ബ്ലോഗ് ഹിറ്റുകള്‍ ഒരു ലക്ഷം..നന്ദി..
>> Monday, November 30, 2009
'മാത്സ് ബ്ലോഗ്' എന്ന് അധ്യാപകരും 'അധ്യാപകരുടെ ബ്ലോഗ്' എന്ന് ബ്ലോഗര്‍മാരും വിളിക്കുന്ന ഈ ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞു. മേല്‍പ്പറഞ്ഞ രണ്ട് പേരുകളില്‍ ഏതാണ് ഇഷ്ടം എന്നു ചോദിച്ചാല്‍ 'അധ്യാപകരുടെ ബ്ലോഗ്' എന്നറിയപ്പെടാന്‍ തന്നെയാണെന്ന് ആലോചിക്കാതെ തന്നെ മറുപടി പറയാം. രണ്ട് അധ്യാപകരൊരുമിച്ച് തുടങ്ങിയ യാത്രയില്‍ ഇടയ്ക്കൊപ്പം നില്‍ക്കാന്‍ പത്തോളം പേര്‍ തയ്യാറായി വന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഉദ്യോഗസ്ഥവിഭാഗമായ അധ്യാപകസമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നുവെങ്കിലും ഇന്നത്തെ രൂപത്തില്‍ ഇതിനൊരു വളര്‍ച്ചയുണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഈ വേളയില്‍ തുറന്നു സമ്മതിക്കട്ടെ. ബ്ലോഗ് ഹിറ്റുകള്‍ കൂടുമ്പോള്‍ ഉത്തരവാദിത്വമേറുന്നതിന്റെ നെഞ്ചിടിപ്പ് ഞങ്ങളില്‍ വര്‍ദ്ധിച്ചു വന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ അപ്ഡേഷന് തയ്യാറായിരുന്നു ഞങ്ങളെപ്പോഴും. ഗണിതശാസ്ത്രത്തിന് വേണ്ടിയുള്ള ബ്ലോഗ് എന്നു പറയുമ്പോഴും ഗണിതേതരവിഷയങ്ങളിലേതടക്കമുള്ള എല്ലാ അധ്യാപകരും അറിയേണ്ട വിവരങ്ങള്‍ ചൂടോടെ ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഏത് വിഷമസന്ധികളിലും താങ്ങായി ഒപ്പം നില്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. ഓരോ പുതിയ വിവരങ്ങളറിയുമ്പോഴും അത് ഞങ്ങളെ ഫോണില്‍ വിളിച്ച് അറിയിക്കുന്ന അധ്യാപകര്‍ ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതിനു പിന്നില്‍ എടുത്തു പറയേണ്ട ചില വ്യക്തികളും മാധ്യമങ്ങളുമൊക്കെയുണ്ട്. ഈ സന്ദര്‍ഭം അതിനായി വിനിയോഗിക്കുന്നു.
ഇത്തരമൊരു ബ്ലോഗ് ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഐ.ടി@സ്ക്കൂള്‍ എറണാകുളം ജില്ലാ കോഡിനേറ്റര്‍ ജോസഫ് ആന്റണി സാറിനോടും അന്നു മുതല്‍ ഇന്നോളം ഞങ്ങള്‍ക്കൊപ്പം നിന്ന മാസ്റ്റര്‍ ട്രെയിനര്‍ ജയദേവന്‍ സാറിനോടും ഞങ്ങള്‍ക്കുള്ള കടപ്പാട് പറഞ്ഞറിയിച്ചാല്‍ തീരുന്നതല്ല. മൈക്രോസോഫ്റ്റ് അംഗീകരിച്ചിട്ടുള്ള കേരളത്തിലെ അപൂര്‍വ്വം വ്യക്തികളിലൊരാളും മാതൃഭൂമി കൊച്ചി ഓഫീസിലെ സീനിയര്‍ എഡിറ്ററുമായ സുനില്‍പ്രഭാകര്‍ സാര്‍ മാതൃഭൂമി 'നഗര'ത്തിലൂടെ ഈ ബ്ലോഗിനെപ്പറ്റി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതിലൂടെയാണ് ആദ്യമായി മാധ്യമശ്രദ്ധ ഞങ്ങളിലേക്ക് പതിയുന്നത്. പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും സസൂക്ഷ്മം വിലയിരുത്തി ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതില്‍ ഇന്നും അദ്ദേഹം ജാഗ്രതപുലര്‍ത്തിപ്പോരുന്നു. കൂടാതെ ഞങ്ങളുടെ ഈ സംരംഭത്തെപ്പറ്റി മലയാള മനോരമയുടെ 'പഠിപ്പുര', മാധ്യമം 'വെളിച്ചം', ഇന്‍ഫോകൈരളി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയ ലേഖകരും ഈ വളര്‍ച്ചയില്‍ ഞങ്ങളെ ഏറെ സഹായിച്ചു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് സ്മാര്‍ട്ട് ഫാമിലി എന്ന മാഗസിനില്‍ വന്ന ഇന്റര്‍വ്യൂവിനെക്കുറിച്ചാണ്. അതുവഴി മാത്രം വിദേശരാജ്യങ്ങളിലെ നിരവധി മലയാളികളെ ഞങ്ങള്‍ക്ക് വായനക്കാരായി കിട്ടി.
കേരളത്തിലെ സ്ക്കൂളുകളില്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ ഭാഗമായി ശ്രദ്ധേയങ്ങളായ ചുവടുവെയ്പുകള്‍ നടത്തിയ ഐ.ടി@സ്ക്കൂള്‍ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് സാര്‍ പല നിര്‍ണായകഘട്ടങ്ങളിലും ഞങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. തൃശൂര്‍ കിലയില്‍ വെച്ച് നടന്ന മാസ്റ്റര്‍ ട്രെയിനര്‍മാരുടെ മീറ്റിങ്ങില്‍ അദ്ദേഹം നേരിട്ട് ഈ ബ്ലോഗ് പരിചയപ്പെടുത്തിയതും ഞങ്ങള്‍ക്ക് ഗുണകരമായി. കേരളത്തിലെ ഏഴ് ജില്ലകളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അവരുടെ കീഴിലുള്ള സ്ക്കൂളുകളിലേക്ക് ബ്ലോഗ് ലിങ്ക് അയച്ചുകൊടുത്തതും സ്വന്തം സൈറ്റുകളില്‍ മാത്സ് ബ്ലോഗിന് ഒരു ലിങ്ക് തന്നതും ഈ സമയം നന്ദിയോടെ സ്മരിക്കുന്നു. പല വിദ്യാഭ്യാസ ഓഫീസുകളുടെയും ഒഫീഷ്യല്‍ സൈറ്റില്‍ നമുക്ക് ലിങ്ക് നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഞങ്ങള്‍ക്കേറെ പ്രോത്സാഹനം തന്ന പാലക്കാട് ജില്ലാപഞ്ചായത്തിന് കീഴിലുള്ള ഹരിശ്രീ പാലക്കാട് വെബ്സൈറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പാലക്കാട് ഐ.ടി@സ്ക്കൂള്‍ ജില്ലാ കോഡിനേറ്റര്‍ ജയരാജന്‍ സാറിനും അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ. ഒപ്പം ലിനക്സ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിന് എപ്പോഴും ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്ന മലപ്പുറം ജില്ലയിലെ മാസ്റ്റര്‍ട്രെയിനര്‍മാരോടും നന്ദി പറയാന്‍ ഈ പോസ്റ്റ് വിനിയോഗിക്കുന്നു.
അധ്യാപകരുടെ ബ്ലോഗിനെ ബൂലോകത്തിന് പരിചയപ്പെടുത്തിയ ക്യാപ്റ്റന്‍ ഹാഡ്ഡോക്, ജമാല്‍, ചിത്രകാരന്‍ എന്നീ ബ്ലോഗര്‍മാരും ഞങ്ങള്‍ക്ക് ഒരു വിലാസമുണ്ടാക്കിത്തരാന്‍ സഹായിച്ചു. ശക്തമായ കമന്റുകളുമായി സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാന്‍ മടിക്കാതെ കാല്‍വിനും തറവാടിയും ഹാഫ്കള്ളനും സത്യാന്വേഷിയും വിജയന്‍ കടവത്തുമൊക്കെ ഞങ്ങള്‍ക്കുണ്ടാക്കിത്തന്നത് നിരവധി വായനക്കാരെയാണ്. ഇവരുടെ കമന്റുകള്‍ക്ക് ശക്തമായ മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് പലരും ഞങ്ങളെ ഫോണില്‍ വിളിക്കുമായിരുന്നു. പക്ഷെ എല്ലാ മലയാളികള്‍ക്കുമായി നാം തുറന്നിട്ട ഈ ബ്ലോഗില്‍ സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് എഴുതുന്ന അവരെ എന്തിന് എതിര്‍ക്കണം? മാത്രമല്ല കാടടച്ച് വെടിവെക്കുകയല്ല അവര്‍ ചെയ്യുന്നത്. എതിര്‍ അഭിപ്രായമുള്ളവര്‍ക്ക് അതും രേഖപ്പെടുത്താന്‍ അവസരമുണ്ടല്ലോ. ഇങ്ങനെയെല്ലാമാണ് പൊതുസമൂഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ നമുക്കറിയാനാവുക. ഒരു തിരിച്ചറിവിനോ ശുദ്ധീകരണത്തിനോ അത് സഹായിക്കും എന്ന പൊതു അഭിപ്രായമാണ് ബ്ലോഗ് ടീമിനുള്ളത്. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഉമേഷ് എന്ന ഒരു മിടുമിടുക്കനായ സോഫ്റ്റ്വെയര് എഞ്ചിനീയറായ ബ്ലോഗറെ നമ്മുടെ സഹയാത്രികനായി കിട്ടിയത് ഒരു ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. അദ്ദേഹം ഓരോ പ്രശ്നങ്ങളേയും അപഗ്രഥിച്ച് ഉത്തരത്തിലേക്കെത്തുന്ന രീതി തികച്ചും അസൂയാവഹം തന്നെ. റഫറന്‍സും ഗ്രാസ് റൂട്ടും അടക്കം സകലതും വിശദീകരിച്ച് അദ്ദേഹം ഉത്തരം നല്‍കുന്നത് ഒരുഗ്രന്‍ പ്രൊജക്ടിന്റെ രൂപത്തിലാണെന്നത് നിങ്ങളേവരും ശ്രദ്ധിച്ചിട്ടുണ്ടാകും. വിജ്ഞാനസമ്പന്നമായ സ്വന്തം ബ്ലോഗുകളുടെ ലിങ്കും അദ്ദേഹം കമന്റില്‍ നല്‍കിയത് ഏവരും കണ്ടിരിക്കുമല്ലോ.
ക്ലസ്റ്ററുകളില്‍ ബ്ലോഗ് പരിചയപ്പെടുത്തിയ ഡി.ആര്‍.ജി, ആര്‍.പി മാര്‍ക്കും മറ്റ് അധ്യാപകരും ഈ നേട്ടത്തിന് പിന്നില്‍ പ്രേരണാഘടകമായി വര്‍ത്തിച്ചിട്ടുണ്ട്. നമ്മുടെ ബ്ലോഗിന്റെ നിത്യ സന്ദര്‍ശകരായ എല്ലാ വായനക്കാര്‍ക്കും മനസ്സു തുറന്ന് നന്ദി പറയുന്നു. നിങ്ങളാണിതിന്റെ ശക്തി. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകക്കൂട്ടായ്മയ്ക്കു വേണ്ടിയാണ്. ഏതെങ്കിലും ഒരു കൊടിക്കു കീഴില്‍ അധ്യാപകരെ അണി നിരത്താന്‍ ഒരിക്കലും മുതിരില്ല ഞങ്ങള്‍. നമ്മുടെ പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനുള്ള സുന്ദരമായ ഒരു വേദി. കാസര്‍കോടുള്ള ഒരു അധ്യാപകന്റെ സംശയത്തിന് മറുപടി കൊച്ചിയില്‍ നിന്നോ കോഴിക്കോട് നിന്നോ തിരുവനന്തപുരത്തു നിന്നോ ഒരു പക്ഷേ വിദേശത്ത് നിന്നോ ആയിരിക്കും.ഇതാണ് നമ്മുടെ ലക്ഷ്യം. നിങ്ങളര്‍പ്പിക്കുന്ന വിശ്വാസത്തിന് ഗ്യാരണ്ടിയായി ഒരു ഉറപ്പും. നമ്മള്‍ അധ്യാപകരറിയേണ്ട സര്‍ക്കാര്‍ ഉത്തരവുകളടക്കമുള്ള ഏത് വിവരങ്ങളും ചൂടാറാതെ സമയാസമയങ്ങളില്‍ ഈ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.
ഞങ്ങളെ സഹായിക്കാന്‍ ശ്രമിച്ച എല്ലാവരെയും ഞങ്ങള്‍ക്കറിയാം. ഒപ്പം, മനഃപൂര്‍വ്വം നിശബ്ദതപാലിച്ചവരെയും... ചില സത്യങ്ങള്‍ എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും പുറത്തുവരും എന്ന പഴമൊഴിയില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഈ ഒരു ലക്ഷം സന്ദര്‍ശനങ്ങള്‍ തന്നെ അതിന് സാക്ഷി.
Read More | തുടര്‍ന്നു വായിക്കുക