അപര്‍ണയെ സഹായിക്കാമോ?

>> Tuesday, July 28, 2009


വീടിന്റെ വരാന്തയില്‍ തന്റെ ഉറ്റകൂട്ടുകാരിയായ കുറിഞ്ഞിപ്പൂച്ചയോട് കൊഞ്ചിക്കളിച്ചിരിക്കുകയാണ് അപര്‍ണ. അസ്തമയ സൂര്യന്‍ നിഴലുകള്‍ക്ക് നീളം കൂട്ടി പടിഞ്ഞാറേക്കുളത്തില്‍ കുങ്കുമം വിതറി മുങ്ങിക്കുളിക്കാനൊരുങ്ങുകയാണ്. ഈച്ചെറു വേര്‍പാടു പോലും താങ്ങാനാവാതെ പറവകള്‍ ചേക്കേറലുകള്‍ക്ക് തുടക്കമിട്ടു. പക്ഷെ അപര്‍ണയുടെ മുഖത്ത് ഒരു അസ്വസ്ഥത നിഴലിക്കുന്നുണ്ട്. എന്തായിരിക്കും ഇപ്പോള്‍ അവളുടെ മനസ്സിലെ ചിന്ത? രണ്ടു കാലുള്ള മനുഷ്യനും നാലുകാലുള്ള പൂച്ചയും ആറുകാലുള്ള വണ്ടും കാലെട്ടുള്ള എട്ടുകാലിയും ഒക്കെയുള്ള ഭൂമുഖത്ത് എന്തേ പ്രകൃതി മൂന്നും അഞ്ചും ഏഴും ഒമ്പതും കാലുള്ള ജീവികളെയൊന്നും സൃഷ്ടിച്ചില്ലെന്നാണോ അവള്‍ ചിന്തിക്കുന്നത്? പ്രകൃതിയുടെ ഈ 'ഇരട്ട' പക്ഷപാതിത്വത്തോട് തന്റെ ഭാഷയില്‍ കുറിഞ്ഞിയോട് പായാരം ചൊല്ലുകയാണോ അവള്‍? അതൊന്നുമല്ല. അവള്‍ തന്റെ അമ്മാവനെയും പ്രതീക്ഷിച്ചാണിരിക്കുന്നത്. ഇന്നവള്‍ക്ക് അദ്ദേഹമൊരു ഗണിതമാജിക്ക് കാണിച്ചു കൊടുക്കാമെന്നേറ്റിട്ടുണ്ട്.
അധികം വൈകിയില്ല. അദ്ദേഹത്തെക്കണ്ടതും അവള്‍ ഓടിച്ചെന്ന് ആ വിരലില്‍ത്തൂങ്ങി. വരാന്തയിലെ ചാരുകസേരയില്‍ അമ്മ കൊടുത്ത വെള്ളവും കുടിച്ചിരിക്കവേ അദ്ദേഹം തന്റെ മാജിക് ആരംഭിച്ചു.
"ഒരു നാലക്ക സംഖ്യ എഴുതിക്കോളൂ, അപര്‍ണാ"
"ഉം" അവള്‍ തലകുലുക്കി. (4837)
"ഇനി അതിന്റെ ഇടയ്ക്കുള്ള രണ്ട് അക്കങ്ങള്‍ പരസ്പരം സ്ഥാനം മാറ്റിയെഴുതുക."​
"ഉം, എഴുതി." (4387)
"ഇപ്പോള്‍ മോള്‍ടെ കയ്യിലുള്ള രണ്ടു നാലക്ക സംഖ്യകളില്‍ വലുതില്‍ നിന്ന് ചെറുതു കുറക്കുക"
"കുറച്ചൂ, അമ്മാവാ" (4837-4387)
"ഉത്തരം കിട്ടിയോ മോള്‍ക്ക്?, എങ്കില്‍, അതിലെ ചെറിയ സംഖ്യയിലെ നടുവിലെ സംഖ്യ പറഞ്ഞേ"
"38"
"എങ്കില്‍,ഉത്തരം 450 അല്ലേ?" ഒരു നിമിഷം പോലും വൈകാതെ അദ്ദേഹം അവളോട് ആരാഞ്ഞു.
"ഇതെങ്ങനെ കിട്ടി അമ്മാവാ?" അമ്മാവന്‍ ഒന്നും കുറക്കാനോ കൂട്ടാനോയുള്ള സമയം എടുത്തിട്ടില്ല. ഈ വിദ്യ പഠിക്കണമല്ലോ. അവള്‍ വിടാന്‍ ഭാവമില്ല. പക്ഷെ അവളുടെ അന്വേഷണബുദ്ധി വളര്‍ത്താനായിരിക്കണം, അത്ര മിടുക്കിയാണെങ്കില്‍ നാളെ ഉത്തരം കണ്ടെത്തി വരാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. വെല്ലുവിളി സ്വീകരിച്ചു കൊണ്ട് മെല്ലെ ആലോചനാ നിമഗ്നമായ ഒരു ചിരിയും പാസ്സാക്കി അവള്‍ എഴുന്നേറ്റു. നാളെ അപര്‍ണ ഉത്തരം കണ്ടെത്തി വരുമോ, അതോ തോറ്റു മടങ്ങുമോ? എന്തായാലും നമുക്ക് കാത്തിരിക്കാം. നിങ്ങളിലാര്‍ക്കും അവളെ സഹായിക്കാം. ഉത്തരം കമന്റു ചെയ്യാം...

1 comments:

Anonymous August 5, 2009 at 8:21 AM  

83-38=45 0 put after result =450

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer