റിവിഷന്‍ പാക്കേജും ഒരു പഠനപ്രവര്‍ത്തനവും

>> Wednesday, September 29, 2010

പരപ്പളവ്, സമവാക്യജോടികള്‍ ,ജ്യാമിതീയ അംശബന്ധങ്ങള്‍ എന്നീ ആശയങ്ങളെ ചേര്‍ത്തുകൊണ്ട് ഒരു പഠനപ്രവര്‍ത്തനം അവതരിപ്പിക്കുകയാണ് ഇന്ന്.ചിത്രങ്ങള്‍ അളന്ന് വരച്ചവയല്ല.ഈ ചിത്രങ്ങള്‍ചാര്‍ട്ടു പേപ്പറില്‍ മനോഹരമായി വരച്ച് പ്രദര്‍ശിപ്പിക്കാവുന്നതാണ്. മൂന്നു പാഠഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പ്രവര്‍ത്തനം ഒരു തുടര്‍മൂല്യനിര്‍ണ്ണയ ഉപാധിയായും ഉപയോഗിക്കുന്നതിന്റെ സാധ്യത നമുക്ക് വിലയിരുത്താം.
ഈ പ്രവര്‍ത്തനത്തിന് മൂന്നു ഭാഗങ്ങളുണ്ട്. താഴെ കാണുന്ന രണ്ടു ചിത്രങ്ങള്‍ ആദ്യഭാഗമാണ്. തികച്ചും ലളിതമായ ഇവ പൂര്‍ത്തിയാക്കിയശേഷം അതിനു താഴെയുള്ള ചിത്രങ്ങളും,ഒപ്പമുള്ള ചോദ്യങ്ങളും പരിഗണിക്കുക


ആദ്യ ചിത്രത്തില്‍ 5 ച യൂണിറ്റ് , 10 ച യൂണിറ്റ് പരപ്പളവുകളുള്ള രണ്ടു ത്രികോണങ്ങള്‍ കാണാം.അവയുടെ പാദങ്ങള്‍ ഒരേ രേഖയിലാണ്.ഒരേ ഉന്നതിയാണ്.പാദങ്ങള്‍ തമ്മിലുള്ള അംശബന്ധം പരപ്പളവുകള്‍ തമ്മിലുള്ള അംശബന്ധം തന്നെയാണ്.ഇത് കുട്ടിയ്ക്ക് വളരെ ​എളുപ്പത്തില്‍ മനസിലാക്കാവുന്നതാണ്.

ഇനി മറ്റു മൂന്നു ചിത്രങ്ങള്‍ നോക്കാം


ത്രികോണം ABC യില്‍ മൂന്നു ത്രികോണങ്ങള്‍ കാണാം.പാദത്തില്‍ കാണുന്ന D എന്ന ബിന്ദു BC യെ രണ്ടാക്കുന്നു.BD യുടെ ഇരട്ടിയാണ് CD.
1) ത്രികോണം ABC യിലെ രണ്ടു ത്രികോണങ്ങളുടെ പരപ്പളവുകളുടെ തുകയായ A + B കണക്കാക്കുക ?
2)മറ്റു രണ്ടു ചിത്രങ്ങളിലും C , D എന്നീ പരപ്പളവുകള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഇനി താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക

ത്രികോണം BDE , ത്രികോണം BDC ,ത്രികോണം FDC എന്നിവയുടെ പരപ്പളവുകള്‍ യഥാക്രമം 8 ച .യൂണിറ്റ്, 10 ച .യൂണിറ്റ്, 5 ച.യൂണിറ്റ് വീതമാണ്.
ചതുര്‍ഭുജം AEDF ന്റെ പരപ്പളവ് കണക്കാക്കുക

റിവിഷന്‍ പാക്കേജിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Standard IX Model Question Paper


Read More | തുടര്‍ന്നു വായിക്കുക

ജിയോജിബ്ര - വീഡിയോ ട്യൂട്ടോറിയല്‍

>> Monday, September 27, 2010

"എന്തും ഏറ്റെടുക്കാന്‍ തയ്യറായി നില്‍ക്കുന്ന ഒരു ടീമിന്റെ മുമ്പില്‍ ആവശ്യങ്ങള്‍ നിരത്തട്ടെ" യെന്ന മുഖവുരയോടുകൂടി മലപ്പുറത്തെ ഊര്‍ജ്ജസ്വലരായ എസ്.ഐ.ടി.സിമാരിലൊരാളും പുല്ലങ്കോട് ജി.എച്ച്.എസ്.എസിലെ അധ്യാപകനുമായ ഗോപകുമാര്‍ സാര്‍ അയച്ചുതന്ന ജിയോജെബ്രാ വീഡിയോ ടൂട്ടോറിയല്‍ കണ്ടു നോക്കൂ...സുരേഷ്ബാബു സാര്‍ തയ്യാറാക്കിയ പാഠഭാഗം കമ്പ്യൂട്ടറില്‍ ചെയ്യുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. ജിയോജിബ്ര അറിയില്ല എന്നു പരാതി പറയുന്ന അധ്യാപകര്‍ക്ക് വളരെ ലളിതമായാണ് മലയാളത്തിലുള്ള വിശദീകരണങ്ങളുമായി ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം നമ്മള്‍ അധ്യാപകര്‍ക്കു വേണ്ടിയാണ് പങ്കുവെക്കുന്നത്. ഇവരെയെല്ലാം നാം പ്രോത്സാഹിപ്പിച്ചേ മതിയാകൂ. എങ്കിലേ കൂടുതല്‍ മികവുകളുമായി ഇവര്‍ വീണ്ടും നമുക്കു മുന്നിലെത്തൂ. അഭിനന്ദിക്കാന്‍ മടിക്കരുതേ. ഒപ്പം സംശയങ്ങള്‍ ചോദിക്കാനും. എന്നാല്‍ നമുക്ക് വീഡിയോ ട്യൂട്ടോറിയല്‍ കണ്ടു നോക്കാം.


"വീഡിയോ എഡിറ്റിംഗ് മികവു കൊണ്ട് ശ്രദ്ധേയനായ ഒമ്പതാം ക്ലാസ്സുകാരന്‍ അനന്തപത്മനാഭന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കൊണ്ട് തുടങ്ങട്ടെ. അനന്തനെ പോലുള്ളവര്‍ അധ്യാപകസമൂഹത്തിന് പ്രചോദനമാകുന്നു." ഗോപകുമാര്‍ സാറിന്റെ ഈ വാക്കുകള്‍ കേവലം മുഖസ്തുതിയല്ലെന്നും ഉള്ളില്‍ത്തട്ടിയുള്ളതാണെന്നതിനും തെളിവായി ഈ വീഡിയോ മാത്രമല്ല ഞങ്ങള്‍ നിരത്തുന്നത്. സ്വന്തം സ്ക്കൂളിലെ കുട്ടികള്‍ക്കു വേണ്ടി അദ്ദേഹം ഐടിക്ക് വര്‍ക്കു ഷീറ്റുകള്‍ വരെ തയ്യാറാക്കിക്കൊടുക്കുന്നു എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ അധ്വാനത്തെപ്പറ്റിയും ആത്മാര്‍ത്ഥതയെപ്പറ്റിയും മാത്​സ് ബ്ലോഗ് കൂടുതല്‍ വീശദീകരിക്കേണ്ടതില്ലല്ലോ.

"Ubuntu വില്‍ ലഭ്യമായ വീഡിയോ എഡിറ്ററായ Kdenlive ല്‍ തലകുത്തിമറിയാന്‍ തുടങ്ങിയത് സുരേഷ് സാറിന്റെ ജിയോജിബ്ര പോസ്റ്റിന് ശേഷമാണ്. പോസ്റ്റിനെ ആധാരമാക്കി ഒരു വീഡിയോ ടൂട്ടോറിയല്‍ തയ്യാറാക്കലായിരുന്നു ലക്ഷ്യം. പക്ഷെ സോഫ്റ്റ് വെയറിലുള്ള സൗകര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല, അതിനാല്‍ തൃപ്തനായിട്ടുമില്ല.അതിന് അദ്ദേഹം ഉദാഹരണങ്ങളും നിരത്തുന്നു.

1.Kenlivenല്‍ Text Titles ഉള്‍പ്പെടുത്തുമ്പോള്‍ ആകെ നല്കാന്‍ പറ്റുന്ന effect Type writer എന്നത് മാത്രമാണ്. മറ്റ് effects ഉണ്ടോ എന്നറിയില്ല.

2.അതുപോലെ ഒരു ഓഡിയോ ക്ലിപ്പ് ചേര്‍ത്താല്‍ അതിന്റെ volume Adjust ചെയ്യാന്‍ പറ്റുന്നില്ല. ഞാന്‍ കാത്തരിക്കുകയാണ്, മലപ്പുറത്തെ പ്രദീപ് സാര്‍ ഹസൈനാര്‍ സാര്‍ , ഹക്കീം സാര്‍ ഇവരുടെ ആരുടെയെങ്കിലും ഒരു ലിനക്സ് അധിഷ്ഠിത വീഡിയോ എഡിറ്ററിനെക്കുറിച്ചുള്ള ഒരു പോസ്റ്റ്.

അതിനാല്‍ പൂര്‍ണമായും ലിനക്സില്‍ ചെയ്യണം എന്ന ആഗ്രഹം മാറ്റി വെച്ച് ടൈറ്റിലുകള്‍ ചേര്‍ക്കാന്‍ മാത്രം വിന്റോസ് ഉപയോഗിച്ചുകൊണ്ട് Kdenlive ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്." സാറിന്റെ പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിക്കപ്പെടേണ്ടതു തന്നെയാണ്. ഏതായാലും ഇതൊരു തുടക്കം മാത്രമാകട്ടെ. ജിയോജിബ്ര കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടത് ഒരു ആവശ്യമായിത്തീര്‍ന്നിരിക്കുന്ന ഈ ഘട്ടത്തില്‍ പ്രത്യേകിച്ചും!

തുടക്കക്കാര്‍ക്ക് ഈ ജിയോജിബ്ര വീഡിയോ ട്യൂട്ടോറിയല്‍ ഒരു സഹായകമാകുമെന്നതില്‍ സംശയിക്കാനില്ല. സംശയങ്ങള്‍ ചോദിക്കൂ. കൂടുതല്‍ അറിയാവുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കൂ.


Read More | തുടര്‍ന്നു വായിക്കുക

സത്യമായ സ്വാതന്ത്യത്തിന്റെ പതിമൂന്നു വര്‍ഷങ്ങള്‍

>> Saturday, September 25, 2010

നമ്മുടെ ടീമിലെ കുറച്ചുപേര്‍ ഇന്ന് രാവിലെ ഒമ്പതുമണിമുതല്‍ എറണാകുളം അധ്യാപക ഭവനിലുണ്ടാകും.ശ്രീനാഥ്, ഹരി, നിസാര്‍, ജോമോന്‍ .....ചിലപ്പോള്‍ ജോണ്‍സാറും. എന്താ കാര്യമെന്നാകും, അല്ലേ..? കൊച്ചിയിലെ ഐലഗ് ;അതിന്റെ വിജയകരമായ പതിമൂന്നു വര്‍ഷം പിന്നിട്ടതിന്റെ സന്തോഷസൂചകമായുള്ള സ്വതന്ത്ര സോഫ്റ്റ്​വെയര്‍ കൂട്ടായ്മയാണവിടെ. പല മേഖലകളിലും നിന്നുള്ള നിസ്വാര്‍ഥരായ ഒരുപിടി ചെറുപ്പക്കാര്‍ ജെ.ജെ.എന്നറിയപ്പെടുന്ന ജേക്കബ്സാറിന്റെ മറൈന്‍ഡ്രൈവിലുള്ള 'ജേസ് ഇന്റര്‍നെറ്റ് കഫേ'യില്‍ എല്ലാ മാസത്തിലേയും അവസാന ഞായറാഴ്ച ഒത്തുചേരാന്‍ തുടങ്ങിയിട്ട് നീണ്ട പതിമൂന്നു വര്‍ഷങ്ങളായെന്നു സാരം.
ഐലഗിന്റെ മീറ്റിംഗിനായിയാണ് ഇവരെത്തുന്നത് എന്നു സൂചിപ്പിച്ചു.... എന്താണ് ഐലഗ് എന്നറിയണ്ടേ..?

ഇന്ത്യന്‍ ലിബ്രെ യൂസേഴ്‌സ് ഗ്രൂപ്പ് ആണ് ഐലഗ്. 1997 -ല്‍ കൊച്ചിയില്‍ രൂപം കൊണ്ട ഈ സംഘടന ഇന്നേറെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.
കൊച്ചി ഐലഗിന്റെ തുടക്കം
1997 സെപ്റ്റംബര്‍ മാസത്തിലാണ് കൊച്ചിയില്‍ ഇന്ത്യന്‍ ലിനക്സ് യൂസര്‍ ഗ്രൂപ്പ് (ഐലഗ് )രൂപീകരിക്കപ്പെടുന്നത്.ഈയടുത്ത് പേര് ഇന്ത്യന്‍ ലിബ്രെ യൂസര്‍ ഗ്രൂപ്പ് എന്നാക്കി മാറ്റുകയുണ്ടായി. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന ഏഴു സുഹൃത്തുക്കള്‍,1997 സെപ്‌റ്റംബര്‍ മാസത്തില്‍ എറണാകുളം നഗരത്തില്‍ ഒത്തു കൂടി. അവരുടെ ആദ്യ ഒത്തു ചേരലില്‍ ലിനക്‍സ് എന്ന പുത്തന്‍ ആശയമാണ് ചര്‍ച്ച ചെയ്‌തത്.
ആ ഒത്തുചേരലില്‍ ഏഴു പേരായിരുന്നെങ്കില്‍ ഇതിന്റെ രണ്ടാമത്തെ ഒത്തു ചേരലില്‍ പങ്കെടുത്തത് ഇരുപതു പേരാണ്. ഒരു പുതിയ സംരംഭത്തിന്റെ തുടക്കമാവുകയായിരുന്നു ആ ഒത്തു ചേരലുകള്‍.

വളര്‍ച്ച

സ്വതന്ത്ര സോഫ്‌റ്റ് വെയര്‍ ഉപയോഗിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെയ‌ക്കാനും അറിവുകള്‍ കൈമാറാനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കാനുമായിരുന്നു തുടക്കത്തില്‍ സംഘടന ലക്ഷ്യം വച്ചിരുന്നത്. ഇന്റെര്‍നെറ്റ് എന്നത് ഏറെ ചെലവേറിയതും അപൂര്‍വ്വവും ആയിരുന്ന ആ കാലത്ത് സ്വതന്ത്ര സോഫ്‌റ്റ് വെയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഏക മാര്‍ഗവും ഇതായിരുന്നു.

ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്‌താണ് ഈ നീക്കം മുന്നോട്ടു പോയത്. ആദ്യ കാലത്തെ ഹൃസ്വമായ മീറ്റിംഗുകള്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന മീറ്റിംഗുകള്‍ക്ക് വഴിമാറി .ഇന്റെര്‍നെറ്റ് കണക്‍ഷന്‍ ഏറെ ചെലവേറിയതായിരുന്ന ആ കാലത്ത് ഗ്നു ലിനക്‍സ് വീട്ടില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച് പരാജപ്പെട്ടവര്‍ ഈ മീറ്റിംഗില്‍ എത്തിയിരുന്നു.

എന്നാല്‍ പിന്നീട് ഈ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. വിവിധ വിഷയങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍, പ്രദര്‍ശനങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയവ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചു ഐലഗ് വളരുകയായിരുന്നു.

കടലു കടന്ന് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായ റിച്ചാഡ് സ്റ്റാള്‍മാന്റെ വരെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കൊച്ചിയിലെ ഐലഗ് പ്രവര്‍ത്തകര്‍ക്കായി. റിച്ചാഡ് സ്‌റ്റാള്‍മാനോടൊപ്പം കൊച്ചിയിലെ ഐലഗ് പ്രവര്‍ത്തകര്‍ നില്‍ക്കുന്ന ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇന്നത്തെ മീറ്റിംഗ്
സ്വതന്ത്ര സോഫ്‌റ്റ് വെയറുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങള്‍, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരം, സ്വതന്ത്ര സോഫ്‌റ്റ് വെയറിലെ മലയാളം കംപ്യൂട്ടിംഗിനെ കുറിച്ചുള്ള അവതരണം , ലൈബ്രറി മാനേജ്മെന്റ് , ലേണീംഗ് മാനേജ്മെന്റ്, ഗ്നു ലിനക്സ് ഇന്‍സ്റ്റാലേഷന്‍, ഗ്രാഫിക് ഡിസൈനിംഗ് എന്നിവയുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ , പോസ്‌റ്റര്‍ പ്രദര്‍ശനം കൂടാതെ നിങ്ങളുടെ ലാപ്ടോപ്പില്‍ സൗജന്യമായി ഗ്നൂ ലിനക്‌സ് ഇന്‍സ്‌റ്റാള്‍ ചെയ്‌തു തരുന്ന ഇന്‍സ്‌റ്റാള്‍ ബൂത്തും ഇവിടെയുണ്ട്.
പ്രവേശനം സൗജന്യമാണ് കേട്ടോ..വരുന്നോ എറണാകുളത്തേക്ക്?


Read More | തുടര്‍ന്നു വായിക്കുക

കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം

>> Friday, September 24, 2010

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം. ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് കവിയുടെ മുഴുവന്‍ പേര്. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാവില്‍ കുടുംബത്തില്‍ ഒ.എന്‍.കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് ഒ.എന്‍.വി ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.

1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ.എന്‍.വി വഹിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്‍, മയില്‍പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്‌നിശലഭങ്ങള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങ്ഗക പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒ.എന്‍.വി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. നാടക ഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയ്ക്കും തന്റേതായ സംഭാവന അദ്ദേഹം നല്‍കിയിട്ടുണ്ട്.

എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, സോവിയറ്റ്‌ലാന്‍ഡ് നെഹ്രു പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്‌കാരം, വിശ്വദീപ പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള ഒ. എന്‍. വി ജ്ഞാനപീഠ പുരസ്ക്കാരം നേടുന്ന അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ്.

എം.ടി വാസുദേവന്‍ നായര്‍ (1995), തകഴി ശിവശങ്കരപ്പിള്ള (1984), എസ്.കെ പൊറ്റേക്കാട്(1980), ജി. ശങ്കരക്കുറുപ്പ് (1965) എന്നിവരാണ് ജ്ഞാനപീഠം പുരസ്‌ക്കാരം നേടിയ മറ്റ് മലയാളം എഴുത്തുകാര്‍.

അദ്ദേഹം തന്നെ പാടിയ പോലെ
എന്റെ മകുടിയിലുടെ മൃത്യുഞ്ജയ-
മന്ത്രമായ് ത്തീരുന്നു ഞാനുമെന്‍ ഗാനവും


Read More | തുടര്‍ന്നു വായിക്കുക

പസില്‍ : മാനെത്ര? ആനയെത്ര?

>> Wednesday, September 22, 2010


പ്രഹേളികകള്‍ (Puzzle) ഗണിതത്തിന്റെ മറ്റൊരു തലമാണെന്നു പറയാം. യുക്തിയും ജ്ഞാനവും സമ്മിശ്രമായി പ്രയോഗിച്ചാലേ അവയുടെ കുരുക്കഴിക്കാന്‍ നമുക്ക് കഴിയുകയുള്ളു. പസിലുകള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടായ്മ നമുക്കുണ്ടായിരുന്നുവെങ്കിലും ഗണിതത്തിനും ഐടിയ്ക്കും കൂടുതല്‍ പ്രാധാന്യം കൊടുത്തു തുടങ്ങിയപ്പോള്‍ ഇടയ്ക്കെപ്പോഴോ പസിലുകളുടെ ഒഴുക്ക് നിന്ന പോലെ. ആ സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും പസിലുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ഞങ്ങള്‍ക്കു തോന്നുന്നു. ഉമേഷ് സാറും കാല്‍വിനുമെല്ലാം ഇടപെട്ടിരുന്ന, വിജയന്‍ സാറും അസീസ് സാറും ഗായത്രിയും ഹിതയും ഫിലിപ്പ് സാറുമൊക്കെ നയിച്ചിരുന്ന ആ കൂട്ടായ്മ ഏറെ രസകരമായിരുന്നു. ആ ആഗ്രഹത്തിന്റെ പ്രാരംഭചുവടുവെപ്പ് എന്ന നിലയില്‍ കണ്ണൂര്‍ജില്ലയിലെ കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കന്ററിസ്ക്കൂളിലെ അധ്യാപകനായ സി.മോഹനന്‍ സാര്‍ അയച്ചു തന്ന ഒരു പസിലാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഗണിതശാസ്ത്ര വിഭാഗം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പിലെ അംഗം കൂടിയാണ് അദ്ദേഹം. π എന്ന സംഖ്യയുടെ ചരിത്രവും പ്രത്യേകതകളും ഉള്‍പ്പെടുത്തിക്കൊണ്ട് π മാഹാത്മ്യം എന്ന പേരില്‍ ഒരു ഗണിതശാസ്ത്ര ഓട്ടന്‍ തുള്ളല്‍ രചിക്കുകയും ദൃശ്യാവത്ക്കരണം വീഡിയോ സി.ഡിയാക്കി പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നിര്‍ദ്ദേശങ്ങളെ, ആവശ്യങ്ങളെ, അഭിപ്രായങ്ങളെ റിസോഴ്സ് ഗ്രൂപ്പിലേക്ക് എത്തിക്കാനുള്ള ഒരു നിറസാന്നിധ്യമായി മോഹനന്‍ സാറിന്റെ സൗഹൃദം മാറട്ടെയെന്ന് ആശംസിക്കുന്നു. അദ്ദേഹം അയച്ചു തന്ന ലളിതമായ ആ പസിലിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കട്ടെ. ഈ ചോദ്യത്തിന് ആരാണ് നല്‍കുകയെന്നറിയാന്‍ ഉത്തരം ഞങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. ഉത്തരങ്ങള്‍ക്ക് ശേഷം മറ്റു പസിലുകളും പോസ്റ്റ് ചെയ്യാവുന്നതേയുള്ളു.

കൃഷ്ണപുരം ജില്ലയിലെ മൃഗശാല കാണാന്‍ ചെന്ന രാമു ഗേറ്റില്‍ സ്ഥാപിച്ച ബോര്‍ഡില്‍ നോക്കി , അവിടെ 45 ഇനം ജീവികള്‍ ഉണ്ടെന്ന് മനസ്സിലാക്കി. ഓരോ ഇനത്തിലും എത്രയുണ്ടെന്നും ആകെ എത്രയുണ്ടെന്നും ബോര്‍ഡില്‍ കാണാത്തതുകൊണ്ട് രാമു അവിടെയുളള ജീവനക്കാരനോട് ചോദിച്ചു ജീവനക്കാരന്‍ കൃത്യമായ ഉത്തരം പറയാതെ രാമുവിന്റെ ബുദ്ധി പരീക്ഷിക്കാനായി ഇങ്ങിനെ പറഞ്ഞു. "ഓരോ ഇനത്തിലുമുളള ജീവികളുടെ എണ്ണത്തിന്റെ ഗുണനഫലം ആകെ എണ്ണത്തിന് തുല്യമാണ്. മാത്രമല്ല ആകെ എണ്ണത്തെ ആനകളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ മാനുകളുടെ എണ്ണം കിട്ടും. എണ്ണം എത്രയെന്ന് പറയാമോ?"
അല്പനേരം ആലോചിച്ച ശേഷം രാമു പറഞ്ഞു. "പറ്റില്ല"
ജീവനക്കാരന്‍ ഇത്രയും കൂടി കൂട്ടിച്ചേര്‍ത്തു. "മാനുകളാണ് ഏറ്റവും കൂടുതലുളളത്"
അപ്പോഴും രാമു പറഞ്ഞു. "കൃത്യമായ ഉത്തരം പറയാന്‍ സാധിക്കുന്നില്ല"
ആകെ എണ്ണം ഒറ്റസംഖ്യയാണെന്ന് ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ രാമുവിന് ഉത്തരം പറയാന്‍ സാധിച്ചു. ആനയെത്ര? മാനെത്ര? ആകെ മൃഗങ്ങളുടെ എണ്ണം എത്ര? എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ രാമുവിന് സാധിച്ചതെങ്ങിനെ?


Read More | തുടര്‍ന്നു വായിക്കുക

836 ഒഴിവുകള്‍ കേരളാ പോസ്റ്റല്‍ വകുപ്പില്‍

>> Monday, September 20, 2010


കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ പോസ്റ്റല്‍ അസിസ്റ്റന്റ് / സോര്‍ട്ടിംഗ് അസിസ്റ്റന്റ്‌ തസ്തികളില്‍ ഒഴിവുകള്‍ എന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തുകയാണ് നമ്മുടെ കുടുംബാംഗമായ ഹരിത. നമ്മളറിയുന്നവര്‍ക്ക്, നമ്മുടെ പരിചയക്കാര്‍ക്ക് ഒരു മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ നമുക്ക് കഴിയുമെങ്കില്‍...!! അവരുടെ ശ്രദ്ധയിലേക്ക് ഈ വിവരം എത്തിക്കാന്‍ കഴിഞ്ഞാല്‍...!! അതെ, ഞങ്ങളുടെ ലക്ഷ്യം അതുതന്നെ. പ്ലസ് ടൂ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനാവുക. 26 ഡിവിഷനുകളില്‍ ആയി പോസ്റല്‍ അസിസ്റ്റന്റ്‌ തസ്തികയില്‍ 707 ഒഴിവുകളും ആര്‍ .എം .എസ് തസ്തികകളില്‍ 129 ഒഴിവുകളും ആണ് ഉള്ളത്.ഡിവിഷന്‍ ഒഴിവുകളുടെ എണ്ണം ,എന്നിവ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാം. പ്ലസ്‌ ടു / തത്തുല്ല്യ (വി.എച് .എസ്.സി വിഭാഗത്തെ ഒഴിവാക്കിയിരിക്കുന്നു) യാണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. 5200-20200 രൂപയാണ് അടിസ്ഥാന ശമ്പളം. പ്രായപരിധി 5-10-2010 ല്‍ 18നും 25നും ഉള്ളിലായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും താഴെ നല്‍കിയിട്ടുണ്ട്.

26 ഡിവിഷനുകളില്‍ ആയി പോസ്റല്‍ അസിസ്റ്റന്റ്‌ തസ്തികയില്‍ 707 ഒഴിവുകളും ആര്‍ .എം .എസ് തസ്തികകളില്‍ 129 ഒഴിവുകളും ആണ് ഉള്ളത്.ഡിവിഷന്‍ ഒഴിവുകളുടെ എണ്ണം ,എന്നിവ താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാം

ഇവിടെ ക്ലിക്ക് ചെയുക

അപേക്ഷിക്കാനുള്ള യോഗ്യത: പ്ലസ്‌ ടു / തത്തുല്ല്യ യോഗ്യത
(വി.എച് .എസ്.സി വിഭാഗത്തെ ഒഴിവാക്കിയിരിക്കുന്നു)

പ്രായം :5-10-2010 ല്‍ 18-25 വയസ്സ്

ശമ്പളം: 5200-20200 രൂപ

അപേക്ഷ അയക്കേണ്ട രീതി
അപേക്ഷ ഫോറവും പ്രോസ്പെക്ടസും എല്ലാ ഹെഡ് പോസ്റ്റ്‌ ഓഫീസുകളിലും 25 രൂപയ്ക്കു ലഭിക്കും www.indiapost kerala.gov.in എന്നാ സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തു എടുത്തും അപേക്ഷ അയക്കാം.തപാലില്‍ അപേക്ഷ അയക്കുന്നവര്‍ ഒന്നുകില്‍ സ്പീഡ് പോസ്റ്റ്‌ ആയോ അല്ലെങ്കില്‍
രെജിസ്റ്റെര്‍ഡു പോസ്റ്റ്‌ ആയോ മാത്രമേ അപേക്ഷ അയക്കുവാന്‍ പാടുള്ളൂ .

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി :
ഒക്ടോബര്‍ 5 , 2010

പരീക്ഷയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയുക

കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

പരീക്ഷ സംബന്ധമായ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഇവിടെ നല്‍കാം .മുന്‍ വര്‍ഷങ്ങളിലെ ചോദ്യ പേപ്പര്‍ വൈകാതെ തന്നെ ഇവിടെ കൊടുക്കുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

എസ്.എസ്.എല്‍.സി യ്ക്ക് തെറ്റുപറ്റുമോ..?

>> Saturday, September 18, 2010

ആദ്യം താഴേയുള്ള വീഡിയോ ഒന്നു കാണൂ..എന്നിട്ടാകാം ബാക്കി വിശേഷങ്ങള്‍.



എങ്ങിനെയുണ്ട് സംഗതി? എത്ര പ്രൊഫഷലാണല്ലേ? ഇതിന്റെ പിന്നിലെ കരങ്ങള്‍ ആരുടേതാണെന്നറിയാമോ?
Read More ! തുടര്‍ന്നു വായിക്കുക


Read More | തുടര്‍ന്നു വായിക്കുക

ഗണിതശാസ്ത്ര ക്വിസ് മാതൃകകള്‍

>> Thursday, September 16, 2010



ഇത് ക്വിസ്സുകളുടെ കാലം.സ്ക്കുള്‍ -ഉപജില്ലാതലങ്ങളിലും പിന്നെ റവന്യൂജില്ല ,സംസ്ഥാനതലത്തിലും ഗണിതശാസ്ത്ര ക്വിസ്സുകള്‍ നടത്തപ്പെടും.കഴിഞ്ഞ വര്‍ഷം നടത്തിയ സംസ്ഥാനതലത്തിലെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് കണ്ടിരിക്കുമല്ലോ?ഇന്ന് പുതിയൊരു ക്വിസ് പേപ്പര്‍ നല്‍കുന്നു.കുട്ടികള്‍ക്ക് പരിശീലനത്തിനായി നല്‍കാം .ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു പ്രതീക്ഷയുണ്ട്.മാന്യസന്ദര്‍ശകര്‍ പലതരത്തിലുള്ള ചോദ്യങ്ങള്‍ കമന്റായിനല്‍കുമെന്നാണ് കരുതുന്നത്.
ക്വിസ് മത്സരവേദികള്‍ മിടുക്കന്മാരുടെ അത്ഭുതകരമായ പ്രകടനങ്ങളുടെ നേര്‍ക്കാഴ്ചയാണ്.കഴിഞ്ഞ സംസ്ഥാനക്വിസ്സില്‍ കശ്യപ് എന്ന ഒന്നാംസ്ഥാനക്കാരന്റെ ഉത്തരങ്ങള്‍ ഓര്‍ക്കുന്നു.പലപ്പോഴും പുറകിലിരിക്കുന്ന അധ്യാപകരെക്കാള്‍ മുന്‍പേ പറക്കാന്‍ കുട്ടികള്‍ക്ക് കഴിയും.കോട്ടയം മേളയില്‍ വച്ച് പരിചയപ്പെട്ട ഒരു കുട്ടിയുണ്ട്.മുന്നു ക്വിസ്സ് വിഷയങ്ങളില്‍ സംസ്ഥാനതലത്തില്‍ സമ്മാനം നേടിയ ഈ കുട്ടിക്കുവേണ്ടി ഒരേസമയം നടക്കുന്ന മല്‍സരങ്ങള്‍ മാറ്റിവച്ചതായി ഓര്‍ക്കുന്നു.

പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്വിസ് പരിശീലന പുസ്തകങ്ങള്‍ കുറവാണ്.ഇതിലേയ്ക് പുതിയ വിഭവങ്ങള്‍ കണ്ടത്തേണ്ടത് നമ്മുടെ ആവശ്യമാണ്.കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറും , മാത്സ് ബ്ലോഗ് തയ്യാറാക്കിയ പുതിയ പേപ്പറും ,പിന്നെ ആലുവ വിദ്യാഭ്യാസ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഉപജില്ലാപേപ്പറും ഇന്ന് പ്രസിദ്ധീകരിക്കുന്നു.
Click here to get new quiz paper from maths blog team

Click here to get the STATE QUIZ paper of the last year

Click here to get paper published by Blog team last year


Read More | തുടര്‍ന്നു വായിക്കുക

ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ?

>> Wednesday, September 15, 2010


ഉബുണ്ടു പഠന പദ്ധതിയിലെ ഒന്നാം പാഠത്തില്‍ ഉബുണ്ടു എന്നാലെന്താണെന്നു നാം കണ്ടു കഴിഞ്ഞു. എങ്ങിനെയാണ് ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുക എന്നതാണ് രണ്ടാം പാഠത്തില്‍ വിശദീകരിക്കുന്നത്. ഇന്സ്റ്റലേഷന്റെ വിവിധ ഘട്ടങ്ങളില്‍ നിന്നു കൊണ്ടുള്ള ഫോണ്‍ കോളുകള്‍ പല എസ്.ഐ.ടി.സി മാരും നേരിടുന്ന ഒരു പ്രശ്നമാണ്. അതിനിതോടെ ഒരു പരിഹാരമാകുമെന്നു കരുതാം. ഐ.ടി പഠിപ്പിക്കുന്നവരും അല്ലാത്തവരുമായ പല അദ്ധ്യാപകരും അവരുടെ വീട്ടിലെ സ്വന്തം സിസ്റ്റത്തില്‍ ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുന്നുണ്ട് . അതു പോലെ പല വിദ്യാര്‍ത്ഥികളും ഉബുണ്ടുവിന്റെ ഡി.വി.ഡി ചോദിച്ചു വാങ്ങുന്നതായി അദ്ധ്യാപകരും സൂചിപ്പിക്കാറുണ്ട്. ഇവര്‍ക്കെല്ലാം ഈ പോസ്റ്റ് ഏറെ സഹായകരമാകുമെന്നു കരുതുന്നു...അതി മനോഹരമായ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം ഈ പോസ്റ്റ് തയാറാക്കിയിരിക്കുന്നത് നമ്മുടെ ലിനക്സ് ടീം അംഗമായ അനില്‍ സാറാണ്. വിദ്യാഭ്യാസ മേഖലയിലോ ഐടി മേഖലയിലോ പ്രവര്‍ത്തിക്കുന്ന ഒരാളല്ല അദ്ദേഹമെങ്കിലും നമ്മുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹം നമ്മോടൊപ്പം പ്രവര്‍ത്തിക്കാന്‍ സന്മനസു കാട്ടിക്കഴിഞ്ഞു. സ്വതന്ത്രസോഫ്റ്റ്​വെയറിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന അദ്ദേഹം കൂടുതല്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉബുണ്ടുവിനെ സമീപിക്കുന്നത്. ഇത് നമുക്കും മാതൃകയാക്കാം. ഒരു കാര്യത്തെക്കുറിച്ച് നമുക്ക് ധാരണയില്ലെങ്കില്‍ അതിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കണം എന്ന ആപ്തവാക്യം മനസ്സിലുരുവിട്ട് ഈ ഉബുണ്ടു പഠനപരിപാടിയിലേക്ക് നമുക്ക് പ്രവേശിക്കാം. ഉബുണ്ടു ഇന്സ്റ്റലേഷനെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിക്കാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ..
Read More ‌| തുടര്‍ന്നു വായിക്കുക


Read More | തുടര്‍ന്നു വായിക്കുക

എന്‍. എസ്. ഇ പരീക്ഷകള്‍- ഉടന്‍ അപേക്ഷിക്കുക

>> Tuesday, September 14, 2010

എന്‍. എസ്. ഇ പരീക്ഷകളെക്കുറിച്ച് നമ്മുടെ സ്ഥിര സാന്നിധ്യമായ ഹരിത അയച്ച കമന്റുകള്‍ ഒരു പോസ്റ്റായി കൊടുക്കുന്നു. 2011 ല്‍ വിവിധ രാജ്യങ്ങളില്‍ ആയി നടക്കുന്ന അന്താരാഷ്ട്ര ഫിസിക്സ്‌ ,കെമിസ്ട്രി ,ബയോളജി ,ആസ്ട്രോണമി ഒളിമ്പ്യാഡിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നവംബര്‍ 28 തിയതിയില്‍ +1, +2 കുട്ടികള്‍ക്ക് National Standard Examination നടക്കുന്നു. 1991 ജൂലായ് ഒന്നിനോ അതിനു ശേഷമോ ജനിച്ച കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. 9,10 ക്ലാസ്സുകളില്‍ പഠിക്കുന്ന പ്രതിഭാധനരായ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന National Standard Examination In Junior Science എന്ന പരീക്ഷയും ഇതോടൊപ്പം നടക്കുന്നു. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍ താഴെ കൊടുക്കുന്നു

Exam Centers in Kerala

പത്തോ അധിലധികമോ കുട്ടികള്‍ ഒരു സ്കൂളില്‍ നിന്നും പങ്കെടുക്കാം ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ ഒരു എന്‍റോള്‍മെന്റ് ഫോറം പൂരിപിച്ചു നല്‍കിയാല്‍ ആ സ്കൂളില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ചു തരും

Enrollment form

കുട്ടികളെ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ താഴെ കാണുന്ന റജിസ്റ്റ്രേഷന്‍ ഫോറംപൂരിപ്പിച്ചു നാളെ തന്നെ നിങ്ങളുടെ സമീപത്തുള്ള പരീക്ഷാ കേന്ദ്രത്തില്‍ കൊണ്ട് ചെല്ലണം .അവസാന തിയതി Sept.15 ആണ്

Student Registration Form

കൂടുതല്‍ വിവരങ്ങള്ക്ക് താഴെ കാണുന്ന സൈറ്റ് നോക്കുക

http://www.iapt.org.in/

NSEP -- Physics Olympiad (For +1,+2 students only )

NSEC --- Chemistry Olympiad (For +1,+2 students only )

NSEB --- Biology Olympiad (For +1,+2 students only )

NSEA --- Astronomy Olympiad (For +1,+2 students only )

NSEJS -- Junior Science Olympiad (For Students of 9 & 10 standard)


ഈ ബ്ലോഗില്‍ വരുന്ന എല്ലാ അധ്യാപകരോടും അത് പോലെ ഒരു അപേക്ഷ. ദയവു ചെയ്തു എല്ലാ ഹൈസ്കൂള്‍ അധ്യാപകരും തങ്ങളുടെ സ്കൂളിലെ മിടുക്കരായ കുട്ടികളെ ഇതില്‍ പങ്കെടുപ്പിക്കണം. ക്ലസ്റ്റര്‍ മീറ്റിംഗ്,സ്കൂള്‍ നടക്കുന്ന മീറ്റിംഗ് എന്നിവയില്‍ കുട്ടികളുടെ പഠനത്തിനു സഹായകം ആയ ബാല സാഹിത്യ പുസ്തകങ്ങള്‍,NTSE ,Olympiad എന്നിവയ്ക്ക് തയാറെടുക്കാന്‍ സഹായകം ആയ പുസ്തകങ്ങള്‍ എന്നിവ എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സഹായം ലഭ്യമാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ?

സമ്പന്നരായ കുട്ടികള്‍ ഇത്തരം പുസ്തകങ്ങള്‍ സ്വന്തംമായി വങ്ങുമ്പോള്‍ പാവ പെട്ട കുട്ടികള്‍ എന്ത് ചെയും. മെച്ചപെട്ട രീതിയില്‍ പഠിക്കുന്നതിനുള്ള അവസരം എല്ലാ തരത്തിലുള്ള കുട്ടികള്‍ക്കും ലഭിക്കണം. സാധാരണയായി ഇത്തരം പരീക്ഷകള്‍ പാവപെട്ട കുട്ടികളിക്ക് എത്താറില്ല .അവരിലും മിടുക്കന്മാര്‍ ഉണ്ടാവില്ലേ ? പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ത്തത് കൊണ്ട് മാത്രം അധ്യാപകന്റെ ജോലി തീരുന്നുണ്ടോ?അധ്യാപകന്‍ എന്ന വാക്ക് തന്നെ വെളിച്ചം പകരുന്നവര്‍ എന്നാണ് ഉദേശിക്കുന്നത്.കുട്ടികളെ ഇത്തരം പരീക്ഷകളില്‍ പങ്കെടുപ്പികാന്‍ ശ്രമിക്കണം അവരിലെ പ്രതിഭയെ കണ്ടെത്താന്‍ കഴിയണം.

ഞാന്‍ ഒരിക്കലും അധ്യാപകരെ കുറ്റപെടുത്താന്‍ വേണ്ടി പറഞ്ഞതല്ല .ഈ മാത്സ് ബ്ലോഗിലെ ഓരോ അധ്യാപകനും തങ്ങളുടെ കുട്ടികള്‍ക്ക് ഇത്തരം പരീക്ഷകളെ കുറിച്ച് Awareness ഉണ്ടാക്കി കൊടുക്കുമെന്ന ന പ്രത്യാശയോടെ എല്ലാവര്‍ക്കും വിജയാശംസകള്‍ നേരുന്നു.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer