മൂഢന് ആയുധം കിട്ടിയാല്‍
>> Saturday, October 16, 2010
ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. എവിടെ നിന്നോ വന്ന് തന്നോട് പ്രിയം കാണിച്ചു കൂടിയ കുരങ്ങനോട് രാജാവിന് പ്രിയം തോന്നി. അവന്റെ സ്വാമിഭക്തിയില്‍ വാത്സല്യമേറിയ രാജാവ് അവന്‍ കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിക്കൊണ്ടിരുന്നു. അന്തഃപുരത്തില്‍ വരെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടായിരുന്നു. ഇതോടെ അവന്റെ മണ്ടത്തരങ്ങള്‍ക്ക് ലക്കും ലഗാനുമില്ലാതായി. മിണ്ടിയാല്‍ തുറുങ്കിലടക്കാനും വേണമെങ്കില്‍ കൊല്ലാനും അധികാരമുള്ള രാജാവിനോട് മറുത്തൊരു അക്ഷരം പോലും പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. രാജാവ് തന്റെ സ്നേഹം സഹിക്കവയ്യാതെ തന്റെ വിശ്വസ്തനായ അംഗരക്ഷകന്‍ എന്ന പദവിയിലേക്ക് വരെ അവനെ ഉയര്‍ത്തി. രാജാവിന്റെ കാവല്‍ക്കാരന്റെ ജാഡ പറയാനുണ്ടോ? ഇതോടെ കുരങ്ങനെതിരെ പരസ്യമായി ഒരു വിരലുപോലും അനക്കാനാവാത്ത അവസ്ഥയിലായി മറ്റുള്ളവര്‍.
ഒരു ദിവസം രാജാവ് ഉറങ്ങുമ്പോള്‍, കുരങ്ങന്‍ വീശിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഒരു ഈച്ചയുടെ വരവ്. അത് രാജാവിന്റെ നെഞ്ചിലാണ് വന്നിരുന്നത്. കുരങ്ങന്റെ മനസ്സില്‍ പല ആശങ്കകളും കടന്നു വന്നു. ഈ ഒരൊറ്റ ഈച്ച മൂലം രാജാവിന്റെ ശരീരത്തിലെ രക്തം മുഴുവന്‍ വാര്‍ന്നു പോയാലോ? അതുമൂലം രാജാവിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങളില്‍ നിന്നും അദ്ദേഹത്തെയും രാജ്യത്തെയുമെല്ലാം രക്ഷിക്കേണ്ടത് തന്റെ ചുമതലയല്ലേ? ഈച്ചകളുടെ വര്‍ഗത്തെത്തന്നെ ഇല്ലാതാക്കിക്കളയേണ്ടതാണ് !! 'അതിബുദ്ധിമാനായ' കുരങ്ങന് ദേഷ്യം വന്നു. അവന്‍ തന്റെ വാളെടുത്ത് ഈച്ചയെ ആഞ്ഞു വെട്ടി. ഈച്ച പറന്നു പോയി. വാള്‍ കൊണ്ടത് എവിടെയായിരുന്നുവെന്ന് പറയേണ്ടതുണ്ടോ? വാള്‍ കൊണ്ടുള്ള വെട്ടേറ്റ് രാജാവ് മരണമടഞ്ഞു.
ഏത് ജോലിയിലായാലും അര്‍ഹരായവരെ നിയമിക്കണമെന്നും ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിഡ്ഢിയായ ഒരുത്തനെ സേവകനാക്കരുതെന്നുമാണ് ഈ പഞ്ചതന്ത്രം കഥയുടെ ഗുണപാഠം. അങ്ങനെ ചെയ്താല്‍ അവന് തോന്നുന്ന കാര്യങ്ങള്‍ അവനെപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഒരാളെ ഒരു ജോലിയേല്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടിവരുന്ന കാര്യമാണല്ലോ ഇത്.
ചരിത്രത്തോടും ഭാവിയോടും വര്‍ത്തമാനകാല സാഹചര്യങ്ങളോടും കാലാതിശയിയായ വിധത്തില്‍ പഞ്ചതന്ത്രം കഥകള്‍ ബന്ധപ്പെട്ടു നില്‍ക്കുന്നുണ്ട്. ദിശാബോധം നഷ്ടപ്പെട്ട് ഉഴലുന്ന തലമുറകള്‍ക്കും കഥകള്‍ വഴിവെട്ടമേകുമെന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള കഥകള്‍ കുട്ടികളേപ്പോലെ തന്നെ മുതിര്‍ന്നവരേയും ആകര്‍ഷിക്കും. സംസ്കൃതഭാഷയിലുണ്ടായ പഞ്ചതന്ത്രം ക്രിസ്തുവിന് മുന്‍പേ പല ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്‍പതോളം ലോകഭാഷകളില്‍ തര്‍ജ്ജുമ ചെയ്യപ്പെട്ട ഈ ഗ്രന്ഥത്തിന് ഇരുന്നൂറിനു മേല്‍ വിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ടത്രേ. വായനാശീലം നഷ്ടപ്പെടുന്ന ഇക്കാലത്ത് പഞ്ചതന്ത്രം കഥകള്‍ കുട്ടികള്‍ വായിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. ക്ലാസ് മുറികളില്‍ ചിന്തോദ്ദീപങ്ങളായ കഥകള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അധ്യാപകനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന മറ്റൊരു ഗ്രന്ഥത്തെത്തേടി നമ്മള്‍ പോകേണ്ടതില്ല.
മഹിളാരോപ്യത്തിലെ രാജാവായിരുന്ന അമരശക്തിയുടെ ബുദ്ധിഹീനന്മാരായ മൂന്നു പുത്രന്മാരെ ശാസ്ത്രങ്ങളില്‍ പ്രാവീണ്യമുള്ളവരാക്കുകയായെന്ന ഉദ്ദേശത്തോടെ വിഷ്ണുശര്‍മ്മ എന്ന ബ്രാഹ്മണനാണത്രേ ഈ മഹദ്ഗ്രന്ഥത്തിന്റെ രചയിതാവ്. വെറും ആറുമാസത്തിനുള്ളില്‍ അവര്‍ മൂന്നു പേരും അജ്ഞാനം വിട്ടകന്ന് നീതിബോധമുള്ളവരായിത്തീര്‍ന്നു പോയത്രേ. അന്നു മുതല്‍ക്ക് പഞ്ചതന്ത്രമെന്ന നീതിശാസ്ത്രം കുട്ടികളുടെ അറിവിനായി പ്രചാരം നേടിയത്. നീതിബോധത്തിന്റെ കാര്യത്തില്‍ മുതിര്‍ന്നവരെപ്പോലും ഇരുത്തിച്ചിന്തിപ്പിക്കുന്ന ഈ കഥകള്‍ ഓരോരുത്തരും വായിച്ചിരിക്കേണ്ടതാണ്.
29 comments:
രാജ്യം ഭരിക്കേണ്ട മക്കള്‍ മൂഢന്മാരായതില്‍ മനം നൊന്താണ് അമരശക്തി അവരെ ബുദ്ധിമാന്മാരാക്കാന്‍ വിഷ്ണുശര്‍മ്മയെ ചുമതലപ്പെടുത്തിയത്. അവരുടെ വിഡ്ഢിത്തം രാജ്യത്തിന് തന്നെ കളങ്കമാകുമെന്നു കണ്ടപ്പോള്‍ അദ്ദേഹം രാജ്യത്തിന്റെ ഒരുഭാഗം തന്നെയാണ് 'ഓഫര്‍' ചെയ്തത്. യുക്തിബോധത്തെ അഞ്ചായി പകുത്ത് കഥകളാക്കി മാറ്റിയപ്പോള്‍ വെറും ആറ് മാസമേ എടുത്തുള്ളു അവരെ ബുദ്ധിമാന്മാരാക്കി മാറ്റാന്‍.
ക്ലാസ് റൂമുകളില്‍ പഞ്ചതന്ത്രത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ അധ്യാപകര്‍ ശ്രമിച്ചാല്‍ കുട്ടികളും ചിന്താശക്തിയുള്ളവരായി മാറുമെന്നതില്‍ സംശയമില്ല. അഭിപ്രായങ്ങള്‍ തേടുന്നു.
പഞ്ചതന്ത്രം കഥ കളുടെ പ്രസക്തി ക്ലാസ് റൂമുകളില്‍ പരിചയപ്പെടുത്താന്‍ അവശ്യ പ്പെടുന്ന മാതസ്ബ്ലോഗിന്റെ പുതിയ പോസ്റ്റ് ഗണിത ചിന്ത കളില്‍ നിന്നും അല്പം ആശ്വാസം തരുന്ന ഒരു പോസ്റ്റ്.............പഞ്ചതന്ത്രത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്ക് സാധിച്ചാല്‍ പുത്തന്‍ തലമുറ ഉത്തമ പൌരന്‍ മാരായി മാറും...സംശയമില്ല .......
see the links
panchatantra
story
പഞ്ചതന്ത്രത്തില്‍ അഞ്ച് തന്ത്രങ്ങള്‍ ഉള്‍പ്പെടുന്നു. ഓരോ തന്ത്രത്തിലും വിവിധശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച അനേകം കഥകള്‍ അടങ്ങിയിരിയ്ക്കുന്നു. അഞ്ച് തന്ത്രങ്ങള്‍ ഇവയാണ്.
* മിത്രഭേദം
* മിത്രലാഭം
* കാകോലൂകീയം
* ലബ്ധപ്രണാശം
* അപരീക്ഷിതകാരിതം
മിത്രഭേദം
ഭിന്നിപ്പിച്ചു ഭരിയ്ക്കുക എന്ന രാഷ്ട്രീയ തത്ത്വം ആണ് ഈ തന്ത്രത്തിലൂടെ വ്യാഖ്യാനിയ്ക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ കരടകന്‍ എന്നും ദമനകന്‍ എന്നും പേരായ രണ്ട് കുറുക്കന്മാരാണ്. വളരെ സ്നേഹത്തില്‍ കഴിഞ്ഞിരുന്ന ഒരു സിംഹത്തേയും കാളയേയും ഏഷണികള്‍ പറഞ്ഞ് ഭിന്നിപ്പിച്ച് കാര്യസാധ്യം നടത്തുന്നതാണ് ഇതിന്റെ ഉള്ളടക്കം.
മിത്രലാഭം
ഈ തന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആമ, മാന്‍, കാക്ക, എലി ഇവയാണ്. ഇതിലൂടെ വിശദമാക്കുന്ന തത്ത്വം ശരിയായി വിവേചിച്ചറിഞ്ഞതിനുശേഷം മാത്രമേ അന്യരെ മിത്രങ്ങളാക്കാവൂ എന്നതാണ്.
കാകോലൂകീയം
പ്രകൃത്യാശത്രുക്കളായവര്‍ മിത്രങ്ങളായിത്തീര്‍ന്നാല്‍ സംഭവിയ്ക്കുന്ന ദൂഷ്യവശങ്ങളാണ് ഇതില്‍ പ്രതിപാദ്യം. കാക്കയും മൂങ്ങയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍.
ലബ്ധപ്രണാശം
ചീങ്കണ്ണിയും കുരങ്ങനും മുഖ്യകഥാപാത്രങ്ങളായ ഈ തന്ത്രത്തില്‍ കയ്യില്‍ കിട്ടിയ വസ്തുക്കള്‍ നഷ്ടപ്പെടുന്ന വിധം എപ്രകാരമെന്ന് വിശദീകരിച്ചിരിയ്ക്കുന്നു.
അപരീക്ഷിതകാരിതം
എല്ലാവശവും ചിന്തിയ്ക്കാതെ ഒരു അഭിപ്രായം പറയുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ആണ് ഇതിലെ പ്രതിപാദ്യവിഷയം.
(അവലംബം : മലയാളം വിക്കീപീഡിയ)
ഓരോ ജോലിയും അര്‍ഹരായവരെ നിയമിക്കണമെന്നും ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിഡ്ഢിയായ ഒരുത്തനെ സേവകനാക്കരുതെന്നുമാണ് ഈ കഥയുടെ ഗുണപാഠം. അങ്ങനെ ചെയ്താല്‍ അവന് തോന്നുന്ന കാര്യങ്ങള്‍ ......
കഥകള്‍ കാലത്തെ അതീജീവിക്കുന്നു. കാലികപ്രസക്തിയുണ്ട് പോസ്റ്റിന്.
ക്ലാസ് റൂമുകളില്‍ പഞ്ചതന്ത്രത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ അധ്യാപകര്‍ ശ്രമിച്ചാല്‍ കുട്ടികളും ചിന്താശക്തിയുള്ളവരായി മാറുമെന്നതില്‍ സംശയമില്ല. അഭിപ്രായങ്ങള്‍ തേടുന്നു.
കഥയും ഗുണപാഠവും എന്ന രീതി ഒഴിവാക്കി..കഥാ ചർച്ചകളിലൂടെ സമകാലിക സമൂഹത്തിന്റെ പ്രശ്നങ്ങൾ വിശകലനം ചെയ്യാനുള്ള ഒരു പ്രോസസ്സ് അധ്യാപകർ അവലംബിച്ചാലേ പ്രയോജനം ചെയ്യൂ.
രാജകുമാരന്മാർക്ക് നൽകിയ ക്ലാസുകളാണിവ എന്നും മനസ്സിൽ ഉണ്ടാവണം.
വളരേ നല്ല പോസ്റ്റ് . ഇത്തരം പോസ്റ്റുകള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പോസ്റ്റിലെ ആശയവും ഗൌരവമായി ചര്‍ച്ചചെയ്യേണ്ടതാണ്
ഈ പോസ്റ്റ് ഇന്നത്തെ ദിവസം പ്രസക്തമാണ് .പോലീസെത്തി കാര്യങ്ങള്‍ നേരിട്ട് പരിശോധിച്ചു സ്കൂളിലെ വിവരങ്ങള്‍ ഈ വര്ഷം തന്നെ കൊടുക്കണമെന്നും ,വകുപ്പ് ഈ കാര്യത്തില്‍ ഇടപെടെരുതെന്നും ഹൈക്കോടതി ഉത്തരവ്.വന്ന ദിവസം തന്നെ "---------ആയുധം കിട്ടിയാല്‍ എന്തും ചെയ്യുമെന്ന പോസ്റ്റും" .
"ആ സമയത്ത് ഒരു ഈച്ച വന്നു " -----ഹൈക്കോടതിഉത്തരവാണ് ഇതെന്ന് തോന്നുന്നു."ഈച്ച മൂലം രാജാവിന്റെ ശരീരത്തിലെ രക്ത ക്കറ മുഴുവന്‍ വാര്‍ന്നു പോകും "----മാനേജര്‍ മാരുടെയും അധ്യാപകരുടെയും രക്തക്കറ മുഴുവന്‍ വാര്‍ന്നു പോകും".............
കാട്ടില്‍ നിന്നിറങ്ങിവന്ന കുരങ്ങന്റെ ഭാഗം ചിന്തിക്കാനാണ് എനിക്ക് തോന്നുന്നത്.രാജഭക്തി അവസാനം വരെ നിലനിര്‍ത്തിയ കുരങ്ങന്‍ നാട്ടിലെരാജസദസ്സുകളില്‍ update ആയില്ല.
post നന്നായി
"വിഷ്ണു ശര്‍മ്മ കള്ളത്തരങ്ങള്‍ ചെയ്യും എന്നുള്ള മുന്‍ധാരണ ഉണ്ടാക്കി അദ്ദേഹത്തിന്റെ ഇരുവശങ്ങളിലും പട്ടാളക്കാരെ നിര്‍ത്തി , ജനങ്ങളുടെ മുന്‍പില്‍ അപഹാസ്യനാക്കിയില്ല ."
Free അസ്സലായി....എവിടെയോ ഒരു ബാബൂടച്ച്!! തോന്നലാകാം.
ഐടിയും ഗണിതവും ഇടകലര്‍ന്ന് നമ്മുടെ ചര്‍ച്ചകള്‍ പലപ്പോഴും ഗൗരവമേറിയതായപ്പോള്‍ വിശ്രമവേളകളിലുള്ള ചര്‍ച്ചകള്‍ പലപ്പോഴും കടന്നുവരാതായി. TPFP യ്ക്കും SSLC Data Entry യുടേയും സീരിയസ് ചര്‍ച്ചകളില്‍ മുഴുകി നിന്ന നമുക്കൊരു ആയാസരഹിതമായ പോസ്റ്റാണ് ഇതുവഴി ലക്ഷ്യമിട്ടത്. പഞ്ചതന്ത്രത്തില്‍ നിന്നും പുറത്തു നിന്നുമെല്ലാം കൂടുതല്‍ കഥകള്‍ പ്രതീക്ഷിച്ചു. പക്ഷെ വന്നില്ല.
എന്റെ ക്ലാസിലെ കുട്ടികളോട് മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ പഞ്ചതന്ത്രം കഥ പറയാറുള്ളതാണ്.
എന്തായാലും കഥാചര്‍ച്ചയ്ക്ക് തുടക്കമിടാന്‍ മറ്റൊരു പഞ്ചതന്ത്രം കഥ കൂടി പറയാം.
സമ്പത്തെല്ലാം നശിച്ച് വ്യസനചിത്തനായി പാടലീപുത്രത്തില്‍ വസിച്ചിരുന്ന മണിഭദ്രന്‍ എന്ന വ്യാപാരി പത്തുകോടി സ്വര്‍ണനാണയങ്ങളടങ്ങിയ പത്മനിധി സ്വപ്നം കണ്ടു. ഒരു ബുദ്ധസന്യാസിയുടെ രൂപത്തില്‍ മണിഭദ്രനു മുന്നില്‍ പ്രത്യക്ഷപ്പെട്ട പത്മനിധി ഇങ്ങനെ പറഞ്ഞു.
"നാളെ ഇതേ വേഷത്തില്‍ നിന്റെ വീട്ടിലെത്തും. വരുന്ന വഴി തന്നെ നീ ഒരു വടിയെടുത്ത് എന്റെ തലയ്ക്കടിക്കണം. അങ്ങനെ ചെയ്താല്‍ ഞാന്‍ സ്വര്‍ണമായി മാറി നിന്റെ വീട്ടിലെ ക്ഷയിക്കാത്ത സമ്പത്തായി നിലകൊള്ളും"
പിറ്റേന്ന് രാവിലെ സ്വപ്നത്തില്‍ കണ്ട അതേ സന്യാസി വ്യാപാരിയുടെ വാതിലില്‍ മുട്ടി. പറഞ്ഞപ്രകാരം വ്യാപാരി ഒരു വടിയെടുത്ത് ബുദ്ധസന്യാസിയുടെ തലയ്ക്കടിച്ചു. സന്യാസി സ്വര്‍ണനാണയങ്ങളായി മാറി.
ഈ സമയം അവിടെയുണ്ടായിരുന്ന ക്ഷുരകന്‍ ഇതെല്ലാം കണ്ടു.
'അപ്പോള്‍ ഇങ്ങനെയായിരിക്കും എല്ലാ ബുദ്ധസന്യാസികളും!!!!!!'
ഇതു ചിന്തിച്ച് അയാള്‍ കണ്ണില്‍ക്കണ്ട ബുദ്ധസന്യാസികളെയെല്ലാം പിറ്റേന്നത്തെ പ്രഭാതഭക്ഷണത്തിന് തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചെത്തിയ സന്യാസിമാരെയെല്ലാം വാതിലടച്ച് വീട്ടിന് അകത്താക്കി. എന്നിട്ട് വടിയെടുത്ത് എല്ലാവരുടേയും തലക്കടിച്ചു.
ഹ! വ്യാപാരിയുടെ വീട്ടില്‍ സംഭവിച്ചതുപോലെ എല്ലാവരും സ്വര്‍ണമാകേണ്ടേ?
പക്ഷെ സംഭവിച്ചത് പറയേണ്ടതില്ലല്ലോ. അടി കൊണ്ട് ഒരാള്‍ തല്‍ക്ഷണം മരിച്ചു. ബാക്കിയുള്ളവര്‍ രാജാവിന് അടുത്തേക്കോടി.
രാജാവ് ക്ഷുരകനെ വിളിപ്പിച്ചു. 'നിഷ്ക്കളങ്കനായ' ക്ഷുരകന്‍ താന്‍ വ്യാപാരിയുടെ വീട്ടില്‍ക്കണ്ട കഥ വിവരിച്ചു. രാജാവ് വ്യാപാരിയേയും വിളിച്ചു വരുത്തി സംഭവമാരാഞ്ഞു. സംഭവം രാജാവിന് ബോധ്യപ്പെടുകയും ചെയ്തു. മണിഭദ്രന്‍റെ വീട്ടില്‍ സംഭവിച്ചത് പോലെ എല്ലാ ബുദ്ധസന്യാസിമാരേയും തലക്കടിച്ചാല്‍ സ്വര്‍ണം കിട്ടും എന്ന് ചിന്തിച്ച മൂഢനായ ക്ഷുരകന് നല്ല ശിക്ഷ തന്നെ രാജാവ് നല്‍കി.
എന്താണ് ഈ കഥയിലെ ഗുണപാഠം?
നല്ലവണ്ണം കാണാതെയോ അറിയാതെയോ കേള്‍ക്കാതെയോ പരീക്ഷിച്ചു നോക്കാതെയോ യാതൊരു കാര്യവും ചെയ്യരുത്.
നല്ലവണ്ണം കാണാതെയോ അറിയാതെയോ കേള്‍ക്കാതെയോ പരീക്ഷിച്ചു നോക്കാതെയോ യാതൊരു കാര്യവും ചെയ്യരുത്.വരും വരായ്കകള്‍ ചിന്തിക്കുകയും വേണം.
ഇന്ന് ലോക ഭക്ഷ്യ ദിനം
കാണൂ.. അറിയൂ
അക്ഷര ലോകത്തേക്ക് ഇന്ന് കാലുകുത്തുന്ന മുഴുവന്‍ പിഞ്ചു കുട്ടികള്‍ക്കും മാതസ്ബ്ലോഗിലേക്ക് സ്വാഗതം .
പഠനം അനുകരണമോ ആവര്‍ത്തനമോ അല്ല. അത് ശക്തമായ അമ്പേഷണമാണ്.
എന്റെ ഹൃദയം നിറഞ്ഞ വിദ്യാരംഭദിനാശംസകള്‍
"പഞ്ചതന്ത്രത്തില്‍ നിന്നും പുറത്തു നിന്നുമെല്ലാം കൂടുതല്‍ കഥകള്‍ പ്രതീക്ഷിച്ചു."
ഒരു സംശയനിവാരണത്തിന് ഒരു കഥ എടുത്തെഴുതുകയാണ്. ഓഷോ രജനീഷിന്റെ ഒരു English പുസ്തകത്തില്‍ വായിച്ചതാണ്. ഏതോ കാര്യം വിശദമാക്കാന്‍ അദ്ദേഹം ഈ കഥ പറയുകയായിരുന്നു. കഥ ഓര്‍മയില്‍ നിന്ന് പറയാം, പലതും ഞാന്‍ പറയുന്ന പോലെയായിരിക്കില്ല. ചിലതൊക്കെ ഞാനും മറന്നു പോയിട്ടുണ്ടാകും. ഈ കഥയുടെ original ഏതാണ്, എവിടെയാണ്? വായിച്ചവര്‍ പറഞ്ഞു തരുമല്ലോ. ഇനി കഥ പറയാം.
പണ്ട.. പണ്ട്.. പണ്ട് .. {അങ്ങനെയാണല്ലോ പഴയ കഥകള്‍ ആരംഭിക്കുക) ഒരിടത്ത്, ഒരമ്മയും മകനും ജീവിച്ചിരിന്നു. അച്ഛന്‍ മരിച്ചിട്ട് വര്‍ഷങ്ങളായി. അമ്മക്ക് ഏക ആശ്രയം മകനാണെങ്കിലും അങ്ങനെയൊരു വിചാരം മകനില്ലായിരുന്നു. അമ്മ ദിവസവും കൂലി വേല ചെയ്തു കുടുംബം പോറ്റി കൊണ്ടിരുന്നു. മകനാകട്ടെ യാതൊരു ജോലിയും ചെയ്തിരുന്നില്ല. ലക്കും ലഗാനുമില്ലാത്ത അഭിനിവേശങ്ങളുടെ തടവില്‍ അവന്‍ ഒരു അഭിസാരികയുടെയടുക്കല്‍ ആയിരുന്നു എപ്പൊഴും. ആ സൌന്ദര്യ ധാമം എന്ത് ചോദിച്ചാലും, കൊടുക്കാന്‍ സന്നദ്ധനായി ഒരു അടിമയെ പോലെ അവന്‍ ജീവിതം കഴിച്ചുകൂട്ടി. പകല്‍ മുഴുവന്‍ വേലചെയ്തു തളര്‍ന്നുവന്ന അമ്മ ഭക്ഷണം തയ്യാറാക്കി, രാത്രിയില്‍ ഉറങ്ങാതെ, ഇമകള്‍ കൂമ്പാതെ, വറ്റാത്ത സ്നേഹത്തിന്റെ പ്രഭയില്‍ മകന്‍ വരുന്നതും കാത്തിരിക്കും, വെറുതെ.
ഇതിനകം അമ്മയുടെ കടിനാധ്വാനതിന്റെ ശേഖരങ്ങള്‍ എല്ലാം മകന്‍ അഭിസാരികക്ക് കാള്‍ച വെച്ചിരുന്നു. പിന്നെ അമ്മയുടെ ദിവസക്കൂലിയില്‍നിന്നും മകന്‍ ഒരു പങ്കു എടുത്തു അവളെ കാണാന്‍ പോയി തുടങ്ങി. പക്ഷെ ആ നാണയ തുട്ടുകള്‍ അവള്‍ക്കു നിസ്സാരമായിരുന്നു. അവനെ ആട്ടിയോടിക്കാന്‍ അവള്‍ തീരുമാനിച്ചു. അവളുടെ ആള്‍ക്കാര്‍ അവനെ തല്ലിചതച്ചു, വേദനയോടെ അവന്‍ വേച്ചു വേച്ചു അമ്മയുടെ അടുക്കല്‍ ചെന്നു. ആ വാത്സല്യനിധി രാവും പകലും അവനെ ശുശ്രൂഷിച്ചു.ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ആരോഗ്യം വീണ്ടെടുത്തു. അവന്റെ മനസ്സില്‍ അവളോടുള്ള സ്നേഹം വീണ്ടും ആയിരം നിറങ്ങളില്‍പൊട്ടി വിരിഞ്ഞു. അമ്മയോട് പണം ചോദിച്ചു. ആള്‍ചകളായി ജോലിക്ക് പോവാതെ മകന്റെ ചതവുകള്‍ ഹൃദയത്തില്‍ ആവാഹിച്ചു നീറുന്ന അമ്മയുടെ കയ്യില്‍ പണം മാത്രം ഇല്ലായിരുന്നു.അമ്മയെ വാക്കുകളാലും അവന്റെ ബലമാര്‍ന്ന പേശികളാലും നോവിച്ചു അവന്‍ അഭിസാരികയുടെ മന്ദിരത്തിലേക്കു പോയി. അവന്റെ ഉടുപ്പുകള്‍ അവന്റെ മനസ്സ് പോലെ മുഷിഞ്ഞതായിരുന്നു, കീശ അവന്റെ ചിന്തകള്‍ പോലെ ദരിദ്രമായിരുന്നു. എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കണം എന്ന വിചാരത്തില്‍, അവന്‍ അവളുടെ കതകില്‍ മുട്ടി. സ്വപ്ന സൌന്ദര്യവിഗ്രഹം പ്രത്യക്ഷപ്പെട്ടു. അവന്‍ വിഗ്രഹത്തോട് ആഗ്രഹം പറഞ്ഞു. അവള്‍ നീരസത്തോടെ അവനെനോക്കി വാതില്‍ കൊട്ടിയടച്ചു. വീണ്ടും വീണ്ടും അവന്‍ മന്ദിരത്തിന്റെ പല ഭാഗത്ത് നിന്നും പല വാതായനങ്ങളില്‍ നിന്നും കിതച്ചു കൊണ്ട് അവളെ വിളിച്ചകൊണ്ടേയിരുന്നു, കെട്ടഴിച്ചു വിട്ട ഭ്രാന്തനെ പോലെ.
പണവും നാണവും ഇല്ലാത്ത ഇവനെ എങ്ങിനെ ഒഴിവാക്കാം എന്ന് അവള്‍ ചിന്തിച്ചു. ഒരു തീരുമാനത്തില്‍ എത്തി. അവള്‍ വാതില്‍ തുറന്നു. എന്നിട്ട് പറഞ്ഞു: "ഞാന്‍ നിന്നെ എന്റെ ഭര്‍ത്താവായി സ്വീകരിക്കാം"
അവന്റെ മുഖം ആനന്ദത്താല്‍ ചുവന്നു. അവള്‍ തുടര്‍ന്നു: "എപ്പോഴാണോ നീ നിന്റെ അമ്മയുടെ തുടിക്കുന്ന ഹൃദയം വെട്ടി മാറ്റി എന്റെ മുന്‍പില്‍ കൊണ്ട് വരിക, അന്ന് നീ എന്റെ ഭര്‍ത്താവാകും, തീര്‍ച്ച!"
അവന്‍ നിലവിട്ട ഉന്മാദത്തില്‍ ആയിരുന്നു. ഭ്രാന്തമായ അക്ഷമയോടെ അവന്‍ വീട്ടിലേക്കോടി. അവളാകട്ടെ ഇയാള്‍ ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്ന ആശ്വാസത്തോടെ വാതിലടച്ചു.
അയാള്‍ വീട്ടിലെത്തിയപ്പോള്‍ സന്ധ്യയായിതുടങ്ങിയിരുന്നു. കൂലി വേല കഴിഞ്ഞു അമ്മ തിരിച്ചു വരുന്നതേയുള്ളൂ. ക്ഷീണിതയായ ആ വൃദ്ധയെ കണ്ടമാത്രയില്‍ മകന്‍ ഒന്ന് പരുങ്ങി. മകന്റെ മുഖത്തെ ക്ഷീണവും അങ്കലാപ്പും കണ്ടു അമ്മ ചോദിച്ചു. "നീ എന്താ വല്ലാതെ ഇരിക്കുന്നത് മോനെ ? "
"ഒന്നുമില്ലമ്മേ.."
"പിന്നെ?"
അപ്പോഴേക്കും രാത്രി വന്നു ...വിചാരിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കി അവന്‍ പുറത്തിറങ്ങി , പച്ച നിറം വറ്റാത്ത ഒരു വഴയിലയില്‍ അമ്മയുടെ മിടിക്കുന്ന ഹൃദയവുമായി അവന്‍ അഭിസാരികയുടെ മന്ദിരം ലക്ഷ്യമാക്കി ഓടി, അവന്റെ വഴിയിലും മനസ്സിലും ഇരുട്ട് മാത്രം! ഓട്ടത്തിനിടയില്‍ ഒരു വടവൃക്ഷത്തിന്റെ വേരില്‍ തട്ടി അവന്‍ വീണു. നിശബ്ദത... നിരാര്‍ദ്രയയായ രാത്രിയുടെ തണുത്ത നിശബ്ദത മാത്രം ... പതുക്കെ ഒരു നേര്‍ത്ത, ഇടറിയ ശബ്ദം അവന്‍ കേട്ടു
" മോനെ, നിനക്ക് വല്ലതും പറ്റിയോ..?"
കുറച്ചകലെ തെറിച്ചു വീണ അമ്മ ഹൃദയം അപ്പോഴും മിടിക്കുന്നുണ്ടായിരുന്നു.
അഞ്ജന,
ഉറവ വറ്റാത്ത മാതൃസ്നേഹത്തിന്റെ ഈ കഥ എന്നും മനസ്സില്‍ സൂക്ഷിക്കത്തക്ക രീതിയില്‍ കോറിയിട്ടത് ഹൃദ്യമായി...നന്ദി!
എന്നും മിടിക്കുന്ന ആ മാതൃഹൃദയം മനസ്സിലാക്കാന്‍ എല്ലാ സഹോദരങ്ങള്‍ക്കും കഴിയട്ടെ.
പോസ്റ്റില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം മനസ്സിലായി. സന്ദര്‍ഭോചിതം. പക്ഷെ, ഈ കഥകളൊക്കെ അധ്യാപകര്‍ വേണ്ട വിധം ചര്‍ച്ച ചെയ്യാനെടുത്തോ എന്നു സംശയം. എണ്ണത്തില്‍ കൂടുതലാണെങ്കിലും പ്രതികരണശേഷി കുറവായ വിഭാഗം തന്നെ, അധ്യാപക സമൂഹം!
ശുംഭനായ കുരങ്ങന്‍ എന്നോ
കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതു പോലെ
എന്നോ ഉള്ള തലക്കെട്ടുകളായിരിക്കും പോസ്റ്റിന് കൂടുതല്‍ യോജിച്ചത്.
LOOKING IN TODAY'S SITUATION ,WE SHOULD READ THIS STORY.
ONLY NEEDY SHOULD BE APPOINTED FOR THE JOB.
"വിഡ്ഢിയായ ഒരുത്തനെ സേവകനാക്കരുത് . "
@ drawing sir,
കുബുദ്ദിക്ക് പോലും വിഷയം മനസ്സിലായി. മറ്റുള്ളവര്‍ അമര്‍ഷം മൌനത്തില്‍ ഒതുക്കിയതാവാം
പോലീസെ തലയെണ്ണിയാല്‍ (അവര്‍ ശരിക്കും പണി ചെയ്താല്‍!) ജോലി നഷ്ടപെടുന്ന അധ്യാപകരുടെയും അവരുടെ ലക്ഷങ്ങള്‍ വരുന്ന കോഴപ്പണം തിരിച്ചു കൊടുക്കേണ്ടി വരുന്ന മാനേജ്‌മന്റ്‌ന്റെയും വേദനയെ കുറിച്ച് എന്താ ആരും ഒന്നും പറയാത്തത്?
അവര്‍ക്ക് വേണ്ടി എന്റെ ഒരു വക ഇറ്റു കണ്ണുനീര്‍!
:(
നന്ദി
Post a Comment