പരീക്ഷക്കൊരുങ്ങുക!

>> Sunday, February 13, 2011

പരീക്ഷവന്നു പടിക്കലെത്തി
പഠിച്ചതെല്ലാം മറന്നുപോയി!

ഞങ്ങളൊക്കെ കുട്ടിക്കാലത്ത് –പരീക്ഷാക്കാലത്ത് പാടിയിരുന്നൊരു പാട്ടാണിത്. എത്ര നന്നായി പഠിച്ചുവെച്ചാലും പരീഷാഹാളില്‍ എല്ലാം മറന്നുപോകുന്ന അക്കാലം ഇന്നെത്ര മാറി ! അന്നെന്തൊക്കെ പഠിക്കണം? എല്ലാ ഭാഷകളിലേയും പദ്യങ്ങള്‍-ചിഹ്നങ്ങള്‍, ചോദ്യോത്തരം-കമ്പോട്കമ്പ്-, പെരുക്കപ്പട്ടിക, അര്‍ഥം, പര്യായം, വൃത്തം, അലങ്കാരം, സമവക്യങ്ങള്‍, കൊല്ലങ്ങള്‍, ഭരണാധിപന്മാര്‍, നദികള്‍, മലകള്‍, വ്യവസായങ്ങള്‍, കണ്ണ്-മൂക്ക്-നാക്ക്-ത്വക്ക്-ചെവി-ഹൃദയം-വൃക്ക ശ്വാസകോശം,രക്തചംക്രമണം, രാസസൂത്രങ്ങള്‍, ചിത്രങ്ങള്‍-അലുമിനീയം എക്സ്റ്റ്രാക്ഷന്‍- ഇലക്റ്റ്രോപ്ലേറ്റിങ്ങ്- ഇതെല്ലാം ‘വെള്ളം വെള്ളം പോലെ’ പഠിച്ചുറപ്പിക്കണം.ഇതിന്റെയൊക്കെ ഗുണം ഇപ്പൊഴും ഉണ്ട് എന്ന ഈ പഴയവരുടെ അഹംകാരം വേറെ. ഇപ്പൊഴുള്ളവര്‍ക്കെന്തറിയാം എന്ന പുച്ഛം. പക്ഷെ, എന്താ കാര്യം- പരീക്ഷാഹാളില്‍ പഠിച്ചതെല്ലാം മറന്നു പോകുന്നു. ഇനി മറക്കാതെ അവക്ഷിപ്തപ്പെട്ടവ പരീക്ഷാ ഹാളില്‍ നിന്ന് പുറത്തുകടക്കുന്നതോടെ വെള്ളം പോലെ ഒഴുകിപ്പോകും. ഒഴിഞ്ഞ പുട്ടുകുറ്റിപോലെ കുട്ടി സ്കൂളില്‍ നിന്ന് രക്ഷപ്രാപിക്കും.പിന്നെ രണ്ടുമാസം സ്വന്തം! ‘അനധ്യായത്തിന്റെ ദേവത‘ യെന്നാണ് വൈലോപ്പിള്ളി സമ്മര്‍ വെക്കേഷനെ വിശേഷിപ്പിച്ചത്.

എന്നാല്‍ ഇപ്പൊഴത്തെ കുട്ടികള്‍ക്ക് ഈ വേവലാതിയാവശ്യമില്ല. ക്ലാസ് മുറിയിലും വീട്ടിലും കൂട്ടുകാരോടൊത്തും ഒക്കെ നിരന്തമായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പരീക്ഷയും. ചെയ്ത പ്രവര്‍ത്തനങ്ങളാണെന്നതുകൊണ്ട് മറക്കുന്ന പ്രശ്നമില്ല.

(പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കാന്‍ മറന്ന മാഷമ്മരുടെ കാര്യം വേറെ ചര്‍ച്ച ചെയ്യണം.കേരളത്തിലെ എല്ലാ കുട്ടിക്കും ഒരു പാഠപുസ്തകവും അധ്യാപകര്‍ക്കൊക്കെ ഒരേ ഹാന്‍ഡ്ബുക്കും-പരിശീലനവും ആണെന്നാണല്ലോ സര്‍ക്കാര്‍ മനസ്സിലാക്കുക. അപ്പോള്‍- [ഉദാ]പത്രവാര്‍ത്ത, ആസ്വാദനക്കുറിപ്പ്, അന്തര്‍വൃത്തം എന്നിവയുടെ പഠനപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ‘മറന്ന’- ‘തിരക്കി‘ല്‍ പെട്ടുപോയതിനാല്‍ പിന്നെയാവാം എന്നു വെച്ചതിന്റെ ശിക്ഷ കുട്ടിക്കാവും- സ്കോര്‍ കുറയും.ഉത്തരമെഴുതാന്‍ കഴിയാതെ പോകുന്നതിന്റെ യഥാര്‍ഥ കാരണം-കാരണക്കാരന്‍ കുട്ടി മാത്രമല്ലെന്ന് ഏതു മാഷക്കാ ഇപ്പോ അറിയാത്തത്. )

എന്നാല്‍ ഒന്നും ഓര്‍ക്കാനില്ലെന്നും(ഓര്‍മ്മ-മന:പ്പാഠമല്ല) കരുതരുത്. മൂന്നു കാര്യങ്ങളേ ഓര്‍ക്കാനുള്ളൂ-എല്ലാ വിഷയങ്ങള്‍ക്കും കൂടി!
  1. പാഠത്തിലെ ഉള്ളടക്കം
  2. (ഭാഷകളില്‍) പ്രയോഗിക്കേണ്ട വ്യവഹാരം
  3. പാഠഭാഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാമൂഹ്യപ്രശ്നം

ഇതില്‍ ഉള്ളടക്കം മിക്കവാറും ചോദ്യങ്ങളില്‍ തന്നെ ഉള്‍പ്പെട്ടിരിക്കും. ‘ചോദ്യം’ എന്നല്ല-‘ചോദ്യപാഠം’ എന്ന പ്രയോഗം അന്വര്‍ഥം! ഉള്ളടക്ക സൂചനകളില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടാവാറില്ല.അതു മനസ്സിലാക്കാനുള്ള എല്ലാ ശേഷികളും ക്ലാസില്‍ നിന്നു നേരത്തെ ലഭിച്ചിട്ടും ഉണ്ടല്ലോ.

ഭാഷാവിഷയങ്ങളില്‍ ഉത്തരങ്ങളൊക്കെ ഏതെങ്കിലും വ്യവഹാരത്തെ – ഉപന്യാസം, ആസ്വാദനക്കുറിപ്പ്, പ്രതികരണക്കുറിപ്പ്,ആമുഖപ്രഭാഷണം, വാര്‍ത്ത…അടിസ്ഥാനമാക്കിയായിരിക്കും. ഈ വ്യവഹാരരൂപങ്ങളുടെ ഘടന ധാരണയിലുണ്ടാകണം. അടിസ്ഥാന ഘടന പാലിക്കാന്‍ കഴിയണം എന്ന ഓര്‍മ്മ മതി. മാത്രമല്ല ഘടനയില്‍ വരുത്തുന്ന സര്‍ഗ്ഗത്മകമായ മാറ്റങ്ങള്‍ക്ക് പരിഗണനയും ലഭിക്കും. ഉള്ളടക്കത്തിലും-നിരീക്ഷണങ്ങള്‍, വിശകലങ്ങള്‍, വിമര്‍ശനങ്ങള്‍ തുടങ്ങിയവ- വ്യവഹാരത്തിലുമുള്ള യുക്തിക്കും സര്‍ഗ്ഗത്മകതക്കും ഒക്കെയാണ് –‘മൌലികത’ എന്നു മൂല്യനിര്‍ണ്ണയനത്തില്‍ വിവക്ഷിക്കപ്പെടുന്നത്.

ഉള്ളടക്കത്തിലെ ഒരംശം തന്നെയാണ് അതിലടങ്ങിയ സാമൂഹ്യപ്രശ്നങ്ങള്‍. അധികവായനയും, ദൈനംദിന പത്രപാരായണവും, ക്ലാസിലും പുറത്തുമുള്ള ചര്‍ച്ചകളും,നമ്മുടെ സാമൂഹ്യമായ ഇടപെടലുകളും ഒക്കെക്കൊണ്ടാണ് ഇതു തിരിച്ചറിയുകയും നമ്മെ പ്രതികരിക്കാന്‍ ശേഷിയുള്ളവരുമാക്കുന്നത്. എല്ലാ വിഷയങ്ങളിലും ഈ ഒരംശം ഉണ്ടാവാം. ഇതും നമ്മുടെ ഉത്തരങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ആ മട്ടിലുള്ള ചോദ്യങ്ങള്‍ മിക്ക വിഷയങ്ങളിലും ഉണ്ടാവും.

ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് പരീക്ഷ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ പരീക്ഷയും ‘പഠനം’ തന്നെ. പരീക്ഷയുടെ ഒരു ഘടകം എന്തു പഠിച്ചു എന്നന്വേഷണമാണെങ്കിലും മറ്റൊരു ഘടകം കുറേ പുതിയ സംഗതികള്‍ ‘പഠിച്ചു’ എന്നു കൂടിയാണ്. ഇനി എന്തെല്ലാം കാര്യങ്ങളില്‍ തന്റെ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്നു കൂടി പരീക്ഷ ‘പഠിപ്പി‘ക്കുന്നുണ്ട്.

ആയതിനാല്‍ പ്രിയപ്പെട്ട എല്ലാ കുട്ടികള്‍ക്കും നല്ലൊരു പരീക്ഷാക്കാലം ആശംസിക്കുന്നു.

8 comments:

saifparoppady February 13, 2011 at 7:25 AM  

good

Hari | (Maths) February 13, 2011 at 9:11 AM  

എല്ലാ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും തിങ്കളാഴ്ച ആരംഭിക്കുന്ന മോഡല്‍ പരീക്ഷ നന്നായി എഴുതാന്‍ സാധിക്കട്ടെയെന്ന് എല്ലാ അധ്യാപകരുടെയും പേരില്‍ ആശംസിക്കുന്നു.

പരീക്ഷാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന് രാമനുണ്ണി സാര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരിക്കുന്നു. മാധ്യമം ദിനപ്പത്രത്തില്‍ എല്ലാ വിഷയങ്ങള്‍ക്കു വേണ്ടിയും പരീക്ഷാ റിവ്യൂ നടത്തുന്നയാളാണ് ലേഖകന്‍. ഈ ആശംസ കുട്ടികളെ പ്രചോദിപ്പിക്കാന്‍ ഉപകരിക്കും.

ജനാര്‍ദ്ദനന്‍.സി.എം February 13, 2011 at 9:41 AM  

പരീച്ചവന്നൂ തലയില്‍ക്കേറി
പടിച്ചതെല്ലാം മറന്നു പോയി
മനക്കുരുന്നായൊരു കേളുമാഷേ
എനിക്ക് പത്തന്‍പതു മാര്‍ക്കു തരണേ


എന്നാണ് ഞങ്ങളുടെ നാട്ടില്‍ കേട്ടുവന്നിരുന്നത്. നമ്മുടെ കുഞ്ഞിരാമന്‍ സയന്‍സ് പരീക്ഷയില്‍ വിജാഗരി സന്ധിക്ക് രണ്ടുദാഹരണമെഴുതാന്‍ പറഞ്ഞപ്പോള്‍ കൈമുട്ട്, കാല്‍മുട്ട് എന്നെഴുതിയത് കൈമുണ്ട്, കാല്‍മുണ്ട് എന്നായിപ്പോയി.കുറെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അറിയാതിരുന്ന കക്ഷി മുകളിലെഴുതിയ വരിയും എഴുതിവെച്ചു. പക്ഷെ പത്തന്‍പത് എന്നത് പത്തൊമ്പത് എന്നായിപ്പോയി. കൈമുണ്ട് എന്നു പറഞ്ഞിരുന്നത് കോണകത്തിന്നായിരുന്നു.മാഷ് പേപ്പര്‍ കൊടുക്കുമ്പോള്‍ ഇങ്ങനെ പാടി.
പരീക്ഷ വന്നു തലയില്‍ കേറി
കൈമുണ്ടുടുക്കാന്‍ മറന്നു പോയി
മെനക്കെടുത്താതെടൊ കുഞ്ഞിരാമാ
നിനക്ക് പത്തൊമ്പത് മാര്‍ക്കു തന്നൂ

vijayan February 13, 2011 at 10:47 AM  

തിങ്കളാഴ്ച ആരംഭിക്കുന്ന മോഡല്‍ പരീക്ഷ , പഠിച്ച തൊന്നും മറന്നു പോവാത്ത പരീക്ഷയായി മാറട്ടെ.
മോഡല്‍ പരീക്ഷ എഴുതുവാന്‍ പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.

സഹൃദയന്‍ February 13, 2011 at 11:25 AM  

.


പരീക്ഷ വന്നു തലയില്‍ കയറി
പഠിച്ചതെല്ലാം മറന്നു പോയി
മനക്കുരുന്നില്‍ കനിവുള്ള സാറേ
മാര്‍ക്ക് പത്ത് തരേണമെനിക്ക്


ഇങ്ങിനെയാ ഞാന്‍ കേട്ടിട്ടുള്ളത്.

. ****************

പരീക്ഷ എഴുതാനുള്ള പരിശീലനം നമ്മുടെ കുട്ടികള്‍ക്ക് ചെറിയ ക്ലാസിലെ കൊടുക്കേണ്ടതല്ലേ..?
എട്ടാം ക്ലാസു വരെ ചോദ്യം വായിച്ച് വിശദീകരിച്ച് കൊടുക്കും. ആ സ്ഥിതിക്ക് പഠിച്ച് ഓര്‍ത്തിരുന്ന എഴുതേണ്ടതായ ആവശ്യം കുട്ടിയ്ക്ക് കാര്യമായി വരുന്നില്ല.

മാര്‍ജിന്‍ ഇടണമെന്നും മാര്‍ക്കിനനുസരിച്ച് ഉത്തരമെഴിതണമെന്നും ചോദ്യത്തിനു നമ്പര്‍ ഇടണമെന്നുമെല്ലാം ചെറിയ ക്ലാസിലേ പഠിപ്പിച്ചു വിട്ടാല്‍ എത്ര നല്ലതാണ്. ചുരുങ്ങിയത് എട്ടിലെങ്കിലും വച്ച്...

പഠിച്ചവ ഓര്‍മ്മിച്ചു വയ്ക്കാനുള്ള പരിശീലനങ്ങളും എങ്ങിനെയാണ് പഠിക്കേണ്ടതെന്നും എല്ലാം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കണം.

ഇവയൊക്കെ ചെയ്യുന്ന സ്കൂളുകളുണ്ടാവാം. പക്ഷെ ചെയ്യാത്ത സ്കൂളുകളും ഉണ്ട്.

Sankaran mash February 13, 2011 at 12:34 PM  

തിങ്കളാഴ്ച ആരംഭിക്കുന്ന മോഡല്‍ പരീക്ഷ, പഠിച്ചതൊന്നും മറന്നു പോവാത്ത പരീക്ഷയായി മാറട്ടെ.
മോഡല്‍ പരീക്ഷ എഴുതുവാന്‍ പോകുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.

maash February 13, 2011 at 3:27 PM  

കുട്ടിക്കൊപ്പം മാഷക്കും മാഷിണികള്‍ക്കും കൂടിയാണ് പരൂക്ഷയെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടുതല്‍ പ്രസക്തം.

Lalitha February 17, 2011 at 7:18 PM  

I came to see a similar post "http://balsanskar.com/hindi/lekh/145.html"

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer