കടക്കെണിയും ആര്‍ഭാടവും ചര്‍ച്ചചെയ്യപ്പെടേണ്ടത്
>> Monday, August 23, 2010
ഒന്‍പതാം ക്ലാസിലെ മലയാളം അടിസ്ഥാനപാഠാവലിയില്‍ 'സമുദായങ്ങള്‍ക്ക് ചിലത് ചെയ്യുവാനുണ്ട്' എം.എന്‍.വിജയന്‍ മാഷിന്‍റെ ഒരു കുറിപ്പ് പഠിക്കാനുണ്ട് . കേരളീയന്‍റെ ‘വര്‍ദ്ധിച്ചുവരുന്ന ഉപഭോഗ സംസ്‌കാരം’ എന്ന പ്രശ്‌നവുമായി ഈ കുറിപ്പ് ക്ലാസില്‍ ചര്ച്ചു ചെയ്യപ്പെടും എന്നുറപ്പ്. അതില്‍ തന്നെ ഊന്നല്‍ വരിക ‘ ആര്‍ഭാടമായി ജീവിക്കണം എന്നകൊതി മനുഷ്യനെ ഉന്മാദത്തിലേക്ക് നയിക്കുന്നു, ഇല്ലാത്തവന്‍ കടംവാങ്ങി, ചെലവാക്കി മുടിയുന്നു…തുടങ്ങിയ വാക്യഭാഗങ്ങളാകും. ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള ചര്‍ച്ചയും ഉപസംഹാരവും ആയിരിക്കും നാം ചെയ്യുക. എന്നാല്‍ ഇതില്‍ യാഥാര്‍ഥ്യമെത്രത്തോളമുണ്ട്? ഇതേക്കുറിച്ച് ബ്ലോഗ് ടീം അംഗവും മാധ്യമം ദിനപ്പത്രത്തിലെ എഴുത്തുകാരനും കെ.ടി.എം.എച്ച്.എസിലെ ഹെഡ്മാസ്റ്ററുമായ രാമനുണ്ണി മാഷിന്‍റെ ലേഖനത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.
ശ്രീനാരായണഗുരുവചനങ്ങള്‍ റഫര്‍ ചെയ്തുകൊണ്ടാണ് വിജയന്‍ മാഷ് ഈ കുറിപ്പ് എഴുതുന്നത്. എന്നാല്‍ കേരളത്തിന്റെ സമകാലികാവസ്ഥ തന്നെയാണ് വിഷയം. ഉദാഹരണങ്ങള്‍ സഹിതം മാഷ് വിശദീകരിക്കുന്നു. ഇതില്‍ രണ്ടു പദങ്ങള്‍ ആര്‍ഭാടം, കടം ; ഇവ സവിശേഷമായി നാം പരിഗണിക്കണം. എന്താണ് ‘ആര്‍ഭാടം’ എന്താണ് ‘കടം’? ആര്‍ഭാടത്തിന്നു വേണ്ടി കടമെടുക്കുന്നു എന്ന നിരീക്ഷണവും ഇതോടൊപ്പം ഉണ്ട്. സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന ജീവിതാവശ്യങ്ങള്‍ ഒരിക്കലും ‘ആര്‍ഭാട‘മാവുന്നില്ല . ജീവിതാവശ്യങ്ങള്‍ ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നിവയില്‍ ഒതുങ്ങുമോ? പ്രാകൃതമനുഷ്യന്‍റെ കാര്യത്തില്‍ പോലും ഇതുമാത്രമാണോ പ്രാഥമികം? സമകാലികസമൂഹത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വിനോദം, വിശ്രമം, സാമൂഹിക സുരക്ഷ, മതേതര്വം, സോഷ്യലിസം, ജനാധിപത്യം തുടങ്ങിയവയും പ്രാഥമികാവാശ്യങ്ങള്‍ തന്നെ. ഈ ആവശ്യങ്ങള്‍ തിരിച്ചറിയുകയും അതു നേടാനായി ആഗ്രഹിക്കുകയും ചെയ്യുന്നത് ഒരിക്കലും ‘ആര്‍ഭാടമെന്നു’ കരുതാമോ? ഇതെല്ലാം സാധിക്കാനായി പ്രാഥമികമായി വേണ്ടത് ഇവതന്നെയാണു താനും. ഇതു സാധിച്ചെടുക്കുന്നതിലൂടെ സ്വാഭാവികമായും അളവിലും ഗുണത്തിലും ഇതെല്ലാം വര്‍ധിപ്പിക്കാന്‍ ആധുനിക പൌരന്‍ ശ്രമിക്കുകയും ചെയ്യും.
എന്നാല്‍ ഇതു സാധിച്ചെടുക്കാന്‍ ഒരാള്‍ അതിക്രമം കാണിക്കുന്നെങ്കില്‍ അതു രാജനീതിയും ഭരണസംവിധാനവും പോലെയുള്ള സംഗതികളെക്കുറിച്ചുള്ള വിദ്യാഭ്യാസമില്ലായ്മതന്നെ. അവിടെയും നാം ചര്‍ച്ച ചെയ്യേണ്ടത് –കുറ്റത്തിന്ന് ശിക്ഷ എന്നതുപോലെ സാഹചര്യം കൂടിയാണ്. ആത്യന്തികമായി ഇതൊന്നും അക്രമത്തെ ന്യായീകരിക്കുന്നുമില്ല.
മറ്റൊന്ന്, തന്റെ ചുറ്റുപാടുകള്‍ മനസ്സിലാക്കി അതിന്ന് യുക്തിബോധവും സാമൂഹ്യ ചരിത്രവും ഒക്കെ വേണമെന്ന് വേറൊരു കാര്യം അതിലൊതുങ്ങി കഴിയാന്‍ പഠിക്കുക എന്നതാണ്. ഇതു കേവലയുക്തി അല്ലാതെന്താണ്? ഇതു എത്രകണ്ട് സാധ്യമാണെന്നത് നോക്കൂ. പ്രാഥമികാവശ്യങ്ങളില്‍ ഒന്ന് –ഭക്ഷണം ഇല്ല എന്ന സാമൂഹികാവസ്ഥ സ്വന്തമവസ്ഥ മനസ്സിലാക്കി കഴിയാന്‍ ആവുമോ? തനിക്കില്ലെങ്കിലും കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനില്ലാതെ വരുമ്പോള്‍ ഏതു മനുഷ്യനും യുക്തികള്‍ക്ക് അതീതനാകും. ജനാധിപത്യമെന്ന പ്രാഥമികാവശ്യം നഷ്ടപ്പെടുമ്പോള്‍ വ്യക്തിയും സമൂഹവും ഒന്നിച്ച് പ്രതികരിക്കും. തൊഴില്‍, വിശ്രമം, വിനോദം എന്നിങ്ങനെ എല്ലാ കാര്യത്തിലും ഇതാണവസ്ഥ.മനുഷ്യ സമൂഹം പുരോഗതിയിലേക്ക് കുതിക്കുകയാണ്. മനുഷ്യവികസന സൂചകങ്ങള്‍ പഠിക്കുന്നൊരാള്‍ ഇതു നിഷേധിക്കില്ല.
(റഫ: വിക്കിപീഡിയ)
നമ്മുടെ രാജ്യം വികസിച്ചുകൊണ്ടിരിക്കുന്നവയുടെ കൂട്ടത്തില്‍ മുന്‍പിലാണ്. മനുഷ്യദാരിദ്ര്യസൂചകങ്ങളില്‍ നാം അത്ര സുഖമുള്ള ഒരിടത്തല്ല.
ഉറുഗ്വെ 50-ം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ നാം 164 -ം സ്ഥാനത്താണ്.
എന്നാല്‍ അക്രമങ്ങളുടെ കണക്കില്‍ വികസിത രാജ്യങ്ങളേക്കാള്‍ നാം വളരെ പിന്നിലാണ് എന്നതും വളരെ ആശ്വാസകരം തന്നെ. പ്രാഥമികാവശ്യങ്ങള്‍ പോലും നാം നേടിയെടുക്കുന്നതില്‍ അക്രമരാഹിത്യം പാലിക്കുന്നു. വിജയന്‍ മാഷ് പറയുന്നതുപോലെ ‘കുട്ടികളുമൊത്ത് ചെറുപുരയില്‍ പാര്‍ത്തിരുന്ന ചെറുപ്പക്കാരന്‍….’ എന്നത് കേവലം അതിശയോക്തിയാണ്. ഇന്ത്യയുടേയോ കേരളത്തിന്റേയോ സാമാന്യാവസ്ഥ അല്ല.
ഈയൊരു പശ്ചാത്തലത്തിലാണ് ‘കടം’ നാം അറിയേണ്ടത്. ഇല്ലാത്തവര്‍ ഉള്ളവരില്‍ നിന്ന് കടം വാങ്ങുന്നത് സ്വാഭാവികം.വ്യക്തികളും രാജ്യങ്ങളും കടം വാങ്ങും. കടം വാങ്ങുന്നത് ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ക്കാണു താനും. (ധൂര്‍ത്തടിക്കാന്‍ വാങ്ങുന്നവര്‍ ചെറുന്യൂനപക്ഷം ഉണ്ടാവാം) കുട്ടികളുടെ വിദ്യാഭ്യാസം, വീട്, കുട്ടികളുടെ വിവാഹം, കൃഷി, വ്യാപാരം, വ്യവസായം, ചികിത്സ എന്നിങ്ങനെയുള്ള സംഗതികള്‍ക്കാണ് കടം വാങ്ങുന്നത്. സാമൂഹ്യജീവിതത്തില്‍ ഇതൊന്നും അനാവശ്യങ്ങളല്ല; ആര്‍ഭാടങ്ങളല്ല. കടം വാങ്ങി ഒരു വര്‍ഷം കഴിയുമ്പോഴേക്കും കാര്യങ്ങള്‍ മാറിമറിയുന്നു. കടത്തിന്റെ ടേംസ് ആംന്റ് കണ്ടീഷന്‍സ് വരെ. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മാറുന്നു. സാമ്പത്തിക നയങ്ങള്‍ മാറുന്നു. വ്യക്തി/ കുടുംബപരമായ അവസ്ഥകള്‍ മാറുന്നു. പുതിയ ആവശ്യങ്ങള്‍ ഉണ്ടാകുന്നു. വിലക്കയറ്റവും വിലക്കുറവും ഉണ്ടാവുന്നു. ഇങ്ങനെയൊക്കെ ഉണ്ടാവുന്നതില്‍ കടംവാങ്ങിയ വ്യക്തിയുടെ സ്വാധീനം വളരെ വളരെ ചെറുതുമാണ്. വ്യക്തിക്ക് നിയന്ത്രിക്കാനാവാത്തയാണ് എല്ലാം എന്നു കാണാം. എന്നാല്‍ കടക്കാരന്‍ വ്യക്തിയായി നില്ക്കു കയും കടാവസ്ഥ സാമൂഹികമായി സ്ഥലകാലങ്ങള്‍ക്കൊത്ത് മാറുകയും ചെയ്യുന്നു. ഇതൊരു വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുന്നു. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം അറ്റുപോകുന്നു. എന്തുകൊണ്ട് കടക്കെണിയെന്നും, കടംമൂലം ആത്മഹത്യയെന്നും ഒരു പാട് പഠനങ്ങള്‍ നടക്കുന്നുണ്ട്.
ഇതിനെയൊക്കെ ആര്‍ഭാടത്തിന്റെ ഉന്മാദം, വ്യക്തിപരം എന്നൊന്നും പറഞ്ഞ് ഒഴിവാക്കിക്കൂടാ. അധാര്‍മ്മികമായ സംഗതികള്‍ ഇല്ലെന്നല്ല; മറിച്ച് അത് പൊതുകാരണമെന്ന് പറഞ്ഞ് യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൂടാ എന്നേ പറയുന്നുള്ളൂ.
‘ഇല്ലാത്തവര്‍ ചെലവാക്കി മുടിയുന്നതിനെ’ കുറിച്ചു ഗുരു പറയുന്നുണ്ട്. ഗുരു മുന്നില്‍ കാണുന്ന ഉദാഹരണങ്ങള്‍ നിഷേധിക്കാന്‍ വയ്യ. എന്നാല്‍ ഉള്ളവന്‍ ചെലവാക്കുന്നതിനെ കുറിച്ചും പറയണമായിരുന്നു. പണമുണ്ടെന്നു കരുതി അതു ധൂര്‍ത്തടിക്കുമ്പോള്‍ (3 പേര്‍ക്ക് താമസിക്കാന്‍ 3 കോടിയുടെ വീട്) അതു പ്രത്യക്ഷമായും പരോക്ഷമായും ഇല്ലാത്തവനെ കൂടുതല്‍ ഇല്ലാത്തവനാക്കുകയാണ്. ഒരു ചാക്ക് സിമന്റ് വേണ്ടിടത്ത് പണമുണ്ടെന്നു കരുതി 10 ചാക്ക് വാങ്ങിക്കുന്നവന്‍ കമ്പോളത്തില്‍ സിമന്റിന്റെ വില വര്‍ദ്ധിപ്പിക്കുകയും അതു പണമില്ലാത്തവനെ (ഒരു ചാക്കു വേണ്ടിടത്ത് 1 കിലോ വാങ്ങി) കൂടുതല്‍ ദരിദ്രനാക്കുകയുമാണല്ലോ. ദരിദ്രനെ രക്ഷിക്കാന്‍ സമ്പന്നനെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. ‘ആദര്‍ശത്തിന്റേയും ലാളിത്യത്തിന്റേയും ഊന്നുവടികൊണ്ട് സാധാരണക്കാരന്റെ ഉയരം കൂട്ടേണ്ടിയിരിക്കുന്നു’ എന്നത് കേവലാശയം മാത്രമായി പരിണമിക്കുന്നു. സമൂഹത്തില്‍ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള ഉയരമാണല്ലോ ശരിയായ ഉയരം. 30%ത്തിലധികം പേര്‍ ദാരിദ്രരേഖക്ക് താഴെ കിടക്കുന്ന ഒരു രാജ്യത്ത് ലാളിത്യം എന്നാലെന്താവാം വിജയന്‍ മാഷ് ഉദ്ദേശിച്ചത്?
42 comments:
രാമനുണ്ണി സാറിന്റെ പുതിയ പോസ്റ്റ് വായിക്കുന്നു.ഒരു തരം നിര്‍വികാരതയാണ് മനസ്സില്‍.എട്ടു വര്‍ഷക്കാലം അറബിനാട്ടില്‍ പണിയെടുത്ത് ,കുറച്ചു കാശുണ്ടാക്കി നാട്ടില്‍ വന്ന് വലിയൊരു വീടുവെച്ചു.പള്ളിയിലെ വലിയ പെരുന്നാള് ഒറ്റക്കു കഴിച്ചു, നാട്ടിലെ വേണ്ടപ്പെട്ടവനായി ഇപ്പോള്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിക്കുന്ന ഒരു കൂട്ടുകാരന്‍ എനിക്കുണ്ട്.ഇതൊരു ശരാശരി മലയാളിയുടെ കഥ.
ശ്രീ വെങ്കിടെശ്വര യുണിവേഴ്സിറ്റിയിലെ എന്റെ പ്രൊഫസറും അതേ യുണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും താമസിക്കുന്ന വീട്ടില്‍ ഒരു ദരിദ്രമലയാളിപോലും താമസിക്കില്ല.അദ്ദേഹം കൃഷിചെയ്യുന്നു. നിങ്ങള്‍ക്കെന്തിനാണ് പെരിയാര്‍ ജലം ,വെറുതെ കടലിലേയ്ക്ക് ഒഴുക്കാനല്ലേ എന്നു പറഞ്ഞു കളിയാക്കിയ ഒരു സഹപ്രവര്‍ത്തകനെ ഓര്‍ക്കുന്നു. തമിഴനാണ്.
ഉല്‍സവകാലങ്ങളില്‍ മദ്യപിക്കുന്നത് ദൂര്‍ത്താണോ? അത് മാനസീകവും പിന്നെ ശാരീരികവുമായ ആവശ്യമല്ലേ?നമ്മള്‍ ചെയ്യുന്നത് എപ്പോഴും ശരിയായിരിക്കും . അതുതന്നെ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ മാത്രമെ തെറ്റാകുകയുള്ളു.കാലികപ്രസക്തിയുള്ള ഈ പോസ്റ്റ് നല്‍കിയതിന് രാമനുണ്ണിസാറിനെ അഭിനന്ദിക്കുന്നു.
നമ്മുടെയെല്ലാം കണ്ണുതുറപ്പിച്ച ലേഖനം. ജോണ്‍ മാസ്റ്റര്‍ പറഞ്ഞപോലെ
നമ്മള്‍ ചെയ്യുന്നത് എപ്പോഴും ശരിയായിരിക്കും . അതുതന്നെ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ മാത്രമെ തെറ്റാകുകയുള്ളു.
രാമനുണ്ണിസാറിന് അഭിനന്ദനങ്ങള്‍
അംഗീകാരം ആഗ്രഹിക്കാത്ത മനുഷ്യനുണ്ടാകുമോയെന്ന് സംശയമാണ്. ഓരോരുത്തരിലും അതിന്റെ അളവ് വ്യത്യസ്തമായിരിക്കും. പണമുള്ളവനെ, നല്ല വസ്ത്രമുള്ളവനെ മാത്രമേ സമൂഹം അംഗീകരിക്കുന്നുള്ളു എന്നിരിക്കെ നല്ല വസ്ത്രത്തിനും ജീവിതസാഹചര്യങ്ങള്‍ക്കും പുറകെ പോകുന്നവരെ എങ്ങനെ കുറ്റം പറയാനാകും? അതിനായി ചിലപ്പോളവന്‍ കടം വാങ്ങുന്നുണ്ടാകാം. കടക്കെണിയില്‍ വീഴുന്നുണ്ടാകാം. തലയണമന്ത്രം എന്ന ശ്രീനിവാസന്‍ സിനിമയില്‍ ഉര്‍വശി ചെയ്യുന്ന കഥാപാത്രം ഇത്തരമൊരു വ്യക്തിയെ പ്രതിനിധാനം ചെയ്യുന്നു. അതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെ സംവിധായകന്‍ വരച്ചു കാട്ടുന്നുണ്ടെങ്കിലും ഈ കഥാപാത്രത്തിന്റെ ഭാവപകര്‍ച്ചകളില്‍ ചിലതെങ്കിലും നമ്മുടെ മനസ്സിലും ഇല്ലാതെയില്ല.
"ഒരു ചാക്ക് സിമന്റ് വേണ്ടിടത്ത് പണമുണ്ടെന്നു കരുതി 10 ചാക്ക് വാങ്ങിക്കുന്നവന്‍ കമ്പോളത്തില്‍ സിമന്റിന്റെ വില വര്‍ദ്ധിപ്പിക്കുകയും അതു പണമില്ലാത്തവനെ (ഒരു ചാക്കു വേണ്ടിടത്ത് 1 കിലോ വാങ്ങി) കൂടുതല്‍ ദരിദ്രനാക്കുകയുമാണല്ലോ."
തീര്‍ത്തും ശരിയാണ്. സ്വര്‍ണത്തിനോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ഭ്രമം സ്വര്‍ണവില കുത്തനേ ഉയര്‍ത്തി. ബിസിനസ് സാധ്യതകള്‍ മുന്നില്‍ക്കണ്ട് സര്‍ക്കാരുകള്‍ സ്വര്‍ണസമ്പാദ്യം കൂട്ടി. ഇതു മൂലം സ്വര്‍ണവില അഞ്ചക്കം കടക്കുകയും പെട്ടന്നു തന്നെ പതിനയ്യായിരത്തിന് അടുത്തെത്തിക്കുകയും ചെയ്തു. ഇവിടെ വെട്ടിലായതാരാണ്. സാധാരണക്കാരായ രക്ഷകര്‍ത്താക്കള്‍. നമ്മുടെ നാടിന് സ്വര്‍ണത്തോടുള്ള ഭ്രമം മാറാത്തിടത്തോളം ഇതൊരു ബാധ്യതയായി നില്‍ക്കും. കല്യാണത്തിനായി ഇല്ലാത്ത പണം കടം വാങ്ങിയാല്‍ അതിനെ ആര്‍ഭാടമെന്നു വിളിക്കാമോ?
ആര്‍ഭാടവും ധൂര്‍ത്തുമാണ് എങ്ങും കാണുന്നത്. മറ്റുള്ളവരെ അസൂയപ്പെടുത്താനാണ് കേരളത്തിലേക്കൊഴുകുന്ന വിദേശമലയാളികള്‍ അയക്കുന്ന പണം മുഴുവനും വിനിയോഗപ്പെടുത്തുന്നത്. ഉള്ള സ്ഥലത്ത് നിറയെ വീട് നിര്‍മ്മിക്കുക,ബാക്കിയുള്ള സ്ഥലത്ത് ഗാര്‍ഡന്‍ വെച്ചുപിടിപ്പിക്കുക എന്നതാണ് രീതി. ഒരു മുരിങ്ങച്ചെടി പോലും ആരും നട്ടുവളര്‍ത്തുന്നില്ല. അതൊക്കെ എന്ന് വളര്‍ന്ന് കായ്ക്കാനാ, കാശ് കൊടുത്ത് വാങ്ങാലോ എന്ന മനോഭാവം. അധികമായി ലഭിച്ച പണം മലയാളിയെ വെറും പൊങ്ങച്ചക്കാര്‍ മാത്രമായി മാറ്റിയിരിക്കുന്നു. ഇനിയൊന്നും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എത്തുന്നിടത്ത് എത്തട്ടെ. അല്ലാതെന്ത് പറയാന്‍?
കേരളീയന്‍റെ ‘വര്‍ദ്ധിച്ചുവരുന്ന ഉപഭോഗ സംസ്‌കാരം’ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് രാമനുണ്ണി സാര്‍ നന്നായി പറഞ്ഞു. സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന ജീവിതാവശ്യങ്ങള്‍ ഒരിക്കലും ‘ആര്‍ഭാട‘മാവുന്നില്ല . ജീവിതാവശ്യങ്ങള്‍ ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നിവയില്‍ ഒതുങ്ങുമോ? ഈ ചിന്ത എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?
വിജയന്‍ മാഷെപ്പോലൊരാളുടെ കുറിപ്പിനെ തലതിരിച്ചു വായിച്ചിരിക്കുകയാണ് ലേഖകന്‍. കടക്കെണി എന്തുകൊണ്ടുണ്ടാകുന്നു എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്. പക്ഷെ അത് ലേഖനം വഴിതിരിച്ചു വിടുന്ന രീതിയിലല്ലെന്നു മാത്രം. അത്യാവശ്യങ്ങള്‍ക്ക് അപ്പുറത്തേക്കുള്ള ഏതു ചെലവും ആര്‍ഭാടണമാണെന്നിരിക്കെ, ലോകം ആര്‍ഭാടത്തിന് പുറകെ പോകുന്നത് നല്ല പ്രവണതയാണോ? ഈ രീതിയിലുള്ള പൊതുസമൂഹത്തിന്റെ ഗതി അധോഗതിയാണെങ്കില്‍ അതിനൊപ്പം നില്‍ക്കണമെന്നുള്ള ദുസ്സൂചനയോടെയാണ് ലേഖനം മുന്നോട്ടു പോകുന്നത്. ഈ ചെറിയ മനുഷ്യജീവിതം അടിച്ചു പൊളിക്കാനാണെന്ന ചിന്ത സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നവരിലും കാണാം. ഇത് ഒരു നല്ല ലക്ഷണമല്ല.
നിയത്രിക്കാന്‍ കഴിയാത്ത മനുഷ്യന്റെ ആഗ്രങ്ങളും മറ്റവന്റെ സൗഅകര്യങ്ങള്‍ നമ്മള്‍ക്കില്ലാല്ലൊ എന്ന വിഷാദവും മറ്റൊരു കാരണമാകുന്നില്ലെ? അത്യാവശ്യമില്ലാത്തവ അനാവശ്യമായി സംഭരിക്കാന്‍ ആഗ്രഹിക്കുന്ന ഇല്ലാത്തവന്റെ കടം വാങ്ങല്‍ ദൂര്‍ത്താവുന്നു എന്നെനിക്ക് തൊന്നുന്നു.
ജീവിക്കുന്നത്രയും കാലം
സുഖമായി ജീവിക്കണം
അതിനു വേണ്ടി
കടം വാങ്ങാം
പിടിച്ചുപറിയ്ക്കാം
മോഷണം നടത്താം
ഗുണ്ടയാവാം
എങ്ങനെയും കാശുണ്ടാക്കണം
സുഖമായി ജീവിക്കണം
എന്നാൽ
പണിയെടുക്കാൻ കഴിയില്ല
പണിയെടുത്താൽ തന്നവന്റെ
കഴുത്തറുക്കണം
എന്തായാലും “സുഖമായി”
ജീവിക്കണം
ഇനി അതിനു പറ്റിയില്ലെങ്കിൽ
“ചത്തുകളയണം”
ഇക്കഴിഞ്ഞ പ്രാവശ്യം നാട്ടിലെത്തിയപ്പോൾ
ബന്ധുകൂടിയായ ഒരാൾ എന്നെ പറഞ്ഞു
മനസ്സിലാക്കിച്ചു തന്ന നാട്ടിലെ ഒരു ഭൂരിഭാഗത്തിന്റെ ജിവിതരീതിയാണു മുകളിലെഴുതിയത്.
ഇന്നും ഇത് ദഹിക്കാതെ കിടക്കുന്നു.
ഇന്നിപ്പോള്‍ മിക്കവാറും സ്ക്കൂളുകളിലൊക്കെ പൂക്കളമത്സരമായിരിക്കുമല്ലൊ. ഈ ഒരു ദിവസത്തിനായി കുട്ടികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ എത്ര രൂപ ചിലവാക്കി കാണും? ഒരു സ്വയം പരിശോധന ആവശ്യമല്ലേ? എന്നിട്ടെന്താ കാര്യം...അടുത്ത വര്‍ഷം വീണ്ടും ഇതു തന്നെ നമ്മള്‍ ചെയ്യും.നാം മലയാളികളടക്കം കമ്പോളവത്കരിക്കപ്പെട്ടതിന്റെ ഉത്തമോദാഹരണം.ഇതില്‍ നിന്നൊരു ക്ഷിപ്രമോചനം സാധ്യമാണെന്ന് തോന്നുന്നില്ല.എല്ലാം സ്റ്റാറ്റസ് സിംബല്‍സ് ആയി മാറിക്കൊണ്ടിരിക്കുന്നു.ഞങ്ങളേതായാലും നാടന്‍ പൂക്കളുപയോഗിച്ചേ പൂക്കളം ഇടാവൂ എന്ന് നിഷ്കര്‍ഷിച്ചിരുന്നു.ഗ്രാമമായതിനാല്‍ ഉദ്ദേശിച്ച ഫലവും കണ്ടു.ഒന്നാം സമ്മാനം കിട്ടിയതും നാടന്‍ പൂക്കളുപയോഗിച്ചിട്ട പൂക്കളത്തിനു തന്നെ.മാറ്റം കുഞ്ഞുമനസ്സുകളില്‍ തന്നെയാണ് ഉണ്ടാവേണ്ടത്.ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പോസ്റ്റാണെന്നതില്‍ സംശയമൊന്നുമില്ല.
.
വിജയന്‍ മാഷിന്റെ ലേഖനം അതില്‍ തന്നെ പൂര്‍ണ്ണമായതുകൊണ്ട് അത് എഡിറ്റ് ചെയ്യുകയോ , മുറിച്ചു കഷണങ്ങളാക്കുകയോ ചെയ്യുമ്പോള്‍ അര്‍ഥ തലങ്ങളില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് .
സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് തന്റെ സാമൂഹ്യപരിസരവുമായി ഇണങ്ങുന്ന ജീവിതാവശ്യങ്ങള്‍ ഒരിക്കലും ‘ആര്‍ഭാട‘മാവുന്നില്ല. ഈ പ്രസ്താവന ശരിയാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഇതിലെ പൊരുത്തക്കേടുകള്‍കൂടി പരിഗണിക്കേണ്ടി വരും .
ഉദാഹരണമായി ഗതാഗത സൌകര്യമില്ലാത്ത ഒരു സ്ഥലത്ത് ജീവിക്കുന്ന ഒരാളിന് സ്വന്തമായി ഒരു വാഹനം എന്നത് ഒരിക്കലും ആര്‍ഭാടമല്ല . ഇരുചക്ര വാഹനം വാങ്ങുവാന്‍ സ്വന്തം പണമുള്ള ഇയാള്‍ കടം വാങ്ങി ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ സ്വന്തമാക്കുമ്പോള്‍ അത് ആര്‍ഭാടമാകുന്നു .
"ജീവിതാവശ്യങ്ങള്‍ " എന്നതിന് വ്യക്തമായ അതിര്‍വരമ്പുകള്‍ ഇല്ലാത്തത് കൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ക്കും അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നു .
തീര്ച്ചയായും നമ്മുടെ ഉപഭോക്തൃ സംസ്കാരം തന്നെ മാറേണ്ടിയിരിക്കുന്നു .
വിലകൂടിയ വസ്തുക്കളെല്ലാം ഗുണനിലവാരം കൂടിയവയാണ് എന്ന ചിന്താഗതി , കൂടുതല്‍ സുഖ സൌകര്യങ്ങള്‍ക്ക് വേണ്ട പരക്കം പാച്ചില്‍ , മറ്റുള്ളവരോടുള്ള മത്സര ബുദ്ധി ഇതെല്ലാം ഉപേക്ഷിക്കേണ്ടവ തന്നെ .
മനശ്ശാസ്ത്രം അനുസ്സരിച്ച് എന്തും തനിക്കു സ്വന്തമാകുന്നതുവരെ മാത്രമേ അതിനോട് ആസക്തിയുണ്ടാകൂ. അതായത് കുറഞ്ഞ വിലയുള്ള CRT ടി വി വാങ്ങിയാലും , കൂടിയ വിലയുള്ള LCD ടി വി വാങ്ങിയാലും , ആദ്യത്തെ കൌതുകം കഴിഞ്ഞാല്‍ രണ്ടും തരുന്ന ആസ്വാദന നിലയില്‍ മാറ്റമൊന്നും തോന്നില്ല എന്ന് ചുരുക്കം .
(ആസ്വാദന നില മാത്രം ഇവിടെ പരിഗണിക്കുന്നു . LCD യുടെ ഗുണവശങ്ങള്‍ വേറെയുണ്ട് . )
പിന്നെന്തിനു വളരെ കൂടുതല്‍ പണം മുടക്കണം ?
ഒരു പരിഹാരമേയുള്ളു .
വരവിനനുസരിച്ച് ചെലവു ചെയ്യുക .
ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ക്കും , സുഖലോലുപതയ്ക്കും വേണ്ടി വാരിക്കോരി പണം കടം കൊടുത്തു , തിരിച്ചു കിട്ടാതായപ്പോള്‍ തകര്‍ന്ന അമേരിക്കന്‍ ബാങ്കുകളും, പിന്നീടുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികളും ഒക്കെ സമീപ കാല ചരിത്രം .
വിജയന്‍ മാഷില്‍ നിന്നും തുടങ്ങി വിജയന്‍ മാഷില്‍ തന്നെ അവസാനിപ്പിക്കുന്നു.
" ചരിത്രത്തില്‍ നിന്നും നാം പഠിക്കുന്ന ഏറ്റവും വലിയ പാഠം , ചരിത്രത്തില്‍ നിന്നും നാം ഒരു പാഠവും പഠിക്കുന്നില്ല എന്നുള്ളതാണ്. "
.
ഇന്നത്തെ മനുഷ്യനു ത്രിപ്തി ഉണ്ടൊ. ഏതൊരു സാധനവും നേടാനായി നെട്ടോട്ടം ഓടുന്നു. നേടിക്കഴിഞ്ഞൽ പിന്നെ അതിനു വിലയില്ല.
ആവശ്യങ്ങൽ നേടുവാൻ കടം എങ്കിൽ കടം, പിടിച്ചു പരിയെങ്കിൽ അങ്ങിനെ. ഇതു എവിടെ ചെന്നവസാനിക്കും
മലയളികൽ ആഡംബർത്തിനു വേണ്ടി ദൂർത്ത്ടിക്കുന്നു എന്നതിൽ സംശയം ഇല്ല
നിലവാരമുള്ള ചർച്ച നടക്കുന്നുവെന്നതിൽ നന്ദി. നമ്മുടെ പാരമ്പര്യ ലോജിക്കുകളെയ്യാണ് പരിശോധിക്കാൻ ശ്രമിച്ചത്. വരുമാനത്തിന്നനുസരിച്ച് ചെലവുചെയ്യൽ- സാധ്യമാണോഎന്നതാണ് ചർച.ഉള്ളതുകൊണ്ട് അറിഞ്ഞു ജീവിക്കണം എന്നതാണ് യുക്തി.ഉപഭോഗസംസ്കാരവും നമ്മുടെ ചർച്ചാ വിഷയവും ഒന്നല്ലല്ലോ. അത്യാവശ്യത്തിന്നപ്പുറത്തേക്കുള്ള ഏതും ആർഭാടം...എന്നു പറയാമോ? അത്യാവശ്യവും അപ്പുറവും നമുക്ക് നിർണ്ണയിക്കാനാവുമോ? വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും കൂടി എന്തൊക്കെ തീരുമാനിക്കാൻ കഴിയും?...ഒരുപാട് സംശയങ്ങൾ ചോദിക്കുകയാണ്..നല്ല ചർച്ച ആഗ്രഹിക്കുന്നു. നന്ദി
മാത്രമല്ല; 9ലെ മലയാളം ക്ലാസിൽ ചർച്ചചെയ്യേണ്ട ഒരു വിഷയമാണിത്.(കുട്ടികളുടെ ഒരു പഠനപ്രവർത്തനം) ആ നിലക്കുകൂടി കാണാൻ അഭ്യർഥിക്കുന്നു. (ഷെമി ടീച്ചർക്ക് നന്ദി). നാം അധ്യാപകരുടെ അഭിപ്രായങ്ങൾ കുട്ടികളുടെ അഭിപ്രായങ്ങൾക്കൊപ്പം സാത്മീകരിക്കേണ്ട ജനാധിപത്യബോധ്യം കൂടി ചർച്ച ചെയ്യപ്പെടണം. കടക്കെണി കുട്ടികളുടെ അനുഭവം കൂടിയാണല്ലോ. അമ്മക്ക് മരുന്നുവാങ്ങാൻപണിക്കുപോകുന്ന കുട്ടികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. നിത്യജീവിതത്തിന്ന് വലിയ പ്രയാസമില്ലാത്ത അധ്യാപകനേക്കാൾ ജീവിതാനുഭവം നമ്മുടെ മിക്ക കുട്ടികൾക്കും ഉണ്ടാവില്ലേ? അവിടെയാണ് ബഹുമാനപൂർവം വിജയൻ മാഷുമായി തെറ്റിപ്പിരിയുന്നത്.
കടം അപകടമാണെന്നും ആവശ്യങ്ങളറിഞ്ഞ് ജീവിക്കേണ്ടത് നല്ലൊരു ജീവിതത്തിന് അത്യന്താപേക്ഷിതവുമാണെന്ന ബോധമാണ് ആദ്യം മനുഷ്യന് വേണ്ടത്. പക്ഷെ ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ആവശ്യങ്ങളെല്ലാം നിറവേറ്റാനുള്ള വരുമാനം അവന് കിട്ടുന്നുണ്ടോ? സാമ്പത്തികാടിസ്ഥാനത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോയ സമൂഹത്തിലെ അംഗങ്ങള്‍ അതില്‍ നിന്ന് വെണ്ണപ്പാളിയിലേക്ക് ഉയര്‍ന്നു വരണമെങ്കില്‍ വല്ല ലോട്ടറിയടിക്കുകയോ അതുമല്ലെങ്കില്‍ ഭവനഭേദനം, പിടിച്ചു പറി, കൊള്ള ഇത്യാദി തട്ടിപ്പുകള്‍ തൊഴിലായി സ്വീകരിക്കുകയോ വേണ്ടി വരും. അല്ലാതെ എങ്ങനെ ഒരുവന് സാമ്പത്തികമായി ഉന്നമനത്തിലെത്താനാകും? അതിനുള്ള ഏത് സാഹചര്യമാണ് ഇന്ന് മനുഷ്യന് ഉയരാനായിട്ടുള്ളത്.
സമൂഹത്തെ സംരക്ഷിക്കേണ്ട ബാധ്യതയുള്ള സര്‍ക്കാരുകള്‍ സാധാരണക്കാരന്റെ ഒപ്പമാണോ? സര്‍വ്വതിന്റേയും വിലയെ ബാധിക്കാന്‍ ശക്തിയുള്ള ദ്രാവകമായ പെട്രോളിന്റെ വിലവര്‍ദ്ധനവ് നോക്കാം. വില നിശ്ചയിക്കുന്നതിനുള്ള സര്‍വ്വാധികാരം ആര്‍ക്കാണ്? ഇങ്ങനെ വില്പനക്കാരന്‍ വില നിശ്ചയിക്കുന്ന അവസ്ഥയുള്ളിടത്തോളം സാധാരണക്കാരന്‍ എങ്ങനെ രക്ഷപ്പെടും? നാട്ടുനടപ്പു പോലെ ജീവിക്കണമെങ്കില്‍ ചിലപ്പോള്‍ കടം വാങ്ങേണ്ടി വരും. കെണിയിലാകും. അതിന് ഉത്തരവാദികള്‍ ഈ സാധുക്കള്‍ മാത്രമല്ല. നമ്മള്‍ കൂടിയാണ്.
even though I really considered your post
as a valuable one. thank you NMV
ആവശ്യവും അനാവശ്യവും തമ്മില്‍ തിരിച്ചറിയാനാവുന്നില്ല എന്നിടത്താണു പ്രശ്നമെന്നു തോന്നുന്നു..
ഇതു സമൂഹത്തിന്റെ മൊത്തത്തിലുള്ള കുഴപ്പമാണ്. ഇന്നു വ്യക്തികളുടെ ചിന്തയ്‌ക്ക് തെളീമയോ വ്യക്തതയോ ഇല്ല.
പല മുന്‍ അനുഭവങ്ങളുടെയും പശ്ചത്തലത്തിലാണ് പുതിയ അനുഭവത്തെ നാം കാണുന്നത്. (അതങ്ങിനെ തന്നെയാണു താനും). എന്നാല്‍ ഓരോ വിഷയത്തെയും പുതിയ ഒന്നായി കാണാനും നമുക്കു കഴിയണം..
അതിന് അനുഭവങ്ങളും അറിവും വേണം..എന്നാല്‍ ഇന്ന് ഇവ രണ്ടും കുറയുന്നു...
'എല്ലാവരും ചെയ്യുന്നതു പോലെ.., എല്ലാവരും ജീവിക്കുന്നതു പോലെ...' ഇതായിരിക്കുന്നു ലക്ഷ്യം..
നമ്മുടെ ലക്ഷ്യങ്ങളെ വേറൊന്നിനെ ആശ്രയിച്ചു നിര്‍ത്തരുത്.
'കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ..'എന്നത് ഓര്‍മ്മിക്കണം..
ഇതൊന്നും ഇന്നാരും പറഞ്ഞു കൊടുക്കുന്നില്ല.. സമ്പാദ്യ ശീലം ഇല്ല.കിട്ടുന്നതു കൂട്ടി വച്ച് ഒരു ഉപകരണം വാങ്ങുന്നു..ചെലവാക്കി തീര്‍ക്കുന്നു..ആരും ഒരു കാര്യത്തിലും കുറയ്‌ക്കുന്നില്ല.. മുന്‍പ് ആര്‍ഭാടമായി കരുതിയിരുന്ന പലതും ഇന്ന് നിത്യോപയോഗ സാധനങ്ങളായി.
പ്രശ്‌നം അവിടെയല്ല.. ഇവയെ നിയന്തിക്കുന്നത് നമ്മളല്ല. നമ്മളെ നിയന്തിക്കുന്നത് ഈ ഉപകരണങ്ങളാണ് എന്നിടത്താണ് നമ്മുടെ പരാജയം..
അത്യാവശ്യം വേണ്ട കാര്യങ്ങള്‍ ചെയ്‌ത് നെറ്റ് വേര്‍പെടുത്തി കംപ്യൂട്ടര്‍ ഓഫാക്കുന്നത് ആവശ്യവും..
ചെയ്‌തു കഴിഞ്ഞാലും ചുമ്മാ അതിനു മുന്നിലിരുന്ന് എന്തെങ്കിലുമൊക്കെ ചെയ്‌തു സമയം കളയുന്നത് അനാവശ്യവും.. പക്ഷെ എനിക്കു പോലും അതിനെ നിയന്തിക്കാനാവുന്നില്ല..
നെറ്റില്‍ ഒരുപാട് കാര്യങ്ങളുണ്ട്, ലോകത്ത് ഒരു പാട് വിവരങ്ങളുണ്ട്, ഉപകരണങ്ങളുണ്ട്, എല്ലാം ശരി..
ഇതെല്ലാം നമ്മള്‍ അറിയണോ എന്നിടത്താണ് ചോദ്യം,, ലോകത്തുള്ള ഉപകരണങ്ങളെല്ലാം നമുക്കെന്തിന്..?
നമുക്കാവശ്യമുള്ളവ മാത്രം പോരേ..? നെറ്റില്‍ ഉള്ള വിവരങ്ങളെല്ലാം നാം അറിയുന്നതെന്തിന്..? നമുക്കാവശ്യമുള്ളതു പോരേ..?
ഇന്നി എല്ലാം നേടണമെന്നു വിചാരിച്ചാല്‍ സാധിക്കുമോ..?ഒരിക്കലും തൃപ്‌തി വരാതെ അലയുക, ടെന്‍ഷനടിക്കുക, ..
ങ്ങാ..പൂര്‍ണ്ണതിയിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തിലെ ഒരു കണ്ണി/ഒരു ഘട്ടം ഇങ്ങിനെയാവണമെന്നാവും ...
പലിശ പട്ടിണി പടികയറുമ്പോള്‍ പുറകിലെ മാവില്‍ കയറുകള്‍ കാണാം ...
മുകുന്ദന്‍ കാട്ടാക്കടയുടെ വരികള്‍ ഓര്ത്തു പോകുന്നു...
ഇന്‍സ്റ്റോള്‍ മന്റായി കിട്ടുമെങ്കില്‍ ചന്ദ്രനെ വാങ്ങാനും മലയാളി മടിക്കില്ല എന്ന അവസ്ഥ വന്നു ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു....
ഒരു ഫോര്‍മുല ഒര്‍ക്കുന്നതു നല്ലതാണെന്നു തോന്നുന്നു.
ചെലവ് <= വരവ്
കുറച്ചുകൂടെ നല്ല ഫോര്‍മുല:
ചെലവ് = വരവ് - നീക്കിയിരിപ്പ്
ഇതും താഴെപ്പറയുന്ന ഫോര്‍മുലയുമായുള്ള വ്യത്യാസം ശ്രദ്ധിക്കുക:
നീക്കിയിരിപ്പ് = വരവ് - ചെലവ്
-- ഫിലിപ്പ്
രണ്ട് ഫോര്‍മുലകളും ഒന്നുതന്നെയാണങ്കിലും മനസില്‍ ധ്വനിപ്പിക്കന്ന വികാരം രണ്ടാണ്...
ചെലവ് = വരവ് - നീക്കിയിരിപ്പ്
ഇവിടെ ചെലവിന് ഊന്നല്‍ ലഭിക്കുന്ന പോലെ. അയ്യോ... ഇത്രം ചെലവോ..!!!!
എന്ന നിരാശ...
നീക്കിയിരിപ്പ് = വരവ് - ചെലവ്
ഇവിടെ വരവിന് ഊന്നല്‍ ലഭിക്കുന്ന പോലെ.
ഹായ്... ഇത്രേം സമ്പാദിക്കാന്‍ പറ്റിയല്ലേ..!!!
എന്ന സന്തോഷം...
എന്റെ നിരീക്ഷണം ശരിയാണോ ഫിലിപ്പ് സാറേ....??
ഞാന്‍ മുന്നോട്ട് വച്ച ഫോര്‍മുല ഒരു ഇന്‍ഇക്വാലിറ്റി ഇക്വേഷനായിപ്പോയി അല്ലേ..? (ഒരു അണ്‍സേര്‍ട്ടേണ്‍ടി ഇക്വേഷന്‍ മാതിരി...)
ഒരു ഫോര്‍മുലകൂടി
ചെലവ് = വരവ് + കടം
ഈ അവസ്ഥ എപ്പോഴും വരാതിരിക്കട്ടെ...
ചിലപ്പോഴോക്ക് അങ്ങനെ വേണ്ടി വരുമെന്ന് എല്ലാവര്‍ക്കും അറിയാം.
നിധിന്‍ സാര്‍,
ഞാനുദ്ദേശിച്ചത് വേറൊന്നാണ്. സാമ്പത്തിക അച്ചടക്കത്തെ സൂചിപ്പിക്കാനാണ് രണ്ടു ഫോര്‍മുലകള് കൊടുത്തത്.
"നീക്കിയിരിപ്പ് = വരവ് - ചെലവ് " എന്നതാണ് സാധാരണ നമുക്ക് സംഭവിക്കുന്നത്. വരുമാനത്തില്‍ ചെലവുകഴിച്ച് ബാക്കിവരുന്നത് നീക്കിയിരുപ്പാക്കാം എന്ന് കരുതുകയാണെങ്കില്‍ മാസാവസാനം നീക്കിയിരുപ്പൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല : പണം ചെലവാക്കാനുള്ള ഏതവസരം വരുമ്പോഴും "ഇതുകൂടി കഴിഞ്ഞ് കീശ മുറുക്കാം" എന്ന് തോന്നും. ഒടുവില്‍ ഒഴിഞ്ഞ കീശയും കടവും മിച്ചം.
"ചെലവ് = വരവ് - നീക്കിയിരിപ്പ്" എന്നാണ് നമ്മുടെ ചിന്തയെങ്കില്‍ ഓരോ മാസവും ഒരു നിശ്ചിത തുക നീക്കിയിരുപ്പായി മാറ്റിവെയ്ക്കുമെന്ന് നാം ഉറപ്പിക്കുന്നു. ഈ തുക എത്രയാണെന്ന് നമ്മുടെ സാമ്പത്തിക സ്ഥിതിയും ഭാവിയില്‍ പണത്തിനുണ്ടാകാവുന്ന ആവശ്യങ്ങളെപ്പറ്റി നമുക്കുള്ള ഏകദേശധാരണയുമൊക്കെ പരിഗണിച്ച് നാംതന്നെ തീരുമാനിക്കുന്നു. കാലാകാലങ്ങളില്‍ (ഓരോ മാസവുമല്ല!) ഇതിന് മാറ്റങ്ങളുമുണ്ടാകാം. വരവില്‍ നിന്ന് ഈ തുക മാറ്റിവെച്ചുകഴിഞ്ഞ് ബാക്കിയുള്ള തുക മാത്രം ചെലവാക്കുന്നതിനായി ലഭ്യമാണ് എന്ന ശക്തമായ ബോധം ഉണ്ടാകുന്നതുകൊണ്ട് ചെലവ് ഈ പരിധിക്കകത്തുതന്നെ നില്‍ക്കുന്നു. ഈ ഫോര്‍മുല ശരിയാക്കാന്‍വേണ്ടി നാം മാസാദ്യം തന്നെ നീക്കിയിരുപ്പുതുക അത്രയെളുപ്പം തിരിച്ചെടുക്കാന്‍ പറ്റാത്ത ഏതെങ്കിലും വിധത്തില്‍ മാറ്റിവെയ്ക്കുകയോ മറ്റോ ചെയ്യുന്നു.
ഇവിടെ "=" എന്നതിന്റെ അര്‍ത്ഥം ഗണിതത്തിലെ "=" -നെക്കാളുപരി പൈത്തണിലെ "=" -ന്റെ അര്‍ത്ഥത്തിനോട് ചേര്‍ന്നുനില്‍ക്കുന്നു എന്നത് കൗതുകകരം തന്നെ.
പിന്നെ ഇതൊക്കെ ആര്‍ഭാടത്തിനുവേണ്ടി കടമെടുക്കാന്‍മാത്രമെങ്കിലും സാമ്പത്തികസ്ഥിതിയുള്ളവര്‍ക്ക് മാത്രമാണ് ബാധകമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
-- ഫിലിപ്പ്
പണ്ട് ഒരാൾ ഒരൽപ്പം നിക്കിയിരിപ്പ് വേണമെന്ന് നിശ്ചയിച്ച് കുറച്ചു പണം അടുത്ത വീട്ടുകാരനെ ഏൽപ്പിച്ചു. ‘എന്തു തന്നെ ...ഞാൻ തന്നെ വന്നു ചോദിച്ചാലും....എന്തത്യാവശ്യം പറഞ്ഞാലും ഇതു തരരുത്’ എന്നായിരുന്നു ക്ണ്ടീഷൻ.
പലവട്ടം പിന്നീട് ഒരുപാടത്യാവശ്യങ്ങൾ (ശരിയായ-കടുത്ത)ഉണ്ടായിട്ടും സൂക്ഷിപ്പുകാരൻ കൊടുത്തില്ല.എങ്ങനെയുണ്ട് നീക്കിവെക്കൽ?
(നാട്ടുകഥ)
സമാനമായ മറ്റൊരു വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കട്ടെ. നമ്മള്‍ തെരഞ്ഞെടുത്ത നമ്മുടെ സ്വന്തം ജനപ്രതിനിധികള്‍ പരമോന്നത ജനകീയ സഭയില്‍ ശമ്പളവര്‍ദ്ധനയ്ക്കായി ഭരണപ്രതിപക്ഷഭേദമില്ലാതെ മുറവിളി കൂട്ടുന്നത് പത്രമാധ്യമങ്ങളിലൂടെ നാം കാണുന്നു. മൂന്നിരട്ടി വര്‍ദ്ധനവ് പോരാ അഞ്ചിരട്ടി വര്‍ദ്ധനവാണ് വേണ്ടതെന്ന് പറയുമ്പോള്‍ നിധിന്‍ മാഷും ഫിലിപ്പ് മാഷുമെല്ലാം കൂട്ടിക്കിഴിച്ച് ചര്‍ച്ച ചെയ്ത വരവ് ചെലവ് ഫോര്‍മുല തുല്യമെങ്കിലുമാക്കി നിര്‍ത്താന്‍ മല്ലിടുന്ന നമ്മള്‍, എത്ര വര്‍ദ്ധനയാണ് ആവശ്യപ്പെടേണ്ടത്?
കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിമാരുടെ ശമ്പളത്തില്‍നിന്ന് ഒരു രൂപ കൂട്ടി 80,001 ആക്കണമെന്നാണ് എം.പി.മാര്‍ ആവശ്യപ്പെടുന്നത്. നാളെ കേന്ദ്രസെക്രട്ടറിമാര്‍ സമരത്തിനിറങ്ങും. ഈഗോ സമരങ്ങള്‍ക്കിടയില്‍, സമരാഭാസങ്ങള്‍ക്കിടയില്‍ സാധാരണക്കാരന്‍ ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക നേടാന്‍ മല്ലിടുന്ന കാഴ്ച കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല. വില്പനക്കാരന് വിലനിശ്ചയിക്കാനുള്ള സാഹചര്യം അധികാരികളൊരുക്കുമ്പോള്‍ ദ്രവിച്ച നാശപ്പലകാഗ്രത്തില്‍ നില്‍ക്കുന്ന സാഹചര്യമാണ് സാധാരണക്കാരന് കരഗതമാകുക. അന്നു പക്ഷേ ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു സമുദായമേ നമ്മുടെ നാട്ടിലുണ്ടാകൂ. ഉള്ളവന്‍ അതിസമ്പന്നന്‍. ഇല്ലാത്തവന്‍ സോമാലിയാജനസമാന ദരിദ്ര പരകോടിയും.
വ്യക്തിപരമായി കടക്കെണിയുണ്ടാക്കുന്നതിനെപ്പറ്റിയാണ് നമ്മുടെ ചര്‍ച്ചാഹേതുവായ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതെങ്കില്‍, രാജ്യത്തെയൊട്ടാകെ കടക്കെണിയിലാക്കുന്ന സംഭവങ്ങളാണ് വര്‍ത്തമാനസമാചാരങ്ങളില്‍ അലയടിക്കുന്നത്. പരശ്ശതകോടികളുടെ ചോര്‍ച്ചയാണ് ഇതുവഴി രാജ്യഖജനാവിനുണ്ടാകുന്നതെന്നും കടക്കാരാകുന്നത് ഇന്‍ഡ്യാമഹാരാജ്യത്തിലെ പൌരന്മാരായ നമ്മളോരോരുത്തരുമാണെന്നും നാം തിരിച്ചറിഞ്ഞേ പറ്റൂ.
ചോദ്യം പിന്നെയും ബാക്കി. ഇപ്പോള്‍ ആര്‍ഭാടത്തിലാറാടുന്നതാര്? കടക്കെണിയിലാകുന്നതാര്? കാക്കേണ്ടവന്‍ കയ്യിട്ടു വാരുമ്പോള്‍ നിശബ്ദരായി നോക്കിനില്‍ക്കാനല്ലേ ഈ പാവം ദരിദ്ര കുചേലന്മാര്‍ക്കു കഴിയൂ.
രാമനുണ്ണി മാഷിന്‍റെ വരികള്‍ ഒരിക്കല്‍ക്കൂടി എടുത്തെഴുതുന്നു.
"ഒരു ചാക്ക് സിമന്റ് വേണ്ടിടത്ത് പണമുണ്ടെന്നു കരുതി 10 ചാക്ക് വാങ്ങിക്കുന്നവന്‍ കമ്പോളത്തില്‍ സിമന്റിന്റെ വില വര്‍ദ്ധിപ്പിക്കുകയും അതു പണമില്ലാത്തവനെ (ഒരു ചാക്കു വേണ്ടിടത്ത് 1 കിലോ വാങ്ങി) കൂടുതല്‍ ദരിദ്രനാക്കുകയുമാണല്ലോ. ദരിദ്രനെ രക്ഷിക്കാന്‍ സമ്പന്നനെ നിയന്ത്രിക്കാന്‍ ശ്രമിക്കണം."
കൊള്ളാം!
നിലവാരമുള്ള ചര്‍ച്ച നടക്കുന്നിടത്ത്, ഹോംസ് ഒരു അധികപ്പറ്റാണെന്നുകരുതിയാണ് ഇതുവരെ മിണ്ടാതിരുന്നത്. എന്നാല്‍ ഹരിമാഷിന്റെ കമന്റില്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല..
മൂന്നിരട്ടി പോരാ അഞ്ചിരട്ടിവേണമെന്നു വാശിപിടിക്കുന്നവരെ നേരിടാന്‍ കഴുതകള്‍ക്ക് കഴിയാതെ പോകുന്നുവല്ലോ.! അടുത്ത തെരഞ്ഞെടുപ്പിലും ഇളിച്ചുകാട്ടി ഇവന്മാര്‍ വരുമ്പോള്‍ ആട്ടണം മുഖത്തുതന്നെ!ത്ഫൂ..!!
"ഉല്‍സവകാലങ്ങളില്‍ മദ്യപിക്കുന്നത് ദൂര്‍ത്താണോ? അത് മാനസീകവും പിന്നെ ശാരീരികവുമായ ആവശ്യമല്ലേ?"
ജോണ്‍മാഷിന്റെ കമന്റിലെ മേല്‍ഭാഗം എന്നെ ഞെട്ടിപ്പിച്ചു!!
ആണോ സാര്‍? Did you really mean what you said?
@
ഞാന്‍ മദ്യപാനി അല്ല ഗീതടീട്ടറെ . ഒരിക്കല്‍ പോലും ഇല്ല. പിന്നെ , ഞാന്‍ പറഞ്ഞത്ിന്റെ പൊരുള്‍ ടീച്ചര്‍ക്ക് മനസിതാകാഞ്ഞിട്ടല്ല. എഴുത്തും ,എഴുതാപ്പുറവുമൊക്ക വായിച്ചെടുക്കാന്‍ എനിക്കി കഴിവു കുറവാണ്
സോറി ജോണ്‍മാഷേ..
ക്ഷമിക്കുക.
.
പിന്നേ ....... മത്സ് ബ്ലോഗില്‍ വരുന്നവരൊക്കെ
Breath Analyzer ( Breathalyzer ) -ല്‍ ഊതി നോക്കണം എന്ന് വാശിപിടിക്കാതെ .
വെറുതെ എന്തിനാ ബീപ് , ബീപ് എന്ന് ശബ്ദം കേള്‍പ്പിക്കുന്നത് .
.
ജോണ്‍മാഷിന്റെ കമന്റില്‍ നിന്നും എനിയ്ക്ക് മനസ്സിലായത് (ഇപ്പോഴും അദ്ദേഹം ഉദ്ധേശിച്ച കാര്യം കൃത്യമായി മനസ്സിലായിട്ടില്ല!) എന്നെ ഞെട്ടിച്ചെന്നാണ് ഞാന്‍ എഴുതിയത്.അദ്ദേഹത്തിന്റെ മറുപടി സര്‍വ്വാത്മനാ അംഗീകരിച്ച് ഞാന്‍ ക്ഷമ ചോദിക്കുകയും ചെയ്തു.ഈ ബ്ലോഗില്‍ ആദ്യം മുതലേ ഒട്ടേറെ ബഹുമാനം തോന്നിയ വ്യക്തിയാണ് അദ്ദേഹം.മദ്യപാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലാഘവത്തോടെയുള്ള കമന്റ് കണ്ട് പ്രതികരിക്കാതിരിക്കാന്‍ എനിക്കാവാഞ്ഞതിന്റെ ഒരു കാരണം ചിലപ്പോള്‍, മദ്യത്തിനടിമയായി കരള്‍രോഗം ബാധിച്ച് അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ സുധിയേട്ടന്റെ അനുജന്‍ മുരളിയുടെ ഓര്‍മ്മകളായിരിക്കണം. എന്തായാലും ജോണ്‍മാഷിന്റെ വിശദീകരണത്തോടെ ആ അധ്യായം അവസാനിച്ചു. എന്നിട്ടും എന്തിനാ ബാബുസാറേ ദുസ്സൂചനകളോടെയുള്ള കമന്റ്? ഈ ബ്ലോഗ് കുടുംബാംഗങ്ങള്‍ ഞങ്ങള്‍ക്ക് സ്വന്തം കുടുംബം പോലെയാണ്.മുരളി നല്‍കിയ വേദന അവരിലാരും ഞങ്ങള്‍ക്കു നല്‍കാതിരിക്കട്ടെ.
മാപ്പ്!
in this world most of people have on aim in life
profit and loss are related to our life aim
മലയാളിയുവത്വം = “ആർഭാടം”
ഈ തലക്കെട്ടിൽ ഞാൻ പറഞ്ഞത് 100 ശാതമാനം ശരിയാണെന്നു ഞാൻ പറയില്ല..(There are exceptions...!)
ഞാനും എന്റെ ചുറ്റുപാടിനെയും അവലംബമാക്കി പറയുകയാണ്.
കുറച്ചു കാലം മാത്രമേ ആയിട്ടുള്ളൂ ഞാൻ എന്റെ ബാച്ചിലർ വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തുവന്നത്, ഞാനടക്കം മിക്ക സുഹൃത്തുക്കൾക്കും ജോലി ലഭിച്ചു.. ജോലി ലഭിക്കുന്നിടത്തു തന്നെ ബാങ്ക് അക്കൗണ്ടും ലഭിച്ചു, ചില ആഴ്ചകൾക്ക് ശേഷം ബാങ്ക് കാർഡും ലഭിച്ചു. ദാ ഓഫീസിന്റെ പടിവാതിലിൽ ശമ്പളത്തിന്റെ പത്ത് മടങ്ങ് ക്രെഡിറ്റ് ലിമിറ്റ് ഉള്ള ക്രെഡിറ്റ് കാർഡുകളുമായി ഏജന്റുകൾ. നിർഭാഗ്യമെന്നു കരുതട്ടെ മിക്കവരും വാങ്ങി.. ഐടി, ടെക്നോളജിയുടെ, വളർച്ചയുടെ, വളമായി ആർഭാടങ്ങളും മോടികളും കൂടുതലായി വളർന്നു. അവനിതുണ്ട് എനിക്കിതില്ല, പക്വതയില്ലായ്മയുടെ വിളയാട്ടം ക്രെടിറ്റ് ലിമിറ്റവർ മുതലാക്കി. 30 ശതമാനത്തിനു മുകളിൽ പലിശയുള്ള ഈ ക്രെഡിറ്റ് കാർഡ് ബ്ലേഡിനേക്കാൾ കഷ്ടമാണെന്ന് സമ്മതിക്കാൻ ഇത്രയും കാലമായി ഇവർ തയ്യാറല്ല. വീണ്ടും വീണ്ടും വാങ്ങുന്നു.. ഇതാർഭാടമല്ലേ..? അതെ ആണ്. ആർഭാടത്തിനു തന്നെയാണ് ഇവർ കടമെടുക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, വിനോദം, വിശ്രമം, സാമൂഹിക സുരക്ഷ, മതേതര്വം, സോഷ്യലിസം, ജനാധിപത്യം ഇവ നേടാൻ ചിലവാക്കുന്നത് ധൂർത്തല്ല, പക്ഷെ ലോണെടുത്തു പടിച്ചതിനു ശേഷം (ജിമ്മിൽ - ആരോഗ്യം), (അനാവശ്യമായി വാങ്ങിക്കൂട്ടുന്ന പുസ്തകങ്ങൾ (ജാഡക്കു തന്നെ) - വിദ്യാഭ്യാസം), (മാർക്കറ്റ് അറിയാതെ ഷെയറുകൾ വാങ്ങുക - തൊഴിൽ ), (സിനിമകൾ, പബ് (വിത്ത് എക്സ്)- വിനോദം), (മസാജ് പാർലർ - വിശ്രമം), (ഡൊണേഷനുകൾ, ക്ലബ് മെമ്പർഷിപ്പ്) അങ്ങനെ പലതും ധൂർത്തല്ലേ... ഞാനിതു ചോദിച്ചപ്പോൾ എല്ലാ കൂട്ടുകാരും ഉള്ളതിനാൽ തല്ലിയില്ല..! ഈ അവസ്ഥയെ എങ്ങനെ വീക്ഷിക്കുന്നു.
ഇതു സാധിച്ചെടുക്കുന്നതിലൂടെ സ്വാഭാവികമായും അളവിലും ഗുണത്തിലും ഇതെല്ലാം വര്‍ധിപ്പിക്കാന്‍ ആധുനിക പൌരന്‍ ശ്രമിക്കുകയും ചെയ്യും.
മുകളിൽ പറഞ്ഞത് കൂട്ടി വായിച്ചുനോക്കൂ...?
ഇങ്ങനെ പുരോഗതിയിലേക്ക് ഉതിക്കുന്ന യുവതലമുറ ഉത്തരവാദിത്ത ബോധത്തിൽ നിന്ന് ഒഴിഞ്ഞുമാറി കാര്യപ്രാപ്തിയില്ലാതെ വളർന്ന് ഒരു സമൂഹം ശ്രിഷ്ടിച്ചാൽ സാമൂഹിക സ്ഥിതി എന്താകും?
ഇത് വിട്
അങ്ങ് താഴേക്കിടയിലേക്ക് പോകാം, കൂലിപ്പണിയെടുക്കന്ന മിക്കവരും ഇപ്പോൾ മദ്യത്തിനടിമപ്പെട്ടിരിക്കുന്നു, അവരുടെ കുടുബം? എങ്ങനെ പുരോഗതിയുണ്ടാകും..? ഇവർ കടം വാങ്ങുന്നില്ലേ..? ഉണ്ട്, ധൂർത്തിനു ശേഷം കഞ്ഞികുടിക്കാൻ.. ചീട്ടുകളിച്ച് കളഞ്ഞതിനുശേഷം, കുഞ്ഞിനു മുട്ടായി മേടിക്കാൻ കടം വാങ്ങിയാൽ..?
കോമൺ മാൻ
ആഗോളവിലയിൽ പല ശതമാനം കുറച്ച് പെട്രോൾ വിൽക്കുമ്പോഴും വിലക്കയറ്റത്തിനെതിരെ കൊടിപിടിച്ച് ഹർത്താലാചരിച്ചാൽ എങ്ങനെ പുരോഗതിയുണ്ടാകും.. സാമൂഹിക രക്ഷ എന്ന പേരിൽ ഒന്നുമറിയാത്ത വിദ്യാർഥികളെ ഉപയോഗിച്ച് സമരങ്ങളും പൊതുമുതൽ(നമ്മളുടെ മുതൽ) തല്ലിത്തകർക്കുന്നതും ഏത് വശത്ത് കാണണം, ഇതു ധൂർത്തല്ലേ..? ഇവ വരാതിരിക്കാൻ പഠനങ്ങളുടെ പേരിൽ സർക്കാർ (നമ്മൾ) ധൂർത്തടിക്കുമ്പോൾ ആർക്കു നഷ്ടം..? 3 പേർക്ക് താമസിക്കാൻ മൂന്ന് കോടിയുടെ വീട്, ധൂർത്താണോ..? അടിസ്ഥാനത്തിലെ ധൂർത്തുകൾ നീക്കം ചെയ്യട്ടെ എങ്ങനെ ജീവിക്കണം എന്ന് താനേ പഠിക്കും... ഇല്ലേ?
ഇനി ഇടത്തരക്കാർ
അവരേക്കാട്ടിൽ എങ്ങനെ നമ്മൾ താഴ്ന്ന് പോകും..! ഈ ചിന്താഗതി (കോബ്ലക്സ്) ഒന്നു മാത്രം മതി ഇവരെ ധൂർത്തിലേക്ക് വഴിതെളിക്കാൻ...
പണക്കാർ കൂടുതൽ പണമുണ്ടാക്കുമ്പോഴും, അവ ചിലവാക്കുമ്പോൾ, പാവപ്പെട്ടവർ വീണ്ടും പാവപ്പെട്ടവരാകും എന്നതിനോട് എനിക്കഭിപ്രായമില്ല...
കടക്കെണിയും ആർഭാടവും ചർച്ചചെയ്യപ്പെടേണ്ടത്
എന്ന പോസ്റ്റിൽ വന്ന കമന്റുകൾ (മിക്കതും അധ്യാപകർ) നിലവാരമുള്ള ഒരു ചർച്ചയുടെ രൂപം കൊണ്ടു എന്നതിൽ വളരെ സന്തോഷം ഉണ്ട്.
ReadmOre Here Plzz
രാമനുണ്ണിസാറിന്റെ കമന്റിന്നടിയിലുള്ള ലിങ്ക് ശരിയായില്ലല്ലോ.അത് താഴെ കൊടുക്കുന്നു.
ഇവിടെ ക്ലിക്കുക
സുന്ദരിക്കുട്ടിയുടെ പ്രതികരനത്തിന്ന് നന്ദി:
1. ലോണെടുത്ത് ജിമ്മിൽ പോകുന്നതും മറ്റും…ധൂർത്തുതന്നെ. ജിമ്മിൽ പോയാൽ ആരോഗ്യം ഉണ്ടാവില്ല എന്നറിയാത്തതുകൊണ്ടാണത്.ഷെയർ വാങ്ങുന്നത് തൊഴിലുമല്ല. ആരോഗ്യം വ്യക്തിപരവും സാമൂഹ്യവുമായ സുസ്ഥിതിയാണ്. അതു ജിമ്മിൽ നിന്നു കിട്ടില്ല. അറിവില്ലായ്മകൊണ്ട് സംഭവിക്കുന്ന ധൂർത്ത്.
2. കൂലിപ്പണിയെടുക്കുന്നവർ…..എല്ലാവരും എന്നു പറയുന്നത് ശരിയല്ല. കുറച്ചുപേർ.1000 പേരുള്ള ഒരു വാർഡിൽ 2-3 പേർ. ബാക്കിയെല്ലാവരും കുടുംബം നോക്കുന്നുണ്ട്. കൂലിപ്പണിക്കാരുടെ കുടുംബങ്ങളൊക്കെ പാപ്പരല്ല. നല്ല കൂലി. നന്നായി ജീവിക്കുന്നു. കുട്ടികളെ പഠിപ്പിക്കുന്നു. വീടുവെക്കുന്നു. കുട്ടികളെ കെട്ടിച്ചയക്കുന്നു. രോഗം വന്നാൽ ചികിത്സിക്കുന്നു. ഉള്ള വളപ്പിൽ റബ്ബർ വെക്കുന്നു. ഇതൊക്കെ നടക്കണമെങ്കിൽ കുറച്ചു കടം വരും. ആ കടം അവരെ കുടുക്കിക്കളയുന്നു. പി.എഫ് ലോണും ക്രഡിറ്റ്കാർഡും ബോണസും ഒക്കെ ഇടത്തരക്കാർക്കും അതിന്നു മുകളിലുള്ളവർക്കും മാത്രം.
3. വിലക്കയറ്റം നിയന്ത്രിക്കാൻ സമരം ചെയ്യുന്നത് അതിന്റെ ദുരിതമനുഭവിക്കുന്നവരാണല്ലോ. നയരൂപീകരണത്തിന്റെ പ്രശ്നമാണിത്. നയങ്ങൾക്കെതിരെ സമരം ജനാധിപത്യപരമാണ്.സമരങ്ങൾകൊണ്ട് നാം നയങ്ങൾ തിരുത്തിക്കൊണ്ടിരിക്കയും ചെയ്യുന്നു. സ്വാതന്ത്ര്യസമരം തൊട്ട് ഇതു ഇവിടെ ഉണ്ട്.
4. ‘ഒന്നുമറിയാത്ത വിദ്യാർഥി’…കേരളത്തിലില്ല. നമ്മുടെ വിദ്യാർഥി സമൂഹത്തെ കുറിച്ചു അഭിമാനിക്കാനേ കഴിയൂ. ഏറ്റവും മിടുക്കികളായ/ മിടുക്കരായ കുട്ടികൾ. പൊതു വിദ്യാഭ്യാസമണ്ഡലത്തിലെ കുട്ടികളെയാണേ ഉദ്ദേശിച്ചത്.സ്വകാര്യ മണ്ഡലത്തിലെ കുട്ടികൾ സമരം ചെയ്യുന്നില്ലല്ലോ.
5. പണക്കാർ അധിക പണമുണ്ടാക്കുന്നത് പൊതു സമൂഹത്തിന്റെ ചെലവിലാണ്. സ്വന്തം ബുദ്ധിയുപയോഗിച്ച്….എന്നൊക്കെ പറയാം എന്നു മാത്രം. ഈ പണം സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുമ്പോൾ (അതിന്ന് നമുക്ക് സ്വാതന്ത്ര്യമുണ്ട്) അതിന്റെ ഭാരവും പൊതു സമൂഹത്തിന്ന് മുകളിൽ വന്നുചേരുന്നു. ധൂർത്തിന്റെ ഭാരം. ഒരു കിലോ മീൻ വങ്ങേണ്ടതിന്ന് 10 കിലോ വാങ്ങിയാൽ മീനിന്റെ വിലകൂടുകയും ബാകിയുള്ളവർക്ക് അധികവില നൽകുകയും ചെയ്യേണ്ടിവരും എന്നത് സാമാന്യ ധതത്വശാസ്ത്രം.
ചർച്ചക്ക് നന്ദി.
congratulations to Mathew sir..!
SITC - LMCCHSG ernakulam, SNHSS ayyapankavu, Jesus HSS Kothad
കൊള്ളാം
Post a Comment