മൊബൈല്‍ ഫോണും കുട്ടികളും

>> Sunday, August 1, 2010

അനാവശ്യ വസ്‌തു എന്ന് ഒരു കാലത്ത് വിലയിരുത്തപ്പെട്ടിരുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ന് അത്യാവശ്യ വസ്‌തുക്കളൂടെ പട്ടികയില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചില സന്ദര്‍ഭങ്ങളിലെങ്കിലും ഏറെ ഉപകാരപ്രദമായ ഈ ഉപകരണം നമ്മുടെ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സ്വാധീനം ചെറുതല്ല.കൂട്ടുകാരുടെയൊപ്പം കളിച്ചും മരത്തില്‍ കയറിയും പൂമ്പാറ്റകളെ പിടിച്ചും നടക്കുന്ന ഒരു ബാല്യകാലം നമ്മുടെ കുട്ടികളില്‍ അന്യമായിരിക്കുന്നു. പകരം ഇന്ന് വൈകുന്നേരങ്ങളില്‍ കുട്ടികളുടെ കളിസ്ഥലത്തേക്കു നോക്കൂ. മൊബൈലില്‍ ഒറ്റയ്‌ക്കിരുന്നു സംസാരിക്കുന്ന കുട്ടികള്‍, വിവിധ മൊബൈല്‍ കമ്പനികളൂടെ എസ്.എം.എസ് പായ്‌ക്കുകളുമായി എസ്.എം.എസ് ചെയ്യുന്നവര്‍, വീഡിയോകളും ഓഡിയോകളും ആസ്വദിക്കുന്നവര്‍.. അങ്ങനെ മൊബൈല്‍ ഉപഭോഗത്തിന്റെ നല്ലതും ചീത്തയുമായ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരേയും നമുക്ക് ചുറ്റും എവിടെയും കാണാം.

കുട്ടികളില്‍ നിന്നും കുട്ടിത്തം അകലുന്നതില്‍ കുറ്റപ്പെടുത്തുമ്പോള്‍ അതിനു കാരണങ്ങളില്‍ ഒന്നായ മൊബൈല്‍ ഫോണിനെ കുറ്റം പറയുമ്പോള്‍ അതിലേക്ക് തള്ളി വിടുന്ന മാതാപിതാക്കളെ വിസ്‌മരിച്ചു കൂടാ. രാത്രി തനിയെ കിടന്നുറങ്ങുന്ന കിന്റര്‍ ഗാര്‍ട്ടനില്‍ പഠിക്കുന്ന കുട്ടിയുടെ അരികില്‍ മൊബൈല്‍ വച്ചിട്ട് അമ്മ പറയുന്നു, 'മോനേ, അച്ഛനും അമ്മയും അടുത്ത മുറിയിലുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മേടെ നമ്പറില്‍ വിളിച്ചാല്‍ മതി'. .. എങ്ങിനുണ്ട് ഈ രംഗം..?

മുതിര്‍ന്നവരെയാണല്ലോ കുട്ടികള്‍ മാതൃകയാക്കുന്നത്.. നമ്മള്‍ മലയാളികള്‍ 'കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ 'നിലവാരത്തിലേക്ക് താഴുകയാണോ എന്നു സംശയത്തക്കതായിരിക്കുന്നു നമ്മുടെ മൊബൈല്‍ ഉപയോഗ രീതി. മൊബൈല്‍ ക്യാമറ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായവയാണ്.

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതു കൊണ്ടുണ്ടാകുന്ന റോഡ് അപകടങ്ങള്‍ മറ്റൊരു വിഷയം. ഏതൊരു ചടങ്ങില്‍ ചെന്നാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ കൂട്ടാക്കാതെ തന്റെ മൊബൈലുമായി ഒരിടത്ത് ഒതുങ്ങിയിരിക്കുന്നവര്‍ മറ്റൊരു കാഴ്ച. മൊബൈല്‍ കൊണ്ട് യാതോരു ഉപകാരവും ഇല്ലെന്നൊന്നും പറയാനാവില്ല. കുടുംബാംഗങ്ങളുമായി ഏറ്റവുമെളുപ്പം ബന്ധം പുലര്‍ത്താന്‍ കഴിയുന്നത് മൊബൈല്‍ ഫോണ്‍ വഴിയാണെന്നത് മറ്റൊരു വസ്തുത. ഒരു അപകടം നടന്നാലോ മോഷണം നടന്നാലോ, എല്ലാം അധികാരികളെ വേഗം വിവരമറിയിക്കുന്നതിന് മൊബൈല്‍ ഫോണ്‍ ഏറെ സഹായകരമാണ്. എന്നാല്‍ ഈ ഉപകരണം നമ്മുടെ സമൂഹത്തില്‍ ഏറെ തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. രണ്ടു പേര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഒരാള്‍ക്ക് ഫോണ്‍ വന്നാല്‍ 'എക്സ്ക്യൂസ് മീ' എന്നു പറഞ്ഞ് മാറി നിന്നു ഫോണ്‍ എടുക്കാനുള്ള മര്യാദ നാം നിത്യേന കാണുന്നവരില്‍ പലര്‍ക്കും ഇല്ല. വ്യക്തിപരമായ വിഷയങ്ങള്‍ പോലും പൊതു സ്ഥലത്തു വച്ച് 'വിളിച്ചു കൂവുക'യാണു പലരും.

മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മറ്റൊരു വിഷയം. എപ്പോഴും അടുപ്പം നിലനിര്ത്തനനാണ് ഫോണ്‍ എന്നു പറയുമെങ്കിലും പല ചടങ്ങുകളും ഒരു ഫോണ്‍ വിളിയില്‍ ഒതുക്കുകയാണു നമ്മള്‍ മലയാളികള്‍. അതു പോലെ ഒരു രംഗം കണ്ടാല്‍ മൊബൈല്‍ ക്യാമറയും ഓണാക്കി ചെല്ലും നമ്മള്‍.. റോഡപകടമോ, കെട്ടിടം ഇടിഞ്ഞു വീണതോ എന്തുമാകട്ടെ, മലയാളീക്ക് അതു മൊബൈലില്‍ പകര്‍‌ത്താനാണ് ധൃതി.

കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന പല അക്രമങ്ങളുടെയും പിന്നില്‍, ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് പിന്നില്‍, നമ്മുടെ പെണ്‍കുട്ടികള്‍ വഴി തെറ്റുന്നതിനു പിന്നില്‍ എല്ലാം ഒരു പങ്ക് മൊബൈല്‍ ഫോണിനുമുണ്ട് എന്നതു വിസ്മരിച്ചു കൂടാ.. ഈ അവസ്ഥ മാറേണ്ടതുണ്ട്. ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നാണു തുടങ്ങേണ്ടത് എന്നതില്‍ സംശയമില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഏതൊരു സാങ്കേതിക വിദ്യയും നാം എങ്ങിനെയാണ് അതിനെ ഉപയോഗപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് അതു നല്ലതും ചീത്തയും ആകുന്നതെന്നിരിക്കെ, നമ്മുടെ അടുത്ത തലമുറയിലെ കുഞ്ഞുങ്ങളില്‍ നല്ല മൊബൈല്‍ ശീലങ്ങള്‍ വളര്‍ത്താന്‍ നമുക്കെന്താണു ചെയ്യാനാവുക ?

53 comments:

ഹോംസ് August 1, 2010 at 6:51 AM  

"മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഏതൊരു സാങ്കേതിക വിദ്യയും നാം എങ്ങിനെയാണ് അതിനെ ഉപയോഗപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ചാണ് അതു നല്ലതും ചീത്തയും ആകുന്നതെന്നിരിക്കെ,...."
പുതിയ സാങ്കേതികവിദ്യകളെ ഭയപ്പാടോടുകൂടി വീക്ഷിക്കുന്ന 'കഴിഞ്ഞ തലമുറ'ഈ വരികളിലെ സത്യം മനസ്സിലാക്കണം.
ഉബുണ്ടുവിന്റെ പുതിയ കോപ്പി, സ്കൂളിലെ ഐടി മാഷിന്റെ കയ്യില്‍ നിന്നും റൈറ്റ് ചെയ്തെടുക്കാനായി, എട്ടില്‍ പഠിക്കുന്ന മരുമകന്റെയടുത്ത് ബ്ലാങ്ക് ഡിവിഡി കൊടുത്തയച്ചിരുന്നൂ, കഴിഞ്ഞയാഴ്ച. അവന്റെ നിര്‍ഭാഗ്യത്തിന് 'ചില പോലീസുമാഷന്മാര്‍'ക്ലാസില്‍ റൈഡിനായെത്തി അവന്റെ ബാഗില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെടുക്കുകയും അപമാനിക്കുകയും ചെയ്തു..!
പ്രിയ മാഷന്മാരേ, മേല്‍ വാചകം നൂറുപ്രാവശ്യം എഴുതി കാണാതെ പഠിക്ക്!

Revi M A August 1, 2010 at 6:58 AM  

വളരെ ഉചിതമായ പോസ്റ്റിംഗ്. സ്കൂളുകളില്‍ ഇത് നിരോധിച്ചതിന്റെ കാരണവും ഇതൊക്കെ തന്നെ.

JOHN P A August 1, 2010 at 7:09 AM  

ഉചിതമായിരിക്കുന്നു ഇന്നത്തെ പോസ്റ്റ്.പതിനഞ്ചു വയസായവന് ബൈക്ക് കൊടുക്കുന്നതും,യഥേഷ്ടം മൊബേല്‍ കൊടുക്കുന്നതും,നിരന്തരം കബ്യൂട്ടറില്‍ ഗെയിം കളിക്കാന്‍ അനുവദിക്കുന്നതും ശരിയല്ല

സുജനിക August 1, 2010 at 7:36 AM  

സാങ്കേതികവിദ്യക്കല്ല കുഴപ്പം. അതു ഉപയോഗപ്പെടുത്തുന്നതിലെ ശാസ്ത്രീയതയാണ് പ്രശ്നം.മുതിർന്നവരുടെ മനോഭാവവും ശരിയല്ല. ‘കുട്ടികൾ ചെയ്യുന്നതൊക്കെ തെറ്റ്’ എന്ന കാഴ്ചപ്പാട്.വളരെ ശാസ്ത്രീയമായി ഫോണും ഇന്റെർനെറ്റും ഒക്കെ പ്രയോജനപ്പെടുത്തുന്നവർ തന്നെയാണ് ബഹുഭൂരിപക്ഷവും.

പിന്നെ,
സോറി, എക്സ്ക്യൂസ്മീ,വൺ മിനിട്ട്, താങ്ക്യൂ....ഇതൊന്നും മലയാളിരീതികളുമല്ല.ഉപചാരങ്ങൾ ഏറ്റവും കുറവ് നമുക്കാണെന്ന് അഭിമാനിക്കാം. ഒരു സാരി സമ്മാനിച്ചാൽ നമ്മുടെ ഭാര്യയോ സഹോദരിയോ താങ്ക്സ് പറയില്ല. അതാവശ്യവും ഇല്ല.

ഗീതാസുധി August 1, 2010 at 7:43 AM  

ഇത്തവണ ഞാന്‍ ഹോംസിനൊപ്പമാണ്!
അശ്ലീലപുസ്തകങ്ങളുണ്ടെന്നുകരുതി മുഴുവന്‍ പുസ്തകങ്ങളും ആരും നിരോധിക്കാറില്ലല്ലോ..!
ഈ റൈഡുകള്‍ തന്നെ ഒരു തരംതാണ ഏര്‍പ്പാടാണ്.

Hari | (Maths) August 1, 2010 at 7:43 AM  

മൊബൈല്‍ ഫോണ്‍ അത്യാവശ്യ വസ്തുവാണെന്ന അഭിപ്രായം എനിക്കില്ല. ശാരീരികമായും മാനസികമായുമൊക്കെയുള്ള അനാരോഗ്യത്തിന് അത് ഇടവരുത്തും എന്നതു തന്നെ അതിനു കാരണം.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് മുമ്പ് എത്രയോ പേരുടെ ഫോണ്‍ നമ്പറുകള്‍ നമ്മുടെ ഓര്‍മ്മയിലുണ്ടായിരുന്നു. ഇന്നോ?

കുട്ടികളുടെ പോലും ശരീരത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ മാറുമ്പോള്‍ ഇവിടെ ഉണ്ടാക്കപ്പെടുന്ന 70% പ്രശ്നങ്ങളിലും സാക്ഷിപ്പട്ടികയില്‍ ഏതെങ്കിലുമൊരു സ്ഥാനത്ത് മൊബൈല്‍ ഫോണ്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടാകും.

എന്തായാലും വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച വിദ്യാഭ്യാസവകുപ്പിനെ അഭിനന്ദിക്കാതെ തരമില്ല. ഇല്ലെങ്കില്‍ അത് തങ്ങളുടെ ഒരു അവകാശമാണെന്ന പേരില്‍ കുട്ടികളില്‍ പലരും അതിനെ പരമാവധി ചൂഷണം ചെയ്തേനെ. ഈ പ്രായത്തില്‍ അതു വേണമോ എന്നതാണ് ചോദ്യം.

vijayan August 1, 2010 at 7:45 AM  

എന്റെ തൊട്ടടുത്ത സ്കൂളില്‍ അടുത്തദിവസം പ്രാര്‍ത്ഥന സമയത്ത് പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ മൈകില്‍ റിംഗ് ടോണ്‍ .അന്ന് വൈകുന്നേരം ക്ലാസ് സഭ യില്‍ കുട്ടികള്‍ ഇതിനു പ്രതിഷേദം രേഖപ്പെടുത്തി. റിംഗ് ടോണ്‍ ----അധ്യാപകന്റെതാനെന്നു പോലും അവര്‍
മിനിറ്റ് ബുകില്‍ രേഖപ്പെടുത്തി . ക്ലാസിലെ പഠിപ്പില്‍ ഏറ്റവും പിറകിലുള്ളവന്റെ ഗവേഷണമാണ്‌
ഇതെന്ന് മനസ്സിലാക്കിയപ്പോള്‍ വളരെ
സന്തോഷവും തോന്നി .ഇവിടെ കുറ്റക്കാര്‍ നാം തന്നെയല്ലേ?സ്കൂളില്‍ മൊബൈല്‍ നിരോധിച്ചപ്പോള്‍ അധപകര്‍ക്കും ഇത് പരിധി ഏര്‍പ്പെടുതിയിരുന്നല്ലോ ?ഇത് തനിക്കു ബധാകമല്ല എന്ന്പറയുന്ന ഒരു വിഭാഗം നമ്മുടെ ഇടയിലുണ്ട് .സൈലന്റ് മോഡില്‍ ,സൌണ്ട് കുറച്ചു അവര്‍ക്ക് ഇത് എവിടെയും കൊണ്ടുപോകമാത്രേ . ആദ്യം ഇവരെ നിയന്ത്രിക്കുക .50% കുറ്റക്കാര്‍ നാം തന്നെ .അത് അംഗീകരിച്ചു കുട്ടികളെ നിയന്ദ്രിച്ചാല്‍ ഒരു പരിധി വരെ നമുക്ക് രക്ഷപ്പെടാം .

mini//മിനി August 1, 2010 at 7:49 AM  

സ്ക്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് അടുത്ത കടയിൽ നിന്ന് പിടിച്ചെടുത്ത ഇരുപതിലധികം മൊബൈലുമായി അദ്ധ്യാപകർ വന്നത്. കുട്ടികൾ വാടക കൊടുത്ത് കടയുടമസ്ഥനെ ഫോൺ ഏല്പിച്ചിരിക്കുന്നു.

ഞാൻ ഹെഡ്‌ടീച്ചറായിരുന്ന സ്ക്കൂളിൽ അദ്ധ്യാപകർ ക്ലാസ്സിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്ത് എന്നെ ഏൽ‌പ്പിക്കാറുണ്ട്. കുട്ടികളെ ഭീഷണിപ്പെടുത്താനായി തിരിച്ചുകൊടുക്കില്ല എന്ന് ഉറപ്പിച്ച് പറഞ്ഞാലും ‘ഒരു മീറ്റിങ്ങിനും സ്ക്കൂളിൽ വരാത്ത രക്ഷിതാവ് പോലും കുട്ടിയോടൊത്ത്’ അന്ന് വൈകുന്നേരം തന്നെ സ്ക്കൂളിൽ ഹാജരായിരിക്കും.
“അവന് (അവൾക്ക്), ഞാൻ ഒരു ബന്ധുവിന് കൊടുക്കാനായി ഏല്പിച്ചതാണ് മൊബൈൽ” എന്ന് പറയുന്ന രക്ഷിതാക്കളുടെ ദയനീയ ദൃശ്യം കാണാം. കുട്ടികളാൽ ഭരിക്കപ്പെടുന്നവരാണ് രക്ഷിതാക്കളിൽ പലരും.
ഗുണങ്ങൾ ധാരാളം ഉണ്ടെങ്കിലും വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ മൊബൈൽ കൊണ്ടുവരുന്നത് പലപ്പോഴും നല്ല കാര്യത്തിനല്ല.
പിന്നെ ഈ ഹോംസ് പറഞ്ഞതു പോലുള്ള പോലീസുമാഷന്മാർ ഒരിക്കൽ വിദ്യാർത്ഥിയുടെ ബാഗിൽനിന്ന് ‘മുതിർന്ന ഒരു ചേട്ടൻ ഒളിപ്പിക്കാൻ കൊടുത്ത’ മാരകായുധം പോലും പിടിച്ചെടുത്തിരുന്നു. തുറന്നതിന്റെ ബാക്കി ഇപ്പോൾ ഞാൻ പറയുന്നില്ല.

Vijayan Kadavath August 1, 2010 at 11:26 AM  

സ്ക്കൂളുകളില്‍ മൊബൈല്‍ ഉപയോഗം തടയാനാകാത്ത വിധം വര്‍ദ്ധിച്ചു വരുന്നതായി നമുക്കു കാണാം. മിനി ടീച്ചറുടെ കമന്‍റ് ഒരു യാഥാര്‍ത്ഥ്യമാണ് പറയുന്നത്. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികള്‍ മൊബൈലുമായി നടക്കാത്തവരാണെന്ന ധാരണ പലപ്പോഴും ഒരു വിശ്വാസം മാത്രമാണ്. വിദ്യാര്‍ത്ഥികളോടൊപ്പമുള്ള ബസ് യാത്രകളാണ് ഈ വിശ്വാസത്തിന്റെ സാധുതയ്ക്ക് മാര്‍ക്കിടുന്നത്.

ബാല്യം "മൊബൈല്യം" ആയി മാറി. ഇതില്‍ നിന്നൊരു മോചനമുണ്ടോയെന്ന ചോദ്യത്തിന് നമുക്ക് പലപ്പോഴും ഉത്തരമില്ലാതാകുന്നു.

shemi August 1, 2010 at 12:00 PM  

നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം കുട്ടികളിലുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് അധ്യാപകനു തന്നെ.ഒരു പക്ഷേ സ്വന്തം രക്ഷിതാവിനേക്കാള്‍ കൂടുതലായി അധ്യാപകന് ഇതില്‍ പങ്കുണ്ടെന്നത് സ്വന്തം അനുഭവം കൂടിയാണ്.ഏതായാലും ഉചിതമായൊരു പോസ്റ്റായി.പിന്നെ ഹോംസിനോട് -ഇടക്കൊരു റെയ്ഡും നല്ലതു തന്നെയാണ്.എന്നാല്‍ കിട്ടിയ സി.ഡി എന്താണെന്നു പറിശോധിക്കാനുള്ള ഒരു മനസ്സു കൂടി ഉണ്ടാവണമെന്നു മാത്രം

ഭൂതത്താന്‍ August 1, 2010 at 1:36 PM  

കാലിക പ്രസക്തമായ പോസ്റ്റ്‌ ...

Unknown August 1, 2010 at 3:40 PM  

അധ്യാപകനായി അന്യനാട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന എനിക്ക് മൊബൈല്‍ ഫോണ്‍ ആയിരുന്നു വീട് മായുള്ള പൊക്കിള്‍കൊടി ബന്ധം ..
മൊബൈലിന്റെ ദുരുപയോഗം ഒഴിവാക്കാന്‍ രക്ഷകര്താക്കളെ ബോധവല്‍ക്കരിക്കുക എന്നതാണ്
പോംവഴി ;നിയമം കര്‍ക്കശമാക്കുകയും.കാലിക പ്രസക്തമായ പോസ്റ്റ്‌ അവതരിപ്പിച്ചതിന് ബ്ലോഗിന് അഭിനന്ദനങ്ങള്‍ .

Lalitha August 1, 2010 at 4:58 PM  

മൊബൈലിന്റെ ഗുണവും ദോഷവും ഇവിടെ വിവരിച്ചു കഴിഞ്ഞു. എന്നാൽ ഏറ്റവും പുതിയ മൊടൽ മൊബൈലിന്റെ പ്രവർത്തനം നാം പഠിക്കുന്നതു കുട്ടിളിൽ നിന്നാണെന്നതു മറക്കരുത്.

സഹൃദയന്‍ August 1, 2010 at 6:50 PM  

.

ഒരു മൊബൈല്‍ അനുഭവം...
പത്താം ക്ലാസുകാരന്‍...
പിരിഞ്ഞു പോകാനുള്ള സോഷ്യലിന്റെ ഇട‌യ്‌ക്ക് മൊബൈല്‍ കൊണ്ടു വന്നു.. പരസ്യമായി ചിത്രമെടുക്കുന്നു...
പരാതി വന്നു.. അദ്ധ്യാപകന്‍ ചെന്നു.. മൊബൈല്‍ പിടിച്ചു വാങ്ങി.. പുതു പുത്തന്‍ Nokia N92 !

ആദ്യമായി ആണ് ഗുരുവിന്റെ കൈവശം ഇത്ര വില കൂടിയ ഒരെണ്ണം എത്തുന്നത്.. അത്ഭുതത്തോടെ അതിനെ നോക്കിയ ഗുരു തുടര്‍ന്നു പറഞ്ഞു..

"വീട്ടില്‍ നിന്നും രക്ഷാകര്‍ത്തവു വരാതെ ഇതു നിനക്ക് തിരികെ കിട്ടില്ല.. പോയി രക്ഷാകര്‍ത്താവിനെ കൂട്ടി വാ..."
ശിഷ്യന്‍ : "സാറു മൊബൈല്‍ തന്നില്ലെങ്കിലും ഞാനിവിടുന്നു പോവും.. പക്ഷെ വീട്ടില്‍ ചെല്ലൂല.."
ശിഷ്യന്‍ നടന്നകലുന്നു...

വാക്കുകള്‍ക്കിടയില്‍ ശിഷ്യന്‍ ഒളിപ്പിച്ചു വച്ച അര്‍ത്ഥം ഗുരുനാഥനു മനസിലായി..

അദ്ദേഹം ചിന്തിച്ചു..വിവിധ പത്ര വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാം.. ടിവി ലൈവില്‍ പങ്കെടുക്കാം.. നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുന്നില്‍ പരിഹാസ്യ/ ക്രൂര കഥാപാത്രമാവാം...
തന്റെ ഭാവിയെ കുറിച്ച് ഈ വക ചിന്തകള്‍ അദ്ദേഹത്തിന്റെ തലയിലൂടെ പോയി.. ഒരിടത്തു നിന്നും അദ്ധ്യാപകന്റെ പക്ഷത്ത് ആളുണ്ടാവില്ല..
വെറുതെ പുലിവാലു പിടിക്കുന്നതെന്തിന്..?

നടന്നകലുന്ന ശിഷ്യനോടു വേഗം തന്നെ വന്നു കാണാനും പറഞ്ഞു പുറകെ പിള്ളേരെ വിട്ടു...

ഊറി ചിരിച്ചു കൊണ്ട് ശിഷ്യന്‍ ഗുരുവിനടുത്തെത്തി...
"ഇനിയിതൊന്നും ക്ലാസില്‍ കൊണ്ടു വരരുത്, കേട്ടോടാ..."
എന്ന ഗുരുവിന്റെ ഉപദേശത്തിനൊടുവില്‍ ശിഷ്യന്‍ താളത്തില്‍ തലയാട്ടി..മൊബൈലും പോക്കറ്റില്‍ തിരുകി ശിഷ്യന്‍ നടന്നകന്നു..

പ്രശ്നം ഒഴിഞ്ഞ സന്തോഷത്തില്‍ അല്‍പ സമയം അനുഭവിച്ച ടെന്ഷന്‍ മാറാന്‍ ഗുരു തന്റെ Nokia Music Express 5310 - യില്‍ പുതിയ പാട്ടിട്ട് ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി.

(ലേശം മേമ്പൊടിയുണ്ടെങ്കിലും കഥയുടെ ഉള്ളടക്കം നടന്ന സംഭവമാണ്)

.

Unknown August 1, 2010 at 7:07 PM  

കേരളത്തില്‍ രാഷ്ടീയം ഇല്ല അരാഷ്ടീയം പോലെ തന്നെ ആണ് ഇതും
എന്തും അതിന്റെ നല്ല വശവും ഉണ്ട് ചീത്ത വശവും ഉണ്ട്
നല്ല വശം കൂടുതല്‍ ഉള്ളത് കൊണ്ട് അല്ലെ മൊബൈല്‍ ഫോണ ഇത്ര മാത്രം പ്രചാരം കിട്ടിയത്
പിന്നെ ചീത്ത വശം
പൊതുവേ മലയാളികള്‍ എല്ലാത്തിനെയും വിമര്‍ശന ബുദ്ധിയോടെ കാന്നുനത് കൊണ്ട

848u j4C08 August 1, 2010 at 10:06 PM  

.
വയര്‍ലെസ്സ് ലാന്‍ , വാക്കി - ടോക്കി , മൈക്രോ വേവ് ഓവന്‍ , വിവിധ തരം റിമോട്ട് കണ്ട്രോളുകള്‍ തുടങ്ങിയവ പോലെ മൈക്രോ വേവ് റേഞ്ചിലുള്ള വൈദ്യുത കാന്തിക തരംഗ ങ്ങളുടെ പ്രസരണം ആണ് മൊബൈല്‍ ഫോണിലും ഉള്ളത് , മൊബൈല്‍ ഫോണ്‍ മനുഷ്യനും , മറ്റു ജീവികള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നാണു ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പറയുന്നത്.
ഗവേഷണ ഫലം ശരിയാണോ എന്ന് കാലം തെളിയിക്കട്ടെ.

സ്വന്തം വൃത്തിയിലും , മറ്റുള്ളവന്റെ സദാചാരത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന മലയാളിക്ക് മൊബൈല്‍ ഫോണിനെ സംശയത്തിന്റെ കണ്‍ കോണുകളിലൂടെ മാത്രമേ കാണാന്‍ കഴിയൂ .
ആധുനിക സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ ലോകം രണ്ടു കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ നമ്മള്‍ എന്തിനു പുറം തിരിഞ്ഞു നില്‍ക്കണം?

കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുകയോ , ഭൂമി നെടുകെ പിളരുകയോ ഒന്നും ചെയ്യില്ല .
എവിടെയോ , ആരൊക്കയോ അത് ദുരുപയോഗം ചെയ്തിരിക്കാം , അത് മൊബൈല്‍ ഫോണിന്റെ കുഴപ്പം കൊണ്ടല്ല , ഉപയോഗിക്കുന്നവന്റെ കുഴപ്പമാണ്. അതിലും എത്രയോ സന്ദര്‍ഭങ്ങളില്‍ , എത്രയോ ജീവന്‍ രക്ഷിക്കാന്‍ ഈ ഉപകരണം പ്രയോജനപ്പെട്ടിട്ടുണ്ട്.
മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കാന്‍ താലപ്പര്യം കാട്ടുന്നവന് ക്യാമറ മൊബൈല്‍ ഫോണ്‍ നിരോധിചാലും സ്വന്തം കണ്ണ് മാത്രം മതി .
മൊബൈല്‍ ഫോണ്‍ വ്യാപകമായിട്ടു അഞ്ചോ , ആറോ വര്‍ഷങ്ങളെ ആയിട്ടുള്ളൂ . അതിനു മുന്‍പ് ഇവിടെ ഒരു പ്രശ്നവും ഇല്ലായിരുന്നോ?
പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുന്നത് തീര്‍ച്ചയായും രക്ഷിതാക്കള്‍ തന്നെ ആയിരിക്കും . തന്റെ കുട്ടിക്ക് അത് അത്യാവശ്യമാണെന്ന് രക്ഷിതാവിനു തോന്നിയാല്‍ , സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് തടസ്സമാകാതെ കുട്ടി ഉപയോഗിച്ചാല്‍ , അധ്യാപകര്‍ എന്തിനു ഇക്കാര്യത്തില്‍ ടെന്‍ഷന്‍ അടിക്കണം ?

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു കുട്ടികള്‍ക്ക് നേരെ വാളെടുക്കുന്ന സദാചാരത്തിന്റെ അപ്പസ്തോലന്മാര്‍ അതിനു മുന്‍പ് സ്വന്തം ഫോണിലെ മെമ്മറി കാര്‍ഡ് ഒന്ന് ഫോര്‍മാറ്റ് ചെയ്യണേ .

.

ഹോംസ് August 1, 2010 at 10:12 PM  

ഇതാ ആദ്യമായി ഞാന്‍ ബാബൂജേക്കബിന്റെ അഭിപ്രായം ശരിവെക്കുന്നു.
ബഹുമാനിക്കുന്ന അധ്യാപകര്‍ ഇപ്പോള്‍ എട്ടായി!

848u j4C08 August 1, 2010 at 10:14 PM  

.

ബാക്കി ഏഴു പേര്‍ ????


.

ഹോംസ് August 1, 2010 at 10:20 PM  

ജനാര്‍ദ്ദനന്‍
ജോണ്‍
ഭാമ
ഗീതാസുധി
കൃഷ്ണന്‍
നിസാര്‍
ഹരി
പിന്നെ ബാബൂജേക്കബും!

848u j4C08 August 1, 2010 at 10:23 PM  

.
സഫലമീ ജന്മം


.

ജനാര്‍ദ്ദനന്‍.സി.എം August 1, 2010 at 10:35 PM  

പ്രിയ ഹോംസ്
കാര്യമായിട്ടാണെങ്കിലും അല്ല കളിയായിട്ടാണെങ്കിലും ഒരായിരം നന്ദി.

Madhavikutty August 1, 2010 at 11:12 PM  

In my opinion,not only mobile phones bot all kinds of games and TV cartoons which keep them occupied ridiculously as slaves,HAVE TO BE BANNED.
The impact they create onthem is
and the control they have on them are very dangerous.

Anonymous August 1, 2010 at 11:40 PM  

ഹോംസിന്റെയും ബാബു ജേക്കബിന്റെയും കമന്റുകള്‍ക്ക് എന്റെ വക ഒരു തംസ് അപ്

ബ്ലോഗ് പോസ്റ്റിനെക്കുറിച്ച് പൊതുവായി ഇപ്പോള്‍ ഒന്നും പറയുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്നത്തെ വിദ്യാര്‍ത്ഥികളുടെ തലമുറ അധ്യാപകരായി മാറുമല്ലോ, അപ്പോള്‍ മൊബൈല്‍ നിരോധനവും റെയ്ഡുകളുമൊക്കെ ഉണ്ടാകുമോ എന്ന് നോക്കിയിട്ടാകാം.

എങ്കിലും ഒരു സംശയം മാത്രം. പോസ്റ്റില്‍ ഇങ്ങനെ എഴുതിക്കണ്ടു:
"കേരളത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന പല അക്രമങ്ങളുടെയും പിന്നില്‍, ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് പിന്നില്‍, നമ്മുടെ പെണ്‍കുട്ടികള്‍ വഴി തെറ്റുന്നതിനു പിന്നില്‍ എല്ലാം ഒരു പങ്ക് മൊബൈല്‍ ഫോണിനുമുണ്ട് എന്നതു വിസ്മരിച്ചു കൂടാ."
ആണ്‍കുട്ടികള്‍ വഴിതെറ്റില്ലെന്നോ അതോ വഴിതെറ്റിയാലും പ്രശ്നമില്ലെന്നോ ഉദ്ദേശിച്ചത്?

ഡ്രോയിങ്ങ് മാഷ് August 2, 2010 at 7:56 AM  

റസിമാന്‍,

ഇല വന്നു മുള്ളില്‍ വീണാലും
മുള്ള് ഇലയില്‍ വീണാലും...

നല്ലതിനേക്കാളപ്പുറം ഏതൊന്നിന്റെയും ദുഷിച്ച സാധ്യതകള്‍ കൈകാര്യം ചെയ്യാനും മറ്റാരേക്കാളുമുപരി മലയാളിക്കു താല്പര്യമാണ്.

848u j4C08 August 2, 2010 at 9:08 AM  

.
മൊബൈല്‍ ഫോണിനെ കുറിച്ച് പറയുമ്പോള്‍ എന്തേ അതിന്റെ ദൂഷ്യ വശങ്ങള്‍ മാത്രം മനസ്സിലേക്ക് ഓടിയെത്തുന്നത്?

കുറ്റം ഫോണിന്റെയോ അതോ നമ്മുടെ ചിന്താ ഗതിയുടെതോ ?


എന്റെ അനുഭവം കേള്‍ക്കുക :-

എന്റെ കുട്ടി +2 കഴിഞ്ഞു ആദ്യമായി തുടര്‍ വിദ്യാഭ്യാസത്തിനു വീട്ടില്‍ നിന്നും മാറിനില്‍ക്കുന്നു.

യാത്ര , താമസം , അലക്ക് തുടങ്ങി എല്ലാം ഇനി മുതല്‍ തനിയെ

പെട്ടെന്നുള്ള ഈ മാറ്റം മനസ്സില്‍ വിഷാദത്തിന്റെ വിത്തുകള്‍ പാകുമായിരുന്നു .

പക്ഷെ , അവന്‍ ഇപ്പോഴും എന്റെ അടുത്ത് തന്നെയുണ്ട്‌ .

ശബ്ദമായും , സന്ദേ ശങ്ങളായും

എന്റെ ഹൃദയത്തോടു ചേര്‍ന്ന് , ഷര്‍ട്ടിന്റെ ഇടത്തേ പോക്കറ്റില്‍ , മൊബൈല്‍ ഫോണിന്റെ രൂപത്തില്‍ .

തോന്നുമ്പോള്‍ എല്ലാം പരസ്പരം സംസാരിക്കാം .
അവന്റെ ഓരോ ശ്വാസ നിശ്വാസങ്ങള്‍ പോലും എനിക്ക് അടുത്തറിയാം .
എനിക്ക് വേര്‍പിരിയലിന്റെ വേദനയില്ല . അവനു ഒറ്റപ്പെടലിന്റെയും .

ഞാന്‍ മൊബൈല്‍ ഫോണിനെ എതിര്‍ക്കണോ ?



നമ്മുടെ പെണ്‍കുട്ടികള്‍ വഴി തെറ്റുന്നതിനു പിന്നില്‍ എല്ലാം ഒരു പങ്ക് മൊബൈല്‍ ഫോണിനുമുണ്ട് എന്നതു വിസ്മരിച്ചു കൂടാ.

കുറ്റം മൊബൈല്‍ ഫോണിന്റെതല്ല . ഒന്നാം പ്രതി അമ്മമാര്‍ തന്നെ .

മകള്‍ക്ക് സ്നേഹം കൊടുക്കുക . മതിവരുവോളം .
അവളുടെ ഏറ്റവും നല്ല സുഹൃത്ത് ആകുക .

പിന്നെ അവള്‍ സ്നേഹം തേടി മറ്റൊരിടത്തും പോവില്ല .

സ്നേഹത്തിനു വേണ്ടി അവള്‍ മനസ്സും ശരീരവും പകരം കൊടുക്കില്ല .

ശരീര ഭാഷയില്‍ നിന്നുപോലും മകളുടെ മനസ്സ് വായിച്ചെടുക്കാന്‍ അമ്മയ്ക്ക് കഴിയണം .

ഇതിനൊന്നും കഴിയാത്തവര്‍ ഫോണും വാങ്ങികൊടുത്ത് , സര്‍വ്വ സ്വാതന്ത്ര്യവും നല്‍കി അവസാനം മൊബൈല്‍ ഫോണിനെ കുറ്റം പറഞ്ഞിരിക്കാം .

ഭസ്മാസുരന് വരം കൊടുത്തത് പോലെ.




.

Prof.Mohandas K P August 2, 2010 at 9:40 AM  

മൊബൈല്‍ ഫോണ്‍ പക്വത ഇല്ലാത്ത കുട്ടികളുടെ കയ്യില്‍ അപകടകരമായ ഒരു ആയുധം തന്നെ, അതിന്റെ ഉപയോഗം സ്കൂള്‍ തലത്തില്‍ നിരോധിക്കുക തന്നെ വേണം. വീട്ടിലേക്കു വിളിക്കാന്‍ ഇപ്പോള്‍ മുക്കിലും മൂലയിലും കോയിന്‍ ബോക്സ് ഉണ്ടല്ലോ. സാമ്പത്തികമായി മുന്നോക്കം നില്‍കുന്ന കുടുംബങ്ങളിലെ മാതാ പിതാക്കള്‍ ശ്രദ്ധിച്ചാല്‍ ഇത് കുറയ്ക്കാം. പൊതുവേ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇ പോസ്റ്റില്‍ ശ്രദ്ധിക്കുക.

http://profkuttanadan.blogspot.com/2009/04/blog-post_28.html

abhilash August 2, 2010 at 11:48 AM  

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ അത്യവശ്യമാനന്നു തോന്നുന്നില്ല?

അസീസ്‌ August 2, 2010 at 12:38 PM  
This comment has been removed by the author.
അസീസ്‌ August 2, 2010 at 12:40 PM  

എന്തൊക്കെ പറഞ്ഞാലും മൊബൈല്‍ ഫോണ്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഒരു അവശ്യ വസ്തു തന്നെയാണ്. മൊബൈലിന്റെ ദുരുപയോഗം - അത് ചെയ്യുന്നത് കുട്ടികളായാലും വലിയവരായാലും - എങ്ങനെ തടയാം എന്നതാണ് ചിന്തിക്കേണ്ടത്. എന്തായാലും വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചത് ഒരു നല്ല കാര്യം തന്നെയാണ്.

N B :- ഞാനിപ്പോള്‍ ഇവിടെ കമന്റിയ മൂന്നു പേരെ (അധ്യാപകര്‍) വിളിച്ചു നോക്കി. മൂന്നു പേരുടേയും മൊബൈല്‍ ഓഫ് ആണ്.

abhirami August 2, 2010 at 12:58 PM  

മൊബൈല്‍ ഫോണ്‍ എന്ന ഉപകരണത്തിന്റെ നല്ല വശവും മോശമായ കാര്യവും കുട്ടികളേയും രക്ഷകര്‍ത്താക്കളേയും ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കാം .

ഉഗ്രന്‍ August 2, 2010 at 3:09 PM  

ഞാൻ ഒരു ടീച്ചറല്ല. എന്നാലും ഒരു സംശയം. കാമെറ ഇല്ലാത്ത മൊബൈൽ അനുവദിച്ചുകൂടെ? ക്ലാസ്സിൽ തന്നെ ഒരു സ്ഥലത്ത് എല്ലാ മൊബൈലുകളും സൈലന്റിലാക്കി വെക്കാമല്ലോ. വിശ്രമ വേളകളിൽ കുട്ടികൾക്ക് വേണമെങ്കിൽ ചെക്ക് ചെയ്യാൻ അനുവദിക്കുകയും ചെയ്യാം.
ക്ലാസ്സ് സമയത്ത് മൊബൈൽ ഉപയോഗിക്കാൻ പാടില്ല എന്നത് കൊണ്ട് മാത്രം ഒരു കുട്ടിയോട് അധ്യയന ദിവസം മൊബൈൽ ഉപയോഗിക്കരുത് എന്ന് പറയുന്നത് ന്യായമാണോ? യാത്രാവേളകളിൽ മൊബൈൽ ഒരു ഉപകാരമാകും എന്നാണ്‌ എനിക്ക് തോന്നുന്നത്.

ഉഗ്രന്‍ August 2, 2010 at 3:10 PM  

tracking!

സഹൃദയന്‍ August 2, 2010 at 6:51 PM  

.

വേറൊരു മൊബൈല്‍ അനുഭവം..

മധ്യ കേരളത്തിലെ ഒരു കോളജിനെ ലക്ഷ്യമാക്കി പായുകയാണ് ഒരു പ്രൈവറ്റ് ബസ്..
കണ്‍സഷന്‍ ടിക്കറ്റ് നല്‍കാന്‍ താല്‍പര്യമില്ലാത്ത ആളാണ് കണ്ടക്ടര്‍..
കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ത്ഥിനിക്ക് കണ്ടക്ടര്‍ സാര്‍ വഴി തെറിയഭിഷേകം..
ഇരുന്നിട്ടും അരികെ വന്നു അസഭ്യവര്‍ഷം..

അദ്ദേഹം മാറിയതും വിദ്യാര്‍ത്ഥിനി മൊബൈല്‍ എടുത്തു കോളജിലെ സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു..
സുഹൃത്ത് വഴി അദ്ധ്യാപകര്‍ അറിഞ്ഞു..മറ്റു വിദ്യാര്‍ത്ഥികളും അറിഞ്ഞു..(ഈ കഥയൊന്നും കണ്ടക്ടര്‍ സാര്‍ അറിഞ്ഞതുമില്ല)

ബസ് പതിവു പോലെ കോളജ് ബസ് സ്റ്റോപ്പിലെത്തി. അപ്പോള്‍ കണ്ട കാഴ്ച..
സ്റ്റോപ്പിന്റെ പല ഭാഗത്തു നിന്നുമായി ഓടി വരുന്ന കോളേജ് പിള്ളേര്‍, മാഷുമ്മാര്‍, നാട്ടുകാര്‍...

അവര്‍ക്ക് മുന്നിലേക്കാണ് കണ്ണുനീരു തുടച്ചു കൊണ്ട് പെണ്‍കുട്ടി ഇറങ്ങിച്ചെല്ലുന്നത്...

ശേഷം ചിന്ത്യം...

സന്ദേശം : മൊബൈല്‍ വെറുക്കപ്പെടേണ്ടവനല്ല..

.

സഹൃദയന്‍ August 2, 2010 at 7:46 PM  

.

ഇനിയൊരു ഓഫ് ടോപ്പിക്ക് ആകട്ടെ..ഇതു കഴിഞ്ഞ കായികക്ഷമതാ പോസ്റ്റില്‍ ചേര്‍ക്കണമെന്നു കരുതിയതാ..പിന്നെ മറന്നു പോയി..

ഒരു കഥ കൂടി..

അഞ്ചാം ക്ലാസ് ഫ്രീയാണെന്നറിഞ്ഞാണ് ബി.എഡ് കാരി അവിടെയെത്തിയത്.
നല്ല കാര്യം. എന്റെ പി.ടി ക്ലാസ് തീര്ക്കാം..ബി.എഡ് കാരി ചിന്തിച്ചു...

"നിങ്ങള്‍ നേരെ ഗ്രൌണ്ടിലേക്ക് പൊക്കോ..ഞാന്‍ ദേ വന്നു..." ബി.എഡ് പ്രാക്ടീസിനായി എത്തിയ പെണ്‍കുട്ടി പറഞ്ഞു.
എല്ലാവരും ഗ്രൌണ്ടിലേക്ക് പോയി.. ഒന്നു രണ്ടു പിള്ളേരു മാത്രം പോയില്ല..
"എന്തേ.. നിങ്ങള്‍ക്ക് കളിക്കാന്‍ പോവണ്ടേ..?"
കുട്ടികള്‍ക്ക് മടി/ചമ്മല്‍/പേടി.
തുടര്‍ന്ന് വിവരമന്വേഷിച്ചപ്പോളാണ് സത്യാവസ്ഥ അറിയുന്നത്..
ടെസ്റ്റ് പേപ്പറില്‍ ഇത്ര മാര്‍ക്കില്‍ കുറഞ്ഞ കുട്ടികള്‍ക്ക് പി.ടി പിരീഡ് ഗ്രൌണ്ടില്‍ പോവാന്‍ അനുവാദം ഇല്ലത്രെ.. അവര്‍ ആ സമയം ക്ലാസില്‍ ഇരുന്നു പഠിക്കേണ്ടതാകുന്നു എന്നാണ് ക്ലാസ് ടീച്ചര്‍ വക ഉത്തരവ്..
അഞ്ചു മാര്‍ക്കില്‍ താഴെ കിട്ടിയവന്‍ എന്ന ചീത്തപ്പേരുമായി തല താഴ്‌ത്തി ക്ലാസിലിരിക്കുന്ന അവന്‍ ഈ പി.ടി പിരീഡ് പഠിക്കാന്‍ സാധ്യതയില്ല.. അവന്റെ ഉള്ള ആത്മാഭിമാനം കൂടി ചോര്‍ന്നു പോവുകയേ ഉള്ളു..
കഷ്ടം..
ആ ഹതഭാഗ്യരുടെ ദു:ഖത്തില്‍ ചിക്കുവും പങ്കു ചേരുന്നു..

.

Anil cheleri kumaran August 2, 2010 at 8:28 PM  

സ്കൂള്‍ കുട്ടികള്‍‌ക്ക് മൊബൈലിന്റെ ആവശ്യമില്ല.

SUNIL V PAUL August 2, 2010 at 10:23 PM  

Mobile is a must for those teachers who consider his duty as a side work and engaged in other business like kuries,real estate,stock exchange,or any other hidden business .
So please take action against such teachers who engaged in other business,then we can reduce the mobile usage.
Please dismiss the part time teachers(engaged in other business)and save our nation.

Nidhin Jose August 3, 2010 at 1:32 AM  

പുതിയ പരീക്ഷണം......
പൂര്‍ണമായ ഒരു വാര്‍ത്ത ബുളളറ്റിന്‍ ...
Govt High School Manjoor: ബ്ലോഗ് ന്യൂസ്
http://ghsmanjoor.blogspot.com/2010/08/blog-post.html

തീര്‍ച്ചയായും സന്ദര്‍ശിക്കണം.....

നാളെ ഈ ബ്ലോഗ് കോട്ടയം ജില്ല ഐടി സംഗമത്തില്‍ ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബിയുടെ സാന്നിദ്ധ്യത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു....
സ്ഥലം. ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ , കോട്ടയം
നോട്ടിസ് ലിങ്ക്
href="http://www.4shared.com/document/XxMhHotJ/IT_Sangamam_colour.html

SUJITH August 3, 2010 at 6:53 AM  

ഇന്ന് കലാലയങ്ങളിലെ ഏറവും പ്രധാന വില്ലന്മാരില്‍ ഒന്നായി മൊബൈല്‍ മാറിയിരിക്കുന്നു ഇതിന്റെ നല്ല വശങ്ങളെക്കാള്‍ എങ്ങിനെ ദുരുപയോഗം ചെയാം എന്നാണു ചര്‍ച്ചകള്‍ കുടുതല്‍ നടക്കുന്നത്. ഇത് അവയിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും അതുവഴി ദുരുപയോഗം കൂടുകയും ചെയ്തു ഒരു നിരോധനം കൊണ്ടു മാത്രം ഇത് അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ നമ്മുടെ നാട് എന്നെ രക്ഷപെട്ടെനെ. നാം എന്തൊക്കെ നിരോധിച്ചു എന്നിട്ട ഇതുവരെ എത്തി. പത്താം ക്ലാസ് കഴിയുമ്പോഴേയ്ക്ക് കുട്ടികള്‍ക്ക് ബൈക്കും വാങ്ങിക്കൊടുത്ത് നാം തന്നെയല്ലേ നിയമം ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നത്. അത് തടയാന്‍ പറ്റുമോ.വിദ്യാലയങ്ങള്‍ക്കു സമീപം പാന്‍ മസാലകള്‍ വില്‍ക്കുന്നത് നിരോധിച്ചു ഇപ്പോഴും വില്പന നടക്കുന്നില്ലേ നിയമപരമായി നടപ്പിലാക്കേണ്ടവര്‍ കണ്ടില്ലെന്നു നടിക്കുന്നു ഇതെല്ലാം നടപ്പിലാക്കാന്‍ ഇച്ചാശക്തി ഉണ്ടാവണം അല്ലാതെ കയ്യടി വാങ്ങാന്‍ ഇങ്ങനെ നിയമങ്ങള്‍ പടച്ചു വിട്ടിട്ടു കാര്യമില്ല നമുക്കൊക്കെ ചര്‍ച്ച ചെയ്യാന്‍ ഒരു വിഷയം കിട്ടുമെന്നാല്ലാതെ

Madhu August 3, 2010 at 12:00 PM  

ചര്‍ച്ചയില്‍ ഞാനും കൂടി കൂടാം..

1 മൊബൈല്‍ കുട്ടികള്‍ക്ക് ക്ലാസ് സമയത്ത് ആവശ്യമുണ്ടോ..?

അത്യാവശ്യ കാര്യങ്ങള്‍ക്ക് വീട്ടിലേക്കു വിളിക്കാന്‍ സ്കൂള്‍ ഫോണ്‍ ഉപയോഗിക്കാമല്ലോ ...

പിന്നെ പാട്ട് കേള്‍ക്കാനും vedio കാണാനും ബ്ലൂ ടൂത്ത് വഴി കൈമാറാനും ആണ് മൊബൈല്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് വീട്ടിലിരുന്നു ചെയ്‌താല്‍ പോരെ..

2 ഹോംസ് ചേട്ടാ അവിടത്തെ it മാഷിനെ കുട്ടിക്കും അച്ഛനും അറിയില്ലേ ആദ്യം ബ്ലാങ്ക് cd കൊടുത്തയക്കും write ചെയ്തു തരണം എന്ന് പറഞ്ഞിരുന്നോ...?അന്നത്തെ റെയ്ഡില്‍ ആ സ്കൂളില്‍ മറ്റെന്തൊക്കെ കിട്ടി എന്ന് കൂടി അന്വേഷിക്കണേ..?

പിന്നെ ലാത്തി ചാര്‍ജു വരുമ്പോ ജാതകം നോക്കിയിട്ടാണോ തല്ലുകാ ..?

ഒരു വാക്ക് ഇഷ്ടപ്പെട്ടു പോലീസ് മാഷമ്മാര്‍ സത്യമാണ് ...

3 വേണ്ടത് ഒരു സംസ്കാരമാണ്...(നമുക്കോ അതില്ല പിന്നെയല്ലേ പിള്ളാര്‍ക്ക് ?)

Irshad August 3, 2010 at 1:52 PM  

നിയമങ്ങളനുസരിക്കാന്‍ പൊതുവേ വിമുഖത കാട്ടുന്നവരാണ് നമ്മളുടെ സമൂഹം. സീറ്റ് ബെല്‍റ്റിന്റെയും, ഹെല്‍മെറ്റിന്റെയും, പൊതുസ്ഥലത്തെ പുകവലിയുടെയുമൊക്കെ കാര്യത്തില്‍ നാമങ്ങനെയാണ്. സ്കൂളിലെ മൊബൈല്‍ ഉപയോഗത്തിലും വാഹന ഉപയോഗത്തിലുമൊക്കെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു. മാതാപിതാക്കള്‍ സ്നേഹം പ്രകടിപ്പിക്കുന്നതു പലപ്പോഴും ഈ നിയമലംഘനങ്ങളെ പ്രോത്സാഹിപ്പിക്കലായി മാറുന്നു. നമുക്കു അത്യാവശ്യമായി ചെയ്യാനുള്ളതു “ അത്യാവശ്യമായി പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചു കുട്ടികളെയും മാതാപിതാക്കളെയും ബോധവാന്മാരാക്കുകയും നിയമങ്ങള്‍ പാലിക്കാനുള്ളവയാണെന്നു ബോധ്യപ്പെടുത്തലുമാണ്”. അദ്ധ്യാപകര്‍ക്കു ഇക്കാര്യത്തില്‍ ഒരുപാട് ചെയ്യാനാവും. ഇത്തരം ചെറിയ ചെറിയ നിയമലംഘനങ്ങളാണ് വലിയ ആപത്തിലേക്കെത്തിക്കുക.

Lalitha August 3, 2010 at 5:38 PM  

അധ്യാപകരിൾ- പലരും‍ മൊബൈൽ‍ ഉപയൊഗിക്കുന്നതു കുട്ടികളുടെ വീട്ടിലേക്കു വിളിക്കാൻ‍ വേണ്ടിയാണു. അതിനു നല്ല പ്രയൊജനവും ഉണ്ട്. പതിവയി മുടങ്ങുന്ന കുട്ടികളുടെ വീട്ടിലെക്ക് ഒന്നു വിളിച്ചാൽ‍ വലിയ വ്യത്യാസം കാണാം.

പിന്നെ കുട്ടികളുടെ ബാഗ് പരിശോദിച്ചു മൊബൈൾ‍ കിട്ടിയാൽ‍ അന്ന് "അവനെ/അവളെ" ടീച്ചർ‍ വീട്ടിൽ കൊണ്ടാക്കണം. അതിനാൽ‍ പിടിച്ചലും മിണ്ടാതിരുന്നാൾ- നന്ന്.

Unknown August 5, 2010 at 11:05 PM  

മൊബില്ഫോണ്‍ കൊന്ഡ് ദോഷങള്‍ ഉന്ഡ് എന്നതു ശരിയാണു.എന്നാല്‍ ആധുനിക ലോകത്തില്‍ അതില്ലാതെ ജീവിക്കാന്‍ പ്രയാസം.ദൂരസഥലങളില്‍ ജോലി ചെയ്യുന്ന രക്ഷിതാക്കളുടെ മക്കളുടെ കയ്യില്‍ മൊബൈല്‍ ഉന്ടെങ്കില്‍ അതു അവര്‍ക്കു ഒരു അനുഗ്രഹം തന്നെ ആണു.മൊബൈല്‍ നിരോധിക്കുക അല്ല ,പകരം ചില ആധുനിക സംവിധാനങള്‍ ഏര്‍പ്പെടുതുക ആണുവേണ്ടതുഉദാ;രക്ഷിതാവും സ്കൂള്‍ അധികാരികളും പരിശോധിച്ചു അംഗീകരിച്ച ചില നംബരുകള്‍ ഒഴികെ എല്ലാ കാളുകളും ബ്ലോക്ക് ചെയ്യാവുന്ന ഫോണുകള്‍ കുട്ടികള്‍ക്ക് നല്‍കാവുന്നതാണു.

Anonymous August 7, 2010 at 7:23 AM  

പുതിയ സാങ്കേതിക വിദ്യകള്‍ എത്തുമ്പോള്‍ പുതിയൊരു സാധ്യത തുറക്കുകയാണ്. ഒപ്പം തന്നെ നാമറിയാത്ത അതിന്റെ മറുവശവും എത്തുന്നുണ്ട്. ഇന്ന് സ്‌കൂളൂകളില്‍ കാണുന്ന ഒരു പൊതു തരംഗത്തെ സൂചിപ്പിച്ചു കൊണ്ടുള്ള ഈ പോസ്‌റ്റില്‍ സജീവമായി പങ്കെടുത്തവര്‍ക്കുള്ള നന്ദി ഈ അവസരത്തില്‍ സൂചിപ്പിച്ചു കൊള്ളട്ടെ.

ചര്‍ച്ച സജീവമായി എന്നതിനൊപ്പം തന്നെ ഒരു സജീവമായ ക്രിയാത്മക ചര്‍ച്ചയ്‌ക്ക് അതു വഴി തെളിച്ചോ എന്നതു സംശയിക്കേണ്ടിയിരിക്കുന്നു. എങ്കിലും ഈ വിഷത്തെ അതിന്റെ ഗൌരവത്തോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കണ്ടത്.
@ഹോംസ്,
നന്ദി
@ revima
നന്ദി

@ John P A

ശരിയാണ് ,പക്ഷെ പൂച്ചയ്‌ക്കാരു മണി കെട്ടും എന്നതാ ജോണ്‍ മാഷേ പ്രശ്‌നം. "എന്റെ മോന് ഞാന്‍ എനിക്കിഷ്‌ടമുള്ളതു വാങ്ങിക്കൊടുത്താല്‍ മാഷുമ്മാര്‍ക്കെന്താ..? സ്‌കൂളിലു വരുമ്പോ അവന്‍ അവ ഉപയോഗിക്കുന്നുണ്ടോ എന്നു നോക്കിയാല്‍ പോരേ.." എന്നു ചോദിക്കുന്ന രക്ഷിതാക്കളാ എന്നുള്ളത്.
ഇത്തരം പ്രവണതകളെ കുറിച്ചു സൂചിപ്പിച്ചതിനും ചര്‍ച്ചയില്‍ പങ്കെടുത്തതിനും നന്ദി

@ S.V Ramanunni

ശരിയാണ്, പക്ഷെ എല്ലാ കുട്ടികളും അങ്ങിനെയല്ലല്ലോ.. അതു കൊണ്ടു തന്നെ ഒരു ചെറിയ വിഭാഗം മതി എല്ലാവരുടെയും പേരു ചീത്തയാക്കാന്‍.
ചര്‍ച്ചയില്‍ പങ്കെടുത്തതിനു നന്ദി
ഏതു പ്രായത്തിലും ആരോഗ്യവും അനാരോഗ്യവും ഒരു വിഷയമാണ്. പിന്നെ ആവശ്യമാണല്ലോ സൃഷ്‌ടിയുടെ മാതാവ്.
പല ആധുനിക ഉപകരണങ്ങളൂം അപകടകാരിയാണ് എന്നറിഞ്ഞു കൊണ്ടുതന്നെ നമുക്ക് ഉപേക്ഷിക്കാന്‍ പറ്റാത്തതായിട്ടുണ്ട്.
ടെലിവിഷനെ പറ്റി പഠിച്ച ഒരാള്‍ പറഞ്ഞതെന്തെന്നറിയുമോ..?
"തോക്കിന്‍ കുഴലിനെ നിങ്ങള്‍ക്ക് ധനാത്മകമായി (പോസിറ്റീവായി) ഉപയോഗിക്കാന്‍ കഴിയുമോ ? എങ്കില്‍, എങ്കില്‍ മാത്രം ഇതും ഉപകാരിയാണെന്നു പറയാം " ഇത്രയേറെ അപകടകാരിയായ ഇതിനെ നമുക്ക് ഉപേക്ഷിക്കാനാവുമോ ?

അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി

Anonymous August 7, 2010 at 7:27 AM  

@ S.V Ramanunni

ശരിയാണ്, പക്ഷെ എല്ലാ കുട്ടികളും അങ്ങിനെയല്ലല്ലോ.. അതു കൊണ്ടു തന്നെ ഒരു ചെറിയ വിഭാഗം മതി എല്ലാവരുടെയും പേരു ചീത്തയാക്കാന്‍.
ചര്‍ച്ചയില്‍ പങ്കെടുത്തതിനു നന്ദി
ഏതു പ്രായത്തിലും ആരോഗ്യവും അനാരോഗ്യവും ഒരു വിഷയമാണ്. പിന്നെ ആവശ്യമാണല്ലോ സൃഷ്‌ടിയുടെ മാതാവ്.
പല ആധുനിക ഉപകരണങ്ങളൂം അപകടകാരിയാണ് എന്നറിഞ്ഞു കൊണ്ടുതന്നെ നമുക്ക് ഉപേക്ഷിക്കാന്‍ പറ്റാത്തതായിട്ടുണ്ട്.
ടെലിവിഷനെ പറ്റി പഠിച്ച ഒരാള്‍ പറഞ്ഞതെന്തെന്നറിയുമോ..?
"തോക്കിന്‍ കുഴലിനെ നിങ്ങള്‍ക്ക് ധനാത്മകമായി (പോസിറ്റീവായി) ഉപയോഗിക്കാന്‍ കഴിയുമോ ? എങ്കില്‍, എങ്കില്‍ മാത്രം ഇതും ഉപകാരിയാണെന്നു പറയാം " ഇത്രയേറെ അപകടകാരിയായ ഇതിനെ നമുക്ക് ഉപേക്ഷിക്കാനാവുമോ ?

അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി@ Vijayan Larva

ക്ലാസ് സഭ ഒരു പുതിയ അറിവാണ്. പുതിയ പോസ്‌റ്റിലെ കമന്റില്‍ അതൊന്നു വിശദീകരിക്കാമോ ?
പിന്നെ ഇത്തരം നിയമങ്ങള്‍ കൊണ്ടു വന്നിട്ട് അദ്ധ്യാപകര്‍ അനുസരിക്കാതിരുന്നാല്‍ അതു കുറ്റകരം തന്നെയാണ് .
സ്‌കൂളില്‍ നടന്ന ഒരു രംഗം ഓര്‍മ്മ വരുന്നു.
ഒരു ചടങ്ങില്‍ എച്ച്.എം പ്രസംഗിക്കുകയാണ്. അപ്പോള്‍ ടീച്ചറുടെ മൊബൈല്‍ റിംഗ് ചെയ്‌തു കുട്ടികള്‍ കൂവി..
സാംസ്‌കാരികമായ രീതിയില്‍ കുട്ടികള്‍ പ്രതികരിക്കുന്നതെങ്ങിനെ എന്നതിനൊരു ഉദാഹരണമാണ് സാര്‍ സൂചിപ്പിച്ചത്.
അദ്ധ്യാപകര്‍ മാതൃകയാവണം എന്നതില്‍ രണ്ടു പക്ഷമില്ല.
അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി
@ mini//മിനി
പല സ്‌കൂളുകളിലെയും ഗതി ഇതാണ്. സ്‌കൂളിലെത്തുമ്പോള്‍ കുട്ടികളുടെ കൈയില്‍ മൊബൈലില്ല. പകരം അടുത്ത കടയിലാണ് സൂക്ഷിക്കാന്‍ ഏല്‍പിക്കുക. പലപ്പോഴും ( കുട്ടികളാല്‍ നിയന്ത്രിക്കപ്പെടുന്ന ) രക്ഷിതാക്കളുടെ പിന്തുണയോടെ അവര്‍ പിറ്റേന്ന് എത്തുകയും ചെയ്യും.
ഇത്തരം മൊബൈല്‍ റെയ്‌ഡിലും അല്ലാതെയും പിടിച്ചെടുക്കുന്നവയില്‍ പക്ഷെ മെമ്മറി കാര്‍ഡും സിംകാര്‍ഡുമെല്ലാം ഒളിപ്പിക്കാനും കുട്ടികള്‍ വിദഗ്ധരാണ്.
അനുഭവങ്ങള്‍ രേഖപ്പെടുത്തിയതിനു നന്ദി

Anonymous August 7, 2010 at 7:54 AM  

@ Vijayan Kadavath



പലപ്പോഴും നമ്മുടെ കുട്ടികളുടെ യഥാര്‍ത്ഥ ചിത്രം നമുക്ക് കിട്ടുന്നത് ബസ് യാത്രയ്‌ക്കിടയില്‍ അവരുടെ കണ്ണില്‍ പെടാതെയിരികുമ്പോഴാണ്. അവര്‍ ഉപയോഗിക്കുന്ന പദങ്ങള്‍, അവരുടെ കാഴ്‌ചപ്പാടുകള്‍, അഭിപ്രയങ്ങള്‍ എല്ലാം ക്ലാസ് മുഠികളിലുള്ളവയില്‍ നിന്നും വ്യത്യസ്‌തമായിരികും.

'മൊബൈല്യം' എന്ന പ്രയോഗം വ്യത്യസ്‌തമായിരുന്നു

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു നന്ദി



@ Shemi



നല്ലതും ചീത്തയും തിരിച്ചറിയാനുള്ള വിവേകം നമ്മുടെ സമൂഹത്തില്‍ നിന്നു തന്നെ അന്യമായിക്കൊണ്ടിരിക്കുകയാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

തെറ്റ് ചെയ്‌തിട്ട് അതിനെ ന്യായീകരിക്കാനുള്ള പ്രവണത നമ്മുടെ സമൂഹത്തില്‍ ശക്തമാണ്.

കുട്ടികളും അതിന്റെ ഭാഗമവുകയാണ്.

തെറ്റും ശരിയും കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുന്നതില്‍ അദ്ധ്യാപകനു പങ്കുണ്ട് എന്നതു ഏറെ ശരിയാണ്.

പണ്ടൊരിക്കല്‍ ഒരു കുട്ടിയെ ഹാന്സ് ഉപയോഗിച്ചതിനു ഓഫീസിലെത്തിച്ചു.

ചോദ്യം ചെയ്യലിനിടെ അവന്‍ തിരികെ ഒരു ചോദ്യം ചോദിച്ചത് ഏവരെയും ഏറെ ചിന്തിപ്പിച്ചു.

'ഇതു സ്‌കൂളീല്‍ കൊണ്ടു വരാന്‍ പാടില്ല്ലെന്ന് എന്നോടെന്നെങ്കിലും പറഞ്ഞിട്ടുണ്ടോ.?'



ആദ്യം വേണ്ടതും വേണ്ടാത്തതും പറഞ്ഞു കൊടുക്കണം. തെറ്റും ശരിയും പറഞ്ഞു കൊടുക്കണം. അതാണ് അദ്ധ്യാപകന്റെ കടമ.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു നന്ദി



@ ഭൂതത്താന്‍



നന്ദി



@JAYAN



തീര്ച്ചയായും, ബോധവല്‍കരണവും നിരോധനവും സംയുക്തമായി നടപ്പിലാക്കിയാല്‍ മാത്രമേ ഈ വിപത്തിനൊരു പരിഹാരമാകൂ

അഭിപ്രായങ്ങള്‍ക്ക് നന്ദി



@ ചിക്കു



നടന്ന സംഭവം ഒരു കഥ പോലെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..

'അദ്ധ്യാപകരെ വിറ്റൂ കാശാക്കിയ വിദ്യാര്‍ത്ഥികളും' ഉണ്ട് എന്നതിനു തെളീവാണ് ഈ സംഭവം

നന്ദി

Anonymous August 7, 2010 at 7:55 AM  

@JAYAN



തീര്ച്ചയായും, ബോധവല്‍കരണവും നിരോധനവും സംയുക്തമായി നടപ്പിലാക്കിയാല്‍ മാത്രമേ ഈ വിപത്തിനൊരു പരിഹാരമാകൂ

അഭിപ്രായങ്ങള്‍ക്ക് നന്ദി



@ ചിക്കു



നടന്ന സംഭവം ഒരു കഥ പോലെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..

'അദ്ധ്യാപകരെ വിറ്റൂ കാശാക്കിയ വിദ്യാര്‍ത്ഥികളും' ഉണ്ട് എന്നതിനു തെളീവാണ് ഈ സംഭവം

നന്ദി


@ MyDreams


നല്ല വശവും ചീത്ത വശവും എല്ലാത്തിനും ഉണ്ട്. വിമര്‍ശന ബുദ്ധിയോടെ കാണുമ്പോഴാണ് നമുക്ക് പല ചീത്ത വശങ്ങളും കണ്ടു പിടിക്കാനാവുക.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു നന്ദി



@ Babu Jacob



വ്യത്യസ്‌തമായ വീക്ഷണമാണ്.

പലപ്പോഴും ധീരമായ തീരുമാനങ്ങളെക്കാന്‍ നമ്മുടെ പരിമിതികള്‍ കൊണ്ടു തന്നെ അദ്ധ്യാപകര്‍ക്ക് സാധിക്കാറില്ല എന്നു ബാബു സാറിനറിയാമല്ലോ..

ഈ വിഷയത്തില്‍ പ്രത്യേകിച്ചും സര്‍ക്കാര്‍ ഉത്തരവുള്ള സാഹചര്യത്തില്‍

അഭിപ്രായങ്ങള്ക്ക് നന്ദി


@ k.madhavikutty


ശരിയാണ്. പക്ഷെ നിരോധനം ഔദ്യോഗിക തലത്തില്‍ നിരോധനം പ്രാവര്‍ത്തികമാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ അറിയാമല്ലോ..

ഒരു സ്വയം നിരോധനമാവും കൂടുതല്‍ പ്രായോഗികം, ഫലപ്രദവും



അഭിപ്രായങ്ങള്‍ക്ക് നന്ദി

Anonymous August 7, 2010 at 7:55 AM  

@razimantv


പക്ഷെ ഇന്നത്തെ തലമുറ നാളെ അദ്ധ്യാപകരായി മാറുന്ന കാലത്ത് മൊബൈല്‍ ഫോണ്‍ ഏറെ മാറിയിട്ടുണ്ടാകും. അന്നു പുതിയ എന്തെങ്കിലും സാങ്കേതിക വിദ്യയായിരിക്കും എത്തുക. ആയതിനാല്‍ അഭിപ്രായം ഇപ്പോള്‍ തന്നെ രേഖപ്പെടുന്നതായിരുന്നു കൂടുതല്‍ ഉചിതം.



അഭിപ്രായങ്ങള്‍ക്ക് നന്ദി


@ ഡ്രോയിംഗ് മാഷ്


നന്ദി


@ Babu Jacob


ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു സാറിന്റെ കമന്റ്.

പല തലങ്ങളിലൂടെ കടന്നു പോകുന്ന ഒന്നായിരുന്നു അത്.

അച്‌ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം താങ്കളുടെ വാചകങ്ങളില്‍ നിന്നും വായിച്ചെടുക്കാം.

മാതാപിതാക്കള്ക്ക് കുട്ടികളുടെ മേല്‍ സ്‌നേഹത്തിന്റേതായ സ്വാധീനമുണ്ടെങ്കില്‍ അവരൊരിക്കലും വഴി തെറ്റില്ല എന്നു അതി മനോഹരമായി താങ്കള്‍ പറഞ്ഞു വച്ചിരിക്കുന്നു.

അഭിനന്ദനങ്ങള്‍.


ഒരു കമന്റില്‍ ഒതുക്കേണ്ടതല്ല ഈ അഭിപ്രായമെന്നു തോന്നുന്നു. സാധിക്കുമെങ്കില്‍ ഇതിന്റെ ഉള്ളടക്കം ഒരു പോസ്‌റ്റായി അയച്ചു തരൂ. നമ്മുടെ ഞായറാഴ്‌ച സംവാദത്തില്‍ ഉള്‍പ്പെടുത്താമല്ലോ.



@ Malathi and Mohandas



അഭിപ്രായങ്ങള്‍ക്കും ലിങ്കിനും നന്ദി.



@abhilash


അഭിപ്രായം രേഖപ്പെടുത്തിയതിണു നന്ദി


@ അസീസ്


ശരിയാണ്. അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി

Anonymous August 7, 2010 at 7:56 AM  

@pulari


നല്ലൊരു നിര്ദ്ദേശമാണ്. ഈ ബോധവല്‍ക്കരണം ഉടന്‍ ഉണ്ടാകട്ടെ എന്നു നമുക്കാശിക്കാം .

അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി


@ ഉഗ്രന്‍


ഒരു പ്രശ്‌നം ആരോഗ്യ പ്രശ്‌നമാണ്. ക്ലാസില്‍ ഇപ്രകാരം മൊബൈലുകള്‍ ഒരുമിച്ചു പരസ്യമായി വയ്‌ക്കുമ്പോള്‍ മോഷണം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലേ..?

കഴിഞ്ഞ ദിവസം ക്ലാസില്‍ ഒരു പയ്യന്‍ മൊബൈല്‍ കൊണ്ടു വന്നു. അതാരോ മോഷ്ടിച്ചു. അവനു പേടിയായ കാരണം പരാതിപ്പെട്ടില്ല. പിന്നീട് അച്‌ഛന്‍ വന്നു പരാതി പറയുകയായിരുന്നു.

ഒരു അഞ്ചാം ക്ലാസില്‍ മൊബൈലുപയോഗിക്കാന്‍ ലഭിക്കുന്ന ഒരു കുട്ടി വിശ്രമ വേളയില്‍ മാത്രം അതിന്റെ ഉപയോഗം ചുരുക്കുമെന്നു കരുതാനാകുമോ ?

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനു നന്ദി


@കുമാരന്‍


നന്ദി


@ SUNIL V PAUL


ശരിയാണ് സാര്‍. ഒട്ടേറെ സൈഡ് ബിസിനസുമാരായ അദ്ധ്യാപകര്‍ നമുക്കുണ്ട്. അവര്‍ നിയന്തിക്കപ്പെടേണ്ടതുണ്ട്.

അഭിപ്രായങ്ങള്ക്ക് നന്ദി


@ SUJITH


നിയമങ്ങള്‍ ഉണ്ടായാല്‍ മാത്രം പോര, അവ നടപ്പാക്കുക കൂടി വേണമെന്ന അഭിപ്രായം ശരിയാണ്.

നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. അതു ലംഘിക്കുന്നവര്‍ക്കും.

എന്നാല്‍ ആ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയാല്‍ ലംഘിക്കുന്നവരുടെ എണ്ണം കുറയുമെന്നുറപ്പാണ്.

അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി


@ MADHU_haritham


നല്ലൊരു സംസ്‌കാരം നമുക്ക് ആവശ്യമാണ്. ഇങ്ങിനെ ഒരു ഉപകരണം തന്നിട്ട് അതുപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ കൂടി പഠിപ്പിക്കാന്‍ മൊബൈല്‍ കമ്പനികള്ക്ക് ഉത്തരവാദിത്വമില്ലേ എന്നൊരു ചോദ്യം ഉയരുന്നുണ്ട്.

അഭിപ്രായങ്ങള്‍ക്ക് നന്ദി

Anonymous August 7, 2010 at 7:56 AM  

@ പഥികന്‍


അതെ, നിയമങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് അറിയില്ല. അതു കൊണ്ടാണ് പലപ്പോഴും ഈ തരത്തില്‍ സംഭവിക്കുന്നത്. അല്ലാതെ മനപ്പൂര്‍വ്വം നിയമം ലംഘിക്കാന്‍ ചെയ്യുന്നതല്ല.

ഒരു ബോധവല്‍ക്കരണം മൊത്തത്തില്‍ ആവശ്യമാണ്.

പിന്നെ മൊബൈല്‍ കമ്പനികള്‍ക്കും ഏറെ ചെയ്യാനാവും.

ഉദാഹരണത്തിന് മൊബൈല്‍ ക്യാമറയുടെ കാര്യമെടുക്കുക.

അതു വഴി എടുക്കുന്ന ചിത്രത്തിലും വീഡിയോയിലും അവയെടുത്ത മൊബൈല്‍ ഫോണിന്റെ സീരിയല്‍ നമ്പര്‍ കൂടി പതിക്കണമെന്ന നിയമം വന്നാല്‍ എന്തായിരിക്കും സ്ഥിതി.? പലരും മര്യാദയ്‌ക്ക് ഉപയോഗിച്ചു തുടങ്ങും. ഇത്തരത്തിലുള്ള കുറ്റാകൃത്യങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഒഴിവാക്കുക കൂടി വേണം.

അഭിപ്രായങ്ങള്ക്ക് നന്ദി


@ Lalitha



അദ്ധ്യാപകര്‍ കുട്ടികളെ വിളീക്കാനായി മാത്രം കാശു മുടക്കി മൊബൈല്‍ മേടിച്ചു സ്‌കൂളിലെത്തുമെന്നു വിശ്വസിക്കുക പ്രയാസം. പിന്നെ പതിവായി മുടങ്ങുന്ന കുട്ടികളുടെ വീട്ടിലേക്ക് വിളിച്ചാല്‍ വ്യത്യാസമുണ്ടാകുമെന്നതു ശരി. പക്ഷെ അത് ഓഫീലെ ഫോണില്‍ നിന്നായാലെന്താ?



കുട്ടിയെ വീട്ടില്‍ കൊണ്ടു ചെന്നാക്കണം എന്ന കാരണം കൊണ്ട് അവന്‍/അവള്‍ ചെയ്യുന്ന തെറ്റിനു നേരെ കണ്ണടയ്‌ക്കുന്നതു ശരിയല്ലല്ലോ..

എന്തായാലും ഈ വക കാര്യങ്ങളില്‍ ഏറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്നതു ശരി തന്നെ.

അഭിപ്രായങ്ങള്‍ക്ക് നന്ദി


@ MOHANAN


തീര്‍ച്ചയായും, കുട്ടികള്‍ക്ക് പരിമിതപ്പെട്ട മൊബൈല്‍ സൌകര്യങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ല. പക്ഷെ പലപോഴും പരിമിതികള്‍ നിശ്‌ചയിക്കുന്നതു കുട്ടികളായിരിക്കും എന്നിടത്താണ് കുഴപ്പം.

അഭിപ്രായങ്ങള്‍ക്ക് നന്ദി



അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി..

musthafa.op August 7, 2010 at 10:10 PM  

mobail engane upayogikkaam ennu parantsineyum kuttikalayum padippikkanam.

ssfkaringanad December 25, 2016 at 2:25 PM  

Nannayittund.....

ssfkaringanad December 25, 2016 at 2:25 PM  

Nannayittund.....

ssfkaringanad December 25, 2016 at 2:25 PM  

Nannayittund.....

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer