പള്ളിയറ, സെഞ്ച്വറിയുടെ നിറവില്‍..!
>> Saturday, March 12, 2011
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചര്‍ കൂടിയായിരുന്ന കണക്ക് പഠിപ്പിച്ചിരുന്ന ലില്ലിടീച്ചര്‍ തന്ന 'കണക്കിലെ കളികള്‍' എന്ന സമ്മാനപുസ്തകമാണ് ക്ലാസിലെ ശരാശരിക്കാരനായിരുന്ന എനിയ്ക്കു കിട്ടിയ ആദ്യ സമ്മാനം. ആ പുസ്തകവും അതിന്റെ രചയിതാവിന്റെ പേരുമൊക്കെ അന്നേ ഹൃദിസ്ഥമാക്കിയതായിരുന്നു. കണക്കിനോട് അല്പമെങ്കിലും ഇഷ്ടം തോന്നാനുള്ള കാരണം ഒരുപക്ഷേ അവിടെ നിന്നായിരിക്കണം!
ആരംഭകാലം മുതല്‍ തന്നെ നമ്മുടെ ബ്ലോഗിന്റെ ഏറ്റവും പ്രധാനപ്പെട്ട അഭ്യുദയകാംക്ഷിയായി ഞങ്ങള്‍ക്ക് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിപ്പോരുന്ന, ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയായ ശ്രീ പള്ളിയറ ശ്രീധരന്‍ സാറിന്റെ ഏറ്റവും പുതിയതും നൂറാമത്തേതുമായ "സെഞ്ച്വറി"യാണ് ഈ പോസ്റ്റ് തയ്യാറാക്കുമ്പോള്‍ എന്റെ കയ്യിലിരിക്കുന്നത്. ഏകദേശം മൂന്നാഴ്ചകള്‍ക്കു മുമ്പ് കൊടുങ്ങല്ലൂരിലുള്ള ഒരു കൊറിയര്‍ കമ്പനിയാപ്പീസില്‍ നിന്നും ഭംഗിയായി പൊതിഞ്ഞ് കിട്ടിയ പാക്കറ്റ് അഴിച്ചുനോക്കിയപ്പോഴാണ് 'ശ്രീ നിസ്സാറിന് (മാത്സ് ബ്ലോഗ്)സ്നേഹപൂര്‍വ്വം'എന്നെഴുതി താഴേ ഒപ്പുവെച്ച കനപ്പെട്ട ഈ സമ്മാനം ലഭിച്ചത്. രണ്ടുവര്‍ഷത്തിലേറെയായി ഉറക്കമിളച്ചും അശ്രാന്തപരിശ്രമം ചെയ്തും മാത്സ് ബ്ലോഗ് നിലനിര്‍ത്തിപ്പോരുന്ന മുഴുവന്‍ ടീമംഗങ്ങള്‍ക്കുമായി പങ്കുവെക്കേണ്ട ആദ്യ സമ്മാനം. (ഇനി, ഈ ബ്ലോഗെഴുത്തിലൂടെ നിങ്ങള്‍ക്കെന്താണ് 'നേട്ട'മെന്ന പരശ്ശതം ചോദ്യങ്ങള്‍ക്ക് ഒന്നുമില്ലെന്നുള്ള ഉത്തരത്തിന് പ്രസക്തിയില്ലാതായി.)
ഈ വരുന്ന മാര്‍ച്ച് 14ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബില്‍ വെച്ച് പ്രശസ്ത നോവലിസ്റ്റ് ശ്രീ.പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്യുന്ന 'സെഞ്ച്വറി'യുടെ ആദ്യപ്രതി ഏറ്റുവാങ്ങുന്നത് ശ്രീ.ജോര്‍ജ്ജ് ഓണക്കൂര്‍ ആണ്. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടര്‍ ശ്രീ. പി.കെ. സുഭാഷ് അധ്യക്ഷനായ ചടങ്ങില്‍ കവി ശ്രീ ഡി. വിനയചന്ദ്രന്‍ സര്‍വ്വശ്രീ.ഡോക്ടര്‍ അജിത് പ്രഭു, റൂബിന്‍ ഡിക്രൂസ്, വി.കെ. ജോസഫ്, സതീഷ്ബാബു പയ്യന്നൂര്‍, ...എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. നമുക്കെല്ലാവര്‍ക്കും സാറിന്റെ പ്രത്യേക ക്ഷണം ഉണ്ട് കേട്ടോ..!
സെഞ്ച്വറി എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധം 100 അധ്യായങ്ങളിലായി രസകരമായി വായിച്ചുപോകാവുന്ന 192 പേജുകളുള്ള ഒരു കൊച്ചു പുസ്തകം. 'ലീലാവതി' മുതല്‍ 'സുഹൃത്സംഖ്യകള്'വരെ നാം കേട്ടിട്ടുള്ളതും അല്ലാത്തതുമായ ഗണിതസമസ്യകളും വിശേഷങ്ങളും രസകരമായി വായിച്ചുപോകാവുന്ന വിധം അണിനിരത്തിയിട്ടുണ്ട് അദ്ദേഹം. ആധുനികഗണിതത്തിന്റെ മര്‍മ്മങ്ങളറിഞ്ഞുള്ള യാതൊരു പുതുമയും അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ കാണാനില്ലായെന്ന വിമര്‍ശകരുടെ ആരോപണങ്ങളെ തെല്ലും ഗൗനിക്കാതെ, കുട്ടികളടക്കമുള്ള വലിയൊരു വിഭാഗത്തിന്റെ ഗണിതത്തോടുള്ള വിരക്തി അകറ്റാനുള്ള ആത്മാര്‍ത്ഥമായ ശ്രമമായി ഈ പുസ്തകത്തെ കാണാനാണ് പുസ്തകം നമ്മോട് ആവശ്യപ്പെടുന്നത്. കണ്ണൂരിലെ ജീനിയസ് ബുക്സ് പ്രസിദ്ധീകരിച്ച 'സെഞ്ച്വറി'ക്ക് 120രൂപയാണ് വിലയിട്ടിരിക്കുന്നത്.
29 comments:
All the works of Palliyara are taken from some other books of mathematics.His own contribution is nothing
വിനോദ് മാഷേ,
പള്ളിയറ ശ്രീധരന്‍ മാഷ് ഒരു ഗണിതശാസ്ത്രജ്ഞനാണെന്നോ, മറ്റാരും കണ്ടുപിടിക്കാത്ത ഗണിത തത്വങ്ങള്‍ കണ്ടുപിടിച്ചയാളാണെന്നോ പോസ്റ്റിലോ അദ്ദേഹമോ അവകാശപ്പെട്ടുകാണുന്നില്ലല്ലോ..? മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ കുറേക്കാര്യങ്ങള്‍ പച്ചമലയാളത്തില്‍ പുസ്തകങ്ങളിലൂടെ പങ്കുവെയ്ക്കുന്നതുതന്നെ വലിയ കാര്യമായി ഞാന്‍ കരുതുന്നു.
താങ്കളെപ്പോലുള്ള ബുദ്ധിജീവി വിമര്‍ശകര്‍ എന്തു കോപ്പാണ് ഈ വിഷയത്തില്‍ സംഭാവന നല്കിയതെന്നുകൂടി പറയാമായിരുന്നില്ലേ..? ഒരു കണ്ണൂര്‍ക്കാരന്‍ കൂടിയായ താങ്കളുടെ അസൂയയുടെ ആഴമാണ് മേല്‍ കമന്റിലൂടെ പുറത്തുവന്നത്...കഷ്ടം!
പ്രിയപ്പെട്ട പള്ളിയറ സാര്‍, താങ്കള്‍ പ്രവര്‍ത്തനം അഭംഗുരം തുടരുക. ഞങ്ങള്‍ പാവപ്പെട്ട സാധാരണക്കാര്‍ കൂടെയുണ്ട്.
ഹോംസ് സാര്‍ പറഞ്ഞതാണ് അതിന്റെ കറക്റ്റ് .
കടിച്ചാല്‍ പൊട്ടില്ലാന്നു തോന്നണ ഈ കണക്കിനെ പള്ളിയറ സാര്‍ രസകരമായി പറഞ്ഞു തരണൂ.
അത്രന്നേ .
ആദ്യമായി , 13 വര്‍ഷം മുന്‍പ് ഗണിതസാസ്ത്രമേളയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുതന്നത് പള്ളിയറമാസ്റ്ററിന്റെ പുസ്തകമാണ്. പുസ്തകരചയിതാവ് എന്നതിനേക്കാളും ഗണിതചിന്തകളുടെ പ്രചാരകനായി അദ്ദേഹത്തെ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് . നൂറിന്റെ നിറവില്‍ അങ്ങേയക്ക് അഭിനന്ദനങ്ങള്‍
പള്ളിയറ സാറിന്റെ പുസ്തകങ്ങളെ കുറിച്ച് നേരത്തെ ഒരു പാട് കേട്ടിട്ടുണ്ട് .മിക്കവയും വായിച്ചിട്ടുണ്ട് .ഉള്‍ക്കൊണ്ടിടുണ്ട് .വായിക്കാന്‍ കുട്ടികളെ പ്രേരിപ്പിചിട്ടുമുണ്ട് . തികച്ചും വിജ്ഞാന പ്രദമാണ് എന്ന
കാര്യത്തില്‍ സംശയമില്ല. ഇത് പോലുള്ള പുസ്തകങ്ങള്‍ ഇനിയും പബ്ലിഷ് ചെയ്താലേ പുത്തന്‍ തലമുറകള്‍ ക്ക് കൂടുതല്‍ 'ഗണിത സംബന്ധമായ വിവരം 'ലഭിക്കുകയുള്ളൂ. പ്രവര്‍ത്തനം തുടരണം.
'വിനോദന്റെ വിനോദങ്ങള്‍ ' ഇനിയും കാണും . അതുകൊണ്ടാണ് ഈ പോസ്റ്റ് പബ്ലിഷ് ചെയ്തപ്പോള്‍ ആദ്യത്തെ കമന്റായി വിനോദന്‍ പ്രത്യഷപ്പെട്ടത് .ബ്ലോഗ് ആരംഭിച്ചിട്ട് രണ്ടു വര്‍ഷത്തിലേറെ യായി. കമന്റുകള്‍ നാം ഒരു പാട് വായിച്ചു .അതില്‍ വിനോദന്റെ എത്ര കമന്റ് നാം കണ്ടു ? ഒരു പക്ഷെ പള്ളിയറ സാറിന്നു വേറെ പണിയില്ലഞ്ഞിട്ടു കോപ്പി അടിച്ചതായിരിക്കാം. അതില്‍ മണ്ണ് വാരിയിട്ടു കളിപ്പിക്കല്ല എന്റെ സഹോദര. ...... പാവങ്ങളും ജീവിച്ചു പൊയ്ക്കോട്ടേ.
കണക്കിനെ പേടിച്ചിരുന്ന പല കുട്ടികളും പള്ളിയറ ശ്രീധരന്‍ സാറിന്റെ പുസ്തകങ്ങളിലൂടെ കണക്കന്മാരായതായി കേട്ടിട്ടുണ്ട്.
ഹോംസ് ചേട്ടന്‍ പറഞ്ഞതിനോടാണ് ഈ വിഷയത്തില്‍ എനിക്ക് യോജിപ്പ്.
ചെറിയ ക്ളാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ പള്ളിയറ സാറിന്റെ പുസ്തകങ്ങളിലൂടെയാണ് ഗണിതത്തിലെ പല രസങ്ങളും ആസ്വദിക്കാനായത്.കുട്ടികള്‍ക്ക് ഗണിതവായന സാധ്യമാക്കുന്നതിന് സാറിന്റെ എഴുത്ത് ഇന്ന് കേരളത്തില്‍ അനിവാര്യവുമാണ്. കാരണം അധികമാരും കടന്നുവരാത്ത ഒരു മേഖലയായി ഇതിന്നും നിലനില്‍ക്കുന്നു.വിനോദ് സാറിനെപ്പോലുള്ളവര്‍ ഇത് എന്തുകൊണ്ടോ വിസ്മരിക്കുന്നു.
"ഇനിയുമൊരുപാട് സെഞ്ച്വറികള്‍ നേടാന്‍ സാറിന് സാധിക്കട്ടെ."
പള്ളിയറ ശ്രീധരന്റെ കൃതികളില്‍ എത്രയെണ്ണം വായിച്ചവര്‍ , അല്ലെങ്കില്‍ ബുക്ക് ഷെല്‍ഫില്‍ ഇരിക്കുന്നതെങ്കിലും കണ്ടിട്ടുള്ളവര്‍ ആണ് പ്രശംസകള്‍ കോരി ചൊരിയുന്നത് ?. വായനാ ശീലം ഏറ്റവും കുറവുള്ള ഒരു വിഭാഗമായത് കൊണ്ട് ചോദിക്കുന്നതാണ് .
K . R . Vinod വായനയ്ക്ക് ശേഷമാണ് ഈ കമന്റ് എഴുതിയതെങ്കില്‍ അദ്ദേഹത്തിന്റെ കമന്റാണ് , സോപ്പിങ്ങുകാരുടെ കമന്റിനെക്കാള്‍ കൂടുതല്‍ വിലമതിക്കാവുന്നത് .
അന്യഭാഷയിലുള്ള ഒരു സാഹിത്യസൃഷ്ടിയുടെ ആശയചോരണം നടത്തി സ്വന്തം പേരില്‍ മറ്റൊരു ഭാഷയിലേക്ക് പകര്‍ത്തുകയാണെങ്കില്‍ അതിനെ മോഷണമോ കോപ്പിയടിയോ ആയി വിശേഷിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. മിക്ക ഭാഷകളിലും ഇന്ന് അത്തരം ആശയശൂന്യരായ പകര്‍ത്തെഴുത്തുകാരെ കാണാന്‍ കഴിയും. പക്ഷെ സാഹിത്യസൃഷ്ടിയും ശാസ്ത്രസൃഷ്ടിയും രണ്ടു തലത്തിലാണ് നില്‍ക്കുന്നത്. രാമാനുജന്‍ കണ്ടുപിടിച്ചത് രാമാനുജന് മാത്രമേ എഴുതാന്‍ അര്‍ഹതയുള്ളോ? എന്താണ് ശാസ്ത്രവും സാഹിത്യവും തമ്മിലുള്ള പ്രധാനവ്യത്യാസം? സാഹിത്യം സത്യമോ മിഥ്യമോ ആയ വിചാരവികാരങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെങ്കില്‍ ശാസ്ത്രം തെളിവുകളുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ട സത്യത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്.
കടുകട്ടിയായ പല സിദ്ധാന്തങ്ങളും കുഴഞ്ഞു മറിഞ്ഞ ഒട്ടേറെ പ്രശ്നങ്ങളും അനവധി നിരവധി പ്രഹേളികകളുമുള്ള ഒരു ശാസ്ത്രശാഖയാണ് ഗണിതം. ഗണിതശാസ്ത്രകാരന്മാര്‍ ബഹുഭൂരിപക്ഷവും നല്ല എഴുത്തുകാരല്ലെന്നത് പരക്കെ അംഗീകരിക്കപ്പെട്ട സത്യവുമാണ്. പലര്‍ക്കും സ്വന്തം ഭാഷയ്ക്കപ്പുറം അന്യഭാഷയില്‍ പ്രാവീണ്യമില്ല. അതുകൊണ്ട് പല ഗണിതതത്വങ്ങളും സിദ്ധാന്തങ്ങളും ഇന്ന് പല ഭാഷകളിലേക്കും കടന്നു ചെല്ലാന്‍ അറച്ചറച്ചു നില്‍ക്കുകയാണ്.ഇവിടെയാണ് പള്ളിയറ ശ്രീധരനെപ്പോലുള്ളവരുടെ റോള്‍ ആരംഭിക്കുന്നത്. അദ്ദേഹം ഒരു ഗണിതശാസ്ത്രജ്ഞനല്ല. ഒരു ഗണിതസ്നേഹിയാണ്. അന്യഭാഷകളിലെ അറിവുകള്‍ ലളിതമലയാളത്തിലേക്ക് ആവിഷ്ക്കരിക്കാന്‍ അദ്ദേഹം കാലാകാലങ്ങളായി നടത്തുന്ന അവിരാമയത്നം പുച്ഛിച്ചു തള്ളാവുന്നതാണോ? മലയാളത്തില്‍ പള്ളിയറയേയും ശിവദാസിനേയും എന്‍.ആര്‍ സോമനേയും പുന്നൂസ് പുള്ളോലിക്കലിനേയും രാജീവ് കുരുവിളയേയും പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ കുട്ടികളില്‍ ഗണിതതാല്പര്യമുണ്ടാവാനുള്ള മറ്റ് സാധ്യതകളെന്താണ്? ഇതൊന്നും മലയാളത്തിലേക്ക് അവതരിപ്പിക്കാന്‍ മറ്റാരും തയ്യാറാവേണ്ടെന്നാണോ മറുപക്ഷത്തിന്റെ കമന്റുകള്‍ക്ക് അര്‍ത്ഥം? ഇത് മറ്റൊരു ശാഖയായിത്തന്നെ കാണണം. ഇതിനെ സാഹിത്യചോരണവുമായി ബന്ധപ്പെടുത്തി വായിക്കുന്നത് ചിന്താശൂന്യത മൂലമാണെന്നല്ലാതെ മറ്റെന്തുപറയാന്‍? അതല്ലേ അതിന്റെ യാഥാര്‍ത്ഥ്യവും?
'വായനാ ശീലം ഏറ്റവും കുറവുള്ള ഒരു വിഭാഗമായത് കൊണ്ട് ചോദിക്കുന്നതാണ് .'
mr.bean, വിലയിരുത്തലുകള്‍ നടത്താം. പക്ഷേ എല്ലാവരേയും ഒരേ തട്ടില്‍ തൂക്കുന്ന സാമാന്യവത്ക്കരണങ്ങള്‍ക്കു മുന്‍പ് പറയുന്നതെന്തെന്ന് സ്വയമൊന്നാലോചിക്കുക.സാധാരണക്കാരായ ഞങ്ങളേപ്പോലുള്ളവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് പള്ളിയറസാറിന്റെ രചനകള്‍ എന്നത് വെറുമൊരു സോപ്പിംങ്ങ് എന്ന് അധിക്ഷേപിക്കാതെയെങ്കിലുമിരിക്കാനുള്ള മര്യാദ കാട്ടുക.അതുമല്ലെങ്കില്‍ ഗണിതത്തിലെ ആധികാരികഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് സാധാരണക്കാരന് ഉപയോഗപ്രദമാക്കുക.
കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതത്തോട് താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ പള്ളിയറ ശ്രീധരന്‍ സാറിന്റെ പുസ്തകങ്ങള്‍ സഹായിച്ചിട്ടുണ്ട് എന്നത് തര്‍ക്കമറ്റ സത്യമാണ്.
മാര്‍ച്ചു 14( പൈ ദിനം ) നു നടക്കുന്ന ,അദ്ദേഹത്തിന്റെ നൂറാമത്തെ പുസ്ടകത്തിന്റെ പ്രകാശനത്തിനു എല്ലാ വിധ ആശംസകളും .
ഗണിതശാസ്ത്രത്തെ സാധാരണക്കാരോട് അടുപ്പിച്ചതാണ് പള്ളിയറ ശ്രീധരൻ മാഷിന്റെ ഏറ്റവും വലിയ സംഭാവന.സാധാരണക്കാരനായ ഒരു മലയാളിയോട് താൻ വായിച്ച ഒരു ഗണിതശാസ്ത്രഗ്രന്ഥത്തിന്റെ പേരുപറയാൻ പറഞ്ഞാൽ 99ശതമാനം പേരും പള്ളിയറയുടെ പുസ്തകത്തി്ന്റെ പേരു പറയും.ഇതാണ് പള്ളിയറയുടെ വിജയം.ഒരു കോളേജ് പ്രൊഫസർക്കും റിസേർച്ച് അസോസിയേറ്റിനും എച്ച്.എസ്.എസ്.ടി ക്കം ചെയ്യാൻ കഴിയാതെ പോയതാണ് ഒരു സാദാ ഹൈസ്കൂൾ മാഷ് മാത്രമായിരുന്ന അദ്ദേഹം ഗണിതശാസ്ത്രത്തിനു വേണ്ടി ചെയ്തത്.അദ്ദഹത്തിന് നന്മകളും വിജയാശംസകളും നേരുന്നു.
പള്ളിയറ ശ്രീധരന്‍മാഷിന്റെ കൃതികള് വളരെ പ്രയോജനപ്രദമായി എനിക്ക് തോന്നിയിട്ടുണ്ട്. ഇവ മറ്റ് പുസ്തകങ്ങളില്‍ നിന്ന് എടുത്തതാണെങ്കില്‍ തന്നെയും ഈ കണക്കുകളുടെ ക്രോഡീകരണവും അവയുടെ മലയാളത്തിലുള്ള പ്രസിദ്ധീകരണവും വളരെ മഹത്വപൂര്‍ണ്ണമായ ഒരു ജോലിയാണ്. രാമായണം ആദ്യമായി രചിച്ചത് വാല്‍മീകിയാണല്ലോ. അതിന്റെ പരിഭാഷ തയ്യാറാക്കുകയാണ് എഴുത്തച്ഛന്‍ ചെയ്തത്. എങ്കിലും അദ്ദേഹത്തിന്റെ അദ്ധ്യാത്മരാമായണം വളരെ സാഹിത്യപരമായി തയ്യാറാക്കിയതാണ്. മലയാളിക്ക് രാമായണം എന്ന പദത്തിന്റെ കൂടെ ഓര്‍മ്മ് വരുന്നത് എഴുത്തച്ഛനെയാണ്.അതിനാല്‍ ഏത് വിധേനയായാലും പള്ളിയറ സാറിന്റെ ശ്രമത്തെ വില കുറച്ച് കാണാന്‍ കഴിയില്ല.
congrats PS
Congratulation Sreedharan Sir. Wishing you all the best to write more books for encouraging children. Of course, Your books are beneficiary for students.
@Vinod His books are meant for students not for genius in mathematics.
വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ ലളിതമായ ഭാഷയില്‍ തയ്യാറാക്കിയ പുസ്തകങ്ങളാണ് പള്ളിയറ സാറിന്റേത്.അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് സമ്മാനമായി നല്കിയിട്ടുമുണ്ട്.
പള്ളിയറ സാറിന് അഭിനന്ദനങ്ങള്‍
off topic
ഭരണിയും കുപ്പിയും :
ജനാര്‍ദ്ദനന്‍ മാസ്റ്ററുടെ വീട്ടില്‍ 10 ലീറ്റെര്‍അളവുള്ള ഭരണിയില്‍ നിറയെ തേന്‍ ഉണ്ടായിരുന്നു. ഒരു ദിവസം വീട്ടിലെ വേലക്കാരന്‍ അതില്‍ നിന്നും ഒരു കുപ്പി തേന്‍ എടുത്തു പകരം വെള്ളം നിറച്ചു വച്ചു. പിറ്റേ ദിവസവും ഭരണി യിലുള്ള മിശ്രിതത്തില്‍ നിന്ന് ഒരു കുപ്പി മിശ്രിതം മാറ്റി വെള്ളം നിറച്ചു
വച്ചു. ഇങ്ങനെ രണ്ടു ദിവസം ചെയ്തപ്പോള്‍ ഭരണി യിലുള്ള മിശ്രിതത്തിന്റെ അംശ ബന്ധം 1:1 എന്നായി മാറി. വേലക്കാരന്‍ ഉപയോഗിച്ച കുപ്പിയുടെ അളവെത്ര?
ഭരണിയും കുപ്പിയും :
വിജയന്‍മാഷിന്റെ ബേസിക് പേയും ഡിഎയും ചേര്‍ത്താല്‍ ഹരിമാഷിന്റെ എച്ച്ആര്‍എയുടെ അമ്പതിരട്ടിയും, നിസാര്‍മാഷിന്റെ സിസിഎയുടെ മുപ്പതിരട്ടിയും കിട്ടുമെങ്കില്‍ ജോണ്‍മാഷിന്റെ പുതുക്കിയ ശമ്പളമെത്ര?
എന്നോ മറ്റോ ആക്കി ചോദ്യം മാറ്റിനോക്യേ..ഉത്തരങ്ങള്‍ നൂറെണ്ണം കട്ടായം!
@ വിജയന്‍ സാര്‍,
ഭരണിയും കുപ്പിയും
വേലക്കാരന്‍ ഉപയോഗിച്ച കുപ്പിയുടെ അളവ് 2.93 ലിറ്റര്‍
ശരി ഉത്തരം അയച്ച ഭാമ ടീച്ചെരിനും പകരം ചോദ്യം വിട്ട ഹോംസ് സാറിനും നന്ദി. (ഭാമ ടീച്ചറിന്റെ ഉത്തരതെക്കാള്‍ ഗംഭീരം സത്യമായിട്ടും ഹോംസ് സാറിന്റെthought provoking qn. ആണ്. ) പണ്ടൊക്കെ ഒരു ചോദ്യം വിട്ടാല്‍ അതെ സ്പീഡില്‍ ഉത്തരം വരുമായിരുന്നു.ചുരുക്കം സന്ദര്സകര്‍ ഉള്ളപ്പോള്‍.ഇന്നോ..............ബ്ലോഗ് സന്ദര്സിക്കുന്നവര്‍ നിത്യേനെ പതിനായിരങ്ങള്‍ ............ഇവിടെ യാണ് ഹോംസ് സാറിന്റെ ചോദ്യത്തിന്റെ പ്രസക്തി . ഭാമ ടീച്ചറെ ....വഴി കൂടെ വിട്ടോളൂ ...........പതിനായിരത്തില്‍ ഒരാളെങ്കിലും അത് പ്രതീക്ഷിച്ചു ഇരിപ്പുണ്ടാകും
@ വിജയന്‍ സാര്‍,
ഉത്തരത്തിലെത്തിച്ചേര്‍ന്ന വഴി
ഭരണിയിലുള്ള തേന്‍ 10 ലിറ്റര്‍
ഒന്നാം ദിവസം വേലക്കാരന്‍ എടുത്ത തേന്‍ x ലിറ്റര്‍
പകരം നിറച്ച വെള്ളം x ലിറ്റര്‍
ഇപ്പോള്‍ ഭരണിയില്‍ 10 - x ലിറ്റര്‍ തേനും x ലിറ്റര്‍ വെള്ളവും ചേര്‍ന്ന മിശ്രിതമാണ് ഉള്ളത്.
അതായത് ഓരോ ഒരു ലിറ്റര്‍ മിശ്രിതത്തിലും x/10 ഭാഗം വെള്ളമാണ്.
രണ്ടാം ദിവസം വേലക്കാരന്‍ എടുത്ത തേന്‍ (മിശ്രിതം) x ലിറ്റര്‍
x ലിറ്റര്‍ മിശ്രിതത്തില്‍ x* x/10 ഭാഗം വെള്ളമാണ്
ബാക്കിയുള്ള മിശ്രിതത്തിലെ വെള്ളത്തിന്റെ അളവ് x- x^2/10
രണ്ടാം ദിവസം പകരം നിറച്ച വെള്ളം x ലിറ്റര്‍
ഇപ്പോള്‍ മിശ്രിതത്തിലെ വെള്ളത്തിന്റെ അളവ് x + x- x^2/10 ആയിരിക്കും
തേന്‍ : വെള്ളം = 1 : 1 ie 5ലിറ്റര്‍ തേന്‍ 5 ലിറ്റര്‍ വെള്ളം
x+x-x^2/10 = 5
ie x^2 - 20x + 50 = 0 ഈ ദ്വിമാന സമവാക്യം നിര്‍ദ്ധാരണം ചെയ്താല്‍ x = 2.93 എന്നു കിട്ടും
വേലക്കാരന്‍ ഉപയോഗിച്ച കുപ്പിയുടെ അളവ് 2.93 ലിറ്റര്‍
ആദ്യം മാറ്റിയ തേന്‍ = 10-5root2 , പിന്നീട് മാറ്റിയ തേന്‍ = 5 root2-5, ആകെ മാറ്റിയ തേന്‍ = 5 .
കുപ്പിയുടെ അളവ്
= 10-5 root2= ~ 2.93 ലീട്ടെര്‍
Today 0 and 1 plays the most important role in our day today life.computers , laptops mobilefone ,tv ,cinima, camera film ...all uses basically binary system. one can only understand the importance of zero if he/she has only some knowledge of maths.of course utter fools cannotunderstand the importance of zero.i have only sympathy towards such fools.such "koopamandookams" is not eligible even to pronounce such words as "maths" or "digits". such peoples very proudly says " contribution of Indians is zero".Let GOD forgive their stupidity.such peoples are disgrace to our nation, our comunity. i am writing my articles by suffering lakhs of rupees.if anybody feels "nothing" it shows he cannot understand anything.if head is filled with MUD what can i do ? only sympathy.
OF course, i value all the comments published here. i am happy that most of the commenders recognise the "disease" of KRVinod. i am equally ready to accept praise and curse. some times i prefer the commend of my drawbacks so that i can avoid mistakes if any. it also helps me to have a better writing.thanks for ALL
പള്ളിയറ സാറിന്റെ രണ്ടു കമന്റുകളും ശ്രദ്ധിച്ചു വായിച്ചിട്ട് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ അദ്ദേഹം ഇംഗ്ലീഷ് ബുക്സ് കോപ്പി അടിക്കുന്നതാണെന്ന് ?
ശ്രീ. കെ. ആര്‍. വിനോദ് എഴുതിയ കാര്യം തെറ്റായിരിക്കാം. പക്ഷെ അദ്ദേഹം അതു നല്ല ഭാഷയിലാണ്. പറഞ്ഞത്.
ശ്രീ. പള്ളിയറ ശ്രീധരന്‍ സാര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കില്‍ത്തന്നെയും അതിനുപയോഗിച്ച ഭാഷാരീതി നന്നായില്ല. പ്രത്യേകിച്ച് വളരെക്കാലം അധ്യാപകനായി ജോലി ചെയ്ത ഒരാളെന്ന നിലയില്‍. എതിരഭിപ്രായം പറഞ്ഞവരുടെ തലയില്‍ ചളിയാണെന്നും അവരുടെ stupidityക്ക് ദൈവം മാപ്പുകൊടുക്കെയെന്നും പറയുന്നത് വിദ്വാന്മാര്‍ക്ക് ഭൂഷണമ്ല്ല. എന്നോട് ക്ഷമിച്ചാലും.
ജനാര്ദ്ധനന്‍ സാര്‍ ,
വളരെ വളരെ ശരിയായ കമന്റ്
.
ജനാര്‍ദ്ദനന്‍ സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.ആ കമന്റ് വായിച്ചപ്പോള്‍ എന്റെ മനസ്സിലും തോന്നിയ ഒരു കാര്യമാണിത്.
ഉയരങ്ങളില്‍ നില്‍ക്കുന്ന ആളുകള്‍ക്ക് കുറച്ചു കൂടി മാന്യമായ ഭാഷ ഉപയോഗിക്കാവുന്നതാണ്.
ഏറ്റവും ഉയര്‍ന്നവന്‍ ഏറ്റവും എളിയവനാകണം എന്നെവിടെയോ വായിച്ചത് ഓര്‍ക്കുന്നു.
പിന്നെ ലക്ഷങ്ങള്‍ നഷ്ടം സഹിച്ച് നൂറോളം ബുക്കുകള്‍ എഴുതിക്കൂട്ടി എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. ഒന്നോ രണ്ടോ എഴുതാമായിരിക്കാം.. പക്ഷെ നൂറ്..?
പിന്നെ ഇത്രയധികം പ്രചാരമുള്ള ബ്ലോഗിന്റെ അണിയറക്കാരന് പുതിയ ബുക്ക് അയച്ചു കൊടുത്തതിലെ ബിസിനസ് ബുദ്ധി ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു....(ഇനി സുഹൃത്ത് ബന്ധത്തിന്റെ പുറത്താണ് അയച്ചു കൊടുത്തതെങ്കില്‍ ക്ഷമിച്ചാലും...)
തലയില്‍ ചെളിയാണെന്നും മണ്ടനാണെന്നും ഈ തരത്തില്‍ പറയുന്നത് രോഗമാണെന്നും ഉള്ള ആരോപണങ്ങള്‍ നിറഞ്ഞ മറുപടി പ്രതീക്ഷിച്ചു കൊള്ളുന്നു...
Post a Comment