കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം

>> Friday, September 24, 2010

മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന് ജ്ഞാനപീഠം. ഒറ്റപ്ലാവില്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് കവിയുടെ മുഴുവന്‍ പേര്. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാവില്‍ കുടുംബത്തില്‍ ഒ.എന്‍.കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27നാണ് ഒ.എന്‍.വി ജനിച്ചത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ.എന്‍.വി 1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു.

1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ.എന്‍.വി വഹിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ.എന്‍.വി യുടെ ആദ്യത്തെ കവിതാ സമാഹാരം 1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, മാറ്റുവിന്‍ ചട്ടങ്ങളെ, ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകള്‍, മയില്‍പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്‌നിശലഭങ്ങള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങ്ഗക പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒ.എന്‍.വി മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. നാടക ഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയ്ക്കും തന്റേതായ സംഭാവന അദ്ദേഹം നല്‍കിയിട്ടുണ്ട്.

എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, സോവിയറ്റ്‌ലാന്‍ഡ് നെഹ്രു പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, പന്തളം കേരളവര്‍മ്മ ജന്മശതാബ്ദി പുരസ്‌കാരം, വിശ്വദീപ പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുള്ള ഒ. എന്‍. വി ജ്ഞാനപീഠ പുരസ്ക്കാരം നേടുന്ന അഞ്ചാമത്തെ മലയാള സാഹിത്യകാരനാണ്.

എം.ടി വാസുദേവന്‍ നായര്‍ (1995), തകഴി ശിവശങ്കരപ്പിള്ള (1984), എസ്.കെ പൊറ്റേക്കാട്(1980), ജി. ശങ്കരക്കുറുപ്പ് (1965) എന്നിവരാണ് ജ്ഞാനപീഠം പുരസ്‌ക്കാരം നേടിയ മറ്റ് മലയാളം എഴുത്തുകാര്‍.

അദ്ദേഹം തന്നെ പാടിയ പോലെ
എന്റെ മകുടിയിലുടെ മൃത്യുഞ്ജയ-
മന്ത്രമായ് ത്തീരുന്നു ഞാനുമെന്‍ ഗാനവും

19 comments:

ജനാര്‍ദ്ദനന്‍.സി.എം September 24, 2010 at 6:48 PM  

ഒ. എന്‍. വി കുറുപ്പിന്റെ ഈ അഭിമാന നേട്ടത്തില്‍ കേരളീയ ജനതയ്ക്കൊപ്പം ഞാനും അഭിമാനിക്കുന്നു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

Sreejithmupliyam September 24, 2010 at 6:57 PM  

സന്തോഷം...................
എല്ലാ മലയാളികള്‍ക്കുമൊപ്പം ആഹ്ലാദം .......
ആശംസകള്‍ നേരുന്നു.
ശ്രീജിത്ത് മുപ്ലിയം.

shemi September 24, 2010 at 7:01 PM  

അഭിമാനിക്കാം എല്ലാ മലയാളികള്‍ക്കും.ഒപ്പം എന്റെ സന്തോഷം കൂടി പങ്കുവക്കട്ടെ.

bhama September 24, 2010 at 7:15 PM  

ഒ. എന്‍. വി കുറുപ്പിന്റെ ഈ അഭിമാന നേട്ടത്തില്‍ എല്ലാ മലയാളികള്‍ക്കുമൊപ്പം ഞാനും അഭിമാനിക്കുന്നു.

അഭിനന്ദനങ്ങള്‍ ...

Nidheesh.T September 24, 2010 at 7:35 PM  

we r very proud.one more malayalam writer got njanpeeda

Unknown September 24, 2010 at 8:01 PM  

ഒരല്പം വൈകിയിട്ടാണെങ്കിലും, അര്‍ഹതയ്ക്കുള്ള അംഗീകാരം...
ഇത് ഓരോ മലയാളിയുടെയും അഭിമാനം!

Hari | (Maths) September 24, 2010 at 8:33 PM  

കോതമ്പുമണികള്‍ എന്ന ഒറ്റകവിത മാത്രം മതി ഒ.എന്‍.വിയുടെ കഴിവ് മനസ്സിലാക്കാന്‍. കഠിനപദങ്ങളെ തേടിപ്പിടിച്ച് കവിതയില്‍ അടുക്കിവെച്ച് "ഭയങ്കരം" എന്നു പറയിക്കാനല്ല അദ്ദേഹം ശ്രമിച്ചത്. മലയാള ഭാഷയുടെ ലാളിത്യം വരികളിലേക്ക് വാങ്മയ രൂപത്തില്‍ സന്നിവേശിപ്പിക്കാനുള്ള സിദ്ധി ഇദ്ദേഹത്തിനുണ്ടെന്ന് പറയാതിരിക്കാനാവില്ല. ആ ലാളിത്യം തന്നെയാണ് അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രയും. നിശാഗന്ധി നീയെത്ര ധന്യ എന്ന കവിതയുടെ സൗന്ദര്യവും ഇതുപോലെ തന്നെ എന്നെ സ്വാധീനിച്ചിട്ടുണ്ട്. വൈകിയാണെങ്കിലും ഒ.എന്‍.വിയിലൂടെ മലയാളത്തിന് ജ്ഞാനപീഠം ലഭിച്ചതില്‍ നമുക്ക് സന്തോഷിക്കാം.

848u j4C08 September 24, 2010 at 8:50 PM  

.

ശ്രീ ഒ.എന്‍ .വി.കുറുപ്പിന് തികച്ചും അഭിമാനിക്കാവുന്നതും , സന്തോഷിക്കാവുന്നതുമായ നേട്ടം.
മുഴുവന്‍ മലയാളികളുടെയും കാര്യം എങ്ങനെയാണെന്ന് പറയാന്‍ എനിക്ക് ആരും അധികാരം നല്‍കിയിട്ടില്ല .


.

Manoraj September 24, 2010 at 8:50 PM  

‘അക്ഷര‘ങ്ങളിലൂടെ ജീവിതത്തിന്റെ ‘ഉപ്പ്‘‘കണ്ടെത്തി ‘കറുത്ത പക്ഷിയുടെ പാട്ട് ‘കേട്ട് ‘ഭൂമിക്ക് ഒരു ചരമഗീതം‘ രചിച്ച മലയാളത്തിന്റെ മഹാകവിക്ക് ഒടുവില്‍ സാഹിത്യത്തിലെ പരമോന്നത ബഹുമതി.. ജ്ഞാനപീഠ പുരസ്കാരം.. ജിമ്, എസ്.കെയും, തകഴിയും എം.ടിയും കൈപറ്റിയ ആ മഹാ പുരസ്മാരം ഇക്കുറി അവരെ പോലെ തന്നെ അര്‍ഹിക്കുന്ന കരങ്ങളിലേക്ക്.. അഭിമാനിക്കാം. ഓരോ മലയാളിക്കും. ഭൈരവന്റെ തുടികള്‍ തേടി , ഉജ്ജയനിയും താണ്ടി മുന്നോട്ടുള്ള ഈ പ്രയാണത്തിന് നേരട്ടെ മംഗളം.
---------------------------------
ഇത് ഇന്ന് ഈ വിഷയത്തില്‍ ഞാന്‍ ഇറക്കിയ എന്റെ സര്‍ക്കാര്‍ ബസ്സ് :)

ആനന്ദ് കുമാര്‍ സി കെ September 24, 2010 at 8:57 PM  

വൈകിയെത്തിയ അംഗീകാരത്തില്‍ അഭിമാനം.ഒ.എന്‍.വ് സാറിന് അഭിനന്ദനങ്ങള്‍

ANIL September 24, 2010 at 9:22 PM  

മാനവികതയുടെ കവി O.N.V ക്ക് ജ്ഞാനപീഠം

അഭിനന്ദനങ്ങള്‍

സ്നേഹതീരം September 24, 2010 at 10:12 PM  

കുഞ്ഞ്യെടത്തിയും കോതമ്പുമണികളും ഞങ്ങള്‍ക്ക് തന്ന മലയാളികളുടെ പ്രിയപ്പെട്ട ഓ എന്‍ വി ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍

അബ്ദുറഹിമാന്‍.ടി

വി.കെ. നിസാര്‍ September 24, 2010 at 10:24 PM  

മലയാളത്തിനു കൈവന്ന ഈ നേട്ടം ഉജ്വലമായി.
അഭിനന്ദനങ്ങള്‍!

Sahani R. September 24, 2010 at 11:11 PM  

വേര്‍പിരിയുവാന്‍ മാത്രമായൊന്നിച്ചുകൂടി നാം വേദനകള്‍ പങ്കുവയ്‌ക്കുന്നു, വേദനകളേറ്റുവാങ്ങുന്നു.... കരളിലെഴുമീണങ്ങള്‍ ചുണ്ടുനുണയുമ്പോള്‍ കവിതയുടെ ലഹരി നുകരുന്നു.... സര്‍ഗ്ഗസപര്യയിലെ സായന്തനത്തില്‍ അങ്ങയെ തേടിയെത്തിയ ജ്ഞാനപീഠപുരസ്‌ക്കാരവും ധന്യമായി. മഹാകവിയ്‌ക്കു ഗുരുപ്രണാമങ്ങള്‍...

സുജനിക September 25, 2010 at 6:54 AM  

"ഇനി ഞാനുണർന്നിരിക്കാം, നീയുറങ്ങുക!“ (ശാർങ്ഗകപ്പക്ഷികൾ-ഒ.എൻ.വി.) മഹാകവിക്ക് അഭിവാദ്യങ്ങൾ.

ഹോംസ് September 25, 2010 at 7:38 AM  

"ഓ എന്‍ വി യുടെ ‘ഭൂമിക്ക് ഒരു ചരമഗീതം’ ആണല്ലോ എറെ വായിക്കപ്പെട്ട പുസ്തകവും കവിതയും. കവി ഇതില്‍ പലസ്ഥലത്തായി മരം മുറിക്കുന്നതിനെ വല്ലാതെ നൊമ്പരത്തൊടെ അവതരിപ്പിക്കുന്നുണ്ട്.

എന്നാല്‍ കവി യുടെ തന്നെ വീട് നോക്കുക. സാധാരണ കേരളീയ ഭവനത്തിന് ആവശ്യമുള്ള മരത്തിന്റെ പത്തിരട്ടി എങ്കിലും കാണും ഈ പുതിയ ഭവനത്തില്‍.

ഭിത്തികളില്‍ എല്ലാം നല്ല ഒന്നാം തരം വുഡന്‍ പാനലിംഗ് ആണ്. എന്തിനാണ് എഴുത്തും പ്രവര്‍ത്തനവും രണ്ടാകുന്നത്. അഗാധമായ പരിസ്ഥിതിബോധം ഒയെന്‍‌വി കവിതയെ പ്രൌഡോജ്ജലമാക്കുന്നു എന്ന് ജ്ഞാനപീഠ അവാര്‍ഡ് നിര്‍ണയ സമിതി. എന്നാല്‍ പരിസ്ഥിതി ബോധം സ്വന്തം വീട്...ടില്‍ അശേഷം തീണ്ടിയിട്ടില്ല. ലാറി ബേക്കറെ പോലുള്ള വാസ്തുശില്പികള്‍ എത്രമാത്രം കുറച്ച് മരം ഉപയോഗിച്ച് ഭവനരൂപക‌ല്‍‌പന നടത്താമെന്ന് കാണിച്ചു തന്നതും ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു എന്നത് മറക്കരുത്. "

ഇതു കണ്ടോ..? 'ബസില്‍' നിന്നു കിട്ടിയതാ...!

അസീസ്‌ September 25, 2010 at 9:54 AM  

ഒ. എന്‍. വി കുറുപ്പിന്റെ ഈ അഭിമാന നേട്ടത്തില്‍ ഞാനും അഭിമാനിക്കുന്നു.


അഭിനന്ദനങ്ങള്‍

Kalavallabhan September 25, 2010 at 12:48 PM  

മലയാള കവിതയ്ക്കൊരു പുതിയ ബാല്യം.

ഒ എൻ വി യെപ്പറ്റി പറയാനുള്ള വളർച്ച എനിയ്ക്കില്ലെങ്കിലും മലയാളത്തിനൊരു ജ്ഞാനപീഠം കൂടി കിട്ടിയതിൽ സന്തോഷിക്കുന്നു.

848u j4C08 September 25, 2010 at 6:10 PM  

.

@ ഹോംസ് സാര്‍ ,
വേറിട്ട ചിന്ത വളരെ ഇഷ്ടപ്പെട്ടു .
ഒഴുക്കിന് അനുകൂലമായി നീങ്ങാന്‍ വളരെ എളുപ്പമാണ്.
ചത്ത മീനുകളെ പോലെ വെറുതെ കിടന്നു കൊടുത്താല്‍ മതി .മുന്നോട്ടു പൊയ്ക്കൊള്ളും .
ഒഴുക്കിനെതിരെ നീന്താന്‍ ജീവനുള്ള മീനുകള്‍ക്കെ കഴിയൂ .



.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer