ഇലക്ഷന്‍: പെട്ടി വാങ്ങുന്നതു മുതല്‍ തിരിച്ചേല്‍പ്പിക്കുന്നത് വരെ

>> Thursday, October 21, 2010

ഇലക്ഷന്‍ ചൂടിന്റെ പാരമ്യത്തില്‍ കേരളത്തിലെ നാടും നഗരവും തിളച്ചുമറിയുമ്പോള്‍, അധ്യാപകരടക്കമുള്ള ഉദ്യോഗസ്ഥവൃന്ദം, അതിന്റെ സുഗമമായ പൂര്‍ത്തീകരണത്തിനായുള്ള അസാനഘട്ട തയ്യാറെടുപ്പുകളിലാണ്. വോട്ടെടുപ്പ് ജോലിയും, വോട്ടെണ്ണല്‍ ജോലിയും ‌(ചില ഭാഗ്യവാന്മാര്‍ക്ക് രണ്ടും!) ഉത്തരവുകളായി വന്നു കഴിയുകയോ വന്നുകൊണ്ടിരിക്കുകയോ ആണ്. ഒരുപാട് തെരഞ്ഞെടുപ്പുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ 'തങ്ങളിതൊക്കെ എത്ര കണ്ടതാ..' എന്ന ഭാവത്തിലും, ആദ്യമായി ഈ ജോലി കിട്ടിയവര്‍, പ്രത്യേകിച്ച് പ്രിസൈഡിങ്ങ് ആപ്പീസര്‍മാരായവര്‍, ഒട്ടൊരു ആശങ്കയിലുമാണ് മണിക്കൂറുകള്‍ തള്ളിനീക്കുന്നത്. 'പണ്ടോറ'യുടെ പെട്ടി പോലെ ഫോമുകളും കവറുകളും അതിനുള്ളില്‍ കവറുകളും പിന്നേയും കവറുകളുമൊക്കെയായി കാക്കത്തൊള്ളായിരം ഫോമുകളും കവറുകളും കൈകാര്യം ചെയ്യുന്നിടത്ത് അല്പം കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു ബൂത്തുകാര്‍ എല്ലാം തീര്‍ത്ത് ബസ്സുമായി കാത്തു വലയുമ്പോഴും കൊടുങ്ങല്ലൂര്‍ താലപ്പൊലിക്കാവിലെ കൈനോട്ടക്കാരെപ്പോലെ ചീട്ടുകളും നിരത്തി 'ബ്ലിംഗസ്യാ'നില്‍ക്കേണ്ടി വരുമെന്നത് മൂന്നരത്തരം!

ചില ഡൗണ്‍ലോഡുകള്‍ ഇതോടൊപ്പം നല്‍കിയിട്ടുള്ളത് വായിച്ചു നോക്കണം. പരീക്ഷക്കു പോകുമ്പോഴുള്ള ഷോട്ട് നോട്സ് ഒരോടിച്ചു നോട്ടത്തിന് സഹായിക്കുന്നതു പോലെ ഇതോടൊപ്പമുള്ള ഡൗണ്‍ലോഡുകള്‍ നിങ്ങളെ സഹായിക്കുമെന്നു തീര്‍ച്ച!

ഇത്തരുണത്തിലാണ് മാത്സ് ബ്ലോഗ് അതിന്റെ ചിരപരിചിത ധര്‍മ്മവുമായി പതിവുപോലെ രംഗത്തെത്തിയിരിക്കുന്നത്. ഒട്ടൊരു ശ്രദ്ധയും, അല്പം മുന്നൊരുക്കവുമുണ്ടെങ്കില്‍ ഈ ജോലി പാല്പായസം പോലെ മധുരതരമാക്കാമെന്നാണ് ചിരപരിചിതര്‍ പറയുന്നത്. ഉസ്മാന്‍ സാറും, കൃഷ്ണദാസ് സാറും ഷാജിദാസ് സാറും ഭാമടീച്ചറുമെല്ലാം തങ്ങളുടെ പരിചയസമ്പത്ത് പകര്‍ന്നുതരാന്‍ രംഗത്തുണ്ട്.

എല്ലാ ഇലക്ഷന്‍ ഹെല്‍പ് ഫയലുകളും ഒരു സിപ് ഫോള്‍ഡറിലായി ഇവിടെയുണ്ട്


സി.ആര്‍. മുരളീധരന്‍ സാര്‍ അയച്ചുതന്ന വിജയപ്രകാശ് തയ്യാറാക്കിയ മലയാളത്തില്‍ എഴുതി സ്കാന്‍ ചെയ്ത ഫയലും പി.ഡിഎഫായി മുകളിലെ ഫോള്‍ഡറില്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കപ്പെടുന്ന സ്ഥലങ്ങളിലുള്ളവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നറിയാമല്ലോ. എങ്കിലും മെഷീനെക്കുറിച്ച് ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാക്കിയഒരു പ്രസന്റേഷന്‍ ഇതോടൊപ്പം നല്‍കുന്നു. നോക്കുമല്ലോ.

ഇതോടൊപ്പം തന്നെ പാലക്കാട് വല്ലപ്പുഴ ഹൈസ്കൂളിലെ ഞങ്ങളുടെ സുഹൃത്ത് സുഷേണ്‍. എം സാര്‍ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് മാത്​സ് ബ്ലോഗിലേക്ക് ഒരു മെയില്‍ അയച്ചിരുന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞു കൊണ്ട് ഈ മെയിലിലെ വിവരങ്ങളിലൂടെ നമുക്കൊന്നു കണ്ണോടിക്കാം. അതിന്റെ പി.ഡി.എഫ് കോപ്പി മുകളിലെ സിപ് ഫോള്‍ഡറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Packet – 1(Statutory Cover)

1.വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തപ്പെട്ട പകര്‍പ്പ് ഉള്‍ക്കൊള്ളുന്ന കവര്‍
2.ടെന്റേര്‍ഡ് ബാലറ്റ് പേപ്പറുകള്‍ ഉള്‍പ്പടെ ഉപയോഗിക്കപ്പെട്ട ബാലറ്റ് പേപ്പറുകളുടെ കൗണ്ടര്‍ഫോയില്‍ ഉള്‍ക്കൊള്ളുന്ന കവറുകള്‍
3.ഒപ്പിട്ടതും എന്നാല്‍ ഉപയോഗിക്കാത്തതുമായ ബാലറ്റ് പേപ്പര്‍ കൗണ്ടര്‍ഫോയില്‍ സഹിതം ഉള്‍ക്കൊള്ളുന്ന കവറുകള്‍
4.ഉപയോഗിക്കപ്പെടാത്ത ബാലറ്റ്പേപ്പര്‍ കൗണ്ടര്‍ഫോയില്‍ സഹിതം ഉള്‍ക്കൊള്ളുന്ന കവറുകള്‍
5.ടെന്റേര്‍ഡ് ബാലറ്റ് പേപ്പറും 23നമ്പര്‍ ഫോറത്തിലുള്ള ടെന്റേര്‍ഡ് വോട്ടുകളുടെ ലിസ്റ്റും ഉള്‍ക്കൊള്ളുന്ന കവറുകള്‍
6.നടപടിക്രമം ലംഘിച്ച് റദ്ദാക്കപ്പെട്ട ബാലറ്റ് പേപ്പറുകള്‍ ഉള്‍ക്കൊള്ളുന്ന കവറുകള്‍
7.മറ്റ് റദ്ദാക്കപ്പെട്ട ബാലറ്റ്പേപ്പറുകള്‍ ഉള്‍ക്കൊള്ളുന്ന കവറുകള്‍

Packet – 2 (Non Statutory Cover)

1.അടയാളപ്പെടുത്താത്ത വോട്ടര്‍ പട്ടികയുടെ പകര്‍പ്പ്
2.10 നമ്പര്‍ ഫോറത്തില്‍ പോളിങ്ങ് ഏജന്റുമാരെ നിയമിച്ചുകൊണ്ടുള്ള കത്തുകള്‍ ഉള്‍ക്കൊള്ളുന്ന കവര്‍
3.24 നമ്പര്‍ ഫോറത്തില്‍ തര്‍ക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ് ഉള്‍ക്കൊള്ളുന്ന കവര്‍
4.22 നമ്പര്‍ ഫോറത്തില്‍ അന്ധരോ അവശതയുള്ളവരോ ആയ സമ്മതിദായകരുടെ ലിസ്റ്റും 36(1)ന്റെ സഹായികളുടെ പ്രഖ്യാപനങ്ങളും ഉള്‍ക്കൊള്ളുന്ന കവര്‍.
5.ചാലഞ്ച് വോട്ടിന്റെ രസീത്ബുക്കും പണവും ഉള്‍ക്കൊള്ളുന്ന കവര്‍ (മുദ്രവെച്ചത്)
6.ഉപയോഗിക്കാത്തതും കേടുപാടുകളുള്ളതുമായ പേപ്പര്‍സീലുകള്‍ ഉള്‍ക്കൊള്ളുന്ന കവര്‍

Packet – 3

1.പ്രിസൈഡിംഗ് ഓഫീസറുടെ കൈപ്പുസ്തകം
2.ബാലറ്റ് പേപ്പര്‍ വേര്‍പെടുത്താനും പെട്ടിയില്‍ തള്ളിവിടാനും ഉപയോഗിക്കുന്ന ലോഹക്കഷ്ണങ്ങള്‍
3.മഷിക്കുപ്പി
4.സെല്‍ഫ് ഇങ്കിംഗ് പാഡുകള്‍
5.മെറ്റല്‍ സീല്‍ (പ്രിസൈഡിംഗ് ഓഫീസറുടെ)
6.റബ്ബര്‍ സീല്‍ (പോളിംഗ് സ്റ്റേഷന്റെ തിരിച്ചറിയല്‍ അടയാളമുള്ളത്)
7.ആരോ ക്രോസ് മാര്‍ക്ക് റബ്ബര്‍ സീലുകള്‍
8.മഷി ഇറക്കിവെക്കുന്ന കപ്പ്

Packet – 4 (ബാക്കി സാധനങ്ങള്‍)

മുദ്ര വെയ്ക്കേണ്ട കവറുകള്‍
1.ബാലറ്റു പേപ്പര്‍ അക്കൗണ്ടുകള്‍
2.പേപ്പര്‍സീല്‍ അക്കൗണ്ട്‌
3.പ്രിസൈഡിംഗ് ഓഫീസറുടെ പ്രഖ്യാപനങ്ങള്‍
4.പ്രിസൈഡിംഗ് ഓഫീസറുടെ ‍ഡയറി
5.വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തപ്പെട്ട പകര്‍പ്പ്
6.ഉപയോഗിച്ച കൗണ്ടര്‍ഫോയിലുകള്‍
7.ഒപ്പിട്ടതും എന്നാല്‍ ഉപയോഗിക്കാത്തതുമായ ബാലറ്റ് പേപ്പര്‍
8.ഉപയോഗിക്കപ്പെടാത്ത ബാലറ്റ്പേപ്പര്‍ കൗണ്ടര്‍ഫോയില്‍ സഹിതം
9.നടപടിക്രമം ലംഘിച്ച് റദ്ദാക്കപ്പെട്ട ബാലറ്റ് പേപ്പര്‍
10.വാങ്ങുകയും വോട്ട്ചെയ്യാതെ തിരികെ നല്‍കപ്പെട്ടിട്ടുള്ളതുമായ ബാലറ്റ് പേപ്പര്‍
11.ടെന്റേര്‍ഡ് ബാലറ്റ് പേപ്പറും 23നമ്പര്‍ ഫോറത്തിലുള്ള ടെന്റേര്‍ഡ് വോട്ടുകളുടെ ലിസ്റ്റും
12.തര്‍ക്കം ഉന്നയിക്കപ്പെട്ട വോട്ടുകളുടെ ലിസ്റ്റ്

തിരിച്ചു കൊടുക്കേണ്ട സാധനങ്ങള്‍ (ക്രമത്തില്‍)

1.മുദ്രവെച്ച ബാലറ്റ് പെട്ടി
2.ഉപയോഗിക്കാത്ത ബാലറ്റ് പെട്ടി
3.ബാലറ്റ് പേപ്പര്‍ അക്കൗണ്ട് അടങ്ങുന്ന കവര്‍
4.പേപ്പര്‍സീല്‍ അക്കൗണ്ടുകള്‍‌
5.പ്രിസൈഡിങ്ങ് ഓഫീസറുടെ ഡയറി ഉള്ളടങ്ങുന്ന കവര്‍
6.പ്രിസൈഡിങ്ങ് ഓഫീസറുടെ പ്രഖ്യാപനങ്ങള്‍ ഉള്ളടങ്ങുന്ന കവറുകള്‍
7.സ്റ്റാറ്റ്യൂട്ടറി കവറുകള്‍ അടങ്ങുന്ന കവര്‍ (കവര്‍ - 1)
8.നോണ്‍ സ്റ്റാറ്റ്യൂട്ടറി കവറുകള്‍ അടങ്ങുന്ന കവര്‍ (കവര്‍ - 2)
9.എട്ടിനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവര്‍ (കവര്‍ - 3)
10.നാലാമത്തെ കവര്‍

പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലകള്‍

തിരഞ്ഞെടുപ്പിന്റെ തലേദിവസം
1.ടീമിനെ കണ്ടെത്തുക. റിപ്പോര്‍ട്ട് ചെയ്യുക
2.സാധനങ്ങള്‍ ഏറ്റു വാങ്ങുക. ഒത്തുനോക്കി പരിശോധിക്കുക. ഒപ്പിട്ടുകൊടുക്കുക.
3.ബൂത്ത് തയ്യാറാക്കുക.
4.പോളിംഗ് ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി വീതിച്ചു കൊടുക്കുക
5.നോട്ടീസ് തയ്യാറാക്കുക
6.പെട്ടി ഒരുക്കുന്നതിനാവശ്യമായ സാധനങ്ങള്‍ എടുത്തുവെക്കുക (പെട്ടി, പേപ്പര്‍സീല്‍, കാര്‍ഡ്ബോര്‍ഡ്,അഡ്രസ്‍ടാഗ് 2, മെറ്റല്‍സീല്‍, അരക്ക്, വേസ്റ്റ് പേപ്പര്‍, അഡ്രസ് ലേബല്‍, നൂല്‍)
7.കവറുകള്‍ തയ്യാറാക്കുക

1.ബാലറ്റ് പേപ്പര്‍ അക്കൗണ്ട് - മൂന്നെണ്ണം
2.പേപ്പര്‍സീല്‍ അക്കൗണ്ട്
3.ഡിക്ലറേഷന്‍ - 3+3
4.ഡയറി (പോസ്റ്റല്‍ ബാലറ്റിന്റെ എണ്ണം എടുക്കുക)
5.കവര്‍ 1, കവര്‍ 2, കവര്‍ 3, കവര്‍ 4 എന്നിവയ്ക്കും അവയിലിടേണ്ട കവറുകള്‍ക്കും അഡ്രസ് എഴുതുക.
6.ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എഴുതുക
7.അക്വിറ്റന്‍സ് എഴുതി ഒപ്പിടുവിക്കുക
8.ബാലറ്റുകള്‍ സീല്‍ ചെയ്യുക

തിരഞ്ഞെടുപ്പുദിവസം

A. വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ്
1.ബാലറ്റുകള്‍ 200 എണ്ണം വീതം ഒപ്പിടുക
2.ഏജന്റ്മാര്‍ക്ക് പാസ് കൊടുക്കുക (പത്താം നമ്പര്‍ ഫോറത്തിലുള്ളതും സ്ഥാനാര്‍ത്ഥി നല്‍കുന്നതുമായ ഒരു
നിയമനക്കത്ത് വാങ്ങിവെക്കണം. പോളിംഗ് ഏജന്റ് പൂരിപ്പിച്ച് നമ്മുടെ മുമ്പില്‍വെച്ച് ഒപ്പിടണം. നിയമനക്കത്ത് സൂക്ഷിച്ച് വെച്ച് വരണാധികാരിക്ക് നല്‍കേണ്ടതാണ്.)
3.ബാലറ്റ്പേപ്പറിന്റെ സീരിയല്‍ നമ്പര്‍ (From ..... To) ഏജന്റുമാര്‍ക്ക് കാണിച്ചുകൊടുക്കുക
4.ബാലറ്റ് ക്രമം തെറ്റിച്ച് വെക്കുക
5.ബാലറ്റ്പേപ്പറിന്റെ ക്രമനമ്പറും സീരിയല്‍ നമ്പറും എഴുതിയെടുക്കുക
6.ബാലറ്റ്പെട്ടി ഏജന്റുമാരെ പരിശോധിക്കാന്‍ അനുവദിക്കുക. അഡ്രസ് ടാഗ് ഇടുക
7.പേപ്പര്‍സീല്‍ നമ്പര്‍ എഴുതിയെടുക്കുക. പേപ്പര്‍സീലില്‍ പ്രിസൈഡിംഗ് ഓഫീസര്‍ (പോളിംഗ്ഏജന്റുമാരും)
ഒപ്പിട്ടു സീല്‍ വെക്കുക. ഉറപ്പിക്കുക. പച്ചനിറമുള്ളഭാഗത്ത് തിരിച്ചറിയല്‍ സീല്‍ (റബ്ബര്‍സീല്‍)വെക്കുക. പെട്ടി അടച്ച് സീല്‍ വെക്കുക.
8.പ്രഖ്യാപനം വായിക്കുക, ഒപ്പിടുക, ഏജന്റുമാരെ ഒപ്പിടുവിക്കുക. തുടര്‍ന്ന് 7 മണിക്ക് പോളിംഗ് ആരംഭിക്കുക

B. വോട്ടിംഗ് ആരംഭിച്ചതിനുശേഷം
1.പേപ്പര്‍സീല്‍ ഫോറം പുരിപ്പിച്ച് ഒപ്പിട്ട് കവറിലാക്കുക.
2.ഒപ്പിടുവിച്ച പ്രഖ്യാപനം കവറിലാക്കുക.
3.ഓരോ മണിക്കൂറിലും എണ്ണം എടുക്കുക
4.അഞ്ചു മണിക്ക് വരിയില്‍ നില്‍ക്കുന്ന അവസാനത്തെ ആള്‍ മുതല്‍ മുന്നോട്ട് ക്രമനമ്പര്‍ കൊടുക്കുക

C. വോട്ടിംഗ് അവസാനിച്ചതിനുശേഷം
1.പ്രഖ്യാപനം വായിക്കുക, ഒപ്പിടുക, ഏജന്റുമാരെ ഒപ്പിടുവിക്കുക. കവറില്‍ സൂക്ഷിക്കുക
2. പെട്ടി അടച്ച് സീല്‍ ചെയ്ത് കവറില്‍ പൊതിയുക. സീല്‍ ചെയ്യുക ക്യാന്‍വാസ്ബാഗില്‍ ഇട്ട് Label, Address Tag ഇവ വെച്ച് സീല്‍ ചെയ്യുക
3.ഡയറി പൂര്‍ത്തിയാക്കുക
4.ബാലറ്റ്പേപ്പര്‍ അക്കൗണ്ടുകള്‍ തയ്യാറാക്കി കവറിലിടുക. ഏജന്റുമാര്‍ക്ക് കോപ്പി നല്‍കി രസീത് വാങ്ങുക.
5.കവര്‍ 1, കവര്‍ 2, കവര്‍ 3, കവര്‍ 4 എന്നിവ തയ്യാറാക്കുക
6.കളക്ഷന്‍ സെന്ററില്‍ക്കൊടുത്ത് രശീതി കൈപ്പറ്റണം.

ഇനി നിങ്ങളുടെ സംശയങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ആവാം. നമ്മുടെ ഹോംസ് സാര്‍ അടക്കമുള്ള പരിചയസമ്പന്നരുടെ മറുപടികള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. എന്താ റെഡിയല്ലേ..? ഒരു കാര്യം കൂടി. ഇതെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! ഈ വര്‍ഷം പറയുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കൂടി തയ്യാറാകണേ.

34 comments:

വി.കെ. നിസാര്‍ October 21, 2010 at 7:52 PM  

ഇനി നിങ്ങളുടെ സംശയങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ആവാം. നമ്മുടെ ഹോംസ് സാര്‍ അടക്കമുള്ള പരിചയസമ്പന്നരുടെ മറുപടികള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. എന്താ റെഡിയല്ലേ..?

ജനാര്‍ദ്ദനന്‍.സി.എം October 21, 2010 at 8:47 PM  

ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഇന്ന് ഈ പോസ്റ്റ് കാണുമ്പോള്‍ സത്യമായിട്ടും ഒരു വിഷമം. വളരെ രസകരമായ റണ്ടു സംഭവങ്ങള്‍ ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അവ ലൈഫ്ഡയറിയില്‍ പുറകെ വരുന്നതിനാല്‍ ഇപ്പോള്‍ ഇവിടെ നല്‍കുന്നില്ല. സ്ഥാനാര്‍ഥികള്‍ പിന്നീടെ വിജയിക്കുന്നുള്ളൂ. ആദ്യ വിജയം നിങ്ങള്‍ക്കായിരിക്കട്ടെ.

UK October 21, 2010 at 9:01 PM  

off topic
how can i install the scanner with my HP DESK JET F4185 (ALL IN-ONE) printer. I can use the printer smoothly .I am using IT@school linux version 3.2. Expecting your help

Hari | (Maths) October 21, 2010 at 9:04 PM  

ഇലക്ഷനു വേണ്ടി ഓരോരുത്തരും നടത്തുന്ന തയ്യാറെടുപ്പുകളാണ് ഇവിടെ നല്‍കിയിരിക്കുന്ന ഡൗണ്‍ലോഡുകള്‍. ആദ്യമായി ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന എനിക്ക് വലിയൊരു ഹെല്‍പ്പാണ് മാത്​സ് ബ്ലോഗിലേക്ക് അയച്ചു കിട്ടിയ ഈ ഫയലുകള്‍. ചിലപ്പോള്‍ ഇതില്‍ കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ വേണ്ടി വന്നേക്കാം. അവ ചൂണ്ടിക്കാട്ടുന്നത് എനിക്കടക്കം ഈ രംഗത്തേക്ക് ആദ്യമായി ഇറങ്ങുന്നവര്‍ക്ക് വലിയൊരു സഹായകമായിരിക്കും. പരിചയസമ്പന്നരായവരുടെ ഇടപെടലുകള്‍ പ്രതീക്ഷിക്കുന്നു.

ഷാ October 21, 2010 at 9:11 PM  

കരിയറിന്റെ ഓരോ ഘട്ടത്തിലും നിങ്ങളുടെ കൂടെ മാത്‌സ് ബ്ലോഗ് ഉണ്ടാവുമെന്ന ഓര്‍മ്മപ്പെടുത്തല്‍ പോലെ. ഇതില്‍ കൂടുതല്‍ എന്തു സഹായമാണു വേണ്ടത്..? ആശങ്കകള്‍ പങ്കു വെക്കപ്പെടുക എന്നതു പോലും വലിയ കാര്യമാണ്. എന്നാല്‍ അവ ദുരീകരിക്കുക കൂടി ചെയ്യുമ്പോഴോ..?

- ഇത്തവണ ഈ പ്രിവിലേജ് ആസ്വദിക്കാന്‍ കഴിയാതെ പോയ ഒരുവന്‍

thoolika October 21, 2010 at 9:23 PM  

നന്ദി മാത്സ് ബ്ലോഗ്‌ ,

അവസരോചിതമായ പോസ്റ്റുകള്‍ക്ക്‌ .

സി.ആര്‍. മുരളീധരന്‍ സാര്‍

ദാസ്‌ സാര്‍

ഭാമ ടീച്ചര്‍

പ്രയോജനകരമായ വിവരങ്ങള്‍ തന്നതിന് എല്ലാവര്ക്കും നന്ദി .

ഇനി കൊടുങ്ങല്ലൂര്‍ താലപ്പൊലിക്കാവിലെ കൈനോട്ടക്കാരെപ്പോലെ ചീട്ടുകളും നിരത്തി 'ബ്ലിംഗസ്യാ'നില്‍ക്കേണ്ടി വരുമെന്ന് തോന്നുന്നില്ല .

Vijayan Kadavath October 21, 2010 at 9:25 PM  

ഷാ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ആ കമന്റിന് ഒരു കീഴൊപ്പ് ചാര്‍ത്തട്ടേ. മാത്​സ് ബ്ലോഗിന്റെ ഈ വൃക്ഷത്തണല്‍ നല്‍കുന്ന കുളിര്‍മ്മ അനുഭവവേദ്യമാണെന്ന് പറയാതെ വയ്യ!

ബാലറ്റ് പെട്ടി വാങ്ങുന്നതു മുതല്‍ തിരിച്ചേല്‍പ്പിക്കുന്നത് വരെയുള്ള കാര്യങ്ങളെ ഓര്‍മ്മപ്പെടുത്താനുതകുന്ന ഡൗണ്‍ലോഡായി നല്‍കിയ വിജയപ്രകാശിന്റെ കുറിപ്പുകള്‍ ഉപകാരപ്രദമാണ്. ഇത് പ്രിന്റ് ചെയ്ത് കയ്യില്‍ സൂക്ഷിച്ചാല്‍ ഒരു ചെക്ക് ലിസ്റ്റായി ഇത് ഉപകാരപ്പെടുമെന്ന് ഉറപ്പ്.

അഭിനന്ദനങ്ങള്‍

ഗീതാസുധി October 21, 2010 at 9:46 PM  

രാവിലെ ഡൗണ്‍ലോഡ് ചെയ്യാം.
ലിമിറ്റ് തീരുന്നു.
നന്ദി!

ഗീതാസുധി October 21, 2010 at 9:46 PM  

രാവിലെ ഡൗണ്‍ലോഡ് ചെയ്യാം.
ലിമിറ്റ് തീരുന്നു.
നന്ദി!

vijayan October 21, 2010 at 10:04 PM  

കഴിഞ്ഞ 5 തെരഞ്ഞെടുപ്പുകളില്‍ പ്രിസൈടിംഗ് ഒഫിസിരും ഈ പ്രാവശ്യം 1 പോള്ളിംഗ് ഓഫീസിരുമായി സ്ഥാനക്കയറ്റം കിട്ടിയ ഞാന്‍ വീണ്ടും വീണ്ടും ഈ പോസ്റ്റ്‌ ആസ്വതിക്കുന്നു.

ജനാര്‍ദ്ദനന്‍.സി.എം October 21, 2010 at 10:17 PM  

ചില കമന്റുകള്‍

":)"

ഇങ്ങനെ മാത്രം ലഭിക്കുന്നു. അത് എന്തു കൊണ്ടാണ്? ആരെങ്കിലും പറഞ്ഞു തരുമോ?

Sameer Thikkodi October 21, 2010 at 10:26 PM  

@ജനാർദ്ദനൻ : ഒരു “ചിരി” മാത്രമാവാം ഉദ്ദേശിച്ചത്.. (മന്ദസ്മിതം... ഏത്....)

ജനാര്‍ദ്ദനന്‍.സി.എം October 21, 2010 at 10:50 PM  

അറിയാതെ
800000
കടന്നുപോയി

അസീസ്‌ October 21, 2010 at 10:58 PM  

CLICK HERE

JOHN P A October 22, 2010 at 5:55 AM  

മഹത്തായ ഒരു ദൗത്യത്തില്‍ പങ്കാളിയാകാന്‍ ഈ പോസ്റ്റ് തീര്‍ച്ചയായും ഉപകരിക്കും . നന്ദി

ഹോംസ് October 22, 2010 at 6:20 AM  

"ഫോമുകളും കവറുകളും കൈകാര്യം ചെയ്യുന്നിടത്ത് അല്പം കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റു ബൂത്തുകാര്‍ എല്ലാം തീര്‍ത്ത് ബസ്സുമായി കാത്തു വലയുമ്പോഴും കൊടുങ്ങല്ലൂര്‍ താലപ്പൊലിക്കാവിലെ കൈനോട്ടക്കാരെപ്പോലെ ചീട്ടുകളും നിരത്തി 'ബ്ലിംഗസ്യാ'നില്‍ക്കേണ്ടി വരുമെന്നത് മൂന്നരത്തരം!"
ഇങ്ങനെയുള്ള കുറേ ബ്ലിംഗസ്യക്കാരെ ബൂത്ത് ഓഫീസറായ കാലം മുതല്‍ മുടങ്ങാതെ കാണാറുണ്ട്.
രാപകലില്ലാത്ത ഇലക്ഷന്‍ തിരക്കുമൂലം ബ്ലോഗില്‍ കമന്റു ചെയ്യാന്‍ കഴിയാറില്ല.

Unknown October 22, 2010 at 7:03 AM  

പോസ്റ്റിനോടൊപ്പം നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രിന്റ് ചെയ്തെടുത്താല്‍ ഇലക്ഷന്‍ ദിവസം ഷോര്‍ട്നോട്സായി ഉപയോഗിക്കാം.

സുഷേണ്‍ സാറിനും വിജയപ്രകാശ് സാറിനും കൃഷ്ണദാസ് സാറിനും ഭാമടീച്ചറിനും ഉസ്മാന്‍ സാറിനും നന്ദി.

thoolika October 22, 2010 at 7:30 AM  


ഈ പ്രിസൈഡിംഗ് ഓഫീസര്‍ ഡ്യൂട്ടിക്ക് പോവുകയാണ് .
പോയി വരട്ടെ .
അനുഗ്രഹിക്കുക.
ആശീര്‍വദിക്കുക .


ജനാര്‍ദ്ദനന്‍.സി.എം October 22, 2010 at 9:24 AM  

@ Free

ത്വമൈശ്വര്യാദി സര്‍വ്വ സമ്പല്‍സമൃദ്ധ്യാ ചിരം സമംഗള സുഡ്യൂട്ടീ ഭവ:

അനുഗ്രഹിച്ചിരിക്കുന്നു.

mini//മിനി October 22, 2010 at 11:09 AM  

ഇലക്ഷൻ ഡ്യൂട്ടിക്ക് പോകാത്തവർക്ക് ഏത് നേരത്തും വായിക്കാം. ഇലക്ഷൻ ഡ്യൂട്ടിക്ക് പോയവർ വോട്ട് ചെയ്യിച്ച് തിരിച്ചെത്തിയശേഷം വായിക്കാം.
ഒരു അനുഭവം
കള്ളവോട്ടിൽ കുരുങ്ങിയ സൂര്യരശ്മികൾ
വായിക്കാം.
പിന്നെ ഇതിന്റെ ഒരു കോപ്പി Boolokamonline ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

fasal October 22, 2010 at 3:18 PM  

Help ful !!!!!
Thank u

വി.കെ. നിസാര്‍ October 22, 2010 at 8:59 PM  

ജിക്കുവിന്റെ ബസില്‍ കണ്ടത്...
കവി അയ്യപ്പന്‍റെ അവസാന വരികള്‍.മരിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നും കണ്ടെടുത്തത്
അമ്പ്
ഏത് നിമിഷത്തിലും മുതുകില്‍ തറയ്ക്കാം.
പ്രാണനും കൊണ്ട് ഓടുകയാണ്…

വേടന്‍റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിന് ചുറ്റും
എന്‍റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ…

ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഈ ഗര്‍ജ്ജനം സ്വീകരിക്കൂ

…(അടുത്ത വരി വ്യക്തമല്ല)
ഞാന്‍ ഇരയായി.

chithrakaran:ചിത്രകാരന്‍ October 22, 2010 at 10:30 PM  

ബ്ലോഗ് പ്രചരിപ്പിക്കാന്‍ മാഷന്മാര്‍തന്നെ വേണം !!!
(ഒരു ലക്ഷം കടക്കാന്‍ ചിത്രകാരന്റെ ബ്ലോഗിന് ഒന്നര വര്‍ഷം വേണ്ടിവന്നു )അതേ സമയം മാത്സ് ബ്ലോഗ് ഒരോ മാസം തന്നെ ലക്ഷങ്ങള്‍ കടക്കുന്നു ! അസൂയാവഹമാണ് ഈ വളര്‍ച്ച.ബ്ലോഗിന്റെ ഭാഗ്യമെന്നു പറയാം.
താമസിയാതെത്തന്നെ എണ്‍പതു ലക്ഷം കടക്കട്ടെ എന്ന് ആശംസിക്കുന്നു.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

ബ്ലോഗു പോസ്റ്റ്കളുടെ തലക്കെട്ടുകളും ലിങ്കുകളും പ്രസിദ്ധീകരിക്കപ്പെടുന്ന ജാലകം മലയാളം ബ്ലോഗ് അഗ്രഗേറ്ററിന്റെ ലിങ്കുകൂടി കൊടുത്തോട്ടെ :)
jalakam malayalam blog agragator

sreevalsam October 22, 2010 at 10:38 PM  

ബ്ളോഗ് വായിക്കാന്‍ താമസിടടച്ചുപോയി. വളരെ സന്തോഷം ഒരായിരം നന്ദി,



മീര

Hari | (Maths) October 23, 2010 at 7:03 AM  

പ്രിയ ചിത്രകാരന്,

നല്ല വാക്കുകള്‍ക്കും നല്‍കുന്ന സ്നേഹത്തിനും നന്ദി. നേരത്തേ മാത്​സ് ബ്ലോഗിനെക്കുറിച്ച് ബ്ലോഗിലെഴുതിയതും മറന്നിട്ടില്ല. അങ്ങയെപ്പോലുള്ള ബൂലോകരില്‍ നിന്നും ലഭിക്കുന്ന നല്ല വാക്കുകളാണ് ഞങ്ങളുടെ പ്രചോദനവും പ്രോത്സാഹനവും. നന്ദി.

Anonymous October 23, 2010 at 1:05 PM  

ഓ.ടോ.
കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും എസ്.എസ്.എ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറുമായ ബഹു.ടി.പി. കലാധരന്‍ സാര്‍ നമ്മുടെ സുഹൃത്തായതു കണ്ടില്ലേ..?
സാറിന് സുസ്വാഗതം!

CK Biju Paravur October 23, 2010 at 3:09 PM  

ഇലക്ഷന്‍ പോസ്റ്റ് വളരെ നന്നായി.......
നിസാര്‍ മാഷിന്റെ രചനാശൈലിയും......

Sreenilayam October 23, 2010 at 6:31 PM  

ഇന്ന് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയവരുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നു.

Anil cheleri kumaran October 24, 2010 at 8:58 AM  

informative one.

Unknown October 24, 2010 at 9:41 PM  

23 നു ആയിരുന്നു ഡ്യൂട്ടി .ബ്ലോഗില്‍ വന്ന പോസ്റ്റ്‌ വായിച്ചിരുന്നു .
EVM ആണ് ഉപയോഗിച്ചത് .എങ്കിലും എന്നെ പോലെ പുതുമുഖങ്ങള്‍ക്ക് വളരെ പ്രയോജനം ചെയ്തു .
മാത്സ്‌ അധ്യാപകന്‍ എന്ന നിലയില്‍ അഭിമാനത്തോടെയാണ് മറ്റുള്ളവര്‍ക്ക് മുമ്പില്‍ ബ്ലോഗിനെ കുറിച്ച് പറയുന്നത് .
ഓരോ തവണയും ബ്ലോഗ്‌ അതിനു അവസരം നല്‍കുന്നു. അഭിനന്ദനങ്ങള്‍ .

ബിബിൻ പി ജോസഫ്‌ October 25, 2010 at 8:18 PM  

good reference. it helped me a lot. I could easily handle the covers. No confusions.
Tanks a lot

ബിബിൻ പി ജോസഫ്‌ October 25, 2010 at 8:19 PM  

Good refernce..
Thanks a lot

geetha October 26, 2010 at 5:52 PM  

good post.thanks for the post

Sathyan.G October 26, 2010 at 11:27 PM  

thank the maths blog for the election duty in brief.Expecting such timely informations always.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer