ഒന്നാം സ്ഥാനത്ത് 'കൂട്ടക്കനി'
>> Monday, February 28, 2011
സംസ്ഥാനത്തെ സ്‌കൂളുകളിലെ മികവുകള്‍ പങ്കുവെയ്ക്കുന്നതിന് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലെ വിജയികളെ നിശ്ചയിക്കുന്ന ഗ്രാന്‍ഡ് ഫൈനല്‍ 28 തിങ്കളാഴ്ച തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലകളില്‍നിന്ന് മികവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നൂറിലധികം സ്‌കൂളുകള്‍ ആദ്യഘട്ടത്തില്‍ മത്സരിച്ചിരുന്നു. ഇതില്‍നിന്നും തിരഞ്ഞെടുത്ത പന്ത്രണ്ട് സ്‌കൂളുകള്‍ ആണ് ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുള്ളത്. സി ഡിറ്റ്, ഐ.ടി.@ സ്‌കൂള്‍, എസ്.ഐ.ഇ.ടി., ദൂരദര്‍ശന്‍, വിക്ടേഴ്‌സ് ചാനല്‍, എന്നിവയുടെ സഹകരണത്തോടെയാണ് ഷോ നടത്തുന്നത്. അടിസ്ഥാനസൗകര്യങ്ങള്‍, പഠനമികവ്, ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസ, സാമൂഹിക ഇടപെടല്‍, പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കലാ-സാഹിത്യ-ശാസ്ത്രമേഖലകളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് മത്സരം നടക്കുന്നത്. ഐ.ടി അറ്റ് സ്‌കൂളിനോടൊപ്പം എസ്.എസ്.എ, എസ്.ഐ.ഇ.ടി എന്നിവയും 'ഹരിതവിദ്യാലയം' റിയാലിറ്റിഷോയില്‍ സഹകരിക്കുന്നുണ്ട്. അവസാനറൗണ്ടില്‍ ഒന്നാമതെത്തുന്ന സ്‌കൂളിന് 15 ലക്ഷംരൂപ, രണ്ടാംസ്ഥാനത്തിന് 10 ലക്ഷം, മൂന്നാംസ്ഥാനത്തെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം എന്നിങ്ങനെ സമ്മാനമായി ലഭിക്കും. മറ്റ് സ്‌കൂളുകള്‍ക്ക് ഒരുലക്ഷംരൂപ വീതവും ലഭിക്കും.നാലുമണി മുതല്‍ ആറുമണിവരെ നടക്കുന്ന ഗ്രാന്റ് ഫൈനലില്‍ എം.ടി.വാസുദേവന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ദൂരദര്‍ശനും വിക്ടേഴ്‌സ് ചാനലും റിയാലിറ്റിഷോ സംപ്രേഷണംചെയ്യുന്നുണ്ട്. ഇന്നു വൈകീട്ട് 4 മണിമുതല്‍ ദൂരദര്‍ശന്‍ ഫൈനല്‍ മത്സരം ലൈവായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച ഒരുമണിക്കും വൈകീട്ട് ആറുമണിക്കും വിക്ടേഴ്‌സില്‍ പുനഃസംപ്രേഷണം ഉണ്ടാകും.
12 comments:
ഹരിത വിദ്യാലയം അധ്യാപകരും കുട്ടികളും കണ്ടിരിക്കേണ്ട ഒരു പരിപാടി തന്നെയാണ്. നമുക്ക് ചുറ്റുമുള്ള സ്ക്കൂളുകളില്‍ എന്തു നടക്കുന്നുവെന്ന് നമുക്ക് നേരിട്ടു കാണാനുള്ള അവസരം. കുറേ തൊങ്ങലുകള്‍ക്കുമിടയില്‍ സ്ഥായിയായ ചില യാഥാര്‍ത്ഥ്യങ്ങളെ നമുക്ക് നേരിട്ടു കാണാനാവുകയും ചെയ്തു. അവയില്‍ നല്ലതെന്നു തോന്നിയവയെ സ്വാംശീകരിക്കാനായി കുറിച്ചു വെച്ചിട്ടുണ്ട്. അടുത്ത വര്‍ഷം പ്രാവര്‍ത്തികമാക്കണമെന്നു കരുതുന്നു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൂട്ടക്കനി സ്കൂള്‍ എന്റെ വീടിനടുത്താണ് തികച്ചും അര്‍ഹതപ്പെട്ട ഒരു അംഗീകാരം ഹെഡ്മാസ്റ്റര്‍ പവിത്രന്‍ സാറിനും കൂട്ടക്കനിയുടെ കുട്ടികള്‍ക്കും സാറന്മാര്‍ക്കും കൂട്ടക്കനിയുടെ കൂട്ടായ്മ പുറംലോകത്തെത്തിച്ച IT School.Dooradrsan മറ്റ് എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...
നല്ലൊരു പരിപാടി.....പങ്കു വയ്ക്കാനും പകര്‍ത്താനും ഒരുപാടു കിട്ടി....
ഹരിതവിദ്യാലയം നല്‍കുന്നത്......
ഹരിതവിദ്യാലയം ഒരു അനുഭവമായിരുന്നു......
സര്‍ക്കാര്‍- എയ്ഡഡ് സ്ക്കൂളുകളുകളുടെ വിജയക്കുതിപ്പിന്റെ നേര്‍ക്കാഴ്ച.....!
-എന്തൊക്കെ നമുക്കാകാം എന്നുകാണിച്ചു തന്നു.
അനുകരിക്കാനും, രൂപപ്പെടുത്താനും. ഒട്ടേറെ കാര്യങ്ങള്‍..........
IT@School ന് അഭിമാനിക്കാം.......ഇതിന് നേതൃത്വം നല്കിയതിന്.....!
എന്നാല്‍ മറ്റു ഏത് റിയാലിറ്റി ഷോയ്ക്ക് നല്‍കുന്ന പ്രചാരം ആരും നല്കിയില്ല.
പത്രങ്ങള്‍ പോലും....
മാത്സ് ബ്ലോഗിന് നന്ദി....ഇത്തരമൊരു പോസ്റ്റിന്........!
എങ്കിലും വിദ്യാഭ്യാസ രംഗത്തെ ഈ നൂതനസംരംഭത്തെകുറിച്ച്
കമന്റു ചെയ്യാന്‍ എന്തേ എല്ലാവര്‍ക്കും മടി........?
"ഹരിതവിദ്യാലയം" നല്ലൊരനുഭവമായിരുന്നു. കുറച്ചുകാലംകൊണ്ട് നമ്മുടെ സാധാരണ വിദ്യാലയങ്ങളിലുണ്ടായ മാറ്റം ബോധ്യപ്പെടുത്തുന്ന അനുഭവം. എങ്കിലും, ഇനിയും ചിലതെല്ലാം ചെയ്യാനുണ്ട് എന്നു തോന്നിപ്പിച്ച കാര്യങ്ങള്‍ :
1. പഠനാനുബന്ധപ്രവര്‍ത്തനങ്ങളില്‍ പലതിലും, പാഠ്യവിഷയങ്ങളുമായുള്ള ബന്ധം വ്യക്തമാക്കപ്പടുന്നില്ല
2. ശാസ്ത്രവിഷയങ്ങളിലെ പല അന്വേഷണാത്മകപ്രവര്‍ത്തനങ്ങളിലും, ശാസ്ത്രഗവേഷണരീതികളെക്കുറിച്ചുള്ള അറിവിന്റെ പോരായ്മയുണ്ട്
3. പാഠാവസാനമുള്ള ചോദ്യങ്ങള്‍ നോക്കാനല്ലാതെ, കണക്കു പുസ്തകം വായിക്കുന്ന കുട്ടികളുടെ എണ്ണം കുറവാണ്
എല്ലാവരുടേയും അഭിപ്രായങ്ങള്‍ അറിഞ്ഞാല്‍ക്കൊള്ളാം.
@Hari sir,
"ഹരിത വിദ്യാലയം അധ്യാപകരും കുട്ടികളും കണ്ടിരിക്കേണ്ട ഒരു പരിപാടി തന്നെയാണ്. "
ഈ പരിപാടിയുടെ വീഡിയോ youtube-ൽ കണ്ടിരുന്നു. പക്ഷെ 5 വീഡിയോകൾ മാത്രമേ load ചെയ്തിട്ടുള്ളൂ. മൊത്തം പരിപാടികളുടേയും വീഡിയോകളുടെ link ഉണ്ടെങ്കിൽ ഒന്നു അറിയിക്കാമോ?
കൃഷ്ണന്‍ സാര്‍,
ഹരിത വിദ്യാലയം കാണാറുണ്ടായിരുന്നു. അതില്‍ പങ്കെടുക്കുന്ന സ്ക്കൂളുകളിലെ കുറേ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉണര്‍ന്നു എന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്. അതിനു വേണ്ടിയെങ്കിലും അവര്‍ കുറേ പ്രവര്‍ത്തനങ്ങള്‍ നടത്തിയല്ലോ. ഈ ഉണര്‍വ് കേരളത്തിലെ വിദ്യാലയങ്ങളിലേക്ക് മൊത്തം വ്യാപിച്ചെങ്കില്‍!
പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള സമയം കുട്ടികള്‍ക്കോ അധ്യാപകര്‍ക്കോ ഇല്ലെന്നതാണ് വ്യാപകമായ പരാതി. പാഠപുസ്തകങ്ങളിലെ പഠനലക്ഷ്യങ്ങള്‍ ക്ലാസ് പീരീഡില്‍ ഒതുക്കാന്‍ കഴിയുന്നില്ല. സിലബസ് കവര്‍ ചെയ്യുക എന്നത് തന്നെയാണ് അധ്യാപകരുടെ ആത്യന്തിക ലക്ഷ്യം. മറ്റെല്ലാ വിഷയങ്ങളും പഠിപ്പിച്ചു തീര്‍ന്നിട്ടും ഒന്‍പതാം ക്ലാസില്‍ ഇപ്പോഴും കണക്ക് പഠിപ്പിച്ചു തീര്‍ക്കാനാവാത്തവര്‍ അനവധിയാണ്. അവര്‍ക്ക് ഗവേഷണാത്മക പഠനത്തിന് സമയമുണ്ടാകുമോ? അധ്യാപകന് പഠിപ്പിക്കല്‍ മാത്രമല്ലല്ലോ ജോലി, മേള, കലോത്സവം, സ്പോര്‍ട്സ്, സെന്‍സസ്, സര്‍വേ..
കുട്ടികളില്‍ വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പാഠപുസ്തകം വായിക്കുന്നില്ല എന്ന പരാതി ഇല്ലാത്തവരുണ്ടാകില്ല.
@ mpekm
"പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള സമയം കുട്ടികള്‍ക്കോ അധ്യാപകര്‍ക്കോ ഇല്ലെന്നതാണ് വ്യാപകമായ പരാതി"
ചിലരെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നു തന്നെയാണ്, ഹരിതവിദ്യാലയത്തിലൂടെയും അല്ലാതെയും ഞാനറിഞ്ഞത്. പക്ഷേ, അവയില്‍ പലതിലും പാഠ്യവിഷയങ്ങളുമായുള്ള ബന്ധം വ്യക്തമാക്കപ്പെടുന്നില്ല എന്നതാണ് ഒരു പോരായ്മയായി നേരത്തെ പറഞ്ഞത്.
"സിലബസ് കവര്‍ ചെയ്യുക എന്നത് തന്നെയാണ് അധ്യാപകരുടെ ആത്യന്തിക ലക്ഷ്യം"
സിലബസ് കവര്‍ ചെയ്യുന്നതിനുതന്നെ നേരിട്ടു പറഞ്ഞുകൊടുത്തു പഠിപ്പിയ്ക്കുകയല്ലാതെ മറ്റു വഴികളുണ്ടോ എന്നതാണ് അന്വേഷിക്കേണ്ടതെന്നു തോന്നുന്നു.
"മറ്റെല്ലാ വിഷയങ്ങളും പഠിപ്പിച്ചു തീര്‍ന്നിട്ടും ഒന്‍പതാം ക്ലാസില്‍ ഇപ്പോഴും കണക്ക് പഠിപ്പിച്ചു തീര്‍ക്കാനാവാത്തവര്‍ അനവധിയാണ്."
ശരിയായ രീതിയിലൂടെതന്നെ തൃപ്തികരമായി ഒന്‍പതാംക്ലാസിലെ കണക്കു പഠിപ്പിച്ചു തീര്‍ത്ത കുറേപ്പേരെ എനിയ്ക്കറിയാം. അവര്‍ ഇതു ചെയ്തതെങ്ങനെയെന്ന് ഇവിടെ എഴുതിയാല്‍ നന്നായിരുന്നു. (ജോണ്‍സാര്‍ മാത്രമാണ് ചില രീതികള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കുന്നത്.) പുതിയ കണക്കുകള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം പഠിപ്പിക്കാനുപയോഗിച്ച പുതിയ രീതികളും, ചിലപ്പോഴൊക്കെ കുട്ടികള്‍ നമ്മെ പഠിപ്പിച്ച കാര്യങ്ങളും, ഈ ബ്ലോഗിലൂടെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു.
"കുട്ടികളില്‍ വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പാഠപുസ്തകം വായിക്കുന്നില്ല എന്ന പരാതി ഇല്ലാത്തവരുണ്ടാകില്ല"
പല കുട്ടികളും നല്ലവണ്ണം സാഹിത്യകൃതികള്‍ വായിയ്ക്കുന്നുണ്ട്. എന്നാല്‍, അവര്‍പോലും, ശാസ്ത്രപുസ്തകങ്ങളോ, ശാസ്ത്ര വിഷയങ്ങളുടെ പാഠപുസ്തകം തന്നെയോ വായിയ്ക്കുന്നില്ല എന്നതാണ് സങ്കടമുണ്ടാക്കുന്നത്.
കൃഷ്ണൻ സാർ,
ഹരിതവിദ്യാലയം പരിപാടി ചിലതൊക്കെ കണ്ടുകഴിഞ്ഞപ്പോൾ തോന്നിയ ഒരു കാര്യം പറയട്ടെ: കുട്ടികളോട് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും അവർ നൽകുന്ന ഉത്തരം പലപ്പോഴും നമ്മെ നിരാശപ്പെടുത്തുന്നു. ചോദ്യം എന്താണെന്നു മനസ്സിലാക്കി, ചുരുക്കി സ്വന്തം ഭാഷയിൽ ലളിതമായി മറുപടിപറയുന്നതിനു പകരം, നേരത്തേ പഠിച്ചുവെച്ച (പഠിപ്പിച്ചുവെച്ച ഉത്തരം?)പറയാനാണ് പലരും ശ്രമിക്കുന്നത്. കുട്ടികളെക്കൊണ്ട്, അവർ ഒരിക്കലും സ്വന്തം നിലക്കു പറയാൻ വഴിയില്ലാത്ത, ഒരുതരം പ്രഭാഷണശൈലിയിലുള്ള ഉത്തരങ്ങൾ മൽസരത്തിനുവേണ്ടി പറയാൻ പഠിപ്പിക്കുന്നതു അരോചകമായി തോന്നി.
“പല കുട്ടികളും … ശാസ്ത്രപുസ്തകങ്ങളോ, ശാസ്ത്ര വിഷയങ്ങളുടെ പാഠപുസ്തകം തന്നെയോ വായിയ്ക്കുന്നില്ല എന്നതാണ് സങ്കടമുണ്ടാക്കുന്നത്.”
മലയാളത്തിൽ ഈതരത്തിലുള്ള പുസ്തകങ്ങളുടെ ലഭ്യതയും ഒരു പ്രശ്നമല്ലേ സാർ? ഗണിതത്തിന്റെ കാര്യം എടുത്താൽ, പാഠപുസ്തകത്തിനു പുറത്തു വായിക്കാൻ കൊള്ളാവുന്ന പുസ്തകങ്ങൾ എത്രയെണ്ണം കാണും? ഭാഷാ ഇൻസ്റ്റിറ്റൂട്ടിന്റെ ചിലതും (അതിൽ പലതും മലയാളത്തിൽ എന്ന് പറയുന്നതിലും ശരി സംസ്കൃതത്തിൽ എന്ന് പറയുന്നതാണ്!) പിന്നെ ഒരൽപ്പം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വകയായിട്ടും. മറ്റുള്ളവ മിക്കതും ഒട്ടും നിലവാരമില്ലാത്തതോ, മിക്കപ്പോഴും തെറ്റായ കാഴ്ചപ്പാടുകളിലേക്ക് നയിക്കുന്നതോ ആണ്. പുസ്തകത്തിനു പുറമെ വിഷയസംബന്ധമായ മാസികകളും മറ്റും മലയാളത്തിൽ ഇല്ലയെന്നുതന്നെ പറയാം. പിന്നെയെന്താണ് സാർ കുട്ടികൾ വായിക്കേണ്ടത്?
@ അഞ്ജനറ്റീച്ചര്‍
"കുട്ടികളെക്കൊണ്ട്, അവര്‍ ഒരിക്കലും സ്വന്തം നിലക്കു പറയാന്‍ വഴിയില്ലാത്ത, ഒരുതരം പ്രഭാഷണശൈലിയിലുള്ള ഉത്തരങ്ങള്‍ മത്സരത്തിനുവേണ്ടി പറയാന്‍ പഠിപ്പിക്കുന്നതു അരോചകമായി തോന്നി."
ഹരിതവിദ്യാലയത്തിലെ വിധികര്‍ത്താക്കളായിരുന്ന ഞങ്ങളില്‍ പലര്‍ക്കും തോന്നിയ ഒരു കാര്യം തന്നെയാണിത്. പലതവണ ഇതു ഞങ്ങള്‍ പറഞ്ഞതും കേട്ടുകാണുമല്ലോ. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരില്‍ പലരും ഇത്തരമൊരു കൃത്രിമമായ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നതെന്നും ശ്രദ്ധിച്ചുകാണും. മറ്റൊരു രസംകൂടിയുണ്ട്. പഠനവിഷയങ്ങളുമായി ബന്ധപ്പെടാത്ത, പൊതുവായ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ അവരുടേതായ ഭാഷയില്‍ത്തന്നെയാണ് ഉത്തരം പറയുന്നത്. പഠിയ്ക്കുന്ന വിഷയങ്ങള്‍ കുട്ടികളില്‍നിന്ന് അകന്നു നില്‍ക്കുന്നതിന് ഭാഷ എത്രത്തോളം കാരണമാണെന്ന് കാര്യമായി ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.
"മലയാളത്തില്‍ ഈതരത്തിലുള്ള പുസ്തകങ്ങളുടെ ലഭ്യതയും ഒരു പ്രശ്നമല്ലേ? ഗണിതത്തിന്റെ കാര്യം എടുത്താല്‍, പാഠപുസ്തകത്തിനു പുറത്തു വായിക്കാന്‍ കൊള്ളാവുന്ന പുസ്തകങ്ങള്‍ എത്രയെണ്ണം കാണും?"
ശരിയാണ്. പക്ഷേ, ഉള്ള ചുരുക്കം പുസ്തകങ്ങള്‍പോലും, പാഠപുസ്തകമടക്കം, പല കുട്ടികളും വായിക്കുന്നില്ല എന്നതാണ് സങ്കടകരം.
(ഇനി മറ്റൊരു കാര്യം: ഈ ബ്ലോഗില്‍ പലരും മലയാളത്തില്‍ എഴുതുമ്പോള്‍, ചില്ലക്ഷരങ്ങളുടെ സ്ഥാനത്ത് ൽ എന്നു കാണുന്നു. Mozhi Malayalam transliteration scheme ആണ് ഉപയോഗിയ്ക്കുന്നതെങ്കില്‍, n, N, L, l, r ഇവയ്ക്കു ശേഷം രണ്ടുതവണ underscore അടിച്ചാല്‍ ഇവ കിട്ടും)
Is IT enough, what about basic sciences?
"We are proud that India is recognised as the IT capital of the world. But it is equally important for India to be one of the innovation hubs of the world to achieve not only technological self-sufficiency but also invent local solutions to the myriad problems like poverty, agricultural productivity, water conservation, and climate change. Basic science education should be given its due respect to foster a scientific temper and culture. We need bright and independent minds that can create great ideas in garages as well as in laboratories. It is the developing of ‘hard skills' in science and technology that will determine whether India is able to make its tryst with destiny to become a major power. The IT industry cannot be allowed to dictate what and how science and technology are taught in colleges." -- The Hindu : Open Page article by V N Mukundarajan
ഈ ലേഖനത്തിലെ ആശയത്തോട് ഒരുപാട് യോജിപ്പ് തോന്നി.
The IT industry cannot be allowed to dictate what and how science and technology are taught in colleges and in schools എന്ന് കൂട്ടിച്ചേർക്കാമായിരുന്നു എന്നും തോന്നി.
very good and novel step in education
Post a Comment