റോഡ് സേഫ്റ്റി ക്ലബ്ബിലെ കുട്ടിപ്പോലീസിന്റെ സഹായത്തോടെ റോഡ് മുറിച്ചു കടന്ന് അപര്‍ണയും കൂട്ടുകാരും വീട്ടിലേക്കു നടക്കുകയാണ്. കേരളാ പോലീസ് നടത്തുന്ന ബോധവല്‍ക്കരണപരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചിട്ടുള്ള പപ്പു സീബ്രയെക്കുറിച്ചായിരുന്നു അവളുടെ മനസു മുഴുവന്‍. റോഡ് നിയമങ്ങള്‍ കുട്ടികളിലേക്കെത്തിക്കുന്നതിനായി കേരളാ പോലീസ് ഡി.ജി.പിയാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചതെന്നാണ് ക്ലാസ് ടീച്ചര്‍ പറഞ്ഞു തന്നത്.
"ഓരോ ദിവസവും സ്ക്കൂളിലെ ഒരു ബോര്‍ഡില്‍ റോഡ് നിയമങ്ങള്‍ എഴുതിയിടുന്നത് വളരെ ഉപകാരമായി. അല്ലേ മുംതാസ്?" അപര്‍ണ ചോദിച്ചു
"അതേയതെ. ഇതുമൂലം റോഡ് നിയമങ്ങളൊക്കെ തെറ്റിക്കാതെ നടക്കാനായി"
"ലോകത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നവരില്‍ 42% പേരും കാല്‍ നടയാത്രയ്ക്കാരാണെന്നല്ലേ ടീച്ചര്‍ പറഞ്ഞത്? "
"ടീച്ചറത് പറഞ്ഞപ്പോഴാണ് റോഡ് നിയമങ്ങള്‍ കാല്‍ നടയാത്രക്കാര്‍ക്കും ബാധകമാണെന്ന് മനസ്സിലായത്. " മുംതാസ് പറഞ്ഞു.
"നിങ്ങളെന്തിനാ ലോകത്തെ കണക്കെടുക്കുന്നത്? കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മരിച്ചതെത്ര പേരാന്നറിയോ? പത്തും നൂറുമല്ല. മുപ്പത്തയ്യായിരം പേര്‍! ഇതേയ്, ഒരു വലിയ പഞ്ചായത്തിലെ ജനസംഖ്യയ്ക്ക് തുല്യമാണെന്നോര്‍ക്കണം."
മരിയ കുറച്ച് ആധികാരിമായാണ് ചര്‍ച്ചയില്‍ ഇടപെട്ടത്.
"മരിയ പറഞ്ഞത് ശരിയാ. കേരളത്തില്‍ ഓരോ ദിവസവും ഉണ്ടാകുന്ന റോഡപകടങ്ങളുടെ എണ്ണമറിയോ? ശരാശരി 112 എണ്ണം! 9 പേര്‍ നിത്യേന മരിക്കുന്നുണ്ടത്രേ. നൂറ്റമ്പതോളം പേര്‍ക്ക് പരിക്കുമുണ്ടാകുന്നു. എന്ത് കഷ്ടമാണല്ലേ?" അപര്‍ണ പറഞ്ഞു.
"ഓരോ ദിവസവും പത്രം തുറക്കുമ്പോള്‍ പേടിയാകും. എന്നും അപകടങ്ങളാണ്." മുംതാസ്
"രാവിലെയും വൈകീട്ടും കുട്ടികള്‍ പുറത്തുള്ള സമയങ്ങളില്‍ ടിപ്പറുകള്‍ ഓടിക്കരുതെന്ന് ഒരു നിയമമുണ്ടാക്കിയതും ഉപകാരമായി. എന്തുവേഗത്തിലാണ് ടിപ്പറുകള്‍ പായുന്നത്."
"അപകടത്തിന് ടിപ്പറുകള്‍ മാത്രമല്ല കാരണം. ബസും കാറും ബൈക്കും എന്നു വേണ്ട ഏതു തരം വാഹനങ്ങളും കാരണമാകില്ലേ. ഇവിടെ വേണ്ടത് ഡ്രൈവര്‍മാരുടെ ശ്രദ്ധയാണ്. ഒപ്പം നമ്മളോരോരുത്തരും ശ്രദ്ധിക്കണം"
മരിയ തന്റെ ശബ്ദത്തില്‍ ഒട്ടും ആധികാരികത കുറച്ചില്ല.
"നിങ്ങളിങ്ങനെ കണക്കെടുത്തു കൊണ്ടിരുന്നോ. ടീച്ചര്‍ ചോദിച്ച കണക്കിന് ഉത്തരം കണ്ടു പിടിക്കാനായില്ലല്ലോ " ഇത്രയും നേരം നിശബ്ദയായി നടന്ന ജാസ്മിന്‍ ഇടപെട്ടു.
"ശരിയാണല്ലോ. നാളെ ഇതിനുത്തരം കണ്ടുപിടിച്ചു വരുന്നവര്‍ക്ക് ടീച്ചര്‍ ഒരു സമ്മാനം തരുമെന്നല്ലേ പറഞ്ഞിരിക്കുന്നത്? " മുംതാസ്
"അപര്‍ണേ, ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് നീയെന്നും ഉത്തരം കണ്ടുപിടിക്കാറുണ്ടല്ലോ. ഇതിനും ഉത്തരം കണ്ടെത്തണേ" മരിയ
"മരിയാ, അങ്ങനെ ഒഴിഞ്ഞു മാറല്ലേ. അപര്‍ണയ്ക്ക് മുമ്പേ ഉത്തരം കണ്ടുപിടിക്കാന്‍ നീയെന്തേ ശ്രമിക്കാത്തത്? വാശിയുണ്ടെങ്കില്‍ നീയതിന് ഉത്തരം കണ്ടുപിടിക്ക്" ഒരു മുതിര്‍ന്ന കുട്ടിയുടെ പക്വതയോടെ ജാസ്മിന്‍ പറഞ്ഞു.
"അപ്പോള്‍ ഒരു കൈ നോക്കാം, അല്ലേ?" മരിയ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞു.
ടീച്ചറുടെ ചോദ്യം എന്തായിരുന്നുവെന്നറിയേണ്ടേ?
പത്തുകൊണ്ടു ഹരിക്കുമ്പോള്‍ ഒന്‍പതും
ഒന്‍പതു കൊണ്ട് ഹരിക്കുമ്പോള്‍ എട്ടും
എട്ടു കൊണ്ട് ഹരിക്കുമ്പോള്‍ ഏഴും
ഏഴു കൊണ്ട് ഹരിക്കുമ്പോള്‍ ആറും
ആറു കൊണ്ട് ഹരിക്കുമ്പോള്‍ അഞ്ചും
അഞ്ചു കൊണ്ട് ഹരിക്കുമ്പോള്‍ നാലും
നാലു കൊണ്ട് ഹരിക്കുമ്പോള്‍ മൂന്നും
മൂന്നു കൊണ്ട് ഹരിക്കുമ്പോള്‍ രണ്ടും
രണ്ടു കൊണ്ട് ഹരിക്കുമ്പോള്‍ ഒന്നും
ശിഷ്ടമായി ലഭിക്കുന്ന ഒരു സംഖ്യ പറയാമോ?
മരിയ നിശബ്ദയായി ആലോചനയിലാണ്ടു. ഇതിന് ഉത്തരം കണ്ടെത്തണം.
അതിന് മരിയയെ നിങ്ങള്‍ സഹായിക്കാമോ? ഉത്തരങ്ങള്‍ കമന്റായും മെയിലായും രേഖപ്പെടുത്താം.
ഇനി, കണക്കില്‍ അത്രയ്ക്കങ്ങട് പോരാന്നുണ്ടോ. എങ്കില്‍ ഭാഷാപരമായ ഒരു ചോദ്യം. ഈ പോസ്റ്റില്‍ മൂന്ന് അനുസ്വാരങ്ങള്‍ വരുന്ന ഒരു മൂന്നക്ഷരപദം ഉള്‍പ്പെട്ടിട്ടുണ്ട്. ഏതാണാ പദം?
Read More | തുടര്‍ന്നു വായിക്കുക