STATE SCHOOL KALOLSAVAM

SSLC EXAM Data Entry : I-Exam Portal

MID DAY MEAL - Monitoring : Directions for online entry | Website

ഓണാശംസകളോടെ....ഓണത്തെക്കുറിച്ച്

>> Tuesday, September 1, 2009


സംഘകാല കൃതികളെ (ക്രി മു. 300 മുതല്‍) വ്യക്തമായി അപഗ്രഥിച്ചതില്‍ നിന്ന് ഓണത്തെപ്പറ്റിയുള്ള പ്രചീന പരാമര്‍ശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. ഐതിഹ്യങ്ങളേക്കാള്‍ സത്യമാകാന്‍ ഉള്ള സാധ്യത അതിനാണ്. കേരളത്തില്‍ പണ്ടു മുതല്‍ക്കേ ഇടവമാസം‍ മുതല്‍ കര്‍ക്കടകമാസം അവസാനിക്കുന്നതു വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങള്‍ നടക്കുമായിരുന്നില്ല. ഈര്‍പ്പം മൂലം കുരുമുളക് നശിച്ചു പോകുമെന്നതും കപ്പലുകള്‍ക്ക് സഞ്ചാരം ദുഷ്കരമാവുമെന്നതുമാണ് പ്രധാന കാരണങ്ങള്‍. കപ്പലോട്ടവും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ഇടപെടലുകള്‍ എല്ലാം നിര്‍ത്തിവയ്ക്കും. കപ്പലുകള്‍ എല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളില്‍ കാത്തിരിക്കും എന്നാല്‍ പിന്നീട് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോട് കൂടിയാണ്. സാഹസികരായ നാവികര്‍ വിദേശത്തു നിന്ന് പൊന്ന് കൊണ്ട് വരുന്നതിനെ സൂചിപ്പിക്കാനായി പൊന്നിന്‍ ചിങ്ങമാസം എന്ന് പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകള്‍ ആയി ആഘോഷിച്ചു. ചിങ്ങ മാസത്തിലെ പൗര്‍ണ്ണമിനാളില്‍ കപ്പലുകള്‍ കടലില്‍ ഇറക്കുന്നതും അതില്‍ അഭിമാനം കൊള്ളുന്ന കേരളീയര്‍ നാളികേരവും പഴങ്ങളും കടലില്‍ എറിഞ്ഞ് അഹ്ലാദം പങ്കുവയ്ക്കുന്നതും വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതും മറ്റുമുള്ള പ്രസ്താവനകള്‍ അകനാനൂറ് എന്ന കൃതിയില്‍ ധാരാളം ഉണ്ട്. ഒരു പക്ഷേ കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണ നാളിലായിരുന്നിരിക്കാം അതു കൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളുകള്‍ അദ്ദേഹത്തിന്റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം എന്ന് ചരിത്രകാരനായ സോമന്‍ ഇലവം മൂട് സമര്‍ത്ഥിക്കുന്നു.
ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എന്‍.വി. കൃഷ്ണവാരിയര്‍ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്.
സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുള്‍പ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച്‌ പരാമര്‍ശമണ്ട്. ബി.സി. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാര്‍' എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയില്‍ ഓണം ആഘോഷിച്ചിരുന്നതായി അതില്‍ വര്‍ണ്ണനയുണ്ട്‌. ശ്രാവണ പൗര്‍ണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തില്‍ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ചേരന്മാരില്‍ നിന്ന് കടം എടുത്ത അല്ലെങ്കില്‍ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാല്‍ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയില്‍ അതായത് തമിഴ് നാട്ടില്‍ ആണ് കൂടുതല്‍ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്.
മലബാര്‍ മാന്വലിന്റെ കര്‍ത്താവ് ലോഗന്‍ സായ്പിന്റെ അഭിപ്രായത്തില്‍ എ.ഡി. 825 മുതലാണ്‌ ഓണം ആഘോഷിച്ചു തുടങ്ങിയത്‌. മഹാബലിയുടെ ഓര്‍മ്മക്കായി ഭാസ്കര രവിവര്‍മ്മയാണിത്‌ ആരംഭിച്ചതെന്നും ലോഗന്‍ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കര്‍ത്താവ്‌ കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയില്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അറബിസഞ്ചാരി അല്‍ബി റൂണിയും 1154ല്‍ വന്ന ഈജിപ്ഷ്യന്‍ സഞ്ചാരി അല്‍ ഇദ്രീസിയും 1159ല്‍ ഫ്രഞ്ച്‌ സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്‌.
ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. 10ാ‍ം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ക്കിടയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താനുംസഹായിക്കുന്നുണ്ട്‌".
പത്താം നൂറ്റാണ്ടില്‍ത്തന്നെ സ്ഥാണു രവികുലശേഖരന്‍ എന്ന രാജാവിന്റെ തിരുവാറ്റ്‌ ലിഖിതത്തിലും ഓണത്തെ പരാമര്‍ശിക്കുന്നുണ്ട്‌. വിദേശനിര്‍മ്മിത വസ്‌തുക്കള്‍ ഓണക്കാഴ്ച നല്‍കി പന്ത്രണ്ടുവര്‍ഷത്തെ ദേശീയോത്സവത്തിന്റെ മേല്‍നോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കന്‍മാരെല്ലാം ആ പള്ളി ഓണത്തില്‍ പങ്കുചേരാന്‍ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ്‌ ഐതിഹ്യം. കാലക്രമത്തില്‍ ഇത് കനകക്കുന്ന് കൊട്ടാരത്തില്‍ നടത്തിവരുകയും പിന്നീട് കേരളസര്‍ക്കാര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു.
പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമര്‍ശമുണ്ട്‌. 1286ല്‍ മതപ്രചാരണാര്‍ത്ഥം എത്തിയ ഫ്രയര്‍ ഒഡോറിക്കും 1347ല്‍ കോഴിക്കോട്‌ താമസിച്ചിരുന്ന റീഗ്‌ നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്‌. എ.ഡി. 1200ല്‍ കേരളം സന്ദര്‍ശിച്ച അഡീറിയക്കാരന്‍ 'പിനോര്‍ ജോണ്‍' തന്റെ കൃതിയായ 'ഓര്‍മ്മകളില്‍' ഇപ്രകാരം എഴുതുന്നു. ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്‌. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ്‌ അതില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ്‌ ഈ നാളുകളില്‍ കഴിയുന്നത്‌. പല കളികളും കാണിച്ച്‌ അവര്‍ ആഹ്ലാദം പങ്കിടുന്നു."

1 comments:

Anonymous September 1, 2009 at 1:07 PM  

Very useful

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer