NuMATS Ganitholsavam
>> Saturday, May 23, 2015
സംസ്ഥാന വിദ്യാഭ്യാസ വകുപ്പും SCERTയും സംയുക്തമായി നടത്തുന്ന NuMATS എന്ന നൂതന ഗണിത പരിശീലനപദ്ധതി പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട മിടുക്കരുടെ സംസ്ഥാന കേമ്പില്‍ പങ്കെടുത്ത ഏഴാംക്ലാസ്സുകാരന്‍ സായിറാം അയച്ചുതന്ന അനുഭവക്കുറിപ്പാണ് ഈ പോസ്റ്റ്. അര്‍ഹിക്കുന്ന മാധ്യമ, പൊതുജന ശ്രദ്ധ ലഭിക്കാതെപോയെന്ന് ഉറച്ചുവിശ്വസിക്കുന്ന ഈ നൂതനപരിപാടിയെക്കുറിച്ച് അധ്യാപകരിലും കുട്ടികളിലുമെങ്കിലും എത്തിക്കാനാകുമെന്നതുതന്നെ ഈ പോസ്റ്റിന്റെ വിജയം. സായിറാമിന് അഭിനന്ദനങ്ങള്‍
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ഗണിതശാസ്ത്രത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയാണ് NuMATS. ആറാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവരെ 10-ആം ക്ലാസ് കഴിയുന്നതു വരെ ഉയര്‍ന്ന നിലവാരത്തിലുള്ള ക്ലാസുകളും പ്രായോഗികാനുഭവങ്ങളും നല്‍കി അവരെ ഗണിത പ്രതിഭകളാക്കി വളര്‍ത്തുന്നതിനുള്ള പദ്ധതിയാണ് ഇത്. സബ്‌ജില്ലാ തലത്തിലെ പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് സംസ്ഥാനതല അഭിരുചി പരീക്ഷ നടത്തി അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അര്‍ഹരാകുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് വേനലവധി സമയത്ത് 10 ദിവസം നീണ്ട ക്യാമ്പാണ് എല്ലാ വര്‍ഷവും നടത്തുന്നത്. മൂന്നാമത്തെ ക്യാമ്പാണ് ഇത്തവണത്തേത്. ഈ വര്‍ഷം കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന കൊല്ലത്തെ ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്റര്‍ ആയിരുന്നു വേദി. മെയ് 8 മുതല്‍ 17 വരൊയിരുന്ന ക്യാമ്പില്‍ കേരളത്തിലെ 14 ജില്ലകളിലേയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷത്തെ ക്യാമ്പില്‍ കുട്ടികളുടെ എണ്ണം കൂടുമെന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായി ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഒരു ദിവസം മൂന്ന് സെഷന്‍ വീതം 9 ദിവസം 27 സെഷനുകളായിരുന്നു ക്യാമ്പില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം ഒരു ദിവസത്തെ പഠനയാത്രയും എല്ലാ ദിവസവും വൈകുന്നേരം കായിക പരിശീലനവും രാത്രി സാസ്കാരിക പരിപാടികളുമായിരുന്നു ക്യാമ്പിന്റെ ഉള്ളടക്കം. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.എസ്. രവീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
ഗണിതപ്രതിഭകളെ കണ്ടെത്തുന്നതില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് പ്രശസ്ത ഗണിതാധ്യാപകന്‍ ഡോ.ഇ. കൃഷ്ണന്‍ മാഷ് പറഞ്ഞു.
ന്യൂമാറ്റ്സ് കോര്‍ഡിനേറ്റര്‍ സുജിത് മാഷ്, പ്രശസ്ത സംഗീതജ്ഞനും എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസറുമായ മണക്കാല ഗോപാലകൃഷ്ണന്‍, ജി.വി.ഹരി, തുടങ്ങിയവരുടെ പ്രഭാഷണങ്ങളോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു.
ആദ്യ ദിവസം ഉച്ചയ്ക്കു ശേഷമുള്ള ക്ലാസില്‍ രവികുമാര്‍ മാഷ് അഭാജ്യ സംഖ്യകളെക്കുറിച്ചും ഭാജ്യ സംഖ്യകളെക്കുറിച്ചും പിന്നീട് സംഖ്യാക്രമത്തെ കുറിച്ചും വിശദീകരിക്കുകയുണ്ടായി. ഇറാത്തോസ്തനീസിന്റെ അരിപ്പയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ് ആരംഭിച്ചത്. ഗുണിതങ്ങളെയും ഘടകങ്ങളെയും സംബന്ധിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് അരുണ്‍ലാല്‍ മാഷ് വിശദീകരിച്ചു. ഓരോ സംഖ്യയുടെ ഗുണിതങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
ഗണിതത്തോടൊപ്പം മാജിക്കുകളും അവതരിപ്പിച്ച് ക്ലാസെടുത്ത അജിത് മാഷ് ചതുരത്തിന്റെയും സമചതുരത്തിന്റെയും ചുറ്റളവും പരപ്പളവും ബന്ധപ്പെടുത്തിയാണ് പറഞ്ഞത്. ഒപ്പം ത്രികോണത്തിന്റെ പരപ്പളവ് കണ്ടെത്തുന്ന രീതിയും അദ്ദേഹം വിശദീകരിച്ചു. വളരെയധികം രസകരമായാണ് കൃഷ്ണന്‍ മാഷ് ബീജഗണിതത്തെ അവതരിപ്പിച്ചത്. ബീജഗണിതവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം സൂചിപ്പിച്ചു. രമേഷ് മാഷിന്റെ സംഖ്യകളെക്കുറിച്ചുള്ള ക്ലാസ് വിദ്യാര്‍ത്ഥികളെ ആഹ്ലാദിപ്പിച്ചു. കൂടാതെ സംഗീതവും ഗണിതവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഹരികുമാര്‍ മാഷും, വ്യക്തിത്വവികസന ക്ലാസും ഉണ്ടായിരുന്നു. ഗണിതത്തിലെ ഐ.സി.ടി സാധ്യതകള്‍ ജിയോജീബ്ര സോഫ്റ്റവെയര്‍ ഉപയോഗത്തിലൂടെ വിജയകുമാര്‍ മാഷും രവികുമാര്‍ മാഷും പരിചയപ്പെടുത്തി. രണ്ട് പേര്‍ക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന നിലയില്‍ പരിശീലനത്തിനായി ക്രമീകരിച്ചിരുന്നു.
എല്ലാ ദിവസവും രാത്രി സാസ്കാരിക പരിപാടികള്‍ ഉണ്ടായിരുന്നു. ചിത്രകാരന്‍ കെ.വി.ജ്യോതിലാല്‍, കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ അവതാരകനായ ഗോപന്‍ നീരാവില്‍, കവി ബാബു പാക്കനാര്‍, കഥകളി നടന്‍ കലാമണ്ഡലം രാജീവന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളായിരുന്നു അതിഥികളായെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ ആഭ അവതരിപ്പിച്ച വയലിന്‍ വാദനം ഹൃദ്യമായിരുന്നു. ഇപ്പോള്‍ അത്ര പ്രചാരമില്ലാത്ത ബുള്‍ബുള്‍ തരംഗ് എന്ന സംഗീത ഉപകരണത്തില്‍ ഏതാനും ചലച്ചിത്ര ഗാനങ്ങള്‍ ഞാന്‍ അവതരിപ്പിച്ചത് ക്യാമ്പംഗങ്ങള്‍ക്ക് കൗതുകകരമായി എന്ന് തോന്നുന്നു.
ഈ ക്യാമ്പിലെ പ്രധാനപ്പെട്ട സെഷനുകളിലൊന്നായിരുന്നു എല്ലാ ദിവസത്തെയും കായികപരിശീലനം. ഇതിന് നേതൃത്വം നല്‍കിയത് കൊല്ലത്തെ കായികാധ്യാപകരായ ചന്ദ്രദത്തന്‍ മാഷും വര്‍ഗീസ് മാഷുമായിരുന്നു. ഈ പരിശീലനം വൈകുന്നേരം 4 മണി മുതല്‍ 6മണി വരെ നീണ്ടുനില്‍ക്കും. ഇതിനോടൊപ്പം തന്നെ യോഗ പരിശീലനവും മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ തുടങ്ങിയവയുമുണ്ടായിരുന്നു. ക്രിക്കറ്റും ഫുട്ബോളുമൊക്കെയുണ്ടായിരുന്ന കായിക പരിശീലനം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമായ കൊല്ലത്തെ തെന്മലയിലേക്കാണ് ഈ പ്രാവശ്യം ഞങ്ങള്‍ പഠനയാത്രയ്ക്ക് പോയത്. കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായ തെന്മല ഡാം ഞങ്ങള്‍ സന്ദര്‍ശിച്ചു. ശേഷം അതിനു സമീപമുള്ള ശില്പോദ്യാനവും കണ്ടു.തെന്മലയിലെ മാന്‍ പാര്‍ക്കും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ചിത്രശലഭ പാര്‍ക്കും മറ്റ് പല ദൃശ്യങ്ങളും കാണാനുണ്ടായിരുന്നെങ്കിലും മഴ പെയ്തതിനാല്‍ ഏറെ നേരത്തേ തന്നെ തിരിച്ച് മടങ്ങേണ്ടി വന്നു.
ന്യൂമാറ്റ്സിന്റെ ആദ്യ ക്യാമ്പു മുതല്‍ പങ്കെടുക്കുന്ന അലന്‍ ജോസഫിന് 'നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. ക്യാമ്പ് ദിവസങ്ങളിലാണ് അത് സംപ്രേക്ഷണം ചെയ്തത്. അന്നത്തെ പരിപാടി ഞങ്ങള്‍ ടെലവിഷനില്‍ കണ്ടു. കാസര്‍ഗോഡിലെ കന്നട മീഡിയത്തില്‍ പഠിക്കുന്ന രമിത്തിന്റെയും പ്രണവിന്റെയും സംസാരം മലയാളി ക്യാമ്പംഗങ്ങള്‍ക്ക് ഏറെ കൗതുകകരമായി. ഓരോ പ്രദേശങ്ങളിലെയും ഭാഷാ പ്രയോഗങ്ങളുടെ വ്യത്യാസം ഏറെ ആസ്വാദ്യകരമായി. ആദ്യ ക്യാമ്പു മുതല്‍ പങ്കെടുക്കുന്ന ഇടുക്കിയില്‍ നിന്നുള്ള സ്റ്റീഫന്‍ തോമസ് തന്റെ ചടുലമായ സംസാരത്തിലൂടെ ക്യാമ്പിന്റെ ശ്രദ്ധാകേന്ദ്രമായി. സൗകര്യങ്ങളുള്ള മുറികളും ഡോര്‍മിറ്ററികളുമായിരുന്നു ഞങ്ങള്‍ക്ക് ഞങ്ങള്‍ക്ക് താമസത്തിന് ഒരുക്കിയിരുന്നത്. 10 ദിസവും എന്നോടൊപ്പം മുറിയില്‍ ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥിയായ എറണാകുളത്തു നിന്നുള്ള മൂസക്കൂട്ടിയായിരുന്നു. വളരെ നല്ല ഭക്ഷണമായിരുന്നു ലഭിച്ചത്. എല്ലാ ദിവസവും സസ്യവിഭവങ്ങളും സസ്യേതരവിഭവങ്ങളുമുണ്ടായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും ചുമതല മെന്റര്‍ എന്ന് വിളിക്കുന്ന അധ്യാപകര്‍ക്കായിരുന്നു. അവരെല്ലാവരും പത്ത് ദിവസവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
ക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം പ്രയോജനപ്പെട്ടു എന്നറിയുന്നതിനു വേണ്ടി അവസാന ദിവസം പരീക്ഷ നടത്തിയിരുന്നു. ക്യാമ്പില്‍ വിശദീകരിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. ഈ ക്യാമ്പ് കൂടാതെ ഡിസംബറില്‍ മേഖലാടിസ്ഥാനത്തില്‍ ഒരു ഇടക്കാല ക്യാമ്പ് കൂടിയുണ്ടാകും.
മെയ് 17ന് ഉച്ചയ്ക്കു നടന്ന സമാപന സമ്മേളനം കൃഷ്ണന്‍ മാഷ് ഉദ്ഘാടനം ചെയ്തു. 2015 ല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. 2015ല്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച കണ്ണൂരില്‍ നിന്നുള്ള നീരജിന് സമ്മാനം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തെക്കാളും മികച്ച ക്ലാസുകളും മറ്റ് പരിപാടികളുമുള്ള ക്യാമ്പായിരുന്നു ഈ വര്‍ഷത്തേതെന്ന് ക്യാമ്പംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ധാരാളം പുത്തന്‍ ഗണിതാശയങ്ങള്‍ പകര്‍ന്നു തന്ന ഈ ന്യൂമാറ്റ്സ് ക്യാമ്പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്ലൊരു അനുഭവമായിരുന്നു. ഗണിത അറിവുകള്‍ ഇനിയും നേടുന്നതിനായി അടുത്ത വര്‍ഷത്തെ ന്യൂമാറ്റ്സ് ക്യാമ്പിനുവേണ്ടി കാത്തിരിക്കുകയാണ് ഞങ്ങളോരോരുത്തരും.
Read More | തുടര്‍ന്നു വായിക്കുക