സ്റ്റുഡന്‍റ്പോലീസ് പരിപാടിയെപ്പറ്റി
>> Saturday, August 28, 2010
കോഴിക്കോട്ട് നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്ക്കൂള്‍ കലാമേളയ്ക്ക് വേണ്ടി നഗരത്തിലെ 16 സ്ക്കൂളുകളില്‍ നിന്ന് 800 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് കുട്ടിപ്പോലീസെന്ന പേരില്‍ വാളണ്ടിയേഴ്സായി നിയമിച്ചു. പോലീസ് സൈന്യത്തിന്റെ ക്ഷാമം മനസ്സിലാക്കിക്കൊണ്ടു തന്നെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ പി.വിജയന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഇത്. പക്ഷെ പ്രതീക്ഷിച്ചതിന്റെ ഇരട്ടി ഫലമാണ് കണ്ടത്. കുട്ടികള്‍ തങ്ങള്‍ക്കു ലഭിച്ച ഉത്തരവാദിത്വം മനോഹരമായി നിറവേറ്റി. കേഡറ്റുകളുടെ ചിട്ടയും നിയന്ത്രണമികവും മൂലം ഇവര്‍ എല്ലാവരുടേയും പ്രശംസക്ക് പാത്രമായി. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും ചേര്‍ന്ന് ഇത് കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പിലാക്കാനുള്ള പദ്ധതിയിട്ടത്. എങ്ങനെയാണിത് നടപ്പാക്കുന്നത്. നോക്കാം.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം അത്ഭുതാവഹമാണ്. ഇന്ത്യാരാജ്യത്തിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത വിധം വിപുലമാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം. വിപുലമായ ഈ സംവിധാനത്തിന്റെ ഉള്ളടക്കത്തില്‍ വന്ന മാറ്റം നമ്മുടെ വിദ്യാഭ്യാസത്തിന് ജനകീയ മുഖം പകര്‍ന്നു നല്‍കി. തന്റെ അനുഭവ പരിസരത്തുനിന്ന് പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും , പ്രശ്ന പരിഹാരത്തിന് തന്റേതായ വഴി കണ്ടെത്താനും പുതിയ പഠനക്രമം കുട്ടിയെ പ്രാപ്തനാക്കി. കട്ടിയിലെ കഴിവുകളെ രാജ്യനന്മക്കുകൂടി ഉപയോഗിക്കാന്‍ കഴിയുമ്പോഴേ നമ്മുടെ പൊതു വിദ്യാഭ്യാസം അതിന്റെ ലക്ഷ്യത്തിലെത്തൂ. ഈ ഒരുദ്ദേശം കൂടി മുന്നില്‍ കണ്ടു കൊണ്ടാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റെന്ന ആശയത്തിന്റെ തുടക്കം.
കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ ഈ സംവിധാനമുള്ള എല്ലാ സ്‌കൂളുകളും ഈ പദ്ധതിയുടെ കീഴില്‍ വരും. മറ്റു ജില്ലകളിലെല്ലാം കൂടി നൂറ് സ്‌കൂളുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചിട്ടയായ പരിശീലനമാകും ഇവര്‍ക്കു ലഭിക്കുക. ഇവര്‍ സമൂഹത്തിനൊരു മുതല്‍ക്കൂട്ടായി മാറുമെന്നതില്‍ സംശയമില്ല. വിനയം, അച്ചടക്കം, ആത്മാര്‍ത്ഥത, വിവേകം, ധൈര്യം, കാര്യക്ഷമത തുടങ്ങി ഒരു വ്യക്തിക്കു വേണ്ട ഗുണങ്ങളുള്ള ഒരു സമൂഹം നമ്മുടെ രാജ്യസുരക്ഷ കൂടി ഉറപ്പു നല്‍കുന്നു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയില്‍ അംഗമാവുന്ന കുട്ടികള്‍ക്ക് നിര്‍ബന്ധിത നീന്തല്‍ പരിശീലനം ലഭിക്കും.
എന്നാല്‍ കേഡറ്റ് ആകാന്‍ ചില മാനദണ്ഡങ്ങളുണ്ട്. പരീക്ഷയില്‍ 50 ശതമാനം(സി.പ്ലസ്) മാര്‍ക്ക് വേണം. ശാരീരിക ക്ഷമതയുണ്ടാകണം. രക്ഷിതാവിന്റെ സമ്മതവും പ്രധാനാധ്യാപകനില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം. ഒരു വര്‍ഷം ചുരുങ്ങിയത് 60 മണിക്കൂര്‍ കായിക പരിശീലനം ഒരു കേഡറ്റിന് ലഭിക്കണം. പരിശീലന സമയത്ത് വെളുത്ത ടീഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. പരിശീലന ദിവസങ്ങളില്‍ ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കും.
എന്‍.സി.സിയുടെ അച്ചടക്കവും എന്‍.എസ്.എസിന്റെ സേവനമനോഭാവവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു വിങ്ങായിരിക്കും കുട്ടിപ്പോലീസ് സേന. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായി മികവ് തെളിയിക്കുന്നവര്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും പോലീസ്‌സേന ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന നല്‍കുന്നതും സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യം ആഭ്യന്തരമന്ത്രി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ സമാപനച്ചടങ്ങിനു ശേഷം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേക കേഡറ്റുകള്‍ ഉണ്ടാകും. 500 കുട്ടികള്‍ എങ്കിലുമുള്ള സ്‌കൂളുകളിലേ പദ്ധതി തുടങ്ങൂ. അധ്യാപകരില്‍നിന്ന് കമ്മ്യൂണിറ്റി പോലീസ് ഓഫീസറും അസി. കമ്മ്യൂണിറ്റി പോലീസ് ഓഫീസറും വേണം. ഒരാള്‍ വനിതയാകണം. ഇവര്‍ക്ക് പ്രതിഫലം നല്‍കും. കാക്കി പാന്റ്, കാക്കിഷര്‍ട്ട്, കറുത്ത ബെല്‍റ്റ്, കാക്കി സോക്‌സ്, കറുത്ത ഷൂ, വട്ടത്തൊപ്പി എന്നിവ ചേര്‍ന്നതാണ് കേഡറ്റിന്റെ യൂണിഫോം. ഓരോ വര്‍ഷവും ഒരു നക്ഷത്രം യൂണിഫോമില്‍ ചേര്‍ക്കും. പരിധിയിലെ പോലീസ് സി.ഐ. ലെയ്‌സണ്‍ ഓഫീസറാണ്. ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓരോ വര്‍ഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, നിയമസാക്ഷരതാ ക്ലാസുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എകൈ്‌സസ്, ആര്‍.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വര്‍ഷം 130 മണിക്കൂര്‍ സേവനമാണ് നടത്തേണ്ടത്. സ്‌കൂള്‍തല ഉപദേശക സമിതിയില്‍ പ്രധാനാധ്യാപകനും സി.ഐ.യും പി.ടി.എ. പ്രതിനിധിയും എക്‌സ്‌സൈസ്, വാഹനഗതാഗതം, വനം എന്നീ വകുപ്പുകളുടെ പ്രതിനിധികളും ജനപ്രതിനിധിയും അടങ്ങും.
ഈ പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് നടത്തി വിജയിപ്പിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയനെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. കോഴിക്കോട് കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ എ.പി. ഷൗക്കത്തലിയാണ് അഡീഷണല്‍ നോഡല്‍ ഓഫീസര്‍. റോഡ് സുരക്ഷാ ഫണ്ട്, ജനമൈത്രി പോലീസ് ഫണ്ട്, രാഷ്ട്രീയ മാധ്യമശിക്ഷാ അഭിയാന്‍ ഫണ്ട് എന്നിവയില്‍ നിന്നും വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനം, എക്‌സ്‌സൈസ്, വാഹനഗതാഗതം എന്നിവയുടെ ബജറ്റ് വിഹിതത്തില്‍നിന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്തനാണ് നിര്‍ദ്ദേശം.
അവശ്യഘട്ടങ്ങളില്‍ പോലീസ് സേനയെ ക്രമസമാധാന പരിപാലനത്തില്‍ സഹായിക്കുന്നതിനൊപ്പം വ്യക്തിത്വ വികാസവും പൊതുജനസേവനവും ലക്ഷ്യങ്ങളായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പല വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് മയക്കുമരുന്നിന്റേയും മാഫിയാസംഘങ്ങളുടേയും സ്വാധീനം വര്‍ധിച്ചു വരുന്നത് പേടിയോടെയേ കാണാന്‍ കഴിയൂ. ആഢംബരജീവിതത്തിലേക്ക്പെട്ടെന്ന് എത്തിച്ചേരാനുള്ള കുട്ടികളുടെ താത്പര്യം അവരെ തെറ്റായ വഴികളിലൂടെ നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. നമുക്കു വേണ്ടത് രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കാന്‍ കാര്യപ്രാപ്തിയുള്ള തലമുറയേയാണ്. കൗമാരത്തിന്റെ പ്രലോഭനങ്ങളില്‍ വഴിതെറ്റിപ്പോകാതെ ഉള്‍ക്കരുത്തുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമ്മുടെ കുട്ടിപ്പോലീസ് സംവിധാനത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.
31 comments:
പോലീസ് കുട്ടികള്‍, കൊള്ളാം!
സ്കൂളിന്റെ അച്ചടക്കം, ക്രമസമാധാനം, വ്യക്തിത്വവികസനം, പൊതുസേവനം...എല്ലാം മെച്ചപ്പെടുമെന്ന് കരുതാം.
"അധ്യാപകരില്‍നിന്ന് കമ്മ്യൂണിറ്റി പോലീസ് ഓഫീസറും അസി. കമ്മ്യൂണിറ്റി പോലീസ് ഓഫീസറും വേണം. ഒരാള്‍ വനിതയാകണം. ഇവര്‍ക്ക് പ്രതിഫലം നല്‍കും."
ആഹാ...ഇനി എസ്.ഐ മാഷാകാനും, എ.എസ്.ഐ ടീച്ചറാകാനും പൊരിഞ്ഞ ഇടി നടക്കുമായിരിക്കം, അല്ലേ..?
എസ്.ഐ. ബാബൂജേക്കബ് മാഷ്...ഉം കേള്‍ക്കാനും രസമുണ്ട്.
ഹോംസ് ചേട്ടാ,
എസ്.ഐ. ബാബൂജേക്കബ് മാഷും എ.എസ്.ഐ. ഗീതാസുധിടീച്ചറും തന്നെയാകണമെന്നില്ല! തിരിച്ചും ആകാം കേട്ടോ.
കുട്ടികള്‍ക്കും പോലീസാകാന്‍ താല്പര്യമായിരിക്കും. പോലീസ് സേനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും ഇതു വഴി പദ്ധതിയുണ്ടാകും. ഈ ചിത്രങ്ങളൊന്നു നോക്കൂ.
OT: കോട്ടയത്ത് നിന്ന് ഒരാഴ്ച കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ഹോംസിന് ബാബു മാഷ് മറുപടി തരുന്നതായിരിക്കും.
തിരിച്ചായാല്‍ കല്പന SI യും ജഗദീഷ് PC യുമായതുപോലെ പറ്റുമോ?
ഇതു നല്ല ആശയം തന്നെ. ഉത്തരവാദിത്വത്തോടെ കറേ കുട്ടികള്‍ സ്ക്കുളിലെ അച്ചടക്ക ചുമതല ഏറ്റെടുക്കട്ടെ. ഓഫിസര്‍മാരും അവര്‍തന്നെയാവണം.
"കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടക്ക് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം അത്ഭുതാവഹമാണ്. ഇന്ത്യാരാജ്യത്തിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത വിധം വിപുലമാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം. വിപുലമായ ഈ സംവിധാനത്തിന്റെ ഉള്ളടക്കത്തില്‍ വന്ന മാറ്റം നമ്മുടെ വിദ്യാഭ്യാസത്തിന് ജനകീയ മുഖം പകര്‍ന്നു നല്‍കി. തന്റെ അനുഭവ പരിസരത്തുനിന്ന് പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും , പ്രശ്ന പരിഹാരത്തിന് തന്റേതായ വഴി കണ്ടെത്താനും പുതിയ പഠനക്രമം കുട്ടിയെ പ്രാപ്തനാക്കി."
ഈ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാകാനും, മക്കള്‍ക്കെല്ലാം ഈ വിദ്യാഭ്യാസം തന്നെ നല്‍കിക്കൊണ്ടിരിക്കാനും കഴിഞ്ഞതില്‍ അനല്പമായ അഭിമാനം!
കുട്ടിപ്പോലീസ് പ്രസ്ഥാനം പടര്‍ന്നു പന്തലിക്കട്ടെ!
Excellent IDEA,
Wish this project all the best.
"കൗമാരത്തിന്റെ പ്രലോഭനങ്ങളില്‍ വഴിതെറ്റിപ്പോകാതെ ഉള്‍ക്കരുത്തുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമ്മുടെ കുട്ടിപ്പോലീസ് സംവിധാനത്തിന് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം."
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
കുട്ടിപ്പോലീസിനെക്കുറിച്ച് വായിച്ചപ്പോള്‍ ഞങ്ങളുടെ സ്ക്കൂളിലും ഒരു യൂണിറ്റ് ആരംഭിച്ചാലോ എന്നൊരു ആഗ്രഹം. ഷെമി ടീച്ചറേ, ലേഖനം ഉഷാര്‍.
കുട്ടി പോലീസ് ആശയം കൊള്ളാം, പക്ഷെ മേല്പറഞ്ഞ ആവിശ്യങ്ങള്‍ക്ക് NCC യെ സജീവമാക്കിയാല്‍ പോരെ .
കുട്ടിപ്പോലിസ് ഒരു സംഭവമായിരിക്കും, ഉറപ്പ്. കുട്ടികള്‍ക്ക്, മുതിര്‍ന്നവരെപ്പോലെ വ്യക്തി വൈരാഗ്യവും, പണത്തിനോടുള്ള ആര്‍ത്തിയും വളരെക്കുറയും. മാത്രമല്ല, കുട്ടികളില്‍ ബഹു ഭൂരിഭാഗവും, അച്ചടക്കമുള്ളവരും ആദര്‍ശമുള്ളവരും ആയിരിക്കും. അതുകൊണ്ട് തന്നെ , ഭാവിയില്‍ നമുക്കൊരു മാതൃകാപോലീസ് സേനയെ കേരളത്തില്‍ പ്രതീക്ഷിച്ചാല്‍ തെറ്റില്ല. കൂട്ടത്തില്‍ എന്റെ തികച്ചും വ്യക്തിപരമായ ഒരു നിര്‍ദ്ദേശം പറയട്ടെ? ഹൈസ്കൂള്‍ വിദ്യാഭ്യാസത്തോടുകൂടി ഈ കുട്ടികളെ, ഡ്രൈവിംഗ് കൂടി പഠിപ്പിച്ചാല്‍ നന്നായിരിക്കും. ഹൈസ്കൂള്‍ പാസാകുന്ന ഓരോ കുട്ടിയും, ലേണിംഗ് ലൈസന്‍സിന് ഉള്ള യോഗ്യതയും കൂടി നേടിയാല്‍, അവര്‍ റോഡു നിയമങ്ങളെക്കുറിച്ച് ബോധാവാന്മാരാവുകയും, മറ്റുള്ളവരെ ബോധാവന്മാരാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചു കൂടെ?
കുട്ടി പോലീസ് സംവിധാനമൊക്കെ കൊള്ളാം..
പക്ഷെ പിള്ളേരെപ്പഴാ ക്ലാസില്‍ പോകുന്നേ..?
രാവിലേം വൈകിട്ടും ട്യൂഷന്‍, ശനി, ഞായര്‍ ട്യൂഷന്‍..
ഇതിനിടേല്‍ ഇതിനു കൂടി പോയാല്‍ പഠിക്കാനെപ്പഴാ സമയം.?
ഒക്ടോബറില്‍ പരീക്ഷയാ..
മിടുക്കരായ കുട്ടികളെ മാത്രമേ കുട്ടിപ്പോലീസ് വഴി ഉദ്ധരിക്കുകയുള്ളു എന്നു തോന്നുന്നു. എന്തെന്നാല്‍, ശാരീരിക ക്ഷമതയും മാര്‍ക്കും നോക്കി മാത്രമേ ഒരു കുട്ടിയെ കുട്ടിപ്പോലീസാക്കുകയുള്ളുവെന്നല്ലേ നിബന്ധന. അതായത്, മാര്‍ക്കു കുറഞ്ഞവനും ആരോഗ്യം കുറഞ്ഞവനും ഇതൊന്നും അറിയുകയും പഠിക്കുകയും വേണ്ട. അവനങ്ങനെയിരിക്കട്ടെയല്ലേ.
നേരേ തിരിച്ചായിരുന്നില്ലേ വേണ്ടത്?
ഗ്രേഡ് കുറഞ്ഞ, എക്സ്ട്രാ എനര്‍ജിയുള്ള കുട്ടികളെ കുട്ടിപ്പോലീസാക്കിയാല്‍ കൂടുതല്‍ നന്നായേനേ..! അല്ലാതെ "പഠിക്കുന്ന" ചോക്കളേറ്റ് കുട്ടികളെക്കൊണ്ട് ഗുണമുണ്ടാകാന്‍ സാദ്ധ്യത കുറവ്.
@jayan എന്‍.സി.സി- യേക്കാള്‍ ഒരു പടി മുകളിലായിരിക്കും പ്രവര്‍ത്തനങ്ങള്‍.(കഴിഞ്ഞ സ്ക്കൂള്‍ കലാമേളയില്‍ കണ്ടതാണ്) കൂടാതെ ഇത് സമൂഹജീവിതത്തിനോട് അടുത്തു നില്‍ക്കുന്നു.
@ ചിക്കു നല്ല അധ്യാപകര്‍ ട്യൂഷന്‍ പ്രോമ്സാഹിപ്പിക്കില്ല
@vijayan kadavath ശാരീരികക്ഷമത പരിഗണിക്കേണ്ടതല്ലേ? മാര്‍ക്ക് ഒരു മാനദണ്ഡമാക്കണമെന്ന് എനിക്കും അഭിപ്രായമില്ല.
@ഹോംസ് പഠിക്കുന്നവരെല്ലാം ചോക്ളേറ്റ് കുട്ടികളാണെന്ന ധാരണ പൊതുവിദ്യാലയങ്ങളില്‍ വന്നാല്‍ തിരുത്തപ്പെടും.
കൂടാതെ ഇത് സമൂഹജീവിതത്തിനോട് അടുത്തു നില്‍ക്കുന്നു.
ഇതിനിപ്പോ ഞാന്‍ മറുപടി നല്‍കിയാല്‍ വിഷയം ട്യൂഷനിലേക്ക് മാറും..
അതു കൊണ്ട് മറുപടിയില്ല..
ഈ വക പരിപാടികള്‍ കുട്ടികളുടെ പഠന സമയം അപഹരിക്കുന്നു
എന്നൊരു പരാതി പല അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ട്.
ഒരുപാട് അധിക പരിപാടികളൂണ്ട് അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും.
അതിനിടയില്‍ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ ക്ലാസും
പഠിക്കാന്‍ ട്യൂഷന്‍ ക്ലാസുമാ ശരണം.
ഇനിയിപ്പം കലോത്സവമായി, കായിക പരിപാടികളായി..ഒപ്പം ഇതൊക്കെയും..
ഒക്ടോബര്‍ പരീക്ഷയ്‌ക്ക് മുന്‍പ് ഓടിച്ചിട്ടു പോര്‍ഷന്‍ തീര്‍ക്കുന്ന രംഗമാ ഇനി സ്‌കൂളൂകളില്‍..
അല്ല.. കാണാന്‍ പോകുന്നതു പറഞ്ഞു കേള്‍ക്കണോ..അല്ലേ ..?
@ ചിക്കു മാഷ്
ഞങ്ങളുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അലമ്പ് തോന്നരുത്. മേളയില്‍ പങ്കടുക്കുന്നതും പോലീസാകുന്നതും ഒക്കെ പഠനത്തിന്റെ ഭാഗം തന്നെയാണ്. പോര്‍ഷന്‍ തീര്‍ക്കുക ,പോഷന്‍ തീര്‍ക്കുക. ഈയൊരു വിചാരം മാത്രമെ ചില അധ്യാപകര്‍ക്കുള്ളു.അത് പരിശോധകരുടെയോ, രക്ഷിതാക്കളുടെയോ മുമ്പില്‍ ഞാനിതാ എല്ലാം പഠിപ്പിച്ചിട്ടുണ്ട് എന്ന് കാണിക്കാനുള്ള ഒരു വ്യഗ്രത മാത്രമാണ്. എത്രയും നേരത്തെ പോര്‍ഷന്‍ തീര്‍ത്ത് തന്റെ ജോലി തീര്‍ക്കുന്ന മിടുക്കന്മാരും ഉണ്ട്. അവരില്‍ ചിലര്‍ക്ക് ക്ലാസ് റൂം പഠനം മാത്രമേ പഠനമായിത്തോന്നാറുള്ളു.
സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് കുട്ടികള്‍ കോഴിക്കോട്ടു നടത്തിയ സേവനത്തിന്റെ ഉദാത്ത മാതൃക അധികാരികളെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.ആ രണ്ടാഴ്ച കൊണ്ട് അവരെന്തെല്ലാമാണ് പഠിച്ചതെന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസം.ഞാന്‍ നേരിട്ട് കണ്ടും അറിഞ്ഞും മന്സ്സിലാക്കിയതാണേ
പരിശീലനത്തില്‍ നീന്തല്‍ കൂടി ഉള്‍പ്പെടുത്താനുള്ള പദ്ധതി സ്വാഗതാര്‍ഹമാണ്.
ഒന്നു രണ്ടാഴ്ച മുമ്പ് നമ്മുടെ വിജയന്‍ സാര്‍ എന്നെ വിളിച്ചിരുന്നു. ആകെ വല്ലാത്ത വിഷമത്തിലായിരുന്നു അദ്ദേഹം, സാറിന് വളരെയടുത്ത് പരിചയമുള്ള ഒരു എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച സംഭവം കേട്ടപ്പോള്‍ ഒരുപാട് വേദന തോന്നി. കാരണം, ഒരു നിര്‍ദ്ധന കുടുംബത്തിലെ പ്രതീക്ഷയായിരുന്നു ആ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി. പാഠ്യപദ്ധതിയുടെ ഭാഗമായി അവനന്ന് നീന്തല്‍ പഠിച്ചിരുന്നെങ്കില്‍......
സ്ക്കൂള്‍ ഡയറി - 9 മയൂരവാഹനന്റെ പരാക്രമങ്ങള്‍ click here
ജനവാതിലില്‍
"പാഠ്യപദ്ധതിയുടെ ഭാഗമായി അവനന്ന് നീന്തല്‍ പഠിച്ചിരുന്നെങ്കില്‍......"
തട്ടേക്കാട് ദുരന്തമുണ്ടായപ്പോള്‍ നീന്തലിനെ പാഠ്യവിഷയമായി മാറ്റുമെന്ന് പ്രസ്താവന വന്നത് ഒരു സ്മാരകശില പോലെ നില്‍ക്കുന്നു. അന്നത്തെ ഒരാവേശത്തിന്, അങ്ങനെ, ഇന്ന് ഇങ്ങനെ.. അല്ലാതെ ഇതൊന്നും അത്ര വലിയ ഗൗരവത്തോടെ കാണണമെന്നു തോന്നുന്നില്ല.
എന്തായിത്..! ഇവിടെങ്ങുമാരുമില്ലേ..?
ഞാനിവിടെയുണ്ട്!
മാഷന്മാരെല്ലാം എങ്ങനെ ആദായനികുതി കൊടുക്കാതെ രക്ഷപ്പെടാമെന്നുള്ള പഠനത്തിലായിരിക്കും..!
ഫ്ലാഷ് ഓടുന്നത് കണ്ടില്ലേ ഗീതടീച്ചറേ?
കുട്ടിപ്പോലീസ് ആശയത്തിന് അഭിവാദ്യങ്ങൾ-
SITC മാരെ തിരഞ്ഞെടുത്തപ്പോഴും പലരും വിമർശിച്ചിരുന്നു. അത് വിജയിച്ചപ്പോലെ ഇതും വിജയിക്കും.
ഹോംസ് നെ പോലുള്ള സംബന്നന്മാര്ക് ടാക്സ് കണക്കു കൂട്ടാന്‍ വേണ്ടി യാനെ മാഷന്മാര്‍ ബ്ലോഗ് തുടങ്ങിയത് .
ശോഭമുരളി,
പള്ളിപ്പുറം,
ലേഖനം വായിച്ചു.നന്നായിരുന്നു.നമുക്കും തുടങ്ങണം കുട്ടിപോലീസ്
.
@ ഗീതാ സുധി ടീച്ചര്‍ ,
s .i .യുടെ തൊപ്പി വെക്കാന്‍ മനോഹരമായ ഒരു തല മാത്രം പോരാ അതിനുള്ളിലും എന്തെങ്കിലും വേണം . എട്ടുകാലിയെ കണ്ടാലെങ്കിലും കൂട്ടിയിടിക്കാത്ത കാല്‍മുട്ടുകളും .
.
@ appachanozhakkal,@ hari നല്ല നിര്‍ദേശങ്ങള്‍....
അല്ല ടീച്ചര്‍ ഒരു സംശയം.....
സ്കൂള്‍ സമരം നേരിടാന്‍ ഈ കുട്ടിപോലീസ് ഉപകാരപ്പെടുമോ ?
"s .i .യുടെ തൊപ്പി വെക്കാന്‍ മനോഹരമായ ഒരു തല മാത്രം പോരാ അതിനുള്ളിലും എന്തെങ്കിലും വേണം . എട്ടുകാലിയെ കണ്ടാലെങ്കിലും കൂട്ടിയിടിക്കാത്ത കാല്‍മുട്ടുകളും ."
ഹഹഹ...കമന്റിലെ നര്‍മ്മം ശരിക്കും ആസ്വദിച്ചു!
ആ തലയിലെ നിറബുദ്ധിയില്‍ നിന്നൊരല്പം കടം തരുമോ..?
മുട്ടുകാല്‍ എന്റേതാണ് ഭേദമെന്നു തോന്നുന്നു. വിന്റോസ് പ്രേമത്തിന്റെ കമന്റുകള്‍ക്ക് കണക്കിന് കിട്ടുമ്പോള്‍ കമന്റുകളും ഡിലീറ്റ് ചെയ്തുള്ള ആ ഓട്ടപ്പാച്ചിലില്‍ മുട്ട് തേയ്മാനം കൂടാന്‍ സാധ്യത താങ്കള്‍ക്കു തന്നെ!
ബാബൂജേക്കബ സാറേ,
വെക്കേഷനൊക്കെ അടിച്ചുപൊളിച്ചോ?
ഓ.ടി :
ഇന്നത്തെ മാതൃഭൂമിയില്‍ വന്ന ഒരു കണക്കു 'എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടുന്നില്ല .ഒന്ന് സഹായിക്കണേ ! 'മുഖ്യമന്ത്രി വില്‍പനക്കാരനായി വീടിന്നു മുമ്പില്‍...........466 രൂപ വിലയുള്ള ചികരിതടുക്ക്20 ശതമാനം വിലക്കൂരവൊദെ 355 രൂപക്കാണ് വിറ്റത്.ഒരു ഒക്കായ്മ .തെറ്റ് പത്രത്തിനോ മന്ത്രിക്കോ?
.
ക്ഷേമാന്വേഷണങ്ങള്‍ക്ക് നന്ദി ഗീത ടീച്ചറെ.
വല്ലപ്പോഴും നാട്ടില്‍ എത്തുന്നതല്ലേ? വെക്കേഷന്‍ അടിച്ചുപൊളിച്ചു. പിന്നെ ഇന്ന് സ്കൂള്‍ തുറക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ഒരു ......
ഈ കമന്റും ഡിലീറ്റ് ചെയ്തു ഓടിപോകേണ്ടി വരും എന്ന് ഭയപ്പെട്ടിരുന്നു. ഭാഗ്യം. ഓടേണ്ടി വന്നില്ലല്ലോ .
.
കൊള്ളാം .....
Post a Comment