സോഫ്റ്റ്​വെയര്‍- സൗജന്യവും സ്വാതന്ത്ര്യവും!

>> Wednesday, September 16, 2009


സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകര്‍പ്പുകള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സൌജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നല്‍കേണ്ടിവരികയുള്ളു. ഇംഗ്ലീഷില്‍ "ഫ്രീ സോഫ്റ്റ്‌വെയര്‍" എന്നതില്‍ "ഫ്രീ" എന്നാല്‍ സൌജന്യമെന്നല്ല, മറിച്ച് "സ്വാതന്ത്രം" എന്നാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുന്നേറ്റത്തിന്റെ സ്ഥാപകനായ റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ (ചിത്രം കാണുക) 1983 ല്‍ ഒരു സ്വതന്ത്ര ഓപറേറ്റിങ്ങ്‌ സിസ്റ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ "ഗ്നു" പ്രൊജക്റ്റ്‌ ആരംഭിച്ചു. 1985ല്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ( FSF ) ആരംഭിച്ചു. എന്നാല്‍ ഒരു ഓപറേറ്റിങ്ങ്‌ സിസ്റ്റത്തിന് വേണ്ട പ്രധാന ഭാഗമാണ് "കേണല്‍" ( Kernel ). പക്ഷെ ഗ്നു പ്രൊജക്റ്റ്‌ തുടങ്ങി വച്ച "ഹേര്‍ഡ്" ( Hurd ) വേണ്ടത്ര പുരോഗതി പ്രാപിച്ചിരുന്നില്ല. 1991ല്‍ "ലൈനസ് ടോര്‍വാള്‍ട്സ്" എന്ന ഫീനിഷ് വിദ്യാര്‍ഥി "ലിനക്സ്‌" കേണല്‍ കൊണ്ടുവന്നു. അദ്ധേഹത്തിന്റെ സുഹുര്‍ത്തുക്കള്‍ "ഗ്നു" പ്രൊജക്റ്റ്‌ "ലിനക്സ്‌" കേണലുമായി സംയോജിപ്പിച്ച് "ഗ്നു/ലിനക്സ്‌" ഓപറേറ്റിങ്ങ്‌ സിസ്റ്റം ഉണ്ടാക്കി. ഇന്ന് നമ്മള്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്നത് "ഗ്നു/ലിനക്സ്‌" അടിസ്ഥാനമാക്കി നിര്‍മിച്ച ഓപറേറ്റിങ്ങ്‌ സിസ്റ്റം ആണ്.


സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ചിലപ്പോള്‍ സൌജന്യമായി ലഭിക്കണമെന്നില്ല. എന്നാല്‍ അത് ഉപയോഗിക്കുന്നതിന് പണം നല്‍കേണ്ടതില്ല. കൂടാതെ അത് ഏതൊരുപയോക്താവിനും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം നല്‍കുന്നവയായിരിക്കും.

സൌജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകണമെന്നില്ല. സൌജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്‌വെയറുകളെ ഫ്രീവെയര്‍ ( സൌജന്യസോഫ്റ്റ്‌വെയര്‍ ഇംഗ്ലീഷില്‍ "Freeware" ) എന്നു് വിളിയ്ക്കുന്നു. സൌജന്യസോഫ്റ്റ്‌വെയര്‍ അതിന്റെ പകര്‍പ്പവകാശം നിര്‍മ്മാതാക്കളില്‍തന്നെ നിലനിറുത്തുന്നു. കൂടാതെ ഇവയുടെ സ്രോതസ് ( സോഴ്സ് കോഡ് ) ലഭ്യമായിരിക്കുകയില്ല. ഇവയുടെ കൂടുതല്‍പകര്‍പ്പുകള്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയില്ല.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍

* 0 ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം
* 1 സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്ന് പഠിക്കാനുള്ള സ്വാതന്ത്ര്യം

* 2 പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
* 3 പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം.

സ്വാതന്ത്ര്യം 1 സ്വാതന്ത്ര്യം 3 എന്നിവ ലഭിക്കുവാന്‍ സോഫ്റ്റ്‌വെയറിന്റെ സ്രോതസ് ലഭ്യമായിരിക്കണം. സ്രോതസ് ഇല്ലാതെ പ്രവര്‍ത്തനത്തെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താവിന് സോഫ്റ്റ്‌വെയറിന്മേലുള്ള പൂര്‍ണ്ണ നിയന്ത്ര​ണം സാദ്ധ്യമാകുന്നു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ അംഗീകരിച്ച ജനീവ കരാര്‍ പ്രകാരം സോഫ്റ്റുവെയര്‍ എന്നതു് പകര്‍പ്പാവകാശ നിയമം വഴി സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടിയാണു്. ഓരോ സോഫ്റ്റുവെയറിലുമുള്ള പൂര്‍ണ്ണാവകാശം അതിന്റെ രചയിതാവിലധിഷ്ടിതമാണു്. സ്വതന്ത്ര അനുമതി പത്രങ്ങളിലൂടെ ഓരോ രചയിതാവിനുമുള്ള ഈ അവകാശം ഓരോ ഉപയോക്താക്കളിലും എത്തിച്ചേരുന്നു.

ഏതൊരു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനും ഉപയോക്താവ് ചില നിബന്ധനകള്‍ പാലിക്കേണ്ടതാണ്. ഈ നിബന്ധനകളെ സോഫ്റ്റ്‌വെയര്‍ ലൈസെന്‍സ്‌ എന്ന് പറയുന്നു. സ്വതന്ത്ര സോഫ്​റ്റ്വെയറുകള്‍ക്കും ലൈസെന്‍സ് ബാധകമാണ്. സാധാരണ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഒരു ലൈസെന്‍സ് ആണ് "ഗ്നു ജനറല്‍ പബ്ലിക്‌ ലൈസെന്‍സ്" ( GNU GPL ).

....................................................................................................
ഈ വരുന്ന സെപ്റ്റംബര്‍ 19 ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്​വെയര്‍ ദിനമായി ആചരിക്കുകയാണല്ലോ?
വിജ്ഞാനം പങ്കുവെയ്ക്കുക, നിസ്വാര്‍ഥമായി പകര്‍ന്നുകൊടുക്കുക എന്നീ രീതിശാസ്ത്രങ്ങളിലധിഷ്ഠിതമായ സ്വതന്ത്ര സോഫ്റ്റ്​വെയര്‍ പ്രസ്ഥാനത്തോട് നാം അധ്യാപകര്‍ കുറച്ചുകൂടി ചേര്‍ന്നുനില്‍ക്കേണ്ടതില്ലേ? (വേണമെങ്കില്‍ കമന്റ്സിലൂടെ ഒരു ചര്‍ച്ചയാകാം!). സ്കൂളുകളിലെ ഐ.ടി. കോര്‍ണറുകളുടെ ആഭിമുഖ്യത്തില്‍ ഈ ദിനം സമുചിതമായി ആഘോഷിക്കുന്നുണ്ടാവുമല്ലോ? എന്തായാലും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തവണ ആഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നുണ്ടെന്നാണ് നമുക്ക് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. എറണാകുളം കളമശ്ശേരിയിലെ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ വെച്ച് സെപ്റ്റംബര്‍ 17 ന് വ്യാഴാഴ്ച നടക്കുന്ന പരിപാടികളില്‍ സെമിനാറുകള്‍, ഡിബേറ്റ്, ഗ്നു/ലിനക്സ്‌ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്,...തുടങ്ങി ധാരാളം പ്രയോജനകരങ്ങളായ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‌‌പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്. വിശദമായ വിവരങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക.




0 comments:

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer