സമഗ്ര IT പരീക്ഷാ ചോദ്യങ്ങള്‍

School Kalolsavam കലോത്സവം - ഒരു പഠനപ്രവര്‍ത്തനം

>> Sunday, January 19, 2014

54-മത് കേരള സ്കൂള്‍ കലോത്സവം 19 -01-2014നു ഗംഭീരമായി തുടങ്ങുകയായി. 1957 മുതല്‍ ആരംഭിച്ച ഈ ഉത്സവം ഓരോ വര്‍ഷവും പുതുമകളോടെയും മികവുകളോടെയും തന്നെയാണ്` സമാപിക്കാറുള്ളത്. 20 ഓളം ഇനങ്ങളും 400 കുട്ടികളുമായി തുടങ്ങിയ മേള ഇന്ന് 232 ഇനങ്ങളും 13000 ത്തോളം കുട്ടികളുമായി വളര്‍ന്ന് വികസിച്ചിരിക്കുന്നു. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ യുവജനമേള എന്ന ഖ്യാതി ഒരിക്കലും വെറും വാക്കാവുന്നില്ല. പ്രതിവര്‍ഷം നടക്കുന്ന വിലയിരുത്തലുകളും മാനുവല്‍ പുതുക്കലുകളും ഇതിനു കാരണമാവുന്നുണ്ട്. മത്സര ഇനങ്ങളുടെ കാര്യത്തിലും സമ്മാനങ്ങളിലും സംഘാടനത്തിലും മേല്‍നോട്ടത്തിലും എല്ലാം പ്രശംസനീയമായ നവീകരണം ഉണ്ടാവുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ കലോത്സവത്തെ കുറേക്കൂടി മെച്ചപ്പെടുത്തിക്കൂടേ? അധ്യാപകരില്‍ നിന്നും ഗുണപരമായൊരു ഇടപെടല്‍ പ്രതീക്ഷിച്ചു കൊണ്ട് അത്തരം ചിന്തകള്‍ പങ്കുവെക്കുകയാണ് ബ്ലോഗ് ടീമംഗവും വിദ്യാഭ്യാസവിചക്ഷണനുമായ എസ്.വി രാമനുണ്ണി സാര്‍.

ഓരോ തലം കഴിയുന്തോറും കലോത്സവം 'ഉത്സവ' മെന്ന അവസ്ഥ കൈവെടിഞ്ഞ് 'മത്സര' മാവുന്നത് കാണാതിരിക്കുന്നു എല്ലാവരും എന്നത് ദു:ഖകരവും പൂര്‍വസൂരികള്‍ വിഭാവനം ചെയ്ത കലോത്സവസങ്കല്‍പ്പത്തിന്ന് ഹാനികരവുമാകുന്നു. മത്സരത്തിന്റെ ഏറ്റവും വികൃതമായ ഒരു മുഖം 25-30 % മത്സരാര്‍ത്ഥികളും അപ്പീലിലൂടെ പ്രവേശിക്കുന്നു എന്നിടത്താണ്`. മത്സരശേഷവും ഇത്രത്തോളം അപ്പീലുകള്‍ തീര്‍പ്പാക്കാനായി കിട്ടിയിട്ടുണ്ടാവും. കലാപ്രതിഭ, കലാതിലകം , ഒന്നാംസ്ഥാനം തുടങ്ങിയവ ഇല്ലാതാക്കീട്ടും 'മത്സരം' കടുകിട കുറയുകയല്ല ചെയ്യുന്നത്.

ഉത്സവം‌‌-മത്സരാധിഷ്ഠിതമാവുന്നത് പൊതുവെയുള്ള നമ്മുടെസാമൂഹ്യാവസ്ഥയുടെതന്നെ പ്രതിഫലനമെന്ന് സമാധാനിക്കാനാവില്ല. കലയും ഉത്സവവുമൊക്കെ, ഈ തകര്‍ന്നുകൊണ്ടിരിക്കുന്ന സാമൂഹ്യാവസ്ഥയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍കൂടിയാണെന്നുള്ള കാര്യം പരക്കെ സമ്മതിക്കുന്ന ഒരു ചുറ്റുപാടില്‍ പ്രത്യേകിച്ചും. അതു സ്കൂള്‍ കുട്ടികളുടെതാവുമ്പോള്‍ പറയാനുമില്ല. സ്കൂളിനകത്തും പുറത്തും മത്സരമുക്തമായ ജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും പാഠങ്ങള്‍ നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്.

മത്സരത്തിനകത്തേക്ക് കുട്ടിയെ തള്ളിവിടുന്ന കാര്യങ്ങളില്‍ ഒന്ന് കലാകാരന്`/ കലാകാരിക്ക് ലഭിക്കുന്ന പ്രശസ്തിയാണ്`. പ്രശസ്തി ഒരു മോശം സംഗതിയാണെന്നല്ല. യുക്തിരഹിതമായ പ്രശസ്തിയാണ്` പ്രശ്‌‌നങ്ങള്‍ ഉണ്ടാക്കുന്നത്. കലോത്സവത്തില്‍ [പണ്ട്] ജയിച്ച യേശുദാസിന്റെയും ജയചന്ദ്രന്റെയും പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥിന്റെയും പേരുകള്‍ കൊല്ലാകൊല്ലം ആവര്‍ത്തിക്കുന്നത് ഇതുകൊണ്ടാണ്`. അന്നത്തെ ആ ജയമാണ്` അവരെ സിനിമാരംഗത്തെത്തിച്ചതെന്ന / പ്രശസ്തരക്കിയതെന്ന/ മഹാഗായകരാക്കിയതെന്ന ഭോഷ്ക് പ്രചരിപ്പിക്കുകയാണല്ലോ. അതിനു ശേഷം ഉണ്ടായ അവരുടെ പഠനവും പ്രയത്നങ്ങളും ഒക്കെ മറപ്പിക്കുന്നപോലെയാണ്` കലോത്സവമഹിമയുടെ ചരിത്രരേഖകള്‍ പ്രദര്‍ശിപ്പിക്കുന്നത്. . വിനീതിന്റെയും മഞ്ജുവാരിയരുടെയും ഒക്കെ കാര്യത്തിലും ഇങ്ങനെത്തന്നെ. ഇത് പങ്കെടുക്കുന്ന കുട്ടികളില്‍ വ്യര്‍ഥമോഹങ്ങള്‍ ഉല്പ്പാദിപ്പിക്കുകയും കല- അതിമത്സരമാവുകയും ചെയ്യുന്നു. പ്രശസ്തിയും തുടര്‍ന്നുള്ള സിനിമാപ്രവേശനവും മാത്രം അരങ്ങില്‍ പ്രകാശിക്കുകയാണ്`. നൃത്തമത്സരത്തില്‍ പങ്കെടുത്ത ഒരു [നിഷ്കളങ്കയായ] കുട്ടി ഇനിയുള്ള ആഗ്രഹമെന്ന നിലയ്ക്ക് പറഞ്ഞത് മോഹന്‍ലാലിന്റെ [ലാല്‍ സാര്‍ , ലാലേട്ടന്‍ എന്നൊന്നുമല്ല ]കൂടെ അഭിനയിക്കണമെന്നാണ്`. പങ്കെടുത്ത ബഹുഭൂരിപക്ഷം കുട്ടികളുടെയും ആഗ്രഹം ഇതുപോലൊക്കെത്തന്നെയാവും. ഇതാകട്ടെ രക്ഷിതാക്കളുടെയും ഗുരുക്കന്‍മാരുടെയും ആഗ്രഹങ്ങളില്‍ നിന്ന് സൃഷ്ടിച്ചെടുത്തതുമാവും.

മത്സരത്തിലേക്ക് കുട്ടിയെ [രക്ഷിതാവ് / ഗുരു] കടത്തിവിടുന്ന മറ്റൊരു സംഗതി ഗ്രേസ് മാര്‍ക് സാധ്യതയുമായി ഇടകലരുന്നതാണ്`. 'അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടാന്‍ 2006 ല്‍ ഗ്രേഡിങ്ങ് സമ്പ്രദായം കൊണ്ടുവന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കുന്ന പതിവ് ഉപേക്ഷിച്ചു. ' പക്ഷെ, അരങ്ങില്‍ നിന്നു മാറി ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും സമ്മാനത്തുകയും ഒക്കെ നിലനിര്‍ത്തി. ഗ്രേഡുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് നലകാന്‍ തുടങ്ങി. പിന്നെ കുട്ടികളുടെ ആഗ്രഹം എ ഗ്രേഡും 5% ഗ്രേസ് മാര്‍ക്കുമായി. എസ്.എസ്.എല്‍.സി.ക്ക് ഫുള്‍ എ+ കിട്ടാന്‍ ഇതുവേണമെന്നായി . അതു ലഭിക്കാനായി പിന്നെ മത്സരം. അപ്പീലുകളുടെ പ്രവാഹം ഈ ഫുള്‍ എ+നായി സ്വാഭാവികമായിത്തീര്‍ന്നു. ആര്‍ക്കും തടയാനാവാത്തതായി.

അപ്പോള്‍ -
1. 13000ത്തോളം കുട്ടികള്‍, ആയിരക്കണക്കിന് ഗുരുക്കന്മാര്‍, അത്രയും പക്കമേളക്കാര്‍, അത്രയും സഹായികളായി അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, നൂറുക്കണക്കിന് ജഡ്ജിമാര്‍, പതിനായിരക്കണക്കിന് സംഘാടകര്‍, സദ്യക്കാര്‍, പണിക്കാര്‍, മനുഷ്യാദ്ധ്വാനത്തിന്റെ ആയിരക്കണക്കിന്` മണിക്കൂറുകള്‍ , പ്രത്യക്ഷവും പരോക്ഷവുമായി കോടിക്കണക്കിന്ന് രൂപ....പൊടിയും ചെളിയും നിറഞ്ഞ അനാരോഗ്യകരമായ ചുറ്റുപാടുകള്‍.... വിശ്രമമില്ലാത്ത ദിവസങ്ങള്‍.... അവസാനം ബഹുഭൂരിപക്ഷത്തിനും അതൃപ്തി..... ഇതാണ്` മഹാമേളയുടെ നീക്കിബാക്കി. സാംസ്കാരിക കേരളത്തിന്` [ഒരു നാടിനും] അഭിമാനിക്കാനിതില്‍ ഒന്നുമില്ല. ഒരു പക്ഷെ, മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരമൊരു മേള ഇല്ലാതിരിക്കുന്നതും ഈ യുക്തികൊണ്ടായിരിക്കും!

2. വികേന്ദ്രീകരിച്ചുള്ള ചെറിയ മേളകളാണ് ഏക പരിഹാരം. സ്കൂള്‍ തലത്തില്‍ തുടങ്ങി ജില്ലാതലത്തില്‍ സമാപിക്കണം. [ഗ്രാമപഞ്ചായത്തു തലത്തില്‍ പൂര്‍ത്തിയാവണമെന്നും അഭിപ്രായമുള്ളവര്‍ ഉണ്ട്.] ഏതു യുക്തിവെച്ചു നോക്കിയാലും അതാണ്` നല്ലത്. എല്ലാ ജില്ലകളില്‍ നിന്നും ഒന്നാം സ്ഥാനം കിട്ടുന്നവ [അല്ലാതുള്ളവ അപ്പീല്‍ വഴിയും ] ഒന്നിച്ച് സംസ്ഥാനതലത്തില്‍ അവതരിപ്പിക്കുക , അതില്‍ ഒന്നാം സ്ഥാന കിട്ടുക ... എന്നൊക്കെയുള്ള സങ്കല്പ്പങ്ങള്‍ വെറും ഭോഷ്കാണ്`. ജഡ്ജല്ലാതെ [അവര്‍ക്കത് ഏല്‍പ്പിച്ച പണിയാണല്ലോ ] ആരും തന്നെ സ്വന്തം കുട്ടിയുടെ അവതരണമല്ലാതെ മറ്റൊന്നും കാണുകയോ ആസ്വദിക്കയോ വിലയിരുത്തുകയോ അനുമോദിക്കുകയോ സാധാരണനിലയില്‍ ചെയ്യുന്നില്ല. ജില്ലാതലത്തില്‍ നിന്നു മികച്ചവയാണ്` വരുന്നത് എന്നതുകൊണ്ട് എത്ര മിടുക്കനും/ മിടുക്കിക്കും നിഷ്കൃഷ്ടമായി അങ്ങനെ വിലയിരുത്താനും കഴിയില്ല. മാത്രമല്ല , അങ്ങനെ വിലയിരുത്തിയിട്ടൊരാവശ്യവും ഇല്ലതാനും. 80-90 % കുട്ടികള്‍ക്കും എ ഗ്രേഡ് തന്നെയാണ്` സംസ്ഥാനതലത്തില്‍ ലഭിക്കുന്നത്.
3.
മനുഷ്യാദ്ധ്വാനപരമായും സാമ്പത്തികമായും ജില്ലാതലം/ പഞ്ചായത്ത് തലം കൊണ്ട് മേള സമാപിക്കുന്നെങ്കില്‍ എത്രയോ ഗുണമുണ്ട്. കുട്ടികളുടെയും അദ്ധ്യപകരുടെയും വിദ്യാഭ്യാസരംഗത്തെ അധികാരികളുടെയും വിലപ്പെട്ട സമയവും അദ്ധ്വാനവും മേളയ്ക്കുവേണ്ടി ചെലവാക്കുന്നത് ചുരുക്കാന്‍ നമുക്കു കഴിയും. പങ്കാളികള്‍ക്കും നടത്തിപ്പുകാര്‍ക്കും അത്രയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കനും കഴിയും.
ജില്ലയില്‍ അവതരിപ്പിച്ച് സമ്മാനാര്‍ഹമായ അവതരണങ്ങളില്‍ ഇന്ന് വളരെ ചെറിയൊരു അധികമിനുക്കുപണി മാത്രമാണ്` കലാപരമായി സംസ്ഥാനതലത്തിലേക്കുവേണ്ടി നിര്‍വഹിക്കുന്നത്. പലതും വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന അവതരണങ്ങളുമാണ്`. അതുകൊണ്ട് കലാപരമായി അധിക മേന്മ ഒട്ടും തന്നെ സംസ്ഥാനാവതരണങ്ങളില്‍ ഉണ്ടാവുന്നില്ല. ഏറ്റവും മികവാര്‍ന്ന അവതരണം ജില്ലയില്‍ അവസാനിക്കുന്നു. ഇനി സംസ്ഥനതലത്തില്‍ അവതരിപ്പിച്ച് എ ഗ്രേഡ് ഉറപ്പാക്കുക തദ്വാര ഗ്രേസ്‌‌മാര്‍ക്ക് വാങ്ങുക എന്ന ചെറിയ [?] ലക്ഷ്യത്തിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നു.
4.
ശരിക്കാലോചിച്ചാല്‍ കുട്ടിക്ക് കുറേകൂടി ഗുണം ചെയ്യുക പഞ്ചായത്ത് തലത്തില്‍ മേളകള്‍ അവസാനിപ്പിക്കുന്നതിലാണ്`. അതായിരിക്കും ഏഷ്യയിലെ ഏറ്റവും വലിയ യുവജനമേള. നോക്കു: ആയിരത്തോളം പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നിരക്കെ ഒക്ടോബര്‍ -നവംബര്‍ മാസങ്ങളില്‍ വിപുലമായ വിദ്യാഭ്യാസമേളകള്‍ - കല, ശാസ്ത്ര, കായിക, പ്രവൃത്തിപരിചയ മേളകള്‍ ഒന്നിച്ചങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി നടത്തിയാലത്തെ ഉത്സവാന്തരീക്ഷം. സംസ്ഥാനം മുഴുവന്‍ .... ശരാശരി ഓരോ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലും വിദ്യാഭ്യാസമേള. വിദ്യാഭ്യാസരംഗം മുഴുവന്‍ ഇന്നത്തേക്കാള്‍ നൂറിരട്ടി സര്‍ഗ്ഗത്മകമാക്കന്‍ നന്നായി പ്ളാന്‍ ചെയ്താല്‍ ഇതു മതിയാവും. അതല്ലേ മഹോത്സവങ്ങളുടെ ഗുണപരമായ നീക്കിബാക്കിയാവേണ്ടതും?

5. ഇനി ഗ്രേസ് മാര്‍ക്കിന്റെ കാര്യത്തിലോ. സ്കൂള്‍ തലത്തില്‍ മുതല്‍ പങ്കെടുക്കുന്ന കുട്ടിക്ക് ഗ്രേസ് മാര്‍ക്ക് നല്കണം. അതാവും നാം അനുവര്‍ത്തിക്കുന്ന ശിശുകേന്ദ്രിത സമീപനം. ഒരവതരണത്തിന്ന് കുട്ടി തയ്യാറവുന്നതിന്റെ പിന്നില്‍ വളരെ ശുഷ്കാന്തിയോടെയുള്ള, ദീര്‍ഘകാലമായുള്ള , സമര്‍പ്പണസ്വഭാവമുള്ള പഠനവും പരിശീലനവുമുണ്ട്. അതു സ്കൂള്‍ തലം മുതല്‍ ഉണ്ട്. സാമൂഹ്യ – സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുതന്നെയാണിതെല്ലാം എന്നും അദ്ധ്യാപകര്‍ക്കറിയാം. സംസ്ഥാനതലത്തിലേ ഗ്രേസ്മാര്‍ക്ക് നല്‍കാവൂ എന്ന വാശിക്ക് ഒരു യുക്തിയുമില്ല. പഠിച്ച് നന്നായി ചെയ്യുന്ന കുട്ടി ഏതു തലത്തിലാണെങ്കിലും അധിക പരിഗണനക്കര്‍ഹനാണ്` എന്നതായിരിക്കണം യുക്തി. ഒരുപാട് കടമ്പകള്‍ [അതും എല്ലാവര്‍ക്കും ഒരുപോലെ തരണം ചെയ്യാനുള്ള സാമൂഹ്യാവസ്ഥ നിലവിലില്ലാത്ത ചുറ്റുപാടില്‍ ] കടക്കുന്ന കുട്ടിക്കേ അധികപരിഗണ [ഗ്രേസ് മാര്‍ക്ക് ] ഉള്ളൂ എന്നുവരുന്നത് സാമൂഹ്യമായി നീതീകരിക്കാവുന്നതല്ലല്ലോ. കുട്ടിയുടെ അവകാശങ്ങള്‍ക്കുതന്നെ നിരക്കാത്തതാണ്`. കല- കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ രംഗത്തൊക്കെ ഇതു വേണം. അതിലാകട്ടെ തുല്യപരിഗണനയും വേണം.

കലോത്സവമാന്വല്‍ പരിഷ്കാരവുമായി ബന്ധപ്പെട്ട് വിവിധതലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇതുപോലുള്ള കാര്യങ്ങളായിരിക്കണം പ്രധാന വിഷയങ്ങള്‍.

വലിപ്പം കൂടുമ്പോള്‍ …...

1957ല്‍ 400 കുട്ടികളും വളരെ കുറച്ച് അദ്ധ്യാപകരും വളരെ ചെറിയ സംഘാടനസമിതിയും കൊണ്ടുതുടങ്ങിയ സ്കൂള്‍ കലോത്സവം ഇന്ന് 13000ത്തിലധികം കുട്ടികളും ആയിരക്കണക്കിന്ന് അധ്യാപകരും അത്രതന്നെ സംഘാടകരുമായി 6-7 ദിവസം രാപ്പകല്‍ നിറഞ്ഞുകവിയുന്ന മഹോത്സവമായി ഇത് പരിണമിച്ചിരിക്കുകയാണ്`. വലിപ്പം കൊണ്ട് ഏഷ്യയിലെ യുവജന‌‌-ഉത്സവങ്ങളില്‍ ഒന്നാമതെന്ന പെരുമയും നേടിയിട്ടുണ്ട് ഇത്.

ഇത്രയുമല്ല ശരിക്കും കലോത്സവവലിപ്പം. സര്‍ക്കാര്‍ അംഗീകാരമുള്ള 12600 ലധികം സ്കൂളുകളില്‍ 50 ലക്ഷത്തോളം കുട്ടികളാണ്` സംസ്ഥാനത്ത് ഇന്നുള്ളത്.നവംബര്‍ മാസം തൊട്ട് കലോത്സവങ്ങള്‍ തുടങ്ങുന്നു. എല്ലാ സ്കൂളിലും കലോത്സവം നടക്കുന്നുണ്ട്. കലമേനിക്ക് നോക്കിയാല്‍ 200 കുട്ടികള്‍ ഈ മത്സരങ്ങളില്‍ നേരിട്ട് പങ്കെടുത്ത് അവതരണം ചെയ്യുന്നുണ്ട്. അതായത് 25,00000 കുട്ടികള്‍. അദ്ധ്യാപകരോ മിക്കവാറും [125000] മുഴുവന്‍ പേരും സജീവമായി ഇടപെടുന്നു. ഒരു സ്കൂളില്‍ 2 ദിവസം [9am-5pm] കണക്കാക്കിയാല്‍ ഏകദേശം 201600 മണിക്കൂര്‍ [23 വര്‍ഷം ! ]. ചെലവോ? ഒരു കുട്ടിക്ക് കലാവതരണത്തിന്നു മാത്രം ശരാശരി 10 രൂപ കണക്കാക്കിയാല്‍ 2.5 കോടിരൂപ. മറ്റു ചെലവുകളും പിരിവുകളും സ്പോണ്‍സറിങ്ങുമൊക്കെ വേറെ നിന്നോട്ടെ.
ഇനി തൊട്ടുമുകളില്‍ സബ്‌‌ജില്ലാ തലത്തില്‍. അതും ഏറിയോ കുറഞ്ഞോ സംസ്ഥാമൊട്ടാകെ നോക്കുമ്പോള്‍ ഇത്രയും അളവുതന്നെ. തുടര്‍ന്ന് ജില്ലാതലം. ഇത്രയും അളവ് അവിടെയും വരും. മൊത്തം
യഥാര്‍ഥ ചെലവ് ഇതിനേക്കാളൊക്കെ വരും എന്നത് വസ്തുതയും ! .
വലിപ്പം കൂടും തോറും ചെലവ് കൂടും എന്നതു സാധാരണ നിയമം . എന്നാല്‍ ഇത്ര വലിപ്പം എന്തിനുവേണ്ടിയെന്ന ചിന്ത തുടങ്ങാറായി.

കലോത്സവമാന്വലിന്റെ മുഖവുരയില്‍ :
പഠിതാവിന്റെ ധൈഷണികവും കലാപരവും കായികവുമായ കഴിവുകളുടെ സര്‍വതലസ്പര്‍ശിയായ വളര്‍ച്ചയും വികാസവുമാണ്` പാഠ്യപദ്ധതി ചട്ടക്കൂട് വിഭാവനം ചെയ്യുന്നത്. അതിനാല്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപോലെ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും സംയോജിതമായ രീതിശാസ്ത്രവും തദനുസൃതമായ നിയമാവലിയും രൂപപ്പെടുത്തേണ്ടത് ആവശ്യമാണ്`.
[ഇതോടൊപ്പം അനാരോഗ്യകരമായ മത്സരഭാവം, പാഴ്ച്ചെലവ്, സമയനഷ്ടം... തുടങ്ങിയ സംഗതികളില്‍ പരിഹാരങ്ങളും സൂചിപ്പിക്കുന്നുണ്ട്.]

ഇവിടെ കലോത്സവത്തെ പഠ്യാനുബന്ധപ്രവര്‍ത്തനം [co-curricular activity] എന്ന നിലയിലാണ്` കാണുന്നത്. അതെത്രയും ശരിയുമാണ്`. എന്നാല്‍ അതു ഇന്നത്തെ നിലയില്‍ ഉത്സവമാകുമ്പോള്‍ പാഠ്യപ്രവര്‍ത്തനത്തേക്കാള്‍ വലിയ ഒന്നായി - പ്രാധാന്യമുള്ള ഒന്നായി മാറുകയാണ്`.

പാഠ്യപ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുന്ന ഒന്നല്ല പാഠ്യാനുബന്ധപ്രവര്‍ത്തനം എന്നു ഇന്നെല്ലാവര്‍ക്കുമറിയാം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ പഠിക്കുന്ന കുട്ടി ഭാഷാക്ളബ്ബില്‍ ബഷീര്‍ ദിനാചരണത്തില്‍ ഒരു പ്രബന്ധം അവതരിപ്പിക്കുന്നത് ക്ളബ്ബ് പ്രവര്‍ത്തനമാണ്`. ക്ളബ്ബ് പ്രവര്‍ത്തനം പഠ്യാനുബന്ധപ്രവര്‍ത്തനമാണ്`. ചാക്യാര്‍ കൂത്തിലെ ഒരു ഭാഗം [പാഠപുസ്തകത്തിലുള്ളത്]പഠിക്കുന്ന കുട്ടികള്‍ അവരുടെ ആര്‍ട്ട്സ് ക്ളബ്ബില്‍ ചാക്യാര്‍കൂത്ത് അവതരണം സംഘടിപ്പിക്കുന്നതോ / പഠിച്ച് സ്വയംചെയ്യുന്നതോ പഠ്യാനുബന്ധപ്രവര്‍ത്തനമാണ്`. ഇതൊക്കെ എങ്ങനെയാണ്` ഇന്നത്തെ ഈ കലോത്സവം പോലെ ഇത്ര വലിപ്പം വയ്ക്കുന്നത് എന്നാരും ആലോചിക്കുന്നില്ല എന്നാണോ?

പഠനപ്രവര്‍ത്തനം ക്ളാസ് മുറിയിലാണ്`. പഠനാനുബന്ധപ്രവര്‍ത്തനവും ക്ളാസ് മുറിയിലോ അതിന്റെ ചുറ്റുവട്ടത്തോ ആകണം. കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ളതാണ്`/ സഹായിക്കാനുള്ളതാണ്` [കലപരിപാടികള്‍, ക്ളബ്ബ്പ്രവര്‍ത്തനം, വിനോദയാത്ര] പഠനാനുബന്ധപ്രവര്‍ത്തനം. അത് ആത്യന്തികമായി ക്ളാസിലോ സ്കൂളിലെങ്കിലുമോ ആയിരിക്കണം. എന്നാലേ അതിന്റെ ഗുണം [വിദ്യാഭ്യാസപരമായ ഗുണം] എല്ലാ കുട്ടിക്കും ലഭിക്കൂ. എല്ലാ കുട്ടിക്കും ലഭിക്കുന്നതായിരിക്കണം എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും. അതാണല്ലോ മികച്ച വിദ്യാഭ്യാസത്തിന്നായുള്ള കുട്ടിയുടെ അവകാശം.

അതുകൊണ്ടുതന്നെ
1. കലാ-കായിക-ശാസ്ത്ര-പ്രവൃത്തിപരിചയ മേളകളൊക്കെ നല്ല നിലവാരത്തില്‍ നടത്തപ്പെടുകയും ആയത് ക്ളസിലും സ്കൂളിലും ഒരല്പ്പം കൂടി വലിയ രീതിയില്‍ സബ്‌‌ജില്ല തലത്തിലോ ഗ്രാമ പഞ്ചായത്ത് തലത്തിലോ നിര്‍വഹിക്കപ്പെടുകയും വേണം. മുഴുവന്‍ കുട്ടികള്‍ക്കും പങ്കെടുക്കാനും ഇടപെടാനും അതിലൂടെ പഠനപ്രവര്‍ത്തനങ്ങളില്‍ മികവ് ഉണ്ടാക്കാനും കഴിയണം. മത്സരമല്ല, പങ്കുവെക്കലായിരിക്കണം അവിടെ നടക്കേണ്ടത്. കുട്ടിയുടെ ഇടപെടല്‍ മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കണം.

2. 13 മത്സര ഇനങ്ങളില്‍ തുടങ്ങി കാലാകാലങ്ങളില്‍ വികസിച്ച് 213 ഇനങ്ങളില്‍ കലോത്സവം ഇന്നു നടക്കുന്നു. ഈ വൈപുല്യം ഉത്സവപരമായി നന്നെങ്കിലും പഠ്യാനുബന്ധപ്രവര്‍ത്തനം എന്ന നിലയില്‍ കുട്ടിക്ക് എത്രമാത്രം ആവശ്യമുണ്ട് എന്ന് മുന്‍വിധികളില്ലാതെ ആഴത്തില്‍ പരിശോധിക്കണം. ഏതിനമാണെങ്കിലും അത് ആവശ്യമുള്ളതോ എന്ന് തീരുമാനിക്കുന്നത് - കുട്ടിയുടെ പഠനപ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചായിരിക്കണം. അതില്‍ത്തന്നെ മുന്‍ഗണനാചിന്ത ഉണ്ടാവണം. ഇന്നത്തെ മുന്‍ഗണന ശാസ്ത്രീയ നൃത്തങ്ങള്‍ക്കും മറ്റു നൃത്തരൂപങ്ങള്‍ക്കുമാണ്`. ഉപന്യാസം, പ്രസംഗം, കാവ്യാലാപനം, കഥ/കവിത രചന, ചിത്രം, കത്ത്, നിവേദനം, അടിക്കുറിപ്പ്, എന്നിവയുടെ മുന്‍ഗണനാനില വളരെ പിന്നിലും. കരിക്കുലവും , പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, പഠനപ്രവര്‍ത്തനങ്ങള്‍, എന്നിവ വെച്ച് പരിശോധിച്ച് വേണം ഈ പ്രാധാന്യം നിശ്ചയിക്കാന്‍. കാലാകാലങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ പ്രയാസവുമുണ്ടാവില്ല.
ജനറല്‍, സംകൃതം, അറബിക്ക്, സാഹിത്യവേദി.. എന്നിങ്ങനെയുള്ള കൈവഴികള്‍ പരിശോധിച്ച് പുന:ക്രമീകരിക്കണം. പദ്യം ചൊല്ലല്‍, രചനകള്‍, അഭിനയപ്രാധാന്യമുള്ള ഇനങ്ങള്‍... എന്നിവ ശാസ്ത്രീയമായി ഒന്നിപ്പിക്കണം. സംസ്കൃതം പ്രധാനഭാഷയായി പഠിക്കുന്നില്ല എന്നതുകൊണ്ട് സമസ്യാപൂരണത്തില്‍ പങ്കെടുക്കാന്‍ കുട്ടിക്ക് കഴിയാതെ വരുന്നതുപോലുള്ള സംഗതികള്‍ ഉണ്ടാവരുത്. പഞ്ചവാദ്യം ക്ളാസില്‍ പഠിക്കുന്നവരെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കൂ എന്നില്ലല്ലോ. ചര്‍ച്ച ചെയ്യപ്പെടുന്ന കലാരൂപത്തിന്റേയും പഠ്യാനുബന്ധപ്രവര്‍ത്തനമെന്ന പരിഗണനയുടേയും അടിസ്ഥാനത്തിലായിരിക്കണം തെരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങള്‍.

വിവിധ ഇനങ്ങളുടെ മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ഒരേപോലെയാണ്`. ഒരിനത്തിന്റെ സ്വത്വം നിശ്ചയിക്കപ്പെടുന്നത് സാമാന്യമായി മൂല്യനിര്‍ണ്ണയസൂചകം വെച്ചാണല്ലോ.

പട്ടിക 2
പട്ടിക 3
ഈ പട്ടിക രണ്ടു നോക്കിയാല്‍ വിവിധ ഗാനരൂപങ്ങള്‍, നൃത്തരൂപങ്ങള്‍ എന്നിവയുടെ വേര്‍തിരിവിന്റെ അടിസ്ഥാനം എന്താണെന്നാണ്` മനസ്സിലാവുക.? ലളിതഗാനത്തിനും കഥകളി സംഗീതത്തിനും മനോധര്‍മ്മം സൂചകമല്ല, ശാസ്ത്രീയ സംഗീതത്തേക്കാള്‍ ലളിതഗാനത്തിനും കഥകളി സംഗീതത്തിനും ശാരീരം , ശ്രുതിലയം എന്നീ സൂചകങ്ങള്‍ക്ക് ഒരല്പ്പം സ്കോറ് കൂടുകയും ചെയ്യും. ഇതൊക്കെയാവട്ടെ [സാങ്കേതികതയും യുക്തിയും] നമ്മുടെ കളാസുകളില്‍ കുട്ടിയുടെ പഠനവിഷയങ്ങളോ പ്രവര്‍ത്തനങ്ങളോ ആയി വിദൂരബന്ധമ്പോലുമില്ലതാനും.

ചുരുക്കത്തില്‍ ഇത് വളരെ സാങ്കേതികമാണെന്ന് മാത്രമേ വ്യത്യാസമായി നമുക്ക് കാണാനാവൂ. സംഗീതത്തിന്റെ ഭിന്ന വഴികള്‍ എന്ന നിലയിലുള്ള വേര്‍തിരിവില്‍ സൂചകങ്ങളില്‍ മാറ്റമില്ല. അതാകട്ടെ കുട്ടി ക്ളാസില്‍ ഒരിക്കലും ബന്ധപ്പെടുന്നതുമല്ല. കല എന്ന നിലയില്‍ കുട്ടിക്ക് സംഗീതരൂപങ്ങളില്‍ പരിചയമുണ്ടാക്കുക എന്നതിനപ്പുറമുള്ള ഊന്നലുകളെല്ലാം സത്യത്തില്‍ 'പാഠ്യേതരമായ ' സംഗതികളാവുകയാണ്`.

പട്ടിക 3 ഇല്‍ ആദ്യത്തെ 30 സ്കോറ് പഠനവുമായി ബന്ധപ്പെട്ടതല്ല. ആകാരസുഷമ , വേഷം എന്നിവ കുട്ടിയുടെ വരുതിയിലല്ല. കുട്ടിക്ക് ഇവ പഠനപ്രവര്‍ത്തനങ്ങളുമല്ല. ചുരുക്കത്തില്‍ സാങ്കേതികസങ്കീര്‍ണ്ണതകള്‍ കൊണ്ട് പെരുപ്പിച്ചെടുക്കുന്ന ഇനവൈപുല്യം ചുരുക്കിയേ മതിയാവൂ.

ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ളാസുകളില്‍ ഉള്ള കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ത്തന്നെ കലോത്സവങ്ങളെ നിശ്ചയമായും മറ്റുപരിഗണനകള്‍ക്കടിമപ്പെടാതെ പുന:ക്രമീകരിക്കേണ്ടതുണ്ട്. അങ്ങനെ അത് ഏഷ്യയിലെ ഏറ്റവും വലിയ പഠനമേളയായി രൂപം പ്രാപിക്കും. അതല്ലാതെ ഇന്നത്തെ നിലയില്‍ തുടരുന്നത് കലോത്സവമാന്വലില്‍ ആമുഖത്തില്‍ വിവരിക്കുന്ന ഒരു കാര്യവും നിറവേറ്റപ്പെടാന്‍ സാധ്യത നല്കുന്നതാവില്ല.

പ്രക്രിയാധിഷ്ഠിത കലോത്സവം

കലോത്സവമാന്വലിന്റെ മുഖവുരയില്‍ കലോത്സവങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളായി പറയുന്ന -പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്ക് പാഠ്യപ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ചുള്ള രീതിശാസ്ത്രവും നിയമാവലിയും- എന്നു പറയുന്നത് ഈ മാന്വലില്‍ വിവരിക്കുന്നപോലെയാണെന്നാണോ നാം മനസ്സിലാക്കേണ്ടതു? തീര്‍ച്ചയായും ഈ രംഗത്തെ വിദഗ്ദ്ധര്‍ ഇതെല്ലാം പരിശോധിക്കാന്‍ ഇനിയും വൈകിക്കൂടാ.

പ്രക്രിയയില്‍ അധിഷ്ഠിതവും പ്രശ്നപരിഹാരങ്ങളില്‍ ഊന്നിനില്‍ക്കുന്നതും ശിശുകേന്ദ്രീകൃതവുമായ പാഠപ്രവര്‍ത്തനങ്ങളാണ്` ഇന്ന് നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതിലേറ്റവും പ്രധാനപ്പെട്ട ഘടകം പ്രക്രിയാധിഷ്ഠിതമായ ജ്ഞനനിര്‍മ്മിതിയാണ്`. അതാകട്ടെ സമൂഹവുമായി ഇടപെട്ടുകൊണ്ടുള്ള , അനുഭവങ്ങളില്‍ അടിയുറപ്പിച്ച , പ്രക്രിയകളില്‍ അടിയുറച്ച നിലനില്‍പ്പുള്ളതും .

പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കനുസൃതമായ പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളും [വിവിധ ക്ളബ്ബുകള്‍,ദിനാചരണങ്ങള്‍ , ലാബ്-ലൈബ്രറി പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ്ട്രിപ്പ്- പഠനയാത്രകള്‍, കലാ-കായിക പ്രവര്‍ത്തനങ്ങള്‍ ] സ്കൂളുകളില്‍ സജീവമാണ്`. ഇവയുടെ ഒരു തുടര്‍ച്ചയോ വിപുലീകരിച്ച പ്രവര്‍ത്തനമോ ആയി കലോത്സവങ്ങളെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 14-15 വയ:പരിധിയില്‍പെട്ട കുട്ടികളുടെ കലോത്സവങ്ങള്‍ മുതിര്‍ന്നവരുടെ കലാമത്സരങ്ങളെപ്പോലെ സംവിധാനം ചെയ്ത ഭാവന മാന്വലിന്റെ മുഖവുരയില്‍ പറയുന്ന ലക്ഷ്യങ്ങളെ 'ഏട്ടിലെ പശു'വാക്കുന്നു. മുതിര്‍ന്ന മനുഷ്യന്റെ ചെറുപതിപ്പല്ലല്ലോ കുട്ടി.

കലോത്സവങ്ങള്‍ ക്ളാസുകളിലും തുടര്‍ന്ന് സ്കൂള്‍ ഒന്നിച്ചുമാണ്` പ്രാഥമികമായി നടത്തപ്പെടേണ്ടത്. തുടര്‍ന്നത് ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ കൂടി ആവാം. അത്രത്തോളമേ കുട്ടിക്ക് എത്തിപ്പെടാനാവൂ. ഇത് പറയുന്നത് മുഴുവന്‍ കുട്ടികള്‍ക്കും ഇതിന്റെയൊക്കെ അനുഭവം അവരുടെ പഠനപ്രവര്‍ത്തനങ്ങളില്‍ ലഭ്യമാക്കണം എന്നതുകൊണ്ടാണ്`. ഇന്നത് അവരുടെ അവകാശവുമാണല്ലോ.

കുട്ടി മുന്‍കൂട്ടി പഠിച്ചുവന്ന ഒരു കലാരൂപത്തിന്റെ അവതരണമല്ല കലോത്സവത്തില്‍ ഉണ്ടാകേണ്ടത്. മലയാളപദ്യം ചൊല്ലല്‍ മത്സരം നടത്തുന്നത് പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കുട്ടികളെ ഒന്നിച്ചിരുത്തി കുറേ നല്ല കവിതകള്‍ നല്കി അതില്‍ ചിലത് നന്നായി ചൊല്ലിക്കൊണ്ടായിരിക്കണം.കവിതകള്‍ തെരെഞ്ഞെടുക്കുന്നതിലും, അനുയോജ്യമായ ഈണം നല്കുന്നതിലും , അവതരണക്രമം തൊട്ടുള്ള സംഘാടനപരിപാടികളിലും കുട്ടികളുടെ മുന്‍കയ്യു വേണം. കവിതയെ കഥയാക്കുക, കഥാപ്രസംഗമാക്കുക, തിരക്കഥയാക്കുക , നൃത്തരൂപമാക്കുക, നാടകമാക്കുക തുടങ്ങിയ സാധ്യതകളും തുടര്‍ന്നിതില്‍ കുട്ടികള്‍ കണ്ടെത്തും. കഥാ രചയിലോ ഉപന്യാസരചനയിലോ ഏര്‍പ്പെടുന്ന കുട്ടികള്‍ അവരുടെ അരങ്ങില്‍ ഇതുപോലുള്ള സാധ്യതകള്‍ ആലോചിക്കും. തീര്‍ച്ചയായും അതില്‍ സഹായിക്കാനായി അദ്ധ്യാപകരുടെ സാന്നിധ്യവും വേണം. ഓരോ അവതരണത്തിനും മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ഈ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കണം. കുട്ടികള്‍ തന്നെ കഴിയുന്നത്ര വിധികര്‍ത്താക്കളുമാവണം. കുട്ടികള്‍ തന്നെ ഇതൊക്കെയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ക്ളാസില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയയോ അധികപ്രവര്‍ത്തനമായോ ഇതു രൂപംകൊള്ളും. ഉപന്യാസം, കഥ, കവിത, കഥപറയല്‍, മോണൊആക്ട്, ദേശഭക്തിഗാനം, സമസ്യാപൂരണം... തുടങ്ങി ആവശ്യമുള്ള ഇനങ്ങളൊക്കെ ഇങ്ങനെ ചെയ്യാന്‍ ഒരു പ്രയാസവുമില്ല. ക്ളാസിലും സ്കൂള്‍ പൊതുവേയും അല്പ്പം കൂടി ഒരുക്കങ്ങളോടെ പഞ്ചായത്ത് തലത്തിലും ഇതു നടക്കും. മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്ന ഈ 'മത്സരങ്ങള്‍' ഒരിക്കലും പഠനദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. മറിച്ച്, പഠനദിവസങ്ങള്‍ കൂടുതല്‍ അര്‍ഥപൂര്‍ണ്ണമാക്കുകയാണുതാനും. മികച്ച ഇടപെടല്‍ നടത്തുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളും ഗ്രേസ് മാര്‍ക്കും ഒക്കെ വേണം. സര്‍ക്കാര്‍ ഇന്ന് ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരുഭാഗം ഇതിനൊക്കെയായി നീക്കിവെക്കുകയുമവാം.

മാത്രമല്ല, രൂപം കൊള്ളുന്ന ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് പ്രിന്റ് ചെയ്യുക, ബ്ളോഗുകള്‍, സ്കൂള്‍വിക്കിപോലുള്ള ഇടങ്ങളില്‍ സംഭരിക്കുക,സിഡീകരിക്കുക,..തുടര്‍ന്നും അതൊക്കെ പഠനാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുക തുടങ്ങിയവയും വേണം. 2013 ല്‍ പാലക്കാട് ജില്ലാ ഡയറ്റ് കുട്ടികളുടെ കലോത്സവ ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് 'ഇളനീര്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും അതുമായി ബന്ധപ്പെട്ട ഒരു ദിവസ പഠക്യാമ്പ് അദ്ധ്യാപകര്‍ക്കായി നടത്തിയതും മികച്ച മാതൃകയാണല്ലോ.

ഇങ്ങനെ ചെയ്യുമ്പോള്‍ കലോത്സവങ്ങള്‍ 'മത്സരങ്ങളില്‍' നിന്ന് വിടുതിനേടുകയും പങ്കുവെക്കലിന്റേയും അറിവ് നിര്‍മ്മിതിയുടേയും മനോഹര സന്ദര്‍ഭങ്ങളിലേക്ക് കുതിച്ചുയരുകയും ചെയ്യും. ജ്ഞാനാര്‍ജ്ജനത്തിന്റേയും ജ്ഞാനപ്രകടനത്തിന്റേയും മഹോത്സവങ്ങള്‍ കൊടികയറും. മുഴുവന്‍ കുട്ടികളുടേയും പങ്കാളിത്തമുണ്ടാകും. രക്ഷിതാക്കളും മുഴുവന്‍ സമൂഹവും ഇതിനെ നല്ലത് എന്ന് തിരിച്ചറിയും . ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസപ്രവര്‍ത്തനമായി കുട്ടികളുടെ കലോത്സവങ്ങള്‍ മാറും. ലോകത്തിനുതന്നെ മാതൃകയാവും.

വലിയ കലകളെസംബന്ധിച്ച്

ശാസ്ത്രീയനൃത്തങ്ങള്‍, കഥകളി, കൂടിയാട്ടം തുടങ്ങിയ വലിയ കലകള്‍ [ദീര്‍ഘകാല പരിശീലനവും പണച്ചെലവും ഉള്ളവ ] കുട്ടികള്‍ ആസ്വദിക്കാന്‍ പരിശീലിക്കുന്നതുപോലുള്ള പാഠ്യാനുബന്ധപ്രവര്‍ത്തനം ഇന്നത്തേതുപോലെ മത്സരങ്ങളില്‍ അവതരിപ്പിച്ചല്ല നിര്‍വഹിക്കേണ്ടത്. കുട്ടികള്‍ അവരവരുടെ സാധ്യതകളും അഭിലാഷങ്ങളും വെച്ച് ഇതുകളെല്ലാം പഠിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ പാഠ്യാനുബന്ധപ്രവര്‍ത്തനമെന്നനിലയില്‍ എല്ലാ കുട്ടികള്‍ക്കും ഇതിന്റെ അനുഭവങ്ങളും ആസ്വാദനഘടകങ്ങളും കിട്ടണം. അതിനുള്ള അവതരണങ്ങളും ചര്‍ച്ചകളും കലോത്സവങ്ങളില്‍ നടക്കണം. പ്രക്രിയാധിഷ്ടിതമായ , ആസ്വാദനത്തിലും പഠനത്തിലും വിമര്‍ശനത്തിലും ഊന്നിയ പഠനപ്രവര്‍ത്തനമായി ഇതൊക്കെയും നടക്കണം. ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന കലോത്സവങ്ങളില്‍ ഇതിനൊക്കെയുള്ള സമയവും ഒരുക്കങ്ങളുമാണ്` വേണ്ടത്. ഇപ്പോള്‍ നടക്കുന്ന പോലുള്ള കലോത്സവങ്ങളിലെ കൂടിയാട്ടം കലാകരനെ , മോഹിനിയാട്ടം കലാകാരനെ - ഒന്നാം സ്ഥാനത്തെത്തിയവരെ, നമ്മുടെ സാധാരണകുട്ടികള്‍ക്ക് അടുത്തുനിന്ന് കാണാനോ അനുമോദിക്കാനോ ആവതല്ല. സ്റ്റേജില്‍ നിന്ന് നക്ഷത്രങ്ങളായി അവര്‍ ഉദിച്ച് ഉയരുകയാണ്`. [കുറ്റപ്പെടുത്തലല്ല ഇത്. ഇന്നത്തെ ശൈലി ചൂണ്ടിക്കാണിച്ചുവെന്നു മാത്രം]

ലഭ്യമായ വലിയകലാകാരന്മാരെ സംഘടിപ്പിച്ച് അവരുടെ പ്രകടനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഒരുക്കണം. അവതരണത്തിനു മുന്പും പിന്പും കുട്ടികള്‍ അവരുമായി ഇന്ററാക്ഷന്‍സ് വേണം. മുന്‍ കൂട്ടിയുള്ള ഒരുക്കങ്ങള്‍ വേണം. സ്ളൈഡുകള്‍, വീഡിയോ, ഓഡിയോ, പ്രസ്ന്റേഷന്‍ സാധ്യതകള്‍ ഒരുക്കണം. നല്ലൊരു അവതരണം നന്നായി മനസ്സിലായി കണ്ടു - അനുഭവിച്ചു എന്ന തോന്നല്‍ കുട്ടികളില്‍ ഉണ്ടാവണം. കല മനുഷ്യജീവിതത്തെ സുന്ദരമാക്കാനുള്ള ഉപാധിയാണെന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാവണം. മത്സരങ്ങളേക്കാള്‍ സൗഹൃദത്തിന്നും പങ്കുവെക്കലിനും പഠനോത്സാഹം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകണം.

സംഘാടനം - കമ്മറ്റികള്‍

പ്രക്രിയാധിഷ്ഠിതമായി കലോത്സവങ്ങള്‍ മാറുന്നതോടെ സംഘാടനവും കമ്മറ്റികളും ഒക്കെ പുതുരൂപങ്ങള്‍ കൈക്കൊള്ളും. ക്ളാസ് - സ്കൂള്-പഞ്ചായത്ത് തല സംഘാടകസമിതികള്‍ അതത് പ്രദേശങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപകരും ഭരണാധികാരികളുമായിരിക്കും. ഏതു കുട്ടിക്കും നല്ല പരിചയമുള്ള 5 -10 പേരെങ്കിലും ഈ സംഘാടനസമിതിയില്‍ ഉണ്ടാകും. [ഇന്ന് ജില്ലാതല-സംസ്ഥാനതല സമിതികളിലെ ആളുകളും നമ്മുടെ കുട്ടികളുമായി അപരിചിതരെന്ന ഒറ്റ ബന്ധമേ ഉള്ളൂ !] പ്രോഗ്രാം കമ്മറ്റി വിവിധ ഇനങ്ങളുടെ പ്രോസസ്സ് ആയിരിക്കും , മൂല്യനിര്‍ണ്ണയ സൂചകങ്ങളായിരിക്കും ചര്‍ച്ച ചെയ്യുക. വിവിധ ഇന മത്സരങ്ങളില്‍ കുട്ടികളെ സഹായിക്കാനുള്ള അദ്ധ്യാപകരെയായിരിക്കും കണ്ടെത്തുക. റിസപ്ഷന്‍ കമ്മറ്റി മുഖ്യാതിഥികളെയല്ല മറിച്ച്, മത്സരാര്‍ഥികളേയും വിദഗ്ദ്ധരായ , ക്ഷണിക്കപ്പെട്ട കലാകാരന്‍മാരേയുമാണ്` സ്വീകരിച്ചാനയിക്കുക. ഉത്ഘാടനത്തിന്ന് മന്ത്രിയെ കിട്ടുമോ എന്നതായിരിക്കില്ല , കുട്ടികളുമായി സംസാരിക്കാനും പ്രകടനം നിര്‍വഹിക്കാനും പ്രശസ്തയായ നര്‍ത്തകിയെ , കഥകളിനടനെ കിട്ടുമോ എന്നതായിരിക്കും അവരുടെ പരിഭ്രമം. ലൈറ്റ് &സൗണ്ട് കമ്മറ്റി സ്റ്റേജിനങ്ങള്‍ക്ക് വേണ്ട ശബ്ദ- വെളിച്ച ക്രമീകരണങ്ങളും അര്‍ഥപൂര്‍ണ്ണമായ സ്റ്റേജ് സംവിധാനവുമായിരിക്കും ചെയ്യുക. ഓരോ ഐറ്റവും മുന്‍കൂട്ടി പഠിച്ച് അതിനുവേണ്ട സംവിധാനങ്ങളൊരുക്കുക എന്നതായിരിക്കും അവരുടെ ഉത്തരവാദിത്തം. നാടകത്തിനും തിരുവാതിരക്കളിക്കും പഞ്ചവാദ്യത്തിനും ഒരുക്കുന്ന സ്റ്റേജും ശബ്ദവും വെളിച്ചവും ഒരേപോലെയാക്കിവെച്ചിട്ട് ഏഷ്യയിലെ ഏറ്റവും വലിയ മേള എന്നു ഊറ്റം കൊള്ളീല്ല .

വരും നാളുകളില്‍ ഉണ്ടാവുന്ന ചര്‍ച്ചകള്‍ കൂടുതല്‍ അര്‍ഥപൂര്‍ണ്ണമാവുകയും കലോത്സവം എല്ലാ തരത്തിലും ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രവര്‍ത്തനമായി മാറുകയും ചെയ്യേണ്ടതുണ്ട്.

20 comments:

S.V.Ramanunni SUJANIKA January 19, 2014 at 4:46 PM  

നല്ല ഒരിടപെടല്‍ എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നു.ഒരു പാട് മാറ്റം വരേണ്ട മേഖലയാണിത്. പഠനപ്രവര്‍ത്തനമാണ്`.. ആഘോഷ സുഖങ്ങളുടെ വികാരപരമായ ഇടപെടല്‍ കഴിയുന്നതും ഒഴിവാക്കിയാലേ ചര്‍ച്ച ഗുണപരമാവൂ എന്നു തോന്നുന്നു.....
പിന്നെ, വിദ്യാഭ്യാസ വിചക്ഷണന്‍ - എന്ന ഭംഗിവക്ക് ഒഴിവാക്കി വായിക്കുമല്ലോ.

Hari | (Maths) January 19, 2014 at 6:33 PM  

സമഗ്രമായ ലേഖനം. ഒരുപാട് പുത്തന്‍ ആശയങ്ങളുണ്ടിതില്‍.

കഥാ രചയിലോ ഉപന്യാസരചനയിലോ ഏര്‍പ്പെടുന്ന കുട്ടികള്‍ അവരുടെ അരങ്ങില്‍ ഇതുപോലുള്ള സാധ്യതകള്‍ ആലോചിക്കും. തീര്‍ച്ചയായും അതില്‍ സഹായിക്കാനായി അദ്ധ്യാപകരുടെ സാന്നിധ്യവും വേണം. ഓരോ അവതരണത്തിനും മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ ഈ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കണം. കുട്ടികള്‍ തന്നെ കഴിയുന്നത്ര വിധികര്‍ത്താക്കളുമാവണം. മുഴുവന്‍ കുട്ടികളും പങ്കെടുക്കുന്ന ഈ 'മത്സരങ്ങള്‍' ഒരിക്കലും പഠനദിവസങ്ങള്‍ നഷ്ടപ്പെടുത്തുന്നില്ല. മറിച്ച്, പഠനദിവസങ്ങള്‍ കൂടുതല്‍ അര്‍ഥപൂര്‍ണ്ണമാക്കുകയാണുതാനും. മികച്ച ഇടപെടല്‍ നടത്തുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളും ഗ്രേസ് മാര്‍ക്കും ഒക്കെ വേണം.

തീര്‍ച്ചയായും പരീക്ഷിക്കപ്പെടേണ്ട ഒരു ആശയമാണിതെന്നു തോന്നുന്നു. പക്ഷെ ആത്മാര്‍ത്ഥതയോടെയുള്ള ഇടപെടല്‍ എല്ലാ കോണുകളില്‍ നിന്നും ആവശ്യമാണെന്നു തോന്നുന്നു.

സിഡീകരിക്കുക എന്ന വാക്ക് ആദ്യമായാണ് കേട്ടത്. സി.ഡിയിലേക്ക് പകര്‍ത്തുക എന്നു തന്നെയല്ലേ അതിന്റെ അര്‍ത്ഥം?

jasim January 19, 2014 at 8:13 PM  

അനാരോഗ്യകരമായ മത്സരവും ധൂര്‍ത്തും കോഴയുമാണ് ഇപ്പോഴത്തെ കലോത്സവങ്ങള്‍.അതിനാല്‍ മുഴുവനായും ഉടച്ച് വാര്‍ക്കേണ്ടതുണ്ട്.ശാസ്ത്രമേളകളില്‍ കാണുന്നത് കുട്ടികളുടെ സൃഷ്ടിയല്ല.എങ്ങനെയും ഗ്രേസ്മാര്‍ക്ക് കിട്ടുന്നതിന് വേണ്ടിയുള്ള ആര്‍ത്തിയാണ് മിക്കപ്പോഴും പലരില്‍ നിന്നും പ്രകടമാകുന്നത്.

mayapy January 19, 2014 at 9:36 PM  

കലോത്സവമാമാങ്കത്തെക്കുറിച്ചെഴുതിയ സാറിന്‍്ടെ ചിന്തകള്‍ നന്നായിട്ടുണ്ട്.
ഒരുപാട്പേര്‍ ഇതുപോലെ ചിന്തിച്ച് ഉണ്ടാക്കിയ ഒരു മാന്വല്‍പ്രകാരമല്ലേ ഈ കലാമേള നടക്കൂന്നത്.ഓരോരക്ഷിതാക്കളൂം സ്കൂള്‍ അധികൃതരും തങ്ങളൂടെ കുട്ടികള്‍ക്ക് ഫുള്‍ A+ കിട്ടാന്‍ കുട്ടികളെ രാപകലില്ലാതെ പരിശീലിപ്പിക്കുന്നു.പത്താംക്ളാസിലെ കുട്ടികള്‍ ഇതിനുവേണ്ടി ജൂണ്‍മാസം മുതല്‍ അവരുടെസമയം നീക്കിവയ്കുന്നു.പഠനത്തിന് രണ്ടാംസ്ഥാനം കൊടൂക്കുന്നു.എട്ടാംക്ളാസിലോ ഒമ്പതാംക്ളാസിലോ സംസ്ഥാനതലത്തില്‍ A GRADE ലഭിക്കുന്ന കുട്ടികള്‍ പത്താംക്ളാസിലെത്തുമ്പോള്‍ വീണ്ടും ജില്ലവരെയെത്തി A GRADE വാങ്ങണം.പത്താംക്ളാസില്‍വച്ച് തന്നെവാങ്ങിയെങ്കിലേ ആ കുട്ടിക്ക് ആഇനത്തില്‍ കഴിവുള്ളതായി കണക്കാക്കാന്‍പറ്റുകയുള്ളോ?ഇങ്ങനെയുള്ള നിയമങ്ങള്‍ മാന്വലില്‍നിന്നെടുത്ത് കളഞ്ഞാല്‍ പത്താംക്ളാസിലെ സമയം നഷ്ടപ്പെടുത്താതെ 8,9 ക്ളാസില്‍വച്ച്തന്നെമേളകളില്‍പങ്കെടുക്കുകയുംഅവരുടെ ഗ്രേസ് മാര്‍ക്ക്ഉറപ്പാക്കുകയും ചെയ്യാമായിരുന്നു.എങ്കില്‍ പത്താംക്ളാസിലെ കുട്ടികളെക്കൊണ്ട്ചെയ്യിക്കൂന്ന ഈ അനാരോഗ്യകരമായ മത്സരം ഒരു പരിധിവരെഒഴിവാക്കാന്‍കഴിയുമായിരുന്നു.

MAYA P.Y.

Mohanadas.P;MA [Eng.] Nediyavila Veedu, Chavercode, Parippally.P.O.Pin 691574.Phone Number 919446046052. January 19, 2014 at 11:25 PM  

പഠന പ്രവർത്തനം ?
സ്വാഭാവികമായി ഏറ്റെടുക്കുന്ന ഒരു പ്രവർത്തനത്തിലൂടെ പഠനം സാധ്യമകുന്നെങ്കിൽ മാത്രമേ അത് പഠന പ്രവർത്തനം ആകുന്നുള്ളൂ. അത്തരം ഇനങ്ങൾ എത്രയുണ്ട് എന്ന് പരിശോധിക്കണം. നല്ലൊരുപങ്കും വെറും അനുകരണങ്ങൾ മാത്രമാണ് എന്ന് ഇതിലൂടെ വ്യക്തമാകും. പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്ന ഏതാനും അനുഭവങ്ങൾ മാത്രമാണ് ഇതിൽ പഠനമായി പരിഗണിക്കാവുന്നത്. ഏല്പിക്കുന്ന ദൗത്യം ഒറ്റയ്ക്കോ കൂട്ടായോ നിശ്ചിത സമയത്തിനുള്ളിൽ ആസ്സൂത്രണം ചെയ്ത് പരസഹായമില്ലാതെ വേദിയിൽ അവതരിപ്പിച്ചുനോക്കട്ടെ. അപ്പോഴറിയാം പതിരും നെല്ലും. ഉന്തിത്തള്ളി വേഷം കെട്ടിക്കലൊക്കെ അപ്പോൾ താനേ നില്ക്കും.
ചർച്ചയുമായി കടന്നു വന്നാൽ കൂടുതൽ വിശദീകരണങ്ങൾ ആകാം.....

thoolika January 20, 2014 at 6:28 AM  

"വികാരപരമായ ഇടപെടല്‍ കഴിയുന്നതും ഒഴിവാക്കിയാലേ ചര്‍ച്ച ഗുണപരമാവൂ "
അതായത് ഈ പോസ്റ്റിലൂടെ പങ്കുവെച്ച ആശയങ്ങൾ എല്ലാവരും അംഗീകരിച്ചു കൊള്ളണം എന്നാണോ ?
Please note the point

ഹോംസ് January 20, 2014 at 9:19 AM  

"ഏറ്റവും ശ്രദ്ധേയമാവുന്നത് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന് കേരള സ്കൂള്‍ കലോത്സവം നല്‍കുന്ന പിന്തുണയാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകാര്‍ നമ്മുടെ പള്ളിക്കൂടങ്ങളെ വിഴുങ്ങുന്ന ഇക്കാലത്ത്, പൊതുവിദ്യാഭ്യാസം തലയുയര്‍ത്തി നില്‍ക്കുന്ന ഏഴ് സുന്ദരരാത്രികളാണ് ഇനി വരാനുള്ളത്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളെയും പൊതുവിദ്യാഭ്യാസത്തെയും പരിഹാസത്തോടെ കാണുന്ന എല്ലാവരും ഇക്കാലയളവില്‍ അവരെ തലയിലെടുക്കുന്നു. അത് കണ്ടുകൊണ്ടുതന്നെയാവണം ഒരു പ്രമുഖ പത്രത്തിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ മേളയിലേക്ക് സി.ബി.എസ്.ഇ അടക്കം മറ്റു സിലബസുകാരെയും ഉള്‍പ്പെടുത്തണമെന്ന് കൊണ്ടുപിടിച്ച് കാമ്പയിന്‍ നടത്തുന്നത്. അത്തരമൊരു നീക്കം യാഥാര്‍ഥ്യമായാല്‍ എന്താണ് സംഭവിക്കുകയെന്ന് എല്ലാവര്‍ക്കുമറിയാം. കാശിറക്കുന്നതിന് ഒരു മുട്ടുമില്ലാത്ത നോണ്‍ കേരള സിലബസുകാര്‍ മേളയെ റാഞ്ചും. മേളക്കാലത്തെ തലയെടുപ്പുപോലും നമ്മുടെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ക്കില്ലാതാവും (ഇപ്പോള്‍തന്നെ എയ്ഡഡ് സ്കൂളുകളുടെ പണക്കൊഴുപ്പ് മേളയില്‍ പ്രകടമാണ്). അതിനാല്‍, കേരള സ്കൂള്‍ കലോത്സവത്തെ അതേ രീതിയില്‍തന്നെ നിലനിര്‍ത്തേണ്ടത് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കൂടിയാണെന്നത് നാം മറക്കരുത്". Sanish Elayadath

ഫൊട്ടോഗ്രഫര്‍ January 20, 2014 at 9:26 AM  

ഗുണനിലവാരം കുര‍‍ഞ്ഞ സ്കൂളുകളിലെ മണ്ടനമാരെ മാത്രം participate ചയ്യിക്കാന്‍ സര്‍ക്കാര് ഇത്ര പൈസ ചെലവഴിക്കുന്നതെന്തിന്? CBSE, ICSE Students also to be included.

mezhathur January 20, 2014 at 5:56 PM  

ഈ കലോത്സവങ്ങളില്‍ വളരെ പ്രതിഭകളായ നിരവധി വിദ്യാര്‍ത്ഥികളെ നമ്മള്‍ കാണുന്നു.90% പേരും A ഗ്രേഡ് വാങ്ങിക്കുന്നു.പക്ഷെ അവരില്‍ 10% ത്തില്‍ താഴെ മാത്രമാണ് തുടര്‍ന്നും കല ഗൗരവമായി കൈകാര്യം ചെയ്യുന്നുള്ളൂ.അതുകൊണ്ട് ഗ്രേസ് മാര്‍ക്ക് തന്നെയല്ലേ പ്രധാന ആകര്‍ഷണം.കലോല്‍ത്സവത്തിന് ചിലവിടുന്ന ലക്ഷകണക്കിന് രൂപ കലകളുടെ പഠനത്തിനും ഗവേഷണത്തിനുമായീ സ്കോളര്‍ഷീപ്പായി അല്ലെങ്കില്‍ സ്റ്റൈപ്പന്റായീ നല്‍കികൂടെ.ഇത്തരം മാറ്റങ്ങള്‍ നടത്തണമെങ്കില്‍ അതിന് ചങ്കൂറ്റമുള്ള നേതൃത്വവും ഇച്ഛാശക്തിയും ആവശ്യമാണ്.അപ്പോഴേക്കും പലതരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകുകയും പരിഷ്കാരം വെറും ഉപരിപ്ളവമാകുകയും ചെയ്യുന്നു.വീണ്ടും ചര്‍ച്ചകള്‍ തുടരുകയും ചെയ്യും!!!!!!!

mezhathur January 20, 2014 at 5:57 PM  

ഈ കലോത്സവങ്ങളില്‍ വളരെ പ്രതിഭകളായ നിരവധി വിദ്യാര്‍ത്ഥികളെ നമ്മള്‍ കാണുന്നു.90% പേരും A ഗ്രേഡ് വാങ്ങിക്കുന്നു.പക്ഷെ അവരില്‍ 10% ത്തില്‍ താഴെ മാത്രമാണ് തുടര്‍ന്നും കല ഗൗരവമായി കൈകാര്യം ചെയ്യുന്നുള്ളൂ.അതുകൊണ്ട് ഗ്രേസ് മാര്‍ക്ക് തന്നെയല്ലേ പ്രധാന ആകര്‍ഷണം.കലോല്‍ത്സവത്തിന് ചിലവിടുന്ന ലക്ഷകണക്കിന് രൂപ കലകളുടെ പഠനത്തിനും ഗവേഷണത്തിനുമായീ സ്കോളര്‍ഷീപ്പായി അല്ലെങ്കില്‍ സ്റ്റൈപ്പന്റായീ നല്‍കികൂടെ.ഇത്തരം മാറ്റങ്ങള്‍ നടത്തണമെങ്കില്‍ അതിന് ചങ്കൂറ്റമുള്ള നേതൃത്വവും ഇച്ഛാശക്തിയും ആവശ്യമാണ്.അപ്പോഴേക്കും പലതരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകുകയും പരിഷ്കാരം വെറും ഉപരിപ്ളവമാകുകയും ചെയ്യുന്നു.വീണ്ടും ചര്‍ച്ചകള്‍ തുടരുകയും ചെയ്യും!!!!!!!

Vijayodayam upschempu January 20, 2014 at 8:38 PM  

വിഷയവുമായി ബന്ധമില്ലാത്ത ഒരു സംശയം.
ഉച്ചഭക്ഷണപ്പുരയ്ക്കു ലൈസന്‍സ് വേണമെന്നു കേട്ടു.
ശരിയോ ?

Vijayodayam upschempu January 20, 2014 at 8:39 PM  

വിഷയവുമായി ബന്ധമില്ലാത്ത ഒരു സംശയം.
ഉച്ചഭക്ഷണപ്പുരയ്ക്കു ലൈസന്‍സ് വേണമെന്നു കേട്ടു.
ശരിയോ ?

Sabu Hariharan January 21, 2014 at 3:15 AM  

ബന്ധപ്പെടാൻ ഇമെയിൽ ഐഡി ഒരിടത്തും കാണാത്തതിനാലാണ്‌ ഇവിടെ എഴുതുന്നത്. ദയവായി ക്ഷമിക്കുക. ഇമെയിൽ ഐഡി About us ഇൽ ചേർക്കുമോ?

ക്ലാസ്സ് 4 ഇംഗ്ലീഷ്, മലയാളം മീഡിയം ടെക്സ്റ്റ് ബുക്കുകൾ പി ഡി എഫ് ആയി എവിടെ നിന്നെങ്കിലും ഡൌൺലൗഡ് ചെയ്യാൻ കഴിയുമോ?. അതാണ്‌ അറിയേണ്ടിയിരുന്നത്. അതിന്റെ ലിങ്ക് ഈ ബ്ലോഗിലോ മറ്റെവിടെയെങ്കിലും ഉണ്ടെങ്കിൽ, ദയവായി sabumh@gmail.com അറിയിച്ചാൽ ഉപകാരമായിരിക്കും.

നന്ദി,
സാബു ഹരിഹരൻ

വി.കെ. നിസാര്‍ January 21, 2014 at 6:43 AM  

സാബൂ ഹരിഹരന്‍, ഇവിടെ ഉണ്ടെന്ന് തോന്നുന്നു.

Suja Ramesh January 22, 2014 at 9:38 PM  

School kalolsavam is a mega event involving lot of human effort and money .Already we are short of the stipulated 200 working days, now another 7 days+many days' rehearsals and other related works. If you take the percentage of participants, it is just small number. other students also lose their valuable study hours at school. All are aware of these losses, still, this mega event is conducted in the same method. It is high time we change the way, as mentioned my our respected DPI.
Those who get A grade and prizes in various items never pursue those art forms once they leave the stage. So, why should we sacrifice our academic excellence for this unhealthy competition? Vacations are best suited for kalolsavams.

ഷാജി നായരമ്പലം January 25, 2014 at 11:40 PM  
This comment has been removed by the author.
ഷാജി നായരമ്പലം January 25, 2014 at 11:46 PM  

ഇപ്പോഴത്തെ രീതിയിൽ കലോത്സവം നടത്തുന്നത് കൊണ്ട് ഗുണത്തേക്കാളേറെ ദോഷമേയുള്ളു. കഴിഞ്ഞ മാസം കൊച്ചിൻ ഷിപ്പിയാർഡ് സ്റ്റാഫ് നടത്തിയ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഒരു കലോത്സവ വേദിയിൽ പോകാനിടയായി. പദ്യം ചൊല്ലൽ വിധി നിർണ്ണയത്തിനാണു പോയത്. അവിടെ പദ്യം ചൊല്ലൽ മത്സരം മാത്രം ഒരേസമയം രണ്ടു വേദികളിൽ നടത്തുന്നു! ഒരു സംസ്ഥാന കലോത്സവത്തെക്കാൾ നന്നായി അവർ ഈ കലോത്സവം സംഘടിപ്പിച്ചിരിക്കുന്നു!കഴിഞ്ഞ 22 വർഷമായി ഇതു നടന്നു വരുന്നുണ്ട്. കുട്ടികൾക്കും അവരുടെ അഭിരുചികൾക്കുമാണു് ഈ കലോൽസവത്തിൽ അവർ പ്രാധാന്യം കൊടുത്തിരിക്കുന്നതു് എന്നതാണു കാതലായ വശം. പത്രക്കാർക്കവർ പത്തു പൈസ കൊടുക്കുന്നില്ല. അതുകൊണ്ട് പ്രസ്സ് എന്ന വർഗ്ഗം ഈ കലോത്സവം ബഹിഷ്ക്കരിച്ചിരിക്കുകായണത്രെ!

സ്കൂൾ കലോത്സവം കലാപോത്സവമായി മാറ്റുന്നത് പ്രധാനമായും വിധികർത്താക്കൾ തന്നെയാണു്. മത്സര ഇനത്തിൽ അവഗാഹമില്ലാത്തവർ, മറ്റു സ്ഥാപിത താത്പ്പര്യമുള്ളവർ വിധികർത്താക്കളായി കടുന്നുകയറുന്നു എന്നു സ്പഷ്ടം.(ഈ കഴിഞ്ഞ സ്കൂൾ കലോൽസവവേദിയിൽ പദ്യം ചൊല്ലൽ മത്സരത്തിനായി കുട്ടികൾ ചൊല്ലി വിധികർത്താക്കൾ എ ഗ്രേഡ് കൊടുത്ത പല കവിതകളും പദ്യമായിരുന്നില്ല!) മാനുവലിൽ പറയും വിധം വിഷയത്തിൽ പ്രാഗത്ഭ്യമുള്ള വിധികർത്താക്കളുടെ പാനൽ മുൻ കൂട്ടി ഒരു തലത്തിലും ക്രമാനുസൃതം ഉണ്ടാക്കുന്നില്ല എന്നതുതന്നെ പ്രധാന കാരണം.ഇതു മൂലം കുരങ്ങന്റെ കയ്യിലെ പൂമാല പോലെയാവുന്നു പലപ്പോഴും മത്സരാർത്ഥികൾ. ഇങ്ങനെ അർഹതയുണ്ടായിരുന്നിട്ടം തഴയപ്പെടുന്ന ഒരുപാടു കുട്ടികളുടെ കണ്ണുനീർ ഓരോ കലോൽസവ വേദിയിലും വീഴുന്നുണ്ട്. അതൊഴിവാക്കുവാൻ ഈ ലേഖനത്തിനാവട്ടെ എന്നാശിക്കുന്നു.

MOHANAN P SREEKRISHNAPURAM January 29, 2014 at 1:21 AM  

യുവജനോത്സവങ്ങളില്‍ കഥകളി സംഗീത മത്സരം എന്നത് ഒഴിവാക്കി കഥകളി പദ അവതരണ മത്സരം എന്നാക്കുക .കഥകളിയിലെ പതിഞ്ഞ കാല പദങ്ങള്‍ ചിട്ടയോടെ പാടി http://aattavilakk.blogspot.in/അവതരിപ്പിക്കണം.മൂല്യനിര്‍ണ്ണയത്തിനായി ....

MOHANAN P SREEKRISHNAPURAM January 29, 2014 at 1:30 AM  

കലോത്സവ മാന്വല്‍ പരിഷ്കരിക്കാന്‍ ആലോചന ഉണ്ടത്രേ... എന്റെ എളിയ ഒരു നിര്‍ദേശം.1...കുട്ടികള്‍ക്ക് സമാധാനപരമായി കലാപ്രകടനത്തിനുള്ള അവസരം ഒരുക്കുക,2.നിഷ്പക്ഷമായ ഒരു വിലയിര്‍ത്തല്‍ നടത്തി അര്‍ഹമാ‍യ അംഗീകാരങ്ങള്‍ അവര്‍ക്കു ലഭ്യമാക്കുക,അപ്പീല്‍(അതിനുള്ള സാഹചര്യം ഒഴിവാക്കിക്കൊണ്ട്)ഗ്രേസ് മാര്‍ക്ക് ഇവ നിരോധിക്കുക. . (വ്ജയികള്‍ക്ക് തുടര്‍ന്ന് ആ കലയില്‍ ഉപരി പഠനത്തിനും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും ,സാമ്പത്തികം ഉള്‍പ്പെടെ അത്യാവശ്യം വേണ്ട സഹായങ്ങളും, കലാപ്രകടനത്തിനു ധാരാളം അവസരങ്ങളും ഒരുക്കിയാല്‍ മതി. കലയെ അഭിമാനത്തോടെ തന്റെ തൊഴില്‍മേഖലയായി തിരഞ്ഞെടുക്കാനുള്ള ധൈര്യം നല്‍കുന്ന(തൊഴില്‍ സാധ്യത നല്‍കുന്ന) ഒരു അന്തരീക്ഷം ഇവിടെ ഉണ്ടാക്കി എടുക്കണം

സബ്ജില്ലാ , ജില്ലാ തലങ്ങളില്‍ എന്നും എപ്പോഴും തഴയപ്പെട്ട് പോകുന്ന പല കുട്ടികളുടേയും മുഖങ്ങള്‍ എന്റെ മുന്നില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും സംസ്ഥാന തലത്തില്‍ പങ്കെടുത്ത പലരേയും കാള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവരാണു ഇവരെല്ലാം പലരേയും എനിക്കു നേരിട്ടറിയാം. പക്ഷേ അവരെല്ലാം ആരലും പരിഗണിക്കപ്പെടാതെ പോകുന്നു. ഒരു പക്ഷെ നാളത്തെ യഥാര്‍ഥ കലാകാരന്മാരായി വരുന്നത് ഇവരൊക്കെ ആയിരിക്കാം എന്നു നമുക്ക് ആശ്വസിക്കാം. ഒരു കലാമണ്ഡലം രാമങ്കുട്ടി നായരോ , കലാമണ്ഡലം ഗോപിയോ ഉണ്ടായത് കലോത്സവത്തിലൂടെ അല്ലല്ലോ. ഇന്നത്തെ തിരിച്ചടികള്‍ അവഗണിക്കപ്പെടുന്നവരുടെ വളര്‍ച്ച്ക്ക് കരുത്തേകട്ടെ

എ ഗ്രെഡ് നല്‍കുന്ന ഒരു കുട്ടിക്ക്മിനിമം വേണ്ട് യോഗ്യത എന്തെന്നതില്‍ ഒരു ഐകരൂപ്യം ഇല്ല. അതു കൊണ്ടാണു പലപ്പോഴും വര്‍ഷങ്ങളോളം പഠിച്ച് സബ്ജില്ലയിലും ജില്ലയിലും എ ഗ്രേഡ് & ഫസ്റ്റ് വാങ്ങിയവറ് സ്റ്റേറ്റില്‍ സി ഗ്രേഡോ നോ ഗ്രേഡോ ഒക്കെ ആയി മാറുന്നത്. ഒരാളെക്കാള്‍ മറ്റെയാള്‍ നന്നായി അവതരിപ്പിച്ചാല്‍ അയാള്‍ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കുന്നതു മനസ്സിലാക്കാം . എന്നാല്‍ സബ്ജില്ല്യ്ലെ എ ഗ്രേഡും സ്റ്റേറ്റിലെ എ ഗ്രേഡും ഒരേ നിലവാരം അല്ലേ വേണ്ടതു . ഇക്കാരത്തില്‍ ഒരു പൊതു മാനദണ്ഡം ഉണ്ടാക്കി ആവശ്യമായ പരിശീലനം നല്‍കി മാത്രമേ വിധികര്‍ത്താക്കളെ വിധിനിര്‍ണയത്തിനു അനുവദിക്കാവൂ.( ഇവന്‍ ബാലമുരളീക്രിഷ്നയോളം എത്തിയില്ല അതുകൊണ്ട് കിടക്കട്ടെ സി ഗ്രേഡ് എന്നു വാശി പിടിക്കുന്ന വിധികര്‍ത്താക്കളേയും എനിക്കറിയാം) ഹയര്‍ സെക്കന്ററി നിലവരവും ഹൈസ്കൂള്‍ നിലവരവും ഒന്നല്ല എന്ന തിരിച്ചറിവും ഇവര്‍ക്കുണ്ടാക്കണം എന്നാല്‍ തന്നെ ചിലരുടെ ഇഷ്ടശൈലികള്‍ വിധിയെ ബാധിക്കും എന്നതാണു സത്യം (സ്വാതി തിരുനാള്‍ പദങ്ങളോട് പുച്ഛ്ഭാവം പുലര്‍ത്തുന്ന വിധികര്‍ത്താക്കള്‍ എങിനെയാണു നിഷ്പക്ഷ വിധികര്‍ത്താക്കള്‍ ആവുക? ശബ്ദഗുണം ഉള്ള മത്സരാറ്ത്തികള്‍ ഒരു ലളിതഗാനം പഠിച്ചു പാടുന്ന ലാഘവത്തോടെ ഏതെനിലും ഒരു പ്രസസ്ത ഗായകനെ 10 മിനിറ്റ് അനുകരിച്ച് സമ്മാനം നേടി പോകുന്ന പ്രവണതയും കുറവല്ല. ഇവര്‍ക്ക് ഇവര്‍ പാടിയതിനെ കുറിച്ചോ , അതിന്റെ അപ്പുറമോ ഇപ്പുറമോ ഉള്ള കാര്യങ്ങളേ കുറിച്ചോ ഒന്നും തന്നെ അറിയണം എന്നു നിറ്ബന്ധമില്ല.ഈ സമ്മാനം വാങ്ങുന്നതോടെ അവ്ന്റെ സംഗീത ബന്ധവും തീരുന്നു. ഇത്തരക്കാരെ മുന്നിരുത്തി ആനു പലപ്പോഴും നാം അഭിമാനം കൊള്ളുന്നത്
കലോതസവത്തിനു കുട്ടികളെ തിരഞ്ഞെടുക്കുന്നതില്‍ തന്നെ മാറ്റം വരണം . സ്കൂള്‍ തലത്തില്‍ പങ്കെടുക്കാവുന്ന ഇനങ്ങളുടെ എണ്ണത്തില്‍ നിബന്ധന വയ്കേണ്ടതില്ല. ഇഷ്ടപ്പെട്ട എല്ലാ ഇനത്തിലും അവര്‍ പങ്കെടുക്കട്ടെ. പക്ഷേ സബ്ജില്ലയിലേക്ക് ഏതെങ്കിലും ഒരു വ്യക്തിഗത ഇനവും ഒരു ഗ്രൂപ്പ് ഇനവും എന്നു നിബന്ധന വക്കുക. ഏതാണു വേണ്ടതെന്നു തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം കുട്ടിക്കു വിടുക.ഒരേ കുട്ടി തന്നെ വിവിധ ഇനത്തില്‍ മുന്നില്‍ നില്‍ക്കുന്നുന്ദെങ്കില്‍ അതിലെ രണ്ടാം സ്ഥാനക്കാരനെ\ മൂന്നാം സ്ഥാനക്കാരനെ പരിഗണിക്കാവുന്നതാണു. അങ്ങനെ ചെയ്താല്‍ കൂടുതല്‍ പേര്‍ക്ക് സബ്ജില്ലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

krishnakumar kizhoor February 1, 2014 at 6:35 AM  

എല്ലാ ആശസകളും നേരുന്നു

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer