ടാക്സ് കണക്കുകൂട്ടുമ്പോള്‍ പേ റിവിഷന്‍ അരിയര്‍ മുഴുവനും കൂട്ടേണ്ടെന്നോ?
>> Wednesday, February 29, 2012
സാധാരണയായി ലഭിക്കുന്ന 12 മാസത്തെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും, പിന്നെ കുടിശികയും ചേര്‍ന്നതാണ് ഒരു സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം. ഇതില്‍ കുടിശിക ലഭിച്ചതില്‍ മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന തുകകളുണ്ടെങ്കില്‍, സ്വാഭാവികമായും നടപ്പു സാമ്പത്തിക വര്‍ഷത്തെ നികുതി ബാധ്യത കൂടുതലായിരിക്കും. [ഉദാ - 01-07-2009 മുതലുള്ള ശമ്പള പരിഷ്ക്കരണത്തിന്റെ കുടിശിക 2011-12 സാമ്പത്തിക വര്‍ഷത്തിലാണ് എല്ലാവര്‍ക്കും ലഭിച്ചത് (ഇനിയും ലഭിക്കാത്തവര്‍ സദയം ക്ഷമിക്കുക)]. ലഭിക്കുവാനുള്ള തുകകള്‍ അതാതു സാമ്പത്തിക വര്‍ഷം തന്നെ ലഭിച്ചിരുന്നെങ്കില്‍ കുടിശികയും അതോടനുബന്ധിച്ചുണ്ടാകുന്ന നികുതി പ്രശ്നങ്ങളും ഉദിക്കുമായിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ ഇങ്ങനെയുള്ളവര്‍ക്ക് ഇന്‍കം ടാക്സ് നിയമത്തിന്റെ 89(1) വകുപ്പുപ്രകാരം റിലീഫ് അനുവദിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന റിലീഫ് നടപ്പു സാമ്പത്തിക വര്‍ഷം കൊടുക്കാനുള്ള മൊത്തം ടാക്സില്‍ നിന്നും കുറച്ച് ബാക്കി തുക ടാക്സായി നല്കിയാല്‍ മതി. അതിനെക്കുറിച്ച് വിശദീകരിക്കുന്ന ഈ ലേഖനം തയ്യാറാക്കി നല്‍കിയത് തൃശൂര്‍ വാടാനപ്പിള്ളി KNMVHS ലെ കൊമേഴ്സ് വിഭാഗം അധ്യാപകനായ വി.എ ബാബു സാറും അദ്ദേഹത്തിന്റെ സുഹൃത്തായ റാംജി സാറും കൂടിയാണ്. ടാക്സ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിനായി ബാബു സാര്‍ (ബാബു വടക്കുംചേരി) തയ്യാറാക്കിയ ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ ബ്ലോഗില്‍ നിന്ന് നേരത്തേ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകുമല്ലോ.
റിലീഫ് എങ്ങിനെ കണക്കാക്കാം എന്നതാണ് താഴെ ഉദാഹരണ സഹിതം വിവരിക്കാന്‍ ശ്രമിക്കുന്നത്. ഈ വിവരണങ്ങളൊന്നും ആധികാരികമായി കണക്കാക്കരുത്. ഒരു വഴികാട്ടി എന്ന നിലയില്‍ മാത്രം കണ്ടാല്‍ മതി. തീര്‍ച്ചയായും സംശയങ്ങള്‍ ഉണ്ടാകണം. സംശയങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ റോക്കറ്റ് ലക്ഷ്യം കാണാതെ എതെങ്കിലും കടലില്‍ പതിച്ചു എന്ന് കരുതാം. എന്തൊക്കെയായാലും കൂടുതല്‍ അറിവുള്ളവരോട് കൂടി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നമ്മുടെ ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റ് ചെയ്തു നല്‍കാവൂ എന്ന കാര്യം അടിവരയിട്ട് ഓരോ വായനക്കാരേയും ഓര്‍മ്മിപ്പിക്കുന്നു. ചില ഉദാഹരണങ്ങള്‍ സഹിതം നമുക്കിത് വിശദമാക്കാന്‍ ശ്രമിക്കാം. (ഈ പോസ്റ്റിന്റെ പി.ഡി.എഫും ചുവടെ നല്‍കിയിട്ടുണ്ട്.)
ശ്രീ. ലോനപ്പന്‍ നായര്‍ക്ക് 2011-12 സാമ്പത്തിക വര്‍ഷത്തില്‍ (നടപ്പു സാമ്പത്തിക വര്‍ഷം) 01-07-2009 മുതലുള്ള ശമ്പള പരിഷ്ക്കരണ കുടിശികയായ 55,973/- രൂപയടക്കം 3,71,844/- രൂപ ലഭിച്ചു. കുടിശികയുടെ സാമ്പത്തിക വര്‍ഷാടിസ്ഥാനത്തിലുള്ള കണക്ക് താഴെ കാണും വിധമാണ്.
ശ്രീ.ലോനപ്പന്‍ നായര്‍ നല്‍കേണ്ട നികുതിയും, കുടിശികയുമായി ബന്ധപ്പെട്ടുള്ള സെക്ഷന്‍ 89(1) പ്രകാരമുള്ള നികുതിയിളവും കാണുന്നതെങ്ങിനെയെന്നു നോക്കാം.
(വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
9,202/- രൂപ നികുതിയായി നല്‍കണമെന്ന് കണ്ട് ലോനപ്പന്‍ നായര്‍ ഞെട്ടാനും വിയര്‍ക്കാനുമിടയുണ്ട്. കറങ്ങുന്ന ഒരു ഫാനിന് കീഴെ അദ്ദേഹത്തെ ഇരുത്തി നമുക്ക് ഇന്‍കംടാക്സിന്റെ 10 E മന്ത്രം ചൊല്ലി കേള്‍പ്പിക്കാം. ഇനിയെന്തുണ്ടാകുമെന്ന് അകലെ നിന്ന് നിരീക്ഷിക്കാം.
നടപടി 2 : മുന്‍ സാമ്പത്തിക വര്‍ഷങ്ങളുമായി ബന്ധപ്പെട്ട കുടിശികയായ 53,479/- രൂപ ഒഴിവാക്കി നടപ്പു സാമ്പത്തിക വര്‍ഷത്തെ നികുതി കണക്കാക്കുക
മുകളില്‍ കാണിച്ച രണ്ട് നടപടികളില്‍ നിന്നും ലോനപ്പന്‍ നായര്‍ക്ക് ഒരു കാര്യം പിടികിട്ടി. 53,479/- രൂപ നടപ്പു സാമ്പത്തിക വര്‍ഷം (2011-12) ലഭിച്ചതുകൊണ്ടാണ് തനിക്ക് 9202/- രൂപയുടെ നികുതി വന്നത്. അല്ലെങ്കില്‍ ആകെ അടക്കേണ്ടി വരിക 3695/- രൂപ മാത്രമാകുമായിരുന്നു. എന്ന് വെച്ച് 3695/- രൂപ മാത്രം നികുതിയായടച്ച് തടി തപ്പാമെന്ന് കരുതിയാല്‍ തെറ്റി. കാരണം ഇതിന് ഒരു മറുവശം കൂടിയുണ്ട്. പൂള്ളിക്കാരന്റെ 2009-10, 2010-11 വര്‍ഷങ്ങിലെ വരുമാനം താരതമ്യേന കുറവും, നികുതിയടവ് യഥാക്രമം പൂജ്യവും, 2297/- രൂപയുമായിരുന്നു. പക്ഷേ ഇപ്പോള്‍ കൂടിശികയായി ലഭിച്ച തുക അതതു സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലോ ? കഥ മാറിയതു തന്നെ സസ്പെന്‍സ് നീങ്ങുവാന്‍ തുടര്‍ന്നുള്ള നടപടി 3,4 എന്നിവ കാണുക.
നടപടി 3 : 2009-10, 2010-11 എന്നീ വര്‍ഷങ്ങളില്‍ ശ്രീ. ലോനപ്പന്‍ നായര്‍ നല്കിയ ഇന്‍കംടാക്സ് സ്റേറ്റ്മെന്റുകള്‍ പൊടി തട്ടിയെടുത്തു (അലര്‍ജിയുള്ളവര്‍ ഇല്ലാത്തവരെക്കൊണ്ട് ചെയ്യിക്കുക) നോക്കാം. ഈ വര്‍ഷങ്ങളിലെ സ്റേറ്റ്മെന്റ് അതേപടി പകര്‍ത്തുക
നടപടി 4 : ഇനി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2011-12) ലഭിച്ച കുടിശികകള്‍ അതതു വര്‍ഷങ്ങളിലെ വരുമാനത്തോട് ചേര്‍ത്ത് നികുതി പുനര്‍നിര്‍ണ്ണയിച്ചാലോ
ഇതെന്താപ്പ കഥ ! ഇപ്പോള്‍ കുടിശികയായി ലഭിച്ച തുകകള്‍ സമയാസമയങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ ലോനപ്പന്‍ നായര്‍ 3686/ രൂപ [(0+5983) – (0+2297)] കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കൂടി കൂടുതലായി നല്കണമായിരുന്നു. ഈ നികുതി അപ്പോള്‍ നല്കാത്തതുകൊണ്ട് (നമ്മുടെ കുറ്റംകൊണ്ടല്ല) ഇപ്പോള്‍ കൊടുക്കേണ്ടതായിട്ടുണ്ട്. ഈ വസ്തുത കൂടി കണക്കിലെടുത്താണ് ലോനപ്പന്‍ നായരുടെ ഈ സാമ്പത്തിക വര്‍ഷം ലഭിക്കാവുന്ന റിലീഫ് കണ്ടെത്തുന്നത്.
# കുടിശികയായി ലഭിച്ച തുകയായ 53,479/- രൂപ പി.എഫ്. ലേക്കാണ് പോയിരിക്കുന്നത്. ഇത് 2011-12 സാമ്പത്തിക വര്‍ഷത്തെ ചാപ്റ്റര്‍ 6 എ യില്‍ വരുന്ന ആകെ കിഴിവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ തുക 2009-10, 2010-11 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍, ആ സാമ്പത്തിക വര്‍ഷത്തെ ചാപ്റ്റര്‍ 6എ യില്‍ കിഴിവായി വരുമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ ഈ തുക മുന്‍ വര്‍ഷങ്ങിലെ പി.എഫ്. അക്കൌണ്ടിലേക്ക് ഒരു വിധത്തിലും വരവു വെക്കുവാന്‍ സാധിക്കുകയില്ല. എന്തെന്നാല്‍ ഇത് ലഭിച്ചത് ഈ സാമ്പത്തിക വര്‍ഷമാണ്; അത് ഈ വര്‍ഷത്തെ പി.എഫ് അക്കൌണ്ടില്‍ വരവു വെച്ചിട്ടുമുണ്ട്. (നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ 16-02-2010 തിയ്യതിയില്‍ 5000/- രൂപ നിക്ഷേപിച്ചതായി കാണിക്കണമെന്ന് ആവശ്യപ്പെട്ട് 30-03-2012ല്‍ പൈസയുമായി ബാങ്കില്‍ ചെന്നാല്‍, ബാങ്ക് അധികൃതര്‍ സമ്മതിക്കുമോ എന്നാലോചിച്ചാല്‍ മതി) അതുകൊണ്ടാണ്, മേല്‍ ടേബിളില്‍, 6എ പ്രകാരമുള്ള കിഴിവില്‍ ഈ തുക ചേര്‍ക്കാതിരിക്കുന്നത്.
നടപടി 5 : റിലീഫ്, അതിനുള്ള ഫോമുകളുപയോഗിച്ച് താഴെ കാണുവിധം കണക്കാക്കുക.
(ഫോമില്‍ മലയാളത്തില്‍ കാണിച്ചിരിക്കുന്നത് ഫോമിന്റെ ഭാഗമല്ല; എളുപ്പത്തില്‍ മനസ്സിലാകുവാന്‍ ഉദ്ദേശിച്ചുള്ളതാണ്)
അതായത് ആകെ 7,381/- രൂപയേ (9202-1821) ലോനപ്പന്‍ നായര്‍ ടാക്സായി 2011-12 ല്‍ നല്കേണ്ടതുള്ളൂ.
മേല്‍കാണിച്ച കണക്കുകൂട്ടലുകള്‍ ശ്രദ്ധയോടെ വായിച്ചു നോക്കിയല്ലോ. ചുരുക്കത്തില്‍ പറഞ്ഞാല്‍, കുടിശിക മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലേക്ക് എടുക്കുമ്പോള്‍, ആ സാമ്പത്തിക വര്‍ഷങ്ങളില്‍ ടാക്സ് വരികയാണെങ്കില്‍, ആ ടാക്സ് ഒരു വിധത്തിലും ഒഴിവാക്കാന്‍ സാധിക്കുകയില്ല.
ശമ്പളം മുന്‍കൂറായി ലഭിച്ചാലും (ഒരു സാമ്പത്തിക വര്‍ഷം 12ല്‍ കൂടുതല്‍ മാസത്തെ ശമ്പളം ലഭിച്ചാല്‍ - 2010-11 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 2011ലെ ശമ്പളം ആ മാസം തന്നെ ലഭിച്ചതുകൊണ്ട്, മൊത്തം 13 മാസത്തെ ശമ്പളം ലഭിച്ചിരുന്നു) റിലീഫ് കണക്കു കൂട്ടുന്നത് ഇപ്രകാരം തന്നെയാണ്.
പ്രത്യേക അറിവിലേക്കായി
എതെല്ലാം സാമ്പത്തിക വര്‍ഷങ്ങിലേക്കാണോ കുടിശിക അഡ്ജസ്റ് ചെയ്യുന്നത്, ആ സാമ്പത്തിക വര്‍ഷങ്ങളില്‍ നിലവിലുണ്ടായിരുന്ന നികുതി നിരക്കുകളെയും, വിവിധ സെക്ഷനുകള്‍ പ്രകാരമുള്ള കിഴിവുകളെയും കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കണം. പരിഭ്രമിക്കേണ്ട; ഇവയെല്ലാം www.incometaxindia.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 2009-10 മുതലുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ നികുതി നിരക്കുകള്‍ അറിവിലേക്കായി ഇവിടെ ചേര്‍ത്തിരിക്കുന്നു.
മേല്‍ സാമ്പത്തിക വര്‍ഷങ്ങളിലെല്ലാം Education Cess ആയി നികുതിയുടെ 3 ശതമാനം കൂടി കൂട്ടി നല്കണം.
മേല്‍ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ വ്യക്തമായി വായിക്കാനായില്ലെങ്കില്‍ ഇവിടെ നിന്നും പി.ഡി.എഫ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കുകയും ചെയ്യാം.
Income Tax Form No. 10E
ബാബു സാര്‍ തയ്യാറാക്കിയ ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ഇതേ വരെ ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്ക് ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Directions | EC Tax - Excel Program (Windows based)
Relief Calculator (Reduce Tax on arrear) 10E forms made simple - Prepared by Abdurahiman, HSST (Senior) in Commerce, Govt Girls HSS, BP Angadi, Tirur
Tax Relief Calculator:Prepared by Sudheer Kumar T K, Headmaster, KCALPS School, Eramangalam, Balussery and Rajan E, Headmaster, A M L P School, Balussery
ഓരോരുത്തരുടേയും വരവും ചെലവും നിക്ഷേപങ്ങളുമെല്ലാം വ്യത്യസ്തങ്ങളായിരിക്കും. പൊതുവായ ഒരു മാര്‍ഗരേഖയ്ക്കോ നിര്‍ദ്ദേശത്തിനോ കീഴില്‍ അതിനെയൊരിക്കലും കൊണ്ടുവരാനാകില്ല. അതുകൊണ്ടു തന്നെ അവരവരുടെ കാര്യങ്ങളില്‍ അവരവര്‍ക്കു തന്നെ പരിപൂര്‍ണ ഉത്തരവാദിത്വം. മേല്‍ ചൂണ്ടിക്കാണിച്ചവയെല്ലാം ചില ചില ഉദാഹരണങ്ങള്‍ മാത്രം. കൂടുതല്‍ അറിവുള്ളവരോട് കൂടി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നമ്മുടെ ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റ് ചെയ്തു നല്‍കാവൂ എന്ന കാര്യം വീണ്ടുമൊരിക്കല്‍ക്കൂടി ഓരോ വായനക്കാരേയും ഓര്‍മ്മിപ്പിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക