍ സ്ക്കൂളില്‍ വിതരണം ചെയ്യപ്പെടുന്ന സ്കോളര്‍ഷിപ്പുകളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ പിന്നീടുള്ള അര മണിക്കൂറില്‍ സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. രണ്ടു സെഷനുകളേയും കുറിച്ച് ചുവടെ വിശദമാക്കിയിരിക്കുന്നു.

സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍

കേരളത്തില്‍ പ്രീ-പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും സഹായങ്ങളുമായി 120 എണ്ണം നിലവിലുണ്ട്. ഇതിന്റെ ഗുണഫലം ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ലഭിക്കേണ്ടതാണ്. ബന്ധപ്പെട്ടവര്‍ക്ക് ശരിയായ അവബോധം ഇല്ലാത്തതു കൊണ്ടും ആവശ്യമായ വിവരങ്ങള്‍ ലഭിക്കാത്തതു കൊണ്ടും ഇവ കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ട്. ഈ വസ്തുത കണക്കിലെടുത്ത് വിവിധ സ്കോളര്‍ഷിപ്പുകള്‍ രക്ഷകര്‍ത്താക്കളെ പരിചയപ്പെടുത്തുന്നതിനും അത് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സെഷന്‍. ഈ സെഷന്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

1. Scholarship Pre-primary Section

2. Scholarship L.P Section

3. Scholarship U.P Section

4. Scholarship H.S Section

ആമുഖം (5 മിനിറ്റ്)
ആദ്യത്തെ ക്ലാസ് പി.ടി.എ യോഗമെന്ന നിലയില്‍ പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാലയകാര്യങ്ങളെക്കുറിച്ചും സ്‌ക്കൂളില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും ലഘുവായ ഒരു ആമുഖമാകാം.

സ്‌കോളര്‍ഷിപ്പുകള്‍ - (പൊതു അവതരണം) (15 മിനിറ്റ്)

സീമാറ്റ്- കേരള തയ്യാറാക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പുകളെ പൊതുവായി താഴെ പറയും വിധം തരം തിരിക്കാവുന്നതാണ്. അക്കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കേണ്ടത്. ഇതിനുള്ള മാര്‍ഗരേഖ മുകളില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് വേണ്ടി നല്‍കിയിട്ടുള്ളത് കണ്ടിരിക്കുമല്ലോ.

അക്കാദമിക മികവിന് ലഭിക്കുന്ന മെരിറ്റു സ്‌കോളര്‍ഷിപ്പുകള്‍
രണ്ടു തരത്തിലാണ് ഈ സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യത നിര്‍ണയിക്കുന്നത്

പ്രത്യേക പരീക്ഷകള്‍ വഴി
എല്‍.എസ്.എസ്, യു.എസ്.എസ്, പ്രതിഭാനിര്‍ണയ പരീക്ഷ, ടാലന്റ് സെര്‍ച്ച് പരീക്ഷ, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് പരീക്ഷ തുടങ്ങിയവ

പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസുകളിലെ പരീക്ഷകളില്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍, ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ - പട്ടിക പരിശോധിച്ച് വിശദീകരിക്കണം.

ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക്, അവരുടെ ന്യൂനതകളുടെ തോതനുസരിച്ച് ലഭിക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍

ദിവസവും സ്‌ക്കൂളില്‍ പോയി പഠിക്കുന്നവര്‍, ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അര്‍ഹതയും മാനദണ്ഡങ്ങളും അനുസരിച്ച് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ - (മുകളില്‍ ഡൗണ്‍ലോഡിനായി നല്‍കിയ പട്ടിക നോക്കി വിശദാംശങ്ങള്‍ നല്‍കണം).

രക്ഷാകര്‍ത്താക്കളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ ക്ഷേമനിധി സ്‌കോളര്‍ഷിപ്പുകള്‍

വിവിധ തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകള്‍, തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ മുകളില്‍ നല്‍കിയ പട്ടിക പരിശോധിച്ച് വിശദീകരിക്കണം.

പട്ടികജാതി, പട്ടിക വര്‍ഗ, പിന്നോക്ക, മുന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍

പ്രത്യേക ജാതി-മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക്, അവയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇക്കൂട്ടത്തില്‍പ്പെടും. പട്ടിക പരിശോധിച്ചു ഇക്കാര്യം വിശദീകരിക്കണം.

പ്രത്യേക നിര്‍ദ്ദേശം

ക്ലാസ് പി.ടി.എയില്‍ ബന്ധപ്പെട്ട ക്ലാസിലെ കുട്ടികള്‍ക്ക് ലഭിക്കാനുള്ള സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് വിശദീകരിച്ചാല്‍ മതി. വിശദവിവരങ്ങള്‍ അടങ്ങിയ സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്ന പുസ്തകത്തില്‍ ഇതിന്റെ വ്യക്തമായ വിശദീകരണം ലഭിക്കുന്നതാണ്.

സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍

ഗ്രൂപ്പ് ചര്‍ച്ച (15 മിനിറ്റ്)

സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ പട്ടിക രക്ഷകര്‍ത്താക്കളുടെ ഗ്രൂപ്പില്‍ നല്‍കി ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കുക.

പൊതുചര്‍ച്ച (15 മിനിറ്റ്)
ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നിയന്ത്രിക്കുന്ന ക്ലാസ് ടീച്ചര്‍ വിശദീകരണം നല്‍കണം.

ഉപസംഹാരം (5 മിനിറ്റ്)
ഒന്നിലധികം സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള കുട്ടികള്‍ ധാരാളം ഉണ്ടാകാം. എന്നാല്‍ എല്ലാ സ്‌കോളര്‍ഷിപ്പുകളും ഒരു കുട്ടിക്ക് ലഭിക്കുകയില്ല. ആയതിനാല്‍ തന്റെ കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട സ്‌കോളര്‍ഷിപ്പ് ഏതായിരിക്കുമെന്ന് ബോധ്യപ്പെടാന്‍ ഈ പരിപാടി സഹായകമാകണം. ഓരോ സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കേണ്ട സമയം, അതിനുള്ള യോഗ്യത, ഹാജരാക്കേണ്ട രേഖകള്‍ എന്നിവ സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരിക്കുവാന്‍ ഇത് പ്രയോജനപ്പെടണം.

സൈബര്‍ കുറ്റകൃത്യങ്ങള്‍

വിവരസാങ്കേതിക വിദ്യയുടെ വ്യാപനം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ വ്യാപനത്തില്‍ ഗുണകരമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെങ്കിലും ദുരുപയോഗം മൂലം ഒട്ടേറെ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കുറ്റകൃത്യരംഗത്ത് സൈബര്‍ക്രൈം എന്ന ഒരു ശാഖയും ഇതിനു വേണ്ടി ഒട്ടേറെ നിയമങ്ങളും ഉത്തരവുകളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അവബോധവും ധാരണ അധ്യാപക-രക്ഷകര്‍ത്തൃസമൂഹത്തിലുണ്ടാക്കിയെടുക്കുന്നതിനാണ് ഈ സെഷന്‍. ഇതു സംബന്ധിക്കുന്ന സെഷന്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ചുവടെയുണ്ട്.

Guidelines for Teachers

Guidelines for Parents


What is Cyber crime (Pages from ICT Text book, Standard IX)

ആമുഖം (10 മിനിറ്റ്)
സീമാറ്റ്-കേരള തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തില്‍ ആമുഖപ്രഭാഷണം നടത്താം. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവതരണം ആകര്‍ഷകമാക്കണം.

ഗ്രൂപ്പ് ചര്‍ച്ച (10 മിനിറ്റ്)
സീമാറ്റ് കേരള തയ്യാറാക്കിയ മാര്‍ഗരേഖ എല്ലാ രക്ഷാകര്‍ത്താക്കള്‍ക്കും നല്‍കുകയും ലഘു സംഘങ്ങളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കുള്ള അവസരം ഒരുക്കുകയും വേണം. (സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസവകുപ്പും സീമാറ്റും ചേര്‍ന്ന് തയ്യാറാക്കിയ മാര്‍ഗരേഖ ഡൗണ്‍ലോഡ് ചെയ്ത് കോപ്പി എടുത്ത് രക്ഷിതാക്കള്‍ക്ക് നല്‍കാവുന്നതാണ്.

പൊതു അവതരണം, ചര്‍ച്ച (10 മിനിറ്റ്)
സംഘചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന സംശയങ്ങളുടെ അവതരണം, പൊതുചര്‍ച്ച, മറുപടി, ഉപസംഹാരം എന്നിവയാണ് അവസാന പത്തു മിനിറ്റില്‍ നടക്കേണ്ടത്.

മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളെല്ലാം സീമാറ്റ്-കേരളാ ഡയറക്ടര്‍ സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കു വേണ്ടി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിന്നുള്ളതാണ്. ഈ പരിപാടി വിജയിപ്പിക്കുന്നതിനും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് മാത്‍സ് ബ്ലോഗിലൂടെ ഇത് പ്രസിദ്ധീകരിക്കുന്നത്. ഈ പരിപാടിക്കു വേണ്ടി നിങ്ങള്‍ തയ്യാറാക്കുന്ന പ്രസംഗങ്ങളുടേയും കുറിപ്പുകളുടേയും ചുരുക്കം മാത്‍സ് ബ്ലോഗിലേക്ക് അയച്ചു തരുമെങ്കില്‍ അത് കേരളത്തിലെമ്പാടുമുള്ള അധ്യാപകര്‍ക്ക് വലിയൊരു സഹായമാകും. സംശയങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കുവെക്കുമല്ലോ.

രക്ഷിതാക്കളോടു സംവദിക്കാനായി നിലന്പൂര്‍ സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍ തയാറാക്കിയ കുറിപ്പ് വായിക്കാനായി ഇവിടെ ക്ലിക്കു ചെയ്യുക

Click here to download presentation file on Cyber Crime created by SREEKUMAR.G,P.D.TEACHER,GUPS SREENARAYANAPURAM ,ATTINGAL SUB DISTRICT

Presentation about Cyber crimes
Prepared by സുരേഷ് കെ . പി, കെ.പി.ഇ.എസ് .ഹൈസ്കൂള്‍ , കായക്കൊടി, കോഴിക്കോട് ജില്ല

Cyber Crime 2 Page Short Note
Prepared by Vipin Mahatma, GVHS Kadakkal


Read More | തുടര്‍ന്നു വായിക്കുക

Std IX - English - Unit 2
(Teaching Material)

>> Thursday, July 25, 2013

ഇംഗ്ലീഷ് അധ്യയനത്തിനായി ഐ.സി.ടി സാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്നത് മുന്‍ ക്ലസ്റ്ററുകളില്‍ നാം കണ്ടിരുന്നു. അതു പ്രകാരം തയാറാക്കിയ പ്രസന്റേഷനുകള്‍, സ്വന്തമായും നിര്‍മ്മിച്ചവയും ഇന്റെര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്തവയുമായ വീഡിയോകള്‍ എന്നിവയും ഇംഗ്ലീഷ് അധ്യയനത്തിനു നാം പ്രയോജനപ്പെടുത്തി. ഐ.സി.ടി സാധ്യതകളെ ഇംഗ്ലീഷ് അധ്യയനത്തിനു ഏറെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനാവും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് നോര്‍ത്ത് പറവൂര്‍ സമൂഹം ഹൈസ്കൂളിലെ മുന്‍ അധ്യാപികയായ പാര്‍വ്വതി വെങ്കിടേശ്വരന്‍ തയാറാക്കി അയച്ചു തന്ന പവര്‍ പോയിന്റ് പ്രസന്റെഷനുകള്‍

മാത‌ഭുമി ദിനപ്പത്രം, മാതൃഭൂമിയുടെ വിദ്യാഭ്യാസ മാസികയായിരുന്ന സക്സസ് ലൈന്‍, ഐ.സി.ടി പുസ്തകത്തിന്റെ ഇംഗ്ലീഷ് തര്‍ജ്ജിമ തുടങ്ങി ഒട്ടേരെ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പാര്‍വ്വതി വെങ്കിടേശ്വരന്‍ തയാറാക്കിയിട്ടുള്ള ഈ സ്ലൈഡുകള് ഒന്‍പതാം ക്ലാസ് ഇംഗ്ലീഷ് രണ്ടാം യൂണിറ്റിനെ അടിസഥാനമാക്കിയാണ്.

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഒന്‍പതാം ക്ലാസിലെ രണ്ടാമത്തെ യൂണിറ്റില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഏക മകള്‍ - ആറു സഹോദരന്മാര്‍ക്കുള്ള ഏക സഹോദരി.. എന്നാല്‍ ഏഴ് ആണ്‍മക്കളില്‍ ഒരാള്‍ എന്ന തരത്തിലുള്ള പരിഗണനയേ അവള്‍ക്കു ലഭിക്കുന്നുള്ളൂ... ഒരു പെണ്‍കുട്ടി/മകള്‍ എന്ന നിലയിലുള്ള പരിഗണന അവള്‍ക്കു ലഭിക്കുന്നതാകട്ടെ ഒരു എഴുത്തുകാരി എന്ന നിലയില്‍ പ്രശസ്തയായതിനു ശേഷവും .. സാന്ദ്ര സിസ്നറോസ് കഥാകാരിയുടെ The Only Daughter,വേഷപ്രച്ഛനയായി ജനങ്ങളെ മനസ്സിലാക്കാനിറങ്ങിയ രാജകുമാരിയെ അവര്‍ ആരെന്നു തെളിയിക്കും വരെ ഒരു തെരുവു പെണ്ണായി മാത്രം പരിഗണിക്കപ്പെടുകയും അവര്‍ സ്വയം ആരെന്നു തെളിയിക്കുകയും ചെയ്യുന്നതാണ് The Princess on the Road എന്ന നാടകം - ഇവ ഏറെ ലളിതമായി വിശദീകരിച്ചിരിക്കുന്ന പ്രസന്റെഷനുകള്‍ നമ്മുടെ കുട്ടികള്‍ക്ക് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല..

പാഠപുസ്തകത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ ഈ സ്ലൈഡുകള്‍ നമ്മുടെ കുട്ടികളെ സഹായിക്കും

Click here for the English teaching materials (ICT) of Std IX Unit II - The Only Daughter

Click here for the English teaching materials (ICT) of Std IX Unit II - The Princess on the Road

ഈ പഠനസഹായികള്‍ നമുക്കു ലഭ്യമാക്കുന്നതില്‍ വലിയ പങ്കു വഹിച്ചത് ഇംഗ്ലീഷ് ബ്ലോഗിലെ രാജീവ് ജോസഫ് സാറാണ്. അദ്ദേഹത്തോടുള്ള നന്ദി രേഖപ്പെടുത്താന്‍ കൂടി ഈ അവസരം ഉപയോഗിച്ചു കൊള്ളട്ടെ...


Read More | തുടര്‍ന്നു വായിക്കുക

സെമിനാര്‍ : ഗണിതശാസ്ത്രത്തിലെ ഒരു തുടര്‍മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനം

>> Monday, July 22, 2013

സെമിനാര്‍ ഗണിതശാസ്ത്രത്തില്‍& തുടര്‍മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമാക്കിയത്& അടുത്തകാലത്താണ് . സെമിനാറിനെ ഒരു സംഘപ്രവര്‍ത്തനമായി കണക്കാക്കാം . ഒരു ക്ലാസിലെ കുട്ടികള്‍ വിവിധ ഗ്രൂപ്പുകളായി തരിഞ്ഞ് സെമിനാര്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. വിഷയം ക്ലാസില്‍ പൊതുവായി നല്‍കുന്നതാണ് ഉചിതം . എല്ലാഗ്രൂപ്പുകാരം വിഷയം പഠിക്കുകയും അവരുടെതായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തുകയുമാവാം. എങ്കില്‍ മാത്രമേ സെമിനാര്‍ അവതരിപ്പിക്കുന്ന ഗ്രൂപ്പിന്റെ അവതരണത്തെയും അതിന്റെ കണ്ടെത്തലുകളെയും ക്രീയാത്മകമായി വിലയിരുത്താനാവൂ. ഒരു യൂണിറ്റിലെ പല പാഠഭാഗങ്ങളും സെമിനാറായി അവതരിപ്പിക്കാവുന്നതാണ് .
ഹയര്‍സെക്കന്റെറി ക്ലാസുകളില്‍ ചില യൂണിറ്റുകള്‍ തന്നെ സെമിനാറായി കുട്ടികള്‍ അവതിപ്പിക്കാറുണ്ട് . കുട്ടികള്‍ തന്നെ അധ്യാപകരാവുകയും സഹപാഠികള്‍ പഠനത്തില്‍ പങ്കാളികളാകുയും ചെയ്യുന്ന നിമിഷങ്ങളാണ് സെമിനാര്‍ അവതരണവേളകളില്‍ കാണാന്‍ കഴിയുന്നത് . പത്താംക്ലാസിലെ ഒന്നാംപാഠത്തില്‍ നിന്നും ഒരു വിദ്യാലയത്തില്‍ സെമിനാറിനായി തെരഞ്ഞെടുത്തത് എണ്ണല്‍ സംഖ്യകള്‍ രൂപീകരിക്കുന്ന വിവിധതരം പാറ്റേണുകളായിരുന്നു .$1,2,3,4 \cdots$ എന്ന സംഖ്യകളാണല്ലോ എണ്ണല്‍ സംഖ്യകള്‍ അഥവാ പ്രകൃതസംഖ്യകള്‍ (Natural numbers).
ഇവിടെ എണ്ണല്‍ സംഖ്യകള്‍ ത്രികോണരൂപത്തില്‍ വളര്‍ന്നുവരുന്നതായി കാണാം. ഈ പാറ്റേണ്‍ ചാര്‍ട്ടുപേപ്പറില്‍ എഴുതി അവതരിപ്പിച്ചുകൊണ്ട് സെമിനാര്‍ ഗ്രൂപ്പിലെ ലീഡര്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു.

  1. ഓരോ വരിയിലും എഴുതിയിരിക്കുന്ന സംഖ്യകളുടെ എണ്ണം ശ്രേണിയായി എഴുതുക
  2. മുപ്പതാമത്തെ വരിയില്‍ എത്ര സംഖ്യകള്‍ ഉണ്ടാകും ?
  3. മുപ്പതാമത്തെ വരിയിലെ അവസാന സംഖ്യ ഏതായിരിക്കും ?
  4. മുപ്പതാമത്തെ വരിയിലെ ആദ്യത്തെ സംഖ്യ ഏതായിരിക്കും ?
  5. മുപ്പതുവരികളിലായി എഴുതിയിരിക്കുന്ന സംഖ്യകളുടെ തുക കണക്കാക്കുക
  6. പാറ്റേണില്‍ $400$ എന്ന എന്ന സംഖ്യയ്ക്ക് തൊട്ടുതാഴെയായി വരുന്ന സംഖ്യ ഏതാണ് ?

പ്രോജക്ട് അവതാരകന്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളെല്ലാം വളരെ വിശദമായിത്തന്നെ ക്ലാസില്‍ അവതരിപ്പിച്ചു. ഓരോ വരിയിലെയും സംഖ്യകള്‍ ശ്രേണിയായി എഴുതിയപ്പോള്‍ $ 1, 3, 5 , 7 , \cdots$ എന്ന സമാന്തരശ്രേണി ലഭിച്ചു. ഈ ശ്രേണിയിലെ മുപ്പതാമത്തെ പദമാണ് മുപ്പതാമത്തെ വരിയിലെ പദങ്ങളുടെ എണ്ണം എന്ന് വ്യക്തമാക്കാന്‍ കുട്ടിക്കുസാധിച്ചു.എല്ലാവരികളിലെയും അവസാന സംഖ്യകള്‍ നോക്കിയപ്പോള്‍ അവയെല്ലാം പൂണ്ണവര്‍ഗ്ഗസംഖ്യകളാണെന്ന് മനസിലാക്കാന്‍ സാധിക്കും .രണ്ടാമത്തെ വരിയിലെ അവസാനസംഖ്യ $2^2$ ആണെന്നും മൂന്നാമത്തെ വരിയിലെ അവസാനസംഖ്യ $3^2$ ആണെന്നും തിരിച്ചറിഞ്ഞ് മുപ്പതാമത്തെ വരിയിലെ അവസാനസംഖ്യ $900$ ആണെന്ന് തിരിച്ചറിയാന്‍ സാധിച്ചു .

മുപ്പതാമത്തെ വരിയിലെ ആദ്യത്തെ സംഖ്യ കാണുന്നതിലെ യുക്തിചിന്ത വ്യക്തമാക്കാന്‍ സെമിനാര്‍ അവതാരകന് കഴിയണം . $29$ മത്തെ വരിയിലെ അവസാനസംഖ്യയായ $29^2$ നേക്കാള്‍ ഒന്നുകൂടുതലായിരിക്കും മുപ്പതാമത്തെ വരിയിലെ ആദ്യസംഖ്യ എന്ന് തിരിച്ചറിയാം . $400$എന്ന സംഖ്യയ്ക്ക് തൊട്ടുതാഴെയുള്ള സംഖ്യ ഏതായിരിക്കുമെന്നതാണ് അടുത്തചോദ്യം .$21^2$ ന് മുന്‍പുള്ള സംഖ്യയാണ് $400$ ന് താഴെ വരുന്നത് .
എണ്ണല്‍ സംഖ്യകള്‍ ഉപയോഗിച്ചുള്ള മറ്റൊരു പാറ്റേണാണ് അവതരണഗ്രൂപ്പിലെ രണ്ടാമത്തെ അംഗം ചെയ്തത് . രണ്ടാമത്തെ കുട്ടി അവതരിപ്പിച്ച പാറ്റേണ്‍ നോക്കുക
രണ്ടാമത്തെ അവതാരകന്‍ മുന്നോട്ടുവെച്ച ചില ചോദ്യങ്ങളും വിശകലനങ്ങളും താഴെ ചോര്‍ക്കുന്നു.
  1. മുപ്പതാമത്തെ വരിയിലെ അവസാനസംഖ്യ എത്രയായിരിക്കും ?
  2. മുപ്പതാമത്തെ വരിയിലെ ആദ്യത്തെ സംഖ്യ എത്രയായിരിക്കും ?
  3. മുപ്പത് വരികളിലായി എഴുതിയിരിക്കുന്ന സംഖ്യകളുടെ തുക കണക്കാക്കുക

ഓരോ വരിയിലെയും അവസാനസംഖ്യകള്‍ ത്രികോണസംഖ്യകളായിരിക്കുമെന്നും ത്രികോണസംഖ്യകളെ കണ്ടെത്താന്‍ അതിന്റെ ബീജഗണിതരൂപമായ $\frac {n(n+1)}{2}$ ആണെന്നും വിശദീകരിക്കേണ്ടുണ്ട് . ഇത് സെമിനാര്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കേണ്ടതുണ്ട് . ഇതില്‍നിന്നും $30$ മത്തെ വരിയിലെ അവസാനസംഖ്യ $ ‌\frac{30(30+1)}{2}$ആയിരിക്കും.തുടര്‍ന്നുള്ള വിശകലനത്തിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം വ്യക്തമാക്കാന്‍ കഴിയും .

ഇങ്ങനെ അവതരണഗ്രൂപ്പിലെ അഞ്ച് കുട്ടികളും തയ്യാറാക്കിയ എണ്ണല്‍സംഖ്യാപാറ്റേണുകള്‍ അവതരിപ്പിച്ചു. > ഒറ്റസംഖ്യകള്‍ മാത്രമുപയോഗിച്ച് മുകളില്‍ കാണുന്ന വിധം രണ്ട് പാറ്റേണുകള്‍ , ഇരട്ടസംഖ്യകള്‍ മാത്രം ഉപയോഗിച്ച് ഇത്തരം രണ്ട് പാറ്റേണുകള്‍ എന്നിവയാണ് പിന്നീട് അവതരിപ്പിച്ചത്

പാഠഭാഗവുമായുള്ള ബന്ധം , അവതരണത്തിന്റെ മേന്മ , കുട്ടികളുടെ പങ്കാളിത്തം , ആസൂത്രണത്തിന്റെ മികവ് എന്നിവ വിലയിരുത്തി സ്ക്കോര്‍നല്‍കാവുന്നതാണ് .


Read More | തുടര്‍ന്നു വായിക്കുക

JULY : 20 - Moon Day

>> Saturday, July 20, 2013

ജൂലൈ 20 - ചന്ദ്രദിനം. ചന്ദ്രദിനത്തെ കുറിച്ചുള്ള ഇന്നലെ രാത്രിയോടെ മാത്രം പൂര്‍ണ്ണ രൂപത്തില്‍ ലഭിച്ച ഈ പോസ്റ്റിനു വേണ്ട വസ്തുതകള്‍ ശേഖരിക്കുകയും അതിന് സഹായകമായ വീഡിയോ സംയോജിപ്പിച്ചു നല്‍കുകയും ചെയ്തത് ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കണ്ണൂര്‍ മമ്പറം ഹയര്‍ സെക്കന്ററി സ്കൂളിലെ അമല്‍രാഗ്. ഹൈസ്കൂള്‍ ക്ലാസുകളില്‍ വച്ചു തന്നെ വെബ് പേജ് ഡിസൈനിംഗില്‍ ജില്ലാ,ഉപജില്ലാ തലങ്ങളില്‍ അമല്‍രാഗ് പങ്കെടുത്തിട്ടുണ്ട്. ഈ വീഡിയോ സ്കൂളുകളില്‍ പ്രദര്ശിപ്പിക്കാനാകുമോ എന്ന ചോദ്യമാണ് അമലിന്റെ മെയിലില്‍ ഉണ്ടായിരുന്നത്. പര്യവ്യവേഷണം പോലുള്ള മേഖലകളില്‍ താല്‍പര്യം തോന്നുന്ന കുട്ടികള്‍ തങ്ങളുടെ ഇഷ്ടം മറ്റു കുട്ടികളിലേക്കും എത്തിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ മാത്സ് ബ്ലോഗിനൊപ്പം അധ്യാപകര്‍ തങ്ങളാല്‍ കഴിയും വിധം അതിനെ പ്രത്സാഹിപ്പിക്കേണ്ടതുണ്ട്. ചന്ദ്ര ദിനത്തെ കുറിച്ചുള്ള എന്തെല്ലാം അറിവുകളാണ് അമല്‍ ശേഖരിച്ച് അയച്ചു തന്നതെന്നറിയണ്ടേ ?

ചന്ദ്രന്‍ ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രന്‍. ഭൂമിയില്‍ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റര്‍ ദൂരെയാണ് ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാര്‍ദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തില്‍ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ ചന്ദ്രന് 27.3 ദിവസങ്ങള്‍ വേണം. ആദ്യമായി ചന്ദ്രോപരിതലം സ്പര്‍ശിച്ച മനുഷ്യനിര്‍മിത വസ്തു ലൂണ 2 ആണ്‌. 1959-ല്‍ ഈ വാഹനം ചന്ദ്രോപരിതലത്തില്‍ വന്നിടിച്ച്‌ തകരുകയാണുണ്ടായത്‌. ഇതേ വര്‍ഷം തന്നെ മറ്റൊരു മനുഷ്യ നിര്‍മിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്‌ അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതില്‍ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ല്‍ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന്‌ അവകാശപ്പെട്ടതാണ്‌. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിര്‍വഹിച്ചെങ്കിലും മനുഷ്യന് കാലുകുത്താന്‍ കഴിഞ്ഞിരുന്നില്ല.

ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ വിജയകരമായി കാലു കുത്തിയത്‌ 1969-ല്‍ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യന്‍ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌. ചാന്ദ്രപര്യവേഷണങ്ങള്‍ മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ ആരംഭിച്ച യജ്ഞം അമേരിക്കയുടെ ശൂന്യാകാശഗവേഷണ കേന്ദ്രമായ നാസയുടെ 1967-ല്‍ ആരംഭിച്ച അപ്പോളോ -1 ദൗത്യം ആയിരുന്നു. 1967 ജനുവരി 27 ന്‍ തുടങ്ങിയ അപ്പോളോ -1 ദുരന്തമായിത്തീര്‍ന്നു. പേടകത്തിന്‌ തീപിടിച്ച് യാത്രികര്‍ മൂന്നുപേരും മരിച്ചു. എന്നാല്‍ അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. 1969-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതില്‍ അമേരിക്ക വിജയിച്ചു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടര്‍ ആയിരുന്നു അദ്ദേഹം. എഡ്വിന്‍ ആല്‍ഡ്രിന്‍ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനില്‍ കാല്‍ വച്ചശേഷം നീല്‍ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു " ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചു ചാട്ടമാണ്‌ "

അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളില്‍ നിന്നായി പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ ഹാരിസണ്‍ ജാക്ക്സ്മിത്ത്, അലന്‍ ബീന്‍, ചാള്‍സ് ദ്യൂക്ക് എഡ്ഗാര്‍ മിച്ചല്‍, അലന്‍ ഷെപ്പേര്‍ഡ്, ഡേവിഡ് സ്കോട്ട്, ജയിംസ് ഇര്‍വിന്‍, ജോണ്‍ യങ്, ചാള്‍സ് കോണ്‍റാഡ്, യൂജിന്‍ സര്‍ണാന്‍ എന്നിവരാണ്‌. ഇതുവരെ ചന്ദ്രനില്‍ ഏറ്റവും അവസാനം ഇറങ്ങിയത്‌ അപ്പോളോ 17 എന്ന വാഹനത്തില്‍ സഞ്ചരിച്ച്, 1972 ഡിസംബറില്‍ ചന്ദ്രനില്‍ കാലുകുത്തിയ യൂജിന്‍ സെര്‍നാന്‍ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959-ല്‍ റഷ്യന്‍ പേടകമായ ലൂണ-3 ആണ്‌. ചന്ദ്രനില്‍ നിന്ന്‌ പല ദൌത്യങ്ങളിലായി പാറക്കഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചിട്ടുണ്ട്‌. അപ്പോളോ ദൌത്യങ്ങളുടെ ഭാഗമായി ഭൂകമ്പമാപിനികളും, റിഫ്ലക്റ്റീവ് പ്രിസങ്ങളും ഉള്‍പ്പെടെ പല ശാസ്ത്രീയ ഉപകരണങ്ങളും ചന്ദ്രനില്‍ സ്ഥാപിച്ചിട്ടുണ്ട്‌. അതില്‍ പലതും ഇന്നും പ്രവര്‍ത്തനനിരതമാണ്.

2004 ജനുവരി 14-ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങള്‍ ചെയ്യും എന്ന്‌ പ്രഖ്യാപിച്ചു. സമീപഭാവിയില്‍ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പദ്ധതി തയ്യാറാക്കുന്നു. ചൈനയുടെ ചാങ്-എ ചാന്ദ്രപദ്ധതിയിലെ ആദ്യ ബഹിരാകാശവാഹനമായ ചാങ്-എ 1 ഒക്ടോബര്‍ 24 2007-ന്‌ വിജയകരമായി വിക്ഷേപിച്ചു. 2020-ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ്‌ പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം. 2007-ല്‍ തന്നെ ജപ്പാന്‍ ചാന്ദ്രവാഹനമായ സെലീന്‍ വിക്ഷേപിച്ചു. ഇന്ത്യയുടെ ചാന്ദ്രഗവേഷണപദ്ധതിയാണ്‌ ചാന്ദ്രയാന്‍. ഈ പദ്ധതിയിലെ ആദ്യ ബഹിരാഹാശവാഹനമായ ചാന്ദ്രയാന്‍-1 ഒക്ടോബര്‍ 22 2008 ന്‌ വിജയകരമായി വിക്ഷേപിച്ചു. പത്ത് മാസത്തെ പ്രവര്‍ത്തനത്തിനു ശേഷം ഓഗസ്റ്റ് 29 2009 ന് ബഹിരാകാശപേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചാന്ദ്രയാന്‍-2 2010-ലോ 2011-ലോ വിക്ഷേപിക്കാനാണ്‌ ഐ.എസ്.ആര്‍.ഓ. ഉദ്ദേശിക്കുന്നത്. ഒരു റോബോട്ടിക് റോവര്‍ ഈ പദ്ധതിയുടെ ഭാഗമായുണ്ടാകും. 2020 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

Std X Physics Chapter 2
& Chemistry Chapter 1 & 2

>> Tuesday, July 16, 2013

ഓരോ സമയത്തും മാത്​സ് ബ്ലോഗിനെ അധ്യാപകരിലേക്കും വിദ്യാര്‍ത്ഥികളിലേക്കും അടുപ്പിക്കുന്നതില്‍ ചില വ്യക്തികള്‍/സംരംഭങ്ങള്‍ പ്രത്യേക പങ്കു വഹിക്കാറുണ്ട്. ഒരു കാലത്ത് ഹിതയും കൂട്ടരുമടങ്ങിയ പാലക്കാട് ടീമിന്റെ മാത്​സ് ചോദ്യോത്തരങ്ങളായിരുന്നു, ഹോംസും ബാബു ജേക്കബ് സാറുമടങ്ങിയ ചൂടുള്ള ചര്‍ച്ചകളായിരുന്നു ഒരു കാലത്ത്, കഴിഞ്ഞ എസ്.എസ്.എല്‍.സി കാലത്താകട്ടെ, പഠന സഹായികളായിരുന്നു ആ പങ്ക് വഹിച്ചത്. ഈ വര്‍ഷം വിദ്യാഭ്യാസമേഖലയില്‍ ചലനം സൃഷ്ടിക്കുന്ന പ്രമോദ് മൂര്‍ത്തി സാറിന്റെ സെറ്റിഗാം പരീക്ഷാ സോഫ്റ്റ്​വയെറുകളും ഫിസിക്സ് കെമിസ്ട്രി പഠനസഹായികളുമൊക്കെയാകാം ആ റോളില്‍ എത്താന്‍ പോകുന്നത് എന്നു തോന്നുന്നു. മുടിക്കല്‍ സ്കൂളിലെ ഇബ്രാഹിം സാര്‍ തയാറാക്കി നാം പ്രസിദ്ധീകരിച്ച ഫിസിക്സ് ആദ്യ പാഠത്തിന്റെ നോട്സ് ഏറെ ഉപകാരപ്പെട്ടതായി കമന്റുകളില്‍ നിന്നും മനസ്സിലാകുന്നു. അതിന്റെ ഇംഗ്ലീഷ് പരിഭാഷ ചോദിച്ചു കൊണ്ടും കെമിസ്ട്രി നോട്സ് ആവശ്യപ്പെട്ടു കൊണ്ടും അനേകം മെയിലുകളും ഫോണ്‍ കോളുകളും ലഭിക്കുന്നുണ്ട് എന്നത് ഈ സൂചനയാണ് നല്‍കുന്നത്. ഫിസിക്സിന്റെ രണ്ടാം പാഠമായ വൈദ്യൂത കാന്തിക പ്രേരണത്തെ അടിസ്ഥാനമാക്കിയുള്ള നോട്സ് ഇബ്രാഹിം സാര്‍ അയച്ചു തന്നിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. കെമിസ്ട്രിയുടെ ആദ്യ പാഠമായ വാതകാവസ്ഥ, രണ്ടാം പാഠമായ മോള്‍ സങ്കല്‍പനം എന്നിവയെ കുറിച്ചുളള നോട്സും ഒപ്പമുണ്ട്. പ്രസിദ്ധീകരിക്കാന്‍ അല്‍പം വൈകിയതിന്റെ ക്ഷമാപണത്തോടെ ഇബ്രാഹിം സാറിന്റെ നോട്സിലേക്ക്

Click here for Std X Physics Chapter 2

Click here for Std X Chemistry Chapter 1

Click here for Std X Chemistry Chapter 2


Read More | തുടര്‍ന്നു വായിക്കുക

ICT - Std X - Chapter 2

>> Sunday, July 14, 2013

മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന പഠനസഹായികള്‍ പത്താം ക്ലാസിലെ ഐ.ടി പാഠഭാഗങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഏറെ ഉപയോഗപ്പെടുന്നതായി ഐ.ടി അധ്യാപകര്‍ സൂചിപ്പിക്കാറുണ്ട്. ഐ.ടി യിലെ ഏറെ സങ്കീര്‍ണ്ണമായ പാഠഭാഗങ്ങള്‍ പോലും വളരെ ലളിതമായി വിശദീകരിച്ചിട്ടുള്ള പഠനസഹായികള്‍ കുട്ടികളെ അവ മനസ്സിലാക്കുന്നതില്‍ ഏറെ സഹായിക്കുമെന്നതില്‍ സംശയമില്ല. അനേകം പേജുകളും ചിത്രങ്ങളുടെ പിന്‍ബലത്തോടെയുള്ള വിശദീകരണങ്ങളുമെല്ലാം ഒരുക്കാന്‍ എന്തു മാത്രം സമയവും ശ്രമവും വേണമെന്ന് ഊഹിക്കാവുന്നതേയുള്ളു. പലവട്ടം എഴുതിയും തിരുത്തിയും ഇത്തരത്തില്‍ പഠനസഹായികള്‍ ഒരുക്കുന്ന ജോണ്‍ സാറും റഷീദ് ഓടക്കല്‍ സാറും, ഷാജി സാറുമെല്ലാം നടത്തുന്ന അധ്വാനത്തിന്റെ ഫലം യഥാര്‍ത്ഥത്തില്‍ കുട്ടികളിലേക്ക് എത്തുന്നുണ്ടോ എന്നു ഒരിടെ ഞങ്ങള്‍ക്ക് സംശയം തോന്നിയിരുന്നു.
ഒരു ചെറിയ അനുഭവമാണ് ഞങ്ങളുടെ ആ സംശയം മാറ്റിയത്..വീണ്ടും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഒരുക്കാന്‍ പ്രേരണ നല്‍കുന്നതും സമാന അനുഭവങ്ങളാണ്..അതെന്തെന്നല്ലേ ?

പത്താം ക്ലാസിലെ ഐ.ടി പരീക്ഷയുടെ നടത്തിപ്പിനായി മറ്റു സ്കൂളുകളിലെത്തിയപ്പോളാണ് ഞങ്ങള്‍ക്ക് അത്ഭുതവും അഭിമാനവും തോന്നിയത്. അവിടെ പരീക്ഷയ്ക്ക് കുട്ടികള്‍ തയാറെടുക്കുന്നത് ടെക്സ്റ്റു ബുക്കോ നോട്ടു ബുക്കോ നോക്കിയല്ല, മറിച്ച് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ച പഠനസഹായികളുടെ ഫോട്ടോ കോപ്പികളാണ് അവരുടെ കൈയ്യിലിരിക്കുന്നത്.!!
കുട്ടികള്‍ക്ക് പഠനസമയത്ത് പ്രയോജനപ്പെടണം എന്നു കരുതി പ്രസിദ്ധീകരിക്കുന്ന പഠനസഹായികള്‍ അവര്‍ തുടര്‍ന്ന് പരീക്ഷയ്ക്കും മറ്റും റഫറന്‍സ് പോലെ പ്രയോജനപ്പെടുത്തുക. അധ്യാപകര്‍ നല്‍കുന്ന നോട്ടുകള്‍ക്കും അപ്പുറം ഒരു ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന പഠനസഹായികള്‍ക്ക് പ്രാധാന്യം ലഭിക്കുക!!
പഠന സംബന്ധമായ ആവശ്യങ്ങള്‍ക്ക് അവസാന വാക്കാവാന്‍ കഴിയുക എന്നത് വളരെ അപൂര്‍വ്വമാണ്.. ചുരുങ്ങിയ പക്ഷം പത്താം ക്ലാസ് ഐ.ടി യുടെ കാര്യത്തിലെങ്കിലും മാത്സ് ബ്ലോഗിന് അത് അവകാശപ്പെടാന്‍ സാധിക്കുമെന്നു കരുതുന്നു.. അത്ഭുതവും അഭിമാനവും തോന്നിയ സമാന നിമിഷങ്ങളാണ് ഓരോ അധ്യാപകനും പ്രേരണയേകുന്നത്. കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം അവര്‍ക്കു നല്‍കുന്നത്..

പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമായ വിവരവിശകലനത്തിന്റെ പുതുരീതികള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠനസഹായികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കുട്ടികള്‍ എട്ടിലും ഒന്‍പതിലും പഠിച്ച സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഡാറ്റ ഫോം, ലുക്ക് അപ് ഫങ്ഷന്‍, കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ്, മെയില്‍ മേര്‍ജ് എന്നിവയാണ് പത്താം ക്ലാസില്‍ ഐ.സി.ടി യുടെ രണ്ടാമത്തെ ചാപ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തിയറി ചോദ്യങ്ങളുടെ സമാഹാരമാണ് പള്ളിപ്പുറം ഹൈസ്കൂളിലെ ഷാജി സാര്‍ ഒരുക്കിയിട്ടുള്ളത്. ഒപ്പം കഴിഞ്ഞ വര്‍ഷം ജോണ്‍ സാര്‍ തയാറാക്കി മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ച വര്‍ക്ക് ഷീറ്റുകളും, റഷീദ് ഓടക്കല്‍ സാറിന്റെ നോട്സും ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു.
പാഠഭാഗങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഈ പഠനസഹായികള്‍ അധ്യാപകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നു കരുതട്ടെ. അധ്യാപകരുടേതുമായി താരതമ്യം ചെയ്യുന്പോള്‍ മാത്സ് ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതികളേറെയാണ്. കുട്ടികളിലേക്ക് അവര്‍ക്കാശ്രയിക്കാവുന്ന പഠനസഹായികള്‍ പ്രസിദ്ധീകരിക്കാനുള്ള മാധ്യമായി പ്രവര്‍ത്തിക്കുക എന്നതു മാത്രമേ മാത്സ് ബ്ലോഗിനു ചെയ്യാനാകൂ. അവ കുട്ടികളിലേക്ക് എത്തിക്കുന്നത് നിങ്ങള്‍ അധ്യാപകരാണ്. ഈ പഠനസഹായികള്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമല്ലോ.. ഒപ്പം പഠനസഹായികള്‍ ഒരുക്കിയവരെ പ്രോത്സാഹിപ്പിക്കാന്‍ മറക്കരുതേ..

പത്താം ക്ലാസ് ഐസിടി രണ്ടാം യൂണിറ്റുമായി ബന്ധപ്പെട്ട തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ വര്‍ക്ക് ഷീറ്റുകളും ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം

Click Here for IT Theory questions prepared by Shaji Sir

IT Worksheets prepared by John.P.A, HSA, HIBHS, Varappuzha (Re publishing) English | Malayalam

Class Notes Prepared by Rasheed Odakkal, GVHSS, Kondotty(Re-Publishing)


Read More | തുടര്‍ന്നു വായിക്കുക

PRE-MATRIC MINORITY SCHOLARSHIP 2013-14

>> Thursday, July 11, 2013

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്ന് നിബന്ധനയുണ്ട്. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. 2013 ജൂലൈ 1 മുതല്‍ ആഗസ്റ്റ് 16 വരെ അപേക്ഷിക്കാം. N2/22494/13/DPI എന്ന നമ്പറിലുള്ള അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. കുട്ടികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് സ്ക്കൂളുകളില്‍ നിന്നു ഡാറ്റാ എന്‍ട്രി നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനേയും കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

അപേക്ഷ എങ്ങനെ?
  • കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
  • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
  • കഴിഞ്ഞ അധ്യയനവര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. എന്നാല്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അപേക്ഷകരെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
  • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
  • അപേക്ഷയോടൊപ്പം മതമോ വരുമാനമോ തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റോ മുദ്രപത്രങ്ങളോ ആവശ്യമില്ല.
  • രക്ഷകര്‍ത്താക്കള്‍ വരുമാനം സംബന്ധിച്ച് അപേക്ഷാഫോമില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതി. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
  • പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷയിലെ Fresh കോളവും കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ Renewal കോളവും ടിക് ചെയ്യണം.
  • ഒരു കുടുംബത്തില്‍ നിന്നും 2 വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ.

അപേക്ഷകള്‍ സ്ക്കൂളില്‍ സ്വീകരിക്കുമ്പോള്‍
  • കുട്ടിക്ക് അപേക്ഷ പൂരിപ്പിക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അധ്യാപകര്‍ സഹായിക്കേണ്ടതാണ്.
  • അപേക്ഷകരുടെ വരുമാനം, മതം, മാര്‍ക്ക്/ഗ്രേഡ് എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. മറ്റൊരു വിദ്യാലയത്തില്‍ നിന്നും ഈ വര്‍ഷം സ്ക്കൂളിലെത്തിയ വിദ്യാര്‍ത്ഥിയാണ് അപേക്ഷകനെങ്കില്‍ നേരത്തേ പഠിച്ചിരുന്ന വിദ്യാലയത്തില്‍ നിന്നും വാങ്ങുന്ന സര്‍ട്ടിഫിക്കറ്റുമായി ഒത്തു നോക്കിയിരിക്കണം.
  • അപേക്ഷയ്ക്ക് രണ്ട് പാര്‍ട്ടുകളുണ്ട്. ആദ്യ പാര്‍ട്ട് അപേക്ഷകനു വേണ്ടിയുള്ളതും രണ്ടാമത്തെ പാര്‍ട്ട് സ്ക്കൂള്‍ അധികാരികള്‍ പൂരിപ്പിക്കേണ്ടതുമാണ്. അപേക്ഷയുടെ ആദ്യ പാര്‍ട്ടില്‍ Fresh/Renewalസ്റ്റാറ്റസ്, ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അതിലുള്ള യു.ഐ.ഡി നമ്പര്‍, എന്നിവ നിശ്ചിത കോളങ്ങളില്‍ ഉണ്ടോയെന്ന് ഉറപ്പു വരുത്തണം.
  • Renewal അപേക്ഷയാണെങ്കില്‍ കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റേയോ അല്ലെങ്കില്‍ കുട്ടിയുടേയും രക്ഷകര്‍ത്താവിന്റേയും പേരിലുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ടിന്റേയോ നമ്പറും ആവശ്യമായ മറ്റ് വിവരങ്ങളും ഉണ്ടായിരിക്കണം.

സ്ക്കൂളുകളില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി എങ്ങനെ?
  • അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ (ന്യൂനപക്ഷം) സൈറ്റിലേക്ക് സ്ക്കൂളില്‍ നിന്നു തന്നെ എന്റര്‍ ചെയ്യണം.
  • ലോഗിന്‍ ചെയ്യുമ്പോള്‍ New Password സെറ്റ് ചെയ്യുന്നതിനു പേജാണ് വരിക.
  • അതിനു ശേഷം സ്ക്കൂളിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടി വരും. അതില്‍ School Code, School Name, Class From, Class To (ഏതു ക്ലാസ് മുതല്‍ ഏത് ക്ലാസ് വരെയുണ്ട് സ്ക്കൂളില്‍), Education District, Educational Sub District, Type of Institution, Aided/Unaided.., സ്ക്കൂളിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളായി Name of the Bank, Branch Name, Name of the Account Holder, Account Number, IFSC Code എന്നിവയായിരിക്കും എന്റര്‍ ചെയ്യുക.
  • ഇനി അപേക്ഷകള്‍ ഓരോന്നായി ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യാം. ഏറ്റവും മുകളിലെ Dash Board എന്ന മെനുവില്‍ നിന്നോ ഇടതുവശത്തെ Application Form എന്ന മെനുവില്‍ നിന്നോ New Application തിരഞ്ഞെടുക്കാം.
  • പുതുതായി അപേക്ഷിക്കുന്നവര്‍ അപേക്ഷയിലെ Fresh കോളവും കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ Renewal കോളവും സെലക്ട് ചെയ്യണം ചെയ്യണം.
  • Renewal കോളം സെലക്ട് ചെയ്യുമ്പോള്‍ Previous Application നമ്പര്‍ ചോദിക്കും. ഈ കുട്ടി നമ്മുടെ വിദ്യാലയത്തില്‍ പഠിച്ചിരുന്ന കുട്ടിയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം എന്റര്‍ ചെയ്ത വിവരങ്ങളെ ഈ ഫീല്‍ഡുകളിലേക്ക് കൊണ്ടു വരാന്‍ കഴിയും. അങ്ങനെ ടൈപ്പിങ് ജോലി ലഘൂകരിക്കാം. അവിടെ Report ലെ Previous Year Applicant list ല്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ Application Number കണ്ടെത്തി നല്‍കി അഡ്മിഷന്‍ നമ്പറിന്റെ കോളത്തിലേക്ക് വരുമ്പോഴേക്കും കഴിഞ്ഞ വര്‍ഷം ടൈപ്പ് ചെയ്തു ചേര്‍ത്ത വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ഈ കുട്ടി മറ്റൊരു സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിയതാണെങ്കില്‍ Application Number എന്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല.
  • ചുവന്ന സ്റ്റാര്‍ ചിഹ്നം (*) ഇട്ട ഫീല്‍ഡുകള്‍ നിര്‍ബന്ധമായും നിശ്ചിത ഡാറ്റ എന്റര്‍ ചെയ്തിരിക്കണം. കുട്ടിയുടെ Admission Number, Name, Class, Date of Birth, Gender, Name of Father/Mother/Guardian, Guardian Type(Father/Mother/Guardian), Religion, House name/No, Street/Place, City / Town / Village & P.O, District, Pin code, Annual Income എന്നിവയാണ് ചുവന്ന സ്റ്റാര്‍ ചിഹ്നം ഇട്ടിരിക്കുന്ന ഫീല്‍ഡുകള്‍. ഇവ നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. കഴിഞ്ഞ വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (ന്യൂനപക്ഷം)ലഭിച്ച (Renewal) കുട്ടിയാണെങ്കില്‍ Bank Name, Branch Name, Name of Account Holder, Account No എന്നിവ കൂടി വേണ്ടി വരും. എന്റര്‍ ചെയ്യുന്നതിനു മുമ്പ് അപേക്ഷയില്‍ മേല്‍ വിവരങ്ങളെല്ലാം ഉണ്ടോയെന്ന് ഉറപ്പു വരുത്തണം. ഈ വിവരങ്ങളിലേതെങ്കിലും ഇല്ലെങ്കില്‍ ഡാറ്റാ എന്‍ട്രി നടത്തി സേവ് ചെയ്യാന്‍ സാധിക്കില്ല.
  • കുട്ടിക്ക് ആധാര്‍/യു.ഐ.ഡി നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അത് എന്റര്‍ ചെയ്യേണ്ടതാണ്.
  • ഒരു അപേക്ഷ എന്റര്‍ ചെയ്ത് സേവ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ചെയ്യപ്പെടും. ആയത് അപേക്ഷയുടെ മുകള്‍ ഭാഗത്ത് എഴുതിവെക്കേണ്ടതും അപേക്ഷയിലെ Receipt ഭാഗത്ത് എഴുതി അപേക്ഷകന് നല്‍കേണ്ടതുമാണ്.
  • അപേക്ഷകള്‍ എന്റര്‍ ചെയ്യപ്പെടുന്നതിന്റെ സ്റ്റാറ്റസ് Reports മെനുവില്‍ നിന്നു കാണാന്‍ കഴിയും. Data Entry Status, Class wise list, School wise list, Consolidated List എന്നിവ Reports മെനുവില്‍ നിന്നും ലഭിക്കും.
  • അപേക്ഷകളെല്ലാം ഓണ്‍ലൈനില്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ Verify ചെയ്യേണ്ടതാണ്.

NB :- Renewal-നെ Fresh ആക്കാനും Fresh-നെ Renewal ആക്കാനും ഉള്ള ഓപ്ഷന്‍ School Reports - ല്‍ ഉണ്ട്

അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാന തീയതി 16-8-2013 ആണ്. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് എന്റര്‍ ചെയ്യുന്നത് ഓണ്‍ലൈന്‍ ട്രാഫിക് പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് ഉപകരിക്കും. എന്‍ട്രി കഴിഞ്ഞതിനു ശേഷം അപേക്ഷകള്‍ സ്ക്കൂളില്‍ത്തന്നെയാണ് സൂക്ഷിക്കേണ്ടത്. വെരിഫൈ ചെയ്ത ശേഷം സൈറ്റില്‍ നിന്നും അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് പ്രിന്റെടുത്ത് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. മേല്‍പ്പറഞ്ഞവയുടെയെല്ലാം വിശദാംശങ്ങള്‍ വിവിധ സര്‍ക്കുലറുകളിലായി ചുവടെയുണ്ട്. അതെല്ലാം വിശദമായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ എന്‍ട്രി ആരംഭിക്കാം.


പ്രധാനപ്പെട്ട സര്‍ക്കുലറുകള്‍

INSTRUCTION – FOR APPLICANTS

INSTRUCTION – FOR SCHOOLS

APPLICATION FORM

PRE-MATRIC SCHOLARSHIP (Minority) – SITE

Circular About UID and Bank Account

ഒരിക്കല്‍ക്കൂടി പറയട്ടെ, അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് മുകളില്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറുകള്‍ കൃത്യമായി പരിശോധിക്കുക. സംശയങ്ങള്‍ കമന്റിലൂടെ ചോദിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

SETIGam Exam Series
Maths, Physics and Chemistry

>> Monday, July 8, 2013

പ്രമോദ് സാറിന്റെ SETIGam പരീക്ഷാ സോഫ്റ്റ്​വെയര്‍ ഒരു വിപ്ലവം തന്നെയാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും അധ്യാപകന്‍ കമ്പ്യൂട്ടറിലൂടെ കുട്ടിയെ പരീക്ഷയെഴുതിക്കുന്നു. കമ്പ്യൂട്ടര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തി കുട്ടി എത്രത്തോളം പാഠഭാഗങ്ങള്‍ മനസ്സിലാക്കി എന്നു തിരിച്ചറിയുന്നു. കുട്ടിക്ക് പരീക്ഷ വീട്ടിലിരുന്നോ സ്ക്കൂള്‍ ലാബിലിരുന്നോ ചെയ്യാം. പത്താം ഗണിതശാസ്ത്രത്തില്‍ ഒന്നാം യൂണിറ്റിന്റെ പരീക്ഷ SETIGamലാക്കി അവതരിപ്പിച്ചത് ഉപകാരപ്രദമായി എന്ന് ഏറെപ്പേര്‍ അറിയിച്ചിരുന്നു. പല കുട്ടികളുടേയും പേടിസ്വപ്നമായ കണക്കു പരീക്ഷയെ പേടികൂടാതെ സമീപിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയുടെ ഒരു സാധ്യത എന്ന നിലക്കാണ് അദ്ദേഹം ഇത് തയ്യാറാക്കിത്തുടങ്ങിയത്. അധ്യാപകരുടെ ആവശ്യപ്രകാരം കള്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റിനുള്ള സൗകര്യവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. CSV ഫയലുകളായി ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മാത്രമല്ല ഗണിതശാസ്ത്രത്തിലെ മൂന്നാം അധ്യായം ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുമ്പോള്‍, പരീക്ഷയെഴുതുന്ന ഓരോ കുട്ടിയുടേയും ഉത്തരങ്ങള്‍ Home ഡയറക്ടറിയില്‍ ചിത്രഫയലുകളായി സേവ് ആകന്ന രീതിയില്‍ പ്രോഗ്രാം അദ്ദേഹം വികസിപ്പിച്ചിട്ടുണ്ടത്രേ. ഇന്‍സ്റ്റലേഷന്റെ വിധമെല്ലാം നേരത്തേ പ്രസിദ്ധീകരിച്ച SETIGam പോസ്റ്റിലുള്ളതു പോലെയാണ്. മറ്റു വിഷയങ്ങളുടേയും പരീക്ഷാ പ്രോഗ്രാമുകള്‍ വേണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ ആദ്യ യൂണിറ്റുകള്‍ അദ്ദേഹം തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിട്ടുണ്ട്. കൂട്ടത്തില്‍ ഗണിതശാസ്ത്രം രണ്ടും മൂന്നും യൂണിറ്റുകളായ വൃത്തങ്ങള്‍, രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയുടെ പരീക്ഷാ പ്രോഗ്രാമുകളും ചുവടെ നല്‍കിയിട്ടുണ്ട്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങളെഴുതുമല്ലോ. ഒപ്പം സംശയങ്ങളും.

ഫിസിക്സ് ഒന്നാം യൂണിറ്റ് പരീക്ഷ
കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍. എം. എച്ച്. എസിലെ ഭൗതികശാസ്ത്രാധ്യാപകനായ നാരായണന്‍ സാറിന്റെ സഹായത്തോടെയാണ് SETIGam Physics തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന യൂണിറ്റിന്റെ പരീക്ഷ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. Application-Others-Setigamphysicschapter1 എന്ന ക്രമത്തിലായിരിക്കും ഇന്‍സ്റ്റലേഷനു ശേഷം സോഫ്റ്റ്​വെയര്‍ തുറക്കാന്‍ കഴിയുക.

Click here for SETIGam Physics


കെമിസ്ട്രി ഒന്നാം യൂണിറ്റ് പരീക്ഷ
വാതകാവസ്ഥ എന്ന പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ യൂണിറ്റുമായി ബന്ധപ്പെട്ട പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ചിട്ടുള്ളത് പ്രമോദ് സാറിന്റെ സുഹൃത്തും അധ്യാപകനുമായ കെ.സജീഷ് സാറാണ്. ചുവടെ നിന്നും കെമിസ്ട്രി പരീക്ഷാ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download X Chemistry Unit-II

ഗണിതശാസ്ത്രം രണ്ട്, മൂന്ന് യൂണിറ്റ് പരീക്ഷ
പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം അധ്യായമായ വൃത്തങ്ങള്‍, മൂന്നാം അധ്യായമായ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയെ അധിഷ്ഠിതമാക്കി തയ്യാറാക്കിയ പരീക്ഷ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download X Maths Unit-II

Click here to download X Maths Unit-III


Read More | തുടര്‍ന്നു വായിക്കുക

Std X - English - Unit 1

>> Saturday, July 6, 2013

മുന്‍പ് നമ്മുടെ കമന്റ് ബോക്സില്‍ ചൂടേറിയ ഒരു ചര്‍ച്ച നടക്കവെ പത്താം ക്ലാസിലെ ഒരു പാഠഭാഗം കടന്നു വന്നിരുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ് സാഹിത്യകാരില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരനായ ശ്രീ.ആര്‍.കെ നാരായന്റെ 'Father's Help' എന്ന കഥയിലെ സ്വാമി എന്ന കുട്ടിയുടെ സ്കൂള്‍ പഠനക്കാലത്തെ ഒരു അനുഭവമാണ് ആ കമന്റില്‍ സൂചിപിപ്പിക്കപ്പെട്ടത്. അന്നു നാം ചര്‍ച്ച ചെയ്ത അതേ പാഠഭാഗത്തെ കുറിച്ചുള്ള പഠനസഹായിയാണ് ചേര്‍ത്തല സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ അധ്യാപകനായ മാത്യു സാര്‍ അവതരിപ്പിക്കുന്നത്.

തിങ്കളാഴ്ച രാവിലെ സ്കൂളില്‍ പോകാന്‍ സ്വാമിക്കു മടിയാണ്. ചെറിയൊരു നുണ പറഞ്ഞു കളയാം സ്വാമി തീരുമാനിച്ചു. തലവേദന എന്ന ആ നുണ അമ്മയുടെ അടുത്ത് ഏറ്റു.. എന്നാല്‍ അച്ഛനാകട്ടെ,തീരെ അടുക്കുന്നില്ല. സ്വാമിയെ സ്കൂളില്‍ വിട്ടേ അടങ്ങൂ എന്ന വാശിയിലാണ് അച്ഛന്‍. സ്വാമിക്കു സ്കൂളില്‍ പോകാന്‍ സാധിക്കുകയുമില്ല..സ്കളില്‍ പോയേ മതിയാകൂ എന്ന് അച്ഛനും.. ഈ സാഹചര്യത്തില്‍ സ്വാമി മറ്റൊരു നുണ പറഞ്ഞു. തല്‍കാലത്തെ രക്ഷപെടലിനു വേണ്ടി സ്വാമി പറഞ്ഞ നിര്‍ദ്ദോഷം എന്നു കരുതാവുന്ന ആ നുണ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്കാണ് സ്വാമിയെ നയിച്ചത്...

സ്വാമിയുടെ ഈ അനുഭവത്തെ വിവരിക്കുന്ന ഇംഗ്ലീഷിലെ ആദ്യ പാഠമായ 'Father's Help' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഈ പഠനസഹായില്‍ പാഠഭാഗത്തിന്റെ ചുരുക്കം, രചയിതാവായ ആര്‍.കെ. നാരായണനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, പാഠഭാഗത്തിലെ ചോദ്യങ്ങളുടെ ഉത്തരസൂചികകള്‍, പാഠഭാഗത്തില്‍ നിന്നും വരാവുന്ന 'comprehension questions' എന്നിവ ചേര്‍ത്തിരിക്കുന്നു. ഇംഗ്ലീഷിലെ ആദ്യ പാഠവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യ മേഖലകളും സാര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു പൂര്‍ണ്ണതയുള്ള പഠനസഹായിയായി ഇതിനെ മാറ്റുന്നു.
ഇംഗ്ലീഷ് വിഷയത്തെ നമ്മുടെ കുട്ടികള്‍ക്ക് ഏറെ എളുപ്പമാക്കാന്‍ ഈ പഠനസഹായി തീര്‍ച്ചയായും ഉപകരിക്കം

ഇവിടെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഈ പഠനസഹായി ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

Std X - Physics - Chapter 1

>> Tuesday, July 2, 2013

പത്താം ക്ലാസിലെ വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ കഴിഞ്ഞ വര്‍ഷം മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള അതാതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനമാണ് 'മാത്​സ് ബ്ലോഗ് ഒരുക്കം' എന്ന പേരില്‍ എല്ലാ വിഷയങ്ങളുടെയും പഠനസഹായികള്‍ ഒരുക്കാന്‍ അന്ന് സഹായകമായത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. മാറി വരുന്ന ചോദ്യമാതൃകള്‍ക്കനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിക്കാറുള്ള മാത്​സ് ബ്ലോഗ് പഠനസഹായികള്‍ ഏറെ സഹായകമാകുന്നു എന്ന് അധ്യാപകരും സൂചിപ്പിക്കാറുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി അധ്യാപകരാല്‍ സൃഷ്ടിക്കപ്പെടുന്ന ഈ കൈത്താങ്ങ് ഗൈഡുകളുടെയും അതു പോലുളള മറ്റു പ്രസിദ്ധീകരണങ്ങളുടെയും പരിമിതിയാണ് സൂചിപ്പിക്കുന്നത്. പത്താം ക്ലാസ് ഫിസിക്സ് ആദ്യ പാഠത്തിന്റെ നോട്സും മാതൃകാ ചോദ്യങ്ങളുമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുടിക്കല്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഇബ്രാഹിം.വി.എ സാറാണ് ഈ പഠനസഹായി തയാറാക്കിയിരുന്നത്. വൈദ്യൂതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗത്തെ വളരെ ലളിതമായി ചിത്രങ്ങളുടെ സഹായത്തോടെ വിശദമാക്കുകയാണ് സാര്‍ ചെയ്തിരിക്കുന്നത്. ഈ പാഠഭാഗത്തെ എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കുന്ന തരത്തില്‍ ചെറിയ തലക്കെട്ടുകളിലൂടെ സാര്‍ നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാകും എന്നതില്‍ സംശയമില്ല..

ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഈ പഠനസഹായി ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here for download the Physics Notes
കുട്ടികളിലേക്ക് ഈ പഠനസഹായി എത്തിക്കാനും പഠനസഹായികള്‍ തയാറാക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും എന്നും മുന്നില്‍ നിന്നിട്ടുള്ള നിങ്ങള്‍ ഓരോരുത്തരുടെയും സഹായം തുടര്‍ന്നും ഉണ്ടാകുമല്ലോ... മാത്രമല്ല, നിങ്ങളോരോരുത്തരില്‍ നിന്നും വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന പഠനസഹായികള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer