ദേശീയ അധ്യാപക ദിനം ഇന്ന് (September 5)

>> Saturday, September 5, 2009

ന്ന് ഭാരതത്തില്‍ അധ്യാപക ദിനം ആഘോഷിക്കുകയാണല്ലോ. പ്രിയപ്പെട്ട കുട്ടികളേ, ഓണാവധി ആയതിനാല്‍ നിങ്ങളുടെ അധ്യാപകര്‍ക്ക് നേരിട്ട് ആശംസകള്‍ നേരാനുള്ള ഒരു അവസരം നഷ്ടമായിപ്പോയല്ലേ. വിഷമിക്കേണ്ട, ലോക അധ്യാപകദിനം ഒക്ടോബര്‍ 5 ആണെന്ന് അറിയാമല്ലോ. അന്നേ ദിവസം നമുക്ക് ഈ കടം വീട്ടാം കേട്ടോ. വേണമെങ്കില്‍ നിങ്ങളുടെ അധ്യാപകര്‍ക്ക് ആശംസകള്‍ നേരാന്‍ ബ്ലോഗിലെ ഈ പോസ്റ്റിനു താഴെയുള്ള Comments ഉപയോഗിക്കാവുന്നതേയുള്ളു.

എന്തായാലും, മാത്​സ് ബ്ലോഗ് ടീമിന്റെ പേരില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകള്‍.... ഇത് ഒരു ജോലി മാത്രമായി കാണാത്തവരാണ് നമ്മളില്‍ ഭൂരിഭാഗവും എന്നു ധൈര്യമായി തന്നെ പറയാം. അതു കൊണ്ടു തന്നെയാണല്ലോ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ പരസ്പരം അറിവുകള്‍ പങ്കുവെക്കാന്‍ നമ്മളോരോരുത്തരും ശ്രമിച്ചു കൊണ്ടിരിക്കുന്നതും. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു..

അധ്യാപക ദിനം സെപ്റ്റംബര്‍ 5 ആയി ആഘോഷിക്കുന്നതിന് പിന്നില്‍ വല്ല കഥയുമുണ്ടോ? ഉണ്ട്. 1962 ല്‍ ഡോ.എസ്.രാധാകൃഷ്ണന്‍ ഇന്‍ഡ്യയുടെ രാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ചു. അവരുടെ പ്രിയപ്പെട്ട അധ്യാപകന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ഒരു ആഘോഷമാക്കി മാറ്റാനാഗ്രഹിക്കുന്നുവെന്നും അതിന് അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പക്ഷെ അദ്ദേഹമത് സ്നേഹപൂര്‍വ്വം നിരസിച്ചു. ഒരു വ്യക്തിയുടെ ജന്മദിനം കൊണ്ടാടുന്നതിനോട് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. പക്ഷെ അവര്‍ വിട്ടില്ല. ഒടുവില്‍ തന്നെ സമീപിച്ചവരുടെ സ്നേഹനിര്‍ബന്ധങ്ങള്‍​ക്കൊടുവില്‍ അദ്ദേഹം അവരോട് പറഞ്ഞു.


"നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ സെപ്റ്റംബര്‍ 5 എന്റെ ജന്മദിനമായി ആഘോഷിക്കുന്നതിനു പകരം അധ്യാപകദിനം എന്നപേരില്‍ മുഴുവന്‍ അധ്യാപകര്‍ക്കും വേണ്ടി ആഘോഷിച്ചു കൂടേ." തന്റെ ജന്മദിനം തനിക്കു വേണ്ടി ആഘോഷിക്കുന്നതിനു പകരം രാജ്യത്തെ ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കിവെക്കണമെന്ന് പറയാനുള്ള സന്മനസ്സ് അദ്ദേഹം കാണിച്ചു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഒരു പക്ഷേ അധ്യാപകര്‍ക്കു വേണ്ടി ഒരു ദിവസം ഉണ്ടായിരിക്കുമായിരുന്നില്ല.


ഇന്‍ഡ്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു എസ്.രാധാകൃഷ്ണന്‍ എന്ന സര്‍​വ്വേപ്പള്ളി രാധാകൃഷ്ണന്‍. മദ്രാസിന് 64 കിലോമീറ്റര്‍ വടക്ക് കിഴക്ക് ഭാഗത്തുള്ള അന്ധ്രാപ്രദേശിലെ തിരുത്താണി ഗ്രാമത്തില്‍ 1888 സെപ്റ്റംബര്‍ 5 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. തെലുങ്ക് മാതൃഭാഷയായിരുന്നു. തിരുത്തണി, തിരുവള്ളൂര്‍, തിരുപ്പതി, മദ്രാസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇന്‍ഡ്യയിലും വിദേശത്തുമുള്ള നിരവധി സര്‍വ്വകലാശാലകളില്‍ അധ്യാപകനാകാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1914 ല്‍ ഗണിതശാസ്ത്രജ്ഞരില്‍ അഗ്രഗണ്യനായ ശ്രീനിവാസ രാമാനുജന്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കേംബ്രിഡ്ജ് സന്ദര്‍ശനത്തിന് മുമ്പായി സ്വപ്നത്തില്‍ കണ്ടപ്രകാരം ഡോ.എസ്.രാധാകൃഷ്ണനെ സന്ദര്‍ശിക്കുകയുണ്ടായി. പിന്നീടൊരിക്കലും അവര്‍ക്ക് തമ്മില്‍ കാണാന്‍ അവസരം ലഭിച്ചതുമില്ല. 1921 ല്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റിയിലെ തത്വശാസ്ത്ര വിഭാഗത്തില്‍ നിയമനം ലഭിച്ചതോടെ ചിന്തകന്‍ എന്ന നിലയില്‍ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ആന്ധ്ര സര്‍വ്വകലാശാല, ബനാറസ് സര്‍വ്വകലാശാല, ഡല്‍ഹി സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുനെസ്കോ ചെയര്‍മാന്‍, സോവിയറ്റ് യൂണിയനിലെ ഇന്‍ഡ്യന്‍ സ്ഥാനപതി, ഇന്‍ഡ്യയുടെ ആദ്യ ഉപരാഷ്ട്രപതി (1952 മെയ് 13), രാഷ്ട്രപതി (1962 മെയ് 13 മുതല്‍ 1967 മെയ് 13 വരെ) എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു. 1952 മെയ് 13 ന് രാജ്യസഭയുടെ ആദ്യസമ്മേളനം അദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ചേര്‍ന്നത്. മുപ്പതിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ശിവകാമുവായായിരുന്നു ഭാര്യ. അഞ്ച് പുത്രിമാരും ഒരു പുത്രനും ഉണ്ടായിരുന്നു. 1954 ല്‍ ഭാരതരത്നം ബഹുമതി ലഭിച്ചു. 1975 ഏപ്രില്‍ 17 ന് അദ്ദേഹം അന്തരിച്ചു.

13 comments:

Anonymous September 5, 2009 at 12:32 AM  

Happy Teachers Day

Hari & Nizar

Anonymous September 5, 2009 at 5:19 AM  

എന്റെ പ്രിയപ്പെട്ട സൈമണ്‍ സാറിനും ഗിരിജ ടീച്ചര്‍ക്കും സ്നേഹം നിറഞ്ഞ ആശംസകള്‍

രശ്മി
8ാം ക്ളാസ്സ്
ഗവ.ഹൈസ്കൂള്‍
വില്ലാര്‍വട്ടം

Anonymous September 5, 2009 at 6:40 AM  

അ’ധ്യാ’പകർ ഇപ്പോഴും അ’ദ്ധ്യാ’പകരെ വിട്ടിട്ടില്ലേ? സർക്കാർ ലിപി പരിഷ്കരണം വരുത്തിയിട്ട് വർഷങ്ങളെത്രയായി? ചുരുങ്ങിയ പക്ഷം തങ്ങൾ പഠിപ്പിക്കുന്ന പാഠ പുസ്തകങ്ങളെങ്കിലും ശ്രദ്ധിച്ചുകൂടേ?

Anonymous September 5, 2009 at 7:26 AM  

ചൂണ്ടിക്കാണിച്ചതിനു നന്ദി!
നോക്കൂ...ഏല്ലാ 'അദ്ധ്യാ'പകരും 'അധ്യാ'പകരായില്ലേ?

Anonymous September 5, 2009 at 9:21 AM  

Teaching should be full of ideas instead of stuffed with facts. Happy Teachers Day

Indira Gopi

Anonymous September 5, 2009 at 12:18 PM  

അ’ദ്ധ്യാ‘പകനെ അ’ധ്യാ’പകനാക്കുന്നതു മാത്രമല്ല പ്രശ്നം. ഭാഷയില്‍ അടിസ്ഥാനപരമായി വരുത്തിയ മാറ്റങ്ങള്‍ അധ്യാപകര്‍ ഉള്‍ക്കൊണ്ടില്ലെങ്കില്‍ കുട്ടികള്‍ എങ്ങനെ ശരി മനസ്സിലാക്കും?
നോക്കൂ: സര്‍’വ്വ’കലാശാല എന്നെഴുതിയിരിക്കുന്നു. രേഫത്തിനുശേഷം ‘ക’,‘ച’,‘ട’.’ത’,’പ’ ഈ അക്ഷരങ്ങളേ സാധാരണ ഗതിയില്‍ ഇര്‍ട്ടിപ്പിക്കേണ്ടതുള്ളൂ. അതായത് സര്‍’വ’കലാശാല മതി. ആവശ്യമുള്ളിടത്ത് ഇരട്ടിപ്പിക്കാതിരിക്കുകയും അല്ലാത്തിടത്ത് ഇരട്ടിപ്പിക്കുകയും ചെയ്യുക എന്നതു മലയാളികളുടെ പൊതുശീലമായതില്‍ അധ്യാപകര്‍ക്കു പങ്കുണ്ട്. ഇറച്ചികോഴി എന്നല്ലേ ഈ കേരളം മുഴുക്കെ എഴുതിവച്ചിരിക്കുന്നത്? വേണ്ടത് ഇറച്ചിക്കോഴി എന്നാണ്.
അതുപോലെ വര്‍ണപ്പകിട്ടിനെ വര്‍ണ്ണപകിട്ടാക്കും, വിരല്‍ത്തുമ്പിലാരോ എന്നതിനെ വിരല്‍തുമ്പിലാരോ എന്നാക്കും. കൂടുതലും സിനിമാ പോസ്റ്ററുകാരാണ് ഇങ്ങനെ ചെയ്യുന്നത്. അവ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നതാകയാല്‍ തെറ്റ് തിരുത്താന്‍ പറ്റാത്ത വിധം ശരിയായി മാറുന്നു.

Anonymous September 5, 2009 at 2:07 PM  

മുകളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഒരു പരിധി വരെ ശരിയാണ്. കാരണം അധ്യാപകന്റെ ഭാഷ കുട്ടികളുടെ ഭാഷയെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. പക്ഷെ ഭാഷയില്‍ അടിസ്ഥാനപരമായി വരുത്തിയ മാറ്റങ്ങള്‍ എന്നു പറഞ്ഞിരിക്കുന്നത് മനസ്സിലായില്ല. ഇങ്ങനെയൊരു അടിസ്ഥാനപരമായ മാറ്റം നടപ്പാക്കാന്‍ കേരളത്തില്‍ ഒരു അതോറിറ്റി ഉണ്ടോ? ഉണ്ടെങ്കില്‍ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ചുവരുകള്‍ക്കുള്ളിലൊതുങ്ങുന്നു എന്നതാകും യാഥാര്‍ത്ഥ്യം. ഭാഷയുടെ പ്രചാരകര്‍ എന്നു വിളിക്കാവുന്ന പത്രമാധ്യമങ്ങളില്‍ തന്നെ വരുന്ന വാക്കുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു പത്രത്തില്‍ ശിപാര്‍ശ, മറ്റൊന്നില്‍ ശുപാര്‍ശ. ഇതിലേതാണ് ശരി? വിദഗ്ദ്ധന്‍ എന്നു പണ്ടു കാലം മുതലേ എഴുതിപ്പോന്ന ഒരു വാക്ക് നിരവധി ആശുപത്രികളില്‍ വിദഗ്ദന്‍ എന്നെഴുതി വച്ചിട്ടുണ്ട്. ഇത് ശുദ്ധികലശത്തിന്റെ ഭാഗമാണോ ആവോ? റേഡിയോ, ടി.വി പോലെയുള്ള ദൃശ്യമാധ്യമങ്ങളില്‍ "ഫ" എന്ന അക്ഷരത്തിന്റെ ഉച്ചാരണം കേട്ടിട്ടുണ്ടോ? 99% പേരും തെറ്റായിട്ടാണ് ഉച്ചരിക്കുന്നത്. Fa എന്ന ഉച്ചാരണം ഫാദര്‍, ഫൂള്‍ തുടങ്ങിയ ഇംഗ്ലീഷ് പദങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. ഫലം, സാഫല്യം തുടങ്ങിയ മലയാള പദങ്ങള്‍ Phalam, Saphalyam എന്ന രീതിയിലാണ് ഉപയോഗിക്കേണ്ടത്. പക്ഷെ ഇതൊക്കെ ആരു തിരുത്തും. അധ്യാപകര്‍ മാത്രമാണോ ഇതിനുത്തരവാദികള്‍?

ലിഖിതഭാഷയില്‍ ഉകാരത്തിന്റെ പകുതിയായ സംവൃതോകാരം ഇടുന്നതുകൊണ്ട് ഉകാരം ഇടേണ്ടതില്ലെന്നിരിക്കേ പരിപ്പ്, മുളക് തുടങ്ങിയ വാക്കുകള്‍ എഴുതുമ്പോള്‍ ഇപ്പോഴും പലരും ഉകാരം ഇടാറുണ്ടല്ലോ. എന്നു വച്ച് എഴുതിയത് തെറ്റി എന്ന് ആരെങ്കിലും പറയുമോ? കേരളത്തിന്റെ ഭാഷാശൈലി ഓരോ പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നത് നോക്കൂ. ഒരു പ്രദേശത്ത് ഉപയോഗിക്കുന്ന വാക്ക് മറ്റൊരിടത്ത് വേറൊരു അര്‍ത്ഥത്തിലായിരിക്കാം ഉപയോഗിക്കപ്പെടുന്നത്. മലയാളികള്‍ അനുനാസികാതിപ്രസരം കൂടിയവരാണെന്ന് കേരളപാണിനി തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. പിന്നെ അര്‍ത്ഥവ്യത്യാസം ഉണ്ടാക്കാത്തിടത്തോളം മേല്‍പ്പറഞ്ഞ പദങ്ങള്‍ അങ്ങനെയെഴുതിയാലും തെറ്റില്ലെന്നു തന്നെയാണ് എന്റെ കാഴ്ചപ്പാട്. എന്തായാലും മുകളില്‍ Anonymous പറഞ്ഞ കമന്റ് തിരസ്ക്കരിക്കേണ്ടതില്ല. കുട്ടികള്‍ക്ക് അറിവിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന നമ്മള്‍ അധ്യാപകരാണ് ഭാഷയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടത്. ഇത്തരം ശക്തമായ ചൂണ്ടിക്കാട്ടലുകള്‍ ഉണ്ടാകുമ്പോഴാണ് ജ്ഞാനപ്രസരണം നടക്കുക.

Vijayan kadavath

Anonymous September 5, 2009 at 3:48 PM  

For each and every teachers who are guide to the future citizen of India I Wish "HAPPY TEACHERS DAY"

Anonymous September 5, 2009 at 8:26 PM  

വിജയൻ കടവത്ത് സാർ,
സൌകര്യത്തിനുവേണ്ടി ഭാഷയിൽ വരുത്തിയ ലിപി പരിഷ്കരണം കേരള സർക്കാർ മുൻ‌കൈയെടുത്ത് ഉണ്ടാക്കിയ അക്കാഡമിക് പണ്ഡിതന്മാർ നിർദേശിച്ചതാണ്. അതാണിപ്പോൾ പാഠപുസ്തകങ്ങളിൽ ഉപയോഗിക്കുന്നത്. അതിനോട് അഭിപ്രായ വ്യത്യാസമുള്ളവർ തീർച്ചയായും കാണും; പക്ഷേ അധ്യാപകർ പാഠപുസ്തകങ്ങളിലെ മാറ്റം അംഗീകരിക്കാ‍ൻ ബാധ്യസ്തരാണ്. അതുകൊണ്ടു പറഞ്ഞുവെന്നേയുള്ളൂ.പിന്നെ ‘ഫ’യുടെ കാര്യം ശരിയാണു പറഞ്ഞത്. ഈ ലേഖനം വായിക്കൂ.

Anonymous September 5, 2009 at 8:30 PM  

മുകളിൽ ഒരു തെറ്റു പറ്റി.റ്റൈപ്പ് സ്പീഡിൽ ചെയ്തപ്പോൾ പറ്റിയതാണ്. ‘ബാധ്യസ്ഥരാണ്’ എന്നതാണു ശരി;‘ബാധ്യസ്തരാ..’ എന്നല്ല. സോറി.

Anonymous September 6, 2009 at 12:38 AM  

Which is correct ?
September 5th or October 5 th? "ഇന്ന് ഭാരതത്തില്‍ അധ്യാപക ദിനം ആഘോഷിക്കുകയാണല്ലോ. പ്രിയപ്പെട്ട കുട്ടികളേ, ഓണാവധി ആയതിനാല്‍ നിങ്ങളുടെ അധ്യാപകര്‍ക്ക് നേരിട്ട് ആശംസകള്‍ നേരാനുള്ള ഒരു അവസരം നഷ്ടമായിപ്പോയല്ലേ. വിഷമിക്കേണ്ട,' ലോക അധ്യാപകദിനം ഒക്ടോബര്‍ 5 ആണെന്ന് അറിയാമല്ലോ'. അന്നേ ദിവസം നമുക്ക് ഈ കടം വീട്ടാം കേട്ടോ. വേണമെങ്കില്‍ നിങ്ങളുടെ അധ്യാപകര്‍ക്ക് ആശംസകള്‍ നേരാന്‍ ബ്ലോഗിലെ ഈ പോസ്റ്റിനു താഴെയുള്ള Comments ഉപയോഗിക്കാവുന്നതേയുള്ളു. എന്തായാലും, മാത്​സ് ബ്ലോഗ് ടീമിന്റെ പേരില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അധ്യാപകദിനാശംസകള്‍...."
look at the message, it is given in two kinds..
Who is behind the posts in this blog?
Who is responsible for the mistakes in this blog?
Please tell about the people behind this blog.. so that the authenticity will be more clear..

Anonymous September 6, 2009 at 4:44 AM  

Dear 'Anonymous',
Both are correct!
September 5 is 'National Teachers' Day' and October 5 is 'World Teachers' Day'!
Please see the 'Develepors' section to find who is behind the blog and whom to blame for the mistakes, if any!
Thank You,
Maths Blog Team

Anonymous September 6, 2009 at 8:44 PM  

ഇന്നലത്തെ (5-9-2009) മാതൃഭൂമി പത്രം അവസാന പേജ് വായിക്കുക. "അദ്ധ്യാപക"ദിനാശംസ.

ഇന്നത്തെ (6-9-2009) മനോരമ പത്രത്തിലെ ചരമപേജിനു താഴെ മേഴ്സി രവിക്ക് "ആദരാജ്ഞലി" കൊടുത്തിരിക്കുന്നത് കാണുക.

അധ്യാപകരെന്ന വിഭാഗം മാത്രമല്ല കുട്ടികളുടെ ഭാഷാപോഷിണികളായി നിലകൊള്ളുന്നത്. അധ്യാപകരെ മാത്രം കാടടച്ച് വെടിവെക്കാനുള്ള പ്രവണത അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer