എന്റെ കേരളം എത്ര സുന്ദരം.
>> Saturday, October 31, 2009
ഇന്ന് കേരളപ്പിറവി ദിനം. ഞായറാഴ്ച ആയതിനാല്‍ കേരളത്തനിമയില്‍ വിലസാനുള്ള നമ്മുടെ സുവര്‍ണാവസരം നഷ്ടപ്പെട്ടു. എങ്കിലും തിങ്കളാഴ്ച ആ പരാതി തീര്‍ക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് കഴിഞ്ഞ ദിവസം സ്ക്കൂളില്‍ നിന്ന് മടങ്ങിയത്.കഴിഞ്ഞയാഴ്ച ചാനലുകള്‍ വയലാറിന്റെ ഓര്‍മ്മ പുതുക്കിയ ഘട്ടത്തില്‍ അദ്ദേഹമെഴുതിയ മലയാളമണ്ണിന്‍റെ ഗന്ധമുള്ള ഏതാനും ഗാനങ്ങള്‍ കേള്‍ക്കാനിടയുണ്ടായി. ഈ സുന്ദരഭൂമിയിലെ ജീവിതം നീര്‍ക്കുമിള പോലെ നിസ്സാരമാണെന്നിരിക്കേ 'ഈ മനോഹര തീരത്തു ഇനിയൊരു ജന്മം കൂടിത്തരുമോ' എന്ന ഗാനം നെഞ്ചിലെവിടെയോ നേരിയ ഒരു നോവുണര്‍ത്താത്തത് ആര്‍ക്കാണ്. പഴമയുടെ സ്മൃതികളുയര്‍ത്താന്‍ മറ്റൊരു ചലച്ചിത്രഗാനത്തിന്‍റെ വരികള്‍ നമുക്ക് ഓര്‍ത്തടുക്കാം.
ചിത്രം : മിനിമോള്‍ (1977)
സംഗീതം : ജി.ദേവരാജന്‍ മാസ്റ്റര്‍
രചന : ശ്രീകുമാരന്‍ തമ്പി
ഗായകന്‍ : ഡോ. കെ.ജെ.യേശുദാസ്
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം
കേളീ കദംബം പൂക്കും കേരളം
കേരകേളീ കഥനമാമെന്‍ കേരളം
(കേരളം......)
പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
കുന്നെല്ലിന്‍ പാടത്തിലൂടെ
മാവേലി മന്നന്‍റെ മാണിക്യത്തേരു വരും
മാനസ പൂക്കളങ്ങളാടും ആടും....
(കേരളം......)
നീരദ മാലകളാല്‍ പൂവിടും മാനം കണ്ടു
നീളാനദീഹൃദയം പാടും
തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം
കൈകൊട്ടിപ്പാട്ടുകള്‍ തന്‍ മേളം മേളം....
(കേരളം.....)
കവിതയുടെ ആദ്യപാദം നോക്കൂ. കേരളം എന്ന സുന്ദരനാമം എത്ര തവണ ആവര്‍ത്തിച്ചിട്ടും കവിക്കു മതിയാകുന്നില്ല. ഏറെ പുകള്‍പെറ്റ കഥകളിയുടെ കേളികൊട്ടിന്‍റെ നാദം എവിടെയും മുഴങ്ങുന്നു. കടമ്പ് വൃക്ഷങ്ങള്‍ പൂത്തു നില്‍ക്കുന്ന മനോഹരമായ നാട്. ഇവിടെ തെങ്ങോലകള്‍ കാറ്റിലുലയമ്പോഴുള്ള ശബ്ദം കേരവൃക്ഷങ്ങളുടെ കഥ പറച്ചിലാണെന്ന് കാവ്യഭാവന.
മലയാളിക്കെന്നും അഭിമാനിക്കാവുന്ന ഓണപ്പൂവിളികളുടെ സ്മരണകള്‍ കവിതയുടെ രണ്ടാം പാദത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. കൊയ്ത്തും മഹാബലിയുടെ വരവും തമ്മിലുള്ള വേര്‍പിരിയാനാവാത്ത ബന്ധം വിവരിക്കുന്ന വരികള്‍ പദഭംഗിയും അര്‍ത്ഥഭംഗിയും അതിര്‍ത്തി ഭേദിച്ച് ആശയഭംഗിയുടെ ലോകത്തേക്ക് വായനക്കാരെ ആനയിക്കുന്നു. മഹാബലിയുടെ കാര്യം പറയുമ്പോള്‍ മനസ്സാകുന്ന പൂക്കളങ്ങള്‍ തുടിക്കും എന്ന് കവി പറയുമ്പോള്‍ രോമാഞ്ചം ചിന്തകളെപ്പോലും ആലിംഗനം ചെയ്യുന്നില്ലേ?
മലയാളിയുടെ നഷ്ടസൌഭാഗ്യങ്ങളെപ്പറ്റിയാണ് അവസാനപാദത്തിലെ വര്‍ണന. നിശ്ചിതഇടവേളകളില്‍ ക്രമം തെറ്റാതെ ആകാശത്ത് കാര്‍മേഘം വന്നെത്തുമ്പോള്‍ ഭാരതപ്പുഴയിലെ ഓളങ്ങള്‍ സന്തോഷം കൊണ്ട് ആനന്ദഗാനം ആലപിക്കും. നദിയിലൂടെ ഒഴുകി നീങ്ങുന്ന തോണികളില്‍ നിന്നുമുയരുന്ന പാട്ടുകള്‍ കാറ്റിലലിഞ്ഞു ചേരുമ്പോള്‍ അതേറ്റ് നദി രോമാഞ്ചം കൊള്ളുന്നതാണ് ഓളങ്ങളെന്ന് വരികള്‍ക്കിടയിലെവിടെയോ കവി ഒരര്‍ത്ഥമൊളിപ്പിച്ചു വെച്ചിട്ടുണ്ട്. ഇതേ വികാരം തന്നെയാണ് കൈകൊട്ടിക്കളിപ്പാട്ടുകളെപ്പറ്റി പറയുമ്പോള്‍ കവിയ്ക്കുള്ളത്.
ഗാനഗന്ധര്‍വ്വന്‍റെ ശബ്ദമാധുര്യം കൂടിയാകുമ്പോള്‍ ഈ കവിതയുടെ മാധുര്യം പറഞ്ഞറിയിക്കാന്‍ വയ്യല്ലോ.അത് ആസ്വദിക്കുമ്പോള്‍ വാങ്മയചിത്രങ്ങള്‍ ജീവന്‍ വെച്ച് മൂന്ന് മിനിറ്റ് സമയം നമ്മുടെ മുന്നില്‍ നൃത്തം ചവിട്ടുന്ന പ്രതീതിയാണുണര്‍ത്തുക. തുടര്‍ന്നങ്ങോട്ട് നിശബ്ദതയുടെ തലോടലില്‍ നാമിരിക്കുമ്പോള്‍ നെഞ്ചകത്തിന്‍റെ തളങ്ങളിലെവിടെയോ ആ ഗാനവീചികള്‍ പ്രതിധ്വനിക്കുന്നത് നമുക്ക് കേള്‍ക്കാം. അതെ അര്‍ത്ഥമറിഞ്ഞു വേണം ഗാനം ആസ്വദിക്കാന്‍...
ആസ്വാദനത്തിലോ ആശയത്തിലോ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അതിവിടെ തുറന്നു പറയാം.
Read More | തുടര്‍ന്നു വായിക്കുക