Loading [MathJax]/extensions/TeX/AMSsymbols.js

മാത്‌സ് ബ്ലോഗിന് ഒന്നാം പിറന്നാള്‍ ഇന്ന്

>> Sunday, January 31, 2010

ഇന്ന് ജനുവരി 31. കേരളത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു സഹായമാവുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മയായ മാത്‌സ് ബ്ലോഗ് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. ആദ്യഘട്ടത്തില്‍ രണ്ടുപേര്‍ കൂടിയാണ് ഈ പ്രയാണം ആരംഭിച്ചതെങ്കിലും കാലക്രമത്തില്‍ വിവിധ ജില്ലകളില്‍ നിന്നും സമാനചിന്താഗതിക്കാരായ അധ്യാപകര്‍ ഈ സംരംഭത്തിനോട് സഹകരിച്ചതുകൊണ്ട് ആവേശത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചു. വിദേശരാജ്യങ്ങളില്‍ അധ്യാപകര്‍ക്കുള്ളതുപോലെ നമ്മുടെ നാട്ടിലും വിദ്യാഭ്യാസവിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു സങ്കേതം; അതായിരുന്നു ടീമിന്റെ പ്രധാന ഉദ്ദേശം. കേരളത്തിലെ അധ്യാപകര്‍ എന്താണോ ആഗ്രഹിക്കുന്നത്, എന്താണോ അവരറിയേണ്ടത്, അതെല്ലാം സമയാസമയങ്ങളില്‍ നല്‍കുന്നതിന് ഞങ്ങളിന്നോളം ശ്രമിച്ചിട്ടുണ്ട്. അതുതന്നെയാണ് ഈ ബ്ലോഗിന്റെ വിജയരഹസ്യവും. ഇതിന് പകരം ഞങ്ങളെന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാമല്ലോ. ബ്ലോഗിനെ കൂടുതല്‍ പേരിലേക്കെത്തിക്കുക. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടന്ന ക്ലസ്റ്ററുകളില്‍ മാത്‌സ് ബ്ലോഗ് പരിചയപ്പെടുത്തല്‍ ഒരു ഓണ്‍ലൈന്‍ സെഷനായിരുന്നു എന്ന് പലരും പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ബ്ലോഗിലെ പോസ്റ്റുകളും ചോദ്യപേപ്പറുകളും പലയിടത്തും ചര്‍ച്ചാവിഷയമായി എന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തോഷമാണ് തോന്നിയത്. കഴിയുമെങ്കില്‍ ഇത്തരമൊരു ചര്‍ച്ച നടക്കാത്ത ഇടങ്ങളില്‍ അടുത്തയാഴ്ചത്തെ ക്ലസ്റ്ററുകളില്‍ ഈ സംരംഭത്തെ ഒന്നു പരിചയപ്പെടുത്തുമല്ലോ.

എ പ്ലസ് ലക്ഷ്യം വെക്കുന്ന കുട്ടികള്‍ക്ക് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ചോദ്യങ്ങള്‍ സഹായകമാകുമെന്നതില്‍ തെല്ലും സംശയം വേണ്ട. (112 ചോദ്യങ്ങള്‍ ഏറ്റവും മികച്ച ഉദാഹരണം). ഇത്തരം വിഭവങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് ഉപകാരപ്രദമാകുന്നുണ്ടെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ വിളിക്കുമ്പോള്‍ ഞങ്ങളോര്‍ക്കുക കുട്ടികള്‍ക്ക് ഈ ബ്ലോഗ് പരിചയപ്പെടുത്തിയ അവരുടെ അധ്യാപകരെക്കുറിച്ചാണ്. ഇവിടെ ലാഭേച്ഛയില്ലാതെ, അധ്യാപകസമൂഹത്തിന്റെ കൂട്ടായ്മയ്ക്കായി ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത കുറച്ച് അധ്യാപകര്‍ ഒരേ മനസ്സോടെ കൂട്ടായി ശ്രമിക്കുമ്പോള്‍ അത് ലക്ഷ്യപാപ്തിയിലെത്തിയതിന്റെ ഒരു നിര്‍വൃതി ഈ പോസ്റ്റൊരുക്കുമ്പോഴും ഞങ്ങളുടെ മനസ്സിലുണ്ട്. ഒരു മലയാളം ബ്ലോഗിന് ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തി അറുപത്തയ്യായിരത്തിന് മുകളില്‍ ഹിറ്റുകളിലേക്കെത്താന്‍ സാധിച്ചതിന് പിന്നില്‍ ബ്ലോഗ് ടീമംഗങ്ങളുടെ പേരില്‍ നന്ദി രേഖപ്പെടുത്താന്‍ ഏറെ പേരുണ്ട്. ആദ്യമായി

  • ഐ.ടി അറ്റ് സ്ക്കൂള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാറിനും ഈ ആശയം മുന്നോട്ട് വച്ച എറണാകുളം ഐ.ടി അറ്റ് സ്ക്കൂള്‍ ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിനും മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാറിനും


  • ഈ ബ്ലോഗ് തുടങ്ങിയ കാലം മുതലേ ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യു പ്രൊഫണല്‍ സുനില്‍ പ്രഭാകര്‍ സാറിനും


  • ഞങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന പാലക്കാട് ജില്ലാ കോഡിനേറ്റര്‍ ജയരാജന്‍ സാറിനും ഹരിശ്രീ പാലക്കാടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും


  • മലപ്പുറം ജില്ലയിലെ ഹസൈനാര്‍ മങ്കട, ഹക്കീം മാസ്റ്റര്‍ എന്നിവരടക്കമുള്ള മാസ്റ്റര്‍ ട്രെയിനേഴ്സിനും


  • ബ്ലോഗ് ടീമംഗങ്ങളെപ്പോലെ തന്നെ ഞങ്ങളോടൊപ്പം സഹകരിച്ചു പോരുന്നവരും കമന്റ് ബോക്സിനെ ഏറെ സജീവമാക്കുന്നവരുമായ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഗൂഗിളിലെ ഉമേഷ് സാര്‍, പാലക്കാട്ടെ കണ്ണന്‍ സാര്‍, ഖത്തറിലെ അബ്ദുള്‍ അസീസ് സാര്‍ എന്നിവര്‍ക്കും


  • ഞായറാഴ്ച സംവാദങ്ങളിലും ഇതര പോസ്റ്റുകളിലും സ്വാഭിപ്രായം വെട്ടിത്തുറന്നു പറയുന്ന മലയാളത്തിലെ എല്ലാ ബ്ലോഗര്‍മാര്‍ക്കും സ്വന്തം ബ്ലോഗിലൂടെ ഞങ്ങളെ പരിചയപ്പെടുത്തിയ ബൂലോകര്‍ക്കും


  • ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും അയച്ചു തരുന്ന വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും


  • സ്വന്തം ജില്ലയിലെ സ്ക്കൂളുകളിലേക്ക് മാത്‌സ് ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊടുക്കുകയും അവരെ പരിചയപ്പെടുത്തുകയുമെല്ലാം ചെയ്ത മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും


  • പത്രമാധ്യമങ്ങളിലൂടെ ഈ ബ്ലോഗിനെ കൂടുതല്‍ പ്രശസ്തിയിലേക്കെത്തിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്കും


  • ബ്ലോഗിന്റെ വായനക്കാരും ഞങ്ങളുടെ അഭ്യുദയ കാംക്ഷികളുമായ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും


സ്നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി... നന്ദി... നന്ദി...


Read More | തുടര്‍ന്നു വായിക്കുക

ഇന്നത്തെ കേരളകൗമുദിയില്‍ മാത്​സ് ബ്ലോഗ്

>> Friday, January 29, 2010

ഇന്നത്തെ കേരളകൗമുദിയില്‍ എഡിറ്റോറിയല്‍ പേജില്‍ (പേജ് 6) മാത്​സ് ബ്ലോഗിനെക്കുറിച്ചു വന്ന വാര്‍ത്തയ്ക്ക് ന്യൂസ് പേജ് കാണുക.


SSLC : Orukkam-2010


SSLC റിവിഷന്‍: ദ്വിമാനസമവാക്യങ്ങള്‍

>> Thursday, January 28, 2010

ബീജഗണിതപഠനത്തിന്റെ അതിപ്രധാനമായ ഭാഗമാണ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ദ്വിമാന സമവാക്യങ്ങള്‍. ഭാഷാവാചകങ്ങളില്‍ നിന്ന് രൂപീകരിക്കപ്പെടുന്ന ദ്വിമാനസമവാക്യങ്ങളാണ് നമ്മുടെ പഠനവിഷയം. ഭാഷാവാചകങ്ങള്‍ വായിച്ച് വിശകലനം ചെയ്ത് ബീജഗണിത വാക്യങ്ങളാക്കി മാറ്റാനുള്ള പാടവം ഇവിടെ അനിവാര്യമാണ്. ഇങ്ങനെ രൂപപ്പെടുന്ന വാക്യങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്നു. വര്‍ഗം പൂര്‍ത്തിയാക്കല്‍, സൂത്രവാക്യം, ഘടകക്രിയ എന്നിവയാണ് മൂന്ന് നിര്‍ദ്ധാരണ മാര്‍ഗ്ഗങ്ങള്‍. വര്‍ഗം പൂര്‍ത്തിയാക്കലിന്റെ ഒരു സമാന്യ വല്‍ക്കരണം തന്നെയാണ് ശ്രീധരാചാര്യനിയമം എന്ന പേരിലും അറിയപ്പെടുന്ന സൂത്രവാക്യരീതി. മൂല്യങ്ങളുടെ സ്വഭാവം വിശകലനം ചെയ്യുന്നതിനായി സമവാക്യസിദ്ധാന്തത്തിന്റെ പിന്‍ബലമുണ്ട്. രേഖീയ സംഖ്യകള്‍ അല്ലാത്ത മൂല്യങ്ങള്‍ ഉള്ളവ (മൂല്യങ്ങള്‍ ഇല്ലാത്തവ), ഒരു മൂല്യം മാത്രം ഉള്ളവ, രണ്ട് വ്യത്യസ്ത മൂല്യങ്ങള്‍ ഉള്ളവ എന്നിങ്ങനെ മൂന്ന് തരത്തില്‍ സമവാക്യങ്ങളെ തരം തിരിക്കാം. വിവേചകം പൂര്‍ണവര്‍ഗമാണെങ്കില്‍ ഭിന്നക മൂല്യങ്ങളും പൂര്‍ണവര്‍ഗമല്ലെങ്കില്‍ അഭിന്നക മൂല്യങ്ങളും ഉണ്ടാകും,. പത്താം ക്ലാസിലെ പാഠപുസ്തകത്തിലെ എല്ലാ യൂണിറ്റുകളിലും ദ്വിമാന സമവാക്യത്തിന്റെ പ്രായോഗികത ഉണ്ട്. പരമാവധി മേഖലകളെ സ്പര്‍ശിക്കുന്ന ചോദ്യങ്ങളാണ് ഈ പാക്കേജില്‍ ഉള്‍​ക്കൊള്ളിച്ചിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം,


  • ദ്വിമാന സമവാക്യം എന്ന ആശയം രൂപീകരിക്കുന്നതിന്

  • (x+a)2=b2 എന്ന രൂപത്തിലുള്ള ദ്വിമാനസമവാക്യങ്ങളുടെ മൂല്യം കണ്ടെത്തുന്നതിന്.

  • ഒരു ദ്വിമാന സമവാക്യത്തിന് പൊതുവെ രണ്ട് മൂല്യങ്ങളുണ്ട് എന്ന് കണ്ടെത്തുന്നതിന്

  • ഒരു ദ്വിമാനസമവാക്യത്തിന് പൊതുവെ രണ്ട് മൂല്യങ്ങളുണ്ട് എന്ന് കണ്ടെത്തുന്നതിന്

  • ഒരു സമവാക്യത്തെ വര്‍ഗം പൂര്‍ത്തീകരിച്ച് നിര്‍ദ്ധാരണം ചെയ്യുന്നതിന്

  • ax2+bx+c=0 എന്ന സമവാക്യത്തിന്റെ നിര്‍ദ്ധാരണമൂല്യങ്ങളാണ് (-b±√b2-4ac)/2a എന്നറിയുന്നതിന്

  • ax2+bx+c=0 എന്ന ദ്വിമാനസമവാക്യത്തിന്റെ വിവേചകമാണ് b2-4ac എന്നറിയുന്നതിന്

  • വിവേചകത്തിന്റെ വിലയും നിര്‍ദ്ധാരണമൂല്യങ്ങളും തമ്മിലുള്ള പരസ്പരബന്ധം തിരിച്ചറിയുന്നതിന്

  • ഒരു ദ്വിമാനസമവാക്യത്തെ ഘടകങ്ങളാക്കി നിര്‍ദ്ധാരണം ചെയ്യുന്നതിന്

Click here for download the questions of Quadratic Equations


Read More | തുടര്‍ന്നു വായിക്കുക

SSLC CE Mark Entry

>> Wednesday, January 27, 2010

എസ്.എസ്.എല്‍.സി എ-ലിസ്റ്റുമായി ബന്ധപ്പെട്ട് സര്‍പ്രൈസ് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതു പോലെ സി.ഇ ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. അതുകൊണ്ട് ലിനക്സില്‍ സി.ഇ മാര്‍ക്ക് എന്‍ട്രി നടത്തുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുന്നു. തെറ്റുകുറ്റങ്ങളോ എളുപ്പവഴികളോ അറിയാമെങ്കില്‍ അക്കാര്യം സൂചിപ്പിച്ചാല്‍ വേണ്ട ഭേദഗതികള്‍ വരുത്താവുന്നതേയുള്ളു. അത് നമ്മുടെ അധ്യാപകര്‍ക്ക് വലിയൊരളവു വരെ സഹായകമായിരിക്കും. എ-ലിസ്റ്റ് ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട പോസ്റ്റില്‍ മലപ്പുറത്തെ മാസ്റ്റര്‍​ട്രെയിനറായ ഹസൈനാര്‍ മങ്കട നമുക്ക് ഉപകാരപ്രദമായ ചില വിവരങ്ങള്‍ അയച്ചു തരികയുണ്ടായി. ഇപ്രാവശ്യവും അതുപോലുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഏവരില്‍ നിന്നും അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. എ ലിസ്റ്റ് ഡാറ്റാ എന്‍ട്രിയുമായി വലിയ രീതിയിലുള്ള വ്യത്യാസമൊന്നും സി.ഇ ഡാറ്റാ എന്‍ട്രി ഇന്‍സ്റ്റലേഷന്‍ കാണാനില്ല. അതുകൊണ്ടു തന്നെ സി.ഇ ഡാറ്റാ എന്‍ട്രി വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നില്ല. കമാന്റുകള്‍ തെറ്റിപ്പോകുമെന്ന് സംശയമുണ്ടെങ്കില്‍ ഇതോടൊപ്പം ഏറ്റവും താഴെ നല്‍കിയിട്ടുള്ള ഡോക്യുമെന്റ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് അതില്‍ നിന്നും കോപ്പിയെടുത്ത് ടെര്‍മിനലില്‍ അവശ്യഘട്ടങ്ങളില്‍ പേസ്റ്റ് ചെയ്താല്‍ മതിയാകും.

എങ്ങനെയാണ് സി.ഇ മാര്‍ക്ക് എന്‍ട്രി ഇന്‍സ്റ്റാള്‍ ചെയ്യുക. നോക്കാം.


Read More | തുടര്‍ന്നു വായിക്കുക

റിപ്പബ്ളിക് ദിന ചിന്തകള്‍

>> Tuesday, January 26, 2010

രാജ്യം അറുപത്തൊന്നാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുകയാണ്. പക്ഷെ ഇവിടെയും ചില ചിന്തകള്‍ക്ക് നാം വിധേയരാകേണ്ടിയിരിക്കുന്നു. കാരണം, കാലങ്ങളോളം നമ്മുടെ രാജ്യം അനുഭവിച്ച പാരതന്ത്ര്യം 1947 ആഗസ്റ്റ് 15- ലെ പ്രഭാതത്തോടെ നാടുവിട്ടു പോയതേയില്ലയെന്ന് നമുക്കറിയാം. ഗവര്‍ണര്‍ ജനറലും ബ്രിട്ടീഷ് നിയമങ്ങളും അടക്കം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പല സമ്പ്രദായങ്ങളും പിന്നീടേക്കും നമുക്ക് പിന്തുടരേണ്ടി വന്നു. ഇപ്പോഴും പിന്തുടരുന്നുമുണ്ട്. അതുകൊണ്ടു തന്നെ കോടതികളിലെ രീതികളും പോലീസ് നിയമങ്ങളുമെല്ലാം പരിഷ്ക്കരണത്തിന് വെമ്പി നിശബ്ദരായി വിലപിക്കുന്നുണ്ടാകണം. സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ ശൈശവദശയില്‍ ബ്രിട്ടണിലെ രാജകീയ ഭരണസമ്പ്രദായത്തിന്റെ കാര്‍ബണ്‍ കോപ്പി പോലെ സി.രാജഗോപാലാചാരിയെ ഗവര്‍ണര്‍ ജനറലായി അവരോധിച്ചു കൊണ്ട് ഭരണം മുന്നോട്ട് നീങ്ങി. ഇതിനെല്ലാം ഒരറുതി വരുത്താനായി, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയ ഭരണ സമ്പ്രദായം അച്ചടി മഷി പുരണ്ടൊരു നിയതമായ ചട്ടക്കൂടിലൊരുങ്ങിയെത്താന്‍ രണ്ടു വര്‍ഷത്തിലേറെ കാലമെടുത്തു. പക്ഷെ ഒരു സംശയലേശമില്ലാതെ പറയാം, ഏറെ കഷ്ടപ്പെട്ടിട്ടു തന്നെയാണ് എഴുതിയുണ്ടാക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ബൃഹത്തായ ഭരണഘടന നമ്മുടെ രാജ്യത്തിന് ലഭിച്ചത്. ഭാരതത്തില്‍ നടമാടിയിരുന്ന പല അനാചാരങ്ങളെയും തുടച്ചു നീക്കുകയെന്ന ദീര്‍ഘവീക്ഷണത്തോടെ ഡോ. ബി. ആര്‍ അംബേദ്കര്‍ തന്റെ ജീവിതാനുഭവങ്ങളെയും സാഹചര്യങ്ങളെയും മുന്നില്‍ക്കണ്ടു കൊണ്ടുതന്നെയാണ് സമത്വം വിഭാവനം ചെയ്യുന്ന ഒരു നിയമ സംഹിതയ്ക്ക് ജന്മം നല്‍കാന്‍ പരിശ്രമിച്ചത്. അഞ്ച് വ്യാഴവട്ടക്കാലം കൊണ്ട് ഭരണഘടനാ ശില്പി സ്വപ്നം കണ്ടതിനും മേലെ സ്വാതന്ത്ര്യം നമുക്ക് ആസ്വദിക്കാനായെന്നതില്‍ തര്‍ക്കത്തിനും ഇടയുണ്ടാകില്ല. നാമിന്നാഘോഷിക്കുന്ന സ്വാതന്ത്ര്യമധുരം നുകരാന്‍ ജീവന്‍ ബലി നല്‍കിയ, ജീവിതം ബലി നല്‍കിയ എല്ലാ ധീര ദേശാഭിമാനികളെയും നമുക്ക് അനുസ്മരിക്കാം. ഭാരതത്തിന്റെ 61-ം റിപ്പബ്ളിക് ദിനത്തില്‍ ഏവര്‍ക്കും ആശംസകള്‍ നേരുന്നു. ഒപ്പം ഭരണഘടനയെപ്പറ്റി ചില അറിവുകളും

  • 1946 ല്‍ ഇന്‍ഡ്യ സന്ദര്‍ശിച്ച ക്യാബിനറ്റ് മിഷന്റെ നിര്‍​ദ്ദേശപ്രകാരമാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
  • ഇന്‍ഡ്യന്‍ ഭരണഘടന നിയമ നിര്‍മ്മാണ സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബര്‍ 9 ന് ഡോ.സച്ചിദാനന്ദ സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
  • 1946 ഡിസംബര്‍ 11 ന് ഡോ. രാജേന്ദ്രപ്രസാദിനെ നിയമനിര്‍മ്മാണ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു.
  • എന്നാല്‍ ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയുടെ അധ്യക്ഷനായിരുന്നു ഡോ.ബി.ആര്‍.അംബേദ്കര്‍
  • ഇന്‍ഡ്യന്‍ ഭരണഘടന പരമാധികാരം ജനങ്ങളിലാണെന്ന് ഊന്നിപ്പറയുന്നു.
  • ക്യാബിനറ്റ് ഭരണസമ്പ്രദായമാണ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ മറ്റൊരു സവിശേഷത.
  • രാഷ്ട്രത്തലവന്‍ പ്രസിഡന്റാണെങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയ്ക്കാണ് യഥാര്‍ത്ഥ അധികാരം
  • അമേരിക്കന്‍ ഐക്യനാടുകളിലെ ഫെഡറല്‍ സമ്പ്രദായത്തോട് ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് കടപ്പാടുണ്ട്.
  • വിവിധ രാജ്യങ്ങളിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് പരിഷ്ക്കരിച്ചാണ് നമ്മുടെ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്.
  • ഇന്‍ഡ്യയില്‍ നില നില്‍ക്കുന്ന പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും ഏകപൗരത്വത്തിനും ബ്രിട്ടനോടാണ് ഇന്‍ഡ്യക്ക് കടപ്പാട്
  • രാഷ്ട്രപതി തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അദ്ദേഹത്തിന്റെ അധികാരം എന്നിവയ്ക്ക് അയര്‍ലണ്ടിനോടാണ് നാം കടപ്പെട്ടിരിക്കുന്നത്.
  • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖത്തിന് അമേരിക്കയോട് കടപ്പെട്ടിരിക്കുന്നു
  • ഇംപീച്ച് മെന്റ് സമ്പ്രദായം, പൗരന്റെ മൗലികാവകാശങ്ങള്‍ എന്നിവയ്ക്കും കടപ്പാട് അമേരിക്കയോടാണ്.
  • കേന്ദ്രഗവണ്‍മെന്റിന്റെ റസിഡ്യൂവറി പവറിന് കാനഡയുടെ ഭരണഘടന പഠനത്തിന് വിധേയമാക്കിയിരുന്നു
  • മൗലിക ചുമതലയക്ക് കടപ്പാട് പഴയ സോവിയറ്റ് യൂണിയനോടാണ്
  • കണ്‍കറന്റ് ലിസ്റ്റ് ആസ്ട്രിയന്‍ നിയമസംഹിതയില്‍ നിന്നെടുത്തിരിക്കുന്നു
  • എന്നാലും ഇന്‍ഡ്യന്‍ ഭണഘടനയെ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് 1935 ലെ ബ്രിട്ടീഷ് ഇന്‍ഡ്യയിലെ ഭരണഘടനാ നിയമമാണ്
  • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ആമുഖം.
  • ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ ഭരണഘടനാ നിര്‍മ്മാണസഭയുടെ ആദ്യസമ്മേളനത്തില്‍ അവതരിപ്പിച്ചത് നെഹ്റുവാണ്
  • ആമുഖം ഇന്‍ഡ്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നു.
  • ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചത് 1976 ലെ 42-ം ഭരണഘടനാ ഭേദഗതിയിലൂടെയാണ്
  • ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖത്തെ, ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയുടെ താക്കോല്‍ എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്
  • ആമുഖം ഒരിക്കലേ ഭേദഗതി വരുത്തിയിട്ടുള്ളു.
മേല്‍ സൂചിപ്പിച്ച പോയിന്റുകളില്‍ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ അത് കമന്റ് ബോക്സിലൂടെ സൂചിപ്പിക്കുമല്ലോ. കൂട്ടിച്ചേര്‍ക്കലുകളും ഇടപെടലുകളും പ്രതീക്ഷിക്കുന്നു.

ഒരിക്കല്‍ക്കൂടി എ​ല്ലാ മാന്യവായനക്കാര്‍ക്കും ബ്ലോഗ് ടീമിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു


Read More | തുടര്‍ന്നു വായിക്കുക

SSLC റിവിഷന്‍ - രേഖീയ സംഖ്യകള്‍

>> Monday, January 25, 2010

രേഖീയ സംഖ്യകളെ അപഗ്രഥനം ചെയ്യാനുള്ള ശേഷി നേടുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് പത്താം ക്ലാസിലെ രേഖീയ സംഖ്യകള്‍ എന്ന യൂണിറ്റ്. വളരെ ചെറുത് എന്ന് തോന്നിക്കുന്ന പാഠഭാഗത്ത് രണ്ട് അടിസ്ഥാന ആശയങ്ങളാണ് പ്രധാനമായും ഉള്ളത്. 'അകലം' എന്ന ആശയം. അത് സംഖ്യാ ഗണിതവും ബീജഗണിതവുമൊക്കെയായി ബന്ധിപ്പിച്ചു കൊണ്ട് കേവലവില എന്ന ആശയം അവതരിപ്പിക്കുന്നു. കേവലവിലയുടെ ബീജഗണിതം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. വിവിധ സന്ദര്‍ഭങ്ങളില്‍ കേവലവില ഉപയോഗിക്കുന്നതിന് അനേകം ഉദാഹരണങ്ങള്‍ കൂടി അഭ്യസിക്കേണ്ടതുണ്ട്. പരമാവധി സന്ദര്‍ഭങ്ങള്‍ ഉള്‍​പ്പെടുത്തിക്കൊണ്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ നിന്നും പി.ഡി.എഫ് ഡോക്യുമെന്റായി ഒരുക്കിയിട്ടുള്ള ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

  • രേഖീയ സംഖ്യ എന്ന ആശയം രൂപീകരിക്കുന്നതിന്

  • സംഖ്യാരേഖ എന്ന ആശയം രൂപീകരിക്കുന്നതിന്

  • സംഖ്യാരേഖയില്‍ ഒരു സംഖ്യയുടെ വലതുഭാഗത്തുള്ള സംഖ്യകളെല്ലാം അതിനേക്കാള്‍ വലുതാണെന്നും ഇടതുവശത്തുള്ള സംഖ്യകളെല്ലാം അതിനേക്കാള്‍ ചെറുതാണെന്നും കണ്ടെത്തുന്നതിന്

  • ഒരു സംഖ്യയുടെ കേവലവില എന്ന ആശയം രൂപീകരിക്കുന്നതിന്,

  • സംഖ്യാരേഖയില്‍ ഒരു സംഖ്യയ്ക്ക് പൂജ്യത്തില്‍ നിന്നുമുള്ള അകലം ആ സംഖ്യയുടെ കേവലവിലയ്ക്ക് തുല്യമാണെന്ന് കണ്ടെത്തുന്നതിന്

  • സംഖ്യാരേഖയില്‍ രണ്ട് സംഖ്യകള്‍ തമ്മിലുള്ള അകലം ആ സംഖ്യകളുടെ വ്യത്യാസത്തിന്റെ കേവലമൂല്യത്തിന് തുല്യമാണെന്ന് കണ്ടെത്തുന്നതിന്


  • Click here to download the Questions of Real Numbers


    Read More | തുടര്‍ന്നു വായിക്കുക

    എട്ടാം ക്ലാസ്സുകാരിക്ക് ചമ്മട്ടിയടി..!

    >> Saturday, January 23, 2010


    പാലക്കാട്ടെ എസ്.വി. രാമനുണ്ണിമാഷ് അയച്ചുതന്ന നിലവിലുള്ള പരീക്ഷാ സമ്പ്രദായത്തെക്കുറിച്ചുള്ള ചിന്തോദ്വീപകമായ ഒരു ലേഖനം ഇന്നത്തെ സംവാദത്തിനായി തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് 'ദേശാഭിമാനി' പത്രത്തില്‍ ഫ്രണ്ട് പേജില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. എങ്കില്‍ പിന്നെ രാമനുണ്ണിമാഷിന്റെ ലേഖനം അടുത്തയാഴ്ചയാകട്ടെയെന്നു കരുതി. ഇന്നലത്തെ പത്രം ഇതുവരെ കാണാത്തവര്‍ക്കായി ആ വാര്‍ത്ത ഇങ്ങനെ സംഗ്രഹിക്കാം.
    സഊദി അറേബ്യയിലെ കോടതി ഒരു എട്ടാം ക്ലാസ്സുകാരിയെ 90 ചമ്മട്ടിയടിയ്ക്കും, രണ്ടു മാസത്തെ കഠിന തടവിനും ശിക്ഷിച്ചിരിക്കുന്നു. ഇതില്‍ ചമ്മട്ടിപ്രയോഗം സ്കൂളില്‍ എല്ലാവരും കാണ്‍കെത്തന്നെ വേണമെന്നും, അത് മറ്റുള്ളവര്‍ക്ക് പാഠമാകണമെന്നും പ്രിന്‍സിപ്പലിന്റെ പ്രത്യേക അപേക്ഷ അനുവദിച്ചുകൊണ്ട് കോടതിയുടെ ഉത്തരവ്! ഇത്രയും വലിയ ശിക്ഷ ലഭിക്കാനായി (പത്രവാര്‍ത്ത സത്യമാണെങ്കില്‍!)ആ 'കൊടും കുറ്റവാളി' ചെയ്ത കുറ്റമെന്തെന്നല്ലേ..?


    Read More | തുടര്‍ന്നു വായിക്കുക

    കേടായ മെഷീനേതെന്ന് പറയാമോ?

    >> Friday, January 22, 2010

    പ്രസിദ്ധമായ ഒരു ജ്വല്ലറി. മോതിരമാണ് അവിടെ ഏറ്റവും കൂടുതല്‍ ചിലവാകുന്നതത്രേ. ആവശ്യം മനസിലാക്കി മുതലാളി അവിടേക്ക് ഒമ്പത് ഗ്രാം വീതമുള്ള മോതിരങ്ങള്‍ നിര്‍മ്മിക്കുന്ന ഒന്‍പത് മെഷീനുകള്‍ വാങ്ങി. ഒന്‍പതിലും നിര്‍മ്മിക്കുന്ന മോതിരങ്ങളുടെയെല്ലാം ഭാരം കിറുകൃത്യമാണ്. അങ്ങനെ ഗുണമേന്മയിലും വിശ്വാസത്തിലും ജനഹൃദയങ്ങളില്‍ ഇടം പിടിച്ച ജ്വല്ലറി ദൂരസ്ഥലങ്ങളിലേക്കും മോതിരക്കയറ്റുമതി തുടങ്ങി. മെഷീനുള്ളതിനാല്‍ ഡിമാന്റ് അനുസരിച്ച് എവിടെയും മോതിരം സപ്ലൈ ചെയ്യാനുള്ള ശേഷിയുമായി ഈ ജ്വല്ലറി അഭ്യുന്നതി പ്രാപിച്ചു കൊണ്ടേയിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം അവിടെ നിന്നും മോതിരം വാങ്ങിയ ഒരാള്‍ തിരിച്ചു വന്ന് ബഹളം വച്ചു. സംഭവം എന്താണെന്നറിയുമോ? മോതിരം പുറത്തെവിടെയോ തൂക്കിനോക്കിയപ്പോള്‍ ഒരു പവനേ ഉള്ളുവത്രേ. ആകെ നാണക്കേടായെങ്കിലും മുതലാളി വിട്ടുകൊടുത്തില്ല. തന്റെ ഒന്‍പത് മെഷീനുകളെപ്പറ്റിയും മോതിരങ്ങളെപ്പറ്റിയും വിശദമായ ഒരു ക്ലാസ് തന്നെ കൊടുത്തു കൊണ്ട് അങ്ങനെ വരാന്‍ തീരെ സാധ്യതയില്ലെന്ന് തര്‍ക്കിച്ചു. ഇതിനിടെ ജ്വല്ലറിയിലെ ജീവനക്കാര്‍ ഇന്നുണ്ടാക്കിയ എല്ലാ മോതിരങ്ങളും തൂക്കിനോക്കി പ്രശ്നത്തിന്റെ ഉറവിടം കണ്ടുപിടിച്ചു. ഒന്‍പത് മെഷീനില്‍ ഒരു മെഷീന് കുഴപ്പം സംഭവിച്ചിരിക്കുന്നു. അതില്‍ നിന്നും മാത്രം ഉണ്ടാക്കപ്പെടുന്ന മോതിരങ്ങള്‍ക്ക് തൂക്കം ഒരു പവനേ ഉള്ളുവത്രേ. കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മ്മിച്ച എല്ലാ മോതിരങ്ങളിലും ഇതേ പിശക് സംഭവിച്ചിട്ടുണ്ട്. സംഭവം ജീവനക്കാര്‍ മുതലാളിയെ ധരിപ്പിച്ചു. ഇതറിഞ്ഞ് മോതിരം വാങ്ങിക്കൊണ്ടു പോയ ആള്‍ ജ്വല്ലറിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു കൊണ്ട് വെല്ലുവിളിയും തുടങ്ങി. എന്താണെന്നല്ലേ?


    Read More | തുടര്‍ന്നു വായിക്കുക

    SSLC റിവിഷന്‍ - വൃത്തങ്ങളിലെ ചോദ്യങ്ങള്‍

    >> Thursday, January 21, 2010

    വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ മൂന്നായി തിരിക്കാം. വൃത്തചാപം നിര്‍ണ്ണയിക്കുന്ന മൂന്ന് തരം കോണുകളും അവ തമ്മിലുള്ള ബന്ധവും, ചക്രീയ ചതുര്‍ഭുജങ്ങള്‍, പരസ്പരം ഖണ്ഡിക്കുന്ന ചാപഖണ്ഡങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയാണ് ആ മൂന്നു ഭാഗങ്ങള്‍. വൃത്തത്തിലെ ഒരു ചാപം മൂന്നു തരം കോണുകള്‍ നിര്‍ണ്ണയിക്കുന്നു. ചാപം അതില്‍ത്തന്നെ രൂപീകരിക്കുന്ന കോണ്‍, ചാപം കേന്ദ്രത്തില്‍ നിര്‍ണ്ണയിക്കുന്ന കോണ്‍, ചാപം അതിന്റെ ശിഷ്ടചാപത്തില്‍ നിര്‍ണയിക്കുന്ന കോണ്‍. ഈ മൂന്നു കോണുകളും തമ്മിലുള്ള ബന്ധത്തിന്റെ പ്രായോഗികതയാണ് ഈ യൂണിറ്റിന്റെ അന്തസത്ത. പിന്നെ ചക്രീയചതുര്‍ഭുജങ്ങളുടെ പ്രത്യേകതകള്‍ ഉപയോഗിച്ചുള്ള പ്രശ്നങ്ങളുമുണ്ട്. ഞാണുകള്‍ വൃത്തത്തിനകത്തും പുറത്തും ഖണ്ഡിച്ചാലും ഒരു ബന്ധമാണെന്ന് തിരിച്ചറിയുക അത്യാവശ്യമത്രേ. പരസ്പരം ഖണ്ഡിക്കുന്ന ഞാണുകളില്‍ ഒരു ഞാണ്‍ വ്യാസമാകുകയും മറ്റേ ഞാണ്‍ വ്യാസത്തിന് ലംബമാകുകയും ചെയ്താല്‍ ബന്ധത്തില്‍ വരുന്ന മാറ്റം, അതിന്റെ ജ്യാമിതീയ നിര്‍മ്മിതിയിലുള്ള പ്രായോഗികത എന്നിവ മനസ്സിലാക്കിയിരിക്കണം. ജ്യാമിതിയുടെ ചലനാത്മകത വെളിവാക്കപ്പെടുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട് ഈ യൂണിറ്റില്‍. വൃത്തങ്ങള്‍ എന്ന പാഠഭാഗത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന റിവിഷന്‍ ചോദ്യങ്ങള്‍ ക്ലാസ് മുറികളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചോദ്യങ്ങള്‍ താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കാം.


    Read More | തുടര്‍ന്നു വായിക്കുക

    SSLC: സമാന്തരശ്രേണിയിലെ ചോദ്യങ്ങള്‍

    >> Tuesday, January 19, 2010

    എസ്. എസ്. എല്‍. സി പരീക്ഷ അടുത്തു വരികയാണല്ലോ. എല്ലാ അധ്യാപകരുടേയും ലക്ഷ്യം ഉന്നതഗ്രേഡും നൂറുശതമാനം വിജയവുമാണല്ലോ. ഇതിന് വേണ്ടി ടെക്സ്റ്റ് ബുക്കിലെ പാഠഭാഗങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ പോരെന്ന് അധ്യാപകര്‍​ക്കെല്ലാമറിയാവുന്ന കാര്യമാണ്. ഒട്ടേറെ വ്യത്യസ്തതയാര്‍ന്ന ചോദ്യങ്ങളുമായി കുട്ടി ഇടപെടണം. എങ്കില്‍ മാത്രമേ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളെ വിഭ്രമത്തോടെ അവന്‍ കാണാതിരിക്കുകയുള്ളു. ഈ ഉദ്ദേശത്തോടെ മാത്​സ് ബ്ലോഗ് ടീമംഗമായ ജോണ്‍ മാഷ് മുമ്പ് നല്‍കിയ നിങ്ങള്‍ ഡൗണ്‍സോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ? അത് തികച്ചും ഉന്നത നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍, ഇത്തവണ എല്ലാ നിലവാരത്തിലും പെട്ട വിദ്യാര്‍ത്ഥികളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഓരോ പാഠങ്ങള്‍ വീതമുള്ള റിവിഷന്‍ പാക്കേജായാണ് ചോദ്യങ്ങള്‍ നല്‍കുന്നത്. ഇത്തവണ ആദ്യ അധ്യായമായ സമാന്തരശ്രേണിയില്‍ നിന്നാണ് ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ ചെയ്ത് പഠിച്ചാല്‍ കുട്ടിക്ക് വിജയം സുനിശ്ചിതമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

    • സമാന്തരശ്രേണികള്‍ തിരിച്ചറിയുന്നതിന്
    • ഒരു സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം കണ്ടെത്തുന്നതിന്
    • ആദ്യപദവും പൊതുവ്യത്യാസവും ലഭിച്ചാല്‍ ഒരു സമാന്തരശ്രേണി രൂപീകരിക്കുന്നതിന്
    • ആദ്യപദവും പൊതുവ്യത്യാസവും ലഭിച്ചാല്‍ ശ്രേണിയിലെ ഏത് പദവും കണ്ടെത്തുന്നതിന്
    • 1 മുതല്‍ n വരെയുള്ള തുടര്‍ച്ചയായ എണ്ണല്‍ സംഖ്യകളുടെ തുക [n(n+1)]/2 ആണെന്ന് കണ്ടെത്തുന്നതിന്
    • ഒരു സമാന്തരശ്രേണിയിലെ തുടര്‍ച്ചയായ n പദങ്ങളുടെ തുക കണ്ടെത്തുന്നതിന്
    ഇനിയുള്ള ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് പ്രവര്‍ത്തനത്തിനായി നല്‍കിക്കോളൂ. നൂറ് ശതമാനം വിജയം ഉറപ്പു വരുത്താം. ഗണിതം മധുരമാകട്ടെ..

    Click here for the Questions of Arithmetic Progression


    Read More | തുടര്‍ന്നു വായിക്കുക

    നാട്ടു ഗണിതത്തിന് ഇന്നും 18 വയസ്

    >> Sunday, January 17, 2010

    കഴിഞ്ഞ 25-30 വര്‍ഷത്തിനുള്ളില്‍ സാധാരണക്കാരന്റേതടക്കം സകല മനുഷ്യരുടേയും ജീവിതരീതികളില്‍ത്തന്നെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. പക്ഷെ നല്ലതും ചീത്തയുമായ ഈ മാറ്റങ്ങളില്‍പ്പെട്ട് പല നാടന്‍തനിമകളും മണ്‍മറഞ്ഞപ്പോഴും പ്രൌഢഗംഭീരമായ ചരിത്രം പറയാനുള്ള നാടന്‍ ഗണിതത്തിന് വലിയരീതിയിലുള്ള ഉലച്ചിലുകളൊന്നും‍ തട്ടാതെ നിലനില്‍ക്കുന്നുണ്ടല്ലോ. ഇതേപ്പറ്റി ഒരന്വേഷണം നടത്തുകയാണ് പാലക്കാട് മണര്‍കാട് കെ.ടി.എം.എച്ച്.എസിലെ അധ്യാപകനായ രാമനുണ്ണി മാഷ് . ആ മങ്ങൂഴത്തില്‍ പഴയകണക്കും പുതിയ കണക്കും കൂടിക്കുഴയുന്നുണ്ട്. നാഴൂരിപ്പാലും അരലിറ്റര്‍ പാലും ഒരേസ്ഥലകാലങ്ങളില്‍ വ്യക്തികള്‍ ഉപയോഗിക്കപ്പെടേണ്ടി വരുന്നത് ഇതുമൂലമാവാം. ഇതില്‍ രണ്ടു സംഗതികള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഒന്നു, ഇന്റര്‍നാഷണല്‍ യൂണിറ്റ്സ് വരുന്നതിന്നു മുന്‍പേ ആളുകള്‍ അളക്കാനും തൂക്കാനും പഠിച്ചിരുന്നു. രണ്ട്, ഓരോ നാട്ടിലും ഇതു വളരെ വ്യത്യസ്ഥവും എന്നാല്‍ ശാസ്ത്രീയവുമായിരുന്നു. മറ്റൊന്ന് ഈ യൂണിറ്റുകളെ അന്താരാഷ്ട്രയൂണിറ്റുകളുമായി പരിവര്‍ത്തിപ്പിക്കുക എന്നത് അസാധ്യവുമായിരുന്നു. തനത് ശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും നമുക്ക് എന്നേ കൈവരിക്കാനായി എന്നര്‍ഥം. ഇതുകൊണ്ട് വലിയ കുഴപ്പങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നതും നാം മനസ്സിലാക്കണം. നമ്മുടെ നാട്ടിലെ അടി-വിരല്‍ കണക്കിലെ തോണിയും , മറ്റു രാജ്യങ്ങളിലെ മീറ്റര്‍-ഇഞ്ച് തോണിയും നദിയില്‍ ഒരേ യാത്ര നല്‍കിയിരുന്നു. വസ്ത്രം വാരക്കണക്കിലോ മീറ്റര്‍ക്കണക്കിലോ വാങ്ങിയാലും നഗ്നത മറച്ചിരുന്നു.


    Read More | തുടര്‍ന്നു വായിക്കുക

    ഈ പസിലിന് ഉത്തരം കണ്ടെത്താമോ

    >> Saturday, January 16, 2010

    തൃശൂര്‍ പെരിങ്ങോട്ടുകര GHSS ലെ അധ്യാപികയും ബ്ലോഗ് ടീമംഗവുമായ സത്യഭാമ ടീച്ചറാണ് ഈ പോസ്റ്റ് ഒരുക്കിയിട്ടുള്ളത്. ബി.സി 3400 നു മുമ്പുമുതലേയുള്ള ചിത്രസംഖ്യാക്ഷരസങ്കലിത പ്രഹേളികകളെപ്പറ്റിയാണ് ഇതില്‍ പ്രതിപാദിക്കുന്നത്‍. ഒപ്പം ഒരു ചോദ്യവുമുണ്ട് കേട്ടോ. പഴയകാലം മുതലേ ഈജിപ്റ്റിലും ഗ്രീസിലുമൊക്കെ നല്ല പ്രചാരമുള്ള ഒരു പ്രഹേളികാസങ്കേതമായിരുന്നു ഇത്. സംഖ്യകളും അക്ഷരങ്ങളും ചിത്രങ്ങളുമെല്ലാം ചേര്‍ത്തുണ്ടാക്കിയ രൂപങ്ങളില്‍ നിന്നും അര്‍ത്ഥപൂര്‍ണ്ണമായ വാക്കുകളോ വാചകങ്ങളോ വായിച്ചെടുക്കണം. പലപ്പോഴും അക്ഷരത്തേക്കാള്‍ ഉച്ചാരണത്തില്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ളവയുടെ കുരുക്കഴിച്ചെടുക്കാനാകും. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഇത്തരം പസിലുകളുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകള്‍ വരെയുണ്ട്. താഴെ ചില ഉദാഹരണങ്ങള്‍ കൊടുത്തിട്ടുണ്ട്. നോക്കുക.

    1) ഇത്തരം പസിലുകള്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്? അഞ്ച് അക്ഷരമുള്ള ആ ഇംഗ്ലീഷ് വാക്ക് ഏത്?
    2) മുകളില്‍ നല്‍കിയിരിക്കുന്നത് വളരെ പ്രസിദ്ധമായ, ചരിത്രപ്രാധാന്യമുള്ള മേല്‍പ്പറഞ്ഞ ഇനത്തില്‍പ്പെട്ട ഒരു വേഡ് പസിലാണ്. എന്താണ് ഈ അക്ഷരങ്ങള്‍ (T,C) കൊണ്ട് ഉദ്ദേശിക്കുന്നത്?

    ഈ ചോദ്യങ്ങള്‍ക്ക് കാല്‍വിന്‍, കണ്ണന്‍ എന്നിവര്‍ കമന്റിലൂടെ ശരിയായ ഉത്തരങ്ങള്‍ നല്‍കിക്കഴിഞ്ഞു. രണ്ടു പേര്‍ക്ക് മാത്​സ് ബ്ലോഗ് ടീമിന്റെ പേരില്‍ അഭിനന്ദനങ്ങള്‍. ഇനി ഉത്തരത്തിലേക്ക്.


    Read More | തുടര്‍ന്നു വായിക്കുക

    മാലിദ്വീപിലെ വലയസൂര്യഗ്രഹണം

    >> Friday, January 15, 2010



    നട്ടുച്ചയ്ക്ക് നിലാവ് പോലെ വെയില്‍ നേര്‍ത്തു, ചേക്കേറണമോ എന്ന് ശങ്കിച്ച് പക്ഷികള്‍ താണു പറന്നു. നാടും നഗരവും ആകാംക്ഷയോടെ ആ കാഴ്ച കണ്ടു, സൂര്യനെ ചന്ദ്രബിംബം മറയ്ക്കുന്നു. നൂറ്റാണ്ടിന്റെ 'വലിയ സൂര്യഗ്രഹണം' വജ്രവലയത്തിന്റെ കൗതുകക്കാഴ്ചയോടെ പാരമ്യതയിലെത്തി. രാജ്യത്തിനകത്തും പുറത്തും ആയിരങ്ങള്‍ക്ക് ദൃശ്യവിരുന്നൊരുക്കിയാണ് ഗ്രഹണം പുരോഗമിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ അത് ഏറ്റവും പൂര്‍ണതയിലെത്തി. രാവിലെ 11.06 ന് കന്യാകുമാരിയിലും തെക്കന്‍കേരളത്തിലും ദൃശ്യമായ ഗ്രഹണം ഉച്ചയ്ക്ക് 3.11 വരെ നീണ്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജ്യോതിശ്ശാസ്ത്ര വിസ്മയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൂര്യഗ്രഹണം നിരീക്ഷിക്കാനും പഠിക്കാനും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും ശാസ്ത്രകുതുകികളും ഗ്രഹണം നിരീക്ഷിച്ചു. ഇനി 1033 വര്‍ഷം കഴിഞ്ഞാലേ ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം നമുക്ക് ദൃശ്യമാകൂ.


    Read More | തുടര്‍ന്നു വായിക്കുക

    എങ്ങനെ ലിനക്സ് വഴി മലയാളത്തില്‍ ടൈപ്പ് ചെയ്യാം.

    >> Thursday, January 14, 2010

    കുട്ടികളും അധ്യാപകരുമായി നിരവധി പേര്‍ എങ്ങനെ മലയാളം ടൈപ്പു ചെയ്യാം എന്നതിനെപ്പറ്റി ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ ഇന്നത്തെ ലേഖനം ഈ ആവശ്യത്തെ സാധൂകരിക്കുന്നതിനുള്ളതാണ്. ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ തങ്ങളുടെ സ്ക്കൂളിലെ കുട്ടികളെ ഈ ലേഖനം കാട്ടിക്കൊടുക്കുമല്ലോ. മറ്റാരുടേയും സഹായമില്ലാതെ ടൈപ്പ് ചെയ്യാന്‍ കുട്ടികള്‍ സ്വയം പഠിച്ചോളും. അതിനാവശ്യമായ കീ ബോര്‍ഡ് ലേ ഔട്ട് താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കുകയും ചെയ്യാം. ടൈപ്പിങ്ങിന് രണ്ട് വഴികളാണുള്ളത്. ഫൊണറ്റിക്ക് രീതിയും ഇന്‍സ്ക്രിപ്റ്റ് രീതിയും. സംസാരഭാഷ അതേ പോലെ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്ന, മംഗ്ലീഷ് രീതിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ടൈപ്പിങ് സമ്പ്രദായമാണ് ഫൊണറ്റിക്ക്. യുണീക്കോഡ് സമ്പ്രദായം അതേപടി പകര്‍ത്തിയിട്ടുള്ളതാണ് ഇന്‍സ്ക്രിപ്റ്റ് രീതി. സാധാരണഗതിയില്‍ ഫൊണറ്റിക് രീതി എളുപ്പമാണെങ്കിലും വിന്റോസിലും ലിനക്സിലും യാതൊരു സോഫ്റ്റ്​വെയറും ഉപയോഗിക്കാതെ ടൈപ്പ് ചെയ്യാന്‍ ഇന്‍സ്ക്രിപ്റ്റ് ആണ് നല്ലത്. ലിനക്സില്‍ എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം എന്നതാണ് നമ്മുടെ പ്രശ്നം. ഒരു കുഴപ്പവുമില്ല. രണ്ട് ദിവസം ഇതിനായി നിങ്ങള്‍ മാറ്റി വെക്കാന്‍ തയ്യാറാണോ? ഒരു സോഫ്റ്റ്​വെയറിന്റേയും സഹായമില്ലാതെ ഈസിയായി മലയാളം ടൈപ്പ് ചെയ്യാം. അതിനായി എന്തു ചെയ്യണം?


    സ്റ്റാറ്റിസ്റ്റിക്സ്

    >> Wednesday, January 13, 2010

    പുതിയവര്‍ഷത്തിന്‍റ ആരംഭത്തില്‍ ഒരു ഗണിതചിന്ത അനിവാര്യമാണ്..പത്താം തരത്തില്‍ (Std X)ഇത് സ്റ്റാററിസ്ററിക്സ് പഠിക്കുന്ന സമയമാണല്ലോ..മാധ്യവുമായി (mean) ബന്ധപ്പെട്ട ഒരു കണക്കുതന്നെയാവട്ടെ..അപ്പുവിന്‍റ പക്കല്‍ 3 kg ,8 kgഭാരങ്ങള്‍ ധാരാളമുണ്ട്.ശരാശരി(മാധ്യം).ഭാരം 4 kg കിട്ടുന്നതിന് ഈ ഭാരങ്ങള്‍ താഴെ കാണുംവിധം ഒരുക്കാം.
    3 Kg 4 എണ്ണം
    8 Kg 1 എണ്ണം
    ഇനി ഒരു വര്‍ക്ക് ഷീറ്റിന്‍റെ സഹായത്തോടെ നമുക്ക് ഉത്തരത്തിലേക്ക് കുട്ടികളെ നയിക്കാം. നിസ്സാരമെന്ന് തോന്നിപ്പിക്കുന്ന ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്താന്‍ എത്ര അധ്യാപകരും രംഗത്തെത്തുമെന്ന് നമുക്ക് നോക്കാം. തുടര്‍ന്ന് വായിക്കൂ..


    Read More | തുടര്‍ന്നു വായിക്കുക

    ലംബകത്തിന്റെ പരപ്പളവ് (Area)

    >> Tuesday, January 12, 2010


    നമ്മുടെ ബ്ലോഗ് ടീം അംഗമായ വിജയന്‍ സാറും ശിഷ്യന്‍ അസീസ് മാഷും കൂടി കമന്റ് ബോക്സിലൂടെ അവതരിപ്പിക്കുന്ന പസിലുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ. ലളിതവും കഠിനവുമായ ഒട്ടേറെ പ്രശ്നങ്ങള്‍ ഇവരിരുവരും കൂടി ഇതിനോടകം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഒപ്പം അമേരിക്കയില്‍ ജോലി ചെയ്യുന്ന ഉമേഷ് സാറിന്റെ ശാസ്ത്രീയ അപഗ്രഥനം കൂടിയാകുമ്പോള്‍ കമന്റ് ബോക്സ് ജ്ഞാനസമ്പുഷ്ടമാകുന്നു. ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൈനംദിന കമന്‍റുകളില്‍ നിന്നും ഒരുമുത്ത് പെറുക്കിയെടുത്തു. പാഠപുസ്തകവുമായി നേര്‍ബന്ധമുളള ഒരു പ്രശ്നം. വിജയന്‍ സാറായിരുന്നു ചോദ്യകര്‍ത്താവ്. വളരെ എളുപ്പത്തില്‍ നിര്‍ദ്ധാരണം ചെയ്യാമെന്ന തോന്നലായിരുന്നു ആദ്യം ജനിപ്പിച്ചത്. പരീക്ഷണത്തിന്‍റ ഒരു നിമിഷത്തില്‍ മറ്റൊരു ബ്ലോഗ് ടീമംഗമായ ജോണ്‍ മാഷ് പ്രശ്നത്തിന്റെ കുരുക്കഴിച്ചു. ആ ചോദ്യമാകട്ടെ ഇന്നത്തെ പോസ്റ്റിലൂടെ.


    Read More | തുടര്‍ന്നു വായിക്കുക

    മലയാളം പറഞ്ഞാല്‍ ഫൈന്‍ !

    >> Sunday, January 10, 2010


    തൃശൂര്‍ ജില്ലയിലെ, മാളയിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കോമ്പൌണ്ടില്‍ മലയാളം സംസാരിച്ചതിന് , സ്കൂള്‍ അധികൃതര്‍ പത്തുകുട്ടികളെ സസ്പെന്റുചെയ്യുകയും 1000 രൂപാവീതം പിഴയീടാക്കുകയും ചെയ്തതായി വന്ന പത്രവാര്‍ത്ത വായിച്ചിരുന്നോ? ഒരു വര്‍ഷത്തില്‍ ഓരോ ക്ലാസ്സിലും 200ല്‍ അധികം പരീക്ഷകള്‍ നടത്തി ഗിന്നസ് ബുക്കിലേക്ക് കയറാന്‍ ശ്രമിക്കുകയാണെന്ന് പത്രസമ്മേളനത്തിലൂടെ സാഭിമാനം പ്രഖ്യാപിച്ച അതേ സ്കൂള്‍ തന്നെ! ഈ സംഭവം വിവാദമായപ്പോള്‍, മാനേജര്‍ വീണ്ടും വിളിച്ചൂ,ഒരു പത്രസമ്മേളനം. ശരിയായ ഇംഗ്ലീഷ് സംസ്ക്കാരം വളര്‍ത്തിയെടുക്കല്‍ സ്കൂളിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും, അതിനനുസരിച്ചുള്ള ഇത്തരം നടപടികള്‍ക്ക് രക്ഷിതാക്കളുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. അതോടെ വിവാദവും അവസാനിച്ചു. പക്ഷെ ഇതേപ്പറ്റി രണ്ടു തരം അഭിപ്രായങ്ങളാണ് ഉയര്‍ന്നു വന്നത്. അവ എന്താണെന്നല്ലേ?


    Read More | തുടര്‍ന്നു വായിക്കുക

    കുഞ്ഞികൃഷ്ണന്‍ മാഷിന് ആദരാഞ്ജലികള്‍

    >> Friday, January 8, 2010

    ഗണിതശാസ്ത്രമേഖലയിലെ ഇതിഹാസമായിരുന്ന എസ്.ഇ.ആര്‍.ടി പാഠപുസ്തക പരിഷ്‌കരണ വിദഗ്ദ്ധ സമിതി അംഗവും നടുവില്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനുമായ ഒ.കുഞ്ഞികൃഷ്ണന്‍ മാഷ് അന്തരിച്ചു. പ്രഹേളികാ പരിഹാരങ്ങളുമായി (Puzzle Solving) ബന്ധപ്പെട്ടുള്ള ഇന്റര്‍നെറ്റിലെ വിവിധ കമ്മ്യൂണിറ്റികളില്‍ അദ്ദേഹം അംഗമായിരുന്നു. കേവലം പ്രശ്നപരിഹാരം മാത്രമല്ല അതിന്റെ വിവിധ തലങ്ങളില്‍ അന്വേഷണം നടത്തുന്നതിനും തുടര്‍പഠനത്തില്‍ നിതാന്തജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള വ്യത്യസ്തതയാര്‍ന്ന പ്രകടനം നടത്തിയതിലൂടെ അദ്ദേഹം ദേശീയ-അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നമ്പര്‍ തിയറിയും ജ്യോമട്രിയും പരസ്പരം യോജിപ്പിച്ചു കൊണ്ടുള്ള ഒരു രീതിയില്‍ തന്റേതായ ഒരു പാത സൃഷ്ടിച്ചെടുക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇന്‍ഡ്യാ ഗവണ്‍മെന്റ് ഈ അതുല്യപ്രതിഭയ്ക്ക് അധ്യാപക അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്. സ്പോര്‍ട്സ്, സാഹിത്യം, ഗാര്‍ഡനിങ് എന്നീ മേഖലകളിലും അതീവ തല്പരനായിരുന്നു അദ്ദേഹമെന്ന് നമുക്ക് കാണാനാകും. ഇന്നത്തെ ഗണിത ശാസ്ത്രമേളകളില്‍ കാണുന്ന ഊര്‍ജ്ജവും ഉന്മേഷവും പകര്‍ന്നു തരുത്തതില്‍ കുഞ്ഞികൃഷ്ണന്‍ മാഷ് നല്‍കിയ സംഭാവനകള്‍ എന്നെന്നും അധ്യാപകലോകം പ്രത്യേകിച്ച് ഗണിതാധ്യാപകര്‍ ഒരിക്കലും മറക്കില്ല. വടക്കന്‍ ജില്ലകളിലെ മേളകളില്‍ ഇന്നോളം ദൃശ്യവും അദൃശ്യവുമായ സാന്നിധ്യമായി മാഷുണ്ടാകുമായിരുന്നു. മേളകളില്‍ അവതരിപ്പിക്കപ്പെട്ടിരുന്ന പല ആശയങ്ങളും രൂപപ്പെടുത്താന്‍ കുട്ടികള്‍ക്കൊപ്പം നിന്നിരുന്ന മാസ്റ്റര്‍, മറക്കില്ല അങ്ങയെ ഞങ്ങള്‍!


    Read More | തുടര്‍ന്നു വായിക്കുക

    100 SSLC Questions

    >> Thursday, January 7, 2010

    കേരളത്തിലെ ഗണിതശാസ്ത്ര അധ്യാപകര്‍ക്ക് പിന്തുണയുമായി ഞങ്ങളെപ്പോഴുമുണ്ടെന്നതിന് ഇതാ മറ്റൊരു ഉദാഹരണം കൂടി. പത്താം ക്ലാസിലെ പത്തു പാഠങ്ങളിലേതടക്കം നൂറ്റിപ്പതിനഞ്ചു ചോദ്യങ്ങള്‍ നല്‍കുകയാണ് ഇന്ന് ഈ പോസ്റ്റിനോടൊപ്പം. വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ അധ്യാപകനും മാത്​സ് ബ്ലോഗ് ടീമംഗവുമായ ജോണ്‍ സാറാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെ ഒരു റിവിഷന്‍ കൂടിയാണ് നടക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇത്തരത്തില്‍ എങ്ങനെയെല്ലാം സംവദിക്കാന്‍ ശ്രമിച്ചാലും അതിന് അര്‍ഹമായ പ്രോത്സാഹനം നമ്മുടെ സഹപ്രവര്‍ത്തകരില്‍ നിന്നും കമന്റ് രൂപത്തില്‍ ലഭിക്കുന്നില്ലായെന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ഖേദമുണ്ട്. കമന്റ് ബോക്സില്‍ ഒരു പുതിയൊരാളുടെ കമന്റ് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. പൂര്‍വ്വാധികം ഊര്‍ജ്ജസ്വലമായിത്തന്നെ ഞങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. എങ്കിലും ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം കഴിയുമ്പോഴേക്കും നല്‍കാമെന്നു പറഞ്ഞിരുന്ന പത്താം ക്ലാസിലെ ചോദ്യങ്ങള്‍ എപ്പോഴാണ് പബ്ളിഷ് ചെയ്യുന്നതെന്ന് തിരക്കിക്കൊണ്ട് നിരവധി അധ്യാപകര്‍ ഇക്കാര്യം നേരിലും ഫോണിലുമെല്ലാം വിളിച്ചിരുന്നത് സന്തോഷകരമായിത്തോന്നാതെയുമില്ല. അതുകൊണ്ടു തന്നെ ഇനി ഒട്ടും സമയം വൈകിക്കാതെ ഞങ്ങള്‍ ആ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പോസ്റ്റിനു താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.


    Read More | തുടര്‍ന്നു വായിക്കുക

    വിപ്രൊ നോട്ട്ബുക്കും സ്കൂള്‍ ലിനക്സും

    >> Tuesday, January 5, 2010


    ICT Schemeപ്രകാരംIT@Shoolവിതരണം ചെയ്ത Wipro Notebook,ലെ linuxഫോര്‍മാറ്റ് ചെയ്തുതാല്‍ വീണ്ടുംSGL 3.2 (etchnhalf)ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റാതെ പലരും വിഷമിക്കാറുണ്ട് . Wipro Notebookല്‍ windowsഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് bios setup ല്‍ പ്രവേശിച്ച് Advanced- Boot System to -Windowsഎന്ന് സെലക്ട് ചെയ്യേണ്ടതാണ്. (Linux ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Boot System to -Linux എന്നും സെലക്ട് ചെയ്യണം) CDഇട്ട് ബൂട്ട് ചെയ്ത് Help എന്ന മെനുവില്‍ എന്റര്‍ ചെയ്ത് install fb=falseഅല്ലെങ്കില്‍ install vga=771 fb=falseഎന്ന commandടൈപ്പ് ചെയ്താണ് installationആരംഭിക്കേണ്ടത്. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഓരോ സമയത്തും നിലവിലുള്ള Partition,deleteചെയ്ത് re-partitionചെയ്യുന്നതാണ് അഭികാമ്യം. ഇങ്ങനെയൊക്കെ ചെയ്താലും ഇതില്‍ SGL 3.2ചില സമയത്ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാറില്ല. കൂടുതല്‍ പ്രാവശ്യം ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കാന്‍ ക്ഷമയില്ലാത്തവര്‍ക്ക് താഴെ പറയുന്ന മാര്‍ഗ്ഗം അവലംബിക്കാവുന്നതാണ്.


    വെളിച്ചം കെട്ടുപോകുന്ന അലൂമിനിയം ടോര്‍ച്ചുകള്‍..!

    >> Sunday, January 3, 2010


    പഠിക്കുക, അറിവുനേടുക....ശ്രേഷ്ഠമായ, പവിത്രമായ ഒരു കര്‍മ്മം. പഠിച്ചവര്‍ പണ്ഡിതരാണ്. സമൂഹത്തില്‍ അവര്‍ക്ക് മാന്യമായ സ്ഥാനമാണുള്ളത്. 'കുട്ടികളേ നിങ്ങളുടെ ആദ്യ കടമ പഠിക്കുക എന്നതാണ്. രണ്ടാമത്തെ കടമ പഠിക്കുക എന്നും. മൂന്നാമത്തേതാകട്ടെ, പഠിക്കലാണ്...' എന്നത് മഹദ്​വചനങ്ങള്‍. ഇതൊക്കെ പണ്ടത്തെ കഥ. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി നാം കാണുന്നതെന്താണ്? അനുഭവിക്കുന്നതെന്താണ്? നാം ഏറ്റവും അസഹിഷ്ണുതയോടെ നോക്കുന്നത് അവരെയാണ് - വിദ്യാര്‍ഥികളെ!ബസ്​സ്റ്റോപ്പുകളിലും ബസ്​സ്റ്റാന്റുകളിലും നമുക്കവര്‍ 'ശല്യക്കാരാ'ണ്. നമ്മുടെ സൗകര്യങ്ങള്‍ തട്ടിയെടുക്കാന്‍ വന്നവര്‍. ബസുകളില്‍ അവരോട് നികൃഷ്ടജീവികളോടെന്നപോലെ പെരുമാറ്റം. ബസില്‍ കയറാന്‍ അവകാശമില്ലാത്തവര്‍....കയറിയാല്‍ ഇരിക്കാന്‍ അവകാശമില്ലാത്തവര്‍....ബസ് ജീവനക്കാരുടേയും യാത്രക്കാരുടേയും പരിഹാസങ്ങളും ശകാരങ്ങളും കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍....കള്ളനും കൊലപാതകിയും വ്യഭിചാരിയും പോലും ബസില്‍ മാന്യന്മാരായി ഇരുന്നു പോകുമ്പോള്‍, പഠിക്കാന്‍ പോകുന്നു എന്നതുകൊണ്ടുമാത്രം ഈ കുട്ടികള്‍ മണിക്കൂറുകളോളം കാത്തുനിന്ന് എല്ലാ ശകാരങ്ങളും ഏറ്റുവാങ്ങി മൂലയില്‍ പതുങ്ങിനിന്ന് യാത്ര ചെയ്യുന്നു. പഠിക്കുക എന്നത് ഇത്ര വൃത്തികെട്ട പ്രവൃത്തിയാണോ? അവരോട് ഇത്ര നീചമായാണോ പെരുമാറേണ്ടത്? നമ്മുടെ മനോഭാവം മാറേണ്ട കാലം അതിക്രമിച്ചില്ലേ?
    ഈ ചോദ്യങ്ങള്‍ കോഴിക്കോട് ജില്ലയിലെ, ആവളയിലുള്ള ശ്രീ. കെ.എസ്. ഉണ്ണികൃഷ്ണന്റെ ലേഖനത്തിലേതാണ്. കൂട്ടിവായിക്കാന്‍ അദ്ദേഹം ഉദ്ധരിക്കുന്ന രണ്ടു സംഭവങ്ങള്‍ കൂടി കേട്ടോളൂ...!


    Read More | തുടര്‍ന്നു വായിക്കുക

    3 കള്ളന്മാരും സ്വര്‍ണനാണയങ്ങളും

    >> Saturday, January 2, 2010

    സംസ്ഥാന ഗണിതശാസ്ത്രക്വിസിന്‍റെ ഉത്തരങ്ങള്‍ നല്‍കാനാവശ്യപ്പെട്ടിട്ട് ഇത്രയും വായനക്കാരുള്ള നമ്മുടെ ബ്ലോഗില്‍ ഒരേ ഒരാള്‍ മാത്രമേ ഉത്തരമെഴുതിയുള്ളു എന്നത് അല്പം ഖേദകരമായി തോന്നുന്നു. Maths എന്ന പേരില്‍ ഉത്തരം നല്‍കിയ പാലക്കാട്ടെ അധ്യാപകന് ബ്ലോഗ് വായനക്കാരുടെ പേരില്‍ അഭിനന്ദനങ്ങള്‍. നമ്മുടെ വായനക്കാര്‍ക്ക് അതിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ബ്ലോഗ് ടീം അംഗങ്ങള്‍ സംസ്ഥാനതല ഗണിതശാസ്ത്ര പ്രശ്നോത്തരി (State Level Maths Quiz) പ്രസിദ്ധീകരിച്ച ആ പോസ്റ്റില്‍ ആവശ്യമായ വിശദീകരണം നല്‍കുന്നതാണ്.

    ഇന്ന് എല്ലാ ഗണിത സ്നേഹികള്‍ക്കുമായി ഒരു കൊച്ചു പ്രശ്നം നല്‍കുന്നു. എന്താണെന്നല്ലേ. മൂന്നു കള്ളന്മാര്‍ കൂടി ഒരു സ്വര്‍ണക്കടയിലെ കുറെ സ്വര്‍ണനാണയങ്ങള്‍ മോഷ്ടിച്ചു. മോഷണം നടന്നത് ഒരു രാത്രിയായിരുന്നു. ക്ഷീണം മൂലം ഒന്നുറങ്ങിയിട്ടാവട്ടെ മോഷണമുതല്‍ പങ്കുവെക്കുന്നതെന്ന് പറഞ്ഞ് അവര്‍ മൂവരും ഒരു ആരാധനാലയത്തിന്‍റെ മുന്നില്‍ ഉറങ്ങാന്‍ കിടന്നു.


    Read More | തുടര്‍ന്നു വായിക്കുക

    2010 ന് സ്വാഗതം

    >> Friday, January 1, 2010

    ലോകത്തെയാകെ ആനന്ദത്തിലാറാടിച്ചു കൊണ്ട് പുതുവര്‍ഷം വരവായി. പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെ, നിറച്ചാര്‍ത്തുകളണിഞ്ഞ്... 2009 ലെ നഷ്ടങ്ങളെയും ദുഃഖങ്ങളെയുമെല്ലാം വിസ്മരിച്ച് പുതുവര്‍ഷത്തില്‍ നമുക്കായി കാത്തിരിക്കുന്ന സന്തോഷത്തെയും നന്മകളെയുമെല്ലാം കരഗതമാക്കാന്‍ 2010 നെ മനസു തുറന്ന് സ്വാഗതം ചെയ്യാം.


    Read More | തുടര്‍ന്നു വായിക്കുക
    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer